Monday, April 28, 2014

കുളിസീൻ പെണ്ണിന് കല്യാണം

നൂറാമത്തെ പെണ്ണുകാണൽ ആണ്. ഇതെങ്കിലും നടന്നാൽ മതി. ഇപ്പോൾ തന്നെ ഭാരത് റിക്കോർഡ് കമ്മറ്റിക്കാർ അവാർഡ് സർട്ടിഫിക്കറ്റുമായി പുറകെ നടക്കുകയാണ്.- ഏറ്റവും കൂടുതൽ പെണ്ണുകാണൽ നടത്തിയതിനുള്ള അവാർഡ്. ഇംഗ്ലണ്ടിലെ  യൂണിവേഴ്സിറ്റി ഓഫ് ഉഡായിപ്പ് റിക്കോർഡ് ബഹുമാനസൂചകമായി ഡോക്ടറേറ്റ് തരട്ടേ തരട്ടേ എന്ന് ചോദിക്കുന്നു. ഇവന്മാരെക്കൊണ്ട് തോറ്റു. ഏതായാലും ഇതോടെ പെണ്ണുകാണൽ നിർത്തണം....

വലതുകാൽ വെച്ചു തന്നെ കാറിൽകയറി. വലതുകാൽ വെച്ച് ഡ്രൈംവിംങ് സീറ്റിൽ കയറാന്‍ പറ്റാത്തതുകൊണ്ട് കൂട്ടുകാരനെ  ആദ്യം തന്നെ കാറിൽ ഡ്രൈവറായി ഇരുത്തി. 

കാറിൽ കയറി ഇരുന്നു. ഡോർ അടച്ചു. കൂട്ടുകാരൻ വണ്ടി സ്റ്റാർട്ട് ആക്കിയതും ..

"ഠോ!!!..ശും..ശും..ശും...."

"വെടി തീർന്നന്നാ തോന്നുന്നത് .." കൂട്ടുകാരൻ.

"ശുഭലക്ഷണമാ... ഈ കല്യാണം നടക്കും..."

"എന്തോന്ന് ശുഭലക്ഷണം?"

"അല്ല.. ഈ വെടി... കണ്ടിട്ട് ഇറങ്ങിയാൽ കാര്യം നടക്കുമെന്ന്...."

"ആ വെടിയല്ല ഈ വെടി... ഇത് വണ്ടിയുടെ ടയറിന്റെ വെടിയാ തീർന്നത്..." കൂട്ടുകാരൻ.

"ഏതായാലും ഇതും ഒരു വെടിയാണല്ലോ..."

"ശരി..ശരി.. നീ ഇറങ്ങി ടയർ മാറിയിട്.." കൂട്ടുകാരൻ.

"ഞാനോ...ഞാൻ പെണ്ണുകാണാനായി ഇറങ്ങിയതല്ലേ... ഒന്നരമണിക്കൂർ മേക്കപ്പ് ചെയ്തിറന്ങിയതാ..ടയറൊക്കെ മാറിയിട്ടാൽ അതെല്ലാം പോകും. എന്റെ ഗ്ലാമർ പോയാൽ..."

"പിന്നാരു ടയറുമാറും?."

"അതേ, കൂട്ടുകാരാ നീ തന്നെ മാറിയിട്..."

"എന്നെക്കൊണ്ട് പറ്റില്ല..."

"ഒന്നുമല്ലങ്കിൽ പത്തമ്പതുപെണ്ണുങളെ കാണാൻ നീ എന്റെ കൂടെ വന്നതല്ലേ? അവിടെ നിന്നെല്ലാം ഇഷ്ടം പോലെ വെട്ടിവിഴുങ്ങിയതല്ലേ? പോരാത്തതിനു അതിലൊരു പെണ്ണിനെ നീ കെട്ടിയുമില്ലേ?.എന്റെ കൂടെ പെണ്ണുകാണാൻ വന്ന് വന്ന് നിനക്കൊരു ജീവിതം ആയില്ലേ?തക്കടുകളായ രണ്ട് കുഞ്ഞുങ്ങളുടെ അപ്പനുമായില്ലേ?" കൂട്ടൂകാരന്റെ വീക്പോയിന്റ് നോക്കി അടിച്ച ഡയലോഗിൽ ടയർമാറാൻ അവൻ സമ്മതിച്ചു. പത്തുമിനിട്ടുകൊണ്ട് ടയർ മാറി, പെണ്ണിന്റെ വീട് ലക്ഷ്യമാക്കി കാർ കുതിച്ചു.

************************
പെണ്ണിന്റെ വീടിനു മുന്നിൽ വണ്ടി നിന്നു.

"എടാ ഇതു തന്നെയാണോ വീട്. വീടിനുമുന്നിലൂടെ നാലുവരി പാതയാ എന്നൊക്കെയാണല്ലോ വീട്ടിലേക്കുള്ള വഴി പറഞ്ഞുതന്ന പെണ്ണിന്റെ അമ്മാവൻ പറഞ്ഞത്. ഇതിപ്പോ ഒരു വണ്ടിക്ക് തന്നെ കഷ്ടിച്ച് പോകാനുള്ള വീതിയേ ഉള്ളല്ലോ?" ചെറുക്കൻ

"പെണ്ണിന്റെയമ്മാവൻ ഗുജറാത്തീന്ന് വന്നതായിരിക്കുമടാ...നമ്മളു പത്തുപതിനഞ്ചു പേരോട് അഡ്രസു ചോദിച്ച് ചോദിച്ചാണല്ലോ വന്നത് അതുകൊണ്ട് വീടൊന്നും തെറ്റിയിട്ടില്ലന്ന് ഉറപ്പ്" കൂട്ടുകാരൻ.

ചെറുക്കനും കൂട്ടുകാരനും വണ്ടിയിൽ നിന്ന് ഇറങ്ങിയ ഉടനെ വീട്ടിൽ നിന്ന് രണ്ട് പേർ ഇറങ്ങിവന്നു. 

