Saturday, February 21, 2009

പ്രേതലോകത്തെ വിവാഹലോചന

പ്രിയപ്പെട്ട പ്രേതമേ ....

നിനക്കിതുവരെ ഒത്തിരി വിവാഹാലോചനാ എഴുത്തുകള്‍ കിട്ടിയിട്ടുണ്ടന്ന് എനിക്കറിയാം. അതില്‍ പലതും ഞാന്‍ പൊട്ടിച്ചു വായിച്ചിട്ടാണ് അവിടെ കൊണ്ടുത്തന്നത്. അതില്‍ പലരും അസത്യങ്ങളാണ് എഴുതിപിടിപ്പിച്ചിരിക്കുന്നത്. ഞാനവരെക്കുറിച്ചൊക്കെ അന്വേഷിച്ചു. ചത്തുക്കഴിഞ്ഞ് പ്രേതങ്ങളായിട്ടും മറ്റുള്ളവരുടെ ജീവിതം കുട്ടിച്ചോറാക്കാന്‍ വേണ്ടിമാത്രം
ഇറങ്ങിത്തിരുച്ചവന്മാരാക്കെ തങ്ങള്‍ പുണ്യവാന്മാരാണന്ന് പറഞ്ഞ് എഴുത്ത് എഴുതി യിട്ടുണ്ട്. വെറും പോസ്റ്റുമാനായ ഞാന്‍ തന്റെ കാര്യങ്ങളില്‍ എന്തിന് ഇടപെടുന്നു എന്ന് ചോദിക്കരുത്. സത്യാന്വേഷിയായ ഒരു പോസ്റ്റുമാനാണ് ഞാന്‍. എന്റെ പൂര്‍വ്വകാലത്ത്
ഒരു സി.ബി.ഐ.ഡയറിക്കുറുപ്പ് , ജാഗ്രത , സേതുരാമയ്യര്‍ സി.ബി.ഐ, നേരറിയാന്‍ സി.ബി.ഐ തുടങ്ങിയ സിനിമകള്‍ കണ്ട് കണ്ട് ഞാനൊരു അന്വേഷ്ണകുതികി ആവുകയും ‘രഹസ്യ‘ങ്ങള്‍ തേടി രാത്രി സഞ്ചാരം തുടങ്ങുകയും നാട്ടുകാര്‍ എന്നെ തല്ലിക്കൊല്ലുകയും ആയിരുന്നു ചെയ്തത്. പൂര്‍വ്വ കാലത്ത് ഞാന്‍ പലപ്പോഴും ‘രഹസ്യ‘ങ്ങള്‍ തേടി നടന്നപ്പോള്‍ തന്നയും കണ്ടിട്ടുണ്ടായിരിക്കണം.


നമ്മുടെ ഈ ലോകത്തില്‍ വച്ച് ഞാന്‍ തന്നെ ആദ്യമായി കണ്ടപ്പോഴേ അനുരാഗ വിവശ നായതാണ്. അതിപ്പോഴാണ് തുറന്ന് പറയുന്നതന്ന് മാത്രം. പ്രേമം തുടങ്ങിയ ചാപല്യ ങ്ങളില്‍ എന്നെപ്പോലെ അന്തസുള്ള പ്രേതങ്ങള്‍ കുടുങ്ങുന്നത് ശരിയല്ലന്ന് ബോധ്യമുള്ള തുകൊണ്ടാണ് പ്രേമലേഖനം ഒന്നും തരാതിരുന്നത്. കിട്ടാനുള്ള മുന്തിരിങ്ങ എപ്പോഴാണങ്കിലും കിട്ടുമന്ന് എനിക്കറിയാമായിരുന്നു. രണ്ടു വര്‍ഷം മുമ്പ് നമ്മുടെ പബ്ബില്‍ വച്ചാണ് ഞാന്‍ തന്നെ ആദ്യമായി കണ്ടത്. നമ്മുടെ പ്രേതലോകത്തെ സദാചാരവാദികള്‍ അന്ന് പബ്ബില്‍ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ ഞാനാണ് തന്നെ രക്ഷിച്ചത്. അന്ന് നമ്മള്‍
പബ്ബില്‍ നില്‍ക്കുന്ന ഫോട്ടോ എന്റെ ഒരു കൂട്ടുകാരന്‍ എടുത്തത് നിന്റെ ഓര്‍മ്മയ്ക്കായി ഞാനിതിനോടൊപ്പം വയ്ക്കുന്നു.


ഓരോരുത്തന്മാര്‍ എന്തെല്ലാം കള്ളത്തരങ്ങളാണ് നിനക്കുള്ള എഴുത്തില്‍ എഴുതിപ്പിടുപ്പി ച്ചതന്ന് അറിയാമോ ? കുന്നേപള്ളിയിലെ സെമിത്തേരിയില്‍ താമസിക്കുന്ന അന്ത്രയോസ് പ്രേതം എന്തെല്ലാം കള്ളത്തരങ്ങളാണ് എഴുതിയിരിക്കുന്നത്. അവനെപ്പോഴും നിന്നെ സ്വപ്‌നം കണ്ടുകൊണ്ട് ഇരിക്കുകയാണന്നാണ് എഴുതിയിരിക്കുന്നത്. ചാവുന്നതിനു മുമ്പേ എനിക്കവനെ അറിയാം. ജീവനോടിരിക്കുമ്പോഴും അവനെല്ലാം പെണ്ണുങ്ങളോടും ഇതുതന്നെയാണ് പറഞ്ഞത്. ചത്തുകഴിഞ്ഞ് പ്രേതമായിട്ടും അവന്റെ സ്വഭാവത്തി നൊരുമാറ്റവും വന്നിട്ടില്ല. ജാത്യാലുള്ളത് തൂത്താല്‍ പോകുമോ? കഴിഞ്ഞ ആഴ്ച് കുന്നേപള്ളിയിലെ സെമിത്തേരിയില്‍ തന്നെയുള്ള ഒരു പ്രേതത്തോട് വേണ്ടാതീനം പറഞ്ഞതിന് അവളുടെ ഭര്‍ത്താവ് അവനിട്ട് ശരിക്ക് പൊട്ടിച്ചതാണ് . അവനെങ്ങനയാ ചത്തതന്ന് അറിയാമോ ? അവനും ഏതോ ഒരുത്തിയും കൂടി ട്രയിനിനുമുന്നില്‍ ചാടിമരിച്ചതാ. അവളെ അവളുടെ വീട്ടുകാര്‍ വേറെവിടയോ ആണ് അടക്കിയത്. അവളുടെ തലയോട്ടിയാണന്ന് പറഞ്ഞ് ഏതോ ഒരു തലയോട്ടി കൊണ്ടുവന്ന് അതില്‍ നോക്കി നില്‍ക്കുകയാണ് അവന്റെ പ്രധാനപണി. ശരിക്കും ഒരു നിരാശ കാമുകനെപ്പോലെ. ഞാനിന്നലെക്കൂടി അവന്റെ ഒരു ഫോട്ടോ എടുത്തിരുന്നു. തെളിവിനായി അതും വയ്ക്കുന്നു.

