തിരക്കേറിയ വസായ് റയില്‍വേ സ്റ്റേഷനിലെ തിരക്കില്‍ ഞാന്‍ നിന്നു. എങ്ങനെയും ട്രയിനില്‍ കയറിപറ്റുക എന്നതാണ് എല്ലാവരുടേയും ലക്ഷ്യം. ദാദറിലെക്കും ചര്‍ച്ച്‌ഗെയ്റ്റിലേക്കും ഉള്ള ട്രയിനുകള്‍ നിറഞ്ഞാണ് വരുന്നതെങ്കിലും അകത്തേക്ക് ഇടിച്ചു കയറാന്‍ അല്പം സ്ഥലം കിട്ടിയാല്‍ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്നവര്‍ അകത്തേക്ക് ഇടിച്ചുകയറും. ഞാന്‍ മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലെ തിരക്കുകള്‍ കണ്ടുകൊണ്ട് ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ നിന്നു. മുംബൈക്കാരുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്ന ട്രയിനുകളിലെ തിരക്കുകളില്‍ ജീവിതം തുടങ്ങിയവരെത്ര? ഒന്നാമത്തെ ഫ്ലാറ്റ്ഫോമിലേക്ക് ട്രയിന്‍ വരുന്നതിന്റെ മുന്നറിയിപ്പായി ബസ്‌സ്റ്റാന്‍ഡില്‍ നിന്ന് ട്രാക്കിലേക്ക് കയറുന്ന വഴിയിലെ സൈറണ്‍ ശബ്‌ദ്ദിച്ചു തുടങ്ങി. വിരാറിലേക്കുള്ള ട്രയിന്‍ എത്തി. ട്രയിനുകള്‍ രണ്ടാമത്തെ സ്റ്റേഷനായ വിരാറില്‍ അവസാനിക്കുന്നതാണങ്കിലും ആളുകളുടെ എണ്ണത്തില്‍ യാതൊരു കുറവും ഇല്ല. തിരിച്ചു ദാദറിലേക്കോ മറ്റോ നിന്ന് യാത്രചെയ്യാന്‍ കഴിയാത്തവര്‍ ട്രയിന്‍ വിരാറിലേക്ക് പോകുമ്പോള്‍ തന്നെ സീറ്റ് ഉറപ്പിക്കാനായി കയറുന്നവരാണ് അധികവും. നാലാസപാറയില്‍ നിന്നുകൂടി ആളുകള്‍ കയറി കഴിയുമ്പോള്‍ വിരാറില്‍ നിന്ന് കയറുന്നവര്‍ക്ക് സീറ്റ് കിട്ടുന്ന പതിവില്ല.
കുറേ നാള്‍ യാത്ര ചെയ്തതിനു ശേഷമാണ് തിരക്കൊഴിഞ്ഞ ട്രയിന്‍ ഞാന്‍ കണ്ടെത്തിയത്. 9.20 ന് വിരാറിലേക്ക് പോകുന്ന ട്രയിന്‍ അരമണിക്കൂര്‍ വിരാറില്‍ കിടക്കൂം എന്നുള്ളതുകൊണ്ട് ദാദറിലേക്കുള്ള യാത്രക്കാര്‍ ആരും അതില്‍ കയറാറില്ല. പിന്നീട് വിരാറിലേക്കുള്ള യാത്ര സ്ഥിരം അതിലാക്കി.മുബൈക്കാരുടെ ജീവിതം ട്രയിനികത്താണ്. ദിവസവും എത്ര ലക്ഷം ആളുകളെകൊണ്ടാണ് ട്രയിനുകള്‍ പായുന്നത്. എന്തെല്ലാം വേഷങ്ങള്‍ ധരിച്ചവര്‍ , ഭാഷകള്‍ സംസാരിക്കുന്നവര്‍ , വിവിധ ആചാരങ്ങള്‍ പുലര്‍ത്തുന്നവര്‍ ... അവരുടെ ഇടയില്‍ സംഗീതമുണ്ട് പൊട്ടിച്ചിരികള്‍ ഉണ്ട് ,
ഇടയ്ക്കിടെ തെറിവിളികള്‍ ഉയരാറുണ്ട്, ചിലപ്പോള്‍ കൂട്ടത്തോടെ അടി നടത്താറുണ്ട്... എല്ലാം മുംബൈയുടെ ട്രയിന്‍ യാത്രയുടെ ഭാഗമാണ്. ഈ ട്രയിനുകള്‍ ഒരു മിനിട്ട് നിലച്ചാല്‍ മുംബൈ നിശ്ചലമാകും...
