Sunday, November 25, 2007

പരുന്തുകള്‍ കുറുക്കന്മാര്‍ക്ക് വഴിമാറു‌മ്പോള്‍.. :

ആകാശത്ത് വട്ടമിട്ട് പറക്കുന്ന പരുന്തിനെ തള്ളക്കോഴി കണ്ടു.തന്റെ കുഞ്ഞുങ്ങളെ റാഞ്ചാനാണ് അതിന്റെ പറക്കല്‍.തള്ളക്കോഴി തന്റെ കുഞ്ഞുങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.അമ്മയുടെ ശബ്ദ്ദം കേള്‍ക്കേണ്ടതാമസം കുങ്ങുങ്ങളെല്ലാം തള്ളക്കോഴിയുടെ അടുത്തേക്കോടി. തള്ളക്കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിനടിയിലേക്ക് ഒളിപ്പിച്ചു.

തള്ളക്കോഴി തല ഉയര്‍ത്തിനോക്കി.പരുന്ത് വട്ടമിട്ട് പറക്കുകതന്നെയാണ്.തന്റെ ചിറകിനടിയില്‍ ഒളിപ്പിച്ചിരിക്കുന്ന തന്റെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാണ് അത് വട്ടമിട്ട് പറക്കുന്നത്.പരുന്ത്,പുള്ള്,ചേര,കീരി,കുറുക്കന്‍ എവിടെ നിന്നൊക്കെയാണ്, ആരില്‍ നിന്നൊക്കെയാണ് ആക്രമണം എന്ന് എങ്ങനെ അറിയാം.??

തള്ളക്കോഴിയുടെ ചിറകിനടിയില്‍നിന്ന് കുഞ്ഞുങ്ങളോരോന്നായി പുറത്തേക്കിറങ്ങി.ചികഞ്ഞു നടക്കുന്ന കോഴികുഞ്ഞുങ്ങളുടെ ഇടയില്‍നിന്ന് തള്ളക്കോഴി ഇടയ്ക്കിടെ തലയുയര്‍ത്തി നോക്കി.തന്റെ കുഞ്ഞുങ്ങളെ റാഞ്ചാന്‍ ശത്രുക്കള്‍ എവിടെയെങ്കിലും ഒളിച്ചിരിപ്പുണ്ടോ?

മാവിന്റെ ഇലച്ചിലില്‍ പതുങ്ങിയിരുന്ന പുള്ളിനെ തള്ളക്കോഴി കണ്ടില്ല.തള്ളക്കോഴിയുടെ കണ്ണ്തെറ്റിയ ഒരു നിമിഷം പുള്ള് ശരവേഗത്തില്‍ താഴേക്ക് പാഞ്ഞു.മാവിന്റെ ചില്ലകള്‍ അനങ്ങിയത് തള്ളക്കോഴി അറിഞ്ഞു.തള്ളക്കോഴി മുന്നറിയിപ്പ് നല്‍കേണ്ട താമസം കോഴികുഞ്ഞുങ്ങള്‍ തള്ളക്കോഴിയുടെ അടുത്തേക്കോടി. തള്ളക്കോഴിയുടെ ശബ്ദ്ദം കേട്ട് പറമ്പില്‍ ചികഞ്ഞുകൊണ്ടിരുന്ന കോഴികളെല്ലാം കൂടി പുള്ളിനുനേരെ പാഞ്ഞു.

കോഴികളുടെ ശബ്ദ്ദം കേട്ടാണ് അനുപമ ഉച്ച‌യുറക്കത്തില്‍നിന്ന് കണ്ണ് തുറന്നത്. കോഴികുഞ്ഞുങ്ങളെ അടച്ചിടാതെയാണ് താന്‍ ഉറങ്ങിയത്. അനുപമ വേഗം പറമ്പിലെത്തി. കോഴികളുടെ കരച്ചില്‍ അവസാനിച്ചിട്ടില്ല.അവള്‍ കോഴികുഞ്ഞുങ്ങളെ എണ്ണി. പന്ത്രണ്ടെണ്ണമേയുള്ളു. ഒരെണ്ണം നഷ്ട്പ്പെട്ടിരിക്കുന്നു. കാച്ചില്‍‌ വള്ളികള്‍ക്കിടയില്‍നിന്ന് കോഴ്കുഞ്ഞിന്റെ ശബ്ദ്ദം കേട്ടു. അനുപമ കാച്ചില്‍‌വള്ളികള്‍ വകഞ്ഞുമാറ്റി. പേടിച്ചുനില്‍ക്കുന്ന കോഴിക്കുഞ്ഞ്. അവള്‍ അതിനെ പുറത്തെടുത്തു. തള്ളക്കോഴിയെ കണ്ട് കോഴികുഞ്ഞ് അതിന്റെ അടുത്തേക്കോടി. അനുപമ കോഴിയെ ഓടിച്ച് ഒറ്റാലില്‍ കയറ്റി അടച്ചു.

