Sunday, May 23, 2010

ബുസിലെ അനോണിയെ പ്രണയിച്ച ചിന്നമ്മ : 1

അങ്ങനെ പത്താം ക്ലസിലെ റിസല്‍ട്ട് വന്നു. പണ്ടൊക്കേ റിസല്‍ട്ട് നാട്ടില്‍ അറിയണ ങ്കില്‍ കുറഞ്ഞത് ഒരു ദിവസം എടുക്കുമായിരുന്നു. ഇപ്പോഴങ്ങനെയല്ലല്ലോ കഥ. മന്ത്രി അവിടെ പ്രഖ്യാപിക്കുമ്പോള്‍ ഇവിടൊന്ന് ഞെക്കിയാല്‍ മതി . റിസല്‍ട്ട് കൈയ്യില്‍ കിട്ടും. റിസല്‍ട്ട് വരുന്ന ദിവസമായിട്ടും പത്തുമണി കഴിഞ്ഞിട്ടും ചിന്നമ്മ കിടക്കപ്പായില്‍ നിന്ന് എഴുന്നേറ്റില്ല. അല്ലങ്കില്‍ തന്നെ തന്നെ ഇപ്പോള്‍ എഴുന്നേറ്റിട്ട് എന്നാ ചെയ്യാനാ. നാട്ടിലുള്ള കുട്ടപ്പന്റെ ഒറ്റമുറി ഇന്റ്ര്‌നെറ്റ് കഫേയിലെ പെന്റിയം ത്രി പ്രൊസ്സര്‍ കമ്പ്യൂട്ടര്‍ , ജനറേറ്റര്‍ പോലെ അലയ്ക്കുന്നതും കിതയ്ക്കുന്നതും രണ്ട് കിലോമീറ്റര്‍ ദൂരത്ത് വരെ കേള്‍ക്കാം. കുട്ടപ്പന്റെ കമ്പ്യൂട്ടര്‍ സെന്ററിനു മുന്നില്‍ ഷക്കീലാപടം റിലീസ് ചെയ്യുന്ന ദിവസത്തെ തിരക്ക്. കുട്ടപ്പനാണങ്കില്‍ സന്തോഷം വന്നിട്ട് ഇരിക്കാന്‍ വയ്യ. എല്ലാ ദിവസവും പരീക്ഷാഫലങ്ങള്‍ ഇന്റ്ര്‌നെറ്റ് വഴി വന്നായിരുന്നെങ്കില്‍ ഇപ്പോഴുള്ള ബ്രേക്കില്ലാ സൈക്കിള്‍ മാറ്റി ഒരു ലാമ്പി എടുക്കാമായിരുന്നു എന്ന് ചിന്തിച്ച് ആള്‍ക്കൂട്ടത്തിലെ ഓരോ മുഖവും സ്കാന്‍ ചെയ്ത് തന്റെ സ്കാനറിലേക്ക് കയറ്റി വിട്ടു. ആ കൂട്ടത്തില്‍ തന്റെ പ്രണയിനിയായ ചിന്നമ്മ ഇല്ല എന്ന നടുക്കുന്ന സത്യം അവന്‍ തിരഞ്ഞറിഞ്ഞപ്പോഴ്ക്കും വൈകിപ്പൊയിരുന്നു.

