Thursday, January 17, 2008

ജീവിതത്തിലേക്കുള്ള യാത്ര :

ഈ യാത്രയ്ക്ക് ഒരു അവസാനം ഉണ്ടായിരിക്കുമോ?അറിയില്ല.ജീവിത യാത്രയുടെ അവസാനം നിശ്ചയി
ക്കുന്നത് ആരാണ് ?ശീതീകരിച്ച ഓപ്പറേഷന്‍ മുറിയിലേക്കുള്ള ഈ യാത്രയുടെ അവസാനം നിശ്ചയിക്കുന്നത് സൃഷ്ടികര്‍ത്താവല്ലേ?ജീവന്‍ നല്‍ക്കുന്നതും ജീവിത വഴി നല്‍കുന്നതും ജീവന്‍ എടുക്കുന്നതും എല്ലാം ഈശ്വരനാണല്ലോ? അല്ലങ്കില്‍ തന്നെ എന്റെ ഇതുവരെയുള്ള യാത്രയുടെ ആരംഭവും വഴികളും അവസാനവും നിശ്ചയിച്ചിരുന്നത് ഞാനല്ലല്ലോ ?

എങ്കിലും ഞാന്‍ ഈ യാത്ര ഇഷ്ട്പ്പെടുന്നു.അവസാനം അറിയാതെയുള്ള യാത്ര.എവിടേക്കോ പറന്നു പോകുന്ന അപ്പൂപ്പന്‍‌താടിപോലെ ഞാന്‍ പറന്നുപോവുകയാണ്.എവിടേക്കോ?എനിക്ക് തിരിച്ച് വരണം.നഷ്ടപ്പെട്ടതെല്ലാം നഷ്ട്പ്പെടുന്നതെല്ലാം എനിക്ക് തിരിച്ച് പിടിക്കണം.അപ്പോഴേക്കും എന്റെ സുഹൃത്തുക്കള്‍ വളരെ ദൂരം പിന്നിട്ടിരിക്കും.അവരുടെ കൂടെ എനിക്കും എത്തണം.അങ്കസ്ഥലത്തേക്ക് ഇറക്കിവിട്ട അങ്കക്കോഴിയുടെ അവസ്ഥയിലായിരുന്നു ഞാനെന്നും.അല്ലങ്കില്‍ അക്ഷരങ്ങളേയും അരങ്ങുകളേയും സ്നേഹിച്ച ഞാനെങ്ങനെ മോണിട്ടറുകളേയും മൌസുകളുടെയും ലോകത്ത് എത്തി.???

മുണ്ടുപെട്ടിയില്‍ വെച്ചിരുന്ന അമ്മച്ചിയുടെ കസവുമുണ്ടു കരണ്ട എലി ഇപ്പോള്‍ എന്നെയും കരണ്ടു
തുടങ്ങിയിരിക്കുന്നു.എലി വൈറസുകളായി എന്നെ കരളുന്നു.ആന്റിവൈറസ് എന്നെ സ്കാന്‍ ചെയ്യുമ്പോള്‍
വൈറസുകള്‍ എന്റെ ശരീരത്തിലൂടെ ഓടിയൊളിക്കാന്‍ ശ്രമിക്കുന്നത് എനിക്കറിയാന്‍ പറ്റുന്നുണ്ട്.ഇലക് ട്രോണിക് ഗേറ്റുകളും,തിയറവും,സ്റ്റാക്കും,ട്രീയും,അസംബ്ലികളും,ഡി‌എല്ലല്ലുകളും ഒക്കെ എന്റെ തലച്ചോറില്‍ പോരാടുന്നത് ഞാന്‍ അറിയുന്നുണ്ട്.ഈ പോരാട്ടത്തെക്കുറിച്ച് ആറാം ഇന്ദ്രിയം എനിക്ക് പലപ്പോഴും മുന്നറിയിപ്പ് തരുന്നു.

“ഒരിക്കലും തളരരുത് “ ടെലിഫോണില്‍കൂടിയുള്ള ആ സ്വാന്തനം എന്നെ ശക്തനാക്കുന്നു.എങ്കിലും പലപ്പോഴും മനസ്സിന്റെ നിയന്ത്രണം നഷ്ടമാകുന്നു.രാവിന്റെ ഏകാന്തതയില്‍ തലയിണ കണ്ണീരില്‍ കുതിരുമ്പോള്‍ കുരുക്ഷേത്രഭൂമിയില്‍ നിന്നുള്ള രഥചക്രങ്ങളുടെ ശബ്ദ്ദം നിശബ്ദ്ദതയെ കീറിമുറിച്ച് എന്റെ ചെവികളില്‍ മുഴങ്ങുന്നു.ആയുധം പ്രയോഗിക്കാനാവാതെ തളര്‍ന്നുവീണ അര്‍ജ്ജുനന് ശക്തിപകരുന്ന ശ്രീകൃഷ്ണഭഗവാന്റെ ശബ്ദ്ദം എന്നെ ഉണര്‍ത്തുന്നു.സുദര്‍ശനചക്രം എന്റെ മുന്നില്‍ കറങ്ങുന്നു.”സംഭവിച്ചെതെല്ലാം നല്ലതിന്.. സംഭവിക്കുന്നതെല്ലാം നല്ലതിന്...സംഭവിക്കാനുള്ളതും നല്ലതിന്... ജീവന്‍ എടുത്തപ്പോള്‍ നീ ഒന്നും ഭൂമിയിലേക്ക് കൊണ്ടുവന്നില്ല... ജീവന്‍ നഷ്ടപ്പെട്ട് തിരിച്ച് പോകുമ്പോളും നീ ഒന്നും കൊണ്ടുപോകുന്നില്ല....”ഭഗവാന്‍ എന്നെ തലോടുന്നു.വെണ്ണയുടെ മണം എന്റെ മൂക്കിലൂടെ ശരീരത്തിലേക്ക് പടരുന്നു.നഷ്‌ടപ്പെട്ട ധൈര്യം എന്നില്‍ നിറയുന്നു. എങ്കിലും എന്റെ മനസ്സിന്റെ തേങ്ങലുകള്‍ അവസാനിക്കുന്നില്ല.

കള്ളക്കര്‍ക്കിടകം ഒളിപ്പിച്ച് വയ്ക്കുന്ന മഴയുടെ ശകതിയും ചിങ്ങത്തിലെ സൂര്യകിരണങ്ങളില്‍ തിളങ്ങുന്ന
സ്വര്‍ണ്ണ കതിരുകള്‍ നിറഞ്ഞ നെല്‍പ്പാടങ്ങളും കൊയ്ത്തുപാട്ടും കറ്റമെതിക്കുന്ന താളവും മെതിക്കലിന്റെ സംഗീതവും തുറുചാര്‍ത്തലിന്റെ കാഴ്ചകളും എനിക്ക് അന്യമാവുകയാണ്.മഴയത്ത് പാടവരമ്പിലൂടെ കടിച്ചു മുറിച്ച വാഴയിലയും തലയില്‍ ചൂടി മഴയെ അറിയാനുള്ള യാത്രകള്‍...ആനച്ചേമ്പിലയില്‍ മഴത്തുള്ളികള്‍ ഓടിക്കളിക്കുന്ന വെള്ളത്തുള്ളികള്‍... പെയ്ത്തുവെള്ളം നിറഞ്ഞുകിടക്കുന്ന പാടത്തെ പന്തുകളിയും, പുതുവെള്ളത്തില്‍ കയറിവരുന്ന ഊത്തകളെ കുടകൊണ്ട് കുരിക്കിലാക്കുന്നതും...ആരുടയോ പറമ്പിലെ വരിക്കപ്ലാവിലെ ചക്കയില്‍ പാലക്കമ്പ് അടിച്ച് കയറ്റി പഴുപ്പിക്കുന്നതും എല്ലാം എനിക്ക് അന്യമാവുകയാണ്. സര്‍ക്യൂട്ടുകളും പ്രോഗ്രാമുകളും എന്നെ ചുറ്റിവരിയുകയാണ്.ഇവയില്‍ നിന്ന് എനിക്കൊരു മോചനം വേണം. പഴയ സ്വാതന്ത്രത്തിലേക്ക് എനിക്ക് തിരിച്ചു പോകണം.

എന്റെ മുന്നിലെ കാണികള്‍ കരഘോഷം മുഴക്കി എന്നെ സ്വാഗതം ചെയ്യുന്നു. കൈകള്‍ കീ ബോര്‍ഡില്‍
അമരുമ്പോള്‍ സംഗീതം ഹൃദയങ്ങളിലേക്ക് വന്നിറങ്ങുന്നു.ദൈവദത്തമായ സംഗീതം എന്നിലൂടെ പടരുകയാണ്... വര്‍ഷങ്ങള്‍ നൂറ്റാണ്ടുകളായി മാറുന്നു.

ശരീരത്തിനകത്തേക്ക് എന്താണ് വരുന്നത്?ഒന്നും എനിക്കറിയില്ല.എന്തക്കൊയോ കുഴലുകള്‍ ശരീരത്തിലൂടെ ചുറ്റുകയാണ്.രുചികള്‍ എനിക്ക് അരുചികള്‍ ആയി മാറിയത് എപ്പോഴാണ് ? ശരീരം പലപ്പോഴും വിറയ്ക്കുന്നു. തലയില്‍ തുടങ്ങുന്ന വേദന മിന്നല്‍പ്പിണര്‍ പോലെ നെഞ്ചിലേക്ക് പായുന്നു.പലപ്പോഴും ശരീരം തളരുന്നു. കണ്ണുകളില്‍ ഇരുട്ടു പടരുന്നു കാലുകള്‍ കുഴയുന്നു.ഇരുട്ടിന്റെ അന്തര്‍ഭാഗങ്ങളിലേക്ക് എന്റെ ശരീരം പതിക്കുന്നുവോ? ഞാന്‍ തളരുകയാണ്... എവിടെയാണ് എനിക്കൊരു താങ്ങല്‍ ?

ഡോക്ടറുടെ മുമ്പില്‍ ഒരു കുറ്റവാളിയെപ്പോലെ ഇരിക്കുമ്പോള്‍ ശരീരത്തോടൊപ്പം മനസ്സും മരവിച്ചുവോ?
ഡോക്ട്‌ര്‍ നല്‍കിയ മരുന്നുകള്‍ യന്ത്രപാവയെപ്പോലെ ഞാന്‍ വാങ്ങി.തൊണ്ടക്കുഴിയിലൂടെ മരുന്നുകള്‍ കടന്നുപോകുമ്പോള്‍ ശരീരം ഉരുകുന്നു.ശരീരത്തിലെ വേദനകള്‍ മാറുന്നില്ല.ഞാന്‍ കത്തുകയാണ്.വേദനകളില്‍ കത്തിയമരുകയാണ്.എനിക്ക് രക്ഷപ്പെട്ടേ മതിയാകൂ.

