എന്തെല്ലാം സ്വപ്നങ്ങളായിരുന്നു. പെണ്ണുകെട്ടടാ പെണ്ണുകെട്ടടാ എന്ന് നാട്ടുകാര്‍ പറഞ്ഞ പ്പോള്‍ താനല്‍പ്പം വെയ്‌റ്റിട്ടു നിന്നു എന്ന തെറ്റുമാത്രമേ താന്‍ ചെയ്തിട്ടുള്ളു. എന്നിട്ടിപ്പോള്‍ .. ആന പിടിച്ചാലും പോയ ബുദ്ധി തിരിച്ചു വരില്ലല്ലോ? ട്രയിനിയായിട്ട് കയറിയപ്പോള്‍ വിചാരിച്ചു ജൂനിയറാവട്ടേ എന്ന്,ജൂനിയര്‍ ആയപ്പോള്‍ വിചാരിച്ചു സീനിയറാവട്ടെ എന്ന് ,സീനിയര്‍ ആയപ്പോള്‍ വിചാരിച്ചു ടീം ലീഡറാവട്ടെ എന്ന്, ടീം ലീഡറായപ്പോള്‍ വിചാരിച്ചുപ്രോജക്ട് ലീഡറാവട്ടെ എന്ന് ... എന്നിട്ടവസാനം എന്താകാന്‍ ? ഒരു ദിവസം ഓഫീസില്‍ കമ്പ്യൂട്ടര്‍ ഓണാക്കാനായി പാസ്‌വേഡ് കൊടുത്തപ്പോള്‍ അതാ വരുന്നു ഒരു അറിയിപ്പ്, എച്ച് ആര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ചെന്ന് പാസ്‌വേഡ് ചെക്ക് ചെയ്യാന്‍ ... പാസ്‌വേഡിനായി കൈനീട്ടിയ തന്റെ കൈയ്യിലേക്ക് നെയില്‍ പോളീഷ് ഇട്ട് മിനുക്കിയ കൈകൊണ്ട് അവള്‍ തന്റെ കൈകളിലേക്ക് ഇടുത് യെല്ലോ സ്ലിപ്പ് ആണന്ന് മനസിലാക്കാന്‍ കുറച്ച് സമയം എടുത്തു. ചിന്തേരിട്ട് മിനുക്കി പോളീഷടിച്ച അവളുടെ മുഖത്ത് കണ്ടത് കൊലച്ചിരിയാണല്ലോ ? എന്നോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും എന്ന് പറയാതെ തന്നെ അവള്‍ പറഞ്ഞില്ലേ?
അവളുടെ മുഖത്തുനോക്കി രണ്ട് തെറിപറയാന്‍ തോന്നിയതാണ് .പിന്നത് വേണ്ടാന്ന് വച്ചു. ഏതായാലും അത് നന്നായി. അല്ലങ്കില്‍ താനിപ്പോള്‍ ഏതെങ്കിലും ജയിലില്‍ കിടന്നേനെ. “എടീ പെണ്ണേ ഞാന്‍ റബ്ബറുവെട്ടി ജീവിച്ചോളാം “എന്ന് മനസില്‍ പറഞ്ഞ് ഇറങ്ങി കഴിഞ്ഞപ്പോഴാണ് വീണ്ടു വിചാരം ഉണ്ടാവുന്നത്. റബ്ബറിനും വിലയില്ല. റബറു വിറ്റുകിട്ടുന്ന കാശ് വെട്ടുകാരനുപോലും കൊടുക്കാന്‍ തികയാത്തതുകൊണ്ട് വെട്ട് നിര്‍ത്തിയാണല്ലോ എന്ന് താനോര്‍ത്തില്ല.
