Wednesday, March 9, 2011

നമസ്‌തെ : അങ്ങനെ യു‌പി എത്തി

അങ്ങനെ യുപി എത്തി.
അങ്ങനെ കൊച്ചി എത്തി എന്നു പറയുന്നതുപോലെ
ഗലികളില്‍ ഓടി നടക്കുന്ന പിള്ളാര്‍ .. 
ഓടയിലൂടെ ഒഴുകുന്ന കറുത്ത വെള്ളം.....
ഇടുങ്ങിയ വഴികളിലൂടെ കാളവണ്ടിയും മനുഷ്യര്‍ വലിക്കുന്ന റിക്ഷകളും...
റോഡരികില്‍ തന്നെ കാലികളെ കെട്ടി യിട്ട് പുല്ലു കൊടുത്ത് പാലു കറന്നു കൊടുക്കുന്നത് ...... പലഹാരക്കടകള്‍ ....
നമ്മളു ഹിന്ദി സിനിമകളില്‍ കാണുന്ന അതേ സെറ്റപ്പ്.
ഹിന്ദിയും നമ്മളുമായിട്ടുള്ള ബന്ധം അഞ്ചേ അഞ്ചേ വര്‍ഷമേ ഉണ്ടായിരുന്നുള്ളൂ. പത്താം ക്ലാസോടെ ഹിന്ദിയുമായിട്ടുള്ള ബന്ധം മുഴുവനായിട്ടങ്ങോട്ട് ഉപേക്ഷിച്ചതായിരുന്നു.
ദേ ഇതിപ്പോള്‍ ഹിന്ദിക്കാരുടെ നാട്ടില്‍.
നമുക്കാണങ്കില്‍ മലയാളമല്ലാതെ ഒരു ഭാഷ അറിയത്തില്ല.
ഇവന്മാര്‍ക്കാണങ്കില്‍ ഹിന്ദിയല്ലാതെ മലയാളം പറഞ്ഞാല്‍ മനസിലാകത്തുമില്ല. കണ്ടും കേട്ടുമൊക്കെ നിന്നാല്‍ തിരിച്ചു കൊച്ചിയിലെത്തും. അല്ലങ്കില്‍ ????

ഇതാ പറയുന്നത് ദൈവത്തിന്റെ ഓരോരോകളികള്‍ എന്ന്. മലയാളം മാത്രം അറിയാവുന്ന നമുക്കല്ലങ്കില്‍ ഹിന്ദി നാട്ടീന്ന് ഒരു കൊച്ചിനെ കെട്ടാന്‍ തോന്നുമോ? ഏതായാലും കെട്ടി. ഇനി ആ കൊച്ചിന്റെ നാടൊക്കെ കണ്ടിട്ട് വരാമെന്ന് കരുതി ഇറങ്ങിയതിന്റെ ഫലമാണ് യുപിയില്‍ എത്തപ്പെട്ടത്.
അങ്ങനെ കൊച്ചിയില്‍ നിന്ന് ഓടാന്‍ തുടങ്ങിയ മംഗളയില്‍ കയറി ആഗ്രയിലോട്ട് ഇറങ്ങി കാലെടുത്തു വെച്ചു. എവിടെ നിന്നെങ്കിലും ഒരു കൊടി കൂടി കൊണ്ടു പോയിരുന്നെങ്കില്‍ ഫ്ലാറ്റ് ഫോമില്‍ തന്നെ കുത്തി വയ്ക്കാമായിരുന്നു. നമ്മളും ആഗ്ര കീഴടിക്കിയന്ന് നാലാള് അറിയട്ടേന്നെ.
ഫ്ലാറ്റ് ഫോമിലോട്ട് ഇറങ്ങിയതും കുറെ ആള്‍ക്കാര്‍ ഓടിയെത്തി...
മലയാളത്തില്‍ ചുമ്മ കണകുണാ എന്ന് എഴുതി വിടുന്ന നമുക്ക് ഈ നാട്ടിലും ആരാധകരോ? കണ്ടോടി കൊച്ചേ നമ്മളു വന്നിറങ്ങിയപ്പോഴേ നാട്ടുകാര്‍ വന്നു നില്‍ക്കുന്നതെന്ന് ഭാര്യയോട് പറയണം എന്നുണ്ടായിരുന്നെങ്കിലും നമ്മളിനി എന്തെങ്കിലും മലയാളം പറഞ്ഞിട്ട് ലവന്മാര്‍ക്കത് തെറിയായിട്ട് തോന്നിക്കഴിഞ്ഞാല്‍ ഇടിയുടെ പെരുന്നാളായിരിക്കും. അതുകൊണ്ട് ഞാന്‍ അവളെ ഒന്നു നോക്കുക മാത്രം ചെയ്തു.

