Sunday, December 28, 2008

സെമിത്തേരിയിലെ പാലമരം : 1

.

കപ്യാര് സന്ധ്യാമണി അടിച്ചുകഴിഞ്ഞയുടനെതന്നെ തരകനച്ചന്‍ പള്ളിമേടയില്‍ നിന്ന് ഇറങ്ങി പള്ളിയിലേക്ക് കയറി. സന്ധ്യാപ്രാര്‍ത്ഥനയ്ക്കായി നാലഞ്ചു ആള്‍ക്കാര്‍ മാത്രമേ എത്തിയിട്ടുള്ളു.കുന്നിന്‍‌പുറത്തെ പള്ളിയിലേക്ക് ഞായറാഴ്ചപോലും കുറച്ചു ആളുകള്‍ മാത്രമേ എത്താറുണ്ടായിരുന്നുള്ളു. അച്ചന്‍ ആള്‍ത്താരനടുവിലെ നിലവിളക്കിലെ തിരി തെളിച്ചു. തിരിയുടെ പ്രകാശംപള്ളിയില്‍ നിറഞ്ഞു.അച്ചന്‍ കാവിക്കുപ്പായത്തിനു മുകളിലേക്ക് കറുത്ത ളോഹ എടുത്തിട്ടു. കപ്യാര് പ്രാര്‍ത്ഥനാമേശയിലെമെഴുകുതിരി കത്തിച്ചു. അരമണി ക്കൂറിനുള്ളില്‍ അച്ചന്‍ സന്ധ്യാപ്രാര്‍ത്ഥന കഴിച്ചു. പ്രാര്‍ത്ഥനയ്ക്കായി വന്നവര്‍ പിരിഞ്ഞു. നാട്ടുവഴിയില്‍ ഇരുട്ടു പരന്നു തുടര്‍ന്നിരുന്നു. കപ്യാര് പള്ളിയടയ്ക്കാനായി ജനലുകള്‍ അടച്ചു. പള്ളിയുടെ വാതില്‍ അടച്ചു പൂട്ടാനായിതുടങ്ങിയപ്പോള്‍ അച്ചന്‍ തടഞ്ഞു.

“പള്ളി പൂട്ടേണ്ടാ... ആളുവരും ...”

ആരാണ് ഇനി വരുന്നതന്ന് കപ്യാര്‍ ചോദിച്ചില്ല. ആരോ അച്ചന്റെ സഹായം തേടി വരുന്നു ണ്ടന്ന് മാത്രം കപ്യാര്‍ക്ക് മനസിലായി.പത്തുപതിനഞ്ച് വര്‍ഷമായി കപ്യാര്‍ അച്ചന്റെ കൂടെ കൂടിയിട്ട്. അച്ചന്റെ കുശിനിക്കാരനായും പള്ളിയിലെ കപ്യാരുമൊക്കെയായിട്ട് ജോലിചെയ്യു ന്ന അവിരാചേട്ടന് അറുപന്തഞ്ച് വയസായിട്ടുണ്ടാ‍വും.ഭാര്യമരിച്ചതിനുശേഷം വീട് മകന്റെ പേരില്‍ എഴുതിക്കൊടുത്തിട്ട് അച്ചന്റെ കൂടെ കൂടിയതാണ്. അച്ചന്റെ കൂടെ ഒരു നിഴലായി അവിരാചേട്ടനുണ്ടാവും. അച്ചന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അച്ചനെക്കാള്‍ കൂടുതല്‍
അറിയാവുന്നത് അവിരാചേട്ടനായിരിക്കും.എഴുപത്തഞ്ച് വയസുകഴിഞ്ഞ അച്ചന് അല്പം കേള്‍വിക്കുറവുണ്ടന്നല്ലാതെ ആരോഗ്യത്തിന് മറ്റുകുഴപ്പമൊന്നുമില്ല. മഞ്ഞുപോലെ വെളുത്ത താടിയില്‍ തലോടി അച്ചന്‍ പള്ളിമുറ്റത്ത്ഒരു ചാരകസേരയില്‍ കിടന്നു. അച്ചന്‍ ആരയോ പ്രതീക്ഷിക്കുന്നുണ്ട്.


അച്ചന്റെ നോട്ടം തെക്കേപ്പറമ്പിലേക്ക് നീണ്ടു. സെമിത്തേരിയിലെ നിശബ്ദ്ദത പള്ളിമുറ്റ ത്തേക്കും നീണ്ടിരുന്നു. ശവംനാറിപൂക്കളുടെ മണം പള്ളിമുറ്റത്തേക്കും പടര്‍ന്നു.അച്ചന്‍ പതിയെ ചാരുകസേരയില്‍ നിന്ന് എഴുന്നേറ്റു. അച്ചന്‍ സെമിത്തേരിയിലേക്ക്നടന്നു. നിശബ്ദ്ദതയെ ഭേദിച്ച് അച്ചന്റെ കാലുകള്‍ക്കടിയില്‍ ചരലുകള്‍ ഞെരിഞ്ഞമര്‍ന്നു. അച്ചന്‍ സെമിത്തേരിയുടെഗെയ്റ്റിറ്റിങ്കില്‍ നിന്ന് അകത്തേക്ക് കണ്ണുകള്‍ പായിച്ചു. മാര്‍ബിളും ടൈലു കളും പതിച്ച കല്ലറകള്‍ക്കപ്പുറം തെമ്മാടിപ്പറമ്പ് . ഇപ്പോള്‍ ആരയും തെമ്മാടിപ്പറമ്പില്‍ അടക്കാറില്ല. തെമ്മാടിക്കുഴിയി്‍ല്‍ അടയ്ക്കിയവരെ തേടി ആരും ചെല്ലാത്തതുകൊണ്ട് കാടുകയറി കിടക്കുകയാണ്. കാട് കയറി കിടക്കുന്ന തെമ്മാടിപ്പറമ്പില്‍ തെളിഞ്ഞു നില്‍ക്കുന്ന മെഴുകുതിരി അച്ചന്‍ കണ്ടു. അച്ചന്‍സെമിത്തേരിയിലേക്ക് കയറി‍ തെമ്മാടിപ്പറമ്പിലേക്ക് നടന്നു. ശവംനാറികള്‍ക്കിടയില്‍ ഒരു മണ്‍‌കൂന. മണ്‍കൂനയില്‍ ചിതറിക്കിടക്കുന്ന കല്ലുകള്‍. ശവക്കുഴിയുടെ തലയ്ക്കല്‍ തന്നെ ഒരു പാലമരം. ആ പാലമരം വെട്ടിക്കളയാന്‍ പള്ളിക്കാര്‍ പലരേയും സമീപിച്ചുവെങ്കിലും അത് വെട്ടാന്‍ ആരും തയ്യാറായില്ല. അച്ചന്‍ പാലമരത്തിന്റെ അടുത്ത് ചെന്ന് നിന്നു. അച്ചന്‍ പാലമരത്തിലേക്ക് നോക്കിയതും പാലമരം ആടാന്‍ തുടങ്ങി. പാലമരത്തില്‍ മാത്രം കാറ്റ് !!! അച്ചന്റെ നോട്ടം മെഴുകുതിരിയിലേക്ക്മാറി. പെട്ടന്ന് മെഴുകുതിരി ആരോ എടുത്ത് മാറ്റുന്നതുപോലെ വായുവി ലൂടെ പൊങ്ങി പാലമരത്തിന്റെ ചില്ലയിലേക്ക് വീണ്അപ്രത്യക്ഷമായി.

അച്ചനൊന്ന് ഇരുത്തി മൂളിയപ്പോള്‍ പാലമരത്തിന്റെ ആട്ടം നിന്നു. പൂര്‍ണ്ണചന്ദ്രന്‍ ആകാശത്ത് തെളിഞ്ഞു. ഇന്ന് വെളുത്തവാവ്ആണന്ന് അപ്പോഴാണ് അച്ചന്‍ ഓര്‍മ്മിച്ചത്. “അച്ചോ.. അച്ചോ ..” പള്ളിമേടയില്‍ നിന്ന് കപ്യാരുടെ വിളികേട്ട് അച്ചന്‍ സെമിത്തേരിക്ക്
പുറത്തുകടന്നു. ആവി പറക്കുന്ന കട്ടന്‍ കാപ്പിയുമായി അവിരാചേട്ടന്‍ ചാരുകസേരക്കരി കില്‍ നില്‍പ്പുണ്ടായിരുന്നു. അച്ചന്‍ കാപ്പി വാങ്ങി ചാരുകസേരയിലേക്കിരുന്നു.


“ഇനി പള്ളിയടക്കട്ടെ...” അവിരാചേട്ടന്‍ വീണ്ടും ചോദിച്ചു.

“കുറച്ചു ദനഹാവെള്ളംകൂടി എടുത്തിട്ട് അടച്ചോ ?” അച്ചന്‍ പറഞ്ഞയുടനെതന്നെ അവിരാ ചേട്ടന്‍ ഒരു ചെറിയകുപ്പിയില്‍ ദനഹാവെള്ളവും എടുത്ത് പള്ളിയടച്ചു.

“ മുറിയില്‍ നിന്ന് എന്റെ കുരിശുമാലയും എടുത്ത് പള്ളിമേടയും പൂട്ടിക്കോ ?”

അച്ചന്‍ പറഞ്ഞതുപോലെ അവിരാചേട്ടന്‍ പള്ളിമേടപൂട്ടിയ ഉടനെതന്നെ പള്ളിമുറ്റത്ത് ഒരു കാര്‍ വന്നു നിന്നു. അതില്‍ നിന്ന് ആള്‍ ഇറങ്ങുന്നതിനു മുമ്പ് തന്നെ അച്ചന്‍ കാറിന്റെ അടുത്തെത്തി. പിന്നിലെ ഡോര്‍തുറന്ന് അച്ചനകത്ത് കയറി.പിന്നാലെ കപ്യാരും. കാറിനുള്ളില്‍ ഡ്രൈവറെക്കൂടാതെ മറ്റൊരാളും ഉണ്ടായിരുന്നു....

“ശ്രദ്ധപതറാതെ വണ്ടിയോടിക്കണം... എന്തുകണ്ടാലും കേട്ടാലും ശ്രദ്ധപതറരുത്....” അച്ചന്‍ ഡ്രൈവറോടായിട്ട് പറഞ്ഞു. “മേനാപ്പള്ളിയില്‍ ചെന്നിട്ടേ വണ്ടി നിര്‍ത്താവൂ...” അച്ചന്‍ തുടര്‍ന്നു. തങ്ങള്‍ പറയാതെ തന്നെ അച്ചന് തങ്ങളുടെ വരവിന്റെ ഉദ്ദേശം മനസിലായിട്ടുണ്ടന്ന് കാറില്‍ എത്തിയവര്‍ക്ക് മനസിലായി. അച്ചന്‍ കണ്ണുകള്‍ അടച്ചു പ്രാര്‍ത്ഥിച്ചു. അവിരാചേട്ടന്റെ കൈയ്യില്‍നിന്ന് കുരിശുമാല വാങ്ങി വലതുകൈക്കുള്ളില്‍ വച്ചു.

“പോകാം...” അച്ചന്‍ പറഞ്ഞു. വണ്ടി മുന്നോട്ട് നീങ്ങി. തെമ്മാടിപ്പറമ്പിലെ പാലമരത്തില്‍ അപ്രത്യക്ഷമായ മെഴുകുതിരി വീണ്ടുംപാലമരത്തില്‍ പ്രത്യക്ഷപ്പെട്ടു. പെട്ടന്ന് അതൊരു അഗ്നിഗോളമായി മാറി. എന്നിട്ട് കാര്‍ പോയ ദിക്കിലേക്ക് നീങ്ങി. കാര്‍ തിരക്കുള്ള റോഡില്‍ നിന്ന് തിരക്ക് കുറഞ്ഞവഴിയിലേക്ക് നീങ്ങി. നിലാവെളിച്ചം ശരിക്ക് പരന്നിരുന്നു. അച്ചന്‍ കണ്ണുകള്‍ അടച്ച്പുറകിലേക്ക് ചാരിക്കിടക്കുകയായിരുന്നു.അച്ചന്റെ വലതുകൈയ്യിലെ കുരിശുമാലയിലെ ക്രൂശിതരൂ‍പത്തില്‍ നിന്നുള്ള ചൂട് അച്ചന്റെകൈവള്ളയിലേക്ക് പടര്‍ന്നു. അച്ചന്‍ കണ്ണുകള്‍ തുറന്നു. അച്ചന്റെ ചുണ്ടുകളില്‍ പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ നിറഞ്ഞു. കാറിനെ ലക്ഷ്യമാക്കി വരുന്ന ഒരഗ്നിഗോളം അച്ചന്‍ അകക്കണ്ണില്‍ കണ്ടു.

“ യാത്രമുടക്കാന്‍ അവര്‍ പുറപ്പെട്ടു കഴിഞ്ഞു...എന്തുകണ്ടാലും വണ്ടി നിര്‍ത്തരുത് ...”അച്ചന്‍ വീണ്ടും ഡ്രൈവറെ ഓര്‍മ്മപ്പെടുത്തി.അഗ്നിഗോളം കാറിനോട് അടുത്തുകൊണ്ടിരുന്നു. അച്ചന്‍ തന്റെ താടിരോമങ്ങളില്‍ നിന്ന് രണ്ടെണ്ണം പിഴുതു.ആ രണ്ടു താടിരോമങ്ങളും തമ്മില്‍ കൂട്ടിക്കെട്ടി കാറിന്റെ ഡോറിലൂടെ വെളിയിലേക്ക് ഇട്ടു. നക്ഷത്രവേഗത്തില്‍ ആ താടിരോമങ്ങള്‍ മാനത്തേക്ക്പാഞ്ഞു. നിമിഷങ്ങള്‍ക്കകം ഒരു വെള്ളിടി മുഴങ്ങി. നിലാവ് പരന്ന മാനത്ത് നിന്ന് മഴത്തുള്ളികള്‍ വീണു. പെട്ടന്ന് അതൊരുപെരുമഴയായിത്തീര്‍ന്നു. കാറിലേക്ക് പതിക്കാനായി വന്നുകൊണ്ടിരുന്നു അഗ്നി‌ഗോളം അണഞ്ഞു. മഴ നിലച്ചു. മുന്നിലുള്ള വഴികളിലൊന്നും മഴപെയ്തിട്ടാല്ലായിരുന്നു.

അച്ചന്‍‌വീണ്ടും പിന്‍സീറ്റിലേക്ക് ചാരി. ഹെഡ് ലൈറ്റിന്റെ പ്രകാശത്തില്‍ കാറിന്റെ മുന്‍ ‌ഗ്ലാസിലേക്ക് എന്തോ പറന്നുവരുന്നത് ഡ്രൈവര്‍ കണ്ടു. അതൊരു ചെറിയ നരിച്ചീറായി രുന്നു. മുന്‍‌ഗ്ലാസില്‍ അത് പറ്റിപ്പിടിച്ചുകിടന്നു. ഗ്ലാസിലേക്ക് പറന്നു പറ്റിപ്പിടിക്കുന്ന നരിച്ചീറുകളുടെ എണ്ണംക്കൂടിക്കൂടിവന്നു.‌ നൂറുകണക്കിന് വാവലുകള്‍ കാറിനുനേരെ പറന്നുവരുന്നത് ഡ്രൈവര്‍ കണ്ടു. വാവലുകള്‍ഒരുമിച്ച് ഗ്ലാസില്‍ വന്നടിച്ചാല്‍ ഗ്ലാസ് തകരുമെന്ന് അയാള്‍ക്ക് തോന്നി.

“അച്ചോ....” അയാള്‍ അച്ചനെ വിളിച്ചുകൊണ്ട് പെട്ടന്നയാള്‍ വണ്ടി വെട്ടിച്ചു. പെട്ടന്നയാ ളുടെ കാലുകള്‍ ബ്രേക്കിലും ആക്സിലേറ്ററിലും അമര്‍ന്നു. റോഡില്‍ നിന്ന് തെന്നിമാറിയ കാര്‍ വീണ്ടും റോഡിലേക്ക് തന്നെ കയറി. അച്ചന്‍ സീറ്റില്‍ നിന്ന് നിവര്‍ന്നു. നൂറുകണക്കിന് വാവലുകള്‍ തങ്ങളുടെ കാ‍റിനു ചുറ്റും പറക്കുന്നത് അച്ചന്‍ കണ്ടു. അവയുടെ ശബ്ദ്ദം കാറിനുള്ളില്‍പ്പോലും മുഴങ്ങി.

“വണ്ടി മുന്നോട്ട് തന്നെ വിട്ടോ.... വാവലുകള്‍ കാഴ്ച് മറച്ചാലും വണ്ടി നിര്‍ത്തരുത് ... ദൈവം നമ്മളെ കാക്കും...” അച്ചന്‍ പ്രാര്‍ത്ഥനകള്‍ ഉരുവിട്ടു.

കാറിനുചുറ്റും വാവലുകള്‍ കാഴ്ച് മറച്ചുകൊണ്ട് ചിറകടിച്ച് പറന്നു. അവ ശക്തിയായി മുന്‍ ഗ്ലാസില്‍ വന്നടിച്ചു. ഗ്ലാസില്‍ പൊട്ടല്‍ വീണുതുടങ്ങി.പലപ്പോഴും ഡ്രൈവറുടെ നിയന്ത്രണ ത്തില്‍ നിന്ന് വണ്ടിപാളി.

“ഗീവര്‍ഗീസ് പുണ്യാളാ കാത്തുകൊള്ളണേ...” അച്ചന്റെ പ്രാര്‍ത്ഥന കാറിനുള്ളില്‍ നിന്ന് ഉയര്‍ന്നു. കാറിന്റെ മുന്‍ ഗ്ലാസില്‍ നിന്ന് ഒരു ഭാഗം അടര്‍ന്നു. “പുണ്യാളാ കൈവിടരുതേ...” അച്ചന്‍ നിലവിളിച്ചു. അകലെ നിന്ന് ഒരു കുതരകുളമ്പടി മുഴങ്ങി. അത് അടുത്തടുത്ത് വരുന്നു. വായുവില്‍ എന്തോആയുധം പുളയുന്ന സീല്‍ക്കാര ശബ്ദ്ദം... കാറിനുമുകളിലേക്ക് പറന്ന വാവലുകള്‍ രക്തം ഒലിപ്പിച്ച് നിലത്തേക്ക് വീണു. കാറിനുചുറ്റും പൊടിഉയര്‍ന്നു. വാവലുകള്‍ കൂട്ടത്തോടെ പറന്നുയര്‍ന്നു വടക്കോട്ട് പറന്നു. കുതിരകുളമ്പടി ശബ്ദ്ദം അകന്നു പോയി.

മേനാപ്പള്ളി തറവാടിനു മുന്നില്‍ കാര്‍ നിന്നു. അച്ചനെകാത്ത് തറവാട്ടിലുള്ളവരെല്ലാം ഉണ്ടാ‍യിരുന്നു. എന്തോ ആപത്ത് സംഭവിച്ചതുപോലെആയിരുന്നു അവരുടെ മുഖഭാവം. അച്ചന്‍ ആരോടും സംസാരിക്കാതെ തറവാടിനകത്തേക്ക് കയറി നിലവറവാതില്‍ തള്ളി ത്തുറന്നു. പെട്ടന്ന്കെടാവിളക്കിലേക്ക് മച്ചിന്‍ പുറത്തുനിന്ന് ഒരു പല്ലി വീണു. നിലവിള ക്കിലെ എണ്ണ അത് വലിച്ചുകുടിച്ചു . വിളക്ക് കരിന്തിരി കത്താന്‍ തുടങ്ങി.

“ആരോ പ്രാര്‍ത്ഥനകളും നൊയ്മ്പുകളും തെറ്റിച്ചു അല്ലേ...?” അച്ചന്റെ ചോദ്യത്തിന് ആരും മറുപിടി പറഞ്ഞില്ല.

അച്ചന്‍ നിലവറയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി തറവാടിനു പിന്നിലുള്ള കാഞ്ഞിര മരത്തി നടുത്തേക്ക് ചെന്നു. അച്ചന്‍ മരത്തിനു ഒരു വലം വച്ചു.“അപശകുനമാണല്ലോ... തറവാട്ടിലുള്ളവരെല്ലാം പെട്ടന്ന് പ്രാര്‍ത്ഥനാമുറിയില്‍ എത്തുക....” അച്ചന്‍ അതുപറഞ്ഞിട്ട് തറവാട്ടിലേക്ക് നടന്നു.

വടക്കോട്ട് പറന്നുപോയ വാവലുകള്‍ കൂട്ടത്തോടെ പള്ളിസെമിത്തേരിയിലെ തെമ്മാടി പ്പറമ്പിലെ പാലമരത്തില്‍ തൂങ്ങിക്കിടന്നു. അവ ഒരുമിച്ച്പാലമരത്തിനു കീഴിലുള്ള തെമ്മാടിക്കുഴിയിലേക്ക് പറന്നിറങ്ങി അപ്രത്യക്ഷമായി. പെട്ടന്ന് തെമ്മാടിക്കുഴിയിലെ കല്ലുകള്‍ ഇളകാന്‍ തുടങ്ങി.മണ്ണ് തനിയെ പിളര്‍ന്നുമാറി. തെമ്മാടിക്കുഴിയില്‍ നിന്ന് ഒരു അസ്ഥികൂടം ഉയര്‍ന്നുവന്നു. അതിന്റെ പല്ലുകള്‍ക്ക് ചുവന്ന നിറമായിരുന്നു.പെട്ടന്ന് പാല മരത്തില്‍ പൂക്കള്‍ ഉണ്ടായി. ഒരിളം കാറ്റ് പാലമരത്തെകടന്നു പോയി. പാലപൂക്കള്‍ പൊഴിഞ്ഞു. പൂക്കള്‍ പൊഴിഞ്ഞു വീണത്തെമ്മാടിക്കുഴിയില്‍ നിന്ന് ഉയര്‍ന്നുവന്ന അസ്ഥികൂടത്തിലേക്ക് ആയിരുന്നു. അസ്ഥികൂടം പതിയെ പതിയെ മനുഷ്യരൂപമായി മാറി. നിമിഷങ്ങള്‍ക്കകം ആ അസ്ഥികൂടം സുന്ദരിയായ ഒരു സ്ത്രിയായി മാറി. അവളുടെ നിതംബം മറഞ്ഞുകിടക്കുന്ന മുടിയിലേക്ക് പാലപ്പൂക്കള്‍വീണു. പാലപ്പൂവിന്റെ മണം വ്യാപിച്ചു. അവളുടെ നാസികയില്‍ വിയര്‍പ്പ് പൊടിഞ്ഞു. അവള്‍ പതിയെ അന്തരീക്ഷത്തിലേക്ക് ഉയരാന്‍ തുടങ്ങി.

മേനാപ്പള്ളി തറവാടിന്റെ പ്രാര്‍ത്ഥനാമുറിയില്‍ തറവാട്ടംഗങ്ങളെല്ലാം കടന്നുവന്നു. തരകനച്ചന്‍ ക്രൂശിതരൂപത്തിന്റെ മുന്നിലെ വിളക്ക് തെളിയിച്ചു.“എല്ലാവരും എത്തിയോ?” അച്ചന്‍ ചോദിച്ചു.

“ഇല്ലച്ചോ... ലിഷന്‍ മാത്രം എത്തിയിട്ടില്ല....” മറുപിടി പറഞ്ഞ ആളുടെ ശബ്ദ്ദം പതറിയിരുന്നു...

“അയാളെ ഇനി കാത്തിരിന്നിട്ട് കാര്യമില്ല.... മറ്റുള്ളവര്‍ക്ക് ആപത്തൊന്നും വരാതെ സൂക്ഷിച്ചിട്ടാവാം ഇനി അയാളുടെ രക്ഷ ...” അച്ചന്റെ വാക്കുകള്‍തറവാട്ടഗംങ്ങള്‍ക്കിടയില്‍ മ്ലാനത പരത്തി. ഒരുമിച്ചുള്ള പ്രാര്‍ത്ഥനകഴിഞ്ഞ് അച്ചന്‍ നിലവറ വാതില്‍ വീണ്ടും തുറന്നു. കരിന്തിരികത്തിക്കൊണ്ടിരുന്നനിലവിളക്കിന്റെ തിരി അല്പം നീട്ടി എണ്ണ ഒഴിച്ച് അച്ചന്‍ വിളക്ക് കത്തിച്ചു. അച്ചന്‍ കണ്ണുകള്‍ അടച്ചു. നിലവിളക്കില്‍ നിന്ന് രണ്ട് തിരികള്‍ എടുത്ത് അച്ചന്‍ കൈകളില്‍ കത്തിച്ചു പിടിച്ചു.

“അവളെ തടയണം... തടഞ്ഞേ പറ്റൂ...”അച്ചന്‍ കൈകളില്‍ ഇരിക്കൂന്ന കത്തിച്ച് വിളക്കത്തിരികളോടായി പറഞ്ഞിട്ട് മുകളിലേക്ക് എറിഞ്ഞു. കത്തിജ്വലിച്ചുകൊണ്ട് ആ തിരികള്‍ നിലവറയുടെ ജനാലയിലൂടെ പറന്നുപോയി


തുടരും.............

