Sunday, August 4, 2019

കാലൻ വിളിച്ചപ്പോൾ..

സമയം സന്ധ്യ കഴിഞ്ഞു... 

ഇരുട്ടായിക്കഴിഞ്ഞിരിക്കുന്നു... മുന്നിലെ കാഴ്ചകളെ ഇരുട്ട് മൂടി തുടങ്ങിയിരിക്കുന്നു.
കർക്കടകത്തിലെ മഴമേഘങ്ങൾ പെയ്യണോ വേണ്ടയോ എന്ന് തീരുമാനം ആകാതെ ആകാശത്ത് ഉണ്ടാവണം. കാൽ ആക്സിലേറ്ററിൽ അമർന്നു. കാർ വേഗതയിൽ കുതിക്കുകയാണ്. പാലം എത്തിയപ്പോൾ വേഗത കുറച്ചു. ഭാര്യ ബസ് ഇറങ്ങി നാലഞ്ച് കിലോമീറ്ററിനകലെയുള്ള ബസ് സ്റ്റോപ്പിൽ കാത്ത് നിൽപ്പുണ്ട്. എത്രയും പെട്ടന്ന് അവിടെയെത്തി അവളയും കൂട്ടി വീട്ടിലേക്ക് മടങ്ങണം. കാറിന്റെ പുറക് സീറ്റിൽ മോൾ ടാബിൽ കളിച്ചുകൊണ്ടിരിക്കൂന്നു.

പാലം കഴിഞ്ഞ് വലത്തേക്ക് തിരിഞ്ഞ് കുറുക്കുവഴിയിലൂടെ പോയാൽ കുറച്ച് ദൂരവും സമയവും ലാഭിക്കാം. ഒരു വണ്ടിക്ക് പോകാനുള്ള വീതിയേ റോഡിനുള്ളൂ. ആ വഴിയിലൂടെ തന്നെ പോകാമെന്ന് കരുതി വണ്ടി തിരിച്ചു വീണ്ടൂം ആക്സിലേറ്ററിൽ കാൽ അമർത്തി. വണ്ടി വേഗത എടുത്ത് തുടങ്ങിയതും വഴിവക്കിലെ ഇരുട്ടിൽ നിന്ന് എന്തോ ഒരു കറുത്ത ജീവി വണ്ടിയുടെ മുന്നിലേക്ക് ചാടി. പെട്ടന്ന് കാൽ ബ്രേക്കിലമർന്നു. മുന്നിലെ ജീവിയിൽ ഇടിച്ചു ഇടിച്ചില്ല എന്ന രീതിയിൽ കാർ നിന്നു. 

കാറിന്റെ മുന്നിൽ ഒരു പോത്ത് !!! 

ഉള്ളിലൊരു മിന്നൽ. ഉള്ളിലെ മിന്നൽ ആകാശത്തും . മിന്നലും ഒരിടിയും.കാറിന്റെ തൊട്ടുമുമ്പിൽ നിൽക്കുന്ന പോത്തിന്റെ അടുത്തേക്ക് ഒരു അഗ്നി വന്നു വീണതുപോലെ .മിന്നലിന്റെ പ്രകാശത്തിൽ അറിയാതെ കണ്ണടച്ചു പോയി. കർക്കടകമാസത്തിൽ ഇടിയും മിന്നലും. പെട്ടന്ന് കാറ്റടിക്കാൻ തുടങ്ങി. മരങ്ങളൊക്കെ ആടിഉലയുകയാണ്. കൈ ഹോണിൽ അമർത്തി. നിർത്താതെ ഹോൺ മുഴക്കിയെങ്കിലും പോത്ത് മാറാതെ തന്നെ നിന്നു. ബസ് സ്റ്റോപ്പിൽ കാത്ത് നിൽക്കുന്ന ഭാര്യയെ ഓർത്തു. മഴ ചാറിത്തുടങ്ങി. ഇനി ഏത് നിമിഷവും മഴ കൂടാം.

