Tuesday, December 7, 2010

കഥയ്ക്ക് പിന്നിലെ കഥകള്‍

അനുഭവങ്ങളും വായനകളും ആണ് എന്തെങ്കിലും ഒക്കെ എഴുതണമെന്നോ പ്രതികരിക്കണമോന്നോ ഒക്കെ മനുഷ്യന് തോന്നലുണ്ടാക്കുന്നത്. എഴുത്തിന്റെ ശൈലിയില്‍ വായനയ്ക്ക് ഒരു സ്ഥാനം ഉണ്ടായിരിക്കണം. എങ്ങനെ എഴുതിയാല്‍ നന്നായിരിക്കുമെന്ന് കൂടുതല്‍ വായിക്കുന്നവര്‍ക്ക് തീരുമാനിക്കാന്‍ പറ്റും. ഇന്നുവരെ പഠിക്കാനുള്ള പുസ്തകങ്ങളല്ലാതെ മലയാളത്തിലോ മറ്റ് ഭാഷകളിലോ ഉള്ള ഒരൊറ്റ നോവലുകളോ
കഥാസമാഹാരങ്ങളോ വായിക്കാത്തതുകൊണ്ട് എങ്ങനെ എഴുതിയാല്‍ നന്നായിരിക്കുമെന്ന് മനസിലാക്കാന്‍ പറ്റിയിട്ടില്ല. മനസില്‍ തോന്നുന്നത് അതേ പടി അങ്ങ് എഴുതുക എന്നല്ലാതെ രണ്ടാമതൊരിക്കല്‍ കൂടി തിരുത്തി എഴുതാന്‍ ഇതുവരെ ശ്രദ്ധിച്ചിട്ടില്ല .ചുമ്മാ ഒരു രസത്തിനു എഴുതുക എന്നല്ലാതെ മറ്റൊന്നും ബ്ലോഗില്‍ എഴുതുമ്പോള്‍ ശ്രദ്ധിച്ചിരുന്നില്ല. ഗൂഗിള്‍ തരുന്ന സ്ഥലത്ത് എന്തെങ്കിലും ഒക്കെ എഴുതികൂട്ടുക എന്നല്ലാതെ മറ്റൊന്നും മനസില്‍ ഇല്ലായിരുന്നു.

എന്തെങ്കിലും ഒക്കെ കാണുകയോ കേള്‍ക്കുകയോ ഒക്കെ ചെയ്യുമ്പോഴുള്ള പ്രതികരണം ആയിരിക്കും കഥകളുടെ രൂപത്തില്‍ ഈ ബ്ലോഗില്‍ വരുന്നത്. അത്തരം ചില കഥകളുടെ പിന്നിലെ കഥകളിലേക്ക്

2007 നവംബര്‍ ഒന്‍പതാം തീയതി ബ്ലോഗില്‍ പബ്ലിഷ് ചെയ്ത ഈ കഥ അതിനുമുമ്പേ എഴുതിയതാണ്. വ്യവസ്ഥാപിതമായ രീതിയില്‍ അനീതി വളരുമ്പോള്‍ ഒരു പൊളിച്ചെഴുത്ത് ആവിശ്യമാണ്. എന്നുള്ള ഒരു വാചകം ആയിരുന്നു ആ കഥ എഴുതിത്തുടങ്ങുമ്പോള്‍ മനസില്‍ ഉണ്ടായിരുന്നത്. ആ വാചകത്തിന്റെ പിന്നിലെ അര്‍ത്ഥവ്യാപ്‌തികളെക്കുറിച്ച് ചിന്തിച്ചു ത്തുടങ്ങിയപ്പോഴാണ് വെറോനിക്ക എഴുതുന്നത്. മുകളിലെ വാചകത്തിന് ക്രിസ്ത്യന്‍ പശ്ചാത്തലം ലഭിക്കാനും ഒരു കാരണം ഉണ്ട്. മുംബൈയിലെ വസായ്  ഓര്‍ത്തഡോക്സ് പള്ളിയിലെ ഒരു സുവിശേഷ പ്രസംഗത്തിനിടയില്‍ വെച്ചാണ് മുകളിലെ വാചകം ഞാന്‍ കേള്‍ക്കുന്നത്. സുവിശേഷ പ്രസംഗം നടത്തിയ അച്ചന്‍ ഏതോ ഒരു വിഷയത്തെ സംബന്ധിച്ച് പ്രസംഗിച്ചപ്പോള്‍ പരാമര്‍ശിച്ച ഒരു വാചകമായിരുന്നു അത്.പിന്നീട് ആ ദേവാലയത്തെ ചുറ്റിപറ്റിയായിരുന്നു ചിന്തകള്‍ . ഓര്‍ത്തഡോകസ്-യാക്കോബായ സംഘടനങ്ങളിലേക്ക് ചിന്തകള്‍ വന്നത് സ്വാഭാവികം. ക്രിസ്തുവിന്റെ പേരില്‍ തമ്മില്‍ തല്ലുന്നടുത്ത് ക്രിസ്തു ഉണ്ടാവികയില്ലന്നുള്ള തോന്നലില്‍ നിന്നാണ് പിന്നീട് കഥ എഴുതാന്‍ തുടങ്ങുന്നത്. യേശുവിനെ ക്രൂശിക്കാനായി കൊണ്ടുപോകുമ്പോള്‍ വെറോനിക്ക എന്നൊരു സ്ത്രി തന്റെ തൂവാലയും കൊണ്ട് യേശുവിന്റെ മുഖം ഒപ്പിയെന്നും യേശുവിന്റെ മുഖം ആ തൂവാലയില്‍ പതിഞ്ഞു എന്നൊരു വിശ്വാസമോ മിത്തോ ക്രിസ്ത്യാനികള്‍ക്കിടയില്‍ ഉണ്ട്. അങ്ങനെയാണ് വെറോനിക്ക എന്നൊരു കഥാപാത്രം കഥയിലേക്ക് വരുന്നത്. വ്യവസ്ഥാപിതമായ രീതിയില്‍ അനീതി വളരുമ്പോള്‍ ഒരു പൊളിച്ചെഴുത്ത് ആവിശ്യമാണ്. എന്ന വാചകവും വെറോനിക്ക എന്നൊരു കഥാപാത്രവും കൂടി വന്നപ്പോള്‍ വെറോനിക്ക എന്ന കഥ ഉണ്ടായി.

