Tuesday, July 3, 2012

കാമുകിയുടെ സമ്മാനം : ഭാഗം 2

                                                                                  ആദ്യ ഭാഗം വായിക്കാൻ 

ഒൻപതാം ദിവസം....
അവന്റെ നടുവിന്റെ വേദന കുറഞ്ഞെങ്കിലും ഹൃദയത്തിലുള്ള വേദന കൂടിക്കൂടി വന്നു.. 
അവളന്നും ചിരിച്ചു.. അവനന്നും കാരണം ചോദിച്ചു... അപ്പോഴും അവൾ ചിരിച്ചു...
അവസാനം ആ ദിവസം വന്നു..
പത്താം ദിവസം...
അവന്റെ ഫിസിയോതെറാപ്പി തീരുന്ന ദിവസം...

നെഞ്ചിലെ പ്രണയ വേദന കടിച്ചമർത്തിയാണ് അവൻ ഫിസിയോതെറാപ്പിക്കായി ചെന്നത്... അവന്റെ നെഞ്ചിലന്ങാണം ഇസിജി മെഷ്യൻ ഘടിപ്പിച്ചായിരുന്നെങ്കിൽ ഗ്രാഫ് വരയ്ക്കാൻ കൂലിക്ക് വേറെ ആളെ വെക്കേണ്ടീ വന്നേനെ!!! 
അവൻ അവളെ പ്രതീക്ഷിച്ച് പാന്റിറക്കി കട്ടിലിൽ കിടന്നു. അവൾ വരുന്നത് അവൻ കണ്ടു. അവൻ തല ഉയർത്തി അവളെ നോക്കി. അവളുടെ മുഖത്ത് ഒരു മ്ലാനത തോന്നുന്നുണ്ടോ? അവളുടെ ചിരിക്ക് അലപം മന്ങലില്ലേ? അവളുടെ കണ്ണ് നിറഞ്ഞിട്ടുണ്ടോ? 

എന്നും ആദ്യം ചെയ്യുന്നത് കരണ്ട് അടിപ്പിക്കലായിരുന്നു..പിന്നീട് ആയിരുന്നു ഓയിന്റ്മെന്റ് തേച്ചുള്ളത്.പക്ഷേ ഇന്ന് ആദ്യം ഓയിന്റ്‌മെന്റ് തേച്ചവൾ മസാജ് ചെയ്യുന്നു. അവൾ തന്നെ പാന്റ് അല്പം കൂടി ഇറക്കിയിട്ടു. അവളുടെ ചിരി അവന്റെ കാതുകളിൽ നിറഞ്ഞു. അവന്റെ മനസ് തണുത്തു. അവളുടെ ചിരി കേട്ടല്ലോ?എന്നത്തേയും പോലെ അവൻ ഇന്നും ചോദിച്ചു,ഉത്തരം കിട്ടില്ല എന്ന് പ്രതീക്ഷിച്ചു കൊണ്ട് തന്നെ...
"എന്തിനാ ചിരിക്കുന്നത്?" അവൻ ചോദിച്ചു...
"ഏയ് ചുമ്മാ ചിരിച്ചതാ..." എന്ന് അവൾ മറുപിടി പറയും എന്ന് അവൻ കരുതി.
"പിന്നെ പറയാം....." അവൾ മറുപിടി പറഞ്ഞു. അളുടെ മറുപിടി അവനു വിശ്വസിക്കാനേ പറ്റിയില്ല...
അപ്പോ അവൾക്ക് തന്നോട് എന്തോ പറയാനുണ്ട്... 
അച്ഛൻ ഇച്ഛഇച്ചതും പാൽ വൈദ്യൻ കല്പിച്ചതും പാൽ !!!!

ദേഹത്ത് നിന്ന് ഓയിന്റ്‌മെന്റ് കോട്ടണിൽ തൂത്ത് ഡസ്റ്റ്ബിബ്ബിൽ ഇട്ടിട്ട് അവൾ പോകുന്നത് അവൻ കണ്ടൂ. പോകുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നോ??
കരണ്ട് അടിപ്പിക്കാൻ വന്നത് അവൾ അല്ലായിരുന്നു. വേറെ ആൾ ആയിരുന്നു. അവൾ എവിടെ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു അവന്. പതിനഞ്ച് മിനിട്ടൂകൾ പതിനഞ്ച് മണിക്കൂറുകൾ ആയിട്ടായിരുന്നു അവന് തോന്നിയത്... താൻ പോകുന്നത് കാണാനുള്ള സങ്കടം കൊണ്ട് അവൾ മാറിയതായിരിക്കും.... അവളെ കണ്ടില്ലങ്കിൽ താനെന്ങനെ തന്റെ പ്രണയം അവളോട് പറയും....

