Sunday, September 4, 2011

അനാഥര്‍

അസ്തമയ സൂര്യന്റെ അവസാന പ്രകാശവും എരിഞ്ഞടങ്ങിയപ്പോള്‍ മുസ്തഫ അന്നത്തെ അന്വേഷ്ണം നിര്‍ത്തി. നാളെ തനിക്ക് ലക്ഷ്യം നേടാന്‍ സാധിക്കും എന്ന ശുഭപ്രതീക്ഷയോടെ മുസ്തഫ മണല്‍‌പ്പുറത്തെ സിമിന്റ് ബഞ്ചില്‍ ചാരിയിരുന്നു. കടല്‍ത്തീരത്ത് ലൈറ്റുകള്‍ തെളിഞ്ഞു. ദിവസത്തിന്റെ സായാഹ്നം കഴിച്ചുകൂട്ടാന്‍ എത്തിയ വൃദ്ധര്‍ ഓരോരുത്തരായി എഴുന്നേറ്റ് തുടങ്ങി. പാര്‍ക്കില്‍ കളിച്ചു കൊണ്ടിരുന്ന് അകുട്ടികള്‍ മാതാപിതാക്കളുടെ അടൂക്കല്‍ എത്തി. കടല വി‌ല്പനക്കാരനും മാല വില്പ്നക്കാരനും അന്നത്തെ തങ്ങളുടെ വരുമാനം എണ്ണിത്തിട്ടപ്പെടുത്തിക്കോണ്ട് മണല്‍പ്പരപ്പില്‍ ഇരുന്നു. മുസ്തഫ വെറുതെ ഇതെല്ലാം നോക്കി കൊണ്ടിരുന്നു. അയാള്‍ക്ക് തിരിച്ച് വീട്ടില്‍ എത്തണമെന്ന് ഒരു ധൃതിയും ഉണ്ടായിരുന്നില്ല. അവനിരുന്ന ബഞ്ചില്‍ ഒരു മധ്യവയ‌സ്ക്കന്‍ വന്നിരുന്നത് അവന്‍ ശ്രദ്ധിച്ചില്ല.

“മുസ്തഫ അല്ലേ?” അയാള്‍ ചോദിച്ചു. അവന്‍ തലയാട്ടി.

“നിങ്ങള്‍ ആരയോ അന്വേഷിക്കുകയാണന്ന് തോന്നുന്നല്ലോ?” വീണ്ടൂം അയാള്‍ ചോദിച്ചു

“അതെ, എങ്ങനെ മനസ്സിലായി” മുസ്തഫയ്ക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

“ഈ കടല്‍ത്തീരത്ത് നിന്ന് എല്ലാ ദിവസവും അവസാനം പോകുന്നത് ഞാനായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ഞാന്‍ പോകുമ്പോഴും നിങ്ങള്‍ ഈ ബഞ്ചില്‍ തന്നെ ഇരിക്കുന്നത് കാണാം. നിങ്ങളെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന് തോന്നിയതുകൊണ്ട് ഞാന്‍ ഒരു ദിവസം നിങ്ങളോട് സംസാരിക്കാന്‍ ശ്രമിച്ചു എങ്കിലും നിങ്ങള്‍ ഒഴിഞ്ഞു മാറി. പിന്നീട് പലര്‍ വഴിയും നിങ്ങളോട് സംസാരിക്കാന്‍ ശ്രമിച്ചു എങ്കിലും അപ്പോഴെല്ലാം നിങ്ങള്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്” അയാള്‍ പറഞ്ഞു.

“നിങ്ങള്‍ ആരാണ്. നിങ്ങള്‍ക്ക് എന്താണ് വേണ്ടത്?” മുസ്തഫ ചാടി എഴുന്നേറ്റു. അയാള്‍ അവനെ പിടിച്ചിരുത്തി.

“മുസ്തഫ വികാരം നല്ലതു തന്നെ, അത് എപ്പോഴും ഗുണം ചെയ്യണം എന്നില്ല. പതിനഞ്ച് വര്‍ഷം മുമ്പ് ഞാനും നിന്നെപ്പോലെ ഈ കടല്‍ത്തീര്‍ത്ത് എത്തിയതാണ്.പിന്നെ ഒരിക്കലും ഞാന്‍ ഇവിടെ നിന്ന് പോയിട്ടില്ല” അയാള്‍ പറഞ്ഞു.

“നിങ്ങളുടെ പേരെന്താണ്?”മുസ്തഫ അയാളോട് ചോദിച്ചു.

“ഒരു പേരിലെന്താണ് മുസ്തഫ. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് എന്നെ വിളിക്കാം. സത്യം പറഞ്ഞാല്‍ ഞാന്‍ തന്നെ എന്റെ പേര് മറന്നു പോയിരിക്കുന്നു. ഈ കടല്‍ത്തീര്‍ത്ത് ഉള്ളവര്‍ എന്നെ ഇപ്പോള്‍ പല പേരിലാണ് വിളിക്കുന്നഹ്. എന്റെ മക്കള്‍ പോലും എന്നെ പല പേരാണ് വിളിക്കുന്നത്.” അയാള്‍ പറഞ്ഞു.

മുസ്തഫ സംശയത്തോടെ അയാളെ നോക്കി. അയാള്‍ക്കത് മനസിലായി.

“മുസ്തഫയ്ക്ക് എന്നെ മനസിലാക്കാന്‍ കഴിയത്തില്ല. ഈ കടല്‍ത്തീരത്ത് ഉള്ളവര്‍ക്ക് പോലും ഞാന്‍ അരക്കിറുക്കനോ വട്ടനോ ഒക്കെയാണ്. അവരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്റെ മക്കള്‍ക്കൊഴികെ ആരും എന്നെ മനസിലാക്കിയിട്ടില്ല. നീ ആരെയാണ് മുസ്തഫ അന്വേഷിക്കുന്നതെന്ന് പറയൂ. ഒരു പക്ഷേ എനിക്ക് നിന്നെ സഹായിക്കാന്‍ കഴിഞ്ഞേക്കും. ആത്മഹത്യചെയ്യാനായി പലരും ഇവിടെ ദിവസങ്ങളോളും സമയം കളഞ്ഞിട്ടൂണ്ട്. അവരില്‍ പലരേയും ഞാന്‍ തിരിച്ചയിച്ചിട്ടൂണ്ട്. എല്ലാം നഷ്ടപ്പെട്ട് ദിക്കുകളറിയാതെ ഇവിടെ അലഞ്ഞ് എത്തീയവരില്‍ പലരേയും ഞാന്‍ അവരുടെ വീടുകളില്‍ കൊണ്ടാക്കിയിട്ടുണ്ട്.. നിന്റെ പ്രശ്നം എന്താണന്ന് പറയൂ മുസ്തഫ”

അയാളുടെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിന് വഴങ്ങി മുസ്തഫ പറഞ്ഞു തുടങ്ങി.

മുസ്തഫയും രണ്ട് പെങ്ങള്‍മാരും ഉമ്മയും ബാപ്പയും അടങ്ങുന്നതായിരുന്നു മുസ്തഫയുടെ കുടുംബം. ബാപ്പ വര്‍ഷങ്ങളായി ഗള്‍ഫില്‍. ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴും ബാപ്പ തന്റെ മക്കളെ കാണാന്‍ എത്തും. മക്കള്‍ വളര്‍ന്നു കഴിഞ്ഞപ്പോള്‍ ഗള്‍ഫില്‍ നിന്ന് തിരിച്ചുവരാന്‍ ഉമ്മ ബാപ്പയ്ക്ക് എഴുതി.

“എടീ, നമ്മുടെ പെണ്‍കുട്ടികള്‍ അന്യവീട്ടില്‍ വെറും കൈയ്യോടെ കയറി ചെല്ലരുത്. അവര്‍ക്ക് നിറയെ പൊന്നും പണവും കൊടുത്ത് കെട്ടിച്ച് വിടണം. അവരുടെ വിവാഹം കൂടി നടത്തിയിട്ട് ഞാന്‍ തിരിച്ചു വരാം. എന്നിട്ട് നമുക്ക് നമ്മുടെ ജീവിതം തുടങ്ങാം” അയാള്‍ അങ്ങനെയാണ് തിരിച്ചെഴുതിയത്.

ആ പിതാവ് പെണ്‍കുട്ടികള്‍ഊടെ വിവാഹം എപ്പോഴും സ്വപ്നം കണ്ടു. ഒരേ പന്തലില്‍ രണ്ട് വിവാഹം. പക്ഷേ ആ സ്വപ്നം പൊട്ടിച്ചിതറിയ പളുങ്കുപാത്രം പോലെയായി. മൂത്ത മകള്‍ ഷെറീന അന്യമതത്തില്‍ പെട്ട ഒരുവന്റെ കൂടെ ഒരു ദിവസം ഇറങ്ങിപ്പോയി. അതിനിളയവള്‍ സബീനയാണ് ആ പിതാവിന്റെ സ്വപ്നങ്ങള്‍ക്ക് ശരിക്കും തിരിച്ചടി നല്‍കിയത്.  വിവാഹം കഴിയാതെ അവള്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ദിവ്യപ്രേമത്തിന്റെ പ്രതിഫലം!! എല്ലാം അറിഞ്ഞു കൊണ്ട് സബീനയെ വിവാഹം കഴിക്കാന്‍ ഒരാള്‍ എത്തി. പക്ഷേ അയാള്‍ക്ക് കുഞ്ഞിനെ വേണ്ടായിരുന്നു. മകളുടെ നല്ല ഭാവിമാത്രം സ്വപ്നം കണ്ട ആ പിതാവ് അവസാനം ആ കൊടും പാതകത്തിന് തയ്യാറായി. കുഞ്ഞിനെ ഉപേക്ഷിക്കുക. അതിനയാള്‍ ഒരളേ ഏര്‍പ്പാടാക്കുകയും ചെയ്തു. കുഞ്ഞിനെ വളര്‍ത്താനായി ദൂരെ ഒരിടത്ത് ഏല്‍പ്പിച്ചതായി അയാള്‍ എല്ലാവരോടും പറഞ്ഞു.

“ആ കുഞ്ഞിനെ ഈ കടപ്പുറത്ത് തന്നെയാണ് ഉപേക്ഷിച്ചത് എന്നതിനെന്താണ് ഉറപ്പ്?” മധ്യവയസ്ക്കന്‍ മുസ്തഫയോട് ചോദിച്ചു.

“ഉറപ്പാണ്. കുഞ്ഞിനെ ഇവിടെതന്നെയാണ് ഉപേക്ഷിച്ചത്. ബാപ്പ കുഞ്ഞിനെ ഏല്‍പ്പിച്ച മനുഷ്യനെ ഞാന്‍ കണ്ടായിരുന്നു. പത്തുവര്‍ഷം മുമ്പ് ഒരു ഏപ്രില്‍ മാസത്തില്‍ പത്താം തീയതിയാണ് അയാള്‍ കുഞ്ഞിനെ ഈ കടപ്പുറത്ത് ഉപേക്ഷിച്ചത്?” മുസ്തഫ പറഞ്ഞു.

“ആ കുട്ടിയെ നിങ്ങള്‍ക്കിപ്പോള്‍ കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുമോ?” അയാളുടെ ചോദ്യം മുസ്തഫയെ കുഴക്കി. അങ്ങനെ ഒരു കാര്യത്തെക്കുറിച്ച് മുസ്തഫ ചിന്തിച്ചിരുന്നില്ല. മുസ്തഫയുടെ മൌനം അയാള്‍ക്ക് മനസിലായി.

“താങ്കള്‍ എന്റെ കൂടെ വരൂ, എന്തെങ്കിലും വഴിയുണ്ടോന്ന് നമുക്ക് ആലോചിക്കാം.ഇനി ഈ അസമയത്ത് ഇവിടേക്ക് ആരും വരില്ല“ ആ മധ്യവയസ്ക്കന്റെ ക്ഷണം നിരസിക്കാന്‍ മുസ്തഫയ്ക്ക് കഴിഞ്ഞില്ല. മധ്യവയസ്കന്റെ കൂടെ അയാള്‍ നടന്നു. അവര്‍ കുറേ ദൂരം മുന്നോട്ടു നീങ്ങി. അകലെ എവിടയോ ഒരു കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കൂന്നതുപോലെ. അവര്‍ ആ കരച്ചില്‍ കേട്ടിടത്തേക്ക് നടന്നു.

മണല്‍പ്പരപ്പില്‍ വിരിച്ച വെള്ളത്തുണിയില്‍ കൈകാലിട്ടടിച്ച് കരയുന്ന ഒരു ചോരക്കുഞ്ഞ്. ആ മധ്യവയസ്‌കന്‍ ആ കുഞ്ഞിനെ വാരിയെടുത്തു. അയാള്‍ വീണ്ടും നടന്നു. മുസ്തഫ അയാളെ അനുഗമിച്ചു. റോഡിനപ്പുറം കാണുന്ന് ഇരുനില കെട്ടിടം കാണിച്ചിട്ട് അയാള്‍ പറഞ്ഞു.

“അതാണ് എന്റെ വീട്.. ഒന്നു കൂടി വേഗം നടക്കൂ മുസ്തഫ. എന്റെ മക്കള്‍ ആഹാരം കഴിക്കാതെ എന്നെ കാത്തിരിക്കുകയായിരിക്കും ഇപ്പോള്‍. ഞാന്‍ വിളമ്പി കൊടുക്കാതെ അവര്‍ കഴിക്കുകയില്ല.. ഇന്ന് ഞാന്‍ വളരെയേറെ താമസിക്കുകയും ചെയ്തു”

“നിങ്ങള്‍ക്ക് ഭാര്യയില്ലേ?” മുസ്തഫ ചോദിച്ചു.

“ഉണ്ടായിരുന്നു”

“മരിച്ചോ?”

“മരിച്ചുകാണില്ല. അവളിപ്പോള്‍ എവിടെയാണന്ന് എനിക്കറിയില്ല. ഒരിക്കല്‍ ആരോടും പറയാതെ ഞങ്ങളുടെ മോനുമായി അവള്‍ ഇറങ്ങിപ്പോയതാണ്.”

അവര്‍ നടന്ന് വീട്ടില്‍ എത്തി. ആ മധ്യവയസ്‌കന്റെ വരവും കാത്ത് കുറേ കുട്ടികള്‍ പൂമുഖത്ത് ഉണ്ടായിരുന്നു. അവരെ കണ്ട് അവര്‍ ഓടി വന്നു. അതില്‍ പ്രായമേറിയ ഒരു പെണ്‍കുട്ടി വന്ന് അയാളുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ വാങ്ങി. കുട്ടികള്‍ എല്ലാം അകത്തേക്ക് പോയി. അയാള്‍ മുസ്തഫയെ നോക്കി. മുസ്തഫ മറ്റേതോ ലോകത്തായിരുന്നു.

“എനിക്കിവരെയെല്ലാം ഈ കടപ്പുറത്ത് നിന്ന് കിട്ടിയതാണ്. പതിനഞ്ച് വര്‍ഷം മുമ്പ് ഞാന്‍ എന്റെ മകനെ തിരക്കി വന്നതാണിവിടെ. എനിക്ക് എന്റെ മകന് പകരം ഒത്തിരിമക്കളെ കിട്ടി. അവരുടെ സ്നേഹവും സന്തോഷവും ദുഃഖവും എല്ലാം ഒരുമിച്ച് അനുഭവിച്ച് ഞങ്ങളിപ്പോള്‍ ഒരു കുടുംബം പോലെ കഴിയുകയാണിവിടെ” അയാള്‍ പറഞ്ഞു.

അയാള്‍ മുസ്തഫയെ ഓഫീസ് മുറിയിലേക്ക് കൂട്ടിക്കോണ്ട് പോയി. അയാള്‍ ആ മുറിയിലെ അലമാര തുറന്ന് ഒരു ബുക്ക് തുറന്ന് പേജുകള്‍ പരതി.

“മുസ്തഫ പറഞ്ഞ തീയതിയില്‍ എനിക്കിവിടെ നിന്ന് ഒരു പെണ്‍കുഞ്ഞിനെ കിട്ടിയിട്ടൂണ്ട്. അത് നിങ്ങളുടെ അനന്തരവള്‍ തന്നെയാണന്ന് പറയാന്‍ എനിക്ക് കഴിയില്ല. നിങ്ങള്‍ക്ക് മാത്രമേ അത് പറയാന്‍ സാധിക്കൂ. അന്നത്തെ കുഞ്ഞ് ഇപ്പോള്‍ വളരെയേറെ വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്. എനിക്ക് വേണമെങ്കില്‍ അന്നെനിക്ക് കിട്ടിയ കുഞ്ഞിനെ കാണിച്ചിട്ട് ഇതാണ് നിങ്ങളുടെ കുഞ്ഞന്ന് പറയാന്‍ കഴിയില്ല. എനിക്ക് ഇവിടെ നിന്ന് കുഞ്ഞുങ്ങളെ കിട്ടിയപ്പോള്‍ കുഞ്ഞിനെ അണിയിപ്പിച്ചിരുന്ന ആഭരണങ്ങളും വസ്ത്രങ്ങളും ഒക്കെ ഞാനിവിടെ സൂക്ഷിച്ചു വെച്ചിട്ടൂണ്ട്. അങ്ങനെ എന്തെങ്കിലും പറയാന്‍ നിങ്ങള്‍ക്ക് കഴിയുമോ മുസ്തഫ” അയാള്‍ ചോദിച്ചു.

“അന്നവളെ ഇടീച്ചിരുന്നത് കുറേ റോസപ്പൂക്കള്‍ ഉള്ള ഒരു വെള്ള ഉടുപ്പ് ആയിരുന്നു. ബാപ്പ ഇപ്പോഴും ആ ഉടുപ്പ് ഓര്‍ക്കുന്നുണ്ട്. ഞാന്‍ ഇനി ബാപ്പയെകൊണ്ട് ഇവിടേക്ക് വരാം.” മുസ്തഫ പറഞ്ഞു.  മധ്യവയസ്കന്‍ അലമാരിയില്‍ ഏപ്രില്‍ 10 എന്നെഴുതിയ കബോര്‍ഡ് തുറന്നു.

“പപ്പ ഊണ് തയ്യാറായി. എല്ലാവരും പപ്പായെ കാത്തിരിക്കുകയാണ്.” ഒരു കുട്ടി വന്നു പറഞ്ഞു.

“ഞങ്ങള്‍ വരുന്നൂ.” അയാള്‍ കുട്ടിയോട് പറഞ്ഞിട്ട് അലമാര അടച്ചു.

“നിങ്ങള്‍ക്ക് കുട്ടിയെ കണ്ടാല്‍ മതിയോ? അതോ തിരികെ കൊണ്ടു പോകണോ? കൊണ്ടുപോകണം എന്നുണ്ടങ്കില്‍ കുറേ ദിവസത്തിന്റെ താമസം എടുക്കും. നിയമത്തിന്റെ വഴിയേ നിങ്ങള്‍ക്ക് കുട്ടിയെ തിരിച്ചു കൊണ്ടു പോകാന്‍ കഴിയൂ” അയാള്‍ മുസ്തഫയോട് പറഞ്ഞു.

“എനിക്ക് കുട്ടിയെ കാണേണ്ട” കുറച്ച് സമയത്തെ നിശബ്‌ദ്ദതയ്ക്ക് ശേഷമാണ് മുസ്തഫ പറഞ്ഞത്.

“പിന്നെ...” മധ്യവയസ്കന് അത്ഭുതം ആയിരുന്നു.

“ഇനിയും എനിക്കിവിടെ ഉള്ള കുട്ടികളെല്ലം ഒരു പോലെയാണ്. കുട്ടിയെ കണ്ടന്ന് ഞാന്‍ വീട്ടില്‍ പറഞ്ഞോളാം. കുട്ടി ജീവനോടെ ഉണ്ടല്ലോ. ബാപ്പയ്ക്ക് അത്രയും അറിഞ്ഞാല്‍ തന്നെ സന്തോഷം ആകും. കഴിഞ്ഞ പത്തുവര്‍ഷമായി ബാപ്പ കുറ്റബോധം കൊണ്ട് നീടിനീറിപുകയുകായായിരുന്നു. ബാപ്പയുടെ ഉള്ളിലെ വേദനയ്ക്ക് അലപം കുറവ് വരുത്താന്‍ കുഞ്ഞ് ജീവനോടെ ഉണ്ടന്നുള്ള വാര്‍ത്തയ്ക്ക് കഴിയും...” മുസ്തഫ പറഞ്ഞു.

അവര്‍ ഊണു കഴിക്കാനായി എഴുന്നേറ്റു. കുട്ടികള്‍ ഊണുമേശയ്ക്ക് ചുറ്റും ഇരിന്നു കഴിഞ്ഞിരുന്നു. മുസ്തഫയാണ് അന്നവര്‍ക്ക് വിളമ്പികൊടുത്തത്. അന്നയാള്‍ ദു‌സ്വപനങ്ങള്‍ കാണാതെ കിടന്നുറങ്ങി. പ്രഭാതത്തില്‍ എല്ലാവരോടും യാത്രപറഞ്ഞ് അയാള്‍ ഇറങ്ങി. ആ കെട്ടിടത്തിന് വെളിയില്‍ നിന്ന് അകത്തേക്ക് നോക്കി. എവിടെയെങ്കിലും അനാഥാലയം എന്ന ബോര്‍ഡുണ്ടോ? അങ്ങനെ ഒരു ബോര്‍ഡ് അവിടെ ഇല്ല.

ഗെയ്‌റ്റില്‍ ഒരു ചെറിയ നെയിം ബോര്‍ഡുണ്ട്. ‘സ്നേഹ‌ഭവന്‍’.