മണ്ണിന്റെയും മഴയുടേയും പ്രകൃതിയുടെയും മണം എന്നെ മത്തുപിടിപ്പിക്കുന്നു.പുതുമഴയത്ത് പൊട്ടിമുളയ്ക്കാന്‍ ഭൂമിയുടെ ഗര്‍ഭപാത്രത്തില്‍ കാത്തിരിക്കുന്ന കൂണുകള്‍ പോലെ എന്റെ മനസ്സും കാത്തിരി
ക്കുകയാണ്....പലതും അനുഭവിച്ച് തീര്‍ക്കേണ്ടിയിരിക്കുന്നു.അനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് എനിക്ക് ജീവിതത്തിലേക്ക് തിരിച്ചുവരണം.ചാരത്തില്‍ നിന്ന് ഫീനക്സ്പക്ഷി പറന്നുയരുന്നതുപോലെ എനിക്കും പറന്നുയരണം.അതിരുകള്‍ ഇല്ലാത്ത ആകാശചക്രവാളത്തിലേക്ക് പറന്നുയരണം.എന്റെ യാത്ര പൂര്‍ത്തിയാക്കാന്‍ എനിക്ക് പറന്നുയര്‍ന്നാലേ മതിയാവുകയുള്ളു.

ചക്രക്കസേര ഓപ്പറേഷന്‍ മുറിയിലേക്ക് തിരിയുന്നു.കസേരയില്‍ ഞാന്‍ പാതി മയക്കത്തില്‍ ഇരുന്നു.രക്തം നിറച്ച കുപ്പികള്‍ എന്റെ ചുറ്റും നൃത്തം വയ്ക്കുന്നു.ഓക്സിജന്‍ മാസ്ക് എന്റെ മുഖത്തേക്ക് അമരുന്നത്
ഞാനറിയുന്നു. നട്ടെല്ലില്ലൂടെ വേദന അരിച്ചിറങ്ങുന്നു.മരണം ഒരുക്കിയ പത്മവ്യൂഹത്തില്‍ നിന്ന് എനിക്ക് പുറത്തിറങ്ങണം.എന്റെ മനസ്സ് ശാന്തമാണ്.യാത്ര പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണല്ലോ ഈ വേദന അനുഭവിക്കുന്നത്. എത്രയും വേഗം എനിക്കെന്റെ യാത്ര പുനരാരംഭിക്കാന്‍ കഴിഞ്ഞിരുന്നു എങ്കില്‍....? കണ്ണുകളില്‍ ഇരുട്ട്.... മണിക്കൂറുകള്‍ കഴിഞ്ഞിട്ടുണ്ടാവും.... പ്രതീക്ഷകളുടെ കിരണങ്ങള് എന്റെ കണ്ണുകളില്‍ പതിക്കുന്നു.... ഞാനിനിയും എന്റെ യാത്ര തുടരട്ടെ.............

Sunday, January 13, 2008

ചോരവില്‍ക്കുന്നവര്‍ : (കഥ)

മനം മടുപ്പിക്കുന്ന ആശുപത്രിയുടെ മണത്തില്‍ നിന്ന് ഓടിയൊളിക്കാന്‍ രവീന്ദ്രന്‍ ആഗ്രഹിച്ചു.ഡെറ്റോളിന്റെയും ഫിനൈലിന്റെയും ഇടകലര്‍ന്ന മണം തലയെ മരവിപ്പിക്കുന്നതായിരുന്നു.കൊതുകുകള്‍ കൂട്ടമായിട്ടാണ് ആക്രമിക്കുന്നത്. അവയുടെ മൂളലില്‍ തന്നെ ഭയാനകത ഒളിഞ്ഞിരുപ്പുണ്ട്.കൊതുകുകള്‍ പൊതിഞ്ഞിട്ടും രവീന്ദ്രന്‍ അവയെ അടിച്ചില്ല.ആശുപത്രി വാരാന്തയില്‍ വിരിച്ച പായില്‍ അയാള്‍ ഒന്നുകൂടി ചുരുണ്ടു.

തറയില്‍ നിന്നുള്ള തണുപ്പ് ശരീരത്തിലേക്ക് തുളച്ചുകയറുകയാണ്.അസ്ഥികളെപ്പോലും വിറങ്ങലിപ്പിക്കുന്ന
തണുപ്പാണ്.ഇപ്പോള്‍ രാത്രിയിലെ താപനില പത്തു ഡിഗ്രിയാണത്രെ!അയാള്‍ തന്റെ കൈ അരയില്‍ നിന്നൂരി പുതപ്പാക്കി മാറ്റി.ചുറ്റിനും കുറെപ്പേര്‍ കിടന്നുറങ്ങുന്നുണ്ട്.രോഗികള്‍ക്ക് കൂട്ടിരിക്കാനായൊ വന്നവരാണെല്ലാവരും.അവരുടെ അമ്മയോ അച്ഛനോ മകളോ മകനോ ഭാര്യയോ ആരെങ്കിലും വാര്‍ഡില്‍
തുരുമ്പാക്രമിക്കുന്ന കട്ടിലില്‍ ഞെരുങ്ങി കിടക്കുന്നുണ്ടാവാം.എല്ലാ കട്ടിലിലും രണ്ടുപേരുണ്ട്.കട്ടില്‍ കിട്ടാത്തവര്‍ നിലത്ത് പായില്‍ കിടക്കുന്നുണ്ട്.

രവീന്ദ്രന്‍ കൈലിക്കുള്ളിലേക്ക് ചുരുണ്ടുകൂടി.കൊതുകുകളുടെ മൂളല്‍ അസഹനീയമാണ്.അവ കുത്തുന്നിടത്ത് ചൊറിഞ്ഞ് തടിക്കുകയാണ്.അയാള്‍ അണ്ടര്‍‌വെയറിന്റെ പോക്കറ്റ് തപ്പി.ബീഡി ഇനി ബാക്കിയുണ്ടാവുമോ? അയാള്‍ കിടന്നുകൊണ്ടു തന്നെ പോക്കറ്റില്‍ നിന്ന് ബീഡി തപ്പിയെടുത്തു.കൈലി അരയ്ക്ക് ചുറ്റി അയാള്‍ നിവര്‍ന്നു.ചുവരില്‍ ചാരിയിരുന്ന് ബീഡിക്ക് തീ കൊളുത്തി.ഊതിവിടുന്ന പുകച്ചുരുളുകള്‍ വായുവിലേക്ക് അലിഞ്ഞ് ഇല്ലാതാവുന്നത് നോക്കി അയാളിരുന്നു.മിന്നാ മിനുങ്ങുകള്‍ തിളങ്ങുന്നതുപോലെ വാരന്തയില്‍ പലയിടത്തും ബീഡിക്കുറ്റികള്‍ തിളങ്ങുന്നുണ്ടായിരുന്നു.വാര്‍ഡില്‍ ആരോ ശരീരം വലിച്ച്പറിച്ച് ചുമയ്ക്കുന്നുണ്ട്. ചുമയ്ക്കവസാനം കാറിത്തുപ്പുന്നതും ശരിക്ക് കേള്‍ക്കാം.

പിറ്റേന്ന് ഡോക്ടര്‍ക്ക് നല്‍കേണ്ട അഞ്ഞൂറുരൂപയെക്കുറിച്ച് രവീന്ദ്രന്‍ ചിന്തിച്ചു.നാളെ എങ്ങനെയെങ്കിലും
പണം നല്‍കി മറ്റേന്നാളെങ്കിലും ഓപ്പറേഷന്‍ നടത്തണം.ഓരോദിവസം കഴിയുന്തോറും അവളുടെ വയറ്റിലെ വേദനകൂടിക്കൂടി വരികയാണ്.അവളുടെ വയറിപ്പോള്‍ നീരുകെട്ടി ആകെ വീര്‍ത്തിരിക്കുകയാണ്.അവളെ കല്യാണം കഴിക്കുന്നതിനു മുമ്പ് കണ്ടത്തില്‍ ചുമടെടുക്കാന്‍ പോകുമ്പോള്‍ കൊയ്തുകൊണ്ടിരിക്കുന്ന
വയറുലേക്ക് നോക്കി താന്‍ എത്രയോ സമയം നിന്നിരുന്നു.പൊലി അളന്നു നല്‍കുമ്പോഴും തന്റെ നോട്ടം അവളുടെ വയറിന്മേലാക്കായിരിക്കും.തന്റെ നോട്ടം തിരിച്ചറിയുമ്പോള്‍ അവള്‍ കൊയ്ത്തരിവാള്‍ മുണ്ടിന്റെ പുറകില്‍ കുത്തി അരയില്‍ കെട്ടിയ കുറിയാണ്ട് നിവര്‍ത്തി അരയില്‍ തിരുകി തോളത്തേക്ക് വലിച്ചിടുമായിരുന്നു.

ചിന്തകള്‍ കടന്നാക്രമിച്ചപ്പോള്‍ രവീന്ദ്രന്‍ അണ്ടര്‍വെയറിന്റെ പോക്കറ്റില്‍ നിന്ന് അവസാനത്തെ ബീഡിയും എടുത്ത് ചുണ്ടില്‍ വെച്ചു.ഉപ്പു കലര്‍ന്ന ബീഡിപ്പുക ഉള്ളിലേക്ക് കടന്നപ്പോള്‍ തികട്ടിവന്ന ചുമ ഉള്ളില്‍ ഒതുക്കി ആഞ്ഞാഞ്ഞ് വലിച്ചു.ബീഡിയിലെ ചുവന്ന നൂലിന്റെ കെട്ടും കഴിഞ്ഞ് പടര്‍ന്ന തീ കൈ പൊള്ളിച്ചപ്പോള്‍ അയാള്‍ ബീഡിക്കുറ്റി പുറത്തേക്ക് എറിഞ്ഞു.അയാള്‍ വീണ്ടും കൈലിക്കു ള്ളിലേക്ക് ചുരുണ്ടുകയറി.

