Thursday, January 14, 2010

ചക്ക ജീവിതം 3

ബെല്ലടിച്ചു കാത്തുനില്‍ക്കുമ്പോള്‍ മനസിനകത്ത് ഒരായിരം ചിന്തകളുടെ യുദ്ധം നടക്കുകയായിരുന്നു. താന്‍ എന്തിന് ഒരു ഹിജഡയുടെ ജീവിതം തേടിഇറങ്ങി? ഈ ഫ്ലാറ്റിനുള്ളില്‍ ഒരു പക്ഷേ അവളെക്കൂടാതെ മാറ്റരെങ്കിലും ഉണ്ടങ്കിലോ? ഒരു പക്ഷേ ഇതവളുടെ ഗുരുബായിയുടെ വീടാണാങ്കില്‍ ഇവിടെ കുറേ ഹിജഡകള്‍ ഉണ്ടാവും. അവരുടെ ഇടയില്‍ താനെങ്ങനെ സ്വീകരിക്കപ്പെടുമെന്നുള്ള ചിന്തയിലായിരുന്നു ഷാജിന്‍. തിരിച്ചു പോയാലോ എന്നു ചിന്തിച്ചു എങ്കിലും ഈ തെരുവില്‍ നിന്ന് മാറ്റാരുടെയെങ്കിലും സഹായമില്ലാതെ പുറത്തുകടക്കാന്‍ കഴിയില്ലന്ന് ഉറപ്പായിരുന്നു. തമിഴും ഹിന്ദിയും തെലുങ്കും മലയാളവും ഒക്കെ ഇടകലര്‍ന്ന ഭാഷയിലുള്ള സംസാരം തെരുവില്‍ നിന്ന് കേള്‍ക്കാമായിരുന്നു. താന്‍ നില്‍ക്കുന്ന ഫ്ലാറ്റിനു എതിരെയുള്ള കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ നില്‍ക്കുന്ന അര്‍ദ്ധനഗ്നകളായ പെണ്‍കുട്ടികളെയും അവരുടെ കൈയ്യാട്ടലുകളും കണ്ടില്ലന്ന് നടിച്ച് ഒരിക്കല്‍ കൂടി ഡോര്‍ബെല്ലില്‍ വിരലമര്‍ത്തി. അകത്ത് നിന്ന് ആരോ വാതിക്കലേക്ക് നടന്നടുക്കുന്ന ശബ്ദ്ദം കേള്‍ക്കാം. വാതില്‍ തുറന്നത് അവള്‍.


ഷാജിന്‍ അകത്ത് കയറിയ ഉടനെ അവള്‍ ഒരു ചുവന്ന പട്ടുതുണി എടുത്ത് വാതിലിനു പുറത്തെ കൊളുത്തില്‍ തൂക്കി. അവളുടെ ചലനങ്ങള്‍ ശ്രദ്ധയോടെ നോക്കുകയായിരുന്നു അവന്‍.

“എന്തിനാണ് തുണി അവിടെ തൂക്കുന്നത്?” അവന്‍ ചോദിച്ചു.

“നമ്മളെ ആരും ശല്യപ്പെടുത്താതിരിക്കാന്‍...” അവള്‍ പറഞ്ഞു.

അവന്‍ അവിടെ ആകെയൊന്ന് നോക്കി. ചെറിയ രണ്ട് മുറികളും ഒരു അടുക്കളയും ഒരു വാരന്തയും ഉള്ള ഫ്ലാറ്റായിരുന്നു അത്. അവര്‍ നില്‍ക്കുന്ന ഹാളില്‍ നിന്നു തന്നെയായിരുന്നു മുറികളിലേക്കും അടുക്കളയിലേക്കും ഉള്ള വാതില്‍. ഹാളില്‍ ഇട്ടിരിക്കുന്ന കസേരകളില്‍ ഒന്നില്‍ കൂട്ടി ഇട്ടിരിക്കുന്ന തുണികളൊക്കെ മാറ്റി അവനിരിക്കാനായി അവള്‍ നീക്കിയിട്ടു. അലങ്കോലമായി കിടക്കുന്ന മുറികളില്‍ അവന്റെ ശ്രദ്ധപതിഞ്ഞു എന്നു തോന്നിയപ്പോഴായിരിക്കണം അവള്‍ പറഞ്ഞു.

“മുറികളൊക്കെ നാശമായി കിടക്കുകയാണ്. വെളുപ്പിനെ വന്നതേയുള്ളു. ഇനി എല്ലാം ശരിക്കാക്കി വെക്കണമെങ്കില്‍ ഒരു സമയം എടുക്കും. ഇവിടെ വരുന്നവര്‍ക്ക് മുറികളിലെ കോലങ്ങള്‍ പ്രശ്നമല്ലാ ത്തതുകൊണ്ട് എപ്പോഴെങ്കിലും തോന്നുമ്പോള്‍ മുറി വൃത്തിയാക്കിയാല്‍ മതി”

“ഒറ്റയ്‌ക്കാണോ ഇവിടെ താമസം?” അവന്‍ ചോദിച്ചു.

“ഇപ്പോള്‍ ഒറ്റയ്ക്കാണ് ... ഇതെന്റെ ഗുരുബായിയുടെ വീടായിരുന്നു. അവര്‍ രണ്ടുമാസത്തിനുമുമ്പ് മരിച്ചു പോയി. അവര്‍ മരിക്കുന്നതിനുമുമ്പ് ഞങ്ങളിവിടെ എട്ടുപത്ത്പേരുണ്ടായിരുന്നു“

