Tuesday, February 19, 2008

ഓര്‍മ്മകള്‍ പെയ്‌തിറങ്ങുമ്പോള്‍ :

ഹരിഗോവിന്ദന്‍ വാച്ചിലേക്ക് നോക്കി.നാലുമണിയായതേയുള്ളു.ഇനി ഒരു മണിക്കൂര്‍കൂടി ഇരിക്കണം.സമയം മുന്നോട്ട് പോകുന്നതേയില്ലന്നയാള്‍ക്ക് തോന്നി.കീ ബോര്‍ഡില്‍ചലിക്കേണ്ട കൈകള്‍ക്ക് വേഗത കുറഞ്ഞിരിക്കുന്നു.മൌസ് കൈകള്‍ക്ക് വഴങ്ങുന്നില്ല.മൌസ് പോയിന്റര്‍ എവിടേക്കോ പോകുന്നു.എന്തുപറ്റി തനിക്കിന്ന് ?ഹരിഗോവിന്ദന്‍ചിന്തിച്ചു.മനസ്സ് ആകെ അസ്വസ്ഥമാണ്.അടുത്ത ആഴ്‌ച ഹോസ്റ്റ് ചെയ്യേണ്ട സൈറ്റാണ്.രണ്ടു ദിവസം കൊണ്ട് ചെയ്ത് തീര്‍‌ത്തെങ്കില്‍ മാത്രമേ സമയത്ത് ഹോസ്റ്റിംങ്ങ്നടക്കുകയുള്ളു.പക്ഷേ വയ്യ....ഒന്നും ചെയ്യാന്‍ തോന്നുന്നില്ല.

ഇനി ഇരുന്ന് ചെയ്തിട്ടും കാര്യമില്ല.ചിന്തകള്‍ക്ക് കടിഞ്ഞാണിടാന്‍ പറ്റുന്നില്ല.ഓര്‍മ്മകള്‍പിന്നോട്ട് ഓടുകയാണ്.വെബ് സൈറ്റിന്റെ ഹോം പേജിലെ കുട്ടി തന്നോട് എന്തക്കയോപറയുന്നുണ്ടന്ന് ഹരിഗോവിന്ദന് തോന്നി.‘ചില്‍ഡ്രന്‍സ് വെല്‍‌ഫെയറി‘ന്റെ സൈറ്റാണ്.അതിലെ ചിത്രങ്ങള്‍ തന്നെ കുട്ടിക്കാലത്തേക്ക് കൊണ്ടു പോകുന്നു.പാലപ്പൂവിന്റെമണം മൂക്കിലേക്ക് എത്തുന്നു...കൊയ്ത്തുപാട്ടിന്റെ ഈണം ചെവികളില്‍ മുഴങ്ങുന്നു.പുഴയുടെ താളം..ഗ്രാമത്തിന്റെ സുഗന്ധം..മണ്ണിന്റെ മണം...ഹരിഗോവിന്ദന്‍ പതിയെപതിയെഹോം‌പേജിലെ കുട്ടിയാവുകയായിരുന്നു.ഹോം‌പേജില്‍ നിന്ന് കുട്ടികള്‍ ഇറങ്ങിവന്ന്ഹരിഗോവിന്ദന്റെ ക്യാബിനില്‍ വന്നുനിന്നു.ഹരിഗോവിന്ദനും അവരില്‍ ഒരാളായി.

“ഹരിയേ ദേഹം കഴുകിയിട്ട് വേഗം വാ...”അമ്മ വിളിക്കുന്നു.ഹരി വേഗം തൊടിയില്‍നിന്ന് ഓടി കിണറ്റരികില്‍ എത്തി.അമ്മ വെള്ളം കോരി വെച്ചിരുന്നു.ദേഹം കഴുകിയെന്ന്വരുത്തി ചാവടിയില്‍ക്കൂടി അകത്തേക്ക് ഓടി.ചാവടിയിലെ ചാരുകസേരയില്‍അച്ഛന്‍ വിശരിയുമായി ചാരിക്കിടക്കുന്നു,ഹരിയുടെ ഓട്ടം നിന്നു.ഒച്ചവെച്ച് ഓടിവന്നഹരി നിശ്ശബ്ദ്ദനായി.അച്ഛന്‍ ഇന്ന് നേരത്തെ എത്തിയിരിക്കുന്നു.ഹരി പതിയെഅകത്തേക്ക് കയറി.

“നീ ഇതുവരെ ഒരുങ്ങിയില്ലേടാ..?”അമ്മയുടെ ചോദ്യം.“അച്ഛന് തിരിച്ച് വന്നിട്ട് എവിടയോ പോകാനു ള്ളതാണ്..”അമ്മതുടര്‍ന്നു.എപ്പോഴാണങ്കിലും അച്ഛന് തിരക്കാണ്. താന്‍ എഴുന്നേല്‍ക്കുന്നതിനു മുമ്പുതന്നെ അച്ഛന്‍ പോയിട്ടുണ്ടാവും.താന്‍ ഉറങ്ങിയതിനു ശേഷമായിരിക്കും മടങ്ങി വരവ്.കൂട്ടുകാരെല്ലാം അച്ഛന്മാരുടെകൂടെ എവിടെയെങ്കിലും ഒക്കെപോകുന്നത് പറയുമ്പോള്‍ തനിക്കും കൊതിയാണ് , അച്ഛന്റെ കൈയ്യില്‍ പിടിച്ച്ഓരോ സ്ഥലങ്ങളില്‍ പോകാന്‍ .പക്ഷെ താന്‍ അച്ഛനെ കാണുന്നത് വല്ലപ്പോഴുമാണ്.തന്റെ അനുജത്തി അച്ഛനെ കണ്ടിട്ടുണ്ടോ എന്നു തന്നെ സംശയമാണ്.അമ്മ പലപ്പോഴുംഅച്ഛനോട് വഴക്കടിക്കുന്നത് കേള്‍ക്കാറുണ്ട്.”നിങ്ങള്‍ നാടു നന്നാക്കി നടന്നോ.. പിള്ളാരുതന്തയുടെ മുഖം മറക്കാതിരുന്നാല്‍ മതി.” അച്ഛന്‍ ഇതിനു മറുപിടി നല്‍കുമെങ്കിലുംതനിക്കത് മനസിലാവാറില്ല.അച്ഛനോട് എല്ലാവര്‍ക്കും ബഹുമാനമാണന്ന് അറിയാം.

“ഗോവിന്ദേട്ടന്റെ മോനാ അല്ലേ?വളരുമ്പോള്‍ അച്ഛനെപ്പോലെ വലിയ ആളാവണം ”പലരും തന്നെ ക്കാണുമ്പോള്‍ പറയാറുണ്ട്.അച്ഛന്‍ നാട്ടുകാര്‍ക്ക് എന്തക്കൊയോ ആണന്ന്മാത്രം തനിക്കറിയാം. “ഹരിയുടെ അച്ഛന്‍ കമ്മ്യൂണിസ്റ്റാ അല്ലേ ?”ഒരിക്കല്‍ സ്കൂളിലെ മാഷ് ചോദിച്ചപ്പോഴാണ്അച്ഛന്‍ കമ്മ്യൂണിസ്റ്റാണന്ന് അറിഞ്ഞത്.
“ഇറങ്ങാറായില്ലേ?”ചാവടിയില്‍ നിന്ന് അച്ഛന്റെ ശബ്ദ്ദം ഉയര്‍ന്നു.“ഇതാ ഇറങ്ങി “അമ്മ വിളിച്ചു പറഞ്ഞു.

ഹരി ഒരുങ്ങി അമ്മയുടെ കൂടെ ഇറങ്ങി.അനുജത്തിയെ അമ്മ എടുത്തു.ഹരി അമ്മയുടെ ഓരംചേര്‍ന്നു നടന്നു..റോഡിലേക്കിറങ്ങിയപ്പോള്‍ അനുജത്തിയെ എടുക്കാനായി അച്ഛന്‍കൈകള്‍ നീട്ടി.അവള്‍ ചിണുങ്ങിക്കൊണ്ട് അമ്മയുടെ കഴുത്തില്‍ വട്ടം ചുറ്റി.“കുട്ടിക്ക് അച്ഛനെ മനസിലായിട്ടുണ്ടാവില്ല “അമ്മയുടെ വാക്കുകള്‍ അച്ഛന്‍ കേട്ടതായിനടിച്ചില്ല.അച്ഛനെ കാണുമ്പോള്‍ നാട്ടുകാര്‍ ബഹുമാന ത്തോടെ ഒതുങ്ങി നില്‍ക്കുകയാണ്.“എങ്ങോട്ടാ‍ ഗോവിന്ദേട്ടാ ?,ഉത്സവത്തിനാണോ ?”ആരോ ചോദിച്ചപ്പോള്‍ “അതെ”എന്ന് അച്ഛന്‍ ഉത്തരം നല്‍കി.

പുഴക്കടവില്‍ എത്തിയപ്പോള്‍ കടത്തുവള്ളത്തില്‍ നിറയെ ആളായിരുന്നു. “ഗോവിന്ദേട്ടാ‍, ആളായല്ലോ?”കടത്തുവള്ളക്കാരന്‍ അച്ഛനോട് പറഞ്ഞു.“അക്കരെപോയിട്ട് തിരക്കില്ലാത്തആരെങ്കിലും ഒന്നു ഇറങ്ങിനില്‍ക്കാമോ ?”വള്ളക്കാരന്‍ വള്ളത്തിലുള്ളവരോട് ചോദിച്ചു.ആരോ രണ്ടുപേര്‍ ഇറങ്ങാന്‍ തയ്യാറായി.അച്ഛനവരെ തടഞ്ഞു.അമ്മയ്ക്ക് വള്ളാത്തില്‍കയറാന്‍ സ്ഥലമുണ്ടായിരുന്നു.അരയ്ക്ക് തോര്‍ത്തുമുണ്ട് ചുറ്റിയിട്ട് ഉടുപ്പും ഷര്‍ട്ടും അഴിച്ച്അമ്മയുടെ കൈയ്യില്‍ കൊടുത്തു.തന്റെ ഉടുപ്പും നിക്കറും ഊരി അമ്മയുടെ കൈയ്യില്‍ കൊടുക്കാന്‍അച്ഛന്‍ പറഞ്ഞു.”ഞങ്ങള്‍ നീന്തിക്കോളാം” അച്ഛന്‍ പറഞ്ഞു.കടത്തുവള്ളക്കാരന്‍ഊന്നുകഴ വെള്ളത്തില്‍ ഇട്ടു.അച്ഛന്‍ വള്ളം തള്ളിക്കൊടുത്തു.