പതിനഞ്ച് മിനിട്ട് കഴിഞ്ഞപ്പോൾ മെഷ്യനിൽ നിന്നുണ്ടായ അലാം തന്റെ ജീവിതത്തിന്റെ അവസാന വിസിൽ ആയിട്ടാണ് അവനു തോന്നിയത്... അവളെ കാണാതെ പോകേണ്ടി വരികയെന്നു വെച്ചാൽ...തന്നോട് പിന്നെ എന്തോ പറയാം എന്ന് പറഞ്ഞ് പോയതാണവൾ..
അവളെ പ്രതീക്ഷിച്ച് അവൻ കുറച്ചു സമയം കൂടി അവിടെ നിന്നു...
"ചേട്ടാ വേഗം ഇറന്ങ്.. അടുത്ത് പേഷ്യന്റിനു കയറാനുള്ള സമയമായി...". ഒരുത്തി വന്നു പറഞ്ഞു. അവളുടേ മുഖത്ത് നോക്കി രണ്ടൂ കുത്ത് കൊടുത്താലോ എന്ന് ആലോചിച്ചു എങ്കിലും അത് വേണ്ടാ എന്ന് വെച്ചിട്ടവൻ മുറിക്ക് പുറത്തേക്കിറന്ങി.

അവളെ ഒരിക്കൽ കൂടി ഒന്നു കണ്ടിരുന്നെങ്കിൽ...
അവളുടെ സഹപ്രവർത്തകർ തന്നെ നോക്കുന്നത് അവൻ കണ്ടു... അവരുടെ മുഖത്ത് അടക്കി പിടിച്ച ചിരി ഉണ്ടോ???
അറിയില്ല...
പക്ഷേ അവൾ...
ഇനി നിന്നിട്ടൂം കാര്യമില്ല...
ഈശ്വരൻ എല്ലാത്തിനും ഒരു വഴി കാണിച്ചു തരും എന്ന് മനസിനെ ആശ്വസിപ്പിച്ചു കൊണ്ട് അവൻ ഫിസിക്കൽ മെഡിസിൻ ഡിപ്പാർട്ട്‌മെന്റിന്റെ വാതിൽ കടന്നു പുറത്തേക്കിറന്ങി...
അവൻ ഒന്നു കൂടെ തിരിഞ്ഞു നോക്കീ.... 
അവൾ അവിടെയന്ങാണം ഉണ്ടോ? 
ഇല്ല.. അവൾ ഇല്ല..

അവൻ ഇടനാഴി കടന്ന് ആശുപത്രിക്ക് വെളിയിലേക്കിറന്ങി..
"ശ്ശ്...ശ്ശ്...ശ്ശ്..." ആരോ വിളിക്കുന്നു... അവൻ തിരിഞ്ഞു നോക്കി..
അവൾ!!! ചിരിച്ചു കൊണ്ട് അവൾ വരുന്നു..
അവൾ തന്റെ കൈയ്യിലിരുന്ന ഒരു കവർ അവന്റെ നേരെ നീട്ടി..
"എന്റെയൊരു ഗിഫ്റ്റ് ആണ്..വാന്ങിച്ചോളൂ..."അവൾ പറഞ്ഞു.
"എന്തിനാ ഗിഫ്റ്റ്?"" അവൻ ചോദിച്ചു...
"എല്ലാം ഇതിനകത്ത് എഴുതിയിട്ടുണ്ട്..."അവൾ അത് പറഞ്ഞിട്ട് അവനൊന്നും ചോദിക്കാൻ സമയം കൊടുക്കാതെ തിരിഞ്ഞു നടന്നു.

അവൻ അവൾ നൽകിയ ഗിഫ്റ്റും കൊണ്ട് വീട്ടിലേക്ക് പോയി.. അവൾ എന്തായിരിക്കും ഇതിൽ വെച്ചിരിക്കുന്നത്? ഹൃദയത്തിന്റെ പടമുള്ള കാർഡായിരിക്കും ചിലപ്പോൾ അല്ലങ്കിൽ പ്രണയിക്കുന്ന രണ്ടു പേരുടെ പടമായിരിക്കാം...അല്ലങ്കിൽ എന്തെങ്കിലും ചെറിയ പാവക്കുട്ടി ആയിരിക്കാം.. ഏഠായാലും ഗിഫ്റ്റിന്റെ കനം കണ്ടിട്ട് കാർഡൊന്നും ആകാൻ വഴിയില്ല.ആശുപത്രിയിൽ നിന്ന് ആറു കിലോമീറ്റർ അകലെ വീടുകൊണ്ടൂവെച്ച അപ്പനെ അവൻ മനസിൽ തെറി പറഞ്ഞു. ആറുകിലോമീറ്റർ ദൂഅരം അവന് ആറായിരം കിലോമീറ്റർ ദൂരമായിട്ടാണ് തോന്നിയത്....

