Sunday, August 31, 2008

ഏഴാം പ്രമാണം ലംഘിച്ചവര്‍ : കഥ

കഴിഞ്ഞ മുപ്പത്തിരണ്ട് കൊല്ലമായി വിഭാര്യനായി ജീവിച്ച മത്തായിമാപ്പിള ഇപ്പോള്‍ ഈ കൊടുംചതി ചെയ്യും എന്ന് മക്കളോ നാട്ടുകാരോ കരുതിയില്ല. ഇങ്ങേര്‍ക്കിത് എന്തോന്നിന്റെ സൂക്കേടാ എന്ന് നാട്ടുകാര്‍ പരസ്പരം പറഞ്ഞു. ഈ അറുപതാം വയസ്സില്‍ അങ്ങേരുടെ ഒരു പൂതി. പണ്ടേഅങ്ങേര് അങ്ങനാ.. ആ അന്നമ്മച്ചിയെ അയാള് ചവിട്ടിക്കൊന്നതാണന്നാ തോന്നുന്നത് ... മത്തായി പണ്ടേ അല്പം വഴിവിട്ടവനാ ഇങ്ങനെപലതും പലരും മത്തായി മാപ്പിളയെക്കുറിച്ച് പറഞ്ഞു. നാട്ടുകാരും പള്ളിക്കാരും ഒന്നിച്ചുകൂടി. കര്‍ത്താവിന്റെ സഭയുടെ ആചാരങ്ങളും, കര്‍ത്താവിന്റെ പ്രമാണങ്ങളും സമൂഹത്തിന്റെ സദാചാരത്തേയും വെല്ലുവിളി ച്ച് അമ്പതുകാരി മറിയാമ്മ എന്ന വിധവയോടൊപ്പം ഒരു വീട്ടില്‍ കഴിയാന്‍ തീരുമാനിച്ച മത്തായിമാപ്പിളയെ പള്ളിയില്‍ നിന്നും സഭയില്‍ നിന്നും പുറത്താക്കാന്‍ പള്ളിക്കമ്മറ്റി തീരുമാനമെടുത്ത് പിരിഞ്ഞു. അന്യമതക്കാരന്റെകൂടെ ഇറങ്ങിപ്പോയതിന് പണ്ടേ മറിയാമ്മയുടെ പേര് വീട്ടുകാരും പള്ളിക്കാരും വെട്ടിക്കളഞ്ഞിരുന്നതായിരുന്നതുകൊണ്ട് മറിയാമ്മയെ ഓര്‍ത്ത് ആര്‍ക്കും സങ്കടം ഇല്ലായിരുന്നു. സഭയുടെ പ്രമാണത്തെ വെല്ലുവിളിച്ച മത്തായി എന്ന സാത്തന്റെ സന്തതിയെ അവന് ലഭിക്കാവുന്ന സ്വര്‍ഗ്ഗരാജ്യത്തില്‍ നിന്ന് പുറത്താക്കിയ സന്തോഷത്തില്‍ വല്യച്ചനും കൊച്ചച്ചന്മാരും രണ്ടെണ്ണം അടിച്ച് കുരിശും വരച്ച കിടന്നു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടയില്‍ മറിയാമ്മ എന്ന സ്ത്രി വല്യച്ചന്റെ മനസ്സില്‍ ചൂലുംകെട്ടുമായി നിന്നു.നെ റ്റിയിലെ മൂന്നുകുത്തിക്കെട്ടുള്ള മുറിവിന്റെ കെട്ടില്‍ വല്യച്ചന്‍ തടവി. കൊടൂവാളിന്റെ വീശലിൽ നെറ്റിയിൽ നിന്ന് തെറിച്ച രക്തതുള്ളികൾ വല്യച്ചന്റെ മനസിൽ പകയുടെ കനലുകൾ എരിച്ചു...


മത്തായിമാപ്പിള ദേഹം കഴുകി വന്നപ്പോള്‍ മറിയാമ്മചേടത്തി കഞ്ഞിയും ചമ്മന്തിയും വിളമ്പി. അടുക്കളയില്‍ ഇരുന്ന് കഞ്ഞികുടിക്കുമ്പോള്‍ മത്തായിമാപ്പിള ഒന്നും മിണ്ടിയില്ല. അയാള്‍ കഴിക്കുന്നതും നോക്കി മറിയാമ്മച്ചേടത്തി ഇരുന്നു.
“നീ കഴിച്ചോടീ...”എന്ന് മത്തായിമാപ്പിള ചോദിക്കുംഎന്ന് കരുതിയെങ്കിലും അതുണ്ടായില്ല. അയാള്‍ കഴിച്ച് എഴുന്നേറ്റ് കിണറ്റുകരയിലേക്കിറങ്ങി കൈകഴുകി തിരിച്ചു വന്നപ്പോള്‍ താന്‍ കഞ്ഞികുടിച്ച പ്ലേറ്റിലേക്ക് മറിയാമ്മചേടത്തി കഞ്ഞിയൂറ്റി കഴിക്കുകയായിരുന്നു. അവള്‍ പച്ചക്കഞ്ഞിയാണ് കുടിക്കുന്നതെന്ന് മനസ്സിലാക്കിയ അയാള്‍ അടുപ്പിലെ കനലുകള്‍ ഊതിത്തെളിയിച്ചു. അരിച്ചാക്കില്‍ വച്ചിരുന്ന പപ്പടം എടുത്ത് കനലിലേക്ക് ഇട്ട് ചുട്ടെടുത്തു. മറിയാമ്മ ചേടത്തി കഞ്ഞികുടിക്കുന്നകുഴിയന്‍ പ്ലേറ്റിലേക്ക് അയാള്‍ ചുട്ടപപ്പടം ഇട്ടുകൊടുത്തു. “നാളെ നമുക്ക് ചന്തയില്‍ പോയി എന്താണന്ന് വച്ചാല്‍ വാങ്ങാം” എന്ന് പറഞ്ഞ് അയാള്‍ ഉമ്മറ ത്തേക്ക് പോയി. പാത്രങ്ങള്‍ കഴുകി കമഴ്ത്തി വച്ച് മറിയാമ്മചേടത്തിയും ഉമ്മറത്തേക്ക് ചെന്നു.

ഉമ്മറത്തെ ബഞ്ചിലിരുന്ന് ബീഡിപ്പുക ഊതിവിടുന്ന അയാളെ നോക്കി ചേടത്തി ഉമ്മറപ്പടയില്‍ ഇരുന്നു. ഉമ്മറത്തെ അരഭിത്തിയിലിരുന്ന് കത്തുന്ന ചിമ്മിനി വിളക്കിന്റെ വെളിച്ചത്തില്‍ അയാള്‍ ഊതിവിടുന്ന പുകവളയങ്ങള്‍ ഇല്ലാതാവുന്നത് നോക്കി വെറുതെ അവരങ്ങനെഇരുന്നു.പുറത്ത് അരണ്ട നിലാവ് പരന്നിട്ടും അയാള്‍ക്ക് എഴുന്നേല്‍ക്കാന്‍ ഭാവമില്ലന്ന് കണ്ട് ചേടത്തി എഴുന്നേറ്റു.
”കിടക്കുന്നില്ലേ?”ചേടത്തി ചോദിച്ചു.
“വിരിച്ച് നീകിടന്നോ... ഞാന്‍ കുറച്ച് കഴിഞ്ഞ് കിടന്നോളാം ...”.
മറിയാമ്മചേടത്തി കിടക്കവിരിച്ച് ഉറങ്ങാതെ അയാള്‍ വരുന്നതും കാത്ത് കിടന്നു.ഉമ്മറത്തെ വെളിച്ചം അകത്തേക്ക് വരുന്നതും ഉമ്മറവാതില്‍ കിരുകിര ശബ്ദ്ദത്തോട് അടയുന്നതും ചേടത്തി അറിഞ്ഞു. കട്ടിലിന്റെ ഒരറ്റത്തേക്ക് ചേടത്തി ഒതുങ്ങികിടന്നു.മറിയാമ്മയോടൊപ്പം കിടക്കണോ , അതോ പാവിരിച്ച് നിലത്ത്കിടക്കണോ എന്ന് മത്തായിമാപ്പിള ഒന്ന് ആലോചിച്ചു. തന്നെ വിശ്വസിച്ച് തന്റെ കൂടെ പൊറുക്കാന്‍ വന്ന അവളോടൊപ്പം ആണ് താനിനി അന്തിയുറങ്ങേണ്ടത് എന്ന ചിന്ത വന്നപ്പോള്‍ മത്തായിമാപ്പിള ചേടത്തിയോടൊപ്പം കട്ടിലില്‍ കിടന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഒരു പെണ്ണിന്റെ മണം തന്റെ മൂക്കിലൂടെ കടന്നുവരുന്നത് അയാള്‍ അറിഞ്ഞു. തന്റെ വിയര്‍പ്പിന്റെ മണം അവളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടന്ന് മത്തായിമാപ്പിളയ്ക്ക് തോന്നി. ഇഷ്ടപെട്ടവന്റെ കൂടെ ഒരാഴ്ചമാത്രം കഴിഞ്ഞവളാണ് തന്റെ കൂടെ കട്ടിലില്‍ കിടക്കുന്നത്. ഉയര്‍ന്നു താഴുന്നഅവളുടെ മാറിടത്തിന്റെ ചലനങ്ങള്‍ അരണ്ട വെളിച്ചത്തില്‍ അയാള്‍ കണ്ടു. മുനിഞ്ഞുകത്തുന്ന ചിമ്മിനി വിളക്കിന്റെ തിരി അയാള്‍ താഴ്ത്തി.

