Monday, February 18, 2013

വിശേഷങ്ങൾ അവസാനിക്കുന്നില്ല...

വിശേഷം എന്തോ ഉണ്ട്?
ഒന്നും ആയില്ല അല്ലേ?

ചോദ്യവും ഉത്തരവും ചോദ്യം ചോദിക്കുന്ന ആൾ തന്നെ പറയുന്നത് കുറേ വർഷങ്ങളായി കേൾക്കുന്നു. ഉത്തരം അറിയാമെങ്കിലും ചുമ്മാ ശവത്തിൽ കുത്താൻ വേണ്ടിമാത്രം ഈ പണ്ടാരക്കാരാലന്മാർ ചോദിക്കുവാണന്ന് അറിയാമെങ്കിലും ഒന്നും പറയാതെ നടക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി.
ഒരിക്കൽ വിശേഷം എന്തോ ഉണ്ടന്ന് ഒരുത്തൻ ചോദിച്ചപ്പോൾ
"അമേരിക്കയിൽ ഒബാമ വീണ്ടും മത്സരിക്കുമെന്ന്" പറഞ്ഞപ്പോൾ അങ്ങേർക്ക് അറിയേണ്ടത് നമ്മുടെ വിശേഷം ആണന്ന്..

ഏയ് വിശേഷം ഒന്നും ഇല്ലന്ന് പറഞ്ഞപ്പോൾ അടൂത്ത ചോദ്യം
ജോലിയൊന്നും ആയില്ല അല്ലേ?

ഇല്ല എന്ന് കേൾക്കാൻ വേണ്ടിയാണ് അയാൾ ചോദിക്കൂന്നതന്ന് മനസിലായങ്കിലും ഇല്ല എന്ന് പറഞ്ഞില്ല...

"ജോലി ആയല്ലോ" എന്ന് പറഞ്ഞു

"എന്തു ജോലി?" വിശ്വാസം വരാതെ, തന്റെ ചോദ്യത്തിൽ നിന്ന് ഒരുത്തൻ രക്ഷപെട്ട് പോകുന്നത് സഹിക്കാനാവാതെ അയാളുടെ ചോദ്യം

"അമേരിക്കയിലെ വൈറ്റ് ഹൗസിലെ പേപ്പറൊക്കെ ടൈപ്പ് ചെയ്ത് കൊടുക്കൂന്നത് ഇപ്പോൾ ഞാനാ... അതുകൊണ്ട് രാത്രിയിലാ ജോലി...""ജോലിയിണ്ടായിട്ടും നീ പകലൊക്കെ ഇവിടുണ്ടല്ലോ"എന്നുള്ള അയാളുടേ അടുത്ത ചോദ്യം തടുത്തുകൊണ്ട് ഒന്ന് കയറ്റി പറഞ്ഞു.

അല്ലങ്കിൽ തന്നെ നാട്ടൂകാർക്ക് വിശേഷം അറിയൽ കൂടൂതലാ..
പഠിച്ചാലുടനെ
വിശേഷം എന്തോ ഉണ്ട്?ജോലി ഒന്നും ആയില്ലേ എന്ന് ചോദിക്കും...
ജോലി കിട്ടിയാലോ
വിശേഷം എന്തോ ഉണ്ട്?കല്യാണം ഒന്നും ആയില്ലേ എന്ന് ചോദിക്കും...
കല്യാണം കഴിച്ചാലോ
വിശേഷം എന്തോ ഉണ്ട്?കുട്ടികൾ ഒന്നും ആയില്ലേ എന്ന് ചോദിക്കും...

ഇങ്ങനെയുള്ള വിശേഷ ചോദ്യങ്ങളിൽ നിന്ന് രക്ഷപെടാൻ വേണ്ടിയായിരിക്കൂം സർക്കാർ വ്യാപകമായി ലോഡ്ഷെഡിംങും പവർകട്ടും വരുത്തിയത്. നാട്ടൂകാരുടെ വിശേഷം ചോദിക്കലിനു വിധേയമാകാതെ സമയം നോക്കി വീട്ടിൽ ചെന്നുകയറാം...