"വരണം.. വരണം... ഞാൻ പെണ്ണിന്റെ അമ്മാവൻ. ഇത് പെണ്ണിന്റെ അപ്പൻ". രണ്ട് പേരിൽ ഒരാൾ പരിചയപ്പെടുത്തി. 

"ഞാൻ വഴിയൊക്കെ ശരിക്ക് പറഞ്ഞുതന്നതുകൊണ്ട് വഴി ആരോടും ചോദിക്കാതെ തന്നെ ഇങ്ങ് എത്തിക്കാണും അല്ലേ?" അമ്മാവൻ.

"അതെയതെ..." കൂട്ടൂകാരൻ.

"നമുക്കിനി അകത്തേക്ക് കയറി സംസാരിക്കാം...." പെണ്ണിന്റെ അപ്പൻ.

അകത്തുകയറി ഇരുന്നു.

ഇരുന്ന ഉടനെ ഒരു സ്ത്രി തണുത്ത വെള്ളവുമായി വന്നു. 

"ഇത് എന്റെ അനുജത്തിയായതുകൊണ്ട് പറയുകയല്ല ഇതാണ് പെണ്ണിന്റെ അമ്മ." അമ്മാവൻ.

ഈ അമ്മാവൻ ഇപ്പോ എന്തുവാ ഈ പറഞ്ഞത്? ഇയാളു എന്തുവാ ഉദ്ദേശിച്ചത്? ഇയാളിനി സാഹിത്യകാരനങ്ങാണം ആയിരിക്കുമോ? ചെറുക്കനും കൂട്ടുകാരനും മുഖത്തോട് മുഖം നോക്കി. 

ഗ്ലാസ് ടീപ്പോയുടെപുറത്ത് വെച്ചിട്ട് പെണ്ണിന്റെ അമ്മ പോയി.

"വെള്ളം എടുത്ത് കുടിക്ക്" പെണ്ണിന്റെ അപ്പൻ.

വെള്ളം മാത്രമേയുള്ളോ? കഴിക്കാനൊന്നും ഇല്ലേ എന്ന് ചോദ്യ രൂപത്തിൽ കൂട്ടുകാരൻ ചെറുക്കനെ നോക്കി. 

"തണുത്ത വെള്ളം കുടിച്ചിട്ട് വേണം നമുക്ക് ചായ കുടിക്കാൻ..." അമ്മാവൻ. 

"ചായയൊക്കെ പെണ്ണ് കൊണ്ടുവരും അളിയാ...ഇപ്പം തണുത്ത വെള്ളം കുടിക്കട്ടെ" പെണ്ണിന്റെ അപ്പൻ.

ചെറുക്കനും കൂട്ടുകാരനും തണുത്ത വെള്ളം കുടിക്കാനായി ചുണ്ടിനോട് അടുപ്പിച്ചതും അമ്മാവന്റെ ശബ്ദ്ദം.

"ഈ ഐസിട്ട വെള്ളമൊന്നും നമ്മൾ കുടിക്കരുത്. ഈ ഐസിനകത്ത് അമോണിയ ഒക്കെ ഉണ്ടന്നാ എല്ലാവരും പറയുന്നത്"

ഠിം!!!

ചെറുക്കനും കൂട്ടൂകാരനും ഗ്ലാസ് ടീപ്പോയിൽ തിരികെ വെച്ചു.

"അല്ല നിങ്ങളു കുടിക്ക്... അമോണിയ ഇട്ട ഐസ് മീനിൽ ഇടുന്നതല്ലേ.. ഇത് ഇവിടിത്തെ പുതിയ വേൾപൂളിൽ വെച്ച് ഉണ്ടാക്കിയ ഐസാ" വീണ്ടും അമ്മാവൻ.

ചെറുക്കനും കൂട്ടുകാരനും കുറച്ച് വെള്ളം കുടിച്ചിട്ട് ഗ്ലാസ് തിരികെ വെച്ചു.

"ഇനി നമുക്ക് പെണ്ണിനെ വിളിക്കാം. അവർക്ക് ചോദിക്കാനും പറയാനും ഒക്കെ ഉണ്ടാവും..." അമ്മാവൻ.

"അവരു നേരിട്ട് കണ്ടിട്ടില്ലന്നേ ഉള്ളൂ അളിയാ. അവരു മാട്രിമോണിയൽ സൈറ്റ് വഴി ചാറ്റൊക്കെ ചെയ്തിട്ടൂണ്ട്..." പെണ്ണിന്റെ അപ്പൻ.

"പെണ്ണു കാണുന്നതിനു മുമ്പ് അതൊക്കെ കഴിഞ്ഞോ? ഇതാ പറയുന്നത് ഇന്നത്തെ പിള്ളാർക്ക് ഒന്നും പിടിച്ചു നിൽക്കാനുള്ള മനസക്തി ഇല്ലന്ന്. വളയുന്ന കമ്പ് കണ്ടാലുടനെ അങ്ങ് പിടിച്ച് ഒടിച്ചു കളയും.." വീണ്ടും അമ്മാവൻ ആർക്കും മനസിലാകാത്ത ഭാഷയിൽ.

"അളിയാ.. അവർ ഇന്റെർനെറ്റിലൂടെ ചാറ്റ്ചെയ്തിട്ടുണ്ടന്ന്.ചാറ്റ്ചെയ്യുക എന്നുവെച്ചാൽ അങ്ങോട്ടും ഇങ്ങോട്ടൂം ഓരോന്നോരോന്ന് ടൈപ്പ് ചെയ്ത് കാര്യങ്ങൾ മനസിലാക്കിയിട്ടൂണ്ടന്ന്" പെണ്ണിന്റെ അപ്പൻ.

"ഹൊ അങ്ങനെ..." അമ്മാവൻ.

"മോന്റെ ഫോണിൽ ഇന്റെർനെറ്റ് കണക്ഷനൊക്കെ ഉണ്ടോ?" അമ്മാവന്റെ ചോദ്യം ചെറുക്കനോട്.