***************************************************

അനുപമ ഗെയ്റ്റില്‍ നില്‍ക്കുകയാണ്. സമയം നാലരയായി. നാലുമണിമുതല്‍ അനുപമ ആ നില്‍പ്പ് തുടരുകയാണ്. ഓരോനിമിഷവും കഴിയുന്നത് അവളുടെ നെഞ്ചിടുപ്പിന്റെ വേഗതയേറ്റി.താര ഇനിയും എത്തിയിട്ടില്ല.എന്നും 4.10ന്റെ ബസ്സിന് എത്തുന്നതാണ്. എന്തുപറ്റി ഇത്രയും താമസിക്കാന്‍.അനുപമയുടെ ഉള്ളില്‍ പരുന്തുകള്‍ വട്ടമിട്ടുപറന്നു.കോഴിക്കുഞ്ഞിനെ റാഞ്ചാന്‍ തക്കം‌പാര്‍ത്തിരിക്കുന്ന പരുന്തുകള്‍.

അനുപമ വീട്ടിനുള്ളിലേക്ക് കയറി.അനുപമ വിയര്‍ക്കാന്‍ തുടങ്ങി.അവള്‍ ഫാന്‍ വേഗതകൂട്ടിയിട്ടു.മഹേഷിന്റെ ഫോണ്‍നമ്പര്‍ അമര്‍ത്തുമ്പോള്‍ അവളുടെ കൈകള്‍ വിറച്ചു.

“മഹേഷേട്ടാ...”


“എന്താ അനുപമേ..എന്തുപറ്റി..??”

“താര ഇതുവരെയും എത്തിയിട്ടില്ല...ഒന്നുപോയി നോക്കാമോ??”

“നീ എന്തിനാ പേടിക്കുന്നത്?അവള്‍ കൊച്ചുകുട്ടിയൊന്നും അല്ലല്ലോ?പ്ലസ്‌ടുവിനല്ലേ പഠിക്കുന്നത് ”

“അതുതന്നായാ മഹേഷേട്ടാ എന്റെ പേടി.അവളിന്ന് കൊച്ചുകുട്ടിയൊന്നുമല്ല.എനിക്കെന്തോ അരുതായ്‌ക..”

“ശരി ശരി ഞാന്‍ നോക്കാം..”

അനുപമ ഫോണ്‍ വെച്ചു.അവള്‍ കസേരയിലേക്ക് ചാരി.ഫാന്‍ വളരെ വേഗതയില്‍ കറങ്ങുകയാണ്.ഫാനോടൊപ്പം ലോകവും കറങ്ങുകയാണ്.കോഴിക്കുഞ്ഞിനെ റാഞ്ചാന്‍ തക്കം പാര്‍ത്തിരിക്കുന്ന പുള്ള്.കാട്ടില്‍ ഒളിച്ചിരിക്കുന്ന കീരികള്‍. കോഴിക്കുഞ്ഞുങ്ങള്‍ക്ക് എവിടെയാണ് രക്ഷ?.അമ്മയുടെ ചിറകിന്‍ കീഴില്‍ തന്നെ നില്‍ക്കാന്‍ അവര്‍ക്ക് ആവുമോ?...

ഡോര്‍ബെല്ലിന്റെ ശബ്ദ്ദം കേട്ടാണ് അനുപമ ചിന്തകളില്‍നിന്ന് ഉണര്‍ന്നത്.മഹേഷേട്ടനും താരയും വാതിക്കല്‍ എത്തിയിരിക്കുന്നു. അനുപമ സമയം നോക്കി.അഞ്ചുമണി കഴിഞ്ഞിരിക്കുന്നു.അനുപമ വാതില്‍ തുറന്നു.മഹേഷും താരയും അകത്തേക്ക് കയറി.അനുപമ ഒന്നും ചോദിച്ചില്ല.പെണ്‍കുട്ടികള്‍ എത്ര പെട്ടന്നാണ് വളരുന്നത്.പെണ്‍കുട്ടികളുടെ അമ്മമാര്‍ക്ക് തള്ളക്കോഴിയുടെ മനസ്സാണ്.താര അകത്തേക്ക് പോകുന്നത് നോക്കി അനുപമ നിന്നു.