കാലില്‍ നനവു തട്ടിയപ്പോള്‍ അയാള്‍ ഉണര്‍ന്നു.കക്കൂസില്‍ നിന്നുളള വെള്ളം വാരാന്തയിലൂടെ ഒഴുകുകയാണ്. അയാള്‍ വേഗം എഴുന്നേറ്റ് പായ് മടക്കി.കക്കൂസിനു മുന്നിലെ നിരയ്ക്ക് പത്തിരുപത് പേരുടെ നീളമുണ്ട്.അയാള്‍ പായും എടുത്ത് വാര്‍ഡിലേക്ക് കയറി.ഭാര്യ കിടക്കുന്ന കട്ടിലിനു കീഴിലേക്ക് അയാള്‍ പായ് വെച്ചു.വേദനകള്‍ ഒളിപ്പിച്ച് ഭാര്യ ചിരി നല്‍കിയപ്പോള്‍ അയാളും അവള്‍ക്ക് ഒരു ചിരി നല്‍കി.അയാള്‍ അവളുടെ അടുത്ത് ചെന്നിരുന്നു.അയാള്‍ക്കും കൂടി ഇരിക്കാന്‍ പാകത്തില്‍ ആ കട്ടിലില്‍ കിടന്ന മറ്റേ സ്ത്രി ഒതുങ്ങി കിടന്നു.
“പണം ശരിയായോ ?” അവള്‍ ചോദിച്ചു.
“ശരിയാകും,നാളെത്തന്നെ ഓപ്പറേഷന്‍ നടത്താം.”അയാള്‍ അവളോട് അങ്ങനെ പറഞ്ഞുവെങ്കിലും എവിടെ നിന്ന് അഞ്ഞൂറ് രൂപ ഉണ്ടാക്കുമെന്ന് അയാള്‍ക്കറിയില്ലായിരുന്നു.അവളുടെ കണ്ണില്‍ പ്രതീക്ഷകളുടെ വര്‍ണ്ണങ്ങള്‍ നിറയുന്നതയാള്‍ കണ്ടു.അയാള്‍ അവളുടെ അടുത്തുനിന്ന് പുറത്തേക്കിറങ്ങി.എവിടെ നിന്നാണ് അഞ്ഞൂറ്രൂപ കിട്ടാന്‍ വഴിയുള്ളത്.

പാര്‍ട്ടി ഓഫീസില്‍ പറഞ്ഞാല്‍ ചിലപ്പോള്‍ പണം തരുമായിരിക്കും.പക്ഷേ പണം എന്തിനാണന്ന് ചോദിച്ചാല്‍ സത്യം പറയേണ്ടി വരും.കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ആശുപത്രിയില്‍ കൈക്കൂലി വാങ്ങുന്ന ഡോക്ടര്‍മാരെ ജനകീയ വിചാരണ ചെയ്തപ്പോള്‍ താനും അതില്‍ പങ്കെടുത്തിരുന്നു.കൈക്കൂലിക്കെതിരെ സമരം നടത്തിയ താന്‍ കൈക്കൂലി നല്‍കാന്‍ പണം പാര്‍ട്ടി ഓഫീസില്‍ചെന്ന് ചോദിക്കുന്നതെങ്ങനെയാണ്?

അയാള്‍ നടന്ന് ബ്ലഡ് ബാങ്കിനു മുന്നില്‍ ചെന്നു.അവിടെ ചെന്നപ്പോഴാണ് അങ്ങനെയൊരു സാധ്യതയെക്കുറിച്ച് അയാള്‍ ചിന്തിച്ചത്.രക്തം വില്‍ക്കുക! രക്തം പണം വാങ്ങി നല്‍കുന്നത് തെറ്റാണന്ന് അയാള്‍ക്കറിയാമായിരുന്നു. പത്തോളം പേര്‍ക്ക് അയാള്‍ രക്തം നല്‍കിയിരുന്നു.അയാളുടെ രക്തഗ്രൂപ്പ് AB നെഗറ്റീവ് ആയിരുന്നതുകൊണ്ട് ആവിശ്യക്കാര്‍ ഏറെയായിരുന്നു.അയാള്‍ ഇതുവരെ ഒരിക്കല്‍പ്പോലും പണം വാങ്ങി രക്തം നല്‍കിയിരുന്നില്ല.

ചൂടിന് കനം വെച്ച് തുടങ്ങുകയാണ്.രവീന്ദ്രന്‍ മരത്തണലിലേക്ക് മാറി നിന്നു.ഏജന്റുമാര്‍ ആളുകളെ
കൊണ്ടുവരുന്നത് അയാള്‍ കണ്ടു.രക്തം കൊടുക്കുന്നവരില്‍ വിരലിലെണ്ണാ‍വുന്നവര്‍ അല്ലാതെ ആരും പണം വാങ്ങാറില്ല.പക്ഷേ ഏജന്റുമാര്‍ രക്തം ആവിശ്യമുള്ളവരില്‍ നിന്ന് പണം വാങ്ങാറുണ്ട്.ഒരു വൃദ്ധന്‍ രവീന്ദ്രന്റെയടുത്തേക്ക് വന്നു.
“ചോര കൊടുക്കാന്‍ വന്നതാണോ? വൃദ്ധന്‍ രവീന്ദ്രനോട് ചോദിച്ചു.രവീന്ദ്രന്‍ തലയാട്ടി.വൃദ്ധന്‍ രവീന്ദ്രന്റെ
നേരെ ഒരു കടലാസ് കഷ്ണം നീട്ടിയിട്ട് ചോദിച്ചു.
“മോന്റെ ചോര ഇതാണോ?” രവീന്ദ്രന്‍ പേപ്പര്‍ വാങ്ങിച്ചു നോക്കി.AB നെഗറ്റീവ് എന്ന് അതില്‍ എഴുതിയിരുന്നു.
അതെ എന്നര്‍ത്ഥത്തില്‍ രവീന്ദ്രന്‍ തലയാട്ടി.
“ഞാന്‍ രണ്ടു ദിവസമായി ഈ മാതിരി ചോരയുള്ളവരെ നോക്കി നടക്കുകയാ.നാളെ കഴിഞ്ഞ് മോടെ കടിഞ്ഞൂല്‍ പ്രസവമാ.. ചോരവേണമെന്നാ ഡോക്ടര്‍ പറഞ്ഞത്...”വൃദ്ധന്‍ പറഞ്ഞുകൊണ്ടിരുന്നു.വൃദ്ധന്‍ പറയുന്നതെല്ലാം കേള്‍ക്കുന്നതായി ഭാവിച്ച് രവീന്ദ്രന്‍ തലയാട്ടികൊണ്ടിരുന്നു.അയാളുടെ മനസ്സിലപ്പോഴും ഡോക്ടര്‍ക്ക് കൊടുക്കാനുള്ള അഞ്ഞൂറ് രൂപയായിരുന്നു.
“ചോര വേണമെങ്കില്‍ അഞ്ഞൂറ് രൂപ തരണം..” രവീന്ദ്രന്‍ പറഞ്ഞു.

വൃദ്ധന്റെ മുഖഭാവം മാറുന്നത് രവീന്ദ്രന്‍ കണ്ടു.മുഖത്ത് ദൈന്യതനിറഞ്ഞ് നില്‍ക്കുന്ന വൃദ്ധന്‍.അയാള്‍ എന്തോ ആലോചിക്കുകയാണ്.
“ഒരു നാനൂറ്രൂപ തന്നാല്‍ മതിയോ മോനേ..?”അയാളുടെ ശബ്ദ്ദം വിറങ്ങലിച്ചിരുന്നു.എന്തോ അപരാധം
ചെയ്യുന്നതുപോലെ അയാളുടെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു.ചോരയ്‌ക്കും വിലപേശുന്നവര്‍!!രവീന്ദ്രന്‍ ഉള്ളില്‍ പറഞ്ഞു.വൃദ്ധന്റെ മുഖത്തേക്ക് നോക്കി നാനൂറ് പോരാ എന്ന് പറയാന്‍ അയാള്‍ക്ക് തോന്നിയില്ല.
“മതി..”അയാള്‍ വൃദ്ധനോട് പറഞ്ഞു.വൃദ്ധന്റെ മുഖത്ത് പ്രകാശം പരക്കുന്നത് അയാള്‍ കണ്ടു.

ബ്ലഡ് ബാങ്കില്‍ നിന്ന് ഇറങ്ങിവന്ന രവീന്ദ്രനെയും കാത്ത് വൃദ്ധന്‍ മരച്ചുവട്ടില്‍ തന്നെ ഉണ്ടായിരുന്നു.
“ചോര എടുത്തപ്പോള്‍ മോന് വേദനിച്ചോ..?”വൃദ്ധന്റെ ചോദ്യം കേട്ടതായി രവീന്ദ്രന്‍ ഭാവിച്ചില്ല.
“കാശ് “
വൃദ്ധന്‍ പതര്‍ച്ചയോടെ കൈയ്യില്‍ ചുരുട്ടിപ്പിടിച്ചിരുന്ന നോട്ടുകള്‍ രവീന്ദ്രന്റെ കൈയ്യിലേക്ക് നല്‍കി.ആ നോട്ടുകള്‍ വിയര്‍പ്പില്‍ കുതിര്‍ന്നിരുന്നു.അമ്പതിന്റെയും പത്തിന്റെയും അഞ്ചിന്റെയും നോട്ടുകള്‍ ആയിരുന്നു അതില്‍.രവീന്ദ്രനത് എണ്ണി നോക്കി.മുന്നൂറ്റിനാല്‍പ്പത് രൂപ.
“ഇത് നാനൂറ് ഇല്ലല്ലോ ?” രവീന്ദ്രന്‍ പറഞ്ഞു.
“എന്റെ കൈയ്യില്‍ ഇത്രയേ ഉള്ളൂ മോനേ.. ബാക്കി ഞാന്‍ രണ്ടു ദിവസം കഴിഞ്ഞിട്ട് തരാം”

രവീന്ദ്രന്റെ ഭാവം മാറുന്നത് വൃദ്ധന്‍ പേടിയോടെ കണ്ടു.അയാള്‍ വൃദ്ധനെ കടന്നു പിടിച്ചു.അവരുടെ ചുറ്റും ആളികള്‍ കൂടി.വൃദ്ധനൊന്ന് പൊട്ടിക്കരയണമെന്ന് ഉണ്ടായിരുന്നു.കുറ്റവാളിയെപ്പോലെ അയാള്‍ തലകുനിച്ചു. അയാളുടെ കണ്ണ് നിറഞ്ഞ് തുളുമ്പി.വൃദ്ധന്‍ തന്റെ മടിക്കുത്തില്‍ നിന്ന് ഒരു കടലാസുപൊതി എടുത്ത് രവീന്ദ്രന്റെ കൈയ്യില്‍ വെച്ചു.രവീന്ദ്രനത് തുറന്നു നോക്കി.
കറുത്ത ചരടില്‍ കോര്‍ത്ത ഒരു മിന്ന് !!
“മോടെ മിന്നാ,മോനിത് വിറ്റോ,അഞ്ഞൂറ് രൂപ കിട്ടാതിരിക്കില്ല..” വൃദ്ധന്റെ കണ്ണില്‍ നിന്ന് ജലകണങ്ങള്‍ താഴേക്ക് ഒഴുകി പരക്കുന്നതയാള്‍ കണ്ടു.താന്‍ ചെറുതായിപോകുന്നതായി രവീന്ദ്രനു തോന്നി.ഭൂമി പിളര്‍ന്ന് താന്‍ മറഞ്ഞ് പോയിരുന്നുവെങ്കില്‍ എന്നയാള്‍ ആശിച്ചു.അയാളുടെ മനസ്സില്‍ അവളുടെ കഴുത്തില്‍ താന്‍ കെട്ടിയ താലി തെളിഞ്ഞു.രവീന്ദ്രന്‍ കടലാസ് അതെപോലെ തന്നെ ചുരുട്ടി വൃദ്ധന്റെ കൈയ്യില്‍ കൊടുത്തു.വൃദ്ധന്‍ നല്‍കിയ പണം രവീന്ദ്രന്‍ വൃദ്ധന്റെ പോക്കറ്റില്‍ തിരുകി വെച്ചു.ആള്‍ക്കൂട്ടത്തില്‍ നിന്ന് രവീന്ദ്രന്‍ പുറത്ത് കടന്നു.

