Sunday, February 1, 2009

SSLC മലയാളം(പെളിറ്റിക്സ് സ്‌പെഷ്യല്‍) പാര്‍ട്ട് 1 ചോദ്യങ്ങള്‍ : SSLC malayalam(politics special) questions

MP-101 FIRST LANGUAGE- PART 1

MALAYALAM-PAPAER1

(Total Score - 40) Time: 1 1/2 hrs



-----------------------------------------------------------------------------------------------



പൊതുനിര്‍ദ്ദേശങ്ങള്‍ :-

ആകെ 8 ചോദ്യങ്ങളാണുള്ളത്.

എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതണം.

ചോദ്യങ്ങള്‍ നല്ലവണ്ണം വായിച്ച് മനസ്സിലാക്കി നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഉത്തരങ്ങള്‍ എഴുതുക.

സ്കോര്‍, സമയം എന്നിവ പരിഗണിച്ച് ഉത്തരമെഴുതുക.





1.പ്രമേയം കണ്ടെത്തുക. സ്‌ക്കോര്‍ :2



നമ്മുടെ നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ കണ്ടിട്ടും കാണാതയും കേട്ടിട്ടും കേള്‍ക്കാതയും കൊണ്ടിട്ടും കൊണ്ടഭാവം കാണിക്കാതിയുംഇരിക്കുന്നവരെ സ്നേഹപൂര്‍വ്വം വിളിക്കുന്നതാണ് മന്ദബുദ്ധികള്‍ ?

എ. ഇതിലെ പ്രമേയം എന്താണ് ? (ഒരു വാക്കിലോ വാക്യത്തിലോ എഴുതുക)
ബി. ഇതിന് ഉചിതമായ ശീര്‍ഷകം നല്‍കുക.

2. പ്രഭാഷണം തയ്യാറാക്കുക... സ്‌ക്കോര്‍ : 6

“ഒന്നുകില്‍ പ്രേക്ഷകര്‍ക്ക് വിനോദരംഗം പകര്‍ന്നുകൊടുക്കുക. അല്ലെങ്കില്‍ ഉദ്വേഗജനകമായ സംഭവങ്ങള്‍ ചിത്രീകരിച്ച് അവരെവികാരം കൊള്ളിക്കുക. ഇതായിരുന്നു പണ്ടുകാലത്തെ തമിഴ് നാടകങ്ങളുടെ ലക്ഷ്യം “ - കെ.എസ്. നാരായണപിള്ള.

കഴിഞ്ഞ കാലങ്ങളില്‍ ‘രാഷ്ട്രീയനാടക‘ങ്ങള്‍ക്ക് സമൂഹനന്മാധിഷ്ഠിതമായ ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. സമീപകാലത്ത് നിങ്ങള്‍ കണ്ടതും ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതുമായ ‘രാഷ്ട്രീയനാടക‘ങ്ങളെ ആസ്പ്ദമാക്കി സമകാലിക ‘രാഷ്ട്രീയനാടകങ്ങ‘ള്‍നിര്‍വഹിക്കുന്ന സമൂഹനന്മാധിഷ്ഠിത അധര്‍മ്മങ്ങളെക്കുറിച്ച് ലഘുപ്രഭാഷണം തയ്യാറാക്കുക.


3. കുറിപ്പ് തയ്യാറാക്കുക. സ്‌കോര്‍ :6

മകന് തറവാട്ടില്‍ നിന്ന് എല്ലാം വാങ്ങിക്കൊടുക്കാന്‍ തയ്യാറായ അച്ഛന്‍. തറവാട് കാരണവരുടെ കസേരവരെ വാങ്ങിയിട്ടുംഅച്ഛനും മകനും കൂടി തറവാടിന്റെ പടിയിറങ്ങി. സ്വന്തമായിട്ട് ഒരു തറവാട് ഉണ്ടാക്കാന്‍ ശ്രമിച്ചിട്ട് അത് നടന്നില്ല. മറ്റ് ആരുടെ എങ്കിലും തറവാട്ടില്‍ കടന്നുകയറാമന്ന് പറഞ്ഞ് മകന്‍ മറ്റൊരു വീടിന്റെ ഉമ്മറത്ത് കയറി അവിടിത്തെ വീട്ടുകാരനായി. അച്ഛനും മകളും തറവാട്ടില്‍ തിരിച്ചെത്തി. ഗതികിട്ടാതെ അലയുന്ന മകനെ പഴയ തറവാട്ടിലേക്ക് കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്ന അച്ഛന്‍ ... പഷേ തറവാട്ടിലുള്ളവര്‍ അതിനെ എതിര്‍ക്കുന്നു... പാവം അച്ഛന്‍ !!! മകനും മകളും കൂടി ചക്കളത്തിപോരാട്ടം നടത്തുന്നതും അച്ഛന് കാണേണ്ടി വരുന്നു.