അയാള്‍ വേഗം നടന്നു. എത്രയും പെട്ടന്ന് ആ സ്നേഹഭവനിലേക്ക് തിരിച്ചു വരാനായി.
*********************

ലേബല്‍ :: പത്ത്‌ പന്ത്രണ്ട് കൊല്ലം മുമ്പ് നടത്തിയ അക്രമണങ്ങളില്‍ നിന്ന് തിരിച്ചു കിട്ടിയ ഒരെണ്ണം

Saturday, August 27, 2011

പേരില്ലാത്ത പ്രണയ കഥ

കുളി കഴിഞ്ഞ് ഇറങ്ങി ഫോണ്‍ നോക്കുമ്പോള്‍ നയനയുടെ ഫോണ്‍ നമ്പര്‍ മിസ്‌ഡ് കോള്‍ ലിസ്റ്റില്‍ കണ്ടെങ്കിലും ജിനോ അത് അവഗണിച്ച് ഭക്ഷണം കഴിക്കാന്‍  അടുക്കളയിലേക്ക് കയറി. പാത്രത്തില്‍ വിളമ്പിയ കഞ്ഞി ടേബിളില്‍ എടുത്തു വെക്കുമ്പോള്‍ ഫോണ്‍ ബെല്ലടിക്കുന്നു. ഭക്ഷണം മേശപ്പുറത്ത് തന്നെ വെച്ചിട്ട് അവന്‍ ഫോണ്‍ എടുത്തു. വിളിക്കുന്നത് നയന ആണ്. ഈ പെണ്‍‌കൊച്ച് എന്തിനാണോ ഈ സമയത്ത് വിളിക്കുന്നത്. ഓഫീസില്‍ തന്നെ അത് ആവിശ്യത്തിന് പണി തരുന്നുണ്ട്. ഇനി ഈ രാത്രിയില്‍ വിളിച്ചിട്ട് എന്ത് പണി തരാനായിരിക്കും? അവന്‍ ഫോണ്‍ എടുത്തു.
“ഹലോ”
“ജിനോ എന്നെ ഒന്ന് ഹെല്‍പ്പ് ചെയ്യാമോ?”
സാധാരണ വിളിക്കുമ്പോള്‍ ഞാന്‍ നയന, പ്രൊജക്റ്റ് ലീഡര്‍ എന്ന് പറഞ്ഞ് സംസാരം തുടങ്ങുന്ന നയന ഇന്ന് ആമുഖ പ്രസംഗം ഇല്ലാതെ സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ എന്തോ പേഴ്‌സണല്‍ കാര്യം ആയിരിക്കും എന്നാണ് ജിനോ കരുതിയത്.
“എന്താ നയനാ... എന്താ ഹെല്‍പ്പ്?” ജിനോ ചോദിച്ചു.
“എന്നെ ഒന്ന് നമ്മുടെ ഓഫീസില്‍ കൊണ്ടു വിടാമോ?” നയനയുടെ ശ‌ബദ്ദത്തില്‍ അപേക്ഷയുടെ സ്വരം ആയിരുന്നു.
“ഇപ്പോള്‍ സമയം പത്ത് കഴിഞ്ഞല്ലോ... എന്താ ഓഫീസില്‍?”
“നമ്മുടെ പ്രൊജ‌കറ്റില്‍ ഒരു ഇഷ്യൂ. നമ്മള്‍ ഇന്ന് ക്ലൈന്റിന് കൊടുത്ത ഡെമോയില്‍ ഒരു ബഗ്.അതിപ്പോള്‍ തന്നെ ഫിക്സ് ചെയ്ത് കൊടുക്കണമെന്ന്..”
“ഓഫീസില്‍ നിന്ന് വണ്ടി വരാന്‍ പറഞ്ഞാല്‍ പോരേ.. ഞാനിപ്പോള്‍ രാത്രിയില്‍...” ജിനോ നയനയെ കൊണ്ടുപോകാനുള്ള തന്റെ ഇഷ്ടക്കുറവ് പുറമേ പ്രകടിപ്പിക്കാത്ത രീതിയില്‍ സംസാരിച്ചു.
“ഓഫീസില്‍ നിന്ന് വണ്ടി വരുമ്പോഴേക്കും ഒന്നന്നൊര മണിക്കൂര്‍ കഴിയും... ഞാന്‍ ആദ്യമായിട്ടാ ഇങ്ങനെ ഒരു പ്രശ്നം ഫേസ് ചെയ്യുന്നത്. മറ്റാരെയും ഇപ്പോള്‍ എനിക്ക് ആശ്രയിക്കാന്‍ പറ്റില്ല... ഒന്നു വേഗം വരുമോ?”
“ഉം.. വരാം”
“എന്റെ ഹോസ്‌റ്റല്‍ അറിയില്ലേ?”
“അറിയാം”
“നമ്മുടെ ഓഫീസ് ഐഡന്റിറ്റി കാര്‍ഡൂടെ ഒന്നു എടുത്തോളണെ” നയനയുടെ അവസാന വാചകത്തില്‍ ഒരു വലിയ പണിതരലിന്റെ ബുദ്ധി ഒളിഞ്ഞിരിപ്പുണ്ടൊ എന്ന് അവന്‍ സംശയിക്കാതിരുന്നില്ല. ഭക്ഷണം മാറ്റി വച്ചിട്ട് അവന്‍ എഴുന്നേറ്റ് ഷര്‍ട്ടും പാന്റും ഇട്ട് ഇറങ്ങി. ബൈക്കില്‍ ആ പെണ്‍‌കൊച്ചിനെ കൊണ്ട് രാത്രിയില്‍ ഓഫീസില്‍ കൊണ്ടു വിട്ടു എന്ന് മറ്റുള്ളവര്‍ നാളെ അറിയുമ്പോള്‍ എല്ലാവന്റേയും മുഖത്ത് ഒരു ആക്കിയ ചിരി തെളിയുന്നത് അവന്‍ മനസില്‍ കണ്ടു. എപ്പോള്‍ വേണമെങ്കിലും ഓഫീസ് കാര്യത്തിന് സഹായം തേടിയാല്‍ അത് നല്‍‌കണമെന്ന് ജോയിന്‍ ചെയ്യുമ്പോഴേ മുതലാളി ഒപ്പിട്ട് വാങ്ങിയത് ഇതുപോലുള്ള സാഹചര്യങ്ങള്‍ മുന്‍‌ കൂട്ടി കണ്ടായിരിക്കണം. ഏതായാലും ഇന്നത്തെ രാത്രിയിലും മരണപ്പണി തന്നെ. രാത്രിയിലും പണി ചെയ്യിക്കാന്‍ വേണ്ടി ആയിരിക്കണം ഐഡന്‍‌റ്റിറ്റി കാര്‍ഡൂടെ എടുത്തോളാന്‍ അവള്‍ പറഞ്ഞത്.

പത്തു മിനിട്ടിനുള്ളില്‍ നയനയുടെ ഹോസ്‌റ്റലിന്റെ മുന്നില്‍ എത്തി. കുറെക്കാലം മുമ്പ് എന്തോ സം‌സാരിക്കുമ്പോഴാണ് അവള്‍ ആ ഹോസ്റ്റലിലാണ് താമസിക്കുന്നതെന്ന് പറഞ്ഞത്. ഒരേ ടീമില്‍ എത്തിയിട്ട് നാലുമാസമെങ്കിലും കഴിഞ്ഞിട്ടായിരിക്കണം താമസ സ്ഥലത്തെക്കുറിച്ചൊക്കെ പറയുന്നത്. ഹോസ്റ്റലിന്റെ ഗെയ്റ്റ് തുറന്ന് സെക്യൂരിറ്റി നില്‍പ്പുണ്ട്.
“ജിനോ എന്നാണൊ പേര്?” സെക്യൂരിറ്റിയുടെ ചോദ്യം. അതെ എന്ന് പറഞ്ഞപ്പോള്‍ അകത്തേക്ക് ചെല്ലാന്‍ അയാള്‍ പറഞ്ഞു. ഹോസ്റ്റലിന്റെ ഓഫീസ് റൂമില്‍ നയന നില്‍‌പ്പുണ്ട്. ഹോസറ്റലിന്റെ നടത്തിപ്പികാരിയാ‍ണന്ന് തോന്നുന്ന പ്രായമുള്ള ഒരു ചേച്ചിയും അവിടെ നില്‍‌പ്പുണ്ട് .അവളുടെ കൂടെ ഓഫീസില്‍ തന്നെ വര്‍ക്ക് ചെയ്യുന്ന രണ്ട് പെണ്‍‌കുട്ടികളും. അവളുമാരുടെ മുഖത്ത് ഒരു ആക്കിയ ചിരി ഉണ്ടോ അവന്‍ സംശയിച്ചു.
ജിനോയുടെ അടുത്തേക്ക് നയന വന്നു.
“ജിനോ ഐഡി കാര്‍ഡൊന്ന് തന്നേ..”
അവന്‍ ഐഡി കാര്‍ഡ് കൊടുത്തു. നയന അതുകൊണ്ടുപോയി ആ ചേച്ചിയെ കാണിച്ചു. എഴുതി വെച്ചിരുന്ന ഒരു ഫോം നയനയുടെ കൈയ്യില്‍ അവര്‍ കൊടുത്തു. നയന അത് ജിനോയുടെ കൈയ്യില്‍ കൊടുത്തു.
“ഇതിലൊന്ന് ഒപ്പിട്ട് കൊടുത്തേ” നയന പറഞ്ഞു.
ആ ഫോമില്‍ അവന്റെ പേരും കമ്പ്നിയുടെ പേരും ഒക്കെ ഉണ്ടായിരുന്നു. അവന്‍ ആ‍ാ ഫോം പെട്ടന്നൊന്ന് നോക്കിയിട്ട് ഒപ്പിട്ടു കൊടുത്തു.
“നയനയെ തിരിച്ചെത്തിക്കുന്നവരെയുള്ള ഉത്തരവാദിത്തം ജിനോയ്ക്കാണ്.” ഫോം തിരിച്ചു വാങ്ങിക്കൊണ്ട് ആ ചേച്ചി പറഞ്ഞു.
എന്റെ ദൈവമേ!! ജിനോ ഉള്ളില്‍ വിളിച്ചു. ഈ പെണ്‍‌കൊച്ച് ഇന്ന് രാത്രിയില്‍ ഓഫീസില്‍ നിന്ന് ഇറങ്ങിയിട്ട് ആരുടെ എങ്കിലും കൂടെ ഓടിപ്പോയാല്‍ താന്‍ കുടുങ്ങുമല്ലോ.
“ഈ ഹോസ്റ്റലില്‍ രാത്രിയില്‍ ആരുടെയും കൂടെ ഇവിടെ താമസിക്കുന്നവരെ പുറത്തു വിടാത്തതാ. പിന്നെ നിങ്ങളുടെ ചെയര്‍മാന്‍ വിളിച്ചതുകൊണ്ട് മാത്രമാ ഇങ്ങനെ ഒരു റിസ്‌ക് എടുക്കുന്നത്......” ആ സ്ത്രി പ്രസംഗം തുടങ്ങിയപ്പോഴേക്കും നയന മുറ്റത്തേക്ക് ഇറങ്ങിയിരുന്നു.
“മാഡം പറഞ്ഞതുപോലെ ഞാന്‍ ചെയ്‌തോളാം “ എന്ന് പറഞ്ഞിട്ട് അവനും ഇറങ്ങി.

ബൈക്ക് സ്റ്റാര്‍ട്ട് ചെയ്‌തപ്പോഴേക്കും അവള്‍ ബൈക്കില്‍ കയറിയിരുന്നു.
“ബൈക്കില്‍ ഇരിക്കാന്‍ പേടിയൊന്നും ഒന്നും ഇല്ലല്ലോ?” അവന്‍ വെറുതെ ചോദിച്ചു.
“എന്റെ പൊന്നു ചങ്ങാതീ, എനിക്കൊരു പേടിയും ഇല്ല... താനെന്നെ ഒന്നും വേഗം ഓഫീസില്‍ എത്തിച്ചാല്‍ മതി” അവള്‍ പറഞ്ഞു.
ഇവള്‍ വീണ്ടും പ്രോജക്റ്റ് ലീഡറും താന്‍ ടീം മെമ്പറും ആയി എന്ന് അവന് തോന്നി.
“താനെന്നാ എന്താ മിണ്ടാതെ വണ്ടി ഓടിക്കുന്നത്?” നയനയുടെ ചോദ്യം.
“വണ്ടി ഓടിക്കുമ്പോള്‍ സംസാരിച്ചാല്‍ ശ്രദ്ധ പോകും. എന്നിട്ട് എവിടെയെങ്കിലും തട്ടിയിട്ട് തനിക്കേന്തെങ്കിലും പറ്റിയാല്‍ ആ ഹോസ്റ്റല്‍ മാഡം എന്നെ അകത്താക്കിക്കും” എന്ന് പറഞ്ഞിട്ട് അവന്‍ വീണ്ടും മിണ്ടാതെ വണ്ടി ഓടിച്ചു.
പടമുകളിലെ സിഗ്‌നല്‍ എത്തിയപ്പോള്‍ പോലീസ് കൈകാണിച്ചു.
കര്‍ത്താവേ പെട്ടത് തന്നെ. ഇനി പോലീസിന്റെ ചോദ്യം ചെയ്യലും നോട്ടവും ഒക്കെ സഹിക്കണമെല്ലോ എന്ന് ചിന്തിച്ച് അവന്‍ വണ്ടി നിര്‍ത്തി. അവന്‍ സംസാരിക്കാന്‍ ഹെല്‍‌മറ്റ് ഊരുമ്പോഴേക്കും നയന സംസാരിച്ചു തുടങ്ങിയിരുന്നു. അവള്‍ പേഴ്സില്‍ നിന്ന് ഐഡി കാര്‍ഡ് എടുത്തു കാണിച്ചു.
പൊ‌യ്ക്കോ എന്ന് പോലീസുകാരന്‍ പറഞ്ഞു.

“ഞാന്‍ വിചാരിച്ചു പെട്ടു പോയന്ന്. ഇന്നാളത്തെ സദാചാര പോലീസിന്റെ പ്രശ്നം ഉണ്ടായതില്‍ പിന്നെ രാത്രിയില്‍ പോലീസ് വഴിയില്‍ കൂടുതലാ” അവന്‍ വണ്ടി ഓടിക്കുമ്പോള്‍ പറഞ്ഞു.
“പാവം പോലീസുകാര്‍. അവര്‍ അവരുടെ ജോലി ചെയ്യുന്നു എന്ന് മാത്രം നയന പറഞ്ഞു. കാക്കനാട്ടെ ഓഫീസിനു മുന്നില്‍ ബൈക്ക് നില്‍‌ക്കുമ്പോള്‍ സമയം പത്തര.
“ജിനോ ഒരു അരമണിക്കൂര്‍ എന്നെ ഒന്നു വെയ്‌റ്റ് ചെയ്യണേ. എന്നെ തിരിച്ചൂടെ കൊണ്ടു പോകണേ..” അവള്‍ അങ്ങനെ പറഞ്ഞിട്ട് ഓഫീസിലേക്ക് ഓടിക്കയറി.

പാര്‍ക്കിംങ്ങ് ഏരിയായില്‍ വെറുതെ നില്‍ക്കുമ്പോള്‍ സെക്യൂരിറ്റിക്കാരന്‍ കുശലം ചോദിച്ചെത്തി.
“ജിനോ ഇതുവരെ പോയില്ലേ... ഭയങ്കര വര്‍ക്കാണോ?” അയാള്‍ ചോദിച്ചു.
“പോയിട്ട് വന്നതാ” അവന്‍ പറഞ്ഞു.
“പിന്നെന്താ ഓഫീസില്‍ കയറാതെ നില്‍ക്കുന്നത്?” അയാളുടെ അടുത്ത ചോദ്യം.
“നയനെയെകൊണ്ട് വന്നതാ” അവന്‍ പറഞ്ഞു.
അങ്ങനെ പറഞ്ഞ് കഴിഞ്ഞിട്ടാണ് അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് അവന് തോന്നിയത്. ഇനി അതില്‍ പിടിച്ചായിരിക്കും അയാളുടെ അടുത്ത ചോദ്യം. അയാളുടെ ആദ്യത്തെ ചോദ്യത്തിന് തന്നെ പോയില്ല എന്ന് ഉത്തരം പറഞ്ഞായിരുന്നെങ്കില്‍ ബാക്കിയുള്ള ചോദ്യങ്ങള്‍ ഒഴിവാക്കാമായിരുന്നു.
“നിങ്ങളുടെ കല്യാണം എന്നായിരുന്നു” അയാളുടെ അടുത്ത ചോദ്യം.
കര്‍ത്താവേ അടുത്ത വള്ളിക്കെട്ട് ചോദ്യം.
“എന്റെ പൊന്നു ചേട്ടാ, ഓഫീസിലേക്ക് ഞാനവളേ ഒന്നു കൊണ്ടു വന്നന്നേ ഉള്ളൂ. കല്യാണം കഴിഞ്ഞാലേ ഒരുമിച്ച് വരാവൂ എന്നൊന്നും നിയമം ഇല്ലല്ലോ?” അയാളോട് കൂടുതലൊന്നും പറഞ്ഞിട്ട് കാര്യമില്ലന്ന് അവന് തോന്നി.

അയാളോട് സംസാരിക്കുമ്പോള്‍ തന്നെ ഫോണ്‍ ബെല്ലടിച്ചു. നയന ആണ്.
“ജിനോ എവിടെ”
“ഞാനിവിടെ ടു വീലര്‍ പാര്‍ക്കിങ്ങില്‍ ഉണ്ട്.”
“അവിടെ നില്‍ക്കുവാണോ. ഞാന്‍ വിചാരിച്ചു ജിനോ അകത്തേക്ക് വന്നിട്ടുണ്ടന്ന്. അകത്തേക്ക് വാ. ജിനോയുടെ ഒന്ന് ഹെല്‍‌പ്പ് ചെയ്താല്‍ പത്ത് മിനിട്ടിനുള്ളില്‍ പ്രശ്നം സോള്‍വ് ചെയ്യാന്‍ പറ്റും”

ജിനോ ഓഫീസിനകത്തേക്ക് കയറി. തങ്ങളുടെ ടീമിന്റെ സെക്ഷനില്‍ മൂന്നാലു പേര്‍ നില്‍ക്കുന്നത്
അവന്‍ ഗ്ലാസ് ഡോറിലൂടെ കണ്ടു. അവന്‍ അകത്തേക്ക് കയറി. പ്രൊ‌ജക്റ്റ് മാനേജരും ടെക്‍നിക്കല്‍ ഹെഡും ക്ലൈന്റ് മാനേജരും ആണ് നില്‍ക്കുന്നത്. ലോക്കല്‍ സെര്‍‌വര്‍ മെഷ്യിനില്‍ നയന ഇരിപ്പുണ്ട്. അവര്‍ മൂന്നു പേരും ജിനോയെ കണ്ടപ്പോള്‍ ചിരിച്ചു.
“ജിനോയ്ക്ക് ബുദ്ധിമുട്ടായല്ലേ?”   പ്രൊ‌ജക്റ്റ് മാനേജരുടെ കുശലം ചോദിക്കല്‍. താനിട്ട് ബുദ്ധിമുട്ടിക്കുന്നത് വെച്ച് നോക്കുമ്പോള്‍ ഇത് എന്ത് ബുദ്ധിമുട്ട് എന്ന് പറയാന്‍ തോന്നിയെങ്കിലും
“ഹേയ് എന്ത് ബുദ്ധുമുട്ട്, നമ്മുടെ കമ്പ്നിക്ക് വേണ്ടിയല്ലേ” എന്നാണ് അവന്‍ പറഞ്ഞത്. താന്‍ കമ്പ്നിക്ക് വേണ്ടി ബുദ്ധിമുട്ടി പണി എടുക്കുന്നവനാണന്ന് ഇവര്‍ക്കൊക്കെ തോന്നി അടുത്ത മാസത്തെ സാലറിയില്‍ ഒരായിരം രൂപ കൂടുതല്‍ തന്നാല്‍ അതര്യും ആയില്ലേ.

ജിനോ നയനയുടെ അടുത്ത് ചെന്നിരുന്നു. അവള്‍ കോഡ് എക്സി‌ക്യൂഷന്‍ നടത്തി എറര്‍ ട്രേസ് ചെയ്യുകയാണ്. മഞ്ഞ ലൈനുകള്‍ ഓരോ ലൈനിലേക്കും ഫോം പേജുകളില്‍ നിന്ന് പേജുകളിലേക്കും ചാടിചാടിപ്പോകുന്നത് നോക്കി അവന്‍ ഇരുന്നു. എല്ലാ പേജുകളും ഡീബഗ് ചെയ്ത് നോക്കിയിട്ടും എറര്‍ കണ്ടെത്താന്‍ പറ്റിയില്ല.
“ജിനോ താനൂടെ ഒന്ന് നോക്ക്. സെക്ഷന്റെ പ്രശനമാ. സെക്ഷനിലേക്ക് കയറുന്ന വാല്യു എവിടയോ മാറിപ്പോകുന്നതിന്റെ പ്രശ്നമാ.“ നയന ജിനോയുടെ സഹായം കൂടി തേടി
 ഓരോ സെക്ഷനും എടുത്ത് അവര്‍ ഫൈന്‍ഡ് ചെയ്തു നോക്കി.എറര്‍ കണ്ടെത്തി .കമന്റ്‌ ചെയ്ത് ഇട്ടിരുന്ന ഒരു സെക്ഷന്‍ അണ്‍‌കമന്റ് ആക്കിയതിന്റെ പ്രശ്നമായിരുന്നു. ആ സെക്ഷന്‍ കമന്റ് ചെയ്ത് റണ്‍ ചെയ്യിച്ചു. ക്ലൈന്റിന്റെ സെര്‍‌വറില്‍ കയറി എറര്‍ മാറ്റിയിട്ട് അവര്‍ വെയിറ്റ് ചെയ്തു. പത്ത് മിനിട്ട് വെയ്റ്റ് ചെയ്തപ്പോള്‍ കൈന്റിന്റെ മെസേജ് എത്തി. ജിനോയും നയനയും പോകാനായി എഴുന്നേറ്റു.
“താങ്ക്സ് ജിനോ ആന്‍ഡ് നയന” ക്ലൈന്റ് മാനേജര്‍ ജിനോയുടെ കൈ കുലുക്കി കൊണ്ട് പറഞ്ഞു.
തലകുത്തി നിന്ന് മരണപ്പണി ചെയ്തിട്ട് കൈ കുലുക്കാത്തവന്‍ വന്ന് കൈ കുലുക്കി കൊണ്ട് താങ്ക്സ് പറഞ്ഞപ്പോള്‍ ജിനോയുടെ ഉള്ളില്‍ ചിരി പൊട്ടി.
പതിനൊന്ന്  മണിയായപ്പോള്‍ അവര്‍ ഓഫീസില്‍ നിന്ന് ഇറങ്ങി.

