Showing posts with label ഐ.റ്റി. കഥ. Show all posts
Showing posts with label ഐ.റ്റി. കഥ. Show all posts

Monday, April 8, 2013

അക്കങ്ങൾ ഇല്ലാത്ത ഘടികാരത്തിലെ സൂചികൾ

ചുവരിലെ ക്ലോക്കിലേക്ക് നോക്കി അയാൾ കിടന്നു. ആർക്കും കാത്തു നിൽക്കാതെ സൂചികൾ കറങ്ങുന്നു. സൂചികൾ കറങ്ങുന്നതിന് അനുസരിച്ചാണോ സമയം മുന്നോട്ട് പോകുന്നത് അതോ സമയം മുന്നോട്ട് പോകുന്നത്നു അനുസരിച്ചാണോ സൂചികൾ കറങ്ങുന്നത്. അറിയില്ല. പരസ്പരം പൂരകമായ ഒന്നാണ് കാലചക്രങ്ങളും ഘടികാരവും. തനിക്ക് ആ ക്ലോക്കിലെ സൂചികൾ ആകാൻ കഴിഞ്ഞിരുന്നെങ്കിൽ സമയത്തെ പിടിച്ചു നിർത്താൻ കഴിയുമോ? ജീവിതം ആർക്കും വേണ്ടാതെ ഇങ്ങനെ പോകുമ്പോൾ സമയത്തെ താനെന്തിനു പിടിച്ചു നിർത്താൻ നോക്കണം? ആർക്കും വേണ്ടാത്ത ഇരുപത്തെട്ട് വർഷങ്ങൾ. ജീവനാംശത്തിന്റെ പേരിൽ അക്കൗണ്ടിലേക്ക് വരുന്ന പണത്തിന്റെ കണക്കിന്റെ എസ്.എം.എസുകൾ ആണല്ലോ തനിക്ക് മാസത്തിന്റെ തുടക്കം കാണിക്കുന്ന സമയത്തിന്റെ ഏകകം. ഇരുപത്തട്ട് വയസായിട്ടും തനിക്കിപ്പോഴും ആ പണം വരുന്നുണ്ടല്ലോ? താൻ ഈ ഭൂമിയിൽ ജനിച്ചുപോയതിനു ജന്മം തന്നവർ നൽകുന്ന പ്രായശ്ചിത്തത്തിന്റെ പാപപരിഹാരം.

ഫോൺ ബെല്ലടിക്കുന്നു. അജയനാണ്.

"എടാ ഹരീ നീ എന്താ ഓഫീസിൽ വരാത്തത്?". അജയന്റെ ചോദ്യം.

ഓഫീസിൽ പോകാൻ സമയം ആയോ? അയാൾ ക്ലോക്കിലേക്ക് വീണ്ടൂം നോക്കി. സമയം പത്ത് പതിനഞ്ച്.
ഇത്രയും നേരം താൻ സൂചികൾ മാത്രമേ നോക്കിയിരുന്നുള്ളൂ. സൂചികളുടെ പിന്നിലെ അക്കങ്ങൾ ശ്രദ്ധിച്ചിരുന്നില്ല.

"സമയം പോയത് ഞാൻ അറിഞ്ഞില്ല. ഞാനിതാ വരുന്നു" അയാൾ ഫോൺ കട്ട് ചെയ്തു.

ഓഫീസിൽ എത്തിയപ്പോൾ പതിനൊന്നു മണി. തിങ്കളാഴ്ച ദിവസമുള്ള ടീം മിറ്റിംങിനു മറ്റുള്ളവർ കാത്തിരിക്കുന്നു. ഒരാഴ്ച ചെയ്യാനുള്ള ജോലികൾ എല്ലാവരയും ഓർമ്മിപ്പിച്ചു മീറ്റിംങ് കഴിഞ്ഞപ്പോൾ സമയം പതിനൊന്നര. സമയത്തെക്കുറിച്ച് താൻ മറ്റുള്ളവരോട് പറയുമ്പോൾ മനസിൽ അക്കങ്ങളില്ലാത്ത ഘടികാരത്തിൽ കറങ്ങുന്ന സൂചികൾ ആയിരുന്നു.

"നീ എന്തെങ്കിലും കഴിച്ചിട്ടാണോ വന്നത്?" അജയന്റെ ചോദ്യം.

"അല്ല" അയാൾ മറുപിടി നൽകി.

"നീ വാ, നമുക്ക് കഴിച്ചിട്ട് വരാം." അജയൻ ഹരിയെ വിളിച്ചു.

"ഇന്നെന്താ കൊണ്ടുവന്നത്?" അയാൾ ഹരിയോട് ചോദിച്ചു.

"എന്താണന്ന് കൃത്യമായിട്ട് അറിയില്ല. ഇഢലിയും ചട്നിയും ആയിരിക്കും. പാത്രം തുറന്നാലേ അറിയൂ". ഹരി പറഞ്ഞു.

ലഞ്ച് റൂമിലെ ടേബിളിന്റെ മുന്നിലേക്ക് കസേര വലിച്ചിട്ട് അവർ ഇരുന്നു. ഇഢലി ചടനിയിൽ മുക്കി കഴിക്കുമ്പോൾ അജയന്റെ ചോദ്യം

"ഇന്നും ക്ലോക്കിലെ സൂചിയിൽ നോക്കിയായിരുന്നോ കിടപ്പ്? "

ഹരി അതിനുത്തരം പറയാതെ ഇഢലി ചട്നിയിൽ മുക്കി കഴിച്ചു കൊണ്ടീരുന്നു.
ഈ കമ്പിനിയിൽ അജയനും ഹരിയും ഒരുമിച്ചായിരുന്നു ജോലിക്ക് കയറിയത്. ആദ്യം താമസം ലോഡ്ജിൽ ആയിരുന്നെങ്കിലും പിന്നീട് ഒരു വീടെടുത്ത് അവർ മൂന്നുപേർ താമസം മാറി.ഒരാൾ ഓൺസൈറ്റ് വർക്കിനായി അഞ്ചാറുമാസം മുമ്പിന്ത്യയ്ക്ക് വെളിയിലേക്ക് പോയി .നാലുമാസം മുമ്പ് കല്യാണം കഴിഞ്ഞപ്പോൾ അജയന്‍ മറ്റൊരു വീടെടൂത്ത് മാറി. ഇപ്പോൾ ഹരി ഒറ്റയ്ക്കാണ് ആ വീട്ടിൽ താമസം.

"നീ ഒക്കെ ശരിക്ക് ഭാഗ്യം ചെയ്തവരാടാ." ഹരി സംസാരം തുടങ്ങിയപ്പോൾ അജയൻ ചിരിക്കുക മാത്രം ചെയ്തു.

"നിനക്ക് ആ ഭാഗ്യം വേണ്ടാന്ന് വെച്ചിട്ടല്ലേ? നിനക്കും കല്യാണം ഒക്കെ കഴിക്കാൻ സമയം ആയി. കല്യാണം കഴിച്ചാൽ നിന്റെ ക്ലോക്കിൽ നോക്കീയുള്ള കിടപ്പ് കുറയും" അജയൻ പറഞ്ഞു

"മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഭാഗ്യങ്ങൾ ഒക്കെ നഷ്ടപ്പെട്ടവനാ ഞാൻ. കോടതിവാരാന്തയിൽ അനാഥനായി നിൽക്കേണ്ടിവന്നപ്പോൾ ചുമ്മാ സമയം കളയാൻ നോക്കി നിന്നത് കോടതി കെട്ടിടത്തിന്റെ മുകളിലെ വലിയ ക്ലോക്കിലാ. ഞാനന്ന് കാണുമ്പോൾ ആ ക്ലോക്കിൽ അക്കങ്ങൾ ഒന്നും ഇല്ലായിരുന്നു..."

"നീ ഇതൊക്കെ എത്രയോ പ്രാവിശ്യം എന്നോട് പറഞ്ഞതാ. കഴിഞ്ഞതൊക്കെ മറക്കാൻ പറ്റില്ലന്ന് അറിയാം. പക്ഷേ അതൊക്കെ മറന്നാൽ, അക്കങ്ങളില്ലാത്ത ക്ലോക്കിലുള്ള നോട്ടവും ഇല്ലാതാക്കിയാൽ നിനക്കും ജീവിക്കാം" ഹരിയുടെ സംസാരത്തിന്റെ ഇടയ്ക്ക് കയറി അജയൻ പറഞ്ഞു.

അതിനുള്ള മറുപിടി ഒരു പുഞ്ചിരിയിൽ ഒതുക്കി കൈ കഴുകാനായി ഹരി എഴുന്നേറ്റു.

"നീ ശനിയാഴ്ച രാവിലെ നോർത്ത് സ്റ്റേഷനിൽ പോയിരുന്നോ?" അജയൻ എഴുന്നേറ്റുകൊണ്ടാണ് ചോദിച്ചത്.

"പോയിരുന്നു. ഞാൻ പോയത് നീ എങ്ങനെ അറിഞ്ഞു?" ഹരി ചോദിച്ചു

"അതൊക്കെ അറിഞ്ഞു" അജയൻ ചിരിച്ചു കൊണ്ട് പറഞ്ഞു. രണ്ടും പേരും ലഞ്ച് റൂമിൽ നിന്നിറങ്ങി.

"ഉച്ചയ്ക്കിനി കഴിക്കാൻ എപ്പോഴാ ഇറന്ങുന്നത്?" ഹരി ചോദിച്ചു.

"ഇനി ഉച്ചയ്ക്കൊന്നും വേണ്ട. പണി തീർത്തിട്ട് വൈകിട്ട് ഇറങി കഴിക്കാം" അജയൻ പറഞ്ഞിട്ട് തന്റെ ക്യാബിനിലേക്ക് കയറി.

നാലുമണിക്ക് അജയന്റെ ഫോൺ. കഫ്റ്റീരിയിലേക്ക് ചെല്ലാൻ. ആ ബിൽഡിമ്ങിലെ കമ്പ്നികൾക്കെല്ലാം കൂടിയുള്ള കോമൺ കഫ്‌ടീരിയ ആണ്. അന്നത്തെ ജോലിയെല്ലാം തീർത്തിരുന്നതുകൊണ്ട് ഹരി എഴുന്നേറ്റു കഫ്ടീരിയിലേക്ക് നടന്നു. ഹരിയും അജയനും എല്ലാം സ്ഥിരമായി ഇരിക്കുന്ന സ്ഥലത്ത് അജയനുണ്ടാകുമെന്ന് ഹരിക്കുറപ്പായിരുന്നു. കഫ്റ്റീരിയയുടെ വാതിൽ തുറക്കുന്നതിനുമുമ്പുതന്നെ അജയൻ ഇരിക്കുന്നത് ഹരി കണ്ടിരുന്നത്. അജയന്റെ കൂടെ രണ്ട് പെൺകുട്ടികളും ഉണ്ട്. ഒന്ന് ഹരിയുടെ ഭാര്യയാണ്. ആ ബിൽഡിമ്ങിലെ മറ്റൊരു കമ്പ്നിയിൽ തന്നെയാണ് ഹരിയുടെ ഭാര്യയ്ക്ക് ജോലി. കല്യാണം കഴിഞ്ഞതിനു ശേഷം ഇവിടേക്ക് മാറിയതാണ്.അവരുടെ കൂടെയുള്ള പെൺകുട്ടി ഏതാണ്?

കഫ്റ്റീരയയുടെ വാതിൽ തുറന്ന് ഹരി അവരുടെ അടുത്തേക്ക് ചെന്നു. ഹരിയുടെയും ഭാര്യയുടേയും കൂടെ ഇരിക്കുന്ന പെൺകുട്ടിയെ ഹരി കണ്ടു.
അപർണ്ണ!!
ഒഴിഞ്ഞ കസേര അജയൻ നീക്കി ഇട്ടൂ. ഹരി ഇരുന്നു. ഹരി അജയനെ നോക്കി.അവന്റെ മുഖത്തെ ചിരി കണ്ടപ്പോൾ ഹരിയും ചിരിച്ചു.

"ഹരിക്ക് ആളെ പരിചയമുണ്ടോ?" അപർണ്ണയെ നോക്കി കൊണ്ട്  അജയന്റെ ഭാര്യ ഹരിയോട് ചോദിച്ചു.

"ഉം..നേരത്തെ പരിചയമുണ്ട്" ഹരി പറഞ്ഞു.

"എന്നെ സ്കൂളിൽ പഠിപ്പിച്ച സാറിന്റെ മകളാ ഇവിടയാ ജോലിയന്ന് പറഞ്ഞ് കേട്ടിരുന്നു. പക്ഷേ ഇന്ന് നാട്ടീന്ന് വന്നപ്പോൾ റയിൽവേ സ്റ്റേഷനിൽ വെച്ചാ കണ്ടത്. സംസാരിച്ച് വന്നപ്പോൾ ഹരിയെ അറിയാമെന്ന് പറഞ്ഞു." അജയന്റെ ഭാര്യ പറഞ്ഞു.

"കോളേജിൽ വെച്ച് സമരത്തിന്റെ ഒക്കെ ഇടയിൽ കണ്ടിട്ടൂണ്ടായിരുന്നു. ഇവരൊക്കെ പറയുന്നതൊന്നും നമുക്ക് മനസിൽ ആകാത്തതുകൊണ്ട് പരിചയപ്പെടാനൊന്നും അന്ന് പോയില്ല. പിന്നെ ഇവിടെ വന്നപ്പോൾ ഒന്നു രണ്ടു പ്രാവിശ്യം കണ്ടപ്പോൾ കോളേജിന്റെ പേരും വർഷവും ഒക്കെ പറഞ്ഞ് പരിചയപ്പെട്ടതാ" അപർണ്ണ പറഞ്ഞു.

"ഭാഗ്യം!! കൂടെ ജോലിചെയ്തവരെപ്പോലും ഓർക്കുന്നില്ലന്ന് പറയുന്ന കക്ഷിയാഇത്. അപർണ്ണയെ ഒക്കെ ഓർത്തെടൂത്തന്ന് പറഞ്ഞാൽ അത്ഭുതമാ" അജയൻ പറഞ്ഞു.

"ഞാൻ അങ്ങോട്ട് ചെന്ന് പരിചയപ്പെട്ടതല്ലേ, ഇങ്ങനെ ഒരാൾ ഇവിടെയുണ്ടന്ന് സീനിയേഴ്സിലെ ചേച്ചിമാർ പറഞ്ഞിരുന്നു. ശനിയാഴ്ച രാവിലെ കണ്ടപ്പോൾ എന്നെ നേരത്തെ കണ്ട പരിചയം പോലും കാണിച്ചില്ല" അപർണ്ണ പറഞ്ഞു.

അപർണ്ണതന്നെയാണ് താൻ സ്റ്റേഷനിൽ ചെന്ന കാര്യം അജയനോട് പറഞ്ഞതന്ന് ഹരി ഉറപ്പിച്ചു.
"ഞങ്ങൾ പോവുകയാ..പിന്നെ കാണാം" അജയന്റെ ഭാര്യ പറഞ്ഞു. അജയന്റെ ഭാര്യയും അപർണ്ണയും ഒരുമിച്ച് എഴുന്നേറ്റു,
"നീ ആ പെൺകൊച്ചിന്റെ കൂടെ സ്റ്റേഷനിൽ ചെന്നന്ന് കേട്ടപ്പോൾ എനിക്കത്ര വിശ്വാസം വന്നില്ല" അവർ പോയിക്കഴിഞ്ഞപ്പോൾ അജയൻ പറഞ്ഞു.

"അന്നേരം തോന്നിയ ഒരു വട്ട്. രാവിലെ നടക്കാനായി ഇറങ്ങിയപ്പോഴാ ആ കുട്ടിയെ കണ്ടത്. ഇന്ന് രണ്ടാം ശനിയാഴചയല്ലേ വീട്ടിൽ പോകുന്നില്ലേ എന്നു അത് ചോദിച്ചപ്പോഴാ വീടിനെക്കുറിച്ചൊക്കെ ഓർത്തത്. നമുക്കങ്ങനെ എപ്പോഴും കയറിചെല്ലാൻ പറ്റിയ വീടൊന്നും ഇല്ലന്ന് അതിനോട് പറഞ്ഞില്ല. എനിക്കെന്തോ വട്ട് തോന്നി ഞാൻ അതിന്റെ കൂടെയങ്ങ് നടന്നു. റയിൽവേസ്റ്റേഷനിലെ തിരക്ക് കണ്ട് ഞാനവിടെ നിന്നു. വീട്ടിലൊക്കെ പോകുന്നവരുടെ മുഖത്ത് എന്ത് സന്തോഷമാ. ആ കുട്ടിയും വീടിനെക്കുറിച്ചൊക്കെ എന്തക്കയോ പറഞ്ഞു. നിനക്കറിയാമല്ലോ അങ്ങനെ സന്തോഷത്തോടെ പറയാനുള്ള ഓർമ്മകളോ അനുഭവങ്ങളോ ഒന്നും എനിക്കു വീട്ടിൽ നിന്ന് ഉണ്ടായിട്ടീല്ല. പിന്നെ അതൊക്കെ ഉള്ളവർ പറയുന്നത് കേള്‍ക്കുമ്പോൾ  ഒരു സന്തോഷം തോന്നും. സത്യം പറഞ്ഞാൽ എനിക്കും അതിന്റെ കൂടെ ആ ട്രയിനിൽ തന്നെ അതിന്റെ നാട്ടിലും വീട്ടിലും ഒക്കെ പോയാൽ കൊള്ളാമെന്നുണ്ടായിരുന്നു... ഓർമ്മകളുടെ പിന്നാമ്പുറത്ത് പുകപിടച്ച് കിടക്കുന്ന വീടൊക്കെ ഒന്നു കാണാൻ പോകണമെന്ന് തോന്നിത്തുടങ്ങിയത് അപ്പോഴാ" ഹരി പറഞ്ഞു.
****************
"നോക്ക് ഹരീ, നീ ഇപ്പോഴും ഭൂതകാലത്തിന്റെ പോസ്റ്റ്മാർട്ടറിപ്പോർട്ടും നോക്കി ഇരുന്നാൽ ജീവിതം മുന്നോട്ടൂ പോകില്ല..". നിറംമങ്ങിയ പഴയ ഫോട്ടൊകൾ രാത്രിയിൽ നോക്കിക്കൊണ്ടിരിക്കുമ്പോൾ അജയൻ പറഞ്ഞത് ഹരി ഓർത്തു.

ഒന്ന് നാട്ടിൽ പോയാലോ. നാട്ടിൽ പോയിട്ട് കുറേ നാളായിരിക്കുന്നു. എന്നാണ് അവസാനം പോയതെന്ന് ഓർത്തെടുക്കാൻ പോലും പറ്റുന്നില്ല. അവിടെ കാണാനും കാത്തുനിൽക്കാനും ആരുമില്ലങ്കിലും ഒന്നു പോകാം. ഒറ്റയ്ക്ക് പോകാൻ വയ്യ. അജയനെക്കൂടി വിളിക്കാം. അവനാകുമ്പോൾ തന്നെ മനസിലാക്കാൻ പറ്റും.
അജയനെ ഫോൺ ചെയ്തു.
"എടാ എനിക്കൊന്നു നാട്ടിൽ പോകണം,നിനക്കെന്റെ കൂടെ ഒന്നു വരാൻ പറ്റുമോ. നാളെതന്നെ തിരിച്ചു വരാം"

"എന്താ പെട്ടന്നൊരു തോന്നൽ" അജയൻ.

"എന്തോ , എനിക്കങ്ങനെ തോന്നി. നിനക്ക് നാളെ വരാൻ പറ്റുമോ?"

"നമുക്ക് മറ്റെന്നാൾ പോകാം. എനിക്ക് നാളെയൊരു വർക്ക് കൊടുക്കാനുണ്ട്"

"എന്നാ നമുക്ക് ബുധനാഴ്ച പോകാം" ഹരി ഫോൺ കട്ട് ചെയ്തു.

അക്കങ്ങളില്ലാത്ത ഈ ക്ലോക്കിൽ ഈ സൂചികൾ എന്തിനാണിങ്ങനെ കറങ്ങുന്നത്?കാലത്തിന്റെ വേഗത കൂട്ടാനോ കുറയ്ക്കാനോ കഴില്ലങ്കിലും സൂചീകൾ കറങ്ങുകയാണ്. മനുഷ്യന്റെ ജീവിതം മുന്നോട്ട് പോകുന്നത് ഈ ക്ലോക്കുകളുടെ ടിക്..ടിക്.. ശബ്ദ്ദത്തിലാണ്. എന്നെങ്കിലും ഈ സൂചികൾ നിലച്ചാലും കാലം മുന്നോട്ടു തന്നെ പോകും. കറങ്ങി തളരുന്ന സൂചികൾക്ക് മരണം ഉണ്ടാവുമോ?
മരണം .. ഒരു മനുഷ്യകാലത്തിന്റെ അവസാനം. കാലത്തിന്റെ കറക്കത്തിൽ ആ മരണത്തിന്റെ ശൂന്യത മാഞ്ഞു പോകും. 

ബുധനാഴ്ച രാവിലെ ഹരിയും അജയനും പുറപ്പെട്ടു. അജയനായിരുന്നു കാർ ഓടിച്ചിരുന്നത്. നഗരത്തിന്റെ തിരക്കിൽ നിന്നൊക്കെ ഒഴിഞ്ഞ് മൂന്നാലുമണിക്കൂർ സമയത്തിന്റെ ദൂരം ഉണ്ടായിരുന്നു ഹരിയുടെ വീട്ടിലേക്ക്. അജയൻ രണ്ടുമൂന്നു തവണ ഹരിയുടെ കൂടെ ആ വീട്ടിലേക്ക് പോയിട്ടൂണ്ടായിരുന്നു.

"നീ എന്തിനാ ഇപ്പോൾ വീട്ടിലേക്ക് പോകുന്നത്?" അജയൻ ചോദിച്ചു.