പിറ്റേന്ന് രണ്ടുപേരുംകൂടി ചന്തയില്‍‌പോയി അടുക്കളയിലേക്കുള്ള സാമാനങ്ങള്‍ എല്ലാം വാങ്ങി. ചന്തയില്‍ നിന്ന് വരുന്ന വഴി അവറാന്റെചായക്കടയില്‍ കയറി. മറിയാമ്മയുടെ മുഖത്തെ തെളിച്ചം കണ്ട് അവറാന്‍ അര്‍ത്ഥം വച്ച് മത്തായിമാപ്പിളയെ നോക്കി. ചായക്കടയിലുള്ള ഒട്ടുമിക്കപ്പേരും ആ നോട്ടം ഏറ്റെടുത്തു. അവിടെ ഇരിക്കുന്ന പലരും കഴിഞ്ഞ പത്തിരുപതുവര്‍ഷമായി മറിയാമ്മയുടെ ഒറ്റമുറിവീടിന്റെ വാതിക്കല്‍ ഇരുട്ടിന്റെ മറവില്‍ കൊട്ടി കാത്തുനിന്നിട്ടും കൈയ്യില്‍ കൊടുവാളുമായിട്ടല്ലാതെ അവളാവാതില്‍ തുറന്നിട്ടില്ലായിരുന്നു. വലിയവീട്ടിലെപെണ്ണ് വീട്ടിലെ പണിക്കാരന്റെ നിഷ്‌കളങ്കതയിലും സ്നേഹത്തിലും ഇഷ്ട്പ്പെട്ട് അവന്റെ കൂടെ ഇറങ്ങിപ്പോയപ്പോള്‍ കിരീടംവയ്ക്കാത്ത രാജാക്കന്മാരായി നാട്ടില്‍ വിലസിയ അവളുടെ അപ്പനും ആങ്ങളമാര്‍ക്കും അതു സഹിക്കാനാവാതെ ഒരാഴ്ചയ്ക്കുള്ളില്‍ അവനെ കൊന്ന് തള്ളിയതും അന്നുമുതല്‍ ഇന്നലെ വരേയും ഒറ്റയ്ക്ക് തന്റെ കെട്ടിയവന്റെ ഒറ്റമുറി വീട്ടില്‍ കഴിഞ്ഞ മറിയാമ്മ എങ്ങനെയാണ് ഇന്നലെ മുതല്‍ മത്തായിമാപ്പിളയുടെ കൂടെ പൊറുക്കാന്‍ തുടങ്ങിയതന്ന് എത്ര ആലോചിച്ചിട്ടും അവറാന് മനസ്സിലായില്ല. രാത്രിയില്‍ മറിയാമ്മയുടെ വീട്ട് പടിക്കല്‍ മുട്ടുന്നവരുടെ കൂട്ടില്‍ മത്തായിമാപ്പിളയുടെ പേര് ഇതുവരെ കേട്ടിട്ടില്ലായിരുന്നു. മുപ്പത്തിരണ്ട് കൊല്ലം മുമ്പ് ഭാര്യ മരിച്ച മത്തായിമാപ്പിള രണ്ട് പെണ്‍‌മക്കളേയും തരക്കേടില്ലാത്ത രീതിയില്‍ കെട്ടിച്ച് വിട്ടതാണ്. തന്റെ ഏകാന്തതയില്‍ ഒരു കൂട്ടുവേണമെന്ന് മത്തായി മാപ്പിളയ്ക്ക്തോന്നിയതില്‍ ഒരു കുറ്റവും പറയാനാവില്ല. തങ്ങള്‍ക്ക് കിട്ടാത്ത സൌഭാഗ്യം മത്തായിമാപ്പിളയുടെ കൂടെ പോകുന്നത് കണ്ട് പലര്‍ക്കും ഇച്ഛാഭംഗം ഉണ്ടായി.

അപ്പന് എത്രനാളെന്ന് വച്ച് മക്കളെ കാണാതിരിക്കാന്‍ പറ്റും. കൊച്ചുമക്കളെ മത്തായി മാപ്പിളയ്ക്ക് ജീവനായിരുന്നു. കെട്ടിച്ചുവിട്ട മക്കള്‍ എന്നുംതന്റെ കൂടെ വന്ന് നില്‍ക്കണമെന്ന് പറയാന്‍ ഒരപ്പന് പറ്റുമോ?അവര്‍ക്ക് അവരുടെ കെട്ടിയവന്റേയും പീള്ളാരുടേയും കുടുംബത്തിന്റേയും കാര്യങ്ങള്‍ നോക്കണ്ടായോ?താന്‍ മറിയാമ്മയെ വിളിച്ചുകൊണ്ടു വന്നതില്‍ പിള്ളാര്‍ക്ക് തന്നോട് വിരോധം ഉണ്ടാവും. പിള്ളാരുടെ വശം ചേര്‍ന്ന് ചിന്തിച്ചാല്‍ താന്‍ കാണിച്ചത് ഭോഷത്തരമാണ്. പക്ഷേ മറിയാമ്മയെ തനിക്ക് ഉപേക്ഷിച്ച് പോരാന്‍ പറ്റില്ലായിരുന്നു. ഏതായാലുംപിള്ളാരെപോയി ഒന്നു കാണണം. അന്ന് രാത്രിയില്‍ കിടക്കുമ്പോള്‍ മത്തായിമാപ്പിള ചേടത്തിയോട് പിറ്റേന്ന് രാവിലെ രണ്ടുപേര്‍ക്കുംകൂടി പിള്ളാരുടെ വീടുകളില്‍ പോകണമെന്ന് പറഞ്ഞു. “അതുവേണോ?പിള്ളാരുടെ വീട്ടുകാര്‍ക്ക് എന്തോ തോന്നും?”ചേടത്തി സംശയംപറഞ്ഞു. നീ എന്റെ കൂടെ പോന്നാല്‍ മതിയന്ന് പറഞ്ഞ് അയാള്‍ കിടക്കയിലെ സംഭാഷണം അവസാനിപ്പിച്ചു.