“എന്താ അനൂ.. നിനക്കെന്തുപറ്റി..”മഹേഷ് ചോദിച്ചു.

“നാളെ നമുക്ക് താരയുടെ സ്കൂളില്‍വരെ പോകണം.അവളുടെ യൂണിഫോം മാറ്റാന്‍ നമുക്കൊന്നു പറയണം.ഈ ഫ്രോക്കും ഓവര്‍കോട്ടും മാറ്റി ചുരിദാറാക്കിയാല്‍ അവര്‍ക്കെന്താ കൊഴപ്പം?”അനുപമ അത് പറയുമ്പോള്‍ കോഴിക്കുഞ്ഞിനെ പിടിക്കാന്‍ ഇഴഞ്ഞുവരുന്ന ചേരയായിരുന്നു അവളുടെ മനസ്സില്‍.

അത്താഴത്തിന് ഇരിക്കുമ്പോഴും അനുപമ താരയോട് സംസാരിച്ചില്ല.അമ്മയുടെ മനസ്സില്‍ എന്തോ ഉണ്ടന്ന് താരയ്ക്ക് തോന്നി. സാധാരണ അത്താഴം കഴിക്കുമ്പോള്‍ അമ്മ സംസാരിച്ചുകൊണ്ടേ ഇരിക്കുന്നതാണ്.തനിക്ക് രാവിലെ പത്രം വായിക്കാനുള്ള സമയം കിട്ടാറില്ല.പത്രവാര്‍ത്തകള്‍ അമ്മ പറയുന്നത് അത്താഴ സമയത്താണ്.ഇന്ന് അമ്മയ്ക്ക് എന്താണ് പറ്റിയത്?പലപ്പോഴും താന്‍ താമസിച്ച് എത്തിയിട്ടുണ്ട്.പിന്നെന്താണ് ഇന്നുമാത്രം അമ്മയ്ക്ക് തന്നോട് ഒരകല്‍ച്ച.

താര പഠിക്കാന്‍ ഇരിക്കുമ്പോള്‍ അനുപമയും കൂടെ ഇരിക്കാറുണ്ട്.ഇന്ന് അനുപമ താരയുടെ കൂടെ ഇരിക്കാന്‍ എത്തിയില്ല. താരയ്ക്ക് സങ്കടം വന്നു.അവളുടെ കണ്ണ് നിറഞ്ഞു.അവള്‍ പുസ്ത്കം മടക്കിയെഴുന്നേറ്റു.അനുപമയുടെ കിടപ്പുമുറിയിലേക്ക് അവള്‍ ചെന്നു.അനുപമ കിടക്കുകയായിരുന്നു.താര കട്ടിലില്‍ ചെന്നിരുന്നു.തള്ളക്കോഴി കുഞ്ഞിനെ ചിറകിനടിയില്‍ ഒളിപ്പിക്കുമ്പോലെ അനുപമ താരയെ കെട്ടിപ്പിടിച്ചു.

***********************************************

അനുപമയുടെ സ്വഭാവത്തില്‍ ഉണ്ടായമാറ്റങ്ങള്‍ മഹെഷിനെ അത്ഭുതപ്പെടുത്തി. താരയുടെ ഓരോനീക്കവും അനുപമ നിരിക്ഷിക്കുന്നുണ്ടന്ന് മഹേഷിന് തോന്നി. താരയ്ക്ക് വരുന്ന ഓരോ ഫോണ്‍കോളുകളും അനുപമ ശ്രദ്ധിക്കുന്നു. താരയെ ഫോണ്‍ എടുക്കാനെ സമ്മതിക്കുന്നില്ല. താരയുടെ സ്കൂള്‍ ബാഗ് അനുപമ പലപ്പോഴും പരിശോധിക്കുന്നത് മഹേഷ് കണ്ടു.