“ടപ്പേ.. ടപ്പേ...” കൈകള്‍ കൊണ്ട് ഒരുതരം പ്രത്യേക ശബ്ദ്ദം ഉണ്ടാക്കി ഒരു സാരിക്കാരി മുന്നില്‍ വന്ന് കൈ നീട്ടി.
ഒരു ചക്ക..!!
ആണിന്റെ ഭാവവും പെണ്ണിന്റെ ശരീരവും സ്ത്രണൈതയും ആയി ജീവിക്കുന്നവര്‍!പോക്കറ്റില്‍ കൈയിട്ടപ്പോള്‍ കിട്ടിയ രണ്ടു രൂപ എടുത്ത് അവര്‍ക്ക് നല്‍കി. കൈകള്‍ പ്രത്ര്യേകരീതിയില്‍ ചലിപ്പിച്ച് തലമുകളില്‍ കൊണ്ടുവന്ന് അനുഗ്രഹിച്ചിട്ട് അവള്‍ പോയി. ചക്ക കൈ നീട്ടിക്കഴിഞ്ഞാല്‍ എന്തെങ്കിലും കൊടുത്ത് അവരെ ഒഴിവാക്കികൊള്ളണം എന്നായിരുന്നു വീട്ടില്‍ നിന്ന് കിട്ടിയ ഉപദേശം.
വസായ് - വിറാര്‍ യാത്രയ്ക്കിടയില്‍ പലപ്പോഴും ആ ചക്കയെ കണ്ടു. ഒന്നോ രണ്ടോ നാണയതുട്ടുകളില്‍ ആ കണ്ടുമുട്ടലുകള്‍ അവസാനിക്കുകയായിരുന്നു.പെണ്ണിന്റെ മനസും ആണിന്റെയും പെണ്ണിന്റെയും പകുതി ശരീരവുമായി ജീവിക്കുന്ന അവരെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ തോന്നിയില്ല.
അവരെങ്ങനെയും ജീവിക്കട്ടെ. പലപ്പോഴും അവള്‍(?) എന്നെ ശ്രദ്ധിക്കുന്നത് കണ്ടില്ലന്ന് നടിച്ച് നിവര്‍ത്തിപ്പിടിച്ച മലയാളപത്രത്തിലേക്ക് മുഖം പൂഴ്‌ത്തുകയാണ് ചെയ്യുന്നത്. വിരാറില്‍ ഇറങ്ങി റയില്‍വേപ്പാളം മുറിച്ച് കടന്ന് റോഡിലേക്കിറങ്ങുമ്പോഴും അവള്‍ എന്നെ ശ്രദ്ധിച്ചു നില്‍ക്കുന്നത്
എനിക്കറിയാമായിരുന്നു. ഉയര്‍ന്നു നില്‍ക്കുന്ന അവളുടെ മാറിടത്തില്‍ കണ്ണുടക്കി നിന്നിട്ടുണ്ടങ്കിലും ഒരിക്കല്‍ പോലും ഞാനവളുടെ മുഖത്തേക്ക് നോക്കിയിട്ടില്ല.പക്ഷേ പുരുഷനായി ജനിക്കുകയും സ്ത്രിയായി ജീവിക്കേണ്ടിവരികയും ചെയ്യുന്ന അവരെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന് തോന്നിയത്
എന്നുമുതലാണ് ??