പഞ്ചായത്ത് ശ്‌മശാനത്തിലെ തോമാപ്രേതവും മുന്‍സിപ്പാലിറ്റി ചുടുകാട്ടിലെ തൊരപ്പന്‍ വാസു പ്രേതവും ഭയങ്കര സിഗരറ്റ് വലിക്കാരാണ് . തൊരപ്പന്‍ വാസുവിനാണങ്കില്‍ അല്പം പെണ്‍‌ വിഷയവും ഉണ്ടേ ? അവനെപേടിച്ച് ഒരൊറ്റ പെണ്‍പ്രേതങ്ങളും സന്ധ്യയായിക്കഴി ഞ്ഞാല്‍ കാഞ്ഞിരമരത്തില്‍ നിന്ന് ഇറങ്ങാറില്ല. അവിടെയുള്ള പെണ്‍പ്രേതങ്ങള്‍ മനുഷ്യന്റെ ചുടുചോര കുടിച്ചിട്ട് എത്രനാളുകളായന്ന് അറിയാമോ ? ഞാനിതൊന്നും വെറുതെ പറയുന്നതല്ല. തൊരപ്പന്‍ വാസു ആണങ്കില്‍ സിഗരറ്റ് വലിക്കുമ്പോഴും പെണ്ണുങ്ങളെ നോക്കി ഓരോന്നൊക്കെ കാണിക്കും. പ്രേതങ്ങള്‍ക്ക് പോലും നാണക്കേടാണവന്‍. ശുദ്ധ
ആഭാസന്‍. എല്ലാത്തീനും എന്റെ കയ്യില്‍ തെളുവുകള്‍ ഉണ്ട്. അവന്മാരുടെ രണ്ടിന്റേയും ഫോട്ടോ ഒന്ന് കണ്ട് നോക്ക്.
നിനക്ക് മനോഹരമായ വാഗ്ദാനങ്ങള്‍ നല്‍കി കത്തെഴുതിയ പരമന്‍ പ്രേതത്തിന് ഇതു തന്നെയാണ് പണി. ചത്തുകഴിഞ്ഞിട്ടും അവനിപ്പോഴും അമ്മയും പെങ്ങളേയും ഒന്നും തിരിച്ചറിയാന്‍ പാടില്ല. ജീവിച്ചിരുന്നപ്പോഴും ഇങ്ങനെതന്നെ ആയിരുന്നു അവന്‍. ഒരു ലവ് ലറ്റര്‍ തന്നെ കാര്‍ബണ്‍ വച്ചെഴുതി ഏഴും എട്ടും പേര്‍ക്ക് കൊടുക്കും. ഒരെഴുത്തുതന്നെ നൂര്‍ പേര്‍ക്കൊക്കെ ഈമെയിലായി അയക്കും. തന്റെ ഭാര്യയ്ക്ക് ലവ് മെയില്‍ ഒരു പട്ടാളക്കാരന്‍ അവന്റെ രണ്ടു കൈയ്യും തല്ലിയൊടിച്ചതാണ്. ഇപ്പോഴവന്‍ അണ്ണാക്കിനകത്ത് ലവ്‌ലറ്റര്‍ ലോഡ് ചെയ്താണ് നടക്കുന്നത്. ഏത് പെണ്‍‌പ്രേതത്തെ കണ്ടാലും അപ്പോഴവന്
എഴുത്ത് കൊടുക്കണം. അവന്റെ ഇരട്ടപ്പേര് തന്നെ ഇ‌മെയില്‍ പരമന്‍ എന്നാണ്.
ഓരോരോ പ്രേതങ്ങള്‍ നിന്നെ കെട്ടാന്‍ സിക്സ് പാക്ക് മസിലുകളൊക്കെ വരുത്തകയാണ ത്രെ!! ഈ മസിലുകളിലൊന്നും വലിയ കാര്യമില്ലന്ന് മണ്ടന്മാര്‍ക്കറിയില്ലന്ന് തോന്നുന്നു. അവന്മാരുടെ വിചാരം മസിലുകണ്ടാല്‍ നീ അവരെയൊക്കെ കെട്ടുമെന്നാണ്. ഒരു
പെണ്ണ് മസിലുകണ്ടാലൊന്നും വീഴുന്നവളല്ലന്ന് എനിക്കറിയാം. ചിലരൊക്കെ കളരിയിലും പോകുന്നുണ്ട്. തങ്ങള്‍ വലിയ അഭ്യാസികള്‍ ആണന്ന് കാണിക്കാന്‍ വേണ്ടിയാണ് ഇവന്മാര്‍ മസിലു പെരുപ്പിച്ച് അഭ്യാസം കാണിക്കുന്നത്. മസിലുകാണിച്ചു നില്‍ക്കുന്ന ഒരുത്തനെ ഒരു പെണ്ണ് കെട്ടുമോ ? അല്ലങ്കില്‍ മസില്‍ഖാനായസല്‍മാനെ വിട്ട് സുന്ദരിയായ ഐശ്വര്യ എല്ലനെപോലെ ഇരുന്ന അഭിഷേകിനെ കെട്ടുമോ ? മണ്ടന്‍ പ്രേതങ്ങള്‍ !! ഒരു
പെണ്ണിന്റെ മനസറിയാനാവാത്ത അവന്മാരെ കെട്ടിയാല്‍ നിന്റെ ജീവിതം കാഞ്ഞിരത്തില്‍ തറച്ച പ്രേതത്തെപ്പോലെയായിപ്പോകും. ചിലവന്മാരുടെ കസര്‍ത്തുകള്‍ നീതന്നെ കാണ്.ഓള്‍ കേരള പ്രേതംസ് മിസ്റ്റ്‌ര്‍ പ്രേതമായി തിരഞ്ഞെടുത്ത കുട്ടപ്പായിയും നിനക്കൊരു എഴുത്ത് എഴുതിയിട്ടുണ്ട്. വലിയ ആളാണന്നൊക്കെയാണ് അവന്‍ എഴുതി വിട്ടിരിക്കുന്നത്. സത്യം പറഞ്ഞാല്‍ അവന്‍ മരിച്ചത് ഏതോ ജിമ്മില്‍ വച്ചാണ് . ഒരു പത്തുകിലോ വെയ്‌റ്റ് എടുത്തപ്പോള്‍ നെഞ്ച് വെലക്കി മരിച്ചതാണ് . മിസ്റ്റ്‌ര്‍ പോഞ്ഞിക്കരയാണന്നാണ് അവന്റെ ഭാവം. അവന്‍ മസിലൊക്കെ പിടിക്കുന്നത് കണ്ടാല്‍ ആര്‍ക്കും സങ്കടം തോന്നും.


ചിലവന്മാര്‍ നിന്നെകെട്ടാനായി ഡാന്‍സ് പഠിക്കാന്‍ പോകുന്നുണ്ട്. അമാവാസിനാളുകളില്‍ നിന്നോടൊത്ത് ഡാന്‍സ് ചെയ്യാനാണ് അവര്‍ ഡാന്‍സ് പഠിക്കുന്നത്. റിയാലിറ്റി ഷോയിലെ പാട്ടുപിള്ളാരെ ഡാന്‍സ് പഠിപ്പിച്ച മാഷിന്റ്ടുത്താണ് ഡാന്‍സ് പഠനം. ‘മണിചിത്രത്താഴ് ‘ ഡാന്‍സാണ് എല്ലാവരും പഠിക്കുന്നത്. ഡാന്‍സ് പഠിക്കുന്നതില്‍ ഒരുത്തന്‍ ഏതോ സ്റ്റാറിന്റെ ഫാന്‍സ് അസോസിയേഷന്റെ ആളാണന്ന് തോന്നുന്നു. അവന്റെ ഡാന്‍സ് കണ്ടാല്‍ ‘സ്‌റ്റാര്‍’ ഒരൊറ്റ സിനിമയില്‍ ഡാന്‍സ് ചെയ്യത്തില്ല. ഇവന്മാര്‍ക്കൊന്നും കയറിക്കിടക്കാന്‍ സ്വന്തമെന്ന് പറയാന്‍ ഒരുതുണ്ട് ഭൂമിപോലും ഇല്ല. കരം അടയ്ക്കുന്നു ണ്ടങ്കിലും ഒറ്റ ഒരുത്തനും പട്ടയം കിട്ടിയിട്ടില്ല. ഇവരുടെ ഡാന്‍സ് കണ്ടിട്ട് നീ തന്നെ തീരുമാനിക്കൂ; കോമാളികളുടെ ജീവിതം പാഴാക്കണോ എന്ന് !!!


ഇപ്പോള്‍ നിനക്ക് നിനക്ക് വിവാഹാലോചനകളുമായി എത്തീയവരെക്കുറിച്ച് ഏകദേശ ഒരു ധാരണ ഉണ്ടായിക്കാണുമല്ലോ ? അവന്മാരാരും നിന്നെ ആത്മാര്‍ത്ഥമായി സ്നേഹിക്കു ന്നവരല്ല. ഞാന്‍ പണ്ട് നന്നായി കുടിക്കുമായിരുന്നു. ഇപ്പോള്‍ ഒരു തുള്ളിപോലും ഞാന്‍ അകത്തേക്ക് ഇറക്കാറില്ല


ഹന്‍സ് , പാന്‍‌പരാഗ്, ചൈനിക്കിനി ഒക്കെ വച്ച് എന്റെ താടിയെല്ല് ദ്രവിച്ചു പോയതുകൊ ണ്ടാണ് എനിക്ക് കുടിക്കാന്‍ കഴിയാത്തതന്ന് അസൂയക്കാര്‍പറയും. ചുറ്റിനെല്ലാം അസൂയ ക്കാര്‍ ആണന്നേ ... ഞാനിപ്പോള്‍ ഡീസ്ന്റ് പ്രേതമാണ്. നീയും ഇപ്പോള്‍ ഡീസ്ന്റ് പ്രേതമാണന്നാണല്ലോ പറയുന്നത്. തെറ്റുകള്‍ പ്രേത സഹജമാണ്. തെറ്റുചെയ്യാത്ത പ്രേതങ്ങള്‍ ഉണ്ടോ ? തെറ്റുകള്‍ പരസ്പരം ക്ഷമിക്കാന്‍ കഴിയുന്നില്ലങ്കില്‍ നമ്മളൊക്കെ പ്രേതങ്ങള്‍ ആണന്ന് പറയുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ ???