നാട്ടിലെ വീട്ടില്‍ ചെന്ന് കയറിയപ്പോള്‍ കറണ്ട് ഇല്ലാതിരുന്നത് ഭാഗ്യം. തന്നെപ്പോലുള്ളവര്‍ വീട്ടില്‍ ചെന്ന് കയറാനായിട്ടാണല്ലോ ലോഡ്‌ഷെഡിങ്ങ്.കരണ്ട് കട്ടുകൂടി ഇല്ലായിരുന്നെങ്കില്‍ എന്തായാനേ അവസ്ഥ.? കറണ്ട് കട്ട് കേരളത്തിന്റെ ശാപമാണന്ന് പറഞ്ഞ് നടന്ന തനിക്കിപ്പോള്‍ തോന്നുന്നുണ്ട് , ഉര്‍വ്വശി ശാപം ഉപകാരമായന്ന് . ഓരോ വര്‍ഷവും കഴിയുമ്പോഴും തനിക്ക് പെണ്ണിന്റെ തന്തമാര്‍ നീട്ടുന്ന ലക്ഷത്തിന്റെ ചാക്കുകളുംകാറുകളും എന്ത് സ്വപ്നം കണ്ടതാണ് . അതെല്ലാം മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണന്ന് തിരിച്ചറിയാന്‍ അല്പം വൈകിയോ ? കഴിഞ്ഞവര്‍ഷം ഇരുപന്തഞ്ച് ലക്ഷം വരെ വിലപറഞ്ഞ തനിക്കിപ്പോള്‍ അഞ്ചുപോലും ആരും പറയുന്നില്ലല്ലോ? യൂണിയന്‍ പണിക്ക് പോകുന്നവനും മണലു കട്ടുവാരാന്‍ പോകുന്നവനു പോലും പത്ത ലക്ഷം കൊടുത്തീട്ട് കൊത്തിക്കൊണ്ട് പോകാന്‍ പെണ്‍പിള്ളാരുടെ തന്തമാര്‍ ഇടിച്ചിടിച്ചു നില്‍ക്കുകയാണ് .ക്രൂഡോയിലിന് വിലകുറയുന്നതുപോലെ തന്നെപ്പോലുള്ളവര്‍ക്ക് വില ഇടിയുകയാണ് . ചുമ്മാതെ കൊടുക്കാമെന്ന് പറഞ്ഞാല്‍പ്പോലും ബാരലെടുക്കാന്‍ ആളുണ്ടാവാത്ത കാലം വരുമെന്ന് കേള്‍ക്കുമ്പോള്‍ നെഞ്ചിടിപ്പ് ശിവമണിയുടെ ഡ്രമ്മിനേക്കാള്‍ ഉച്ചത്തില്‍ കേള്‍ക്കാം.
ഞായറാഴ്ചത്തെ പത്രം വരാന്‍ കാത്തിരിക്കുകയാണ് . കാണുന്ന നമ്പരിലെല്ലാം വിളിച്ചിട്ടും ഒരു രക്ഷയും ഇല്ല. ഐ.റ്റി.ക്കാരനാണന്ന് പറഞ്ഞു തുടങ്ങേണ്ട താമസം അപ്പുറത്ത് ഫോണ്‍ വെച്ചിരിക്കും. താന്‍ തന്നെ ഒരു പരസ്യം കൊടുത്തിട്ട് എന്താഗതി ? ഒരൊറ്റ മറുപിടിയാണ് വന്നത്. എത്രയെത്ര ഡോക്ടര്‍മാര്‍ ക്യു നിന്നതാണ് ... ഐറ്റി ക്കാരികളെ തന്നെ നോക്കാമന്ന് വച്ചാല്‍ അവളുമാര്‍ക്കാര്‍ക്കും ഐറ്റിക്കാരന്മാരെ വേണ്ടാ .. ആരും അറിഞ്ഞു കൊണ്ട് ജീവിതം കോഞ്ഞാട്ടയാക്കത്തില്ലല്ലോ ? പണ്ടൊക്കെ തന്നെകാണുമ്പോള്‍ ബ്രോക്കറുമാര്‍ ഓടിയെത്തുമായിരുന്നു. കൈയ്യിലിരിക്കൂന്ന ഡയറിയില്‍ നിന്ന് പെണ്‍പിള്ളാരുടെ ഫോട്ടോ തുറന്ന് പിടിച്ചുതരുമായിരുന്നോ .. വെറുതെ കണ്ടോ എന്നായിരുന്നു പറഞ്ഞിരുന്നത്. “ചേട്ടോ നമുക്ക് പറ്റിയത് വല്ലതും കയ്യിലുണ്ടോ ?” എന്നിപ്പോള്‍ ചോദിച്ചാല്‍ അയാള്‍ക്ക് ഒരു പണിയില്ലങ്കിലും തിരക്കിട്ട് എങ്ങോട്ടെങ്കിലും പോകും. “സമയം മെനക്കെടുത്താതെ പോടാ...” എന്ന് മനസില്‍ പറഞ്ഞുകൊണ്ടായിരിക്കൂം പോകുന്നത്.