ചെറുക്കൻ തലയാട്ടി.

"അപ്പോ ഞങ്ങടെ മോടെ കുളിസീൻ മോൻ കണ്ടിട്ടുണ്ടാവണമല്ലോ??" അമ്മാവൻ.

ചെറുക്കനും കൂട്ടുകാരനും മുഖത്തോടു മുഖം നോക്കി. പെണ്ണ് ഇങ്ങനെയുള്ളവളായിരുന്നോ? 

"അഞ്ചാറുലക്ഷം പേരു അവളുടെ കുളിസീൻ കണ്ടിട്ടുണ്ടന്നാ നാട്ടിലെല്ലാവരും പറയുന്നത്. മൂന്നാലുലക്ഷം ലൈക്കും ഒരു ലക്ഷത്തോളം ഷെയറും കിട്ടിയിട്ടുണ്ടന്നാ മോളുതന്നെ പറയുന്നത്... സത്യം പറ മോൻ കുളിസീൻ കണ്ടിട്ടുണ്ടോ? " അമ്മാവൻ.

"അല്ല.. അതിപ്പോ... നമ്മളിങ്ങനെ സെർച്ച് ചെയ്ത് കിട്ടുന്ന കുളിസീൻ കാണുമെന്നല്ലാതെ അതാരുടെയാണന്ന് അറിയാൻ പറ്റത്തില്ലല്ലോ?". അന്തം വിട്ടിരിക്കുന്ന ചെറുക്കനെ സഹായിക്കാൻ കൂട്ടുകാരനെത്തി.

"അതു ശരിയാ.. കുളിസീൻ കാണുമ്പോൾ അറിയത്തില്ലല്ലോ കുളിസീനിലെ പെണ്ണിനെ മോനു കെട്ടേണ്ടി വരുമെന്ന്" അമ്മാവൻ.

"എടാ... ഈ അമ്മാവൻ നിങ്ങടെ കല്യാണവും ഉറപ്പിച്ച് കെട്ടും നടത്തി ശാന്തിമുഹൂർത്തവും കഴിഞ്ഞേ വിടത്തുള്ളടാ" കൂട്ടുകാരൻ ചെറുക്കനോട് രഹസ്യമായിട്ട് പറഞ്ഞു.

"എങ്ങനാടാ ഒന്നു മുങ്ങുന്നത്?" ചെറുക്കൻ കൂട്ടൂകാരനോട്.

"മുങ്ങാനോ? ചായയും പലഹാരവും കഴിക്കാതെ ഞാനിവിടിന്ന് എഴുന്നേൽക്കില്ല" കൂട്ടൂകാരൻ.

"പുരകത്തുമ്പോൾ വാഴ വെട്ടരുത്..." ചെറുക്കൻ.

"കക്ഷത്തിലുള്ളത് കളഞ്ഞാലേ ഉത്തരത്തിലുള്ളത് എടുക്കാൻ പറ്റൂ..." കൂട്ടൂകാരൻ

"അങ്ങനൊരു പഴഞ്ചൊല്ലില്ല..." ചെറുക്കൻ.

"എന്നാ ഇപ്പം ഉണ്ടായ പഴഞ്ചൊല്ലാ.. ടയറിന്റെ വെടി തീർന്നത് ശുഭലക്ഷണമാണന്ന് നീ പറഞ്ഞപ്പോൾ ഞാനിത്രയും കരുതിയില്ലടാ.." കൂട്ടൂകാരൻ.

"ശവത്തിൽ കുത്താതടാ..." ചെറുക്കൻ.

"എന്താ രണ്ടുപേരും കൂടി ഒരു രഹസ്യം പറയൽ... പെണ്ണിനെ വിളിക്കാൻ പറയുകയായിരിക്കും...." പെണ്ണിന്റെയപ്പൻ. ചെറുക്കനും കൂട്ടുകാരനും രഹസ്യം പറച്ചിൽ നിർത്തി.

"ഹേയ് അതൊന്നും അല്ല പറഞ്ഞത്...." കൂട്ടൂകാരൻ.

"നമുക്ക് പെണ്ണിനെ വിളിക്കാം..." പെണ്ണിന്റെയപ്പൻ.

ചെറുക്കനും കൂട്ടുകാരനും തലയാട്ടി..

"മോളേ....." പെണ്ണിന്റെയപ്പൻ വിളിച്ചു...

ചായയും കൊണ്ട് പെണ്ണ് വരുന്നതും കാത്ത് ചെറുക്കനും കൂട്ടുകാരനും എത്തി.

ആദ്യം വന്നത് മിക്ച്ചറുമായി ഒരു സ്ത്രി.

"ഇതെന്റെ ഭാര്യ...പെണ്ണിന്റെ അമ്മാവി" പെണ്ണിന്റെ അമ്മാവൻ.

ലഡുവും ജിലേബിയുമായി മറ്റൊരു സ്ത്രി.

"ഇത് അളിയന്റെ അനുജത്തി. അതായത് പെണ്ണിന്റെ ആന്റി." അമ്മവന്റെ വോയ്സ്ഓവർ.

പക്കാവടയും കുഴലപ്പവുമായി മറ്റൊരു പെൺകുട്ടി.

"ഇത് പെണ്ണിന്റെ അപ്പന്റെ അനുജന്റെ ഭാര്യ" അമ്മാവന്റെ വോയ്സ് ഓവർ.

ടീപ്പോയിൽ പലഹാരങ്ങൾ നിറഞ്ഞിട്ടും,ഒരു വാർഡ് മീറ്റിമ്ങിനുള്ള പെണ്ണുങ്ങൾ വന്നു പോയിട്ടും പെണ്ണുകാണാനുള്ള പെണ്ണു ചായയുമായി എത്തിയില്ല. പലഹാരങ്ങൾ കൊണ്ട് വരുന്നവരുടെ മുഖത്തേക്കും ടീപ്പോയിലെ പലഹാരത്തിലേക്കും നോക്കി നോക്കി ചെറുക്കന്റെയും കൂട്ടുകാരന്റെയും കഴുത്ത് വേദനിച്ചു തുടങ്ങി.