“ഗുരുബായി പ്രായമായി മരിക്കുകയായിരുന്നോ?” അവന്‍ ചോദിച്ചു

“അവര്‍ക്കധികം പ്രായമൊന്നും ഇല്ലായിരുന്നു. ഏറിയാല്‍ ഒരമ്പത്തഞ്ച് വയസുണ്ടാവും. കഴിഞ്ഞ ദീപാവലിക്ക് ലക്ഷ്‌മി പൂജാദിവസം ഞങ്ങളെല്ലാവരും കൂടി മലബാറിലെ ലക്ഷമീക്ഷേത്രത്തില്‍ പോയി വരുമ്പോള്‍ ട്രയിനില്‍ വച്ച് ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരാളെ ചില പിള്ളാര് കയറിപ്പിടിച്ചു. അതിലൊരുത്തന്റെ മുഖത്ത് ഗുരുബായി തല്ലി. ദാദറില്‍ ഇറങ്ങാനായി ഞങ്ങള്‍ ട്രയിനിന്റെവാതിക്കലേക്ക് നീങ്ങി. ഗുരുബായി വാതിക്കല്‍ എത്തിയപ്പോള്‍ ആ പിള്ളാരില്‍ ഒരുത്തന്‍ വന്ന് തള്ളിയിട്ടു. ട്രയിനിന്റെ കീഴിലേക്കാണവര്‍ വീണത്.രണ്ടു കാലും ഒരു കൈയ്യും മുറിച്ച് ഒരു മാസത്തിലേറെ ആശുപത്രിയില്‍ കിടന്നു. പിന്നിവിടെ കൊണ്ടുവന്നു. ഒത്തിരിവേദന സഹിച്ച് അവര്‍ വേദനയില്ലാത്ത ലോകത്തേക്ക് പറന്നു പോയപ്പോള്‍ ഏറ്റവും അധികം സന്തോഷിച്ചത് ഞാനായിരുന്നു. കിടന്ന് വേദന സഹിച്ച് നരകിക്കുന്നതിലും നല്ലത് മരണമായിരുന്നു. അവരുടെ മരണത്തിനു ശേഷം മനസുതുറന്ന് ഒരാളോട് സംസാരിക്കുന്നത് ഇയാളോടാണ് ....” അവളുടെ കണ്ണുകളില്‍ നിറഞ്ഞ് നിന്ന കണ്ണുനീര്‍തുള്ളികള്‍ താഴേക്ക് വീഴാതെ അവള്‍ കൈകൊണ്ട് തുടച്ചു.

“കേസൊന്നും ഉണ്ടായിരുന്നില്ലേ?” അവന്‍ ചോദിച്ചു.

“ഞങ്ങള്‍ക്കു‌വേണ്ടി സാക്ഷി പറയാന്‍ ആരെങ്കിലും കോടതിയില്‍ വരുമോ? “ അവളുടെ ചോദ്യത്തിനുമുന്നില്‍ അവന് ഉത്തരമില്ലായിരുന്നു.


“ഇവിടെയുണ്ടായിരുന്ന മറ്റുള്ളവരൊക്കെ എവിടെപ്പോയി?” അവന്‍ ചോദിച്ചു.


“ഗുരുബായിയുടെ മരണത്തിനുമുമ്പേ അവരിവിടെ നിന്ന് പോയി. അവരെല്ലാം സ്വന്തം കാര്യം നോകി പോയി എന്നൊന്നും പറയാന്‍ പറ്റില്ല. അവരുടെ ജീവിതം നിലനിര്‍ത്താന്‍ വേണ്ടി അവര്‍ പോയി എന്നുമാത്രം. എനിക്ക് എന്റെ ഗുരുബായിയെ ഉപേക്ഷിച്ചു പോകാന്‍ തോന്നിയില്ല. പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ് ജയ്ന്തി ജനതയിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ വിശന്ന് തളര്‍ന്നുകിടന്ന എന്നെ മുംബൈ സെന്‍‌ട്രല്‍ റയില്‍‌വേസ്റ്റേഷനില്‍ വിളിച്ചുണര്‍ത്തി വയറുനിറച്ച് ആഹാരംവാങ്ങിത്തന്ന് സ്വന്തം മകളയോ മകനയോപ്പോലെയോ എന്നെ കരുതിയെ അവരെ ഞാനെങ്ങനെ ഉപേക്ഷിക്കും. ആദ്യമൊക്കെ ഭാഷപോലും ഞങ്ങള്‍ക്ക് അന്യമായിരുന്നു. അന്നൊക്കെ അവര്‍ എനിക്ക് വേണ്ടി എന്തെല്ലാം കഷ്ടങ്ങള്‍ സഹിച്ചു. എന്റെ അമ്മയെപ്പോലെ ഭക്ഷണം വിളമ്പിതന്നത് മറന്ന് അവരെ എനിക്ക് ഉപേക്ഷിക്കാന്‍ കഴിയില്ലായിരുന്നു... “ അവള്‍ കരയുകയായിരുന്നു.


അവളുടെ കഴിഞ്ഞ കാലത്തിലേക്ക് കടക്കാന്‍ അവള്‍ തന്നെ ഒരു വാതില്‍ തുറന്നു തന്നിരിക്കുന്നു. സ്വന്തം അമ്മയെയും ഗുരുബായിയെയും ഒരുപോലെ ഇവള്‍ കാണുന്നു.


“ഇപ്പോഴും അമ്മയെ ഓര്‍ക്കാറുണ്ടോ ? “ അവന്‍ അവളുടെ മുഖത്തേക്ക് നോക്കിയാണ് ചോദിച്ചത്. അവള്‍ അടുക്കളയിലേക്കുള്ള വാതിലില്‍ ചാരി നില്‍ക്കുകയായിരുന്നു.