"അറിയില്ലടാ" ഹരി പറഞ്ഞു.

വീടിന്റെ വഴിയിലേക്ക് കാർ തിരിഞ്ഞു. വഴിയിൽ പുല്ലു വളർന്നു നിൽക്കുന്നു.

"നിനക്കിതൊക്കെ ആരോടെങ്കിലും പറഞ്ഞ് വൃത്തിയാക്കിഇട്ടുകൂടേ. കാട്ടുജീവികൾക്ക് നല്ലൊരു താവളമായിട്ടൂണ്ട്" അജയൻ ചോദിച്ചു.

"അവർക്കെങ്കിലും ഈ വീടും മുറ്റവും കൊണ്ട് സന്തോഷം ഉണ്ടാകുന്നെങ്കിൽ ആകട്ട്. നമുക്ക് കിട്ടാത്ത സന്തോഷം അവർക്കും പാടില്ലന്ന് നമ്മളെന്തിനാ വാശി പിടിക്കുന്നത്" ഹരി പറഞ്ഞപ്പോൾ അജയൻ മൗനം പാലിച്ചു.

വീടിനു മുന്നിൽ കാർ നിർത്തി അവർ ഇറങ്ങി. വളർന്നു നിൽക്കുന്ന പുല്ലുകൾക്കിടയിലൂടെ എന്തക്കയോ ഓടിപ്പോയി. ഹരി പോക്കറ്റിൽ നിന്ന് താക്കോൽ എടുത്തു വാതിൽ തുറന്നു . മുറിയിൽ പൊടിയും ചിലന്തിവലയും. ചിലന്തിവല ഒഴിവാക്കി അവർ അകത്തേക്ക് കയറി.

"വീടിന്റെ ഒരു താക്കോൽ അമ്മൂമയുടെ കൈയ്യിൽ ഉണ്ടന്നല്ലേ പറഞ്ഞത്? അമ്മൂമ വീടൊക്കെ വൃത്തിയാക്കുമെന്ന് നീ പറഞ്ഞിട്ടും ഉണ്ട്. അമ്മൂമ ഇപ്പോൾ ഇവിടേക്കോന്നും വരാറില്ലേ?" അജയൻ ചോദിച്ചു.

"അമ്മൂമ്മയെ അച്ഛൻ കൊണ്ടുപോയി"

"എവിടേക്ക്?"

"അവരുടെ അടുത്തേക്ക്. അനിയത്തിയുടെ പ്രസവം അടുത്തപ്പോള്‍ അച്ഛൻ വന്ന് കൊണ്ടുപോയതാ. ഇനി എന്നു വരുമൊന്നൊന്നും അറിയില്ല. ഒരു പക്ഷേ അവിടെ തന്നെ ആയിരിക്കും മരണവും. പാവം അമ്മൂമ്മ. അപ്പൂപ്പന്റെ അടുത്ത് തന്നെ ജീവിതാവസാനം ഉണ്ടാകുമെന്ന് ആഗ്രഹിച്ചിരുന്നതാ"

"നീ എന്നോടിതൊന്നും പറഞ്ഞില്ലല്ലോ?"

"എന്തിനാടാ..ഞാനെന്റെ ഈ സന്തോഷം ഒക്കെ നിങ്ങളോട് പങ്കുവയ്ക്കുന്നത്. അച്ഛന്റെ രണ്ടാം ഭാര്യയിലുള്ള മകൾ കല്യാണം കഴിച്ചതോ അവൾക്ക് ഒരു കുഞ്ഞ് ജനിച്ചതോ.. എന്നെ വിളിക്കാത്ത കല്യാണത്തിന്റെ വിശേഷങ്ങൾ എനിക്ക് നിങ്ങളോട് പറയാൻ പറ്റുമോ?" ഹരിയുടെ ചോദ്യത്തിനു അജയൻ ഒന്നും പറഞ്ഞില്ല.

"നിനക്കറിയാമോ, ഈവാതിൽ പാളിക്കിടയിൽ ഞാനെത്രെ ദിവസം ഒളിച്ചു നിന്നിട്ടുണ്ടന്ന്. ഉറങ്ങാത്ത എത്രയോ ദിവസങ്ങൾ.. ഒരു ദിവസം രാത്രിയിൽ മുകളിലത്തെ മുറിയിൽ നിന്ന് തലയിൽ ചോരയുമായി ഇറങ്ങിവരുന്ന അമ്മയെ ഞാൻ ഈ കതകിന്റെ മറവിൽ നിന്നാണ് കണ്ടത്. അമ്മ ഇരുട്ടിലേക്ക് ഇറങ്ങിപ്പോകുമ്പോൾ അമ്മേ എന്നുവിളിക്കാൻ ഞാനോടി വാതിക്കൽ എത്തിയപ്പോൾ പുറകിൽ നിന്ന് വന്ന അച്ഛൻ പുറത്തേക്ക് തള്ളിയിട്ട് പറഞ്ഞു, തള്ളേടെ കൂടെ എവിടെങ്കിലും പോയി ചാവടാ. പിന്നെ ഞാൻ അമ്മയെ കാണുന്നത് കുടുംബകോടതിയിലാ.അച്ഛൻ എന്നോട് പറഞ്ഞാതായി ഞാൻ ഇപ്പോഴും ഓർക്കുന്നത് ആ വാക്കാ, എവിടെങ്കിലും പോയി ചാവടാ. എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ വയ്യാത്ത ഒരു അഞ്ചുവയസുകാരനിൽ നിന്ന് ഞാൻ വളർന്നു. പക്ഷേ ചത്തില്ല.അന്ന് എങ്ങനയാ ചാവാൻ പറ്റുന്നതെന്ന് അറിയാമായിരുന്നെങ്കിൽ  ഞാൻ ചത്തേനെ..." ഹരി കരഞ്ഞു കൊണ്ട് പൊടിപിടിച്ച കസേരയിൽ ഇരുന്നു.

"ഞാൻ എന്നൊക്കെ ഇവിടെ വന്നോ , അന്നെല്ലാം നീ എന്നോട് ഇതൊക്കെ പറഞ്ഞിട്ടുണ്ട്." അജയൻ പറഞ്ഞു.

"എനിക്കിതൊക്കയോ പറയാനുള്ളടാ.. എനിക്ക് ഈ വീടിനെക്കുറിച്ചുള്ള ഓർമ്മകളാ ഇതൊക്കെ."

ഓരോ മുറിയിലും കയറി ഇറങ്ങി കഴിഞ്ഞപ്പോൾ ഹരി പറഞ്ഞു.
"നമുക്കിനി പോകാം".

തിരിച്ചുള്ള യാത്രയിൽ വണ്ടി ഓടിച്ചത് അജയൻ ആയിരുന്നു. മണിക്കൂറുകളോളം ഹരി നിശബ്ദ്ദനായിരുന്നു.കൂടുതൽ ഒന്നും ചോദിക്കണ്ടായന്ന് അജയനും കരുതി.  പിന്നീടെപ്പോഴൊ ഹരി ഉറങ്ങിപ്പോയി.

അക്കങ്ങൾ ഇല്ലാത്ത നാലു ക്ലോക്കുകൾ ഉള്ള കോടതി സമുച്ചയത്തിലെ ക്ലോക്ക് ടവർ നോക്കി നിൽക്കുന്ന ആറുവയസുകാരൻ. കോടതി വാരാന്തയിൽ നിന്ന് നോക്കിയാൽ കാണുന്ന രണ്ട് ക്ലോക്കുകളിലെയും സമയം വേറെ വേറെ ആയിരുന്നു. വാരാന്തയിലൂടെ പോകുന്നവരെ ആ ആറുവയസുകാരൻ നോക്കി. തന്റെ അമ്മ അവരുടെ കൂട്ടത്തിൽ ഉണ്ടാവുമോ? അവസാനം അത് സംഭവിച്ചു. അച്ഛനും അമ്മയ്ക്കും വിവാഹമോചനം. ഏകമകനിൽ ആരും അവകാശം ഉന്നയിക്കാത്തതുകൊണ്ട് വലിയ ബുദ്ധിമുട്ട് ഇല്ലായിരുന്നത്രെ. മകന്റെ പേരിൽ അഞ്ചുലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും ഇപ്പോഴത്തെ വീടും അച്ഛൻ നൽകണം. അമ്മ മറ്റൊരു വിവാഹത്തിനു തയ്യാറെടുക്കുന്നതുകൊണ്ട് അമ്മയ്ക്കു അച്ഛന്റെ കൈയ്യിൽ നിന്ന് ഒന്നും വേണ്ട. കോടതിയിൽ നിന്ന് ഇറങ്ങിപ്പോകുന്ന അമ്മ മറ്റൊരാളിന്റെ കൂടെ കാറിൽ കയറി പോകുമ്പോൾ അമ്മേ എന്നു വിളിക്കാൻ തുടങ്ങിയപ്പോള്‍ അപ്പൂപ്പന്റെ കൈകൾ തന്റെ വാ പൊത്തിയത്. ആ കൈകളിൽ വീണ വെള്ളത്തുള്ളികൾ തന്റെ മുഖത്തേക്ക് വീണപ്പോൾ  മുഖം ഉയർത്തി നോക്കിയപ്പോൾ അപ്പൂപ്പന്റെ കണ്ണിൽ നിന്ന് ഒഴുകി വീഴുന്ന കണ്ണുനീർ ആയിരുന്നു കണ്ടത്. താൻ വീണ്ടും ആ ക്ലോക്ക് ടവരിലേക്ക് നോക്കുമ്പോൾ അതിലെ ഒരു ക്ലോക്കിന്റെ സൂചികളുടെ ചലനം നിലച്ചിരുന്നു. മറ്റൊരു ക്ലോക്കിലെ സൂചികൾ അപ്പോഴും കറങ്ങുന്നുണ്ടായിരുന്നു. എപ്പോൾ നിലയ്ക്കുമെന്ന് അറിയാത്ത ചലനം.

ഹരി ഉറക്കത്തിൽ എന്തക്കയോ പറയുന്നുണ്ടോ? അജയൻ ഹരിയെ നോക്കി. അവന്റെ മുഖത്തുനിന്ന് വിയർപ്പുതുള്ളികൾ ഒഴുകുന്നു. അജയൻ തണലു നോക്കി വണ്ടി നിർത്തി.

"ഹരീ.."അജയൻ വിളിച്ചു.

ഹരി കണ്ണു തുറന്നു.
"നീ എന്താ വണ്ടി നിർത്തത്.?" ചുറ്റിനും കണ്ണോടിച്ചു കൊണ്ടാണ് ഹരി ചോദിച്ചത്.

"നിനക്കെന്താ പറ്റിയത്? നീ ആകെ വിയർത്തിരിക്കുന്നു. നീ ഇറങ്ങി മുഖം കഴുക്" കുപ്പിയിലെ വെള്ളം ഹരിക്ക് നീട്ടികൊണ്ട് അജയൻ പറഞ്ഞു.

"ഞാൻ പഴയ കാര്യങ്ങൾ എന്തോ ഓർത്തന്നു തോന്നുന്നു." ഹരി ഡോർ തുറന്നു കൊണ്ട് പുറത്തേക്കിറങ്ങി. ഹരി മുഖം കഴുകിയപ്പോൾ അജയൻ പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്ത് കത്തിച്ചിരുന്നു. പുകച്ചുരുളുകൾ വായുവിൽ അലിയുന്നത് നോക്കി ഹരി നിന്നു.

"ഞാൻ നിനക്കൊരു പ്രൊപ്പോസൽ കൊണ്ടുവന്നാൽ നിനക്ക് ഇഷ്ട്പ്പെടുമോ?" കത്തിയെരിഞ്ഞ സിഗരറ്റ് നിലത്തിട്ട് ചവിട്ടിക്കൊണ്ടാണ് അജയൻ ഹരിയോട് ചോദിച്ചത്.

"അച്ഛനും അമ്മയും ജീവിച്ചിരിക്കെ അനാഥനായി ജീവിക്കുന്ന ഒരുത്തന് ആരു പെണ്ണു തരും? അച്ഛനും അമ്മയും വിവോഹമോചനം നേടി വെവ്വേറെ വിവാഹം കഴിച്ച് ജീവിക്കുന്ന ഒരുത്തനു പെണ്ണു ചോദിച്ച് ആരു പോകാൻ. സ്നേഹത്തോടെ പെരുമാറിയിരുന്നത് അപ്പൂപ്പനും അമ്മൂമ്മയുമാ. മകൻ തിരുത്താനാവാതവണ്ണം മാറിപ്പോയതിൽ കണ്ണിരു കുടിച്ച് കുടിച്ച് അപ്പൂപ്പൻ മരിച്ചു.പിന്നെയുള്ളത് അമ്മൂമ. മകൻ വന്ന് വിളിക്കുമ്പോൾ അവർക്ക് പോകാതിരിക്കാനും ആവില്ലല്ലോ. അങ്ങനെ അമ്മൂമ്മയും പോയി. ആർക്കോ വേണ്ടി കറങ്ങുന്ന ക്ലോക്കിലെ സൂചിപോലെ ഞാൻ മാത്രം ബാക്കി"

"നിനക്കു വേണ്ടി ഞാനുണ്ടാവും. ഒരു വിവാഹം കഴിഞ്ഞാൽ നിന്റെ ഈ പൊട്ടത്തരങ്ങൾ മാറും. ആരോടും ഒന്നും പറയാതെ ഇങ്ങനെ കൊണ്ടു നടക്കുന്നതാ നിന്റെ പ്രശ്നം. നീ എന്തു പറയുന്നു?" അജയൻ ചോദിച്ചുകൊണ്ട് കാറിലേക്ക് കയറി.

"നീ ഇതുവരെ ഒന്നും പറഞ്ഞില്ല" അജയൻ ഹരിയോട് പറഞ്ഞു. അവർ ഹരിയുടെ താമസസ്ഥലത്ത് എത്താറായിരുന്നു.

"വിവാഹം എന്നൊക്കെ പറയുന്നത് ഒരു പരീക്ഷണമാ. എന്റെ അച്ഛനും അമ്മയും അതിൽ പരാജയപ്പെട്ടവരാ. പക്ഷേ അവരുടെ ഇപ്പോഴത്തെ ജീവിതത്തിൽ അവർ വിജയിച്ചവരാ. അവരുടെ യുദ്ധത്തിൽ പരാജയപ്പെട്ടത് ഞാൻ മാത്രമാ. സത്യം പറഞ്ഞാൽ മറ്റൊരു മനുഷ്യജീവനെകൂടി പരീക്ഷണത്തിനു വിട്ടു കൊടുക്കാൻ എനിക്കു പേടിയാ." ഹരി പറഞ്ഞു.

"എല്ലാം നിന്റെ തോന്നലാ ഹരീ. എനിക്ക് നിന്നെ അറിയാം. നിന്നെക്കുറിച്ച് അറിയാവുന്ന നിന്നെമനസിലാക്കുന്ന ഒരാള്‍  നിനക്ക് കൂട്ടായി വന്നാൽ ഭൂതകാലം എല്ലാം നിനക്ക് മറക്കാൻ കഴിയും. അങ്ങനെ ഒരാളെ ഞാൻ നിനക്കായി കണ്ടത്തിയാലോ?"

"അപ്പോൾ ആലോചിക്കാം" ഹരി പറഞ്ഞു

"ഉറപ്പ്"

"ഉറപ്പ്"

"അപർണ്ണയെക്കുറിച്ച് നിന്റെ അഭിപ്രായം എന്താ?" അജയൻ ചോദിച്ചു.

"പ്രത്യേകിച്ചൊരു അഭിപ്രായവും ഇല്ല"

"അപർണ്ണയുടെ വീട്ടിൽ അതിനിപ്പോൽ ആലോചനകൾ നടക്കുന്നുണ്ട്. നമുക്കിതൊന്ന് ആലോചിക്കാം" ഹരിയുടെ വീടിന്റെ മുന്നിൽ കാർ എത്തിയിരുന്നു. ഹരിയെ ഇറക്കിയിട്ട് അജയൻ പോയി.

പതിവുപോലെ ദിവസങ്ങൾ...
 ഭിത്തിയിലെ ക്ലോക്കിൽ സൂചികളുടെ കറക്കം നോക്കി കിടക്കുമ്പോഴാണ് ഫോൺ ബെല്ലടിച്ചത്. ഈ സമയത്ത് അജയൻ അല്ലാതെ മറ്റാരും വിളിക്കാനില്ല. കട്ടിലിൽ നിന്ന് ഫോൺ തപ്പിയെടുത്ത് നൊക്കിയപ്പോൾ അജയനല്ല. അറിയാത്ത ഒരു നമ്പർ. ഹരി കാൾ അറ്റൻഡ് ചെയ്തു. ഒരു പെൺശബ്‌ദ്ദം.
"ഹലോ  ആരാ?" ഹരി ചോദിച്ചു

"നമ്മളു പരിചയക്കാരാ. ഇന്നും കഫ്‌ടീരിയയിൽ നമ്മൾ കണ്ടിരുന്നു. മാഷിന്റെ ഒരു വിവാഹലോചന വീട്ടിൽ എത്തിയന്ന്.അച്ഛന്റെ സ്റ്റുഡന്റായ നീന ചേച്ചിയുടെ ആലോചനയാണത്രെ.അച്ഛൻ അഭിപ്രായം ചോദിച്ചിരിക്കുന്നു. എന്താ പറയേണ്ടത്"

"അപർണ്ണ?" ഹരി ചോദിച്ചു

"അതെ അപർണ്ണതന്നെ. എന്താ അഭിപ്രായം പറയേണ്ടതതെന്ന് പറഞ്ഞില്ല"

"അപർണ്ണ അഭിപ്രായം പറയുന്നതിനു മുമ്പ് എനിക്കൊന്നു കാണണം..." ഹരി പറഞ്ഞു.

"ഒക്കെ കാണാം, അപ്പോ ശരി, അക്കങ്ങള്‍ ഇല്ലാത്ത ക്ലോക്കിലെ സൂചികളുടെ കറക്കത്തെ കുറിച്ചുള്ള ഗവേഷ്ണം നടക്കട്ട്.." അപർണ്ണ ഫോൺ കട്ട് ചെയ്തു.

"സത്യം പറഞ്ഞാൽ എന്റെ ജീവിതത്തിന്റെ ഭാഗം തന്നയാ ഈ ക്ലോക്കുകൾ. കോടതി വാരാന്തയിൽ ഞാൻ സമയം കളഞ്ഞത് അവിടത്തെ ക്ലോക്ക് ടവറിലെ ക്ലോക്കിൽ നോക്കിയാ. അപ്പൂപ്പന്റെ കൈ പിടിച്ച് ഞാൻ തൂണും  ചാരി നിൽക്കും. ചിലപ്പോൾ അമ്മൂമ്മയും കാണും. അച്ഛനും അമ്മയും പിരിഞ്ഞത് എന്തിനാണന്ന് സത്യത്തിൽ എനിക്കിപ്പോഴും അറിയില്ല. ഞാൻ ആരോടും ചോദിച്ചില്ല. ആരെങ്കിലും പറഞ്ഞാൽ തന്നെ എനിക്കതൊക്കെ അന്ന് മനസിലാക്കാൻ കഴിയുമോ എന്ന് സംശയം. അപ്പൂപ്പൻ ആണങ്കിൽ അതിനു ശേഷം വല്ലപ്പോഴുമോ സംസാരിക്കുകയുള്ളായിരുന്നു. പഠിച്ചു പഠിച്ചു നല്ല നിലയിൽ എത്തി വിവാഹം കഴിക്കുമ്പോൾ ഒരിക്കലും ഒന്നും മനസിൽ വെച്ചുകൊണ്ട് പെരുമാറരുതെന്നും കുഞ്ഞുങ്ങളെ സങ്കടപ്പെടുത്തരുതെന്നും അപ്പൂപ്പൻ എപ്പോഴും പറയുമായിരുന്നു" ഹരി പറഞ്ഞു. ഹരിയും അപർണ്ണയും അപ്പോള്‍ കടൽ കരയ്ക്കരയിൽ അസ്തമസൂര്യനെ നോക്കി ഇരിക്കുകയായിരുന്നു.

"ജീവിതത്തിൽ ഒത്തിരി സങ്കടം ആയിരുന്നല്ലേ?" അപർണ്ണ ചോദിച്ചു.

"സങ്കടം ഒക്കെ ആപേക്ഷികമല്ലേ. ജീവിതത്തിൽ സന്തോഷവും സങ്കടവും ഒക്കെ എപ്പോൾ വേണമെങ്കിലും വരാമല്ലോ. ചിലപ്പോൾ ജീവിതത്തിൽ ഇനി സന്തോഷം മാത്രം ആയിരിക്കുമല്ലോ?" ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു.

"ഞാനാരയും സങ്കടപ്പെടുത്താന് വരില്ല. അപർണ്ണയും ചിരിച്ചു കൊണ്ട് പറഞ്ഞു.
സൂര്യൻ കടലിൽ എരിഞ്ഞടങ്ങിയപ്പോൾ അവർ എഴുന്നേറ്റു.