ചുറ്റും വളഞ്ഞവന്മാരോട് അവള്‍ എന്തക്കയോ പറഞ്ഞു. അവരുടെ സംസാരത്തില്‍ നിന്ന് ചില വാക്കുകള്‍ മാത്രം മനസിലായി.
താജ്‌മഹല്‍ , ഓഫിഷ്യല്‍ ഗൈഡ്, ഗവണ്മെന്റ് ചാര്‍ജ് എന്നൊക്കെ പറഞ്ഞതില്‍ നിന്ന് കാര്യം മനസിലായി. വളഞ്ഞവന്മാര്‍ നമ്മളെ മൂടോടെ താജ്‌മഹല്‍ കാണിക്കാനായി വന്നതാണ്. 
“ചേട്ടന്മാരേ ഞാനാദ്യം ഈ കൊച്ചിന്റെ നാടും വീടും ഒന്നു കാണട്ടെ,പിന്നീട് വന്ന് താജ്‌മഹല്‍ കാണാം“ എന്നു പറയാന്‍ തോന്നിയെങ്കിലും ആപ്പും തൂവും തുമ്മും ഹോയും ഹൈയും തമ്മില്‍ മനസില്‍ വടം വലി നടത്തിയതുകൊണ്ട് ഒന്നും പറയാതെ അവാര്‍ഡ് സിനിമയിലെ നായകനെപ്പോലെ നിന്നു. ഏതായാലും നമ്മുടെ കൊച്ച് അവന്മാരെ പറഞ്ഞു വിട്ടു. അങ്ങനെ ഞങ്ങള്‍ റയില്‍‌വേ സ്റ്റേഷനു വെളിയില്‍ കടന്നു വണ്ടിയില്‍ കയറി അവളുടെ നാട്ടിലേക്ക് തിരിച്ചതോടെ ആശ്വാസം ആയങ്കിലും ഇനി കൂടുതല്‍ പരീക്ഷണങ്ങള്‍ വരാനാരിക്കുന്നതേയുള്ളന്ന് ആരറിഞ്ഞു.

അങ്ങനെ വീട്ടിലെത്തി....
വീടിലെത്ത് പെട്ടി തുറന്ന് നമ്മുടെ ട്രേഡ് മാര്‍ക്കായ കൈലി ഒക്കെ എടുത്ത് ഉടുത്ത് മടക്കി കുത്തി കാറ്റൊക്കെ കൊണ്ടപ്പോള്‍ എന്താ ആശ്വാസം....
കൈലി ഒക്കെ ഉടുത്ത് വീടിന്റെ മുന്‍ വാതിലില്‍ ചെന്ന് നിന്നു. നാട്റ്റിലോട്ട് കെട്ടിയെടുത്ത ചെറുക്കനെ കാണാന്‍ ആള്‍ക്കാരുടെ തെള്ള്.
കൈലി ഉടുത്ത എന്നെ കണ്ടതും നാട്ടുകാര്‍ അന്യഗ്രഹ ജീവിയെ നോക്കുന്നതു പോലെ നോക്കിത്തുടങ്ങി. ഈ തണുപ്പത്തു കൈലി ഉടുത്ത് നില്‍ക്കുന്ന ഇവന് വട്ടാണോ എന്ന് നാട്ടുകാര്‍ ചിന്തിക്കുന്നത് എന്ന് തോന്നി.
ഇവന്മാരുടെ നോട്ടം കണ്ടാല്‍ ഈ നാട്ടിലാരും മുണ്ടുടുത്ത് നടക്കത്തില്ലന്ന് തോന്നുന്നു. ഏതായാലും ആ തോന്നല്‍ സത്യം ആണന്ന് മനസിലാക്കാന്‍ പത്തു മിനിറ്റേ എടുത്തുള്ളൂ.
“അച്ചായാ...” ഭാര്യയുടെ വിളി. ഇവളിങ്ങനെ വിളിക്കണമെങ്കില്‍ എന്തെങ്കിലും കാര്യം കാണും
“എന്താ?” ഞാന്‍ ചോദിച്ചു.
“അതേ ഈ നാട്ടിലാരും ഇങ്ങനെ കൈലിയൊന്നും ഉടുത്ത് നടക്കാറില്ല... പാന്റിട്ടാ നടക്കുന്നത്...”
ഹൊ!! അങ്ങനെയാണോ കാര്യം. കൈലിയുടേയും മുണ്ടിന്റേയും മഹത്വം അറിയാന്‍ വയ്യാത്തവന്മാര്‍ !!‍.. വീടനകത്ത് കൈലി പുറത്തിറങ്ങുമ്പോള്‍ പാന്റ് എന്ന സമവായത്തില്‍ ആ മുണ്ട് പ്രശ്നം പരിഹരിച്ചു.