“ജന്മം നല്‍കിയ അമ്മയെ ആര്‍ക്കെങ്കിലും മറക്കാന്‍ പറ്റുമോ? ആ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്ന് അമ്മയില്‍ നിന്നുള്ള ആഹാരം കൊണ്ടല്ലേ ഞാനെന്നെ ഭ്രൂണം വളര്‍ന്നത്. ജനിച്ചുവീണ എന്റെ വായിലേക്ക് മുലപ്പാല്‍ നല്‍കുമ്പോള്‍ ആ അമ്മ എന്ത് മാത്രം സന്തോഷിച്ചിട്ടുണ്ടാവും? വിശന്ന് കരയുമ്പോള്‍ അമ്മയുടെ മാറില്‍ പതിയെ മുഖം അമര്‍ത്തി വിശപ്പടക്കിയില്ലേ? മുട്ടിലിഴഞ്ഞ് നടക്കുമ്പോഴും പിച്ച വയ്ക്കുമ്പോഴും ഒരു കാവല്‍ മാലാഖയെപ്പോലെ അമ്മ എന്നെ വീഴാതെ സംരക്ഷിച്ചില്ലേ? കാക്കയുടേയും കുറുക്കന്റെയും കഥകള്‍ പറഞ്ഞ് ചോറുരളകള്‍ വായിലേക്ക് വച്ചുതന്ന അമ്മയെ ഏതെങ്കിലും മക്കള്‍ക്ക് മറക്കാന്‍ പറ്റുമോ? പക്ഷേ ഞാന്‍ അമ്മയെ മറന്നു..... എനിക്ക് അന്ന് അമ്മയെ മറക്കണമായിരുന്നു... അമ്മയെ മറന്ന് അമ്മയുടെ കണ്ണീരില്‍ നിന്ന് ഓടിയൊളിക്കാന്‍ ... ആര്‍ക്കും വേണ്ടാതായ എന്റെ ജീവിതം അവസാനിപ്പിക്കാന്‍ പാഞ്ഞുവരുന്ന ട്രയിനിന്റെ മുന്നില്‍ ജീവിതം അവസാനിപ്പിക്കാനായി ഇറങ്ങിവനായിരുന്നു ഞാന്‍ ... പക്ഷേ ഞാനിന്നും ജീവിക്കുന്നു. ഒരു പക്ഷേ എന്റെ അമ്മയുടെ കണ്ണീരായിരിക്കാം എന്റെ ജീവന്റെ ബലം.... ഞാനിപ്പോഴും എന്റെ അമ്മയെ കാണാറുണ്ട്... എന്റെ സ്വപ്നങ്ങളില്‍ ... ഞാനുറങ്ങുന്നതുതന്നെ എന്റെ അമ്മയെ സ്വപ്നം കാണാനാണ്... ഞാനുറങ്ങുമ്പോള്‍ അമ്മ എന്റെ വരികില്‍ വന്ന് എന്റെ തലയില്‍ തഴുകി അമ്മയ്ക്ക് മാത്രം അറിയാവുന്ന പാട്ടുപാടി എന്നെ ഉറക്കും..... അമ്മപാടിയ പാട്ട് ഞാനിപ്പോഴും ഓര്‍ത്തെടുക്കാന്‍ ശ്രമിക്കും....

വാ കുരുവീ... വരൂ കുരുവീ ...

വാഴക്കൈയ്‌മേല്‍ ഇരു കുരുവീ...

നാരുതരാം ചകിരി തരാം ...

കൂടുണ്ടാക്കാന്‍ കൂടെ വരാം....

ചൂടല്ലേ വെയിലല്ലേ ...

തണലില്‍‌ഇരുപ്പതു സുഖമല്ലേ .....
അമ്മയുടെ പാട്ടിന്റെ താളം ഇപ്പോഴും എന്റെ മനസിലുണ്ട്... ഇടയ്ക്കെപ്പോഴോ ശ്രുതിപോയ ആ പാട്ട് ... ഉറക്കം വന്ന് കണ്ണുകള്‍ അടയുമ്പോള്‍ ഞാനമ്മയെ തൊടാ നായി കൈകള്‍ നീട്ടും.. അപ്പോഴേക്കും അമ്മ മഞ്ഞ് പോലെ എവിടയോ അലിഞ്ഞുപോകും...ഗുരുബായി ഉള്ളപ്പോള്‍ അമ്മയെസ്വപ്നം കണ്ട് ഉണര്‍ന്ന് ഉറങ്ങാതെ കരഞ്ഞ് കിടക്കുമ്പോള്‍ ഉറക്ക ത്തിലെന്നോ ഞാന്‍ പാടിയത് കേട്ട് മനസിലാക്കിയ പാട്ട് ഗുരുബായി എനിക്ക് പാടിത്തരും... “ ഉള്ളിലെ തേങ്ങലുകള്‍ പിടിച്ചു നിര്‍ത്താനാവാതെ അവള്‍ പൊട്ടിക്കരഞ്ഞു.


അമ്മയുടെ ഓര്‍മ്മകള്‍ ഇന്നും അവളുടെ മനസില്‍ മായാതെ നില്‍ക്കുന്നുണ്ട്. ജന്മം നല്‍കിയ അമ്മയെ വളര്‍ത്തമ്മയില്‍ കണ്ടെങ്കിലും അവരുടെ മരണം ഇവളില്‍ എത്ര വലിയ ഒരു ശൂന്യതയാണ് വരുത്തിയിരിക്കുന്നത്. ഉള്ളിലെ സങ്കടകടലില്‍ ഉയര്‍ന്നടിക്കുന്ന തിരമാലകള്‍ ശാന്തമാക്കി മുഖത്ത് ചായം തേച്ച് കണ്ണെഴുതി കൈകള്‍ അടിച്ച് കൈനീട്ടുന്ന ഇവരുടെ മുന്നില്‍ ഇട്ടുകൊടുക്കുന്ന നാണയത്തുട്ടുകള്‍ ഇവരുടെ കൈകളില്‍ വീഴുമ്പൊള്‍ സ്വര്‍ണ്ണം‌പോലെ തിളങ്ങുമായിരിക്കാം. ഈശ്വരന്റെ അവതാരമായി കൈകള്‍ നിട്ടി ഇവര്‍ അനുഗ്രഹിക്കുമ്പോള്‍ ഇവരുടെ മനസില്‍ നിറയുന്നത് അച്ഛന്റെയോ അമ്മയുടയോ സഹോദരങ്ങളുടയോ മുഖമായിരിക്കാം. ..