Monday, December 15, 2008

കാമുകന്റെ എഴുത്ത്

.
പ്രിയപ്പെട്ട ജാന്‍സി,

നിനക്ക് സുഖമാണന്ന് കരുതുന്നു. നീ മൊബൈലില്‍ വിളിച്ചിട്ടുണ്ടാവുമെന്ന് എനിക്കറിയാം. ഇവിടെ മൊബൈല്‍ ജാമര്‍ വച്ചിരിക്കുന്നതുകൊണ്ട് ഞാന്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. നിന്റെ എസ്.എം.സുകള്‍ കൊണ്ട് ഇന്‍‌ബോക്സ് നിറഞ്ഞിട്ടുണ്ടാവും. മെയില്‍ അയിക്കാമെന്ന് വച്ചാല്‍ പന്നന്മാര്‍ എല്ലാ മെയില്‍ സൈറ്റുകളും ബ്ലോക്ക് ചെയ്തിരിക്കുകയാണ്.

പക്ഷേ നാട്ടിലെ കാര്യങ്ങള്‍ എല്ല്ലാം അറിയുന്നുണ്ട്. നിന്റെ പഴയ ഹോസ്റ്റല്‍ വാര്‍ഡനെ പോലീസ് പൊക്കിയത് ഞാന്‍ അറിഞ്ഞു.പരിശുദ്ധമായ നമ്മുടെ പ്രണയത്തിന് ഏറ്റവും കൂടുതല്‍ പാരപണിതത് അവരായിരുന്നല്ലോ? അന്നേ ഞാന്‍ നിന്നോട് പറഞ്ഞതാണ് സോഫിയ സിസ്റ്റര്‍ ശരിയല്ലന്ന്. അന്ന് നിനക്കവര്‍ പുണ്യവതി ആയിരുന്നു. അവരുടെ ഉപദേശങ്ങള്‍ക്ക് ചെവികൊടുക്കേണ്ടഎന്ന് ഞാന്‍ അന്ന് പറഞ്ഞത് ശരിയായിരുന്നുവെന്ന് നിനക്കിപ്പോള്‍ തോന്നുന്നുണ്ടാവും. കാമുകിയെ ഗുണദോഷിക്കുന്ന ആളോടുള്ളവെറുപ്പ് കൊണ്ടല്ല ഞാനന്ന് അങ്ങനെ പറഞ്ഞതെന്ന് നിനക്കിപ്പോഴെങ്കിലും മനസിലായിട്ടുണ്ടാവു മല്ലോ?

ഏതെങ്കിലും വഴിയരികില്‍ നിന്നെ കാണാമെന്ന് വച്ച് നില്‍ക്കുമ്പോള്‍ ആ വഴി വരുന്ന വരെയെല്ലാം സംശയത്തോടെആയിരുന്നു ഞാന്‍ നോക്കിയിരുന്നത്. നമ്മള്‍ എവിടെ വച്ചെങ്കിലും കാ‍ണുന്നത് പിറ്റേന്ന് രാവിലെ നിന്റെ സോഫിയ സിസ്റ്റര്‍കൃത്യമായി എങ്ങനെ അറിയുന്നു എന്ന് ഞാന്‍ അത്ഭുതപെട്ടിരുന്നു. അന്നെല്ലാം നമ്മുടെ മുന്നിലൂടെ കടന്നുപോയ പൂത്തിരിക്കഅച്ചനെ ഒരിക്കല്‍ പോലും ചാരനാണന്ന് ഞാന്‍ സംശയിച്ചിരുന്നില്ല. പക്ഷേ ഇപ്പോള്‍ എനിക്ക് മനസിലാവുന്നു, സോഫിയ സിസ്റ്റര്‍ നമ്മുടെ പ്രണയവും കൂടിക്കാഴ്ചകളും എങ്ങനെ അറിഞ്ഞുവെന്ന്. പ്രണയം പാപമാണന്നും, കാമുകന്റെ കൂടെ ചായകുടിക്കുന്നതും സംസാരിച്ചു നില്‍ക്കുന്നത് ദൈവദോഷമാണന്നും ഒക്കെ അവര്‍ നിന്നോട് പറഞ്ഞപ്പോള്‍ മാതാവിന്റെ രൂപത്തിനുമുന്നില്‍ നീയും അവരും ഒരുമിച്ച് മുട്ടുകുത്തിനിന്ന് ജപമാല ചൊല്ലിയത് ഓര്‍ക്കുമ്പോള്‍ എനിക്കിപ്പോള്‍ ചിരിവരുന്നു.

പൂത്തിരിക്ക അച്ചന്‍ അന്നേ പോത്തായിരുന്നു എന്ന് എനിക്കിപ്പോഴാണ് മനസിലായത്. സോഫിയ സിസ്റ്റര്‍ മഠത്തിന്റെ വാതില്‍തുറന്നിടുമായിരുന്നുവെന്ന് അറിഞ്ഞായിരുന്നു വെങ്കില്‍ ഞാനും നിന്നെക്കാണാന്‍ എത്തുമായിരുന്നു.അന്ന് അത് അറിയാതിരുന്നതുകൊണ്ട് ഇപ്പോഴും നമ്മുടെ പ്രണയം പരിശുദ്ധമായി മുന്നോട്ട് പോകുന്നു.വിലക്കപ്പെട്ട കനി തിന്നതുകൊണ്ട് ആദാമും ഹവ്വായുംഏദന്‍‌തോട്ടത്തില്‍ നിന്ന് പുറത്തായി എന്ന് പൂത്തിരിക്ക അച്ചന്‍ എത്രയോ പ്രാവിശ്യം പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്. ഓര്‍ത്തഡോക്സ്കാരനായ ഞാന്‍ കത്തോലിക്ക പള്ളിയില്‍ വരുന്നത് കനി തേടിയാണന്ന് ആ മണ്ടന്‍ കരുതിക്കാണും. വിലക്കപെട്ട കനിയെക്കുറിച്ച് പ്രസംഗിച്ചിട്ട് പൂത്തിരിക്ക അച്ചന്‍ വിലക്കപെട്ട കനി പറിക്കാനാണല്ലോ മതില്‍ ചാടിയത് എന്ന് ഓര്‍ക്കുമ്പോള്‍ എനിക്ക്ചിരിവരുന്നു. അച്ചന്മാരുടെ മതില്‍ ചാട്ടത്തില്‍ രോഷം കൊണ്ടാണല്ലോ മാര്‍ട്ടിന്‍ ലൂഥര്‍ പ്രോട്ടസ്റ്റന്റ് സഭ രൂപീകരിച്ചത്. അന്നത്തെബിഷപ്പുമാരും മതില്‍ ചാട്ടം കണ്ടതായി നടിച്ചില്ല. ഇപ്പോഴത്തെ ബിഷപ്പുമാരും അല്പം കൂടി മുന്നോട്ട് പോയി മതില്‍ ചാടിയവര്‍ക്കായിപ്രാര്‍ത്ഥിക്കണമെന്ന് വരെ പറയുന്നു.

മഠത്തിന്റെ വാതിലുകള്‍ ഒക്കെ തുറന്നിട്ട് കാത്തിരിക്കുമെന്ന് അറിഞ്ഞായിരുന്നെങ്കില്‍ ഞാനും അച്ചനാകാന്‍ പോയേനെ. ആമഠത്തില്‍ വച്ച് ഞാന്‍ നിന്നെ മഠത്തിലമ്മയായി കണ്ടേനെ. കാരണം ചില കൂടിക്കാഴ്ചകള്‍ നിയോഗവും അനിവാര്യവുമാണല്ലോ?നമ്മുടെ വൈദ്യശാസ്ത്രം ഇത്രയേറെ പുരോഗിമിച്ചന്ന് ഞാന്‍ അറിഞ്ഞത് സോഫിയ സിസ്റ്റര്‍ പത്രത്താളുകളില്‍ നിറഞ്ഞു നിന്നതുകൊണ്ടാണ്. താനിപ്പോഴും വെര്‍‌ജിന്‍ ആണന്ന് സോഫിയ സിസ്റ്റര്‍ പറയുന്നത് ശരീരശാസ്ത്രപരമായി അംഗീകരിക്കാതിരിക്കാന്‍പറ്റത്തില്ലല്ലോ? സോഫിയ സിസ്റ്റര്‍ക്ക് സര്‍ജറി ചെയ്തുകൊടുത്ത ഡോക്ടറുടെ അഡ്രസ് വാര്‍ത്തകളില്‍ വന്നായിരുന്നുവെങ്കില്‍ആ ഡോക്‍ടര്‍ അംബാനിയെക്കാള്‍ വലിയ കോടീശ്വരന്‍ ആയേനെ. നമ്മുടെ ശാസ്ത്രം പോയ ഒരു പോക്കേക്കേക്കേ!!!!!

നീ പണ്ട് പഠിച്ച കോളേജിന്റെ മുന്നിലൂടെ കുറച്ചുനാളുകള്‍ക്ക് മുമ്പ് പോയപ്പോള്‍ ഞാനവിടെ ഒരു ബോര്‍ഡ് കണ്ടു. ‘ഗര്‍ഭഛിദ്രംപാപം‘ ആണന്ന്. നിന്റെ കോളേജില്‍ പഠിക്കുന്ന പിള്ളാരെ ബോധവത്‌ക്കരിക്കാന്‍ ആയിരിക്കും ആ ബോര്‍ഡ്. അതോ സോഫിയ സിസ്റ്റര്‍ക്ക് ഉള്ള മുന്നറിയിപ്പോ? രണ്ടു വര്‍ഷത്തിനു‌മുമ്പ് ത്രിവേണി ബുക്കിന്റെ പുറകിലെ ബോധവത്‌ക്കരണംസഹിക്കാനാവാതെ ചില സ്കൂളുകളില്‍ ത്രിവേണി ബുക്ക് വിറ്റില്ലന്ന് ഒരു സാറ് പറഞ്ഞ് ഞാന്‍ കേട്ടിരുന്നു. സ്കൂളില്‍ വിതരണംചെയ്യാന്‍ കൊണ്ടുപോയ ത്രിവേണി ബുക്കിന്റെ പുറകിലെ ബോധവത്‌ക്കരണം എന്തായിരുന്നുവെന്നോ എയിഡ്സ് എങ്ങനെതടയാം എന്ന ബോധവത്‌ക്കരണമായിരുന്നു അത്. ഏതായാലും ഐ‌പില്ലിന്റെ പരസ്യം വന്നില്ലല്ലോ എന്ന് നമുക്ക് ആശ്വസിക്കാം.

സോഫിയ സിസ്റ്റര്‍ക്ക് ഏതായാലും ഒറ്റക്കായില്ല,പൂത്തിരിക്കായച്ചനും കോട്ടാരാനച്ചനും കൂട്ടുണ്ടല്ലോ?കോട്ടാരാനച്ചന്‍ നിരപരാധിയാണന്നാണ് എസ്.എം.എസ് ഫലങ്ങള്‍. ( ഈ എസ്.എം.സുകള്‍ നാട്ടില്‍ സുലഭമായിരിക്കും... ഈ എസ്.എം.സുകളുടെ സൃഷ്ടികര്‍ത്താ ക്കളുടെ ഭാവനയ്ക്ക് പ്രണാമം) എസ്.എം.എസ് വോട്ടുകളാണ് കുറ്റവാളികളെ നിശ്ചയിക്കുന്ന തെങ്കില്‍ കോട്ടൂരാനച്ചന്‍പുഷ്പം പോലെ കോടതിയില്‍ നിന്ന് ഇറങ്ങിവന്നേനെ. പക്ഷേ മനുഷ്യന്‍ ഒന്ന് നിശ്ചയിക്കുന്നു ദൈവം ഒന്ന് വിധിക്കുന്നു എന്ന്ആരോ പണ്ടങ്ങാണ്ട് പറഞ്ഞിട്ടില്ലേ? സോഫിയ സിസ്റ്റര്‍ നിഷ്‌കളങ്കയാണ് , ഊനമില്ലാത്ത കുഞ്ഞാട് ആണന്നോക്കെഎല്ല്ലാവരും കൂടി വിളിച്ചു പറഞ്ഞ് പ്രാര്‍ത്ഥിക്കുന്നതെന്തിനാണന്ന് അറിയാമോ? പണ്ടത്തെ ‘സ്മാര്‍ത്ത വിചാരം‘ നീ കേട്ടിട്ടുണ്ടോ?താത്രിക്കുട്ടിയുടെ സ്മാര്‍ത്ത വിചാരം നടത്തികൊണ്ടിരുന്നു രാജാവ് സ്മാര്‍ത്ത വിചാരം അവസാനിക്കാറായപ്പോള്‍ സ്മാര്‍ത്ത വിചാരംനിര്‍ത്തി പോയത്രെ. കാരണം താത്രിക്കുട്ടി ഇനി പറയാനുള്ളത് തന്റെ പേരാണന്ന് രാജാവിന് മനസിലായത്രെ... ഇപ്പോള്‍ നിനക്ക്എന്തെങ്കിലുംമൊക്കെ മനസിലായിക്കാണുമെല്ലോ????

നീ ഇനി ഒറ്റൊയ്ക്ക് കുമ്പസാരിക്കാനൊന്നും പോകേണ്ട. ഇനി കുമ്പസാരിക്കാന്‍ പോകുന്നവര്‍ പര്‍ദ്ദയിട്ടുകൊണ്ട് പോകുന്ന കാലംവിദൂരമല്ലന്ന് തോന്നുന്നു. എല്ലാ സഭകളിലും ഇങ്ങനെയുള്ള ചിലരുണ്ടല്ല്ലോ? കൊച്ചിബിഷപ്പിനെ തട്ടി തട്ടി ഒരു വഴിക്കാക്കിയത് ഞങ്ങളുടെ ഒരച്ചനാണ്. അതിലെ ‘ദിവ്യഗര്‍ഭം‘ എത്രമാസമായിട്ടുണ്ടാവും ???? അമ്മാമ്മമാര്‍ മാത്രം ഉള്ള വീട്ടില്‍ തലയില്‍കൈവച്ച് പ്രാര്‍ത്ഥിക്കുന്ന ഒരച്ചനെക്കുറിച്ച് ഞാന്‍ നിന്നോട് നേരത്തെ പറഞ്ഞിട്ടില്ലേ.

പിന്നെ വേറെ എന്തുണ്ടടോ നാട്ടില്‍ വിശേഷം??? റബ്ബറിന്റെ വില വീണ്ടും കുറയുകയാണല്ലേ? പച്ചക്കറിക്കും അരിക്കും വില കൂടിഎവിടെ ചെന്ന് നില്‍ക്കും.?? റബ്ബര്‍ വെട്ടിയിട്ട് പച്ചക്കറി നട്ടാലോ എന്ന് അപ്പന്‍ അലോചിക്കുകയാണ്. കണ്ടം പാട്ടത്തിനെ ടുത്ത്ഇട്ടാല്‍ കൃഷി ചെയ്യാമോന്ന് അപ്പന്‍ ചോദിച്ചു. ഞാനൊന്നും പറഞ്ഞില്ല. മിക്കവാറും അതുതന്നെ വേണ്ടിവരുമെന്ന് തോന്നുന്നു.നീയും കൊയ്‌ത്തരിവാള്‍ എടുത്ത് ഇടയ്ക്കിടയ്ക്ക് പുല്ലൊക്കെ അറുത്ത് നോക്കിക്കോ.. നെല്ലിറക്കിയിട്ട് കൊയ്യാന്‍ ആളെകിട്ടിയില്ലങ്കിലുംനമുക്ക് കൊയ്യേണ്ടേ???

മറുപിടി അയക്കാന്‍ ശ്രമിക്കേണ്ട... മിക്കവാറും ക്രിസ്തുമസിന് ഞാന്‍ നാട്ടിലുണ്ടാവും. കരോളിനു‌മുമ്പായി ഞാന്‍ വരും. പാമ്പാട്ടംകണ്ടിട്ട് കുറച്ചു നാളുകളായി..... കൂടുതല്‍ വിശേഷങ്ങള്‍ നേരില്‍ക്കാണുമ്പോള്‍ പറയാം.

എന്ന്
നിന്റെ സ്വന്തം
.

Tuesday, November 25, 2008

മം(ഇം)ഗ്ലീഷ് നി(ഡി)ക്ഷണറി : manglish dictionary

.


അഗ്നിപരീക്ഷ ------ fire exam
അഗ്നിപര്‍വ്വതം ------ firerock
അടിക്കാട് ------ beat forest
അടിക്കുറിപ്പ് ------ beat note
അധികപ്രസംഗം ------ excess speach
അധികപ്രസംഗി ------ excess speachi
അമ്മായിയമ്മപോര് ------ mother-in-law war
അരക്കെട്ട് ------ half toe
അരക്കൈനോക്കുക ------ hanlf hand look
ആട്ടവിളക്ക് ------ wheatflour lamp
ആണിക്കല്ല് ------ nail stone
ആനക്കള്ളന്‍ ------ elephant thief
ഇരട്ടപ്പേര് ------ twins name
ഇരുട്ടടി ------ dark beat
ഉച്ചകോടി ------ midday core
ഉപ്പുമാവ് ------ salt mangotree
ഓട്ടക്കൈ ------ hole hand
ഓലപ്പുര ------ palmtree leaf tree
കണക്കപ്പിള്ള ------ maths pilla
കരിനാക്ക് ------ carbon tongue
കരിമരുന്ന് പ്രയോഗം ------ black medicine applications
കവിള്‍ ------ 'poet'il
കളിമണ്ണ് ------ play mud
കാക്കപ്പൊന്ന് ------ crow gold
കൊല്ലവര്‍ഷം ------ kill year
കൈക്കൂലി ------ hand wages
ഗര്‍ഭവാക്യം ------ pregnancy sentence
ചോരക്കുഞ്ഞ് ------ blood baby
തലച്ചോറ് ------ head rice
താളിയോല ------ shampo palmtree leaf
തുമ്പിക്കൈ ------ dragon-fly hand
നാഗപടം ------ snake picture
നീര്‍ക്കുതിര ------ water horse
പള്ളിവേട്ട ------ church hunt
പരശുരാമന്‍ ------ axe raman
പുകയില ------ smoke leaf
ഭൂമിശാസ്ത്രം ------ earth science
മരമണ്ടന്‍ ------ tree fool
മല്‍ങ്കാക്ക ------ hill crow
മുഖസ്തുതി ------ face raise
വൈരക്കല്ല് ------ enmity stone
ശവകുടീരം ------ deadbody hut
സര്‍പ്പസന്തതി ------ snkae sons
സ്ത്രിധനം ------ woman wealth
ഹസ്തദാനം ------ hand gift
മുള്ളന്‍‌പന്നി ------ throny pig
മുഴക്കോല്‍ ------ tumour stick
മരുമക്കള്‍ ------ desert childrens
മണല്‍ക്കാട് ------ sandy forest

.

Saturday, November 1, 2008

ബെല്‍റ്റ് ബോംബ് : കഥ

.
പൊട്ടിത്തെറിയുടെ ശക്തിയില്‍ അവള്‍ ദൂരേക്ക് തെറിച്ചു വീണു. ആളുകള്‍ അവളുടെ മുകളിലൂടെ ജീവനുവേണ്ടി പരക്കം പാഞ്ഞു. അവള്‍ക്കൊന്നുംമനസ്സിലായില്ല. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാനുള്ള പ്രായം അവള്‍ക്കില്ലായിരുന്നു. എട്ടുവയസുകാരിക്ക് ബോംബ് സ്‌ഫോടനംനടന്നാല്‍ എന്താണ് മനസിലാവുക? അവള്‍ അമ്മയുടെ കൂടെ തിരക്കേറിയ തെരുവിന്റെ കോണില്‍ നിലക്കടല വറുത്ത് വില്‍ക്കുകയായിരുന്നു.ദീപാവലി കഴിഞ്ഞുള്ള ദിവസമായതിനാല്‍ തെരുവില്‍ നല്ല തിരക്കുമായിരുന്നു. എവിടയോ വലിയ ഒരു ശബ്ദ്ദം കേട്ടതവളോര്‍ക്കുന്നു. ദീപാവലിആഘോഷം കഴിഞ്ഞ് ആരോ പടക്കം പൊട്ടിക്കുകയാണന്നാണവള്‍ കരുതിയത്. ശബ്ദ്ദം കേട്ട് ആളുകള്‍ ഓടുന്നതവള്‍ കണ്ടു. അമ്മ അവളെവട്ടം പിടിച്ചു. വീണ്ടും തൊട്ടടുത്ത് ശബ്ദ്ദം. അമ്മയുടെ പിടി വഴുതുന്നതവള്‍ അറിഞ്ഞു. അടുത്ത കനത്ത ശബ്ദ്ദത്തില്‍ അവള്‍ അമ്മയുടെകൈയ്യില്‍ നിന്ന് തെറിച്ചു പോയി. അമ്മേ എന്നുള്ള അവളുടെ നിലവിളി ആരും കേട്ടില്ല. സ്വന്തം ജീവന്‍ തിരിച്ചു പിടിക്കാനുള്ള ഓട്ടത്തില്‍ആ കുഞ്ഞിന്റെ നിലവിളി ആര് കേള്‍ക്കാന്‍. അവള്‍ നിലത്തുനിന്ന് പതിയെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. തന്റെ തൊട്ടടുത്ത് പിടയുന്ന ഒരാളെഅവള്‍ കണ്ടു. ആകാശത്തേക്ക് ഉയരുന്ന തീ നാളങ്ങള്‍. ജനങ്ങള്‍ ഓടുകയാണ്. അതില്‍ പലരുടേയും ദേഹത്ത് നിന്ന് ചോര ഒലിക്കുന്നുണ്ട്.“മോളേ... മോളേ...”ഒരു ഞെരുക്കം കേട്ട് അവള്‍ മണ്ണില്‍ പൂണ്ട് കിടക്കുന്ന മനുഷ്യ ശരീരത്തിന്റെ മുഖം മണ്ണ് മാറ്റി ഉയര്‍ത്തി. ചോരയും മണ്ണുംനിറഞ്ഞ് ആ മുഖം വിരൂപമായിരുന്നു. “അമ്മ...അമ്മ... എന്തുപറ്റി അമ്മേ?...” അവള്‍ അമ്മയുടെ മുഖത്ത് നിന്ന് മണ്ണ് തുടച്ചുമാറ്റി. ആ മുഖത്തിന്റെഒരു ഭാഗം തകര്‍ന്നു പോയിരുന്നു.”മോളേ... ഓടിക്കോ.... അമ്മയെ നോക്കാതെ ഓടിക്കോ...” അവളെ അമ്മ തകര്‍ന്ന കൈകൊണ്ട് തള്ളിവിടാന്‍ശ്രമിച്ചു. തെരുവിന്റെ അങ്ങേ കോണില്‍ നിന്ന് വീണ്ടും വലിയ ശബ്ദ്ദം. അവളുടെ മുന്നിലേക്ക് അറ്റുപോയ ഒരു കൈവന്ന് വീണു. അവളുടെമുന്നില്‍ അത് വന്ന് വീണപ്പോള്‍ അത് പിടയുന്നുണ്ടായിരുന്നു. ഓടിപ്പോകുന്ന ആളുകളുടെ ഇടയിലേക്ക് അവളും .......

എത്ര ദൂരം ഓടിയന്ന് അവള്‍ക്കറിയില്ല. ഏതൊക്കെ വഴിയിലൂടെയാണ് ഓടിയതന്നും അറിയില്ല. ആദ്യമായിട്ടാണ് അമ്മ ഇല്ലാതവള്‍ സഞ്ചരിക്കുന്നത്.ഓടി‌യോടി അവള്‍ റയില്‍‌വേസറ്റേഷനില്‍ എത്തി. പൈപ്പില്‍ നിന്ന് വെള്ളം കുടിച്ചപ്പോള്‍ അല്പം ആശ്വാസം. അമ്മയെപ്പോള്‍ മണ്ണില്‍ നിന്ന്എഴുന്നേറ്റിട്ടുണ്ടാവുമോ? റയില്‍‌വേസറ്റേഷനിലും ആളുകള്‍ കൂടുകയാണ്. ആളുകളുടെ തിരക്കില്‍ അവളും പെട്ടു. എങ്ങനയോ ഏതോ ട്രയില്‍ കയറി.നില്‍ക്കാന്‍പോലും സ്ഥലം ഇല്ലാതെ ബോഗികള്‍ നിറഞ്ഞു . ഒരു സീറ്റിന്റെ കീഴിലേക്കവള്‍ കയറിക്കിടന്നു. ക്ഷീണം കൊണ്ട് അവളുടെ കണ്ണുകള്‍അടഞ്ഞു.നിലവിളി ശബ്ദ്ദങ്ങള്‍. തെറിച്ചു വീഴുന്ന തലകള്‍, കൈകള്‍ , ചോരയൊലിപ്പിച്ചു കൊണ്ട് ഓടുന്നവര്‍ ... അവള്‍ കണ്ണുകള്‍ ഇറുക്കി അടച്ചു.