നീ എന്നെ കെട്ടിയാല്‍ ഞാന്‍ നിന്നെപൊന്നുപോലെ നോക്കികൊള്ളാം. എല്ലാ ആഴ്ചയും മനുഷ്യരെ വേട്ടയാടാന്‍ കൊണ്ടുപോകാം. നിനക്ക് കുടിക്കാന്‍ബ്ലഡ് ബാങ്കില്‍ നിന്നെങ്കിലും ചുടുചോര കൊണ്ടുവന്ന് തരും. മനുഷ്യന്റെ കഴുത്തില്‍ നിന്ന് മതിവരുവോളം ചോര ഊറ്റിക്കുടിച്ചിട്ട് നിലാവുള്ള രാത്രിയില്‍കൊന്നപ്പനയുടെ കീഴില്‍ “ഒരു മുറൈ വന്ത് ...” പാടുന്നത് ഞാനിപ്പോള്‍ സ്വപ്‌നം കണ്ടു തുടങ്ങി. ഇതാ ഞാന്‍ നിനക്കായി എന്റെ ഫുള്‍സൈസ്ഫോട്ടൊ വയ്ക്കുന്നു.
എന്റെ വിരിമാറിലെ അസ്ഥികൂട്ടത്തില്‍ അണയാന്‍ ഞാന്‍ നിന്നെ ക്ഷണിക്കുകയാണ്. നിന്നെ ഓടിയെത്തുമ്പോള്‍ പുണരാനായി എന്റെ കൈകള്‍വിടര്‍ന്ന് നില്‍ക്കുന്നു. നിനക്കായി എന്റെ അസ്ഥികള്‍ തുടിക്കുന്നു. കുഴിഞ്ഞുപോയ എന്റെ കണ്ണുകള്‍ നിനക്കായി വിടരുന്നു. പാലപ്പൂവിന്റെ മണം ഒഴുകുന്ന രാത്രിയില്‍ കാഞ്ഞിരമരത്തിന്റെ ചുവട്ടില്‍ ഒരിമിച്ചലിഞ്ഞ് ചേരാന്‍ നിനക്കായി ഞാന്‍ കാത്തിരിക്കുന്നു.

നിന്നെമാത്രം സ്വപ്നം കാണുന്ന
പോസ്റ്റുമാന്‍ പ്രേതം.

Friday, February 20, 2009

പ്രേത വരനെ ആവിശ്യമുണ്ട് :പെണ്‍ - അവിവാഹിത

പ്രായം - 25

ഉയരം : 5 അടി നാലിഞ്ച്

ഭാരം :60കിലോ

വിദ്യാഭ്യാസം : -----

താമസം : മുനിസിപ്പല്‍ ശവപ്പറമ്പിലെ പാലമരം


സുന്ദരിയും സുശീലയും ശീലാവതിയും ആയി ഇരുപന്തഞ്ച് വയസുള്ള മധുരപ്പതിനേഴുകാരി യായ പ്രേതത്തിന് അനിയോജ്യമായവിവാഹാലോചനകള്‍ ക്ഷണിക്കുന്നു.


വധുവിനെക്കുറിച്ച് :


ജനിച്ചനാള്‍ മുതല്‍ അമ്മയ്ക്ക് സ്വസ്ഥത കൊടുത്തിട്ടില്ല. വായില്‍ വെള്ളിക്കരണ്ടിയുമായി ഗവണ്‍‌മെന്റ് ആശുപത്രിയിലായിരുന്നു ജനനം. പഠിക്കുന്ന കാലം മുതലേ വശപ്പെശകാ യിരുന്നു എന്നാണ് ആളുകള്‍ പറഞ്ഞ് പരത്തുന്നത്. അതിലൊട്ടും സത്യമില്ലന്നാണ് അവള്‍ പറയുന്നത്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ പതിനഞ്ചു മൊബൈല്‍ ഫോണുകള്‍ സ്വന്തമായിട്ടുണ്ടായിരുന്നു. കരക്കാരാണ്‍പിള്ളാര്‍ കൊടുത്തതാണ് . ഇവള്‍ക്കുവെണ്ടിമാത്രം നാലുമൊബൈല്‍ കമ്പിനിക്കാര്‍ഇവളുടെ വീടിനുചുറ്റും ടവര്‍ വച്ചു കൊടുത്തിരുന്നു. പോലീസ് വണ്ടി ഇടയ്ക്കിടെ വരുന്നതിനുവേണ്ടി പഞ്ചായത്ത് നേരിട്ട് ഇവളുടെ വീട്ടിലേക്ക് ഒന്നര കിലോമീറ്റര്‍ കോണ്‍ക്രീറ്റ് ചെയ്തിരുന്നു. പത്താം ക്ലാസിലെ പരീക്ഷയ്ക്ക് മാര്‍ക്ക് ദാനം കൊടു ത്തിട്ടും ഒരു ഗ്രേഡും വാങ്ങാന്‍ പറ്റിയില്ല. മോള്‍ക്ക് ‘എ’ ഗ്രേഡാണന്ന് പറഞ്ഞായിരുന്നു അമ്മയുടെ നടപ്പ്. വസ്ത്രധാരണത്തിലാണ് മോള്‍ക്ക് എപ്പോഴും‘എ’ ഗ്രേഡ് കിട്ടിയിരുന്നതെ ന്ന് അമ്മ ആരോടും പറഞ്ഞില്ല.


പത്താംക്ലാസ് ‘കഴിച്ച‘ ഉടനെ സീരിയലില്‍ അഭിനയിക്കാന്‍ പോയെങ്കിലും ചാന്‍സ് കിട്ടിയത് ചില ഇംഗ്ലീഷ് സിനിമകളില്‍.അതും സംസാരമില്ലാത്ത സ്പെഷ്യല്‍ ഇഫക്‍റ്റുസു കള്‍ മാത്രമുള്ള സിനിമകള്‍ ! കുറച്ച് സിനിമകളില്‍ അഭിനയിച്ചു എങ്കിലും അതെല്ലാം തിയേറ്ററുകളില്‍ റിലീസ് ചെയ്യാതെ സിഡി റിലീസിംങ്ങ് മാത്രമായിരുന്നു. നാട്ടില്‍ പേരെടുത്ത നായികയെത്തേടിപലരും വരുന്നത് നാട്ടുകാര്‍ക്ക് അസൌകര്യമായപ്പോള്‍ സിനിമാ നായകന്മാരെ ജനങ്ങള്‍ ഡ്യൂപ്പില്ലാതെ സ്റ്റണ്ട് സീനുകളില്‍ അഭിനയിപ്പിച്ചു. അതോടെ നായികന്മാരാരും നായികയെത്തേടി വരാതാവുകയും നായിക ഫീല്‍ഡില്‍ നിന്ന് ഔട്ടാവുകയും ചെയ്തു.


ആരേയും മനം‌മയക്കുന്ന സുന്ദരിയായതുകൊണ്ട് പലരും ഇവളുടെ പുറകെ നടന്നിരുന്നു. സോഷ്യലിസത്തില്‍ ഇവള്‍ അടിയുറച്ചു വിശ്വസിച്ചതുകൊണ്ട് ഉള്ളവനോടും ഇല്ലാത്ത വനോടും ഒരു വെത്യാസവും കാണിച്ചിരുന്നില്ല. ‘ എല്ലാവരോടും തുല്യ നീതി’ എന്നായിരുന്നു ഇഅവളുടെ മുദ്രാവാക്യം. പക്ഷേ നാട്ടുകാരുടെ ഭാഗ്യത്തിനും ശവപ്പറമ്പ് വാസികളുടെ നിര്‍ഭാഗ്യത്തിനുമായി ആരക്കയോ ചേര്‍ന്ന് ഇവളെ വെള്ളത്തില്‍ താഴ്ത്തി. അന്നുമുതല്‍ ഇവള്‍ ശവപ്പറമ്പ് വാസികളുടെ സ്വസ്ഥത കെടുത്തിയിരിക്കുകയാണ്.