പൊയ്‌തൊഴിയാന്‍ മടിക്കുന്ന മഴമേഘം പോലെ അവള്‍ പെയ്യുകയാണ്. ഇത്രയും കാലം മനസില്‍ അടക്കിപിടിച്ച ദുഃഖം സങ്കടമഴയായി പെയ്‌തൊഴികയാണോ? ഉള്ളിലൊളിപ്പിച്ച ഈ ദുഃഖങ്ങളുടെ മുകളിലാണ് രതിസുഖം തേടി എത്തുന്ന മനുഷ്യര്‍ നഗ്‌നരാവുന്നത്. അവളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ അവന്‍ പതറി. അവളുടെ സങ്കടങ്ങള്‍ പൊയ്തൊഴിയുന്നതുവരെ കാത്തു നില്‍ക്കാം. അവള്‍ ഏങ്ങലടിച്ചു കരയുകയാണ്.


അവന്‍ എഴുന്നേറ്റു അവളുടെ അടുത്തേക്ക് ചെന്നു. അവളുടെ കണ്ണീര്‍ തുടയ്ക്കാനായി അവന്‍ കൈ ഉയര്‍ത്തി.


അവന്‍ എഴുന്നേറ്റു അവളുടെ അടുത്തേക്ക് ചെന്നു. അവളുടെ കണ്ണീര്‍ തുടയ്ക്കാനായി അവന്‍ കൈ ഉയര്‍ത്തി. “ എല്ലാം ശരിയാകും... കാലത്തിന് മായ്ക്കാന്‍ പറ്റാത്ത വേദനകള്‍ ഈശ്വരന്‍ മനുഷ്യര്‍ക്കു നല്‍കുമോ?” അവന്‍ അവളുടെ കണ്ണീര്‍ തുടച്ചു. അവള്‍ അവന്റെ തോളിലേക്ക് ചാരി. അവളുടെ കരച്ചിലിന്റെ ശക്തി കുറഞ്ഞു. അവള്‍ തന്നെ അവന്റെ തോളില്‍ നിന്ന് മുഖം എടുത്തു. അവള്‍ അവന്റെ
മുഖത്തേക്ക് നോക്കി...


“എന്താ ഇങ്ങനെ നോക്കുന്നത് അവന്‍ ചോദിച്ചു?”


“ഞാന്‍... ഞാന്‍ ...” എന്തക്കയോ പറയാനായി അവള്‍ വാക്കുകള്‍ക്കായി കാത്തുനിന്നു. അതോ താന്‍ പറയാന്‍ പോകുന്നത് അവന് ഇഷ്ടമാവില്ലന്ന് കരുതി അവള്‍ പറയാതിരുന്നതോ?


“എന്താണങ്കിലും പറഞ്ഞാളൂ..” അവന്‍ പറഞ്ഞു.


“ഞാന്‍ ഷാജിനെ അച്ചാച്ചാ എന്ന് വിളിച്ചോട്ടേ..?” പറയാന്‍ പാടില്ലാത്ത എന്തോ പറഞ്ഞതുപോലെ അവള്‍ നിശബദ്ദയായി. അവനെന്ത് പറയമെന്ന് അവള്‍ക്കറിയില്ലായിരുന്നു. നിശ്‌ബദ്ദതയെ ഭേദിച്ചുകൊണ്ട് അവന്റെ ശബ്ദ്ദം മുഴങ്ങി.


“അച്ചാച്ചാ എന്ന് വിളിച്ചോളൂ.... അനുജത്തി ഇല്ലാത്ത എനിക്കൊരു അനുജത്തികുട്ടി...” അവന്‍ പറഞ്ഞു.


“ഷാജിനച്ചാച്ചന്‍ ...” അവള്‍ മന്ത്രിച്ചു. ഏങ്ങലടികളോടെ അവള്‍ വീണ്ടും അവന്റെ തോളിലേക്ക് ചാഞ്ഞു. ആ അനുജത്തിയുടെ ദുഃഖങ്ങള്‍ അവന്റെ കൂടെ ദുഃഖങ്ങള്‍ ആവുകയായിരുന്നു.


“ഞാനെന്താണ് ഈ അനുജത്തിയെ വിളിക്കേണ്ടത് ? മുമ്പ് ഞാന്‍ പേര് ചോദിച്ചപ്പോള്‍ എന്താണ് പറഞ്ഞിരുന്നതെന്ന് ഓര്‍മ്മയുണ്ടോ? ആണായി ജനിച്ചപ്പോഴത്തെ പേര് ഞാനൊരു പെണ്ണായപ്പോള്‍ എനിക്ക് നഷ്ടപെട്ടുപോയി എന്ന് . എന്ത് വിളിച്ചാലും ഞങ്ങള്‍ വിളികേള്‍ക്കും എന്ന് ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്... എന്നാലും; ഞാനെന്താണ് വിളിക്കേണ്ടത് ?? ” അവന്‍ ചോദിച്ചു..


“എന്തുവേണമെങ്കിലും വിളിച്ചു കൊള്ളൂ.....” അവള്‍ പറഞ്ഞു.


“അമ്മ എന്തായിരുന്നു വീട്ടില്‍ വിളിച്ചിരുന്നത് .... ? “ അവന്‍ ചോദിച്ചു.


അവളെ ഭൂതകാലത്തിലേക്ക് കൂട്ടികൊണ്ടുപോകാന്‍ അമ്മ എന്ന വാക്കിന് കഴിയുമെന്ന് അവനുറപ്പായിരുന്നു. അമ്മയെ അവള്‍ എത്രമാത്രം സ്നേഹിക്കുന്നുണ്ടന്ന് അവന് മനസിലായിരുന്നു . അമ്മ!! അവള്‍ തന്റെ ഭൂതകാലത്തിന്റെ ഓര്‍മ്മകളിലേക്ക് നടന്നു.....(തുടരും....)