ഒരു പ്രശ്നം പരിഹരിച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും പ്രശ്നം.. 
ആളുകളെ കാണുമ്പോള്‍ അവളാണങ്കില്‍ നമസ്‌തെ അമ്മ...നമസ്‌തെ ആന്റി... നമസ്‌തെ ബാപ്പു.. നമസ്‌തേ അങ്കിള്‍ എന്നൊക്കെ പറയുന്നു...
ആദ്യമൊക്കെ അവള്‍ നമസ്‌തെ പറയുമ്പോള്‍ ഞാന്‍ കുന്തം വിഴുങ്ങിയതുപോലെ നിന്നു.ഈ  നമ‌സ്‌തെ കേള്‍ക്കുമ്പോള്‍ എനിക്ക് ചിരി വരും. 
“എന്തോന്നാ ഇത്ര ചിരിക്കാന്‍ ?” അവളുടെ ചോദ്യത്തിന്റെ കടുപ്പത്തില്‍ നിന്ന് ആ ചോദ്യത്തിന്റെ അപകടം മനസിലാക്കാന്‍ പറ്റി. ഇനി നമസ്‌തെ കേള്‍ക്കുമ്പോള്‍ ചിരിക്കരുതെന്ന് മനസിനെ പറഞ്ഞ് മനസിലാക്കിക്കാന്‍ ശ്രമിച്ചു.
“എടീ കൊച്ചേ ഈ നമസ്‌തെ കെള്‍ക്കുമ്പോള്‍ ഞാനറിയാതെ ചിരിച്ചു പോകുന്നതാ. ഞാന്‍ പറഞ്ഞു.
“അച്ചായനെന്താ ഒരു നമസ്‌തെ പറഞ്ഞാല്‍ കുഴപ്പം?” എന്ന് അവള്‍ ചോദിച്ചപ്പോള്‍ 
“ഒരു കുഴപ്പവും ഇല്ല”എന്ന് പറഞ്ഞു.


നാലാം ക്ലാസില്‍ പഠിക്കുമ്പോഴാ അവസാനമായി നമസ്‌തെ എന്ന് പറഞ്ഞത്. അന്ന് ക്ലാസില്‍ സാറു വന്നാലുടനെ കൈ കൂപ്പി നമസ്‌തെ സര്‍ എന്നായിരുന്നു പറയുന്നു. അന്നു പിള്ള മനസില്‍ വേര്‍‌തിരിവൊന്നും ഇല്ലാതിരുന്നതുകൊണ്ട് പഠിപ്പിക്കുന്നത് ആണാണങ്കിലും പെണ്ണാ‍ണങ്കിലും നമുക്കത് സര്‍ ആയിരുന്നു. അഞ്ചാം ക്ലാസില്‍ എത്തിയപ്പോള്‍ നമസ്‌തെക്കു പകരം ഗുഡ്മോര്‍ണിംങ്ങ് വന്നു. അന്ന് ഉപേക്ഷിച്ച നമസ്‌തെ വീണ്ടും മനസിലിട്ട് രൂപപ്പെടുത്തി അടുത്താളെ കാണുമ്പോള്‍ പറയാനായി നാവിന്‍ തുമ്പില്‍ തയ്യാറാക്കി വെച്ചു.