“പോകുമ്പോള്‍ എവിടെ നിന്നെങ്കിലും കോഫി കുടിച്ചിട്ട് പോകാം” നയന പറഞ്ഞു.
“എന്റെ പൊന്നേ ഞാനില്ല രാത്രിയില്‍ കാപി കുടിക്കാന്‍. സദാചാര പോലീസ് പിടിച്ച് രണ്ട് പെട പെടച്ചിട്ട് പത്രത്തില്‍ പടം വന്നാല്‍ അമ്മ എന്നെ ഓടിച്ചിട്ട് ഇടിക്കും. അല്ല കാപ്പി കുടിക്കാന്‍ ഇത്രയ്ക്ക് മുട്ടി നില്‍ക്കുവാണങ്കില്‍ ഓഫീസിനകത്ത് വലിയ ഒരു മെഷ്യന്‍ വെച്ചിട്ടുണ്ടല്ലോ അവിടെ നിന്ന് കുടിച്ചിട്ട് വന്നാല്‍ പോരായിരുന്നോ?”
“അതെന്നും നമ്മള്‍ കുടിക്കുന്നതല്ലേ.. വേറെ എവിടെ നിന്നെങ്കിലും ആകുമ്പോള്‍ നമുക്ക് ഒരുമിച്ച് നിന്ന് കുടിക്കാമല്ലോ” അവള്‍ പറഞ്ഞു.
“ഞാന്‍ കുടിച്ചു കൊണ്ടിരുന്ന കഞ്ഞി അവിടെ വെച്ചിട്ടാ വന്നതാ. അതിനി ചെന്നിട്ട് വേണം കുടിക്കാന്‍. എത്രയും പെട്ടന്ന് ഇയാളെ ഹോസ്റ്റലില്‍ ആക്കി ആ മാഡത്തിന്റെ കൈയ്യില്‍ നിന്ന് കൈപ്പറ്റു രസീതും വാങ്ങിയിട്ട് പെട്ടന്ന് റൂമില്‍ ചെല്ലാനാ നോക്കുന്നത്...” അവന്‍ പറഞ്ഞു.

അവന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. അവള്‍ ബൈക്കില്‍ കയറി.
“ജിനോയ്ക്ക് അമ്മയെ ഭയങ്കര പേടിയാണോ?” പോകുന്ന വഴിക്ക് അവള്‍ ചോദിച്ചു.
“ദൈവം കഴിഞ്ഞിട്ട് അമ്മയെ എങ്കിലും പേടിയുള്ളത് നല്ലതല്ലേ?” അവന്‍ തിരിച്ച് ചോദിച്ചു.
അവള്‍ അവനെ ഹോസ്റ്റലില്‍ കൊണ്ടു പോയി വിട്ടു. തിരിച്ചു റൂമിലെത്തി ഭക്ഷണം കഴിച്ചതിനു ശേഷം ഉറങ്ങാന്‍ കിടക്കുമ്പോള്‍ നയനയുടേ ഫോണ്‍.
“ഹലോ” അവളുടെ ശബ്ദ്ദം.
“എന്തേ. വീണ്ടും പ്രശ്നമായോ? ഇനി നാളെ പോയി നോക്കിയാല്‍ മതി. എന്നെ ഇനി കൊണ്ടുപോകാന്‍ കിട്ടില്ല.” അവന്‍ പറഞ്ഞു.
“ഇയാള് റൂമിലങ്ങ് എത്തിയോന്ന് അറിയാനാ വിളിച്ചത്?” അവള്‍ പറഞ്ഞു.
“എന്റെ പൊന്നു ചങ്ങാതി. റൂമിലെത്തി ഉറങ്ങാനും കിടന്നു” അവന്‍ പറഞ്ഞു.
“ ഗുഡ് നൈറ്റ് “ അവള്‍ പറഞ്ഞു.
“ഹൊ ശരി.. “ അവന്‍ പറഞ്ഞു ഫോണ്‍ വെച്ചു.

പിറ്റേന്ന് ജിനോ ഓഫീസില്‍ എത്തിയപ്പോള്‍ നയന അവളുടെ സി‌സ്റ്റത്തിന്റെ മുന്നില്‍ ഇരിപ്പുണ്ട്. സാധാരണ പറയും പോലെ ഒരു ഗുഡ് മോര്‍ണിംങ്ങ് പറഞ്ഞ് അവന്‍ അവന്റെ സീറ്റില്‍ പോയിരുന്നു. അങ്ങനെ ഒരാഴ്ച കഴിഞ്ഞു. പ്രൊജക്റ്റ് ഡെലിവറി കഴിഞ്ഞ് ഒരാഴ്ചത്തേക്ക് ബഗ് ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ആ പ്രൊജക്റ്റ് ടീമിലെ നാല് പേരെ മാത്രം നിലനിര്‍ത്തി മറ്റുള്ളവരെ മറ്റ് പ്രൊ‌ജക്റ്റിലേക്ക് മാറ്റി. ജിനോ പുതിയ പ്രോജക്‍റ്റ് ടീമിലേക്ക് മാറി. അവന്റെ ഇരിപ്പ് മറ്റുള്ള പ്രൊജക്ട് അംഗങ്ങളോടൊപ്പം ആയി.

നയന ഇടയ്ക്കിടയ്ക്ക് ജിനോ ഇരുന്ന സീറ്റിലേക്ക് നോക്കും.അവന്‍ ഇരുന്ന സ്ഥാനത്തെ ശുന്യത തന്നില്‍ ഒരു നഷ്ടബോധം ഉണ്ടാക്കിതുടങ്ങിയോ എന്ന് അവള്‍ക്ക് തന്നെ സംശയം ആയി തുടങ്ങി. അവനെ കാണാതിരിക്കുമ്പോള്‍ എന്തോ ഒരു വേവലാതി. മനസിന്റെ ഉള്ളില്‍ എന്തോ ഒരു വിങ്ങല്‍. അവനോട് എന്തക്കയോ പറയണമെന്നുള്ള തോന്നല്‍. എന്താണ് തനിക്കവനോട് പറയാനുള്ളത്. ചില സമയത്ത നിശബ്‌ദ്ദതയ്ക്ക് ഒരായിരം അര്‍ത്ഥങ്ങള്‍ ഉണ്ടാകാം. തപ്പി തടയേണ്ടി വരുന്ന വാക്കുകള്‍ക്കുള്ളില്‍ ഒരായിരം വാക്കുകളുടെ അര്‍ത്ഥം അടങ്ങിയിരിക്കാം.

ചൊവ്വാഴ്ച വൈകിട്ട് കലൂര്‍ പള്ളിയിലെ നൊവേനയ്ക്ക് ചെന്ന് നില്‍ക്കുമ്പോള്‍ നയന പള്ളിയിലേക്ക് കയറുന്നത് ജിനോ കണ്ടു. നൊവേന കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍ തിരക്കില്‍ അവന്‍ നയനയെ തിരക്കിയെങ്കിലും കാണാന്‍ പറ്റിയില്ല. പിറ്റേന്ന് ഉച്ചയ്ക്ക് കഴിക്കാനായി ഇറങ്ങുമ്പോള്‍ നയനയുടെ ഫോണ്‍.
“ജിനോ കഴിക്കാന്‍ ഇറങ്ങിയോ?”
“ഇറങ്ങി”
“എവിടെ നിന്നാ കഴിക്കുന്നത്?”
“അങ്ങനെയൊന്നും ഇല്ല. എല്ലാവരും കൂടി എങ്ങോട്ട് പോകുന്നോ അവിടെ നിന്ന് കഴിക്കും” അവന്‍ പറഞ്ഞു.
“എങ്കില്‍ ഞാനും വരുന്നുണ്ട്. ഞാനിന്ന് ലഞ്ച് കൊണ്ടു വന്നിട്ടില്ല” അവള്‍ പറഞ്ഞു.
“അതിപ്പോള്‍. ഞങ്ങളെല്ലാം ഉണ്ട് “ അവന്‍ പറഞ്ഞു.
“അതിനെന്താ ഞാനും വരുന്നുണ്ട്. ഒരഞ്ച് മിനിട്ട് വെയ്റ്റ് ചെയ്യ്”
“ഹൊ,ശരി. ഞാനിവിടെ എന്‍‌ട്രന്‍സില്‍ നില്‍പ്പുണ്ട്..”

അഞ്ചു മിനിട്ടിനുള്ളില്‍ അവള്‍ എത്തി. ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കാന്‍ ഒരു വിഷയവും അവര്‍ക്ക് ഇല്ലായിരുന്നു.
“അവാര്‍ഡ് സിനിമയിലെ പോലെ ഭക്ഷണം കഴിക്കാതെ എന്തെങ്കിലും സംസാരിച്ചു കൂടേ..” നയന ജിനോയോട് ചോദിച്ചു.
“ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കരുതെന്നാ അമ്മ പറയുന്നത്” അവന്‍ പറഞ്ഞു.
“അമ്മ പറയുന്നതുപോലയേ ജിനോ എല്ലാം ചെയ്യത്തുള്ളോ?” അവള്‍ ചോദിച്ചു.
“അതെ...” അവന്‍ പറഞ്ഞു. വീണ്ടും സംസാരിക്കാന്‍ വിഷയം ഒന്നും ഇല്ലാതെ അവര്‍ ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിച്ചിറങ്ങി അവര്‍ ഓഫീസിലേക്ക് നടന്നു.

“നയനയുടെ കല്യാണാലോചനകള്‍ എന്തായി” നടക്കുമ്പോഴായിരുന്നു അവന്റെ ചോദ്യം.
“ആരു പറഞ്ഞു എനിക്ക് കല്യാണാലോചനകള്‍ നടക്കുന്നുണ്ടന്ന്?” അവള്‍ ചോദിച്ചു.
“ഞാന്‍ ഇന്നലെ നയനയെ കലൂര്‍ പള്ളിയില്‍ വെച്ച് ഒരു മിന്നായം പോലെ കണ്ടായിരുന്നു. കെട്ടിക്കാന്‍ പ്രായമായ പെണ്‍‌പിള്ളാര്‍ പള്ളിയില്‍ വരുന്നത് നല്ല കല്യാണം നടക്കണേ എന്ന് പ്രാര്‍ത്ഥിക്കാന്‍ അല്ലേ?” അവന്‍ പറഞ്ഞു.
“അങ്ങനെ തന്നെ കൂട്ടിക്കോ... നല്ല പയ്യന്മാരങ്ങാണം ഉണ്ടങ്കില്‍ പറഞ്ഞോ. നമുക്ക് ആലോചിക്കാം” അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഒരുത്തനെക്കൂടി കുരിശില്‍ കയറ്റാന്‍ ഞാനില്ലേ..” അവന്‍ പറഞ്ഞു.
അവര്‍ ഓഫീസില്‍ തിരിച്ച് എത്തി.

ഹോ‌സറ്റല്‍ റൂമില്‍ ചെന്ന് കയറിയപ്പോഴും നയന മറ്റേതോ ലോകത്ത് ആണന്ന് കൂട്ടുകാരികള്‍ക്ക് തോന്നി. രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവള്‍ വെറുതെ  ചിരിക്കുന്നത് നോക്കി കൂട്ടുകാരികള്‍ നിന്നു. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ കൂട്ടുകാരികളുടെ ചോദ്യം.
“നീ ഇന്നലെ രാത്രിയില്‍ ആരോടാ ഈ കുരിശങ്ങ് സ്വയം ഏറ്റെടുത്തു കൂടെ എന്ന് ചോദിച്ചത്”
“ഞാനോ.. “
“നീ തന്നെ.. ഇന്നലെ വന്നതു മുതല്‍ നിന്നെ ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. നിനക്കെന്തോ മാറ്റം ഉണ്ട്”
“ഒരുമാറ്റവും ഇല്ലെന്റെ പൊന്നു മക്കളെ...” അവള്‍ പറഞ്ഞു. താന്‍ ഇന്നലെ രാത്രിയില്‍ ജിനോയുമായി ഭക്ഷണം കഴിച്ചിട്ട് വരുന്നത് സ്വപ്നം കണ്ടത് ഓര്‍ക്കുന്നുണ്ട്. “ഒരുത്തനെക്കൂടി കുരിശില്‍ കയറ്റാന്‍ ഞാനില്ലേ..” എന്ന് അവന്‍ പറയുന്നത് ഓര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ട്. താനതിന് മറുപടി ആയിട്ടായിരിക്കും ഇവളുമാര് പറയുന്നതുപോലെ പറഞ്ഞത്. തനിക്കിപ്പോള്‍ എന്തക്കയോ മാറ്റം ഉണ്ട്. ഉള്ളിലെവിടയോ ജിനോയോട് ഒരു ഇഷ്ടം തനിക്കുണ്ട്. അത് പ്രണയമാണോ അതോ മറ്റെന്തെങ്കിലും ആണോ എന്നൊന്നും തിരിച്ചറിയാന്‍ പറ്റുന്നില്ല.

ഞായറാഴ്ച ഹോസ്റ്റലില്‍ വെറുതെ ഇരിക്കുമ്പോള്‍ ജിനോയെ ഒന്നു ഫോണ്‍ ചെയ്താലോ എന്നൊരു തോന്നല്‍. അതൊന്നും ശരിയാവില്ല എന്നൊരു തോന്നല്‍ ഉണ്ടായെങ്കിലും അവള്‍ അവസാനം അവനെ വിളിച്ചു.
“ഞാനിപ്പോള്‍ നാട്ടിലാ നയനാ” അവന്‍ പറഞ്ഞു.
“അമ്മയെ കാണാന്‍ പോയതാണോ?”
“ആഴ്ചയില്‍ ഒരിക്കലെങ്കിലും അമ്മയെ കണ്ടില്ലങ്കില്‍ ശരിയാവില്ലന്നേ.. എന്തിനാ വിളിച്ചത്?”
“ചുമ്മാ ഇരുന്ന് ബോറടിച്ചു... ആരെങ്കിലും കൂട്ടിന് ഉണ്ടായിരുന്നെങ്കില്‍ മറൈന്‍ ഡ്രൈവില്‍ പോയിരിക്കാമായിരുന്നൂ...”
“ഞാനൊരു അഞ്ചു‌മണിയാകുമ്പോള്‍ എന്തും. ആ സമയത്തും ബോറടി മാറിയിട്ടല്ലങ്കില്‍ വിളിച്ചാല്‍ മതി..” അവന്‍ പറഞ്ഞു. തനെന്തിനാ അങ്ങനെ പറഞ്ഞതെന്ന് അവന്‍ പിന്നീടാലോചിച്ചു.

കൃത്യം അഞ്ചുമണിയായപ്പോള്‍ നയനയുടെ ഫോണ്‍. അവള്‍ മറൈന്‍ ഡ്രൈവിലേക്ക് വരികയാണന്ന്. ജിസി‌ഡി‌എ യുടെ വഴിയില്‍ അവള്‍ ഉണ്ടാവുമെന്ന്. നയന എത്തിയതിനു ശേഷമാണ് ജിനോ എത്തിയത്. ഒഴിവു ദിവസത്തിലെ മറൈന്‍ ഡ്രൈവിലെ തിരക്കിലൂടെ അവര്‍ വെറുതെ നടന്നു. മഴവില്‍ പാലത്തില്‍ കയറി പടഞ്ഞാറോട്ട് നോക്കി അവര്‍ നിന്നു. കപ്പിലിന്റെ അരികിലൂടെ ബോട്ടുകളും വള്ളങ്ങളും പോകുന്നുണ്ടായിരുന്നു.
“ജിനോ അമ്മയ്ക്ക് ഇന്ന് എന്താ കൊണ്ടു കൊടുത്തത്” അവള്‍ ചോദിച്ചു.
“പ്രത്യേകിച്ചൊന്നും കൊണ്ടു പോയി കൊടുക്കില്ല. ഒരു റോസപ്പൂ മാത്രം കൊടുക്കും. അല്ലാതെ അമ്മ ഒന്നും ചോദിക്കില്ല”
“അമ്മയ്ക്ക് അത്രയ്ക്ക് ഇഷ്ടമാണൊ റോസാപ്പൂ”
“അതെ...” അവന്‍ പറഞ്ഞു.
“നാട്ടില്‍ ചെന്നിട്ട് അമ്മ എന്ത് പറഞ്ഞു”
“അമ്മയ്ക്ക് ഞാന്‍ പറയുന്ന വിശേഷങ്ങള്‍ കേട്ടാല്‍ മതി”
“എന്നെ അന്ന് രാത്രിയില്‍ ഓഫീസില്‍ കൊണ്ടു പോയ കാര്യം പറഞ്ഞോ?”
“പറഞ്ഞു”
“എന്നിട്ടമ്മ എന്ത് പറഞ്ഞു”
“എന്ത് പറയാന്‍. ഞാന്‍ പറയുന്നത് അമ്മ കേട്ടിരുന്നു..”
“നിനക്കൊന്നു കെട്ടിക്കൂടെ എന്ന് അമ്മ അപ്പോള്‍ ചോദിച്ചില്ലേ?”
“അമ്മ ചോദിച്ചില്ലങ്കിലും നാട്ടുകാര്‍ ചോദിക്കുന്നുണ്ട്. അമ്മയ്ക്കറിയാം എല്ലാം സമയം ആകുമ്പോള്‍ നടക്കുമെന്ന്”
“അമ്മ പാവം ആണല്ലേ?” അവള്‍ ചോദിച്ചു
“ഹും..” അവന്‍ ഒന്ന് മൂളുകമാത്രം ചെയ്തു.
“അമ്മയ്ക്ക് മരുമകളെക്കുറിച്ച് സങ്കല്‍പ്പങ്ങള്‍ ഒന്നും ഇല്ലേ?” അവള്‍ ചോദിച്ചു
“ഏയ് അങ്ങനെയൊന്നും കാണില്ല.“
“എന്നാ പിന്നെ പ്രണയിച്ച് ആരെയെങ്കിലും വിവാഹം കഴിച്ചു കൂടെ...”
“ഏയ് .. എനിക്കങ്ങനെയൊന്നും ഇല്ല... എല്ലാം സമയത്ത് നടക്കും..”
അസ്‌തമയ സൂര്യന്റെ പ്രകാശം ഇരിട്ടിലേക്ക് വഴി മാറി തുടങ്ങിയപ്പോള്‍ അവര്‍ പടിയിറങ്ങി. ബസ്‌ സ്റ്റോപ്പ് വരെ അവളോടൊപ്പം അവനും നടന്നു. അവള്‍ക്കുള്ള ബസ് എത്തി അവള്‍ പോയതിനു ശേഷമാണ് അവന്‍ റൂമിലേക്ക് മടങ്ങിയത്.

നയന. അവളിപ്പോള്‍ തന്നില്‍ ഒരു ചലനം സൃഷ്ടിക്കുന്നുണ്ട്. ആദ്യം അവളെ താന്‍ നിര്‍ത്തിയിരുന്ന അതിര്‍വരമ്പുകള്‍ ചുരുങ്ങി ചുരുങ്ങി വരുന്നതുപോലെയാണ് ഇപ്പോള്‍. കൂടെ ജോലിചെയ്യുന്ന ഒരു പെണ്‍കുട്ടി എന്ന അതിരവരമ്പില്‍ നിന്ന് ഒരു സുഹൃത്തിന്റെ സര്‍ക്കിളിലേക്ക് താന്‍ പോലും അറിയാതെയാണ് അവള്‍ കടന്നുവന്നത്. പക്ഷേ ഇപ്പോള്‍, ആ തിര്‍വരമ്പുകളും തന്റെ മനസില്‍ ചുരുങ്ങുകയാണ്. തനിക്ക് അവളോടുള്ള ഇഷ്ടം വേര്‍തിരിച്ചറിയാന്‍ പറ്റുന്നില്ല. തനിക്കവളോട് ഉള്ളത് പ്രണയമാണോ അതോ സൌഹൃദമാണോ? സൌഹൃദത്തിന്റേയും പ്രണയത്തിന്റേയും ഇടയിലുള്ള അതിര്‍‌വരമ്പുകള്‍ ചുരുങ്ങിവരികയാണോ? മനുഷ്യബന്ധങ്ങളുടെ അവസ്ഥാന്തരങ്ങളിലേക്ക് തങ്ങളുടെ ബന്ധവും നീങ്ങുകയാണോ? ചിന്തകളില്‍ നിന്ന് ചിന്തകളിലേക്ക് നടന്ന് സുഖകരമായ ഉറക്കത്തിന്റെ താ‌ഴ്‌വരയിലേക്ക് അവന്‍ കടന്നു.