മക്കളുമായിട്ടുള്ള പിണക്കമെല്ലാം അവസാനിച്ചതില്‍ മത്തായിമാപ്പിളക്ക് സന്തോഷമായിരുന്നു. പതിവുപോലെ മത്തായിമാപ്പിള പറമ്പിലേക്ക് പോയിത്തുടങ്ങി. രാവിലെ പറമ്പിലേക്ക് പോകുന്ന മത്തായി മാപ്പിളയ്ക്ക് പത്തുമണിക്കുള്ള പഴങ്കഞ്ഞിയും, ഉച്ചയ്ക്കത്തെ പോല്‌ത്തയുമായി മറിയാമ്മചേടത്തി പറമ്പില്‍ എന്നും സമയത്ത് എത്തും. തണലിത്തിരുന്ന് അവര്‍ രണ്ടുപേരും കൂടി ആഹാരം കഴിക്കും. വെയിലാറിത്തുടങ്ങുമ്പോള്‍രണ്ടുപേരും കൂടി വീട്ടിലേക്ക് പോരും. കഴിഞ്ഞ പത്തുമുപ്പത്തഞ്ചുകൊല്ലം മത്തായിമാപ്പിളയുടെ ദിനചര്യയുടെ ഭാഗമായിരുന്ന അന്തിക്കുള്ള കള്ള് മാപ്പിള ഇപ്പോള്‍ ഒഴിവാക്കി. എവിടെ പോയാലും സന്ധ്യയ്ക്ക്‍ വിളക്ക് വയ്ക്കാന്‍ സമയം ആകുമ്പോള്‍ മത്തായിമാപ്പിള വീട്ടിലെത്തിതുടങ്ങി. ഇത്രയും കാലം മത്തായിമാപ്പിളയില്‍ നിന്ന് ഓസിന് വീശിയവരുടെ കാര്യം കഷ്ടത്തിലായി. അവറാന്റെ ചായക്കടയില്‍ നിന്ന് ചില്ലലമാരയില്‍ ഇരുന്ന എണ്ണപ്പലഹാരങ്ങള്‍ വാങ്ങുമ്പോള്‍ എന്താ മാപ്പിളേ വിശേഷം എന്ന് ചോദിച്ചത് മത്തായിമാപ്പിള കേട്ടില്ലന്ന് നടിച്ചു. കുന്നിന്‍ പുറത്തെ തന്റെ വീട്ടിലേക്ക് അയാള്‍ വേഗത്തില്‍ നടന്നു. നടക്കുമ്പോള്‍ പാടവരമ്പത്തെ മറിയയുടെ വീട് അയാള്‍ നോക്കി. നാളെ അവളെക്കൊണ്ട് വന്ന് മുറ്റമൊക്കെ അടിച്ചുവാരിക്കണം. ഇരുട്ട് പരന്ന് തുടങ്ങിയിരിക്കുന്നു. സന്ധ്യാവിളക്ക് കത്തിച്ചിട്ടില്ല. അയാള്‍ മുറ്റത്തേക്ക് കയറി. ഉമ്മറപ്പടിയില്‍ കള്ളിമുണ്ട് കൈലിമുട്ടറ്റം പൊക്കി വലുതുകാലിന്റെ തുടയില്‍ വച്ച് വിളക്കത്തിരി തെറുക്കുന്ന മറിയയെ കണ്ട് അയാള്‍ ഒരു നിമിഷം നിന്നു. അയാളെ കണ്ട് ചേടത്തിഎഴുന്നേറ്റു. തെറുത്ത വിളക്കത്തിരി എണ്ണയില്‍ ഇട്ട് അറ്റം ഞെക്കി മറിയചേടത്തി വിളക്ക് കത്തിച്ചു. വിളക്കിന്റെ വെളിച്ചം വീട്ടില്‍ പരന്നു. അടുക്കളയില്‍ പാത്രങ്ങള്‍ കിലുങ്ങി തുടങ്ങിയപ്പോള്‍ അയാളും അടുക്കളയിലേക്ക് കയറി. അരി തിളച്ച് അടപ്പ് വീണതും കഞ്ഞിവെള്ളം അടുപ്പിലേക്ക് ഒഴുകിതീ കെടുന്നതെല്ല്ലാം കണ്ടിട്ടും മറിയാമ്മചേടത്തി ഇളക്കികൊണ്ടിരുന്ന ചീനിപാത്രത്തിന്റെ മുന്നില്‍ നിന്ന് എഴുന്നേറ്റില്ല. കിണറ്റുകരയില്‍ നിന്ന്കയറിവന്ന മത്തായിമാപ്പിള അടുപ്പിലെ വിറക് ഇളക്കി കനലുകള്‍ ഊതിക്കത്തിച്ചു. കൊരണ്ടിയില്‍ ഇരുന്ന് തുടുപ്പുകൊണ്ട് ചീനി ഇളക്കുന്നഅവളുടെ ശരീരചലനങ്ങളില്‍ കണ്ണ് ഉടക്കി നില്‍ക്കാതിരിക്കാന്‍ അയാള്‍ അടുക്കളയില്‍ നിന്ന് ഇറങ്ങി.

വര്‍ഷങ്ങള്‍ കഴിഞ്ഞു. കാലം തെറ്റിവരുന്ന മഴയും തണുപ്പും ഉഗ്രചൂടും മത്തായിമാപ്പിളയിലും മറിയചേടത്തിയിലും മാറ്റങ്ങള്‍ വരുത്തി. വടികുത്തിയും കൂനിപ്പിടിച്ചും ഒക്കെ അവര്‍ കഴിഞ്ഞുകൂടി. കാലം തെറ്റിവന്ന ഒരു കാലവര്‍ഷരാത്രിയില്‍ മറിയചേടത്തി മരിച്ചു. ദൈവത്തേയും പള്ളിയേയും ധിക്കരിച്ചവരായതുകൊണ്ട് മറിയച്ചേടത്തിക്ക് പള്ളിയില്‍ സ്ഥലം ഇല്ലായിരുന്നു. കര്‍ത്താവിന്റെ ഏഴാം പ്രമാണം ലംഘിച്ച് വ്യഭിചാരംചെയ്തവള്‍ക്ക് എങ്ങനെയാണ് പള്ളിപ്പറമ്പില്‍ അല്പം സ്ഥലം കൊടുക്കുന്നത്? തന്റെ പറമ്പില്‍ എടുത്ത കുഴിയില്‍ അവളെ ഇറക്കിവയ്ക്കുമ്പോള്‍ അയാള്‍ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു. അയാള്‍ കരയുന്നത് ആളുകള്‍ ആദ്യമായിട്ട് കാണുകയായിരുന്നു. ഇരുട്ടിന് കനംവച്ച് തുടങ്ങിയപ്പോള്‍ ഓരോരുത്തരായി പിരിഞ്ഞു.അവസാനം അയാള്‍ മാത്രമായി. അവളെ അടക്കിയ മണ്ണിന്റെ മുന്നില്‍ഇരുന്ന് അയാള്‍ കരഞ്ഞു. ഇരുട്ടിന് കനംവച്ച് തുടങ്ങിയപ്പോള്‍ അയാള്‍ എഴുന്നേറ്റ് കുന്നിറങ്ങി. കുന്നില്‍ ചരുവിലെ പള്ളിയിലെ കുരിശിലെ നിയോണ്‍ വിളക്ക് തെളിഞ്ഞുകിടക്കുകയായിരുന്നു. അയാള്‍ വേച്ച്‌വേച്ച് പള്ളിക്കകത്തേക്ക് കയറി. കുമ്പസാരക്കൂടിനുമുന്നില്‍ അയാള്‍ഇരുന്നു. പള്ളി അടയ്ക്കാന്‍ വന്ന കൊച്ചച്ചന്‍ അയാളെ കണ്ടു. 

”എനിക്കൊന്നു കുമ്പസാരിക്കണം അച്ചോ?”
മത്തായി മാപ്പിളയുടെഅപേക്ഷയുടെ സ്വരം കൊച്ചച്ചന് നിഷേധിക്കാന്‍ ആവുമില്ലായിരുന്നു. കുമ്പസാരക്കൂട്ടിലെ അഴിയിലേക്ക് ചുണ്ടുകള്‍ ചേര്‍ത്ത്അയാള്‍ മന്ത്രിച്ചു തുടങ്ങി.
v>
“അച്ചോ അവളുപാവമായിരുന്നു,അവളൊരു പ്രമാണവും ലംഘിച്ചിട്ടില്ല, ഇഷ്ടപെട്ട ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയി എന്ന ഒരൊറ്റ തെറ്റു മാത്രമേ അവളു ചെയ്തിട്ടുള്ളു. അവളോടു നാട്ടുകാര് എന്തൊക്കയാ ചെയ്തതാ, എന്റെ കൂടെ വന്ന് പൊറുതി തുടങ്ങുന്നതുവരെ ഒരൊറ്റരാത്രിയിലും അവളൊറങ്ങിയിട്ടില്ലായിരുന്നു... കര്‍ത്താവിന്റെ പ്രമാണങ്ങളെ കെട്ടിപ്പിടിച്ചുകിടക്കുന്നവര്‍ വരെ അവളെകെട്ടിപ്പിടിച്ച് കിടക്കാന്‍ രാത്രിയില്‍ അവളുടെ വാതിക്കല്‍മുട്ടിയച്ചോ.... അച്ചനറിയോ, ഒരുകൂരയ്ക്ക് കീഴില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരേകിടക്കയില്‍ കിടന്നുറങ്ങിയിട്ടും ഞാനവളെ കാമത്തോടെനോക്കുകയോ തൊടുകയോ ചെയ്തിട്ടില്ല. അവളെന്നേയും തൊട്ടിട്ടില്ല....ഞങ്ങള്‍ക്ക് അങ്ങനെ ഒരു വിചാരവും തോന്നിയിട്ടില്ല... അച്ചനറിയോ, രാത്രിയില്‍ വാതുക്കല്‍ മുട്ടുന്നവരുടെ മുന്നില്‍ വെട്ടുകത്തിയുമായി വാതില്‍ തുറന്ന അവള്‍ എല്ലാവരോടും എന്തുവാ പറഞ്ഞതന്ന് അറിയാമോ? പകല്‍‌വെളിച്ചത്തില്‍ വന്ന് വിളിച്ചാല്‍ വിളിക്കുന്നവന്റെ കൂടെ ചെല്ലാമന്ന്.. ഒരൊറ്റ പട്ടിയും പകല്‍‌വെട്ടത്തില്‍ അവളുടെ വീട്ടിലോട്ട്ചെന്നിട്ടില്ല.....” മത്തായിമാപ്പിളയുടെ കിതച്ചിലില്‍ അയാളുടെ ശബ്ദ്ദം പതറി.
“പിന്നെങ്ങനാ മത്തായിമാപ്പിളയുടെ കൂടെ മറിയചേടത്തി താമസിക്കാന്‍ തുടങ്ങിയത് ?” കൊച്ചച്ചന്‍ ചോദിച്ചു. 