"എടാ പെണ്ണ് ന്യൂജനറേഷൻ സിനിമയുടെ ആരാധികയായിരിക്കും. സ്ലോമോഷനിൽ അടുക്കളയിൽ നിന്ന് ഇങ്ങ് നടന്നെത്താൻ കുറച്ച് സമയം എടുക്കുമായിരിക്കും..." കൂട്ടുകാരൻ ചെറുക്കനോട് പറഞ്ഞു.

പലഹാരങ്ങളുടെ വരവ് നിലച്ചു. ന്യൂജനറേഷൻ സിനിമയിലെ നായകനെപ്പോലെ സ്ലോമോഷനിൽ വാതിക്കലേക്ക് പെണ്ണ് പ്രത്യക്ഷപ്പെട്ടു. കൈയ്യിലെ ട്രേയിൽ മൂന്നാലു ചായക്കപ്പുകൾ. അവൾ മന്ദം മന്ദം മന്ദമാരുറ്റഹ്നെപ്പോലെ സ്ലോമോഷനിൽ  ചായക്കപ്പുമായി വന്നു മുന്നിൽ നിൽക്കുന്നത് ചെറുക്കൻ അറിഞ്ഞു.

"ഈശ്വരാ... ഇത്രയും സുന്ദരിയായ ഈ പെൺകൊച്ചിനെ കുളിസീനിന്റെ പേരിൽ എങ്ങനയാ തള്ളിക്കളയുന്നത്? ഇവടെ കുളിസീൻ എടുത്ത് ഇന്റെർനെറ്റിൽ ഇട്ടത് ഏത് കാലമാടനാണങ്കിലും അവനെ പത്തു ന്യൂജനറേഷൻ സിനിമ അടുപ്പിച്ച് കാണിച്ച് ഭ്രാന്തനാക്കണേ..." ചെറുക്കൻ പ്രാർത്ഥിച്ചു.

"ചായ" പെണ്ണ് മന്ത്രിച്ചു.

പെണ്ണ ചെറുക്കന് ചായ എടുത്തുകൊടുത്തു. 

കൂട്ടൂകാരൻ ട്രേയിൽ നിന്ന് ചായ എടുക്കുന്നതിനു മുമ്പ് അമ്മാവൻ വന്ന് ചായ എടുത്ത് കൂട്ടുകാരനു കൊടുത്തു.

ഠിം!!! 
കാലമാടൻ!! കൂട്ടുകാരൻ മനസിൽ പറഞ്ഞു

അമ്മാവാ,കീപ്പിറ്റപ്പേ !!! ചെറുക്കൻ മനസിൽ പറഞ്ഞു.

ചായ കൊടുത്തിട്ട് പെണ്ണ് മാറി നിന്നു. 

പെണ്ണിനെ നോക്കണോ ചായ കുടിക്കണോ പലഹാരം കഴിക്കനോ എന്നുള്ള കൺഫ്യൂഷൻ ചെറുക്കനുണ്ടായിരുന്നെങ്കിലും ചായകുടിച്ച് പലഹാരം കഴിക്കുക എന്നുള്ള ലക്ഷ്യം മാത്രം ഉണ്ടായിരുന്നതുകൊണ്ട് പെണ്ണിന്റെ അമ്മാവനും ചെറുക്കന്റെ കൂട്ടുകാരനും കൺഫ്യൂഷൻ ഇല്ലായിരുന്നതുകൊണ്ട് പലഹാരപാത്രങ്ങൾ കാലിയാകുന്നത് കണ്ട് പെണ്ണിന്റെ അപ്പന്റെ കണ്ണ് ഇടയ്ക്കിടയ്ക്ക് തള്ളി തള്ളി മുന്നോട്ട് വന്നത് ആരും കാണാതെ തള്ളിവന്ന കണ്ണ് കുത്തി കുത്തി പൂർവ്വസ്ഥിതിയിൽ ആക്കിവെച്ചു.

തന്റെ അളിയനെക്കുറിച്ച് ചെറുക്കനെന്ത് തോന്നും എന്ന് പെണ്ണിന്റെയപ്പനും തന്റെ കൂട്ടുകരനെക്കുറിച്ച് പെണ്ണിന്റെയപ്പനു എന്തു തോന്നും എന്ന് ചെറുക്കനും വേവലാതിപ്പെട്ടു.

"എന്നാ പിന്നെ പെറുക്കനും ചെണ്ണിനും എന്തെങ്കിലും പണ്ടാനും പദിക്കാനും ചോറയാനും ഉണ്ടങ്കിൽ മുറിയിലോട്ട് പോട്ട്..." വായിൽക്കിടക്കുന്ന അവലോസുണ്ടയെ വിരലുക്കൊണ്ട് കുത്തി ഒരുവശത്തേക്കാക്കി അമ്മാവൻ കല്പിച്ചു.

ഠിം!! ചെറുക്കനും പെണ്ണിന്റെ അപ്പനും ഞെട്ടി. ഇങ്ങേരിത് എന്തുവാ പറഞ്ഞത്.

കൂട്ടുകാരന്റെ കോൺസണ്ട്രേഷൻ പലഹാരപത്രത്തിൽ ആയതുകൊണ്ട് അവൻ ഞെട്ടിയില്ല.

"അളിയനിത് എന്തുവാ പറഞ്ഞത്?" പെണ്ണീന്റെ അപ്പൻ.

"അളിയാ ചെറുക്കനും പെണ്ണനും എന്തെങ്കിലും ചോദിക്കാനും പറയാനും ഉണ്ടങ്കിൽ മുറിയിലോട്ട് പോട്ടേയെന്ന്.." അമ്മാവൻ...