ജോലി കിട്ടിയിട്ടൂം നാട്ടുകാർ പറയുന്ന സമയത്ത് കല്യാണം കഴിച്ചോളണം.. അല്ലങ്കിൽ വാർത്ത കിട്ടിയ ന്യൂസ് ചാനലുകളെപ്പോലെ, അടുത്ത വാർത്ത കിട്ടൂന്നതുവരെ ആദ്യം കിട്ടിയ വാർത്ത കൊണ്ട് ചർച്ചകൾ നടത്തുന്നതുപോലെ അടുത്ത ഇരയെകിട്ടൂന്നതുവരെ നമ്മളെവെച്ച് ചായക്കടയിൽ ദിവസങ്ങൾ നീളുന്ന 'ന്യൂസ് അവർ' നടത്തിക്കളയും. നമ്മളെ ഒന്നു വിട്ടു പിടിക്കണമെങ്കിൽ ഏതെങ്കിലും പെൺപിള്ളാർ ഏതെങ്കിലും ചെറുക്കനെ ഒന്നു നോക്കി ചിരിക്കുകയോ ബൈക്കിൽ കയറി പോവുകയോ ചെയ്യണം. പിന്നെ ചായക്കടയിലെ റിപ്പോർട്ടർ സൈക്കൾ എടുത്ത് വാർത്ത ഉണ്ടാക്കാൻ ബൈക്കിന്റെ പുറകെ പൊയ്ക്കോളും.

അങ്ങനെ എപ്പോഴും വാർത്ത ഉണ്ടാകണമെന്ന് നിർബന്ധം ഇല്ലല്ലോ... കഷ്ടകാലത്തിനു പുതിയ വാർത്ത ഒന്നും വീണു കിട്ടീയില്ലങ്കിൽ നമ്മൾ കല്യാണം കഴിക്കാത്തതിന്റെ സാമ്പത്തിക- ജൈവ- ജീവ-ചരിത്രപരമായ കാരണങ്ങൾ വരെ ചായക്കടയിലെ ന്യൂസ് അവറിൽ ചർച്ചചെയ്യപ്പെടുകയും ആ വിവരങ്ങൾ ചർച്ചയിൽ പങ്കെടുത്തവർ ചർച്ചയിൽ പങ്കെടുക്കാൻ കഴിയാതെ വീടുകളിൽ  ഇരിക്കുന്ന സ്ത്രി ജനങ്ങളെ അറിയിക്കുകയും തൊഴിൽ ഉറപ്പ് പദ്ധതി വഴിയും അയൽക്കൂട്ടം വഴിയും അവർ അവരുടെ ന്യൂസ് പ്രക്ഷേപണം നടത്തുകയും ചെയ്‌തോളും.. എത്ര സ്നേഹമുള്ള ആൾക്കാർ !!!

ജോലികിട്ടിയിട്ടും മോനെന്താ കല്യാണം കഴിക്കാത്തത് എന്നുള്ള 'ചായക്കട അവതാരകന്റെ' ചോദ്യത്തിനു സമയം ആവട്ടെ എന്നുമത്രമേ ഞാൻ പറഞ്ഞുള്ളു. പക്ഷേ എന്റെ സമയം ശരിയാവാത്തതിന്റെ എല്ലാ ലക്ഷണവും പിന്നീട് ഞാൻ അറിഞ്ഞു... ആ സമയം ആവൽ ഒന്നൊന്നര ആവൽ ആയിരുന്നു... ഒരാഴ്ച ന്യൂസ് അവറിൽ ചർച്ച ചെയ്ത് കണ്ടത്തിയ കാരണങ്ങൾ പലപ്പോഴായി പലവഴിയിൽ പല ചോദ്യങ്ങളായി എന്റെ മുന്നിൽ വന്നു...

"മോന്‍ പഠിക്കുന്ന സമയത്ത് ഒരു പെണ്ണുമായി  ഇഷ്ടത്തിലായിരുന്നല്ലേ?"