വീട്ടിലേക്ക് കയറുമ്പോഴേ കണ്ടൂ, അപ്പനും അമ്മയും. തന്റെ വരവ് കാത്തിരിക്കുകയാണ്. വീട്ടിലേക്ക് കയറിയതും അമ്മ പറഞ്ഞു.
"ഏടാ മോനേ, ആ തോമ്മാച്ചൻ പറഞ്ഞിട്ട് നമ്മളു പോയിക്കണ്ടാ പെണ്ണില്ലേ,അവളുടെ വീട്ടീന്ന് ഇപ്പോ വിളിച്ചായിരുന്നു.. കല്യാണത്തിനു അവർക്കു സമ്മതമാ..ഞന്ങളു പറഞ്ഞു നിന്നോടു ഒന്നു ചോദിക്കട്ടന്ന്.. ഉടനെ തിരിച്ചു വിളിക്കണമെന്നവർ പറഞ്ഞു.."

"അതിപ്പോ.. നമുക്ക് ഒന്നൂടെ ആലോചിച്ചിട്ട്.."
"അതിനിത്ര ആലോചിക്കാൻ എന്ത് ഇരിക്കുന്നു... അന്ന് ആ പെണ്ണിനെ കണ്ടിട്ട് നീ പറഞ്ഞത് അവൾ നിന്റെ ഭാര്യയാകാൻ ജനിച്ചതുപോലെയുണ്ടന്നൊക്കെയല്ലേ.."അപ്പന്റെ വക ഡയലോഗ്
"എന്നാലും അപ്പാ.. ഞാൻ ഒന്നൂടെ അവടെ മുഖം ഒന്ന് ഓർത്ത് നോക്കട്ട്..."
"നീ ഇതുവരെ പെണ്ണു കണ്ട പത്തറുപത് പെൺപിള്ളാരുടെ മുഖം ഓർമ്മിച്ചെടുക്കാനുള്ള കഴിവ് നീ പത്താം ക്ലാസിൽ കാണിച്ചായിരുന്നെങ്കിൽ ഒന്നാം റാങ്ക് വാന്ങാമായിരുന്നു...". വീണ്ടും അപ്പൻ

"ചങ്കിൽ കുത്താതെ അപ്പാ... ഇപ്പോ ഒരു പെണ്ണ് ചങ്കിൽ കോരിയിട്ട പ്രണയത്തിന്റെ വേദന ഒന്നു മാറ്റട്ടെ.." എന്ന് മനസിൽ പറഞ്ഞ് അവൻ മുറിക്കകത്തേക്ക് കയറി വാതിൽ അടച്ചു.. തുടിക്കുന്ന ഹൃ^ദയത്തോടെ അവൾ കൊടുത്ത ഗിഫ്റ്റ് അവൻ തുറന്നു...
മനോഹരമായി വെച്ചിരിക്കുന്ന അഞ്ച് വിഐപി അണ്ടർവെയറുകൾ..!!
അതെ അഞ്ച് ജെട്ടികൾ...
അതിനകത്ത് എഴുതി വെച്ചിരുന്ന എഴുത്ത് എടൂത്തവൻ വായിച്ചു

"കഴിഞ്ഞ പത്തു ദിവസവും നിന്ങൾ ഇട്ടുകൊണ്ട് വന്നത് ഒരു അണ്ടർവെയർ തന്നെ ആയിരുന്നു.ഇതിന്റകത്ത് അഞ്ച് ജട്ടികൾ വെച്ചിട്ടൂണ്ട്.ദിവസവും മാറിയില്ലങ്കിലും ഒരു രണ്ടു ദിവസം കൂടുമ്പോഴെങ്കിലും ഓരോന്ന് മാറിയിട്ടുകൂടെ... ഞാനെന്തിനാ ചിരിച്ചതെന്ന് നിന്ങൾക്ക് ഇപ്പോൾ മനസിലായിക്കാണുമല്ലോ???""  

കർത്താവേ അപ്പോൾ അവൾ ചിരിച്ചത് തന്നെ കളിയാക്കിയാരുന്നല്ലേ?? അവളുടേത് കൊലച്ചിരി തന്നെ ആയിരുന്നു...

"അപ്പോ..അപ്പോ..." അവൻ വിളിച്ചു
"എന്താടാ..." അപ്പൻ ചോദിച്ചു
"ആ പെണ്ണിന്റെ വീട്ടുകാരോട് നമുക്കും സമ്മതമാണന്ന് പറഞ്ഞേക്ക്" അവൻ പറഞ്ഞു..