കുറച്ചു മുന്നോട്ടു നടന്നപ്പോള്‍ ഒരു ചേച്ചി തലയില്‍ തുണിയിട്ടൊക്കെ വരുന്നുണ്ട്. അവളാണങ്കില്‍ അവരെ നോക്കി ചിരിക്കുന്നുമുണ്ട്. അവര്‍ ഞങ്ങളുടെ അടുത്ത് എത്തി നിന്നു.
നമസ്‌തെ... അവള്‍ പറഞ്ഞു തുടങ്ങിയതും അവളെക്കാള്‍ മുന്നില്‍ ഞാന്‍ പറഞ്ഞു. നമ്മളു മോശമാകാന്‍ പാടില്ലല്ല്ലോ
നമസ്‌തെ ആന്റി.
എന്റെ നമസ്‌തെ കേട്ട് അവളും തലയില്‍ തുണിയിട്ട ആന്റിയും ഞെട്ടിയെന്ന് തോന്നുന്നു. ഒരു നമസ്‌തെ പറയുന്നത് ഇത്രയുമേ ഉള്ളൂ എന്ന മട്ടില്‍ ഞാന്‍ നിന്നു. എന്തക്കയോ ഹിന്ദിയില്‍ കണാകുണാ എന്നൊക്കെ അവരു രണ്ടു പേരൂടെ പറഞ്ഞു. സ്മാര്‍ട്ടി സിറ്റിക്കയി സ്മാര്‍ട്ടി സിറ്റിക്കാരനും യൂസഫലിയും നടത്തുന്ന ചര്‍ച്ചയില്‍ കേരള സര്‍ക്കാര്‍ നിന്നതുപോലെ ഞാന്‍ നിന്നു. നമുക്കീ സംസാരത്തില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലല്ലോ .ഞങ്ങളു ഞങ്ങളുടെ വഴിക്കും ആന്റി ആന്റിയുടെ വഴിക്കും പോയി. ആന്റി പോയി കഴിഞ്ഞപ്പോള്‍ അവളുടെ ചോദ്യം
“അച്ചായനെന്താ പണിയാ കാണിച്ചത്?”
“ നീ അല്ലിയോ പറഞ്ഞത് നമ‌സ്‌തെ പറയണമെന്ന്....”
“അച്ചായനെന്തിനാ ആ അമ്മയെ നോക്കി നമ‌സ്‌തെ ആന്റി എന്ന് പറഞ്ഞത്?”
“ഹൊ.. അവരാന്റി അല്ലായിരുന്നോ....ഞാനെങ്ങനാ ഇവര്‍ അന്റിയാണോ അമ്മയാണോ എന്നൊക്കെ അറിയുന്നത്....“
“പ്രായം നോക്കി ആന്റിയാണോ അമ്മയാണോ എന്ന് പറയരുതോ?”
മുഖത്തിങ്ങനെ സാരി ഇട്ട് നടന്നാല്‍ ഞാനെങ്ങനാ അറിയുന്നത് ആന്റിയാണോ അമ്മയാണോ എന്നൊക്കെ....”

ശ്ശെ‌ടാ ഇതൊരു പുലിവാലായല്ലോ.. നമസ്‌തെ പറയാമെന്ന് വെച്ചാലും ഇവരാന്റിയാണോ അമ്മയാണോ ബാപ്പു ആണോ അങ്കിള്‍ ആണോ എന്നൊക്കെ എങ്ങനെ തിരിച്ചറിയും?? എന്റെ ശക്തമായ ചോദ്യത്തിന് ഉത്തരം പറയാനാവാതെ അവള്‍ നിന്നു. അവസാനം അവള്‍ തന്നെ ഒരു പരിഹാരം പറഞ്ഞു.

“ഞാനിനി നമസ്‌തെ പറഞ്ഞിട്ട് അച്ചായന്‍ നമസ്‌തെ പറഞ്ഞാല്‍ മതി”
“ഹൊ.. മതിയെങ്കില്‍ മതി..” അങ്ങനെ നമസ്‌തെ പ്രശ്‌നവും പരിഹരിച്ചു.