"നാൽപ്പതുവയസുകഴിയാതെ കല്യാണം കഴിക്കരുതന്ന് ജാതകത്തിൽ ഉണ്ടല്ലേ?"

"സ്ത്രിധനം ചോദിക്കുന്നതും വാന്ങുന്നതും ഒക്കെ കുറ്റമാണന്ന് അറിയില്ലേ? സ്ത്രിധനം വാന്ങാതെ കെട്ടന്നോരല്ലേ ആൺകുട്ടികൾ?"

ഏതായാലും ഈ ചോദ്യം ചോദിച്ച ആളെ ഞാനൊന്നു നോക്കി വെച്ചു..
പണ്ട് മോന് കിട്ടിയ സ്ത്രിധനത്തിലെ രണ്ട് പത്തു രൂപയുടെ നടുക്ക് കിഴുത്ത ഉണ്ടന്ന് പറഞ്ഞ് മരുമോളെയും മോനയും ബന്ധുവീട്ടിൽ വിരുന്നിനു പോകുന്നത് തടഞ്ഞ ത്രേസാമ്മ ചേടത്തി !!!

എനിക്ക് കെട്ടണം കെട്ടണം എന്ന് വീട്ടീൽ ചെന്ന് പറയാൻ പറ്റില്ലല്ലോ.. അതുകൊണ്ട് ഈ വാർത്തകൾ ഒക്കെ വീട്ടിലേക്ക് റിഡയറക്റ്റ് ചെയ്യിക്കാൻ തന്നെ തീരുമാനിച്ചു... എന്റെ കഷ്ടകാലത്തിനു ആ ആഴ്ചയിൽ നാട്ടിലൊരു പെൺകൊച്ച് പണിക്കുവന്ന ബംഗാളിയുടെ കൂടെ ഒളിച്ചോടിപ്പോവുകയും ചെയ്തു. അതോടെ ചായക്കടയിലെ 'ന്യൂസ് അവറുകളുടെ' വിലപ്പെട്ട സമയം പെൺകൊച്ചും ബംഗാളിയും കൈയ്യേറി.ഉറങ്ങിക്കിടന്നവനെ വിളിച്ചെഴുന്നെൽപ്പിച്ച് ചോറില്ലന്ന് പറഞ്ഞ അവസ്ഥയിൽ ആയി ഞാൻ.പട്ടാളത്തിൽ ജോലി ചെയത്പ്പോൾ പണ്ടങ്ങാണ്ട് ബംഗാൾ വഴി  പോയ വാസുച്ചേട്ടൻ ബംഗാളികളിക്കുറിച്ചും ബംഗാളിനെക്കുറിച്ചും ആധികാരികമായി പറയാൻ ന്യൂസ് അവർ ചർചയിലെ പ്രത്യേക ക്ഷണിതാവായി ചായക്കടയിലേക്ക് ക്ഷണിക്കപ്പെട്ടു.വാസുച്ചേട്ടന്റെ വാക്കുകൾ കേൾക്കാനായിമാത്രം ആളുകൾ വെറുതെ ചായ കുടിച്ചു.ചായക്കടക്കാരൻ ഫ്രിആയി വാസുച്ചേട്ടന് ഓരോ പതിനഞ്ച് മിനിട്ടിലും ഓരോ ചായയും നൽകി.രണ്ട് ദിവസം കഴിഞ്ഞ് പെണ്ണും ബംഗാളിച്ചെറുക്കനും തിരിച്ചു വന്നതോടെ ആ വാർത്ത തീർന്നു. അന്നു വൈകുന്നേരം മുതൽ വാസുച്ചേട്ടന്‍ കുടിക്കുന്ന ഓരോ വിത്തൗട്ട് ചായയും ചായക്കടക്കാരന്റെ പറ്റുബുക്കിൽ ഇടം പിടിച്ചു. ഇനി എന്റെ കാര്യം ചായക്കടയിൽ ചർച്ചയായി വീട്ടിൽ വാർത്ത എത്തണമെങ്കിൽ ഞാനായിട്ട് എന്തെങ്കിലും വെളിപ്പെടൂത്തൽ നടത്തണം... അതും ചർച്ച ചെയ്യാൻ പറ്റിയ എന്തെങ്കിലും വെളിപ്പെടുത്തൽ !!പറ്റിയ വെളിപ്പെടൂത്തലിനായി ഞാൻ കാത്തിരുന്നു....