മുന്നോട്ട് പോത്ത് വഴി അടഞ്ഞു നിൽക്കൂകയാണ്. പോത്ത് മാറിയാലേ മുന്നോട്ട് പോകാൻ കഴിയൂ. വണ്ടി റിവേഴ്സ് എടൂത്ത് വേറെ വഴിയായി പോകാമെന്ന് കരുതി വണ്ടി റിവേഴ്സ് എടുക്കാൻ തുടങ്ങി. ഇരുട്ടിൽ എവിടെ നിന്നന്ന് അറിയാതെ മറ്റൊരു കറുത്ത പോത്ത് വണ്ടിയുടെ പുറകിൽ വന്ന് നിന്നു.... !!!
കർത്താവേ ഞാൻ പെട്ടു....
ഉള്ളിലേക്ക് ഭയം അരിച്ചു കയറി.
മഴ ശക്തിപ്രാപിക്കുകയാണ്. വണ്ടിയിൽ നിന്നുള്ള കാഴ്ച മറഞ്ഞു തുടങ്ങി. വൈപ്പർ ഓണാക്കി. വണ്ടിയുടെ മുന്നിൽ നിന്നും പിന്നിൽ നിന്നും പോത്തുകൾ മാറാതെ നിൽക്കൂകയാണ്.  ബസ് സ്റ്റോപ്പിൽ കാത്തു നിൽക്കുന്ന ഭാര്യയും സംഭവിക്കുന്നതൊന്നും ശ്രദ്ധിക്കാതെ ടാബിൽ കളിച്ചു കൊണ്ടിരിക്കുന്ന കൊച്ചും ഉള്ളിൽ തെളിഞ്ഞു. പോത്തിൻ പുറത്ത് വരുന്ന കാലന്റെ ചിന്തകൾ തലച്ചോർ ഓർമ്മിപ്പിച്ചു. പുറകിലെ പോത്ത് മാറിയോ എന്ന് നോക്കാൻ തിരിഞ്ഞതും വീണ്ടും മിന്നൽ. മിന്നലിന്റെ വെളിച്ചത്തിൽ (അ)വ്യക്തമായി ആ കാഴ്ച... കയറുമായി ഒരാൾ!!!

കാലൻ തന്നെ!!!
പോത്തുമായി തന്നെ കൊണ്ടുപോകാൻ വന്നിരിക്കുന്നു....
ഉള്ളിലെ ഭയം മുഖത്തേക്ക് തെളിഞ്ഞുവന്നു... പുറത്തെ മഴയുടെ തണൂപ്പിലും മുഖത്തൂടെ വിയർപ്പു തുള്ളികൾ ഒഴുകി.
കർത്താവേ കാലൻ തന്നെ കൊണ്ടുപോയാൽ കാറിൽ ഒന്നും അറിയാതെ കളിക്കുന്ന കൊച്ച്... ബസ് സ്റ്റോപ്പിൽ കാത്തു നിൽക്കുന്ന ഭാര്യ....
കർത്താവേ കാലൻ അഡ്രസുമാറി വന്നതായിരിക്കണേ....

സത്യൻ അന്തിക്കാടിന്റെ 'പപ്പൻ പ്രിയപ്പെട്ട പപ്പൻ' കണ്ട ഓർമ്മകൾ വീണ്ടൂം. പപ്പനെകൊണ്ട് കാലൻ പോത്തിന്റെ പുറത്ത് പോകുന്നത് മനസിൽ തെളിഞ്ഞു .കാലൻ ആളുമാറി പപ്പനെ കൊണ്ടുപോയതുപോലെ തന്നെ കൊണ്ടുപോയാൽ ....
കർത്താവേ...... നിലവിളി തൊണ്ടയിൽ തന്നെ കുരുങ്ങിക്കിടന്നു....