ചൊവ്വാഴ്ച വൈകിട്ട് കലൂര്‍ പള്ളിയില്‍ മലയാള നൊവേനയ്ക്ക് പോയി നില്‍ക്കുമ്പോള്‍ നയന പള്ളിയിലേക്ക് കയറുന്നത് അവന്‍ കണ്ടു. നൊവേന കഴിഞ്ഞ് അവള്‍ പൂമാല ചാര്‍ത്താന്‍ നില്‍ക്കുന്നത് അവന്‍ കണ്ടു. കുറച്ച് കഴിഞ്ഞപ്പോള്‍ അവളുടെ ഫോണ്‍.
“ജിനോ പള്ളിയിലുണ്ടോ?”
“ഉണ്ട്”
“എവിടാ നില്‍ക്കുന്നത്?”
“ഞാനീ കൌണ്ടറിന്റെ മുന്നിലെ അരഭിത്തിയില്‍ ഇരിപ്പുണ്ട്” അവന്‍ പറഞ്ഞു.
അവള്‍ അവിടേക്ക് വന്നു. അവളുടെ പുഞ്ചിരിക്ക് അവനും ഒന്നു പുഞ്ചിരിച്ചു.
“കരഞ്ഞൊക്കെയാണല്ലോ താന്‍ പ്രാര്‍ത്ഥിച്ചത്?” അവന്‍ അവളുടെ മുഖത്ത് നോക്കിയാണ് പറഞ്ഞത്.
“ഹേയ് അങ്ങനെയൊന്നും ഇല്ലന്നേ..” അവള്‍ ഷാളിന്റെ അറ്റം കൊണ്ട് കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു.
“ജിനോ ഇനിയും റൂമിലേക്കാണോ? അവള്‍ ചോദിച്ചു.
“ഇനി ഇംഗ്ലീഷ് നൊവേനയ്ക്ക് വരുന്നവരുടെ എണ്ണം കൂടി എടുത്തവരുടെ എണ്ണം കൂടി എടുത്തിട്ടെ ഉള്ളൂ റൂമിലേക്ക്”
“എല്ലാവരുടെയും എണ്ണം എടുക്കുമോ?”
“പെണ്‍‌കുട്ടികളുടെ എണ്ണം മാത്രം” അവന്‍ പറഞ്ഞു. അവളുടെ മുഖം അല്പം വാടിയോ എന്നവന്‍ സംശയിച്ചു.
“എന്തായി തന്റെ കല്യാണക്കാര്യം. മാലയൊക്കെ ഇട്ട് പ്രാര്‍ത്ഥിച്ചിട്ട് എന്തെങ്കിലും നടക്കുമോ?” അവന്‍ ചോദിച്ചു.
“എനിക്ക് ഇഷ്ടമുള്ള ഒരാളെ തന്നെ കിട്ടണേന്നാ ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്?” അവള്‍ പറഞ്ഞു.
“എന്നലതങ്ങ് വീട്ടില്‍ പറഞ്ഞു കൂടെ?”
“വീട്ടില്‍ പറയാന്‍ സമയം ആകുന്നേ ഉള്ളൂ. അതിനാദ്യം അവന്‍ സമ്മതിക്കുമോന്ന് അറിയട്ട്”
“ആരെ കിട്ടാന്‍ വേണ്ടിയാ ഈ പ്രാര്‍ത്ഥന?“ അവന്‍ ചോദിച്ചു.
“തന്നെ കിട്ടാന്‍ വേണ്ടി” അവളുടെ മറുപിടി പെട്ടന്നായിരുന്നു.
അവന്‍ ഒരു നിമിഷം നിശബദ്ദനായി നിന്നു.
“തമാശയല്ല ജിനോ.. ഞാന്‍ സീരിയസായിട്ട് തന്നെ പറഞ്ഞതാണ്” അവള്‍ പറഞ്ഞു.
അവന്‍ വീണ്ടും മൌനം.
“എന്തേ, ഒന്നും പറയാനില്ലേ. ഞാന്‍ സീരിയസായിട്ട് തന്നെയാണ് പറഞ്ഞത്. എനിക്ക് ഭര്‍ത്താവായി ജിനോയെ തന്നെ കിട്ടണമെന്നാണ് ഞാന്‍ പ്രാര്‍ത്ഥിച്ചത്. ജിനോ എന്താ ഒന്നും പറയാത്തത്“ അവള്‍ ചോദിച്ചു.
“നയനാ, നീ കരുതുന്നതുപോലെയൊന്നും അല്ല കാര്യങ്ങള്‍. എന്നെക്കുറിച്ച് കൂടുതല്‍ ഒന്നും അറിയാത്തതുകൊണ്ടാ താനിങ്ങനെ ഒക്കെ ആഗ്രഹിക്കുന്നത്. ഈ കളിയും ചിരിയും ഒക്കെ ഞാന്‍ എടുത്ത് അണിഞ്ഞിരിക്കുന്ന ഓരോരോ മൂടുപടങ്ങളാണ്. ഒത്തിരി പ്രശ്‌നങ്ങള്‍ എനിക്കുണ്ട്. അതൊക്കെ ഒന്നു മാറാതെ ഒരു വിവാഹത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പറ്റില്ല” അവന്‍ പറഞ്ഞു.
“ജിനോയുടെ പ്രശ്നങ്ങള്‍ തീരുന്നതുവരെ ഞാന്‍ കാത്തിരുന്നാലോ?”
“എന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമോന്ന് എനിക്ക് തന്നെ ഒരുറപ്പില്ല.“
“എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കിയിട്ട് ആര്‍ക്കെങ്കിലും ജീവിക്കാന്‍ പറ്റുമോ? എന്ത് പ്രശ്നമാണങ്കിലും അത് പരിഹരിക്കാന്‍ ഞാന്‍ കൂടെ ഉണ്ടാവും. എന്നോട് എന്തെങ്കിലും ഇഷ്ടക്കുറവ് ഉണ്ടങ്കില്‍ പറഞ്ഞോളൂ. എന്റെ ആഗ്രഹങ്ങള്‍ വെറും സ്വപ്നങ്ങള്‍ ആണന്ന് ഞാന്‍ കരുതിക്കോളാം”
“ഇതില്‍ ഇഷ്ടക്കുറവിന്റെ കാര്യമൊന്നും ഇല്ല നയനാ. എനിക്കും ഇഷ്ടമാണ് തന്നെ. പലപ്പോഴും അത് പറയണമെന്ന് കരുതിയതും ആണ്. പക്ഷേ അപ്പോഴൊക്കെ ഞാനെന്റെ പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കും” അവന്‍ പറഞ്ഞു.
“ഹോ, അപ്പോള്‍ ഇഷ്ടം മനസില്‍ ഒളിപ്പിച്ചു വെച്ചിട്ടായിരുന്നല്ലേ ഈ കണ്ടകാലം ഒക്കെ എന്റെ കൂടെ നടന്നത്?”
“നമുക്ക് നമ്മുടെ എല്ലാ ഇഷ്ടങ്ങളും പ്രകടിപ്പിക്കാന്‍ പറ്റില്ലല്ലോ?ചില ഇഷ്ടങ്ങള്‍ കുറെക്കാലത്തേക്കെങ്കിലും മനസിന്റെ കോണില്‍  എവിടെയെങ്കിലും  ഒളിപ്പിച്ചു വെച്ചല്ലേ പറ്റൂ” അവന്‍ പറഞ്ഞു.
“അപ്പോ ഞാന്‍ വീട്ടില്‍ പറഞ്ഞോട്ടേ... അവരിനി ചെറുക്കനെ അന്വേഷിച്ച് ബുദ്ധിമുട്ടണ്ടാന്ന്” അവള്‍ ചോദിച്ചു.
“അതൊക്കെ നമുക്ക് കുറച്ചൂടെ ആലോചിച്ചിട്ട് മതി” അവന്‍ പറഞ്ഞു.
“അമ്മയുടെ സമ്മതം കിട്ടാനാണൊ പാട്” അവള്‍ ചോദിച്ചു.
“അതും ഒരു പ്രശ്നമാണ്.”
“ഇനി നാട്ടില്‍ പോകുമ്പോള്‍ ഞാനും ജിനോയുടെ കൂടെ വരുന്നുണ്ട്..” അവള്‍ പറഞ്ഞു.
ജിനോയാണ് അന്നവളെ ഹോസ്റ്റലില്‍ കൊണ്ടു വിട്ടത്.

വെള്ളിയാഴ്ച വൈകിട്ട് നയനയുടെ ഫോണ്‍.
“നാളെ നമുക്ക് ഫോര്‍ട്ട്കൊച്ചിയില്‍ പോയാലോ?” നയനയുടെ ചോദ്യം.
“പോകാം.. പക്ഷേ എനിക്ക് വൈകിട്ട് നാട്ടില്‍ പോകണം.“ അവന്‍ പറഞ്ഞു.
“രാവിലെ നമുക്ക് പോകാം” അവള്‍ പറഞ്ഞു.
“ഞാനൊരു എട്ടുമണി ആകുമ്പോഴേക്കും നിങ്ങടെ ബസ് സ്റ്റോപ്പില്‍ വരാം”
“ഹും”

രാവിലെ പറഞ്ഞ സമയത്ത് ജിനോ ബസ് സ്റ്റോപ്പില്‍ എത്തി. അവന്‍ എത്തുന്നതിനു മുമ്പ് തന്നെ നയന ബസ്‌സ്റ്റോപ്പില്‍ ഉണ്ടായിരുന്നു. മറൈന്‍ ഡ്രൈവിനു മുന്നിലെ പാര്‍ക്കിങ്ങില്‍ അവന്‍ ബൈക്കു വെച്ചു.
“നമുക്ക് ജട്ടീന്ന് ബോട്ടിനു പോകാം” അവന്‍ പറഞ്ഞു. തണല്‍ മരങ്ങളുടെ തണലിലൂടെ അവര്‍ ബോട്ടു ജെട്ടിയിലേക്ക് നടന്നു. അവര്‍ ചെന്നപ്പോള്‍ ഫോര്‍ട്ട് കൊച്ചിക്കുള്ള ബോട്ട് പോകാനായി കിടപ്പുണ്ടായിരുന്നു. അവര്‍ ടിക്കറ്റെടുത്ത് അതില്‍ കയറി. സീറ്റ് നിറയാനുള്ള ആളുകളേ ഉണ്ടായിരുന്നുള്ളൂ.
അവന്‍ ആദ്യം ബോട്ടിലേക്ക് കയറി.അവള്‍ ബോട്ടില്‍ കയറാനായി തുടങ്ങിയപ്പോള്‍ ബോട്ടൊന്ന് ചെറുതായി ഉലഞ്ഞു. അവന്‍ കൈ നീട്റ്റി കൊടുത്തു. അവള്‍ അവന്റെ കൈയ്യില്‍ പിടിച്ച് അകത്തേക്ക് കയറി .
“ഞാന്‍ ആദ്യമായിട്ടാ ഇത്രയും വലിയ ബോട്ടില്‍ കയറുന്നത്” അവള്‍ പറഞ്ഞു.
“ഞങ്ങള്‍ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ചുമ്മാ ബോട്ടു കയറി ഫോര്‍ട്ട് കൊച്ചിക്കോ മട്ടാഞ്ചേരിക്കൊ പോകും. കുറച്ചു കഴിയുമ്പോള്‍ ഇതേപോലെ തിരിച്ചും വരും” അവന്‍ പറഞ്ഞു. വലിയ കപ്പലിന്റെ വശത്തൂടെ ബോട്ട് പോകുമ്പോള്‍ അവള്‍ അത്ഭുതത്തോടെ കപ്പല്‍ നോക്കുന്നത് അവന്‍ കണ്ടു.

ഫോര്‍ട്ടുകൊച്ചിയിലെ തിരക്കിലേക്ക് അവര്‍ അലിഞ്ഞു. കടല്‍ തീരത്തെ നടപ്പാതയിലൂടെ അവര്‍ നടന്നു
“എന്തിനാ ഇങ്ങോട്ടേക്ക് വരണമെന്ന് പറഞ്ഞത് ?” അവന്‍ ചോദിച്ചു.
“ചുമ്മാ.. കുറച്ച് സംസാരിക്കാന്‍. ഈ ചീനവലകളുടെ കാഴ്ചയും കടലിന്റെ സംഗീതവും ഈ മരത്തണലും ഒക്കെ എനിക്ക് ഇഷ്ടമാണ്.” അവള്‍ പറഞ്ഞു.
“എന്താ ഇത്രയേറെ സംസാരിക്കാന്‍” അവന്‍ ചോദിച്ചു.
“നമ്മളെക്കുറിച്ച്.. നമ്മുടെ ജീവിതത്തെക്കുറിച്ച്” അവള്‍ പറഞ്ഞു.
അവര്‍ ഒരു തണല്‍ മരത്തിന്റെ ചുവട്ടില്‍ ഇരുന്നു. അവര്‍ സംസാരിച്ചു.

“നയനാ, നീ പറയുന്നതെല്ലാം ശരിയാണ്. പക്ഷേ നീയും ഞാനും തമ്മിലുള്ള അന്തരം എന്താണന്ന് നീ മനസിലാക്കണം. നമ്മള്‍ വളര്‍ന്ന ചുറ്റുപാടുകളും വേറയാ. നിനക്ക് എന്നെക്കാള്‍ നല്ല ഒരാളെ ഭര്‍ത്താവായി കിട്ടും. നിന്റെ പൊസിഷനില്‍ തന്നെ ഉള്ള ഒരാളെ വിവാഹം കഴിക്കുന്നതായിരിക്കും നിന്റെ കരിയറിനും നല്ലത്” അവന്‍ പറഞ്ഞു.

“നോക്ക് ജിനോ, ഭയങ്കര കഴിവുണ്ടായിട്ടൊന്നും ഈ പൊസിഷനില്‍ എത്തിയതല്ല ഞാന്‍. കരിയറിനെക്കാള്‍ ഇമ്പോര്‍ട്ടന്‍സ് ഞാന്‍ എന്റെ ജീവിതത്തിനു തന്നെയാണ് നല്‍കുന്നത്. ജീവിതം കഴിഞ്ഞിട്ടെ ഉള്ളൂ എനിക്കെന്റെ കരിയര്‍. കുറേ ഓണ്‍സൈറ്റില്‍ പോയന്ന് കരുതിയോ കൂടുതല്‍ സാലറി കിട്ടിയന്നോ കരുതി ഞാന്‍ ഇപ്പോഴും ഒരു സാധാരണ പെണ്ണ് തന്നെയാണ്. എനിക്ക് എന്റെ ജീവിതത്തെക്കുറിച്ച് പല സ്വപ്നങ്ങള്‍ ഉണ്ട്. ആ സ്വപ്നങ്ങളില്‍ വളരെക്കുറച്ചേ കരിയറിനെക്കുറിച്ചുള്ളൂ. ഞാനിപ്പോള്‍ കുറേക്കാലമായി ജീവിതത്തെക്കുറിച്ച് നെയ്തുകൂട്ടിയ സ്വപ്നങ്ങളില്‍ നീയും ഉണ്ടായിരുന്നു എന്റെ കൂടെ. നിനക്കറിയാമോ, നീ എന്റെ ടീമില്‍ ഉണ്ടായിരുന്നപ്പോള്‍ എനിക്ക് എന്തോ ഒരു സന്തോഷം ആയിരുന്നു. പലപ്പോഴും എന്റെ ഇഷ്ടം തുറന്ന് പറയാന്‍ ഞാന്‍ തുടങ്ങിയതാ. അപ്പോഴൊക്കെ എന്നെ തടഞ്ഞത് നീ പറഞ്ഞ പൊസിഷന്‍ ആണ്. ഒരേ ടീമില്‍ തന്നെ ഞാന്‍ പ്രോജക്ട് ലീഡറും നീ ഒരു മെമ്പറും ആണന്ന് എനിക്ക് തോന്നിയിട്ടില്ല.”

“നയന, നീ കണ്ടതുപോലെയല്ല ലോകം. എന്‍‌ഞ്ചിനീയറിംഗ് കഴിഞ്ഞ് കാമ്പസ് സെലക്ഷനുമായി കമ്പനിയില്‍ കയറിയ നിനക്ക് ഞാന്‍ പറയുന്നത് മനസിലാകണം എന്നില്ല. നീ കണ്ടിട്ടുള്ള ജീവിതം അവിടെയുള്ളവരുടെ മാത്രം ജീവിതം ആണ്. നിനക്കറിയാമോ എം‌സി‌എ ഡിഗ്രിയുമായി പലയിടത്തും കയറികയറിയാണ് ഞാന്‍ നമ്മുടെ കമ്പനിയില്‍ എത്തിയത്. പലരുടേയും ജീവിതം ഞാന്‍ കണ്ടിട്ടുണ്ട്. അതിലൊന്നും...” അവന്‍ പൂര്‍ത്തിയാക്കാന്‍ അവള്‍ സമ്മതിച്ചില്ല.

“എന്റെ ജോലിയാണ് നിനക്ക് പ്രശ്നമെങ്കില്‍ ഞാനത് റിസൈന്‍ ചെയ്യാനും തയ്യാറാണ്.” അവള്‍ പറഞ്ഞു.

“നയന നീ അങ്ങനെ ചിന്തിക്കേണ്ട കാര്യമില്ല. നിന്റെ ജോലിയുമായി ഞാന്‍ പറഞ്ഞതിന് ഒരു ബന്ധവും ഇല്ല. പിന്നീട് ജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നിനക്ക് ഒരു നഷ്ടബോധം തോന്നാന്‍ പാടില്ല..” അവന്‍ പറഞ്ഞു.

“നീ എന്റെ കൂടെ ഉണ്ടങ്കില്‍ എനിക്കൊരു നഷ്ടബോധവും തോന്നത്തില്ല” അവള്‍ പറഞ്ഞു.
അവള്‍ അവന്റെ തോളിലേക്ക് ചാഞ്ഞു.
“ഇന്നിനി നാട്ടില്‍ പോകുന്നുണ്ടോ?” അവള്‍ ചോദിച്ചു.
“ഇനി നാളയേ ഉള്ളൂ” അവന്‍ പറഞ്ഞു.
“ഞാനും കൂടെ അമ്മയെ കാണാന്‍ നാളെ നാട്ടിലേക്ക് വന്നോട്ടെ.“ അവള്‍ ചോദിച്ചു
“നിര്‍ബന്ധമാണങ്കില്‍ പോന്നോ.. പക്ഷേ അമ്മ എങ്ങനെ പെരുമാറും എന്ന് പറയാന്‍ പറ്റില്ല”
“അത് ഞാന്‍ ഡീല്‍ ചെയ്തോളാം. ഇത്രയും പ്രായം ആയിട്ടും ജിനോയ്ക്ക് അമ്മയോടുള്ള പേടിമാറിയിട്ടില്ലല്ലേ... “ അവളുടെ ചോദ്യത്തിന് അവന്‍ ചിരിച്ചതേ ഉള്ളൂ. അവര്‍ പോകാനായി എഴുന്നേറ്റു.
“അമ്മയ്ക്ക് സാരിയാണോ ചുരിദാറാണോ ഇഷ്ടം? ഞാന്‍ നാളെ സാരി ഉടുത്ത് വന്നാലോ?” അവള്‍ ചോദിച്ചു.
“അമ്മയെ ഞാന്‍ സാരി ഉടുത്തേ കണ്ടിട്ടുള്ളൂ... അമ്മയ്ക്ക് സാരി തന്നെ ആയിരിക്കും ഇഷ്ടം” അവന്‍ പറഞ്ഞു.
അവളെ ഹോസ്റ്റലിലാക്കിയിട്ട് അവന്‍ റൂമിലേക്ക് പോയി.

ഞായറാഴ്ച.
രാവിലെ ജിനോ എഴുന്നേറ്റ് ഒരുങ്ങി വന്ന് ഫോണ്‍ എടുത്തു നോക്കുമ്പോള്‍ നയനയുടെ പത്ത് മിസഡ് കോള്‍. അവനുടനെ തിരിച്ച് വിളിച്ചു.
“നീ വരുന്നില്ലന്ന് പറയാനോ വിളിച്ചത്?” അവന്‍ ചോദിച്ചു.
“ഹോ! എന്നെ കൂടുകണ്ടാല്‍ അമ്മ എന്ത് പറയുമ്മെനുള്ള പേടി കൊണ്ടല്ലേ അങ്ങനെ ചോദിച്ചത് “ അവള്‍ ചോദിച്ചു.
“അല്ലന്നേ, എന്തിനാ വിളിച്ചത്?”
“ഞാന്‍ ഒരുമണിക്കൂറായി ഒരുങ്ങി നില്‍ക്കാന്‍ തുടങ്ങിയിട്ട്. ഒരു റെസ്പോണ്ടും ഇല്ലാത്തതുകൊണ്ട് വിളിച്ചതാ” അവള്‍ പറഞ്ഞു.
“താന്‍ ആ ബസ്‌സ്റ്റോപ്പിലേക്ക് ഇറങ്ങി നിന്നോ . ഞാന്‍ ഒരഞ്ച് മിനിട്ടിനുള്ളില്‍ എത്താം” അവന്‍ ഫോണ്‍ കട്ട് ചെയ്ത് ഇറങ്ങി.

അവന്‍ ബസ് സ്റ്റോപ്പിനു മുന്നില്‍ ബൈക്ക് നിര്‍ത്തി. നയനയെ സാരിയുടുത്ത് അവന്‍ ആദ്യമായി കാണുകായായിരുന്നു.
“എന്താ ആദ്യം കാണുന്നതുപോലെ ഒരു നോട്ടം” അവള്‍ ചോദിച്ചു.
“തന്നെ ആദ്യമായിട്ടാ സാരി ഉടുത്ത് കാണുന്നത്” അവന്‍ പറഞ്ഞു.
“എന്നെയിങ്ങനെ കണ്ടാല്‍ അമ്മ വീഴുമോ?” ചോദിച്ചു കൊണ്ട് അവള്‍ ബൈക്കില്‍ കയറി.
“താനേതായാലും വീഴാറ്റിരിക്കാന്‍ ശരിക്ക് പിടിച്ചിരിക്ക്” അവന്‍ പറഞ്ഞു കൊണ്ട് ബൈക്ക് എടുത്തു.