ഫേസ് ബുക്കിലെ സ്റ്റാറ്റസ് എൻഗേജഡ് എന്നാക്കിയാലോ എന്നാലോചിച്ചു. പക്ഷേ അതുകൊണ്ട് കാര്യമില്ല. കൂടി വന്നാൽ അമ്പത് 'ബെസ്റ്റ് ഓഫ് ലക്കോ' 'ബെസ്റ്റ് വിഷസോ' കമന്റായോ, അമ്പത് ലൈക്കോ ,നാലു ഷെയറോ കിട്ടിയന്നിരിക്കും. സ്റ്റാറ്റസ് മാറ്റിയാൽ അത് വാർത്തയായി ചായക്കടയിൽ എത്തില്ല മാത്രവുമല്ല മോന്തപ്പുസ്തകത്തിൽ ആർക്കെങ്കിലും ഒരിത് ഉണ്ടങ്കിൽ അത് പോയിക്കിട്ടൂകയും ചെയ്യും. അതുകൊണ്ട് ഏതായാലും സ്റ്റാറ്റസ് മാറ്റേണ്ട എന്ന് തീരുമാനിച്ചു. പുതിയ വെളിപ്പെടുത്തൽ ഒന്നും നടത്താതെ എല്ലാം തലേവര പോലെ വരട്ടന്ന് കരുതി കാലം കഴിക്കാൻ തീരുമാനിച്ചു....

ഒരു ദിവസം വെറുതെ വീട്ടിൽ കിടക്കുമ്പോൾ ഫോൺ...
ബ്ലഡ് ഡൊണേറ്റ് ചെയ്തിട്ട് എത്ര നാളായി...ഡൊണേറ്റ് ചെയ്യാമോ?ഇപ്പോൾ വന്നാൽ കൂടെ വരാമോ?
ബ്ലഡ് ഗ്രൂപ്പിലെ ആരോ ആണ്...  ഞാൻ വീട്ടിൽ തന്നെ ഉണ്ടന്ന് പറഞ്ഞ് ഫോൺ വെച്ചു...
പത്തിമ്നിട്ട് കഴിഞ്ഞ് വീട്ടിലേക്കൂള്ള വഴി ചോദിച്ച് ഒരു പെൺകൊച്ചിന്റെ ഫോൺ. ബ്ലഡ് എടുക്കാൻ കൊണ്ടുപോകാനുള്ള വരവാണ്. ഞാൻ കൂട്ടുകാർ ആരുടെയെങ്കിലും കൂടെ എത്തിക്കോളാം എന്ന് പറഞ്ഞെങ്കിലും അവർ വേറെ മൂന്നു പേരെക്കൂടി സംഘടിപ്പിച്ചിട്ടൂണ്ടന്നും ഒരുമിച്ച് ആശുപത്ര്യിലേക്ക് പോകാമെന്ന്...
സ്ഥലം പറഞ്ഞ് കൊടുത്തപ്പോൾ ജംഗഷൻ വരെയുള്ള വഴിയൊക്കെ അതിനറിയാം. അവിടെ വന്നിട്ട് ചായക്കടയിൽ ചോദിച്ചാൽ വീട്ടിലേക്കുള്ള വഴി പറഞ്ഞ് തരുമെന്ന് പറഞ്ഞ് ഫോൺ വെച്ചു. ഏതായാലും അവർ വരുന്നതിനു മുമ്പ് ജംഗ്ഷനിൽ എത്താം എന്ന് കരുതി ഒരുങ്ങി ഇറങ്ങി.