കുറെ ദിവസങ്ങളില്‍ അവളെ ട്രയിനില്‍ കണ്ടില്ല. ഒരു പക്ഷേ അവള്‍ തന്റെ യാത്രകള്‍ മറ്റൊരു സ്ഥലത്തേക്ക് ആക്കിയിരിക്കാം. അല്ലങ്കില്‍ ആര്‍ക്കെങ്കിലും രതിയുടെ സുഖം പകരാന്‍ ഇരുട്ടിന്റെ മറവില്‍ മറഞ്ഞതായിരിക്കാം. അവളെ കാണാതിരുന്നപ്പോള്‍ തന്റെ മനസ്സ് അസ്വസ്ഥമാകുന്നത്
എന്തിനാണ് ? ഏതോ ഒരു ഹിജഡ. ഏതാനും ആഴ്ചകളായി ട്രയിനില്‍ കാണുന്നു എന്നുള്ള പരിചയം മാത്രം. നാലാസപാറയില്‍ നിന്ന് ട്രയിന്‍ വിട്ടപ്പോള്‍ അവളുടെ ശബ്‌ദ്ദം ട്രയിനില്‍ കേട്ടു. ട്രയിനില്‍ പതിവിലും തിരക്ക് കുറവായിരുന്നു. മാലിന്യങ്ങള്‍ കത്തിക്കുമ്പോഴുള്ള നാറ്റമുള്ള പുക
ട്രയിനിലേക്ക് അടിച്ചു കയറി. ചുമയ്ക്കാതിരിക്കാന്‍ ശ്രമിച്ചിട്ടും ചുമവന്നു. പോക്കറ്റില്‍ നിന്ന് കര്‍ച്ചീഫ് എടുത്ത് മുഖം പൊത്തി. അവളുടെ കൈയ്യടി ശബ്ദ്ദം എന്റെ തൊട്ടടുത്ത് ഞാന്‍ കേട്ടു. ഒരു രൂപാ നാണയം എടുത്ത് കൈയ്യില്‍ പിടിച്ചു. അവള്‍ കൈ നീട്ടിയപ്പോള്‍ നാണയം അവളുടെ
കൈയ്യിലേക്ക് ഇട്ടുകൊടുത്തിട്ട് എഴുന്നേല്‍ക്കാനായി തുടങ്ങി. അവള്‍ തന്റെ കൈയ്യില്‍ ചുരുട്ടിപിടിച്ചിരുന്ന ഒരു കടലാസ് കഷ്ണം എന്റെ മടിയിലേക്കിട്ടു. അവള്‍ കടലാസ് കഷ്ണം ഇടുന്നത് ആരെങ്കിലും കണ്ടിട്ടോ എന്ന് ഞാന്‍ പരിഭ്രമിച്ചു ചുറ്റും നോക്കി. ഭാഗ്യം ! ആരും കണ്ടിട്ടില്ല. ഞാനവളെ നോക്കി. ഒന്നും സംഭവിക്കാത്തതുപോലെ അവള്‍ അടുത്ത സീറ്റിലേക്ക് നടന്നിരുന്നു. അവള്‍ ചുരുട്ടിയിട്ട പേപ്പര്‍ ഞാന്‍ നിവര്‍ത്തി. അതിലെ മലയാള അക്ഷരങ്ങള്‍ എന്നെ ഭയപ്പെടുത്തി. ‘ ഉണ്ടങ്കില്‍ ഒരമ്പതു രൂപ തരുമോ? സീറ്റില്‍ തന്നെ ഇട്ടിരുന്നാല്‍ മതി’ . വൃത്തിയുള്ള കൈയക്ഷരത്തില്‍ എഴുതിയ ആ കുറിപ്പ് എന്നില്‍ എന്ത് വികാരമാണ് സൃഷ്ടിച്ചത്? ഭയമോ അത്ഭുതമോ ? ട്രയിന്‍ നിന്നപ്പോള്‍ അവസാനത്തെ യാത്രക്കാരനായാണ് ഞാന്‍ ഇറങ്ങിയത്. ഇറങ്ങുന്നതിനു മുമ്പ് ഞാനൊരമ്പത് രൂപ എടുത്ത് സീറ്റില്‍ വച്ചിരുന്നു. പ്ലാറ്റ്‌ഫോമില്‍ നിന്ന് ഞാന്‍ ട്രയിനിനുള്ളിലേക്ക് നോക്കി. അവള്‍ സീറ്റില്‍ നിന്ന് പണം എടുത്ത് തന്റെ ബ്ലൌസിനുള്ളിലേക്ക് തിരുകുന്നത് കണ്ടു. അവളെന്റെ നേരെ നോക്കി ചിരിക്കുന്നത് ഞാന്‍ കണ്ടെങ്കിലും അത് കണ്ടില്ലന്ന് നടിച്ച് ഞാന്‍ മുന്നോട്ട് നീങ്ങി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് പിന്നീടവളെ കാണുന്നത് .