അവന്റെ നാട്ടിലേക്ക് ഒന്നര മണിക്കൂറിന്റെ യാത്ര ഉണ്ടായിരുന്നു. അവരെ രണ്ടു പേരയും ഒരുമിച്ച് കണ്ട് ആള്‍ക്കാര്‍ നോക്കുന്നുണ്ടായിരുന്നു.
പള്ളിയുടെ മുന്നില്‍ ബൈക്ക് അവന്‍ നിര്‍ത്തി.
“എന്താ ഇവിടെ നിര്‍ത്തിയത്. അമ്മയെ കാണുന്നതിനു മുമ്പ് ദൈവത്തോട് പ്രാര്‍ത്ഥിക്കാനണല്ലേ?” അവള്‍ ചോദിച്ചു.
“അങ്ങനെ കൂട്ടിക്കോളൂ..” അവന്‍ പറഞ്ഞു. മെഴുകുതിരിയും പൂവും വില്‍ക്കുന്ന പെണ്‍കുട്ടിയുടെ കൈയ്യില്‍ നിന്ന് അവന്‍  രണ്ട് റോസാപ്പൂവും മെഴുകുതിരിയും വാങ്ങി. അവര്‍ പള്ളിയിലേക്ക് കയറുമ്പോള്‍ പലരും അവനെ നോക്കി പരിചയം പുതുക്കി ചിരിക്കുന്നുണ്ടായിരുന്നു. അവളും അവന്റെ കൂടെ പള്ളിയിലേക്ക് കയറി. അവന്റെ കൂടെ അവളും മുട്ടുകുത്തിനിന്ന് പ്രാര്‍ത്ഥിച്ചു. പത്ത് മിനിട്ട് കഴിഞ്ഞിട്ടും അവന്‍ പ്രാര്‍ത്ഥിച്ച് കഴിയാത്തതുകൊണ്ട് അവള്‍ എഴുന്നേറ്റു. അവന്റെ കണ്ണില്‍ നിന്ന് കണ്ണീര്‍ ഒഴുകുന്നത് അവളപ്പോഴാണ് ശ്രദ്ധിച്ചത്. അവള്‍ എഴുന്നേറ്റ് പള്‍ലിക്ക് പുറത്തിറങ്ങി നിന്നു. ഒരഞ്ചു മിനിട്ടു കൂടി കഴിഞ്ഞിട്ടാണ് അവന്‍ വന്നത്.
“എന്നെ അമ്മയെ കാണിക്കാന്‍ കൊണ്ടുപോകുന്നതിനു മുമ്പ് ഇത്രയ്ക്ക് കരയണമായിരുന്നോ? ഇപ്പോള്‍ ജിനോയ്ക്ക് പേടി തോന്നുന്നുണ്ടോ? ഞാന്‍ വേണമെങ്കില്‍ ഇവിടെ നില്‍ക്കാം. ജിനോ തനിച്ച് അമ്മയെ കണ്ടിട്ട് വന്നോളൂ” അവള്‍ പറഞ്ഞു.
“പേടി കൊണ്ടന്നും അല്ലന്നേ കരഞ്ഞത്. ഞാനെന്റെ സങ്കടങ്ങളെല്ലാം കരഞ്ഞ് തീര്‍ക്കുന്നത് ഈ പള്ളിയിലാ” അവന്‍ പറഞ്ഞു.
“ഇനി എങ്ങോട്ടാ” അവള്‍ ചോദിച്ചു.
“ഇനി നയനയെ അമ്മയെകാണിക്കാനായി അമ്മയുടെ അടുത്തേക്ക് അവന്‍ പറഞ്ഞു” അവന്‍ പറഞ്ഞു.
“ജിനോ” അവള്‍ വിളിച്ചു,
“എന്താ?” അവന്‍ ചോദിച്ചു.
“എനിക്കിപ്പോള്‍ ചെറിയ പേടി തോന്നുന്നുണ്ട്. അമ്മ എന്ത് പറയുമെന്ന് ആലോചിച്ച്..” അവള്‍ പറഞ്ഞു.
“അമ്മ ഒന്നും പറയില്ലന്ന് എനിക്കറിയാം നയനാ.. നിന്നെക്കുറിച്ചെല്ലാം ഞാന്‍ അമ്മയോട് പറഞ്ഞിട്ടുണ്ട്”
“സത്യം”
“ഹും”

അവന്‍ സെമിത്തേരിയിലേക്കാണ് നടക്കുന്നതന്ന് അവള്‍ക്ക് തോന്നി.
“നമ്മളെന്തിനാ ഇങ്ങോട്ട് പോകുന്നത്..” അവള്‍ ചോദിച്ചു.
“വാ..” അവന്‍ വിളിച്ചിട്ട് നടന്നു. അവള്‍ അവന്റെ പിന്നാലെ ചെന്നു.
മാര്‍ബിള്‍ പതിച്ച ഒരു കല്ലറയുടെ മുന്നില്‍ അവന്‍ നിന്നു. അവന്‍ തന്റെ കൈയ്യിലെ റോസാപ്പൂ കല്ലറയുടെ മേലേക്ക് വെച്ചു.
“ഇതാരുടെ കല്ലറയാ..” അവള്‍ ചോദിച്ചു.
“ഇവിടെയാണ് എന്റെ അമ്മ” അവന്റെ വാക്കുകള്‍ വിശ്വസിക്കാനാവാതെ അവള്‍ നിന്നു. തന്റെ ചുറ്റിനും ഉള്ള ലോകം കറങ്ങുന്നതായി അവള്‍ക്കു തോന്നി.
“അമ്മ...” അവളുടെ ശബ്ദ്ദം നേര്‍ത്തതായിരുന്നു.
“ഇവിടെയാണ് ഞാന്‍ എല്ലാ ആഴ്ചയും അമ്മയെ കാണാന്‍ വരുന്നത്. ഈ കല്ലറയിലാണ് ഞാന്‍ റോസാപ്പൂക്കള്‍ കൊണ്ടു വയ്ക്കുന്നത്. ഇവിടെ ഇരുന്നാണ് ഞാന്‍ അമ്മയോട് എന്റെ വിശേഷങ്ങള്‍ പറയുന്നത്. അമ്മ അതെല്ലാം കേള്‍ക്കും” അവന്റെ ശബ്ദം ഇടറിയിരുന്നു. അവള്‍ കല്ലറയിലേക്ക് നോക്കി. അതിലെ മരണ വര്‍ഷം എത്രയാണന്ന്. മരണവര്‍ഷം 2000 !!!
“അമ്മ എങ്ങനാ മരിച്ചത് ?” അവള്‍ ചോദിച്ചു.
“കൊന്നതാ” അവന്റെ വാക്കുകള്‍ അവളില്‍ മറ്റൊരു വേദനതീര്‍ത്തു.
“ആരാ കൊന്നത് ?” അവള്‍ക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
“അപ്പ.. വെട്ടിക്കൊല്ലുകയായിരുന്നു” അവന്റെ മറുപിടി അവളില്‍ മറ്റൊരു ഭൂകമ്പം തീര്‍ത്തു. വീണ് പോകാതിരിക്കാന്‍ അവള്‍ അവനെ പിടിച്ചു.
“ഇപ്പോഴും നീ എന്നെ സ്നേഹിക്കുന്നുണ്ടോ നയനാ...ദുര്‍‌മരണം കവര്‍ന്ന ഒരമ്മയുടെ.. കൊലപാതകിയായ ഒരപ്പന്റെ മകനെ നീ ഇപ്പോഴും സ്‌നേഹിക്കുന്നുണ്ടോ നയനാ..” അവന്റെ കണ്ണില്‍ നിന്ന് കണ്ണീര്‍ മാര്‍ബിളിലേക്ക് വീണു ചിതറി.
“ഹും..” അവള്‍ മൂളി.
“സത്യമായിട്ടും” അവന്‍ ചോദിച്ചു.
“സത്യം” അവള്‍ പറഞ്ഞു.
“എന്തിനാ അപ്പ അമ്മയെ കൊന്നത്? അപ്പ ഇപ്പോ എവിടെ” അവള്‍ ചോദിച്ചു
“അപ്പയുടെ ശിക്ഷ കഴിയാന്‍ ഇനിയുമുണ്ട് ഒരു വര്‍ഷം കൂടി. കോടതയിലെ വിസ്താരക്കൂട്ടില്‍ ഒരക്ഷരം പോലും പറയാതെയാണ് അപ്പ നിന്നത്.ഞാന്‍ പലപ്പോഴും അപ്പയെ കാണാന്‍ പോയിട്ടുണ്ട്. എന്നെ കാണുമ്പോഴൊക്കെ കരയുമെന്നല്ലാതെ അപ്പ ഒരക്ഷരം എന്നോട് മിണ്ടിയിട്ടില്ല. അന്ന് എന്താണ് സംഭവിച്ചതെന്ന് പപ്പയ്ക്ക് മാത്രമേ അറിയൂ..”
“നമുക്കൊരു ദിവസം പപ്പായെ പോയികാണണം” അവള്‍ പറഞ്ഞു. അവന്‍ അതിനു തലായാട്ടുക മാത്രം ചെയ്തു.
അവന്‍ മെഴുകുതിരികള്‍ ഓരോന്നായി എടുത്ത് കല്ലറയില്‍ കത്തിച്ചു. അവള്‍ മെഴുകുതിരി കവര്‍ അവള്‍ക്ക് നേരെ നീട്ടി. ബാക്കി മെഴുകുതിരികള്‍ അവള്‍ കത്തിച്ചു.
“അമ്മേ, ഞാന്‍ പറഞ്ഞിട്ടില്ലേ ഒരു നയനയെക്കുറിച്ച്, അവളാണ് എന്റെ കൂടെ ഈ നില്‍ക്കുന്നത്. ഞാന്‍ ഇവളെ കെട്ടുന്നതില്‍ അമ്മയ്ക്ക് വിരോധം ഒന്നും ഇല്ലല്ലോ?” അവന്റെ ശബ്ദ്ദം നേര്‍ത്തതായിരുന്നു.
“ഞാന്‍ പറഞ്ഞില്ലേ നയന, അമ്മ എന്റെ ഇഷ്ടത്തിനൊന്നും എതിര്‍ നില്‍ക്കുകയില്ലന്ന്..” അവന്‍ അവളോടായി പറഞ്ഞു.
അവള്‍ പുഞ്ചിരിക്കുക മാത്രം ചെയ്തു.
അവള്‍ അവന്റെ കൈ പിടിച്ചു.അവര്‍ രണ്ടു പേരും സെമിത്തേരിയുടെ ഗെയ്‌റ്റ് കടക്കുമ്പോള്‍ തിരിഞ്ഞു നോക്കി.
വീശിയടിക്കുന്ന കാറ്റത്തും കെടാതെ അവര്‍ കത്തിച്ച മെഴുകുതിരികള്‍ പ്രകാശത്തോടെ കത്തുന്നുണ്ടായിരുന്നു.

Saturday, June 18, 2011

തവളക്കുഴി പഞ്ചായത്തിലെ നിരാഹാര സമരം

ഉച്ച മയക്കത്തിലായിരുന്നു തവളക്കുഴി പഞ്ചായത്തിലെ പ്രതിപക്ഷ നേതാവായ അന്തപ്പന്‍. ഉച്ചയുറക്കം എന്ന് പറഞ്ഞാല്‍ ഉച്ചയ്ക്കത്തെ ഊണ് കഴിഞ്ഞിട്ടുള്ള നാലുമണിവരെയുള്ള ഉറക്കം. പ്രതിപക്ഷ നേതാവായതുകൊണ്ട് പ്രത്യേകിച്ചൊരു പണിയും ഇല്ല. ദിവസം പത്തമ്പത് ഷീറ്റു കിട്ടും, പിന്നെ അല്ലറ ചില്ലറ പരിപാടിയും ഒക്കെയുള്ളതുകൊണ്ട് മാത്രം വര്‍ഷങ്ങളായി ജനസേവനത്തിന് ഇറങ്ങിയതാണ്. കര്‍കടകത്തിലെ സുഖ ചികിത്സ ഒക്കെ കഴിഞ്ഞിട്ട് പഞ്ചായത്തില്‍ ഭരണ സമിതിക്കെതിരെ സമരം തുടങ്ങിക്കളയാം എന്നൊക്കെ കരുതി കിടന്നുറങ്ങിയതാണ് അന്തപ്പന്‍. ഉറക്കത്തിന്റെ അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് സന്തത സഹചാരിയായ കുരിശും മൂട്ടില്‍ തോമാ കയറി വന്നത്. അന്തപ്പന്‍ ഉറങ്ങുന്നടത്തേക്ക് വരെ കയറിവരാന്‍ തോമായ്ക്ക് ആരുടേയും അനുവാദം ആവിശ്യമില്ല.
“അന്തപ്പണ്ണാ അന്തപ്പണ്ണാ.. എഴുന്നേല്‍ക്ക് “ തോമാ അന്തപ്പനെ വിളിച്ചുണര്‍ത്തി
“എന്തോന്നാടാ കാര്യം.. മനുഷ്യനെ ഉറങ്ങാന്‍ സമ്മതിക്കില്ലേ?”
“അണ്ണാ നമുക്ക് പെട്ടന്നൊരു സമരം തുടങ്ങണം”
“എന്ത് സമരം”
“ഒരു നിരാഹാര സമരം”
“നിരാഹാര സമരമോ? എന്തിന് ?”
“അതൊക്കെ ഉണ്ടണ്ണാ.. നിരഹാര സമരമാ ഇപ്പോഴത്തെ ട്രന്‍ഡ്”
“ആര് നിരാഹാരം കിടക്കും”
“അന്തപ്പണ്ണന്‍ തന്നെ”
“ഞാനോ, വയറു നിറച്ച് കഴിച്ചിട്ടാ ഞാന്‍ പള്ളിയില്‍ പോയി കുര്‍ബ്ബാന പോലും കൊള്ളുന്നത്. ആ ഞാനാണോ നിരാഹാരം കിടക്കൂന്നത്?”
“അണ്ണന്‍ കിടന്നാലേ സമരത്തിന് ഒരിത് വരൂ..”
“അല്ല എന്തിനാ സമരം എന്ന് നീ പറഞ്ഞില്ലല്ലോ?”
“അതാ അണ്ണാ ഒരു പ്രശ്നം. നമുക്കാദ്യം സമരത്തിനു പറ്റിയ കുറേ കാരണങ്ങള്‍ കണ്ടു പിടിക്കണം”
“എടാ കര്‍ക്കടകം കഴിഞ്ഞിട്ട് പോരേ സമരം”
“അതു പോരാ അണ്ണാ, ആ സമയം ആകുമ്പോഴേക്കും നിരാഹാര സമരത്തിന്റെ ട്രെന്‍ഡ് അങ്ങ് മാറും.. നമുക്കിപ്പോള്‍ തന്നെ സമരം നടത്തണം”
“അതിപ്പോള്‍ ഷുഗറും പ്രഷറും ഒക്കെയുള്ള ഞാനെങ്ങനയാടാ നിരാഹാരം കിടകൂന്നത്?”
“അതു കുഴപ്പമില്ലണ്ണാ, ഇടയ്ക്കിടയ്ക്ക് മരുന്ന് കഴിക്കാനുണ്ടന്ന് പറഞ്ഞ് റൂമിലേക്ക് കയറി ഫുഡ് അടിക്കാമല്ലോ?”
“അപ്പോ ഫുഡിന്റെ കാര്യത്തില്‍ തീരുമാനം ആയി.. പക്ഷേ ഇപ്പോഴത്തെ മഴയും ചൂടും എനിക്ക് പിടിക്കില്ല”
“നമുക്ക് നിരാഹാരം എസി ഹാളിലാക്കിയാല്‍ പോരോ.. ഇപ്പോള്‍ സുവിശേഷ പ്രസംഗങ്ങള്‍ വരെ ആളെക്കൂട്ടാന്‍ എ‌സി ഹാളിലല്ലേ നടത്തുന്നത്”
“ആളിനെക്കുറിച്ച് പറഞ്ഞപ്പോഴാ ചിന്തിച്ചത്.. നമ്മളു നിരാഹാരം നടത്തിയാല്‍ ആളു വരുമോടാ തോമാ?”
“ആളിനെക്കുറിച്ച് ഓര്‍ത്ത് അന്തപ്പനണ്ണന്‍ വിഷമിക്കേണ്ട. വരുന്നവര്‍ക്കേല്ലാം ചിക്കന്‍ ബിരിയാണി കൊടുക്കാം. വേണമെങ്കില്‍ പാര്‍ട്ടി ഫണ്ടില്‍ നിന്ന് ഓരോരുത്തര്‍ക്കും നൂറു രൂപയും കൊടുക്കും”
“ബിരിയാണി കൊടുത്താല്‍ ആളു വരുമോടാ...”
“അണ്ണന്‍ ഇങ്ങനെയൊക്കെ ചോദിച്ചാല്‍ ഞാന്‍ ചുറ്റിപ്പോകും. ആളെ കൂട്ടാന്‍ വേറെ ഒരു ഐഡിയ എനിക്കുണ്ട്”
“എന്തോന്നാടാ ആ ഐഡിയാ”
“നമുക്ക് മറ്റേ ടീംസിനെ ഇറക്കാം”
“ഏത് ടീമിനെ”
“ചിയര്‍ ഗേള്‍സിനെ”
“അതെന്തിനാടാ തോമാ”
“നമുക്ക് ദേശഭക്തിഗാനം ഒക്കെ പാടി അവരെ കൊണ്ട് ഡാന്‍സ് കളിപ്പിക്കാം. ആള്‍ക്കാര്‍ക്ക് ഒരു ഇന്റ്‌റെസ്റ്റ് ആവുകയും ചെയ്യും ചിക്കന്‍ ബിരിയാണി അടിച്ചതിന്റെ ക്ഷീണവും മാറും”
“അത് നല്ല ഐഡിയായാ തോമാ”
“നല്ല നല്ല ഐഡിയാകളേ ഈ തോമാ, അന്തപ്പനണ്ണന് പറഞ്ഞു തരൂ”
“എടാ തോമാ, നമ്മുടെ സമരം ചാനലുകാരൊക്കെ ടിവിയില്‍ കൊടുക്കുമോ?”
“കൊടുക്കമണ്ണാ..അവരാ ഈ സമരത്തിന്റെ പ്രൊമോട്ടര്‍മാര്‍. അവര്‍ തീരുമാനിക്കുന്ന സമയത്തേ സമരം തുടങ്ങാവൂ എന്ന് മാത്രം”
“ഹൊ! അങ്ങനെയാണോ... ഇനി നീ നമ്മളു ചെയ്യുന്ന സമരത്തിന്റെ ആവിശ്യങ്ങള്‍ പറയൂ..”
“അതാ അന്തപ്പണ്ണാ വിഷമം. ഒരിക്കലും പഞ്ചായത്തിന് സമ്മതിക്കാന്‍ പറ്റാത്ത അഞ്ച് കാര്യങ്ങള്‍ നമുക്ക് കണ്ടത്തണം. ആ കാര്യങ്ങള്‍ കേട്ടാല്‍ ജനങ്ങള്‍ ഞെട്ടണം. ഇതെന്താ ആ പഞ്ചായത്തുകാര്‍ക്ക് അങ്ങ് സമ്മതിച്ചാല്‍ എന്ന് ജനങ്ങള്‍ക്ക് തോന്നണം”
“എന്താടാ ഇപ്പം പറയാന്‍ പറ്റുന്ന ആവിശ്യങ്ങള്‍..”
“ഉണ്ടണ്ണാ”
“എന്നാ നീ പറ”
“എനിക്കൊന്ന് ആലോചിക്കണം”
“ശരി നീ ഒന്നിരുന്ന് ആലോചിക്ക്... ഇലക്ഷനില്‍ തകര്‍ന്നിരിക്കുന്ന നമ്മുടെ പാര്‍ട്ടിക്ക് ഒരു ഉത്തേജനം ആയിരിക്ക്ണം ഈ നിരാഹാരം”
“അതൊക്കെ ഞാനേറ്റു അണ്ണാ...”
“എടാ തോമാ, ഞാന്‍ നിരാഹാരം കിടന്ന് ചാവുമോടേ?”
“അണ്ണനെന്ത് മാതിരി ചോദ്യങ്ങളാ ചോദിക്കുന്നത്”
“എടാ പത്രത്തില്‍ നീ വായിച്ചില്ലേ? ഒരാള്‍ നിരാഹാരം കിടന്ന് മരിച്ചന്ന്”
“അണ്ണാ ലവനൊങ്ങും നിരാഹാരം കിടക്കാന്‍ അറിയത്തില്ലന്നേ.... അണ്ണാ നിരാഹാരം നടത്തുന്നതിനു മുമ്പ് മൂന്നാലു പത്ര സമ്മേളനം നടത്തണം. പിന്നെ ചാനലുകാരെ അവിടെ കൊണ്ടു വന്നിരുത്തണം. അവര്‍ക്ക് ക്യാമറ വയ്ക്കാന്‍ സ്റ്റാന്‍ഡ് ഉണ്ടാക്കി കൊടുക്കണം.. ഫുഡ് കൊടുക്കണം... ന്യൂസ് അവറുകളില്‍ ചര്‍ച്ച ചെയ്യാനായി നമ്മുടെ ആള്‍ക്കാരെ ഇറക്കണം.. ഇതൊന്നും ചെയ്യാതെ നിരാഹാരം കിടന്നാല്‍ തട്ടിപ്പോയന്നൊക്കെ ഇരിക്കും”
“അപ്പോ ഞാന്‍ ത്ട്ടിപ്പോകുമോടാ..”
“ഇല്ലണ്ണാ.. ഇപ്പോള്‍ തന്നെ ഞാന്‍ അടുത്ത തിങ്കളാഴ്ചത്തെ ന്യൂസ് ടൈം ഒക്കെ ബുക്ക് ചെയ്തിട്ടൂണ്ട്. നമുക്ക് തിങ്കളാഴ്ച രാവിലെ സമരം തുടങ്ങണം”
“അതെന്താടെ തിങ്കളാഴ്ച...”
“അണ്ണാ തിങ്കളാഴ്ചയാ നല്ല ദിവസം... നമ്മുടെ ഈ നിരാഹാരം വിജയിക്കണമെങ്കില്‍ ഫെസ് ബുക്കന്നോ റ്റിറ്ററന്നോ ബസന്നൊക്കെ പറയുന്ന കുന്ത്രാണ്ടങ്ങളില്‍ ചര്‍ച്ച വരണം. പിള്ളാര് കുട്ടപ്പന്മാരായി ജോലിക്ക് വരുന്നത് തിങ്കളാഴ്ച ദിവസങ്ങളിലാ.... “
“എടാ ഫേസ് ബുക്ക് റ്റിറ്റര്‍ ബസ് എന്നോകെ പറയുന്നത് എന്താണന്ന് എനിക്കറിയത്തില്ല...”
“എന്താണന്ന് എനിക്കും അറിയില്ല അണ്ണാ. അതിലൊക്കെ അണ്ണനെക്കുറിച്ച് പൊക്കി എഴുതാന്‍ ഞാന്‍ ടീംസിനെ ഏര്‍പ്പാടാക്കിയിട്ടുണ്ട്..”
“അപ്പോ കാശൊക്കെ...”
“കാശില്ലാതെ പരിപാടിയൊന്നും വിജയിക്കത്തില്ല.. കാശിറക്കണം.. കാശിറക്കിയാലേ കാശു വാരാന്‍ പറ്റൂ..”
“കൈവിട്ട കളി ആകുമോടാ തോമാ”
“അതില്ലണ്ണാ... സമരം പൊളിഞ്ഞാലും അണ്ണനെക്കുറിച്ച് ലോകത്തെല്ലാം വാര്‍ത്ത എത്തും“
“നീ നിരാഹാര സമരത്തിനു പറയേണ്ട ആവിശ്യങ്ങള്‍ പറ...”
“ഒന്ന്. നമ്മുടെ പഞ്ചായത്തിലെ എല്ലാ കുട്ടികള്‍ക്കും ദിവസം ഒരു ലിറ്റര്‍ പാല്‍ വീതം നല്‍കണം.
രണ്ട്. പഞ്ചായത്തില്‍ ജോലി ചെയ്യുന്നവര്‍ക്കേല്ലാം തുല്യ വേതനം.
മൂന്ന്. പഞ്ചായത്ത് പ്ലസ്‌ ടു സ്കൂളിലെ പ്രവേശനത്തെക്കുറിച്ച് അന്വേഷണം.
നാല് : പഞ്ചായത്തിനു വെളിയിലുള്ള ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്ന നമ്മുടെ പഞ്ചായത്ത് ആള്‍ക്കാരുടെ പണം നമ്മുടെ സര്‍വ്വീസ് സഹകരണബാങ്കില്‍ കൊണ്ടു വന്ന് ഇടണം.
അഞ്ച് : എല്ലാവര്‍ക്കും മാസം അമ്പതുകിലോ അരിയും അഞ്ഞൂറ് രൂപയും “  തോമാ പറഞ്ഞ് നിര്‍ത്തി.
“എടാ തോമാ ഇതൊക്കെ ആരെങ്കിലും സമ്മതിച്ചു തരുന്ന കാര്യമാണോ?”
“അല്ലന്ന് അണ്ണനും അറിയാം എനിക്കും അറിയാം.. ബ്ലഡി കണ്ട്രി ഫെലോസ് നമ്മുടെ സമരത്തിന് പിന്നില്‍ അണിനിരക്കണമെങ്കില്‍ ഇങ്ങനെയൊക്കെ ചെയ്യണം”
“എടാ .. നീ ഈ പറഞ്ഞ അഞ്ച് കാര്യങ്ങളും കൈയ്യടി വാങ്ങിക്കാന്‍ കൊള്ളാം. ഇത് നമുക്കിട്ട് തന്നെ തിരിഞ്ഞു കൊത്തുമോ?”
“അതൊന്നും പറയാന്‍ പറ്റില്ല അണ്ണാ...”
“ഈ രണ്ടും നാലും നമുക്കങ്ങ് ഒഴിവാക്കിയാലോ?”
“അണ്ണനെന്തിനാ ഇങ്ങനെ പേടിക്കുന്നത്?”
“എടാ നമ്മുടെ റബര്‍ തൊട്ടത്തില്‍ ടാപ്പ് ചെയ്യുന്നവന്മാര്‍ കൂലി കൂട്ടണമെന്ന് പറഞ്ഞ് വെട്ടാന്‍ വരാതിരുന്നപ്പോള്‍ നമ്മള്‍ തമിഴ് നാട്ടില്‍ നിന്നല്ലിയോ ആളെ ഇറക്കി റബര്‍ വെട്ടിയത്. ഞാനാണങ്കില്‍ എന്റെ എല്ലാ കാശും ഇട്ടിരിക്കുന്നത് ബ്ലേഡുകാരുടെ ബാങ്കിലാ..”
“അതൊന്നും കാര്യമാക്കേണ്ടാ അണ്ണാ....”
“നിരാഹാരം കിടന്നിട്ട് ഞാനവസാനം നാണം കെട്ട് വീട്ടില്‍ തന്നെ തലയില്‍ തുണിയിട്ട് ഇരിക്കേണ്ടി വരുമോ?”
“അണ്ണനൊന്നും പേടിക്കേണ്ട.. നമ്മുടെ പുറകില്‍ അണികളില്ലേ.... അണ്ണനെതിരെ എന്തെങ്കിലും ആരോപണം വന്നാല്‍ രാഷ്ട്രീയ പകപോക്കല്‍ എന്ന് പറഞ്ഞ് പത്രസമ്മെളനം നടത്തിയാല്‍ മതി”
“എന്നാ പിന്നെ നമുക്കങ്ങ് നിരാഹാരം തുടങ്ങാമല്ലേ...”
“ജയ് ജയ് അന്തപ്പന്‍.... നിരാഹാര സമരം സിന്ദാബാദ്...ജയ്..ജയ്....”
“നീ ഇപ്പോഴേ ജയ് വിളിച്ച് തൊണ്ടയിലെ വെള്ളം പറ്റിക്കാതെ.. നമുക്ക് തിങ്കളാഴ്ച മുതല്‍ ജയ് വിളിക്കാം”
“എന്നാ ശരി അണ്ണാ.. ഞാന്‍ പോയി ടിവിക്കാരേയും ഫ്ലകസുകാരയും പന്തലുകാരേയും ഒക്കെ കണ്ടിട്ട് രാത്രിയില്‍ വരാം.... നമുക്കൊന്ന് കൂടാം...”
തോമാ ഇറങ്ങിയതും അന്തപ്പന്‍ ഗ്യാപ്പു വീണ ഉറക്കം തുടരാനായി കിടന്നു....  സ്വപ്നങ്ങളില്‍ താനൊരു ഗാന്ധിയാകുന്നത് അയാള്‍ അറിഞ്ഞു.