പരുന്തുകള്‍ കുറുക്കന്മാര്‍ക്ക് വഴിമാറുമ്പോള്‍ 
ഒരു ദിവസത്തെ മുംബൈമിററിലെ(?) മൂന്ന് വാര്‍ത്തകള്‍ വായിച്ചു കഴിഞ്ഞപ്പോള്‍ തോന്നിയ ചിന്തകളില്‍ നിന്ന് ആരംഭിച്ച കഥയാണിത്. സ്‌കൂളിലെ യൂണിഫോമിനെതിരെ ഒരമ്മ നല്‍കിയ പരാതിയെക്കുറിച്ചും,  കമ്പ്യൂട്ടര്‍ വങ്ങി കൊടുക്കാത്തതിന് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ ഒരു കുട്ടിയെക്കുറിച്ചും ബലാത്സംഗത്തിന് ഇരയായ ഒരമ്മയെക്കുറിച്ചും ഉള്ള വാര്‍ത്തകള്‍ ആയിരുന്നു അത്.(മിററില്‍ തന്നെയായിരുന്നോ ആ വാര്‍ത്തകള്‍ വായിച്ചത് എന്ന് ഞാനിപ്പോള്‍ ഓര്‍ക്കുന്നില്ല). ഈ മൂന്ന് സംഭവങ്ങളും കൂട്ടീച്ചേര്‍ത്തു കഴിഞ്ഞപ്പോഴാണ് പരുന്തുകള്‍ കുറുക്കന്മാര്‍ക്ക് വഴിമാറുമ്പോള്‍ എന്ന കഥ എഴുതാന്‍ കഴിഞ്ഞത്.

ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കിയ പെണ്‍കുട്ടി : 
ഈ കഥ എഴുതുന്നതും എതോ പത്രവാര്‍ത്ത വായിച്ചതിനുശേഷമാണ്. വാടക അമ്മ കുഞ്ഞിന്റെ അവകാശം ആവിശ്യപ്പെട്ടുകൊണ്ട് രംഗപ്രവേശം ചെയ്തന്നോ മറ്റോ ആയിരുന്നു ആ വാര്‍ത്ത. ആ അമ്മ എന്തുകൊണ്ട് മറ്റൊരാളുടെ കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ വഹിക്കാന്‍ തയ്യാറാകുന്നു ന്ന് ചിന്തിച്ചിക്കുമ്പോള്‍ പണത്തിന്റെ ആവശ്യത്തിനായിരിക്കും എന്ന സാമാന്യരീതിയില്‍ ആയിരിക്കും നമ്മള്‍ ചിന്തിക്കുന്നത്. ഒരാള്‍ക്ക് പെട്ടന്ന് മനസിലാക്കാന്‍ അല്ലങ്കില്‍ തുടക്കത്തില്‍ തന്നെ അവസാനം എന്തായിരിക്കും എന്ന് പ്രതീക്ഷിക്കാന്‍ കഴിയുന്ന ഒരു കഥ ആയിരുന്നു ഇതു.വഴിവക്കിലെ ദൈവങ്ങള്‍
പത്തനംതിട്ടയില്‍ നിന്ന്  ചെങ്ങന്നൂര്‍ക്കുള്ള വഴിയിലാണ് ആറന്മുള. ആറന്മുള അമ്പലത്തിനു മുന്നിലുള്ള സ്റ്റോപ്പില്‍ ബസ് നിര്‍ത്തുമ്പോള്‍ ചിലര്‍ ബസിലിരുന്ന് വഞ്ചിയുടെ നേരെ നാണയം വലിച്ചെറിയും. ചെങുന്നൂര്‍ക്ക് പോകുമ്പോള്‍ വലതു വശത്താണ് വഞ്ചി. ഇടതുവശത്ത് നിന്ന് ബസില്‍ നിന്ന് നാണയം എറിയുമ്പോള്‍ ചിലപ്പോള്‍ വഞ്ചിയുടെ മുന്നില്‍ ബസ് കയറാന്‍ നില്‍ക്കുന്നവര്‍ക്ക് നാണയ ഏറ് കിട്ടാറുണ്ട്. അങ്ങനെ ഒരു സംഭവത്തിന് ഒരിക്കല്‍ ഞാന്‍ സാക്ഷിയായി. അവിടെ നിന്നാണ് വഴിവക്കിലെ ദൈവങ്ങള്‍ എഴുതാന്‍ ഒരു സ്പാര്‍ക്ക് കിട്ടുന്നത്. പിന്നീട് ഏതോ യാത്രയില്‍ ഒരു കുരിശും മൂടും ഒരു വഞ്ചിയും ഒരു മുക്കിന്റെ രണ്ട് വശങ്ങളിലായി നില്‍ക്കുന്നത് കണ്ടു. ആ സമയത്താണ് പത്രത്തില്‍ ഒരു വാര്‍ത്ത വായിക്കുന്നത്. ഒരു കുരിശുമൂട്ടിലെ മോഷ്ണവും സംശയകരമായ സാഹചര്യത്തില്‍ കണ്ട നാടോടി സ്ത്രിയെ അറസ്റ്റ് ചെയതന്നുള്ള വാര്‍ത്തയായിരുന്നു അത്. ആ സമയത്ത തന്നെ കുരിശുമൂടും വഞ്ചികളുടേയും ഒക്കെ ഗ്ലാസുകള്‍ തകര്‍ത്ത വാര്‍ത്തകളും പത്രത്തില്‍ വായിച്ചത്. ഇതെല്ലാം കൂട്ടി ഒരുമിപ്പിച്ച് വന്നപ്പോള്‍ വഴിവക്കിലെ ദൈവങ്ങള്‍ കഥയായി ഈ ബ്ലോഗില്‍ വന്നു.


കിഷിലെ നിറമില്ലാത്ത സന്ധ്യകള്‍
വിനയന്‍ എന്നൊരു സാങ്കല്പിക കഥാപാത്രവും ചില വാക്കുകളും മാത്രമേ ഈ കഥയില്‍ എന്റെ കൈയ്യില്‍ നിന്നുള്ളതായിട്ടുള്ളൂ. ബാക്കിയെല്ലാം ഞാന്‍ കിഷില്‍ കണ്ട കാഴ്ചകള്‍ തന്നെയാണ്. ഞാന്‍ അവിടെ കണ്ട ജീവിതങ്ങളുടെ നൂറില്‍ ഒരംശം മാത്രമേ എനിക്ക് എഴുതിപിടിപ്പിക്കാന്‍ കഴിഞ്ഞിട്ടൂള്ളൂ ആ കഥയില്‍. നമ്മുടെ ദുഃഖങ്ങള്‍ ഒന്നും ഒന്നുമല്ലന്ന് മനസിലായത് ആ ദ്വീപില്‍ ദിവസങ്ങളായി ദുബായില്‍ നിന്നുള്ള വിസയുടെ കോപ്പിക്കായി കാത്തിരിക്കുന്നവരുടെ അനുഭവങ്ങള്‍ കേട്ടപ്പോഴാണ്. ജീവിക്കാന്‍ വേണ്ടി ജീവന്‍‌പോലും പണയപെടുത്തി പിമ്പിന്റെ/ഏജന്റിന്റെ വേഷത്തില്‍ കഴിയേണ്ടി വരുന്ന മലയാളികള്‍ പോലും ആ ദ്വീപില്‍ ഉണ്ട്. ആ കഥയില്‍ ഒരു ആത്മഹത്യയെക്കുറിച്ച് പറയുന്നുണ്ട്. ഞാന്‍ ആ ഹോട്ടലില്‍ ചെല്ലുന്നതിന്റെ തലേ ദിവസം അവിടെ സംഭവിച്ചതാണത്. 