നമസ്‌തെ അങനെ പരിഹരിച്ചു എങ്കിലും അതിലും വലിയ പ്രശ്നം വരാനിരിക്കുന്നതേ ഉള്ളായിരുന്നു. ഈ പ്രായമായവരെ ബഹുമാനിക്കുക ബഹുമാനിക്കുക എന്നു പറഞ്ഞാല്‍ ഇങ്ങനെയാണോ ബഹുമാനിക്കുക. നമുക്കാണങ്കില്‍ ശീലമുള്ള ആകെ ബഹുമാനം എന്ന് പറയുന്നത് അപ്പച്ചനോ പഠിപ്പിച്ച സാറുന്മാരേ വരുമ്പോള്‍ മടക്കി കുത്തിയിരിക്കുന്ന മുണ്ടിന്റെ മടക്കി കുത്തി അഴിച്ച് ശരീരം ഒന്ന് വളച്ച് കാണിച്ച് ചുണ്ടത്തൊരു ചിരിയും ഫിറ്റ് ചെയ്യുക. അതോടെ നമ്മുടെ ബഹുമാനം കാണിക്കല്‍ തീര്‍ന്നു. കൂടി വന്നാല്‍ മേല്‍‌പ്പടി വിഭാഗത്തില്‍ പെട്ട ആരെങ്കിലും വന്നാല്‍ ചുണ്ടത്ത് എരിഞ്ഞു കൊണ്ടിരിക്കുന്ന സിഗരറ്റ് നിലത്തോട്ടൊന്ന് ഇടുകയും ചെയ്യും. ഇതിനപ്പുറത്തേക്കുള്ള നമുക്ക് ഇല്ലേയില്ല.

ഈ നാട്ടിലാരും മുണ്ടുടുക്കാത്തതുകൊണ്ട് മേല്‍‌പ്പടി രീതിയിലുള്ള ബഹുമാനമൊന്നും ഇവിടെ നടക്കില്ല. മുട്ടുമടക്കി കുനിഞ്ഞ് പ്രായമുള്ളവരുടെ കാല്‍‌പ്പാദത്തില്‍ തൊട്ട് നമസ്ക്കരിച്ചാ ബഹുമാനം പ്രകടമാക്കുന്നത്. നമ്മുടെ നല്ല പാതിയാണങ്കില്‍ ഇവരെയൊക്കെ കണ്ടാല്‍ നമ‌സ്‌തേ എന്ന് പറഞ്ഞ് ഇവരുടെ കാലില്‍ തൊട്ട് നമസ്ക്കരിക്കും. 
മലയാളിയായ ഞാന്‍ ഒരു വടക്കെ ഇന്ത്യക്കാരന്റെ മുന്നില്‍ നടു കുനിച്ച് നില്‍ക്കുകയോ??? അവരുടെ മുന്നില്‍ മുട്ടുമടക്കുകയോ...
ഉള്ളിക്കും ഉരുളക്കിഴങ്ങിനും വില കൂടിയിട്ടും ഇതുവരെ ഒരു കേരളക്കാരനും വടക്കെ ഇന്ത്യക്കാരന്റെ മുന്നില്‍ മുട്ട് മടക്കിയിട്ടില്ല.. പിന്നാ ഇപ്പോള്‍ ...
നമ്മളു ഏതായാലും മുട്ട് മടക്കിയില്ലങ്കിലും ഇതിന്റെ രീതികളൊക്കെ നോക്കി പഠിച്ചു. അബദ്ധവശാല്‍ ആരെങ്കിലും വന്ന് കാലില്‍ തൊട്ട് നമസ്ക്കരിക്കാന്‍ വന്നാല്‍ എന്താ ഈ കാണിക്കുന്നതെന്ന് ചോദിച്ച് പിന്മാറാന്‍ പാടില്ലല്ലോ.ഈ പാഠങ്ങള്‍ ഒക്കെ എപ്പോഴാ ആവിശ്യം വരുന്നതെന്ന് പറയാന്‍ പറ്റില്ലല്ലോ?