അച്ഛന്‍ പുഴയിലേക്കിറങ്ങി.താന്‍ കരയില്‍ തന്നെ നില്‍ക്കുകയായിരുന്നു.”ഇറങ്ങിവാടാ”അച്ഛന്‍ വിളിച്ചപ്പോള്‍ താന്‍ മടിച്ചു നിന്നു.”പേടിയുണ്ടോടാ‍ നീന്താന്‍ “അച്ഛന്റെ ചോദ്യത്തിന്ഇല്ലന്ന് മൂളി.“നിനക്ക് പേടിയുണ്ടാവില്ലന്നറിയാം..നീ ഇടയ്ക്കിടെ അക്കരയ്ക്ക് നീന്താറുണ്ടല്ലേ?”അച്ഛന് ഉത്തരം നല്‍കിയില്ല.തന്റെ ഓരോ ചലനങ്ങളും അച്ഛന്‍ അറിയുന്നുണ്ട്.“നീ എന്റെ പുറത്ത് കയറിക്കോ “അച്ഛന്‍ തന്നെവിളിക്കുന്നു.താന്‍ അച്ഛന്റെ പുറത്ത്കയറി.അച്ഛന്‍ വെള്ളത്തിലേക്ക് ഊളിയിട്ടു.കടത്തുവള്ളം അക്കരെ അടുക്കാറായിരുന്നു.തനിക്ക് സ്വര്‍‌ഗ്ഗം പിടിച്ചടക്കിയ സന്തോഷമായിരുന്നു.ഓര്‍മ്മ വെച്ചിട്ട് ആദ്യമായിട്ടാണ്അച്ഛനെ ഒന്നു തൊടുന്നത്.അച്ഛന്‍ തന്നയും കൊണ്ട് നീന്തുന്നത് ലോകം മുഴുവന്‍ ഒന്നുകണ്ടിരുന്നുവെങ്കില്‍ എന്ന് ആശിച്ചു.അക്കരെയെത്തിയപ്പോള്‍ അമ്മ അവിശ്വസിനീയതോടെ തങ്ങളെ നോക്കുന്നത് കണ്ടു.

“ഹരിഗോവിന്ദന്‍ ഇതുവരെ പോയില്ലേ ?”ഓപ്പറേഷന്‍ മാനേജര്‍വന്നു ചോദിച്ചപ്പോഴാണ് ഹരിഗോ വിന്ദന്‍ ചിന്തകളില്‍ നിന്ന് ഉണര്‍ന്നത്.സമയം അഞ്ചര ആയിരിക്കുന്നു.ഹരിസിസ്റ്റം ഡൌണ്‍ ചെയ്തിട്ട് എഴുന്നേറ്റു.വീട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ ചിന്തകള്‍മനസ്സിലേക്ക് കടന്നുവരാതിരിക്കാന്‍ പാടുപെട്ടു.ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെവീട്ടിലെത്തിയപ്പോള്‍ സമയം ആറുമണി.കോളിംങ്ങ് ബെല്ലില്‍ വിരലമര്‍ത്തി കാത്തുനിന്നു.വാതില്‍ തുറന്നത് ഹരിഗോവിന്ദന്റെ ആറു വയസ്സുകാരി മകള്‍ ആതിര ആയിരുന്നു.വാതില്‍ തുറന്നയുടനെ നെയ്യപ്പത്തിന്റെ മണം മൂക്കിലെത്തി. അമ്മയുണ്ടാക്കുന്ന നെയ്യപ്പത്തിന്റെ മണം.“അമ്മൂമ്മ വന്നോ “ഹരിഗോവിന്ദന്‍ മകളോടു ചോദിച്ചു.“അമ്മൂമ്മ വന്നിട്ട് പോയി “

അമ്മയെ കണ്ടിട്ട് ഒന്നരമാസം കഴിഞ്ഞിരിക്കുന്നു.അച്ഛന്റെ കാര്യങ്ങള്‍ നോക്കാന്‍ തന്നെ അമ്മയ്ക്ക് സമയം ഇല്ല.താന്‍ എത്രയോ പ്രാവിശ്യം അമ്മയോട് പറഞ്ഞിരിക്കുന്നു ഒരാഴ്ച്തന്റെ കൂടെ വന്നു നില്‍ക്കാന്‍.അച്ഛനോട് പറയാനാണ് അമ്മ പറയുന്നത്.അച്ഛന്‍വന്നു നില്‍ക്കാമെങ്കില്‍ അമ്മയും നില്‍ക്കാം എന്നാണ് അമ്മ പറയുന്നത്.താനിപ്പോഴുംഅച്ഛന്റെ മുന്നില്‍ ആറുവയസ്സുകാരനാണ്. നിക്കറിന്റെ മൂട് കീറിയപ്പോള്‍ കരഞ്ഞുകൊണ്ട്പുസ്തകം കൊണ്ട് കീറല്‍ മറച്ച ഹരിക്കുട്ടന്‍ .അച്ഛനെ കാണുമ്പോള്‍ ഇപ്പോളുംഉള്ളില്‍ വിറയലാണ്.അച്ഛനാണങ്കില്‍ നാട്ടുകാരെ കഴിഞ്ഞിട്ടേ ആരും ഉള്ളു. ഹരിഗോവിന്ദന്‍നഗരത്തിലെ പുതിയ വീട്ടിലേക്ക് മാറിയിട്ട് ഒരു വര്‍ഷം ആയെങ്കിലും മൂന്നുപ്രാവിശ്യമേ അച്ഛന്‍ വീട്ടില്‍ വന്നിട്ടുള്ളു.അമ്മയാണങ്കില്‍ ഇടയ്ക്കിടെ ഓടിയെത്തും.സന്ധ്യയ്ക്ക് മുമ്പ്മടങ്ങുകയും ചെയ്യും.

അച്ഛന്റെ കാര്യങ്ങള്‍ നോക്കാന്‍ അമ്മതന്നെ വേണം.വെളുപ്പിനെ അഞ്ചുമണിക്ക് വീ‍ട്വിട്ടിറങ്ങുന്ന അച്ഛന്‍ തിരിച്ചു വരുന്നത് രാത്രിയിലാണ്.ദിവസവും നൂറിലധികം വീടുകള്‍അച്ഛന്‍ കയറിയിറങ്ങും. ഗ്രാമത്തിലെ രണ്ടായിരത്തോളം വീടുകളിലുള്ളവര്‍ക്ക് അച്ഛന്‍ദൈവമാണ്.പട്ടിണിയില്‍ നിന്ന് ഗ്രാമത്തെ ഉയര്‍‌ത്തെഴുന്നേല്‍പ്പിച്ച ദൈവം.ആഉയര്‍ത്തെഴുന്നേല്‍പ്പിന് അച്ഛന്‍ വര്‍ഷങ്ങളാണ് ചിലവഴിച്ചത്.അച്ഛന്‍ സ്വന്തമായി ഒരു തറിയില്‍ നിന്ന് തുടങ്ങിയ കൈത്തറി ഇന്ന് രണ്ടായിരത്തോളം വീടുകളില്‍ ആണ് മുഴങ്ങുന്നത്.സ്വന്തം ലാഭനഷ്ട്ങ്ങള്‍ നോക്കാതെ ഗ്രാമത്തിന് ജീവന്‍നല്‍കിയത് അച്ഛനാണ്.

ഹരിഗോവിന്ദന്റെ അച്ഛന്‍ മുപ്പത്തഞ്ച് വര്‍ഷം മുമ്പാണ് തറി തുടങ്ങുന്നത്.അത് വളര്‍ന്ന്ഇന്ന് രണ്ടായിരത്തിലധികം സ്ത്രികള്‍ക്ക് വരുമാനം നല്‍കുന്നുണ്ട്.പണ്ട് എന്നുംഹരിയുടെ വീട്ടുമുറ്റത്ത് സഖാക്കന്മാരുടെ യോഗം ഉണ്ടായിരുന്നു.അമ്മ അവര്‍ക്ക്വേണ്ടുന്നതെല്ലാം വെച്ചുനല്‍കും.ഹരിയുടെ അച്ഛനിലൂടെ ഗ്രാമത്തെ ചെമ്പട്ട് പുതപ്പിക്കാന്‍പാര്‍ട്ടിക്ക് കഴിഞ്ഞു. രാഷ്ട്രീയം തൊഴിലില്‍ കലര്‍ത്താന്‍ ഹരിയുടെ അച്ഛന്‍ സമ്മതിച്ചിരുന്നില്ല.വിശപ്പിനുംതൊഴിലിനും പാര്‍ട്ടിയും ജാതിയും ഒന്നാണ് എന്നായിരുന്നു അദ്ദേഹഠിന്റെ പ്രമാണം.അത് തന്നെ ആയിരുന്നു ഗ്രാമത്തിന്റെ കൈത്തറി പ്രസ്ഥാന ത്തിന്റെ ശക്തിയുംവിജയവും.യൂണിയനില്‍ക്കൂടി കൈത്തറി പ്രസ്ഥാനം പിടിച്ചടക്കാന്‍ പാര്‍ട്ടി ശ്രമിച്ചുഎങ്കിലും അത്തരം ശ്രമങ്ങള്‍ ഹരിയുടെ അച്ഛന്‍ മുളയിലേ നുള്ളിക്കളഞ്ഞു. പാര്‍ട്ടിവര്‍‌ഗ്ഗജാതി വെത്യാസം ഇല്ലാതെ കൈത്തറി പ്രസ്ഥാനം വളര്‍ന്നു.ഗ്രാമത്തിന്റെ പെരുമയും ഒരുമയും അതിര്‍ത്തി വിട്ടു ലോകത്തിന്റെ എല്ലായിടത്തും എത്തി.ഒരുമയിലൂടെ പടുത്തുയര്‍ത്തിയവിജയം കാണാന്‍ പലയിടത്തു നിന്നും ആളുകള്‍ എത്തി.കൈത്തറിയിലൂടെ ഗ്രാമത്തിന്റെവികസനം നടപ്പാക്കിയ ഹരിയുടെ അച്ഛന് ബഹുമതികള്‍ ഓരോന്നായി തേടിയെത്തി.പത്മശ്രി നല്‍കി ഭാരതം അദ്ദേഹത്തെ ആദരിച്ചു.

