Friday, May 22, 2009

ബക്കറ്റിന്റെ ചിരി : ഏക ‘അങ്ക‘ നാടകം

(കര്‍ട്ടന്‍ ഉയരുമ്പോള്‍ വേദിയില്‍ അരണ്ടവെളിച്ചം . നാടകം നടക്കുന്നത് ഒരു മരുഭൂമിയിലാണ്. മരുഭൂമിയുടെ രംഗപടമാണ് വേദിയുടെ പിന്നില്‍. അരണ്ടവെളിച്ചം വേദിയില്‍ നിറയുമ്പോള്‍ സൂത്രധാരന്‍ പ്രവേശിക്കുന്നു. മരുഭൂമിയില്‍ അടിക്കുന്ന മണല്‍ക്കാറ്റിന്റെ ശബ്ദ്ദം കേള്‍ക്കാം...)

സൂത്രധാരന്‍ : (സദസിനോടായി) : സുനാമികഴിഞ്ഞിട്ട് ഒരാഴ്ച്‌കഴിഞ്ഞിരിക്കുന്നു .... ഞാനിപ്പോള്‍ നില്‍ക്കുന്നത് ഒരു മരുഭൂമിയിലാണ്. ഒരാഴ്ച് മുമ്പുവരെ ഇതൊരു കടലായിരുന്നു. ഒരിക്കലും കോരിവറ്റി ക്കാന്‍ കഴിയില്ല എന്ന് ഞങ്ങളൊക്കെ അഹങ്കരിച്ചിരുന്ന ഒരു കടല്‍. പക്ഷേ ഇന്നിതൊരു മരുഭൂമി യായി മാറിയിരിക്കുന്നു. നാലുപേരൊഴികെ മാറ്റാരേയും സുനാമി അവശേഷിപിച്ചില്ല. നടന്നതെല്ലാം നിങ്ങളോട് പറയാന്‍ മാത്രം ഞാന്‍ ഇവിടെ വന്നിരിക്കുന്നു. കടല്‍ എങ്ങനെയാണ് വറ്റിപ്പോയതന്ന് എല്ലാവരും അറിയണമല്ലോ? കരയിലേക്ക് ഹൂങ്കാര ശബ്ദ്ദത്തോടെ അടിച്ചു കയറിയ തിരമാലകള്‍ ഇന്നെവിടെ? കടല്‍‌ പോലും അപ്രത്യക്ഷമായിരിക്കുന്നു. ഇന്ന് നോക്കിയാല്‍ കാണുന്നത് നോക്കത്താ ദൂരത്തോളം പരന്ന് കിടക്കുന്ന മണല്‍ക്കാടുകള്‍ മാത്രം... വീണ്ടുകീറിയ മണ്ണ് ... ഈ മണ്ണില്‍ എവിടെ യെങ്കിലും വിത്തുകള്‍ മറഞ്ഞുകിടപ്പുണ്ടായിരിക്കും.... എന്നെങ്കിലും മഴത്തുള്ളികള്‍ വീണ് ആ വിത്തു കള്‍ക്ക് ജീവന്‍ വച്ചാല്‍ വീണ്ടും ആ വിത്തുകളിലൂടെ ഈ മണ്ണ് ഉയര്‍ത്തെഴുന്നേല്‍ക്കും... അതിജീവന ത്തിലൂടെ കടന്നുവന്ന ഈ മണ്ണിനെ ... ഇവിടിത്തെ ജീവനെ പറിച്ചെറിയാന്‍ ആര്‍ക്കെങ്കിലും കഴിയുമോ???. ഒരിക്കലും ഈ ജീവനെ പറിച്ചെറിയാന്‍ ആര്‍ക്കും കഴിയില്ല. ബുദ്ധിമാനായ കൃഷിക്കാരന്‍ വരുന്നതും കാത്ത് വിത്തുകള്‍ മണ്ണിനടിയില്‍ ഉണ്ടാവും...

പെട്ടന്ന് വേദിയിലെ വിളക്കുകള്‍ അണയുന്നു.