ചിന്നമ്മ കുട്ടപ്പന്റെ സ്വപ്നങ്ങളീലെ രാജകുമാരിയായിരുന്നു. ചിന്നമ്മ എന്ന രാജകുമാരി സ്വപ്നത്തില്‍ കടന്നു വരുമ്പോള്‍ അവളെ ശരിക്കൊന്നു കാണാനായി അവന്‍ കണ്ണ് പോലും തുറന്നു നോക്കും... പക്ഷേ അവള്‍ അപ്പോഴേക്കും കുന്നിലെവിടയോ പുകപോലെ അലിഞ്ഞു പോകും. കുട്ടപ്പന്റെ കമ്പ്യൂട്ടര്‍ സെന്റെറിന്റെ മുന്നിലൂടെ അവള്‍ നടന്നു പോകുമ്പോള്‍ കുട്ടപ്പന്റെ മദര്‍ബോര്‍ഡ് ചുടാവും. ആ ചൂടല്‍ കുറയ്ക്കാനായി അവളുടെ പുറകെ നടക്കുമ്പോള്‍ അവള്‍ ചൂടാവും. അതോടെ കുട്ടപ്പന്‍ ഹാങ്ങാവും. ആ ഹാങ്ങ് മാറനായി കുട്ടപ്പന്‍ വീണ്ടും സെന്റ്രറില്‍ വന്നിരുന്ന് വായി നോക്കും. ഇങ്ങനെ കുട്ടപ്പന്റെ പ്രണയം പച്ച പിടിക്കാതെ നില്‍ക്കുമ്പോഴാണ് പത്താം ക്ലാസിലെ റിസല്‍ട്ടിന്റെ വരവ്. അതെങ്കിലും അറിയാനായി ചിന്നമ്മ വരുമെന്ന് കരുതിയാണ് വാടകയ്ക്ക് എടുത്ത ജൂബയും ഇട്ട് രാവിലെ ഇറങ്ങിയത്. ചന്ദനത്തിന്റെ ഒരു കഷ്ണം പോലും കിട്ടാതെ വന്നപ്പോള്‍ പറമ്പിലെ വെള്ളക്ക അരച്ചാണ് നെറ്റിയില്‍ തേച്ചത്. എന്നിട്ടും അവള്‍ !!!!

പന്ത്രണ്ടുമണിയായപ്പോഴേക്കും പൂരം ഒഴിഞ്ഞ പൂരപ്പറമ്പായി കുട്ടപ്പന്റെ സെന്റ്ര്... ഇനി ഒരു മാനോ മാന്‍‌ജാതിയോ വരുമെന്ന് പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ല. സെന്റ്ര് പൂട്ടി കവലയില്‍ പോയി ചീട്ടുകളിക്കാന്‍ ഇരുന്നാലോ എന്നാലോചിച്ചെങ്കിലും ചിന്നമ്മ ആ വഴി ആടിനെ തീറ്റാന്‍ വന്നാല്‍ തന്റെ ഇമേജ് ടപ്പേന്ന് പൊട്ടിപ്പോകും എന്നുള്ളതുകൊണ്ട് സ്റ്റാര്‍ട്ട് മെനുവില്‍ ഞെക്കി ഗെയിംസില്‍ നിന്ന് Heart എടുത്തു. മണ്ടന്‍ കളിയാണങ്കിലും കുറച്ച് ചുവന്ന Heart കാണാം എന്നുള്ളതുകൊണ്ട് മാത്രമാണ് കുട്ടപ്പന്‍ Heart ല്‍ ഞെക്കിയത്. അതിലെ ഓരോ ചീട്ടിലും അവന്‍ ചിന്നമ്മയേയും അവളുടെ ഹൃദയവും കണ്ടു. അന്ന് വൈകിട്ട് ചിന്നമ്മയുടെ അമ്മ പൊടിയമ്മയും പൊടിയമ്മയുടെ മകളും കുട്ടപ്പന്റെ സ്വപ്നസുന്ദരിയുമായ ചിന്നമ്മയും കൂടി കുട്ടപ്പന്റെ സെന്റ്‌റില്‍ എത്തി. ചിന്നമ്മയുടെ മന്‍സില്‍ എങ്ങനെ ഫെവിക്വിക്ക് വച്ച് ഒട്ടിപ്പിടിക്കാം എന്ന് ചിന്തിച്ച് പുകഞ്ഞ് ഇരിക്കുന്ന കുട്ടപ്പന്‍ ചിന്നമ്മയേയും അവളുടെ അമ്മയായ പൊടിയമ്മയേയും കണ്ട് വിനയകുമാരനായി ഭവ്യതയോടെ എഴുന്നേറ്റു. ലവള്‍ തന്നെ ഒളികണ്ണിട്ട് നോക്കുന്നുണ്ടോ എന്നറിയാന്‍ കുട്ടപ്പന്‍ രണ്ടു കണ്ണും തെള്ളിച്ച് ലവളെ നൊക്കി. ലവളുടെ നോട്ടം തന്റെ സിസ്റ്റത്തില്‍ ആണന്ന് മനസിലാക്കി കുട്ടപ്പന്‍ അല്പം ഞെളിഞ്ഞു നിന്നു.
“ഇത് എന്റെ സിസ്റ്റമാ... എന്റെ മാത്രം...”
“ഹോ! നമ്മുടെ ബാബുച്ചേട്ടന്റെ സിസ്റ്റത്തിന്റെ അത്രയും എടുപ്പില്ല അമ്മേ ഈ സിസ്റ്റത്തിന്... നമുക് ബാബുച്ചേട്ടന്റെ സിസ്റ്റത്തില്‍ പോയി നോക്കാം” ലവള്‍ അമ്മയോട് ഇങ്ങനെ പറയുമെന്ന് കുട്ടപ്പന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല.