അന്നാണ് ഞാനവളെ ശ്രദ്ധിക്കുന്നത്. കൈകളില്‍ നിറയെ കുപ്പിവളകള്‍. പച്ചകളറില്‍ ചുവന്ന പൂക്കളുള്ള സാരിയും പച്ച ബ്ലൌസും ആയിരുന്നു അവള്‍ ധരിച്ചിരുന്നത്. കാതുകളില്‍ ഞാത്ത് കമ്മല്‍. ശരിക്കും ഒരു സ്ത്രി. തലമുതല്‍ കാല്‍പാദംവരെ സൃഷ്ടിച്ചെടുത്തപ്പോള്‍ ഈശ്വരന് പറ്റിയ ഒരു
കൈപ്പിഴ ആയിരുന്നോ ഇവളുടെ ജന്മം.? പെണ്ണായി ജനിച്ചിരുന്നെങ്കില്‍ ഏതൊരു പുരുഷനും പ്രണയിക്കാനും കാമിക്കാനും തോന്നുന്ന അഭൌമ സൌന്ദര്യം അവള്‍ക്കുണ്ടായിരുന്നു. പക്ഷേ...?? അവളുടെ മുഖത്ത് നിറയുന്നത് സ്ത്രിയുടെ സ്‌ത്രൈണതയോ പുരുഷന്റെ പൌരഷമോ? ഇല്ല
അവളില്‍ പൌരഷം കാണാനില്ല.. അന്നും അവള്‍ ഒരു തുണ്ടു കടലാസ് മടിയിലേക്കിട്ടു. ‘വിരോധമില്ലങ്കില്‍ ഫോണ്‍ നമ്പര്‍ ഒന്നു തരുമോ?’ അവളുടെ കുറിപ്പിന് മറുപിടി നല്‍കണോ എന്ന് അല്പം ചിന്തിച്ചു. ഞാനെന്റെ ഫോണ്‍ നമ്പര്‍ ആ പേപ്പറില്‍ എഴുതി
9970554386 - ഷാജിന്‍ .
ആ പേപ്പര്‍ സീറ്റി ഇട്ടിട്ട് ഞാന്‍ ട്രയിനിറങ്ങി. എന്തിന് ഞാന്‍ ഫോണ്‍ നമ്പര്‍ കൊടുത്തു എന്ന് ഞാന്‍ ചിന്തിച്ചു. ? കൊടുക്കേണ്ടിയിരുന്നില്ല..
അഞ്ചരയ്‌ക്കുള്ള ദാദര്‍ ട്രയിനില്‍ ഇരിക്കുമ്പോള്‍ ഒരു കോള്‍ എത്തി. 0250 തുടങ്ങുന്ന മുബൈയിലെ നമ്പരാണ്. ഞാന്‍ ഫോണ്‍ എടുത്തു.
“ഷാജിനല്ലേ?” ഒരു പെണ്‍ ശബ്ദ്ദം.
“അതെ...”
“ഇത് ഞാനാണ് ... രാവിലെ ഫോണ്‍ നമ്പര്‍ വാങ്ങിയ ആള്‍... മനസിലായോ?”
“ഇല്ല...”
അപ്പുറത്ത് ഒരു നിമിഷത്തെ നിശബ്‌ദ്ദത ഞാന്‍ തിരിച്ചറിഞ്ഞു.
“നിങ്ങള്‍ ചക്കയെന്ന് വിളിക്കുന്നവളില്‍ ഒരുവളാണ് ....” അവളുടെ ശബ്ദ്ദത്തിലെ മാറ്റം ഞാന്‍ തിരിച്ചറിഞ്ഞു. .അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി ഒഴുകുന്നുണ്ടാവും. നേര്‍ത്ത ഒരേങ്ങലോടെ അവള്‍ ഫോണ്‍ വയ്ക്കുന്നത് ഞാനറിഞ്ഞു.
(തുടരും...)