ഹരിഗോവിന്ദന്‍ ബാല്‍ക്കണിയിലെ ചാരുകസേരയില്‍ ചാരിക്കിടന്നു. നക്ഷത്രങ്ങള്‍ ‍തെളിഞ്ഞു വരുന്നതേയുള്ളു.ആകാശത്ത് മിന്നലുകള്‍ തെളിയുന്നത് കാണാം.എവിടയോമഴ പെയ്യുന്നുണ്ട്.കാലം തെറ്റി പെയ്യുന്ന മഴ ഭീതി പരത്തുകയാണ്.നിലാവ് തെളിയുന്നതിന് മുന്‍പ് നക്ഷത്രങ്ങള്‍ തെളിഞ്ഞു വരുന്നത് നോക്കി കിടക്കാന്‍ എന്ത് രസമാണ്.പുഴയുടെ സംഗീതം കേട്ട് പുഴക്കരയിലെ മണലില്‍ കിടന്ന് നക്ഷത്രങ്ങളെ എണ്ണിയനാളുകള്‍.ഗ്രാമത്തിലേക്ക് വീണ്ടും ചേക്കേറാന്‍ ഹരിഗോവിന്ദന്റെ മനസ്സ് തുടിച്ചു.നഗരത്തിന്റെ തിരക്ക് അയാളെ മടുപ്പിച്ചിരുന്നു.

ഗ്രാമത്തില്‍ ഒരു വീട് അയാളുടെ സ്വപ്നം ആയിരുന്നു.തറവാടിനോട് ചേര്‍ന്ന് പുഴയോരത്ത്ഒരു വീട്.മഞ്ഞ് വീഴുന്ന നിലാവത്ത് പാലപ്പൂക്കളുടെ മണം ഏറ്റ് ഗ്രാമത്തിന്റെ ശാന്തതയില്‍ഒരു ജീവിത സായാഹ്നം.നിലാവത്ത് കോടമഞ്ഞില്‍ അറിയാതറിയാതെ അലിഞ്ഞുചേരാന്‍ ഇപ്പോഴും എല്ലാ വെളുത്തവാവിനം ഹരിഗോവിന്ദന്‍ കാടുകയറും.കോടമഞ്ഞ്ഉയരുമ്പോള്‍ അതിലൂടെ ചന്ദ്രനെ കാണാന്‍ എന്ത് ഭംഗിയാണ്. പച്ചപ്പുതപ്പിട്ട സഹ്യന്റെ മടിയില്‍ തലവെച്ചുറങ്ങുന്ന നാടിന്റെ സൌന്ദ്യരം അയാള്‍ആസ്വദിച്ചിരുന്നു.വീണ്ടും മനസ്സിലേക്ക് കൊയ്ത്തുപാട്ടിന്റെ ഈണം..ഈടും പാവുംനെയ്യുന്ന കൈത്തറിയുടെ ശബ്ദ്ദം...ഓടത്തിന്റെ സംഗീതം.അതാണല്ലോ ഗ്രാമത്തിന്റെസംഗീതം...ഓര്‍മ്മകള്‍ വീണ്ടും മനസ്സിലേക്ക് !!

ന്യൂസ് ചാനലുകളിലെ ഫ്ലാഷ് ന്യൂസുകളില്‍ നിന്നാണ് അച്ഛന് പത്മശ്രി ലഭിച്ചത്ഹരിഗോവിന്ദന്‍ അറിയുന്നത്.അല്പസമയത്തിനകം അമ്മ വിളിക്കുകയും ചെയ്തു.ഹരി അന്ന് വൈകിട്ട് തറവാട്ടില്‍ എത്തി.തങ്ങളുടെ ഗോവിന്ദേട്ടന് പത്മശ്രിലഭിച്ചന്ന് അറിഞ്ഞതുമുതല്‍ ഗ്രാമം ആഘോഷത്തിമര്‍പ്പില്‍ ആയിരുന്നു.ഡല്‍ഹിക്ക്ഒറ്റയ്ക്ക് പോകാനായിരുന്നു ഗോവിന്ദേട്ടന്റെ തീരുമാനം.അമ്മയെക്കൂടി കൊണ്ടുപോകാന്‍ഹരിഗോവിന്ദന്‍ പറഞ്ഞെങ്കിലും ഗോവിന്ദേട്ടന്റെ തീരുമാനത്തിന് മാറ്റമില്ലായിരുന്നു. ആരെയെങ്കിലും രണ്ടുപേരെ കൊണ്ടുപോകാനുള്ള ചിലവ് ഗവണ്‍‌മെന്റ് വഹിക്കാമെന്ന്പറഞ്ഞെങ്കിലും ഗോവിന്ദേട്ടന്‍ അത് നിരസിച്ചു.

അച്ഛനോട് പറയാതെ ഹരിഗോവിന്ദനും ഡല്‍ഹിയില്‍ എത്തി.അച്ഛന് പത്മശ്രിനല്‍കുന്നത് അയാള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ഇരുന്ന് കണ്ടു.കേരളത്തില്‍ നിന്നുള്ളടിവി ചാനലുകള്‍ ഗോവിന്ദേട്ടനുമായി അഭിമുഖം നടത്തുന്ന ഹാളില്‍ ഹരിഗോവിന്ദന്‍ഇരുന്നു.“നാടിനുവേണ്ടി പ്രവര്‍ത്തിക്കുന്നതുകൊണ്ട് സ്വന്തം ജീവിതത്തില്‍ എന്തെങ്കിലുംനഷ്ട്പ്പെടുത്തേണ്ടി വന്നിട്ടുണ്ടോ ?” ഗോവിന്ദേട്ടന്‍ അതിന് ഉത്തരം പറയുന്നതിന്മുമ്പ് ഹാളിലെ ജനക്കൂട്ടത്തെ നോക്കി.ആള്‍ക്കൂട്ടത്തിനിടയില്‍ ഇരിക്കുന്ന ഹരിഗോവിന്ദനെ ഗോവിന്ദേട്ടന്‍ കണ്ടു.ഗോവിന്ദേട്ടന്‍ വേദിയില്‍ നിന്ന് എഴുന്നേറ്റ് ഹരിയുടെ അടുത്തേക്ക്വന്നു.അച്ഛന്‍ തന്റെ അടുത്തേക്ക് വരുന്നത് ഹരി കണ്ടു.ഗോവിന്ദേട്ടന്‍ ഹരിയുടെഅടുത്ത് വന്നു നിന്നു.ഹരി അറിയാതെ എഴുന്നേറ്റു.ഗോവിന്ദേട്ടന്‍ ഹരിയെ ഗാഢമായിപുണര്‍ന്നു.ഹരിയുടെ ശരീരം വിയര്‍ത്തു. വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛന്റെ ഒരു സ്പര്‍ശനം..അച്ഛന്റെ ചൂട് തന്റെ ശരീരത്തിലേക്ക് ...വര്‍ഷങ്ങളായി കാത്തിരുന്ന അച്ഛന്റെ സ്പര്‍ശനം.അച്ഛന്റെ വിരലില്‍ തൂങ്ങി നടക്കാന്‍ കൊതിച്ച കുട്ടിക്കാലം..അന്ന് അച്ഛനോട് പരിഭവമോവെറുപ്പോ തോന്നിയിരുന്നു...പക്ഷേ ഇപ്പോള്‍ അതെല്ലാം അലിഞ്ഞില്ലാതാവു ന്നു ... ഹരിയുടെകണ്ണുകള്‍ നിറഞ്ഞു തുളുമ്പി.“ഇവനെ...ഇവന്റെ പെങ്ങളെ...ഇവന്റെ അമ്മയെ... ഇവരോടൊത്തുള്ള നിമിഷങ്ങള്‍ ,ജീവിതം...എനിക്ക് എന്റെ ഗ്രാമത്തിനുവേണ്ടി നഷ്‌ടപ്പെടുത്തേണ്ടി വന്നു....”അച്ഛന്റെ സ്വരം ഇടറുന്നത് ഹരി അറിഞ്ഞു.അച്ഛന്റെ കണ്ണുകള്‍നിറയുന്നത് ഹരി കണ്ടു.അവന്‍ അച്ഛന്റെ കണ്ണുകള്‍ തുടച്ചു.ഗോവിന്ദേട്ടന്‍ ഹരിയുടെകൈകളില്‍ മുറുകെ പിടിച്ചു.ക്യാമറക്കണ്ണുകള്‍ അവരെ ഫോക്കസ് ചെയ്തിരിക്കുകയായിരുന്നു.ഒരു ഗ്രാമം മുഴുവന്‍ അത് കാണുന്നുണ്ടായിരുന്നു.