ഓര്‍മ്മകള്‍ പെയ്‌തിറങ്ങുമ്പോള്‍ 
ഈ കഥ മറ്റൊരാള്‍ക്ക് വേണ്ടി എഴുതിയതാണ്. ഈ കഥയിലെ അച്ഛനും മകനും ജീവിച്ചിരിപ്പുണ്ട്. (മകനെ എനിക്ക് ഓണ്‍‌ലൈന്‍ വഴി പരിചയമായതാണ്. പിന്നീട് ഞങ്ങള്‍ കാണുകയും ചെയ്തു). അദ്ദേഹം ഡല്‍ഹിയില്‍ പോയ സംഭവം പറഞ്ഞിട്ട് അതൊരു കഥയാക്കി തരാമോ എന്ന് ചോദിച്ചു. ആദ്യം ഞാന്‍ കരുതിയത് തമാശ ആയിരിക്കും എന്നായിരുന്നു. പിന്നീടും അദ്ദേഹം കഥയാക്കി തരൂ എന്ന് പറഞ്ഞപ്പോള്‍ നിരസിക്കാന്‍ പറ്റിയില്ല. അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ പിതാവിന്റേയും ജീവിതം ഒരു ഔട്ട് ലൈന്‍ ആയി എടുത്തുകൊണ്ട് എഴുതിയ കഥയാണിത്. ഞാന്‍ ഈ കഥ എഴുതുന്ന വരേയും ആ മകന്‍ പണിത വീട്ടില്‍ ആ അച്ഛന്‍ ഒരു രാത്രിപോലും കഴിഞ്ഞിട്ടില്ലായിരുന്നു. ആ സങ്കടം ആണ് അദ്ദെഹം എന്നോട് പറഞ്ഞത്.(പിന്നീടൊരിക്കലും ഞാനതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചിട്ടില്ല). ഏറ്റവും അധികം ബുദ്ധിമുട്ടി എഴുതിയ കഥയാണിത്. കാരണം ജീവിച്ചിരിക്കുന്ന രണ്ട് പേരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എഴുതുമ്പോള്‍ ഉണ്ടാകുന്ന ഒരു ഭയം എനിക്കുണ്ടായിരുന്നു.അവരോട്  നീതി പുലര്‍ത്താന്‍ കഴിയുമോ എന്നൊരു  ഭയം .എഴുതിക്കഴിഞ്ഞ് അദ്ദേഹത്തിനു അയച്ചു കൊടുത്തതിനു ശെഷമാണ് ബ്ലോഗില്‍ ഇ കഥ പോസ്റ്റ് ചെയ്‌തത്.

ചിന്ന വീട്ടിലെ കാവേരി 
ഈറോഡിലെ താജ് നഗറിലെ H-258 എന്ന ഞങ്ങളുടെ വീട്ടില്‍ ഭക്ഷണം വയ്ക്കാനായി ഒരക്കവരുമായിരുന്നു..യശോധക്ക.  വെളുപ്പിനെ അഞ്ചുമണിക്ക് കുളിച്ച് വരുന്ന അക്കയ്ക് വാതില്‍ തുറന്നു കൊടുക്കുന്നത് ഞാനായിരുന്നു. ആ യശോധ  അക്കയെയാണ് ചിന്നവീട്ടിലെ കാവേരിയിലെ സുധയക്കയാക്കി എടുത്തത്.  യശോധ അക്കയുടെ ജീവിതത്തിലെ ചില ദുരിതങ്ങള്‍ മാത്രമേ ആ കഥയില്‍ എഴുതിയിട്ടുള്ളൂ. കഥയിലെ സുധയക്കയെപ്പോലെ യശൊധ അക്കയ്ക്ക് മരണം ഒന്നും സംഭവിച്ചിട്ടില്ല. ആ അക്കയെക്കുറിച്ച് വളരെക്കുറച്ച് കാര്യങ്ങളേ ഞങ്ങള്‍ക്കറിയൂ. കഥയിലെ സുധയക്കയെപോലെ ജീവിതത്തിലെ സുധയക്കയുടെ ഭര്‍ത്താവും മരിച്ചു പോയതായിരുന്നു. കഥയിലെയും ജീവിതത്തിലേയും അക്കമാരുടെ ഒരു പെണ്‍കുട്ടിയുടെ പ്രസവത്തിനുശേഷം ഭര്‍ത്താ‍ക്കന്മാര്‍ തിരികെ വന്നിട്ടില്ല. ഒരിക്കല്‍ പോലും യശോധക്ക ഞങ്ങളോട് അവരുടെ പ്രയാസമൊന്നും പറഞ്ഞിട്ടില്ല. രണ്ട് ദിവസം വരാതിരുന്നപ്പോള്‍ ഞങ്ങള്‍ അക്കയെക്കുറിച്ച് അന്വേഷിച്ചു. അന്നാണ് ഞങ്ങള്‍ അക്കയുടെ ജീവിതത്തെക്കുറിച്ചറിയുന്നത്. മൂന്നാദിവസം ചിരിച്ചുകൊണ്ട് വെളുപ്പിനെ വാതിക്കല്‍ വന്നു നില്‍ക്കുന്ന യശോധക്കയെ സുധയക്കയാക്കിത്തീര്‍ക്കാന്‍ കുറച്ച് ബുദ്ധിമുട്ടി. യശോധയ്ക്കയെ കണ്ടിട്ട് ഇപ്പോള്‍ അഞ്ചു വര്‍ഷത്തോളം കഴിഞ്ഞിരിക്കുന്നു. ചിലപ്പോള്‍ ഇളയകുട്ടിയുടെ വിവാഹവും കഴിഞ്ഞിരിക്കും. സന്തോഷത്തോടെ താജ് നഗറില്‍ അക്ക കഴിയുന്നുണ്ടാവും.