Wednesday, January 6, 2010

ചക്ക ജീവിതം 2

ചക്ക പറഞ്ഞ ജീവിതം 1 ഇവിടെ വായിക്കാം


വസായ് വരെയും അവളുടെ ഫോണ്‍ കോളിനെക്കുറിച്ചാണ് ചിന്തിച്ചത്. എന്തു പറയാനായി രിക്കും അവള്‍ വിളിച്ചത് ? അവള്‍ ചോദിച്ചപ്പോള്‍ ഫോണ്‍ നമ്പര്‍ കൊടുക്കേണ്ടിയിരു ന്നില്ല. മുംബയില്‍ വന്നിട്ട് ആദ്യമായിട്ട് ഒരാള്‍ ഫോണ്‍ നമ്പര്‍ ചോദിച്ചപ്പോള്‍ കൊടുത്തതാ ണ്. അതിപ്പോള്‍ ഒരു കുരിശായി മാറുകയാണന്ന് തോന്നുന്നു. ഇനിയും കൂടുതല്‍ പണം ആവിശ്യപ്പെടാനായിരിക്കുമോ അവള്‍ വിളിക്കുന്നത് ? വസായില്‍ ട്രയിന്‍ ഇറങ്ങി ബസ്‌സ്റ്റാ ന്‍ഡിലൂടെ ഇറങ്ങി വസായ് മുന്‍‌സിപ്പാലിറ്റിയുടെ മുന്നിലെത്തി. റോഡിന്റെ എതിര്‍വശത്ത് ധാന്യങ്ങള്‍ വറുത്ത് വില്‍ക്കുന്ന കടയുടെ മുന്നില്‍ ഇന്ന് അസാധാരണമായ ആള്‍ക്കൂട്ടം ഉണ്ട് . ആളുകള്‍ വറുത്ത കടല വാങ്ങി പ്രാവുകള്‍ക്ക് ഇട്ടുകൊടുക്കുന്നു. ഓരോ നാട്ടിലേയും ആചാരങ്ങള്‍!!. അസാധാരണമായ ആള്‍ക്കൂട്ടം എന്താണന്ന് അന്വേഷിച്ച് ചെന്നപ്പോള്‍ ആണ് പ്രാവുകള്‍ക്ക് കടലകൊടുക്കുന്ന ഹിജഡകൂട്ടത്തെ കണ്ടത്. ആ ഹിജഡകൂട്ടത്തില്‍ അവളെ വ്യക്തമായി കണ്ടു. അവളും തന്നെ കണ്ടു കാണും. അവള്‍ തന്റെ അടുത്തേക്ക് വന്ന് സംസാരിച്ചാല്‍?? അവളോടൊത്ത് ആരെങ്കിലും കണ്ടാല്‍... .അവളെ ഒഴിവാക്കാ‍ന്‍ വേണ്ടി വേഗം അവിടെ നിന്ന് നടന്നു. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു.


പിറ്റേന്ന് ഫോണ്‍ ഓണ്‍‌ചെയ്തപ്പോള്‍ ‌മിസ്‌ഡ് കോള്‍ അലേര്‍ട്ടില്‍ ഒരേ നമ്പരില്‍ നിന്നുള്ള അഞ്ച് മിസ്‌ഡ് കോള്‍. അന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഇരിക്കുമ്പോള്‍ അവളുടെ ഫോണ്‍ കോള്‍.


“ഞാന്‍ വിളിക്കുമെന്ന് പേടിച്ച് ഇന്നലെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതാണല്ലേ...?” അവളുടെ ചോദ്യത്തിന് എന്ത് മറുപിടി പറയണമെന്ന് അലോചിക്കുമ്പോഴേക്കും അവളുടെ അടുത്ത ചോദ്യവും വന്നു കഴിഞ്ഞു.


“ഷാജിന് എന്നെ പേടിയാണല്ലേ...?” എന്റെ മറുപിടിക്കായി അവള്‍ കാത്തുനില്‍ക്കുക യാണന്ന് തോന്നി..


“അത്... അല്പം പേടിയുണ്ടന്ന് തന്നെ കരുതിക്കോളൂ..” ഞാന്‍ മറുപിടി നല്‍കി. ആ മറുപിടി അവള്‍ പ്രതീക്ഷിച്ചതാണന്ന് തോന്നുന്നു.


“പത്തുപന്ത്രണ്ട് കൊല്ലം മുമ്പ് എന്നെ കണ്ട് ഷാജിനിങ്ങനെ പേടിക്കേണ്ടിവരുമായി രുന്നില്ല ?”


“അതെന്താ?” ഞാന്‍ ചോദിച്ചു.


“അന്ന് ഞാനും നിങ്ങളെപ്പോലൊരു ആണായിരുന്നു...”. അവള്‍ പഴയകാലത്തിന്റെ ഓര്‍മ്മകളിലേക്ക് മടങ്ങിപോവുകയാണോ?


“ഹേയ് അതുകൊണ്ടന്നും അല്ല ഞാന്‍.... ഇന്നലെ റൂമില്‍ എത്തിയിട്ട് കുറേ ജോലിയുണ്ടാ യിരുന്നു...” അവളോടുള്ള ഭയം കൊണ്ടുതന്നെയാണ് ഞാനവളുടെ മുന്നില്‍ നിന്ന് ഒഴിവായത് എന്നുള്ള സത്യം വെളിപ്പെടുത്തുന്നതില്‍ എന്നിലെ ധൈര്യവാനായ ആണത്തം എന്നെ തടഞ്ഞു.


“കള്ളം പറയേണ്ട... ഞാന്‍ എത്രയോ ആളുകളെ കാണുന്നതാണ് ...പകലിന്റെ വെളിച്ചത്തില്‍ ഞങ്ങളെ പേടിക്കുന്നവരെ ഇരുട്ടിന്റെ മറവില്‍ ഞങ്ങളും ഭയക്കുന്നുണ്ട് ... “ അവള്‍ പറഞ്ഞതിന്റെ പൊരുള്‍ ശരിക്ക് മനസിലായില്ലങ്കിലും മൂളി കേട്ടതുമാത്രമേയുള്ളു.


“ഇന്നലെ വസായില്‍ എന്തായിരുന്നു... അവിടാണോ താമസിക്കുന്നത് ?” ചോദിച്ചു കഴിഞ്ഞിട്ടാണ് അങ്ങനെയൊരു ചോദ്യം ചോദിക്കേണ്ടിയിരുന്നില്ലന്ന് തോന്നിയത്. അവളും തന്നോട് താമസ സ്ഥലം ചോദിച്ചാല്‍ അത് പറയാതിരിക്കുന്നതെങ്ങനെ?