എപ്പോഴോ കണ്ണ് തുറന്നപ്പോള്‍ ട്രയിനിലെ തിരക്ക് ഒഴിഞ്ഞിരുന്നു. അവള്‍ പതിയെ സീറ്റിനടിയില്‍ നിന്ന് പുറത്തേക്ക് വന്നു. ചുറ്റിനും അപരിചിതര്‍.അവര്‍ സംസാരിക്കുന്നതും അപരിചിതമായ ഭാഷയില്‍. താനിപ്പോള്‍ മറ്റേതോ സ്ഥലത്താണന്ന് മാത്രം അവള്‍ക്ക് മനസ്സിലായി. തന്റെ നാട്ടിലല്ലാതെമറ്റേതോ സ്ഥലത്താണ്.വിശപ്പാണങ്കില്‍ അസഹനീയം. അല്പം വെള്ളമെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്നവള്‍ ആശിച്ചു. ട്രയിനിലെ ബാത്ത് റൂമിലേക്ക്അവള്‍ കയറി. അസഹനീയമായ രൂക്ഷഗന്ധം അവളെ ശ്വാസം മുട്ടിച്ചു. വാഷ്‌ബേസിനിലെ പൈപ്പ് തുറന്നവള്‍ വെള്ളം കുടിച്ചു. സൂര്യപ്രകാശംകണ്ടിട്ട് വൈകുന്നേരാം ആയന്നാണ് തോന്നുന്നത്. അവള്‍ വാതിലിനോട് ചേര്‍ന്നിരുന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞു. തന്റെ അമ്മയിപ്പോള്‍മണലില്‍ നിന്ന് എഴുന്നേറ്റിട്ടുണ്ടാവുമോ? മുഖത്തെ ചോരയൊക്കെ ആരെങ്കിലും കഴുകി കളഞ്ഞിട്ടുണ്ടാവുമോ ? അമ്മയുടെ അടുത്ത് നിന്ന് ഓടിപോകണ്ടായിരുന്നു. താനല്ലാതെ അമ്മയ്ക്ക് വേറെ ആരുണ്ട് ?? ഇനി എങ്ങനെയാണ് നാട്ടില്‍ തിരിച്ചെത്തുന്നത്. അവളുടെ കണ്ണില്‍ നിന്ന്കണ്ണുനീര്‍ ഒഴുകി....

അവളുടെ ഓരോ ചലനവും ശ്രദ്ധിച്ചുകൊണ്ട് അയാള്‍ ഉണ്ടായിരുന്നു. അവള്‍ കയറിയ സ്റ്റേഷനില്‍ നിന്നു‌തന്നെയായിരുന്നു അയാളും കയറിയത്.അവിടെവച്ചേ അവളെ അയാള്‍ ശ്രദ്ധിച്ചിരുന്നു. ബോംബ് സ്ഫോടനങ്ങളെ തുടര്‍ന്ന് ഭയന്നോടിയതാണവള്‍ എന്ന് അയാള്‍ക്ക് അപ്പോഴേ മനസിലായിരുന്നു. അയാള്‍ അവളുടെ അടുത്ത് ചെന്നിരുന്നു.

“മോളെന്തിനാ കരയുന്നത് ?” എല്ലാം അറിയാമായിരുന്നെങ്കിലും ഒന്നും അറിയാത്തയാളെപ്പോലെ അയാള്‍ ചോദിച്ചു. തന്റെ ഭാഷയിലുള്ള ചോദ്യംകേട്ട് അവള്‍ തല ഉയര്‍ത്തി.അവള്‍ ഒന്നും പറയാതെ വീണ്ടും കരഞ്ഞു.ട്രയിന്‍ ഏതോ സ്റ്റേഷനില്‍ നില്‍ക്കാന്‍ പോവുകയാണന്ന് തോന്നുന്നു.

“മോളെന്തിനാ കരയുന്നത് ?” അയാള്‍ വീണ്ടും ചോദിച്ചു.

“എനിക്കെന്റെ അമ്മയുടെ അടുത്ത് പോകണം ...” അവള്‍ പറഞ്ഞു.

“മോളെ ഞാന്‍ അമ്മയുടെ അടുത്ത് കൊണ്ടുപോകാം.. പക്ഷേ നമ്മുടെ ട്രയിനിപ്പോള്‍ കേരളത്തില്‍ എത്തി. ഇനി അങ്ങോട്ട് പോകാന്‍ അടുത്തആഴ്ചയേ ട്രയിനുള്ളു... അതുവരെ മോള് എന്റെ വീട്ടില്‍ താമസിച്ചോളൂ.. അവിടെ മോള്‍ക്ക് കൂട്ടുകാരെയൊക്കെ കിട്ടും....” അയാല്‍ പറഞ്ഞു.

തനിക്ക് അപരിചിതമായ സ്ഥലത്ത് തന്റെ ഭാഷ അറിയാവുന്ന ഒരാളെ ദൈവം അയച്ചാതാണന്ന് തോന്നുന്നു. അമ്മ എപ്പോഴും പറയുന്നതവള്‍ഓര്‍ത്തു. “ഈശ്വരന്‍ നമ്മളെ കാത്തുകൊള്ളും ... എപ്പോഴും ഈശ്വരനെ ഭജിക്കുന്നവരെ കൈവിടാന്‍ അവന് പറ്റുകയില്ല “.

ട്രയിന്‍ നിന്നു. അയാളോടൊപ്പം അവളും ഇറങ്ങി. റയില്‍‌വേസ്റ്റേഷനിലെ ബോര്‍ഡ് അവള്‍ വായിച്ചെടുത്തു. ‘ എറണാകുളം നോര്‍ത്ത്’!!. അയാളോടൊപ്പം ഓട്ടോയില്‍ ഇരിക്കുമ്പോഴും അവളുടെ മനസില്‍ ചോരയില്‍ കുളിച്ചു മണലില്‍ കിടക്കുന്ന അമ്മയായിരുന്നു. താനും അമ്മയും ആരോടുംഇതുവരെ ഒരു തെറ്റും ചെയ്തിട്ടില്ല. നിലക്കടല‌വിറ്റുകിട്ടുന്ന പണം കൊണ്ട് തങ്ങള്‍ രണ്ടുപേരും എത്ര സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത്.ആരെയും ഉപദ്രവിക്കാത്ത തന്റെ അമ്മയെ ആരാണ് ചോരയില്‍ മുക്കിയത്. എത്ര ആളുകള്‍ അവിടെ മരിച്ചിട്ടുണ്ടാവും. അവിടെ നടന്നത് ദീപാവലിയുടെആഘോഷമല്ലായിരുന്നുവെന്നും ബോംബ് പൊട്ടിയതാണന്നും തന്നെ കൂട്ടികൊണ്ടുപോകുന്ന ആളാണ് പറഞ്ഞു തന്നത് .ആളുകളെ ബോംബ്പൊട്ടിച്ച് കൊന്നിട്ട് എന്താണ് അവര്‍ നേറ്റുന്നത്. അവളുടെ ചിന്തകള്‍ക്ക് വിരാമം ഇട്ടുകൊണ്ട് ഒരു വലിയ കെട്ടിടത്തിനു മുന്നില്‍ ഓട്ടോ നിന്നു.അയാള്‍അവളെയും കൂട്ടി ഓട്ടോയില്‍ നിന്ന് ഇറങ്ങി.

അവള്‍ക്കവിടെ രണ്ട് കൂട്ടുകാരെ ലഭിച്ചുവെങ്കിലും അവള്‍ക്ക് അന്തോഷം തോന്നിയില്ല. “അമ്മയുടെ അടുത്ത് എന്നാ എന്നെ കൊണ്ടു പോകുന്നത് ? “അവള്‍ ഒരു ദിവസം അയാളോട് ചോദിച്ചു.കൊണ്ടുപോകാം എന്ന് ഒഴുക്കന്‍ മട്റ്റില്‍ മറുപിടി പറഞ്ഞയാള്‍ പോയി.പിന്നെ കുറേ ദിവസത്തേക്ക്അയാളെ അവള്‍ കണ്ടില്ല. മറ്റ് എവിടയോ ബോം‌ബ് സഫോടനം നടന്നതിനു പിന്നാലെ അയാള്‍ വീണ്ടും തിരിച്ചു വന്നു. വന്നയുടനെ അയാള്‍അവളെ വിളിച്ചു. അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.അവളുടെ അമ്മ ബോംബ് സ്‌ഫോടനത്തില്‍ മരിച്ചു പോയി എന്ന് അയാള്‍ പറഞ്ഞപ്പോള്‍അവള്‍ നിര്‍‌വികാരതയോടെ അത് കേട്ടു. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

“എന്തിനാ അവര്‍ എന്റെ അമ്മയെ കൊന്നത് ? “ അവളുടെ ചോദ്യം കേട്ട് അയാളുടെ കണ്ണുകള്‍ ജ്വലിച്ചു. അവളില്‍ നിന്ന് ആ ചോദ്യം കേള്‍ക്കാനായിഅയാള്‍ കാത്തിരിക്കുകയായിരുന്നു എന്ന് തോന്നി. അയാള്‍ പറഞ്ഞില്‍ പകുതിയും അവള്‍ക്ക് മനസിലായില്ല.

“അമ്മയെ കൊന്നവരോട് മോള്‍ക്ക് പകരം ചോദിക്കണോ?” അയാളുടെ ചോദ്യം അപ്രതീക്ഷതമായിരുന്നു.

“പകരം ചോദിച്ചാല്‍ എന്റെ അമ്മ തിരിച്ചു വരുമോ ?” അവളുടെ നിഷ്കളങ്ക ചോദ്യത്തിനുമുന്നില്‍ അയാള്‍ പതറിയെങ്കിലും അത് വെളിയില്‍കാണിച്ചില്ല.

അവിടേക്ക് ആരക്കയോ വന്നുകൂടി. പലരും രാത്രിയിലാണ് വന്നിരുന്നത്. അവരുടെ മുന്നിലേക്ക് അവള്‍ പലപ്പോഴും വിളിക്കപെട്ടു. അവരെല്ലാംഅവളോട് അവളുടെ അമ്മയെക്കുറിച്ച് ചോദിച്ചുകൊണ്ടിരുന്നു.എപ്പോഴും അമ്മയുടെ ഓര്‍മ്മ അവളില്‍ നിലനിര്‍ത്തുക എന്നുള്‍ലതായിരുന്നുഅവരുടെ ലക്ഷ്യവും. അമ്മയുമായിട്ടുള്ള നിമിഷങ്ങള്‍ മനസ്സില്‍ കടന്നുവരുമ്പോള്‍ ആരും കാണാതെ അവള്‍ കരഞ്ഞു. എന്തിനാണ് അവര്‍തന്റെ അമ്മയെ കൊന്നത് എന്നവള്‍ക്ക് മനസിലായില്ല. ബോംബ് പൊട്ടിച്ച് മനുഷ്യരെ കൊന്നാല്‍ എന്താണ് പ്രയോജനം എന്നവള്‍ക്ക്അറിയില്ലായിരുന്നു.

അവളെ ആദ്യമായി ഇന്നാണ് ആ കെട്ടിടത്തിന് പുറത്തുകൊണ്ടുപോകുന്നത്. നഗരത്തിലെ തിരക്ക് അവള്‍ കണ്‍‌നിറയെ കണ്ടു. കലൂരെ മാര്‍ക്കറ്റിലുംബസ്‌സ്റ്റാന്‍ഡിലും , മറൈന്‍‌ഡ്രൈവിലും മൊക്കെ അയാള്‍ അവളെ കൊണ്ടുപോയി. അവടെയൊക്കെ അവരെ കാത്ത് ആരക്കയോ ഉണ്ടായിരുന്നു.അവരൊക്കെ തമ്മില്‍ അടക്കം പറയുന്നത് അവള്‍ ശ്രദ്ധിച്ചു. സംസാരിക്കുമ്പോള്‍ പലപ്പോഴും അവരുടെ നോട്ടം തന്നിലേക്കാണന്നും അവള്‍അറിഞ്ഞു. അവര്‍ എന്താണ് തന്നെക്കുറിച്ച് പറയുന്നതവള്‍ക്ക് മനസിലായില്ല. ഒന്നുരണ്ടുദിവസം കൂടി അവളേയും കൊണ്ട് അയാള്‍ അവിടെയൊക്കെപോയി.

അന്ന് രാത്രി അവര്‍ കുറെ ആളുകള്‍ ഉണ്ടായിരുന്നു. അവരാരും അന്ന് ചിരിച്ചിക്കുന്നതവള്‍ കണ്ടില്ല. എന്തോ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ പോകുന്നതുപോലെ ആയിരുന്നു അവരുടെ സംസാരം. അടക്കിപിടിച്ച് അവര്‍ സംസാരിക്കുന്നതില്‍ നിന്ന് അവള്‍ക്കൊരു കാര്യം മനസിലായി. എവിടയോബോംബ് പൊട്ടിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അവളെ അവരുടെ അടുത്തേക്ക് അയാള്‍ വിളിച്ചുകൊണ്ടുവന്നു. അവള്‍ വന്നപ്പോള്‍ അവരെല്ലാവരും എഴുന്നേറ്റ് നിന്നു. അവരെന്തിനാണ് തന്നെ കണ്ടപ്പോള്‍ എഴുന്നേറ്റതന്ന അവള്‍ക്ക് മനസിലായില്ല. അവരെല്ലാവരും കൂടി ഒരുമിച്ചാണ് ഭക്ഷണംകഴിച്ചത്. ആദ്യമായിട്ടായിരുന്നു അവള്‍ ഇത്രയ്ക്ക് സ്വാദേറിയ ഭക്ഷണം കഴിക്കുന്നത്.

നേരം വെളുത്തയുടനെ വന്നവരെല്ലാം തിരികെപ്പോയി. അവള്‍ ജനലില്‍ക്കൂടി റോഡിലെ തിരക്ക് കണ്ടു നില്‍ക്കുകയായിരുന്നു. അയാള്‍ അവളെവിളിച്ചു. അവള്‍ അയാളുടെ അടുത്തേക്ക് ചെന്നു. “മോളിന്ന് അമ്മയെ കൊന്നവരോട് പകരം ചോദിക്കുകയാണ് ?” അയാള്‍ അവളുടെ ചെവിയില്‍മന്ത്രിച്ചു. അവള്‍ക്കയാള്‍ പറഞ്ഞത് മനസിലായില്ല. അയാള്‍ തന്നെ അവളെ വസ്ത്രം ധരിപ്പിച്ചു. അവളുടെ അരയിലേക്ക് അയാള്‍ ഒരു കറുത്തട്രാവലര്‍ ബാഗ്‌കെട്ടി.

“എന്താണിതില്‍..?” അവള്‍ ചോദിച്ചു. ആ ചോദ്യം അയാള്‍ക്ക് ഇഷ്ടപെട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലും അവളെകൊണ്ട് അയാള്‍ പുറത്ത് പോയപ്പോഴും ആ ബാഗ് അവളുടെ അരയില്‍ കെട്ടിയിരുന്നു. അന്നും അവള്‍ ചോദിച്ചപ്പോള്‍ ക്യാമറയാണന്നായിരുന്നു അയാളുടെ മറുപിടി. പക്ഷേഒരിക്കല്‍ പോലും അയാള്‍ അവളുടെ ബാഗില്‍ നിന്ന് ക്യാമറ എടുത്തിരുന്നില്ല. ഇപ്പോള്‍ അവളൂടെ ചോദ്യത്തിന് മറുപിടി നല്‍കാതെ അയാള്‍ഒഴിഞ്ഞുമാറി.

തിരക്കേറിയ കലൂര്‍ മാര്‍ക്കറ്റിലേക്കാണ് അവര്‍ പോയത്. അവളുടെ ഉള്ളില്‍ എന്തോ അപകടഭീതി തോന്നിയിരുന്നു. എപ്പോഴും മൊബൈല്‍ ഫോണില്‍സംസാരിച്ചു കൊണ്ട് നടക്കുന്ന അയാള്‍ ഇന്ന് ഫോണ്‍ പോലും ഇല്ലാതെയാണ് ഇറങ്ങിയത്. വഴിയില്‍ കണ്ട സുഹൃത്തുക്കള്‍ അയാളയോ അയാള്‍അവരയോ കണ്ടതായി പോലും നടിച്ചില്ല.മാര്‍ക്കറ്റില്‍ നല്ല തിരക്കായിക്കഴിഞ്ഞിരുന്നു. ഇതുപോലൊരു സ്ഥലത്ത് താനും അമ്മയും ഒന്നിച്ചിരുന്ന്നിലക്കടല വിറ്റുകൊണ്ടിരുന്നത് അവളുടെ മനസിലേക്ക് വന്നു. തിരക്കിനിടയിലേക്ക് അവളെയും കൊണ്ട് അയാള്‍ കടന്നു. “മോളെ ഇന്ന്അമ്മയുടെ അടുത്തേക്ക് പറഞ്ഞുവിട്ടോളാം...” അയാള്‍ പറഞ്ഞത് കേട്ട് അവള്‍ പരിഭ്രമിച്ചു. അയാളുടെ ശബ്ദ്ദത്തിന്റെ ഭീകരത അവള്‍തിരിച്ചറിഞ്ഞു. മരിച്ചുപോയ തന്റെ അമ്മയുടെ അടുക്കലേക്ക് തന്നെ എങ്ങനെയാണ് പറഞ്ഞ് വിടുന്നത് ? അയാള്‍ അവളുടെ കൈ തന്റെ കൈയ്യില്‍നിന്ന് അയച്ചു.തിരക്കിനിടയില്‍ അവള്‍ ഒറ്റപെട്ടു. അയാള്‍ എവിടേക്കോ മറഞ്ഞു.

പെട്ടന്ന് അവളുടെ മനസിലേക്ക് തന്റെ അമ്മകൊല്ലപെട്ട ദിവസം കടന്നുവന്നു. താനന്ന് തന്നെപ്പോലെ അരയില്‍ ബാഗ് വച്ച ഒരാളെ കണ്ടിരുന്നില്ലേ?ഉവ്വ് കണ്ടിരുന്നു. അയാള്‍ തിരക്കിനിടയിലേക്ക് കയറിയപ്പോഴല്ലേ വലിയ ശബ്ദ്ദം കേട്ടത് ... പിന്നെ ആരക്കയോ നിലവിളിക്കുന്നു... തെറിച്ചു വീഴുന്നതലകള്‍.. പിടയ്ക്കുന്ന കൈകാലുകള്‍ .... അവളുടെ കണ്ണ് നിറഞ്ഞൊഴുകി... തന്നെ അയാള്‍ ബോംബാക്കി മാറ്റുകയായിരുന്നോ? അവള്‍ തന്റെ അരയിലെബാഗ് തുറയ്ക്കാന്‍ നോക്കി.ഇല്ല പറ്റുന്നില്ല തനിക്ക് ബാഗ് തുറക്കാന്‍ പറ്റുന്നില്ല. തനിക്കുചുറ്റും നൂറുകണക്കിനാളുകള്‍ പിടഞ്ഞുവീഴുമെന്നവള്‍ക്ക് തോന്നി.

“ബോംബ്.....“ അവള്‍ ഉറക്കെ നിലവിളിച്ചു. ആളുകള്‍ അവളുടെ വാക്കുകള്‍ കേട്ടു ചിരിച്ചു. എങ്ങനെയാണ് മലയാളത്തില്‍ പറയേണ്ടതന്ന് അവള്‍ക്കറിയില്ലായിരുന്നു. അവള്‍ തന്റെ ഭാഷയില്‍ താനൊരു മനുഷ്യബോംബാണന്ന് വിളിച്ചു പറഞ്ഞു. അവളുടെ ഭാഷ ആര്‍ക്കോ മനസിലായി. അയാള്‍ അത്മലയാളത്തിലാക്കി പറഞ്ഞതും ആളുകള്‍ ഓടിമാറി. ആളുകള്‍ മാര്‍ക്കറ്റില്‍ നിന്ന് വെളിയിലേക്ക് ഓടുന്നത് അവളേയും കൊണ്ട് വന്ന മനുഷ്യനും കണ്ടു.അയാള്‍ പല്ലുഞെരിച്ചു. അയാള്‍ തന്റെ പാന്റിന്റെ പോക്കറ്റിലേക്ക് കൈകള്‍ ഇട്ടു.

അവള്‍ നിലത്തേക്ക് വീണിരുന്നു. അവളുടെ കണ്ണില്‍ നിന്ന് കണ്ണീര്‍ ഒഴുകി. “അമ്മേ.... അമ്മേ....”അവള്‍ കരഞ്ഞു വിളിച്ചു. സൈറന്‍ ഇട്ടുകൊണ്ട് പോലീസ്വാഹനങ്ങള്‍ മാര്‍ക്കറ്റിലേക്ക് കയറി. ആളുകള്‍ പരക്കം പാഞ്ഞു.അവള്‍ എന്തോ പറയാന്‍ ശ്രമിച്ചു. പെട്ടന്നു തന്നെ അത് സംഭവിച്ചു. ഒരഗ്നിഗോളമായിഅവള്‍ പൊട്ടിച്ചിതറി.സ്വന്തം ശരീരം പൊട്ടിത്തെറിക്കുമ്പോള്‍ അവളെന്തായിരിക്കും നമ്മളോട് പറയാന്‍ ശ്രമിച്ചിരുന്നത്. അവളെ നമ്മള്‍ എങ്ങനെയായിരിക്കും നാളെ ഓര്‍ക്കുക...????


(ഭീകരതയ്ക്ക് മതവും ജാതിയും പേരും രൂപവും ഒന്നും ഇല്ലാത്തതുകൊണ്ടാണ് ആര്‍ക്കും പേര് ഉപയോഗിക്കാതിരുന്നത് .... )

.

Friday, September 12, 2008

ആത്മബന്ധത്തിന്റെ പൊരുള്‍തേടി....

ഞാനവളെ ആദ്യമായി കണ്ടത് എവിടെവച്ചാണന്ന് എനിക്കോര്‍മ്മയില്ല.പക്ഷേ ഞാനിപ്പോള്‍ അവളെ കുറച്ചുദിവസങ്ങളായി ട്രയനില്‍ കാണുന്നു.വേണാടിന്റെ അവസാന കമ്പാര്‍ട്ടുകളില്‍ ഞാനിപ്പോള്‍ അവളെ തിരയുന്നു എന്നു പറയുന്നതാവാം ശരി.എത്രയോ പെണ്‍കുട്ടികള്‍ കയറുന്ന ട്രയനില്‍ ഞാനവളെ മാത്രം എന്തിന് ശ്രദ്ധിക്കുന്നു എന്ന് എനിക്കറിയില്ല. അവളെ കാണുമ്പോഴെല്ലാം എനിക്കവളോട് എന്തോ ?എന്താണ് എന്ന് പറയാന്‍ എനിക്കറിയില്ല.അവളെ എന്ന് കണ്ടാലും എന്റെ മനസ്സ് എനിക്ക് പിടിതരാതെ വഴുതിമാറുന്നു.അവള്‍ എനിക്കാരാണ്.??അവള്‍ എന്റെ ആരുംഅല്ല.പക്ഷേ അവള്‍ എന്റെ ആരോ ആണ് ...അല്ലങ്കില്‍ ആരോ ആയിരുന്നു...ഒരു പക്ഷേ കഴിഞ്ഞ ജന്മത്തില്‍ അവള്‍ എന്റെ ആരോ ആയിരുന്നിരിക്കണം.അവളോട് എനിക്ക് എന്തോ ആത്മബന്ധമുള്ളതു പോലെ... മനസ്സ് പിടിതരാതെ വഴുതുന്നു....അവളെ കണ്ടില്ലങ്കില്‍ മനസ്സ് അസ്വസ്ഥമാകുന്നു... ആരാണ് അവള്‍ എനിക്ക്?????

വേണാട് ചെങ്ങന്നൂരില്‍ എത്തിയപ്പോള്‍ ഏഴര.വഞ്ചിനാടിന് ക്രോസിങ്ങ്.തിരവല്ലവിട്ട വഞ്ചിനാട് ഇനി എത്തുമ്പോള്‍ ഏഴേമുക്കാലേങ്കിലും ആകും.ഏതായാലും ട്രയിനില്‍ ഇരിക്കാന്‍ സ്ഥലമില്ല.ഏസി കമ്പാര്‍ട്ടുമെന്റ് പുറകിലേക്ക് മാറ്റിയതിനുശേഷം പുറകിലത്തെ മൂന്ന് ജനറല്‍ കമ്പാര്‍ട്ടുമെന്റിലുംഇപ്പോള്‍ നല്ല തിരക്കാണ് .പലപ്പോഴും ഇരിക്കാന്‍ സീറ്റ് കിട്ടാറില്ല. അകത്ത് കയറി നിന്ന് ഇടികൊള്ളുന്നതിലും നല്ലത് പ്ലാറ്റ്ഫോമിലെ ബഞ്ചില്‍ഇരിക്കുന്നതാണ്. സിഗ്നല്‍ തെളിയുമ്പോള്‍ വാതുക്കലേക്ക് ചാടിക്കയറി നിന്നാല്‍ മതി.ട്രയനിന്റെ പുറകിലെ കമ്പാര്‍ട്ടുമെന്റില്‍ നിന്ന് പാട്ടിന്റെ ശബ്ദ്ദം.അതവളുടെ ശബ്ദ്ദം തന്നെയാണ്.പാറക്കല്ലുകളില്‍ താളം പിടിച്ച് അവള്‍ പാടുകയായിരിക്കണം.ഞാന്‍ വേഗം ട്രയിനിലേക്ക് കയറി.വാതുക്കലെ തിരക്കിനിടയിലൂടെ കടന്ന് രണ്ട് കമ്പാര്‍ട്ടുമെന്റുകള്‍ തമ്മില്‍ ചേര്‍ത്തിരിക്കുന്ന ഇടനാഴിയില്‍ ചെന്നു നിന്നു.പാട്ട് കേള്‍ക്കുന്നിടത്തേക്ക് നോക്കി.അതവള്‍തന്നെയാണ്.പിഞ്ചിത്തുടങ്ങിയ മഞ്ഞ ഫ്രോക്കില്‍ ശരീരത്തിന്റെ വളര്‍ച്ചകളെ മറച്ചുവയ്ക്കാന്‍ കഴിയാതെ കൈ നീട്ടി അവള്‍ പാടുകയാണ്. രണ്ടായി പിന്നിയ തലമുടി തോളറ്റം വച്ച് റിബള്‍ വച്ച്കെട്ടിയിരിക്കുന്നു.ആ തലമുടി എണ്ണമയം കണ്ടിട്ട് ദിവസങ്ങള്‍ ആയിട്ടുണ്ടാവും.എണ്ണമയം ഇല്ലാതെചെമ്പന്‍നിറം അവളുടെ തലമുടിയിലേക്ക് പടര്‍ന്നിരുന്നു.കൈകളില്‍ വീഴുന്ന നാണയത്തുട്ടുകള്‍ തോളത്ത് തൂക്കിയിട്ടിരിക്കുന്ന തുണി സഞ്ചിയിലേക്ക്അവള്‍ ഇട്ടു.വഞ്ചിനാട് ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ എത്തി.വേണാട് ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്ന് നീങ്ങിത്തുടങ്ങി.