നിലാവ് മാഞ്ഞ് മഴക്കാറുകള്‍ മൂടിയത് പെട്ടന്നായിരുന്നു.മുഖത്തേക്ക് മഴത്തുള്ളികള്‍വന്നു വീണപ്പോള്‍ ഹരിഗോവിന്ദന്‍ ചാരുകസേരയില്‍ നിന്ന് എഴുന്നേറ്റു.അച്ഛനെഒന്നു പോയി കണ്ടാലോ ?ഇപ്പോള്‍ ഇറങ്ങിയാല്‍ ഒന്‍പതുമണിക്ക് മുമ്പ് ഗ്രാമത്തില്‍എത്താം.ഹരി വേഗം യാത്രയ്ക്ക് തയ്യാറായി ഇറങ്ങി. ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട്ഹരിയുടെ വണ്ടി ഗ്രാമത്തിലേക്ക് പാഞ്ഞു.

നഗരത്തില്‍ തിമിര്‍ത്തുപെയ്തു മഴ ഗ്രാമത്തില്‍ എത്തിയപ്പോഴേക്കും ശമിച്ചിരുന്നു.ഓടിച്ചാടി നടന്ന ഗ്രാമവീഥിയിലൂടെ ഹരി വണ്ടി വിട്ടു.മഴയോടൊപ്പം വീശിയ കാറ്റത്ത്മരങ്ങള്‍ കടപുഴകി വീണിരുന്നു.റോഡിനു കുറുകേ കിടന്ന ഒരു വലിയ മരം ഹരിയുടെവഴിമുടക്കി.കഷ്ടിച്ച് രണ്ടുമിനിട്ട് ഡ്രൈവ് ചെയ്യാനുള്ള ദൂരം മാത്രമേ അവശേഷിച്ചിരുന്നുള്ളു.ഹരി അടുത്തുകണ്ട വീട്ടിലേക്ക് വണ്ടി മാറ്റിയിട്ടു.

വണ്ടിയുടെ ശബ്ദ്ദം കേട്ട് വീട്ടുകാര്‍ഇറങ്ങി വന്നു.“ഗോവിന്ദേട്ടന്റെ മകനല്ലേ...മോനെന്താ ഈ അസമയത്ത് ?”വീട്ടില്‍ നിന്ന് ഇറങ്ങിവന്നആള്‍ ചോദിച്ചു.”അച്ഛനെയൊന്ന് കാണാന്‍ വേണ്ടി വന്നതാണ് ?ഹരി ഉത്തരം നല്‍കി.“ടോര്‍ച്ചുണ്ടോ മോന്റെ കൈയ്യില്‍ ?”ഇല്ലന്ന് ഹരി പറഞ്ഞു.വീട്ടില്‍ നിന്ന് ഇറങ്ങിവന്നആള്‍ അകത്തേക്ക് പോയി ഒരു ചൂട്ടുകറ്റയുമായി തിരിച്ചു വന്നു.അയാള്‍ അത് കത്തിച്ചുകൊണ്ട്ഹരിയുടെ അടുത്ത് എത്തി.”മോന്‍ നടന്നാട്ടെ ഞാന്‍ വഴി തെളിക്കാം”അയാള്‍ നടന്നുതുടങ്ങി.ഹരി അയാളെ അനുഗമിച്ചു.കുട്ടിക്കാലത്ത് അമ്പലത്തിലെ ഉത്സവം കഴിഞ്ഞ്അച്ഛന്റെ കൂടെ തിരിച്ച് വരുന്നത് ഹരി ഓര്‍ത്തു.പാടവരമ്പത്തിലൂടെ അച്ഛന്‍ തെളിക്കുന്നചൂട്ടുകറ്റയുടെ വെളിച്ചത്തില്‍ വീട്ടിലേക്കുള്ള വരവ്.തന്റെ കുട്ടികള്‍ക്ക് ഗ്രാമത്തിന്റെനിഷ്‌കളങ്കത നഷ്ടപ്പെടുന്നതില്‍ ഹരിക്ക് വിഷമം തോന്നി.അവര്‍ക്ക് അപ്പൂപ്പനുംഅമ്മൂമ്മയും എല്ലാം ‘മിസ്സാ‘കുന്നു.

വഴിതെളിക്കുന്ന ആള്‍ മഴയെക്കുറച്ച് പറഞ്ഞുകൊണ്ടിരുന്നു.”മകരത്തില്‍ മഴപെയ്താല്‍ മലയാളനാട് മുടിയുമെന്നാ പഴമൊഴി”അയാള്‍ പറഞ്ഞു.ഹരിഗോവിന്ദന് എന്നും മഴ ഹരമായിരുന്നു. ഹരി ഗെയ്റ്റ് തുറന്നു അകത്തേക്ക് കയറി.ചാവടിയില്‍ ചിമ്മിനി വിളക്ക് കത്തുന്നുണ്ട്.അച്ഛന്‍ കിടന്നിട്ടില്ലേ ഇതുവരെ?ഗെയ്റ്റ് തുറക്കുന്ന ശബ്ദ്ദം കേട്ടിട്ടാ‍യിരിക്കും അച്ഛന്‍വിളിച്ചു ചോദിച്ചു.”ആരാ?”അതോടൊപ്പം ചിമ്മിനി വിളക്കിന്റെ തിരി നീട്ടുകയും ചെയ്തിട്ടുണ്ടാവും.ചാവടിയില്‍ പ്രകാശം പരന്നു.”ഞങ്ങളാ ഗോവിന്ദേട്ടാ..”വഴിതെളിക്കാന്‍മുഴുവന്‍ പറയുന്നതിന് മുമ്പ് തന്നെ അച്ഛന്‍ പറഞ്ഞു. “സലിം‌മാണോടാ..” “ആണേ ഗോവിന്ദേട്ടാ‍...”അച്ഛന്‍ അയാളുടെ പേര് ചൊല്ലി ചോദിച്ചിരിക്കുന്നു.അച്ഛന് ഗ്രാമത്തിലെ എല്ലാവരുടേയും പേര് കാണാപ്പാഠമായിരിക്കും.”എടാ സലിം‌മേകൂടെയുള്ളത് ഹരിക്കുട്ടനാണോ ?..”

ഹരിക്കുട്ടന്‍ ! അച്ഛന്‍ തന്നെ പേര് ചൊല്ലി വിളിക്കുന്നത് അപൂര്‍വ്വമാണ്.അച്ഛന്‍ തന്നെപേര് ചൊല്ലി വിളിക്കുന്നത് കേള്‍ക്കാന്‍ എത്രയോ നാളുകള്‍ കൊതിച്ചിരുന്നു.പറക്കമുറ്റിയ കുഞ്ഞുങ്ങളെ പറത്തിവിട്ടിട്ട് പറക്കാനാവാത്തകുഞ്ഞുങ്ങളെ പറക്കാന്‍പഠിപ്പിക്കുന്ന തള്ളപക്ഷിയെ പോലെയാണ് അച്ഛന്‍ .തന്നെയും അനുജത്തിയേയുംപറത്തിവിട്ടിട്ട് ഗ്രാമത്തിന്റെ മക്കളെ പറക്കാന്‍ പരിശീലിപ്പിക്കുകയാണ് അച്ഛന്‍ !!“അതേ അച്ഛാ , ഹരിയാണ് ....”ഹരി പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി.“അമ്മ കിടന്നോ ?”ഹരി ചോദിച്ചു.“കിടന്നു...ഉറങ്ങിയിട്ടുണ്ടാവില്ല..”അച്ഛന്‍ പറഞ്ഞു.രാത്രിയില്‍ ഇനി യാത്രയില്ല എന്നുപറഞ്ഞ് സലിം നടന്നു.

അച്ഛന്‍ ചിമ്മിനി വിളക്ക് എടുത്തുകൊണ്ട് അകത്തേക്ക് കയറി.“അച്ഛന്‍ കിടന്നില്ലേ ? “ ഹരി ചോദിച്ചു.“ഇല്ല.... നീ ഭക്ഷണം കഴിച്ചതാണോ ?” അല്ലന്ന് ഹരി പറഞ്ഞു.അച്ഛന്‍ ഊണുമുറിയിലേക്ക് നടന്നു.അച്ഛനുള്ള ഭക്ഷണം മേശപ്പുറത്ത് അടച്ചു വെച്ചിരുന്നു.അമ്മയെ വിളിക്കണോ എന്ന് ഹരിചോദിച്ചു.വേണ്ട എന്നു പറഞ്ഞുകൊണ്ട് അച്ഛന്‍ അടുക്കളയില്‍നിന്ന് ഒരു പാത്രം കൂടി എടുത്തുകൊണ്ട് വന്നു.അതിലേക്ക് ഭക്ഷണം വിളമ്പി.“അച്ഛനെന്തേ ഇതുവരെ ഭക്ഷണം കഴിക്കാതിരുന്നത് ..?”ഹരി ചോദിച്ചു.“ഞാന്‍ കുറച്ചു ദിവസമായി താമസിച്ചാണ് കഴിക്കുന്നത് ..”അച്ഛന്‍ കഴിച്ചു കഴിയാറായപ്പോഴേക്കും അമ്മ എഴുന്നേറ്റു വന്നു.ചിമ്മിനിയുടെ അരണ്ടവെളിച്ചത്തില്‍ അവര്‍ മൂവരും ചാവടിയില്‍ ഇരുന്നു.വീണ്ടും നിലാവ് പരന്നിരുന്നു.