മത്തായിമാപ്പിള ശ്വാസം ആഞ്ഞുവലിച്ചു....
“അച്ചോ,അതു ഞാന്‍ പറയത്തില്ല.. ഒരിക്കലും അത് ആരോടും പറയത്തില്ലന്ന് ഞങ്ങള്‍ പരസ്പരം സത്യം ചെയ്തതാ... കൊച്ചച്ചനറിയാമോ,മരിച്ചുപോയനമ്മുടെ വല്യച്ചന്റെ നെറ്റിയിലെ പാട് എന്തായിരുന്നുവെന്ന്... മറിയാമ്മ വെട്ടുകത്തികൊണ്ട് വെട്ടിയതാ... എന്തിനാണന്നോ? ഇരുട്ടിന്റെ മറവിൽ അവളോടൊത്ത് കിടക്കണമെന്ന് വല്യച്ചന് ആശ . കുപ്പായം ഊരിയിട്ട് നാലാൾ കാൺകെ ചെന്ന് വിളിച്ചാൽ ജീവിതാവസാനം വരെ കൂടെ കിടക്കാൻ സമ്മതമാണന്ന് അവൾ പറഞ്ഞു. അച്ചന് അത് പറ്റത്തില്ലന്ന് . ഇരുട്ട് വീണ് തുടങ്ങുമ്പോൾ ആരും കാണാതെ മാത്രം അയാൾക്ക് അവൾക്ക് വേണമെന്ന്. ജീവൻപോയാലും സമ്മതിക്കില്ലന്ന് അവൾ പറഞ്ഞു. ഒരു ദിവസം അച്ചൻ അവളെ കീഴടക്കാൻ കയറിപ്പിടിച്ചു. കൈയ്യെത്തി പിടിച്ച കൊടൂവാൾ എടുത്ത് അവൾ വീശി.... എന്നിട്ടെന്താ,വല്യച്ചന് പള്ളിമുറ്റത്ത് ശവക്കല്ലറ പണിതുകൊടുത്തു നിങ്ങള്‍, കെട്ടിയവനെ അല്ലാതെ വേറെ ഒരുത്തനേയും തൊടാത്ത എന്റെ മറിയാമ്മ വ്യഭിചാരണി.. തെമ്മാടിക്കുഴിപോലും അവൾക്ക് കൊടുത്തില്ല. അവളെ ഞാൻ എന്റെ കണ്ണെത്തും ദൂരത്തു തന്നെ ഞാൻ അവളെ അടക്കിയച്ചോ.അച്ചനറിയാമോ നാപ്പത്തഞ്ചുകൊല്ലം മുമ്പ് മരിച്ചുപോയ എന്റെ കെട്ടിയവള്‍ അന്നാമ്മയെ മാത്രമേ ഞാന്‍ .....” ഇടയ്ക്ക് പറഞ്ഞ് നിര്‍ത്തി അയാൾ കുമ്പസാരക്കൂട്ടിൽ നിന്ന് എഴുന്നേറ്റു. പാപപരിഹാര പ്രാര്‍ത്ഥനകള്‍ക്ക് ഒന്നും നില്‍ക്കാതെ മത്തായിമാപ്പിള  പള്ളിവിട്ട് കുന്നിന്‍ പുറത്തെ തന്റെ വീട്ടിലേക്ക് പോയി.

അയാള്‍ വീടിനകത്തേക്ക് കയറി. അവള്‍ വന്ന് കയറിയതില്‍ പിന്നെ ഒരിക്കല്‍ പോലും അവളില്ലാത്ത ഒരു രാത്രിയും ഈ വീട്ടില്‍ ഉണ്ടായിട്ടില്ല. അയാള്‍ കട്ടിലില്‍ കയറിക്കിടന്നു. കട്ടിലില്‍ തന്റെ ഇടതുവശം ശൂന്യമാണ് എന്നത് അയാളെ വേദനിപ്പിച്ചു. ഒരു കൊച്ചു കുഞ്ഞിനെപ്പോലെഅയാള്‍ പൊട്ടിക്കരഞ്ഞു. മുറിയില്‍ അവളുടെ മണം നിറയുന്നതായി അയാള്‍ക്ക് തോന്നി.അവള്‍ നടക്കുന്ന ശബ്ദ്ദം കേള്‍ക്കുന്നുണ്ടോ? ഉണ്ട് അവളുടെ മണം മുറിയില്‍ ഉണ്ട്... ആരോടിന്നില്ലാതെ അയാള്‍ പറഞ്ഞുതുടങ്ങി.
”മറിയേ,കൊച്ചച്ചന്‍ ചോദിച്ചിട്ടും ,ഞാന്‍ നിന്നെ വിളിച്ചുകൊണ്ടൂവന്നതിന്റെ തലേ രാത്രിയില്‍ എന്താണ് സംഭവിച്ചതന്ന് മൊത്തമായി ഞാന്‍ പറഞ്ഞില്ല. എനിക്കന്ന് പാടവരമ്പത്തൂടെ വരാന്‍ തോന്നിയില്ലായിരുന്നങ്കില്‍ നീ അന്നു തന്നെ മരിക്കുമായിരുന്നുവെന്ന് നീ പറഞ്ഞിട്ടില്ലേ... നീ വല്യച്ചന്റെ നേരെ വെട്ടുകത്തിവീശുന്നത് ഞാന്‍ കണ്ടതാ... പകല്‍‌വെളിച്ചത്തില്‍വന്ന് വിളിക്കുന്നവന്റെ കൂടെ മാത്രമേ ചെല്ലത്തുള്ളൂ എന്ന് നീ പറഞ്ഞത് ശരിയാ... അന്ന് രാത്രിയില്‍ ഞാന്‍ നിന്റെ വീടും നോക്കി കുന്നിന്‍ ചരുവില്‍ തന്നെയുണ്ടായിരുന്നു. ഞാന്‍ നിന്നെ വിളിച്ചുകൊണ്ട് വരുമ്പോള്‍ ഒന്നേ പറഞ്ഞുള്ളു, ആരേയും പേടിക്കാതെ നിനക്ക് കിടന്നുറങ്ങാം എന്ന് ...അന്ന് നടന്നത് നമ്മള്‍ക്ക് രണ്ട്‌പേര്‍ക്ക് മാത്രമേ അറിയൂ... നമ്മളിപ്പോള്‍ ഏഴാം പ്രമാണം ലംഘിച്ചവരാണ് ...”

മുറിയില്‍ അവളുടെ മണം കൂടുതല്‍ കൂടുതല്‍ വ്യാപിക്കുന്നതായി അയാള്‍ക്ക് തോന്നി.അവള്‍ക്ക് താനില്ലാതെ ഉറങ്ങാന്‍ പറ്റുമോ? തനിക്കും. അവള്‍ വീട്ടില്‍വന്ന് കയറിയതില്‍ പിന്നെ ആദ്യമായി അയാള്‍ കിടക്കയുടെ ഇടതുവശത്തേക്ക് കൈകള്‍ കൊണ്ടുപോയി. ഇടതുവശത്തേക്ക് തിരിഞ്ഞു കിടന്നു. ശൂന്യമായ ഇടതുവശത്തുനിന്ന് അവളുടെ മണം ഒഴുകിപരക്കുകയാണ്.അയാള്‍ ആ മണം കൂടുതല്‍ കൂടുതല്‍ അകത്തേക്ക് വലിച്ചു. അവളുടെ മണം തന്റെ ശരീരത്തില്‍ നിന്ന് ഒരിക്കലും നഷ്ടപെടരുത് .. അവളുടെ മണത്തില്‍ അയാള്‍ അലഞ്ഞുചേരുന്നു.......