ഇവളു അമ്മയും വിളിച്ചു കൊണ്ട് വന്നത് സിസ്റ്റം നോക്കാനോ അതോ റിസല്‍ട്ട് നോക്കാനോ? ചിന്നമ്മയുടെ അമ്മയുടെ പേര് പൊടിയമ്മയാണന്ന് കുട്ടപ്പനറിയാം. അവരില്‍ക്കൂടി ചിന്നമ്മയിലേക്ക് കടക്കുന്നതായിരിക്കും ബുദ്ധി എന്ന് അവന് തോന്നി. അതനവരെ ആദ്യം കൈയ്യിലെടുക്കണം. അവരെ എന്താണ് വിളിക്കേണ്ടത്. അമ്മ ചേര്‍ത്ത് വിളിച്ചാല്‍ ശരിയാവില്ല. അമ്മ ചേര്‍ത്താല്‍ പൊടിയമ്മമ്മ എന്നാവും . അമ്മ ചേര്‍ക്കാതെ വിളിച്ചാല്‍ പേര് വിളിക്കുന്ന താനൊരു അസത്താണന്ന് അവര് കരുതും. ഇനി സ്നേഹത്തോടെ ആദ്യ രണ്ടക്ഷരം വിളിച്ചാല്‍ തെറി ഉറപ്പ. ഒരു കാര്യം ചെയ്യാം അമ്മച്ചി എന്ന് വിളിക്കാം. അതുറപ്പിച്ചു.

“പൊടിയമ്മച്ചി മോടെ റിസല്‍ട്ട് നോക്കാനാണോ വന്നത് “ വിനയപൂര്‍വ്വം കുട്ടപ്പന്‍ ചോദിച്ചു.

“അതേടാ മോനേ.. ഇവളുടെ റിസല്‍ട്ട് അറിഞ്ഞിട്ടു വേണം ഇവളെ ഡോകട്ടറാക്കണോ എന്നൊക്കേ തീരുമാനിക്കാന്‍.“പൊടിയമ്മച്ചി അഭിമാനത്തോടെ പറഞ്ഞു. അമ്മച്ചിയുടെ ആവിശ്യപ്രകാരം മാത്രം വാ തുറന്ന ചിന്നമ്മ എറ്റി‌എം പിന്‍ നമ്പര്‍ പറയുന്നതുപോലെ തന്റെ നമ്പര്‍ പറഞ്ഞു കൊടുത്തു. സ്വര്‍ണ്ണത്തരി മിസ്സാകാതെ മാലയില്‍ ചേര്‍ക്കൂന്ന തട്ടാനെപ്പോലെ കുട്ടപ്പന്‍ ഓരോ അക്കവും കീ ബോര്‍ഡില്‍ ഞെക്കി. ഇതാ വരുന്ന ചിന്നമ്മയുടെ റിസല്‍ട്ട്. മൊത്തം സി ഗ്രേഡ്. ഇനി താഴോട്ടോന്നും ഗ്രേഡില്ലാഞ്ഞതു കൊണ്ടുമാത്രം സി ഗ്രേഡില്‍ മാര്‍ക്ക് നിന്നു. കുട്ടപ്പന്‍ ചിന്നമ്മയുടെ മുഖത്തെക്ക് അവിശ്വസിനീയതോടെ നോക്കി. ഞാനിത് എത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തില്‍ ചിന്നമ്മ നിന്നു.