അഞ്ചു ജെട്ടികളും ചുരുട്ടി കട്ടിലിൽ കീഴിലേക്ക് ഇട്ടിട്ട് അവൻ അവളുടെ എഴുത്ത് ഞുള്ളിക്കീറി...
"എടാ..." അപ്പന്റെ വിളി..
"എന്താ അപ്പാ.."
"എടാ നമ്മളു വിളിക്കാൻ ലേറ്റായതുകൊണ്ട് നമൂക്ക് കല്യാണത്തിനു ഇഷ്ടമല്ലന്ന് കരുതി അവരു വേറെ വാക്കു കൊടൂത്തന്ന്"

ഠിം !!!
നെഞ്ചിനകത്തൊരു വേദന!!!
വീണ്ടൂം ഒരു ഠിം !!!
അവൻ കട്ടിലിലേക്ക് വീണു...
ഇപ്പോൾ തന്റെ നെഞ്ചിനുള്ളിലെ വേദന പ്രണയത്തിന്റെ വേദന അല്ലന്നും തട്ടിപ്പോകാനുള്ള വേദനയാണന്നും അവനു തോന്നി.... 

കാമുകിയുടെ സമ്മാനം : ഭാഗം 1


ഫിസിക്കൽ മെഡിസിൻ ഡിപ്പാർട്ട്‌മെന്റിലെ റിസപ്ഷനിൽ തന്റെ പേരു വിളിക്കുന്നതും  കാത്ത് അവൻ ഇരുന്നു. നടുവു വേദന മാറാൻ ഇനി കുറച്ചുകാലം ഫിസിയോ തെറാപ്പി ചെയ്ത് നോക്കാനും,IFT,UST ചെയ്തുകഴിഞ്ഞ് എക്‌സസൈസും ചെയ്താൽ വേദനയൊക്കെ പോകും എന്നും  ഓർത്തോയിലെ ഡോക്‌ടർ പറഞ്ഞതുകൊണ്ട് ഫിസിയോ തെറാപ്പി ചെയ്യാനാണ് അവൻ എത്തിയത്. IFT,UST എന്താണന്ന് ചോദിച്ചപ്പോൾ അതൊക്കെ അവിടെ ചെല്ലുമ്പോൾ മനസിലാകും എന്ന് ഡോക്ടർ പറയുകയും ചെയ്തു.

പേര് വിളിച്ചപ്പോൾ അവൻ അകത്തേക്ക് ചെന്നു. അവന്റെ ട്രീറ്റ് മെന്റ് കാർഡും പിടിച്ച് ഒരു പെൺകൊച്ച് ചിരിച്ചു കൊണ്ട് നിൽക്കുന്നു.
"ദേ ആ മുറിയിൽ പോയി കിടന്നോ" അവൾ ഒരു മുറി ചൂണ്ടിക്കാണിച്ച് പറഞ്ഞു. അവൻ ആ മുറിയിലേക്ക് പോയി. ആ പെൺകൊച്ചും കൂടെ ചെന്നു.
"എവിടയാ വേദന" അവൾ ചോദിച്ചു.
"ബാക്ക് പെയ്‌നാ" അവൻ പറഞ്ഞു.
"പാന്റ്‌ല്പം താഴ്ത്ത് ആ കട്ടിലിൽ കമിഴ്ന്ന് കിടന്നോ.." അവൾ പറഞ്ഞു.
അയ്യേ!!! ഒരു പെൺകൊച്ചിന്റെ മുന്നിൽ പാന്‍റ്ഒക്കൊ താഴ്ത്തിക്കിടക്കുകയെന്നു വെച്ചാൽ!!
ചെ!! നാണക്കേട്!!
"നാണിക്കുകയൊന്നും വേണ്ട അല്പം താഴ്ത്തി കിടന്നോ.." വീണ്ടും ആ പെൺകൊച്ച് .
പാന്റ്ല്പം താഴ്ത്തി കട്ടിലിൽ കയറി കിടന്നു.
"ഏത് ഭാഗത്താ വേദന" അവൾ ചോദിച്ചു.
"ഇടതു വശത്താ" അവൻ പറഞ്ഞു..
കമഴ്ന്നു കിടന്ന അവന്റെ നടുവിലേക്ക് അവൾ അവിടെ ഇരുന്ന ഉപകരണത്തിൽ നിന്ന് മൂന്നാലു വയർ എടുത്ത് ഒട്ടിച്ചു വെച്ചു.
"ഈ IFT,UST എന്നൊക്കെ പറഞ്ഞാൽ എന്താ?" അവൻ ചോദിച്ചു.
"ഇതിപ്പോൾ ചെയ്യുന്ന ട്രീറ്റ്മെന്റിന്റെ പേരാ.. നമ്മളിപ്പോൾ ചെയ്യുന്നത് വേദനയുള്ളടത്തേക്ക് കുറച്ച് കരണ്ട് കയറ്റി വിടുന്നതാ.. ഞാനിതിന്റെ ഇന്റൻസിറ്റി കൂട്ടാൻ പോകുവാ.. ഇത് ഒട്ടിച്ചു വെച്ചിടത്ത് തരിപ്പു പോലെ തോന്നും..."  അവൾ പറഞ്ഞു.
"ഉം..."അവൻ മൂളി..
"ഞാൻ ഇന്‍റൻസിറ്റി കൂട്ടകയാ.. കൂടുതൽ ആവുകയാണങ്കിൽ പറയണം"
"ഉം..."
"കൂടുതലുണ്ടോ..."
"ഇല്ല"
"മതിയോ.."
"മതി"
കട്ടിലിൽ ഒരു ബെൽ വെച്ചിട്ട് അവൾ പറഞ്ഞു.
"എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുകയാണങ്കിൽ ബെൽ അടിച്ചാൽ മതി""