ചിന്തകൾക്ക് കടിഞ്ഞാണിട്ട് കൊച്ചിനെകൊണ്ട് കാറിൽനിന്ന് ഇറങ്ങി ഓടിയാലോ? അതു വേണോ? കാലൻ പോത്തിന്റെ പുറത്ത് കയറി പുറകെ വന്ന് കയറിട്ട് പിടിക്കും. അതുകൊണ്ട് ആ പദ്ധതി വേണ്ട. കാലനിൽ നിന്ന് രക്ഷപെടാനുള്ള വഴികൾ ആലോചിച്ച് കൊണ്ടിരിക്കൂമ്പോൾ  കാറിന്റെ ഡോറിൽ ആരോ കൊട്ടുന്നു. ഡോറിന്റെ വശത്തേക്ക് നോക്കിയതും ഞെട്ടി. കൈയ്യിൽ കയറുമായി അയാൾ നിൽക്കുന്നു....

"ആരാ?" വിറയലോടെ ചോദിച്ചു. ശബ്ദ്ദം ശരിക്ക് പുറത്തേക്ക് വന്നില്ലന്ന് തോന്നുന്നു...
"...ലൻ" അയാൾ പറഞ്ഞു.
കർത്താവേ കാലൻ തന്നെ. കാലൻ സ്വയം പരിചയപ്പെടുത്തിയിരിക്കുന്നു... ഇനിയും രക്ഷ ഇല്ല. കാലൻ പിടി മുറുക്കിയിരിക്കുന്നു.

"ഞാനിപ്പം പോത്തിനെ മാറ്റാം..." അയാൾ പറഞ്ഞു.
ഹാവു രക്ഷപ്പെട്ടു. കാലൻ ആളുമാറി പിടിക്കാൻ വന്നതാ. മുഖം കണ്ട് ആളുമാറി എന്നുറപ്പിച്ചതുകൊണ്ട് തിരികെ പോകുവായിരിക്കും. പോത്തിനെ മാറ്റാൻ മുന്നോട്ടാഞ്ഞ കാലൻ വീണ്ടും തിരികെ നിന്നെ മുഖത്തേക്ക് തന്നെ നോക്കി. പുറത്തധികം വെട്ടം ഇല്ലാത്തതുകൊണ്ട് കാലനെ ശരിക്കങ്ങോട്ട് കാണാനും വയ്യ.

"ഇതുവഴി സ്ഥിരം രാത്രിയിൽ വണ്ടിയിൽ പോകുന്നത് ഞാൻ കാണാറുണ്ട് . ഇപ്പോഴാ ആളെ കാണുന്നത്?" കാലൻ പറഞ്ഞു.

രക്ഷപെട്ട പ്രതീക്ഷകൾ ഇല്ലാതാവുകയാണോ? കാലൻ തന്നെ കുറേ നാളായി തന്നെ നിരീക്ഷിക്കുന്നുണ്ട്. ഇന്ന് പോത്തിനെ വിട്ട് വണ്ടി തടഞ്ഞ് പിടിക്കാനായി കാത്തിരിക്കൂകയായിരുന്നോ കാലൻ?

പുറത്തെ മഴ ശക്തിയാകാൻ തുടങ്ങി. അടങ്ങിയ കാറ്റ് വീണ്ടും അടിക്കാൻ തുടങ്ങി. ദയനീയമായി കാലനെ നോക്കി. മഴ നനയുകയാണ് അയാൾ. എന്നെ ഒന്ന് ഒഴിവാക്കി കൂടേ എന്ന് നിശബ്ദ്ദമായി ചോദിച്ചു എങ്കിലും അയാൾ അത് ശ്രദ്ധിക്കാതെ അടുത്ത ചോദ്യം ചോദിച്ചു.
"തെക്കേടത്തെയല്ലേ?"
"അതെ" ആ ചോദ്യത്തോടെ തന്നെ ഞാൻ ഉറപ്പിച്ചു. കാലൻ ആളെ പഴുതില്ലാത്തവണ്ണം ഐഡന്റിഫൈ ചെയ്തു കഴിഞ്ഞു. ഇനി ആധാർ നമ്പർ ആയിരിക്കുമോ ചോദിക്കുന്നത്????