“മൊത്തം സി യാ.. എ ഒന്നിനും ഇല്ല” കുട്ടപ്പന്‍ പറഞ്ഞു.
“നന്നായി ... അവള്‍ക്ക് എ യൊന്നും കിട്ടാതിരുന്നത് നന്നായി. എ കിട്ടാതെ തന്നെ ആള്‍ക്കാര്‍ ഓരോന്ന് പറഞ്ഞു നടക്കുന്നുണ്ട് മോനേ . ചുറ്റിലും അസൂയക്കാരാ ...” പൊടിയ മ്മച്ചി പറഞ്ഞതിന് കുട്ടപ്പന്‍ തല കുലുക്കി.

“ചിന്നമ്മയെ എന്തിനു വിടാനെന്നാ പറഞ്ഞത് ?” കുട്ടപ്പന്‍ പൊടിയമ്മച്ചിയോട് ചോദിച്ചു.

“മോനേ അവളു പറയുന്നത് അവള്‍ക്ക് ബിയര്‍ ഗേളാകണമന്നാ... “ “

“എന്തോന്നന്നാ...”

“ഇപ്പൊള്‍ ടിവിയില്‍ കാണില്ലേ മോനേ കിറിക്കറ്റ് കളിക്കുമ്പോള്‍ ഓരോരുത്തന്മാര്‍ അവിട്ടാകുമ്പോഴും പന്തടിക്കുമ്പോഴും പിള്ളാരുവന്ന് ഡാന്‍സ് കളിക്കുന്നത്.. അതാകണമന്നാ അവള്‍ പറയുന്നത്..”“

“അതാണോ?”

“എന്തോന്നാ മോളേ അതിന്റെ പേര് ... ?”

“ചിയര്‍ ഗേള്‍..” ചിന്നമ്മയുടെ മധുരമൂറുന്ന സ്വരം കേട്ട് അവന്‍ അനുരാഗവിലൊചലനായി. അതിലേറെ അവനെന്തിങ്കിലും ആവുന്നതിനുമുമ്പുതന്നെ അവള്‍ അമ്മയും വിളിച്ച് സ്കൂട്ടായി.

വീട്ടില്‍ ചെന്ന് കിടന്നിട്ടും കുട്ടപ്പനുറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കമഴ്ന്നും മലര്‍ന്നും കിടന്നിട്ടും അവനുറക്കം വന്നില്ല. കണ്ണുടയ്ക്കുമ്പോള്‍ ചിന്നമ്മയുടെ ചിയര്‍‌ ഡാന്‍സാണ് മുന്നില്‍. ഗ്യാലറിയുടെ ആവേശം ആവാഹിച്ച് അവള്‍ പത്തടി പ്ലാറ്റ് ഫോമില്‍ ആകെ കുലുക്കിമറിക്കൂകയാണ്. രാത്രിയുടെ ഏതോ യാമത്തില്‍ അവന്‍ ഉറങ്ങി. ഉറക്കത്തില്‍ അവന്‍ വലിയ ഒരു സ്വപ്നം കണ്ടു. കേരളാ ഐ.പി.എല്‍ ടീമിനായി കൊച്ചിയിലെ മത്സര ത്തില്‍ അവന്‍ ഓപ്പണറായി ഇറങ്ങി. നേരിട്ട ആദ്യ ബോളില്‍ തന്നെ സികസര്‍. ആ സികസര്‍ കണ്ടതും ചിന്നമ്മ പ്ലാറ്റ് ഫോമില്‍ കയറി കുലുക്കലോട് കുലുക്കല്‍... ആ കുലുക്കലിന്റെ പ്രചോദനത്തില്‍ അവന്‍ അടുത്ത ബോളും സികസടിച്ചു. വെറും ഇരുപതു ബോളില്‍ നൂറ് തികച്ച കുട്ടപ്പന്‍ ഗ്രൌണ്ടില്‍ ആനന്ദനിര്‍ത്തം ആടിയപ്പോള്‍ ചിന്നമ്മ എന്ന ചിയര്‍ ഗേള്‍ പ്ലാറ്റ്ഫോമില്‍ നൃത്തം ചെയ്തു. കുട്ടപ്പനും ഓടി പ്ലാറ്റ്ഫോമില്‍ ഓടിക്കയരി ചിന്നമ്മയോടൊത്ത് നൃത്തം ചെയ്തു. ചിന്നമ്മ കുലുക്കുന്നതിനനുസരിച്ച് പ്ലാറ്റ്ഫോമും കുലുങ്ങി. കുലുങ്ങലോട് കുലുങ്ങല്‍‍.