ഒരു ദിവസം മഹേഷ് അനുപമയോട് അതിനെക്കുറിച്ച് ചോദിച്ചു.അനുപമയ്ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ സാധിച്ചില്ല.അനുപമയെ മാനസികമായ എന്തോ പ്രശ്‌നം അലട്ടുന്നുണ്ടന്ന് മഹേഷിന് തോന്നി.സാധാരണ അനുപമ ആരോടും കയര്‍‌ത്തു സംസാരിക്കാറില്ല.പക്ഷേ കഴിഞ്ഞാഴ്ച് സ്കൂളില്‍ ചെന്ന് ഹെഡ്മിസ്ട്ര്‌സിനോട് മോശമായിട്ട് പെരുമാറിയെന്ന് താര പറഞ്ഞപ്പോള്‍ മഹേഷ് അത് കാര്യമായി എടുത്തിരുന്നില്ല.പക്ഷേ ഇപ്പോള്‍..?

മഹേഷ് സ്കൂളില്‍ ചെന്ന് കാര്യം അന്വേഷിച്ചു.ഹെഡ്‌മി‌സ്‌ട്രസിനോട് കയര്‍ത്തുസംസാരിച്ചു എന്നത് സത്യമാണ്.പക്ഷെ അത് ഹെഡ്‌മി‌സ്‌ട്രസത് കാര്യമായി എടുത്തിട്ടില്ല എന്നറിഞ്ഞപ്പോള്‍ ആശ്വാസമായി.അനുപമയെ അവര്‍ക്ക് കുറ്റപ്പെടുത്താന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം.സ്കൂള്‍ യൂണിഫോം ചുരിദാറാക്കണം എന്നായിരുന്നു അനുപമയുടെ ആവിശ്യം.പെണ്‍കുട്ടികളെ ഫ്രോക്ക് ധരിപ്പിക്കുന്നത് നന്നല്ലന്ന് അനുപമ പറഞ്ഞപ്പോള്‍ മാനേജ്‌മെ‌ന്റുമായി സംസാരിക്കാം എന്നവര്‍ ഉറപ്പുകൊടുത്തു.

താര അന്ന് വന്നത് പുതിയവാര്‍ത്തയുമായിട്ടായിരുന്നു.സ്കൂളില്‍ ഇനിമുതല്‍ ചുരിദാറും ഇടാമെത്രെ.അനുപമയ്ക്കായിരുന്നു ആ വാര്‍ത്ത ആശ്വാസമായത്.ഒരു പുള്ളിനെ കൊത്തിയോടിച്ച തള്ളക്കോഴിയുടെ മുഖമായിരുന്നു അവള്‍ക്കപ്പോള്‍. 

******************************************************

മഹേഷ് പത്രം വായിക്കാനായി എടുത്തു.ആദ്യപേജിന്റെ അവസാന ഭാഗം ആരോ വെട്ടിയെടുത്തിരിക്കുന്നു.താരയെ വിളിച്ച് ചോദിച്ചപ്പോള്‍ അവളല്ല.അനുപമയോട് ചോദിച്ചുടനെതന്നെ അവള്‍ വെട്ടിയെടുത്ത ഭാഗം എടുത്തുകൊണ്ടു വന്നു. ഇന്ത്യക്കാരനും റഷ്യക്കാരിയും തമ്മിലുള്ള വിവാഹ വാര്‍ത്തയായിരുന്നു അത്.രണ്ടു ദിവസം കഴിഞ്ഞ് മഹേഷ് ഇന്റ്‌ര്‍നെറ്റ് പരതുമ്പോള്‍ പല സൈറ്റുകളും ബ്ലോക്ക് ചെയ്തിരിക്കുകയാണന്ന് മനസിലായി.ചാറ്റ് സൈറ്റുകളും കമ്മ്യൂണിറ്റിസൈറ്റുകളും ബ്ലോക്കഡാണ്.താര സൈറ്റുകള്‍ ബ്ലോക്കാക്കാന്‍ വഴിയില്ല, അനുപമ തന്നെ ആയിരിക്കണം.തലേന്ന് അനുപമ തന്നോട് ബ്ലോക്കിംങ്ങ് സോഫ്റ്റുവെയറുകള്‍ ചോദിച്ചതയാള്‍ ഓര്‍ത്തു.എന്തിനാണന്ന് ചോദിച്ചപ്പോള്‍ വെറുതെ എന്നായിരുന്നു ഉത്തരം.

മഹേഷ് ഉറങ്ങാനായി ചെന്നപ്പോള്‍ അനുപമ ഉറങ്ങിയിരുന്നില്ല.