"എന്നാ നിങ്ങളു സംസാരിക്ക്..." പെണ്ണിന്റെയപ്പൻ.

പെണ്ണ് വാതിക്കൽ നിന്ന് അപ്രത്യക്ഷയായി. 

"മോൻ ചെന്നാട്ട്" പെണ്ണിന്റെയപ്പൻ ചെറുക്കനോട് പറഞ്ഞു.  

*****************************
പെണ്ണിന്റെ മുറിയിൽ ചെറുക്കനും പെണ്ണും തമ്മിലുള്ള മുഖാമുഖം.

ചെറുക്കനു പെണ്ണിനെ ഇഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. പക്ഷേ കല്യാണം കഴിഞ്ഞിട്ട് ആരെങ്കിലും ഇവളുടെ കുളിസീൻ കണ്ടിട്ട് അതൊക്കെ പറഞ്ഞോണ്ട് നടന്നാൽ....

"ചേട്ടനു എന്നെ ഇഷ്ടമായോ?" പെണ്ണ്.

"ഹും!!.." അവൻ പറഞ്ഞു.

"ഞാനൊരു കാര്യം ചോദിച്ചോട്ടെ.... സത്യമേ പറയാവൂ"  പെണ്ണ്.

"ഞാൻ സത്യം മാത്രമേ പറയൂ. എന്നെ ഞങ്ങടെ നാട്ടിലുള്ളവരെല്ലാം സത്യശീലാ എന്ന് വിളിക്കുന്നത്?" ചെറുക്കൻ.

"ചേട്ടന്റെ അച്ഛന്റെ പേര് ശീലനെന്നാ??? നൈസ് നെയിം!!!"

ഠിം!!!!

"സത്യം മാത്രം പറയുന്നതുകൊണ്ട് എല്ലാവരും ബഹുമാനത്തോടെ വിളിക്കുന്ന പേറാ സത്യശീലനെന്ന്..  എന്താ ചോദിക്കാനുള്ളത്" ചെറുക്കൻ

"ചേട്ടനെന്റെ കുളിസീൻ കണ്ടിട്ടുണ്ടോ??" പെണ്ണ്.

ഠിം!!! 
പെണ്ണുകാണാൻ വന്ന ചെറുക്കനോട് പെണ്ണ് ചോദിക്കുന്ന ചോദ്യം... 
എങ്ങനെ സത്യം പറയും....

പത്തുനൂറ് കുളിസീൻ കണ്ടതിൽ കുട്ടിയുടെ മുഖം ഓർക്കുന്നില്ലന്ന് എങ്ങനെ പറയും... ഇനിയങ്ങാണം താൻ കുളിസീൻ കാണുന്ന വീഡിയോ ഏതെങ്കിലും തെണ്ടി വീഡിയോ എടുത്ത് ഇവരെ കാണിച്ചിട്ടുണ്ടാവുമോ?? പെണ്ണിന്റെ അമ്മാവന്റെ സംസാരത്തിൽ ആകെ ഒരു സ്പെല്ലിമ്ങ് മിസ്റ്റേക്ക് ഉണ്ട്. ഞാൻ കുളിസീൻ കണ്ടിട്ടില്ല എന്ന് പറയുമ്പോൾ ഐഡിയാക്കാരന്റെ പരസ്യത്തിലെ പോലെ ഇവള്‍ താൻ കുളിസീൻ കാണുന്ന വീഡിയ കാണിച്ചിട്ട് വാട്ട് ആൻ ഐഡിയ സർജി എന്ന് പറയാനായിരിക്കുമോ?? 
ശ്ശോ!! 
ടയറിന്റെ വെടി തീർന്നപ്പോഴേ ഇറങ്ങാതിരുന്നാൽ മതിയായിരുന്നു....

"ചേട്ടനെന്താ ആലോചിക്കുന്നത്??  പെണ്ണ്..

"ഞാനിങ്ങനെ കുളിസീനെക്കുറിച്ച് ഓർക്കുവായിരുന്നു..." ചെറുക്കൻ.

"ശരിക്കു പറഞ്ഞാൽ ഒരുമണിക്കൂറുണ്ടായിരുന്നു ആ കുളിസീൻ..." പെണ്ണ്.

"ഒരു മണിക്കൂറോ? അപ്പോ ഇത് കുളിമാത്രം ആയിരിക്കില്ല". ചെറുക്കന്റെ ആത്മഗദം. ഒരു ഗദം കൂടി വന്നായിരുന്നെങ്കിൽ ആത്മഗദം ഗദ്ഗദം ആയേനെ!!

"എഡിറ്റ് ചെയ്ത് മുക്കാൽ മണിക്കൂറാക്കിയതാ യുട്യൂബിലുള്ളത്...." പെണ്ണ്.

"അല്ല.. അത്.. കുളിസീൻ... മണിക്കൂർ..." ചെറുക്കൻ.

"ഞങ്ങടെ കമ്പനിയിലുള്ളവരെല്ലാം കൂടി നിർമ്മിച്ചതാ... മികച്ച ഷോർട്ട് ഫിലിമിനുള്ള അവാർഡും നടിക്കുള്ള അവാർഡും കിട്ടൂമെന്നാ എല്ലാവരും പറയുന്നത്. എന്റെ അഭിനയം കലക്കനാണത്രെ!!!" പെണ്ണ്

ഹൊ!!! കുളിസീൻ ഷോർട്ട് ഫിലിമാണത്രെ!! 
ഇവന്മാർക്ക് നല്ലപേരൊക്കെ ഇട്ടുകൂടെ...

"കല്യാണം കഴിഞ്ഞിട്ട് ഞാൻ അഭിനയിക്കുന്നതിൽ ചേട്ടനെന്തെങ്കിലും പ്രശ്നമുണ്ടോ?" പെൺകുട്ടി.

"ഹേയ് ഇല്ല..." ചെറുക്കൻ...

അഭിനയത്തെക്കുറിച്ചും സിനിമയെക്കുറിച്ചും സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ചെറുക്കനു കൂട്ടുകാരന്റെ ഫോൺ.