"എനിക്ക് ആളെ മനസിലായി... ഞാൻ വീട്ടിലൊക്കെ പോത്തുമായി വന്നിട്ടുണ്ട്" കാലൻ പറഞ്ഞു.
ഹൊ!!! തന്നെ തിരക്കി കാലൻ വീട്ടിലും വന്നിട്ടുണ്ടന്ന്. അപ്പോ എല്ലാം നേരത്തെ തന്നെ ഉറപ്പിച്ചിട്ടാണ് കാലൻ പോത്തുമായി വന്നത്... ദയനീയമായി കാലനെ നോക്കി. ഇനി രക്ഷ ഇല്ല. ഇപ്പോ തന്നെ അവസാനം. ഒരു മണിക്കൂർ സമയം കൂടി കൂട്ടി ചോദിച്ചാലോ? കാലനെ കൺഫ്യൂഷനാക്കി രക്ഷപെട്ടാലോ?

"എന്നെ ശരിക്കും മനസിലായോ?" കാലന്റെ മനസിലിരുപ്പ് ഒന്നു പരിശോധിക്കാൻ ചോദിച്ചു. അപ്പന്റെയും വല്ല്യപ്പന്റെയും പേരും വീടിന്റെയും നിലത്തിന്റെയും വരെ ലൊക്കേഷൻ വരെ കാലൻ തിരിച്ചു പറഞ്ഞു. ഇനി ഒരു രക്ഷയും ഇല്ല. എല്ലാം അവസാനിച്ചിരിക്കുന്നു. കാലൻ തോളത്ത് നിന്ന് കയർ എടുത്ത് കൈയ്യിൽ പിടിച്ചു. കണ്ണടച്ചേക്കാം. കയറിട്ട് കാലൻ തന്നെ ഇപ്പം കൊണ്ടുപോകും.

"എപ്പഴാ ചേട്ടാ കൊണ്ടു പോകുന്നത്.. ഇപ്പം തന്നെ കൊണ്ടൂപോകുമോ?" തന്നെ കൊണ്ടൂപോകുന്നത് എപ്പോഴാണന്ന് ചോദിച്ചു.

"ഒത്തിരി സമയം പോയല്ലേ... ഞാനിപ്പം തന്നെ പോത്തിനെ മാറ്റാം. അയാൾ കൈയ്യിലിരുന്ന കയർ പോത്തിന്റെ കഴുത്തിൽ ഇട്ട് കുരുക്കി. റോഡിൽ നിന്ന് പോത്തിനെ വലിച്ചുമാറ്റി. വണ്ടി എടുക്കാതിരുന്നതുകൊണ്ടാണന്ന് തോന്നുന്നു അയാളുടെ ചോദ്യം...
"പോകുന്നില്ലേ?" അയാൾ ചോദിച്ചു.

കർത്താവേ കാലൻ തന്നെ വെറുതെ വിടുകയാണോ? അതോ തന്നെ പരീക്ഷിക്കാൻ ചോദിക്കുന്നതോ?

"അല്ല .. അത് ഞാൻ പിന്നെ.... ആരാണന്ന്" എന്താണ് പറയേണ്ടത് എന്നറിയാതെ എന്തോ പറഞ്ഞു...

"ഹൊ!! ഞാൻ ആരാണന്നോ... വീട്ടിൽ ചെന്ന് അപ്പനോട് പറഞ്ഞാൽ മതി .. കണ്ടം പൂട്ടാൻ വന്ന ഗോപാലനെ വഴിയിൽ വെച്ച് കണ്ടന്ന്..." അയാൾ അത് പറഞ്ഞ് പോത്തുകളെ കൊണ്ട് മഴയത്ത് നടന്നു....

"അപ്പയെന്താ ഈ മഴയത്ത് ഇത്രയും വിയർത്തത്...." പുറകിൽ നിന്ന് കൊച്ചിന്റെ ചോദ്യം.

"ഒന്നുമില്ല മോളേ.." കൊച്ചിനോടങ്ങനെ പറഞ്ഞ് വണ്ടി എടുത്തു. ബസ് സ്റ്റോപ്പിൽ മഴയത്ത് കാത്തു നിന്ന് ഭാര്യ വിഷമിച്ചിട്ടുണ്ടാവും.... കാൽ വീണ്ടൂം ആക്സിലേറ്ററിൽ അമർന്നു....

******************
 മലയാളം കഥ , കഥകൾ ,
: :: ::