“എന്തിനാണ് നീ സൈറ്റ് ബ്ലോക്കാക്കിയിരിക്കുന്നത്?"

അനുപമ അതിന് മറുപടി പറഞ്ഞില്ല.അവള്‍ എഴുന്നേറ്റു അലമാര തുറന്നു ഒരു ഫയല്‍ എടുത്തുകൊണ്ടുവന്നു അയാളുടെ മുന്നിലേക്കിട്ടു.മഹേഷ് ഫയല്‍ തുറന്നു.അതില്‍ പത്ര കട്ടിംങ്ങുകളാണ്.മഹേഷത് നോക്കി.കഴിഞ്ഞ ദിവസം പത്രത്തില്‍നിന്ന് കട്ടു ചെയ്‌ത പേപ്പര്‍ ആദ്യം തന്നെ വച്ചിരുന്നു.ചാറ്റിംങ്ങുകളിലൂടയും കമ്മ്യൂണിറ്റി സൈറ്റുകളിലൂടയും പരിചയപ്പെട്ട് വിവാഹം കഴിച്ചവരുടെ വാര്‍ത്തയായിരുന്നു ആ ഫയലില്‍.മഹേഷ് അനുപമയെ നോക്കി.അവളുടെ കണ്ണിൽനിന്ന് കണ്ണുനീര്‍ ഒഴുകുന്നു.

“എന്തു പറ്റിയടോ തനിക്ക് ?”അയാള്‍ ചോദിച്ചു.

“നമ്മുടെ മോള്‍ വളരുകയല്ലേ മഹേഷേട്ടാ.......”അനുപമ പൊട്ടികരഞ്ഞു.
****************************************
കോഴികുഞ്ഞുങ്ങള്‍ വളര്‍ന്നു.അമ്മക്കോഴിചികഞ്ഞിടുന്നത് ഇപ്പോള്‍ ശ്രദ്ധിക്കാറേയില്ല.കുഞ്ഞുങ്ങള്‍ സ്വയം ചികഞ്ഞ് തീറ്റയെടുക്കാന്‍
തുടങ്ങിയിരിക്കുന്നു. എവിടെയെങ്കിലും ഒരനക്കം കേട്ടാല്‍ അമ്മക്കോഴി ഇപ്പോഴും അപായശബ്ദ്ദം പുറപ്പെടുവിക്കും.തന്റെ ചിറക് വിരിച്ച് കുഞ്ഞുങ്ങളെ കാത്തുനില്‍ക്കും.പക്ഷേ ഒരൊറ്റ കോഴിക്കുഞ്ഞും അമ്മയുടെ ചിറകിനടിയില്‍ ഒളിക്കാന്‍ എത്താറില്ല. തള്ളക്കോഴിയുടെ ശബ്ദ്ദം കേട്ടാലുടന്‍ അനുപമ ഒറ്റാലുമായും ഇറങ്ങും.കോഴിക്കുഞ്ഞുങ്ങള്‍ ഒറ്റാലില്‍ കയറാതെ മാറിക്കളയും. തള്ളക്കോഴിയും ഒറ്റാല്‍ കണ്ടഭാവം കാണിക്കാരില്ല.തന്റെ കുഞ്ഞുങ്ങള്‍ വളര്‍ന്നുകഴിഞ്ഞന്ന് തള്ളക്കോഴിയും മനസിലാക്കിയിട്ടുണ്ടാവും.

അനുപമയുടെ പെരുമാറ്റം താരയ്ക്ക്
അസഹീനയമായി തോന്നിതുടങ്ങി. ഭക്ഷണത്തിനുപോലും അമ്മ നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന പരാതിയുമായി താര മഹേഷിന്റെ അടുത്തെത്തി. ചിക്കനും മീനും താരയെക്കൊണ്ട് അനുപമ നിര്‍ബന്ധിച്ച് കഴിപ്പിക്കുമായിരുന്നതാണ്. ഇപ്പോള്‍ അനുപമ ബ്രോയിലര്‍ ചിക്കന്‍ വാങ്ങാറെയില്ല.ബ്രോയിലര്‍ ചിക്കന്‍ കഴിച്ചാല്‍ പെണ്‍കുട്ടികള്‍ക്ക് പ്രായത്തിലധികവളര്‍ച്ചയുണ്ടാകുമെന്ന് എവിടയോ വായിച്ചതിനുശേഷമാണ് അനുപമ ബ്രോയിലര്‍ ചിക്കന്‍ വാങ്ങാതായത്.