"ഞാനൊരിക്കലും അമ്മയെ കുറ്റം പറയില്ല. വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് പോകുമ്പോൾ എന്നെ കാണാൻ അമ്മയ്ക്ക് ബുദ്ധിമുട്ട് ഉണ്ടായിരിക്കണം. നാലഞ്ച് വർഷം കഴിഞ്ഞ് നാട്ടിൽ വന്നപ്പോൾ എന്നെ വന്ന് കണ്ടോട്ടേയെന്ന് അപ്പൂപ്പനോട് ചോദിച്ചതാ. നിനക്കും അവനും വിഷമമാകും എന്ന് പറഞ്ഞ് അപ്പൂപ്പനാണ് വരണ്ടാ എന്ന് പറഞ്ഞത്. പക്ഷേ അമ്മ ഇപ്പോഴും അമ്മൂമ്മയെ വിളിക്കും.. അച്ഛന്റെയും അമ്മയുടെയും ഇടയിൽ എന്താണ് സംഭവിച്ചതന്ന് ഇപ്പോഴും അറിയില്ല. അവർ പിരിഞ്ഞത് ഒരു കണക്കിനു നന്നായി . അല്ലങ്കിൽ ആ വീട്ടിൽ ഞങ്ങൾ മൂന്നും ഒരു പക്ഷേ എനിക്കു ശേഷം ഉണ്ടാകുന്ന ഒന്നോ രണ്ടോ കുഞ്ഞുങ്ങൾക്കൂടി സങ്കടപ്പെട്ട് ജീവിക്കേണ്ടി വന്നേനെ. ഇതിപ്പോൾ ഞാൻ മാത്രം സങ്കടപെട്ടാൽ മതിയല്ലോ?" ഹരിയുടെ കണ്ണിൽ നിന്ന് കണ്ണുനീർ വീഴുന്നത് അപർണ്ണ കണ്ടത്.

"കണ്ണ് തുടയ്ക്ക്.. ഇത് കഫ്ടീരിയാ... ഇനി നമുക്കീസങ്കടം ഒന്നും വേണ്ട" അപർണ്ണ പറഞ്ഞു. ടേബിളിൽ നിന്ന് ടിഷ്യൂ പേപ്പർ എടുത്ത് ഹരിക്കു നീട്ടീ. ഹരി അത് വാന്ങി കണ്ണ് തുടച്ചു.

നാലു മാസങ്ങൾ... പ്രണയത്തിന്റെയും സന്തോഷത്തിന്റെയും സ്വപ്നങ്ങളുടേയും കാലങ്ങൾ. ജീവിതത്തിലേക്ക് സന്തോഷം തിരികെ വരുന്നത് ഹരി അറിഞ്ഞു..

അധികം ആർഭാടങ്ങൾ ഒന്നും ഇല്ലാതെ വിവാഹം...

അപർണ്ണ വരുന്നതും നോക്കി ഹരി കട്ടിലിൽ കിടന്നു. ഭിത്തിയിലെ ക്ലോക്കിലേക്ക് നോക്കി. സമയ സൂചികള്‍ക്ക് കറങ്ങാതിരിക്കാൻ ആവില്ലല്ലോ?

പാൽ നിറച്ച ഗ്ലാസുമായി അവൾ കയറി വരുമ്പോൾ അവൻ ക്ലോക്കിലെക്ക് നോക്കി കിടക്കുവായിരുന്നു...

"ഇന്നും ക്ലോക്കിലെ സൂചിയുടെ കറക്കം നോക്കിയാണോ ഉറക്കം"അവൾ ചോദിച്ചപ്പോൽ അവൻ ചിരിച്ചു. സങ്കടമില്ലാത്ത ചിരി.

"ഇനി ഒരിക്കലും ക്ലോക്കിലെ സൂചികൾ നോക്കി കിടക്കരുത്" അവൾ അവന്റെ ചെവിയിൽ മന്ത്രിച്ചു. ഒരു തലയിണയിൽ തലവെച്ച് അവർ കിടക്കുകയായിരുന്നു.
"ഇല്ല" അവൻ പറഞ്ഞു.

അവന്റെ കൈകൾ അവളുടെ മുഖത്തെ തന്റെ നേരെ തിരിച്ചു.
"ഇനി ഒരിക്കലും ഞാൻ അക്കങ്ങൾ ഇല്ലാത്ത ക്ലോക്കുകൾ സ്വപ്നം കാണില്ല" അവൻ പറഞ്ഞു

അവൾ ചിരിച്ചു. അവനും ചിരിച്ചു..

പ്രണയപുഷപങ്ങൾ അവർക്കായി വസന്തം തീർക്കുകയായിരുന്നു. പരസ്പരം പുണരുമ്പോൾ അവന്റെയുള്ളിൽ ഘടികാര സൂചികളുടെ കറക്കം ഇല്ലായിരുന്നു.
അവളുടെ നഗ്നതയിലൂടെ അവന്റെ ശ്വസനിസ്വാസങ്ങൾ ഉയർന്നു. അവളുടെ ചുണ്ടുകളിൽ നിന്ന് കഴുത്തിലൂടെ അവന്റെ ചുണ്ടുകൾ അവളുടെ നഗ്നശരീരത്തിലൂടെ താഴേക്ക് ഒഴുകി ഇറങ്ങി. തന്റെ മാറിൽ അവന്റെ ചുണ്ടുകൾ അമരുന്നതവൾ അറിഞ്ഞു. നിശ്ബദ്ദമായ നിമിഷങ്ങളിൽ തന്റെ മാറിലൊഴുകി പരക്കുന്നത് അവന്റെ കണ്ണുനീർ ആണന്ന് മനസിലാക്കാൻ അവൾക്ക് അല്പം സമയം എടുത്തു....

"എന്താ പറ്റിയത്?എന്തിനാ കരയുന്നത്?" അവൾ ചോദിച്ചു.

"നിന്റെ മാറിന്റെ ചൂടേൽക്കുമ്പോൾ അമ്മയുടെ ഓർമ്മ. എനിക്കൊരു താരാട്ട് പാട്ട് പാടി തരുമോ?" അവൻ ചോദിച്ചു.

അവൾ പതിയെ താരാട്ട് പാടി. അവൻ തന്റെ മുഖം അവളുടെ നഗ്നമായ മാറിൽ ചേർത്തുവെച്ചു...  അക്കങ്ങൾ നഷ്‌ടപ്പെട്ടുപോയ മനസിലെ ഘടികാരത്തിലെക്ക് അക്കങ്ങൾ തിരികെ വരുന്നത് അവൻ അറിഞ്ഞു. അവളെ ഇറുകി പുണർന്നവൻ കിടന്നു....

അക്കങ്ങൾ ഉള്ള ഘടികാരത്തിന്റെ സൂചികളുടെ ശബദ്ദ്ങൾ മാത്രം അവശേഷിപ്പിച്ച് രാത്രി പകലിനു വഴിമാറി തുടങ്ങിയിരുന്നു ....

Tuesday, November 3, 2009

ഐറ്റിക്കാരന്റെ ആദ്യരാത്രി

ഇനി പെണ്ണുകെട്ടിയിട്ടു തന്നെ കാര്യം. മൂന്നാമനോടൊക്കെ പോകാന്‍ പറ. അവന്മാര്‍ക്കൊക്കെ ഇപ്പം സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ എന്ന് പറഞ്ഞാല്‍ ചെകുത്താന്‍ കുരിശ് കാണുന്നതുപോലെയാണ്. മൂന്നാന്റെ ഡയറിയിലെ ഫോട്ടോയില്‍ കുരുങ്ങി കിടാക്കാനുള്ള ജീവിതമല്ല തന്റേത്. 

ഭൂഗോളത്തിന്റെ അതിര്‍ത്തികള്‍ കവറുചെയ്യുന്ന മാട്രിമോണിയലുകാരുള്ളപ്പോഴാണ് പഴുകിതേഞ്ഞ ഡയറി കഷത്തില്‍ വച്ചുകൊണ്ടു നടാക്കൂന്ന മൂന്നാന്മാര്‍!. മാട്രിമോണിയല്‍ സൈറ്റുകാരന്‍ തന്നെ ഇനി തുണ. കലൂര്‍ പള്ളിയിലും ഇടപ്പള്ളി പള്ളിയിലും എത്രകൂട് മെഴുകുതിരി കത്തിച്ചതാണ് .! എത്രയോ ചൊവ്വാഴ്ച കലൂര്‍ പള്ളിയില്‍ നൊവേനയ്ക്ക് പോയതാണ്. ഓരോ ആഴ്ചയും വിവാഹം നടന്നതിനുള്ള പ്രകാശിപ്പിച്ചുകൊണ്ട് നന്ദി പത്തുനൂറ് കത്ത് കിട്ടിയതായി അച്ചന്‍ പറയുമ്പോള്‍ അടുത്ത ആഴ്ച എന്റെ നന്ദിയും അച്ചനെക്കൊണ്ട് പറയിപ്പിക്കുമെന്ന് പറയാന്‍ തുടങ്ങിയിട്ട് കുറേ നാളായി. പുണ്യാവാന്മാര്‍ക്ക് പെണ്‍‌പിള്ളാരുടെ കല്യാണം നടത്തൂന്നതിനുമാത്രമേ താല്‌പര്യമുള്ളോ? .പുണ്യവാളന്മാരെ രണ്ടും മനസില്‍ ധ്യാനിച്ച് മാട്രിമോണിയല്‍ സൈറ്റ് തുറന്നു. വെറുതെ ഒന്നു സേര്‍ച്ചു ചെയ്തു നോക്കിയതും പളാപളാമിന്നുന്ന കുപ്പായങ്ങല്‍ ഇട്ടുകൊണ്ട് പെണ്‍പിള്ളാര്‍ പ്രത്യക്ഷപെടാന്‍ തുടങ്ങി. ഈ മാട്രിമോണിയല്‍ സൈറ്റില്‍ ഐറ്റിക്കാരും നേഴ്‌സുമാരും മാത്രമേയുള്ളോ? ഈ കൊച്ചു കേരളത്തില്‍ ഇത്രയ്ക്കധികം നേഴ്സുമാരും സോഫ്റ്റുവെയര്‍ പെണ്‍പിള്ളാരും ഉണ്ടോ???

ഇന്നത്തെക്കാലത്ത് നാട്ടില്‍ നിന്നിട്ട് ഒരു കാര്യവും ഇല്ല. കടലിനക്കരെപോകണം. അതിന് കടലിന് അക്കരെയുള്ള ആരെങ്കിലും തന്നെ എടുത്തുകൊണ്ട് പോകണം. കേരളത്തിലും ഇന്ത്യയിലും കിടന്ന് അലയേണ്ടവനല്ല താന്‍. ഏഴാംകടലിനക്കരെനിന്ന് വരുന്ന മാരിയെ (മാരനെ സ്വപ്നം കണ്ടാല്‍ താന്‍ മറ്റേ ടൈപ്പാണന്ന് ആരെങ്കിലും വിചാരിക്കും) സ്വപ്നം കണ്ട് പത്ത് രണ്ടായിരം രൂപ കടം വാങ്ങി മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്‌ട്രേഷന്‍ നടത്തി. പുരനിറഞ്ഞ് നില്‍ക്കുന്ന തന്നെ ഓര്‍ത്ത് വീട്ടുകാരക്കെ മെലിഞ്ഞ് മെലിഞ്ഞ് ഒരു പരുവമായി. പണ്ടക്കെ പെണ്‍‌പിള്ളാരുള്ള വീട്ടുകാര്‍ക്കാ യിരുന്ന ആധിയും വെപ്രാളവും. ഇന്ന ആണ്‍‌പിള്ളാരുള്ള വീട്ടുകാര്‍ക്കായി ആധിയും വെപ്രാളവും. ഒരു വഴിക്കൂടെ കല്യാണാലോചനയും മറുവഴിയിലൂടെ റസ്യൂമയിക്കലുമായി അവന്‍ മുന്നേറി.....

പെണ്ണുകാണല്‍ ചടങ്ങുകലുടെ പുനരാരംഭം കുറിച്ചുകൊണ്ട് വടക്കൊരു പെണ്ണ് കാണാന്‍ പോയി. പെണ്ണ് ഡോക്ടറ് ആണന്ന് പറയുന്നു. വധു ഡോകടറാണന്ന് പറഞ്ഞ് നാട്ടുകാരുടെ മുന്നില്‍ പാരസെറ്റുമോളുമായി കറങ്ങാമല്ലോ എന്ന് വിചാരിച്ച് പെണ്ണിന്റെ വീടിന്റെ ഗെയ്റ്റ് കയറിചെന്നു . ചെന്നപ്പോഴേ പെണ്ണിന്റെ തള്ളയുടെ ഒരു ചോദ്യം. അതും സ്കൂളില്‍ പഠിപ്പിക്കുന്ന പിള്ളാരോട് ചോദിക്കുന്നതുപോലെ,

“എന്തായിരുന്നു ഡിഗ്രി?”

“മാത്സ് ”

“എത്ര ശതമാനം മാര്‍ക്കുണ്ടായിരുന്നു?”

“എഴുപത്”

“ഡിഗ്രിക്ക് എഴുപതുശതമാനമേയുള്ളല്ലേ? ചുമ്മാതല്ല ഐറ്റിക്ക് പോയത് ?“ തള്ളയുടെ വര്‍ത്തമാനം കേട്ടപ്പോള്‍ ആകെ ചൊറിഞ്ഞ് കയറി.സൊമാലിയായിലെ പട്ടിണിമരണം, എസ് കത്തി, കുടുംബശ്രിയും ജനശ്രിയും, അരുണാചല്‍ പ്രദേശിലെ ചൈനയുടെ അവകാശവാദം ഇങ്ങനെ നീളുന്ന ഒരായിരം നീറുന്ന പ്രശ്നങ്ങള്‍ ഉള്ളപ്പോഴാണ് പണ്ടെങ്ങാണ്ട് നടന്ന ഡിഗ്രിയുടെ പരീക്ഷാഫലം!. പെണ്ണിന്റെ വയസും ആണിന്റെ മാര്‍ക്കും ശമ്പളവും ചോദിക്കാന്‍ പാടില്ലന്ന് ഇവര്‍‌ക്കറിയില്ലേ? .ഇവര്‍ക്കിട്ട് രണ്ടെണ്ണം കൊടുത്താലോ എന്ന് ആലോചിച്ചതാണ്. മുന്നിലേ ടീപ്പോയില്‍ നിറഞ്ഞിരിക്കുന്ന ജിലേബി,ലഡു, പക്കാവട എന്നിവയെ ഓര്‍ത്തുമാത്രം ക്ഷമിച്ചു. നിങ്ങടെ പെണ്ണിനെ വെറുതെ തന്നാലും വേണ്ടാ എന്ന് മനസില്‍ പറഞ്ഞ് ഒരു ലഡുവിനെ മുഴുവനോടെ അകത്താക്കി ചടങ്ങുകള്‍ക്ക് ആരംഭം കുറിച്ചു. പെണ്ണ് ചായയും കൊണ്ട് വന്നതും എന്തെങ്കിലും ചോദിക്കണമെന്ന് വിചാരിച്ച് പേരെന്താണന്ന് ചോദിച്ചുകളയാം എന്ന് വിചാരിച്ച് വായിക്കകത്ത് കിടക്കുന്ന ലഡുവിനെ നാക്കുകൊണ്ട് ഒരുവശത്തേക്ക് പൊക്കിവച്ചതും പെണ്ണിന്റെ തള്ള അടുത്ത ഇടങ്ങോലിട്ടു.

“മോളെക്കുറിച്ചെല്ലാം പ്രൊഫൈലില്‍ എഴുതിയിട്ടുണ്ട്. “

ഹൊ! തള്ള നശിപ്പിച്ചു. ശരിക്കും ഇവര്‍ പെണ്ണിന്റെ അമ്മ തന്നെയാണോ? മോളുടെ കല്യാണം നടക്കണമെന്ന് ഇവര്‍ക്കാഗ്രഹമൊന്നും ഇല്ലേ? ചില കമ്പിനിക്കാരിങ്ങനെയാണ്. ആളെ ആവിശ്യമുണ്ടന്ന് പറഞ്ഞ് പത്രത്തില്‍ ഫുള്‍പേജില്‍ പരസ്യം കൊടുക്കും. കോട്ടും സ്യൂട്ടും വലിച്ചുകയറ്റിയിട്ടുകൊണ്ട് ഇന്റ്‌ര്‍‌വ്യൂന് ചെന്നിരിക്കുമ്പോഴാണ് കളി. നിനക്കൊന്നും ഇവിടെ ജോലി തരാന്‍ മനസില്ല എന്നുള്ള രീതിയില്‍ പത്തുനൂറ് ചോദ്യങ്ങള്‍ ചോദിക്കും. നമ്മള്‍ ഉത്തരം മുട്ടി ഇരിക്കുന്നത് കാണാനാണോ ഇവന്മാര്‍ കാടടച്ച് വെടിവച്ച് ഇന്റ്‌ര്‍വ്യു നടത്തുന്നതെന്ന് പോലും തോന്നും. അതുപോലെ തന്നെയാണ് ഈ തള്ളയും. രംഗം പന്തിയല്ലന്ന് തോന്നിയിട്ടായിരിക്കും പെണ്ണിന്റെപ്പന്‍ ഇടപെട്ടു. മോളോടെന്തെങ്കിലും ചോദിക്കാനുണ്ടങ്കില്‍ ചോദിക്കാം.?പെണ്ണ് കാണാന്‍ ഇറങ്ങിയപ്പോഴേ വീട്ടില്‍ നിന്ന് പറഞ്ഞതാണ് , നിന്റെ പഴയ ഡിമാന്റുകളൊന്നും നീ അവിടെപ്പോയി പറയരുത്. പാവം വീട്ടുകാര്‍! രാജാധികാരം ഇല്ലാത്ത രാജാവിനിപ്പോള്‍ എന്ത് ഡിമാന്റുകള്‍ ??? മോളോടൊന്നും ചോദിക്കാനില്ലന്ന് പറഞ്ഞ് വിവരം പിന്നീട് അറിയിക്കാമെന്നും പറഞ്ഞ് ഇറങ്ങിയപ്പോള്‍ തള്ള ശരിക്കും ചമ്മി. തന്റെ മോളെ കാണാന്‍ വന്ന ഒരുത്തന്‍ ആദ്യമായിട്ട് അവളോടൊന്ന് സംസാരിക്കാന്‍ പോലും തുനിയാതെ ഇറങ്ങിപ്പോകുന്നത് കണ്ട് തള്ള അമ്പരന്നു.

വീണ്ടും അന്വേഷ്ണങ്ങള്‍. ആഗോളടെണ്ടറുകളില്‍ പങ്കെടുത്തിട്ടും വിഴിഞ്ഞത്ത് സൂമിന്റെ അപേക്ഷ കേരളസര്‍ക്കാര്‍ തള്ളിക്കളഞ്ഞതുപോലെ തന്റെ അപേക്ഷകള്‍ തള്ളിപ്പോകുന്നതുപോലുംതാന്‍ അറിയുന്നില്ലല്ലോ? ഇനി ഏതെങ്കിലും ചാനലല്‍ കയറി സ്വയം വരത്തിന് നിന്നുകൊടുക്കേണ്ടി വരുമോ? സ്വയവരത്തിന് നിന്നുകൊടുക്കുന്നതിലും കഷ്ടമായിരിക്കും അവതാരക പെണ്ണിന്റെ മലയാളം സഹിക്കാന്‍. ഏതായാലും സാഹസങ്ങള്‍ക്ക് മുതിരുന്നതിനുമുമ്പ് കൂട്ടുകാരുടെ അഭിപ്രായം തേടാം. മനുഷ്യരെ ഒരു വഴിക്കാക്കുന്ന അഭിപ്രായങ്ങള്‍ ഫ്രി ആയിട്ട് തരാന്‍ ആര്‍ക്കും മടികാണില്ലല്ലോ? തന്നെ ഒരു തീരുമാനം എടുക്കാന്‍ സഹായിക്കണമെന്ന് പറഞ്ഞ് ഒരു മെയില്‍ അയിച്ചതിന്റെ പിന്നാലെ മെയിലുകളും ഫോണ്‍‌വിളികളും എത്തി.പലരുചേര്‍ന്നാല്‍ പാമ്പ് ചാവില്ലന്ന് പറഞ്ഞതുപോലെയായി കാര്യങ്ങള്‍.

“എടാ എം‌.ബി.എ.ക്കാരിയെ നോക്കേണ്ടാ.. അവള്‍ നിന്നെ മാനേജ്‌ചെയ്യാന്‍ വരും ...”

“ വെളിയില്‍ ജോലിയുള്ളതിനെയൊന്നും നോക്കേണ്ട.. അതിനൊക്കെ കിട്ടുന്നത് ലോണടയ്ക്കാനേ കാണൂ....”

“ എടാ ഐറ്റിയിലുള്ളതിനെ നോക്കേണ്ട.. ഹോട്ടലില്‍ നിന്നു തന്നെ എന്നും കഴിക്കേണ്ടിവരും...”

“ ഐറ്റിയില്‍ നിന്നാരയും കെട്ടേണ്ട ... എന്നും ടെന്‍‌ഷന്‍ പിടിച്ച പണി കഴിഞ്ഞിട്ട് ജീവിക്കാന്‍ സമയം കിട്ടത്തില്ല....”

“ എടാ കല്യാണം കഴിക്കാനേ പാടില്ല....”


ശെടാ ഇത് വലിയ കുരിശായല്ലോ!. ഒരു തീരുമാനം എടുക്കാന്‍ പറ്റുമല്ലോ എന്ന് വിചാരിച്ചാണ് ഇവന്മാരോട് അഭിപ്രായം ചോദിച്ചത്. ഇതിപ്പോള്‍ കേരളത്തിലെ മന്ത്രി സഭപോലെ ഇരുപത് പേര്‍ക്കും ഇരുപത് അഭിപ്രായങ്ങള്‍. കെട്ടാത്താവന്മാര്‍ക്ക് കെട്ടാത്താതിന്റെ സങ്കടം, കെട്ടിയവന്മാര്‍ക്ക് കെട്ടിയതിന്റെ സങ്കടം. എന്താ ഒരു പോം‌വഴി. എല്ലാവര്‍ക്കും ഒരു കാര്യത്തില്‍ മാത്രം എതിരഭിപ്രാ യമില്ല. ജോലിയുള്ള പെണ്ണിനെയേ കെട്ടാവൂ. നമ്മുടെ ജോലി കയ്യാലപ്പുറത്തെ തേങ്ങാപ്പോലയാ. ഒരു ജോലിപോയാല്‍ അടുത്ത ജോലി കിട്ടുന്നതുവരെ വീട്ടിലെ അടുപ്പില്‍ തീ കത്തണമെങ്കില്‍ ജോലിയുള്ള പെണ്ണിനെ കെട്ടിയിട്ടേ കാര്യമുള്ളു. ഏതായാലും ഒരു കാര്യത്തിലെങ്കിലും ഏകാഭിപ്രായം ഉണ്ടായ സ്ഥിതിക്ക് ആ വഴിക്ക് മാത്രം നീങ്ങുക.