ഹരിഗോവിന്ദന്‍ ഉറങ്ങാനായി എഴുന്നേറ്റു.തന്റെ മുറിയിലേക്ക് നടന്നു.മുറിയുടെ വാതില്‍തുറന്ന് അകത്തേക്ക് കയറി.കട്ടില്‍ വിരിച്ചിട്ടിരിക്കുന്നു. “ ഞാന്‍ നിന്നെ കുറേ ദിവസങ്ങളായി പ്രതീക്ഷിക്കുന്നു....“ഹരി വാതിക്കലേക്ക് നോക്കി. വാതിക്കല്‍ അച്ഛന്‍ .ഹരിഅച്ഛനെ അവിശ്വസനീയതോടെ നോക്കി.അച്ഛന്റെ ചുണ്ടുകളില്‍ ഒരു പുഞ്ചിരിഒളിഞ്ഞിരിപ്പുണ്ടോ?അച്ഛന്‍ അപൂര്‍വ്വമായിട്ടേ ചിരിച്ചു കണ്ടിട്ടുള്ളു.ഹരി കിടന്നു.അച്ഛന്‍ തന്നെ നോക്കി നില്‍ക്കുന്നത് ഹരി കണ്ടു.ഹരി കണ്ണുകള്‍ അടച്ചു.അച്ഛന്‍വാതില്‍ ചാരി .

നിലാവ് മാഞ്ഞ് വീണ്ടും മഴക്കാറുകള്‍ ആകാശത്ത് വട്ടം കൂടി.മഴത്തുള്ളികള്‍ പൊയ്തിറങ്ങി.നിറമുള്ള സ്വപ്‌നങ്ങള്‍... നിറഞ്ഞൊഴുകുന്ന പുഴയോരത്തെ വീട്ടില്‍ നിലാവെളിച്ചത്തില്‍ അമ്മയും അച്ഛനും ഭാര്യയും കുഞ്ഞുങ്ങളും ഒരേ കട്ടിലില്‍ ...കെട്ടിപ്പിടിച്ച് ഉറക്കത്തിലേക്ക് ....അമ്മയുടെ മണവും അച്ഛന്റെ ചൂടും ഏറ്റ് സുഖകരമായ ഉറക്കം.... അച്ഛന്റെ ചൂട് തന്നില്‍ നിറയുന്നത് ഹരി അറിഞ്ഞു.ഹരി കണ്ണുതുറന്നു.അടുത്ത് അച്ഛന്‍ .....കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ വീണ്ടുംഓടിയെത്തുന്നു.മഴയോടൊപ്പം ഓര്‍മ്മകളും പെയ്തിറങ്ങുകയാണ് ..

Saturday, February 9, 2008

കിഷിലെ നിറമില്ലാത്ത സന്ധ്യകള്‍

ദുബായ് എയര്‍‌പോര്‍ട്ടില്‍ വിനയന്‍ എത്തിയപ്പോള്‍ ആറുമണി കഴിഞ്ഞിരുന്നു.വര്‍ക്ക് സൈറ്റില്‍ നിന്ന് നേരിട്ട് കമ്പിനി വണ്ടിയില്‍ എയര്‍‌പോര്‍ട്ടില്‍ എത്തിയതുകൊണ്ട് സമയത്തിന് എത്താന്‍ കഴിഞ്ഞു.ഏഴുമണീക്കാ‍ണ് കിഷിലേക്കുള്ള അവസാനഫ്ലൈറ്റ്. അതിനു കിഷിലെത്തിയാല്‍ നാളത്തെ ഫ്ലൈറ്റിന് തിരിച്ച് വരാം.രാവിലെജോലിക്ക് കയറുകയും ചെയ്യാം.കൈയ്യിലെ ബാഗില്‍ ഒരു ജോഡി വസ്ത്രമാണുള്ളത്.പോക്കറ്റില്‍നൂറ്റമ്പത് ദിര്‍ഹംസുമുണ്ട്.

വിനയന്‍ ചെക്കിന്‍ കൌണ്ടറിലെ ക്യൂവില്‍ ചെന്നു നിന്നു.രണ്ടുദിവസം കഴിഞ്ഞിട്ട്ചെറിയ പെരുന്നാള്‍ ആയതുകൊണ്ട് കിഷിലേക്കുള്ള യാത്രയ്ക്ക് തിരക്കാണ്.എത്ര്യോ ആളുകളാണ്ദിവസവും കിഷിലേക്ക് പോകുന്നത്.സ്വപ്‌നഭൂമിയില്‍ നിന്ന് ഇടത്താവളത്തിലേക്കുള്ള യാത്ര.ആ ഇടത്താവള ത്തില്‍ ജീവിതം ജീവിച്ച് തീര്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍ ഉണ്ടാവുന്നു.അവിടിത്തെ മണ്ണില്‍ ഉറ്റവരും ഉടയവരും ഇല്ലാതെ ജീവിതത്തില്‍ നിന്ന് മരണത്തിലേക്ക്ഇറങ്ങിപ്പോയവരുണ്ടാകാം.പൊട്ടിയപട്ടം പോലെ ദിക്കുകളറിയാതെ ജീവിതത്തില്‍നിന്ന് പറന്ന് പറന്ന് എവിടേക്കോപോയവര്‍ ....

ഇന്നലെയാണ് വര്‍ക്ക് സൈറ്റ് സൂപ്പര്‍വൈസര്‍ വന്ന് പറഞ്ഞത്, വിനയന്‍ നാളയുംകൂടി കിഷിലേ ക്ക് പോകണം.അടുത്ത പ്രാവിശ്യം വര്‍ക്ക് വിസ ശരിയാക്കിതരാം.താനൊന്നും തിരിച്ച് പറഞ്ഞില്ല.ഇതും കൂടി കൂട്ടി നാലാമത്തെ പ്രാവിശ്യമാണ് കിഷിലേക്ക് വിസമാറാന്‍ പോകുന്നത്.ഓരോ പ്രാവിശ്യവും കിഷിലേക്ക് പോകുന്നതിനു മുമ്പ് പറയുന്നതാണ്അടുത്ത പ്രാവിശ്യം വര്‍ക്ക് വിസ തരാമെന്ന്. തന്നെപ്പോലെ നൂറുകണാക്കിന് ഇന്ത്യക്കാരുംഫിലിപ്പീനികള്‍ഊം ദിവസവും വിസമാറുന്നതിനുവേണ്ടി കിഷിലേക്ക് പോകുന്നുണ്ട്.

വിനയന്റെ കണ്‍സ്‌ട്രക്ഷന്‍ കമ്പിനിയില്‍ ജോലിചെയ്യുന്നവരില്‍ പകുതിയിലധികം പേരുംവിസി റ്റിംങ്ങ് വിസയില്‍ നാട്ടില്‍ നിന്ന് എത്തിയവരാണ്.ഏജന്റ്മാര്‍ക്ക് അമ്പതിനായിരംമുതല്‍ ഒരു ലക്ഷം രൂപവരെ കൊടുത്ത് എത്തിയവരാണ് അധികവും.രാവിലെ മുതല്‍വൈകുന്നേരം വരെ ചുട്ടുപോള്ളുന്ന വെയിലത്ത് നിന്നാല്‍ കിട്ടുന്നത് അമ്പത് ദിര്‍ഹംസ്ആണ്.സൈറ്റില്‍ നില്‍ക്കുമ്പോള്‍ മനസിനും ശരീരത്തിനും ചൂടാണ്.ശരീരം തളര്‍ന്നാലുംമനസ് തളരാന്‍ പാടില്ല.ജീവിതം ചതുരംഗകളമാണ് , ഒരിക്കല്‍ വെട്ടിപ്പോയാല്‍ ജീവിതമെന്ന കളത്തിന് പുറത്തായിരിക്കും.ഏതായാലും താമസത്തിന് പണം നല്‍കേണ്ടഎന്നത് വലിയ ആശ്വാസമാണ്.ഒരോ ദിവസവും കഴിയുന്തോറും ദുബായിലെ വാടകകൂ ടുകയാണ്.വാടകകൊടുത്താലും വില്ലകളും ഫ്ലാറ്റുകളും കിട്ടാനില്ല.തങ്ങള്‍ക്ക് താമസിക്കാന്‍കമ്പിനി തന്നെ സ്ഥലം ശരിയാക്കി തന്നിട്ടുണ്ട്.പഴയ ഒരു കണ്ടയ്‌നര്‍ ഒരു വീടുപോലെആക്കി തന്നിട്ടുണ്ട്. അതില്‍ ഇരുപതോളം പേര്‍ സ്വപ്നങ്ങള്‍ കണ്ട് നാളയുടെ പ്രതീക്ഷകള്‍ പങ്കുവെച്ച് ഉറങ്ങാനായി എത്തും.