സന്ധ്യയാകാന്‍ ഇനി കുറച്ചു സമയം കൂടിമാത്രം.രവീന്ദ്രന്‍ വാരാന്തയില്‍ ഇരുന്ന ഒരാളിന്റെ കൈയ്യില്‍ നിന്ന് ഒരു ബീഡി വാങ്ങി കത്തിച്ചു. രാവിലത്തെ വൃദ്ധന്‍ തന്റെ അടുത്തേക്ക് വരുന്നത് അയാള്‍ കണ്ടു.വൃദ്ധന്റെ മുഖത്ത് സന്തോഷഭാവമായിരുന്നു.
“ഞാന്‍ മോനെ ഉച്ചയ്‌ക്കുമുതല്‍ നോക്കുവാ.. എന്റെ മോള് പ്രസവിച്ചു.ചൊരയൊന്നും വേണ്ടി വന്നില്ല..”
വൃദ്ധന്‍ പറയുകയാണ്.വൃദ്ധന്‍ പറയുന്നത് കേള്‍ക്കാന്‍ അയാള്‍ ഒരു താല്പര്യവും കാണിച്ചില്ല.

വൃദ്ധന്‍ രവീന്ദ്രനെ വിളിച്ച് അല്പം മാറ്റി നിര്‍ത്തി.തന്റെ പോക്കട്ടില്‍ നിന്ന് അഞ്ഞൂറിന്റെ നാല് പുത്തന്‍
നോട്ടുകള്‍ എടുത്ത് രവീന്ദ്രന്റെ നേരെ നീട്ടി.അയാള്‍ ചോദ്യഭാവത്തില്‍ വൃദ്ധനെ നോക്കി.സ്വകാര്യം പറയുന്നതുപോലെ വൃദ്ധന്‍ പറഞ്ഞു.
“മോന്റെ ചോര ഞാന്‍ രണ്ടായിരം രൂപയ്ക്ക് വേറെ ഒരാള്‍ക്ക് വിറ്റു.”
രവീന്ദ്രന്‍ വൃദ്ധന്റെ കൈയ്യില്‍ നിന്ന് ഒരു നോട്ടു മാത്രം വാങ്ങി ഡോക്ടറുടെ വീട്ടിലേക്ക് നടന്നു.വൃദ്ധനും
രവീന്ദ്രന്റെയൊപ്പം കൂടി.

Sunday, January 6, 2008

വഴിവക്കിലെ ദൈവങ്ങള്‍ :

സന്ധ്യ കഴിഞ്ഞിരിക്കുന്നു. വഴിവിളക്കുകള്‍ പ്രകാശിക്കുന്നുണ്ട്. റോഡിലെ തിരക്കിന് അല്പം കുറവു വന്നിട്ടുണ്ട്. രൂപക്കൂട്ടിലെ കന്യകമറിയാമിന്റെ കൈയ്യിലിരുന്ന് ഉണ്ണിയേശു കുന്തളിച്ചു. മറിയം ഉണ്ണിയേശുവിന്റെ തുടയ്‌ക്കൊരു ഞെരുട് വെച്ചുകൊടുത്തു. ചിണുങ്ങികൊണ്ട് ഉണ്ണിയേശു അമ്മയുടെ കൈയ്യില്‍ അടങ്ങിയിരുന്നു. ഉണ്ണിയേശുവിന്റെ നോട്ടം റോഡിന് എതിര്‍വശത്തുള്ള കാണിയ്ക്ക മണ്ഡപത്തിലേക്ക് ആയിരുന്നു. ഉണ്ണിക്കണ്ണനെ വഴക്ക്പറയുന്ന യശോധയെ ഉണ്ണിയേശു കണ്ടു.

രാത്രിക്ക് കനംവെച്ച് തുടങ്ങി.റോഡിലൂടെ ചീറിപായുന്ന വാഹനങ്ങളുടെ തിരക്ക് ഇല്ലാതായിരിക്കുന്നു. വല്ലപ്പോഴും ഒന്നോരണ്ടോ ചരക്കുവണ്ടികള്‍ മാത്രം കടന്നു പോകുന്നുണ്ട്. രൂപക്കൂട്ടിലെ ലൈറ്റ് കത്തിയിരുന്നില്ല. കറണ്ട് ചാര്‍ജ് അടയ്ക്കാതിരുന്നതുകൊണ്ട് ഇലക്ട്രിസിറ്റിക്കാര് വന്ന് ഫ്യൂസ് ഊരിയിട്ട് മൂന്നുമാസം കഴിഞ്ഞിരിക്കുന്നു. രൂപക്കൂട്ടില്‍നിന്ന് കറണ്ട് ചാര്‍ജ് അടയ്ക്കാനുള്ള കാശുപോലും കിട്ടാ‍ത്തതുകൊണ്ട് രൂപക്കൂട്ടില്‍ ഇനി ലൈറ്റ് തെളിയിക്കേണ്ട എന്നാണ് പള്ളികമ്മറ്റിക്കാര്‍ തീരുമാനം എടുത്തിരിക്കുന്നത്.

രാത്രിയില്‍ ഇരുട്ടത്ത് ഇരിക്കുന്നത് അപകടം ആയതുകൊണ്ട് കന്യകമറിയാം ഒരു കാര്യം ചെയ്തു.രൂപക്കൂട്ടില്‍ സന്ധ്യയ്ക്ക് കത്തിക്കുന്ന മെഴുകുതിരികളില്‍ അഞ്ചാറെണ്ണം എടുത്തുമാറ്റും. മെഴികുതിരികള്‍ കത്തിതീരുന്നതിന് അനുസരിച്ച് ഓരോന്നെടുത്ത് കത്തിക്കും.രാത്രിയില്‍ വെട്ടം ഇല്ലാതെ ഉണ്ണിയേശു എവിടെയെങ്കിലും തട്ടിവീണ് തട്ടുകേട് സംഭവിച്ചാലോ?

കാണിയ്ക്ക്‍മണ്ഡപത്തിലെ ഉണ്ണിക്കണ്ണന്റെയും യശോധയുടേയും സ്ഥിതിയും ഇങ്ങനെതന്നെയിരുന്നു. അവിടെയും ലൈറ്റില്ല. കന്യകമറിയാം കത്തിക്കുന്ന മെഴുകുതിരിവെളിച്ചമാണ് അവിടിത്തെ വെട്ടം. കന്യകമറിയാം നേരത്തെ ഉണ്ണിയേശുവിന്റെ കൈയ്യില്‍ കാണിക്കമണ്ഡപത്തിലേക്ക് മെഴുകുതിരി കൊടുത്തുവിട്ടതാണ്. കാണിക്കമണ്ഡപത്തില്‍ മെഴുകുതിരി കത്തിച്ചു വയ്ക്കാത്ത പതിവില്ലാത്തതുകൊണ്ട് ആരോ യശോധകത്തിച്ചുവെച്ച മെഴുകുതിരി ഊതികെടുത്തി. അതിനുശേഷം യശോധ കാണിക്കമണ്ഡപത്തില്‍ മെഴുകുതിരി കത്റ്റിച്ചു വെയ്ക്കാന്‍ ശ്രമിക്കാറില്ല.

അമ്മയുടെ കൈയ്യില്‍ നിന്ന് ഉണ്ണിയേശു ഊര്‍ന്നിറങ്ങി.രൂപക്കൂട്ടിലെ ഗ്രില്ലിനിടയിലൂടെ വെളിയില്‍ കടന്നു. എന്നിട്ട് കാണിക്കമണ്ഡപത്തിലേക്ക് നടന്നു. ഉണ്ണിയേശു കാണിക്ക മണ്ഡപത്തിലേക്ക് വലിഞ്ഞുകയറി. യശോധ ഉണ്ണിയേശുവിനെ പൊക്കിയെടുത്തു. ഉണ്ണിക്കണ്ണന്‍ ഉണ്ണിയേശുവിന് പതിവ് പങ്ക് വെണ്ണ നല്‍കി.ഉണ്ണിയേശുവും ഉണ്ണിക്കണ്ണനും കാണിക്കമണ്ഡപത്തില്‍ നിന്നിറങ്ങി റോഡിലേക്ക് കയറി.അവരവിടെ ഓടിക്കളിച്ചു. വണ്ടികളുടെ വെളിച്ചം വീണാലുടനെ അവര്‍ റോഡില്‍ നിന്ന് ഇരുട്ടിലേക്ക് മാറും.

“മോനേ,കയറി വാ..”മറിയാം ഉണ്ണിയേശുവിനെ വിളിച്ചു.“ഇല്ല ഞാനിന്ന് കണ്ണന്റെ കൂടയാ ഉറങ്ങുന്നത് “ ഇങ്ങനെ പറഞ്ഞിട്ട് ഉണ്ണിയേശു കാണിക്കമണ്ഡപത്തിലേക്ക് ഓടി. “നേരം വെളുക്കുന്നതിനു മുമ്പ് ഞാന്‍ ഉണ്ണിയെ കൊണ്ടുവന്ന് വിട്ടോളാം..” യശോധ വിളിച്ചു പറഞ്ഞു.