“ അവിടെഒരു ഡാന്‍‌സിനു വന്നതാ... ഒരു വയസന്‍ ഗുജറാത്തിക്ക് കുഞ്ഞ് ജനിച്ചു . അതിന്റെ ആഘോഷമായിരുന്നു ഇന്നലെ..”


“അപ്പോള്‍ ഡാന്‍സ് ഒക്കെ അറിയാമല്ലേ...?”


“ഒരു വേഷം കെട്ടിയാല്‍ ജീവിതാവസാനം വരെ അത് ആടാന്‍ വിധിക്കപെട്ടവരല്ലേ നമ്മള്‍ മനുഷ്യര്‍... ജീവിക്കാന്‍ വേണ്ടി ഞാനും ഒരു വേഷം എടുത്തണിഞ്ഞു. ഇനി മരണം വരെ ഈ വേഷം അഴിച്ചുകളയാന്‍ പറ്റില്ലല്ലേ?...”


അതിനും ഞാനൊന്നു മൂളിയതേ ഉള്ളു. അവളുടെ ഉള്ളില്‍ അലയടിക്കുന്ന സങ്കട സാഗര ത്തിന്റെ അലയടികള്‍ അവളുടെ വാക്കുകളിലൂടെ എനിക്ക് മനസിലാക്കാന്‍ കഴിയുന്നുണ്ടാ യിരുന്നു. ഇങ്ങനെയുള്ളവരോട് ആദ്യമായിട്ടാണ് സംസാരിക്കുന്നത് എന്നതുകൊണ്ട് എന്തു പറഞ്ഞാണ് അവളുടെ ഉള്ളിലെ വേവ് കുറയ്ക്കാന്‍ കഴിയുക എന്നറിയുകയില്ലായിരുന്നു. അതുകൊണ്ട് ചില സന്ദര്‍ഭങ്ങളില്‍ മൌനം അവലംബിച്ചു.


ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ സുഹൃത്തുക്കളായി മാറിയിരുന്നു. സുഹൃത്ത് എന്നതിനെ ക്കാള്‍ അവളെനിക്ക് നല്‍കിയത് ഒരു ജ്യേഷ്ഠന്റെ സ്ഥാനം ആയിരുന്നുവോ?. അല്ലങ്കില്‍ ദുഃഖങ്ങള്‍ പങ്കു‌വയ്ക്കാന്‍ പങ്കുവയ്ക്കാന്‍ മനസിലെ ഭാരങ്ങള്‍ ഇറക്കിവയ്ക്കാന്‍ പറ്റിയ ഒരാള്‍? അവളെനിക്ക് നല്‍കിയ സ്ഥാനം എന്താണന്ന് എനിക്കിപ്പോഴും അറിയില്ല. അവളെനി ക്കൊരു കൌതകമായിരുന്നു. ഇതുവരേയും നേരില്‍ കണ്ടിട്ടും സംസാരിക്കാതെ കടന്നു പോവുകയും ഫോണില്‍ക്കൂടി മണിക്കൂറുകളോണം സംസാരിക്കുകയും ചെയ്യുന്ന ഒരു വിചിത്ര ജീവതം നയിക്കുന്നവള്‍. അവളെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന് ഉണ്ടായിരുന്നു വെങ്കിലും അതിനുള്ള ഒരവസരത്തിനായി കാത്തിരിക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. അവളൊരു മലയാളിയാണന്നും എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബയിലെത്തിയതാണന്നും മാത്രമേ അവളില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞിരുന്നുള്ളു. ഒരു പേക്കിനാവുപോലെ അവള്‍ മറക്കാന്‍ ശ്രമിക്കുന്ന ഭൂതകാലത്തിന്റെ എരിഞ്ഞിടങ്ങിയ ഓര്‍മ്മകളുടെ ചാരത്തിനിടയില്‍ കെടാതെ കിടക്കുന്ന ഒരു തീപ്പൊരി അവളുടെ ഉള്ളില്‍ ഉണ്ടാവും. വീണ്ടും അതിനെ ഊതിക്കത്തിക്കേണ്ട എന്നു കരുതിയാണ് അവളുടെ ഭൂതകാലം ചികയാതിരുന്നത്. ഫോണ്‍ ചെയ്യുമ്പോള്‍ നാടിനെക്കുറിച്ചോ വീടിനേക്കുറിച്ചോ എന്തെങ്കി ലും ചോദിച്ചാല്‍ ഫോണ്‍ കട്ട് ചെയ്തിട്ട് കുറച്ചു കഴിഞ്ഞിട്ട് അവള്‍ വീണ്ടും വിളിക്കും. അവള്‍ ഒരിക്കല്‍ പോലും തന്റെ പേര് പറഞ്ഞില്ല. രണ്ടുമൂന്നുവട്ടം ഞാനവളോട് പേര് ചോദിച്ച താണ്.