ബാച്ചിലേഴ്‌സായ പ്രേതങ്ങളെ ഇവള്‍ കണ്ട ഭാവം നടിക്കാറില്ല. ഇവളുടെ നോട്ടവും തീവ്രമായ ഭാവവും തീക്ഷ്‌ണമായ കണ്ണുകളും കൊണ്ട് തങ്ങളുടെ ആണുങ്ങളെ ഇവള്‍ വലവീശിപ്പിടിക്കാന്‍ നോക്കുന്നു എന്ന് കുടുംബമായി താമസിക്കുന്ന പെണ്‍പ്രേതങ്ങളുടെ പരാതിയെത്തുടര്‍ന്ന് മുനിസിപ്പല്‍ ശവപ്പറമ്പിലെ പാലമരത്തില്‍ ഇവളെ താല്‍ക്കാലിക മായി താമസിപ്പിച്ചിരിക്കുകയാണ്. ഇവളുടെ പേരില്‍ മുനിസിപ്പല്‍ ശവപ്പറമ്പില്‍ ആറടിമണ്ണ്രജിസ്‌ട്രേഷന്‍ കഴിഞ്ഞ് കിടപ്പുണ്ട്. വിവാഹ നിശ്ചയത്തിനുശേഷം അവിടേക്ക് താമസം മാറ്റുന്നതാണ്.


ഡിമാന്റുകള്‍ :


പയ്യന്‍ പ്രേതം വെളുത്തതായിരിക്കണം . കഷണ്ടിയുണ്ടങ്കില്‍ ചൈനാഗേറ്റില്‍ പോയി തലഫിക്സ് ചെയ്യണം. കുഴിഞ്ഞ കണ്ണുകള്‍ആകാന്‍ പാടില്ല. ചിരിക്കുന്നുടനെ കോമ്പല്ലുകള്‍ വെളിയില്‍ കാണണം. ഗവണ്‍‌മെന്റിന്റെ മലനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റോ ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റോ ഉള്ള സെമിത്തേരികളിലോ ചുടുകാട്ടിലോ ശവപ്പറമ്പിലോ കയറിക്കിടക്കാന്‍ സ്വന്തമായിട്ട് ആറടിമണ്ണുള്ളവനെങ്കിലും ആയിരിക്കണം. പട്ടിണി കിടന്നോ ലോക്കപ്പില്‍ കിടന്നോ മരിച്ചവനായിരിക്കരുത്.ബ്ലഡ് കുടിച്ച് പരിചയമുണ്ടായിരിക്കണം. വെളുത്തവാ‍വ് ദിവസങ്ങളില്‍ ഇവളുടെ കൂടെ രക്തം കുടിക്കാന്‍ കിലോമീറ്ററുകള്‍സഞ്ചരിക്കേണ്ടിവരും. കടവാവലുകളെ നിയന്ത്രിക്കാന്‍ അറിഞ്ഞിരിക്കണം. ഇതല്ലാതെ മറ്റ് ഡിമാന്റുകള്‍ ഒന്നും ഇല്ല. ജാതി മതം ഭാഷ സാമ്പത്തികം ഒന്നും പ്രശ്‌നമല്ല.


ബ്രോക്കറുമാര്‍ ഇടയില്‍ കയറരുത്. നേരിട്ട് മാത്രം ബന്ധപ്പെടുക. നേരില്‍ വരുന്നവര്‍ രാത്രി പതിനൊന്നിനുശേഷം മുനിസിപ്പല്‍ ശവപ്പറമ്പിലെ പാലമരച്ചുവട്ടില്‍ എത്തുക.

Sunday, February 8, 2009

‘റിസെഷന്‍‘കാലത്തെ വാലന്റൈന്‍സ് എഴുത്ത് :

പ്രിയപ്പെട്ട സരസൂ ......

വര്‍ഷങ്ങള്‍ക്കുശേഷം ഇങ്ങനെയൊരു എഴുത്ത് നിനക്ക് എഴുതേണ്ടിവരുമെന്ന് ഞാന്‍ കരു തിയിരുന്നില്ല. നീയും ഇങ്ങനെയൊരു എഴുത്ത് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ലോകത്ത് നമ്മള്‍ പ്രതീക്ഷിച്ചതൊന്നും അല്ല ഇപ്പോള്‍ നടക്കുന്നത്. നമ്മുടെ നാട്ടില്‍ ജീവിച്ചിരുന്ന ചില ആളുകള്‍ ഭാവിപ്രവചനങ്ങള്‍ നടത്താന്‍ കഴിവുള്ളവര്‍ ആയിരുന്നുവെന്ന് ഞാനിപ്പോഴാണ് മനസിലാക്കുന്നത്. “മാളികപുറത്തേറിയ മന്നന്റെ തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍ “ എന്ന് പൂന്താനം പാടിയതിന്റെ അര്‍ത്ഥം എന്താണന്ന് എനിക്കിപ്പോഴാണ് മനസിലായത്. പൂന്താനം ആരാണന്ന് നീ ചോദിക്കരുത് ? ആളൊരു വലിയ പുള്ളിയാണന്ന് മാത്രം മനസി ലാക്കിയാല്‍ മതി. കൂടുതല്‍ പറഞ്ഞുതരാന്‍ എനിക്കും അറിയില്ല. ഞാനിപ്പോള്‍ താമസിക്കു ന്ന വില്ലയുടെ അടുത്ത വില്ലയില്‍താമസിച്ചിരുന്ന ബ്രണ്ടന്‍ സായിപ്പ് ഇന്നലെ ട്രയിനിനു മുന്നില്‍ ചാടി മരിച്ചു. അയാളിവിടിത്തെ വലിയ ഒരു മുതലാളി ആയിരുന്നു. പതിനായിര ത്തിലധികം ആളുകള്‍ അയാളുടെ കമ്പനികളില്‍ ജോലിചെയ്യുന്നുണ്ട്. അയാളുടെ ആത്മഹ ത്യ ആണ് എന്നെയൊരു പുനര്‍ചിന്തയ്ക്ക് പ്രേരിപ്പിച്ചത് ...ആഗോളപ്രതിസന്ധി എനിക്കൊ രു തിരിച്ചറിവിന്റേതായി മാറിയിരിക്കുന്നു ഞാന്‍ നേടിയെടുത്തതൊന്നും ശാശ്വ തമല്ലന്നും എല്ലാവരും സ്‌നേഹിച്ചിരുന്നത് എന്റെ പണത്തെമാത്രമാണന്നും എനിക്കിപ്പോള്‍
മനസിലായി ......ഈ എഴുത്ത് എന്റെ കുമ്പസാരമായി നീ കരുതണം ... ചങ്ക് പിടയുന്ന വേദനയോടെ ഹൃദയത്തില്‍ നിന്നാണ് ഞാനിത് എഴുതുന്നത് .....

പണ്ട് , നീ സ്കൂള്‍ വിട്ട് വരുന്നതും കാത്ത് ഞാന്‍ എത്രയോ നേരം കലുങ്കില്‍ ഇരുന്നതാണ് . നിന്റെ ഒരു ചിരിക്കായ് ഞാന്‍ എത്രനാളുകളാണ് നിന്റെ പിന്നാലെ നടന്നത്. നിനക്കും എന്നെ ഇഷ്ടമാണന്ന് പറഞ്ഞ അന്ന് ഞാന്‍ നിനക്ക് രണ്ട് കൈതപ്പൂവ് ഒടിച്ചുതന്നത് ഞാനിപ്പോഴും ഓര്‍ക്കുന്നു. ഏഴാം ക്ലാസ് വരെ നമ്മള്‍ ഒരിമിച്ചാണ് പഠിച്ചതെങ്കിലും പഠിച്ചിട്ട് വലിയ കാര്യമില്ലന്ന് മനസിലാക്കി ഞാന്‍ പഠിത്തം നിര്‍ത്തി. പഠിച്ച് പഠിച്ച് വലിയ ഒരാളാകുമെന്ന് പറഞ്ഞ് നീ വീണ്ടും വീണ്ടും പഠിച്ചു. പത്താം ക്ലാസെന്ന കടമ്പ ചാടാന്‍ നിന്നെക്കൊണ്ടാവില്ലന്ന് ഞാന്‍ നൂറുവട്ടം പറഞ്ഞിട്ടും അത് കാര്യമാക്കാതെ നീ ചാടി. നിന്റെ ചാട്ടം മൂന്നും ഫൌള്‍ ആയി പഠിത്തം നിര്‍ത്തി. (നീ ഇപ്പോഴാണ് പത്താം ക്ലാസ് എഴിതിയിരുന്നതെങ്കില്‍ നിനക്കെല്ലാ വിഷയത്തിനും ബി പ്ലസ് എങ്കിലും കിട്ടിയേനെ.). ഫുള്‍പാമ്പായ നിന്റെ അപ്പന്‍ നിന്നെ തയ്യല്‍ പഠിക്കാന്‍ വിട്ടപ്പോള്‍ ഞാന്‍ മണല്‍ വാരന്‍ ഇറങ്ങി.ഓരോ പ്രാവിശ്യം മണല്‍ വാരി പൊങ്ങുമ്പോഴും എന്റെ കൈയ്യിലിരിക്കുന്ന മണല്‍ ചട്ടി നീ ആയിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. എത്രയും പെട്ടന്ന് മണല്‍കട്ട് വാരി കുറച്ച് കാശുണ്ടാക്കി നിന്നെ കെട്ടണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ നിന്റെ മുതുകാലന്‍ അപ്പന്‍ നിന്നെ കെട്ടിച്ച് കൊടുക്കാമന്ന് പറഞ്ഞ് പലരുടേയും കൈയ്യില്‍ നിന്ന് ഓശിന് കള്ള് വാങ്ങി കുടിക്കുമായിരുന്നല്ലോ ? നിന്റെ അപ്പന്‍ ഒരു വലിയ ഭീക്ഷണിയായി തീരുകയാണന്ന് എനിക്ക് മനസിലായി. എത്രയോ ആളുകള്‍ വെള്ളമടിച്ചടിച്ച് കരള്‍ ദ്രവിച്ച് കൂമ്പുവാടി മരിക്കുന്നു. ജനിച്ചന്നുമുതല്‍ ഫുള്‍ഫിറ്റായി നടക്കുന്ന നിന്റെ അപ്പന്റെ ലിവറടിച്ചു പോകാന്‍ ഞാന്‍ കുറേ മെഴുകുതിരി കത്തിച്ചതാണ്.