കർത്താവേ കല്യാണം പോലും കഴിക്കാത്ത തന്റെ നടുവിലൂടെയൊക്കെ കരണ്ട് കയറ്റി വിട്ടന്ന് അറിഞ്ഞാൽ നാട്ടുകാരൊക്കെ എന്തെല്ലാം പറയും. കെട്ടുപ്രായം തികഞ്ഞ ഒരുത്തനെ കരണ്ടൊക്കെ അടുപ്പിച്ചന്നന്ങാണം പെണ്ണിന്റെ വീട്ടുകാർ അറിഞ്ഞാൽ തന്റെ ലൈഫ് !!!
തലയ്ക്ക് അസുഖം വരുന്നവർക്ക് അസുഖം മാറാൻ ഷോക്ക് അടിപ്പിക്കുന്നതൊക്കെ സിനിമയിൽ കണ്ടിട്ടൂള്ള താൻ നടുവിന് കരണ്ട് അടിപ്പിക്കുവാണന്ന് ആ പെൺകൊച്ച് പറഞ്ഞപ്പോൾ ഞെട്ടിപ്പോയതാ.
ഹൊ!! ഏതായാലും ഒരു നിമിഷത്തേക്ക് തന്റെ നല്ല ജീവൻ പോയതായിരുന്നു...

നടൂവിന് കരണ്ടൊക്കെ അടിപ്പിക്കുമെന്ന് ഈ സിനിമാക്കാരും സീരിയലുകാരും അറിയാത്തത് കാര്യമായി. അല്ലങ്കിൽ അവന്മാർ ഈ വയറൊക്കെ നടുവിനു ഒട്ടിച്ചു വെച്ച ഒരുത്തനെ കാണിച്ച് ഡിറ്റിഎസ് സൗണ്ട് ഇഫക്റ്റിൽ ഏഴെട്ടു അലയും അഞ്ചാറും കാലിട്ടടിക്കലൊക്കെ കാണിക്കുമായിരുന്നു....

"എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ?" വീണ്ടും ആ പെൺകൊച്ച് ചോദ്യമായി എത്തി.
"ഇല്ല..." അവൻ പറഞ്ഞു.

അവൾ തിരിച്ചു പോയി..
പതിനഞ്ച് മിനിട്ടു കഴിഞ്ഞപ്പോൾ മെഷ്യനിൽ നിന്ന് ഒരു അലാം മുഴങ്ങി. നടുവിലേക്കുള്ള തരിപ്പ് നിന്നത് അവന് മനസിലായി. അവൾ പെട്ടന്ന് വന്നു. പ്ലാസ്റ്ററൊക്കെ എടുത്ത് വയാറൊക്കെ മാറ്റി...

"ഈ പാന്റ് അല്പം കൂടി ഒന്ന് താഴേക്ക് മാറ്റിയേ..." അവൾ പറഞ്ഞു.
കർത്താവേ!! ഇനിയും പാന്റൊക്കെ താഴ്ത്തിയാൽ ഈ പെൺകൊച്ചിന് തന്റെ നിക്കറൊക്കെ കാണാൻ പറ്റും. ശ്ശൊ!! ഇന്ങനെയൊക്കെ ആണന്ന് അറിഞ്ഞായിരുന്നെങ്കിൽ ഇതിന്നൊന്നും വരത്തതുപോലും ഇല്ലായിരുന്നു... ഈ 'യോ-യോ' പിള്ളാരെ സമ്മതിക്കണം. അവന്മാർ എന്ത് കൂളായിട്ടാ നാട്ടരുടെ മുന്നിലൂടെ പാന്റൊക്കെ താഴ്ത്തി നിക്കറൊക്കെ കാണിച്ച് നടക്കുന്നത്.. കൂട്ടം കൂടി പെൺപിള്ളാരെ കമന്റടിക്കുന്നതുപോലെയല്ല ഒരു പെണ്ണിന്റെ മുന്നിൽ ഒറ്റയ്ക്ക് പെട്ടുപോകുന്നതന്ന് കുറേക്കാലം മുന്നേ മനസിലായതാ... ദാ ഇപ്പോൾ ഈ പെൺകൊച്ചിന്റെ മുന്നിൽ.... ഇവിടെ ആണുങ്ങളാരു ഇല്ലേ...???....