ബോഗികളുടെ ഇടനാഴിയില്‍ എന്നയും കടന്ന് അവള്‍ അടുത്ത ബോഗിയിലേക്ക് പോയി.കരിങ്കല്ലില്‍ താളം പിടിച്ച് അവള്‍ വീണ്ടും പാട്ടുപാടിത്തുടങ്ങി.അവളുടെ പാട്ടില്‍ അലിഞ്ഞ് ഇല്ലാതെയാകാന്‍ ഞാന്‍ കൊതിച്ചു.ഏതോ ഒരു തെരിവുപെണ്ണിന്റെ പാട്ടിന് ഇത്രയ്ക്ക് മനോഹാരിത എവിടെ നിന്നാണ്?അവളുടെ പാട്ടിന് എന്തോ ഒരു പ്രത്യേകതയുണ്ട്. അവളുടെ പാട്ടാണോ അവളുടെ ശരീരം ആണോ എന്നെ അവളിലേക്ക് ആകര്‍ഷിക്കുന്നത്. കാണാന്‍അവള്‍ അത്രയ്ക്ക് സുന്ദരിയല്ല.അവളുടെ പാട്ടിനെന്തോ ഒരു പ്രത്യേകതയുണ്ട ന്നല്ലാതെ അത് എന്നെ അവളിലേക്ക് എങ്ങനെയാണ്ആകര്‍ഷിക്കുന്നത്?ഇതൊന്നുമല്ലാതെ മറ്റെന്തോ ആണ് അവളിലേക്ക് എന്നെ ആകര്‍ഷിക്കുന്നത്..അത് എന്താണന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് കണ്ടുപിടിക്കാന്‍കഴിഞ്ഞില്ല.അവള്‍ കടന്നുവരുമ്പോള്‍ അവളെ തട്ടാനായിമാത്രം കാത്തുനില്‍ക്കുന്നവരെ കാണുമ്പോള്‍ എനിക്ക് കൈ തരിക്കുകയാണ്.ഇവിനൊങ്ങുംവീട്ടില്‍ പെങ്ങള്‍മാരില്ലേ?ഇത്രയ്ക്ക് ആത്മരോഷം കൊള്ളാന്‍ ഈ തെരിവുപെണ്ണ് എന്റെ ആരാണ്?എപ്പോഴക്കയോ ട്രയിനില്‍ വച്ച് കാണുന്നവള്‍മാത്രം?തെരുവില്‍ കിടന്ന് വിശപ്പിനു വഴിതേടുന്ന അവള്‍ എനിക്ക് ആരാണ് ?

രണ്ടുദിവസത്തേക്ക് അവളെ കണ്ടില്ല.പിന്നെ ഞാനവളെ കാണുന്നത് എറണാകുളം കായംകുളം പാസഞ്ചറില്‍ വച്ചാണ്.പക്ഷേ അന്നവളുടെകൂടെ ഒരു കൊച്ചുകുട്ടിയും ഉണ്ടായിരുന്നു.ആ കൊച്ചുകുട്ടിയെ അവള്‍ എളിയില്‍ വച്ചുകൊണ്ടാണ് പാട്ടുപാടിയത്.ഒരു പക്ഷേ അവള്‍ക്കതിനെതെരുവില്‍ നിന്ന് കിട്ടിയതായിരിക്കാം.ആരോ തെരുവില്‍ ഉപേക്ഷിച്ച കുഞ്ഞിനെ അവള്‍ എടുത്തതാവാം.അല്ലങ്കില്‍ അതവളുടെ അനുജത്തി ആയിരിക്കാം. അല്ലങ്കില്‍ ആ കുട്ടി അവളുടെതന്നെ ആയിക്കൂട എന്നില്ല.ഏയ്..അതാവാന്‍ വഴിയില്ല.എന്റെ മനസ്സ് അസ്വസ്ഥമാവുകയാണ്.അതൊരിക്കലും അവളുടെ കുട്ടിയല്ല എന്ന് ഞാന്‍ എന്റെ മനസ്സിനെ അടക്കാന്‍ ശ്രമിച്ചു.ഏതോ ഒരു തെരുവ് പെണ്ണിന്റെ കൈയ്യിലിരിക്കുന്നകൊച്ചിനെചൊല്ലി എന്റെ മനസ്സ് എന്തിന് അസ്വസ്ഥമാവണം.??അടക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം മനസ്സ് കൂടുതല്‍ അസ്വസ്ഥമാവുന്നു....അവളെന്റെ മുന്നിലെക്ക് വന്ന് കൈനീട്ടി...പോക്കറ്റില്‍ ചില്ലറയ്ക്കായി പരതി,കിട്ടിയ നാണയത്തുട്ട് അവളുടെ കൈവെള്ളയിലേക്ക് ഇട്ടുകൊടുത്തപ്പോള്‍ അറിയാതെ അവളുടെ കൈവെള്ളയില്‍ എന്റെ വിരല്‍ സ്പര്‍ശിച്ചോ?അവള്‍ എനിക്ക് നേരെ സമ്മാനിച്ച ചിരിക്ക് പകരമായി ഒരുപുഞ്ചിരി നല്‍കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.അവളുടെ കൈയ്യിലിരുന്ന കുഞ്ഞ് കരഞ്ഞുതുടങ്ങിയപ്പോള്‍ അവള്‍ പാട്ടുനിര്‍ത്തി അതിനെ തന്റെമാറിലേക്ക് ചേര്‍ത്തു.അവളും കുഞ്ഞും ഒഴിവുള്ള സീറ്റിലേക്ക് ഇരുന്നു.കുഞ്ഞ് ഉറങ്ങിയന്ന് തോന്നുന്നു. അടുത്ത സ്റ്റേഷനില്‍ അവള്‍ കുഞ്ഞിനേയുംകൊണ്ട് ഇറങ്ങുന്നത് ഞാന്‍ കണ്ടു.ഞാനോടി വാതിക്കല്‍ എത്തിയപ്പോഴേക്കും ട്രയിന്‍ ചലിച്ചുതുടങ്ങി.

വീണ്ടും ഞാനവളെ കാണുന്നത് ഒരു തിങ്കളാഴ്ച വേണാടില്‍ വച്ചാണ്.ആഴ്ചയുടെ തുടക്കം ആയതുകൊണ്ട് നല്ല തിരക്കാണ് ട്രയിനില്‍.ഞാന്‍പതിവുപോലെ ബോഗികളുടെ ഇടനാഴിയില്‍ ചെന്നു നിന്നു.അവിടെ ഏതോ കോളേജില്‍ പഠിക്കുന്ന നാലഞ്ചുപിള്ളാരു നില്‍പ്പുണ്ട്.അവര്‍തങ്ങളുടെ മൊബൈല്‍ ഫോണിനെക്കുറിച്ചും ക്യാമറയെക്കുറിച്ചും പാട്ടിനെക്കുറിച്ചും ഒക്കെ എന്തക്കയോ പറയുന്നുണ്ട്.അതിലൊരുവന്‍ ഫോണില്‍പാട്ട് ഉറക്കെവച്ച് കേട്ട് രസിക്കുകയാണ്.അടുത്ത കമ്പാര്‍ട്ടുമെന്റില്‍ നിന്ന് അവളുടെ പാട്ടും കരിങ്കല്ലിലുള്ള താളം‌പിടിക്കലും എനിക്ക് അവ്യക്തമായികേള്‍ക്കാം.ഫോണില്‍ പാട്ടുവച്ചിരി ക്കുന്നവനോട് അതിന്റെ ശബ്ദ്ദം അല്പം കുറയ്ക്കാന്‍ ഞാന്‍ പറഞ്ഞത് അവനിഷ്ടപ്പെട്ടില്ലന്ന് അവന്റെ മുഖഭാവത്തില്‍നിന്ന് മനസ്സിലായി.എന്തോ അവനതിന്റെ ശബ്ദ്ദം കുറച്ചു. എനിക്കിപ്പോള്‍ അവളുടെ പാട്ട് കേള്‍ക്കാം.പക്ഷേ തിരക്കിനിടയില്‍ അവളെ കണ്ടെ ത്താന്‍കഴിഞ്ഞില്ല.തിരക്കിനിടയില്‍ എവിടെനിന്നോ അവള്‍ പാടുന്നുണ്ട്.ട്രയിന്‍ അടുത്ത സ്റ്റേഷന്‍ വിട്ടപ്പോള്‍ അവള്‍ ഞാന്‍ നിന്ന ഇടനാഴിയില്‍ എത്തി.പച്ചപ്പാവാടയുംജാക്കറ്റും ആയിരുന്നു അവളുടെ വേഷം.പാട്ടിനും കൈയ്യില്‍ കല്ലുകൊണ്ട് പിടിക്കുന്ന താളത്തിനും അനുസരിച്ച് ഉയര്‍ന്നുപൊങ്ങുന്നഅവളുടെ മാറിടത്തിലേക്ക് എന്റെ അടുത്തുനില്‍ക്കുന്നവന്‍ ഫോണിലെ ക്യാമറഫോക്കസ് ചെയ്യുന്നത് ഞാന്‍ കണ്ടു.അവനവളുടെ ചലനഭംഗി മൊബൈലിലേക്ക് പകര്‍ത്തുകയാണ്.എന്റെ കൈകള്‍ അവന്റെ കരണത്തേക്ക് വീണത് പെട്ടന്നായിരുന്നു.അവന്റെ കൈയ്യില്‍ നിന്ന് ഫോണ്‍താഴേക്ക് വീണു.“ഞാനവളുടെ ഫോട്ടൊ എടുത്തത് ചോദിക്കാന്‍ താനാരാ...അവളുതന്റെ ആരാ? ഭാര്യയൊന്നും അല്ലല്ലോ?”അവന്റെ ചോദ്യത്തിന്മറുപിടിനല്‍കാനാവാതെ ഞാന്‍ നിന്നു.“അവളുതന്റെ ആരാ..”“അവന്റെ ചോദ്യം വീണ്ടും വീണ്ടും എന്റെ ഉള്ളില്‍ മുഴങ്ങി.അവളു തന്റെ ആരാണ്.അവളു തനിക്ക് ആരക്കയോ ആണ്...ഒരു പക്ഷേ അവള്‍ കഴിഞ്ഞ ജന്മത്തില്‍ എന്റെ അമ്മായായിരിക്കാം,അനുജത്തി ആയിരിക്കാം,ഭാര്യയായിരിക്കാം,മകളായിരിക്കാം... പക്ഷേ ഈ ജ്ന്മത്തില്‍ അവള്‍ തനിക്കാരാണ് ?എന്തൊ ഒരു ആത്മബന്ധം അവളോട് തനിക്ക് തോന്നുന്നു.അവള്‍ തന്റെആരാണ് ?

കുറച്ചു ദിവസങ്ങളായി അവളെ ട്രയിനില്‍ കാണാറെയില്ല.ഒരു ദിവസം ട്രയിനിറങ്ങി നടക്കുമ്പോള്‍ സ്ഥിരമായി കഴിക്കാന്‍ കയറുന്ന ഹോട്ടലിനുമുന്നില്‍ ഒരാള്‍ക്കൂട്ടം.ഒരു കള്ളിയെ പിടിച്ചുവച്ചിരിക്കുകയാണന്ന് ആരോ പറഞ്ഞു.ഞാന്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ മുന്‍ നിരയിലെത്തി.ആള്‍ക്കൂട്ടത്തിനിടയില്‍ തലകുമ്പിട്ട് അവള്‍ ഇരിക്കുന്നു.അവളുടെ കൈയ്യില്‍ അന്ന് ഞാന്‍ കണ്ട ചെറിയകുട്ടിയും ഉണ്ടായിരുന്നു.ഹോട്ടലില്‍നിന്ന് മൂന്ന് ഇഢലി അവള്‍ എടുത്തതൈനാണ് അവളെ പിടിച്ചുവച്ചിരിക്കുന്നത്.അവള്‍ ദയനീയമായി ആളുകളെ നോക്കി.അവളുടെ നോട്ടംഎന്നിലേക്കായി.ഞാനവളെ കണ്ടന്ന് മനസ്സിലായ പ്പോള്‍ അവളുടെ കണ്ണ് നിറഞ്ഞുതുളുമ്പി.അവള്‍ ഹോട്ടലില്‍ നിന്ന് എടുത്തന്ന് പറഞ്ഞ ഇഢലിയുടെഇരട്ടിവില നല്‍കിയപ്പോള്‍ ഹോട്ടലുടമ അവളെ വിടാന്‍ തയ്യാറായി.ആളുകള്‍ പിരിഞ്ഞുപോയി.”എന്തിനാ മോഷ്ടിച്ചത് ?”ആളുകള്‍ എല്ലാം പോയപ്പോള്‍ഞാനവളോട് ചോദിച്ചു.“വിശന്നിട്ടാ... ശരീരംവയ്യാഞ്ഞതുകൊണ്ട് രണ്ടുദിവസമായി പാടാന്‍ പോകാത്തതു കൊണ്ട് പട്ടിണിയിലായിരുന്നു...ഇവള്‍വിശന്ന് കരഞ്ഞപ്പോള്‍ ഇവള്‍ക്കുവേണ്ടിമാത്രമാ ഞാനത് എടുത്തത്,,,”അവളുടെ കൈയ്യിലിരുന്ന കുഞ്ഞ് അപ്പോഴും കരയുകയായിരുന്നു. ”ഇതു തന്റെമകളാണോ..?”ഞാനവളോട് ചോദിച്ചു.”ഇപ്പോഴിവള്‍ എനിക്ക് മോളെപ്പോലയാ... ഒരു ദിവസം ഞാന്‍ ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ എന്റെ അരികില്‍കിടക്കുകയായിരുന്നു ഇവള്‍..അന്ന് തൊട്ട് ഇവള്‍ എന്റെ കൂടയാ...”അവള്‍ കുഞ്ഞിനേയും കൊണ്ട് നടന്നകന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ചായപ്പീടകയില്‍ നിന്ന് വിശപ്പടക്കാനായി പലഹാരം മോഷ്ടിച്ചതിന് തലമൊട്ടയടിച്ച് പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയതും ദുര്‍ഗുണപരിഹാരപാഠ ശാലയിലെ ദിനങ്ങളുമെല്ലാം ഞാന്‍ ഓര്‍ത്തു.അന്നത്തെ പലഹാരമോഷ്ടാവ് വളര്‍ന്ന് ഇന്ന് ഞാനായി മാറിയെങ്കിലുംവിശപ്പിന്റെ വേദനയും വിളിയും ഒന്നും ഇന്നും മറന്നിട്ടില്ല.ഞാനും അവളും തമ്മിലുള്ള ബന്ധത്തിനുള്ള ഉത്തരം തേടിത്തേടി നടന്ന എനിക്കവസാ‍നം അതിനുള്ള ഉത്തരം ഇപ്പോള്‍ കിട്ടി.വിശപ്പിന്റെ ആത്മബന്ധമാണ് ഞങ്ങള്‍ തമ്മില്‍... അവളെനിക്ക് അനുജത്തിയോ കാമുകിയോ ഒന്നുമല്ല.പക്ഷേഞങ്ങള്‍ തമ്മില്‍ ഇപ്പോള്‍ മുതല്‍ കൂടുതല്‍ അടുക്കുകയാണ് ...വിശപ്പിന്റെ ആത്മബന്ധം ഞങ്ങളെ അടുപ്പിക്കുകയാണ്. ഏതോ ട്രയിനിന്റെഹോണ്‍ മുഴങ്ങി.അവളും ആ കുഞ്ഞും അതില്‍ കയറിയിട്ടുണ്ടാവും.... വിശപ്പടക്കാനായി കൈകള്‍ നീട്ടി കരിങ്കല്ല്ലില്‍ ജീവിതതാളവും പിടിച്ച്അവള്‍ പാട്ടുപാടിക്കൊണ്ട് അവള്‍ സഞ്ചരിക്കുകയാണ് ....ഇനി ഞാനിനി എന്നാണ് അവളെ കാണുക???

Sunday, August 31, 2008

ഏഴാം പ്രമാണം ലംഘിച്ചവര്‍ : കഥ

കഴിഞ്ഞ മുപ്പത്തിരണ്ട് കൊല്ലമായി വിഭാര്യനായി ജീവിച്ച മത്തായിമാപ്പിള ഇപ്പോള്‍ ഈ കൊടുംചതി ചെയ്യും എന്ന് മക്കളോ നാട്ടുകാരോ കരുതിയില്ല. ഇങ്ങേര്‍ക്കിത് എന്തോന്നിന്റെ സൂക്കേടാ എന്ന് നാട്ടുകാര്‍ പരസ്പരം പറഞ്ഞു. ഈ അറുപതാം വയസ്സില്‍ അങ്ങേരുടെ ഒരു പൂതി. പണ്ടേഅങ്ങേര് അങ്ങനാ.. ആ അന്നമ്മച്ചിയെ അയാള് ചവിട്ടിക്കൊന്നതാണന്നാ തോന്നുന്നത് ... മത്തായി പണ്ടേ അല്പം വഴിവിട്ടവനാ ഇങ്ങനെപലതും പലരും മത്തായി മാപ്പിളയെക്കുറിച്ച് പറഞ്ഞു. നാട്ടുകാരും പള്ളിക്കാരും ഒന്നിച്ചുകൂടി. കര്‍ത്താവിന്റെ സഭയുടെ ആചാരങ്ങളും, കര്‍ത്താവിന്റെ പ്രമാണങ്ങളും സമൂഹത്തിന്റെ സദാചാരത്തേയും വെല്ലുവിളി ച്ച് അമ്പതുകാരി മറിയാമ്മ എന്ന വിധവയോടൊപ്പം ഒരു വീട്ടില്‍ കഴിയാന്‍ തീരുമാനിച്ച മത്തായിമാപ്പിളയെ പള്ളിയില്‍ നിന്നും സഭയില്‍ നിന്നും പുറത്താക്കാന്‍ പള്ളിക്കമ്മറ്റി തീരുമാനമെടുത്ത് പിരിഞ്ഞു. അന്യമതക്കാരന്റെകൂടെ ഇറങ്ങിപ്പോയതിന് പണ്ടേ മറിയാമ്മയുടെ പേര് വീട്ടുകാരും പള്ളിക്കാരും വെട്ടിക്കളഞ്ഞിരുന്നതായിരുന്നതുകൊണ്ട് മറിയാമ്മയെ ഓര്‍ത്ത് ആര്‍ക്കും സങ്കടം ഇല്ലായിരുന്നു. സഭയുടെ പ്രമാണത്തെ വെല്ലുവിളിച്ച മത്തായി എന്ന സാത്തന്റെ സന്തതിയെ അവന് ലഭിക്കാവുന്ന സ്വര്‍ഗ്ഗരാജ്യത്തില്‍ നിന്ന് പുറത്താക്കിയ സന്തോഷത്തില്‍ വല്യച്ചനും കൊച്ചച്ചന്മാരും രണ്ടെണ്ണം അടിച്ച് കുരിശും വരച്ച കിടന്നു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടയില്‍ മറിയാമ്മ എന്ന സ്ത്രി വല്യച്ചന്റെ മനസ്സില്‍ ചൂലുംകെട്ടുമായി നിന്നു.നെ റ്റിയിലെ മൂന്നുകുത്തിക്കെട്ടുള്ള മുറിവിന്റെ കെട്ടില്‍ വല്യച്ചന്‍ തടവി. കൊടൂവാളിന്റെ വീശലിൽ നെറ്റിയിൽ നിന്ന് തെറിച്ച രക്തതുള്ളികൾ വല്യച്ചന്റെ മനസിൽ പകയുടെ കനലുകൾ എരിച്ചു...


മത്തായിമാപ്പിള ദേഹം കഴുകി വന്നപ്പോള്‍ മറിയാമ്മചേടത്തി കഞ്ഞിയും ചമ്മന്തിയും വിളമ്പി. അടുക്കളയില്‍ ഇരുന്ന് കഞ്ഞികുടിക്കുമ്പോള്‍ മത്തായിമാപ്പിള ഒന്നും മിണ്ടിയില്ല. അയാള്‍ കഴിക്കുന്നതും നോക്കി മറിയാമ്മച്ചേടത്തി ഇരുന്നു.
“നീ കഴിച്ചോടീ...”എന്ന് മത്തായിമാപ്പിള ചോദിക്കുംഎന്ന് കരുതിയെങ്കിലും അതുണ്ടായില്ല. അയാള്‍ കഴിച്ച് എഴുന്നേറ്റ് കിണറ്റുകരയിലേക്കിറങ്ങി കൈകഴുകി തിരിച്ചു വന്നപ്പോള്‍ താന്‍ കഞ്ഞികുടിച്ച പ്ലേറ്റിലേക്ക് മറിയാമ്മചേടത്തി കഞ്ഞിയൂറ്റി കഴിക്കുകയായിരുന്നു. അവള്‍ പച്ചക്കഞ്ഞിയാണ് കുടിക്കുന്നതെന്ന് മനസ്സിലാക്കിയ അയാള്‍ അടുപ്പിലെ കനലുകള്‍ ഊതിത്തെളിയിച്ചു. അരിച്ചാക്കില്‍ വച്ചിരുന്ന പപ്പടം എടുത്ത് കനലിലേക്ക് ഇട്ട് ചുട്ടെടുത്തു. മറിയാമ്മ ചേടത്തി കഞ്ഞികുടിക്കുന്നകുഴിയന്‍ പ്ലേറ്റിലേക്ക് അയാള്‍ ചുട്ടപപ്പടം ഇട്ടുകൊടുത്തു. “നാളെ നമുക്ക് ചന്തയില്‍ പോയി എന്താണന്ന് വച്ചാല്‍ വാങ്ങാം” എന്ന് പറഞ്ഞ് അയാള്‍ ഉമ്മറ ത്തേക്ക് പോയി. പാത്രങ്ങള്‍ കഴുകി കമഴ്ത്തി വച്ച് മറിയാമ്മചേടത്തിയും ഉമ്മറത്തേക്ക് ചെന്നു.

ഉമ്മറത്തെ ബഞ്ചിലിരുന്ന് ബീഡിപ്പുക ഊതിവിടുന്ന അയാളെ നോക്കി ചേടത്തി ഉമ്മറപ്പടയില്‍ ഇരുന്നു. ഉമ്മറത്തെ അരഭിത്തിയിലിരുന്ന് കത്തുന്ന ചിമ്മിനി വിളക്കിന്റെ വെളിച്ചത്തില്‍ അയാള്‍ ഊതിവിടുന്ന പുകവളയങ്ങള്‍ ഇല്ലാതാവുന്നത് നോക്കി വെറുതെ അവരങ്ങനെഇരുന്നു.പുറത്ത് അരണ്ട നിലാവ് പരന്നിട്ടും അയാള്‍ക്ക് എഴുന്നേല്‍ക്കാന്‍ ഭാവമില്ലന്ന് കണ്ട് ചേടത്തി എഴുന്നേറ്റു.
”കിടക്കുന്നില്ലേ?”ചേടത്തി ചോദിച്ചു.
“വിരിച്ച് നീകിടന്നോ... ഞാന്‍ കുറച്ച് കഴിഞ്ഞ് കിടന്നോളാം ...”.
മറിയാമ്മചേടത്തി കിടക്കവിരിച്ച് ഉറങ്ങാതെ അയാള്‍ വരുന്നതും കാത്ത് കിടന്നു.ഉമ്മറത്തെ വെളിച്ചം അകത്തേക്ക് വരുന്നതും ഉമ്മറവാതില്‍ കിരുകിര ശബ്ദ്ദത്തോട് അടയുന്നതും ചേടത്തി അറിഞ്ഞു. കട്ടിലിന്റെ ഒരറ്റത്തേക്ക് ചേടത്തി ഒതുങ്ങികിടന്നു.മറിയാമ്മയോടൊപ്പം കിടക്കണോ , അതോ പാവിരിച്ച് നിലത്ത്കിടക്കണോ എന്ന് മത്തായിമാപ്പിള ഒന്ന് ആലോചിച്ചു. തന്നെ വിശ്വസിച്ച് തന്റെ കൂടെ പൊറുക്കാന്‍ വന്ന അവളോടൊപ്പം ആണ് താനിനി അന്തിയുറങ്ങേണ്ടത് എന്ന ചിന്ത വന്നപ്പോള്‍ മത്തായിമാപ്പിള ചേടത്തിയോടൊപ്പം കട്ടിലില്‍ കിടന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഒരു പെണ്ണിന്റെ മണം തന്റെ മൂക്കിലൂടെ കടന്നുവരുന്നത് അയാള്‍ അറിഞ്ഞു. തന്റെ വിയര്‍പ്പിന്റെ മണം അവളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടന്ന് മത്തായിമാപ്പിളയ്ക്ക് തോന്നി. ഇഷ്ടപെട്ടവന്റെ കൂടെ ഒരാഴ്ചമാത്രം കഴിഞ്ഞവളാണ് തന്റെ കൂടെ കട്ടിലില്‍ കിടക്കുന്നത്. ഉയര്‍ന്നു താഴുന്നഅവളുടെ മാറിടത്തിന്റെ ചലനങ്ങള്‍ അരണ്ട വെളിച്ചത്തില്‍ അയാള്‍ കണ്ടു. മുനിഞ്ഞുകത്തുന്ന ചിമ്മിനി വിളക്കിന്റെ തിരി അയാള്‍ താഴ്ത്തി.