സൂത്രധാരന്റെ ശബ്ദ്ദം (ഇരുട്ടില്‍ നിന്ന്) : നാടകം തുടങ്ങുന്നതിനുമുമ്പ് തന്നെ കറണ്ട് പോയല്ലോ ? അത് നന്നായി. നമുക്കിനി ഇരുട്ടില്‍ നാടകം കളിക്കാം. അല്ലങ്കില്‍ തന്നെ കറണ്ടിനൊക്കെ ഇപ്പോള്‍ എന്താ വില. (സൂത്രധാരന്‍ ഒരു മെഴുകുതിരി കത്തിച്ചുകൊണ്ടു വരുന്നു.). (സംസാരം തുടരുന്നു.). മെഴുകുതിരി വെട്ടത്തില്‍ നമുക്ക് നാടകം തുടരാം. ഇത് വെറും ഒരു നാടകം അല്ല. സമുദ്രത്തിന്റേയും ബക്കറ്റിന്റേയും കഥയാണ്. സമുദ്രത്തെകോരിപറ്റിക്കാനായി ഇറങ്ങിയ ഒരായിരം കുട്ടികളുടെ കഥയാ ണ്... അപ്പോള്‍ നമുക്ക് നാടകം തുടങ്ങാം... ഭൂതകാലത്തില്‍ നിന്ന് നമുക്ക് കഥ തുടങ്ങാം.. എങ്കിലേ കടല്‍ എങ്ങനെ വറ്റി എന്ന് , മനസിലാകൂ.... മേളം മുറുകട്ടെ... കഥാപാത്രങ്ങള്‍ തയ്യാറാകട്ടെ..... (പെട്ടന്ന് വേദിയിലെ വിളക്കുകള്‍ തെളിയുന്നു.) ഇതാ വിളക്കുകള്‍ കഥയ്ക്കായി വെളിച്ചം പകരുന്നു.... എല്ലാം നമുക്ക് അനുകൂലമാണ്.... അപ്പോള്‍ നമുക്ക് തുടങ്ങാം........(സൂത്രധാരന്‍ വേദി വിടാനായി വേദിയുടെ അറ്റത്ത് എത്തുമ്പോള്‍ ചിരി മുഴങ്ങുന്നു. പെട്ടന്ന് സൂത്രധാരന്‍ വേദിയിലേക്ക് തിരികെ വരുന്നു.)

സൂത്രധാരന്‍ : (സദസിനോടായി) : നിങ്ങളും കേള്‍ക്കുന്നില്ലേ ഒരു ചിരി. ഈ ചിരി ആരുടെ ആണന്ന് അറിയാമോ ? ഇതൊരു ബക്കറ്റിന്റെ ചിരിയാണ്. ഒരിക്കലും പറ്റില്ലാ എന്ന് അഹങ്കരിച്ചിരുന്ന സമുദ്രത്തി നുമേല്‍ കോരിവച്ചിരിക്കുന്ന ബക്കറ്റ് വെള്ളത്തിന്റെ ചിരിയാണ് ഇത്. നമ്മുടെ നാടകം അവസാനിക്കേ ണ്ടത് ഈ ചിരിയോടെയാണ് . (സൂത്രധാരന്‍ സ്റ്റേജിനു പുറകിലേക്ക് നോക്കികൊണ്ട്.) ഹേ.. ബക്കറ്റേ നിന്റെ ചിരി ഒന്നു നിര്‍ത്തൂ... നീ എന്തുകൊണ്ടാണ് ഇങ്ങനെ ചിരിക്കുന്നതന്ന് ഞാന്‍ ഈ സദസിനോട് പറഞ്ഞോട്ടെ... നിന്റെ ചിരിയാണ് ഇന്ന് ഞങ്ങളുടെ നാടകം... (സദസിനോടായി )...എന്റെ വാക്കുകള്‍ അധികപറ്റായെങ്കില്‍ ക്ഷമിക്കണം... നമുക്ക് നാടകം തുടങ്ങാം.... ഹേ വേദി സജ്ജീകരണക്കാരേ രംഗപടംമാറ്റൂ പെട്ടന്ന് ... ആളുകള്‍ക്ക് നീരസം ഉണ്ടാവുന്നതിനുമുമ്പ് നാടകം തുടങ്ങണം....

(ലൈറ്റുകള്‍ അണഞ്ഞ് തെളിയുമ്പോള്‍ വേദി ഒരു കടല്‍ക്കരയായി മാറുന്നു. തിരമാലകളുടെ ശബ്ദ്ദം മുഴങ്ങിക്കേള്‍ക്കാം. വേദിയുടെ നടുക്ക് ഒരു ബക്കറ്റിരുപ്പുണ്ട്. ഒരു കുട്ടിയും അമ്മയും വേദിയിലേക്ക് കടന്നു വരുന്നു.)