പതിമൂന്ന് കോഴികുഞ്ഞുങ്ങളും ഒറ്റയ്‌ക്കൊറ്റയ്ക്ക് തീറ്റതേടി നടന്നു തുടങ്ങി.തള്ളക്കോഴി വീണ്ടും മുട്ടയിട്ട് തുടങ്ങി.ആകാശത്ത് ഇപ്പോള്‍ കോഴിക്കുഞ്ഞുങ്ങളെ റഞ്ചാന്‍ വട്ടമിട്ട് പറക്കുന്ന പരുന്തുകളില്ല.ഇലച്ചാര്‍ത്തുകളില്‍ പതുങ്ങിയിരിക്കുന്ന പള്ളുകളും ഇല്ല.കോഴികുഞ്ഞുങ്ങള്‍ വളര്‍ച്ചയെത്തിയിരിക്കുന്നു.പിടക്കോഴികള്‍ പൂവകോഴികളുമായി കൂട്ടുകൂടിയിരിക്കുന്നു.ഇപ്പോള്‍ അനുപമയുടെയുള്ളില്‍ കോഴിക്കുഞ്ഞുങ്ങളുടെ കരച്ചില്‍ ഉയരാറില്ല.പരുന്തുകളും പുള്ളുകളും മനസ്സില്‍ പതിയാറില്ല.

************************************************

രതീഷ് താരയുടെ കഴുത്തില്‍ മിന്നുചാര്‍ത്തിയപ്പോള്‍ അനുപമയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.വളര്‍ത്തി വലുതാക്കിയ മകള്‍ ഇന്നുമുതല്‍ തന്നോടൊത്ത് ഉണ്ടാവില്ലന്ന്‍ അവള്‍ക്കറിയാം.അതൊരു സാമൂഹിക സത്യമാണല്ലോ?ഇനിയും അവള്‍ ഒരിക്കലും തന്റെ ചിറകിനടിയില്‍ ഒളിക്കാന്‍ എത്തുകയില്ല.അമ്മയുടെ ചുമതല ഭംഗിയാക്കി താന്‍ പിന്മാറുകയാണ്.ഇന്നലെവരെ തന്റേതായിരുന്ന താരയുടെ അവകാശം മറ്റൊരാള്‍ക്കാവുകയാണ്.

വിരുന്നു വരുന്ന മകളേയും മരുമകനേയും സല്‍ക്കരിക്കാന്‍ അനുപമ ഒരുങ്ങി.അടുക്കളയിലെ പണികളെല്ലാം അവള്‍ ചെയ്തു തീര്‍ത്തു.മഹേഷ് അവരെ വിളിക്കാനായി പോയി.താരയും രതീഷും മഹേഷും എത്തിയപ്പോള്‍ സന്ധ്യകഴിഞ്ഞിരുന്നു.വീടിനകത്ത് വെട്ടമുണ്ടായിരുന്നില്ല.അനുപമ അകത്തില്ലേ?ബെല്ലടിച്ചിട്ടും അനുപമ എത്തിയില്ല.മഹേഷ് അനുപമയെ വിളിച്ച് വീടിനുചുറ്റും നോക്കി. കോഴിക്കൂട് അടച്ചിട്ടില്ല.

എന്തെല്ലാം മറന്നാലും അനുപമ കോഴിക്കൂട് അടയ്ക്കാന്‍ മറക്കാത്തതാണ്. മഹേഷ് തള്ളക്കോഴിയുടെ കൂടിനകത്തേക്ക് നോക്കി.കൂട് ശൂന്യം. കോഴിത്തൂവലുകള്‍ കൂടിനകത്ത് കിടപ്പുണ്ട്.നിലത്ത് രക്തതുള്ളികള്‍.എവിടെ നിന്നോ കോഴിയുടെ കരച്ചില്‍ അവ്യക്തമായി കേള്‍ക്കാം.ശബ്ദ്ദം കേട്ടിടത്തേക്ക് മഹേഷ് ചെന്നു.തള്ളക്കോഴി രക്തത്തില്‍ കുളിച്ച് കിടക്കുന്നു.ദേഹത്ത് പല്ലുകളും നഖങ്ങളും ആഴ്ന്നിറങ്ങിയതിന്റെ പാടുകള്‍.കോഴിയെ കുറുക്കന്‍ പിടിച്ചിരിക്കുന്നു.