വീണ്ടും അന്വേഷ്ണങ്ങള്‍... അവസാനം ഒരു പെണ്ണ് ഒത്തുവന്നു. പെണ്ണ് എ‌യഡ‌ഡ് സ്കൂളില്‍ ടീച്ചര്‍. സ്ത്രിധനമായിട്ട് ഒന്നും തരാനില്ല. അവളുടെ വീട്ടിലെ തട്ടുമ്പുറത്ത് വരെ കിടന്ന മൂടുപോയ ഓട്ടുകോളാമ്പിവരെ തൂക്കികൊടുത്തുണ്ടാക്കിയ കാശ് സ്കൂളിലെ മാനേജര്‍ക്ക് കൊടുത്തിട്ടാണ് സ്കൂളില്‍ കയറ്റിപ്പറ്റിയത്. ഐറ്റി‌ക്കാരും ബി‌.എഡ്. കാരും ഏതാണ്ടൊരുപോലെയാണ്. എപ്പഴാ കിട്ടിയ ജോലി പോകുന്നതന്ന് രണ്ട് കൂട്ടര്‍ക്കും പറയാന്‍ പറ്റില്ല. നാടുനീളെയുള്ള തട്ടുതരികിട കോളേജുകളില്‍നി ന്നൊക്കെ ആയിരക്കണക്കിന് പിള്ളാരാണ് ഐ.റ്റി‌, ബി‌.എഡ്. സര്‍ട്ടിഫിക്കറ്റുമായി വര്‍ഷം തോറും ഇറങ്ങുന്നത്. ഇവര്‍ക്കെല്ലാവര്‍ക്കും എവിടെ നിന്ന് ജോലി കിട്ടാന്‍.?? സര്‍ക്കാരാണങ്കില്‍ തൊഴിലില്ലാത്തവരെ സ്നേഹം കൊണ്ട് വരിഞ്ഞുമുറുക്കി ഞെക്കികൊല്ലാന്‍ പെന്‍‌ഷന്‍ ഏകീകരണമെന്ന പരിപാടിയും. സര്‍ക്കാരിന് ഇതൊക്കയല്ലേ ചെയ്യാന്‍ പറ്റൂ.!!!!

പെണ്ണ് കാണാന്‍ ചെന്നപ്പൊള്‍ നല്ല സ്വീകരണം. നല്ല സ്വീകരണം കിട്ടിയതിന് കാരണം ഉണ്ട്. അത് മൂന്നാന്‍ പറ്റിച്ച പണിയാണ്. ചെറുക്കനെക്കൊണ്ട് വരട്ടേയെന്ന് മൂന്നാന്‍ പെണ്ണിന്റെ വീട്ടുകാരോട് ചോദിച്ചപ്പോല്‍ ചെറുക്കനെന്താപണിയെന്ന് പെണ്ണിന്റെ വീട്ടുകാരുടെ ചോദ്യത്തിന് മൂന്നാന്‍ അല്പം വളഞ്ഞവഴിയിലാണ് ഉത്തരം പറഞ്ഞത്. ( തനിക്കിപ്പോള്‍ ജോലിയില്ലന്നുള്ള കാര്യം നാട്ടിലുള്ള ഒരുത്തനും ഇതുവരെ അറിഞ്ഞിട്ടില്ല. അടുത്ത കൂട്ടുകാര്‍ക്ക് മാത്രമേ ആ സത്യം അറിയൂ.) .

“ചെറുക്കന് ഇപ്പോള്‍ കമ്പിനിയില്‍ പണിയൊന്നും എടുക്കേണ്ട. വെറുതെ ചെന്നിരുന്നാല്‍ മതി....”.

മരുമോനാകാന്‍ പോകുന്നവന്‍ വലിയ സംഭവമാണന്ന് പെണ്ണിന്റെ അപ്പനുമമ്മയ്ക്കും തോന്നിക്കാണും. പെണ്ണ് കാണാന്‍ ചെന്നപ്പോള്‍ അവിടെ ഒരു സമ്മേളനത്തിനുള്ള ആളുണ്ട്. പെണ്ണിന്റെ അപ്പന്‍‌വഴിയും അമ്മവഴിയുമുള്ള എല്ലാ കരക്കാരും ഹാജരുണ്ട്. ചെറുക്കനെ കണ്ടിട്ട് പണിയെടുക്കാതെ ശമ്പളം കിട്ടാനുള്ള തലേവര ഇല്ലന്ന് തോന്നിയതുകൊണ്ടാവണം പെണ്ണിന്റെ അമ്മാച്ചന്‍ ആദ്യത്തെ ചോദ്യം എറിഞ്ഞു.

“മോന് ശരിക്കെന്താ പണി?”

“ഞാനിപ്പോള്‍ ബഞ്ചിലാ...”

അവന്റെ ഉത്തരം കാരണവര്‍ക്ക് ശരിക്ക് മനസിലായില്ല. അയാള്‍ അവനെ ശരിക്കൊന്നു നോക്കി. വലിയ ഏതാണ്ട് ജോലിയാണന്ന് പറഞ്ഞ ചെറുക്കന്‍ ഇരിക്കുന്നത് ബഞ്ചിലാണത്രെ! നാട്ടിലെ യൂണിയന്‍‌കാരും സര്‍ക്കാര്‍ ശിപായും വരെ കസേരയില്‍ ഇരിക്കുമ്പോള്‍ അനന്തരവളെ കെട്ടാന്‍ പോകുന്ന ചെറുക്കന്‍ ഓഫീസില്‍ ഇരിക്കുന്നത് ബഞ്ചിലാണത്രെ!! ഇവന്‍ വെറും ലോക്കല്‍!! തറ!!! ഏതായാലും അമ്മാച്ചന്‍ കൂടുതല്‍ ചോദിക്കാനും പറയാനും നിന്നില്ല. കൂടപ്പിറപ്പിന്റെ വിധി എന്ന് ആശ്വസിച്ചിരിക്കണം.

“പെണ്ണിനും ചെറുക്കനും എന്തങ്കിലും ചോദിക്കാനും പറയാനും ഉണ്ടങ്കില്‍ ആവാം...” . പെണ്ണിന്റെ അപ്പന്‍ പറഞ്ഞതും താന്‍ നാക്കിന് കടിഞ്ഞാണിട്ടു. മനസില്‍ പണ്ടങ്ങാണ്ട് സേവ് ചെയ്തിട്ടിരുന്ന ഡിമാന്റുകളെല്ലാം ഡിലീറ്റ് ചെയ്തു. അപ്പന്‍ കാണിച്ചുതന്ന മുറിയിലേക്ക് വലതുകാല്‍ വച്ചുതന്നെ കയറിയപ്പോള്‍ അറിയാവുന്ന ഈശ്യരന്മാരെയെല്ലാം കൂടി വിളിച്ചു. പണ്ടൊരുത്തി പെണ്ണ് കാണാന്‍ ചെന്നപ്പോള്‍ തെങ്ങുകയറ്റം പഠിക്കണമെന്ന് പറഞ്ഞതാണ്. തെങ്ങില്‍ കയറാന്‍ പഠിച്ചുകഴിഞ്ഞപ്പോള്‍ പെണ്ണും പോയി, ഗവണ്‍‌മെന്റിന്റെ വക പണിയും കിട്ടി. തെങ്ങുകയറാന്‍ ആളില്ലാത്തതുകൊണ്ട് തെങ്ങില്‍ കയറാതെ തേങ്ങയിടുന്ന യന്ത്രം കണ്ടുപിടിക്കുന്നവര്‍ക്ക് പത്തുലക്ഷം രൂപാ കൊടുക്കമെന്ന് !!. ഇനി വീട്ടിലിരുന്ന് റബര്‍ വെട്ടുന്ന യന്ത്രം കണ്ടുപിടിക്കാന്‍ ഗവണ്‍‌മെന്റ് പറയുമോ ആവോ?

കൊലുസിന്റെ ശബ്ദ്ദം. ഇതാ അവള്‍ കടന്നു വരുന്നു. മുഖത്ത് ഒരു ചിരി വരുത്താന്‍ ശ്രമിച്ചു എങ്കിലും ആ ചിരി ദയനീയമായ ഒന്നായിരുന്നു എന്ന് മുറിയിലെ അലമാരിയിലെ കണ്ണാടിയിലെ പ്രതിബിംബത്തില്‍ നിന്ന് മനസിലായി. ഏതായാലും അവളൊന്ന് ചിരിച്ചപ്പോള്‍ ആശ്വാസമായി. അവളുടെ ചിരികണ്ടപ്പോള്‍ അവളോട് കള്ളം പറയാന്‍ തോന്നിയില്ല. സത്യംതന്നെ അവളോട് പറഞ്ഞു. തനിക്കിപ്പോള്‍ ജോലിയില്ല. കഴിഞ്ഞ ഇന്റ്ര്‌വ്യൂവിന്റെ കാര്യം വരെ അവന്‍ അവളോട് പറഞ്ഞു.

“എനിക്ക് തന്നെ ഇഷ്ടമായിരിക്കുന്നു. തനിക്ക് എന്നെ ഇഷ്ടമായെങ്കില്‍ നമുക്കിത് നടത്താം....”.
അവളതിനു പുഞ്ചിരിക്കുക മാത്രം ചെയ്തു.

“തനിക്കൊന്നും പറയാനില്ലേ?” അവന്‍ ചോദിച്ചു.

“എനിക്കും ഇഷ്ടമാണ് ....”. അവള്‍ പറഞ്ഞത് കേട്ടപ്പോള്‍ അവന് ആശ്വാസമായി. ആരും ഇനിയും ഇടങ്ങോലിട്ടില്ലങ്കില്‍ അവളെ തനിക്കിന് സ്വന്തം.

പാട്ടുപാടാനും ഡാന്‍സ് ചെയ്യാനും അറിയാമിരുന്നെങ്കില്‍ അവനവിടെ ഒരു റിയാ‍ലിറ്റി എപ്പിസോഡ് തകര്‍ക്കുമായിരുന്നു.

"എനിക്കൊരു കാര്യം പറയാനുണ്ട് ...” അവള്‍ക്ക് പറയാനുള്ളത് എന്താണന്ന് കേള്‍ക്കാനായി അവന്‍ കാതോര്‍ത്തു.

“പിടിക്കുമോ?” .

പെണ്ണ് പറഞ്ഞത് അവന് മനസിലായില്ല. പെണ്ണ് കാണാന്‍ വന്ന ചെറുക്കനോട് പെണ്ണ് ചോദിക്കൂന്നു, പിടിക്കുമോ എന്ന് !!.വലിക്കുമോ കുടിക്കുമോ എന്നൊക്കെ പെണ്ണുങ്ങള്‍ ചോദിക്കാറുണ്ട് . പക്ഷേ പിടിക്കുമോ എന്ന് ആദ്യമായിട്ടാണ് ഒരു പെണ്ണ് ചോദിക്കുന്നത്.

“പിടിക്കാനറിയാമോ?” പെണ്ണ് വീണ്ടും ചോദിച്ചു.

അവന്‍ ചോദ്യഭാവത്തില്‍ പെണ്ണിനെ നോക്കി. എന്തായിരിക്കും പെണ്ണ് ഉദ്ദേശിക്കുന്നത്. പരസ്യങ്ങള്‍ കണ്ട് പെണ്ണ് വഴിതെറ്റിപ്പോയോ? തന്നെ ടെസ്റ്റ് ചെയ്യാന്‍ ചോദിക്കുന്നതാവുമോ??

“പിള്ളാരെ പിടിക്കാന്‍ അറിയാമോ ?” അവളുടെ ചോദ്യം കേട്ട് അവന്‍ ഞെട്ടി. ഈ പെണ്ണിന് തലയ്ക്കെന്തെങ്കിലും കുഴപ്പമുണ്ടോ? ഉടന്‍ തന്നെ അടുത്ത ചോദ്യം എത്തി.

“ പിള്ളാരെ പിടിച്ചിടുണ്ടോ? പിള്ളാരെ പിടിക്കാന്‍ പോയിട്ടുണ്ടോ ?”

ഈ പെണ്ണെന്താണ് ഉദ്ദേശിക്കുന്നത്.? പെണ്ണ് കാണാന്‍ വന്ന ചെറുക്കനോട് പെണ്ണ് ചോദിക്കുന്നു പിള്ളാരെ പിടിച്ചിട്ടുണ്ടോ? പിള്ളാരെ പിടിക്കാന്‍ അറിയാമോ ? എന്നൊക്കെ . ശരിക്കിതിന് വട്ടുണ്ടോ? തന്നെ കണ്ടാല്‍ പിള്ളാരെ പിടിക്കുന്നവനാണന്ന് തോന്നുന്നുണ്ടോ? താന്‍ ആ ടൈപ്പല്ലന്ന് പറയാന്‍ നാക്കെടുക്കാന്‍ തുടങ്ങിയതും അവള്‍ തുടര്‍ന്നു.

“ സ്കൂളില്‍ ഇന്‍‌സ്പക്ഷന് ആളുവരുമ്പോള്‍ പിള്ളാരുടെ എണ്ണം കുറഞ്ഞാല്‍ എന്റെ ജോലി പോകും. മെയ് ജൂണ്‍ മാസങ്ങളില്‍ ചേട്ടന്‍ അവിധി എടുത്ത് എന്റെ കൂടെ പിള്ളാരെ പിടിക്കാന്‍ വരണം...”

ഹോ! ഇതാണോ കാര്യം.... ഞാന്‍ ആ ടൈപ്പല്ലന്ന് പറയാതിരുന്നത് കാര്യമായി. “എന്റെ പിന്നാലെ വരുവിന്‍ ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം” എന്ന് പണ്ട് കര്‍ത്താവ് ശിഷ്യന്മാരോട് പറഞ്ഞതുപോലെയായി കാര്യങ്ങള്‍. മുന്നില്‍ നിക്കുന്ന പെണ്ണിതാ പറയുന്നു. “എന്നെ കെട്ടുവിന്‍ ഞാന്‍ നിങ്ങളെ പിള്ളാരെ പിടിക്കുന്നവരാക്കാം എന്ന് “ !!!


“എനിക്ക് സമ്മതമാണ് ... ജോലിക്ക് വേണ്ടിയല്ലേ? പിള്ളാരെയല്ല തള്ളമാരെ വേണമെങ്കിലും പിടിച്ച് സ്കൂളില്‍ കൊണ്ടുവരാം ...” അവന്‍ ഉറപ്പ് കൊടുത്തു.


അവന്റെ മൊബൈലിലേക്ക് ഒരു കോള്‍ വന്നു. രണ്ടു മൂന്ന് മിനിട്ടവന്‍ ഫോണില്‍ സംസാരിച്ചു. ഫോണ്‍ കട്ട് ചെയ്തതും അവന്‍ അവളോട് പറഞ്ഞു.

“എനിക്ക് ജോലി കിട്ടി. രണ്ടാഴ്ചയ്ക്കുള്ളില്‍ ജോയില്‍ ചെയ്യണം. എന്റെ ഒരു കൂടെ പത്താംക്ലാസില്‍ പഠിച്ച ഒരുത്തന്റെ കൊച്ചിയിലുള്ള കമ്പിനിയില്‍ ഇന്റ്ര്‌വ്യ്യൂവിന് പോയത് ഞാന്‍ പറഞ്ഞില്ലേ? അവനാണിപ്പോള്‍ വിളിച്ചത്. ...”

മുറിയില്‍ കയറിയ പെണ്ണും ചെറുക്കനും ഇറങ്ങിവരാന്‍ താമസിച്ചപ്പോള്‍ കാരണവന്മാര്‍ക്ക് ഇരിക്ക പ്പൊറുതി ഇല്ലാതായി. പഴയകാലമൊന്നും അല്ലല്ലോ? അവസാനം കതകുതുറന്ന് അവന്‍ ഹാളിലേക്ക് ചെന്നു. മൂന്നാനോട് പതുക്കെ പറഞ്ഞെങ്കിലും സന്തോഷം കൊണ്ട് ശബ്ദ്ദം ഉറക്കെ ആയിപ്പോയി.

“എനിക്ക് പണികിട്ടി.....” . അത് കാരണവന്മാരും കേട്ടു. അവര്‍ വതിക്കല്‍ നില്‍ക്കുന്ന പെണ്ണിനെ നോക്കി. മൂന്നാനും പെണ്ണിനെ നോക്കി.

“ഈ ചെറിയ സമയം കൊണ്ട് പെണ്ണ് ഇവനിട്ട് പണികൊടുത്തന്നോ? പെണ്ണ് കൊള്ളാമല്ലോ ? വെറുതെയല്ല പെണ്ണിന് ഒരു ഇളക്കം” മൂന്നാന്‍ മനസിലോര്‍ത്തു.

“ പ്രശ്നം ആകുമോടേ..?” മൂന്നാന്‍ പതിയെ അവനോട് ചോദിച്ചു. അപ്പോഴാണ് അവന്‍ ചുറ്റിനും നോക്കിയത്. ഹാളിലുള്ള എല്ലാവരും തന്നേയും പെണ്ണിനേയും മാറിമാറി നോല്‍ക്കുന്നു.

“എനിക്ക് പുതിയ കമ്പിനിയില്‍ പണികിട്ടിയന്നാ ഞാന്‍ പറഞ്ഞത് ? എല്ലാവര്‍ക്കും ആശ്വാസമായി. വെറുതെ ചെറുക്കനേയും പെണ്ണിനേയും തെറ്റിധരിച്ചു. പെണ്ണിനും ചെറുക്കനും ഇഷ്ടമായ സ്ഥിതിക്ക് കാര്യങ്ങളെല്ലാം പെട്ടന്ന് നടത്താന്‍ തീരുമാനമായി. രണ്ടാഴ്ചയ്ക്കുള്ളില്‍ കല്യാണവും വിരുന്നുമൊക്കെ കഴിഞ്ഞ് ചെറുക്കന് ജോലിക്ക് പോകാനുള്ളതല്ലേ.

കല്യാണമൊക്കെ അങ്ങനെ കഴിഞ്ഞു. ചെറുക്കന്റെ പള്ളിയില്‍ വച്ച് കെട്ട് കഴിഞ്ഞ് ചെറുക്കനും പെണ്ണും പെണ്ണിന്റെ വീട്ടിലെത്തി.

ആദ്യരാത്രി.

കാലംതെറ്റിവന്ന കാലവര്‍ഷം തകര്‍ത്തു പെയ്യുന്നു. ജൂണില്‍ തുടങ്ങേണ്ട മഴ മെയ് പകുതി കഴിഞ്ഞപ്പോഴേ പെയ്യാന്‍ തുടങ്ങുന്നു. ജനലില്‍ കൂടി കടന്നുവരുന്ന മിന്നലിന്റെ വെളിച്ചത്തില്‍ അവര്‍ പുതിയ ജീവിതത്തിലേക്ക് കടന്നു.

വിവാഹത്തിനുശേഷമുള്ള ആദ്യത്തെ പ്രഭാതം::

അവള്‍ എഴുന്നേറ്റപ്പോഴും അവന്‍ ഉറക്കമായിരുന്നു. അവനെ ഉണര്‍ത്താതെ അവള്‍ അടുക്കളയിലേക്ക് പോയി കാപ്പിഎടുത്തു. വാരാന്തയില്‍ കിടക്കുന്ന പത്രവും എടുത്ത് തങ്ങളുടെ മുറിയിലേക്ക് വന്നു. മുറിയുടെ വാതില്‍ അവള്‍ അടച്ചു. നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗ്ലാസ് താഴെ വീണുടയുന്ന ശബ്ദ്ദവും അവളുടെ നിലവിളിയും മുറിയില്‍ നിന്ന് ഉയര്‍ന്നു. വീട്ടിലുള്ളവര്‍ മുറിക്കുമുന്നില്‍ ഓടിവന്നു. മുറിക്കുമുന്നില്‍ കൂടിനിന്നവരുടെ മുന്നിലേക്ക് വാതില്‍ തുറന്ന് അവള്‍ ഇറങ്ങി. വാതിക്കല്‍ നിന്നവര്‍ അകത്തേക്ക് നോക്കി. മുറിയുടെ നടുക്ക് പൊട്ടിച്ചിതറിയ ഗ്ലാസ് കഷ്ണങ്ങള്‍. പിന്നെ അവന്‍ !!
ഉടുമുണ്ട് വലിച്ചുവാരി ചുറ്റി അവന്‍ നില്‍ക്കുന്നു.

അവന്‍ കണ്ണ് തിരുമ്മി നോക്കി. അമ്മായപ്പന്‍ തന്നെ സൂക്ഷിച്ചു നോക്കുന്നില്ലേ?

“എന്തിനാ മോളേ നിലവിളിച്ചത് ? “ പെണ്ണിന്റെ അമ്മ ചോദിച്ചു.

“അത് ഞാന്‍ .... പിന്നെ ...വായിച്ചപ്പോള്‍ ....” പെണ്ണ് വിക്കി.