പരിശോധന കഴിഞ്ഞ് വിനയന്‍ കസേരയില്‍ ചെന്നിരുന്നു.നാളെത്തന്നെ പുതിയ വിസഅയച്ചു തരാമെന്നാണ് സൂപ്പര്‍ വൈസര്‍ പറഞ്ഞത്.നാളെത്തന്നെ വിസ കിട്ടിയില്ലങ്കില്‍എല്ലാ കണക്കൂകൂട്ടലു കളും പിഴക്കും.മറ്റെന്നാള്‍ മുതല്‍ മൂന്നുദിവസം എമിഗ്രേഷന്‍ ഓഫീസുകളെല്ലാംഅടയ്ക്കും.മൂന്നു ദിവസം ഒരൊറ്റ വിസപോലും പുതുക്കത്തില്ല. വിനയന് പോകാനുള്ള ഫ്ലൈറ്റ് അനൌണ്‍സ് ചെയ്തു. റണ്‍വേയില്‍ കിഷിലേക്ക്പോകാനായി കിടക്കുന്ന ഫ്ലൈറ്റ് കണ്ട് വിനയന് ചിരി വന്നു.സിഐഡി മൂസയില്‍ദിലീപ് അവസാനം സ്‌കോട്‌ലാന്‍ഡിലേക്ക് പോകുന്ന പോലുള്ള ഒരു വിമാനം.അമ്പതോളം പേര്‍‌ക്കേ അതില്‍ കയറാന്‍ പറ്റൂ.വിനയന്‍ ഒരു സീറ്റില്‍ ചെന്നിരുന്ന്ബെല്‍റ്റ് ഇട്ടു.നാട്ടിലെ ബസില്‍ കയറുന്നതുപോലെയാണ് കിഷിലേക്കൂള്ള വിമാനത്തില്‍കയറുന്നത്.എവിടെ വേണമെങ്കിലും ചെന്നിരിക്കാം.നിമിഷങ്ങള്‍ക്കകം വിമാനംപറന്നുയര്‍ന്നു.ദുബായിയുടെ പ്രകാശ ചാരുതകള്‍ അപ്രത്യക്ഷമായി.ഇറാനിലേക്ക്വിമാനം പ്രവേശിച്ചതായി ആറിയിപ്പ് വന്നു.ദുബായില്‍ നിന്ന് മുപ്പത്തഞ്ച് മിനിറ്റ് കൊണ്ട്കിഷായി.കിഷിലേക്ക് വിമാനം ലാന്റ് ചെയ്തു.

വിമാനം ഇറങ്ങുന്നവരെ വിനയന്‍ ശ്രദ്ധിച്ചു.ചിലരുടെ മുഖത്ത് പരിഭ്രമം കണ്ടു.അവരെല്ലാം തന്നെ ആദ്യമായി വിസ മാറാന്‍ കിഷിലെത്തിയവര്‍ ആണന്ന് അയാള്‍ക്ക് മനസിലായി. ഒട്ടുമിക്കവരും മലയാളികളാണ്.കൂട്ടത്തില്‍ നാലു സ്ത്രികളും ഉണ്ട്.നാട്ടില്‍ നിന്ന് ഭര്‍ത്താക്കന്മാര്‍ ദുബായിലേക്ക്കൊ ണ്ടുവന്നവരായിരിക്കണം.നാട്ടില്‍ ഉള്ളവര്‍ക്ക് ദുബായ് സ്വപ്‌നഭൂമിയാണ്.പണംമാത്രം വിളയുന്ന സ്വപ്‌നഭൂമി. ദുബായില്‍ ജോലിക്കാരനാണ് പയ്യന്‍ എന്നതുകൊണ്ട്മാത്രം വീട്ടുകാര്‍ വിവാഹം നടത്തികൊടുത്തതായിരിക്കണം അവരെ.

എമിഗ്രേഷന്‍ കൌണ്ടറില്‍ ഇരിക്കുന്ന അറബി പാസ്‌പോര്‍ട്ടില്‍ സീലടിക്കൂമ്പോള്‍തന്റെ മുഖത്തേക്ക് സുക്ഷിച്ച് നോക്കുന്നത് വിനയന്‍ കണ്ടു.മുഖത്ത് പറ്റിപ്പിടിച്ചിരിക്കുന്നസിമിന്റ് തരികള്‍ കണ്ടിട്ടാവും അയാള്‍ നോക്കുന്നത്.സ്ത്രികള്‍ക്ക് ശിരോവസ്ത്രം നല്‍കിഅവരെ പുറത്തേക്ക് വിട്ടു.വിനയന്‍ മുഖത്ത് പറ്റിപ്പിടിച്ചിരിക്കുന്ന സിമിന്റ് തരികള്‍കൈകൊണ്ട് വലിച്ചു പറിക്കാന്‍ ശ്രമിച്ചു.അത് കണ്ടിട്ട് കൌണ്ടറില്‍ ഇരിക്കുന്നഅറബി പുറത്തുനിന്ന അറബിയോട് എന്തോ പറഞ്ഞു. കൌണ്ടറിന് പുറത്തുനിന്ന അറബി വിനയനെ അയാളുടെ അടുത്തേക്ക് വിളിച്ചു.വിനയന്‍ആകെ പരിഭ്രമിച്ചു.അയാള്‍ പറഞ്ഞത് വിനയന് മനസ്സിലായില്ല.താന്‍ പറയുന്നത്വിനയന് മനസിലാവുന്നില്ല അറബിക്ക് തോന്നി. തന്റെ പുറകെ വരാന്‍ വിനയനോട്അയാള്‍ ആഗ്യം കാണിച്ചു.വിനയന്‍ വിറയലോടെ അയാളുടെ പുറകെ ചെന്നു.അയാള്‍ഓഫീസ് റൂമിനോട് ചേര്‍ന്നുള്ള ബാത്ത് റൂം വിനയന് ചൂണ്ടിക്കാണിച്ചു.
മുഖം കഴുകി പുറത്തിറങ്ങിയപ്പോള്‍ വിനയന്റെ പാസ്‌പോര്‍ട്ടുമായി അറബി കാത്തുനില്‍പ്പൂണ്ടാ യിരുന്നു.വിനയന്റെ നേരെ അയാള്‍ പുഞ്ചിരിച്ചു.”ദൈവം അനുഗ്രഹിക്കട്ടെ”അയാള്‍വിനയന് ആശംസകള്‍ നേര്‍ന്നു.വിനയനും ചിരിച്ചെന്ന് വരുത്തി വിമാനത്താവളത്തിന്പുറത്തേക്ക് നടന്നു.വാതുക്കല്‍ തന്നെ ഏതെങ്കിലും ഹോട്ടലിന്റെ ബസ് കാണുമെന്ന് വിനയനറിയാമായിരുന്നു. ഭാഗ്യത്തിന് ഫെറാബി ഹോട്ടലിന്റെ ബസ് കാത്തു കിടപ്പുണ്ടായിരുന്നു.

ഫെറാബിഹോട്ടലിലേക്ക് പോകുന്നതാണ് നല്ലത്.വാടക അല്പം കൂടിയാലും താമസത്തിന്നല്ലത് അതാണ്.കിഷ് എയര്‍‌ലൈന്‍സിന്റെ ഓഫീസ് അവിടെതന്നേ ആയതുകൊണ്ട്ടിക്കറ്റ് കണ്‍ഫര്‍മേഷന് ഓടിനടക്കേണ്ട.സീറ്റെല്ലാം നിറഞ്ഞ ഉടനെ ബസ് വിട്ടു.പണ്ട്പേര്‍ഷ്യ എന്ന് അറിയപ്പെട്ടിരുന്ന ഇറാനിലെ മാറ്റം വിനയന്‍ കണ്ടു.ദുബായ് പോലെവൃത്തിയുള്ള നഗരം.റോഡിന്റെ വശങ്ങളില്‍ പൂത്തുനില്‍ക്കുന്ന ചെടികള്‍‌ .വിശാലമായറോഡിന്റെ നടുക്ക് ഈന്തപ്പനകള്‍ കായ്ച്ചു നില്‍ക്കുന്നു.ഈന്തപ്പനകളില്‍ കളര്‍ബള്‍ബുകള്‍ തൂക്കിയിരുന്നു. സമ്പല്‍ സ‌മൃദ്ധിയുടെ പച്ചപ്പ്.പക്ഷേ ആരക്കയോ ചെയ്തുകൂട്ടിയതോ കൂട്ടുന്നതോ ആയ(അങ്ങനെ പറഞ്ഞ് പരത്തുന്ന)കൊള്ളരുതായ്മകള്‍ക്ക് ഉപരോധം എന്ന ശിക്ഷ അനുഭവിക്കുന്നഇറാന്‍ ജനത.ആരുടേയും മുന്നില്‍ തലകുനിക്കാത്ത ഇറാനികളുടെ ആത്മാഭിമാനത്തെ വിനയന്‍മനസില്‍ അഭിനന്ദിച്ചു.ഫെറാബി ഹോട്ടലിന്റെ മുന്നില്‍ ബസ് നിന്നു.കൌണ്ടറില്‍ നിന്ന്ഫോം വാങ്ങി പൂരിപ്പിച്ച് നല്‍കിയപ്പോള്‍ റൂമിന്റെ താക്കോല്‍ കിട്ടി.

വിനയന്‍ റൂമിലേക്ക് ചെന്നു.റൂമില്‍ വിനയനെ കൂടാതെ ഏഴുപേരാണ് ഉള്ളത്.അഞ്ചു മലയാളികളും രണ്ടു പഞ്ചാബികളും.അപരിചിതത്വത്തിന്റെ മഞ്ഞുരുകി കഴിഞ്ഞപ്പോള്‍ അവര്‍ ചിരപരിചിതരെ പോലെ ആയി. നേരം വെളുത്തയുടനെ വിനയന്‍ റെസ്റ്റ്‌റന്റില്‍ പോയി ചായ കുടിച്ചു വന്നു. ഹോട്ടലിന്റെതാഴത്തെ നിലയിലെ ടെലിഫോണ്‍ ബൂത്തിനോട് ചേര്‍ന്നുള്ള വലിയ സ്ക്രീനില്‍ വിസവ രുന്നവരുടെപാസ്‌പോര്‍ട്ട് നമ്പരും പേരും എഴുതി കാണിക്കുന്നുണ്ടായിരുന്നു.വിനയന്‍ അവിടെ ചെന്നുനിന്നു.പത്തുമണിയായപ്പോള്‍ വിനയന്റെ വിസയുടെ കോപ്പിയെത്തി.പാസ്‌പോര്‍ട്ട് കാണി ച്ച്വിസവാങ്ങി എയര്‍‌ലൈന്‍‌സിന്റെ ഓഫീസില്‍ എത്തിയപ്പോള്‍ ക്യു‌വിന് നല്ല നീളം. കഴിഞ്ഞപ്രാ വിശ്യങ്ങളില്‍ വിസയെത്തി രണ്ടുമണിക്കൂറിനുള്ളില്‍ വിനയന്‍ കിഷ് വിട്ടതാണ്.പക്ഷേഈ പ്രാവിശ്യം ഒരു ദിവസം കൂടി താമസിക്കേണ്ടി വരും.ചെറിയ പെരുന്നാള്‍ ആയ്യതുകൊണ്ട്ഫ്ലൈറ്റുകള്‍ കുറവാണത്രെ!