“പ്ലാവിന്റെ കട്ടിലില്‍ കിടന്ന് തുള്ളാതെ കിടന്നുറങ്ങടാ എരണം കെട്ടവനേ..." ചിയര്‍ഡാന്‍സിന് സ്ട്രാറ്റജിക് ബ്രേക്കുമായി അമ്മഎത്തിയപ്പോള്‍ കുട്ടപ്പന്‍ കട്ടിലില്‍ നിന്നറിങ്ങി നിലത്ത് പാവിരിച്ച് കുടന്നുറങ്ങി.

പിറ്റേന്നും കുട്ടപ്പന്‍ പതിവുപോലെ കമ്പ്യൂട്ടര്‍ സെന്ററില്‍ വായ് നോട്ടവുമായി ഇരിക്കുമ്പോള്‍ ചിന്നമ്മയും പൊടിയമ്മയും കൂടി വീണ്ടും വരുന്നു. തന്റെ സിസ്റ്റത്തിനെ കുറ്റം പറയാനുള്ള വരവാണോ ഇതെന്ന് കുട്ടപ്പന്‍ പേടിച്ചെങ്കിലും പൊടിയമ്മയുടെ ആവിശ്യം കേട്ട് കുട്ടപ്പന്‍ മനസുകൊണ്ട് തുള്ളിച്ചാടി. വൈദ്യന്‍ കല്പിച്ചതും പാല് രോഗി ഇച്ഛിച്ചതും പാല് എന്ന പോലെയായി കാര്യങ്ങള്‍. ചിന്നമ്മയെ കുറച്ചു ദിവസം കമ്പ്യൂട്ടര്‍ സെന്ററില്‍ നിര്‍ത്തി കമ്പ്യൂട്ടറിന്റെ പരിപാടികള്‍ ഒക്കെ പഠിപ്പിച്ചു കൊടുക്കണം.“എന്റെ കുട്ടപ്പന്‍ മോനേ , ചിന്നമ്മയ്ക്ക് കൊച്ചീലെ ടീമില്‍ ഡാന്‍സ് കളിക്കാന്‍ ഒരു വര്‍ഷം കൂടി കഴിയണം. അതുവരെ അവളിവിടെ വന്ന് നിന്നോട്ടെ. ഇവിടെയാകുമ്പോള്‍ എനിക്കൊരു മനസമാധാനം ഉണ്ട്. അവള്‍ക്കാണങ്കില്‍ ആടിനു തീറ്റയ്ക്ക് പോകണമെങ്കില്‍ ഇവിടന്നങ്ങോട്ട് ഇറങ്ങിയാലും മതിയല്ലോ?”

പൊടിയമ്മച്ചിയുടെ വാക്കൂകള്‍ കേട്ട് കുട്ടപ്പന് പൊടിയമ്മയോട് നാല് വാക്ക് പറയണമെന്ന് തോന്നി. “പൊടിയമ്മച്ചി അല്ല നിങ്ങള്‍ പൊന്നമ്മച്ചിയാണന്ന്” അവന് പറയണമെന്നു ണ്ടായിരുന്നു. കോഴിയെ കുറുക്കന് കാവലേല്‍പ്പിച്ചിട്ടു പോയ വീട്ടുകാരനെപ്പോലെ ചിന്നമ്മ യെ സെന്റ്റിലാക്കി പൊടിയമ്മ ഇറങ്ങി.

ചിന്നമ്മയെ കമ്പ്യൂട്ടര്‍ എന്താണന്നും കമ്പ്യൂട്ടറിന്റെ സോള്‍ എന്താണന്നും കുട്ടപ്പന്‍ പഠിപ്പിച്ചു. താന്‍ പുസ്തകത്താളുകളിലും ഐറ്റി ലാബിലും പഠിച്ച കമ്പ്യൂട്ടര്‍ അല്ല ശരിയായ കമ്പ്യൂട്ടര്‍ എന്ന് ചിന്നമ്മയ്ക്ക് മനസിലായി. ചിന്നമ്മയുടെ ഹാര്‍ട്ട് ഓപ്പറേങിങ്ങ് സിസ്റ്റത്തിലേക്ക് ലവ് വൈറസിനെ നിക്ഷേപിക്കാന്‍ കുട്ടപ്പന്‍ ശ്രമിച്ചുകൊണ്ടിരുന്നു. കുട്ടപ്പന്‍ രാത്രിയെ പകലാക്കി പേപ്പറില്‍ ലവ് വൈറസ് കോഡു എഴുതി. കോഡെഴുതിയ പേപ്പര്‍ ഉടുപ്പിന്റെ പോക്കറ്റില്‍ കിടന്ന് വിയര്‍പ്പില്‍ കുതിര്‍ന്നതുമാത്രം മിച്ചം.