“ആണായി ജനിച്ചപ്പോഴത്തെ പേര് ഞാനൊരു പെണ്ണായപ്പോള്‍ എനിക്ക് നഷ്ടപെട്ടു പോയി. ഇപ്പോഴെനിക്കൊരു പേരില്ല. പലരും പല പേരുകള്‍ വിളിക്കും. ഇരുട്ടിന്റെ അരണ്ട വെളിച്ചത്തില്‍ നിറയുന്ന വൈന്‍ ഗ്ലാസികളോടപ്പം വികാരം ലഹരിയായി പതയുമ്പോള്‍ അവരെന്നെ സ്വപ്ന സുന്ദരിയെന്ന് വിളിച്ച് എന്റെ മാറിലെ സ്ത്രിയെ ഞെരിച്ചുടച്ച് അരക്കെട്ടിലെ പുരുഷനെ വേദനപ്പിക്കും. അവരുടെ കാമം നിറയുന്ന കണ്ണുകള്‍ക്കു മുന്നില്‍നൃത്തം ആടുമ്പോള്‍ അവരെന്നെ അപസര്സ് എന്ന് വിളിക്കും..രാത്രിയുടെ അരണ്ട വെളിച്ചം പകലിന്റെ പ്രകാശമായി മാറുമ്പൊള്‍ അവരെന്നെ രാക്ഷസിയെന്നും കൂത്തച്ചി എന്നും വിളിക്കും...അപ്പോഴും ഞാന്‍ വിളികേള്‍ക്കും .... എന്ത് വിളിച്ചാലും ഞങ്ങള്‍ വിളികേ ള്‍ക്കും.....” അവളുടെ മറുപിടി ഇങ്ങനെയായിരുന്നു. അവളുടെ മനസ് വേദനിപ്പിക്കേണ്ട എന്ന് കരുതി പിന്നീടിതുവരെയും ഞാനവളോട് പേര് ചോദിച്ചില്ല.


വസായ് റയില്‍‌വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്ന നടപ്പാലത്തില്‍ നിന്ന് സ്റ്റേഷനിലെ വൈകുന്നേരത്തെ തിരക്ക് കണ്ടു നില്‍ക്കുകയായിരുന്നു ഞാന്‍. ഇത്രയും ആളുകള്‍ വസായില്‍ ഉണ്ടോ? പലതരത്തിലുള്ള വേഷക്കാരും ഭാഷക്കാരും മുന്നിലൂടെ കടന്നുപോകുമ്പോള്‍ അവരെ ശ്രദ്ധിച്ചു നില്‍ക്കുമ്പോള്‍ സമയം പോകുന്നത് അറിയില്ല. സന്ധ്യ കഴിയുമ്പോള്‍ റൂമില്‍ ചെന്നുകയറുന്നതാണ് നല്ലത്. തിരക്കുകളിടിയില്‍ സമയം കൊല്ലുമ്പോള്‍ അവളുടെ കോള്‍.


“ഞാന്‍ നാട്ടില്‍ പോവുകയാണ് ...”


“കേരളത്തിലേക്കോ?” ഞാന്‍ ചോദിച്ചു.


“പത്തുവര്‍ഷങ്ങള്‍ക്കു ശേഷം ഒരു മടങ്ങിപ്പോക്ക് .... “ അവള്‍ പറഞ്ഞു.


“വീട്ടിലേക്കാണോ പോകുന്നത് ?” ഞാന്‍ ചോദിച്ചു.


“അല്ല... അവിടെനിക്കാരാണുള്ളത് ? ബന്ധങ്ങളും ബന്ധങ്ങളുടെബന്ധനങ്ങളും പൊട്ടിച്ചെറിയാന്‍ എന്നെ നിര്‍ബന്ധിച്ചവരാണവിടെയുള്ളത് ... പരിഹാസത്തിന്റെ കൈപ്പേറിയ വീഞ്ഞ് എനിക്ക് പകര്‍ന്നുതന്നനാട്ടുകാരെ ഞാനെന്തിന് കാണണം ?...”


“പിന്നെന്തിനാണ് പോകുന്നത് ?”


“ഒരാള്‍ക്ക് എസ്‌കോര്‍ട്ട് പോവുകയാണ്. ഹൌസ് ബോട്ടില്‍ ആലപ്പുഴയുടെ ഭംഗി നുകരാന്‍ പൊകുന്ന അവര്‍ക്ക് രാത്രിയുടെ തണുപ്പില്‍ അവരുടെ ശരീരത്തെ ചൂടാക്കാന്‍ ഞാന്‍ കൂടെ ചെല്ലണമെന്ന് അവര്‍ക്ക് നിര്‍ബന്ധം... നാലുരാത്രികള്‍ക് അറുപതിനായിരം രൂപയാണ് എനിക്ക് വിലയിട്ടിരിക്കുന്നത് ....”


“ആര്‍ക്കാണ് എസ്‌കോര്‍ട്ട് ?”


“അത് നമുക്കറിയേണ്ട കാര്യമില്ലല്ലോ? ഇത്തരം ഇടപാടുകളില്‍ വേട്ടക്കാരന് ഇഷ്ടമുള്ള ഇരയെ തിരഞ്ഞെടുക്കാം. ഇരയുടെ വേട്ടക്കാരന് ഇഷ്ടപെടണമെന്ന് മാത്രം.. പക്ഷെ എന്നെ ഇഷ്ടപെട്ടിരിക്കുന്നത് ഒരു വേട്ടക്കാരിയാണ് ...” അവളുടെ പതിഞ്ഞ ചിരി എന്റെ ചെവിക്കുള്ളില്‍ മുഴങ്ങി.

“ എപ്പോഴാണ് പോകുന്നത് ? “


“ഞാനിപ്പോള്‍ വിലേ പാര്‍ലെ സ്റ്റേഷനില്‍ നില്‍ക്കുവാണ്.. പത്തുമണിക്കത്തെ നെടുമ്പാശേരി ഫ്ലൈറ്റിന് ടിക്കറ്റെടുത്തു എന്നാണ് പറഞ്ഞത്..”


“നാട്ടില്‍ ചെന്നിട്ട് വീട്ടുലുള്ളവരെ ഒന്നു കാണാന്‍ ശ്രമിച്ചു കൂടെ? അച്ഛനെയെങ്കിലും ഒന്നു കണ്ടുകൂടെ.. ഞാന്‍ വേണമെങ്കില്‍ അതിനുള്ള സഹായങ്ങള്‍ ചെയ്തുതരാം.. നാടുവിട്ട മകന്‍ മരിച്ചിട്ടില്ലന്ന് അറിയുമ്പോള്‍ അച്ഛനെങ്കിലും സന്തോഷമാവില്ലേ?” അതിനുമറുപിടിയായി അവളുടെ ഒരു പരിഹാസച്ചിരിയാണിയാണ് കേട്ടത്.