രാവിലത്തെ തണ്ണുപ്പത്ത് കമ്പിളി ഒക്കെ പുതച്ചു മൂടി ഉറങ്ങിയും ടിവി കണ്ടും ഫുഡ് അടിച്ചും കഴിഞ്ഞു പോകുന്ന ദിവസങ്ങളില്‍ ഒന്നില്‍ അമ്മ വന്ന് അവളോട് പറഞ്ഞു.
“മോളേ, മോനയും കൊണ്ട് ആ രാമുവിന്റെ വീട്ടില്‍ വരെ പോയിട്ട് വാ.. അവരാണങ്കില്‍ നിങ്ങള്‍ വന്ന ദിവ്സം മുതല്‍ നിങ്ങളെന്നാ അങ്ങോട്ട് ചെല്ലുന്നതെന്ന് ചോദിച്ച് വിളിക്കുവാ”

അന്ന് വൈകിട്ട് ഞാനും അവളും കൂടി രാമുവിന്റെ വീട്ടിലേക്ക് യാത്രയായി .ആ വീട്ടിലെ ഒരു ചെറുക്കന്റെ കല്യാണം മൂന്നാന്നാലു ദിവസം മുമ്പായിരുന്നു. കല്യാണം ഒക്കെ കഴിഞ്ഞ് പെണ്ണിന്റെ മുഖം കാണിക്കല്‍ ചടങ്ങും,പാട്ടു പാടലും(ഇതു രണ്ടു അവിടിത്തെ ആചാരങ്ങളാണ്.) കഴിഞ്ഞ ദിവസമാണ് ഞങ്ങള്‍ ആ വീട്ടില്‍ ചെന്നുകയറിയത്.

വലിയ ഒരു വീട്. 

വീടിനു മുന്നില്‍ വലിയ ഒരു മതിലും ഗെയ്റ്റും..
ഗെയ്റ്റിലെ ബെല്ലില്‍ വിരലമര്‍ത്തിയിട്ട് ഞങ്ങള്‍ കയറി.
വീട്ടിലേക്ക് കയറുന്നതിനു മുമ്പ് അവളേന്നെ നോക്കി... 
അച്ചായാ അബദ്ധം ഒന്നും കാണിക്കരുത് എന്ന് മട്ടില്‍.ഞാന്‍ ചെയ്യുന്നതുപോലെ നോക്കി കണ്ട് ആള്‍ക്കാരോട് ഇടപെട്ടോളണം എന്ന് അവള്‍ പറയാതെ പറഞ്ഞു. ആവേശം ഒന്നും കാണിച്ച് അലമ്പാക്കില്ലന്ന് ഞാനും മനസില്‍ ഉറപ്പിച്ചു.


കയറി ചെല്ലുന്ന മുറിയില്‍ കട്ടിലില്‍ ഒരുത്തന്‍ കിടപ്പുണ്ട്. 
കട്ടിലിന്റെ ചുവട്ടില്‍ വലിയ രണ്ട് പട്ടികള്‍ . അതു കണ്ടതും എന്റെ പകുതി ജീവന്‍ പോയി.
“നമസ്‌തേ അങ്കിള്‍” അവള്‍ പറഞ്ഞു. 
അവള്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ ഞാനും പറഞ്ഞു
“നമസ്‌തേ”.
പട്ടികളെ കണ്ട വിറയലില്‍ എന്റെ വായിക്കകത്തു നിന്ന് നമസ്‌തേ പുറത്ത് വന്നോ എന്ന് എനിക്ക് സംശയമായി. ഒരിക്കലൂടെ നമസ്‌തേ പറഞ്ഞാലോ എന്ന് കരുതി തൊണ്ടയോക്കെ ശരിയാക്കി വന്നപ്പോഴെക്കും അവള്‍ ആ മുറിയില്‍ നിന്ന് അകത്തെ മുറിയിലേക്ക് കടന്നതുകൊണ്ട് ഞാനും അകത്തേക്ക് കയറി.