അമ്മായി അമ്മ തന്നെ സൂക്ഷിച്ചു നോക്കുന്നത് അവന്‍ തിരിച്ചറിഞ്ഞു. “എന്തോന്നാടാ ആഭാസാ എന്റെ മോളേട് ചെയ്തത് ?” എന്നൊരു ചോദ്യം അമ്മായിയമ്മയുടെ നോട്ടത്തില്ലല്ലേ ? ഞാന്‍ പാവം! നിഷ്‌കളങ്കന്‍ ! .. താന്‍ ഒന്നും ചെയ്തിട്ടില്ല എന്ന് പറയാതെ പറഞ്ഞ് ഫുട്‌ബോള്‍ ഗ്രൌണ്ടില്‍ എതിര്‍കളിക്കാരനെ ഇടിച്ചിട്ട കളിക്കാരന് മഞ്ഞകാര്‍ഡ് കാണിക്കണോ ചുവന്ന കാര്‍ഡ് കാണിക്ക ണോ എന്ന് ചിന്തിച്ചുനില്‍ക്കുന്ന റഫറിയുടെ മുന്നില്‍ കൈ ഉയര്‍ത്തി കാണിക്കുന്ന കളിക്കാരനെ പോലെ ഞാനൊന്നും ചെയ്തില്ല എന്ന് കൈ പൊക്കി കാണിക്കണമെന്ന് അവന് ആഗ്രമമുണ്ടായിരു ന്നുവെങ്കിലും ഉടുമുണ്ടിന്റെ അവസ്ഥയോര്‍ത്ത് അത് വേണ്ടാ എന്ന് വെച്ചു.

“മോളെന്തെങ്കിലും കണ്ട് പേടിച്ചോ ?” . പെണ്ണിന്റെ അമ്മാവിയുടെ ചോദ്യം.

“ഉം....” അവള്‍ തലകുലുക്കി.

അപ്പാ, ഞാനൊന്നും അറിഞ്ഞില്ല എന്ന് കണ്ണ് കൊണ്ട് അമ്മായിയപ്പനോട് പറയാന്‍ അവന്‍ ശ്രമിച്ചു.

“മോളെന്ത് കണ്ടിട്ടാ പേടിച്ചത് ?” വീണ്ടും അമ്മാവിയുടെ ചോദ്യം.

എന്റെ കര്‍ത്താവേ ഇവരൊക്കെ സി.ബി.ഐ. യില്‍ ആയിരുന്നോ ? എന്തോ ചോദ്യങ്ങളാ ചോദിക്കുന്നത് . അവന്‍ മനസില്‍ ചിന്തിച്ചു.

അവള്‍ ടീപ്പോയില്‍ കിടന്ന പത്രമെടുത്ത് കാണിച്ചു. ആദ്യപേജില്‍ വെണ്ടയ്ക്കാവലുപ്പത്തിലെ ഹെഡിംങ്ങ്
കുട്ടികളുടെ എണ്ണം കുറവുള്ള സ്കൂളുകളില്‍ നിന്ന് അദ്ധ്യാപകരെ പിരിച്ചുവിടും ......

“ഇതു വായിച്ചപ്പോള്‍ എന്റെ കയ്യില്‍ നിന്ന് അറിയാതെ കാപ്പി കപ്പ് താഴെ വീണു പൊട്ടി. ചൂട് കാപ്പി കാലില്‍ വീണപ്പോള്‍ ഞാനറിയാതെ കരഞ്ഞു പോയതാ .....” അവള്‍ പറഞ്ഞു.

“ഇത്രയേയുള്ളോ കാര്യം ....” രാപ്പടം കാണാന്‍ ചെന്നിട്ട് അവാര്‍ഡ് സിനിമാ കണ്ടതുപോലെയായി അമ്മാവിയുടെ മുഖം.

“മോനേ നീ ഡീസന്റാണന്ന് എനിക്ക് പണ്ടേ അറിയാം” എന്നുള്ള ഭാവത്തില്‍ അമ്മായിയപ്പന്‍ അവനെ നോക്കി. എല്ലാവരും മുറിയുടെ മുന്നില്‍നിന്ന് പിരിഞ്ഞുപോയി.


രാവിലത്തെ ഭക്ഷണം കഴിഞ്ഞുടനെ അവര്‍ ഇരുവരും കൂടി അവളുടെ വീട്ടില്‍ നിന്ന് ഇറങ്ങി. പിള്ളാരെത്തിരക്കി അവര്‍ ഓരോ വീട്ടിലും കയറിയിറങ്ങി . എങ്ങനെയെങ്കിലും പത്തിരുപത് പിള്ളാരെ പിടിച്ച് കൈയ്യോടെ സ്കൂളില്‍ ചേര്‍ത്ത് ജോലി പോകാതെ നോക്കണമല്ലോ ? വാഗ്ദാനങ്ങളുടെ പെരുമഴയുമായി അവരുടെ വീടുവീടാന്തരം യാത്രതുടരുന്നു ..... പിള്ളാരെപിടിത്തം എന്ന ടെന്‍ഷന്‍ തീര്‍ത്തിട്ടു വേണം അവന് പ്രൊജക്ട് ഡെലിവറി എന്ന ടെന്‍‌ഷന്‍ എടുക്കാന്‍ !!!!!!!!!!!!!!!!!! എന്തെല്ലാം ടെന്‍ഷന്‍ എടുത്ത് തലയില്‍ വച്ച് വേണം ജീവിതമൊന്ന് മുന്നോട്ട് കൊണ്ടുപോകാന്‍ !!!!!!!!!!!!!!!!

*******************************
*********** ശുഭം **************

:: ഇതുകൂടി വായിച്ചാല്‍ നന്നായി .... ::


...............................................................................

Sunday, August 9, 2009

ഐറ്റിക്കാരന്‍ പെണ്ണുകണ്ടു പക്ഷേ...?

,അവളുടെ വീട്ടില്‍ നിന്ന് ഇറങ്ങിയുടനെ അവന്‍ പോയത് തെങ്ങുകയറ്റകോളേജി ലേക്കാണ്. (അവനെന്തിന് തെങ്ങുകയറ്റകോളേജില്‍ പോയി എന്നറിയണമെങ്കില്‍ ഇവിടെ നോക്കുക.). തെങ്ങുകയറ്റം പഠിച്ചിട്ടുവരാന്‍ ഒരു പെണ്ണ് മുഖത്ത് നോക്കി പറയുമ്പോള്‍ എങ്ങനെയാണ് തന്നെകൊണ്ട് അത് പറ്റില്ലന്ന് പറയുന്നത്? ഒരു പെണ്ണിന്റെ വാക്ക് കേട്ട് തെങ്ങു കയറ്റം പഠിക്കാന്‍ പോകുന്ന താന്‍ വിഢിയാണന്ന് ചരിത്രത്തില്‍ വിവരമുള്ളവര്‍ ആരെങ്കിലും പറയുമോ? പണ്ട് ഭീമസേനന്‍ സൌഗന്ധിക പുഷ്പം തേടിപോയത് വായിച്ച ഒരുത്തനും തന്നെ കുറ്റപ്പെടുത്തിട്ടില്ല. തെങ്ങുകയറ്റം പഠിച്ചില്ലന്ന് പറഞ്ഞ് ഏതായാലും കല്യാണം മുടക്കേണ്ട. ഏതായാലും ജീവിക്കാനുള്ള വഴിക്കുവേണ്ടിയല്ലേ? മൌസും കീബോര്‍ഡും മാത്രം കൈകൊണ്ട് തൊട്ടിട്ടുള്ള താന്‍ ഇനി തെങ്ങിലൊക്കെ കയറുകാന്ന് വച്ചാല്‍.... ഏതായാലും മുകളിലിരുത്തന്‍ എല്ലാം കാണുന്നുണ്ടല്ലോ? ആത്മഗതം ഏതായാലും കുറച്ചുറക്കെയായിപ്പോയി.


“എടോ ഫോം പൂരിപ്പിച്ച് കൊടുത്തിട്ട് കയറിപ്പോര് ...?” ശബ്ദ്ദം കേട്ട് അവന്‍ ചുറ്റും നോക്കി. അടുത്തൊന്നും ആരേയും കാണാനില്ല. താനിപ്പോള്‍ നടന്ന് തെങ്ങുകയറ്റ കോളേജില്‍ എത്തിയന്ന് അവനപ്പോഴാണ് വെളിവ് വീണത്.


“എടോ ഇവിടെ...ഇങ്ങോട്ട് നോക്ക് ...” ശബ്ദ്ദം കേട്ട് അവന്‍ നോക്കിയത് തൊട്ടുമുന്നിലെ തെങ്ങിലേക്ക്. തെങ്ങിലിരിക്കുന്ന ആളെകണ്ട് അവനൊരു ചിരി വന്നു. തന്റെ പ്രൊജക്ട് മാനേജര്‍!! തനിക്ക് യെല്ലോ സ്ലിപ്പ് തന്ന ആ എച്ച് ആര്‍ പെണ്ണിന്റെ കെട്ടിയോന്‍. കെട്ടിയോനും കെട്ടിയോളും കൂടി തങ്ങളെയിട്ട് കുറേ കഷ്ടപ്പെടുത്തിയതല്ലേ? എന്തെല്ലാ മായിരുന്നു അവളുടെ പരിഷ്‌കാരങ്ങള്‍. പഞ്ചിംങ്ങ് കാര്‍ഡ് , സൈറ്റ് ബ്ലോക്കിങ്ങ് , മൊബൈല്‍ ജാമര്‍ , സ്‌പൈ ക്യാമറ ... ഹോ! അങ്ങനെ എന്തെല്ലാമായിരുന്നു. ഏതായാലും അവള്‍ കുളിപ്പിച്ച് കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കി. അവളുടെ പരിഷ്കാരങ്ങള്‍ കൊണ്ട് കമ്പിനിയങ്ങ് വളര്‍ന്നു. പക്ഷേ വളര്‍ച്ച പടവലങ്ങപോലെ കിഴുക്കാം പാടായി രുന്നുവെന്നോയുള്ളു. ഏതായാലും തന്നെ കമ്പിനിയില്‍ നിന്ന് പറഞ്ഞു വിട്ടത് നന്നായി. കമ്പിനി പൂട്ടൂന്നതിനുമുമ്പേ പുറത്തുവന്നല്ലോ? തെങ്ങിന്‍ മുകളിലിരിക്കുന്നവനോട് എന്തെ ങ്കിലും ഒന്നു ചോദിക്കണമെല്ലോ എന്ന് വിചാരിച്ച് ചോദിച്ചു.


“എച്ച്.ആര്‍. മാഡം എന്തിയേ..?”


“അവളിപ്പം തേങ്ങാപൊതിക്കല്‍ ക്ലാസ് കഴിഞ്ഞ് വന്നിട്ട് തയ്യില്‍ ക്ലാസിനുപോയിട്ടു ണ്ടാവും...” തെങ്ങിന്‍ മണ്ടയില്‍ നിന്ന് മറുപടി കിട്ടി.


ഫോം പൂരിപ്പിച്ച് പ്രിന്‍‌സിപ്പാളിന് ദക്ഷിണ വച്ച് സര്‍വ്വ ദൈവങ്ങളേയും വിളിച്ച് തെങ്ങുകയറാന്‍ തുടങ്ങി. തെങ്ങുകയറുന്നതിന് തളപ്പ് എന്നൊരു ടൂള്‍ ഉണ്ടന്ന് പുതിയ അറിവായിരുന്നു. ഒരാഴ്ച്കൊണ്ട് കഷ്ട്പെട്ട് നെഞ്ചിലേയും തൊടയിലേയും കുറച്ച് തൊലികള്‍ തെങ്ങിന് നല്‍കി തെങ്ങുകയറ്റം പഠിച്ചു.സര്‍ട്ടിഫിക്കറ്റും വാങ്ങി ഇറങ്ങി നടന്നപ്പോള്‍ വെറുതെ കുറേ സ്വപ്നങ്ങള്‍ കണ്ടു. ആ സ്വപ്നങ്ങള്‍ക്കെല്ലാം അല്പായുസ് ആയിരുന്നു എന്ന് വീട്ടിലെത്തിയപ്പോഴാണ് അറിഞ്ഞത്. അവളൊരുത്തന്റെ കൂടെ കയറിപ്പോയന്ന്. മിസ്‌ഡ് കോള്‍ വന്ന് പരിചയപെട്ടതാണന്ന് പോലും. അവളുടെ കൂടെ പോയവന് ഭാര്യയും കുട്ടികളൊക്കെ ഉണ്ടന്ന്. ഏതായാലും അവളുപോയി. കേരളത്തിലാണോ പെണ്ണിന് പ്രയാസം. ആയിരം ആണുങ്ങള്‍ക്ക് ആയിരിത്തി നാല്പത് പെണ്ണുങ്ങള്‍ ഉണ്ട്. അതിലൊരു ത്തി പോയാല്‍ ബാക്കി മുപ്പത്തൊന്‍പതെണ്ണം വീണ്ടും നില്‍ക്കൂന്നു. ഏതായാലും രമണന്‍ ആവാന്‍ താനില്ല. നൌക്കരിയിലും ക്ലിക്ക് ജോബിലും ടൈം‌സിലൊക്കെ കയറി നിരങ്ങ ലൊക്കെ കുറച്ച് ആ സമയം കൂടി കേരളമാട്രിമോണിയിലുംഎം‌ഫോര്‍മാരിയിലും ഒക്കെ കയറി നിരങ്ങാം. ഒരു പണി കിട്ടുന്നതുവരെ ഇതൊരു പണിയാവട്ടെ.


ഈ മാട്രിമോണിയല്‍ സൈറ്റുകളെക്കൊണ്ട് തോറ്റു. എന്തെല്ലാം പൂരിപ്പിച്ചാലാ ഒരു പെണ്ണിനെ കിട്ടുക. രജിസ്‌ട്രേഷന്‍ ഫ്രി ഫ്രി ആണന്ന് പറഞ്ഞ് കേട്ടപ്പോള്‍ ഈ മാതിരി ഫ്രിയാണന്ന് വിചാരിച്ചില്ല. പെണ്ണിന്റെ ഫോണ്‍‌നമ്പരും അഡ്രസും കാണണമെങ്കില്‍ കാശ് കൊടുത്ത് മെമ്പര്‍ഷിപ്പ് എടുക്കണമെന്ന് പോലും. പിന്നെന്തോന്ന് ഫ്രി എന്ന് ചോദിക്കണമെന്നിരിക്കുമ്പോഴാണ് അവളുടെ വിളി. ഏതവളുടെ? അവള്‍ തന്നെ. ആ മാട്രിമോണിക്കാരി. കാശ് വാങ്ങാന്‍ അന്തൊരു ശുഷ്‌ക്കാന്തി. കാശ് കൊടുക്കണോ ? ഒരു മാസത്തേക്ക് വെറും രണ്ടായിരം രൂപാ. !!ഏതായാലും രണ്ടായിരം രൂപാ കൊടുക്കാന്‍ തന്നെ തീരുമാനിച്ചു. പേഴ്സ് എടുത്തുനോക്കി. കാശ് എവിടെങ്കിലും പറ്റിയിരുപ്പുണ്ടോ എന്ന് വിരലിട്ട് കുത്തിനോക്കി പേഴ്സ് കീറിയത് മിച്ചം. പേഴ്‌സില്‍ ശാപമോക്ഷം കാത്തിരിക്കുന്ന അഹല്യയെപ്പോലെ നാലഞ്ച് എ‌റ്റി‌എം കാര്‍ഡുകള്‍ ഇരിപ്പുണ്ട്. അതിലൊക്കെ ലേസര്‍ബീമൊക്കെ വീണിട്ട് കാലങ്ങളായി. ഏതായാലും തനിക്കിപ്പോള്‍ ഒരു ജോലി അറിയാമല്ലോ? ഇനി അത് തന്നെ ഒന്ന് നോക്കാം. തെങ്ങുകയറ്റം. ഏതായാലും സ്വന്തം പറമ്പിലെ തെങ്ങില്‍ തന്നെ കയറി നോക്കിയിട്ട് മറ്റ് തെങ്ങുകളില്‍ കയറാം. ഓരോരോ മനുഷ്യര്‍ക്ക് വരുന്ന ഗതിയേ!!!!!


അവസാനത്തെ തെങ്ങിലും കയറി ഇറങ്ങുമ്പോള്‍ തെങ്ങിന്‍ ചുവട്ടില്‍ അതാ നില്‍ക്കുന്നു തങ്കപ്പന്‍!! കാലാകാലങ്ങളായി ഈ പറമ്പിലെ തെങ്ങുകളില്‍ നിന്ന് മച്ചിങ്ങ മുതല്‍ ഉണക്കതേങ്ങവരെ കരിക്കാണന്ന് പറഞ്ഞ് ഇടാനും ഇടാതിരിക്കാനും അവകാശം ലഭിച്ചവന്‍. ഒരു മാസം മുമ്പ് വരെ അയാള്‍ തനിക്ക് വെറും തെങ്ങുകയറ്റക്കാരന്‍ തങ്കപ്പന്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ അയാള്‍ തനിക്ക് തങ്കപ്പനാശാനാണ്. തെങ്ങുകയറ്റക്കോളേ ജിലെ ‘വിസിറ്റിംങ്ങ് പ്രഫസര്‍‘‍!!. ആള് ഫുള്‍ ടൈം പ്രഫസര്‍ ആണങ്കിലും ഫുള്‍ ടൈം തണ്ണിയായതുകൊണ്ട് കള്ളടികള്‍ക്കിടയിലുള്ള ഇടവേളകളിലേ കോളേജില്‍ എത്തൂ. അങ്ങനെയാണ് തങ്കപ്പന്‍ ‘വിസിറ്റിംങ്ങ് പ്രഫസര്‍‘ ആയത്. തന്റെ ശിഷ്യന്‍ തെങ്ങില്‍ കയറുന്നത് അറിഞ്ഞ് വന്നതായിരിക്കും.ഇത്രയും പെട്ടന്ന് താന്‍ തെങ്ങില്‍ കയറുന്നത് വാര്‍ത്തയായോ?? ഹോ, ഈ ചാനലുകാരെ കൊണ്ട് തോറ്റു. എന്തും ഫ്ലാഷ് ന്യൂസാക്കി കളയും. ഏതായാലും ഗുരുനാഥന്‍ തന്റെ തെങ്ങുകയറ്റം കാണാന്‍ വന്നല്ലോ??


“എത്ര തെങ്ങില്‍ കയറിയടാ നീ...?” . തങ്കപ്പന്റെ ചോദ്യം കേട്ട് താനൊന്ന് ഞെട്ടി. കഴിഞ്ഞമാസംവരെ കുഞ്ഞേ കുഞ്ഞേ എന്ന് വിളിച്ച് നടന്നവനാണ്. തന്നെ തെങ്ങുകയറ്റം പഠിപ്പിച്ചതിലുള്ള അഹങ്കാരമാണ്. വെറുതയല്ല പിള്ളാര് ആശാന്റെ നെഞ്ചത്ത് കയറുന്നത്. ആശാന് പിള്ളാരെ ഒരു ബഹുമാനമൊക്കെ വേണ്ടേ? ഏതായാലും ഒരു നല്ല കാര്യത്തി നിറങ്ങിയ ദിവസമാണ്. ആശാന്റെ നെഞ്ചത്ത് കയറാന്‍ പോകേണ്ട. (തങ്കപ്പന്റെ കഥ ഇവിടെ)


“പത്തു തെങ്ങില്‍ കയറി...” അല്പം അഭിമാനത്തോടും നീയൊന്നും ഇനി തെങ്ങില്‍ കയറാന്‍ വന്നില്ലങ്കില്‍ ഞങ്ങള്‍ക്ക് കോപ്പാ എന്ന് മനസിലും പറഞ്ഞാണ് ഉത്തരം നല്‍കിയത്.


“ഒരു നൂറു രൂ‍പയിങ്ങ് എടുത്തേ...“ തങ്കപ്പന്‍ കൈലിയൊക്കെ മാടിക്കുത്തി തനി ഗുണ്ടാ സ്‌റ്റൈലില്‍ നിന്നു.


“എന്തിനാ തങ്കപ്പനാശാനേ കാശ് ?”


“തെങ്ങില്‍ കയറിയതിന് ....”


“അതിന് ആശാന്‍ തെങ്ങില്‍ കയറിയില്ലല്ലോ...?”


“നീ തെങ്ങില്‍ കയറിയില്ലേ?”


“ഞാന്‍ തെങ്ങില്‍ കയറിയതെന്തിനാ ആശാന് കാശ് തരുന്നത്...?”


“ഈ തെങ്ങുകളൊക്കെ ഞങ്ങളുടെ യൂണിയന്റെ പരിധിയില്‍ പെട്ടതാണ്... ഈ തെങ്ങുകളില്‍ കയറാനുള്ള അവകാശം ഞങ്ങള്‍ക്കാണ്....”


ഇനി ആശാന്റെ നെഞ്ചത്ത് കയറാതെ രക്ഷയില്ല. അല്പം താണുകൊടുക്കുമ്പോള്‍ തലയില്‍ കയറി നിരങ്ങുന്നത് കണ്ടില്ലേ? ഓരോ പ്രാവിശ്യവും തെങ്ങില്‍ കയറുമ്പോള്‍ രണ്ടുപ്രാവിശ്യം കയറുന്നതിനുള്ള കാശ് അഡ്‌വാന്‍സായി വാങ്ങിപ്പോകുന്നവനാണ്. എന്നിട്ടവന്റെ പുറകേ നടക്കണം.തേങ്ങയെല്ലാം വീണുകഴിയുമ്പോഴായിരിക്കും തങ്കപ്പന്‍ വരുന്നത്. എന്നിട്ടിപ്പോള്‍ നൂറ് രൂപ കൊടുക്കാന്‍.....“ ആരാണാവോ നിങ്ങള്‍ക്ക് ഈ അവകാശം തന്നത് ... തിരുവതാംകൂര്‍ രാജാവാണോ?”


“ഹോ... നീ എന്നെ ആക്കിയതാണല്ലേ.... യൂണിയന്‍ സെക്രട്ടറിയായാ എന്നെ ആക്കിയത് ഞങ്ങളുടെ യൂണിയനെ അപമാനിക്കുന്നതിന് തുല്യമാണ്...ഞങ്ങളുടെ യൂണിയന്റെ ശക്തി കാണിച്ചാല്‍ നീയൊന്നും ഇവിടെ നില്‍ക്കില്ല... ഈ തെങ്ങുകളിലൊക്കെ ഞങ്ങള്‍ കൊടികുത്തും...” തങ്കപ്പന്‍ ഇടങ്ങേറായി.