Monday, August 11, 2008

www.വാവാമാളു.കോം (www.vavamalu.com) : നീണ്ടകഥ

(www.vavamalu.com ല്‍ ക്ലിക്ക് ചെയ്തു നോക്കേണ്ട...എല്ലാം സാങ്കല്പികമാണ് )
സിറ്റി ഹോസ്പിറ്റലിലെ നാനൂറ്റി പന്ത്രണ്ടാം നമ്പര്‍ മുറിയിലെ ജനാലയില്‍ കൂടി വെളിയിലേക്ക് നോക്കിപാര്‍വതി നിന്നു.നഗരത്തിന്റെ തിരക്ക് അവളുടെ കണ്ണില്‍ പ്രതിഫലിച്ചില്ല.നാലുവര്‍ഷങ്ങള്‍ക്ക് മുമ്പ്അവള്‍ നഗരത്തിന്റെ തിരക്കില്‍ അലിഞ്ഞ് ചേരാന്‍ ആഗ്രഹിച്ചിരുന്നു. ആഗ്രഹമായിരുന്നില്ല. നഗരത്തിന്റെതിരക്കിന്റെ ഭാഗംതന്നെ ആയിരുന്നു അവള്‍.ഒരിക്കല്‍ മോഹിപ്പിച്ചിരുന്ന നഗരത്തിന്റെ തിരക്ക് അവളില്‍ഇപ്പോള്‍ വീര്‍പ്പുമുട്ടല്‍ ഉണ്ടാക്കുന്നു.നഗരത്തിലെ തിരക്കില്‍ നിന്ന് കണ്ണുകള്‍ പിന്‍‌വലിച്ച് അവള്‍ കസേരയില്‍വന്നിരുന്നു.ടേബിളിലെ വച്ചിരുന്ന ഫ്ലാസിക്കില്‍ നിന്ന് ചായ കപ്പിലേക്ക് ഒഴിച്ചു.മേശപ്പുറത്ത് നിന്ന് ‘ദി ഹിന്ദു’എടുത്ത് ഓടിച്ചുനോക്കി.എഡിറ്റോറിയില്‍ പേജിലെ ഫീച്ചറില്‍ അവളുടെ കണ്ണുകള്‍ തടഞ്ഞു.യൂനിസഫിന്റെഅവാര്‍ഡ് നേടിയ ഒരു വെബ്‌സൈറ്റി നെക്കുറിച്ചുള്ള ഒരു ഫീച്ചറായിരുന്നു അത് , http://www.vavamalu.com/ .വെബ്‌സൈറ്റിന്റെ ഹോംപേജിന്റെ ചിത്രവും അതില്‍ കൊടുത്തിരുന്നു.ഒരു പെണ്‍കുഞ്ഞിന്റെ പുഞ്ചിരിക്കുന്ന ചിത്രം.ആ കുഞ്ഞില്‍ അവളുടെകണ്ണ് ഉടക്കിനിന്നു.ഒരു പെണ്‍കുട്ടി ഗര്‍ഭിണി ആകുന്നതുമുതല്‍ കുഞ്ഞിന്റെ ഓരോ വളര്‍ച്ചാഘട്ടങ്ങളുംകുഞ്ഞുങ്ങളെ എങ്ങനെ വളര്‍ത്തണമെന്നുമുള്ള വിശദ വിവരങ്ങളായിരുന്നു ആ സൈറ്റ് .അവള്‍ ആ ഫീച്ചര്‍വായിക്കാന്‍ തുടങ്ങി. അറിയാതെ അവളുടെ കണ്ണ് നിറഞ്ഞു.ഫീച്ചറിന്റെ അവസാനഭാഗത്ത് വെബ്‌സൈറ്റ് ഉണ്ടാക്കിയ ആളെക്കുറിച്ചുള്ള വിവരണവും ഉണ്ടായിരുന്നു.

ഡോര്‍ബെല്‍ ശബ്ദ്ദിച്ചപ്പോള്‍ കണ്ണുകള്‍ തുടച്ച് അവള്‍ കതക് തുറന്നു.വാതിക്കല്‍ പ്രസന്നമായ ചിരിയോടെഡോക്ടര്‍ അനുപമ.പാര്‍വതിയുടെ കണ്ണുകളിലെ ചുവപ്പ് അനുപമ തിരിച്ചറിഞ്ഞു. “ഈശ്വരന്റെ നിശ്ചയങ്ങള്‍തടുക്കാന്‍ ആവില്ല പാര്‍വതീ നമുക്ക് “അനുപമയുടെ ആശ്വാസവചനങ്ങള്‍ അവളില്‍ കുറ്റബോധത്തിന്റെകൂരമ്പകളായി പതിച്ചു.ഈശ്വരനിശ്ചയം തട്ടിത്തെറിപ്പിച്ചതിന്റെ ശിക്ഷയാണോ താനിപ്പോള്‍ അനുഭവിക്കുന്നത്?ഒന്നും വേണ്ടായിരുന്നു.തന്റെ സ്വപ്നങ്ങള്‍ക്ക് വിലയായി നല്‍കേണ്ടിവന്നത് തന്റെ ജീവിതം തന്നെയല്ലേ?താനൊന്നും നേടിയില്ല.തന്റെ ജീവിതം ഇപ്പോള്‍ പൂജ്യമാണ്.വലിയ ഒരു പൂജ്യം.

പാര്‍വതി കട്ടിലില്‍ വന്ന് കിടന്നു.ശബ്ദ്ദത്തോടെ കറങ്ങുന്ന ഫാനിന്റെ കാറ്റില്‍ ജനാലയിലൂടെ താഴേക്ക്പറന്നുപോയിരുന്നെങ്കില്‍.... ഓരോ ശബ്ദ്ദവും തന്നെ ഭയപ്പെടുത്തുന്നു.അടുത്തമുറിയില്‍ നിന്ന് ഒരു കുഞ്ഞിന്റെകരച്ചില്‍ കേള്‍ക്കുന്നു.ആരോ പാട്ടുപാടി കുഞ്ഞിനെ ഉറക്കാന്‍ ശ്രമിക്കുന്നു. പക്ഷേ കുഞ്ഞ് കരച്ചില്‍ നിര്‍ത്തുന്നില്ല.കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍ പാര്‍വതി ചെവികള്‍ പൊത്തി.കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍ജനാലയില്‍ക്കൂടി പുറത്തേക്ക് ചാടിയാലോ എന്നുപോലും അവള്‍ ചിന്തിച്ചു.ഇല്ല തനിക്ക് ഈ കരച്ചിലില്‍ നിന്ന്രക്ഷപെടാന്‍ സാധിക്കുകയില്ല. ജീവിതാവസാനംവരേയും ഈ കരച്ചില്‍ തന്നെ വേട്ടയാടും.അവള്‍ തന്റെ അടിവയറിലേക്ക്കൈകള്‍ കൊണ്ടുവന്നു.ഒരിക്കല്‍ തന്റെ ഗര്‍ഭപാത്രത്തിലും ജീവന്റെ ഒരു തുടിപ്പ് ഉണ്ടായിരുന്നു. കൊടിലുകളുടെശബ്ദ്ദം..രാക്ഷസകൈകള്‍ പോലെ ജീവനെ ഞെരിഞ്ഞമര്‍ത്താന്‍ കൊടിലുകള്‍ ഗര്‍ഭപാത്രത്തിലേക്ക് .... വീണ്ടും കുഞ്ഞ് കരയുന്ന ശബ്ദ്ദം.അവളുടെ കണ്ണ് നിറഞ്ഞൊഴുകി.കണ്ണുകള്‍ അടച്ചു അവള്‍ കിടന്നു.രൂപമില്ലാത്ത ഒരുകുഞ്ഞിന്റെ നിലവിളി അവളുടെ കാതില്‍ മുഴങ്ങി.അവള്‍ കിടക്കയില്‍ നിന്ന് ചാടി എഴുന്നേറ്റു.

വീണ്ടും അവള്‍ പത്രം എടുത്തു.വെബ്‌സൈറ്റ് നിര്‍മ്മിച്ച ആളുടെ അഡ്രസ്സിലെ ഫോണ്‍ നമ്പരിലേക്ക് അവള്‍വിളിക്കാന്‍ ശ്രമിച്ചു.ഫോണ്‍ സ്വിച്ച് ഓഫ് ആണ് .എത്രയും പെട്ടന്ന് തനിക്കയാളെ ഒരിക്കല്‍ കൂടി കാണണം.ഒരിക്കല്‍ തനിക്കയാള്‍ എല്ലാമായിരുന്നു.കുറച്ചുനാളുകളേ ആയാളോടൊത്ത് കഴിഞ്ഞുള്ളു വെങ്കിലും ജീവിതാവസാനംവരെ ഓര്‍മ്മിക്കാനുള്ള നല്ല നിമിഷങ്ങള്‍ മാത്രം തന്നവന്‍ .പക്ഷേ ...വിധി !വിധി അല്ല ..എല്ല്ലാം തന്റെ സ്വാര്‍ത്ഥതആണ് .ലോകം വെട്ടിപ്പിടിക്കാനുള്ള വെമ്പലില്‍ തനിക്ക് നല്‍കേണ്ടിവന്നത് ജീവിതമാണ് .ഒരിക്കലും തിരിച്ചുകിട്ടാനാവാത്തവിധം തരിപ്പണമായ ജീവിതം.അവള്‍ വീണ്ടും അയാളുടെ നമ്പര്‍ ഡയല്‍ ചെയ്തു.ഫോണ്‍ബെല്ലടിക്കുന്നുണ്ട്.

“ഹലോ..”ഒരു കുഞ്ഞിന്റെ ശബ്ദ്ദം.അവള്‍ ഒന്നും പറയാതെ നിന്നു.

“ഹലോ..ആരാവിളിക്കുന്നത് ?... ഇത ഞാനാ വാവാമാളൂ...അച്ഛന്‍ കിച്ചനിലാ ......”.

”സോറി,റോംങ്ങ് നമ്പര്‍ “അവളങ്ങനെപറഞ്ഞുകൊണ്ട് കോള്‍ കട്ട് ചെയ്തു.

മാളു !!!