നേരം വെളുത്തു വരുന്നതേയുള്ളു.രൂപക്കൂട്ടില്‍ മെഴുകുതിരി കത്തിക്കാ‍ന്‍ വന്ന ഒരാള്‍ രൂപക്കൂട്ടിലെക്ക് നോക്കി. മറിയാമിന്റെ കൈയ്യില്‍ ഉണ്ണിയേശുവില്ല.അയാള്‍ പള്ളിമേടയിലേക്ക് ഓടി.അയാള്‍ പള്ളിമണി അടിച്ചു.അസമയത്ത് പള്ളിമണിയുടെ ശബ്ദ്ദം കേട്ട് ആളുകള്‍ ഉണര്‍ന്നു. മണിയുടെ ശബ്ദ്ദം കേട്ട് മറിയാം കണ്ണ് തുറന്നു. യശോധയും ഉണര്‍ന്നിരുന്നു.ഉണ്ണിക്കണ്ണനെ കെട്ടിപ്പിടിച്ചുറങ്ങുന്ന ഉണ്ണിയേശുവിനെ കോരിയെടുത്ത് വെളിയിലേക്കിറങ്ങി. റോഡില്‍ക്കൂടി ആളുകള്‍ പള്ളിയിലേക്ക് ഓടുന്നുണ്ടായിരുന്നു. അവരുടെ ഇടയിലൂടെ റോഡ് കടന്ന് യശോധ ഉണ്ണിയേശുവിനെ രൂപക്കൂടിന്റെ ഗ്രില്ലിനിടയിലൂടെ മറിയാമി കൈയ്യില്‍ കൊടുത്തു.

പള്ളിയിലേക്ക് ഓടിയവര്‍ രൂപക്കൂട്ടിലേക്ക് വരുന്നുണ്ടായിരുന്നു.അവര്‍ വന്ന് രൂപക്കൂടിനുള്ളിലേക്ക് നോക്കി. കന്യകമറിയാമിന്റെ കൈയ്യില്‍ ഉണ്ണിയേശു പുഞ്ചിരിച്ചുകൊണ്ടിരിക്കുന്നു. അന്നുതന്നെ രൂപക്കൂട്ടിലെ ഫ്യൂസ്സ് തിരികെകുത്തി. ഉണ്ണിയേശുവിന് അതിവെളിച്ചം പ്രയാസ്സമായിരുന്നു. മുന്‍പ് ഇരുട്ടുവീണുതുടങ്ങിയാല്‍ രൂപക്കൂട്ടില്‍ നിന്നിറങ്ങി കണ്ണനുമായി കളിക്കാമായിരുന്നു.ഇനി അത് പറ്റത്തില്ല.അമ്മയുടെ കൈയ്യില്‍ നിന്ന് ഇറങ്ങിപ്പോകുമ്പോള്‍ ആരെങ്കിലും കണ്ടാല്‍ വലിയ പ്രശ്‌നമാകും.ഇനി കണ്ണനുമായി കളിക്കണമെങ്കില്‍ ആളുകളെല്ലാം ഉറങ്ങുന്നതുവരെ കാത്തിരുന്നാലേ പറ്റുകയുള്ളു.

നേരം വെളുക്കുമ്പോള്‍ യശോധയ്ക്കും മറിയാമിനും പേടിയാണ്. ബസുകളില്‍ പോകുന്നവര്‍ വലിച്ചെറിയുന്ന നാണയങ്ങള്‍ തങ്ങളുടെ കുഞ്ഞുങ്ങളുടെ കണ്ണിലങ്ങാണം കൊണ്ടാലോ? ഒരിക്കല്‍ ആരോ വലിച്ചെറിഞ്ഞ നാണയം കണ്ണന്റെ നെറ്റിയില്‍ കൊണ്ടതാണ് .ആ മുറിവ് ഉണങ്ങാന്‍ കുറെ ദിവസങ്ങള്‍ എടുത്തു. തങ്ങള്‍ക്ക് മാത്രമല്ല ഏറ് കിട്ടുന്നത്. റോഡില്‍ക്കൂടി നടന്നുപോകുന്നവര്‍ക്കും നാണയ ഏറ് കിട്ടാ‍റുണ്ട്. രണ്ടാഴ്ച്‌യ്ക്ക് മുമ്പ് ഒരാളുടെ കണ്ണില്‍ നാണയം കൊണ്ടുള്ള് ഏറ് കൊണ്ടിട്ട് അയാളുടെ കാഴ്ച് പോയതാണ്.

രാത്രിയായാല്‍ എവിടെനിന്നോ എത്തുന്ന വൃദ്ധയെ ഉണ്ണിയേശു കുറെനാള്‍കൊണ്ട് ശ്രദ്ധിക്കുന്നുണ്ട്.രാത്രിയില്‍ എവിടെനിന്നോ എത്തി രൂപക്കൂടിനുമുന്നില്‍ കിടന്നുറങ്ങി അതിരാവിലെ അവര്‍ തന്റെ ഭാണ്ഡവുമായി പോകും. വളരെ അവശതയോടെയാണ് അവര്‍ നടകുന്നത്. അവരുടെ നടപ്പ് കണ്ടാല്‍ എവിടെയെങ്കിലും അവര്‍ വീണുപോകുമെന്ന് തോന്നിപ്പോകും.കുറച്ചു ദിവസങ്ങളായി അവര്‍ എങ്ങോട്ടും പോകാറില്ല.അവിടെ തന്നെ കൂനിപ്പിടിച്ച് ഇരുപ്പാണ്. രൂപക്കൂട്ടില്‍ തിരികത്തിക്കാന്‍ വരുന്നവരില്‍ ചിലര്‍ അവരെ ശാപവാക്കുകള്‍ പറയുന്നത് ഉണ്ണിയേശു കേള്‍ക്കാറുണ്ട്. ചിലര്‍ അവര്‍ക്ക് നാണയത്തുട്ടുകള്‍ ഇട്ടുകൊടുക്കൂന്നതും കാണാറുണ്ട്.

ഉച്ചയ്ക്ക് നായയുടെ കുരച്ചില്‍ കേട്ട് ഉണ്ണിയേശു വെളിയിലേക്ക് നോക്കി.വൃദ്ധ ഒരു നായെ ആട്ടിയോടിക്കുകയാണ്. നായ് അല്പം മാറി മുരള്‍ച്ചയോടെ നില്‍ക്കുന്നു.വൃദ്ധയുടെ മുന്നില്‍ ഒരിലക്കീറുണ്ട്. നായ് എവിടെ നിന്നോ വലിച്ചുകൊണ്ടുവന്ന ഇലക്കീറിലെ എച്ചില്‍ അവര്‍ വടിച്ചു തിന്നുകയാണ്. ഉണ്ണിയേശുവിന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.

രാത്രിയായപ്പോള്‍ ഉണ്ണിയേശു പതിവുപോലെ അമ്മയുടെ കൈയ്യില്‍ നിന്നിറങ്ങി ഉണ്ണിക്കണ്ണനെ വിളിച്ചുകൊണ്ടുവന്നു. അവര്‍ രണ്ടുപേരും കൂടി വൃദ്ധയുടെ ഭാണ്ഡം പരിശോധിച്ചു .അതില്‍ നിറം മങ്ങിയ രണ്ട് ഫോട്ടോകളും മുഷിഞ്ഞ തുണികളും അഞ്ചാറ് ചില്ലറ തുട്ടുകളും മാത്രമേ ഉണ്ടായിരുന്നുള്ളു. വൃദ്ധയുടെ ചെറുപ്പത്തിലുള്ള ഫോട്ടോ ആയിരിക്കണം. അവരും രണ്ട് കുട്ടികളും ഒരാളും കൂടി ഇരിക്കുന്ന ഫോട്ടോയായിരുന്നു അതിലൊന്ന്. ഉണ്ണിയേശു രൂപക്കൂട്ടിലെ ഭണ്ഡാരത്തിന്റെ പൂട്ട് തുറന്നു. നിന്ന് കുറച്ച് നോട്ടുകള്‍ വാരിയെടുത്തു. അവരിരുവരും കൂടി നോട്ടുകള്‍ വൃദ്ധയുടെ ഭാണ്ഡത്തില്‍ വെച്ചു. നേരം വെളുത്തയുടനെ വൃദ്ധ ഭാണ്ഡവുമായി യാത്രയായി. വൃദ്ധപോയതിനുശേഷമാണ് പള്ളി നടത്തിപ്പുകാരന്‍ ലൈറ്റ് ഓഫ് ചെയ്യാനായി എത്തിയത്.ഭണ്ഡാരം തുറന്നുകിടക്കുന്നതയാള്‍ കണ്ടു.

പോലീസെത്തി പരിശോധന നടത്തി. ഭണ്ഡാരത്തിന്റെ വാതിലില്‍ വിരലടയാളങ്ങള്‍ പതിഞ്ഞിരുന്നു. നാലഞ്ച് വയസ്സുള്ള കുഞ്ഞിന്റെ വിരലടയാളങ്ങള്‍! അവിടെ കറങ്ങി നടന്ന വൃദ്ധ പിള്ളാരെകൊണ്ട് ഭണ്ഡാരം തുറന്നതാണന്ന് അവര്‍ ഉറപ്പിച്ചു. പോലീസ് വൃദ്ധയെ തിരഞ്ഞു. അവരെ അവിടെയൊന്നും കാണാന്‍ പറ്റിയില്ല. പോലീസ്‌നായെത്തി മണം പിടിച്ച് കാണിക്കമണ്ഡപത്തിലേക്ക് ഓടി. തിരിച്ച് വന്ന് രൂപക്കൂട്ടിനുള്ളിലേക്ക് നോക്കി കുരച്ചു. ഉണ്ണിയേശു നായെ നോക്കി.നായ് കുര നിര്‍ത്തി ശാന്തനായി നിന്ന് വാലാട്ടി.

അന്ന് വൈകിട്ട് വൃദ്ധ തിരിച്ച് വന്നപ്പോള്‍ പോലീസ് അവരുടെ ഭാണ്ഡത്തില്‍ നിന്ന് ഭണ്ഡാരത്തില്‍ നിന്ന് കളവുപോയ(?) പണം കണ്ടെടുത്തു.വൃദ്ധ രൂപക്കൂട്ടിനുള്ളിലേക്ക് നോക്കി. ഉണ്ണിയേശുവിന്റെ കാലില്‍ ഭണ്ഡാരപ്പെട്ടിയിലെ കറുത്ത അഴുക്ക് പറ്റിപ്പിടിച്ചിരിക്കുന്നവര്‍ കണ്ടു.

ക്രിസ്തുമസ്സ് രാവില്‍ ഉണ്ണിയേശുവും കന്യകമറിയാമും പതിവുപോലെ ഭവനസന്ദര്‍ശനത്തിനിറങ്ങി.അവരിറങ്ങുന്നത് കണ്ടപ്പോള്‍ ഉണ്ണിക്കണ്ണനും അവരുടെകൂടെ പോകണമെന്ന് പറഞ്ഞ് കരഞ്ഞു തുടങ്ങി.യശോധ കണ്ണനെ ഒരുക്കി അവരുടെ കൂടെ വിട്ടു. കണ്ണന്‍ ഓടക്കുഴല്‍ വായിച്ചു. ഓടക്കുഴല്‍ സംഗീതത്തിന് താളം പിടിച്ച് ഉണ്ണിയേശു കണ്ണന്റെ തോളില്‍ കൈയ്യിട്ട് നടന്നു.