പിറ്റേന്നത്തേക്ക് ടിക്കറ്റ് കണ്‍ഫേം ആക്കിയിട്ട് വിനയന്‍ മുറിയില്‍ ചെന്നപ്പോള്‍ കൊല്ലംകാരന്‍ ശ്രീജിത്തും ആലപ്പുഴക്കാരന്‍ വിനോദും ഊണുകഴിക്കാന്‍ ഇറങ്ങുകയായിരുന്നു.ടിക്കറ്റ് എടുത്ത് ബാഗില്‍ വെച്ചിട്ട് വിനയനും അവരോടൊപ്പം ഇറങ്ങി.ഫെറാബി ഹോട്ടലിനു മുന്നിലുള്ള സ്‌റ്റോപ്പില്‍ ചെന്നു നിന്നാല്‍ കഥം ഹോട്ടലിലെ വാന്‍ എത്തിഹോട്ടലില്‍ കൊണ്ടുപോകും.ഊണുകഴിച്ചിട്ട് വാനില്‍ തന്നെ തിരിച്ചും വരാം.വാനിന് ഏതായാലുംപണം നല്‍കേണ്ട.

അരമണിക്കൂറോളം അവര്‍ക്ക് സ്‌റ്റോപ്പില്‍ നില്‍ക്കേണ്ടി വന്നു.മഞ്ഞ നിറമുള്ള ടാക്സിക്കാറുകള്‍ അവരുടെ അടുത്ത് കൊണ്ടു വന്നു നിര്‍ത്തി.ചിലരൊക്കെ അതില്‍ കയറിപോയി.ഇറാനിലെകറന്‍സി റിയാല്‍ ആണെങ്കിലും കൂടുതലും കൈമാറ്റം ചെയ്യപ്പെടുന്നത് ദിര്‍ഹംസ് ആണ്.ഒരു കുപ്പി വെള്ളത്തിന് ആയിരിത്തിഅഞ്ഞൂറ് ഇറാന്‍ റിയാല്‍ കൊടുക്കണം.അവരുടെമുന്നിലൂടെ ഇറാനി പെണ്ണുങ്ങള്‍ കടന്നു പോയിക്കൊണ്ടിരുന്നു.ലോകത്തില്‍ ഏറ്റവും സുന്ദരികള്‍ഇറാനികള്‍ ആണന്ന് വിനയന് തോന്നി.മുഖം മാത്രമേ കാണുകയുള്ളങ്കിലും അവര്‍ക്ക്എന്ത് ഐശ്വര്യമാണ്.ഉപരോധം തളര്‍ത്തിയില്ലായിരുന്നെങ്കില്‍ ഗള്‍ഫിലെ ഏറ്റവുംസമ്പന്ന രാജ്യമായി തീരേണ്ടതാണ് ഇറാന്‍ .ദുബായിയെക്കാള്‍ വികസിക്കാന്‍ പ്രാപ്തിയുള്ളരാജ്യം.

വനില്‍ കയറി കഥം ഹോട്ടലില്‍ എത്തി.നാലു ദിര്‍ഹംസ് കൊടുത്ത് ടോക്കാണും വാങ്ങിക്യൂവില്‍ നിന്ന് ആഹാരം വാങ്ങി.കഥം ഹോട്ടലില്‍ ജോലി ചെയ്യുന്നത് മലയാളികള്‍ ആണ്.ദുബായില്‍ നിന്ന് ഇറാനില്‍ വിസമാറാന്‍ എത്തി അവിടെതന്നെ പെട്ടുപോയവരാണ് അവരില്‍അധികവും.കിഷില്‍ വിസമാറാന്‍ എത്തി അവിടെതന്നെ ഇറാന്‍ സ്ത്രികളെ വിവാഹം കഴിച്ച്കൂടിയവരും ഉണ്ടത്രെ!അവരെല്ലാം കിഷില്‍ ബിസ്‌നസ് നടത്തിപ്പുകാരാണ്.മലയാളികള്‍എത്തുന്നടത്തോളം കാലം അവര്‍ക്കാര്‍ക്കും ജീവിതത്തിന് ഒരു മുട്ടും ഉണ്ടാവുകയില്ല.

കഥം ഹോട്ടലില്‍നിന്ന് തിരിച്ച് വന്ന് വിണയന്‍ കിടന്നു.രാവിലെ മുതലുള്ള അലച്ചില്‍അയാളെ ക്ഷീണിപ്പിച്ചിരുന്നു.നാട്ടില്‍ നിന്ന് മൊബൈലിലേക്ക് കോള്‍ വന്നു എങ്കിലുംവിനയന്‍ അത് എടുത്തില്ല. ഒരോ മിനിട്ടിനും രണ്ടു ദിര്‍ഹംസ് ആണ് റോമിങ്ങ് ചാര്‍ജ്ജ്.ഇനി ആകെ മൊബൈലില്‍ ബാലന്‍സ് പന്ത്രണ്ടു ദിര്‍ഹംസേ ബാലന്‍സ് ഉള്ളു.അതുകൊണ്ട്വേണം അടുത്തശമ്പളം കിട്ടുന്നതുവരെ തള്ളിനീക്കാന്‍ . അമ്മ എന്തെങ്കിലും അത്യാവിശ്യം ഉണ്ടായിട്ടായിരിക്കും വിളിച്ചത്.അനുജത്തിക്ക് നല്ലൊരുആലോചന വന്നിട്ടുണ്ടന്നോ ,റോഡ് സൈഡില്‍ ആരുടെയെങ്കിലും പറമ്പ് വില്‍ക്കാനു ണ്ടന്നോ ഒക്കെയായിരിക്കും അമ്മയ്ക്ക് പറയാനുണ്ടാവുക.രണ്ടു വര്‍ഷം മരുഭൂമിയില്‍ വിയര്‍പ്പ്ഒഴുക്കിയ തുകൊണ്ട് കടങ്ങള്‍ എല്ലാം വീട്ടാ‍ന്‍ പറ്റി എന്നത് ആശ്വാസമാണ്.നാട്ടുകാരെസേവിക്കാനായി അച്ഛന്‍ ഉണ്ടാക്കിവെച്ചതായിരുന്നു ആ കടങ്ങള്‍.അച്ഛന്‍ മരിച്ചതിനുശേഷം നാട്ടുകാരാരും ആ വഴിക്ക് വന്നിട്ടില്ല. ബസ്‌സ്‌റ്റോപ്പില്‍ അച്ഛന്റെ പേരില്‍ ഒരുവെയിറ്റിംങ്ങ് ഷെഡ് നിര്‍മ്മിച്ചിട്ടുണ്ടായിരുന്നു. കഴിഞ്ഞ ഇടവപ്പാതിയില്‍ നാലു കഴകളില്‍പൊക്കിയ ആ വെയിറ്റിംങ്ങ് ഷെഡ് നിലം‌പൊത്തിയെന്ന് അമ്മ പറഞ്ഞു.

അരുടെയൊക്കയോ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് വിനയന്‍ കണ്ണുതുറന്നത്.ശ്രീജിത്തുംവിനോദും റൂമിന്റെ വാതിക്കല്‍ നില്‍പ്പുണ്ട്.പഞ്ചാബി റൂമിലെ ടിവിയില്‍ വിസവരുന്നവരുടെലിസ്റ്റും നോക്കി ഇരുപ്പാണ്. ഒരാഴ്‌ചയായിട്ട് അയാള്‍ ആ ഇരുപ്പാണ്.ദിവസങ്ങള്‍ കഴിയുംതോറും അയാള്‍ക്ക് ഭ്രാന്തവുന്നുണ്ടോ എന്ന് വിനോദിന് സംശയം ഉണ്ടായിരുന്നു.ഒരു വര്‍ഷംകഴിഞ്ഞിട്ട് അയാള്‍ക്ക് അമെറിക്കയില്‍ പോകാന്‍ പറ്റുമെന്നാണ് പഞ്ചാബി പറയുന്നത്.പാസ്‌പോര്‍ട്ടില്‍ ഇറാന്റെ മുദ്ര കണ്ടാല്‍ അമേരിക്കയില്‍ ഇറങ്ങാന്‍ അവര്‍ സമ്മതിക്കുമോഎന്ന് അയാള്‍ വിനയനോടുതന്നെ ഒരൊറ്റ ദിവസം ഏഴെട്ടു പ്രാവിശ്യം ചോദിച്ചായിരുന്നു.ആരെ പരിചയപ്പെട്ടാലും പഞ്ചാബിക്ക് അറിയേണ്ടിയിരുന്നത് അതായിരുന്നു.