പിറ്റേന്ന് രണ്ടുപേരുംകൂടി ചന്തയില്‍‌പോയി അടുക്കളയിലേക്കുള്ള സാമാനങ്ങള്‍ എല്ലാം വാങ്ങി. ചന്തയില്‍ നിന്ന് വരുന്ന വഴി അവറാന്റെചായക്കടയില്‍ കയറി. മറിയാമ്മയുടെ മുഖത്തെ തെളിച്ചം കണ്ട് അവറാന്‍ അര്‍ത്ഥം വച്ച് മത്തായിമാപ്പിളയെ നോക്കി. ചായക്കടയിലുള്ള ഒട്ടുമിക്കപ്പേരും ആ നോട്ടം ഏറ്റെടുത്തു. അവിടെ ഇരിക്കുന്ന പലരും കഴിഞ്ഞ പത്തിരുപതുവര്‍ഷമായി മറിയാമ്മയുടെ ഒറ്റമുറിവീടിന്റെ വാതിക്കല്‍ ഇരുട്ടിന്റെ മറവില്‍ കൊട്ടി കാത്തുനിന്നിട്ടും കൈയ്യില്‍ കൊടുവാളുമായിട്ടല്ലാതെ അവളാവാതില്‍ തുറന്നിട്ടില്ലായിരുന്നു. വലിയവീട്ടിലെപെണ്ണ് വീട്ടിലെ പണിക്കാരന്റെ നിഷ്‌കളങ്കതയിലും സ്നേഹത്തിലും ഇഷ്ട്പ്പെട്ട് അവന്റെ കൂടെ ഇറങ്ങിപ്പോയപ്പോള്‍ കിരീടംവയ്ക്കാത്ത രാജാക്കന്മാരായി നാട്ടില്‍ വിലസിയ അവളുടെ അപ്പനും ആങ്ങളമാര്‍ക്കും അതു സഹിക്കാനാവാതെ ഒരാഴ്ചയ്ക്കുള്ളില്‍ അവനെ കൊന്ന് തള്ളിയതും അന്നുമുതല്‍ ഇന്നലെ വരേയും ഒറ്റയ്ക്ക് തന്റെ കെട്ടിയവന്റെ ഒറ്റമുറി വീട്ടില്‍ കഴിഞ്ഞ മറിയാമ്മ എങ്ങനെയാണ് ഇന്നലെ മുതല്‍ മത്തായിമാപ്പിളയുടെ കൂടെ പൊറുക്കാന്‍ തുടങ്ങിയതന്ന് എത്ര ആലോചിച്ചിട്ടും അവറാന് മനസ്സിലായില്ല. രാത്രിയില്‍ മറിയാമ്മയുടെ വീട്ട് പടിക്കല്‍ മുട്ടുന്നവരുടെ കൂട്ടില്‍ മത്തായിമാപ്പിളയുടെ പേര് ഇതുവരെ കേട്ടിട്ടില്ലായിരുന്നു. മുപ്പത്തിരണ്ട് കൊല്ലം മുമ്പ് ഭാര്യ മരിച്ച മത്തായിമാപ്പിള രണ്ട് പെണ്‍‌മക്കളേയും തരക്കേടില്ലാത്ത രീതിയില്‍ കെട്ടിച്ച് വിട്ടതാണ്. തന്റെ ഏകാന്തതയില്‍ ഒരു കൂട്ടുവേണമെന്ന് മത്തായി മാപ്പിളയ്ക്ക്തോന്നിയതില്‍ ഒരു കുറ്റവും പറയാനാവില്ല. തങ്ങള്‍ക്ക് കിട്ടാത്ത സൌഭാഗ്യം മത്തായിമാപ്പിളയുടെ കൂടെ പോകുന്നത് കണ്ട് പലര്‍ക്കും ഇച്ഛാഭംഗം ഉണ്ടായി.

അപ്പന് എത്രനാളെന്ന് വച്ച് മക്കളെ കാണാതിരിക്കാന്‍ പറ്റും. കൊച്ചുമക്കളെ മത്തായി മാപ്പിളയ്ക്ക് ജീവനായിരുന്നു. കെട്ടിച്ചുവിട്ട മക്കള്‍ എന്നുംതന്റെ കൂടെ വന്ന് നില്‍ക്കണമെന്ന് പറയാന്‍ ഒരപ്പന് പറ്റുമോ?അവര്‍ക്ക് അവരുടെ കെട്ടിയവന്റേയും പീള്ളാരുടേയും കുടുംബത്തിന്റേയും കാര്യങ്ങള്‍ നോക്കണ്ടായോ?താന്‍ മറിയാമ്മയെ വിളിച്ചുകൊണ്ടു വന്നതില്‍ പിള്ളാര്‍ക്ക് തന്നോട് വിരോധം ഉണ്ടാവും. പിള്ളാരുടെ വശം ചേര്‍ന്ന് ചിന്തിച്ചാല്‍ താന്‍ കാണിച്ചത് ഭോഷത്തരമാണ്. പക്ഷേ മറിയാമ്മയെ തനിക്ക് ഉപേക്ഷിച്ച് പോരാന്‍ പറ്റില്ലായിരുന്നു. ഏതായാലുംപിള്ളാരെപോയി ഒന്നു കാണണം. അന്ന് രാത്രിയില്‍ കിടക്കുമ്പോള്‍ മത്തായിമാപ്പിള ചേടത്തിയോട് പിറ്റേന്ന് രാവിലെ രണ്ടുപേര്‍ക്കുംകൂടി പിള്ളാരുടെ വീടുകളില്‍ പോകണമെന്ന് പറഞ്ഞു. “അതുവേണോ?പിള്ളാരുടെ വീട്ടുകാര്‍ക്ക് എന്തോ തോന്നും?”ചേടത്തി സംശയംപറഞ്ഞു. നീ എന്റെ കൂടെ പോന്നാല്‍ മതിയന്ന് പറഞ്ഞ് അയാള്‍ കിടക്കയിലെ സംഭാഷണം അവസാനിപ്പിച്ചു.

മക്കളുമായിട്ടുള്ള പിണക്കമെല്ലാം അവസാനിച്ചതില്‍ മത്തായിമാപ്പിളക്ക് സന്തോഷമായിരുന്നു. പതിവുപോലെ മത്തായിമാപ്പിള പറമ്പിലേക്ക് പോയിത്തുടങ്ങി. രാവിലെ പറമ്പിലേക്ക് പോകുന്ന മത്തായി മാപ്പിളയ്ക്ക് പത്തുമണിക്കുള്ള പഴങ്കഞ്ഞിയും, ഉച്ചയ്ക്കത്തെ പോല്‌ത്തയുമായി മറിയാമ്മചേടത്തി പറമ്പില്‍ എന്നും സമയത്ത് എത്തും. തണലിത്തിരുന്ന് അവര്‍ രണ്ടുപേരും കൂടി ആഹാരം കഴിക്കും. വെയിലാറിത്തുടങ്ങുമ്പോള്‍രണ്ടുപേരും കൂടി വീട്ടിലേക്ക് പോരും. കഴിഞ്ഞ പത്തുമുപ്പത്തഞ്ചുകൊല്ലം മത്തായിമാപ്പിളയുടെ ദിനചര്യയുടെ ഭാഗമായിരുന്ന അന്തിക്കുള്ള കള്ള് മാപ്പിള ഇപ്പോള്‍ ഒഴിവാക്കി. എവിടെ പോയാലും സന്ധ്യയ്ക്ക്‍ വിളക്ക് വയ്ക്കാന്‍ സമയം ആകുമ്പോള്‍ മത്തായിമാപ്പിള വീട്ടിലെത്തിതുടങ്ങി. ഇത്രയും കാലം മത്തായിമാപ്പിളയില്‍ നിന്ന് ഓസിന് വീശിയവരുടെ കാര്യം കഷ്ടത്തിലായി. അവറാന്റെ ചായക്കടയില്‍ നിന്ന് ചില്ലലമാരയില്‍ ഇരുന്ന എണ്ണപ്പലഹാരങ്ങള്‍ വാങ്ങുമ്പോള്‍ എന്താ മാപ്പിളേ വിശേഷം എന്ന് ചോദിച്ചത് മത്തായിമാപ്പിള കേട്ടില്ലന്ന് നടിച്ചു. കുന്നിന്‍ പുറത്തെ തന്റെ വീട്ടിലേക്ക് അയാള്‍ വേഗത്തില്‍ നടന്നു. നടക്കുമ്പോള്‍ പാടവരമ്പത്തെ മറിയയുടെ വീട് അയാള്‍ നോക്കി. നാളെ അവളെക്കൊണ്ട് വന്ന് മുറ്റമൊക്കെ അടിച്ചുവാരിക്കണം. ഇരുട്ട് പരന്ന് തുടങ്ങിയിരിക്കുന്നു. സന്ധ്യാവിളക്ക് കത്തിച്ചിട്ടില്ല. അയാള്‍ മുറ്റത്തേക്ക് കയറി. ഉമ്മറപ്പടിയില്‍ കള്ളിമുണ്ട് കൈലിമുട്ടറ്റം പൊക്കി വലുതുകാലിന്റെ തുടയില്‍ വച്ച് വിളക്കത്തിരി തെറുക്കുന്ന മറിയയെ കണ്ട് അയാള്‍ ഒരു നിമിഷം നിന്നു. അയാളെ കണ്ട് ചേടത്തിഎഴുന്നേറ്റു. തെറുത്ത വിളക്കത്തിരി എണ്ണയില്‍ ഇട്ട് അറ്റം ഞെക്കി മറിയചേടത്തി വിളക്ക് കത്തിച്ചു. വിളക്കിന്റെ വെളിച്ചം വീട്ടില്‍ പരന്നു. അടുക്കളയില്‍ പാത്രങ്ങള്‍ കിലുങ്ങി തുടങ്ങിയപ്പോള്‍ അയാളും അടുക്കളയിലേക്ക് കയറി. അരി തിളച്ച് അടപ്പ് വീണതും കഞ്ഞിവെള്ളം അടുപ്പിലേക്ക് ഒഴുകിതീ കെടുന്നതെല്ല്ലാം കണ്ടിട്ടും മറിയാമ്മചേടത്തി ഇളക്കികൊണ്ടിരുന്ന ചീനിപാത്രത്തിന്റെ മുന്നില്‍ നിന്ന് എഴുന്നേറ്റില്ല. കിണറ്റുകരയില്‍ നിന്ന്കയറിവന്ന മത്തായിമാപ്പിള അടുപ്പിലെ വിറക് ഇളക്കി കനലുകള്‍ ഊതിക്കത്തിച്ചു. കൊരണ്ടിയില്‍ ഇരുന്ന് തുടുപ്പുകൊണ്ട് ചീനി ഇളക്കുന്നഅവളുടെ ശരീരചലനങ്ങളില്‍ കണ്ണ് ഉടക്കി നില്‍ക്കാതിരിക്കാന്‍ അയാള്‍ അടുക്കളയില്‍ നിന്ന് ഇറങ്ങി.

വര്‍ഷങ്ങള്‍ കഴിഞ്ഞു. കാലം തെറ്റിവരുന്ന മഴയും തണുപ്പും ഉഗ്രചൂടും മത്തായിമാപ്പിളയിലും മറിയചേടത്തിയിലും മാറ്റങ്ങള്‍ വരുത്തി. വടികുത്തിയും കൂനിപ്പിടിച്ചും ഒക്കെ അവര്‍ കഴിഞ്ഞുകൂടി. കാലം തെറ്റിവന്ന ഒരു കാലവര്‍ഷരാത്രിയില്‍ മറിയചേടത്തി മരിച്ചു. ദൈവത്തേയും പള്ളിയേയും ധിക്കരിച്ചവരായതുകൊണ്ട് മറിയച്ചേടത്തിക്ക് പള്ളിയില്‍ സ്ഥലം ഇല്ലായിരുന്നു. കര്‍ത്താവിന്റെ ഏഴാം പ്രമാണം ലംഘിച്ച് വ്യഭിചാരംചെയ്തവള്‍ക്ക് എങ്ങനെയാണ് പള്ളിപ്പറമ്പില്‍ അല്പം സ്ഥലം കൊടുക്കുന്നത്? തന്റെ പറമ്പില്‍ എടുത്ത കുഴിയില്‍ അവളെ ഇറക്കിവയ്ക്കുമ്പോള്‍ അയാള്‍ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു. അയാള്‍ കരയുന്നത് ആളുകള്‍ ആദ്യമായിട്ട് കാണുകയായിരുന്നു. ഇരുട്ടിന് കനംവച്ച് തുടങ്ങിയപ്പോള്‍ ഓരോരുത്തരായി പിരിഞ്ഞു.അവസാനം അയാള്‍ മാത്രമായി. അവളെ അടക്കിയ മണ്ണിന്റെ മുന്നില്‍ഇരുന്ന് അയാള്‍ കരഞ്ഞു. ഇരുട്ടിന് കനംവച്ച് തുടങ്ങിയപ്പോള്‍ അയാള്‍ എഴുന്നേറ്റ് കുന്നിറങ്ങി. കുന്നില്‍ ചരുവിലെ പള്ളിയിലെ കുരിശിലെ നിയോണ്‍ വിളക്ക് തെളിഞ്ഞുകിടക്കുകയായിരുന്നു. അയാള്‍ വേച്ച്‌വേച്ച് പള്ളിക്കകത്തേക്ക് കയറി. കുമ്പസാരക്കൂടിനുമുന്നില്‍ അയാള്‍ഇരുന്നു. പള്ളി അടയ്ക്കാന്‍ വന്ന കൊച്ചച്ചന്‍ അയാളെ കണ്ടു. 

”എനിക്കൊന്നു കുമ്പസാരിക്കണം അച്ചോ?”
മത്തായി മാപ്പിളയുടെഅപേക്ഷയുടെ സ്വരം കൊച്ചച്ചന് നിഷേധിക്കാന്‍ ആവുമില്ലായിരുന്നു. കുമ്പസാരക്കൂട്ടിലെ അഴിയിലേക്ക് ചുണ്ടുകള്‍ ചേര്‍ത്ത്അയാള്‍ മന്ത്രിച്ചു തുടങ്ങി.
v>
“അച്ചോ അവളുപാവമായിരുന്നു,അവളൊരു പ്രമാണവും ലംഘിച്ചിട്ടില്ല, ഇഷ്ടപെട്ട ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയി എന്ന ഒരൊറ്റ തെറ്റു മാത്രമേ അവളു ചെയ്തിട്ടുള്ളു. അവളോടു നാട്ടുകാര് എന്തൊക്കയാ ചെയ്തതാ, എന്റെ കൂടെ വന്ന് പൊറുതി തുടങ്ങുന്നതുവരെ ഒരൊറ്റരാത്രിയിലും അവളൊറങ്ങിയിട്ടില്ലായിരുന്നു... കര്‍ത്താവിന്റെ പ്രമാണങ്ങളെ കെട്ടിപ്പിടിച്ചുകിടക്കുന്നവര്‍ വരെ അവളെകെട്ടിപ്പിടിച്ച് കിടക്കാന്‍ രാത്രിയില്‍ അവളുടെ വാതിക്കല്‍മുട്ടിയച്ചോ.... അച്ചനറിയോ, ഒരുകൂരയ്ക്ക് കീഴില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരേകിടക്കയില്‍ കിടന്നുറങ്ങിയിട്ടും ഞാനവളെ കാമത്തോടെനോക്കുകയോ തൊടുകയോ ചെയ്തിട്ടില്ല. അവളെന്നേയും തൊട്ടിട്ടില്ല....ഞങ്ങള്‍ക്ക് അങ്ങനെ ഒരു വിചാരവും തോന്നിയിട്ടില്ല... അച്ചനറിയോ, രാത്രിയില്‍ വാതുക്കല്‍ മുട്ടുന്നവരുടെ മുന്നില്‍ വെട്ടുകത്തിയുമായി വാതില്‍ തുറന്ന അവള്‍ എല്ലാവരോടും എന്തുവാ പറഞ്ഞതന്ന് അറിയാമോ? പകല്‍‌വെളിച്ചത്തില്‍ വന്ന് വിളിച്ചാല്‍ വിളിക്കുന്നവന്റെ കൂടെ ചെല്ലാമന്ന്.. ഒരൊറ്റ പട്ടിയും പകല്‍‌വെട്ടത്തില്‍ അവളുടെ വീട്ടിലോട്ട്ചെന്നിട്ടില്ല.....” മത്തായിമാപ്പിളയുടെ കിതച്ചിലില്‍ അയാളുടെ ശബ്ദ്ദം പതറി.
“പിന്നെങ്ങനാ മത്തായിമാപ്പിളയുടെ കൂടെ മറിയചേടത്തി താമസിക്കാന്‍ തുടങ്ങിയത് ?” കൊച്ചച്ചന്‍ ചോദിച്ചു. 

മത്തായിമാപ്പിള ശ്വാസം ആഞ്ഞുവലിച്ചു....
“അച്ചോ,അതു ഞാന്‍ പറയത്തില്ല.. ഒരിക്കലും അത് ആരോടും പറയത്തില്ലന്ന് ഞങ്ങള്‍ പരസ്പരം സത്യം ചെയ്തതാ... കൊച്ചച്ചനറിയാമോ,മരിച്ചുപോയനമ്മുടെ വല്യച്ചന്റെ നെറ്റിയിലെ പാട് എന്തായിരുന്നുവെന്ന്... മറിയാമ്മ വെട്ടുകത്തികൊണ്ട് വെട്ടിയതാ... എന്തിനാണന്നോ? ഇരുട്ടിന്റെ മറവിൽ അവളോടൊത്ത് കിടക്കണമെന്ന് വല്യച്ചന് ആശ . കുപ്പായം ഊരിയിട്ട് നാലാൾ കാൺകെ ചെന്ന് വിളിച്ചാൽ ജീവിതാവസാനം വരെ കൂടെ കിടക്കാൻ സമ്മതമാണന്ന് അവൾ പറഞ്ഞു. അച്ചന് അത് പറ്റത്തില്ലന്ന് . ഇരുട്ട് വീണ് തുടങ്ങുമ്പോൾ ആരും കാണാതെ മാത്രം അയാൾക്ക് അവൾക്ക് വേണമെന്ന്. ജീവൻപോയാലും സമ്മതിക്കില്ലന്ന് അവൾ പറഞ്ഞു. ഒരു ദിവസം അച്ചൻ അവളെ കീഴടക്കാൻ കയറിപ്പിടിച്ചു. കൈയ്യെത്തി പിടിച്ച കൊടൂവാൾ എടുത്ത് അവൾ വീശി.... എന്നിട്ടെന്താ,വല്യച്ചന് പള്ളിമുറ്റത്ത് ശവക്കല്ലറ പണിതുകൊടുത്തു നിങ്ങള്‍, കെട്ടിയവനെ അല്ലാതെ വേറെ ഒരുത്തനേയും തൊടാത്ത എന്റെ മറിയാമ്മ വ്യഭിചാരണി.. തെമ്മാടിക്കുഴിപോലും അവൾക്ക് കൊടുത്തില്ല. അവളെ ഞാൻ എന്റെ കണ്ണെത്തും ദൂരത്തു തന്നെ ഞാൻ അവളെ അടക്കിയച്ചോ.അച്ചനറിയാമോ നാപ്പത്തഞ്ചുകൊല്ലം മുമ്പ് മരിച്ചുപോയ എന്റെ കെട്ടിയവള്‍ അന്നാമ്മയെ മാത്രമേ ഞാന്‍ .....” ഇടയ്ക്ക് പറഞ്ഞ് നിര്‍ത്തി അയാൾ കുമ്പസാരക്കൂട്ടിൽ നിന്ന് എഴുന്നേറ്റു. പാപപരിഹാര പ്രാര്‍ത്ഥനകള്‍ക്ക് ഒന്നും നില്‍ക്കാതെ മത്തായിമാപ്പിള  പള്ളിവിട്ട് കുന്നിന്‍ പുറത്തെ തന്റെ വീട്ടിലേക്ക് പോയി.

അയാള്‍ വീടിനകത്തേക്ക് കയറി. അവള്‍ വന്ന് കയറിയതില്‍ പിന്നെ ഒരിക്കല്‍ പോലും അവളില്ലാത്ത ഒരു രാത്രിയും ഈ വീട്ടില്‍ ഉണ്ടായിട്ടില്ല. അയാള്‍ കട്ടിലില്‍ കയറിക്കിടന്നു. കട്ടിലില്‍ തന്റെ ഇടതുവശം ശൂന്യമാണ് എന്നത് അയാളെ വേദനിപ്പിച്ചു. ഒരു കൊച്ചു കുഞ്ഞിനെപ്പോലെഅയാള്‍ പൊട്ടിക്കരഞ്ഞു. മുറിയില്‍ അവളുടെ മണം നിറയുന്നതായി അയാള്‍ക്ക് തോന്നി.അവള്‍ നടക്കുന്ന ശബ്ദ്ദം കേള്‍ക്കുന്നുണ്ടോ? ഉണ്ട് അവളുടെ മണം മുറിയില്‍ ഉണ്ട്... ആരോടിന്നില്ലാതെ അയാള്‍ പറഞ്ഞുതുടങ്ങി.
”മറിയേ,കൊച്ചച്ചന്‍ ചോദിച്ചിട്ടും ,ഞാന്‍ നിന്നെ വിളിച്ചുകൊണ്ടൂവന്നതിന്റെ തലേ രാത്രിയില്‍ എന്താണ് സംഭവിച്ചതന്ന് മൊത്തമായി ഞാന്‍ പറഞ്ഞില്ല. എനിക്കന്ന് പാടവരമ്പത്തൂടെ വരാന്‍ തോന്നിയില്ലായിരുന്നങ്കില്‍ നീ അന്നു തന്നെ മരിക്കുമായിരുന്നുവെന്ന് നീ പറഞ്ഞിട്ടില്ലേ... നീ വല്യച്ചന്റെ നേരെ വെട്ടുകത്തിവീശുന്നത് ഞാന്‍ കണ്ടതാ... പകല്‍‌വെളിച്ചത്തില്‍വന്ന് വിളിക്കുന്നവന്റെ കൂടെ മാത്രമേ ചെല്ലത്തുള്ളൂ എന്ന് നീ പറഞ്ഞത് ശരിയാ... അന്ന് രാത്രിയില്‍ ഞാന്‍ നിന്റെ വീടും നോക്കി കുന്നിന്‍ ചരുവില്‍ തന്നെയുണ്ടായിരുന്നു. ഞാന്‍ നിന്നെ വിളിച്ചുകൊണ്ട് വരുമ്പോള്‍ ഒന്നേ പറഞ്ഞുള്ളു, ആരേയും പേടിക്കാതെ നിനക്ക് കിടന്നുറങ്ങാം എന്ന് ...അന്ന് നടന്നത് നമ്മള്‍ക്ക് രണ്ട്‌പേര്‍ക്ക് മാത്രമേ അറിയൂ... നമ്മളിപ്പോള്‍ ഏഴാം പ്രമാണം ലംഘിച്ചവരാണ് ...”

മുറിയില്‍ അവളുടെ മണം കൂടുതല്‍ കൂടുതല്‍ വ്യാപിക്കുന്നതായി അയാള്‍ക്ക് തോന്നി.അവള്‍ക്ക് താനില്ലാതെ ഉറങ്ങാന്‍ പറ്റുമോ? തനിക്കും. അവള്‍ വീട്ടില്‍വന്ന് കയറിയതില്‍ പിന്നെ ആദ്യമായി അയാള്‍ കിടക്കയുടെ ഇടതുവശത്തേക്ക് കൈകള്‍ കൊണ്ടുപോയി. ഇടതുവശത്തേക്ക് തിരിഞ്ഞു കിടന്നു. ശൂന്യമായ ഇടതുവശത്തുനിന്ന് അവളുടെ മണം ഒഴുകിപരക്കുകയാണ്.അയാള്‍ ആ മണം കൂടുതല്‍ കൂടുതല്‍ അകത്തേക്ക് വലിച്ചു. അവളുടെ മണം തന്റെ ശരീരത്തില്‍ നിന്ന് ഒരിക്കലും നഷ്ടപെടരുത് .. അവളുടെ മണത്തില്‍ അയാള്‍ അലഞ്ഞുചേരുന്നു.......