തെരുവോരങ്ങളിലെ ലഹരിനിറഞ്ഞ ആഘോഷങ്ങളില്‍ മനം മടുത്ത് അവര്‍ തിരികെ പോന്നു. കണ്ണനെ വിടാനായി കാണിക്ക മണ്ഡപത്തില്‍ എത്തിയ അവര്‍ സ്ത്ബ്ദ്ദരായി.കാണിക്ക മണ്ഡപത്തിന്റെ ചില്ലുകള്‍ തകര്‍ന്നിരിക്കുന്നു. യശോധയെ കാണാനും ഇല്ല. ”അമ്മേ...അമ്മേ...”കണ്ണനും ഉണ്ണിയേശുവും ഒരുമിച്ച് വിളിച്ചു. കാണിക്ക മണ്ഡപത്തിന്റെ പുറകില്‍ നിന്ന് യശോധ വന്നു. യശോധയുടെ നെറ്റിയില്‍ നിന്ന് ചോര ഒലിക്കുന്നുണ്ടായിരുന്നു.കണ്ണന്‍ കരഞ്ഞു കൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു. കന്യകമറിയാം തന്റെ കുപ്പായം വലിച്ചുകീറി യശോധയുടെ മുറിവ് കെട്ടി.

പോലീസ് ജീപ്പുകള്‍ സൈറനിട്ടുകൊണ്ട് പാഞ്ഞു. രൂപക്കൂടിന്റെ ഗ്രില്ലുകളും തകര്‍ക്കപ്പെട്ടിരുന്നു. രണ്ടുമതങ്ങളുടെയും ആരാധനാലയങ്ങളുടെ നേരെ ആക്രമണം ഉണ്ടായി. കലാപം വ്യാപിച്ചു. പോലീസ് രൂപക്കൂടിനും കാണിക്ക മണ്ഡപത്തിനും കനത്ത സുരക്ഷ തീര്‍ത്തു. രൂപക്കൂട്ടില്‍ തന്നെ ഇരുന്ന് ഉണ്ണിയേശുവിനും കാണിക്ക മണ്ഡപത്തില്‍ തന്നെയിരുന്ന് കണ്ണനും വീര്‍പ്പുമുട്ടി.

കളക്ടര്‍ സമാധാനയോഗം വിളിച്ചു ചേര്‍ത്തു. സമാധാനറാലി നടത്താന്‍ സമാധാനയോഗം തീരുമാനിച്ചു.സമാധാനറാലി നടത്തിയയതിനു ശേഷം ആളുകള്‍ രൂപക്കൂടിനു മുന്നില്‍ എത്തി. രൂപക്കൂട്ടില്‍ കന്യകമറിയാമും ഉണ്ണിയേശുവും ഇല്ലായിരുന്നു. കാണിക്ക മണ്ഡപത്തില്‍ നിന്ന് യശോധയും ഉണ്ണിക്കണ്ണനും അപ്രത്യക്ഷരായിരുന്നു.

യോഗങ്ങള്‍ നടത്തിയും റാലികള്‍ നടത്തിയും സമാധാനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ലോകത്ത് ദൈവങ്ങള്‍ക്ക് എന്ത് കാര്യം????

Wednesday, January 2, 2008

മത്തായിമാപ്പിളയുടെ ശവമടക്ക് : കഥ

പഞ്ചനക്ഷത്ര ആശുപത്രിയിലെ മരണമുറിയില്‍(ഇംഗ്ലീഷില്‍ ഐ.സി.യു. എന്നു പറയും) മത്തായിമാപ്പിള മരണവും പ്രതീക്ഷിച്ചു കിടന്നു.മക്കള്‍ക്കും മരുമക്കള്‍ക്കും ഫോണ്‍കോളുകള്‍ പാഞ്ഞു.അവരെല്ലാം തിരക്കുപിടിച്ച ജീവിതത്തിന് ഉടമകള്‍ ആയതിനാല്‍ അപ്പനെ കാണാന്‍ വരാന്‍ പറ്റത്തില്ലങ്കിലും അപ്പന്റെ ശവമടക്കിന് തീര്‍ച്ചയായും എത്തുമെന്ന് നാട്ടിലേക്ക് അറിയിച്ചു.അപ്പന്റെ മരണദിനം കണക്കുകൂട്ടി മക്കളെല്ലാം ടിക്കറ്റ് ബ്ലോക്ക് ചെയ്തു കാത്തിരുന്നു.അപ്പന്റെ മരണത്തിലേക്കുള്ള പുരോഗതി മക്കള്‍ക്കെല്ലാം ഇന്റ്‌ര്‍‌നെറ്റിലൂടെ സമയാസമയങ്ങളില്‍ ആശുപത്രിയില്‍ നിന്ന് എത്തിച്ചു കൊണ്ടിരുന്നു.

മക്കളെല്ലാം വീഡിയോകോണ്‍ഫ്രന്‍സിലൂടെ ഒത്തുകൂടി ശവമടക്കിനുള്ള പദ്ധതികള്‍ തയ്യാറാക്കി.ടെക്സാസിലുള്ള അന്ത്രയോസ് ഉടന്‍‌തന്നെ കാനഡയിലുള്ള നാരായണന്‍‌കുട്ടിയെ ഫോണ്‍ചെയ്തു. നാരായണന്‍‌കുട്ടിയുടെ ഫ്യു‌നേറിയല്‍ ഇവന്റ് മാനേജ്‌മെന്റിന്റെ കേരള ബ്രാഞ്ചിലേക്ക് ടെലി റിക്വസ്റ്റ് നല്‍കി ശവമടക്ക് ഭംഗിയാക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തികൊള്ളാന്‍ ആവിശ്യപ്പെട്ടു.ദുബായിലുള്ള പത്രോസുകുട്ടി ഓണ്‍‌ലൈന്‍ പര്‍ച്ചേസിലൂടെ ശവക്കല്ലറയ്ക്കുള്ള മാര്‍ബിള്‍ പര്‍ച്ചേസ് ചെയ്തു.നിമിഷങ്ങള്‍ക്കകം മാര്‍ബില്‍ കല്ലുകള്‍ ഇവന്റ് മാനേജ്‌മെന്റിന്റെ ഓഫീസില്‍ എത്തി.ഇവന്റ് മാനേജ്‌മെന്റ് പള്ളിപ്പറമ്പിലെത്തി കുഴികുത്താന്‍ തുടങ്ങി.

അപ്പന്റെ ആശുപത്രികിടപ്പ് കേരളകോണ്‍ഗ്രസ്സിന്റെ ലയനം പോലെ നീണ്ടുപോകുന്നതു കണ്ട് മക്കള്‍ക്ക്
ഭ്രാന്തായി.ടിക്കറ്റ് ബ്ലോക്കിംങ്ങ് ക്യാന്‍‌സല്‍ ഫീസായി ട്രാവല്‍ ഏജന്‍സി കനത്ത തുകയാണ് തട്ടിയെടുക്കുന്നത്.
ലിബിയായിലുള്ള ജോര്‍ജുകുട്ടി നാട്ടിലെ ഡോക്ടറെ വിളിച്ചു.”എന്റെ പൊന്നു ഡോക് ടറേ അപ്പന്റെ മൂക്കിലോട്ട് ഗ്യാസ്‌കുറ്റിയില്‍ നിന്ന് കൊടുത്തിട്ടുള്ള ആ കുഴലങ്ങ് എടുത്തോ.അതുകൊറച്ചുനാളൂടെ ഇട്ടന്ന് വെച്ച് അപ്പന്‍ ചാകാതിരിക്കത്തില്ലല്ലോ?”.ജോര്‍ജുകുട്ടിയുടെ വാക്കുകള്‍ കേട്ട് ഡോക്ട്‌ര്‍ ഞെട്ടി.അഞ്ച് അഞ്ചാറരലക്ഷത്തിന്റെ മുതലാണ് ഇല്ലാതാവുന്നത്.മൂക്കിലെ ട്യൂബ് ഊരണോ?ഡോക്ടര്‍ ധര്‍മ്മ സങ്കടത്തിലായി.ചിന്തകള്‍ക്ക് ചൂടുപിടിച്ചു തുടങ്ങിയപ്പോള്‍ രണ്ട് ആംബുലന്‍സുകള്‍ പാഞ്ഞുവരുന്നത് ഡോക്ടര്‍ കണ്ടു.മത്തായിമാപ്പിളയുടെ കുഴലൂതാന്‍ ഡോക്ടര്‍ തീരുമാനിച്ചു.ഒരു വഴി അടഞ്ഞപ്പോള്‍ ദൈവം രണ്ടു വഴിയല്ലേ തുറന്നു തന്നത്.!!!!

മത്തായി മാപ്പിളയെ ഐസിയുവില്‍ നിന്ന് ഐസിലേക്ക് മാറ്റി.മക്കളെല്ലാം നിമിഷങ്ങല്‍ക്കകം ഫ്ലൈറ്റ്
പിടിച്ചു.രണ്ടുദിവസത്തിനകം മക്കളെല്ലാം നാട്ടില്‍ ലാന്റ് ചെയ്തു.പെട്ടികളുമായി പൊട്ടികരഞ്ഞുകൊണ്ട്
മക്കളെല്ലാം മോര്‍ച്ചറിയില്‍ എത്തി.അപ്പനെ തണുക്കാന്‍ തന്നെ വിട്ടിട്ട് മക്കളെല്ലാം വീട്ടിലേക്ക് തിരിച്ചു. അവരെ കാത്ത് ഇവന്റ് മാനേജ്‌മെന്റിന്റെ എക്സികുട്ടന്മാര്‍ ഉണ്ടായിരുന്നു.ശവമടക്കിനുള്ള ഏകദേശരൂപം ഉണ്ടാക്കി.