നിന്നെ കെട്ടിച്ചുകൊടുക്കാമെന്ന് പറഞ്ഞ് ചന്ദ്രന്റെ കൈയ്യില്‍ നിന്ന് നിന്റെ അപ്പന്‍ കാശ് വാങ്ങുന്നത് ഞാന്‍ കണ്ടതാണ് . ചന്ദ്രന് നിന്നില്‍ പണ്ടേ ഒരു നോട്ടം ഉള്ളത് എനിക്കറിയാ മായിരുന്നു. അന്ന് രാത്രിയില്‍ നിന്റെ അപ്പന് ഞാനൊരു ഇരുട്ടടി കൊടുത്തു. അഞ്ചാറുകുത്തി ക്കെട്ടില്‍ ആ അടി ഒതുങ്ങി.(നിനക്കിത് പുതിയ അറിവായിരിക്കും എന്നെനിക്കറിയാം.. ഇതുവരെ ഞാനിത് നിന്നില്‍ നിന്ന് മറച്ചുവച്ചിരിക്കുകയായിരുന്നു...). നീ തയ്യല്‍ കഴിഞ്ഞു വരുമ്പോള്‍ കാണാനായി ഞാനെന്നും വരുമായിരുന്നു. കണ്ടത്തിന്‍ വരമ്പിലൂടെ നമ്മള ങ്ങനെ നടക്കുമായിരുന്നു. നീ ആദ്യമായിട്ട് എനിക്ക് തയിച്ചുതന്ന നീലവരയന്‍ ട്രൌസര്‍ ഞാനിപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്. നീ പുഴക്കടവില്‍ കുളിക്കാന്‍ വരുമ്പോള്‍ മണല്‍ വള്ളവുമായി ഒറ്റയ്ക്ക് ഞാന്‍ വരുമായിരുന്നു. മണല്‍ വാരുന്നതുപോലെ അഭിനയിച്ച് ഞാന്‍ വള്ളവുമായി കുളിക്കടവിനുതാഴെ ഉണ്ടാവുമായിരുന്നല്ലോ. നിന്റെ തലയില്‍ നിന്ന് ഒഴുകി
വരുന്ന കാച്ചിയഎണ്ണ പുഴവെള്ളത്തില്‍ ചാലിച്ചത് നമ്മുടെ പ്രണയവര്‍ണ്ണങ്ങളായിരുന്നു. നീ ഈറനണിഞ്ഞ് പുഴക്കടവിലേക്ക് കയറുന്നത് ഇപ്പോഴും എന്റെ കണ്ണില്‍ തെളിയുന്നുണ്ട്. നിതംബം മറഞ്ഞ് കിടക്കുന്ന നിന്റെ മുടിയില്‍ നിന്ന് വെള്ളം ഇറ്റിറ്റ് വീഴുന്നത് കാണാന്‍ എന്ത് ഭംഗിയായിരുന്നു.

കാലത്തോടൊപ്പം നീയും ഞാനും വളര്‍ന്നു. നിന്റെ തയ്യല്‍ പഠിത്തം കഴിഞ്ഞ ദിവസം നീ എനിക്കൊരു സമ്മാനം കൊണ്ടുതന്നു.വീട്ടില്‍ ചെന്നിട്ടേ തുറന്നു നോക്കാവൂ എന്ന് നീ പറഞ്ഞതുകൊണ്ട് വീട്ടില്‍ ചെന്നാണ് ഞാനത് തുറന്ന് നോക്കിയത്. വെട്ടുതുണികൊണ്ട് ഉണ്ടാക്കിയ മനോഹരമായ ഒരു റോസാപ്പൂവ് !. ആ റോസാപൂവ് ഇപ്പോഴും എന്റെ കൈയ്യിലുണ്ട്. നിന്റെ കുടിയനപ്പന്‍ നിന്നെ ഷാപ്പില്‍ കറിവയ്ക്കാനായി കൊണ്ടുനിര്‍ത്തീയത് ഞെട്ടലോടെയാണ് ഞാന്‍ കേട്ടത്. അത്രയും കാലം എന്റെ മാത്രം സരസു ആയിരുന്ന നീ കരക്കാരുടെയെല്ലാം കറിക്കാരി സരസു ആകുന്നത് എനിക്ക് സഹിക്കാനായില്ല. സങ്കടം
സഹിക്കാനാവാതെ ഞാനന്ന് ആദ്യമായിട്ട് കള്ള് കുടിച്ചു. നീ ഷാപ്പിലുണ്ടങ്കില്‍ ഓസിനു പാമ്പാകാം എന്നുള്ളതുകൊണ്ടാണ് നിന്റെ അപ്പന്‍ നിന്നെ അവിടെ കൊണ്ടുനിര്‍ത്തിയത് എന്ന് മനസിലാക്കാന്‍ നമുക്ക് കുറച്ച് ദിവസങ്ങള്‍ വേണ്ടി വന്നു. നീ ഷാപ്പില്‍ ചെന്ന തില്‍ പിന്നെ കുടിയന്മാര്‍ക്കൊക്കെ എന്ത് സന്തോഷമായിരുന്നു. കുടിയന്മാര്‍ ഇടിച്ചിടിച്ച് ഷാപ്പിന്റെ വാതിക്കല്‍ നിന്നു. വീട്ടില്‍ കെട്ടിയവളുടെ മുന്നില്‍ പുലികളായി വിലസിയവര്‍ നിന്റെ മുന്നില്‍ എലികളായി നിന്നപ്പോള്‍ ; ‘ഏത് പുലികളും ഇത്രയേ ഉള്ളൂ’ എന്ന മറ്റൊരു ലോകസത്യം ഞാന്‍ മനസിലാക്കി. കുടിയന്മാര്‍ നിന്റെ സൌന്ദര്യത്തെക്കുറിച്ച് വര്‍ണ്ണിക്കു മ്പോള്‍ എനിക്കുണ്ടാ‍യ സങ്കടം. സ്വന്തം കാമുകിയുടെ അംഗലാവണ്യത്തെക്കുറിച്ച് മറ്റുള്ളവര്‍ മെഗാസീരിയലാക്കി പറയുന്നത് കേള്‍ക്കാന്‍ ഒരു കാമുകനും ഇടയായിട്ടുണ്ടാവില്ല. ഒരു പെണ്ണിനെക്കുറിച്ച് വര്‍ണ്ണിക്കാന്‍ ഇത്രയ്ക്കുണ്ടോ ? ഇവനൊക്കെ വീട്ടില്‍ അമ്മയും
പെങ്ങള്‍മാരും ഇല്ലേ എന്ന് ഞാന്‍ ചിന്തിച്ചു പോയി. അഭാസന്മാര്‍!!! നിന്നെയും കൊണ്ട് എത്രയും പെട്ടന്ന് നാടുവീടാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു ഭീരുവിനെപ്പോലെ ഒളിച്ചോടാന്‍ നീ തയ്യാറായില്ല. (നിന്റെ തീരുമാനം നന്നായിരുന്നു എന്ന് എനിക്കിപ്പോള്‍ തോന്നുന്നു..). നാട്ടുകാരുടെ മുന്നില്‍ ഒരുമിച്ച് ജീവിക്കണമെന്നായിരുന്നു നിന്റെ അഭിപ്രായം. കയറിക്കിട ക്കാന്‍ ഒരു വീടുപോലും ഇല്ലാത്ത ഞാനെങ്ങനെയാണ് നിന്നെ കൊണ്ടുപോകുന്നത് ..... ആദ്യം ഒരു വീട് ...അതിനു പണം വേണം . പണത്തിനുള്ള മാര്‍ഗ്ഗം പറഞ്ഞു തന്നത് നീയാണ്... “ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും“ എന്നുള്ള ഈശ്വരവചനത്തില്‍ വിശ്വസിച്ച് ഞാന്‍ അതിലേക്കിറങ്ങി....