താന്‍ രാഷ്ട്രീയത്തില്‍ മകനെപ്പോലെ വളര്‍ത്തികൊണ്ടുവന്നവന്‍ സ്വന്തം മകന്‍ പാര്‍ട്ടിയില്‍ വളരുന്നതിന് തടസമാകുമെന്ന് മനസിലാക്കുന്ന ഒരു അച്ഛന്‍. മകനുവേണ്ടി മകനെപ്പോലെ വളര്‍ത്തികൊണ്ടുവന്നവനെ പുറത്താക്കാന്‍ തയ്യാറാവുന്നു. പക്ഷേമകനും മകനെപ്പോലെ വളര്‍ത്തികൊണ്ടുവന്നവനും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ മകനെപ്പോലെ വളര്‍ത്തി കൊണ്ടുവന്നവനെ ജനങ്ങള്‍ തോളിലേറ്റുന്നത് വേദനയോടെ കാണേണ്ടിവരുന്ന അച്ഛന്‍ !. സ്വന്തമായി അഭിമാനിച്ചിരുന്ന ഒരു രാജ്യസഭാസീറ്റ് മകന്റെ ലോക്‍സഭാസീറ്റിനുവേണ്ടി വിട്ടുകൊടുക്കേണ്ടി വരികയും ചെയ്തു ഈ അച്ഛന്‍ .

രണ്ടു സന്ദര്‍ഭങ്ങളിലും തെളിയുന്ന പുത്രസ്നേഹത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.

4. വീക്ഷണം വ്യക്തമാക്കുക. സ്‌കോര്‍ :6

ചുവടെ കൊടുത്തിരിക്കുന്ന കവിത വായിച്ച് മന്ത്രി കവി വ്യക്തമാക്കുന്ന ‘പിന്നില്‍ നില്‍ക്കുന്ന രഥ സാരഥി’ ദര്‍ശനം ഒരു പുറത്തില്‍ വ്യക്തമാക്കുക.
“മലമുകളില്‍ നിറയുന്ന മഞ്ഞിന്റെ കഠോരത
കിടുകിടെ വിതറുന്ന ശൈത്യകാലത്തും
മനസുരുകി നില്‍ക്കുന്നതാരോ
അതാണു നീ ധരണിയില്‍ ജനതയുടെ മുന്നില്‍...

ചുടുചോര പൊടിയുന്ന മനസിന്റെ വേദന
മലയാളി മനസിന്റെ മനമുരുകി വേദന
അതുപാടെ മാറ്റാന്‍ നിനവുറ്റ ശക്തിയായി
തവ പിന്നില്‍ നില്‍പ്പൂ വിജയരഥ സാരഥി “

5. തിരക്കഥ തയ്യാറാക്കുക. സ്‌കോര്‍ :6

സ്ക്രീനില്‍ പതിയേണ്ട ദൃശ്യങ്ങളുടേയും ശബ്ദ്ദങ്ങളുടേയും വിവരണമാണല്ലോ തിരക്കഥ. കഥ നടക്കുന്ന സ്ഥലം സമയം തിരക്കഥയില്‍ വേണം. താഴെക്കൊടുത്തിരിക്കുന്ന ഭാഗം വായിക്കുമ്പോള്‍ നിങ്ങളുടെ ഉള്ളില്‍ ചില ദൃശ്യങ്ങള്‍ പതിയുന്നില്ലേ? ഈ ദൃശ്യങ്ങളെ തിരക്കഥയുടെ ഒരു സീനായി എഴുതുക.