"എന്താ ചിന്തിക്കുന്നത്... പാന്റ് അല്പം കൂടി ഒന്ന് താഴേക്ക് ഇറക്ക്..." അവൾ പറഞ്ഞു..
ഒരു അപരിചിതയായ ഒരു പെൺകുട്ടിയുടെ മുന്നിൽ ഇന്ങനെ കിടക്കേണ്ടി വരുകയാണന്ന് വെച്ചാൽ !!! മനസില്ലാ മനസോടെ അവൾ പറഞ്ഞതുപോലെ ചെയ്തു..
"ഇവിടെയാണൊ വേദന..."അവൾ നടുവിൽ ഓരോ ഭാഗത്തും തൊട്ടു കൊണ്ട് ചോദിച്ചു..
"അവിടെ.. അവിടെ.." അവൻ പറഞ്ഞു.
അവൾ ഓയിന്റ്മെന്റും വേറെ എന്തോകൂടി അവിടേക്ക് തേച്ചിട്ട് എന്തോ ഒരുപകരണം വെച്ച് മസാജ് ചെയ്തു.
കോട്ടൺ കൊണ്ട് ദേഹത്ത് പറ്റിയിരിക്കുന്ന ഓയിന്റ്മെന്റ് തൂത്ത് ഡെസ്ബിന്നിലേക്ക് ഇട്ടുകൊണ്ട് പറഞ്ഞു
"കഴിഞ്ഞു.. എഴുന്നേറ്റോ...."
അവൾക്ക് മുഖം കൊടുക്കാതെ എഴുന്നേറ്റ് പാന്റിന്റെ സിബ്ബും വലിച്ചിട്ട് അവൻ പുറത്തേക്കിറന്ങി... പോലീസുകാരന്റെ ഉരുട്ടലിൽ നിന്ന് രക്ഷപെട്ട കള്ളനെപ്പോലെ അവൻ ഒരു ദീർഘശ്വാസം വിട്ടു...
അന്ങനെ ഒന്നാം ദിവസം കഴിഞ്ഞു...

രണ്ടൂം മൂന്നും ദിവസം കഴിഞ്ഞപ്പോഴേക്കും അപരിചതത്വത്തിന്റെ മഞ്ഞ് ഉരുകി കഴിഞ്ഞിരുന്നു....
നാലാം ദിവസം അവൾ പറയാതെ തന്നെ അവൻ പാന്റ് താഴ്ത്തി കട്ടിലിൽ കിടന്നു....
അന്നാണ് അവൻ അവളെ ശരിക്ക് ശ്രദ്ധിക്കുന്നത്....
അവളുടെ മുഖത്ത് എപ്പോഴും ഉള്ള ചിരിക്ക് തന്നെ നോക്കി ചിരിക്കുമ്പോൾ കൂടുതൽ പ്രകാശമുണ്ടോ?? ഒന്നന്നൊര കൊല്ലമായി പല പെണ്ണുങ്ങളേയും പെണ്ണുകാണാൻ പോയ തനിക്ക് ഇങ്ങനെ മനോഹരമായി ചിരിക്കുന്ന ഒരു പെൺകുട്ടിയെ കാണാൻ കഴിഞ്ഞില്ല. ഇവളെ ആയിരിക്കുമോ ദൈവം തനിക്കായി സൃഷ്ടിച്ചിരിക്കുന്നത്.. പരസ്പരം കാണാൻ ഉള്ള നിമിത്തമാണോ തനിക്ക് വന്ന നടുവു വേദന.. ദൈവം അറിയാതെ ഒരു പ്രണയവും ഇവിടെ നടക്കുന്നില്ലല്ലോ... ഏതായാലും പോകുന്നതിനു മുമ്പ് ഈ പെൺകൊച്ചിന്റെ ഫുൾ ഡീറ്റയിത്സ് ചോദിച്ച് അടുത്ത ആഴ്ചതന്നെ പെണ്ണുകാണാൻ പോകണം. ഏതായാലും അവൾക്ക് തന്നെ ഇഷ്ടപ്പെടാതിരിക്കാൻ വഴിയില്ല... തന്നെ കാണുമ്പോൾ അവളുടെ കണ്ണുകൾ വലുതാകുന്നുണ്ടോ?? അവൾക്ക് തന്നോട് അല്പം സ്നേഹം ഉണ്ടോ? അതോ എല്ലാം  തന്റെ തോന്നലുകൾ മാത്രമാണോ?? ഒരിക്കലും ഈ കാര്യത്തിൽ അശുഭവിശ്വാസി ആകാൻ പാടില്ല... ശുഭാപ്തി വിശ്വാസ ഉണ്ടങ്കിലേ മുന്നോട്ട് പോകാന്‍ പറ്റൂ...