“നീ എന്താണന്ന് വച്ചാല്‍ അങ്ങ് ചെയ്ത് കാണിക്ക് .... ഞാനും യൂണിയനിലൊക്കെയുള്ള ആളാ....” ചുമ്മാതങ്ങ് പറഞ്ഞു.


“നിനക്കും യൂണിയനുണ്ടോ? ഞങ്ങളുടെ യൂണിയന്റെ സംസ്ഥാനപ്രസിഡണ്ട് ആരാണന്ന് അറിയാമോ? അയാളിത് അറിഞ്ഞാല്‍ എന്താ ഉണ്ടാവുന്നതെന്ന് നിനക്കറിയാമോ?”


“ആരാ നിങ്ങളുടെ സംസ്ഥാനപ്രസിഡണ്ട് ??” താന്‍ ചോദിച്ചു.


തങ്കപ്പനൊരു മന്ത്രിയുടെ പേരു പറഞ്ഞു. ആ മന്ത്രിയങ്ങാണം ഇത് അറിഞ്ഞാല്‍... അയാളെന്തെങ്കിലും പറഞ്ഞാല്‍... ഹൊ! ആലോചിക്കാന്‍ പോലും വയ്യ.നാക്കിന് എല്ല് നല്‍കാത്തതില്‍ ഒടേതമ്പുരാന്‍ ദു:ഖിക്കുന്ന ഒരേഒരവസരം ഇദ്ദേഹം വാ തുറക്കുമ്പോഴാണ്. താനിയിട്ട് എന്തിനാണ് ഒടേതമ്പുരാനെ ദുഃഖിപ്പിക്കുന്നത്?


“അമ്പതുപോരേ തങ്കപ്പാ...” താന്‍ ചോദിച്ചു.


“അമ്പതെങ്കില്‍ അമ്പത്... ഇങ്ങ് എടുക്ക്....”.


പേഴ്‌സില്‍ പറ്റിപ്പിടിച്ചിരുന്ന അമ്പതുരൂപാ കിട്ടിയപ്പോള്‍ തങ്കപ്പന്‍ ഹാപ്പിയായി. അമ്പതു രൂപാ കൊടുത്തിട്ട് പറഞ്ഞു.


“തങ്കപ്പാ ഏതായാലും അമ്പതുരൂപാ ഞാന്‍ തന്നില്ലേ..ഈ തേങ്ങാ ഒന്ന് വീട്ടില്‍ കൊണ്ടു തന്നു തരുമോ?”


യൂണിയന്‍ പ്രസിഡണ്ടായ തന്നോട് തേങ്ങ എടുക്കാന്‍ പറഞ്ഞത് തങ്കപ്പന് ഇഷ്ടപെട്ടില്ലന്ന് തോന്നുന്നു. അയാളൊന്നു മുഖം വെട്ടിച്ച് അയാളെ നോക്കി.


“അതേ തേങ്ങ ഇടുക എന്നത് മാത്രമാണ് ഞങ്ങളുടെ യൂണിയന്റെ പണി. ഞാന്‍ വേണ മെങ്കില്‍ അട്ടിമറിക്കാരെ വിളിച്ചു പറയാം. അവര്‍ക്കാണ് ലോഡിംങ്ങ് ആന്‍ഡ് അണ്‍ലോ ഡിംങ്ങിന്റെ അവകാശം. പത്തമ്പതുതേങ്ങയില്ലേ? ഒരു ഇരുന്നൂറ് രൂപ കൊടുത്താല്‍ മതി.” തങ്കപ്പന്‍ പറഞ്ഞു.


“അമ്പതു തേങ്ങ എടുത്തിടാന്‍ ഇരുന്നൂറ് രൂപയോ??? “ ഏതായാലും മനസില്‍ ഉയര്‍ന്ന ചോദ്യം ചോദിച്ചില്ല.ഈ കണക്ക് വച്ചൊക്കെ നോക്കിയാല്‍ വീട്ടിലെ പണി മുഴുവന്‍ ചെയ്യുന്ന അമ്മയ്ക്ക് ദിവസം പത്തായിരത്തഞ്ഞൂറ് രൂപാ കിട്ടാനുള്ള പണിയുണ്ട്.


തെങ്ങില്‍ കയറാതെ കിട്ടിയ അമ്പതുരൂപയുമായി തങ്കപ്പന്‍ പോയതും അയാള്‍ തേങ്ങ യെല്ലാം പറമ്പില്‍ നിന്ന് എടുത്ത് മുറ്റത്ത് കൊണ്ടുപോയി ഇട്ടു.ഇനി ഏതായാലും ഈ പണി വേണ്ട. തെങ്ങില്‍ കയറുകയും വേണം കൂലി തങ്കപ്പന്‍ കൊടുക്കുകയും വേണം. ഇനി ആത്മാഭിമാനും കൊണ്ടു നടന്നിട്ട് ഒരു കാര്യവും ഇല്ല. അഭിമാനം പോകുമെന്ന് വച്ച് ആരോടെങ്കിലും കടം ചോദിക്കാതിരുന്നാല്‍ തന്റെ ജീവിതം പോക്കാ. പത്തഞ്ചായിരം രൂപാ ആരോടെങ്കിലും കടം വാങ്ങി മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് കല്യാണം കഴിച്ച് സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധത തെളിയിക്കേണ്ട സമയം അതിക്രമിച്ചിരി ക്കൂന്നു. പണ്ട് സാക്ഷരതക്കാര്‍ പാടി നടന്നതുപോലെ “നേരമൊട്ടും വൈകിയില്ല കൂട്ടുകാരേ പോരൂ കൂട്ടുകാരേ പോരൂ...” എന്ന് മാട്രിമോണീയല്‍കാര്‍ വിളിക്കുമ്പോള്‍ പുരനിറഞ്ഞു നില്‍ക്കുന്ന തനിക്കെങ്ങനെ ആ വിളി കേള്‍ക്കാതിരിക്കാന്‍ പറ്റും. എവിടെ നിന്ന് ആണ് പണം കിട്ടുന്നത്.


ഒരു ആറുമാസം മുമ്പ് ദിവസവും നാലഞ്ച് പെഴ്‌സണല്‍ ലോണുകാര്‍ വിളിക്കുന്നതായി രുന്നു. പൈസ വെറുതെ വീട്ടില്‍ കൊണ്ടുവന്ന് തരാമെന്നായിരുന്നു ഓഫര്‍. “സാറിന് ശമ്പളം കിട്ടുമ്പോള്‍ തിരിച്ചടച്ചാല്‍ മതിയെന്ന് “ എന്ത് മര്യാദയോടെയായിരുന്നു അവന്മാര്‍ പറഞ്ഞ ത്. ഒരു പേഴ്സണല്‍ ലോണുകാരന്റെ വിളിയുടെ മൂളക്കം പോലും ഇപ്പോള്‍ ഇല്ല. ഈ പേഴ്സണല്‍ ലോണുകാരൊക്കെ പണ്ടാരം അടങ്ങിപോയോ? കല്യാണം കഴിക്കാതെ തന്റെ സാമൂഹ്യപ്രതിബദ്ധത തെളിയിക്കാനാവാതെ നട്ടംതിരിയുന്ന തനിക്കാര് കടം തരാന്‍.?? ചിന്തകള്‍ക്ക് അവിധികൊടുത്ത് കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരുന്നു. ഏത് സൈറ്റില്‍ കയറണം??? ഏതായാലും മെയില്‍ ഒന്നു നോക്കാം. ഫോര്‍വേഡു മെയിലുകള്‍ക്കുള്ളില്‍ ഭാഗ്യം ഒളിഞ്ഞിരിപ്പുണ്ടങ്കിലോ? അതാ കിടക്കുന്നു ഒരു ഭാഗ്യം ഇന്‍‌ബോക്സില്‍. ഇന്റ്‌ര്‍വ്യൂ കാള്‍ ലെറ്റര്‍.!!!! ഏതായാലും പോവുക തന്നെ. “കിട്ടിയാല്‍ ഊട്ടി ഇല്ലങ്കില്‍ ചട്ടി.“ . കിട്ടിയ ഷര്‍ട്ടു പാന്റും വലിച്ചു കയറ്റിയിട്ട് പൊടിപിടിച്ചു കിടന്ന റസ്യൂമിലെ പൊടി തട്ടി ഫയലില്‍ കയറ്റി കൊച്ചിയ്ക്ക് വിട്ടു.


ഇന്റ്‌ര്‍വ്യൂ റൂമിലേക്ക് വലുതുകാല്‍ വച്ചു തന്നെ കയറി. ഇടതനായ താനിപ്പോള്‍ വലതനായി മാറിയിരിക്കുന്നു എന്ന സത്യം അയാളെതന്നെ അമ്പരപ്പിച്ചു. തനിക്കെങ്ങനെ വലതനാകാന്‍ കഴിഞ്ഞു. ആരോടോയുള്ള വാശി തീര്‍ക്കാനായി ഓരോ റൌണ്ടും വിജയിച്ചു കയറി. തന്റെ തലയില്‍ ഇത്രയ്ക്ക് വിവരം ഉണ്ടന്ന് തനിക്ക് പോലും വിശ്വസിക്കാന്‍ ആവുന്നില്ല. അല്ലങ്കില്‍ തന്നെ തന്റെ തല ഒരു സംഭവമാണ്.!! വര്‍ഷങ്ങളായി അനങ്ങാതിരിക്കുന്ന റോക്കറ്റിന്റെ മൂട്ടില്‍ തീ കൊടുത്താല്‍ അതൊരു പോക്കല്ലേ? ഇപ്പോള്‍ താനും അതുപോലെ ആയിരി ക്കുന്നു. ഇനി ഒരു റൌണ്ടുകൂടി കഴിഞ്ഞാല്‍ താന്‍ രക്ഷപെട്ടു. കമ്പിനി മുതലാളിയുമായി ഒരു മുഖാമുഖം മാത്രം ബാക്കി.


വലതുകാല്‍ വച്ചു തന്നെ മുതലാളിയുടെ മുറിയില്‍ കയറാം. അറിയാവുന്ന ദൈവങ്ങളെ എല്ലാം വിളിച്ച് കതക് തുറന്ന് വലതുകാല്‍ വച്ച് മുതാലാളിയുടെ മുറിയിലേക്ക് കയറി. മുതലാളിയുടെ കസേരയില്‍ ഇരിക്കുന്ന ആളെ കണ്ട് അയാള്‍ ഞെട്ടി. “ദേ.. ലവന്‍ കമ്പിനി മുതലാളിയായിരിക്കുന്നു...” ഇരിക്കണോ പോകണോ ഒന്ന് ആലോചിച്ചു.


(തുടരും......)

Wednesday, January 28, 2009

ഐറ്റിക്കാരന്റെ പെണ്ണുകാണല്‍ : pennukanal

ഇനിയും ഇങ്ങനെ നീട്ടികൊണ്ട് പോയിട്ട് ഒരു കാര്യവുമില്ലന്ന് അവന് തോന്നി. സൂചിക ഇടിയുന്നതുപോലെ തന്നെപോലുള്ളവരുടെവില വിവാഹകമ്പോളത്തില്‍ കുത്തനെ ഇടിയുകയാണ് . ഏതായാലും സര്‍ക്കാരുടെ രക്ഷാപദ്ധതികൊണ്ടൊന്നും തന്നെപോലു ള്ളവരുടെ വില ഉയരാന്‍ പോകുന്നില്ല. ഇനി എത്രയും പെട്ടന്ന് എവിടെ നിന്നെങ്കിലും ഒരെണ്ണത്തെ തപ്പിപ്പിടിച്ച്കെട്ടുകയേ വഴിയുള്ളു. ഇത്രയും കാലം തന്നോട് കടം വാങ്ങിയവര്‍ ഇപ്പോള്‍ തന്നെ കാണുമ്പോള്‍ മുങ്ങുകയാണ് . പണം തിരിച്ചു തരാതിരിക്കാനല്ല. താനവരോട് പണം കടം ചോദിക്കാതിരിക്കാനാണ് . ഗെയ്‌റ്റില്‍ ക്യു നിന്ന മൂന്നാന്മാരെ ഇപ്പോള്‍ കാണാനേയില്ല. അവന്മാരെ അങ്ങോട്ട് ചെന്ന് കാണാമെന്ന് വച്ചാല്‍ തന്റെ തലവട്ടം കണ്ടാല്‍ മുങ്ങിക്കളയും. ഡോക്ടര്‍മാരുടേയുംഎഞ്ചീനയര്‍‌മാരുടേയും തന്തന്മാര്‍ ക്യു നിന്ന് പെണ്ണിനെകാണിക്കാന്‍ കൊണ്ടുപോകാന്‍ നിന്ന മുറ്റത്ത് വഴിതെറ്റിപ്പോലും ഇപ്പോള്‍ഭിക്ഷക്കാര്‍ പോലും വരുന്നില്ല. എല്ലാം മുകളില്‍ ഇരുന്ന് ഒരുത്തന്‍ കാണുന്നുണ്ടല്ലോ.

എന്തെല്ലാം സ്വപ്നങ്ങളായിരുന്നു. പെണ്ണുകെട്ടടാ പെണ്ണുകെട്ടടാ എന്ന് നാട്ടുകാര്‍ പറഞ്ഞ പ്പോള്‍ താനല്‍‌പ്പം വെയ്‌റ്റിട്ടു നിന്നു എന്ന തെറ്റുമാത്രമേ താന്‍ ചെയ്തിട്ടുള്ളു. എന്നിട്ടിപ്പോള്‍ .. ആന പിടിച്ചാലും പോയ ബുദ്ധി തിരിച്ചു വരില്ലല്ലോ? ട്രയിനിയായിട്ട് കയറിയപ്പോള്‍ വിചാരിച്ചു ജൂനിയറാവട്ടേ എന്ന്,ജൂനിയര്‍ ആയപ്പോള്‍ വിചാരിച്ചു സീനിയറാവട്ടെ എന്ന് ,സീനിയര്‍ ആയപ്പോള്‍ വിചാരിച്ചു ടീം ലീഡറാവട്ടെ എന്ന്, ടീം ലീഡറായപ്പോള്‍ വിചാരിച്ചുപ്രോജക്ട് ലീഡറാവട്ടെ എന്ന് ... എന്നിട്ടവസാനം എന്താകാന്‍ ? ഒരു ദിവസം ഓഫീസില്‍ കമ്പ്യൂട്ടര്‍ ഓണാക്കാനായി പാസ്‌വേഡ് കൊടുത്തപ്പോള്‍ അതാ വരുന്നു ഒരു അറിയിപ്പ്, എച്ച് ആര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ചെന്ന് പാസ്‌വേഡ് ചെക്ക് ചെയ്യാന്‍ ... പാസ്‌വേഡിനായി കൈനീട്ടിയ തന്റെ കൈയ്യിലേക്ക് നെയില്‍ പോളീഷ് ഇട്ട് മിനുക്കിയ കൈകൊണ്ട് അവള്‍ തന്റെ കൈകളിലേക്ക് ഇടുത് യെല്ലോ സ്ലിപ്പ് ആണന്ന് മനസിലാക്കാന്‍ കുറച്ച് സമയം എടുത്തു. ചിന്തേരിട്ട് മിനുക്കി പോളീഷടിച്ച അവളുടെ മുഖത്ത് കണ്ടത് കൊലച്ചിരിയാണല്ലോ ? എന്നോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും എന്ന് പറയാതെ തന്നെ അവള്‍ പറഞ്ഞില്ലേ?

അവളുടെ മുഖത്തുനോക്കി രണ്ട് തെറിപറയാന്‍ തോന്നിയതാണ് .പിന്നത് വേണ്ടാന്ന് വച്ചു. ഏതായാലും അത് നന്നായി. അല്ലങ്കില്‍ താനിപ്പോള്‍ ഏതെങ്കിലും ജയിലില്‍ കിടന്നേനെ. “എടീ പെണ്ണേ ഞാന്‍ റബ്ബറുവെട്ടി ജീവിച്ചോളാം “എന്ന് മനസില്‍ പറഞ്ഞ് ഇറങ്ങി കഴിഞ്ഞപ്പോഴാണ് വീണ്ടു വിചാരം ഉണ്ടാവുന്നത്. റബ്ബറിനും വിലയില്ല. റബറു വിറ്റുകിട്ടുന്ന കാശ് വെട്ടുകാരനുപോലും കൊടുക്കാന്‍ തികയാത്തതുകൊണ്ട് വെട്ട് നിര്‍ത്തിയാണല്ലോ എന്ന് താനോര്‍ത്തില്ല.

നാട്ടിലെ വീട്ടില്‍ ചെന്ന് കയറിയപ്പോള്‍ കറണ്ട് ഇല്ലാതിരുന്നത് ഭാഗ്യം. തന്നെപ്പോലുള്ളവര്‍ വീട്ടില്‍ ചെന്ന് കയറാ‍നായിട്ടാണല്ലോ ലോഡ്‌ഷെഡിങ്ങ്.കരണ്ട് കട്ടുകൂടി ഇല്ലായിരുന്നെങ്കില്‍ എന്തായാനേ അവസ്ഥ.? കറണ്ട് കട്ട് കേരളത്തിന്റെ ശാപമാണന്ന് പറഞ്ഞ് നടന്ന തനിക്കിപ്പോള്‍ തോന്നുന്നുണ്ട് , ഉര്‍വ്വശി ശാപം ഉപകാരമായന്ന് . ഓരോ വര്‍ഷവും കഴിയുമ്പോഴും തനിക്ക് പെണ്ണിന്റെ തന്തമാര്‍ നീട്ടുന്ന ലക്ഷത്തിന്റെ ചാക്കുകളുംകാറുകളും എന്ത് സ്വപ്നം കണ്ടതാണ് . അതെല്ലാം മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണന്ന് തിരിച്ചറിയാന്‍ അല്പം വൈകിയോ ? കഴിഞ്ഞവര്‍ഷം ഇരുപന്തഞ്ച് ലക്ഷം വരെ വിലപറഞ്ഞ തനിക്കിപ്പോള്‍ അഞ്ചുപോലും ആരും പറയുന്നില്ലല്ലോ? യൂണിയന്‍ പണിക്ക് പോകുന്നവനും മണലു കട്ടുവാരാന്‍ പോകുന്നവനു പോലും പത്ത ലക്ഷം കൊടുത്തീട്ട് കൊത്തിക്കൊണ്ട് പോകാന്‍ പെണ്‍‌പിള്ളാരുടെ തന്തമാര്‍ ഇടിച്ചിടിച്ചു നില്‍ക്കുകയാണ് .ക്രൂഡോയിലിന് വിലകുറയുന്നതുപോലെ തന്നെപ്പോലുള്ളവര്‍ക്ക് വില ഇടിയുകയാണ് . ചുമ്മാതെ കൊടുക്കാമെന്ന് പറഞ്ഞാല്‍പ്പോലും ബാരലെടുക്കാന്‍ ആളുണ്ടാവാത്ത കാലം വരുമെന്ന് കേള്‍ക്കുമ്പോള്‍ നെഞ്ചിടിപ്പ് ശിവമണിയുടെ ഡ്രമ്മിനേക്കാള്‍ ഉച്ചത്തില്‍ കേള്‍ക്കാം.

ഞായറാഴ്ചത്തെ പത്രം വരാന്‍ കാത്തിരിക്കുകയാണ് . കാണുന്ന നമ്പരിലെല്ലാം വിളിച്ചിട്ടും ഒരു രക്ഷയും ഇല്ല. ഐ.റ്റി.ക്കാരനാണന്ന് പറഞ്ഞു തുടങ്ങേണ്ട താമസം അപ്പുറത്ത് ഫോണ്‍ വെച്ചിരിക്കും. താന്‍ തന്നെ ഒരു പരസ്യം കൊടുത്തിട്ട് എന്താഗതി ? ഒരൊറ്റ മറുപിടിയാണ് വന്നത്. എത്രയെത്ര ഡോക്ടര്‍മാര്‍ ക്യു നിന്നതാ‍ണ് ... ഐറ്റി ക്കാരികളെ തന്നെ നോക്കാമന്ന് വച്ചാല്‍ അവളുമാര്‍ക്കാര്‍ക്കും ഐറ്റിക്കാരന്മാരെ വേണ്ടാ .. ആരും അറിഞ്ഞു കൊണ്ട് ജീവിതം കോഞ്ഞാട്ടയാക്കത്തില്ലല്ലോ ? പണ്ടൊക്കെ തന്നെകാണുമ്പോള്‍ ബ്രോക്കറുമാര്‍ ഓടിയെത്തുമായിരുന്നു. കൈയ്യിലിരിക്കൂന്ന ഡയറിയില്‍ നിന്ന് പെണ്‍‌പിള്ളാരുടെ ഫോട്ടോ തുറന്ന് പിടിച്ചുതരുമായിരുന്നോ .. വെറുതെ കണ്ടോ എന്നായിരുന്നു പറഞ്ഞിരുന്നത്. “ചേട്ടോ നമുക്ക് പറ്റിയത് വല്ലതും കയ്യിലുണ്ടോ ?” എന്നിപ്പോള്‍ ചോദിച്ചാല്‍ അയാള്‍ക്ക് ഒരു പണിയില്ലങ്കിലും തിരക്കിട്ട് എങ്ങോട്ടെങ്കിലും പോകും. “സമയം മെനക്കെടുത്താതെ പോടാ...” എന്ന് മനസില്‍ പറഞ്ഞുകൊണ്ടായിരിക്കൂം പോകുന്നത്.