കുട്ടി : അമ്മേ .. ഈ കടല്‍ കാണാന്‍ എന്ത് രസമാണ് ... ആര്‍ത്തലച്ച് വരുന്ന തിരമാലകള്‍ .. ഹൌഹൌ!!!!! എങ്ങനെയാണമ്മേ തിരമാലകള്‍ ഇങ്ങനെയുണ്ടാവുന്നത് ... ഇങ്ങനെയാണമ്മേ കടലില്‍ ഇത്രയും വെള്ളം വരുന്നത്

അമ്മ: ഈ കടലില്‍ വന്ന് ചേരുന്ന വലുതും ചെറുതുമായ നദികളില്‍ നിന്നും തടാകങ്ങളില്‍ നിന്നും ഉള്ള വെള്ളമാണ് കടലിന്റെ ശക്തി. ആ വെള്ളം കടലിലേക്ക് വന്നില്ലങ്കില്‍ കടലില്‍ തിരമാലകള്‍ ഉണ്ടാവുകയും ഇല്ല...

കുട്ടി : ഞാന്‍ കുറച്ചു വെള്ളം ഈ ബക്കറ്റിലേക്ക് കോരിവച്ചോട്ടെ....

(കുട്ടി ബക്കറ്റുമായി കടലിലേക്കിറങ്ങി വെള്ളം കോരുന്നു.)
കടല്‍ : (കുട്ടിയോട് ) : നീ എന്നെ തോല്‍പ്പിക്കാന്‍ ശ്രമിക്കേണ്ട്. ആര്‍ക്കെങ്കിലും സമുദ്രത്തിലെ വെള്ളം കോരി വറ്റിക്കാന്‍ കഴിയുമോ ? ബക്കറ്റില്‍കോരിവയ്ക്കുന്ന വെള്ളത്തിന് തിരമാലകളെ ഉണ്ടാ ക്കാന്‍ കഴിയുമോ?

കുട്ടി : ഒരിക്കലും ബക്കറ്റിലെ വെള്ളത്തിന് തിരമാലകളെ ഉണ്ടാക്കാന്‍ കഴിയില്ലന്ന് എനിക്കറിയാം... പക്ഷേ സമുദ്രമേ നീ ഒന്നു ഓര്‍ത്തോ ... നിന്നിലേക്ക് ഒഴുകി എത്തുന്ന നദികള്‍ നിന്നിലേക്ക് പതിക്കാ തിരുന്നാല്‍ നീ പറ്റിപ്പോകും... ഇന്നീ ഈ കാണുന്ന എല്ലാ കരയും ഒരിക്കല്‍ സമുദ്രമായിരുന്നു. സമുദ്രം ഇല്ലാതായാണ് ഈ കാണുന്ന കരകളൊക്കെ ഉണ്ടായതന്ന് നീ മറക്കരുത്...

സമുദ്രം : (പൊട്ടിച്ചിരിക്കുന്നു.) ... നിന്റെ വിദ്യാഭ്യാസത്തിന്റെ കുഴപ്പം കൊണ്ടാണ് നീ ഇങ്ങനെ മണ്ടത്തരങ്ങള്‍ പറയുന്നത്... നിന്റെ പാഠപുസ്തകങ്ങളിലൊക്കെ സമുദ്രത്തിന്റെ ശക്തി എന്താണന്ന് ഇല്ലേ ? നീ അതെന്താണ് പഠിക്കാത്തത് ?

കുട്ടി : നിന്റെ സ്തുതിപാഠകന്മാര്‍ ഉണ്ടാക്കിയ ആ പുസ്തകങ്ങള്‍ മുഴുവന്‍ മലിനമാണ് . നീയാണ് വലിയ വനെന്ന് അവര്‍ പുസ്തകങ്ങളിലൂടെ പഠിപ്പിക്കുന്നു.ദൈവമല്ലേ ഈ സര്‍വ്വചരാചരങ്ങളേയും സൃഷ്ടിക്കു ന്നത്..?? ദൈവമില്ലാതെ ആര്‍ക്കെങ്ങിലും ജീവിക്കാന്‍ പറ്റുമോ? ദൈവത്തെ നിന്ദിച്ച് നിന്നെ സ്തുതി ക്കുന്ന പാഠപുസ്തകങ്ങളുടെ സ്ഥാനം എവിടെയാണന്ന് അറിയില്ലേ??