കള്ളവാറ്റ് അത്രയ്ക്ക് മോശപ്പെട്ടപണിയല്ലന്ന് എനിക്ക് മനസിലായി. ഞാന്‍ കള്ളവാറ്റ് തുടങ്ങിയതില്‍ പിന്നെ നിന്റെ അപ്പന്‍ നമ്മുടെ പക്ഷത്തായി.നീ പറഞ്ഞുതരുന്നതുപോലെ പ്രവര്‍ത്തിക്കുകമാത്രമാണ് ഞാന്‍ ചെയ്തത്. കള്ളുഷാപ്പില്‍ വരുന്നവരെക്കൂടി ക്യാന്‍വാസ് ചെയ്ത് നീ നമ്മുടെ വാറ്റ് അടിക്കാന്‍ കരിമ്പിന്‍ തോട്ടത്തിലേക്ക് പറഞ്ഞുവിട്ടു. ശര്‍ക്കരവെള്ള ത്തില്‍ ബാറ്ററ്റിപൊട്ടിച്ചിട്ടും, പാമ്പ്, പാറ്റ, തേള്‍, ചിലന്തി തുടങ്ങിയ ജീവികളെ പിടിച്ചിട്ട് വാറ്റി കുപ്പിയിലാക്കി ‘ഫ്രഷ്‌‌വാറ്റാ‘യി നമ്മള്‍ കൊടുത്തു. കുടിയന്മാര്‍ നമ്മുടെ വാറ്റിനായി
കരിമ്പിന്‍ തോട്ടത്തില്‍ ക്യു നിന്നു. പണം വന്നു കൂടിയപ്പോള്‍ കൂടുതല്‍ പണം ഉണ്ടാക്കാ നായി ഞാന്‍ ആഗ്രഹിച്ചു. ജീവിക്കാനുള്ള പണം മാത്രം മതി എന്ന് നീ പറഞ്ഞത് ഞാന്‍ കേട്ടില്ല. വാറ്റില്‍ രസ്‌നയും റ്റാങ്കും കലക്കി ‘വിദേശി‘ ഉണ്ടാക്കാന്‍ ശ്രമിച്ചു. അതില്‍
വിജയം നേടിയ ഞാന്‍ കൂടുതല്‍ പണക്കാരനാകാന്‍ തുടങ്ങി. അവിടം മുതലാണ്നമ്മള്‍ അകന്ന് തുടങ്ങിയത്.

കൂടുതല്‍ പണക്കാരനാകാന്‍ വേണ്ടി മാഹി വഴി ഞാന്‍ ഗോവയില്‍ എത്തി. ഗോവയില്‍ എത്തിയതില്‍ പിന്നെ രണ്ടോ മൂന്നോ പ്രാവിശ്യം ഞാന്‍ നിന്നെ വിളിച്ചുട്ടുണ്ടന്ന് തോന്നുന്നു. ഗോവന്‍ കടല്‍ത്തീരത്ത് വച്ച് ഒരു കിറുക്കന്‍ സായിപ്പിനെ പരിചയപ്പെട്ടതോടെയാണ് എന്റെ ജീവിതം മാറുന്നത്.അയാളുടെ സഹായത്തോടെ ഗോവയില്‍ ഒരു വൈന്‍ ഷോപ്പ് തുടങ്ങി. അതായിരുന്നു തുടക്കം... ഗോവന്‍ കടല്‍ത്തീരങ്ങളില്‍ മാത്രം അമ്പത് വൈന്‍ ഷോപ്പുകള്‍ ആരംഭിച്ചു. കൂടുതല്‍ പണം കിട്ടിയതോടെ ഞാന്‍ എന്റെ പേര് ഒന്ന് പരിഷ്‌ക്കരിച്ചു. വാസുക്കുട്ടന്‍ സോമന്‍ എന്ന പേര് എന്റെ നിലയ്ക്കും വിലയ്ക്കും ചേര്‍ന്നതല്ലന്ന് എനിക്ക് തോന്നി. ഇപ്പോള്‍ എന്റെ പേര് വാസ് സോമ എന്നാണ്. വാസ് സോമയായിട്ടാണ് ഞാനിപ്പോള്‍ അറിയപെടുന്നത്.കള്ള് കച്ചവടത്തില്‍ നിന്ന് ഞാന്‍ ലാഭം നേടിയ ഞാന്‍ എന്റെ ബിസ്‌നസ് സാമ്രാജ്യം വലുതാക്കി. കേരളത്തില്‍ തന്നെ അഞ്ച് എഞ്ചിനീയറിംഗ് കോളേജും രണ്ട് മെഡിക്കല്‍ കോളേജും തുടങ്ങി. ബാര്‍‌ബര്‍ഷോപ്പ് തുടങ്ങുന്നതിലും എളുപ്പമാണ് സാശ്രയ കോളേജില്‍ തുടങ്ങുന്നത്. രണ്ടിടത്തും ചെയ്യുന്നത് ഏകദേശം ഒന്നുതന്നെയുമാണ് .

കള്ളിമുണ്ടും മുറിക്കൈയ്യന്‍ ഷര്‍ട്ടും ഇട്ടോണ്ട് നടന്ന ഞാന്‍ സ്യൂട്ടിലും കോട്ടിലുമായി നടത്തം. അപ്പോഴും നീ തന്ന നീലവരയന്‍ ട്രൌസര്‍ തന്നെയാണ്ഞാന്‍ ഇട്ടത്. ഇന്ത്യയൊട്ടാകെ പറന്ന് നടക്കാന്‍ വിമാനടിക്കറ്റുകള്‍ സമയത്തിന് കിട്ടാതെവന്നപ്പോള്‍ സ്വന്തമായിട്ട് ഒരു
വിമാനക്കമ്പിനി തുടങ്ങി.ഏഴെട്ടുവിമാനങ്ങള്‍ വാങ്ങി ഇന്ത്യയ്ക്ക് മുകളിലൂടെ തലങ്ങും വിലങ്ങും ഓടിച്ചു. ഈ വിമാനങ്ങളിലൊക്കെ എയര്‍ഹോസ്റ്റസ് എന്ന് പറയുന്നവര്‍ ഉണ്ട്.അവര്‍ക്ക് മാസം ഒന്നന്നൊര ലക്ഷം രൂപാ കൊടുക്കണം. നീ ഷാപ്പില്‍ ചെയ്യുന്ന പണി തന്നെയാണ് അവര്‍ വിമാനത്തില്‍ ചെയ്യുന്നത്. എടുത്ത് കൊടുപ്പുതന്നെ. നീ രാവിലെ തൊട്ട് രാത്രിവരെ ഷാപ്പില്‍ കിടന്ന് പണി എടുത്തിട്ട് കിട്ടുന്നത് മാസം അയ്യായിരം രൂപായല്ലിയോ? നിന്റെ വില ശരിക്കും ഞാന്‍ മനസിലാക്കുന്നത് അപ്പോഴാണ് . എയര്‍‌ഹോസ്റ്റസ് ട്രയിനിംങ്ങ് സ്‌കൂള്‍ തുടങ്ങി നിന്നെ അതിന്റെ പ്രിന്‍സിപ്പാളാ‍യി നിയമിച്ച് ഇവിടേക്ക് കൊണ്ടുവരണ മെന്ന് ഞാന്‍ ആശിച്ചതാണ് ... പക്ഷേ നമ്മള്‍ ആശിക്കുന്നതല്ല്ലല്ലോ ദൈവം വിധിക്കുന്നത്...