ഇപ്പോഴെത്തെ പെണ്‍പിള്ളാരെല്ലാം പുരോഗമന ചിന്താഗതിക്കാരാണത്രെ. പെണ്ണുകാണാന്‍ വരുന്ന ചെറുക്കന്റെ ഫുള്‍ ഹിസ്റ്ററിയും ജോഗ്രഫിയും അറിഞ്ഞതിനുശേഷമേ പെണ്ണുകാണാന്‍ സമ്മതിക്കുകയുള്ളത്രെ.. ജീവിതം കൈവിട്ടുകളിക്കാന്‍ ആരും തയ്യാറാവില്ലല്ലോ? ബയോഡേറ്റയില്‍ ഫെയ്ക്ക്ടിച്ച് എച്ച്.ആറിനെ പറ്റിക്കാമെങ്കിലും പെണ്ണുകാണലില്‍ ഒരു ഫെയ്ക്കും നടക്കില്ല. അവളുടെ ഇന്റ്‌ര്‍വ്യു കഴിയുമ്പോഴേക്കും കാര്യങ്ങളില്‍ ഒരു തീരുമാനമാകും. പിന്നീട് അറിയിക്കാം എന്നൊന്നും പറയില്ല. അന്നേരം തന്നെ ഉള്ള കാര്യം പറയും. ഉടനെ അടുത്ത പെണ്ണുകാണലിനു പോകാന്‍ പറ്റും. ഇവളെകിട്ടും ഇവളെകിട്ടുമായിരിക്കും എന്ന് പറഞ്ഞ് കാത്തിരിക്കേണ്ട....
ഇനിയും ഒരു പെണ്ണ്‌കെട്ടിയിട്ടേയുള്ളു ബാക്കി കാര്യം എന്ന് അവന്‍ ഉറപ്പിച്ചു. ഇത്രയും കാലം താന്‍ പെണ്ണുകാണലിനു കണ്ട പെണ്‍പിള്ളാരോട് ചോദിച്ച ചോദ്യങ്ങള്‍ , തന്റെ സങ്കല്പങ്ങള്‍, തന്റെ ആവിശ്യങ്ങള്‍ അവന്‍ ഓര്‍ത്തു..
ചിക്കന്‍65, തന്തൂരി ചിക്കന്‍ ,ബട്ടര്‍ ചിക്കന്‍ എന്നിവയൊക്കെ ഉണ്ടാക്കാന്‍ അറിയാമോ ?കാറോടിക്കാന്‍ അറിയാമോ ?
പാര്‍ട്ടികളില്‍ തന്നോടൊപ്പം പങ്കെടുക്കുമ്പോള്‍ ഡാന്‍സ് ചെയ്യാന്‍ അറിഞ്ഞിരിക്കണം ?
കടകളില്‍ നിന്ന് സാധനം വാങ്ങിക്കഴിയുമ്പോള്‍ ബാലന്‍സ് ഉണ്ടങ്കില്‍ അത് വാങ്ങരുത് ..
വിലപേശി സാധനങ്ങള്‍ വാങ്ങരുത് ...
ഉറങ്ങുമ്പോള്‍ കിടപ്പുമുറിയിലെ ഒഴിച്ച് മറ്റ് മുറിയിലെ ലൈറ്റുകള്‍ ഓഫാക്കരുത് ...
കിച്ചണില്‍ നില്‍ക്കുമ്പോഴും പട്ടുസാരി ഉടുത്തിരിക്കണം ...
എല്ലാ ആഴ്ചയിലും തന്നോടൊപ്പം സിനിമയ്ക്ക് വന്നിരിക്കണം...
എല്ലാ ദിവസവും വൈകിട്ട് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് മാത്രമേ ഡിന്നര്‍ കഴിക്കാവൂ ....
കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം അവനൊരു പെണ്ണുകാണല്‍ വന്നു. സിസിക്കാര് ഹോണ്ടാസിറ്റി കൊണ്ടു പോയതുകൊണ്ട് ടാക്സിവിളിക്കാമെന്ന് വച്ചാല്‍വാടക കൊടുക്കാന്‍ കാശില്ലാത്തതുകൊണ്ട് ബസ് തന്നെ ശരണം . വിയര്‍ത്തുകുളിച്ച് പെണ്ണിന്റെ വീട്ടിലെത്തി. ചായയുമായി പെണ്ണ് വന്നപ്പോള്‍ അവളോട് ചോദിക്കാനുള്ള ചോദ്യങ്ങള്‍ അവന്‍ മനസില്‍ ഉറപ്പിച്ചു കൊണ്ട് അവന്‍ എഴുന്നേറ്റു.