"എന്താടാ?" ചെറുക്കൻ

"എടാ എട്ടിന്റെ പണികിട്ടി?" കൂട്ടൂകാരൻ.

"നീ ഫുഡ് കഴിക്കുവല്ലേ?" ചെറുക്കൻ.

"അതെല്ലാം തീർത്തു. അത് കഴിഞ്ഞിട്ടാ പണി കിട്ടിയത്?" കൂട്ടൂകാരൻ.

"നീ ഇപ്പം എവിടയാ?" ചെറുക്കൻ.

"ഒരു സെക്കൻഡ്. നീ വാട്സ് ആപ്പ് നോക്കിക്കേ..." കൂട്ടുകാരൻ

വാട്സ് ആപ്പിൽ കൂട്ടുകാരന്റെ സെല്ഫി പിക്ച്ചർ.!! 
യൂറോപ്യൻ ക്ലോസറ്റിൽ തളർന്നിരിക്കുന്ന കൂട്ടൂകാരൻ.

വീണ്ടും ഫോൺ.
"എടാ ഞാനീ പറമ്പിലെ ബാത്ത് റൂമിലാ. പൈപ്പിൽ വെള്ളം ഇല്ലടാ... കുറച്ച് വെള്ളം കൊണ്ടുത്താടാ" കൂട്ടുകാരൻ.

"രണ്ടു മിനിട്ട് വെയ്റ്റ് ചെയ്യടാ" ചെറുക്കൻ.

"കുട്ടിക്ക് എന്നെ ഇഷ്ടമായോ?" ചെറുക്കൻ.

"ഹും!! അവൾ സന്തോഷത്തോടെ മൂളി.

"ഞാനൊരു ഫോട്ടോ എടുത്തോട്ടെ..." പെണ്ണ്.

ഈശ്വരാ പണി പാളിമോ? ഫോട്ടോ എടുത്തിട്ട് അരമണിക്കൂർ തന്നെ നോക്കി പേടിപ്പിച്ച് പീഡിപ്പിച്ച ആളന്നുള്ള അടിക്കുറിപ്പോടങ്ങാണം ഫോട്ടോ സോഷ്യൽനെറ്റ് വർക്കിംങ് സൈറ്റുകളിലങ്ങാണം ഇടുമോ? ഇക്കാലത്ത് ആരയും വിശ്വസിക്കാൻ പാടില്ലാത്തതാ... 

"എന്താ ആലോചിക്കുന്നത്?" പെൺകുട്ടി.

വരുന്നത് വരട്ടെ... 

"ഹേയ് ഒന്നുമില്ല.. ഫോട്ടോ എടുത്തോളൂ.." ചെറുക്കൻ.
പെണ്ണ് മൊബൈലിൽ ഫോട്ടോ എടുത്തു.

"ഫ്ലാഷ് മിന്നിയത് മൊബൈലിന്റെ ആണങ്കിലും ചേട്ടന്റെ മുഖം പതിഞ്ഞത് എന്റെ ഹൃദയത്തിലാ" പെൺകുട്ടി.

"ഹുഹുഹു!!!യാ...ഹൂ...!!!". ഒന്നിൽ പിഴച്ചാൽ നൂറിൽ തീരും...!!!  തുള്ളിച്ചാടൂന്ന മനസിനെ ചെറുക്കന്‍ അടക്കി നിർത്തി.

"ചോദിക്കാനും പറയാനുള്ളതെല്ലാം കഴിഞ്ഞോ?" പെണ്ണിന്റെ അമ്മ വാതിക്കൽ നിന്ന് ചോദിച്ചു.

"കഴിഞ്ഞു" മറുപിടി കോറസായാരുന്നു.

ചെറുക്കൻ വീണ്ടും ഹാളിൽ വന്നിരുന്നു. കൂട്ടുകാരനും അമ്മാവനും ഹാളിൽ ഇല്ല. പെണ്ണിന്റെ അപ്പൻ ഇരിപ്പുണ്ട്.

"കൂട്ടൂകാരനും അളിയനും മുറ്റത്തോട്ടിറങ്ങി..." പെണ്ണിന്റെ അപ്പൻ.

ഫോൺ ബെല്ലടിച്ചു. 
"എടാ പുല്ലേ... വെള്ളം കൊണ്ടുവാടാ കോപ്പേ..." കൂട്ടൂകാരൻ ഫോൺ കട്ട് ചെയ്തു.

ഇനി എങനയാ വെള്ളം ചോദിക്കൂന്നത്? 

"ഒന്ന് മുഖം കഴുകണമായിരുന്നു..." ചെറുക്കൻ.

"ദേ അവിടെ പൈപ്പ് ഉണ്ട്..." പെണ്ണിന്റെ അപ്പൻ കാണിച്ച് പൈപ്പിൽ മുഖം കഴുകി തിരിച്ചു വന്നു.

"ഈ പൈപ്പിൽ വെള്ളമുണ്ടായിട്ടൂം ലവൻ ഇരിക്കൂന്ന ബാത്ത് റൂമിൽ വെള്ളം ഇല്ലേ?" ചെറുക്കന് മനസിൽ ചോദിച്ചു.

വീണ്ടും ലവന്റെ ഫോൺ..

"എടാ ക%^₹#&## മോനെ വെള്ളം കൊണ്ട് വാടാ" കൂട്ടൂകാരൻ.

"കുടിക്കാനിച്ചിരി വെള്ളം വേണമായിരുന്നു.."ചെറുക്കൻ.

"തണുത്ത വെള്ളം മതിയോ?" പെണ്ണിന്റെ അപ്പൻ.

"ആ മതി... കുപ്പിയോടെ ആയിരുന്നെങ്കിൽ നന്നായിരുന്നു..." ചെറുക്കൻ.