ശവമടക്ക് മറ്റെന്നാള്‍.നാളെ രാവിലെ മോര്‍ച്ചറിയില്‍ നിന്ന് ‘ശവം‘ 101 കാറുകളുടെ അകമ്പടിയോടെ
മൊബൈല്‍ മോര്‍ച്ചറിയില്‍ വീട്ടിലേക്ക് കൊണ്ടുവരുന്നു.ശവത്തിന് അകമ്പടിയായി (കു)പ്രസിദ്ധ പിന്നണിഗായകന്‍ കുട്ടപ്പന്റെ ഫ്യുനേറിയല്‍ ക്വയര്‍.ഇങ്ങനെ തീരുമാനിച്ചവര്‍ യോഗം പിരിഞ്ഞു.ആണ്‍‌മക്കള്‍ മൂന്നുപേരും അപ്പന്‍ മരിച്ചതിലുള്ള വിഷമം കുടിച്ചു തീര്‍ക്കാന്‍ വേണ്ടി സ്‌കോച്ച് പൊട്ടിച്ചു.

രാവിലെ മത്തായി മാപ്പിളയുടെ ഡെഡ് ബോഡി വീട്ടിലെത്തി.“അയ്യോ ഞങ്ങള്‍ക്കിനി ആരുണ്ടേ?
അച്ചാച്ചന്‍ ഞങ്ങളെ ഇട്ടിട്ട് പോയേ..” ഡും..ഡും..ഡുംഡ്ഡും...”ഞാന്‍ ഞെട്ടി.മരണവീട്ടില്‍ ആരാണ് ചെണ്ട കൊട്ടുന്നത്.പണ്ടാണങ്കില്‍ ബാന്റ് മേളക്കാരെങ്കിലും ആയിരിക്കുമെന്ന് കരുതാമായിരുന്നു.പക്ഷേ ഇന്ന് ബാന്റ്മേളമൊക്കെ ഔട്ട് ഓഫ് ഫാഷനായി കഴിഞ്ഞല്ലോ!! ഞാന്‍ ചെവി വീണ്ടും വട്ടം പിടിച്ചു. ചെണ്ട കൊട്ടുന്ന ശബ്‌ദ്ദം കേള്‍ക്കുന്നിടത്തേക്ക് നോട്ടം ചെന്നപ്പോള്‍ എന്റെ ഞെട്ടല്‍ ഭയമായി മാറി.ഡെഡ് ബോഡിയുടെ അടുത്തേക്ക് മത്തായി മാപ്പിളയുടെ പെണ്മക്കള്‍ രണ്ടുപേരും കടന്നു വന്നപ്പോഴാണ് ആ ശബ്ദ്ദം കേട്ടത്.

എന്താണന്നോ?മത്തായി മാപ്പിളയുടെ ഇളയമകള്‍ അന്നക്കുട്ടി അപ്പന്റെ അടുത്ത് വന്നിരുന്ന് നെഞ്ചത്ത് രണ്ടിടി. അന്നക്കുട്ടിയുടെ മൂത്ത ചിന്നക്കുട്ടിക്ക് ഇതു സഹിക്കുമോ?ചിന്നക്കുട്ടി നെഞ്ചത്ത് നാലിടി.മക്കള്‍ നെഞ്ചത്തടിച്ച് കരയുമ്പോള്‍ മരുമക്കള്‍ നെഞ്ചത്തടിച്ച് കരഞ്ഞില്ലങ്കില്‍ നാട്ടുകാരെന്ത് പറയും?മരുമക്കള്‍ക്ക് സ്‌നേഹമിലല്ലന്നല്ലേ പറയൂ!മരുമക്കള്‍ കൊച്ചാകത്തില്ലേ?മരുമക്കളും വിട്ടില്ല.അവരും നെഞ്ചിനിട്ട് വീക്കി. അവരും പൊട്ടിക്കരഞ്ഞു.ഈ കരച്ചില്‍ മെഗാസീരിയലുകാര്‍ കേട്ടിരുന്നെങ്കില്‍ അവരെ എപ്പം പൊക്കിയെന്ന് ചോദിച്ചാല്‍ മതി.നാളെമുതല്‍ നമ്മുടെ സന്ധ്യകളെ ദു:ഖസാന്ദ്രമാക്കാന്‍ അവര്‍ എത്തിയേനെ!

മക്കളും മരുമക്കളും നെഞ്ചിത്തിട്ട് വീക്കി കരയുമ്പോള്‍ ഭാര്യ ഓര്‍ഡിനറി കരച്ചില്‍ നടത്തുന്നത് കാവ്യനീതിയാണോ? മേരിക്കൊച്ചമ്മയും വിട്ടില്ല.തന്റെ നെഞ്ചത്തിട്ട് മേരിക്കൊച്ചമ്മയും ആഞ്ഞ് ഇടിച്ചു.രണ്ട് വര്‍ഷം മുമ്പ് മേരിക്കൊച്ചൊമ്മയൊന്ന് ഒറ്റയ്ക്ക് അമേരിക്കയില്‍ പോയപ്പോള്‍ നാട്ടുകാര് എന്തെല്ലാമാണ് പറഞ്ഞത്.വയ്യാത്ത മത്തായിമാപ്പിളയെ ഒറ്റയ്ക്കിട്ടിട്ട് അവള്‍ സുഖിക്കാന്‍ അമേരിക്കയ്ക്ക് പോകുവാണന്ന് പറഞ്ഞ വറുതീന്റെ കെട്ടിയോള്‍ക്കിട്ട് രണ്ടാട്ട് ആട്ടിയിട്ടാണ് മേരിക്കൊച്ചമ്മ വിമാനം കയറിയത്.ആവറുതീന്റെ കെട്ടിയോള്‍ വീട്ടില്‍കയറി പൊറുതി തുടങ്ങുമെന്നായപ്പോഴാണ് മേരിക്കൊച്ചമ്മ അമേരിക്കയില്‍ നിന്ന് റിട്ടേണടിച്ചത്.അതും മോന്റെ നിര്‍ബന്ധത്തില്‍ അര്‍ദ്ധമനസ്സോടെ.പ്രഷറും ഷുഗറുമുള്ള മേരിക്കൊച്ചമ്മ വരെ നെഞ്ചത്തടിച്ച് കരയുമ്പോള്‍ ബന്ധുക്കള്‍ വെറുതെ എങ്ങനെയാണ് കരയുന്നത്.ബന്ധുക്കളും നെഞ്ചത്തടിച്ചു. ചിലര്‍ ആവേശം മൂത്ത് ആഞ്ഞ് നെഞ്ചത്തടിച്ചു.വേദന ഏറിയപ്പോള്‍ ചിലര്‍ കൈകള്‍ തമ്മില്‍ കൂട്ടിയടിച്ചു.ഈ കലാപരിപാടികള്‍ എല്ല്ലാം ക്യാമറമാന്‍ ഒപ്പിയെടുത്തു.പാവം മത്തായി മാപ്പിള!!ചത്തു കിടക്കുന്നവന് വെറുതെയങ്ങ് കിടന്നാല്‍ മതി.ബാക്കിയുള്ളവര്‍ക്ക് വരുന്ന പങ്കപ്പാടെന്തങ്കിലും അവര്‍ക്കറിയണോ?!

വൈകുന്നേരം വീണ്ടും ഇവന്റ് മാനേജ്‌മെന്റിന്റെ യോഗം ചേര്‍ന്നു.പത്രത്തില്‍ വാര്‍ത്ത കൊടുക്കാന്‍ പരേതന്റെ ഒരു ഫോട്ടോ വേണം.മത്തായി മാപ്പിളയ്ക്ക് അമ്പത് വയസുള്ളപ്പോളെടുത്ത ഫോട്ടോ മേരിക്കൊച്ചമ്മ കൊണ്ടുവന്നു കൊടുത്തു.ഇവന്റ് മാനേജ്‌മെന്റിലെ പയ്യന്‍ ഫോട്ടോ തിരിച്ചും മറിച്ചും നോക്കിയിട്ട് മേരിക്കൊച്ചമ്മയുടെ മുഖത്തേക്ക് നോക്കി.അവന്റെ നോട്ടത്തിന്റെ അര്‍ത്ഥം മേരിക്കൊച്ചമ്മയ്ക്ക് മനസ്സിലായി.”അച്ചായന്‍ ഇപ്പോഴൊങ്ങും ഫോട്ടോ എടുത്തിട്ടില്ല”.മേരിക്കൊച്ചമ്മ പറഞ്ഞു.ഇവന്റ് മാനേജ്‌മെന്റിലെ പയ്യന്‍ താന്‍ തയ്യാറാ‍ക്കിയ ചരമവാര്‍ത്ത പ്രൂഫ് റീഡിംങ്ങിനായി സമര്‍പ്പിച്ചു.ആദ്യത്തെ ലൈനില്‍ തന്നെ മേരിക്കൊച്ചമ്മ കത്തിവെച്ചു.മത്തായി മാപ്പിള(85)എന്നത് മത്തായി മാപ്പിള(72)എന്നാക്കിച്ചു.അപ്പന്റെ വയസ്സ് അമ്മ വെട്ടിക്കുറച്ചതില്‍ മക്കള്‍ പ്രതിഷേധിച്ചു.”ഞാന്‍ ചെറുപ്പമാ,കെട്ടിയോന് 85 വയസ്സായന്ന് പറയുമ്പോള്‍ ഞാനും വയസ്സിയാണന്ന് ആള്‍ക്കാര് കരുതും”.മേരിക്കൊച്ചമ്മ പറഞ്ഞു. ”അപ്പന്റെ വയസ്സ് കുറയുമ്പോള്‍ മക്കളുടെ വയസ്സൂടയാ കുറയുന്നത്.”ഇതില്‍ മക്കള്‍ വീണു.അമ്മായമ്മയുടെ ബുദ്ധിയില്‍ മരുമക്കള്‍ ആദ്യമായി അഭിമാനം കൊണ്ടു.

ഇവന്റ് മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ ചര്‍ച്ച ചൂടു പിടിച്ചു.ശവമടക്കിന് പത്തമ്പത് അച്ചന്മാര് വേണം.തങ്ങളുടെ കൈയ്യില്‍ പത്തിരുപത് അച്ചന്മാരേയുള്ളൂവെന്ന് ഇവന്റ് മാനേജ്‌മെന്റ് പയ്യന്‍ പറഞ്ഞു.പത്രോസുകുട്ടിക്ക് അമ്പത് അച്ചന്മാരുതന്നെവേണം.അമ്മായിയപ്പന്റെ ശവമടക്കിന് 49 അച്ചന്മാര്‍ ഉണ്ടായിരുന്നതാണ്.സ്വന്തം അപ്പന്റെ ശവമടക്കിന് അതിലും കൂടുതല്‍ അച്ചന്മാര്‍ വന്നില്ലങ്കില്‍ അളിയന്മാരുടെ മുന്നില്‍ താനൊരു ഏഴാംകൂലിയാവുംവെന്ന് പത്രോസുകുട്ടിക്കറിയാം.ഇവന്റ് മാനേജ്‌മെന്റ് പയ്യന്‍ വികാരിയച്ചനെ വിളിച്ചു.കുറവുള്ള അച്ചന്മാരെ വികാരിയച്ചന്‍ സംഘടിപ്പിച്ചു കൊടുക്കും.കമ്മീഷനായി ഒരച്ചന് നൂറുരൂപവെച്ച് വികാരിയച്ചന് കൊടുക്കണം.അത് മക്കളേറ്റു.