നാളെ എഴുതപ്പെടുന്ന ചരിത്രത്തില്‍ അന്തപ്പനെ രണ്ടാം ഗാന്ധിയായി വാഴ്‌ത്തത്തില്ലന്ന് ആരറിഞ്ഞു

Sunday, May 29, 2011

ബക്കറ്റിന്റെ ചിരിയും കടലിന്റെ തേങ്ങലും : ഏക ‘അങ്ക‘ നാടകം

(കര്‍ട്ടന്‍ ഉയരുമ്പോള്‍ വേദിയില്‍ ഇരുട്ടാണ് . നാടകം നടക്കുന്നത് ഒരു കടല്‍ക്കരയിലാണ്. കടലിന്റെ രംഗപടമാണ് വേദിയുടെ പിന്നില്‍. അരണ്ടവെളിച്ചം വേദിയില്‍ നിറയുമ്പോള്‍ സൂത്രധാരന്‍ പ്രവേശിക്കുന്നു. അയാളുടെ കൈയ്യില്‍ ഒരു ബക്കറ്റ് ഉണ്ട്. അയാള്‍ അത് വേദിയുടെ മൂലയ്ക്ക് കൊണ്ടുവയ്ക്കുന്നു. എന്നിട്ട് സദസിനോടായി പറയുന്നു. തിരമാലകളുടെ നേര്‍ത്ത ശബ്ദ്ദം കേള്‍ക്കാം...)

സൂത്രധാരന്‍ : (സദസിനോടായി) : സുനാമികഴിഞ്ഞിട്ട് രണ്ടാഴ്ചകഴിഞ്ഞിരിക്കുന്നു .... രണ്ടാഴ്ച മുമ്പുവരേയും ആരും ഈ സുനാമി പ്രതീക്ഷിച്ചതല്ല. അതു ഒരു ബക്കറ്റില്‍ നിന്ന് ഉണ്ടായ തിരയിളക്കമാണ് ഈ സുനാമിക്ക് ആധാരം എന്ന് അറിയുമ്പോള്‍ നിങ്ങള്‍ക്കുണ്ടാകുന്ന വികാരം എന്താണന്ന് എന്ന് മനസിലാക്കാന്‍ എനിക്ക് സാധിക്കും. ഒരു ബക്കറ്റില്‍ കോരി വെച്ചിരിക്കുന്ന വെള്ളത്തിലെ ഓളങ്ങള്‍ക്ക് സമുദ്രത്തില്‍ നിന്ന് സുനാമി സൃഷ്ടിക്കാന്‍ കഴിയുമോ എന്ന് നിങ്ങള്‍ക്ക് സംശയം ഇല്ലായിരിക്കാം. പക്ഷേ സമുദ്രം ഇപ്പോഴും ചിന്തിക്കുകയാണ് എന്താണ് സംഭവിച്ചതെന്ന്. നോക്കൂ ഈ ബക്കറ്റും സമുദ്രവും എല്ലാം കാലത്തിന്റെ യവനികക്കുള്ളിലേക്ക് കടന്നു പോകുമെന്ന് ആരക്കയോ ചേര്‍ന്ന് പറയുന്നുണ്ടായിരുന്നു. അവരെ ഇപ്പോള്‍ കാണാനേ ഇല്ല. പക്ഷേ വീശിയടിച്ച സുനാമിയില്‍ ദാ ഈ ബക്കറ്റില്‍ കോരി വെച്ചിരുന്ന വെള്ളത്തിന് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. ഈ
ബക്കറ്റിനെ വാഴത്തി പാടിയവര്‍ തന്നെ ബക്കറ്റിനെ മലിനമാക്കാന്‍ ശ്രമിച്ചിട്ടും ഒന്നും സംഭവിച്ചില്ല. നോക്കൂ സമുദ്രത്തിലെ തിരമാലകളിലെ തിളക്കം നിങ്ങള്‍ കാണുന്നില്ലേ? അത് സമുദ്രത്തിന്റെ തിളക്കമല്ല ഈ ബക്കറ്റിലെ വെള്ളത്തിന്റെ പ്രതിഫലനമാണ്.

പെട്ടന്ന് വേദിയിലെ വിളക്ക് അണയുന്നു. പിന്നണിയില്‍ നിന്ന് ഒരു ശബ്ദ്ദം കേള്‍ക്കുന്നു.

ശബ്ദ്ദം :: ഹേ, സൂത്രധാരാ, നിങ്ങള്‍ ബക്കറ്റിനെ വാഴ്ത്തിപ്പാടാനാണൊ ഞങ്ങളെ കഥാപാത്രങ്ങളാക്കി നാടകം കളിക്കാന്‍ വന്നത്. ഞാന്‍ വീണ്ടും പറയുന്നു സമുദ്രം ഉള്ളതുകൊണ്ടാണ് ബക്കറ്റിന് വലിയ ശക്തിയാകാന്‍ കഴിഞ്ഞത്. ഞങ്ങളുടെ തിരമാലകള്‍ ഇല്ലായിരുന്നെങ്കില്‍ ഈ ബക്കറ്റിന് എന്ത് ചെയ്യാന്‍ സാധിക്കുമായിരുന്നു. ഹേ, സൂത്രധാരാ നിന്റെ നാടകക്കാരന്‍ എഴുതി ഉണ്ടാക്കിയ നാടകത്തിലെ പഴകിയ ഡയലോഗുകള്‍ കാണാതെ പറയാന്‍ ഞങ്ങള്‍ക്ക് മനസില്ല. ഞങ്ങളാണ് ഇനി ഈ നാടകത്തിലെ ഡയലോഗുകള്‍ തയ്യാറാക്കുന്നത്. നീ ഞങ്ങള്‍ക്ക് ആവിശ്യമുള്ളതെല്ലാം വേദിയിലും പിന്നണിയിലും എത്തിച്ചാല്‍ മതി.

സൂത്രധാരന്‍ : പ്രിയ കാണികളേ, നിങ്ങള്‍ ഈ ശബ്ദ്ദം കേട്ട് ഭയപ്പെടേണ്ട. ഇത് സമുദ്രത്തിന്റെ ശബ്ദ്ദമാണ്. ഈ നാടകത്തിന് ലിഖിതമായ ഒരു ചട്ടക്കൂട് ഇല്ലന്ന് നിങ്ങള്‍ക്കേല്ലാവര്‍ക്കും അറിയാവുന്നതല്ലേ? ഹേ സമുദ്രമേ, നീ എന്തിനാണ് എന്നോട് ഇങ്ങനെ കോപിക്കുന്നത്. ഈ നാടകത്തിന്റെ ചട്ടങ്ങള്‍ എന്തെല്ലാമാണന്ന് നിനക്കും അറിയാവുന്നതല്ലേ? ഒരു പരാജിതന്റെ ശബ്‌ദ്ദത്തിന്റെ പതര്‍ച്ചയാണ് ഞാന്‍ നിന്റെ വാക്കുകളില്‍ നിന്ന് വായിച്ചെടുക്കുന്നത്. ഇനി ഞാന്‍ നിന്നോട് ഒന്നും പറയില്ല.(വേദിയില്‍ മങ്ങിയ വെളിച്ചം പടരുന്നു...) ദാ നാടകം ആരംഭിക്കേണ്ട സമയം ആയിരിക്കുന്നു. കാണികള്‍ക്ക് രസച്ചരട് മുറിയാതെ അവരെ മുഷിപ്പിക്കാതെ ഇരുത്തി ഇനി നാടകം കളിക്കേണ്ടത് ബക്കറ്റവും സമുദ്രവും ആണ്. അല്ല ഇവര്‍ രണ്ടു പേരും കാണികളേ മുഷിപ്പിക്കില്ലന്ന് സൂത്രധാരനായ എനിക്കറിയാം. ഇനി നമുക്ക് നാടകം തുടങ്ങാം. എല്ലാ പ്രാവിശ്യത്തേയും പോലെ നമ്മുടെ നാടകത്തില്‍ ഇനിയും കടന്ന് വരേണ്ടത് അമ്മയും കുട്ടിയും ആണ്. അവരും തയ്യാറായി കഴിഞ്ഞു. നാടകം ആരംഭിക്കുന്നു. ബക്കറ്റിന്റെ ചിരിയും കടലിന്റെ തേങ്ങലും !!!!

(വേദിയില്‍ ഇപ്പോള്‍ പൂര്‍ണ്ണ പ്രകാശം. കടലിനോട് ചേര്‍ന്ന് ഇരിക്കുന്ന രീതിയിലാണ് ബക്കറ്റ് ഇരിക്കുന്നത് . വേദിയിലേക്ക് അമ്മയുടെ കൈ പിടിച്ച് കുട്ടി വരുന്നു.)
കുട്ടി:: അമ്മേ ആ ബക്കറ്റ് നോക്കൂ.. നമ്മള്‍ ഇത്രയും നാളും വരുമ്പോള്‍ ഈ ബക്കറ്റ് കടലില്‍ നിന്ന് ദൂരെ ആയിരുന്നല്ലോ. ദേ ഇപ്പോള്‍ ഈ ബക്കറ്റ് സ്ഥാനം മാറി കടലിനോട് കൂടുതല്‍ അടുത്തിരിക്കുന്നു.

അമ്മ :: കുട്ടീ, ബക്കറ്റ് കടലിനോട് അടുത്തതല്ല.. കടല്‍ ബക്കറ്റിനടുത്തേക്ക് നീങ്ങി വന്നതാ... നീ ആ ബക്കറ്റിലേക്ക് നോക്കൂ.. ആ വെള്ളത്തിന് എന്തെങ്കിലും വെത്യാസം വന്നിട്ടുണ്ടോ എന്നോ?

കുട്ടി : ശരിയാണമ്മേ, ബക്കറ്റിന് ഒരു മാറ്റവും വന്നിട്ടില്ല. കടലിന് എന്തക്കയോ മാറ്റം വന്നതുപ്പോലെ. കടലിന്റെ പഴയ് രൌദ്ര ഭാവം ഇപ്പോള്‍ കാണാനേ ഇല്ല. യുദ്ധത്തില്‍ പരാജയപെട്ട് നാടുവിടേണ്ടി വന്ന രാജാവിനെപോലെയാണ് ഇന്ന് ഈ കടല്‍. തന്റെ ആയുധങ്ങളെ മാത്രം വിശ്വസിച്ച് തന്റെ പിന്നില്‍ അണിനിരന്ന ജനങ്ങളോടൊപ്പം ചേര്‍ന്ന് രാജ്യത്തിലെ ആഭ്യന്തര ശത്രുക്കളേയും ശത്രുരാജാവിനേയും തോല്‍പ്പിച്ച രാജാവിനെ പോലെയാണ് ഇന്ന് ഈ ബക്കറ്റ് ഈ കടല്‍ക്കരയില്‍ ഇരിക്കുന്നത്.

അമ്മ : യുദ്ധം അങ്ങനെയാണ് കുട്ടീ. ഇന്ന് പരാജയപ്പെടുന്നവന്‍ നാളെ വിജയിക്കും. ഇന്ന് വിജയിച്ചവന്‍ നാളേ പരാജയപ്പെടും. ഒരിക്കല്‍ ഈ ബക്കറ്റും പരാജയപ്പെട്ടിരുന്നു. തന്റെ തിരമാലകളെ കാ‍ണാനാണ് ആള്‍ക്കാര്‍ വരുന്നതെന്ന് ഈ പാവം സമുദ്രം കരുതി . പക്ഷേ ആളുകള്‍ വന്നത് ഈ ബക്കറ്റിലെ വെള്ളത്തിന്റെ ഇളക്കം കാണാനായിരുന്നു. അപ്പോള്‍ സമുദ്രം പറഞ്ഞു ഈ സമുദ്രത്തിലെ വെള്ളം ആ ബക്കറ്റില്‍ ഇരിക്കുന്നതുകൊണ്ടാണ് ബക്കറ്റിലെ തിരയിളക്കം കാണാന്‍ ആളു കൂടുന്നതന്ന്. സ്വന്തം പാളയത്തില്‍ പരാജയപ്പെട്ട ഒരു യോദ്ധാവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പായിരുന്നു ഈ ബക്കറ്റിലെ തിരയിളക്കത്തിന്റെ വിജയം.

കുട്ടി : അതാ അമ്മേ ഒരാള്‍ ഒരു മഞ്ഞക്കൊടി പിടിച്ച് എന്തക്കയോ പുലമ്പുന്നു.

അമ്മ :: അയാള്‍ ആ ബക്കറ്റിനെ എന്തോ പറയുകയാണ്. ബക്കറ്റിലെ വെള്ളം ഒഴുക്കി കളയാന്‍ പറ്റാത്തതിലുള്ള സങ്കടത്തിന് എന്തയോ വിളിച്ച് പറയുകയായിരിക്കും. സ്വന്തം ഇഷ്ടത്തിന് വഴങ്ങാത്തവരെ കൊള്ളരുതാത്തവരാക്കുന്ന സമൂഹത്തിന്റെ പ്രതിനിധിയാണ് അയാള്‍.

കുട്ടി: അപ്പോള്‍ അയാള്‍ ഈ സമുദ്രത്തിന്റെ സുഹൃത്താണോ??

അമ്മ :: അല്ല കുട്ടീ. ഞാന്‍ പറഞ്ഞില്ലേ അയാള്‍ ആരാണന്ന്. അയാളുടെ മുന്നില്‍ വണങ്ങി പ്രസാദിപ്പിക്കുന്നവരുടെ എണ്ണം ഈ രാജ്യത്ത് കൂടുമ്പോള്‍ അയാളുടെ ധാര്‍ഷ്ട്യവും കൂടും... അയാളെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അയാളുടെ മുന്നില്‍ തല കുമ്പിട്ട് നിന്നവര്‍ നാക്കു കൊണ്ട് ആക്രമിക്കും.

കുട്ടി : സമുദ്രവും ഈ ബക്കറ്റും എന്തിനാണമ്മേ ഇങ്ങനെ നില്‍ക്കുന്നത്? അവര്‍ക്ക് ഒരുമിച്ച് വലിയ ഒരു ശക്തി ആയിക്കൂടെ?

അമ്മ : ഇല്ല കുട്ടീ, അവര്‍ക്കിനി ഒന്നാകാന്‍ പറ്റുമെന്ന് തോന്നുന്നില്ല.. അവര്‍ ഒന്നാകാതിരുന്നതുകൊണ്ടാണ് അവര്‍ക്ക് രണ്ടാഴ്ച മുമ്പ് ഉണ്ടായ സുനാമിയില്‍ വന്‍ ദുരന്തങ്ങള്‍ ഉണ്ടാകാതെ പിടിച്ച് നില്‍ക്കാന്‍ പറ്റിയത്. ബക്കറ്റില്‍ നിന്ന് തുടങ്ങിയ ചെറിയ ചെറിയ ചെറിയ ഇളക്കങ്ങളാണ്. കടലിലേക്ക് വന്ന് പതിച്ച നദികളിലെ വെള്ളം വറ്റാറായപ്പോള്‍ ആ നദികള്‍ക്ക് ഊര്‍ജ്ജം നല്‍കിയത് ഈ ബക്കറ്റിലെ വെള്ളം ആണ്. ആ നദികള്‍ക്ക് വീണ്ടു ഒഴുകാനുള്ള പ്രേരണ നല്‍കിയത് ഈ ബക്കറ്റിലെ വെള്ളത്തിന്റെ ഇളക്കമാണ്.

കുട്ടി :: നദികള്‍ക്ക് വേണ്ടി സമുദ്രം ഒന്നും ചെയ്തില്ലേ?

അമ്മ :: തന്നിലേക്ക് നദികള്‍ സ്വാഭാവികമായി ഒഴുകി എത്തുമെന്ന് ആ സമുദ്രം കരുതി. വിഷം കലക്കി നദികളേയും ജനങ്ങളേയും കൊന്നൊടിക്കയപ്പോള്‍ ആ വിഷത്തിനെതിരേ പോരാടാന്‍ തയ്യാറായത് ആ ബക്കറ്റിലെ വെള്ളമാണ്. ആ വെള്ളത്തിന്റെ ഉറവാണ് ആ നദികളിലേക്ക് കൂടുതല്‍ വെള്ളത്തുള്ളികളെ വരുത്തിയത്. ചെറിയ ചെറിയ വെള്ളത്തുള്ളികള്‍ ഒരു വലിയ പ്രവാഹമായി മാറി.

ബക്കറ്റ് :: ഹഹഹഹഹഹഹഹ

കുട്ടി :: അമ്മേ ബക്കറ്റ് ചിരിക്കുന്നു. ഈ ചിരിയെ അല്ലേ പണ്ട് പലരും വഞ്ചനയുടെ ചിരി എന്ന് കളിയാക്കിയത്. ഇപ്പോഴെന്തും ആരും ഈ ചിരിയെ കളിയാക്കാത്തത്.

അമ്മ: കുട്ടീ, ഈ ചിരി വഞ്ചനയുടെ ചിരിയല്ല.. ഒഴിവാക്കിയ യുദ്ധമുന്നണിയില്‍ നിന്ന് പിന്നിലേക്ക് മാറ്റപ്പെട്ട ഒരു യോദ്ധാവ് മുന്നേറി യുദ്ധ മുന്നണിയുടെ മുന്നിലെത്തി യുദ്ധം ചെയ്ത് വിജയത്തോട് അടുത്ത് എത്തിയതിന്റെ ആഹ്ലാദ ചിരിയാണ് അത്. അതിനി വഞ്ചനയുടെ ചിരിയാണോ എന്ന് തെളിയിക്കേണ്ടത് കാലമാണ്. കാലമാണ് ആ ചിരിയുടെ വ്യാഖ്യാനം ചമയ്ക്കേണ്ടത്. എന്നാലും ഈ ചിരി ചരിത്രത്തില്‍ ഉണ്ടാവും.

ബക്കറ്റ് : ഇത് വിജയത്തിന്റെ ചിരിയാണ് കുട്ടീ... ഒരിക്കലും വഞ്ചനയുടെ ചിരിയല്ല.... ഒഴിവാക്കപെട്ടതിന്റെ വേദനയില്‍ നിന്ന് ഊര്‍ജ്ജം കൊണ്ട് നേടിയെടുത്ത വിജയത്തിന്റെ ചിരിയാണ് ഇത്. പലരേയും വിട്ട് എന്നെ നശിപ്പിക്കാന്‍ പലരും ശ്രമിച്ചു. വെറുക്കപെട്ടവനെ കൊണ്ട് എന്നിലെ വെള്ളം മറച്ചിടാന്‍ ഒരുത്തന്‍ നോക്കി. അവനിപ്പോള്‍ ഓടിപ്പോയി. അവനെ വളരെ മുന്നേ ഓടിപ്പോകേണ്ടതായിരുന്നു.

കുട്ടി : ബക്കറ്റ് പറയുന്നതൊന്നും എനിക്ക് മനസിലാകുന്നില്ല.

സമുദ്രം : ഹും..ഹും.. കുട്ടീ നിനക്കെന്നല്ല ആര്‍ക്കും ഈ ബക്കറ്റ് പറയുന്നത് മനസിലാവുന്നില്ല.