നമ്പര്‍ 6065 - ടിഗാര്‍ഡന്‍ എക്സ്പ്രക്സ് 1 , 2
മൂന്നു വര്‍ഷത്തെ ഈറോഡ്-എറണാകുളം യാത്രയുടെ ബാക്കിപത്രമാണ് ഈ കഥ. ഈ കഥ ഞങ്ങളുടെ കഥ ആണ്. ഈ കഥയ്ക്ക് പിന്നിലെ കഥകള്‍ പറഞ്ഞാല്‍ ശരിയാവില്ല എന്നുള്ളതുകൊണ്ട് ആ കഥകള്‍ മാത്രം പറയുന്നില്ല.

ആറാമത്തെ വാര്‍ത്ത
ഒരു ചാനലിലെ സിറ്റിസണ്‍ ജേര്‍ണലിസിറ്റ് പരിപാടി കണ്ട് കഴിഞ്ഞപ്പോള്‍ എഴുതിപിടിപ്പിച്ച കഥയാണിത്. നമ്മുടെ നാട്ടില്‍ കാണുന്ന ഒരുത്തനെ പിടിച്ചങ്ങ് റിയാലിറ്റി ഷോയിലേക്ക് അയിച്ചന്നേ ഉള്ളൂ


ഏഴാം ക്ലാസില്‍ നിന്നുള്ള രണ്ട് പ്രണയലേഖനങ്ങള്‍ 
മതമില്ലാത്ത ജീവന്‍ എന്ന ഏഴാം ക്ലാസ് പാഠഭാഗം വിവാദം ആവുകയും സമരങ്ങള്‍ നടക്കുകയും ചെയ്തപ്പോള്‍ ആ പാഠഭാഗം പഠിപ്പിക്കേണ്ടി വരുന്ന കാമുകിയായ അദ്ധ്യാപികയുടേയും അത് പഠിക്കുന്ന കുട്ടിയുടേയും വശത്തു നിന്നുള്ള ഒരു തമാശകലര്‍ന്ന കഥയായിരുന്നു ഇത്. അദ്ധ്യാപികയും ഏഴാംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയും തങ്ങളുടെ കാമുകന്മാര്‍ക്ക് എഴുതുന്ന രീതിയിലായിരുന്നു ഈ കഥ എഴുതിയത്.


www.വാവാമാളു.കോം
ഈ കഥയില്‍ പറഞ്ഞിരിക്കുന്നതുപോലെ ഒരിക്കലും സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.  കാരണം ഈ കഥയിലെ 80% കാര്യങ്ങളും സംഭവച്ചതാണ്. ഒരു 20% കാര്യങ്ങള്‍ എന്റെ കൈയ്യില്‍ നിന്ന് ഇട്ട് എഴുതി തീര്‍ത്ത കഥയാണിത്. ഇതിനെക്കുറിച്ചും കൂടുതലൊന്നും പറയാന്‍ പറ്റില്ല.


ബാക്കി കഥകളുടെ പിന്നിലെ കഥകള്‍ പിന്നീടൊരിക്കല്‍ പറയാം
: :: ::