ഞങ്ങള്‍ അകത്തെ മുറിയിലേക്ക് ചെന്നു. അവിടെ പിള്ളാരും അമ്മമാരും ഒക്കെയായി പത്തിരുപതുപേര്‍ ഉണ്ട്. 
മൂന്നാലു പേര്‍ ഇരുന്ന് ചപ്പാത്തി ഉണ്ടാക്കുന്നുണ്ട്. 
അവിടെ കിടന്ന് രണ്ട് കസേരയില്‍ ഞങ്ങളെ ഇരുത്തി. 
ഞങ്ങളിരുന്ന കസേരയുടെ ഒരു വശത്ത് വലിയ ഒരു കട്ടില്‍ ഉണ്ടായിരുന്നു. ആ കട്ടിലില്‍ അഞ്ചാറു പിള്ളാര്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു.
ഗ്ലാസില്‍ പച്ച വെള്ളം കൊണ്ടു തന്നു. മൂത്രശങ്ക ഉണ്ടായിരുന്നെങ്കിലും ആ ശങ്കയെ കണ്ട്രോണ്‍ ചെയ്ത് വെള്ളം വേണ്ടാതിരുന്നിട്ടും കൂടി ഞാന്‍ വെള്ളം വാങ്ങി.
വെള്ളം കുടിച്ചു കൊണ്ടിരുന്നപ്പോള്‍ അഞ്ചര ആറടി പോക്കവും അതിനനുസരിച്ച് വണ്ണവുമൊക്കെയുള്ള ഒരാള്‍ മുന്നില്‍ വന്നു നിന്നു. ആള് കുളിക്കാനുള്ള തയ്യാറെടുപ്പിലാണന്ന് തൊന്നുന്നു. ഒരു ടവ്വലാണ് വേഷം. എണ്ണയൊക്കെ തേച്ചുള്ള വരവാണ് കക്ഷി.കാണുമ്പോഴേ ഒരു വില്ലന്‍ ലുക്കുണ്ട്.
“നമസ്‌തേ ബയ്യാ” അവള്‍ കസേരയില്‍ നിന്ന് എഴുന്നേറ്റ് നമസ്‌തെ പറഞ്ഞു. അവളെഴുന്നേറ്റതിനു പുറകെ ഞാനും എഴുന്നേറ്റ് “നമസ്‌തേ ബയ്യാ” പറഞ്ഞു.
“നമ‌സ്‌തെ“ ബയ്യായും നമസ്തെ പറഞ്ഞു.
വെള്ളം കുടിച്ചു കഴിഞ്ഞപ്പോഴേക്കും ചായ എത്തി. 
ചായയുടെ കൂടെ പത്തിരുപതു തരം പലഹാരങ്ങള് ‍. 
പാല്‍പ്പേടയിലും നെയ്യിലും ഉണ്ടാക്കിയ അവയുടെ രുചി എനിക്കത്രയ്ക്കങ്ങോട്ട് ഇഷ്ടപ്പെടാത്തതുകൊണ്ട് അതില്‍ വലിയ അക്രമം ഒന്നും കാണിക്കാതെ ഞാന്‍ ഇരുന്നു. 
ഭാര്യയും  ഭയ്യായും  വീട്ടുകാരും ഒക്കെ ഹിന്ദിയില്‍ എന്തക്കയോ ഇരുന്ന് പറയുന്നു. ഇടയ്ക്ക് ചിരിക്കും. അവര്‍ ചിരിക്കുന്നടനെ ഞാനും ചിരിക്കും. ഒന്നും മനസിലാവാത്ത ഇംഗ്ലീഷു സിനിമയ്ക്കുപോലും റിലീസിന്റെ അന്നു തന്നെ ടിക്കറ്റെടുത്ത് കണ്ടിട്ടുള്ള നമ്മളോടാ ഹിന്ദി തമാശ. ഏതായാലും അവര്‍  പറയുന്നത് മനസിലാക്കാന്‍ പറ്റാത്തതുകൊണ്ട് ഞാന്‍ കോണ്‍സണ്ട്രേഷന്‍ ഫുഡിലാക്കി. 