ഇതുതന്നെ ആയിരുന്നല്ലോ ജിനോ തങ്ങളുടെ കുഞ്ഞിന് ഇടണമെന്ന്തന്നോട് എപ്പോഴും പറയാറുള്ള പേര് .“എന്റെ പാറൂ ,മാളൂന്ന് വിളിക്കാന്‍ എന്താ രസം...മുടിഒക്കെ പിന്നിയിട്ട്നിന്നെപ്പോലെ ചിരിക്കുന്ന ഒരു കുഞ്ഞ്...അവളെ നമ്മുടെ നടുക്ക് കിടത്തി കെട്ടിപ്പിടിച്ചുറങ്ങാന്‍ എന്തായിരിക്കും രസം...” ജിനോയുടെ വാക്കുകള്‍ കാതില്‍ മുഴങ്ങുന്നു...മാളുവും ജിനോയും ഒക്കെ തന്നില്‍ നിന്ന് ഒരുപാട് അകലെആയിരിക്കുന്നു.ഒരിക്കലും വിളക്കിച്ചേര്‍ക്കാനാവാത്ത കണ്ണികള്‍ പോലെ താനും ജിനുവും അകന്നിരിക്കുന്നു.ഇനിവയ്യ...ജിനുവിനെ കാണാതിരിക്കാന്‍ വയ്യ.....എത്രയും പെട്ടന്ന് അവനെ കാണണം...വെറുതെ ഒന്നു കാണാന്‍വേണ്ടി മാത്രം....അവള്‍ പത്രത്തിലെ ഫീച്ചറില്‍ നിന്ന് അയാളുടെ അഡ്രസ്സ് കീറിയെടുത്തു.അവള്‍ വണ്ടിയുടെതാക്കോലും എടുത്ത് കൊണ്ട് വെളിയിലേക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ മുന്നില്‍ അനുപമ.

”നീ എങ്ങോട്ടാണ് പോകുന്നത് ?”അനുപമയുടെ ചോദ്യത്തിന് ഉടനെ വരാം എന്ന് അവള്‍ മറുപിടി പറഞ്ഞു.
”അധികം സ്‌ട്രയിന്‍എടുക്കേണ്ട..”എന്ന് അനുപമയുടെ ഓര്‍മ്മപ്പെടുത്തല്‍ കേട്ടില്ലന്ന് നടിച്ച് അവള്‍ ഇറങ്ങി.

നഗരത്തിലെ തിരക്കിലൂടെ അയാളുടെ അഡ്രസ്സ് തേടി വണ്ടി ഡ്രൈവ് ചെയ്യുമ്പോള്‍ അവളുടെ മനസ്സ് പുറകിലേക്ക് പാഞ്ഞു.

ജിയോ ഇന്‍ഫോടെക് ! കണ്ണാടികൂട്ടില്‍ എസിയുടെ തണുപ്പിലും തന്റെ മുന്നില്‍ ഇരുന്ന് വിയര്‍ക്കുന്ന അയാളെ പാര്‍വതി നോക്കി.

“ലുക്ക്,മിസ്റ്റ്‌ര്‍.ജിനോ,ഞാന്‍ നിങ്ങളുടെ പ്രൊജക്ട് ലീഡറാണ് .നിങ്ങള്‍ വരുത്തുന്ന ഓരോ ബഗ്ഗിനും ഞാനാണ്ഉത്തരം പറയേണ്ടത് ...നിങ്ങള്‍ക്ക് കുറച്ചുകൂടി ശ്രദ്ധിച്ചാല്‍ എന്താണ് ?കുറേ നാളായല്ലോ ഈ പരിപാടി തുടങ്ങിയിട്ട് ഇത്തരം ചെറിയ എറര്‍ പോലും ഇല്ലാതാക്കി ചെയ്യാന്‍ പറ്റുന്നില്ലങ്കില്‍.....”

അയാള്‍ ഒന്നും പറയാതെ തന്റെക്യാബിനില്‍ നിന്ന് എഴുന്നേറ്റ് പോയി അയാളുടെ ക്യാബിനിലേക്ക് പോയി ഇരിക്കുന്നത് അവള്‍ കണ്ടു.അയാള്‍പോയി കഴിഞ്ഞതിനു ശേഷമാണ് അത്രയ്ക്ക് ഒന്നും പറയേണ്ടിയിരുന്നില്ലന്ന് തോന്നിയത്.അയാള്‍ ഓണ്‍ലൈനില്‍ഉണ്ടോ ഒന്ന് അവള്‍ നോക്കി.ഇല്ല സൈന്‍ ഔട്ട് ചെയ്തിരിക്കുന്നു.അവള്‍ വേഗം മൊബൈല്‍ എടുത്ത് ഒരു മെസ്സേജ് ടൈപ്പ് ചെയ്തു അയാളുടെ സെല്ലിലേക്ക് അയച്ചു.”സോറി.ജിനോ..”.അയാള്‍ ക്യാബിനില്‍ നിന്ന് എഴുന്നേറ്റ് പോകുന്നത്അവള്‍ കണ്ടു.

ലഞ്ച് കഴിഞ്ഞിട്ടും ജിനോ തിരിച്ചെത്തിയില്ല.അവള്‍ ഡെയ്‌ലി ഷീറ്റ് എടുത്ത് നോക്കി.ജിനോ ഹാഫ് ഡേലീവ്എടുത്തിട്ടുണ്ട്.അവള്‍ അയാളുടെ സെല്ലിലേക്ക് വിളിച്ചുനോക്കി.റിംങ്ങ് ചെയ്യുന്നുണ്ടങ്കിലും എടുക്കുന്നില്ല.അവള്‍ തന്റെക്യാബിനില്‍ നിന്ന് എഴുന്നേറ്റ് ജിനോയുടെ ക്യാബിന്റെ അടുത്ത ക്യാബിലേക്ക് ചെന്നു.

“ജിനോ എന്തേ ലീവ് എടുത്തത് ?”അവള്‍ ചോദിച്ചു.

“മാഡം പറഞ്ഞത് അവന് ഫീല്‍ ചെയ്തിട്ടുണ്ട് ...ഇവിടെ ഇരുന്നാലും ഒന്നും ചെയ്യാന്‍ പറ്റത്തില്ലന്ന്പറഞ്ഞ് ലീവ് എടുത്തതാ...”

“റൂമിലേക്കാണോ പോയത് ?”

“റൂമിലോട്ടാവാന്‍ വഴിയില്ല.... മറൈന്‍ ഡ്രൈവില്‍ കാണും ...”

അവള്‍ തിരിച്ച് തന്റെ ക്യാബിനില്‍ വന്നിട്ട് പ്രൊജ്‌ക്ട് മാനേജരെ വിളിച്ച് താന്‍ ഹാഫ് ഡേ ലീവ് എടുക്കുകയാണന്ന് പറഞ്ഞു.സിസ്റ്റം ഡൌണ്‍ ചെയ്ത് അവള്‍ എഴുന്നേറ്റു.മറൈന്‍ ഡ്രൈവിലെ തിരക്കില്‍ നിന്നൊഴിഞ്ഞ് കായലിന്റെ കല്‍ക്കെട്ടില്‍ഇരുന്ന് നങ്കൂരമിട്ട്കിടക്കുന്ന കപ്പലിലേക്ക് നോക്കി ഇരിക്കുന്ന ജിനോയെ കണ്ടു.

കൂടുതല്‍ കൂടുതല്‍ പരിചയപ്പെടുമ്പോള്‍ തന്റെ മനസ്സിലേക്ക് ജിനോ കൂടുതല്‍ കൂടുതല്‍ അടുക്കുകയാ ണന്ന് പാര്‍വതിക്ക്മനസ്സിലായി.

”തനിക്ക് വട്ടാ പാര്‍വതീ...നിനക്കീ ലോകത്തെക്കുറിച്ച് ഒന്നും അറിയില്ല.. അതെങ്ങനാ.. ബിടെക്കിന്പഠിക്കുമ്പോള്‍ തന്നെ കമ്പിനിയില്‍ കയറിയതല്ലേ...നീ എന്നെങ്കിലും പത്തമ്പത് മനുഷ്യരെ ഒരുമിച്ച് കണ്ടിട്ടുണ്ടോ?വീട് വിട്ടാല്‍ കമ്പിനി..കമ്പിനി വിട്ടാല്‍ വീട്..ഇതല്ലേ നിന്റെ ലോകം..നീ ഞങ്ങളെ ഇട്ട് ചാടിക്കുന്നതുപോലെയല്ല ജീവിതം..”

ജിനോയുടെ കാഴ്ചപ്പാടിലൂടെ തന്റെ ലോകവും മാറുകയായിരുന്നു.

“എന്റെ പൊന്നേ ,ഡേറ്റാബേസ് ഡിസൈന്‍ ചെയ്ത്ഫ്ലോചാര്‍ട്ടും വരച്ച് കോഡ് എഴുതി എററും തിരുത്തി ഇപ്ലിമെന്റേഷന്‍ ചെയ്യുന്നതുപോലെയല്ല ജീവിതം...ജീവിതത്തില്‍എറര്‍ അടിച്ചു കഴിഞ്ഞാല്‍ അത് മാറ്റാന്‍ ഭയങ്കരപാടാ....”.

”പാറൂ ,നമ്മളുതമ്മില്‍ ഒരിക്കലും ചേരത്തില്ല...“മട്ടാഞ്ചേരിയിലെചീനവലകളും നോക്കി ഇരിക്കുമ്പോഴാണ് ജിനോ പറഞ്ഞത് .