ഒരു കാർ ചായ കം സ്റ്റേഷനറിക്കട യുടെ മുന്നിൽ നിൽക്കൂന്നതും കാറിൽ നിന്ന് ഒരു പെൺകൊച്ച് ഇറങ്ങി കടയിലേക്ക് കയറുന്നതും ഞാൻ ജംഗ്‌ഷനിൽ എത്തുന്നതിനു മുമ്പ് കണ്ടൂ. ചായക്കടയിൽ നിന്ന് ഇറങ്ങിയ പെൺകൊച്ച് ഫോൺ കൈയ്യിൽ എടുത്ത് നമ്പർ ഡയൽ ചെയ്ത ഉടനെ എന്റെ ഫോൺ ബെൽ അടിച്ചു. ഇതവർ തന്നെ എന്ന് ഉറപ്പിച്ച്, ഞാനിതാ എത്തി എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു....
പെൺകൊച്ച് കാറിൽ കയറുന്നതും കാർ തിരിച്ചു നിർത്തുന്നതും ഞാൻ കണ്ടൂ. ഞാൻ എത്തിയതും ഡ്രൈവർ മുന്നിലെ ഡോർ തുറന്നു..ചായക്കടക്കാരനും ചായകുടിക്കുന്ന രണ്ടു പേരും കാറിലേക്ക് തന്നെ സൂക്ഷിച്ച് നോൽക്കുന്നത് കണ്ടൂ ഞാൻ കയറിയതും കാർ മുന്നോട്ട് നീങ്ങി...

ആശുപത്രിയിൽ എത്തി ചോരയൊക്കെ കൊടുത്ത് ഒന്നു രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ കൂട്ടൂകാരന്റെ ഫോൺ
"നീ എവിടാ...?"

"ഞാൻ ആശുപത്ര്യിൽ ..ബ്ലഡ് കൊടുക്കാൻ വന്നതാ..."

"സത്യമായിട്ടൂം നീ ആശുപത്ര്യിൽ ആണോ? ബ്ലഡ് കൊടുക്കാൻ പോയതാണോ?"

"സത്യം... എന്താടാ..."

"നിന്റെ കല്യാണം കഴിഞ്ഞന്ന് ഇവിടൊക്കെ ആൾക്കാർ പറയുന്നു..."

"ഞാൻ പോലും അറിയാതയോ?"

"നീ ഏതോ പെണ്ണൂമായി ഇഷ്ടമായിരുന്നെന്നും,അതിനു ഏനക്കാടായപ്പോൾ ആ പെണ്ണ് ആങ്ങളമാരെയും ഗുണ്ടയകളയും കൂട്ടി കൊണ്ട് വന്ന് കാറിൽ കൊണ്ടൂ പോയന്നൊക്കയാ പറയുന്നത്...."

"ശരി..നീ ഫോൺ വെച്ചോ... വീട്ടീന്ന് അമ്മ വിളിക്കുന്നുണ്ട്..."

അവന്റെ ഫോൺ കട്ട് ചെയ്ത് അമ്മയുടെ ഫോൺ അറ്റൻഡ് ചെയ്തു..

"നിന്റെ കല്യാണം കഴിഞ്ഞോ എന്ന് ചോദിച്ച് ആൾക്കാരൊക്കെ വന്ന് ചോദിക്കാൻ തുടങ്ങി.... അല്ലടാ രക്തം കൊടുക്കാൻ പോയ നീ ആ വഴിക്ക് കെട്ടുകയും ചെയ്തോ?"അമ്മയുടേ ചിരി.

"കെട്ട് കഴിഞ്ഞു,ഞാൻ ഇപ്പോൾ ചായ കുടിച്ചോണ്ട് ഇരിക്കുവാ..."

"ശരി.. ശരി..." അമ്മ ഫോൺ വെച്ചു...

കാറിൽ ആശുപത്രിയിലേക്ക് വരുമ്പോൾ ആ പെൺകൊച്ചിന്റെ ചോദ്യം ഓർത്തു. ആ പെൺകൊച്ചും ബ്ലഡ് എടുക്കാനായി കൊണ്ടുവന്ന മൂന്നു കോളേജ് പിള്ളേരുമായിരുന്നു പുറകിൽ. ജിമ്മിലൊക്കെ പോയി ജിമ്മന്മാരായ പിള്ളാർ.