അപ്പന്റെ ശവമടക്ക് നാടുകണ്ടതില്‍ വെച്ചേറ്റവും ഗംഭീരമായിരിക്കണമെന്ന് മക്കള്‍ക്ക് നിര്‍ബന്ധമാണ്.ഇന്നത്തെ കാലത്ത് ആളുകൂടണമെങ്കില്‍ സിനിമാക്കാര്‍ വേണം.തങ്ങളുടെ കൈയ്യിലുള്ള സിനിമാക്കാരെ ഇവന്റ് മാനേജ്‌മെന്റ് പയ്യന്‍ അവതരിപ്പിച്ചു.സൂപ്പര്‍സ്റ്റാറായിരുന്നുവെങ്കിലും ഇപ്പോള്‍ പടമൊന്നും ഇല്ലാത്ത ഒരു സ്റ്റാറിനെ ബുക്ക് ചെയ്യാന്‍ യോഗം തീരുമാനിച്ചു.ശവമടക്കില്‍ പങ്കെടുത്താല്‍ മാത്രം മതിയെങ്കില്‍ ഇരുപതിനായിരം രൂപ.ശവപ്പെട്ടിയില്‍ പിടിക്കണമെങ്കില്‍ മൂവായിരം രൂപ എക്സ്‌ട്രാ.ഒരായിരം രൂപകൂടി കൊടുത്താല്‍ ചരമപ്രസംഗം കം അനുസ്മരണ പ്രസംഗം നടത്തും.അതിനും യോഗം അനുമതി കൊടുത്തു.

തീരുമാനങ്ങള്‍ എല്ലാം എടുത്തതിനുശേഷം യോഗം പിരിഞ്ഞു.യോഗം പിരിയേണ്ട താമസം അന്നകുട്ടിയും
ചിന്നകുട്ടിയും കതക് തുറന്ന് സമയം പാഴാക്കാതെ കാറില്‍കയറി പുറത്തേക്ക് പാഞ്ഞു.കാര്‍ പാഞ്ഞു ചെന്ന് നിന്നത് ബ്യൂട്ടിപാര്‍‌ലറിന്റെ മുന്നില്‍.നാത്തൂന്മാര്‍ പോയ വഴിയേ 3നാത്തൂന്മാരും വിട്ടു.മക്കളും മരുമക്കളും എവിടേക്കാണ് പോയതെന്ന് അറിയാത്തതുകൊണ്ട് മേരിക്കൊച്ചമ്മ മത്തായിമാപ്പിളയെ വെച്ചിരിക്കുന്ന കൂളറിന്റെ മുന്നില്‍ ചെന്നിരുന്നു.

മക്കളും മരുമക്കളും ബ്യൂട്ടിപാര്‍ലറില്‍ നിന്ന് തിരിച്ച് വീട്ടിലേക്ക് വരുന്നത് ഒന്നു കാണേണ്ടൈയത് തന്നെ
ആയിരുന്നു. അന്നകുട്ടിയും ചിന്നകുട്ടിയും ധരിച്ചിരുന്നത് നിക്കറും ബനിയനും.മരുമക്കള്‍ മുട്ടറ്റം വരെയുള്ള പാന്റും കഴുത്തും കൈയ്യും ഇല്ലാത്ത ടിഷര്‍ട്ടും.മുഖം മുഴുവന്‍ ചുവന്ന പൊടി.കൈകളില്‍ നിറച്ച് ആഭരണങ്ങള്‍. കഴുത്തിലെ മാലകളുടെ ഭാരം കൊണ്ട് അവരുടെ കഴുത്ത് കുനിഞ്ഞിരുന്നു.മക്കളും മരുമക്കളും ഒരുങ്ങിയിറങ്ങിയപ്പോഴാള്‍ മേരിക്കൊച്ചമ്മയ്ക്ക് താന്‍ കൊച്ചായിപ്പോയോ എന്നൊരു സംശയം.താന്‍ ഒരുങ്ങിയിറങ്ങിയില്ലങ്കില്‍ ശവമടക്കിന് വരുന്നവരുടെ കണ്ണുകള്‍ മക്കളുടേയും മരുമക്കളുടേയും മേല്‍ തന്നെ ആയിരിക്കും.ശവമായികിടക്കുന്നവന്റെ ഭാര്യയായ തന്നെക്കാള്‍ കൂടുതല്‍ ശ്രദ്ധ മക്കള്‍ക്കും മരുമക്കള്‍ക്കും കിടക്കുന്നത് അനുവദനീയമായ കാര്യമല്ലല്ലോ?മേരിക്കൊച്ചമ്മ മൃതശരീരം വെച്ചിരിക്കുന്നടത്തുനിന്ന് എഴുന്നേറ്റു അകത്തെ മുറിയില്‍ കയറി വാതില്‍ അടച്ചു.മരുമോള്‍ അറിയാതെ അമേരിക്കയില്‍ നിന്ന് അടിച്ചുമാറ്റിയ മേക്കപ്പ് കിറ്റില്‍ നിന്ന് ഏതാണ്ടൊക്കെ എടുത്ത് മുഖത്ത് തേച്ചു.മുടി ഉച്ചിയില്‍ വെച്ച് കെട്ടി.വിലകുറഞ്ഞ സാരി മാറ്റി കാഞ്ചീപുരം പട്ട് എടുത്ത് ഉടുത്തു.

ഇവന്റ് മാനേജ്‌മെന്റ് സംഘം അവസാനവട്ട തയ്യാറെടുപ്പുകള്‍ ചര്‍ച്ചചെയ്തു.പിറ്റേദിവസം,ശവമടക്കദിവസം;കേരളം ഉണര്‍ന്നത് മലയാളിക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയുമായിരുന്നു.കേരളത്തില്‍ മിന്നല്‍ബന്ദ് !!!. റയില്‍‌വേ മേല്‍പ്പാലത്തിനുകീഴില്‍ നിന്ന് മൂത്രം ഒഴിച്ചുകൊണ്ടിരുന്ന(?) നേതാവിന്റെ ഖദറുടുപ്പില്‍ മേല്‍പ്പാ‍ലത്തിലൂടെപോയ ട്രയിനില്‍ നിന്ന് ദുര്‍ഗന്ധപൂരിതമായ മാലിന്യം വീണതില്‍ പ്രതിഷേധിച്ചാണത്രെ മിന്നല്‍ ബന്ദ്.ബന്ദ് ആയതിനാല്‍ സ്റ്റാര്‍ എത്തിയില്ല.ബുക്ക് ചെയ്ത് മെത്രാച്ചനും വന്നില്ല.അച്ചന്മാരും എത്തിയില്ല.

മൃതശരീരം വീട്ടില്‍നിന്ന് എടുത്തപ്പോള്‍ മക്കളും കൊച്ചുമക്കളും മരുമക്കളും ഭാര്യയും പൊട്ടിക്കരഞ്ഞു.കരച്ചില്‍ കേള്‍ക്കുന്നുണ്ടന്നല്ലാതെ ഒരൊറ്റതുള്ളികണ്ണീര്‍പോലും പുറത്തേക്ക് വന്നില്ല.മരുമക്കളും മക്കളും മേരിക്കൊച്ചമ്മയും കൈയ്യിലിരുന്ന തൂവാലകള്‍കൊണ്ട് കണ്ണൊന്ന് ഒപ്പേണ്ട താമസം കണ്ണീര്‍ ധാരധാരയായി ഒഴുകി.കണ്ണീര്‍ ഒഴുകി അവരുടെ മുഖത്തെ കളര്‍ ഒലിച്ചു പോയി.ഇപ്പോള്‍ അവരുടെ മുഖത്തേക്ക് നോക്കിയാല്‍ ഏപ്രില്‍മാസത്തില്‍ പമ്പയിലൂടെ വെള്ളം ഒഴുകിയ പോലെയുള്ള നീര്‍ച്ചാല്‍ പാടുകള്‍ കാണാം.

മൃതശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര അമ്പതുപേരില്‍ ഒതുങ്ങി.അച്ചന്‍ പ്രാര്‍ത്ഥന കഴിഞ്ഞ് തൈലം മൃതശരീരത്തിലേക്ക് ഒഴിച്ചു.മരുമക്കളും മക്കളും മേരിക്കൊച്ചമ്മയുടേയും ഏങ്ങലടികള്‍ ഉച്ചസ്ഥായിലെത്തി. മേരിക്കൊച്ചമ്മ മത്തായിമാപ്പിളയ്ക്ക് അന്ത്യചുംബനം കൊടുക്കാനായി പൊട്ടിക്കരഞ്ഞുകോണ്ട് മുഖത്തോട് മുഖം ചേര്‍ക്കുന്ന സമയത്ത് വികാരിയച്ചന്റെ മൊബൈല്‍ ബെല്ലടിച്ചു.“ലജ്ജാവതിയേ നിന്റെ ‘കള്ള’ട ണ്ണില്‍.....”പാട്ട് കേട്ട് മേരിക്കൊച്ചമ്മ ഒരു നിമിഷം തന്ത്രിച്ചു.പിന്നീട് പൂര്‍വ്വാധികം ശക്തിയോട് ഒരു അന്ത്യചുംബനം നല്‍കി.

മൃതശരീരം സെമിത്തേരിയിലെക്ക് എടുത്തു.അച്ചന്‍ ധൂപപ്രാര്‍ത്ഥന നടത്തി.മൂടിയടച്ച് ശവപ്പെട്ടി കുഴിയിലേക്ക് ഇറക്കി.41നുള്ള കോഴിക്കാലും പാലപ്പവും സ്വപ്‌നം കണ്ട് ആളുകള്‍ വെജിറ്റേറിയന്‍ കിറ്റടിക്കാന്‍ തിരക്കി. സെമിത്തേരിയില്‍ നിന്ന് ഒരാളൊഴികെ എല്ലാവരും പോയിരിക്കുന്നു.ഏകനായ ആ മനുഷ്യന്‍ മത്തായിമാപ്പിളയുടെ നാലാമത്തെ മകനായ ,കൃഷിക്കാരനായ,ജോണിക്കുട്ടിയായിരുന്നു. അവന്റെ കണ്ണില്‍ നിന്നുള്ള കണ്ണീര്‍ വീണ് ആ ആറടിമണ്ണ് നനഞ്ഞു.
: :: ::