Monday, August 11, 2008

www.വാവാമാളു.കോം (www.vavamalu.com) : നീണ്ടകഥ

(www.vavamalu.com ല്‍ ക്ലിക്ക് ചെയ്തു നോക്കേണ്ട...എല്ലാം സാങ്കല്പികമാണ് )
സിറ്റി ഹോസ്പിറ്റലിലെ നാനൂറ്റി പന്ത്രണ്ടാം നമ്പര്‍ മുറിയിലെ ജനാലയില്‍ കൂടി വെളിയിലേക്ക് നോക്കിപാര്‍വതി നിന്നു.നഗരത്തിന്റെ തിരക്ക് അവളുടെ കണ്ണില്‍ പ്രതിഫലിച്ചില്ല.നാലുവര്‍ഷങ്ങള്‍ക്ക് മുമ്പ്അവള്‍ നഗരത്തിന്റെ തിരക്കില്‍ അലിഞ്ഞ് ചേരാന്‍ ആഗ്രഹിച്ചിരുന്നു. ആഗ്രഹമായിരുന്നില്ല. നഗരത്തിന്റെതിരക്കിന്റെ ഭാഗംതന്നെ ആയിരുന്നു അവള്‍.ഒരിക്കല്‍ മോഹിപ്പിച്ചിരുന്ന നഗരത്തിന്റെ തിരക്ക് അവളില്‍ഇപ്പോള്‍ വീര്‍പ്പുമുട്ടല്‍ ഉണ്ടാക്കുന്നു.നഗരത്തിലെ തിരക്കില്‍ നിന്ന് കണ്ണുകള്‍ പിന്‍‌വലിച്ച് അവള്‍ കസേരയില്‍വന്നിരുന്നു.ടേബിളിലെ വച്ചിരുന്ന ഫ്ലാസിക്കില്‍ നിന്ന് ചായ കപ്പിലേക്ക് ഒഴിച്ചു.മേശപ്പുറത്ത് നിന്ന് ‘ദി ഹിന്ദു’എടുത്ത് ഓടിച്ചുനോക്കി.എഡിറ്റോറിയില്‍ പേജിലെ ഫീച്ചറില്‍ അവളുടെ കണ്ണുകള്‍ തടഞ്ഞു.യൂനിസഫിന്റെഅവാര്‍ഡ് നേടിയ ഒരു വെബ്‌സൈറ്റി നെക്കുറിച്ചുള്ള ഒരു ഫീച്ചറായിരുന്നു അത് , http://www.vavamalu.com/ .വെബ്‌സൈറ്റിന്റെ ഹോംപേജിന്റെ ചിത്രവും അതില്‍ കൊടുത്തിരുന്നു.ഒരു പെണ്‍കുഞ്ഞിന്റെ പുഞ്ചിരിക്കുന്ന ചിത്രം.ആ കുഞ്ഞില്‍ അവളുടെകണ്ണ് ഉടക്കിനിന്നു.ഒരു പെണ്‍കുട്ടി ഗര്‍ഭിണി ആകുന്നതുമുതല്‍ കുഞ്ഞിന്റെ ഓരോ വളര്‍ച്ചാഘട്ടങ്ങളുംകുഞ്ഞുങ്ങളെ എങ്ങനെ വളര്‍ത്തണമെന്നുമുള്ള വിശദ വിവരങ്ങളായിരുന്നു ആ സൈറ്റ് .അവള്‍ ആ ഫീച്ചര്‍വായിക്കാന്‍ തുടങ്ങി. അറിയാതെ അവളുടെ കണ്ണ് നിറഞ്ഞു.ഫീച്ചറിന്റെ അവസാനഭാഗത്ത് വെബ്‌സൈറ്റ് ഉണ്ടാക്കിയ ആളെക്കുറിച്ചുള്ള വിവരണവും ഉണ്ടായിരുന്നു.

ഡോര്‍ബെല്‍ ശബ്ദ്ദിച്ചപ്പോള്‍ കണ്ണുകള്‍ തുടച്ച് അവള്‍ കതക് തുറന്നു.വാതിക്കല്‍ പ്രസന്നമായ ചിരിയോടെഡോക്ടര്‍ അനുപമ.പാര്‍വതിയുടെ കണ്ണുകളിലെ ചുവപ്പ് അനുപമ തിരിച്ചറിഞ്ഞു. “ഈശ്വരന്റെ നിശ്ചയങ്ങള്‍തടുക്കാന്‍ ആവില്ല പാര്‍വതീ നമുക്ക് “അനുപമയുടെ ആശ്വാസവചനങ്ങള്‍ അവളില്‍ കുറ്റബോധത്തിന്റെകൂരമ്പകളായി പതിച്ചു.ഈശ്വരനിശ്ചയം തട്ടിത്തെറിപ്പിച്ചതിന്റെ ശിക്ഷയാണോ താനിപ്പോള്‍ അനുഭവിക്കുന്നത്?ഒന്നും വേണ്ടായിരുന്നു.തന്റെ സ്വപ്നങ്ങള്‍ക്ക് വിലയായി നല്‍കേണ്ടിവന്നത് തന്റെ ജീവിതം തന്നെയല്ലേ?താനൊന്നും നേടിയില്ല.തന്റെ ജീവിതം ഇപ്പോള്‍ പൂജ്യമാണ്.വലിയ ഒരു പൂജ്യം.

പാര്‍വതി കട്ടിലില്‍ വന്ന് കിടന്നു.ശബ്ദ്ദത്തോടെ കറങ്ങുന്ന ഫാനിന്റെ കാറ്റില്‍ ജനാലയിലൂടെ താഴേക്ക്പറന്നുപോയിരുന്നെങ്കില്‍.... ഓരോ ശബ്ദ്ദവും തന്നെ ഭയപ്പെടുത്തുന്നു.അടുത്തമുറിയില്‍ നിന്ന് ഒരു കുഞ്ഞിന്റെകരച്ചില്‍ കേള്‍ക്കുന്നു.ആരോ പാട്ടുപാടി കുഞ്ഞിനെ ഉറക്കാന്‍ ശ്രമിക്കുന്നു. പക്ഷേ കുഞ്ഞ് കരച്ചില്‍ നിര്‍ത്തുന്നില്ല.കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍ പാര്‍വതി ചെവികള്‍ പൊത്തി.കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍ജനാലയില്‍ക്കൂടി പുറത്തേക്ക് ചാടിയാലോ എന്നുപോലും അവള്‍ ചിന്തിച്ചു.ഇല്ല തനിക്ക് ഈ കരച്ചിലില്‍ നിന്ന്രക്ഷപെടാന്‍ സാധിക്കുകയില്ല. ജീവിതാവസാനംവരേയും ഈ കരച്ചില്‍ തന്നെ വേട്ടയാടും.അവള്‍ തന്റെ അടിവയറിലേക്ക്കൈകള്‍ കൊണ്ടുവന്നു.ഒരിക്കല്‍ തന്റെ ഗര്‍ഭപാത്രത്തിലും ജീവന്റെ ഒരു തുടിപ്പ് ഉണ്ടായിരുന്നു. കൊടിലുകളുടെശബ്ദ്ദം..രാക്ഷസകൈകള്‍ പോലെ ജീവനെ ഞെരിഞ്ഞമര്‍ത്താന്‍ കൊടിലുകള്‍ ഗര്‍ഭപാത്രത്തിലേക്ക് .... വീണ്ടും കുഞ്ഞ് കരയുന്ന ശബ്ദ്ദം.അവളുടെ കണ്ണ് നിറഞ്ഞൊഴുകി.കണ്ണുകള്‍ അടച്ചു അവള്‍ കിടന്നു.രൂപമില്ലാത്ത ഒരുകുഞ്ഞിന്റെ നിലവിളി അവളുടെ കാതില്‍ മുഴങ്ങി.അവള്‍ കിടക്കയില്‍ നിന്ന് ചാടി എഴുന്നേറ്റു.

വീണ്ടും അവള്‍ പത്രം എടുത്തു.വെബ്‌സൈറ്റ് നിര്‍മ്മിച്ച ആളുടെ അഡ്രസ്സിലെ ഫോണ്‍ നമ്പരിലേക്ക് അവള്‍വിളിക്കാന്‍ ശ്രമിച്ചു.ഫോണ്‍ സ്വിച്ച് ഓഫ് ആണ് .എത്രയും പെട്ടന്ന് തനിക്കയാളെ ഒരിക്കല്‍ കൂടി കാണണം.ഒരിക്കല്‍ തനിക്കയാള്‍ എല്ലാമായിരുന്നു.കുറച്ചുനാളുകളേ ആയാളോടൊത്ത് കഴിഞ്ഞുള്ളു വെങ്കിലും ജീവിതാവസാനംവരെ ഓര്‍മ്മിക്കാനുള്ള നല്ല നിമിഷങ്ങള്‍ മാത്രം തന്നവന്‍ .പക്ഷേ ...വിധി !വിധി അല്ല ..എല്ല്ലാം തന്റെ സ്വാര്‍ത്ഥതആണ് .ലോകം വെട്ടിപ്പിടിക്കാനുള്ള വെമ്പലില്‍ തനിക്ക് നല്‍കേണ്ടിവന്നത് ജീവിതമാണ് .ഒരിക്കലും തിരിച്ചുകിട്ടാനാവാത്തവിധം തരിപ്പണമായ ജീവിതം.അവള്‍ വീണ്ടും അയാളുടെ നമ്പര്‍ ഡയല്‍ ചെയ്തു.ഫോണ്‍ബെല്ലടിക്കുന്നുണ്ട്.

“ഹലോ..”ഒരു കുഞ്ഞിന്റെ ശബ്ദ്ദം.അവള്‍ ഒന്നും പറയാതെ നിന്നു.

“ഹലോ..ആരാവിളിക്കുന്നത് ?... ഇത ഞാനാ വാവാമാളൂ...അച്ഛന്‍ കിച്ചനിലാ ......”.

”സോറി,റോംങ്ങ് നമ്പര്‍ “അവളങ്ങനെപറഞ്ഞുകൊണ്ട് കോള്‍ കട്ട് ചെയ്തു.

മാളു !!!

ഇതുതന്നെ ആയിരുന്നല്ലോ ജിനോ തങ്ങളുടെ കുഞ്ഞിന് ഇടണമെന്ന്തന്നോട് എപ്പോഴും പറയാറുള്ള പേര് .“എന്റെ പാറൂ ,മാളൂന്ന് വിളിക്കാന്‍ എന്താ രസം...മുടിഒക്കെ പിന്നിയിട്ട്നിന്നെപ്പോലെ ചിരിക്കുന്ന ഒരു കുഞ്ഞ്...അവളെ നമ്മുടെ നടുക്ക് കിടത്തി കെട്ടിപ്പിടിച്ചുറങ്ങാന്‍ എന്തായിരിക്കും രസം...” ജിനോയുടെ വാക്കുകള്‍ കാതില്‍ മുഴങ്ങുന്നു...മാളുവും ജിനോയും ഒക്കെ തന്നില്‍ നിന്ന് ഒരുപാട് അകലെആയിരിക്കുന്നു.ഒരിക്കലും വിളക്കിച്ചേര്‍ക്കാനാവാത്ത കണ്ണികള്‍ പോലെ താനും ജിനുവും അകന്നിരിക്കുന്നു.ഇനിവയ്യ...ജിനുവിനെ കാണാതിരിക്കാന്‍ വയ്യ.....എത്രയും പെട്ടന്ന് അവനെ കാണണം...വെറുതെ ഒന്നു കാണാന്‍വേണ്ടി മാത്രം....അവള്‍ പത്രത്തിലെ ഫീച്ചറില്‍ നിന്ന് അയാളുടെ അഡ്രസ്സ് കീറിയെടുത്തു.അവള്‍ വണ്ടിയുടെതാക്കോലും എടുത്ത് കൊണ്ട് വെളിയിലേക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ മുന്നില്‍ അനുപമ.

”നീ എങ്ങോട്ടാണ് പോകുന്നത് ?”അനുപമയുടെ ചോദ്യത്തിന് ഉടനെ വരാം എന്ന് അവള്‍ മറുപിടി പറഞ്ഞു.
”അധികം സ്‌ട്രയിന്‍എടുക്കേണ്ട..”എന്ന് അനുപമയുടെ ഓര്‍മ്മപ്പെടുത്തല്‍ കേട്ടില്ലന്ന് നടിച്ച് അവള്‍ ഇറങ്ങി.

നഗരത്തിലെ തിരക്കിലൂടെ അയാളുടെ അഡ്രസ്സ് തേടി വണ്ടി ഡ്രൈവ് ചെയ്യുമ്പോള്‍ അവളുടെ മനസ്സ് പുറകിലേക്ക് പാഞ്ഞു.

ജിയോ ഇന്‍ഫോടെക് ! കണ്ണാടികൂട്ടില്‍ എസിയുടെ തണുപ്പിലും തന്റെ മുന്നില്‍ ഇരുന്ന് വിയര്‍ക്കുന്ന അയാളെ പാര്‍വതി നോക്കി.

“ലുക്ക്,മിസ്റ്റ്‌ര്‍.ജിനോ,ഞാന്‍ നിങ്ങളുടെ പ്രൊജക്ട് ലീഡറാണ് .നിങ്ങള്‍ വരുത്തുന്ന ഓരോ ബഗ്ഗിനും ഞാനാണ്ഉത്തരം പറയേണ്ടത് ...നിങ്ങള്‍ക്ക് കുറച്ചുകൂടി ശ്രദ്ധിച്ചാല്‍ എന്താണ് ?കുറേ നാളായല്ലോ ഈ പരിപാടി തുടങ്ങിയിട്ട് ഇത്തരം ചെറിയ എറര്‍ പോലും ഇല്ലാതാക്കി ചെയ്യാന്‍ പറ്റുന്നില്ലങ്കില്‍.....”

അയാള്‍ ഒന്നും പറയാതെ തന്റെക്യാബിനില്‍ നിന്ന് എഴുന്നേറ്റ് പോയി അയാളുടെ ക്യാബിനിലേക്ക് പോയി ഇരിക്കുന്നത് അവള്‍ കണ്ടു.അയാള്‍പോയി കഴിഞ്ഞതിനു ശേഷമാണ് അത്രയ്ക്ക് ഒന്നും പറയേണ്ടിയിരുന്നില്ലന്ന് തോന്നിയത്.അയാള്‍ ഓണ്‍ലൈനില്‍ഉണ്ടോ ഒന്ന് അവള്‍ നോക്കി.ഇല്ല സൈന്‍ ഔട്ട് ചെയ്തിരിക്കുന്നു.അവള്‍ വേഗം മൊബൈല്‍ എടുത്ത് ഒരു മെസ്സേജ് ടൈപ്പ് ചെയ്തു അയാളുടെ സെല്ലിലേക്ക് അയച്ചു.”സോറി.ജിനോ..”.അയാള്‍ ക്യാബിനില്‍ നിന്ന് എഴുന്നേറ്റ് പോകുന്നത്അവള്‍ കണ്ടു.

ലഞ്ച് കഴിഞ്ഞിട്ടും ജിനോ തിരിച്ചെത്തിയില്ല.അവള്‍ ഡെയ്‌ലി ഷീറ്റ് എടുത്ത് നോക്കി.ജിനോ ഹാഫ് ഡേലീവ്എടുത്തിട്ടുണ്ട്.അവള്‍ അയാളുടെ സെല്ലിലേക്ക് വിളിച്ചുനോക്കി.റിംങ്ങ് ചെയ്യുന്നുണ്ടങ്കിലും എടുക്കുന്നില്ല.അവള്‍ തന്റെക്യാബിനില്‍ നിന്ന് എഴുന്നേറ്റ് ജിനോയുടെ ക്യാബിന്റെ അടുത്ത ക്യാബിലേക്ക് ചെന്നു.

“ജിനോ എന്തേ ലീവ് എടുത്തത് ?”അവള്‍ ചോദിച്ചു.

“മാഡം പറഞ്ഞത് അവന് ഫീല്‍ ചെയ്തിട്ടുണ്ട് ...ഇവിടെ ഇരുന്നാലും ഒന്നും ചെയ്യാന്‍ പറ്റത്തില്ലന്ന്പറഞ്ഞ് ലീവ് എടുത്തതാ...”

“റൂമിലേക്കാണോ പോയത് ?”

“റൂമിലോട്ടാവാന്‍ വഴിയില്ല.... മറൈന്‍ ഡ്രൈവില്‍ കാണും ...”

അവള്‍ തിരിച്ച് തന്റെ ക്യാബിനില്‍ വന്നിട്ട് പ്രൊജ്‌ക്ട് മാനേജരെ വിളിച്ച് താന്‍ ഹാഫ് ഡേ ലീവ് എടുക്കുകയാണന്ന് പറഞ്ഞു.സിസ്റ്റം ഡൌണ്‍ ചെയ്ത് അവള്‍ എഴുന്നേറ്റു.മറൈന്‍ ഡ്രൈവിലെ തിരക്കില്‍ നിന്നൊഴിഞ്ഞ് കായലിന്റെ കല്‍ക്കെട്ടില്‍ഇരുന്ന് നങ്കൂരമിട്ട്കിടക്കുന്ന കപ്പലിലേക്ക് നോക്കി ഇരിക്കുന്ന ജിനോയെ കണ്ടു.

കൂടുതല്‍ കൂടുതല്‍ പരിചയപ്പെടുമ്പോള്‍ തന്റെ മനസ്സിലേക്ക് ജിനോ കൂടുതല്‍ കൂടുതല്‍ അടുക്കുകയാ ണന്ന് പാര്‍വതിക്ക്മനസ്സിലായി.

”തനിക്ക് വട്ടാ പാര്‍വതീ...നിനക്കീ ലോകത്തെക്കുറിച്ച് ഒന്നും അറിയില്ല.. അതെങ്ങനാ.. ബിടെക്കിന്പഠിക്കുമ്പോള്‍ തന്നെ കമ്പിനിയില്‍ കയറിയതല്ലേ...നീ എന്നെങ്കിലും പത്തമ്പത് മനുഷ്യരെ ഒരുമിച്ച് കണ്ടിട്ടുണ്ടോ?വീട് വിട്ടാല്‍ കമ്പിനി..കമ്പിനി വിട്ടാല്‍ വീട്..ഇതല്ലേ നിന്റെ ലോകം..നീ ഞങ്ങളെ ഇട്ട് ചാടിക്കുന്നതുപോലെയല്ല ജീവിതം..”

ജിനോയുടെ കാഴ്ചപ്പാടിലൂടെ തന്റെ ലോകവും മാറുകയായിരുന്നു.

“എന്റെ പൊന്നേ ,ഡേറ്റാബേസ് ഡിസൈന്‍ ചെയ്ത്ഫ്ലോചാര്‍ട്ടും വരച്ച് കോഡ് എഴുതി എററും തിരുത്തി ഇപ്ലിമെന്റേഷന്‍ ചെയ്യുന്നതുപോലെയല്ല ജീവിതം...ജീവിതത്തില്‍എറര്‍ അടിച്ചു കഴിഞ്ഞാല്‍ അത് മാറ്റാന്‍ ഭയങ്കരപാടാ....”.

”പാറൂ ,നമ്മളുതമ്മില്‍ ഒരിക്കലും ചേരത്തില്ല...“മട്ടാഞ്ചേരിയിലെചീനവലകളും നോക്കി ഇരിക്കുമ്പോഴാണ് ജിനോ പറഞ്ഞത് .

”ജിനോയ്ക്ക് എന്നെ ഇഷ്ടമല്ലങ്കില്‍ അതുപറഞ്ഞാല്‍ മതി?”താന്‍ ദേഷ്യപ്പെട്ടു.

“ഇതു തന്നെയാണ് ഞാന്‍ പറഞ്ഞത് നമ്മളുതമ്മില്‍ ചേരത്തില്ലന്ന് ...എന്തുപറഞ്ഞാലും താന്‍ ദേഷ്യപ്പെടും..ഓലപ്പീപ്പി ഊതി നടക്കേണ്ട സമയത്ത് കമ്പ്യൂട്ടറില്‍ ഇരുന്ന് കളിച്ചതിന്റെ കുഴപ്പമാ....”.താന്‍ എഴുന്നേറ്റ് കല്ലുപാകിയ വഴിയിലൂടെകടല്‍ത്തീരത്തുകൂടെ നടന്നു.ജിനോ തന്റെ കൂടെ വരുമെന്ന് അറിയാമായിരുന്നു.

നാലഞ്ചുമാസങ്ങള്‍ക്ക് ശേഷം വിവാഹം.വീട്ടില്‍ അറിഞ്ഞപ്പോള്‍ വലിയ ബഹളം.ഡാഡിയും മമ്മിയും ഇങ്ങനെയൊരുമോളില്ലന്ന് വരെ പറഞ്ഞു.ജിനോയുടെ വീട്ടിലെ എതിര്‍പ്പ് ഒരാഴ്ചയേ ഉണ്ടായുള്ളു. കുറച്ചുനാളുകള്‍ക്ക് ശേഷം തന്റെ ഡാഡിയുംമമ്മിയും കാണാന്‍ എത്തി. ആറുമാസ ത്തോളം ഒരു പ്രശ്നവും ഇല്ലാതെ ജീവിതം മുന്നോട്ട് നീങ്ങി.ജിനോ പുതിയ കമ്പിനിയിലേക്ക്മാറി.താന്‍ പ്രെഗ്‌നന്റ് ആണന്ന് അറിഞ്ഞ ദിവസം ജനാലയില്‍ക്കൂടി വരുന്ന നിലാവെളിച്ചത്തില്‍ കിടക്കുമ്പോള്‍ ജിനോപറഞ്ഞു..

“ഇത് പെണ്‍കുട്ടി ആയിരിക്കും.നമുക്കിതിന് മാളൂന്ന് പേരിടണം. മാളൂന്ന് വിളിക്കാന്‍ എന്താ രസം...മുടിഒക്കെ പിന്നിയിട്ട്നിന്നെപ്പോലെ ചിരിക്കുന്ന ഒരു കുഞ്ഞ്...അവളെ നമ്മുടെ നടുക്ക് കിടത്തി കെട്ടിപ്പിടിച്ചുറങ്ങാന്‍ എന്തായിരിക്കും രസം...”ജിനോയുടെ വാക്കുകള്‍ തന്നെ സന്തോഷിപ്പിച്ചില്ല.

മൂന്ന് മാസങ്ങള്‍ക്ക് ശേഷം ജിനോ വരുമ്പോള്‍ താന്‍ ഫ്ലാറ്റില്‍ തന്നെഉണ്ടായിരുന്നു.അന്ന് രാ‍ത്രി കിടക്കു മ്പോള്‍ താന്‍ വിഷയം അവതരിപ്പിച്ചു.അമേരിക്കന്‍ ഡിഫന്‍സിന്റെ ഒരു പ്രൊജ്‌ക്ട്കമ്പിനിക്ക് കിട്ടിയി രിക്കുന്നു.ഇന്‍‌ഡ്യയിലെ ഒരു കമ്പിനിക്കും ഇങ്ങനെയൊരു ഓപ്പര്‍ച്യൂണിറ്റികിട്ടിയിട്ടില്ല.താനും ആ പ്രൊജ്‌ക്ട് ടീമില്‍ ഉണ്ട് .ജിനോ തന്നെ ഒന്നു നോക്കി.അതിന് തനെന്താ ചെയ്ത് തരേണ്ടത് എന്നാണ് അതിന്റെ അര്‍ത്ഥം.

“നമുക്കുടനെ ഒരു കുഞ്ഞ് വേണോ?നമുക്കിതിനെ അബോര്‍ട്ട് ചെയ്യാം.“പറഞ്ഞുതീരുന്നതിനുമുമ്പേ ജിനോ ചാടി എഴുന്നേറ്റ്തന്റെ മുഖത്ത് അടിച്ചു.

ജിനോ തന്നെയാണ് തന്റെ ഡാഡിയേയും മമ്മിയേയും വിളിച്ച് പറഞ്ഞത്.അവര്‍ രാത്രിയില്‍ തന്നെ ഓടിയെത്തി. അവരുടെ വാക്കുകളും താന്‍ ചെവിക്കൊണ്ടില്ല.തനിക്ക് വലുത് തന്റെ കരിയര്‍ തന്നെയാണന്ന് തീര്‍ത്ത് പറഞ്ഞപ്പോള്‍ജിനോ ഒന്നും പറയാതെ റൂം വിട്ടിറങ്ങി.അമേരിക്കന്‍ പ്രൊജ്‌ക്ടിനെക്കുറിച്ച് പത്രങ്ങളിലും ചാനലുകളിലും ഫീച്ചര്‍ വന്നു.അമേരിക്കയില്‍ എത്തിക്കഴിഞ്ഞ പ്പോഴാണ് താന്‍ തന്റെ ജീവിതമാണ് ഇല്ലാതാക്കിയതന്ന് മനസ്സിലാക്കിയത്.വീട്ടില്‍ നിന്ന് പോലും ഒരു ഫോണ്‍കോള്‍ എത്തുമെന്ന് കരുതി.അതുണ്ടായില്ല.വീട്ടിലേക്ക് വിളിക്കുമ്പോഴെല്ലാംതന്റെ ശബ്ദ്ദം ആണന്ന് ഉറപ്പാണങ്കില്‍ ഡാഡിയും മമ്മിയും ഫോണ്‍ കട്ടുചെയ്തു.മൂന്നരവര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കയില്‍നിന്ന് പ്രൊജ്‌ക്ട് തീര്‍ത്ത് മടങ്ങി.നാട്ടിലെത്തിയിട്ട് ഒരിക്കല്‍ പോലും ഡാഡിയും മമ്മിയും കാണാന്‍ എത്തിയില്ല.ജിനോയെക്കുറിച്ച് അറിയാവുന്നവര്‍ വഴി അന്വേഷിച്ചുവെങ്കിലും അവര്‍ക്കാ ര്‍ക്കും ജിനോയെക്കുറിച്ച് അറിയില്ലായിരുന്നു.അതോഅറിയാമായിരുന്നിട്ടും അവരെല്ലാം അറിയാത്ത ഭാവം നടിക്കുവായിരുന്നോ?കമ്പിനിയില്‍ എത്തിയപ്പോള്‍ പഴയ ആളുകള്‍ആരു ഇല്ല.എല്ലാം പുതിയ ആളുകള്‍..ജീവിതത്തോട് തന്നെ വെറുപ്പു തോന്നിത്തുടങ്ങി.