ഏതായാലും തന്റെ ഫിസിയോ തെറാപ്പി കഴിയുന്ന പത്താം ദിവസം അവളോട് തന്റെ ഇഷ്ടം പറയണം...
ആറാം ദിവസം...
ഓയിന്റുമെന്റ് തേച്ചു കൊണ്ടിരിക്കുമ്പോൾ അവളുടെ അടക്കിയ ചിരി അവൻ കേട്ടു. എന്തിനാ ചിരിക്കുന്നതെന്ന് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും അവൻ ചോദിച്ചില്ല..
എട്ടാം ദിവസം...
തലേന്നാളിനെക്കാൾ അല്പം ഉറക്കെയായിരുന്നു അവളുടെ ചിരി. അടക്കിപ്പിടിച്ചതുപോലുള്ള അവളുടെ ചിരി ഒന്നു കാണണമെന്ന് അവനുണ്ടായിരുന്നെങ്കിലും കമിഴ്ന്നു കിടക്കുന്നതുകൊണ്ട് അവനായില്ല.പക്ഷേ എന്തിനാ ചിരിക്കുന്നതെന്ന് ചോദിക്കാതിരിക്കാൻ അവന് കഴിഞ്ഞില്ല...
"എന്തിനാ ചിരിക്കുന്നത്..." അവൻ ചോദിച്ചു..
"ഏയ്.. ഒന്നുമില്ല.. ഞാൻ വേറെന്തോ ആലോചിച്ച് ചിരിച്ചു പോയതാ..."അവൾ പറഞ്ഞു...
അന്ന് ട്രീറ്റ്മെന്റ് കഴിഞ്ഞിറന്ങുമ്പോൾ അവൻ അവളുടെ മുഖത്തേക്ക് നോക്കി. അവളുടെ ചിരിക്ക് മറുപിടിയായി അവനും ചിരിച്ചു..
"ഇനി നാളെ കാണാം.." അവൻ പറഞ്ഞു
അവൾ ഒന്നു ചിരിക്കുക മാത്രം ചെയ്തു....
അന്നു രാത്രി.. കഴിഞ്ഞ എട്ട് ദിവസന്ങളേയും അവൻ മനസിലിട്ട് റിവൈൻഡ് ചെയ്തു... അവളുടെ ഓരോ ചലനന്ങളും ഫോർവേഡും റിവൈൻഡും ഒക്കെ അടിച്ച് സുമ്മ് ചെയ്ത് അവൻ മനസിൽ നിരീക്ഷണം നടത്തി....
അവളുടെ ഏതൊക്കെ ചലനന്ങളിലാണ് തന്നോടുള്ള ഇഷ്ടം അടന്ങിയിരിക്കുന്നത്...
അവളുടെ ഓരോ നോട്ടവും ചിരിയും അവൻ വിശകലനം ചെയ്തു...
അവസാനം അവൻ നിഗമനത്തിൽ എത്തി
അതെ അവൾക്കും തന്നോട് ഇഷ്ടമുണ്ട്...
താൻ മനസ് തുറക്കുന്നതും കാത്തിരിക്കുകയാണ് അവൾ...

                                                                                                                                   (തുടരും...... )
ഭാഗം  2 വായിക്കാന്‍ 

Tuesday, May 1, 2012

ട്രയിന്‍ ബാത്ത് റൂമിലെ മൊബൈല്‍ ക്യാമറക്കാരന്റെ ആത്മഹത്യാക്കുറിപ്പ്

അയാള്‍ അങ്ങനെ ചെയ്യുമെന്ന് ആരും വിശ്വസിച്ചില്ല. പക്ഷേ വിശ്വസിക്കാതിരിക്കാനും പറ്റുന്നില്ല. ന്യൂസ് ചാനലുകളിലൂടെ ആ വാര്‍ത്ത സ്ക്രോള്‍ ചെയ്ത് പൊയ്ക്കൊണ്ടിരുന്നു.