ബക്കറ്റ് : (കുട്ടിയോട്) തിരമാലകളുടെ ശക്തിയില്‍ അഹങ്കരിക്കുന്നവനാണ് ആ കടല്‍... അവനില്‍ മുഴുവന്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടിയിരിക്കുകയാണ്. അവന്റെ ശക്തി ഒരിക്കല്‍ ക്ഷയിക്കുമെന്ന് അവന്‍ അറിയുന്നില്ല. ഞാനീ കടലിന് മുന്നറിയിപ്പ് നല്‍കിയതാണ് . മാ‍ലിന്യങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍. അവന്റെ മാലിന്യത്തിന്റെ പങ്ക് പറ്റി ജീവിക്കാന്‍ ഇന്ന് ഒരുപാട് വമ്പന്‍ മത്സ്യങ്ങള്‍ ആ കടലില്‍ ഉണ്ട്.

സമുദ്രം : (ബക്കറ്റിനോട്) ഒറ്റപെട്ടുപോയ നിന്റെ ശബ്ദ്ദത്തിന് ആരാണ് ചെവി തരുന്നത്... ഈ കടലിനോട് ചേര്‍ന്ന് നില്‍ക്കുന്നവരാരും നിന്റെ ശബ്ദ്ദത്തിന് ചെവി തരില്ല. അവര്‍ക്കെന്നെയാണ് വേണ്ടത്.??? നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഭൂമിയില്‍ അവതരിക്കേണ്ട നീ കാലം തെറ്റിയാണ് വന്നിരിക്കു ന്നത് ...

ബക്കറ്റ് : എന്റെ ശബ്ദ്ദത്തിന് കാതോര്‍ക്കുന്നവര്‍ ഇവിടെയുണ്ട്. ഇന്നല്ലങ്കില്‍ നാളെ ഞാന്‍ പറയുന്ന താണ് ശരി എന്ന് നിനക്ക് മനസിലാവും. അന്ന് നിനക് ശബ്ദ്ദിക്കാന്‍ ശബ്ദ്ദം ഉണ്ടാവുകയില്ല. അന്ന് നീ എല്ലാവരില്‍ നിന്നും ഓറ്റിയൊളിക്കും... നിനക്ക് സ്തുതി പാടുന്നവര്‍ തന്നെ നിനക്ക് കുറ്റവിധി നടത്തും.... നിന്നിലേക്ക് ഒഴുകുന്ന നദികള്‍ മാറി ചിന്തിക്കും.

സമുദ്രം : കോരപ്പുഴയും കല്ലായിപുഴയും മയ്യഴിപ്പുഴയും എന്നിലേക്ക് ഒഴുകിയില്ലങ്കിലും ഞാന്‍ ശക്തിമാ നാണ്. ഞാന്‍ തന്നെയാണ് കോരപ്പുഴയെ ഇല്ലാ താക്കാന്‍ ശ്രമിക്കുന്നത്. ബകറ്റേ നീ ഒന്ന് ഓര്‍ത്തോ കോരപ്പുഴയുടേയും കല്ലായിപുഴയുടേയും മയ്യഴിപ്പുഴയുടേയും വക്കാലത്ത് നിനക്ക് നല്ലതല്ല.

ബക്കറ്റ് : നീ വന്നവഴി മറക്കരുത്. വര്‍ഷങ്ങളായി നിനക്ക് ശക്തിയും ഓജസും പകര്‍ന്ന് തന്ന നദിക ളാണ് അവ. അവര്‍ നിന്നോട് പിണങ്ങിയാല്‍ നിന്റെ ശക്തി ക്ഷയിക്കും...

സമുദ്രം : തിരൂര്‍പ്പുഴ എനിക്ക് ശക്തിപ്പകരും...

ബക്കറ്റ് : ആര്‍ക്കാണ് ശക്തി എന്ന് കാലം നിനക്ക് തിരിച്ചറിവുണ്ടാക്കും. അന്നും നീ നിന്റെ ധാര്‍ഷ്‌ട്യ ത്തില്‍ തന്നെ മുന്നോട്ട് പോയാല്‍ നീ തന്നെ ഇല്ലാ താ‍വും....