ബക്കറ്റ് : കൊള്ളാം. നിന്റെ അഭിപ്രായം. ഞാന്‍ പറയുന്നത് ആര്‍ക്കാണ് മനസിലാകാത്തത്. പണ്ട് നീ എന്നോട് പറഞ്ഞതും അതിന് ഞാന്‍ പറഞ്ഞതും നീ മറന്ന് പോയോ? അന്ന് ഞാന്‍ നിന്നോട് പറഞ്ഞതായിരുന്നു നീ ഇനി കേള്‍ക്കുന്നത് എന്റെ ചിരിയായിരിക്കും.. എന്റെ വിജയത്തിന്റെ ചിരി.. എന്റെ ശരികളുടെ ചിരിയായിരിക്കും എന്ന് .. അത് നീ മറന്ന് പോയോ?? ഞാന്‍ ഇപ്പോള്‍ ചിരിക്കുന്നതും സംസാരിക്കുന്നതും എന്റെ ശരികളുടെ വിജയത്തിന്റെ ചിരിയാണ്.

സമുദ്രം: നീ ഇപ്പോഴും ഏതോ സ്വപ്നലോകത്താണ്.

ബക്കറ്റ് : നീ മറന്നാലും ഞാന്‍ മറന്നിട്ടില്ല ഒന്നും.. ഇപ്പോഴും നീ പറഞ്ഞത് എന്റെ ചെവികളില്‍ മുഴങ്ങുന്നുണ്ട്.

(വേദിയിലെ പ്രകാശം മങ്ങുന്നു. ബക്കറ്റിന്റെ സ്ഥാനം വേദിയുടെ നടക്കലേക്ക് മാറ്റി വെയ്ക്കുന്നു. കഴിഞ്ഞ കാലം ബക്കറ്റ് ഓര്‍ക്കുന്നു)

സമുദ്രം : (ബക്കറ്റിനോട്) ഒറ്റപെട്ടുപോയ നിന്റെ ശബ്ദ്ദത്തിന് ആരാണ് ചെവി തരുന്നത്... ഈ കടലിനോട് ചേര്‍ന്ന് നില്‍ക്കുന്നവരാരും നിന്റെ ശബ്ദ്ദത്തിന് ചെവി തരില്ല. അവര്‍ക്കെന്നെയാണ് വേണ്ടത്.??? നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഭൂമിയില്‍ അവതരിക്കേണ്ട നീ കാലം തെറ്റിയാണ് വന്നിരിക്കു ന്നത് ...

ബക്കറ്റ് : എന്റെ ശബ്ദ്ദത്തിന് കാതോര്‍ക്കുന്നവര്‍ ഇവിടെയുണ്ട്. ഇന്നല്ലങ്കില്‍ നാളെ ഞാന്‍ പറയുന്ന താണ് ശരി എന്ന് നിനക്ക് മനസിലാവും. അന്ന് നിനക് ശബ്ദ്ദിക്കാന്‍ ശബ്ദ്ദം ഉണ്ടാവുകയില്ല. അന്ന് നീ എല്ലാവരില്‍ നിന്നും ഓറ്റിയൊളിക്കും... നിനക്ക് സ്തുതി പാടുന്നവര്‍ തന്നെ നിനക്ക് കുറ്റവിധി നടത്തും.... സമുദ്രം : (ബക്കറ്റിനോട്) ഒറ്റപെട്ടുപോയ നിന്റെ ശബ്ദ്ദത്തിന് ആരാണ് ചെവി തരുന്നത്... ഈ കടലിനോട് ചേര്‍ന്ന് നില്‍ക്കുന്നവരാരും നിന്റെ ശബ്ദ്ദത്തിന് ചെവി തരില്ല. അവര്‍ക്കെന്നെയാണ് വേണ്ടത്.??? നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഭൂമിയില്‍ അവതരിക്കേണ്ട നീ കാലം തെറ്റിയാണ് വന്നിരിക്കു ന്നത് ...എന്റെ ശബ്ദ്ദത്തിന് കാതോര്‍ക്കുന്നവര്‍ ഇവിടെയുണ്ട്. ഇന്നല്ലങ്കില്‍ നാളെ ഞാന്‍ പറയുന്ന താണ് ശരി എന്ന് നിനക്ക് മനസിലാവും. അന്ന് നിനക് ശബ്ദ്ദിക്കാന്‍ ശബ്ദ്ദം ഉണ്ടാവുകയില്ല. അന്ന് നീ എല്ലാവരില്‍ നിന്നും ഓടീയൊളിക്കും... നിനക്ക് സ്തുതി പാടുന്നവര്‍ തന്നെ നിനക്ക് കുറ്റവിധി നടത്തും....

സമുദ്രം : തിരതല്ലുന്ന വെള്ളത്തിന്റെ ശക്തി ഇല്ലങ്കിലും നീ എന്തക്കയോ സ്വപ്നങ്ങള്‍ കാണുന്നുണ്ട്. എന്നെ തോല്‍പ്പിക്കാന്‍ പറ്റുമെന്ന് നീ ഇപ്പോഴും കരുതുന്നുണ്ട്. എന്നാല്‍ നീ ഒന്നു ഓര്‍ത്തോ എന്നെ തോല്‍പ്പിക്കാന്‍ നിന്റെ വാക്കുകള്‍ക്ക് കഴിയുകയില്ല. പാഴായ പോരാട്ടങ്ങള്‍ നിര്‍ത്തി എന്റെ കൂടെ വരുന്നതാണ് നിനക്ക് നല്ലത്.

(വേദിയില്‍ വീണ്ടും പ്രകാശം പടരുന്നു. ബക്കറ്റിന്റെ സ്ഥാനം വീണ്ടൂം സമുദ്രത്തോട് അടത്ത് )

ബക്കറ്റ് : നീ ഇപ്പോഴും നിന്റെ പഴയ വാക്കുകളില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ? ആരുടെ ശബ്‌ദ്ദത്തിനാണ് ആളുകള്‍ ചെവിതന്നത് എന്ന് നീ കണ്ടതല്ലേ? നിന്റെ തിരമാലകളെക്കാള്‍ എന്റെ ഉള്ളിലെ ഓളങ്ങള്‍ കാണാനല്ലേ ആളുകള്‍ വന്നത്. അവര്‍ക്ക് വേണ്ടത് എന്റെ ഉള്ളിലെ ദാഹജലം ആയിരുന്നു. എന്തിനാണ് ഞാന്‍ ഒത്തിരി പറയുന്നത്. നീ ഇന്ന് ഇരിക്കുന്ന ആ സ്ഥാനം തന്നെ സംരക്ഷിച്ചത് ഞാനാണ്. സുനാമിയില്‍ നശിക്കേണ്ടിയിരുന്ന നിന്നെ നിലനിര്‍ത്തിയത് ഞാനാണ്.

സമുദ്രം : നിന്റെ വാക്കുകള്‍ക്ക് ആളുകള്‍ ചെവി തന്നു എന്നത് സത്യമാണ്. അത് ഞാന്‍ അംഗീകരിക്കുന്നു. പക്ഷേ നീ ഏറ്റെടുത്ത പോരാട്ടങ്ങള്‍ വിജയിച്ചത് ഈ തിരമാലകളുടെ ശക്തി കൊണ്ടാണ്.

ബക്കറ്റ് : അവസാനം നീ സമ്മതിച്ചല്ലോ... എന്റെ വാക്കുകള്‍ക്ക് ആളുകള്‍ ചെവി തന്നന്ന്. ഞാനിനിയും അവര്‍ക്കു വേണ്ടി പോരാടും. എനിക്ക് എന്റെ ശരികളാണ് ശരികള്‍. സമുദ്രമേ നിന്റെ തേങ്ങലുകള്‍ ഞാന്‍ കേള്‍ക്കുന്നു.

(അണിയറയില്‍ നിന്ന് ആരവം കേള്‍ക്കുന്നു...)

കുട്ടി : അമ്മേ എന്തക്കയോ ബഹളം കേള്‍ക്കുന്നു. നമുക്ക് പോകാം...

ബക്കറ്റ് : കുട്ടീ പേടിക്കേണ്ടാ... ഇത് കഴിഞ്ഞ യുദ്ധത്തില്‍ വിജയിച്ചവരുടെ അട്ടഹാസം ആണ്. കിട്ടിയ സ്ഥാനമാനങ്ങള്‍ പങ്കിട്ടെടുക്കുന്നതിന്റെ ബഹളം ആണത്. അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്ക് വേണ്ടിയുള്ള കടിപിടിയുടെ ശബ്ദ്ദമാണത്.

കുട്ടി: ആരാണ് അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്ക് വേണ്ടി കടിപിടി കൂട്ടാത്തത് ?

ബക്കറ്റ് : എന്നോട് ചോദ്യങ്ങള്‍ ഒന്നും വേണ്ട കുട്ടീ.. എന്നോടാരും ചോദ്യങ്ങള്‍ ചോദിക്കുന്നത് എനിക്കിഷ്ടമല്ല.. ഞാനാണ് ശരി.. ഞാന്‍ മാത്രമാണ് ശരി... ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മാത്രം നിങ്ങള്‍ ഉത്തരം തന്നാല്‍ മതി.

കുട്ടി: ബക്കറ്റ് ചോദിക്കുന്ന ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടണമെന്ന് ആഗ്രഹിക്കുന്നുണ്ടങ്കില്‍ ബക്കറ്റിനോട് ചോദിക്കുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ നല്‍കാന്‍ ബക്കറ്റും ബാധ്യസ്ഥനാണ്.

ബക്കറ്റ് : കുട്ടീ, ഞാനാണ് ഉത്തരം... ഞാന്‍ പറയുന്നതില്‍ നിന്ന് നിങ്ങള്‍ ചോദ്യങ്ങളാണ് ഉണ്ടാക്കേണ്ടത്.

(പെട്ടന്ന് വേദിയില്‍ ഇരുട്ട് പരക്കുന്നു.... വെളിച്ചം വരുമ്പോള്‍ കുട്ടിയും അമ്മയും മാത്രം.)

അമ്മ : നമുക്ക് പോകാം കുട്ടീ.. ആ ബക്കറ്റ് നമ്മുടെ ചോദ്യങ്ങളില്‍ നിന്ന് ഓടിയൊളിച്ചന്ന് തോന്നുന്നു. ആ ബക്കറ്റും സമുദ്രവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. നമ്മള്‍ മനസില്‍ കൊണ്ടു നടക്കുന്ന ചോദ്യങ്ങള്‍ക്ക് ഒരിക്കലും ഉത്തരം കണ്ടത്താന്‍ കഴിയില്ല.

കുട്ടി : നമുക്ക് പോകാം അമ്മേ....
(കുട്ടിയും അമ്മയും പോകുന്നു... സൂത്രധാരന്‍ വേദിയിലേക്ക് കടന്നു വരുന്നു)

സൂത്രധാരന്‍ :: ആ കുട്ടിയുടെ ചോദ്യങ്ങളില്‍ നിന്ന് ബക്കറ്റ് ഓടിയൊളിച്ചത് കണ്ടില്ലേ? ചില ചോദ്യങ്ങള്‍ ചോദ്യങ്ങളായി തന്നെ അവശേഷിക്കുമെന്ന് എത്രയോ മഹാന്മാര്‍ പറഞ്ഞിരിക്കുന്നു. ചിലര്‍ ചോദ്യചെയ്യല്‍ ഇഷ്ടപ്പെടുന്നില്ല. തങ്ങള്‍ ചോദ്യംചെയ്യാന്‍ ഉള്ളവര്‍ ആണന്ന് അവര്‍ കരുതുന്നു. കഥാപാത്രങ്ങളില്‍ ആരും ഉത്തരം പറയാന്‍ നില്‍ക്കാതെ വേദിയില്‍ നിന്ന് പോയിരിക്കുകയാണ് ഇപ്പോള്‍. ഒരു സൂത്രധാരന്‍ എന്ന നിലയില്‍ ഇനി നാടകം മുന്നോട്ട് കൊണ്ടു പോകുന്നതില്‍ അര്‍ത്ഥമില്ല. എങ്കിലും ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടത്താന്‍ കഥാപാത്രങ്ങളുമായി എനിക്ക് തിരിച്ചു വന്നല്ലേ പറ്റൂ.... കാലതാമസം എത്രയുണ്ടാവുമെന്ന് എനിക്ക് പറയാന്‍ കഴിയില്ല.. ഒരു പക്ഷേ ഞാനിനി പുതിയ നാടകവുമായിട്ടായിരിക്കും ഈ വേദിയില്‍ വരുന്നത് .അതു വരേക്കും നന്ദി... വണക്കം...
-കര്‍ട്ടന്‍-

Wednesday, March 9, 2011

നമസ്‌തെ : അങ്ങനെ യു‌പി എത്തി

അങ്ങനെ യുപി എത്തി.
അങ്ങനെ കൊച്ചി എത്തി എന്നു പറയുന്നതുപോലെ
ഗലികളില്‍ ഓടി നടക്കുന്ന പിള്ളാര്‍ .. 
ഓടയിലൂടെ ഒഴുകുന്ന കറുത്ത വെള്ളം.....
ഇടുങ്ങിയ വഴികളിലൂടെ കാളവണ്ടിയും മനുഷ്യര്‍ വലിക്കുന്ന റിക്ഷകളും...
റോഡരികില്‍ തന്നെ കാലികളെ കെട്ടി യിട്ട് പുല്ലു കൊടുത്ത് പാലു കറന്നു കൊടുക്കുന്നത് ...... പലഹാരക്കടകള്‍ ....
നമ്മളു ഹിന്ദി സിനിമകളില്‍ കാണുന്ന അതേ സെറ്റപ്പ്.
ഹിന്ദിയും നമ്മളുമായിട്ടുള്ള ബന്ധം അഞ്ചേ അഞ്ചേ വര്‍ഷമേ ഉണ്ടായിരുന്നുള്ളൂ. പത്താം ക്ലാസോടെ ഹിന്ദിയുമായിട്ടുള്ള ബന്ധം മുഴുവനായിട്ടങ്ങോട്ട് ഉപേക്ഷിച്ചതായിരുന്നു.
ദേ ഇതിപ്പോള്‍ ഹിന്ദിക്കാരുടെ നാട്ടില്‍.
നമുക്കാണങ്കില്‍ മലയാളമല്ലാതെ ഒരു ഭാഷ അറിയത്തില്ല.
ഇവന്മാര്‍ക്കാണങ്കില്‍ ഹിന്ദിയല്ലാതെ മലയാളം പറഞ്ഞാല്‍ മനസിലാകത്തുമില്ല. കണ്ടും കേട്ടുമൊക്കെ നിന്നാല്‍ തിരിച്ചു കൊച്ചിയിലെത്തും. അല്ലങ്കില്‍ ????

ഇതാ പറയുന്നത് ദൈവത്തിന്റെ ഓരോരോകളികള്‍ എന്ന്. മലയാളം മാത്രം അറിയാവുന്ന നമുക്കല്ലങ്കില്‍ ഹിന്ദി നാട്ടീന്ന് ഒരു കൊച്ചിനെ കെട്ടാന്‍ തോന്നുമോ? ഏതായാലും കെട്ടി. ഇനി ആ കൊച്ചിന്റെ നാടൊക്കെ കണ്ടിട്ട് വരാമെന്ന് കരുതി ഇറങ്ങിയതിന്റെ ഫലമാണ് യുപിയില്‍ എത്തപ്പെട്ടത്.
അങ്ങനെ കൊച്ചിയില്‍ നിന്ന് ഓടാന്‍ തുടങ്ങിയ മംഗളയില്‍ കയറി ആഗ്രയിലോട്ട് ഇറങ്ങി കാലെടുത്തു വെച്ചു. എവിടെ നിന്നെങ്കിലും ഒരു കൊടി കൂടി കൊണ്ടു പോയിരുന്നെങ്കില്‍ ഫ്ലാറ്റ് ഫോമില്‍ തന്നെ കുത്തി വയ്ക്കാമായിരുന്നു. നമ്മളും ആഗ്ര കീഴടിക്കിയന്ന് നാലാള് അറിയട്ടേന്നെ.
ഫ്ലാറ്റ് ഫോമിലോട്ട് ഇറങ്ങിയതും കുറെ ആള്‍ക്കാര്‍ ഓടിയെത്തി...
മലയാളത്തില്‍ ചുമ്മ കണകുണാ എന്ന് എഴുതി വിടുന്ന നമുക്ക് ഈ നാട്ടിലും ആരാധകരോ? കണ്ടോടി കൊച്ചേ നമ്മളു വന്നിറങ്ങിയപ്പോഴേ നാട്ടുകാര്‍ വന്നു നില്‍ക്കുന്നതെന്ന് ഭാര്യയോട് പറയണം എന്നുണ്ടായിരുന്നെങ്കിലും നമ്മളിനി എന്തെങ്കിലും മലയാളം പറഞ്ഞിട്ട് ലവന്മാര്‍ക്കത് തെറിയായിട്ട് തോന്നിക്കഴിഞ്ഞാല്‍ ഇടിയുടെ പെരുന്നാളായിരിക്കും. അതുകൊണ്ട് ഞാന്‍ അവളെ ഒന്നു നോക്കുക മാത്രം ചെയ്തു.

ചുറ്റും വളഞ്ഞവന്മാരോട് അവള്‍ എന്തക്കയോ പറഞ്ഞു. അവരുടെ സംസാരത്തില്‍ നിന്ന് ചില വാക്കുകള്‍ മാത്രം മനസിലായി.
താജ്‌മഹല്‍ , ഓഫിഷ്യല്‍ ഗൈഡ്, ഗവണ്മെന്റ് ചാര്‍ജ് എന്നൊക്കെ പറഞ്ഞതില്‍ നിന്ന് കാര്യം മനസിലായി. വളഞ്ഞവന്മാര്‍ നമ്മളെ മൂടോടെ താജ്‌മഹല്‍ കാണിക്കാനായി വന്നതാണ്. 
“ചേട്ടന്മാരേ ഞാനാദ്യം ഈ കൊച്ചിന്റെ നാടും വീടും ഒന്നു കാണട്ടെ,പിന്നീട് വന്ന് താജ്‌മഹല്‍ കാണാം“ എന്നു പറയാന്‍ തോന്നിയെങ്കിലും ആപ്പും തൂവും തുമ്മും ഹോയും ഹൈയും തമ്മില്‍ മനസില്‍ വടം വലി നടത്തിയതുകൊണ്ട് ഒന്നും പറയാതെ അവാര്‍ഡ് സിനിമയിലെ നായകനെപ്പോലെ നിന്നു. ഏതായാലും നമ്മുടെ കൊച്ച് അവന്മാരെ പറഞ്ഞു വിട്ടു. അങ്ങനെ ഞങ്ങള്‍ റയില്‍‌വേ സ്റ്റേഷനു വെളിയില്‍ കടന്നു വണ്ടിയില്‍ കയറി അവളുടെ നാട്ടിലേക്ക് തിരിച്ചതോടെ ആശ്വാസം ആയങ്കിലും ഇനി കൂടുതല്‍ പരീക്ഷണങ്ങള്‍ വരാനാരിക്കുന്നതേയുള്ളന്ന് ആരറിഞ്ഞു.

അങ്ങനെ വീട്ടിലെത്തി....
വീടിലെത്ത് പെട്ടി തുറന്ന് നമ്മുടെ ട്രേഡ് മാര്‍ക്കായ കൈലി ഒക്കെ എടുത്ത് ഉടുത്ത് മടക്കി കുത്തി കാറ്റൊക്കെ കൊണ്ടപ്പോള്‍ എന്താ ആശ്വാസം....
കൈലി ഒക്കെ ഉടുത്ത് വീടിന്റെ മുന്‍ വാതിലില്‍ ചെന്ന് നിന്നു. നാട്റ്റിലോട്ട് കെട്ടിയെടുത്ത ചെറുക്കനെ കാണാന്‍ ആള്‍ക്കാരുടെ തെള്ള്.
കൈലി ഉടുത്ത എന്നെ കണ്ടതും നാട്ടുകാര്‍ അന്യഗ്രഹ ജീവിയെ നോക്കുന്നതു പോലെ നോക്കിത്തുടങ്ങി. ഈ തണുപ്പത്തു കൈലി ഉടുത്ത് നില്‍ക്കുന്ന ഇവന് വട്ടാണോ എന്ന് നാട്ടുകാര്‍ ചിന്തിക്കുന്നത് എന്ന് തോന്നി.
ഇവന്മാരുടെ നോട്ടം കണ്ടാല്‍ ഈ നാട്ടിലാരും മുണ്ടുടുത്ത് നടക്കത്തില്ലന്ന് തോന്നുന്നു. ഏതായാലും ആ തോന്നല്‍ സത്യം ആണന്ന് മനസിലാക്കാന്‍ പത്തു മിനിറ്റേ എടുത്തുള്ളൂ.
“അച്ചായാ...” ഭാര്യയുടെ വിളി. ഇവളിങ്ങനെ വിളിക്കണമെങ്കില്‍ എന്തെങ്കിലും കാര്യം കാണും
“എന്താ?” ഞാന്‍ ചോദിച്ചു.
“അതേ ഈ നാട്ടിലാരും ഇങ്ങനെ കൈലിയൊന്നും ഉടുത്ത് നടക്കാറില്ല... പാന്റിട്ടാ നടക്കുന്നത്...”
ഹൊ!! അങ്ങനെയാണോ കാര്യം. കൈലിയുടേയും മുണ്ടിന്റേയും മഹത്വം അറിയാന്‍ വയ്യാത്തവന്മാര്‍ !!‍.. വീടനകത്ത് കൈലി പുറത്തിറങ്ങുമ്പോള്‍ പാന്റ് എന്ന സമവായത്തില്‍ ആ മുണ്ട് പ്രശ്നം പരിഹരിച്ചു.