”ജിനോയ്ക്ക് എന്നെ ഇഷ്ടമല്ലങ്കില്‍ അതുപറഞ്ഞാല്‍ മതി?”താന്‍ ദേഷ്യപ്പെട്ടു.

“ഇതു തന്നെയാണ് ഞാന്‍ പറഞ്ഞത് നമ്മളുതമ്മില്‍ ചേരത്തില്ലന്ന് ...എന്തുപറഞ്ഞാലും താന്‍ ദേഷ്യപ്പെടും..ഓലപ്പീപ്പി ഊതി നടക്കേണ്ട സമയത്ത് കമ്പ്യൂട്ടറില്‍ ഇരുന്ന് കളിച്ചതിന്റെ കുഴപ്പമാ....”.താന്‍ എഴുന്നേറ്റ് കല്ലുപാകിയ വഴിയിലൂടെകടല്‍ത്തീരത്തുകൂടെ നടന്നു.ജിനോ തന്റെ കൂടെ വരുമെന്ന് അറിയാമായിരുന്നു.

നാലഞ്ചുമാസങ്ങള്‍ക്ക് ശേഷം വിവാഹം.വീട്ടില്‍ അറിഞ്ഞപ്പോള്‍ വലിയ ബഹളം.ഡാഡിയും മമ്മിയും ഇങ്ങനെയൊരുമോളില്ലന്ന് വരെ പറഞ്ഞു.ജിനോയുടെ വീട്ടിലെ എതിര്‍പ്പ് ഒരാഴ്ചയേ ഉണ്ടായുള്ളു. കുറച്ചുനാളുകള്‍ക്ക് ശേഷം തന്റെ ഡാഡിയുംമമ്മിയും കാണാന്‍ എത്തി. ആറുമാസ ത്തോളം ഒരു പ്രശ്നവും ഇല്ലാതെ ജീവിതം മുന്നോട്ട് നീങ്ങി.ജിനോ പുതിയ കമ്പിനിയിലേക്ക്മാറി.താന്‍ പ്രെഗ്‌നന്റ് ആണന്ന് അറിഞ്ഞ ദിവസം ജനാലയില്‍ക്കൂടി വരുന്ന നിലാവെളിച്ചത്തില്‍ കിടക്കുമ്പോള്‍ ജിനോപറഞ്ഞു..

“ഇത് പെണ്‍കുട്ടി ആയിരിക്കും.നമുക്കിതിന് മാളൂന്ന് പേരിടണം. മാളൂന്ന് വിളിക്കാന്‍ എന്താ രസം...മുടിഒക്കെ പിന്നിയിട്ട്നിന്നെപ്പോലെ ചിരിക്കുന്ന ഒരു കുഞ്ഞ്...അവളെ നമ്മുടെ നടുക്ക് കിടത്തി കെട്ടിപ്പിടിച്ചുറങ്ങാന്‍ എന്തായിരിക്കും രസം...”ജിനോയുടെ വാക്കുകള്‍ തന്നെ സന്തോഷിപ്പിച്ചില്ല.

മൂന്ന് മാസങ്ങള്‍ക്ക് ശേഷം ജിനോ വരുമ്പോള്‍ താന്‍ ഫ്ലാറ്റില്‍ തന്നെഉണ്ടായിരുന്നു.അന്ന് രാ‍ത്രി കിടക്കു മ്പോള്‍ താന്‍ വിഷയം അവതരിപ്പിച്ചു.അമേരിക്കന്‍ ഡിഫന്‍സിന്റെ ഒരു പ്രൊജ്‌ക്ട്കമ്പിനിക്ക് കിട്ടിയി രിക്കുന്നു.ഇന്‍‌ഡ്യയിലെ ഒരു കമ്പിനിക്കും ഇങ്ങനെയൊരു ഓപ്പര്‍ച്യൂണിറ്റികിട്ടിയിട്ടില്ല.താനും ആ പ്രൊജ്‌ക്ട് ടീമില്‍ ഉണ്ട് .ജിനോ തന്നെ ഒന്നു നോക്കി.അതിന് തനെന്താ ചെയ്ത് തരേണ്ടത് എന്നാണ് അതിന്റെ അര്‍ത്ഥം.

“നമുക്കുടനെ ഒരു കുഞ്ഞ് വേണോ?നമുക്കിതിനെ അബോര്‍ട്ട് ചെയ്യാം.“പറഞ്ഞുതീരുന്നതിനുമുമ്പേ ജിനോ ചാടി എഴുന്നേറ്റ്തന്റെ മുഖത്ത് അടിച്ചു.

ജിനോ തന്നെയാണ് തന്റെ ഡാഡിയേയും മമ്മിയേയും വിളിച്ച് പറഞ്ഞത്.അവര്‍ രാത്രിയില്‍ തന്നെ ഓടിയെത്തി. അവരുടെ വാക്കുകളും താന്‍ ചെവിക്കൊണ്ടില്ല.തനിക്ക് വലുത് തന്റെ കരിയര്‍ തന്നെയാണന്ന് തീര്‍ത്ത് പറഞ്ഞപ്പോള്‍ജിനോ ഒന്നും പറയാതെ റൂം വിട്ടിറങ്ങി.അമേരിക്കന്‍ പ്രൊജ്‌ക്ടിനെക്കുറിച്ച് പത്രങ്ങളിലും ചാനലുകളിലും ഫീച്ചര്‍ വന്നു.അമേരിക്കയില്‍ എത്തിക്കഴിഞ്ഞ പ്പോഴാണ് താന്‍ തന്റെ ജീവിതമാണ് ഇല്ലാതാക്കിയതന്ന് മനസ്സിലാക്കിയത്.വീട്ടില്‍ നിന്ന് പോലും ഒരു ഫോണ്‍കോള്‍ എത്തുമെന്ന് കരുതി.അതുണ്ടായില്ല.വീട്ടിലേക്ക് വിളിക്കുമ്പോഴെല്ലാംതന്റെ ശബ്ദ്ദം ആണന്ന് ഉറപ്പാണങ്കില്‍ ഡാഡിയും മമ്മിയും ഫോണ്‍ കട്ടുചെയ്തു.മൂന്നരവര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കയില്‍നിന്ന് പ്രൊജ്‌ക്ട് തീര്‍ത്ത് മടങ്ങി.നാട്ടിലെത്തിയിട്ട് ഒരിക്കല്‍ പോലും ഡാഡിയും മമ്മിയും കാണാന്‍ എത്തിയില്ല.ജിനോയെക്കുറിച്ച് അറിയാവുന്നവര്‍ വഴി അന്വേഷിച്ചുവെങ്കിലും അവര്‍ക്കാ ര്‍ക്കും ജിനോയെക്കുറിച്ച് അറിയില്ലായിരുന്നു.അതോഅറിയാമായിരുന്നിട്ടും അവരെല്ലാം അറിയാത്ത ഭാവം നടിക്കുവായിരുന്നോ?കമ്പിനിയില്‍ എത്തിയപ്പോള്‍ പഴയ ആളുകള്‍ആരു ഇല്ല.എല്ലാം പുതിയ ആളുകള്‍..ജീവിതത്തോട് തന്നെ വെറുപ്പു തോന്നിത്തുടങ്ങി.

വയറ്റില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന വേദന അസഹനീയമായിത്തുടങ്ങിയപ്പോഴാണ് ഡോക്ടറെ കാണാന്‍ തീരുമാനിച്ചത്.പരിശോധനാഫലം വന്നപ്പോള്‍ ജീവിതം തന്നെ അവസാനിക്കുന്നതായി തോന്നി. യൂട്രസില്‍ ചെറിയ ഒരു ഗ്രോത്ത്.യൂട്രസ് ഓപ്പറേറ്റ് ചെയ്ത് മാറ്റുകമാത്രമാണ് പോംവഴി എന്ന് കേട്ടപ്പോള്‍ ജീവിതം അവസാനിക്കുന്നതായി തോന്നി.ഗര്‍ഭപാത്രത്തില്‍ ഉരുവായ ജീവനെ നശിപ്പിച്ചതിന് ദൈവം നല്‍കിയ ശിക്ഷയാണോ ഇത്.ഓപ്പറേഷന്‍ ടേബിളില്‍കിടക്കുമ്പോള്‍ ഒരിക്കലും ഇനി ജീവിതത്തിലേക്ക് മടക്കി വരത്തല്ലേ എന്ന് ഈശ്വരന്മാരോട് മനംനൊന്ത് പ്രാര്‍ത്ഥിച്ചുവെങ്കിലും അവര്‍ അത് കേട്ടില്ല.ജിനോയുടെ കാലുകളില്‍ വീണ് മാപ്പ് പറയാന്‍ ശ്രമിച്ചുവെങ്കിലും അതിനും കഴിഞ്ഞില്ല.