കുട്ടി : നിങ്ങള്‍ എന്തൊക്കെയാണ് പറയുന്നത് ??? എനിക്കൊന്നും മനസിലാവുന്നില്ല......

സമുദ്രം : കുട്ടീ ... ബക്കറ്റിന് നീ ആയിട്ടല്ലേ ചെവി കൊടുക്കുന്നത് .... അവന്‍ പറയുന്നത് ആര്‍ക്കും മനസിലാവില്ല.... അതുകൊണ്ട് അവന്‍ പറയുന്നത് ഞങ്ങളാരും കേള്‍ക്കാറേയില്ല...

ബക്കറ്റ് : (സമുദ്രത്തോട് ) എല്ലാം മനസിലായിട്ടും ഒന്നും മനസിലായില്ല എന്ന് നീ നടിക്കുകയാണ്. എന്റെ വാക്കുകള്‍ക്ക് വില കല്പിക്കുന്ന ഒരു ദിവസം വരും... ഞാന്‍ പറഞ്ഞതാണ് ശരി എന്ന് നാട്ടുകാര്‍ സമ്മതിക്കുന്ന ഒരു ദിവസം ഉണ്ടാവും... അന്ന് നിന്റെ തോല്‍‌വിയുടെ ദു:ഖം ഞാന്‍ ആഘോഷിക്കും. അന്ന് നീ കേള്‍ക്കുന്നത് എന്റെ ചിരിയായിരിക്കും... എന്റെ വിജയത്തിന്റെ ചിരി... എന്റെ ശരികളുടെ ചിരി....

സമുദ്രം : തിരതല്ലുന്ന വെള്ളത്തിന്റെ ശക്തി ഇല്ലങ്കിലും നീ എന്തക്കയോ സ്വപ്നങ്ങള്‍ കാണുന്നുണ്ട്. എന്നെ തോല്‍പ്പിക്കാന്‍ പറ്റുമെന്ന് നീ ഇപ്പോഴും കരുതുന്നുണ്ട്. എന്നാല്‍ നീ ഒന്നു ഓര്‍ത്തോ എന്നെ തോല്‍പ്പിക്കാന്‍ നിന്റെ വാക്കുകള്‍ക്ക് കഴിയുകയില്ല. പാഴായ പോരാട്ടങ്ങള്‍ നിര്‍ത്തി എന്റെ കൂടെ വരുന്നതാണ് നിനക്ക് നല്ലത്.

ബക്കറ്റ് : നീ ഇതും കൂടി ഓര്‍ത്തോ ... നിന്റെ പരാജയത്തില്‍ നിന്നോടൊപ്പം നില്‍ക്കാന്‍ ആരും ഉണ്ടാവില്ല. നിന്റെ അഹങ്കാരമാണ് നിന്റെ പരാജയ ത്തിനു കാരണാമെന്ന് ആളുകള്‍ വിധി എഴുതും... അന്നെങ്കിലും നിനക്ക് നിന്റെ തെറ്റുകള്‍ മനസിലാവട്ടെ.... നിന്റെ ശക്തികൊണ്ട് ദുര്‍ബലരെ അടിച്ചമര്‍ത്തിയത്..അവരെ കവര്‍ന്നെടുത്തത് വേണ്ടായിരുന്നു എന്ന് നിനക്കന്ന് തോന്നും....

[ അണിയറയില്‍ നിന്ന് തിരിച്ചറിയാനാവാത്ത ശബ്ദ്ദങ്ങള്‍ കേള്‍ക്കുന്നു...]

കുട്ടി : എന്തക്കയോ ശബ്ദ്ദങ്ങള്‍ കേള്‍ക്കുന്നു. എന്തോ അപകടം സംഭവിക്കാന്‍ പോവുകയാണന്ന് എന്റെ മനസ്സ് പറയുന്നു. അതൊരു പടപ്പുറപ്പാടിന്റെ കാഹളശബ്ദ്ദമല്ലേ കേള്‍ക്കുന്നത് .....

സമുദ്രം : ഈ യുദ്ധത്തിനുശേഷം ആളുകള്‍ എന്റെ വിജയമായിരിക്കും ആഘോഷിക്കുന്നത്. ഈ സമുദ്രത്തിന്റെ ശക്തി എന്താണന്ന് എല്ല്ലാവരും അറിയും... എന്റെ രാക്ഷസത്തിരമാലകള്‍ ഈ രാജ്യം എനിക്ക് സമ്മാനിക്കും...