ഇപ്പോഴെത്തെ പെണ്‍‌പിള്ളാരെല്ലാം പുരോഗമന ചിന്താഗതിക്കാരാണത്രെ. പെണ്ണുകാണാന്‍ വരുന്ന ചെറുക്കന്റെ ഫുള്‍ ഹിസ്റ്ററിയും ജോഗ്രഫിയും അറിഞ്ഞതിനുശേഷമേ പെണ്ണുകാണാന്‍ സമ്മതിക്കുകയുള്ളത്രെ.. ജീവിതം കൈവിട്ടുകളിക്കാന്‍ ആരും തയ്യാറാവില്ലല്ലോ? ബയോഡേറ്റയില്‍ ഫെയ്ക്ക്ടിച്ച് എച്ച്.ആറിനെ പറ്റിക്കാമെങ്കിലും പെണ്ണുകാണലില്‍ ഒരു ഫെയ്ക്കും നടക്കില്ല. അവളുടെ ഇന്റ്‌ര്‍വ്യു കഴിയുമ്പോഴേക്കും കാര്യങ്ങളില്‍ ഒരു തീരുമാനമാകും. പിന്നീട് അറിയിക്കാം എന്നൊന്നും പറയില്ല. അന്നേരം തന്നെ ഉള്ള കാര്യം പറയും. ഉടനെ അടുത്ത പെണ്ണുകാണലിനു പോകാന്‍ പറ്റും. ഇവളെകിട്ടും ഇവളെകിട്ടുമായിരിക്കും എന്ന് പറഞ്ഞ് കാത്തിരിക്കേണ്ട....

ഇനിയും ഒരു പെണ്ണ്‌കെട്ടിയിട്ടേയുള്ളു ബാക്കി കാര്യം എന്ന് അവന്‍ ഉറപ്പിച്ചു. ഇത്രയും കാലം താന്‍ പെണ്ണുകാണലിനു കണ്ട പെണ്‍‌പിള്ളാരോട് ചോദിച്ച ചോദ്യങ്ങള്‍ , തന്റെ സങ്കല്പങ്ങള്‍, തന്റെ ആവിശ്യങ്ങള്‍ അവന്‍ ഓര്‍ത്തു..
ചിക്കന്‍65, തന്തൂരി ചിക്കന്‍ ,ബട്ടര്‍ ചിക്കന്‍ എന്നിവയൊക്കെ ഉണ്ടാക്കാന്‍ അറിയാമോ ?കാറോടിക്കാന്‍ അറിയാമോ ?

പാര്‍ട്ടികളില്‍ തന്നോടൊപ്പം പങ്കെടുക്കുമ്പോള്‍ ഡാന്‍സ് ചെയ്യാന്‍ അറിഞ്ഞിരിക്കണം ?

കടകളില്‍ നിന്ന് സാധനം വാങ്ങിക്കഴിയുമ്പോള്‍ ബാലന്‍സ് ഉണ്ടങ്കില്‍ അത് വാങ്ങരുത് ..

വിലപേശി സാധനങ്ങള്‍ വാങ്ങരുത് ...

ഉറങ്ങുമ്പോള്‍ കിടപ്പുമുറിയിലെ ഒഴിച്ച് മറ്റ് മുറിയിലെ ലൈറ്റുകള്‍ ഓഫാക്കരുത് ...

കിച്ചണില്‍ നില്‍ക്കുമ്പോഴും പട്ടുസാരി ഉടുത്തിരിക്കണം ...

എല്ലാ ആഴ്ചയിലും തന്നോടൊപ്പം സിനിമയ്ക്ക് വന്നിരിക്കണം...

എല്ലാ ദിവസവും വൈകിട്ട് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് മാത്രമേ ഡിന്നര്‍ കഴിക്കാവൂ ....


കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം അവനൊരു പെണ്ണുകാണല്‍ വന്നു. സിസിക്കാര് ഹോണ്ടാസിറ്റി കൊണ്ടു പോയതുകൊണ്ട് ടാക്സിവിളിക്കാമെന്ന് വച്ചാല്‍വാടക കൊടുക്കാന്‍ കാശില്ലാത്തതുകൊണ്ട് ബസ് തന്നെ ശരണം . വിയര്‍ത്തുകുളിച്ച് പെണ്ണിന്റെ വീട്ടിലെത്തി. ചായയുമായി പെണ്ണ് വന്നപ്പോള്‍ അവളോട് ചോദിക്കാനുള്ള ചോദ്യങ്ങള്‍ അവന്‍ മനസില്‍ ഉറപ്പിച്ചു കൊണ്ട് അവന്‍ എഴുന്നേറ്റു.

ഉള്ളിയും മുളകും വച്ച് ചമ്മന്തി അരയ്ക്കാന്‍ അറിയാമോ ?

സൈക്കള്‍ ഓടിക്കാന്‍ അറിയാമോ ? സൈക്കിള്‍ ഓടിക്കാന്‍ അറിയില്ലങ്കിലും കാരിയറില്‍ ഇരിക്കാന്‍ അറിയണം..

പാര്‍ട്ടികളിലോ ആഘോഷങ്ങളിലോ പങ്കെടുക്കാന്‍ പോകരുത്..

സാധനങ്ങള്‍ വിലപേശിമാത്രമേ വാങ്ങാവൂ ...

പത്തുപൈസായേ ബാലന്‍സ് തരാനുള്ളൂ എങ്കിലും കടയില്‍ നിന്ന് ബാലന്‍സ് വാങ്ങിയിരിക്കണം..

കഴിവതും വൈദ്യുതി ഉപയോഗിക്കരുത് ...

എല്ലാ ദിവസവും വൈകിട്ട് കഞ്ഞിഉണ്ടാക്കണം..

ചേമ്പിന്‍‌താള്‍ , തഴുതാമ, കൈയ്യാല ചീര, ചേനതണ്ട് ,ഓമയ്ക്ക തുടങ്ങിയ പോഷകമേറിയ പച്ചക്കറികള്‍ കൊണ്ട് മാത്രം കൂട്ടാന്‍ വയ്ക്കുക...


എല്ലാം അവള്‍ കേട്ടു. എല്ലാം അവള്‍ക്ക് സമ്മതം. അവസാ‍നം അവള്‍ ഒരു ചോദ്യം അവനോട് ചോദിച്ചു.
“തെങ്ങില്‍ കയറാന്‍ അറിയാമോ...?”
“ഇല്ല ..” അവന്‍ പറഞ്ഞു.“
"എന്നാല്‍ അത് പഠിക്കണം... ഒരു തെങ്ങില്‍ കയറുന്നതിന് രൂപാ ഇരുപതാ കൂലി...” അവള്‍ പറഞ്ഞു.

അവന്‍ അവളോട് യാത്രപറഞ്ഞിറങ്ങി. എത്രയും പെട്ടന്ന് തെങ്ങുകയറ്റ കോളേജില്‍ ചേരുകതന്നെ...



Monday, August 11, 2008

www.വാവാമാളു.കോം (www.vavamalu.com) : നീണ്ടകഥ

(www.vavamalu.com ല്‍ ക്ലിക്ക് ചെയ്തു നോക്കേണ്ട...എല്ലാം സാങ്കല്പികമാണ് )
സിറ്റി ഹോസ്പിറ്റലിലെ നാനൂറ്റി പന്ത്രണ്ടാം നമ്പര്‍ മുറിയിലെ ജനാലയില്‍ കൂടി വെളിയിലേക്ക് നോക്കിപാര്‍വതി നിന്നു.നഗരത്തിന്റെ തിരക്ക് അവളുടെ കണ്ണില്‍ പ്രതിഫലിച്ചില്ല.നാലുവര്‍ഷങ്ങള്‍ക്ക് മുമ്പ്അവള്‍ നഗരത്തിന്റെ തിരക്കില്‍ അലിഞ്ഞ് ചേരാന്‍ ആഗ്രഹിച്ചിരുന്നു. ആഗ്രഹമായിരുന്നില്ല. നഗരത്തിന്റെതിരക്കിന്റെ ഭാഗംതന്നെ ആയിരുന്നു അവള്‍.ഒരിക്കല്‍ മോഹിപ്പിച്ചിരുന്ന നഗരത്തിന്റെ തിരക്ക് അവളില്‍ഇപ്പോള്‍ വീര്‍പ്പുമുട്ടല്‍ ഉണ്ടാക്കുന്നു.നഗരത്തിലെ തിരക്കില്‍ നിന്ന് കണ്ണുകള്‍ പിന്‍‌വലിച്ച് അവള്‍ കസേരയില്‍വന്നിരുന്നു.ടേബിളിലെ വച്ചിരുന്ന ഫ്ലാസിക്കില്‍ നിന്ന് ചായ കപ്പിലേക്ക് ഒഴിച്ചു.മേശപ്പുറത്ത് നിന്ന് ‘ദി ഹിന്ദു’എടുത്ത് ഓടിച്ചുനോക്കി.എഡിറ്റോറിയില്‍ പേജിലെ ഫീച്ചറില്‍ അവളുടെ കണ്ണുകള്‍ തടഞ്ഞു.യൂനിസഫിന്റെഅവാര്‍ഡ് നേടിയ ഒരു വെബ്‌സൈറ്റി നെക്കുറിച്ചുള്ള ഒരു ഫീച്ചറായിരുന്നു അത് , http://www.vavamalu.com/ .വെബ്‌സൈറ്റിന്റെ ഹോംപേജിന്റെ ചിത്രവും അതില്‍ കൊടുത്തിരുന്നു.ഒരു പെണ്‍കുഞ്ഞിന്റെ പുഞ്ചിരിക്കുന്ന ചിത്രം.ആ കുഞ്ഞില്‍ അവളുടെകണ്ണ് ഉടക്കിനിന്നു.ഒരു പെണ്‍കുട്ടി ഗര്‍ഭിണി ആകുന്നതുമുതല്‍ കുഞ്ഞിന്റെ ഓരോ വളര്‍ച്ചാഘട്ടങ്ങളുംകുഞ്ഞുങ്ങളെ എങ്ങനെ വളര്‍ത്തണമെന്നുമുള്ള വിശദ വിവരങ്ങളായിരുന്നു ആ സൈറ്റ് .അവള്‍ ആ ഫീച്ചര്‍വായിക്കാന്‍ തുടങ്ങി. അറിയാതെ അവളുടെ കണ്ണ് നിറഞ്ഞു.ഫീച്ചറിന്റെ അവസാനഭാഗത്ത് വെബ്‌സൈറ്റ് ഉണ്ടാക്കിയ ആളെക്കുറിച്ചുള്ള വിവരണവും ഉണ്ടായിരുന്നു.

ഡോര്‍ബെല്‍ ശബ്ദ്ദിച്ചപ്പോള്‍ കണ്ണുകള്‍ തുടച്ച് അവള്‍ കതക് തുറന്നു.വാതിക്കല്‍ പ്രസന്നമായ ചിരിയോടെഡോക്ടര്‍ അനുപമ.പാര്‍വതിയുടെ കണ്ണുകളിലെ ചുവപ്പ് അനുപമ തിരിച്ചറിഞ്ഞു. “ഈശ്വരന്റെ നിശ്ചയങ്ങള്‍തടുക്കാന്‍ ആവില്ല പാര്‍വതീ നമുക്ക് “അനുപമയുടെ ആശ്വാസവചനങ്ങള്‍ അവളില്‍ കുറ്റബോധത്തിന്റെകൂരമ്പകളായി പതിച്ചു.ഈശ്വരനിശ്ചയം തട്ടിത്തെറിപ്പിച്ചതിന്റെ ശിക്ഷയാണോ താനിപ്പോള്‍ അനുഭവിക്കുന്നത്?ഒന്നും വേണ്ടായിരുന്നു.തന്റെ സ്വപ്നങ്ങള്‍ക്ക് വിലയായി നല്‍കേണ്ടിവന്നത് തന്റെ ജീവിതം തന്നെയല്ലേ?താനൊന്നും നേടിയില്ല.തന്റെ ജീവിതം ഇപ്പോള്‍ പൂജ്യമാണ്.വലിയ ഒരു പൂജ്യം.

പാര്‍വതി കട്ടിലില്‍ വന്ന് കിടന്നു.ശബ്ദ്ദത്തോടെ കറങ്ങുന്ന ഫാനിന്റെ കാറ്റില്‍ ജനാലയിലൂടെ താഴേക്ക്പറന്നുപോയിരുന്നെങ്കില്‍.... ഓരോ ശബ്ദ്ദവും തന്നെ ഭയപ്പെടുത്തുന്നു.അടുത്തമുറിയില്‍ നിന്ന് ഒരു കുഞ്ഞിന്റെകരച്ചില്‍ കേള്‍ക്കുന്നു.ആരോ പാട്ടുപാടി കുഞ്ഞിനെ ഉറക്കാന്‍ ശ്രമിക്കുന്നു. പക്ഷേ കുഞ്ഞ് കരച്ചില്‍ നിര്‍ത്തുന്നില്ല.കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍ പാര്‍വതി ചെവികള്‍ പൊത്തി.കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍ജനാലയില്‍ക്കൂടി പുറത്തേക്ക് ചാടിയാലോ എന്നുപോലും അവള്‍ ചിന്തിച്ചു.ഇല്ല തനിക്ക് ഈ കരച്ചിലില്‍ നിന്ന്രക്ഷപെടാന്‍ സാധിക്കുകയില്ല. ജീവിതാവസാനംവരേയും ഈ കരച്ചില്‍ തന്നെ വേട്ടയാടും.അവള്‍ തന്റെ അടിവയറിലേക്ക്കൈകള്‍ കൊണ്ടുവന്നു.ഒരിക്കല്‍ തന്റെ ഗര്‍ഭപാത്രത്തിലും ജീവന്റെ ഒരു തുടിപ്പ് ഉണ്ടായിരുന്നു. കൊടിലുകളുടെശബ്ദ്ദം..രാക്ഷസകൈകള്‍ പോലെ ജീവനെ ഞെരിഞ്ഞമര്‍ത്താന്‍ കൊടിലുകള്‍ ഗര്‍ഭപാത്രത്തിലേക്ക് .... വീണ്ടും കുഞ്ഞ് കരയുന്ന ശബ്ദ്ദം.അവളുടെ കണ്ണ് നിറഞ്ഞൊഴുകി.കണ്ണുകള്‍ അടച്ചു അവള്‍ കിടന്നു.രൂപമില്ലാത്ത ഒരുകുഞ്ഞിന്റെ നിലവിളി അവളുടെ കാതില്‍ മുഴങ്ങി.അവള്‍ കിടക്കയില്‍ നിന്ന് ചാടി എഴുന്നേറ്റു.

വീണ്ടും അവള്‍ പത്രം എടുത്തു.വെബ്‌സൈറ്റ് നിര്‍മ്മിച്ച ആളുടെ അഡ്രസ്സിലെ ഫോണ്‍ നമ്പരിലേക്ക് അവള്‍വിളിക്കാന്‍ ശ്രമിച്ചു.ഫോണ്‍ സ്വിച്ച് ഓഫ് ആണ് .എത്രയും പെട്ടന്ന് തനിക്കയാളെ ഒരിക്കല്‍ കൂടി കാണണം.ഒരിക്കല്‍ തനിക്കയാള്‍ എല്ലാമായിരുന്നു.കുറച്ചുനാളുകളേ ആയാളോടൊത്ത് കഴിഞ്ഞുള്ളു വെങ്കിലും ജീവിതാവസാനംവരെ ഓര്‍മ്മിക്കാനുള്ള നല്ല നിമിഷങ്ങള്‍ മാത്രം തന്നവന്‍ .പക്ഷേ ...വിധി !വിധി അല്ല ..എല്ല്ലാം തന്റെ സ്വാര്‍ത്ഥതആണ് .ലോകം വെട്ടിപ്പിടിക്കാനുള്ള വെമ്പലില്‍ തനിക്ക് നല്‍കേണ്ടിവന്നത് ജീവിതമാണ് .ഒരിക്കലും തിരിച്ചുകിട്ടാനാവാത്തവിധം തരിപ്പണമായ ജീവിതം.അവള്‍ വീണ്ടും അയാളുടെ നമ്പര്‍ ഡയല്‍ ചെയ്തു.ഫോണ്‍ബെല്ലടിക്കുന്നുണ്ട്.

“ഹലോ..”ഒരു കുഞ്ഞിന്റെ ശബ്ദ്ദം.അവള്‍ ഒന്നും പറയാതെ നിന്നു.

“ഹലോ..ആരാവിളിക്കുന്നത് ?... ഇത ഞാനാ വാവാമാളൂ...അച്ഛന്‍ കിച്ചനിലാ ......”.

”സോറി,റോംങ്ങ് നമ്പര്‍ “അവളങ്ങനെപറഞ്ഞുകൊണ്ട് കോള്‍ കട്ട് ചെയ്തു.

മാളു !!!

ഇതുതന്നെ ആയിരുന്നല്ലോ ജിനോ തങ്ങളുടെ കുഞ്ഞിന് ഇടണമെന്ന്തന്നോട് എപ്പോഴും പറയാറുള്ള പേര് .“എന്റെ പാറൂ ,മാളൂന്ന് വിളിക്കാന്‍ എന്താ രസം...മുടിഒക്കെ പിന്നിയിട്ട്നിന്നെപ്പോലെ ചിരിക്കുന്ന ഒരു കുഞ്ഞ്...അവളെ നമ്മുടെ നടുക്ക് കിടത്തി കെട്ടിപ്പിടിച്ചുറങ്ങാന്‍ എന്തായിരിക്കും രസം...” ജിനോയുടെ വാക്കുകള്‍ കാതില്‍ മുഴങ്ങുന്നു...മാളുവും ജിനോയും ഒക്കെ തന്നില്‍ നിന്ന് ഒരുപാട് അകലെആയിരിക്കുന്നു.ഒരിക്കലും വിളക്കിച്ചേര്‍ക്കാനാവാത്ത കണ്ണികള്‍ പോലെ താനും ജിനുവും അകന്നിരിക്കുന്നു.ഇനിവയ്യ...ജിനുവിനെ കാണാതിരിക്കാന്‍ വയ്യ.....എത്രയും പെട്ടന്ന് അവനെ കാണണം...വെറുതെ ഒന്നു കാണാന്‍വേണ്ടി മാത്രം....അവള്‍ പത്രത്തിലെ ഫീച്ചറില്‍ നിന്ന് അയാളുടെ അഡ്രസ്സ് കീറിയെടുത്തു.അവള്‍ വണ്ടിയുടെതാക്കോലും എടുത്ത് കൊണ്ട് വെളിയിലേക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ മുന്നില്‍ അനുപമ.

”നീ എങ്ങോട്ടാണ് പോകുന്നത് ?”അനുപമയുടെ ചോദ്യത്തിന് ഉടനെ വരാം എന്ന് അവള്‍ മറുപിടി പറഞ്ഞു.
”അധികം സ്‌ട്രയിന്‍എടുക്കേണ്ട..”എന്ന് അനുപമയുടെ ഓര്‍മ്മപ്പെടുത്തല്‍ കേട്ടില്ലന്ന് നടിച്ച് അവള്‍ ഇറങ്ങി.

നഗരത്തിലെ തിരക്കിലൂടെ അയാളുടെ അഡ്രസ്സ് തേടി വണ്ടി ഡ്രൈവ് ചെയ്യുമ്പോള്‍ അവളുടെ മനസ്സ് പുറകിലേക്ക് പാഞ്ഞു.

ജിയോ ഇന്‍ഫോടെക് ! കണ്ണാടികൂട്ടില്‍ എസിയുടെ തണുപ്പിലും തന്റെ മുന്നില്‍ ഇരുന്ന് വിയര്‍ക്കുന്ന അയാളെ പാര്‍വതി നോക്കി.

“ലുക്ക്,മിസ്റ്റ്‌ര്‍.ജിനോ,ഞാന്‍ നിങ്ങളുടെ പ്രൊജക്ട് ലീഡറാണ് .നിങ്ങള്‍ വരുത്തുന്ന ഓരോ ബഗ്ഗിനും ഞാനാണ്ഉത്തരം പറയേണ്ടത് ...നിങ്ങള്‍ക്ക് കുറച്ചുകൂടി ശ്രദ്ധിച്ചാല്‍ എന്താണ് ?കുറേ നാളായല്ലോ ഈ പരിപാടി തുടങ്ങിയിട്ട് ഇത്തരം ചെറിയ എറര്‍ പോലും ഇല്ലാതാക്കി ചെയ്യാന്‍ പറ്റുന്നില്ലങ്കില്‍.....”

അയാള്‍ ഒന്നും പറയാതെ തന്റെക്യാബിനില്‍ നിന്ന് എഴുന്നേറ്റ് പോയി അയാളുടെ ക്യാബിനിലേക്ക് പോയി ഇരിക്കുന്നത് അവള്‍ കണ്ടു.അയാള്‍പോയി കഴിഞ്ഞതിനു ശേഷമാണ് അത്രയ്ക്ക് ഒന്നും പറയേണ്ടിയിരുന്നില്ലന്ന് തോന്നിയത്.അയാള്‍ ഓണ്‍ലൈനില്‍ഉണ്ടോ ഒന്ന് അവള്‍ നോക്കി.ഇല്ല സൈന്‍ ഔട്ട് ചെയ്തിരിക്കുന്നു.അവള്‍ വേഗം മൊബൈല്‍ എടുത്ത് ഒരു മെസ്സേജ് ടൈപ്പ് ചെയ്തു അയാളുടെ സെല്ലിലേക്ക് അയച്ചു.”സോറി.ജിനോ..”.അയാള്‍ ക്യാബിനില്‍ നിന്ന് എഴുന്നേറ്റ് പോകുന്നത്അവള്‍ കണ്ടു.