വയറ്റില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന വേദന അസഹനീയമായിത്തുടങ്ങിയപ്പോഴാണ് ഡോക്ടറെ കാണാന്‍ തീരുമാനിച്ചത്.പരിശോധനാഫലം വന്നപ്പോള്‍ ജീവിതം തന്നെ അവസാനിക്കുന്നതായി തോന്നി. യൂട്രസില്‍ ചെറിയ ഒരു ഗ്രോത്ത്.യൂട്രസ് ഓപ്പറേറ്റ് ചെയ്ത് മാറ്റുകമാത്രമാണ് പോംവഴി എന്ന് കേട്ടപ്പോള്‍ ജീവിതം അവസാനിക്കുന്നതായി തോന്നി.ഗര്‍ഭപാത്രത്തില്‍ ഉരുവായ ജീവനെ നശിപ്പിച്ചതിന് ദൈവം നല്‍കിയ ശിക്ഷയാണോ ഇത്.ഓപ്പറേഷന്‍ ടേബിളില്‍കിടക്കുമ്പോള്‍ ഒരിക്കലും ഇനി ജീവിതത്തിലേക്ക് മടക്കി വരത്തല്ലേ എന്ന് ഈശ്വരന്മാരോട് മനംനൊന്ത് പ്രാര്‍ത്ഥിച്ചുവെങ്കിലും അവര്‍ അത് കേട്ടില്ല.ജിനോയുടെ കാലുകളില്‍ വീണ് മാപ്പ് പറയാന്‍ ശ്രമിച്ചുവെങ്കിലും അതിനും കഴിഞ്ഞില്ല.

പത്രത്തില്‍ നിന്ന് കിട്ടിയ അഡ്രസ്സില്‍ പറഞ്ഞിരിക്കുന്ന ഫ്ലാറ്റില്‍ പാര്‍വതി എത്തി.ഫ്ലാറ്റുകളില്‍ നിന്ന് തിരക്കിട്ട്പുറത്തേക്ക് പോകുന്ന മുഖങ്ങളില്‍ പലതും തനിക്ക് പരിചിതമാണന്ന് അവള്‍ക്ക് മനസ്സിലായി. എല്ലാവരും മന:പൂര്‍വ്വം തന്നെ ഒഴിവാക്കുകയായിരുന്നു.അവള്‍ വരണ്ടചിരി ചുണ്ടുകളില്‍ വരുത്തിയെങ്കിലും തിരിച്ച് ഒരുചിരിയും ആരില്‍ നിന്നും കിട്ടിയില്ല.അഡ്രസിലെ ഫ്ലാറ്റില്‍ എത്തി അവള്‍ ബെല്ലടിച്ചു കാത്തുനിന്നു.

“ആരാ...”അകത്ത് നിന്ന് ഒരു പെണ്‍കുട്ടിയുടെ ശബ്ദ്ദം.അവള്‍ നിശബ്ദ്ദയായി കാത്തുനിന്നു.

ഡോര്‍തുറന്നുഒരു കൊച്ചുപെണ്‍കുട്ടി പുറത്തുവന്നു.അവളുടെ മുടി രണ്ട് വശത്തേക്കും പിന്നി ഇട്ടിരുന്നു.

“ആരാ....”അവള്‍ ചോദിച്ചു.

താന്‍ ആരാണന്ന് പറയാന്‍ പാര്‍വതിക്ക് അറിയില്ലായിരുന്നു.

“ആരാ മാളൂ ..?”അകത്ത് നിന്ന് കേള്‍ക്കുന്ന ശബ്ദ്ദം ജിനോയുടെ ആണന്ന് തിരിച്ചറിയാന്‍ പാര്‍വതിക്ക് ഒട്ടും സമയംവേണ്ടായിരുന്നു.

“മോടെ മമ്മിയുടെ കൂട്ടിരിക്കുന്ന ഒരാന്റിയാ പപ്പാ...”കൊച്ചുകുട്ടിവിളിച്ചുപറഞ്ഞു.

“ഇരിക്കാന്‍ പറ...പപ്പ ഇതാ വരുന്നു..”

“ആന്റി കയറി ഇരിക്ക് ...”കൊച്ചുകുട്ടി അവളെ അകത്തേക്ക് ക്ഷണിച്ചു.അവള്‍ അകത്തേക്ക് ഇരുന്നു.താന്‍ വെബ്‌സൈറ്റില്‍കണ്ട ഫോട്ടോ ഈ കുട്ടിയുടെ ആണന്ന് പാര്‍വതിക്ക് മനസ്സിലായി.
“മോടെ പേരെന്താ....?”പാര്‍വതി ചോദിച്ചു.

“മാളൂന്ന് .... എന്നെ എല്ലാവരും വിളിക്കുന്നത് വാവാമാളൂന്നാ....”കുഞ്ഞ് തന്റെ നിഷകളങ്കമായ ചിരിയോടെ പറഞ്ഞു.

പാര്‍വതി ഹാലിലെ ഭിത്തികളിലൂടെ കണ്ണുകള്‍ പായിച്ചു.ഭിത്തിയില്‍ കുഞ്ഞിന്റെ വിവിധ ഭാവത്തിലുള്ള ഫോട്ടോകള്‍.

“മോടെ മമ്മിയെന്തിയേ...?”പാര്‍വതിചോദിച്ചു.

“മമ്മി ജോലിക്ക് പോയി.... അങ്ങ് ദൂരയാ മാളൂന്റെ മമ്മിക്ക് ജോലി...ഞാന്‍ വേണമെങ്കില്‍ മമ്മിയുടെ ഫോട്ടോകാണിക്കാം...”.അവള്‍ കുണുങ്ങി കുണുങ്ങി അകത്തേക്ക് പോയി ഫോട്ടായുമായി വന്നു.ഒരു ഫോട്ടോ പാര്‍വതിക്ക്നേരെ നീട്ടി.അവളത് വാങ്ങി നോക്കി.

“മാളൂന്റെ കൂട്ടുകാരാ അത് ..”അവള്‍ ഫോട്ടോയിലേക്ക് നോക്കി.ഒരു കെട്ടിടത്തിന്റെ മുന്നില്‍ കുറേകുട്ടികള്‍ നില്‍ക്കുന്ന ഫോട്ടൊ.കെട്ടിടത്തിന്റെ ബോര്‍ഡിലെ ‘ഓര്‍ഫനേജ് ‘ എന്ന എഴുത്ത് തെളിഞ്ഞുകാണാമായിരുന്നു.

“ഇതാണെന്റെ മമ്മി...”കുഞ്ഞ് നീട്ടിയ ഫോട്ടോ അവള്‍ വാങ്ങി.
തന്റെ ഫോട്ടോ !!!!!!!!പാര്‍വതിയുടെ കണ്ണ് നിറഞ്ഞൊഴുകി.ഫോട്ടിയിലേക്ക് കണ്ണുനീര്‍ വീണു.

“ആന്റിയെന്തിനാ കരയുന്നത് ?”കുഞ്ഞിന്റെ ചോദ്യം കേട്ട് അവള്‍ കണ്ണുനീര്‍ തുടച്ചു.ഉയര്‍ന്നുവന്ന തേങ്ങലടികള്‍ ഉള്ളില്‍ ഒതുക്കി.

“ആന്റിയെ കണ്ടാല്‍ മാളൂന്റെ മമ്മിയുടെ കൂട്ടാ ഇരിക്കുന്നത്.... ആന്റിയുടെ പേരെന്താ..?”കുഞ്ഞിന്റെ ചോദ്യം

“പാര്‍വതി....”അവള്‍ ഇടറിയ സ്വരത്തില്‍ പറഞ്ഞു.

“എന്റെ മമ്മിയുടെ പേരും പാര്‍വതീന്നാ.....”അവള്‍ അകത്തേക്ക് ഓടി.

”പപ്പാ, മമ്മിയുടെ പേരുള്ള മമ്മിയെപോലിരിക്കുന്നആന്റിയാ വന്നത്.... പപ്പാ എവിടയാ...?” കുഞ്ഞ് അകത്തേക്ക് ഓടി.”വാ പപ്പാ...”അവള്‍ തന്റെ പപ്പായേയും വിളിച്ചുകൊണ്ട്വന്നു.ജിനോയെ കണ്ടുടനെ പാര്‍വതിക്ക് കരച്ചില്‍ നിയന്ത്രിക്കാന്‍ ആയില്ല.അയാളുടെ കണ്ണും നിറഞ്ഞു.

“എന്തിനാ നിങ്ങള്‍ കരയുന്നത്..?”കുഞ്ഞ് രണ്ടുപേരെയും മാറിമാറി നോക്കി, ജിനോയുടെ കൈകളില്‍ കയറി...

“മോടെ മമ്മിയാ അത്....”ജിനോ പാര്‍വതിക്ക് നേരെ ചൂണ്ടികൊണ്ട് പറഞ്ഞു..

“മോടെ മമ്മി..”അവള്‍ക്കത് വിശ്വാസമല്ലായിരുന്നു.പാര്‍വതി കുഞ്ഞിനു നേരെ കൈകള്‍ നീട്ടി.അയാല്‍ കുഞ്ഞിനെ അവള്‍ക്ക് നേരെ നീട്ടി.അവള്‍ അവളുടെ മുഖം ഉമ്മകള്‍ കൊണ്ട് പൊതിഞ്ഞു.
“എനിക്കറിയാമായിരുന്നു താനെന്നെങ്കിലും ഇവിടെ വരുമെന്ന് ....“ജിനോയുടെ വാക്കുകളില്‍ അവള്‍ക്ക് പിടിച്ച് നില്‍ക്കാനായില്ല.ഒരു പൊട്ടിക്കരച്ചിലോടെ അവള്‍ അയാളുടെ മാറിലേക്ക് ചാരി.

ഞാനിപ്പോള്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു.ഇന്റ്ര്‌നെറ്റ് എക്സ്പ്ലോററിന്റെ അഡ്രസ്സ് ബാറിലേക്ക് http://www.vavamalu.com/ എന്ന്ടൈപ്പ് ചെയ്തു.ഹോം‌പേജിലെ മാളുവിന്റെ പടം മാറ്റിയിരിക്കുന്നു. അവിടെ ഒരു പുതിയ പടം.പാര്‍വതിയുടേയും ജിനോയുടേയുംനടുക്ക് മുടിപിന്നിയിട്ട് നിഷ്കളങ്കമായ ചിരിയോടെ ഇരിക്കുന്ന മാളുവിന്റെ പടം .........


-----------------------------------------------------------------------------------------

(നിങ്ങള്‍ ഇത്രയും നാളും നല്‍കിയ അഭിപ്രായങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നന്ദി ....ഇനി അല്പം നീണ്ട ഇടവേള )

Thursday, July 24, 2008

ഏഴാം ക്ലാസില്‍ നിന്നുള്ള രണ്ട് പ്രണയലേഖനങ്ങള്‍ :

ഏഴാം ക്ലാസില്‍ നിന്നുള്ള രണ്ട് പ്രണയലേഖനങ്ങള്‍ :
----------------------------------------------------------------
ഒന്നാമത്തെ പ്രണയലേഖനം :
പ്രിയപ്പെട്ട അര്‍ഷാദ് ;
നിനക്ക് സുഖം ആണന്ന് കരുതുന്നു.നിനക്ക് എന്നോട് പിണക്കമാണോ എന്ന് എനിക്കറിയില്ല. നിനക്ക് ഞാന്‍ഫോണ്‍ ചെയ്തിട്ടോ മെയില്‍ അയിച്ചിട്ടോ സ്ക്രാപ്പ് ചെയ്തിട്ടോ‌യൊക്കെ രണ്ടുമാസമായന്ന് എനിക്കറിയാം.സമയം ഇല്ലാഞ്ഞിട്ടല്ല.മനപൂര്‍വ്വം തന്നെയാണ്.നിന്റെ നമ്പര്‍ ഞാന്‍ ഡിലീറ്റ് ചെയ്തുകളഞ്ഞു.ഞാനിങ്ങനെഒക്കെ ചെയ്തത് എന്തുകൊണ്ടാണന്ന് ഞാന്‍ പറയാതെതന്നെ നിനക്കറിയാം. നമ്മള്‍കണ്ട സ്വപ്നങ്ങള്‍ എല്ലാം വെറും സ്വപ്നങ്ങള്‍ ആയിരുന്നുവെന്ന് ഞാനിപ്പോള്‍ അറിയുന്നു.എനിക്ക് വീട്ടില്‍ കല്യാണാലോചനകള്‍ നടക്കുന്നുണ്ട്.ജോലികിട്ടിയിട്ട് മതി എന്ന് പറഞ്ഞ് ഞാനിത്രയും നാള്‍വന്ന ആലോചനകള്‍ ഒക്കെ ഒഴിവാക്കി.പക്ഷേ ഇനി എനിക്ക് അധികം കാത്തിരിക്കാന്‍ വയ്യ.നീയാണ്ഇനി ഒരു തീരുമാനം എടുക്കേണ്ടത്.
ബി‌എഡ് കഴിഞ്ഞ് നീ മലപ്പുറത്തിനു പോകുമ്പോള്‍ പറഞ്ഞത് ഞാനിപ്പോഴും മറന്നിട്ടില്ല. ജോലികിട്ടിആദ്യമാസം കഴിയുമ്പോള്‍ എന്റെ വീട്ടിലെത്തി പപ്പയോട് എന്നെ കെട്ടിച്ച് തരാമോ എന്ന് ചോദിക്കുംഎന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ചിരിച്ചു എങ്കിലും നീ വരുമെന്ന് ഞാന്‍ കരുതി.എനിക്ക് നിന്നെ അത്രയ്ക്ക്ഇഷ്ടമായിരുന്നു.നിനക്കും അങ്ങനെ തന്നെ ആയിരുന്നുവല്ലോ?പക്ഷേ ജോലികിട്ടിയിട്ട് നീ എന്നെയൊന്ന്വിളിച്ചതുപോലുമില്ലല്ലോ?മറ്റുള്ളവര്‍ പറഞ്ഞാണ് നിനക്ക് ജോലി കിട്ടിയത് ഞാനറിഞ്ഞത്...ഞാനെന്ത്തെറ്റാണ് അര്‍ഷാദ് നിന്നോട് ചെയ്തത് ?എന്നെ ഇത്രമാത്രം വേദനിപ്പിച്ച് സങ്കടപ്പെടുത്താന്‍ നിനക്ക്എങ്ങനെ കഴിയുന്നു.??
ഞാനിപ്പോള്‍ ഒറ്റയ്ക്കായതായി എനിക്ക് തോന്നുന്നു.എന്റെ സ്വഭാവത്തില്‍ എന്തക്കയൊ മാറ്റങ്ങള്‍ ഉള്ളതായിഎല്ലാവരും പറയുന്നു.പഴയതുപോലെ എനിക്ക് എല്ല്ലാവരോടും കളിച്ച്ചിരിച്ച് നടക്കാന്‍ കഴിയുന്നില്ല.സ്റ്റാഫ് റൂമില്‍ പോലും ഞാന്‍ ഒറ്റപ്പെടുന്നതായി എനിക്ക് തോന്നുന്നു. ഒറ്റയ്ക്ക് ഇരിക്കാന്‍ പേടിയായ ഞാനിപ്പോള്‍ഒറ്റയ്ക്ക് ഇരിക്കാന്‍ ആഗ്രഹിക്കുന്നു.വീട്ടിലും ഞാന്‍ ഒറ്റപ്പെടുന്നതായി തോന്നുന്നു.ഞാന്‍ തന്നെ തീര്‍ത്ത ഒരുതടവറയില്‍ കഴിയുകയാണ് ഞാനിപ്പോള്‍.കുട്ടികളെ ഞാനിപ്പോള്‍ അകാരണമായി ഭയപ്പെടുത്തുന്നു.അവരെ ക്ലാസില്‍ നിന്ന് ഇറക്കിവിടുന്നു.അറിയില്ല അര്‍ഷാദ്; എനിക്കെന്താണ് സംഭവിക്കുന്നതെന്ന്.
ജാ‍തിയും മതവുമൊന്നും നോക്കിയിട്ടല്ല നമ്മള്‍ പ്രണയിച്ചു തുടങ്ങിയത്.ഒരു വര്‍ഷമേ ഒരുമിച്ച് പഠിച്ചുയുള്ളൂവെങ്കിലുംഒരുപാടൊരുപാട് നമ്മള്‍ അടുത്തു.നീ അറിയാത്ത ഒരു രഹസ്യവും എനിക്കില്ലായിരുന്നു.നിന്റെ കാര്യത്തിലുംഅങ്ങനെ തന്നെ ആയിരിക്കും എന്ന് ഞാന്‍ വിചാരിച്ചിരുന്നു..പക്ഷേ???സാമൂഹ്യപാഠപുസ്തകം കിട്ടിയപ്പോള്‍ ഞാന്‍ ആദ്യം പഠിപ്പിച്ചു തുടങ്ങിയത് ‘മതമില്ലാത്ത ജീവന്‍ ‘ആയിരുന്നു.ക്ലാസില്‍ ഈ പാഠംപഠിപ്പിക്കേണ്ട എന്ന് മാനേജരച്ചന്‍ പറഞ്ഞിട്ടും അച്ചന്‍ അറിയാതെയാണ് ഞാന്‍ ആ പാഠം എടുത്തത്. അന്‍വറന്റേയും ലക്ഷ്‌മീദേവിയുടേയും സ്ഥാനത്ത് ഞാന്‍ നമ്മളെയാണ് കണ്ടത്.ജീവന്‍ നമ്മുടെമകനാണന്ന് ഞാന്‍ സങ്ക്ല്പിച്ചു.പുഴയുടെ തീരത്ത് ഒരുമിച്ചിരുന്ന് ജീവിതത്തെ ക്കുറിച്ച് സ്വപ്നം കണ്ടപ്പോള്‍ ,നമ്മള്‍ക്കുണ്ടാവുന്ന കുഞ്ഞിന് ജീവനെന്ന് പേരിടണമെന്ന് നീ പറഞ്ഞപ്പോള്‍ ഈ പുസ്തകം അച്ചടിച്ചിട്ടുപോലുമില്ലായിരുന്നു.നമ്മുടെ സ്വപ്നങ്ങള്‍ എല്ല്ലാം ചീട്ടുകൊട്ടാരം‌പോലെ തകരുകയാണല്ലോ?
ഞാനിനി എന്താണ് ചെയ്യേണ്ടത് ?നിന്റെ മറുപിടിക്കായി ഒരാഴ്ചകൂടി ഞാന്‍ കാത്തിരിക്കും.നീ പറയുന്നതുപോലെ ഞാന്‍ ചെയ്യാം.നീ വിളിച്ചാല്‍ ഞാന്‍ വരും.പക്ഷേ എനിക്ക് പപ്പായേയും മമ്മിയേയും അനുജത്തിമാരേയും ഉപേക്ഷിക്കാനുംവയ്യ.എന്താണ് ഞാന്‍ ചിന്തിക്കുന്നതെന്നും പോലും എനിക്കിപ്പോള്‍ അറിയില്ല.ഞാന്‍ കാണിക്കുന്ന ധൈര്യം പോലും നീ കാണിക്കാത്തതില്‍ ആണ് എനിക്ക് വിഷമം.വേണമെങ്കില്‍നമുക്ക് പിരിയാം. എന്നന്നേക്കുമായി.നമ്മള്‍ ഒരുമിച്ച് കണ്ട സ്വപ്നങ്ങള്‍ ,ഞാന്‍ കണ്ട സ്വപ്നങ്ങള്‍ എല്ലാംവെറും സ്വപ്നങ്ങള്‍ ആണന്ന് കരുതി നമുക്ക് മറക്കാം.ഒരിക്കലും കാണിതിരിക്കാന്‍ ശ്രമിക്കാം.നിന്റെശബ്ദ്ദം കേള്‍ക്കാതിരിക്കാന്‍ ശ്രമിക്കാം.പക്ഷേ എനിക്കതിനാവില്ലന്നാണ് ശ്രമിക്കുന്നത്.മനസ്സിനെഅടക്കാന്‍ ഞാന്‍ ശ്രമിക്കുകയാണ് ...പക്ഷേ......
വേണമെങ്കില്‍ നമുക്കിനി സുഹൃത്തുക്കളായി മാത്രം മുന്നോട്ട് പോകാം.അല്ലങ്കില്‍ ഒരുമിച്ച് ജീവിക്കാം.എന്തിനാണങ്കിലും ഞാന്‍ തയ്യാറാണ്.നീ ആണ് ഇനി തീരുമാനിക്കേണ്ടത്.നിന്റെ മറുപിടിഎത്രയും വേഗം പ്രതീക്ഷിച്ചുകൊണ്ട്...

നിന്റെ സ്വന്തം എന്ന് കരുതിയിരുന്ന
അനില

From,
അനില വര്‍ഗ്ഗീസ്
ക്ലാസ് ടീച്ചര്‍ 7-B
St.തോമസ്സ് ഹൈസ്ക്കൂള്‍
To,
അര്‍ഷാദ് സലിം
ക്ലാസ് ടീച്ചര്‍ 8-C
ഗവ.ഹൈസ്ക്കൂള്‍,മലപ്പുറം
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::

രണ്ടാമത്തെ പ്രണയലേഖനം :
hai dear സോജന്‍‌കുട്ടാ,
ഡാഡി ഇന്റ്ര്‌നെറ്റ് കണക്ഷന്‍ കട്ട് ചെയ്തതുകൊണ്ട് മെയിലൊന്നും അയക്കാനും നോക്കാനുംപറ്റുന്നില്ല. ബാലന്‍സ് തീര്‍ന്നതുകൊണ്ട് SMS അയക്കാനും പറ്റുന്നില്ല.ഇയാളെ ഇപ്പോള്‍ ക്ലാസിനു വെളിയിലൊന്നും കാണാനേ ഇല്ലല്ലോ.റ്റെന്‍‌ന്തില്‍ ആയതുകൊണ്ട് ഒത്തിരി പഠിക്കാനുള്ളതുകൊണ്ടാണോ ക്ലാസിനുവെളിയിലൊന്നും കാണാത്തത്.ഇപ്പോള്‍ കുട്ടന് എന്നോട് പഴയപോലൊന്നും ഒരു സ്നേഹവും ഇല്ല.ഇപ്പോള്‍അമ്പലത്തിന്റെ അവിടെയൊന്നും വരാറേയില്ലല്ലോ?
പിന്നേ നമ്മുടെ അനിലടീച്ചര്‍ക്ക് എന്തോ ഒരു സെറ്റപ്പ് ഉണ്ടന്ന് തോന്നുന്നു.നമ്മുടെ എഡ്വിന്‍ സാറുമായിട്ടാണന്നാ പിള്ളാരെല്ലാം പറയുന്നത്.പ്ക്ഷേ എനിക്കത് വിശ്വാസമല്ല. എഡ്വിന്‍ സാര്‍ ആ സുലേഖടീച്ചറുടെപുറകെ നടക്കുന്നത് നമ്മളെന്നുമുതല്‍ കാണുന്നതാ. പക്ഷേ അനിലടീച്ചര്‍ക്ക് ഒരാളുണ്ടന്ന് തീര്‍ച്ചയാ.ഇപ്പോള്‍ടീച്ചറിന്റെ ക്ലാസിലിരിക്കാന്‍ ഒരു രസവുമില്ല.ടിച്ചറിപ്പോള്‍ ഇവിടൊന്നും അല്ലന്നാ തോന്നുന്നത്.
ഇന്നലെ മതമില്ലാത്ത ജീവന്‍ പഠിപ്പിച്ചപ്പോള്‍ ടീച്ചറിനെന്ത് ആവേശമായിരുന്നു.ആ പാഠം പഠിച്ചു കഴിഞ്ഞപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്.നമ്മുടെ മാര്യേജിന് ആരെങ്കിലും എതിരു പറഞ്ഞാല്‍ ഈപാഠം എടുത്ത് കാണിച്ചു കൊടുക്കാ‍മല്ലോ!ഈ പാഠം കഴിഞ്ഞപ്പോള്‍ എനിക്ക് എന്തോ ഒരു ധൈര്യംതോന്നുന്നു.നമ്മുടെ മാര്യേജിന് ഇനി എത്രനാള്‍ കാത്തിരിക്കണം?ഏഴുവര്‍ഷം കൂടി കാത്തിരിക്കണമല്ലോഎന്നോര്‍ക്കുമ്പോള്‍ എനിക്ക് സങ്കടം വരുന്നു.
പിന്നേ ,നിന്റെ ക്ലാസിലെ ആ ഷംസു ആളു ശരിയല്ല.അവനെന്നോട് ഇന്നലെ പറയുകയാ “അവനെവെയ്റ്റിംങ്ങ് ലിസ്റ്റില്‍ പെടുത്താമോന്ന്’.നീ അവനോട് ചോദിക്കുകയൊന്നും വേണ്ട.നീയും ഒന്‍പതു ബിയിലെശാരിയും തമ്മിലെന്താ?
അനില ടീച്ചറിന്റെ ക്ലാസിലിരുന്നാ‍ ഞാനിത് എഴുതുന്നത്.ടീച്ചറിവിടെ ഇരുന്ന് സ്വപ്നം കാണുകയാ.ടീച്ചര്‍ക്ക് വട്ടായോ എന്ന് സംശയമാ.പിന്നേ ,ഇന്നാള് ,കുട്ടന്‍ മൊബൈലില്‍ എടുത്ത എന്റെ ഫോട്ടോ ആരെയെങ്കിലുംകാണിച്ചോ?കാണിക്കരുത്...അന്ന് ഓഡിറ്റോറിയത്തിന്റവിടെ വച്ച് എന്നെ എന്തോക്കയാ ചെയ്തത്.ഇനി അങ്ങനെയൊന്നും ഉണ്ടാവരുത്.ഫോട്ടോ ഡിലീറ്റ് ചെയ്തുകളയണം.എന്റെ മൊബൈലില്‍ നിന്ന്ഞാന്‍ കുട്ടന്റെ ഫോട്ടോ എല്ലാം ഡിലീറ്റ് ചെയ്തു.അല്ലങ്കില്‍ അമ്മ കണ്ടാല്‍ കുഴപ്പമാ....
പിന്നേ വേറെ ഒരു കാര്യം ഞാന്‍ ഇന്നലത്തെ പത്രത്തില്‍ വായിച്ചു.രണ്ട് മതത്തില്‍ പെട്ടവര്‍ വിവാഹംകഴിക്കുന്നതിന് ഡി.വൈ.എഫ്.ഐ നേതൃത്വം കൊടുക്കുമെന്ന്. ഞാനതുകൊണ്ട് കമ്മ്യൂണിസ്റ്റാവാന്‍തീരുമാനിച്ചു.നമ്മുടെ കല്ല്യാണം നടക്കാന്‍ ഇതല്ലാതെ വേറെയേതെങ്കിലും വഴി ഉണ്ടോ?
അയ്യോ അനില ടീച്ചറുടെ ക്ലാസ് തീര്‍ന്നു.ഈ എഴുത്ത് ലഞ്ച് ടൈമില്‍ അങ്ങ് എത്തിച്ചോളാം.
എന്റെ സോജന്‍‌കുട്ടന് ആയിരം ഉമ്മകള്‍.
എന്ന് സോജന്‍‌കുട്ടന്റെ മാത്രം
പാറുക്കുട്ടി.
From,
പാര്‍വതി രാഘവന്‍
7-B
St.തോമസ്സ് ഹൈസ്ക്കൂള്‍ .
To,
സോജന്‍ വര്‍ക്കി
10 -A
St.തോമസ്സ് ഹൈസ്ക്കൂള്‍