ബക്കറ്റ് : കാലമാണ് നിന്റെ വെല്ലുവിളിക്ക് ഉത്തരം നല്‍കേണ്ടത് ... അതുവരെ ഞാനിനി ഒന്നും പറയില്ല... ആ ഉത്തരം കിട്ടുന്ന ദിവസം ഞാന്‍ ഒന്ന് മനസുതുറന്ന് ചിരിക്കും... ആ ചിരിയുടെ അര്‍ത്ഥം തേടി പലരും പായുന്നത് ഞാനിപ്പോഴേ കാണുന്നു.

[കാഹളശബ്ദ്ദത്തിന്റേയും കുതിരകുളമ്പടികളുടേയും ശബ്ദ്ദം ഉയര്‍ന്നുവരുന്നതോടൊപ്പം വേദിയിലെ ലൈറ്റുകള്‍ അണയുന്നു.] [വേദിയില്‍ ഇരുട്ട് . ഇരുട്ടത്ത് സൂത്രധാരന്റെ ശബ്ദ്ദം : അങ്ങനെ ആ ദിവസം വന്നെത്തി.... സ്റ്റേജില്‍ മിന്നല്‍ വെളിച്ചം... തിരമാലകളു ടേയും മഴയുടേയും ശബ്ദ്ദം...]

[സൂത്രധാരന്റെ ശബ്ദ്ദം : ഭൂതകാലത്തില്‍ നിന്ന് നമ്മള്‍ വര്‍ത്തമാനകാലത്തിലേക്ക് എത്തിയിരിക്കു കയാണ്. തിരഞ്ഞെടുപ്പെന്ന രാഷ്ട്രീയ സുനാമിക്ക് ശേഷം നമ്മള്‍ വീണ്ടും കടല്‍ക്കരയിലേക്ക് പോകുന്നു. ഇവിടെ നിന്നാണ് നമ്മള്‍ നാടകം തുടങ്ങിയത്. അതായത് ഈ നാടകത്തിന്റെ സൂത്രധാരനായഞാന്‍ നിങ്ങളോട് സംസാരിച്ചു തുടങ്ങിയത് ... ഇനി വീണ്ടും നാടകത്തിലേക്ക്....]

[സ്റ്റേജില്‍ ലൈറ്റ് തെളിയുന്നതോടൊപ്പം ബക്കറ്റിന്റെ പൊട്ടിച്ചിരി. മരുഭൂമിയില്‍ നാലു ഉണക്കമരങ്ങള്‍ നില്‍ക്കുന്നത് രംഗ പടം. വേദിയില്‍ ബക്കറ്റിരുന്ന് പൊട്ടിച്ചിരിക്കുന്നു....]

ബക്കറ്റ് : (ചിരി നിര്‍ത്തിയിട്ട് .. മരുഭൂമിയോടായ് ) : എവിടാണിപ്പോള്‍ നിന്റെ തിരമാലകള്‍ .. ഒരിക്കലും വറ്റിപ്പോകില്ലാ എന്ന് നീ അഹങ്കരിച്ചിരുന്നവെള്ളം നിന്നിലെവിടെ.. ഉണങ്ങിവരണ്ട നിന്നെ കാണുമ്പോള്‍ എനിക്ക് ദുഃഖം ഉണ്ട്... പക്ഷേ നിന്നിലെ വരള്‍ച്ച നിന്റെ ചെയ്തികള്‍ കൊണ്ട് തന്നെ നിനക്ക് ലഭിച്ചതാണ്. ഞാനാണ് ശരി എന്ന് നിനക്കിപ്പൊള്‍ തോന്നുന്നുണ്ടോ.... എനിക്കറിയാം നിനക്കൊന്നും പറയാനില്ലന്ന്... നിന്റെയുള്ളിലെ വെള്ളം വറ്റിപ്പൊയതിന് നീ ഇനി മറ്റുള്ളവരെ ക്രൂശിക്കാന്‍ നോക്കേണ്ട... നിന്റെ ഉള്ളിലെ വെള്ളം വറ്റിപോയത് നിന്റെ പ്രവൃത്തികള്‍ കൊണ്ട്
തന്നെയാണ്. പുതിയ സുഹൃത്തുക്കളെ തിരഞ്ഞെടുത്തപ്പോള്‍ നീ പണ്ടുള്ളവരെ മറന്നു. അതാണ് നിനക്ക് പറ്റിയ ഒരു തെറ്റ്... ഇപ്പോള്‍ മനസിലായില്ലേ ഞാന്‍ പറയുന്നതാണ് ശരിയന്ന് ... (വീണ്ടും ചിരിക്കുന്നു...)