“മാസാദ്യം അപ്പന്റെ അക്കൌണ്ടില്‍ കിട്ടികൊണ്ടിരിക്കുന്ന പണം കിട്ടുന്നടത്തോളം കാലം ഞാന്‍ ജീവനോടെതന്നെയുണ്ടന്ന് അച്ഛന് മനസിലാക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല.“.


ട്രയിനിന്റെ ചൂളം വിളികള്‍ക്കിടയില്‍ എന്റെ ശബ്ദ്ദം അലിഞ്ഞു ചേര്‍ന്നു. ഞാനെന്തെങ്കിലും തിരിച്ചു പറയുന്നതിനു മുമ്പ് അവള്‍ ഫോണ്‍ വെച്ചു കഴിഞ്ഞിരുന്നു. വീട്ടില്‍ നിന്ന് ഓടിപ്പോ രേണ്ടി വന്നു എങ്കിലും അവളിപ്പോഴും വീട്ടിലേക്ക് പണം അയക്കുന്നുണ്ട്. വീണ്ടും അവളിലെ ദുരൂഹതകള്‍ക്ക് ആഴം കൂടുകയാണ്. അവളിലെ അവനെ തിരിച്ചറിയാന്‍ അവള്‍ വരുന്നതു വരെ കാത്തിരിക്കുക തന്നെ. നാലു ദിവസത്തിനു ശേഷം അവള്‍ നാട്ടില്‍ നിന്ന് വന്ന് കഴിയുമ്പോള്‍ വിളിക്കാതിരിക്കില്ല. അവളുടെ വര്‍ത്തമാനകാലത്തിന്റെ പിന്നിലെ ഭൂതകാലം തനിക്കറിയണം. അവളെങ്ങനെ മും‌ബയില്‍ എത്തിയെന്ന് അറിയണം. ആണായി പിറന്നവന്‍ പെണ്ണായി ജീവിക്കേണ്ടി വരുന്ന രസതന്ത്രത്തിന്റെ പൊരുള്‍ തേടിയുള്ള യാത്ര ഇവളില്‍തന്നെ അവസാനിപ്പിക്കണം.


ഞായറാഴ്ച രാവിലെ ഉറക്കം ഉണര്‍ത്തിയത് ഫോണിന്റെ ബെല്ലടി ശബ്ദ്ദമാണ്. അവള്‍ തന്നെ. താനിന്ന് രാവിലെ തിരിച്ചെത്തിയന്ന് അവള്‍ പറഞ്ഞപ്പോള്‍ ഗൌരവത്തോടെ മൂളിയതെയുള്ളു.


“എന്താണ് ഒരു ഗൌരവം” അവള്‍ ചോദിച്ചു.


എനിക്ക് തന്നോട് കുറച്ച് കാര്യങ്ങള്‍ നേരില്‍ സംസാരിക്കാനുണ്ട്...“ ഞാന്‍ പറഞ്ഞു.


“എന്നോട് എന്ത് സംസാരിക്കാനാണ് ... ഫോണില്‍ കൂടി സംസാരിച്ചാല്‍ പോരേ? നിങ്ങളെപ്പോലെയുള്ള ഒരാള്‍ എന്നെപ്പോലുള്ള ഒരാളോട് സംസാരിച്ചിരിക്കുന്നത് മറ്റുള്ളവര്‍ കണ്ടാല്‍ ?” അവള്‍ പറഞ്ഞു നിര്‍ത്തി.


“തനിക്കെവിടെ വരാന്‍ പറ്റുമെന്ന് പറഞ്ഞാല്‍ മതി....” ഞാന്‍ പറഞ്ഞു.


“ഞാനങ്ങോട്ട് വന്നാലോ?” അവള്‍ ചോദിച്ചു. അതിലെ പരിഹാസം എനിക്ക് മനസിലാവുകയും ചെയ്തു.എന്റെ നിശബ്ദ്ദത തിരിച്ചറിഞ്ഞിട്ടായിരിക്കണം അവള്‍ തുടര്‍ന്നു... “ഇന്ന് ഉച്ചയ്ക്ക് ദാദറില്‍ വരാന്‍ പറ്റുമോ?”


“വരാം“ ഞാന്‍ പറഞ്ഞു.


“ദാദറില്‍ ഇറങ്ങിയിട്ട് എന്നെ വിളിച്ചാല്‍ മതി...”


ഉച്ചയ്ക്ക് ദാദറില്‍ റയില്‍‌വേ സ്റ്റേഷനില്‍ ചെന്നിറങ്ങിയിട്ട് അവളെ വിളിച്ചു. അവള്‍ പറഞ്ഞത് അനുസരിച്ച് ഒരു ഓട്ടോ പിടിച്ചു. ഫോണ്‍ കട്ട് ചെയ്യാതെ ഓട്ടോക്കാരന് കൊടുത്തു. അവള്‍ അയാള്‍ക്ക് വഴി പറഞ്ഞു കൊടുത്തു. ഇരുപതുമിനിട്ടോളം സഞ്ചരിച്ചതിനുശേഷം ഓട്ടോ ഒരു ചെറിയ പഴയ ഫ്ലാറ്റിനു മുന്നില്‍ നിന്നു. ഓട്ടോക്കാരന്‍ പണം വാങ്ങി തിരികെപോയി. വീണ്ടും അവളെ വിളിച്ചു. പന്ത്രണ്ടാമത്തെ ഫ്ലാറ്റിലേക്ക് ചെല്ലാന്‍ പറഞ്ഞു. അടര്‍ന്നു വീഴാന്‍ തുടങ്ങുന്ന മട്ടിലുള്ള കോണിപ്പടിയിലൂടെ പന്ത്രണ്ടാമത്തെ ഫാറ്റിലേക്ക് ഞാന്‍ നടന്നു. മൂന്നാമത്തെ നിലയിലെ പന്ത്രണ്ടാമത്തെ ഫ്ലാറ്റിനുമുമ്പില്‍ ഡോര്‍‌ബെല്‍ അടിച്ചു ഞാന്‍ കാത്തു നിന്നു.(തുടരും....)
: :: ::