Sunday, July 20, 2008

ആറാമത്തെ വാര്‍ത്ത : കഥ

കുഞ്ഞുമോന്‍ ഒരു പത്രവിതരണക്കാരനായിരുന്നു.വെളുപ്പിനെ പത്രകെട്ടുകള്‍ എടുത്ത് ഏഴുമണി ആകുമ്പോഴേക്കും പത്രവിതരണം നടത്തിയിരിക്കും.പത്തുപതിനഞ്ചുകൊല്ലമായി ഈ പണി തുടങ്ങിയിട്ട്.സ്കൂളില്‍പഠിക്കുമ്പോള്‍ മുതലേ പത്രവിതരണം തുടങ്ങിയത്. പത്രവിതരണം മാത്രമല്ല കുഞ്ഞുമോന് ജോലി.നോണ്‍-പ്രോഫിറ്റബള്‍ ബിസ്‌നസ്സ് ആയി അല്പംസ്വല്പം നാട്ടുവാര്‍ത്താവിതരണവും ഉണ്ട്.എന്ന് പറഞ്ഞാല്‍പത്രവിതരണം കഴിഞ്ഞ് നാട്ടിലെ വിശേഷങ്ങള്‍ എല്ല്ലാം റീട്ടയിലായിട്ടും ഹോള്‍സെയിലായിട്ടും എല്ലാവീടുകളിലും എത്തിക്കും.ചിലരൊക്കെ കുഞ്ഞുമോന്റെ ഈ നോണ്‍-പ്രോഫിറ്റബള്‍ ബിസ്‌നസ്സിനെ ഏഷ്ണിയുംകുന്നായ്മയും എന്നു പറയുമെങ്കിലും കുഞ്ഞുമോന് അതൊന്നും ഒരു പ്രശ്നമല്ല.സത്യം പറയുന്നവനെആര്‍ക്കാണങ്കിലും കണ്ണെടുത്താല്‍ കണ്ടുകൂടല്ലോ?സത്യം വിളിച്ചു പറഞ്ഞതിന് ഒറ്റക്കണ്ണന്‍ സാക്ഷിയുടെഒറ്റക്കണ്ണ് അവന്റെ മുതലാളി കുത്തിപ്പൊട്ടിച്ച നാട്ടില്‍ ഇതല്ല ഇതിനപ്പുറവും സത്യം പറയുന്നവനെഇരട്ടപേരിട്ട് വിളിക്കും.
കുഞ്ഞുമോന്‍ പുറത്തുവിട്ട എക്സ്ക്ലൂസിവ് വാര്‍ത്തകള്‍ നാട്ടില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. വാര്‍ത്തകള്‍ കണ്ടെത്താനായി സാഹസികമായ പരിപാടികള്‍ നടത്തുന്നതിന് കുഞ്ഞുമോന് ഭയമില്ല.കുന്നുമ്മേല്‍ ശാന്തയുടെ മകള്‍ ഗോപാലന്‍ മുതലാളിയുടേതാണന്ന് കണ്ടെത്തിയത് കുഞ്ഞുമോനാണ്.ഈ സത്യം കണ്ടെത്താന്‍ കുഞ്ഞുമോന്‍ മാസങ്ങളാണ് എടുത്തത്.ശാന്തയുടെ മകളുടെ പുറത്ത് ഒരു വലിയ കറുത്ത പുള്ളിയുണ്ട് എന്നതായിരുന്നു കുഞ്ഞുമോന്‍ കണ്ടെത്തിയ ശക്തമായ തെളിവ്. ഗോപാലന്‍ മുതലാളിക്കും ഇതുപോലൊരു പാടുണ്ടന്ന് നാട്ടുകാര്‍ക്കെല്ലാം അറിയാം.കുന്നുമ്മേല്‍ ശാന്ത സത്യം പറയുന്നതിനുമുമ്പ്വണ്ടി ഇടിച്ച് മരിച്ചു.ശാന്തയെ ഇടിച്ച വണ്ടി മകളെ ലക്ഷ്യ മാക്കുന്നതിനുമുന്‍പ് കുഞ്ഞുമോന്‍ ശാന്തയുടെമകളെതന്റെ ഭാര്യയാക്കി.കുന്നുമ്മേല്‍ ശാന്തയെ ഇടിച്ചവണ്ടി ഗോപാലന്‍ മുതലാളിയുടെ ആണന്ന് കണ്ടെത്തിപോലീസില്‍ പരാതി നല്‍കി ഗോപാലന്‍ മുതലാളിയെ അകത്താക്കിയതും കുഞ്ഞുമോനാണ്.
പട്ടാളക്കാരന്‍ ഭാസ്ക്കരന് മലബാറില്‍ മറ്റൊരു ഭാര്യയും കുട്ടിയും ഉണ്ടന്നുള്ള വസ്തുതയും വെളിയില്‍ കൊണ്ടുവന്നത് കുഞ്ഞുമോന്റെ സാഹസിക ന്യൂസ് പിടിത്തം ആണ്. അന്തോണിച്ചാന്റെ മകള്‍ കേസുകെട്ടില്‍കുടിങ്ങിയത് ആദ്യം കണ്ടെത്തിയത് കുഞ്ഞുമോന്‍ ആയിരുന്നു.കുഞ്ഞുമോന്‍ ഈ വാര്‍ത്ത നാട്ടില്‍ വിതരണം ചെയ്യുന്നതിനു മുന്‍പ് അന്തോണിച്ചാനെ വിവരം അറിയിച്ചു.പക്ഷേ അന്തോണിച്ചാന്‍ കുഞ്ഞുമോന് ചെവികൊടു ത്തില്ല. തന്റെ മകള്‍ ഡീസന്റാണന്നായിരുന്നു അന്തോണിച്ചാന്റെ പ്രതികരണം. മകള്‍ ഒളിച്ചോടി പോയപ്പോഴാണ് അന്തോണിച്ചാന് കണ്ണില്‍ വെട്ടം വീണത്.പെണ്ണ് കൈവിട്ട് പോയന്ന് ഉറപ്പായതിന്ശേഷമാണ് കുഞ്ഞുമോന്‍ വാര്‍ത്ത വെളിയില്‍ വിട്ടത്.സ്ത്രീധനം കൊടുക്കാത്തതിന്റെ പേരില്‍ അമ്മായിഅമ്മഇറക്കിവിട്ട മറിയക്കുട്ടിയുടെ വീട്ടില്‍ രാത്രിയില്‍ പതുങ്ങിപതുങ്ങി വരുന്ന രഹസ്യക്കാരന്‍ അവളുടെഭര്‍ത്താവ് തന്നെയാണന്ന് കണ്ടെത്തിയതും കുഞ്ഞുമോനാണ്.ഇങ്ങനെ സാഹസികമായ വാര്‍ത്തകള്‍വീടുവീടുതോറും എത്തിച്ച് നടക്കുന്നതിനിടയിലാണ് ‘അമ്മിണി ചാനലില്‍’ സിറ്റിസണ്‍ ജേര്‍ണലിസ്റ്റ് റിയാലിറ്റി ഷോ തുടങ്ങിയത്.
നാട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി കുഞ്ഞുമോന്‍ ‘അമ്മിണി ചാനലിന്’ മെസ്സേജ് അയച്ചു.രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ‘അമ്മിണി ചാനലില്‍ ‘നിന്ന് വിളി എത്തി. കുഞ്ഞുമോന്‍ കണ്ടെത്തീയ വാര്‍ത്തകളുമായി ചെല്ലാന്‍.നാട്ടുകാര്‍ പിരിവ് എടുത്ത് കുഞ്ഞുമോന് ഒരു വീഡിയോക്യാമറ വാങ്ങികൊടുത്തു.പത്രവിതരണം പെണ്ണും‌പിള്ളയെ ഏല്‍പ്പിച്ചിട്ട് കുഞ്ഞുമോന്‍ ക്യാമറയുമായി വാര്‍ത്തകള്‍ തേടിയിറങ്ങി.കുഞ്ഞുമോന്റെ വാര്‍ത്തകള്‍ക്കായി ജനങ്ങള്‍ രാത്രി ഒന്‍പതുമണിക്ക് ‘അമ്മിണി ചാനലി‘ലേക്ക് മിഴിനട്ടിരുന്നു. കുഞ്ഞുമോന് എസ്സ്.എം.എസു.കള്‍ കുന്നുകൂടി.എതിരാളികളെ നിഷപ്രഭരാക്കി കുഞ്ഞുമോന്‍ മുന്നേറി.ഇതായിരുന്നു കുഞ്ഞുമോന്റെ എക്സ്ക്ലൂസീവ് വാര്‍ത്തകള്‍ :
ഒന്നാമത്തെ വാര്‍ത്ത :
സ്കൂളിലെ ഉച്ചക്കഞ്ഞി വിതരണത്തിന് എത്തുന്ന അരി ഗുണനിലവാരം കുറഞ്ഞതാണ ന്നായിരുന്നു ഒന്നാമത്തെവാര്‍ത്ത.റേഷന്‍ ഡിപ്പോയില്‍ നിന്ന് അരികയറ്റുന്നതുമുതല്‍ സ്കൂളില്‍ എത്തുന്നതുവരെയുള്ള വീഡിയോചിത്രങ്ങള്‍ കുഞ്ഞുമോന്‍ കാണിച്ചുകൊടുത്തു. റേഷന്‍ ഡിപ്പോയില്‍ നിന്ന് അരികയറ്റി വരുന്ന ജീപ്പ്ഹെഡ്മാസറ്ററുടെ അളിയന്റെ പലചരക്ക് കടയുടെ ഗോഡണിന്റെ പിന്നില്‍ ഒളിപ്പിച്ചിട്ടിരിക്കുന്നത് കുഞ്ഞുമോന്‍ അതിവി ദഗ്ദമായി ക്യാമറിയില്‍ പകര്‍ത്തിയിരിക്കുന്നു.
ഒന്നാമത്തെ വാര്‍ത്തയുടെ ഫോളോഅപ്പ് :
ഹെഡ്മാസ്റ്ററെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.അളിയന്റെ ഗോഡൌണ്‍ പൂട്ടി മുദ്രവച്ചു.
രണ്ടാമത്തെ വാര്‍ത്ത :
ഇടവകയില്‍ കല്യാണപ്രായം കഴിഞ്ഞ് നില്‍ക്കുന്ന ശോശാമോളെ ഫാദര്‍ കഞ്ഞിപ്പറമ്പന്‍ സ്വാമിവക്രാനന്ദയുടെഅടുക്കല്‍ കൊണ്ടുപോകുന്നതും ,സ്വാമി ശോശാമോളുടെ ദോഷം മാറാന്‍ നഗ്നപൂജചെയ്യുന്നതും അതുകണ്ട്രസിച്ചിരിക്കൂന്ന ഫാദര്‍ കഞ്ഞിപ്പറമ്പനേയും കണ്ട് ജനങ്ങളും ബിഷപ്പും ഞെട്ടി.കുഞ്ഞുമോന്റെ SMSപെട്ടി വോട്ടുകള്‍ കൊണ്ട് നിറഞ്ഞു തുളുമ്പി.
രണ്ടാമത്തെ വാര്‍ത്തയുടെ ഫോളോഅപ്പ് :
ഫാദര്‍ കഞ്ഞിപ്പറമ്പനേയും സ്വാമിവക്രാനന്ദയേയും പോലീസ് അറസ്റ്റ് ചെയ്തു. സ്വാമിവക്രാനന്ദയുടെ ആശ്രമം ജനങ്ങള്‍ തല്ലിത്തകര്‍ത്തു.
മൂന്നാമത്തെ വാര്‍ത്ത :
പഞ്ചായത്ത് പ്രസിഡണ്ട് കുറുപ്പന്‍ ജനകീയാസൂത്രണത്തിന്റെ പേരില്‍ നടത്തിയ അന്തര്‍ സംസ്ഥാനയാത്രകളില്‍ ഒപ്പം പോയ പ്രതിപക്ഷക്കാരി ജാ‍നമ്മമെബര്‍ നടത്തിയ ലൈഗിംക പീഡനങ്ങള്‍ വെറും കെട്ടുകഥയാണന്നും പ്രതിപക്ഷനേതാവായ നീലന്റെ ഒത്താശയോടെ നടത്തിയ ആരോപണം ആണ് ലൈഗിംക പീഡനകഥ എന്നും കുഞ്ഞുമോന്‍ തെളിയിച്ചു.നീലന്റേയും ജാനമ്മയുടേയും കൂടിക്കാഴ്ചകുഞ്ഞുമോന്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു.
മൂന്നാമത്തെ വാര്‍ത്തയുടെ ഫോളോഅപ്പ് :
കുറുപ്പനെ പുറത്താക്കാന്‍ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച ജാ‍നമ്മയേയും നീലനേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
നാലാമത്തെ വാര്‍ത്ത :
ട്രയിനിലെ ബാത്ത് റൂമുകളിലേയും റയില്‍‌വേസ്റ്റേഷന്‍,ബസ് സ്റ്റാന്‍ഡ് എന്നിവടങ്ങളി ലേയും മൂത്രപ്പുരകളിലെ ‘സാഹിത്യത്തെ’ക്കുറിച്ചായിരുന്നു നാലാമത്തെ വാര്‍ത്ത.ഇതൊരു പുതിയ വാര്‍ത്ത അല്ലായിരുന്നുവെങ്കിലും വാര്‍ത്തയില്‍ ഒരു കുഞ്ഞുമോന്‍ ടച്ച് ഉണ്ടായി രുന്നു. ഇത്തരം സാ‍ഹിത്യത്തെക്കുറിച്ച് യാത്രക്കാരുടെഅഭിപ്രായങ്ങളും ചേര്‍ത്തീരുന്നു റിപ്പോര്‍ട്ടില്‍.ഈ സാഹിത്യത്തില്‍ പറഞ്ഞിരിക്കുന്ന ഫോണ്‍ നമ്പരുകളെഅന്വേഷിച്ച് കുഞ്ഞുമോന്‍ നടത്തുന്ന യാത്രകളായിരുന്നു റിപ്പോര്‍ട്ടിന്റെ ഹൈലൈറ്റ്.
നാലാമത്തെ വാര്‍ത്തയുടെ ഫോളോഅപ്പ് :
സാഹിത്യത്തെ റയില്‍‌വേ ചായം പൂശി മറച്ചു.
അഞ്ചാമത്തെ വാര്‍ത്ത :
റിയാലിറ്റി ഷോ അവസാന ഘട്ടത്തീലേക്ക് കടക്കുകയാണ്.ഈ റൌണ്ടില്‍ മത്സരിക്കുന്നത് അഞ്ചുപേര്‍.ഈ റൌണ്ട് കടക്കുന്ന രണ്ടില്‍ ഒരാള്‍ക്ക് പത്തുലക്ഷത്തിന്റെ കാറും കൈനിറയെ കാശും.കുഞ്ഞുമോന്‍എന്തുവാര്‍ത്തയായിരിക്കും ഈ റൌണ്ടില്‍ അവതരിപ്പിക്കുന്നത്. കുഞ്ഞുമോന് വോട്ടുകള്‍ വന്നു നിറഞ്ഞുകൊണ്ടിരുന്നു.കുഞ്ഞുമോന്റെ വാര്‍ത്ത ആരുടെയൊക്കെ മുഖം മൂടിയാണ് വലിച്ചുകീറുന്നത്.ജനങ്ങള്‍കുഞ്ഞുമോന്റെ റിപ്പോര്‍ട്ടിനായി കാത്തിരുന്നു.
മലയാളിയുടെ മനസാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്തയാ‍യിരുന്നു കുഞ്ഞുമോന്റെ അഞ്ചാമത്തെ വാര്‍ത്ത. കുഞ്ഞുമോന്റെ ക്യാമറക്കണ്ണുകള്‍ പലബാഗുകളിലും ഒളിഞ്ഞിരിക്കുന്ന ഗര്‍ഭനിരോധന ഗുളികകളെ ഫോക്കസ് ചെയ്തു.അമ്മമാരുടെ നെഞ്ചിന്‍‌കൂട് തകര്‍ത്തുകൊണ്ട് കുഞ്ഞുമോന്റെ ക്യാമറക്കണ്ണുകള്‍ സ്കൂള്‍ ബാഗുകളീല്‍ നിന്ന് വാനിറ്റി ബാഗുകളിലേക്കും,എക്സിക്യുട്ടീവ് ബാഗുകളിലേക്കും കടന്നു ചെന്നു.“എന്തിന് ആശങ്ക...”കുഞ്ഞുമോന്‍ ഗുളികകളുടെ പരസ്യം എഡിറ്റ് ചെയ്ത് റിപ്പോര്‍ട്ടില്‍ ചേര്‍ത്തിരുന്നു. ക്യാമറ ആള്‍പ്പാര്‍പ്പീല്ലാത്ത കെട്ടിടങ്ങളിലേക്കും പൊന്തക്കാടുകളിലേക്കും കടന്നുചെന്ന് ഗുളികകളുടെഒഴിഞ്ഞ സ്ടിപ്പുകള്‍ ഫോക്കസ് ചെയ്തു.ഗുളിക കമ്പിനിക്ക് തങ്ങളുടെ പ്രോഡക്ടിനെ കുറിച്ച് ആശങ്കയില്ലായിരുന്നുവെങ്കിലും കുഞ്ഞുമോന്റെ റിപ്പോര്‍ട്ട് സമൂഹത്തിന് ആശങ്കനല്‍കി.
അഞ്ചാമത്തെ വാര്‍ത്തയുടെ ഫോളോഅപ്പ് :
ഗര്‍ഭനിരോധന ഗുളികകളുടെ പരസ്യം ഗവണ്മെന്റ് നിരോധിച്ചു.ഉല്പന്നത്തിന്റെ വില്പന കുത്തനെ ഇടിഞ്ഞു.
ആറാമത്തെ വാര്‍ത്തയ്ക്ക് മുമ്പ് ഒരു ചെറിയ ഇടവേള :
ഇനിയും നടക്കുന്ന ലൈവ് ഫൈനലിലേക്ക് രണ്ടേ രണ്ടുപേര്‍ മാത്രം.ഇപ്പോള്‍ തന്നെ SMS വോട്ടുകളില്‍കുഞ്ഞുമോന്‍ വളരെ മുന്നിലാണ്.കുഞ്ഞുമോന്റെ അവസാന റിപ്പോര്‍ട്ടിനായി ആളുകള്‍ കാത്തിരിക്കുകയാണ്.സ്റ്റേഡിയും നിറഞ്ഞ് ആളുകള്‍ ഇരിക്കുന്നു.
ഫൈനല്‍ നടക്കുന്ന സ്റ്റേഡിയത്തില്‍ നിന്ന് :
ഫൈനല്‍ നടക്കേണ്ട സമയം കഴിഞ്ഞിട്ടും കുഞ്ഞുമോന്‍ എത്തിയിട്ടില്ല.കുഞ്ഞുമോന്‍ എത്തിയിട്ടല്ലന്നറിയാതെ അവതാരകന്‍ കുഞ്ഞുമോനെ വേദിയിലേക്ക് ക്ഷണിച്ചു. കുഞ്ഞുമോന്‍ വേദിയില്‍ എത്തിയില്ല.കുഞ്ഞുമോന്‍ ഇല്ലാതെതന്നെ ഫൈനല്‍ തുടങ്ങി.കുഞ്ഞുമോന്റെ എതിരാളി വേദിയിലേക്ക് തന്റെ വാര്‍ത്ത അവതരിപ്പിക്കാനായി വേദിയില്‍ എത്തി.
ആറാമത്തെ വാര്‍ത്ത :
കുഞ്ഞുമോന്റെ എതിരാളി താന്‍ തയ്യാറാക്കി കൊണ്ടുവന്ന വാര്‍ത്ത അവതരിപ്പിക്കാതെ മറ്റൊരു വാര്‍ത്തഅവതരിപ്പിക്കുന്നത് കണ്ട് ജഡ്ജസ് ഞെട്ടി.വെറും ഒരു ഫ്ലാസ് ന്യൂസില്‍ കുഞ്ഞുമോന്റെ എതിരാളിയുടെവാര്‍ത്താവതരണം നിന്നു.അയാള്‍ അവതരിപ്പിച്ച വാര്‍ത്ത കേട്ട് ജനങ്ങളും ഞെട്ടി.

കുഞ്ഞുമോന്‍ കൊല്ലപ്പെട്ടു.
ആരായിരിക്കും കുഞ്ഞുമോനെ കൊലപ്പെടുത്തിയത്.ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഗോപാലന്‍ മുതലാളിയെസംശയിക്കാം.ഹെഡ്മാസ്റ്ററേയും അളിയനേയും ഫാദര്‍ കഞ്ഞിപ്പറമ്പനേയും സ്വാമിവക്രാനന്ദയേയുംപ്രതിപക്ഷനേതാവ് നീലനേയും ജാ‍നമ്മമെബറേയും സംശയിക്കാം.ഗര്‍ഭനിരോധന ഗുളികകളുടെ മുതലാളിമാരേയും സംശയിക്കാം.ഇവര്‍ക്കെല്ലാം കുഞ്ഞുമോനോട് ശത്രുത ഉണ്ടായിരുന്നു.അതോ ഇനി പുതിയഒരു ശത്രു സൃഷ്ടിക്കപ്പെട്ടുവോ ?ആറാമത്തെ വാര്‍ത്ത തേടി കുഞ്ഞുമോന്‍ അലഞ്ഞപ്പോള്‍ സൃഷ്ടിക്കപ്പെട്ടശത്രു ആയിരിക്കുമോ കുഞ്ഞുമോനെ കൊലപ്പെടുത്തിയത് ?
ഉത്തരം നല്‍കാന്‍ ഒരാള്‍ കൂടി സ്റ്റേജിലേക്ക് കടന്നുവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ആറാമത്തെവാര്‍ത്തയുടെ ഉള്ളറകളിലേക്ക് ഞാന്‍ കടക്കുകയാണ്.സാഹസികത ഇഷ്ടമാണങ്കില്‍ നിങ്ങള്‍ക്കുംകടന്നു വരാം. ആറാമത്തെ വാര്‍ത്തയുടെ ഉള്ളറ രഹസ്യ ങ്ങളുമായി കണ്ടുമുട്ടുന്നതുവരെ .............

ഹോ ,മറന്നു; ആറാമത്തെ വാര്‍ത്ത ബഹളം കാരണം ശരിക്ക് കേട്ടില്ല അല്ലേ ?‘
സാരമില്ല ; ‘അയാള്‍ അവതരിപ്പിച്ച വാര്‍ത്ത കേട്ട് ജനങ്ങളും ഞെട്ടി.‘ എന്നതിനുശേഷം ഒന്നു സെലക്ട് ചെയ്തുനോക്കൂ .ആറാമത്തെ വാര്‍ത്ത അവിടെക്കാണാം......


: :: ::