കുറച്ചു കഴിഞ്ഞപ്പോള്‍ അകത്തെ മുറിയില്‍ നിന്ന് കല്യാണം കഴിച്ച് കൊണ്ടുവന്ന പെണ്ണെത്തി. ആ പെണ്ണ് മുഖം ഒക്കെ സാരി കൊണ്ട് മറച്ചാണ് വരുന്നത്. ആ പെണ്ണ് ആദ്യം എന്റെ ഭാര്യയുടെ കാലില്‍ തൊട്ടു തൊഴുതു. ഉടനെ അവള്‍ എഴുന്നേറ്റു ആ പെണ്ണിന്റെ മുഖത്ത് മറഞ്ഞു കിടന്നിരുന്ന സാരി പൊക്കി മുഖം നോക്കി. എന്നിട്ട് എന്തക്കയോ പറഞ്ഞു.അവര്‍ രണ്ടൂടെ പറഞ്ഞതിലെ അച്ചാ മാത്രം എനിക്ക് മനസിലായി. 

പിന്നെ ആ പെണ്ണ് എന്റെ കാലില്‍ തൊട്ട് തൊഴുതു. ഭാര്യ ചെയ്തതുപോലെ അതിന്റെ മുഖത്തെ സാരി പൊക്കി നോക്കാനായി ഞാന്‍ എഴുന്നേല്‍ക്കാനായി ശ്രമിച്ചു എങ്കിലും എന്റെ കൈയ്യിലിരുന്ന പാത്രത്തിലെ രസഗുള പാത്രത്തില്‍ നിന്ന് പുറത്ത് ചാടാന്‍ ശ്രമിച്ചു.കൈയ്യിലിരിക്കുന്ന  രസഗുള പാത്രം ടീപ്പോയില്‍ വെച്ചിട്ട് ആ പെണ്ണിനെ പിടിച്ചെഴുന്നെല്‍പ്പിച്ച് മുഖത്ത് കിടക്കുന്ന സാരി പൊക്കി അച്ചാ പറയാന്‍ ഞാന്‍ മനസുകൊണ്ട് തയ്യാറെടുത്തു. .ഏതായാലും ഞാന്‍ പാത്രം ബാലന്‍സ് ചെയ്യുന്ന സമയം കൊണ്ട് ആ പെണ്ണ് വന്ന വ്ഴിയേ മുറിയിലേക്ക് തിരിച്ചു പോയി.

ഞങ്ങളുടെ വീട്ടിലേക്ക് തിരിച്ചു വരുന്ന വ്ഴിക്ക് ഞാന്‍ ഭാര്യയോട് പറഞ്ഞു
“എടീ കൊച്ചേ , ഞാനാ പെണ്‍കൊച്ചിന്റെ മുഖത്തെ സാരി പൊക്കി നോക്കാതിരുന്നതുകൊണ്ട് അവര്‍ക്കേന്തിങ്കിലും തോന്നിക്കാണുമോ?”
ഉടനെ അവള്‍ ചിരിച്ചു. അവളുടെ മറുപിടി വന്നു
“മനുഷ്യാ പെണ്ണുങ്ങളു മാത്രമേ സാരി മാറ്റി മുഖം നോക്കൂ. നിങ്ങളങ്ങങ്ങാണം അങ്ങനെ ചെയ്തായിരുന്നെങ്കില്‍ ആ ഭിത്തിയില്‍ കിടക്കുന്ന തോക്കു കൊണ്ട് ആ കട്ടിലില്‍ വന്നിരുന്ന മനുഷ്യന്‍ നിങ്ങളെ വെടിവെച്ചേനെ”

ഭാഗ്യം !!! കര്‍ത്താവു കാത്തു. 

കൈയ്യിലിരുന്ന പാത്രത്തിലെ രാസഗുള പാത്രത്തില്‍ നിന്ന് ചാടാന്‍ തുടങ്ങിയില്ലായിരുന്നെങ്കില്‍ ഞാന്‍ എഴുന്നേറ്റ് ആ പെണ്‍കൊച്ചിന്റെ മുഖത്തെ സാരി പൊക്കിയേനെ....
“ഠോ!!!” ഭിത്തിയില്‍ കിടക്കുന്ന തോക്കില്‍ നിന്ന് ഒരുണ്ട എന്റെ നേരെ വരുന്നത് ഞാന്‍ സങ്കല്‍പ്പിച്ചു നോക്കി.
ഇനി എന്തെല്ലാം അപകടങ്ങള്‍ ആണോ കാത്തിരിക്കുന്നത്.... 
എല്ലാം വരുന്നിടത്ത് വെച്ച് കാണുക തന്നെ

: :: ::