കണ്ണത്തദൂരത്തോളം കിടക്കുന്ന തോട്ടങ്ങളുടെ നടുവില്‍ നില്‍ക്കുന്ന പാവപ്പെട്ട അത്താഴപട്ടിണിക്കാരുടെ മണിമന്ദിരങ്ങള്‍. അവയുടെ നേരെ ഉരുണ്ടുവരുന്ന ജെ.സി.ബി.കള്‍. ഒരു ജെ.സി.ബി യില്‍ കോട്ടിട്ട ആളും മീശയുള്ള ആളും മീശയില്ലാത്ത ആളും. കണ്ണാടികൂടുപോലുള്ള ഒരു കെട്ടിടത്തിനു മുന്നില്‍ ജെ.സി.ബി നിര്‍ത്തുമ്പോള്‍ കോട്ടിട്ട ആളും മീശയുള്ള ആളും മീശയില്ലാത്ത ആളും ഇറങ്ങുന്നു. യന്ത്രക്കൈകള്‍ കണ്ണാടി ഇടിച്ചുടുമ്പോള്‍വലിയ ഒരു ശബ്ദ്ദം കേള്‍ക്കുന്നു. “പൂച്ച കറത്തതാണങ്കിലും വെളുത്തതാണങ്കിലും പൂച്ചയെപിടിച്ചാല്‍ മതിയല്ലോ ?”. തോട്ടങ്ങളില്‍ നിന്ന് അനേകംആളുകള്‍ ജാഥയായി വരുന്നു.

6. നിഘണ്ടു തയ്യാറാക്കുക. സ്‌കോര്‍ :2

താഴെകൊടുത്തിരിക്കുന്ന വാക്കുകളില്‍ പലതും വായ് മൊഴിപഴക്കത്താല്‍ നമ്മുടെ ഇടയില്‍ പ്രചരിച്ചതാണ് . ഈ വാക്കുകള്‍ കൂടി ഉള്‍പ്പെടുത്തി നിഘണ്ടു തയ്യാറാക്കുക..

പട്ടി തിരിഞ്ഞുനോക്കുക, കുലംകുത്തി, ബൂര്‍ഷ്വ , മാധ്യമ സിന്‍ഡിക്കേറ്റ് , കൊഞ്ഞാണന്‍, പോഷന്‍ , വെറുക്കപെടേണ്ടവന്‍ , തമസ്ക്കരണം,തസ്‌ക്കരശ്രി,ഗജരാജപട്ടം,ഭരണത്തില്‍ ഒരു രണം, വാണം വിടുന്നവന്‍

7.എഡിറ്റോറിയല്‍ തയ്യാറാക്കുക.. സ്‌കോര്‍ :6

"എന്നേക്കാള്‍ സീനിയറായ പലരും മത്സരിക്കാന്‍ ഉള്ളതുകൊണ്ട് ഞാന്‍ രാജ്യസഭാ സീറ്റിലേക്ക് ഒരു സ്ഥാനാര്‍ത്ഥിയേ അല്ല. ഞാന്‍ മത്സരിക്കാന്‍ആഗ്രഹിക്കുന്നതും ഇല്ല. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെ സംബന്ധിച്ചടത്തോളം രാജ്യസഭാസീറ്റ് വലിയ കാര്യമല്ല. സീറ്റിനെക്കാള്‍ വലുത് പാര്‍ട്ടിയിലെ ഐക്യമാണ്. " രമേശ് ചെന്നിത്തല

‘കിട്ടാത്തമുന്തിരിങ്ങ പുളിക്കും‘ എന്ന പഴഞ്ചൊല്ലിനെ ആസ്പ്‌ദമാക്കി മുകളില്‍ കൊടുത്തി രിക്കുന്ന പ്രസ്താവനയെ മുന്‍‌നിര്‍ത്തി നിങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ദിനപത്രത്തിലെ എഡിറ്റോറിയില്‍ പേജ് തയ്യാറാക്കുക.


8. പ്രമേയം തയ്യാറാക്കുക.. സ്‌കോര്‍ :6

രാഷ്ട്രീയ നേതാക്കളെ രാഷ്ട്രീയപകപോക്കലിന്റെ ഭാഗമായി കരിതേച്ച് കാണിക്കുന്നതിന് സി.ബി.ഐ.യെ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് ലാവ്‌ലിന്‍ അഴിമതിക്കേസ് എന്ന് നിങ്ങള്‍ക്കറിയില്ലേ. സി.ബി.ഐ.യുടെ രാഷ്ട്രീയവത്ക്കരണത്തിനെതിരെ നിങ്ങളുടെ സ്കൂളില്‍ നടത്തുന്ന മഹാസമ്മേളനത്തില്‍ വായിക്കുന്നതിനും അത് ഇന്ത്യന്‍ പ്രസിഡണ്ടിന് അയച്ചു കൊടുക്കുന്നതിനും വേണ്ടി ഒരു പ്രമേയം തയ്യാറാക്കുക.

.

No comments:

: :: ::