"ഭയങ്കരെ ദാഹമാ അല്ലിയോ? കാലാവസ്ഥ അങ്ങനത്തെയല്ലിയോ ? എന്തോ ചൂടാ?" അപ്പൻ. ചെറുക്കൻ തലയാട്ടി.

"എടീ മോളേ തണുത്ത വെള്ളം ആ കുപ്പിയോടിങ്ങ് എടുത്തേ?" അപ്പൻ.

അകത്തുന്ന് പെൺകൊച്ച് ഒന്നരലിറ്ററിന്റെ പൊട്ടിക്കാത്ത സ്പ്രൈറ്റിന്റെ കുപ്പിയുമായി വന്നു.

ടിം!! 
സ്പ്രൈറ്റ്!!!

"കൂട്ടൂകാരനെ ഒന്ന് നോക്കട്ട് " ചെറുക്കൻ സ്പ്രൈറ്റ് കുപ്പിയുമായി മുറ്റത്തേക്കിറങ്ങി.

ഫോൺ എടുത്ത് കൂട്ടുകാരനെ വിളിച്ചു. കൂട്ടൂകാരൻ പറഞ്ഞ് മുറ്റത്തെ സൈഡിലൂടെ കൂട്ടൂകാരന്റെ അടുത്തെത്തി.

"എടാ... സ്പ്രൈറ്റാടാ കിട്ടിയത്" ചെറുക്കൻ.

"കിട്ടിയത് നീ ഇങ്ങ് താ... ഇത് വെച്ച് കഴുകിയാലെങ്ങാണം ഒട്ടിയിരിക്കുവാണങ്കിൽ ഒട്ടിയിരിക്കട്ട്..." കൂട്ടുകാരൻ

കൂട്ടുകാരൻ ബാത്ത് റൂമിൽ നിന്നിറങ്ങി വന്നു.

"എന്താടാ സംഭവിച്ചത്?" ചെറുക്കൻ.

"അതൊക്കെ പോകുന്ന വഴിയിൽ പറയാം... എത്രയും പെട്ടന്ന് പോകാൻ നോക്കാം..." കൂട്ടുകാരൻ. 

ചെറുക്കനും കൂട്ടുകാരനും വീണ്ടും വീടിനകത്തെത്തി.

"എവിടായിരുന്നു...?" ചെറുക്കന്റെയപ്പൻ.

"കാറ്റ് കളയാൻ.. അല്ലല്ല കാറ്റ് കൊള്ളാൻ മുറ്റത്തോട്ടിറങ്ങിയതാ" കൂട്ടുകാരൻ.

"അപ്പോ ഞങ്ങളു വീട്ടിൽ ചെന്നിട്ട് വീട്ടുകാരെ വിടാം.." ചെറുക്കൻ പറഞ്ഞു.

"നിങ്ങളിറങ്ങുവാണോ? അളിയനൊന്ന് വന്നൊട്ടേ.. അളിയൻ മുറ്റത്തെവിടയോ ഉണ്ട്..." അപ്പൻ.

"അമ്മാവനെ ഇനിയും കാണാൻ സമയം ഉണ്ടല്ലോ? ഞങ്ങളിപ്പോ ഇറങ്ങട്ട് .." കൂട്ടൂകാരൻ.

കണ്ണുകൊണ്ട് പോലും പെണ്ണിനോട് യാത്രപറയാൻ ചെറുക്കനു സമയം കൊടുക്കാതെ കൂട്ടുകാരൻ വണ്ടി വിട്ടു.

നിലവിളി ശബ്ദ്ദം ഇടാൻ ഇല്ലാത്തതുകൊണ്ട് ഹോൺ മുഴക്കി കാർ പാഞ്ഞു.

**********************************************

കല്യാണത്തിന്റെ തിരക്കൊഴിഞ്ഞു.

കല്യാണ രാത്രി. 

ഭക്ഷണം കഴിഞ്ഞ് മുറിയിൽ കയറിയ ചെറുക്കൻ പെണ്ണിനെ കാത്തിരുന്നു....

അവൾ വന്നു...

"ഞാനൊന്നു ദേഹം കഴുകിയിട്ട് വരാം.." നവവധു.

"ഞാൻ കുളിസീൻ കണ്ടോട്ടേ..." ശൃംഗാരചിരിയോടെ നവവരൻ നവവധുവിന്റെ അടുത്തേക്ക് ചെന്നു.

"പിന്നെന്താ" നവവധു

"ആദ്യരാത്രിയില്‍ ഭാര്യയുടെ കുളിസീൻ കാണുന്ന സൗത്ത് ഇന്ത്യയിലെ ഒരേയൊരു നവവരൻ!! വെല്‍ഡൺ മൈ ബോയ്" നവവരൻ സ്വയം അഭിനന്ദിച്ചു.

"ചേട്ടൻ മൊബൈലിൽ കാണ്. കണ്ടു തുടങ്ങുമ്പോഴേക്കും ഞാൻ ദേഹം കഴുകി വരാം..." നവവധു.

ആദ്യരാത്രിയിൽ ഭാര്യ അഭിനയിച്ച ഷോർട്ട്ഫിലിം കാണുന്ന ഭർത്താവിനെ സ്വന്തമാക്കിയ സൗത്ത് ഇന്ത്യയിലെ ഒരേയൊരു നവവധു!! വെല്‍ഡൺ മൈ ഗേൾ" നവവധു സ്വയം അഭിനന്ദിച്ചു.

ഠിം!!! 
നവവരൻ മൊബൈലിൽ തോണ്ടി ഇരുന്നു. 

ബാത്ത് റൂമിൽ ഷവറിന്റെ ശബ്ദ്ദം നിലയ്ക്കുന്നതും അവൻ അറിഞ്ഞു. അവൾ ബാത്ത്രൂമിന്റെ കതക് തുറന്ന് വന്നു.
കണ്ണാടിയുടെ മുന്നിൽ വന്ന് മുടി ചീകുന്ന അവളോട് അവൻ ചോദിച്ചു.