“എനിക്ക് മടുത്തു കുട്ടപ്പന്‍ ചേട്ടാ .. ഈ കമ്പ്യൂട്ടര്‍ ...” ഒരു ദിവസം ചിന്നമ്മ കുട്ടപ്പനോട് പറഞ്ഞു. മനസില്‍ കൊണ്ടുനടക്കുന്നത് ഇതുവരെ അവളോട് പറഞ്ഞിട്ടില്ല. ഇനിയും ഇങ്ങനെ ഒരവസരം കിട്ടിയന്ന് വരില്ല. അവളെ ഇഷ്ടമാണന്ന് പറഞ്ഞാലോ? അല്ലങ്കില്‍ വേണ്ട കുറച്ചു ദിവസം കൂടി ഇവളെ ഇവിടെ നിര്‍ത്തിയിട്ട് പറയാം..

“ചിന്നമ്മേ... നമ്മള്‍ ഒരിക്കലും കമ്പ്യൂട്ടര്‍ മടുക്കാന്‍ പാടില്ല.. പുതിയ പുതിയ കാര്യങ്ങള്‍ പഠിക്കണം...” കുട്ടപ്പന്‍ പറഞ്ഞു.

“ഒരു പുതിയ കാര്യം പറഞ്ഞു താ ചേട്ടാ,.....” ചിന്നമ്മയുടെ ചിന്ന സ്വരത്തില്‍ കുട്ടപ്പന്‍ വീണു.

“ചിന്നമ്മേ ഗൂഗിളില്‍ ബസ് എന്നൊരു പരിപാടിയുണ്ട്.... ഇപ്പോഴത്തെ ലേറ്റസ്റ്റാ... നീ അതൊന്ന് നോക്ക് ... നിനക്ക് മടുക്കില്ല...” കുട്ടപ്പന്‍ ചിന്നമ്മയെ ബസിനെക്കുറിച്ച് ഡീറ്റയല്‍ഡായി ക്ലാസെടുത്തു. കയം കാണിച്ചാല്‍ ചാടാത്ത കന്നുകള്‍ ഉണ്ടോ? ചിന്നമ്മയും ബസിലേക്ക് എടൂത്തു ചാടി. ഗ്രഹണി പിടിച്ച പിള്ളാര്‍ ചക്ക കൂട്ടാന്‍ കണ്ടതുപോലെ ചിന്നമ്മ മെയ് വഴക്കത്തോടെ ഒരു ബസിലും ചാടിക്കയറി. ചിന്നമ്മ എന്ന പേരില്‍ ബസില്‍ തനിക്കൊരു നിലനില്‍പ്പ് ഉണ്ടാവുകയില്ലന്ന് മനസിലാക്കിയ ചിന്നമ്മ പേരൊന്ന് പരിഷ്‌കരിച്ചു ചിന്നു എന്നാക്കി. ചിന്നു എന്ന പേരില്‍ ബസില്‍ കയറിയ ചിന്നമ്മയുടെ ബസില്‍ സനോണികളും അനോണികളുമായ ആളുകളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു. മിനിട്ടുകള്‍ക്കക്കം ഇരുന്നൂറോളം ആളുകള്‍ ചിന്നു എന്ന ചിന്നമ്മയെ ഫോളോ ചെയ്യാന്‍ തുടങ്ങി.... തന്റെ ജീവിതം കട്ടപ്പുറത്താക്കാന്‍ പോകുന്ന ബസുമായിട്ടാണ് താന്‍ പോകുന്നതന്ന് അറിയാതെ ചിന്നമ്മ എന്ന ചിന്നു ബസ് ഓടിച്ചു തുടങ്ങി...


(തുടരും..)
: :: ::