പത്രത്തില്‍ നിന്ന് കിട്ടിയ അഡ്രസ്സില്‍ പറഞ്ഞിരിക്കുന്ന ഫ്ലാറ്റില്‍ പാര്‍വതി എത്തി.ഫ്ലാറ്റുകളില്‍ നിന്ന് തിരക്കിട്ട്പുറത്തേക്ക് പോകുന്ന മുഖങ്ങളില്‍ പലതും തനിക്ക് പരിചിതമാണന്ന് അവള്‍ക്ക് മനസ്സിലായി. എല്ലാവരും മന:പൂര്‍വ്വം തന്നെ ഒഴിവാക്കുകയായിരുന്നു.അവള്‍ വരണ്ടചിരി ചുണ്ടുകളില്‍ വരുത്തിയെങ്കിലും തിരിച്ച് ഒരുചിരിയും ആരില്‍ നിന്നും കിട്ടിയില്ല.അഡ്രസിലെ ഫ്ലാറ്റില്‍ എത്തി അവള്‍ ബെല്ലടിച്ചു കാത്തുനിന്നു.

“ആരാ...”അകത്ത് നിന്ന് ഒരു പെണ്‍കുട്ടിയുടെ ശബ്ദ്ദം.അവള്‍ നിശബ്ദ്ദയായി കാത്തുനിന്നു.

ഡോര്‍തുറന്നുഒരു കൊച്ചുപെണ്‍കുട്ടി പുറത്തുവന്നു.അവളുടെ മുടി രണ്ട് വശത്തേക്കും പിന്നി ഇട്ടിരുന്നു.

“ആരാ....”അവള്‍ ചോദിച്ചു.

താന്‍ ആരാണന്ന് പറയാന്‍ പാര്‍വതിക്ക് അറിയില്ലായിരുന്നു.

“ആരാ മാളൂ ..?”അകത്ത് നിന്ന് കേള്‍ക്കുന്ന ശബ്ദ്ദം ജിനോയുടെ ആണന്ന് തിരിച്ചറിയാന്‍ പാര്‍വതിക്ക് ഒട്ടും സമയംവേണ്ടായിരുന്നു.

“മോടെ മമ്മിയുടെ കൂട്ടിരിക്കുന്ന ഒരാന്റിയാ പപ്പാ...”കൊച്ചുകുട്ടിവിളിച്ചുപറഞ്ഞു.

“ഇരിക്കാന്‍ പറ...പപ്പ ഇതാ വരുന്നു..”

“ആന്റി കയറി ഇരിക്ക് ...”കൊച്ചുകുട്ടി അവളെ അകത്തേക്ക് ക്ഷണിച്ചു.അവള്‍ അകത്തേക്ക് ഇരുന്നു.താന്‍ വെബ്‌സൈറ്റില്‍കണ്ട ഫോട്ടോ ഈ കുട്ടിയുടെ ആണന്ന് പാര്‍വതിക്ക് മനസ്സിലായി.
“മോടെ പേരെന്താ....?”പാര്‍വതി ചോദിച്ചു.

“മാളൂന്ന് .... എന്നെ എല്ലാവരും വിളിക്കുന്നത് വാവാമാളൂന്നാ....”കുഞ്ഞ് തന്റെ നിഷകളങ്കമായ ചിരിയോടെ പറഞ്ഞു.

പാര്‍വതി ഹാലിലെ ഭിത്തികളിലൂടെ കണ്ണുകള്‍ പായിച്ചു.ഭിത്തിയില്‍ കുഞ്ഞിന്റെ വിവിധ ഭാവത്തിലുള്ള ഫോട്ടോകള്‍.

“മോടെ മമ്മിയെന്തിയേ...?”പാര്‍വതിചോദിച്ചു.

“മമ്മി ജോലിക്ക് പോയി.... അങ്ങ് ദൂരയാ മാളൂന്റെ മമ്മിക്ക് ജോലി...ഞാന്‍ വേണമെങ്കില്‍ മമ്മിയുടെ ഫോട്ടോകാണിക്കാം...”.അവള്‍ കുണുങ്ങി കുണുങ്ങി അകത്തേക്ക് പോയി ഫോട്ടായുമായി വന്നു.ഒരു ഫോട്ടോ പാര്‍വതിക്ക്നേരെ നീട്ടി.അവളത് വാങ്ങി നോക്കി.

“മാളൂന്റെ കൂട്ടുകാരാ അത് ..”അവള്‍ ഫോട്ടോയിലേക്ക് നോക്കി.ഒരു കെട്ടിടത്തിന്റെ മുന്നില്‍ കുറേകുട്ടികള്‍ നില്‍ക്കുന്ന ഫോട്ടൊ.കെട്ടിടത്തിന്റെ ബോര്‍ഡിലെ ‘ഓര്‍ഫനേജ് ‘ എന്ന എഴുത്ത് തെളിഞ്ഞുകാണാമായിരുന്നു.

“ഇതാണെന്റെ മമ്മി...”കുഞ്ഞ് നീട്ടിയ ഫോട്ടോ അവള്‍ വാങ്ങി.
തന്റെ ഫോട്ടോ !!!!!!!!പാര്‍വതിയുടെ കണ്ണ് നിറഞ്ഞൊഴുകി.ഫോട്ടിയിലേക്ക് കണ്ണുനീര്‍ വീണു.

“ആന്റിയെന്തിനാ കരയുന്നത് ?”കുഞ്ഞിന്റെ ചോദ്യം കേട്ട് അവള്‍ കണ്ണുനീര്‍ തുടച്ചു.ഉയര്‍ന്നുവന്ന തേങ്ങലടികള്‍ ഉള്ളില്‍ ഒതുക്കി.

“ആന്റിയെ കണ്ടാല്‍ മാളൂന്റെ മമ്മിയുടെ കൂട്ടാ ഇരിക്കുന്നത്.... ആന്റിയുടെ പേരെന്താ..?”കുഞ്ഞിന്റെ ചോദ്യം

“പാര്‍വതി....”അവള്‍ ഇടറിയ സ്വരത്തില്‍ പറഞ്ഞു.

“എന്റെ മമ്മിയുടെ പേരും പാര്‍വതീന്നാ.....”അവള്‍ അകത്തേക്ക് ഓടി.

”പപ്പാ, മമ്മിയുടെ പേരുള്ള മമ്മിയെപോലിരിക്കുന്നആന്റിയാ വന്നത്.... പപ്പാ എവിടയാ...?” കുഞ്ഞ് അകത്തേക്ക് ഓടി.”വാ പപ്പാ...”അവള്‍ തന്റെ പപ്പായേയും വിളിച്ചുകൊണ്ട്വന്നു.ജിനോയെ കണ്ടുടനെ പാര്‍വതിക്ക് കരച്ചില്‍ നിയന്ത്രിക്കാന്‍ ആയില്ല.അയാളുടെ കണ്ണും നിറഞ്ഞു.

“എന്തിനാ നിങ്ങള്‍ കരയുന്നത്..?”കുഞ്ഞ് രണ്ടുപേരെയും മാറിമാറി നോക്കി, ജിനോയുടെ കൈകളില്‍ കയറി...

“മോടെ മമ്മിയാ അത്....”ജിനോ പാര്‍വതിക്ക് നേരെ ചൂണ്ടികൊണ്ട് പറഞ്ഞു..

“മോടെ മമ്മി..”അവള്‍ക്കത് വിശ്വാസമല്ലായിരുന്നു.പാര്‍വതി കുഞ്ഞിനു നേരെ കൈകള്‍ നീട്ടി.അയാല്‍ കുഞ്ഞിനെ അവള്‍ക്ക് നേരെ നീട്ടി.അവള്‍ അവളുടെ മുഖം ഉമ്മകള്‍ കൊണ്ട് പൊതിഞ്ഞു.
“എനിക്കറിയാമായിരുന്നു താനെന്നെങ്കിലും ഇവിടെ വരുമെന്ന് ....“ജിനോയുടെ വാക്കുകളില്‍ അവള്‍ക്ക് പിടിച്ച് നില്‍ക്കാനായില്ല.ഒരു പൊട്ടിക്കരച്ചിലോടെ അവള്‍ അയാളുടെ മാറിലേക്ക് ചാരി.

ഞാനിപ്പോള്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു.ഇന്റ്ര്‌നെറ്റ് എക്സ്പ്ലോററിന്റെ അഡ്രസ്സ് ബാറിലേക്ക് http://www.vavamalu.com/ എന്ന്ടൈപ്പ് ചെയ്തു.ഹോം‌പേജിലെ മാളുവിന്റെ പടം മാറ്റിയിരിക്കുന്നു. അവിടെ ഒരു പുതിയ പടം.പാര്‍വതിയുടേയും ജിനോയുടേയുംനടുക്ക് മുടിപിന്നിയിട്ട് നിഷ്കളങ്കമായ ചിരിയോടെ ഇരിക്കുന്ന മാളുവിന്റെ പടം .........


-----------------------------------------------------------------------------------------

(നിങ്ങള്‍ ഇത്രയും നാളും നല്‍കിയ അഭിപ്രായങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നന്ദി ....ഇനി അല്പം നീണ്ട ഇടവേള )

: :: ::