സ്വന്തം കുഞ്ഞുങ്ങളെ പരുന്തിനും പുള്ളിനും കൊടുക്കാതെ വളര്‍ത്തിയ തള്ളക്കോഴിയുടെമേല്‍ എവിടെനിന്നോ എത്തിയ കുറുക്കന്‍ തന്റെ വിശപ്പ് മാറ്റാന്‍ ശ്രമിച്ചിരിക്കുന്നു.മഹേഷ് കോഴിയെ എടുത്തു.

അമ്മേ...........” താരയുടെ നിലവിളി മഹേഷ് കേട്ടു.

അയാളുടെ കൈയ്യിലിരുന്ന കോഴിയൊന്ന് പിടഞ്ഞു. അവസാനത്തെ പിടച്ചില്‍.

അർദ്ധനഗ്നമായ അനുപമയുടെ ശരീരത്തിൽ നിന്ന് ഒഴുകി ഇറങ്ങിയ രക്തം വാതിൽപ്പടിവരെ എത്തിയിരുന്നു............... 

18 comments:

പ്രയാസി said...

നല്ല കഥ..നന്നായി എഴുതിയിരിക്കുന്നു..
ഒരമ്മയുടെ വ്യാകുലതകള്‍ നന്നായി പകര്‍ത്തിയിരിക്കുന്നു..
ഇക്കാലത്തു തള്ളക്കോഴിക്കും രക്ഷയില്ല അല്ലേ..!
നല്ല ക്ലൈമാക്സ്..

കുഞ്ഞന്‍ said...

തെക്കേഡാ..
കഥ നന്നായെന്നല്ല വളരെ വളരെ നന്നായി..!
അവസാന്‍ ടിസ്റ്റ് വളരെയധികം ഇഷ്ടമായി.. അഭിനന്ദനങ്ങള്‍..!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒരമ്മയുടെ വ്യാകുലതകള്‍ നന്നായി പകര്‍ത്തിയിരിക്കുന്നു, കൂടെ പരിണിതഫലങ്ങളും.

ഏ.ആര്‍. നജീം said...

മനസില്‍ തൊട്ടു...

അനൂപ്‌ തിരുവല്ല said...

നന്നായി എഴുതിയിട്ടുണ്ട്.

മുക്കുവന്‍ said...

touching story... good writting.

cheers

SHAJNI said...

hai da,
u r on the track.good theme and approach.

ദീപു said...

നന്ന്......

പാര്‍ത്ഥന്‍ said...

'ഇത്രയ്ക്ക്‌ ക്രൂരരാവാന്‍ എങ്ങിനെ കഴിയുന്നു'
എന്ന പോസ്റ്റിലെ ലിങ്കിലൂടെയാണ്‌ ഇവിടേയ്ക്ക്‌ എത്തിയത്‌.
ഒരമ്മയുടെ വ്യാകുലതകള്‍ വളരെ ഭംഗിയായി അവതരിപ്പിച്ചു. ഇത്തിരി ഞെട്ടലോടെയാണ്‌ വായിച്ചവസാനിപ്പിച്ചത്‌. ഇത്‌ ഏതൊരമ്മയുടെയും ദുഃഖമാണ്‌, കാലത്തിന്റെയും.

Eldho Kakkattoor said...

ha ha ha

david said...

SUPER !!!
സൂ‍പ്പര്‍ !!!

ഹരീഷ് തൊടുപുഴ said...

തെക്കേടാ, വളരെയേറെ നന്നായി പറഞ്ഞിരിക്കുന്നു ഒരമ്മയുടെ വ്യകുലതകള്‍.....അഭിനന്ദനങ്ങള്‍

ശിവ said...

കഥ ഇഷ്ടമായി.

സസ്നേഹം,

ശിവ

Anna said...

good one.......... bt climax ethra sharp akendi erunnilla.........

Eler.........Oce said...

superb story..
touching..

ചേച്ചിപ്പെണ്ണ് said...

ഷിബു ഋതുവില്‍ എഴുതാത്തത് എന്താ .. ?
കൂടുതല്‍ വായനക്കാര്‍ ഈ വായന അര്‍ഹിക്കുന്നു എന്ന് തോന്നുന്നു .. :)

Anonymous said...
This comment has been removed by a blog administrator.
Anonymous said...

very intersting story. It is touched my heart....

: :: ::