സാമ്പത്തികപ്രതിസന്ധി .... സാമ്പത്തികതകര്‍ച്ച എന്നൊക്കെ പറഞ്ഞ് ആരും വിമാന ത്തില്‍ കയറാതായി. കയറ്റിവിട്ട ബ്രാണ്ടിയും വിസ്കിയും ഏറ്റെടുക്കാന്‍ ആളില്ലാതെ തിരിച്ചു വന്നു. പിടിച്ചു നില്‍ക്കാന്‍ വേണ്ടി കേരളത്തിലെ കോളേജുകള്‍ കിട്ടിയ വിലയ്ക്ക് വിറ്റു. ജോലിക്കാര്‍ക്ക് ശമ്പളം മുടങ്ങി. പൈലറ്റുമാരും എയര്‍ഹോസ്റ്റസുമാരും വിമാനത്തിന്റെ പാര്‍ട്സ് വരെ അഴിച്ചോണ്ടുപോയി ആക്രിവിലയ്ക്ക് വിറ്റ് തങ്ങളുടെ പണം മുതലാക്കി.എന്റെ ബാങ്ക് അക്കൌണ്ടുകളെല്ലാം കാലിയായി. ഇനി അവശേഷിക്കുന്നത് ഒരു കള്ളിമുണ്ടും മുറിക്കൈയ്യന്‍ ഷര്‍ട്ടും മാത്രമാണ് . എന്നോടൊത്ത് കമ്പിനി അടിക്കാന്‍ മുടങ്ങാതെ എത്തിയിരുന്നവര്‍ ഒരു മാസമായിട്ട് ഇങ്ങോട്ട് വരാറേയില്ല ... അവരെല്ലാം എന്റെ
പണത്തെയാണ് സ്നേഹിച്ചിരുന്നത് .

ഇപ്പോള്‍ ഞാന്‍ അറിയുന്നു സരസൂ ... ഞാന്‍ നിന്നെ എത്രമാത്രം വേദനിപ്പിച്ചു എന്ന് .. ഞാനിപ്പോള്‍ എത്ര ദിവസമായി ഉറങ്ങിയിട്ടന്ന് അറിയാമോ?നാട്ടില്‍ എന്റെ പേരിലുള്ള രണ്ടുമുറി വീട് ഇപ്പോഴും അവിടെ തന്നെയുണ്ട്. നീ എന്നെ വെറുക്കുന്നില്ലങ്കില്‍ ഞാന്‍ നാട്ടിലേക്ക് വരാം.എനിക്ക് മുഖം തരാതെ നീ നടന്നുപോകുന്നത് എനിക്ക് ചിന്തിക്കാന്‍ പോലും ആവില്ല. അതുകൊണ്ടാണ് ഞാന്‍ നിന്നോട് ചോദിക്കുന്നത് .. ഞാന്‍ നാട്ടിലേക്ക് വരട്ടയോ ? വീണ്ടും മണല്‍ വാരാന്‍ പോകുന്നതിന് എനിക്ക് മടിയില്ല... അല്ലങ്കില്‍ വേറെ
എന്ത് പണിവേണമെങ്കിലും എടുത്ത് നിന്നെ ഞാന്‍ പൊന്ന് പോലെ നോക്കികൊള്ളാം... നിന്റെ സമ്മതമാണ് എനിക്ക് വേണ്ടത് ... ഞാന്‍ നിന്നോട് വലിയ തെറ്റാണ് ചെയ്തത് എന്ന് എനിക്കറിയാം ... നിന്നോട് ഒരായിരം മാപ്പ് ചോദിക്കുകയാണ് ഞാന്‍ ...

വെള്ളാരം കല്ലുപോലുള്ള നിന്റെ കണ്ണുകളില്‍ നോക്കിയിരിന്നത് ... നിതംബം മറഞ്ഞ് കിടക്കുന്ന ഈറന്‍ വീഴുന്ന നിന്റെ മൂടിയില്‍ മുഖം ഒളിപ്പിച്ചത് ...നനുനനുത്തകാറ്റില്‍ പാടവരമ്പിലിരുന്ന് കാതോടുകാതോരം കിന്നാരം പറഞ്ഞത് ... എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ ഞാന്‍ ഓര്‍ക്കുന്ന.. സരസൂ , നഷ്ടപെട്ട ആ വസന്തകാലം, നഷ്ടപ്പെട്ടുപോയ നമ്മുടെ പ്രണയവസന്തം തിരിച്ചുവരുന്നത് കാത്ത് ഞാന്‍ പ്രതീക്ഷയോടെ നിന്റെ മറുപിടിക്കായി കാത്തിരിക്കുന്നു....

സ്നേഹപൂര്‍വ്വം
ഒരിക്കല്‍ നിന്റേത് മാത്രമായിരുന്ന വാസുവേട്ടന്‍Sunday, February 1, 2009

SSLC മലയാളം(പെളിറ്റിക്സ് സ്‌പെഷ്യല്‍) പാര്‍ട്ട് 1 ചോദ്യങ്ങള്‍ : SSLC malayalam(politics special) questions

MP-101 FIRST LANGUAGE- PART 1

MALAYALAM-PAPAER1

(Total Score - 40) Time: 1 1/2 hrs-----------------------------------------------------------------------------------------------പൊതുനിര്‍ദ്ദേശങ്ങള്‍ :-

ആകെ 8 ചോദ്യങ്ങളാണുള്ളത്.

എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതണം.

ചോദ്യങ്ങള്‍ നല്ലവണ്ണം വായിച്ച് മനസ്സിലാക്കി നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഉത്തരങ്ങള്‍ എഴുതുക.

സ്കോര്‍, സമയം എന്നിവ പരിഗണിച്ച് ഉത്തരമെഴുതുക.

1.പ്രമേയം കണ്ടെത്തുക. സ്‌ക്കോര്‍ :2നമ്മുടെ നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ കണ്ടിട്ടും കാണാതയും കേട്ടിട്ടും കേള്‍ക്കാതയും കൊണ്ടിട്ടും കൊണ്ടഭാവം കാണിക്കാതിയുംഇരിക്കുന്നവരെ സ്നേഹപൂര്‍വ്വം വിളിക്കുന്നതാണ് മന്ദബുദ്ധികള്‍ ?

എ. ഇതിലെ പ്രമേയം എന്താണ് ? (ഒരു വാക്കിലോ വാക്യത്തിലോ എഴുതുക)
ബി. ഇതിന് ഉചിതമായ ശീര്‍ഷകം നല്‍കുക.

2. പ്രഭാഷണം തയ്യാറാക്കുക... സ്‌ക്കോര്‍ : 6

“ഒന്നുകില്‍ പ്രേക്ഷകര്‍ക്ക് വിനോദരംഗം പകര്‍ന്നുകൊടുക്കുക. അല്ലെങ്കില്‍ ഉദ്വേഗജനകമായ സംഭവങ്ങള്‍ ചിത്രീകരിച്ച് അവരെവികാരം കൊള്ളിക്കുക. ഇതായിരുന്നു പണ്ടുകാലത്തെ തമിഴ് നാടകങ്ങളുടെ ലക്ഷ്യം “ - കെ.എസ്. നാരായണപിള്ള.

കഴിഞ്ഞ കാലങ്ങളില്‍ ‘രാഷ്ട്രീയനാടക‘ങ്ങള്‍ക്ക് സമൂഹനന്മാധിഷ്ഠിതമായ ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. സമീപകാലത്ത് നിങ്ങള്‍ കണ്ടതും ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതുമായ ‘രാഷ്ട്രീയനാടക‘ങ്ങളെ ആസ്പ്ദമാക്കി സമകാലിക ‘രാഷ്ട്രീയനാടകങ്ങ‘ള്‍നിര്‍വഹിക്കുന്ന സമൂഹനന്മാധിഷ്ഠിത അധര്‍മ്മങ്ങളെക്കുറിച്ച് ലഘുപ്രഭാഷണം തയ്യാറാക്കുക.


3. കുറിപ്പ് തയ്യാറാക്കുക. സ്‌കോര്‍ :6

മകന് തറവാട്ടില്‍ നിന്ന് എല്ലാം വാങ്ങിക്കൊടുക്കാന്‍ തയ്യാറായ അച്ഛന്‍. തറവാട് കാരണവരുടെ കസേരവരെ വാങ്ങിയിട്ടുംഅച്ഛനും മകനും കൂടി തറവാടിന്റെ പടിയിറങ്ങി. സ്വന്തമായിട്ട് ഒരു തറവാട് ഉണ്ടാക്കാന്‍ ശ്രമിച്ചിട്ട് അത് നടന്നില്ല. മറ്റ് ആരുടെ എങ്കിലും തറവാട്ടില്‍ കടന്നുകയറാമന്ന് പറഞ്ഞ് മകന്‍ മറ്റൊരു വീടിന്റെ ഉമ്മറത്ത് കയറി അവിടിത്തെ വീട്ടുകാരനായി. അച്ഛനും മകളും തറവാട്ടില്‍ തിരിച്ചെത്തി. ഗതികിട്ടാതെ അലയുന്ന മകനെ പഴയ തറവാട്ടിലേക്ക് കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്ന അച്ഛന്‍ ... പഷേ തറവാട്ടിലുള്ളവര്‍ അതിനെ എതിര്‍ക്കുന്നു... പാവം അച്ഛന്‍ !!! മകനും മകളും കൂടി ചക്കളത്തിപോരാട്ടം നടത്തുന്നതും അച്ഛന് കാണേണ്ടി വരുന്നു.