[അണയറയില്‍ നിന്ന് : ഇത് വഞ്ചനയുടെ ചിരിയാണ് ... ഇത് അവസാനച്ചിരിയാണ് ... ഇത് കൊലച്ചിരിയാണ് ....സുത്രധാരന്‍ അണിയറയില്‍ നിന്ന്പ്രവേശിക്കുന്നു. ]

ബക്കറ്റ് : ഇരുട്ടില്‍ നിന്ന് നിലവിളിക്കുന്നവരേ നിങ്ങളുടെ സംസ്ക്കാരത്തിനും നിലവാരത്തിനും അനുസ രിച്ച് നിങ്ങള്‍ക്കെന്റെ ചിരിക്ക് വ്യാഖ്യാനങ്ങള്‍ നല്‍കാം... ഇത് അടിച്ചമര്‍ത്തപെട്ടവന്റെ വിജയത്തിന്റെ ചിരിയാണന്ന് മറക്കാതിരുന്നാല്‍ രണ്ടുവര്‍ഷത്തിനകം കടലിനെ നമുക്ക് പൂര്‍വ്വസ്ഥിതിയിലാക്കാം...

സൂത്രധാരന്‍ : (സദസിനോടായി...) കടലിപ്പോള്‍ മരുഭൂമിയായി... ഇനി മരുഭൂമി കടലാകണമെങ്കില്‍ എത്രനാള്‍ കാത്തിരിക്കണം... അതിന് ഉത്തരം നല്‍കേണ്ടത് കാലമോ ബക്കറ്റോ അതോ മരുഭൂമിയായി തീര്‍ന്ന കടലോ ? ആ ഉത്തരം കിട്ടുന്നതുവരെ ഞാനും എന്റെ നാടക കഥാ പാത്രങ്ങളും ഇറങ്ങുകയാണ് ... പുതിയ ഒരു കഥയ്ക്കായി......

[പെട്ടന്ന് രംഗപടത്തില്‍ നിന്ന് നാലു മരങ്ങള്‍ വേദിയിലേക്ക് വരുന്നു...]

മരങ്ങള്‍ : ഞങ്ങള്‍ ഇനി എന്താണ് ചെയ്യേണ്ടത് ... ??? ഈ മരുഭൂമിയില്‍ വെള്ളം ഇല്ലാതെ ഞങ്ങളെ ങ്ങനെ വളരും.... ???

സൂത്രധാരന്‍ : നാടകം അവസാനിപ്പിക്കേണ്ട സമയത്ത് ചോദ്യങ്ങള്‍ ചോദിച്ച് എന്നെ ബുദ്ധിമുട്ടി ക്കരുത് ... നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് തരാന്‍ എന്റെ കൈയ്യില്‍ ഉത്തരങ്ങള്‍ ഇല്ല..

ബക്കറ്റ് : സമുദ്രം നിറയുന്നതുവരെ എന്നില്‍ നിന്ന് ഞാന്‍ നിങ്ങള്‍ക്ക് വെള്ളം തരാം .... നിങ്ങളില്‍ നിന്നാണ് ഇനി ഈ സമുദ്രത്തിന് നിറയേണ്ടത് . നിങ്ങളുടെ ശിഖിരങ്ങള്‍ തടഞ്ഞു നിര്‍ത്തുന്ന മഴമേഘ ങ്ങളില്‍ നിന്നുള്ള വെള്ളം കൊണ്ടുവെണം ഇനി സമുദ്രത്തിന് നിറയാന്‍.. പുതിയ ഒരു കടലിനായി ഞാനും നിങ്ങളോടൊപ്പം ഉണ്ട്.
സൂത്രധാരന്‍ : ആദ്യമായി എന്റെ ഒരു നാടകം ശുഭമായി അവസാനിച്ചു. ഇനി ഞാന്‍ എന്റെ കഥാപാത്രങ്ങളുമായി പുതിയ വേദിയിലേക്ക് യാത്രയാകുന്നു.....

**** കര്‍ട്ടന്‍ ****

: :: ::