"നിങ്ങടെ നാട്ടൂകാരെല്ലാം ഭയങ്കര സംശയ രോഗികളാണല്ലേ?"

"എന്താ?" ഞാൻ ചോദിച്ചു...

"ചേട്ടന്റെ വീട്ടിലേക്കൂള്ള വഴി ചോദിച്ചപ്പോൾ വഴി പറഞ്ഞു കഴിഞ്ഞ ഉടനെ ചായക്കടക്കാരന്റെ ചോദ്യം ,"എന്തിനാ വന്നതന്ന്?", ചോര എടുക്കാൻ കൊണ്ടു പോകാനാ വന്നതന്ന് പറഞ്ഞപ്പോൾ അയാൾക്കൊരു ഞെട്ടൽ. യാത്രക്കിടയിൽ ഛർദ്ദിക്കാതിരിക്കാൻ ഒരു നാരങ്ങ വാങ്ങിയപ്പോൾ അയാൾക്ക് വീണ്ടൂം എന്തക്കയോ സംശയം.. അറിയാതെ ഒരു ഓക്കാനും കൂടി വന്നപ്പോൾ ചായ കുടിക്കാൻ ഇരുന്നവന്മാർ ഗ്ലാസ് വെച്ചിട്ട് അത്ഭുത ജീവിയെ നോക്കുന്നതുപോലെ നോക്കി ഇരിക്കുന്നു."

"നാടല്ലിയോ, പുറത്തൂന്ന് ഒരാൾ അന്വേഷിച്ച് വന്നതുകൊണ്ടുള്ള ചോദ്യം ചെയ്യലാ" ഞാൻ പറഞ്ഞു

തിരികെ വീട്ടിൽ കൊണ്ടു വിടാമെന്ന് പറഞ്ഞെങ്കിലും ജംഗ്ഷനിൽ വിട്ടാമതിയന്ന് നിർബന്ധിച്ച് പറഞ്ഞപ്പോൾ അവർ എന്നെ അവിടെ ഇറക്കിയിട്ട് പോയി.. ചായക്കടയുടെ മുന്നിലൂടേ വീട്ടിലേക്ക് നടക്കുമ്പോൾ പലരും നോക്കുന്നത് കണ്ടൂ..

"മോനേ , ഒന്നു നിന്നേ" ആരോ പുറകീന്ന് വിളിക്കുന്നു

ഞാൻ നിന്നു..... വീട്ടിൽ പണിക്കൊക്കെ വന്നിരുന്ന മത്തായി ചേട്ടനാണ്

"വിശേഷം എന്തോ ഉണ്ട്?"

"ഒന്നുമില്ല"

"മോന്റെ കല്യാണം കഴിഞ്ഞല്ലിയോ?" അടൂത്ത ചോദ്യം

"കഴിഞ്ഞു"

"സത്യമായിട്ടൂ കഴിഞ്ഞോ?"

"കഴിഞ്ഞു..പെണ്ണ് പ്രസവിക്കുകയും ചെയ്തു... നാളെ ഇരുപത്തട്ട് കെട്ട്.. അടുത്ത മാസം മാമോദീസായും...എന്തേ?"

"ഒന്നുമില്ല.... ഞാൻ ചുമ്മാ വിശേഷം ചോദിച്ചന്നേ ഉള്ളൂ..."

"എന്നാ ശരി... ഞാൻ പൊയ്ക്കോട്ടേ...."

അങ്ങനെ നാട്ടാരായിട്ട് കല്യാണം കഴിപ്പിച്ചു... ഇനി എന്തെല്ലാം വിശേഷ  ചോദ്യങ്ങൾക്കാണാവോ ഉത്തരം പറയേണ്ടത്...

1 comment:

Villagemaan/വില്ലേജ്മാന്‍ said...

അപ്പൊ പേര് എന്നാ ഇട്ടു ? കൊച്ചു ആണോ പെണ്ണോ... ഹ ഹ !

കൊള്ളാം മാഷെ !

: :: ::