"എന്തിനാ മുടി ചീകി സമയം കളയുന്നത്. വന്ന് കിടക്കൂ..." 

"ചത്ത് കിടന്നാലും ചമഞ്ഞ് കിടക്കണമെന്നല്ലേ?" അവൾ

"ഹാഹഹ്ഹഹ !!! തമാശ... തമാശ...." അവൻ.

അവളൊന്ന് ചിരിച്ചു...

"തലമുടി ചീകൽ നിർത്തി വന്നില്ലങ്കിൽ നായികയുടെ കൂടെ ക്യാമറ കുളത്തിൽ  ചാടിയതുപോലെ ഞാൻ ക്യാമറയുമായി അങ്ങോട്ട് ചാടി വരും" അവൻ.

"എന്നാ പിന്നെ ചാടിയിങ്ങ് വാ..." അവൾ.

അവൾ തലമുടി ചീകുന്നത് കട്ടിലിന്റെ മറുവശത്താണ്. പിന്നീടൊന്നും അവൻ ആലോചിച്ചില്ല. റ്റാനും സൈനും കോസും ഒക്കെ മനസിൽ ഇട്ടൊരു കാൽക്കുലേഷൻ നടത്തി ഒരൊറ്റ ചാട്ടം.!!

പക്ഷേ ചാട്ടം പിഴച്ചു. ആവേശത്തിന്റെ വേഗത കൊണ്ട് ദൂരത്തേക്ക് എത്താനുള്ള ചാട്ടം പിഴച്ചു. ഒബ്ജകറ്റിനെയും കടന്ന് സബ്ജകറ്റ് നിലം പതിച്ചു.

ധിം!!!

റ്റാനിന്റെയും കോസിന്റെയും സൈനിന്റെയും കൂടെ ഒട്ടിനിന്ന വട്ടത്തിലുള്ള 'തീറ്റ' ഒന്ന് തെന്നി മാറി.

നടൂവിടിച്ച് വീണ വേദനയിൽ അവൻ അവളെ നോക്കി. അവൾ ചിരിച്ചു.

"ഇങ്ങനെയാണ് ക്യാമറയുമായി കുളത്തിൽ ചാടുന്നത്.." അവൻ പറഞ്ഞു.

"എന്താ മോളേ ഒരു ശബ്ദ്ദം കേട്ടത്? എന്തോ വീണത് പോലേ..." കതകിനപ്പുറത്തു നിന്ന് അമ്മയുടെ ശബ്ദ്ദമാണ്. കൂടെ അമ്മാവിയും അമ്മാവനും അച്ഛനും ഒക്കെ ഉണ്ടന്ന് തോന്നുന്നു.

"ഒന്നുമില്ലമ്മേ...ക്യാമറയുമായി കുളത്തിൽ ചാടുന്നത് ചേട്ടൻ കാണിച്ചതാ..." പെണ്ണ്.

"മോളേ നിന്റെ ചേട്ടനോട് പറ, ക്യാമറ സൂം ചെയ്തുകൊണ്ടാ  കുളത്തിലോട്ട് ചാടിവീണതെങ്കിൽ ലെൻസ് പൊട്ടിയിട്ടൂണ്ടോന്ന് ഒന്ന് നോക്കാൻ..." അമ്മാവൻ!!!

ഠിം!!! 
അമ്മാവനെ കൈയ്യിൽ കിട്ടിയാൽ കഴുത്തിനൊരു ഞെക്കു കൊടുക്കാമായിരുന്നു.. നവവരൻ മനസിൽ പറഞ്ഞു.

ശാസ്ത്രം ജയിച്ചു...(ചാട്ടം പിഴച്ചു)... മനുഷ്യൻ തോറ്റു(ചാടി) വീണു.!!!

"വേദനയുണ്ടോ ചേട്ടാ...ഞാൻ തിരുമ്മി തരാം" നവവധു.

ആദ്യരാത്രിയിൽ ഭാര്യയെകൊണ്ട് നടുതിരുമിപ്പിച്ച ആദ്യത്തെ ഭർത്താവ്.....

അവൾ അവന്റെ നടുവു തിരുമ്മികൊടുക്കുമ്പോഴാണ് വാതിക്കൽ വീണ്ടൂം മുട്ട് കേട്ടത്.

"ആരാ ?" അവൾ ചോദിച്ചു.

"മോളേ അമ്മാവനാ. മരുമോനോട് പറഞ്ഞേക്ക് ഇനി രണ്ട് മൂന്നു ദിവസത്തേക്ക് ക്യാമറയുമായി എങ്ങോട്ടൂം ചാടെണ്ടാ എന്ന്.... ഹഹഹഹഹ!!!"

അമ്മവനിട്ടൊരു ചവിട്ട് കൊടുക്കണമെന്ന് തോന്നിയെങ്കിലും നടുവും കാലും തമ്മിലുള്ള ഇപ്പോഴത്തെ ബന്ധംവച്ച് നോക്കിയാൽ തനിക്ക് വീണ്ടും പണികിട്ടും എന്നുള്ള വിവേകം തലയിൽ തെളിഞ്ഞതുകൊണ്ട് അനങ്ങാതെ കിടക്കാം. നവവരൻ ചിന്തിച്ചു.

അല്ലങ്കിലും വികാരം കൊണ്ട് പോയ വിവേകം അവിവേകം ആണല്ലോ!!!

അങ്ങനെ ആദ്യരാത്രി ഇങ്ങനെയായി....

ആദ്യരാത്രി സുഖമുള്ളവേദന നിറഞ്ഞതായിരിക്കുമെന്ന് പറഞ്ഞു കേട്ടത് സത്യം തന്നെയാണല്ലേ???? എന്നാലും ഇത്രയും വേദനയുണ്ടാവുമെന്ന് കരുതിയില്ല.

ഇനിയുള്ള രാത്രികളിൽ എന്തെല്ലാം വേദനകളാണാവോ കാത്തിരിക്കുന്നത്....
: :: ::