ലഞ്ച് കഴിഞ്ഞിട്ടും ജിനോ തിരിച്ചെത്തിയില്ല.അവള്‍ ഡെയ്‌ലി ഷീറ്റ് എടുത്ത് നോക്കി.ജിനോ ഹാഫ് ഡേലീവ്എടുത്തിട്ടുണ്ട്.അവള്‍ അയാളുടെ സെല്ലിലേക്ക് വിളിച്ചുനോക്കി.റിംങ്ങ് ചെയ്യുന്നുണ്ടങ്കിലും എടുക്കുന്നില്ല.അവള്‍ തന്റെക്യാബിനില്‍ നിന്ന് എഴുന്നേറ്റ് ജിനോയുടെ ക്യാബിന്റെ അടുത്ത ക്യാബിലേക്ക് ചെന്നു.

“ജിനോ എന്തേ ലീവ് എടുത്തത് ?”അവള്‍ ചോദിച്ചു.

“മാഡം പറഞ്ഞത് അവന് ഫീല്‍ ചെയ്തിട്ടുണ്ട് ...ഇവിടെ ഇരുന്നാലും ഒന്നും ചെയ്യാന്‍ പറ്റത്തില്ലന്ന്പറഞ്ഞ് ലീവ് എടുത്തതാ...”

“റൂമിലേക്കാണോ പോയത് ?”

“റൂമിലോട്ടാവാന്‍ വഴിയില്ല.... മറൈന്‍ ഡ്രൈവില്‍ കാണും ...”

അവള്‍ തിരിച്ച് തന്റെ ക്യാബിനില്‍ വന്നിട്ട് പ്രൊജ്‌ക്ട് മാനേജരെ വിളിച്ച് താന്‍ ഹാഫ് ഡേ ലീവ് എടുക്കുകയാണന്ന് പറഞ്ഞു.സിസ്റ്റം ഡൌണ്‍ ചെയ്ത് അവള്‍ എഴുന്നേറ്റു.മറൈന്‍ ഡ്രൈവിലെ തിരക്കില്‍ നിന്നൊഴിഞ്ഞ് കായലിന്റെ കല്‍ക്കെട്ടില്‍ഇരുന്ന് നങ്കൂരമിട്ട്കിടക്കുന്ന കപ്പലിലേക്ക് നോക്കി ഇരിക്കുന്ന ജിനോയെ കണ്ടു.

കൂടുതല്‍ കൂടുതല്‍ പരിചയപ്പെടുമ്പോള്‍ തന്റെ മനസ്സിലേക്ക് ജിനോ കൂടുതല്‍ കൂടുതല്‍ അടുക്കുകയാ ണന്ന് പാര്‍വതിക്ക്മനസ്സിലായി.

”തനിക്ക് വട്ടാ പാര്‍വതീ...നിനക്കീ ലോകത്തെക്കുറിച്ച് ഒന്നും അറിയില്ല.. അതെങ്ങനാ.. ബിടെക്കിന്പഠിക്കുമ്പോള്‍ തന്നെ കമ്പിനിയില്‍ കയറിയതല്ലേ...നീ എന്നെങ്കിലും പത്തമ്പത് മനുഷ്യരെ ഒരുമിച്ച് കണ്ടിട്ടുണ്ടോ?വീട് വിട്ടാല്‍ കമ്പിനി..കമ്പിനി വിട്ടാല്‍ വീട്..ഇതല്ലേ നിന്റെ ലോകം..നീ ഞങ്ങളെ ഇട്ട് ചാടിക്കുന്നതുപോലെയല്ല ജീവിതം..”

ജിനോയുടെ കാഴ്ചപ്പാടിലൂടെ തന്റെ ലോകവും മാറുകയായിരുന്നു.

“എന്റെ പൊന്നേ ,ഡേറ്റാബേസ് ഡിസൈന്‍ ചെയ്ത്ഫ്ലോചാര്‍ട്ടും വരച്ച് കോഡ് എഴുതി എററും തിരുത്തി ഇപ്ലിമെന്റേഷന്‍ ചെയ്യുന്നതുപോലെയല്ല ജീവിതം...ജീവിതത്തില്‍എറര്‍ അടിച്ചു കഴിഞ്ഞാല്‍ അത് മാറ്റാന്‍ ഭയങ്കരപാടാ....”.

”പാറൂ ,നമ്മളുതമ്മില്‍ ഒരിക്കലും ചേരത്തില്ല...“മട്ടാഞ്ചേരിയിലെചീനവലകളും നോക്കി ഇരിക്കുമ്പോഴാണ് ജിനോ പറഞ്ഞത് .

”ജിനോയ്ക്ക് എന്നെ ഇഷ്ടമല്ലങ്കില്‍ അതുപറഞ്ഞാല്‍ മതി?”താന്‍ ദേഷ്യപ്പെട്ടു.

“ഇതു തന്നെയാണ് ഞാന്‍ പറഞ്ഞത് നമ്മളുതമ്മില്‍ ചേരത്തില്ലന്ന് ...എന്തുപറഞ്ഞാലും താന്‍ ദേഷ്യപ്പെടും..ഓലപ്പീപ്പി ഊതി നടക്കേണ്ട സമയത്ത് കമ്പ്യൂട്ടറില്‍ ഇരുന്ന് കളിച്ചതിന്റെ കുഴപ്പമാ....”.താന്‍ എഴുന്നേറ്റ് കല്ലുപാകിയ വഴിയിലൂടെകടല്‍ത്തീരത്തുകൂടെ നടന്നു.ജിനോ തന്റെ കൂടെ വരുമെന്ന് അറിയാമായിരുന്നു.

നാലഞ്ചുമാസങ്ങള്‍ക്ക് ശേഷം വിവാഹം.വീട്ടില്‍ അറിഞ്ഞപ്പോള്‍ വലിയ ബഹളം.ഡാഡിയും മമ്മിയും ഇങ്ങനെയൊരുമോളില്ലന്ന് വരെ പറഞ്ഞു.ജിനോയുടെ വീട്ടിലെ എതിര്‍പ്പ് ഒരാഴ്ചയേ ഉണ്ടായുള്ളു. കുറച്ചുനാളുകള്‍ക്ക് ശേഷം തന്റെ ഡാഡിയുംമമ്മിയും കാണാന്‍ എത്തി. ആറുമാസ ത്തോളം ഒരു പ്രശ്നവും ഇല്ലാതെ ജീവിതം മുന്നോട്ട് നീങ്ങി.ജിനോ പുതിയ കമ്പിനിയിലേക്ക്മാറി.താന്‍ പ്രെഗ്‌നന്റ് ആണന്ന് അറിഞ്ഞ ദിവസം ജനാലയില്‍ക്കൂടി വരുന്ന നിലാവെളിച്ചത്തില്‍ കിടക്കുമ്പോള്‍ ജിനോപറഞ്ഞു..

“ഇത് പെണ്‍കുട്ടി ആയിരിക്കും.നമുക്കിതിന് മാളൂന്ന് പേരിടണം. മാളൂന്ന് വിളിക്കാന്‍ എന്താ രസം...മുടിഒക്കെ പിന്നിയിട്ട്നിന്നെപ്പോലെ ചിരിക്കുന്ന ഒരു കുഞ്ഞ്...അവളെ നമ്മുടെ നടുക്ക് കിടത്തി കെട്ടിപ്പിടിച്ചുറങ്ങാന്‍ എന്തായിരിക്കും രസം...”ജിനോയുടെ വാക്കുകള്‍ തന്നെ സന്തോഷിപ്പിച്ചില്ല.

മൂന്ന് മാസങ്ങള്‍ക്ക് ശേഷം ജിനോ വരുമ്പോള്‍ താന്‍ ഫ്ലാറ്റില്‍ തന്നെഉണ്ടായിരുന്നു.അന്ന് രാ‍ത്രി കിടക്കു മ്പോള്‍ താന്‍ വിഷയം അവതരിപ്പിച്ചു.അമേരിക്കന്‍ ഡിഫന്‍സിന്റെ ഒരു പ്രൊജ്‌ക്ട്കമ്പിനിക്ക് കിട്ടിയി രിക്കുന്നു.ഇന്‍‌ഡ്യയിലെ ഒരു കമ്പിനിക്കും ഇങ്ങനെയൊരു ഓപ്പര്‍ച്യൂണിറ്റികിട്ടിയിട്ടില്ല.താനും ആ പ്രൊജ്‌ക്ട് ടീമില്‍ ഉണ്ട് .ജിനോ തന്നെ ഒന്നു നോക്കി.അതിന് തനെന്താ ചെയ്ത് തരേണ്ടത് എന്നാണ് അതിന്റെ അര്‍ത്ഥം.

“നമുക്കുടനെ ഒരു കുഞ്ഞ് വേണോ?നമുക്കിതിനെ അബോര്‍ട്ട് ചെയ്യാം.“പറഞ്ഞുതീരുന്നതിനുമുമ്പേ ജിനോ ചാടി എഴുന്നേറ്റ്തന്റെ മുഖത്ത് അടിച്ചു.

ജിനോ തന്നെയാണ് തന്റെ ഡാഡിയേയും മമ്മിയേയും വിളിച്ച് പറഞ്ഞത്.അവര്‍ രാത്രിയില്‍ തന്നെ ഓടിയെത്തി. അവരുടെ വാക്കുകളും താന്‍ ചെവിക്കൊണ്ടില്ല.തനിക്ക് വലുത് തന്റെ കരിയര്‍ തന്നെയാണന്ന് തീര്‍ത്ത് പറഞ്ഞപ്പോള്‍ജിനോ ഒന്നും പറയാതെ റൂം വിട്ടിറങ്ങി.അമേരിക്കന്‍ പ്രൊജ്‌ക്ടിനെക്കുറിച്ച് പത്രങ്ങളിലും ചാനലുകളിലും ഫീച്ചര്‍ വന്നു.അമേരിക്കയില്‍ എത്തിക്കഴിഞ്ഞ പ്പോഴാണ് താന്‍ തന്റെ ജീവിതമാണ് ഇല്ലാതാക്കിയതന്ന് മനസ്സിലാക്കിയത്.വീട്ടില്‍ നിന്ന് പോലും ഒരു ഫോണ്‍കോള്‍ എത്തുമെന്ന് കരുതി.അതുണ്ടായില്ല.വീട്ടിലേക്ക് വിളിക്കുമ്പോഴെല്ലാംതന്റെ ശബ്ദ്ദം ആണന്ന് ഉറപ്പാണങ്കില്‍ ഡാഡിയും മമ്മിയും ഫോണ്‍ കട്ടുചെയ്തു.മൂന്നരവര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കയില്‍നിന്ന് പ്രൊജ്‌ക്ട് തീര്‍ത്ത് മടങ്ങി.നാട്ടിലെത്തിയിട്ട് ഒരിക്കല്‍ പോലും ഡാഡിയും മമ്മിയും കാണാന്‍ എത്തിയില്ല.ജിനോയെക്കുറിച്ച് അറിയാവുന്നവര്‍ വഴി അന്വേഷിച്ചുവെങ്കിലും അവര്‍ക്കാ ര്‍ക്കും ജിനോയെക്കുറിച്ച് അറിയില്ലായിരുന്നു.അതോഅറിയാമായിരുന്നിട്ടും അവരെല്ലാം അറിയാത്ത ഭാവം നടിക്കുവായിരുന്നോ?കമ്പിനിയില്‍ എത്തിയപ്പോള്‍ പഴയ ആളുകള്‍ആരു ഇല്ല.എല്ലാം പുതിയ ആളുകള്‍..ജീവിതത്തോട് തന്നെ വെറുപ്പു തോന്നിത്തുടങ്ങി.

വയറ്റില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന വേദന അസഹനീയമായിത്തുടങ്ങിയപ്പോഴാണ് ഡോക്ടറെ കാണാന്‍ തീരുമാനിച്ചത്.പരിശോധനാഫലം വന്നപ്പോള്‍ ജീവിതം തന്നെ അവസാനിക്കുന്നതായി തോന്നി. യൂട്രസില്‍ ചെറിയ ഒരു ഗ്രോത്ത്.യൂട്രസ് ഓപ്പറേറ്റ് ചെയ്ത് മാറ്റുകമാത്രമാണ് പോംവഴി എന്ന് കേട്ടപ്പോള്‍ ജീവിതം അവസാനിക്കുന്നതായി തോന്നി.ഗര്‍ഭപാത്രത്തില്‍ ഉരുവായ ജീവനെ നശിപ്പിച്ചതിന് ദൈവം നല്‍കിയ ശിക്ഷയാണോ ഇത്.ഓപ്പറേഷന്‍ ടേബിളില്‍കിടക്കുമ്പോള്‍ ഒരിക്കലും ഇനി ജീവിതത്തിലേക്ക് മടക്കി വരത്തല്ലേ എന്ന് ഈശ്വരന്മാരോട് മനംനൊന്ത് പ്രാര്‍ത്ഥിച്ചുവെങ്കിലും അവര്‍ അത് കേട്ടില്ല.ജിനോയുടെ കാലുകളില്‍ വീണ് മാപ്പ് പറയാന്‍ ശ്രമിച്ചുവെങ്കിലും അതിനും കഴിഞ്ഞില്ല.

പത്രത്തില്‍ നിന്ന് കിട്ടിയ അഡ്രസ്സില്‍ പറഞ്ഞിരിക്കുന്ന ഫ്ലാറ്റില്‍ പാര്‍വതി എത്തി.ഫ്ലാറ്റുകളില്‍ നിന്ന് തിരക്കിട്ട്പുറത്തേക്ക് പോകുന്ന മുഖങ്ങളില്‍ പലതും തനിക്ക് പരിചിതമാണന്ന് അവള്‍ക്ക് മനസ്സിലായി. എല്ലാവരും മന:പൂര്‍വ്വം തന്നെ ഒഴിവാക്കുകയായിരുന്നു.അവള്‍ വരണ്ടചിരി ചുണ്ടുകളില്‍ വരുത്തിയെങ്കിലും തിരിച്ച് ഒരുചിരിയും ആരില്‍ നിന്നും കിട്ടിയില്ല.അഡ്രസിലെ ഫ്ലാറ്റില്‍ എത്തി അവള്‍ ബെല്ലടിച്ചു കാത്തുനിന്നു.

“ആരാ...”അകത്ത് നിന്ന് ഒരു പെണ്‍കുട്ടിയുടെ ശബ്ദ്ദം.അവള്‍ നിശബ്ദ്ദയായി കാത്തുനിന്നു.

ഡോര്‍തുറന്നുഒരു കൊച്ചുപെണ്‍കുട്ടി പുറത്തുവന്നു.അവളുടെ മുടി രണ്ട് വശത്തേക്കും പിന്നി ഇട്ടിരുന്നു.

“ആരാ....”അവള്‍ ചോദിച്ചു.

താന്‍ ആരാണന്ന് പറയാന്‍ പാര്‍വതിക്ക് അറിയില്ലായിരുന്നു.

“ആരാ മാളൂ ..?”അകത്ത് നിന്ന് കേള്‍ക്കുന്ന ശബ്ദ്ദം ജിനോയുടെ ആണന്ന് തിരിച്ചറിയാന്‍ പാര്‍വതിക്ക് ഒട്ടും സമയംവേണ്ടായിരുന്നു.

“മോടെ മമ്മിയുടെ കൂട്ടിരിക്കുന്ന ഒരാന്റിയാ പപ്പാ...”കൊച്ചുകുട്ടിവിളിച്ചുപറഞ്ഞു.

“ഇരിക്കാന്‍ പറ...പപ്പ ഇതാ വരുന്നു..”

“ആന്റി കയറി ഇരിക്ക് ...”കൊച്ചുകുട്ടി അവളെ അകത്തേക്ക് ക്ഷണിച്ചു.അവള്‍ അകത്തേക്ക് ഇരുന്നു.താന്‍ വെബ്‌സൈറ്റില്‍കണ്ട ഫോട്ടോ ഈ കുട്ടിയുടെ ആണന്ന് പാര്‍വതിക്ക് മനസ്സിലായി.
“മോടെ പേരെന്താ....?”പാര്‍വതി ചോദിച്ചു.

“മാളൂന്ന് .... എന്നെ എല്ലാവരും വിളിക്കുന്നത് വാവാമാളൂന്നാ....”കുഞ്ഞ് തന്റെ നിഷകളങ്കമായ ചിരിയോടെ പറഞ്ഞു.

പാര്‍വതി ഹാലിലെ ഭിത്തികളിലൂടെ കണ്ണുകള്‍ പായിച്ചു.ഭിത്തിയില്‍ കുഞ്ഞിന്റെ വിവിധ ഭാവത്തിലുള്ള ഫോട്ടോകള്‍.

“മോടെ മമ്മിയെന്തിയേ...?”പാര്‍വതിചോദിച്ചു.

“മമ്മി ജോലിക്ക് പോയി.... അങ്ങ് ദൂരയാ മാളൂന്റെ മമ്മിക്ക് ജോലി...ഞാന്‍ വേണമെങ്കില്‍ മമ്മിയുടെ ഫോട്ടോകാണിക്കാം...”.അവള്‍ കുണുങ്ങി കുണുങ്ങി അകത്തേക്ക് പോയി ഫോട്ടായുമായി വന്നു.ഒരു ഫോട്ടോ പാര്‍വതിക്ക്നേരെ നീട്ടി.അവളത് വാങ്ങി നോക്കി.

“മാളൂന്റെ കൂട്ടുകാരാ അത് ..”അവള്‍ ഫോട്ടോയിലേക്ക് നോക്കി.ഒരു കെട്ടിടത്തിന്റെ മുന്നില്‍ കുറേകുട്ടികള്‍ നില്‍ക്കുന്ന ഫോട്ടൊ.കെട്ടിടത്തിന്റെ ബോര്‍ഡിലെ ‘ഓര്‍ഫനേജ് ‘ എന്ന എഴുത്ത് തെളിഞ്ഞുകാണാമായിരുന്നു.

“ഇതാണെന്റെ മമ്മി...”കുഞ്ഞ് നീട്ടിയ ഫോട്ടോ അവള്‍ വാങ്ങി.
തന്റെ ഫോട്ടോ !!!!!!!!പാര്‍വതിയുടെ കണ്ണ് നിറഞ്ഞൊഴുകി.ഫോട്ടിയിലേക്ക് കണ്ണുനീര്‍ വീണു.

“ആന്റിയെന്തിനാ കരയുന്നത് ?”കുഞ്ഞിന്റെ ചോദ്യം കേട്ട് അവള്‍ കണ്ണുനീര്‍ തുടച്ചു.ഉയര്‍ന്നുവന്ന തേങ്ങലടികള്‍ ഉള്ളില്‍ ഒതുക്കി.

“ആന്റിയെ കണ്ടാല്‍ മാളൂന്റെ മമ്മിയുടെ കൂട്ടാ ഇരിക്കുന്നത്.... ആന്റിയുടെ പേരെന്താ..?”കുഞ്ഞിന്റെ ചോദ്യം

“പാര്‍വതി....”അവള്‍ ഇടറിയ സ്വരത്തില്‍ പറഞ്ഞു.

“എന്റെ മമ്മിയുടെ പേരും പാര്‍വതീന്നാ.....”അവള്‍ അകത്തേക്ക് ഓടി.

”പപ്പാ, മമ്മിയുടെ പേരുള്ള മമ്മിയെപോലിരിക്കുന്നആന്റിയാ വന്നത്.... പപ്പാ എവിടയാ...?” കുഞ്ഞ് അകത്തേക്ക് ഓടി.”വാ പപ്പാ...”അവള്‍ തന്റെ പപ്പായേയും വിളിച്ചുകൊണ്ട്വന്നു.ജിനോയെ കണ്ടുടനെ പാര്‍വതിക്ക് കരച്ചില്‍ നിയന്ത്രിക്കാന്‍ ആയില്ല.അയാളുടെ കണ്ണും നിറഞ്ഞു.

“എന്തിനാ നിങ്ങള്‍ കരയുന്നത്..?”കുഞ്ഞ് രണ്ടുപേരെയും മാറിമാറി നോക്കി, ജിനോയുടെ കൈകളില്‍ കയറി...

“മോടെ മമ്മിയാ അത്....”ജിനോ പാര്‍വതിക്ക് നേരെ ചൂണ്ടികൊണ്ട് പറഞ്ഞു..

“മോടെ മമ്മി..”അവള്‍ക്കത് വിശ്വാസമല്ലായിരുന്നു.പാര്‍വതി കുഞ്ഞിനു നേരെ കൈകള്‍ നീട്ടി.അയാല്‍ കുഞ്ഞിനെ അവള്‍ക്ക് നേരെ നീട്ടി.അവള്‍ അവളുടെ മുഖം ഉമ്മകള്‍ കൊണ്ട് പൊതിഞ്ഞു.
“എനിക്കറിയാമായിരുന്നു താനെന്നെങ്കിലും ഇവിടെ വരുമെന്ന് ....“ജിനോയുടെ വാക്കുകളില്‍ അവള്‍ക്ക് പിടിച്ച് നില്‍ക്കാനായില്ല.ഒരു പൊട്ടിക്കരച്ചിലോടെ അവള്‍ അയാളുടെ മാറിലേക്ക് ചാരി.

ഞാനിപ്പോള്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു.ഇന്റ്ര്‌നെറ്റ് എക്സ്പ്ലോററിന്റെ അഡ്രസ്സ് ബാറിലേക്ക് http://www.vavamalu.com/ എന്ന്ടൈപ്പ് ചെയ്തു.ഹോം‌പേജിലെ മാളുവിന്റെ പടം മാറ്റിയിരിക്കുന്നു. അവിടെ ഒരു പുതിയ പടം.പാര്‍വതിയുടേയും ജിനോയുടേയുംനടുക്ക് മുടിപിന്നിയിട്ട് നിഷ്കളങ്കമായ ചിരിയോടെ ഇരിക്കുന്ന മാളുവിന്റെ പടം .........


-----------------------------------------------------------------------------------------

(നിങ്ങള്‍ ഇത്രയും നാളും നല്‍കിയ അഭിപ്രായങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നന്ദി ....ഇനി അല്പം നീണ്ട ഇടവേള )

: :: ::