ഒരു പ്രശ്നം പരിഹരിച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും പ്രശ്നം.. 
ആളുകളെ കാണുമ്പോള്‍ അവളാണങ്കില്‍ നമസ്‌തെ അമ്മ...നമസ്‌തെ ആന്റി... നമസ്‌തെ ബാപ്പു.. നമസ്‌തേ അങ്കിള്‍ എന്നൊക്കെ പറയുന്നു...
ആദ്യമൊക്കെ അവള്‍ നമസ്‌തെ പറയുമ്പോള്‍ ഞാന്‍ കുന്തം വിഴുങ്ങിയതുപോലെ നിന്നു.ഈ  നമ‌സ്‌തെ കേള്‍ക്കുമ്പോള്‍ എനിക്ക് ചിരി വരും. 
“എന്തോന്നാ ഇത്ര ചിരിക്കാന്‍ ?” അവളുടെ ചോദ്യത്തിന്റെ കടുപ്പത്തില്‍ നിന്ന് ആ ചോദ്യത്തിന്റെ അപകടം മനസിലാക്കാന്‍ പറ്റി. ഇനി നമസ്‌തെ കേള്‍ക്കുമ്പോള്‍ ചിരിക്കരുതെന്ന് മനസിനെ പറഞ്ഞ് മനസിലാക്കിക്കാന്‍ ശ്രമിച്ചു.
“എടീ കൊച്ചേ ഈ നമസ്‌തെ കെള്‍ക്കുമ്പോള്‍ ഞാനറിയാതെ ചിരിച്ചു പോകുന്നതാ. ഞാന്‍ പറഞ്ഞു.
“അച്ചായനെന്താ ഒരു നമസ്‌തെ പറഞ്ഞാല്‍ കുഴപ്പം?” എന്ന് അവള്‍ ചോദിച്ചപ്പോള്‍ 
“ഒരു കുഴപ്പവും ഇല്ല”എന്ന് പറഞ്ഞു.


നാലാം ക്ലാസില്‍ പഠിക്കുമ്പോഴാ അവസാനമായി നമസ്‌തെ എന്ന് പറഞ്ഞത്. അന്ന് ക്ലാസില്‍ സാറു വന്നാലുടനെ കൈ കൂപ്പി നമസ്‌തെ സര്‍ എന്നായിരുന്നു പറയുന്നു. അന്നു പിള്ള മനസില്‍ വേര്‍‌തിരിവൊന്നും ഇല്ലാതിരുന്നതുകൊണ്ട് പഠിപ്പിക്കുന്നത് ആണാണങ്കിലും പെണ്ണാ‍ണങ്കിലും നമുക്കത് സര്‍ ആയിരുന്നു. അഞ്ചാം ക്ലാസില്‍ എത്തിയപ്പോള്‍ നമസ്‌തെക്കു പകരം ഗുഡ്മോര്‍ണിംങ്ങ് വന്നു. അന്ന് ഉപേക്ഷിച്ച നമസ്‌തെ വീണ്ടും മനസിലിട്ട് രൂപപ്പെടുത്തി അടുത്താളെ കാണുമ്പോള്‍ പറയാനായി നാവിന്‍ തുമ്പില്‍ തയ്യാറാക്കി വെച്ചു.


കുറച്ചു മുന്നോട്ടു നടന്നപ്പോള്‍ ഒരു ചേച്ചി തലയില്‍ തുണിയിട്ടൊക്കെ വരുന്നുണ്ട്. അവളാണങ്കില്‍ അവരെ നോക്കി ചിരിക്കുന്നുമുണ്ട്. അവര്‍ ഞങ്ങളുടെ അടുത്ത് എത്തി നിന്നു.
നമസ്‌തെ... അവള്‍ പറഞ്ഞു തുടങ്ങിയതും അവളെക്കാള്‍ മുന്നില്‍ ഞാന്‍ പറഞ്ഞു. നമ്മളു മോശമാകാന്‍ പാടില്ലല്ല്ലോ
നമസ്‌തെ ആന്റി.
എന്റെ നമസ്‌തെ കേട്ട് അവളും തലയില്‍ തുണിയിട്ട ആന്റിയും ഞെട്ടിയെന്ന് തോന്നുന്നു. ഒരു നമസ്‌തെ പറയുന്നത് ഇത്രയുമേ ഉള്ളൂ എന്ന മട്ടില്‍ ഞാന്‍ നിന്നു. എന്തക്കയോ ഹിന്ദിയില്‍ കണാകുണാ എന്നൊക്കെ അവരു രണ്ടു പേരൂടെ പറഞ്ഞു. സ്മാര്‍ട്ടി സിറ്റിക്കയി സ്മാര്‍ട്ടി സിറ്റിക്കാരനും യൂസഫലിയും നടത്തുന്ന ചര്‍ച്ചയില്‍ കേരള സര്‍ക്കാര്‍ നിന്നതുപോലെ ഞാന്‍ നിന്നു. നമുക്കീ സംസാരത്തില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലല്ലോ .ഞങ്ങളു ഞങ്ങളുടെ വഴിക്കും ആന്റി ആന്റിയുടെ വഴിക്കും പോയി. ആന്റി പോയി കഴിഞ്ഞപ്പോള്‍ അവളുടെ ചോദ്യം
“അച്ചായനെന്താ പണിയാ കാണിച്ചത്?”
“ നീ അല്ലിയോ പറഞ്ഞത് നമ‌സ്‌തെ പറയണമെന്ന്....”
“അച്ചായനെന്തിനാ ആ അമ്മയെ നോക്കി നമ‌സ്‌തെ ആന്റി എന്ന് പറഞ്ഞത്?”
“ഹൊ.. അവരാന്റി അല്ലായിരുന്നോ....ഞാനെങ്ങനാ ഇവര്‍ അന്റിയാണോ അമ്മയാണോ എന്നൊക്കെ അറിയുന്നത്....“
“പ്രായം നോക്കി ആന്റിയാണോ അമ്മയാണോ എന്ന് പറയരുതോ?”
മുഖത്തിങ്ങനെ സാരി ഇട്ട് നടന്നാല്‍ ഞാനെങ്ങനാ അറിയുന്നത് ആന്റിയാണോ അമ്മയാണോ എന്നൊക്കെ....”

ശ്ശെ‌ടാ ഇതൊരു പുലിവാലായല്ലോ.. നമസ്‌തെ പറയാമെന്ന് വെച്ചാലും ഇവരാന്റിയാണോ അമ്മയാണോ ബാപ്പു ആണോ അങ്കിള്‍ ആണോ എന്നൊക്കെ എങ്ങനെ തിരിച്ചറിയും?? എന്റെ ശക്തമായ ചോദ്യത്തിന് ഉത്തരം പറയാനാവാതെ അവള്‍ നിന്നു. അവസാനം അവള്‍ തന്നെ ഒരു പരിഹാരം പറഞ്ഞു.

“ഞാനിനി നമസ്‌തെ പറഞ്ഞിട്ട് അച്ചായന്‍ നമസ്‌തെ പറഞ്ഞാല്‍ മതി”
“ഹൊ.. മതിയെങ്കില്‍ മതി..” അങ്ങനെ നമസ്‌തെ പ്രശ്‌നവും പരിഹരിച്ചു.


നമസ്‌തെ അങനെ പരിഹരിച്ചു എങ്കിലും അതിലും വലിയ പ്രശ്നം വരാനിരിക്കുന്നതേ ഉള്ളായിരുന്നു. ഈ പ്രായമായവരെ ബഹുമാനിക്കുക ബഹുമാനിക്കുക എന്നു പറഞ്ഞാല്‍ ഇങ്ങനെയാണോ ബഹുമാനിക്കുക. നമുക്കാണങ്കില്‍ ശീലമുള്ള ആകെ ബഹുമാനം എന്ന് പറയുന്നത് അപ്പച്ചനോ പഠിപ്പിച്ച സാറുന്മാരേ വരുമ്പോള്‍ മടക്കി കുത്തിയിരിക്കുന്ന മുണ്ടിന്റെ മടക്കി കുത്തി അഴിച്ച് ശരീരം ഒന്ന് വളച്ച് കാണിച്ച് ചുണ്ടത്തൊരു ചിരിയും ഫിറ്റ് ചെയ്യുക. അതോടെ നമ്മുടെ ബഹുമാനം കാണിക്കല്‍ തീര്‍ന്നു. കൂടി വന്നാല്‍ മേല്‍‌പ്പടി വിഭാഗത്തില്‍ പെട്ട ആരെങ്കിലും വന്നാല്‍ ചുണ്ടത്ത് എരിഞ്ഞു കൊണ്ടിരിക്കുന്ന സിഗരറ്റ് നിലത്തോട്ടൊന്ന് ഇടുകയും ചെയ്യും. ഇതിനപ്പുറത്തേക്കുള്ള നമുക്ക് ഇല്ലേയില്ല.

ഈ നാട്ടിലാരും മുണ്ടുടുക്കാത്തതുകൊണ്ട് മേല്‍‌പ്പടി രീതിയിലുള്ള ബഹുമാനമൊന്നും ഇവിടെ നടക്കില്ല. മുട്ടുമടക്കി കുനിഞ്ഞ് പ്രായമുള്ളവരുടെ കാല്‍‌പ്പാദത്തില്‍ തൊട്ട് നമസ്ക്കരിച്ചാ ബഹുമാനം പ്രകടമാക്കുന്നത്. നമ്മുടെ നല്ല പാതിയാണങ്കില്‍ ഇവരെയൊക്കെ കണ്ടാല്‍ നമ‌സ്‌തേ എന്ന് പറഞ്ഞ് ഇവരുടെ കാലില്‍ തൊട്ട് നമസ്ക്കരിക്കും. 
മലയാളിയായ ഞാന്‍ ഒരു വടക്കെ ഇന്ത്യക്കാരന്റെ മുന്നില്‍ നടു കുനിച്ച് നില്‍ക്കുകയോ??? അവരുടെ മുന്നില്‍ മുട്ടുമടക്കുകയോ...
ഉള്ളിക്കും ഉരുളക്കിഴങ്ങിനും വില കൂടിയിട്ടും ഇതുവരെ ഒരു കേരളക്കാരനും വടക്കെ ഇന്ത്യക്കാരന്റെ മുന്നില്‍ മുട്ട് മടക്കിയിട്ടില്ല.. പിന്നാ ഇപ്പോള്‍ ...
നമ്മളു ഏതായാലും മുട്ട് മടക്കിയില്ലങ്കിലും ഇതിന്റെ രീതികളൊക്കെ നോക്കി പഠിച്ചു. അബദ്ധവശാല്‍ ആരെങ്കിലും വന്ന് കാലില്‍ തൊട്ട് നമസ്ക്കരിക്കാന്‍ വന്നാല്‍ എന്താ ഈ കാണിക്കുന്നതെന്ന് ചോദിച്ച് പിന്മാറാന്‍ പാടില്ലല്ലോ.ഈ പാഠങ്ങള്‍ ഒക്കെ എപ്പോഴാ ആവിശ്യം വരുന്നതെന്ന് പറയാന്‍ പറ്റില്ലല്ലോ?


രാവിലത്തെ തണ്ണുപ്പത്ത് കമ്പിളി ഒക്കെ പുതച്ചു മൂടി ഉറങ്ങിയും ടിവി കണ്ടും ഫുഡ് അടിച്ചും കഴിഞ്ഞു പോകുന്ന ദിവസങ്ങളില്‍ ഒന്നില്‍ അമ്മ വന്ന് അവളോട് പറഞ്ഞു.
“മോളേ, മോനയും കൊണ്ട് ആ രാമുവിന്റെ വീട്ടില്‍ വരെ പോയിട്ട് വാ.. അവരാണങ്കില്‍ നിങ്ങള്‍ വന്ന ദിവ്സം മുതല്‍ നിങ്ങളെന്നാ അങ്ങോട്ട് ചെല്ലുന്നതെന്ന് ചോദിച്ച് വിളിക്കുവാ”

അന്ന് വൈകിട്ട് ഞാനും അവളും കൂടി രാമുവിന്റെ വീട്ടിലേക്ക് യാത്രയായി .ആ വീട്ടിലെ ഒരു ചെറുക്കന്റെ കല്യാണം മൂന്നാന്നാലു ദിവസം മുമ്പായിരുന്നു. കല്യാണം ഒക്കെ കഴിഞ്ഞ് പെണ്ണിന്റെ മുഖം കാണിക്കല്‍ ചടങ്ങും,പാട്ടു പാടലും(ഇതു രണ്ടു അവിടിത്തെ ആചാരങ്ങളാണ്.) കഴിഞ്ഞ ദിവസമാണ് ഞങ്ങള്‍ ആ വീട്ടില്‍ ചെന്നുകയറിയത്.

വലിയ ഒരു വീട്. 

വീടിനു മുന്നില്‍ വലിയ ഒരു മതിലും ഗെയ്റ്റും..
ഗെയ്റ്റിലെ ബെല്ലില്‍ വിരലമര്‍ത്തിയിട്ട് ഞങ്ങള്‍ കയറി.
വീട്ടിലേക്ക് കയറുന്നതിനു മുമ്പ് അവളേന്നെ നോക്കി... 
അച്ചായാ അബദ്ധം ഒന്നും കാണിക്കരുത് എന്ന് മട്ടില്‍.ഞാന്‍ ചെയ്യുന്നതുപോലെ നോക്കി കണ്ട് ആള്‍ക്കാരോട് ഇടപെട്ടോളണം എന്ന് അവള്‍ പറയാതെ പറഞ്ഞു. ആവേശം ഒന്നും കാണിച്ച് അലമ്പാക്കില്ലന്ന് ഞാനും മനസില്‍ ഉറപ്പിച്ചു.


കയറി ചെല്ലുന്ന മുറിയില്‍ കട്ടിലില്‍ ഒരുത്തന്‍ കിടപ്പുണ്ട്. 
കട്ടിലിന്റെ ചുവട്ടില്‍ വലിയ രണ്ട് പട്ടികള്‍ . അതു കണ്ടതും എന്റെ പകുതി ജീവന്‍ പോയി.
“നമസ്‌തേ അങ്കിള്‍” അവള്‍ പറഞ്ഞു. 
അവള്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ ഞാനും പറഞ്ഞു
“നമസ്‌തേ”.
പട്ടികളെ കണ്ട വിറയലില്‍ എന്റെ വായിക്കകത്തു നിന്ന് നമസ്‌തേ പുറത്ത് വന്നോ എന്ന് എനിക്ക് സംശയമായി. ഒരിക്കലൂടെ നമസ്‌തേ പറഞ്ഞാലോ എന്ന് കരുതി തൊണ്ടയോക്കെ ശരിയാക്കി വന്നപ്പോഴെക്കും അവള്‍ ആ മുറിയില്‍ നിന്ന് അകത്തെ മുറിയിലേക്ക് കടന്നതുകൊണ്ട് ഞാനും അകത്തേക്ക് കയറി.


ഞങ്ങള്‍ അകത്തെ മുറിയിലേക്ക് ചെന്നു. അവിടെ പിള്ളാരും അമ്മമാരും ഒക്കെയായി പത്തിരുപതുപേര്‍ ഉണ്ട്. 
മൂന്നാലു പേര്‍ ഇരുന്ന് ചപ്പാത്തി ഉണ്ടാക്കുന്നുണ്ട്. 
അവിടെ കിടന്ന് രണ്ട് കസേരയില്‍ ഞങ്ങളെ ഇരുത്തി. 
ഞങ്ങളിരുന്ന കസേരയുടെ ഒരു വശത്ത് വലിയ ഒരു കട്ടില്‍ ഉണ്ടായിരുന്നു. ആ കട്ടിലില്‍ അഞ്ചാറു പിള്ളാര്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു.
ഗ്ലാസില്‍ പച്ച വെള്ളം കൊണ്ടു തന്നു. മൂത്രശങ്ക ഉണ്ടായിരുന്നെങ്കിലും ആ ശങ്കയെ കണ്ട്രോണ്‍ ചെയ്ത് വെള്ളം വേണ്ടാതിരുന്നിട്ടും കൂടി ഞാന്‍ വെള്ളം വാങ്ങി.
വെള്ളം കുടിച്ചു കൊണ്ടിരുന്നപ്പോള്‍ അഞ്ചര ആറടി പോക്കവും അതിനനുസരിച്ച് വണ്ണവുമൊക്കെയുള്ള ഒരാള്‍ മുന്നില്‍ വന്നു നിന്നു. ആള് കുളിക്കാനുള്ള തയ്യാറെടുപ്പിലാണന്ന് തൊന്നുന്നു. ഒരു ടവ്വലാണ് വേഷം. എണ്ണയൊക്കെ തേച്ചുള്ള വരവാണ് കക്ഷി.കാണുമ്പോഴേ ഒരു വില്ലന്‍ ലുക്കുണ്ട്.
“നമസ്‌തേ ബയ്യാ” അവള്‍ കസേരയില്‍ നിന്ന് എഴുന്നേറ്റ് നമസ്‌തെ പറഞ്ഞു. അവളെഴുന്നേറ്റതിനു പുറകെ ഞാനും എഴുന്നേറ്റ് “നമസ്‌തേ ബയ്യാ” പറഞ്ഞു.
“നമ‌സ്‌തെ“ ബയ്യായും നമസ്തെ പറഞ്ഞു.
വെള്ളം കുടിച്ചു കഴിഞ്ഞപ്പോഴേക്കും ചായ എത്തി. 
ചായയുടെ കൂടെ പത്തിരുപതു തരം പലഹാരങ്ങള് ‍. 
പാല്‍പ്പേടയിലും നെയ്യിലും ഉണ്ടാക്കിയ അവയുടെ രുചി എനിക്കത്രയ്ക്കങ്ങോട്ട് ഇഷ്ടപ്പെടാത്തതുകൊണ്ട് അതില്‍ വലിയ അക്രമം ഒന്നും കാണിക്കാതെ ഞാന്‍ ഇരുന്നു. 
ഭാര്യയും  ഭയ്യായും  വീട്ടുകാരും ഒക്കെ ഹിന്ദിയില്‍ എന്തക്കയോ ഇരുന്ന് പറയുന്നു. ഇടയ്ക്ക് ചിരിക്കും. അവര്‍ ചിരിക്കുന്നടനെ ഞാനും ചിരിക്കും. ഒന്നും മനസിലാവാത്ത ഇംഗ്ലീഷു സിനിമയ്ക്കുപോലും റിലീസിന്റെ അന്നു തന്നെ ടിക്കറ്റെടുത്ത് കണ്ടിട്ടുള്ള നമ്മളോടാ ഹിന്ദി തമാശ. ഏതായാലും അവര്‍  പറയുന്നത് മനസിലാക്കാന്‍ പറ്റാത്തതുകൊണ്ട് ഞാന്‍ കോണ്‍സണ്ട്രേഷന്‍ ഫുഡിലാക്കി. 

കുറച്ചു കഴിഞ്ഞപ്പോള്‍ അകത്തെ മുറിയില്‍ നിന്ന് കല്യാണം കഴിച്ച് കൊണ്ടുവന്ന പെണ്ണെത്തി. ആ പെണ്ണ് മുഖം ഒക്കെ സാരി കൊണ്ട് മറച്ചാണ് വരുന്നത്. ആ പെണ്ണ് ആദ്യം എന്റെ ഭാര്യയുടെ കാലില്‍ തൊട്ടു തൊഴുതു. ഉടനെ അവള്‍ എഴുന്നേറ്റു ആ പെണ്ണിന്റെ മുഖത്ത് മറഞ്ഞു കിടന്നിരുന്ന സാരി പൊക്കി മുഖം നോക്കി. എന്നിട്ട് എന്തക്കയോ പറഞ്ഞു.അവര്‍ രണ്ടൂടെ പറഞ്ഞതിലെ അച്ചാ മാത്രം എനിക്ക് മനസിലായി. 

പിന്നെ ആ പെണ്ണ് എന്റെ കാലില്‍ തൊട്ട് തൊഴുതു. ഭാര്യ ചെയ്തതുപോലെ അതിന്റെ മുഖത്തെ സാരി പൊക്കി നോക്കാനായി ഞാന്‍ എഴുന്നേല്‍ക്കാനായി ശ്രമിച്ചു എങ്കിലും എന്റെ കൈയ്യിലിരുന്ന പാത്രത്തിലെ രസഗുള പാത്രത്തില്‍ നിന്ന് പുറത്ത് ചാടാന്‍ ശ്രമിച്ചു.കൈയ്യിലിരിക്കുന്ന  രസഗുള പാത്രം ടീപ്പോയില്‍ വെച്ചിട്ട് ആ പെണ്ണിനെ പിടിച്ചെഴുന്നെല്‍പ്പിച്ച് മുഖത്ത് കിടക്കുന്ന സാരി പൊക്കി അച്ചാ പറയാന്‍ ഞാന്‍ മനസുകൊണ്ട് തയ്യാറെടുത്തു. .ഏതായാലും ഞാന്‍ പാത്രം ബാലന്‍സ് ചെയ്യുന്ന സമയം കൊണ്ട് ആ പെണ്ണ് വന്ന വ്ഴിയേ മുറിയിലേക്ക് തിരിച്ചു പോയി.

ഞങ്ങളുടെ വീട്ടിലേക്ക് തിരിച്ചു വരുന്ന വ്ഴിക്ക് ഞാന്‍ ഭാര്യയോട് പറഞ്ഞു
“എടീ കൊച്ചേ , ഞാനാ പെണ്‍കൊച്ചിന്റെ മുഖത്തെ സാരി പൊക്കി നോക്കാതിരുന്നതുകൊണ്ട് അവര്‍ക്കേന്തിങ്കിലും തോന്നിക്കാണുമോ?”
ഉടനെ അവള്‍ ചിരിച്ചു. അവളുടെ മറുപിടി വന്നു
“മനുഷ്യാ പെണ്ണുങ്ങളു മാത്രമേ സാരി മാറ്റി മുഖം നോക്കൂ. നിങ്ങളങ്ങങ്ങാണം അങ്ങനെ ചെയ്തായിരുന്നെങ്കില്‍ ആ ഭിത്തിയില്‍ കിടക്കുന്ന തോക്കു കൊണ്ട് ആ കട്ടിലില്‍ വന്നിരുന്ന മനുഷ്യന്‍ നിങ്ങളെ വെടിവെച്ചേനെ”

ഭാഗ്യം !!! കര്‍ത്താവു കാത്തു. 

കൈയ്യിലിരുന്ന പാത്രത്തിലെ രാസഗുള പാത്രത്തില്‍ നിന്ന് ചാടാന്‍ തുടങ്ങിയില്ലായിരുന്നെങ്കില്‍ ഞാന്‍ എഴുന്നേറ്റ് ആ പെണ്‍കൊച്ചിന്റെ മുഖത്തെ സാരി പൊക്കിയേനെ....
“ഠോ!!!” ഭിത്തിയില്‍ കിടക്കുന്ന തോക്കില്‍ നിന്ന് ഒരുണ്ട എന്റെ നേരെ വരുന്നത് ഞാന്‍ സങ്കല്‍പ്പിച്ചു നോക്കി.
ഇനി എന്തെല്ലാം അപകടങ്ങള്‍ ആണോ കാത്തിരിക്കുന്നത്.... 
എല്ലാം വരുന്നിടത്ത് വെച്ച് കാണുക തന്നെ

: :: ::