വെളിയില്‍ നടന്ന ബഹളത്തെക്കുറിച്ച് വിനയന്‍ അന്വേഷിച്ചു.കടല്‍പ്പാലത്തില്‍ നിന്ന്കടലിലേക്ക് ചാടി ഒരു മലയാളി ആത്മഹത്യ ചെയ്‌തെന്ന്.ദുബായിലെ ഏതോ ഹോട്ടലില്‍പൊറോട്ട ഉണ്ടാക്കാന്‍ വന്ന ആളാണ്.കഴിഞ്ഞ ഒന്നരമാസമായിട്ട് അയാള്‍ കിഷില്‍ തന്നെആയിരുന്നു.ദുബായില്‍ അയാള്‍ നിന്ന ഹോട്ടല്‍ അടച്ചു പൂട്ട് ഉടമകള്‍ തിരിച്ച് പോയി.ഇത്രയുംകാലം അയാള്‍ക്ക് ആരെങ്കിലും ഒക്കെ ആഹാരം വാങ്ങി നല്‍കുമായിരുന്നു.കടല്‍ക്കരയില്‍ആയിരുന്നു കിടപ്പ്.അയാളെ നാട്ടില്‍ തിരിച്ച് നാട്ടില്‍ എത്തിക്കാ‍ന്‍ പലരും ശ്രമിക്കുന്നുണ്ടായിരുന്നു.അയാള്‍ക്ക് തന്നെ ജീവിതം മടുത്തുതുടങ്ങിയി ട്ടുണ്ടാവാം.പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ട്കിഷില്‍ ജീവിതം അവസാനിപ്പിക്കാനായിരുന്നു അയാളുടെ വിധി.പോലീസ് ആരെയുംകടല്‍ക്കരയിലേക്ക് കടത്തിവിട്ടില്ല.മൃതശരീരം പോസ്റ്റ്മാര്‍ട്ടത്തിനായി ടെഹറാനിലേക്ക്കൊണ്ടുപോയന്ന് പറയുന്നത് കേട്ടു.ഒരു പക്ഷേ ശരീരം അവിടെ തന്നെ മറവ് ചെയ്യേണ്ടി വന്നേക്കാം.പ്രതീക്ഷകളോടെ വര്‍‌ണ്ണ സ്വപ്‌നങ്ങള്‍ കണ്ട് മനകോട്ടകള്‍കെട്ടി സ്വപ്‌നഭൂ മിയിലേക്ക് കടന്നു വന്ന് ഒരു സ്വപ്‌നം പോലെ ജീവിതത്തില്‍ നിന്ന് കോടമഞ്ഞു പോലെമാഞ്ഞു പോയ അയാള്‍ വിനയന്റെ മനസില്‍ ചെറു നൊമ്പരമായി.

വൈകുന്നേരം വിനയനും ശ്രീജിത്തും വിനോദും കടല്‍ക്കരയിലേക്ക് നടക്കാന്‍ പോയി.ഇറാനികള്‍ മീന്‍പിടിക്കാന്‍ ചൂണ്ടകളുമായി കടല്‍പ്പാലത്തില്‍ ഇരിപ്പുണ്ടായിരുന്നു.അവര്‍മൂവരും കടല്‍പ്പാലത്തിലെ ബഞ്ചില്‍ ഇരുന്നു.അസ്‌തമയ സൂര്യന്റെ പ്രകാശം അവരുടെമുഖത്തേക്ക് വീണിരുന്നു.വേദനകളും നൊമ്പരങ്ങളും പ്രതീക്ഷകളും അവര്‍ പങ്കുവെച്ചു.എല്ലാവര്‍ക്കും പറയാന്‍ ഓരോ കഥകള്‍ ഉണ്ടാവുമല്ലോ? ആരോ ഒരുക്കിയ രംഗപടത്തില്‍ജീവിതം അഭിനയിച്ച് തീര്‍ക്കാന്‍ വിധിക്കപ്പെട്ട മനുഷ്യ ജന്മങ്ങള്‍ !

മുറിയിലേക്ക് പോകാനായി എഴുന്നേല്‍ക്കുമ്പോള്‍ അവരുടെ അടുത്തേക്ക് ഒരു മധ്യവയസ്‌ക്കന്‍വ ന്നു.ഒറ്റ നോട്ടത്തില്‍ തന്നെ അയാളൊരു മലയാളിയാണന്ന് അറിയാം.മുപ്പത് ദിര്‍ഹംസ്നല്‍കിയാല്‍ ഇറാനിയന്‍ പെണ്‍കുട്ടികളുടെ കൂടെ ഒരു മണിക്കൂര്‍ ചെലവഴിക്കാന്‍വഴിയുണ്ടാക്കി തരാമന്ന് അയാള്‍ പറഞ്ഞു.“പേടിക്കേണ്ട എല്ലാം സെയ്ഫ് ആയിരിക്കും“എന്നും കൂടി കൂട്ടിച്ചേര്‍ത്തപ്പോള്‍ അയാളുടെ സ്ഥിരം വരുമാന മാര്‍‌ഗ്ഗമാണ് അതെന്ന്വിനയന് തോന്നി.നിയമങ്ങളെല്ലാം കര്‍ശനമായി അംഗീകരി ക്കുന്ന ഇറാനിലെ ഒരു വിഭാഗംആളുകള്‍ നിയമത്തെ വെല്ലുവിളിച്ച് ജീവിതം പണയംവെച്ച് വിശപ്പിനുവേണ്ടി നഗ്നതവില്‍ക്കുന്നു എന്നത് വിനയനെ വേദനപ്പിച്ചു.മദ്യവും മയക്കുമരുന്നും പെണ്ണും എല്ലാംകിഷില്‍ കിട്ടുമെന്ന് അയാളോട് കൂടുതല്‍ സംസാരിച്ചപ്പോള്‍ വിനയന് മനസ്സിലായി. അയാള്‍കിഷില്‍ എത്തപ്പെട്ടിട്ട് പത്തുവര്‍ഷത്തോളമായി.നാട്ടില്‍ ഭാര്യയും കുട്ടികളും ഉണ്ട്. നാട്ടിലേക്ക്ഒരു തിരിച്ച് പോക്ക് ഇനി ഉണ്ടാവുമോ?അറിയില്ല..ഈശ്വരന്റെ ചതുരംഗ കളത്തിലെ കരുക്കളാണ് മനുഷ്യര്‍ .എപ്പോള്‍ വേണമെങ്കിലും വെട്ടിമാറ്റാന്‍ വിധിക്കപെട്ടവര്‍ . അയാള്‍ എങ്ങനെയാണ് കിഷില്‍ എത്തിയതെന്ന് അറിഞ്ഞപ്പോള്‍ വിനയന് അയാളോട് സഹതാപംതോന്നി.

കടല്‍ക്കരയിലെ വൈദ്യുതവിളക്കുകള്‍ തെളിച്ചു.നിഴല്‍ വീണ മണല്‍പ്പരപ്പിലൂടെതിരിച്ച് റൂമിലെത്തി. പിറ്റേന്ന് ആറുമണിക്കാ‍ണ് ഫ്ലൈറ്റ്.നാലു മണിക്ക് എഴുന്നേറ്റ് എല്ലാവരോടുംയാത്രപറഞ്ഞു.ഷെയര്‍ ടാക്സിയില്‍ കിഷ് എയര്‍പോര്‍ട്ടിലേക്ക്.ആറുമണിക്ക് കിഷില്‍ നിന്ന്പറന്നുപൊങ്ങുമ്പോള്‍ അത് അവസാനത്തെ കിഷ് യാത്രയാകണേയെന്ന് വിനയന്‍പ്രാര്‍ത്ഥിച്ചു.

ഇളം മഞ്ഞില്‍ ദീപ പ്രഭയില്‍ മുങ്ങി നില്‍ക്കുന്ന ദുബായ്.വീണ്ടും സ്വപ്‌നങ്ങള്‍ക്ക് നിറം ചാര്‍ത്തുന്ന സ്വപ്‌നഭൂമിയിലേക്ക്.പാര്‍ക്കിംങ്ങ് ഏരിയായില്‍ കമ്പിനിയുടെ വണ്ടിയുണ്ടായിരുന്നു.വിനയന്‍ സെല്‍ ഓണ്‍ ചെയ്തു.വണ്ടിയില്‍ വര്‍ക്ക് സൈറ്റിലേക്ക്.സെല്‍ ബെല്ലടിച്ചപ്പോള്‍ വിനയന്‍ഫോണ്‍ എടുത്തു. അമ്മയാണ്.അനുജത്തിക്ക് ഒരു വിവാഹ ആലോചന.നല്ല ബന്ധമാണത്രെ.ഒരു ലക്ഷവും ഇരുപത്തഞ്ച് പവനുമേ അവര്‍ ചോദിക്കുന്നുള്ളൂ.ചെറുക്കന്‍ നാട്ടില്‍ഐറ്റിഐ കഴിഞ്ഞിട്ട് ഇലക്ട്രിക്കള്‍ ജോലികള്‍ ചെയ്യുകയാണ്.നിനക്ക് വേണമെങ്കില്‍ചെറുക്കന് വിസ ഒപ്പിച്ച് കൊടുക്കാമല്ലോ എന്ന് അമ്മ പറഞ്ഞപ്പോള്‍ വിനയനൊന്നും പറഞ്ഞില്ല.

വണ്ടി വര്‍ക്ക് സൈറ്റില്‍ എത്തി.ഒരു ലക്ഷം രൂപയും ഇരുപത്തഞ്ച് പവനും.! ചിന്തകള്‍ക്ക്അവിധി നല്‍കി വിനയന്‍ ഡ്രസ്സ് മാറി.ലൈഫ് ജായ്ക്കറ്റും ഹെല്‍മറ്റും ധരിച്ച് ലിഫിറ്റില്‍കയറി ഇരുപതാമത്തെ നിലയിലേക്ക്.കോണ്‍ക്രീറ്റിംങ്ങ് മിക്സ്‌റില്‍ നിന്ന് കോണ്‍ക്രീറ്റ്വന്നു വീഴുന്നുണ്ടായിരുന്നു.സ്വപ്‌ന ഭൂമിയില്‍ വിനയന്‍ വീണ്ടും തന്റെ ജോലി ആരംഭിച്ചു.ഒരു ലക്ഷം രൂപയും ഇരുപത്തഞ്ച് പവനും എന്ന സ്വപ്നത്തിനു വേണ്ടി......
: :: ::