ഉള്ളിയും മുളകും വച്ച് ചമ്മന്തി അരയ്ക്കാന്‍ അറിയാമോ ?
സൈക്കള്‍ ഓടിക്കാന്‍ അറിയാമോ ? സൈക്കിള്‍ ഓടിക്കാന്‍ അറിയില്ലങ്കിലും കാരിയറില്‍ ഇരിക്കാന്‍ അറിയണം..
പാര്‍ട്ടികളിലോ ആഘോഷങ്ങളിലോ പങ്കെടുക്കാന്‍ പോകരുത്..
സാധനങ്ങള്‍ വിലപേശിമാത്രമേ വാങ്ങാവൂ ...
പത്തുപൈസായേ ബാലന്‍സ് തരാനുള്ളൂ എങ്കിലും കടയില്‍ നിന്ന് ബാലന്‍സ് വാങ്ങിയിരിക്കണം..
കഴിവതും വൈദ്യുതി ഉപയോഗിക്കരുത് ...
എല്ലാ ദിവസവും വൈകിട്ട് കഞ്ഞിഉണ്ടാക്കണം..
ചേമ്പിന്‍താള്‍ , തഴുതാമ, കൈയ്യാല ചീര, ചേനതണ്ട് ,ഓമയ്ക്ക തുടങ്ങിയ പോഷകമേറിയ പച്ചക്കറികള്‍ കൊണ്ട് മാത്രം കൂട്ടാന്‍ വയ്ക്കുക...
എല്ലാം അവള്‍ കേട്ടു. എല്ലാം അവള്‍ക്ക് സമ്മതം. അവസാനം അവള്‍ ഒരു ചോദ്യം അവനോട് ചോദിച്ചു.
“തെങ്ങില്‍ കയറാന്‍ അറിയാമോ...?”
“ഇല്ല ..” അവന്‍ പറഞ്ഞു.“
"എന്നാല്‍ അത് പഠിക്കണം... ഒരു തെങ്ങില്‍ കയറുന്നതിന് രൂപാ ഇരുപതാ കൂലി...” അവള്‍ പറഞ്ഞു.
അവന്‍ അവളോട് യാത്രപറഞ്ഞിറങ്ങി. എത്രയും പെട്ടന്ന് തെങ്ങുകയറ്റ കോളേജില്‍ ചേരുകതന്നെ...
13 comments:
നര്‍മ്മത്തില്‍ പൊതിഞ്ഞ സത്യം.
ഹ ഹ ഹ നല്ല പരിണാമഗുപ്തി
ഹഹഹ കലക്കന്‍
ഇങ്ങനെ ചന്കില്‍ കുത്തല്ലേ എന്റെ ഇഷ്ടാ... സങ്ങതി കലകീട്ടാ :D
ഇതിത്തിരി കടുത്തുപോയി ഇഷ്ടാ...
-സുല്‍
ബി.ടെക് ഇന്‍ തെങ്ങ് കയറ്റം ...!!
പോസ്റ്റ് നന്നായിട്ടുണ്ട് ...
Nannayi. eppozhenkilum budhi uidichallo.
fr.k.g.m.
ഇതിന്റെ ഒരു പിഡിഎഫ് ഫോര്‍വാഡ് ഇന്നു കിട്ടി. (നിങ്ങളുടെ അറിവോടു് കൂടിത്തന്നെയാണോ?)
എഴുത്തും ഉള്ളടക്കവുമിഷ്ടപ്പെട്ടു.
നന്നായിരിക്കുന്നു. ഇവിടെ നോക്കൂ:
http://www.aswamedham.com/popup.php?page=detail&nid=14405
താങ്കളുടെ അനുവാദം അശ്വമേധം ചോദിച്ചോ?
പി.ഡി.എഫ് ഫോര്‍മാറ്റ് ഞാന്‍ തന്നെ ചെയ്‌തതാണ്.
അശ്വമേധത്തിലെ ‘ആധുനിക പെണ്ണുകാണല്‍ ‘ അനോണി ചൂണ്ടികാണിച്ചപ്പോഴാണ് കാണുന്നത്.
ആശ്വമെഥത്തിലെ പോസ്റ്റിനു താഴെ ഞാന്‍ എന്‍റെ പ്രധിക്ഷേധം അറിയിച്ചിട്ടുണ്ട്...
കൊള്ളാം...
കലക്കീട്ടാ...
കിടിലം
നര്‍മ്മതില്‍ ചലിച്ച ഇന്നിന്റെ സത്യം
Post a Comment