താന്‍ രാഷ്ട്രീയത്തില്‍ മകനെപ്പോലെ വളര്‍ത്തികൊണ്ടുവന്നവന്‍ സ്വന്തം മകന്‍ പാര്‍ട്ടിയില്‍ വളരുന്നതിന് തടസമാകുമെന്ന് മനസിലാക്കുന്ന ഒരു അച്ഛന്‍. മകനുവേണ്ടി മകനെപ്പോലെ വളര്‍ത്തികൊണ്ടുവന്നവനെ പുറത്താക്കാന്‍ തയ്യാറാവുന്നു. പക്ഷേമകനും മകനെപ്പോലെ വളര്‍ത്തികൊണ്ടുവന്നവനും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ മകനെപ്പോലെ വളര്‍ത്തി കൊണ്ടുവന്നവനെ ജനങ്ങള്‍ തോളിലേറ്റുന്നത് വേദനയോടെ കാണേണ്ടിവരുന്ന അച്ഛന്‍ !. സ്വന്തമായി അഭിമാനിച്ചിരുന്ന ഒരു രാജ്യസഭാസീറ്റ് മകന്റെ ലോക്‍സഭാസീറ്റിനുവേണ്ടി വിട്ടുകൊടുക്കേണ്ടി വരികയും ചെയ്തു ഈ അച്ഛന്‍ .

രണ്ടു സന്ദര്‍ഭങ്ങളിലും തെളിയുന്ന പുത്രസ്നേഹത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.

4. വീക്ഷണം വ്യക്തമാക്കുക. സ്‌കോര്‍ :6

ചുവടെ കൊടുത്തിരിക്കുന്ന കവിത വായിച്ച് മന്ത്രി കവി വ്യക്തമാക്കുന്ന ‘പിന്നില്‍ നില്‍ക്കുന്ന രഥ സാരഥി’ ദര്‍ശനം ഒരു പുറത്തില്‍ വ്യക്തമാക്കുക.
“മലമുകളില്‍ നിറയുന്ന മഞ്ഞിന്റെ കഠോരത
കിടുകിടെ വിതറുന്ന ശൈത്യകാലത്തും
മനസുരുകി നില്‍ക്കുന്നതാരോ
അതാണു നീ ധരണിയില്‍ ജനതയുടെ മുന്നില്‍...

ചുടുചോര പൊടിയുന്ന മനസിന്റെ വേദന
മലയാളി മനസിന്റെ മനമുരുകി വേദന
അതുപാടെ മാറ്റാന്‍ നിനവുറ്റ ശക്തിയായി
തവ പിന്നില്‍ നില്‍പ്പൂ വിജയരഥ സാരഥി “

5. തിരക്കഥ തയ്യാറാക്കുക. സ്‌കോര്‍ :6

സ്ക്രീനില്‍ പതിയേണ്ട ദൃശ്യങ്ങളുടേയും ശബ്ദ്ദങ്ങളുടേയും വിവരണമാണല്ലോ തിരക്കഥ. കഥ നടക്കുന്ന സ്ഥലം സമയം തിരക്കഥയില്‍ വേണം. താഴെക്കൊടുത്തിരിക്കുന്ന ഭാഗം വായിക്കുമ്പോള്‍ നിങ്ങളുടെ ഉള്ളില്‍ ചില ദൃശ്യങ്ങള്‍ പതിയുന്നില്ലേ? ഈ ദൃശ്യങ്ങളെ തിരക്കഥയുടെ ഒരു സീനായി എഴുതുക.

കണ്ണത്തദൂരത്തോളം കിടക്കുന്ന തോട്ടങ്ങളുടെ നടുവില്‍ നില്‍ക്കുന്ന പാവപ്പെട്ട അത്താഴപട്ടിണിക്കാരുടെ മണിമന്ദിരങ്ങള്‍. അവയുടെ നേരെ ഉരുണ്ടുവരുന്ന ജെ.സി.ബി.കള്‍. ഒരു ജെ.സി.ബി യില്‍ കോട്ടിട്ട ആളും മീശയുള്ള ആളും മീശയില്ലാത്ത ആളും. കണ്ണാടികൂടുപോലുള്ള ഒരു കെട്ടിടത്തിനു മുന്നില്‍ ജെ.സി.ബി നിര്‍ത്തുമ്പോള്‍ കോട്ടിട്ട ആളും മീശയുള്ള ആളും മീശയില്ലാത്ത ആളും ഇറങ്ങുന്നു. യന്ത്രക്കൈകള്‍ കണ്ണാടി ഇടിച്ചുടുമ്പോള്‍വലിയ ഒരു ശബ്ദ്ദം കേള്‍ക്കുന്നു. “പൂച്ച കറത്തതാണങ്കിലും വെളുത്തതാണങ്കിലും പൂച്ചയെപിടിച്ചാല്‍ മതിയല്ലോ ?”. തോട്ടങ്ങളില്‍ നിന്ന് അനേകംആളുകള്‍ ജാഥയായി വരുന്നു.

6. നിഘണ്ടു തയ്യാറാക്കുക. സ്‌കോര്‍ :2

താഴെകൊടുത്തിരിക്കുന്ന വാക്കുകളില്‍ പലതും വായ് മൊഴിപഴക്കത്താല്‍ നമ്മുടെ ഇടയില്‍ പ്രചരിച്ചതാണ് . ഈ വാക്കുകള്‍ കൂടി ഉള്‍പ്പെടുത്തി നിഘണ്ടു തയ്യാറാക്കുക..

പട്ടി തിരിഞ്ഞുനോക്കുക, കുലംകുത്തി, ബൂര്‍ഷ്വ , മാധ്യമ സിന്‍ഡിക്കേറ്റ് , കൊഞ്ഞാണന്‍, പോഷന്‍ , വെറുക്കപെടേണ്ടവന്‍ , തമസ്ക്കരണം,തസ്‌ക്കരശ്രി,ഗജരാജപട്ടം,ഭരണത്തില്‍ ഒരു രണം, വാണം വിടുന്നവന്‍

7.എഡിറ്റോറിയല്‍ തയ്യാറാക്കുക.. സ്‌കോര്‍ :6

"എന്നേക്കാള്‍ സീനിയറായ പലരും മത്സരിക്കാന്‍ ഉള്ളതുകൊണ്ട് ഞാന്‍ രാജ്യസഭാ സീറ്റിലേക്ക് ഒരു സ്ഥാനാര്‍ത്ഥിയേ അല്ല. ഞാന്‍ മത്സരിക്കാന്‍ആഗ്രഹിക്കുന്നതും ഇല്ല. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെ സംബന്ധിച്ചടത്തോളം രാജ്യസഭാസീറ്റ് വലിയ കാര്യമല്ല. സീറ്റിനെക്കാള്‍ വലുത് പാര്‍ട്ടിയിലെ ഐക്യമാണ്. " രമേശ് ചെന്നിത്തല

‘കിട്ടാത്തമുന്തിരിങ്ങ പുളിക്കും‘ എന്ന പഴഞ്ചൊല്ലിനെ ആസ്പ്‌ദമാക്കി മുകളില്‍ കൊടുത്തി രിക്കുന്ന പ്രസ്താവനയെ മുന്‍‌നിര്‍ത്തി നിങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ദിനപത്രത്തിലെ എഡിറ്റോറിയില്‍ പേജ് തയ്യാറാക്കുക.


8. പ്രമേയം തയ്യാറാക്കുക.. സ്‌കോര്‍ :6

രാഷ്ട്രീയ നേതാക്കളെ രാഷ്ട്രീയപകപോക്കലിന്റെ ഭാഗമായി കരിതേച്ച് കാണിക്കുന്നതിന് സി.ബി.ഐ.യെ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് ലാവ്‌ലിന്‍ അഴിമതിക്കേസ് എന്ന് നിങ്ങള്‍ക്കറിയില്ലേ. സി.ബി.ഐ.യുടെ രാഷ്ട്രീയവത്ക്കരണത്തിനെതിരെ നിങ്ങളുടെ സ്കൂളില്‍ നടത്തുന്ന മഹാസമ്മേളനത്തില്‍ വായിക്കുന്നതിനും അത് ഇന്ത്യന്‍ പ്രസിഡണ്ടിന് അയച്ചു കൊടുക്കുന്നതിനും വേണ്ടി ഒരു പ്രമേയം തയ്യാറാക്കുക.

.
: :: ::