Flash News :: ട്രയിന്‍ ബാത്ത് റൂമില്‍ മൊബൈല്‍ ക്യാമറ‍....
         ളിപ്പിച്ച് വെച്ച ആള്‍ പിടിയില്....മംഗലാപുരം- തിരുവനന്തപുരം പരശുറാം എക്സ്‌പ്രസിലാണ് സംഭവം....

FLASH NEWS.... റേയില്‍വേ പോലീസ് അന്വേഷ്ണം ആരംഭിച്ചു..... മറ്റ് ട്രയിനുകളിലും ഇയാള്‍ മൊബൈല്‍ ക്യാമറ ഒളിപ്പിച്ച് വെച്ചിട്ടൂണ്ടന്ന് സംശയം...


അയാളുടെ നാട്ടുകാര്‍ പരസ്പം മുഖത്തോട് മുഖം നോക്കി. അയാളങ്ങനെ ചെയ്യുമെന്ന് അവരും കരുതിയില്ല. അയാള്‍ മറ്റ് ട്രയിനുകളിലും മൊബൈല്‍ ക്യാമറ ഒളിപ്പിച്ച് വെച്ചിട്ടൂണ്ടന്ന് വാര്‍ത്താ വായനക്കാരന്‍ പറഞ്ഞപ്പോള്‍ അവര്‍ അയാളേക്കുറിച്ച് സഹതപിച്ചു. കാരണം അയാള്‍ അങ്ങനെ ട്രയിനില്‍ യാത്ര ചെയ്യില്ലായിരുന്നു. ആറുമാസം കൂടുമ്പോള്‍ എറണാകുളത്തെ ആശുപത്രിയില്‍ പോകാന്‍ വേണ്ടിമാത്രം ആയിരുന്നു അയാള്‍ ട്രയിനില്‍ യാത്ര ചെയ്തിരുന്നത്.

എന്താണ് സംഭവിച്ചതന്ന് അറിയാന്‍ അയാളുടെ വീട്ടുകാരും നാട്ടുകാരും റയില്‍‌വേ പോലീസിന്റെ കസ്റ്റഡിയിലുള്ള അയാളെ കാണാന്‍ തിരിച്ചു. 

വാര്‍ത്താ ചാനലുകളില്‍ പ്രത്യേകം ചര്‍ച്ച് ആരംഭിച്ചു. ട്രയിനുകളിലും ഹോട്ടലുകളിലും ക്യാമറ ഒളിപ്പിച്ച് ചിത്രങ്ങള്‍ പകര്‍ത്തുന്ന മാഫിയായിലെ ഒരംഗം ആണ് അയാളന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ തീര്‍പ്പ് കല്പിച്ചു. അയാള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ചര്‍ച്ചയിലെ എല്ലാവരും ആവിശ്യപ്പെട്ടു. ചര്‍ച്ചകള്‍ക്കിടയില്‍ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ട് പോകുന്ന അയാളെ ഇടയ്ക്കിടയ്ക്ക് കാണിച്ചു കൊണ്ടിരുന്നു. അയാളുടെ മൊബൈല്‍ ബാത്ത് റൂമില്‍ ഒളിപ്പിച്ച നിലയില്‍ ആദ്യം കണ്ട സ്ത്രി ചര്‍ച്ചയില്‍ പങ്കെടുത്തു...

അയാള്‍ ബാത്ത് റൂമില്‍ നിന്ന് ഇറങ്ങിയതിനു ശേഷം, ട്രയിന്‍ ഏറ്റുമാനൂര്‍ സ്റ്റേഷന്‍ വിട്ട ഉടനെ അവര്‍ ബാത്ത് റൂമില്‍ കയറിയപ്പോള്‍ ബാത്ത് റൂമിന്റെ തറയില്‍ കുപ്പിയുടെ പുറകില്‍ മൊബൈല്‍ ക്യാമറ ഇരിക്കുന്നത് കണ്ടന്നും അവര്‍ പെട്ടന്ന് ബാത്ത് റൂമില്‍ നിന്ന് ഇറങ്ങി മറ്റുള്ളയാത്രക്കാരോട് വിവരം പറയുകയും യാത്രക്കാര്‍ അന്വേഷിച്ചപ്പോള്‍ ആ ഫോണ്‍ തന്റെയാണന്ന് ‘അയാള്‍’ സമ്മതിക്കുകയും ചെയ്തു. അതോടെ ആളുകള്‍ ട്രയിനില്‍ ഉള്ള പോലീസുകാരെ വിവരം അറിയിക്കുകയും അവര്‍ എത്തുകയും ട്രയിന്‍ കോട്ടയം സ്റ്റേഷനില്‍ എത്തിയപ്പോള്‍ അയാളെ കൊണ്ടുപോവുകയും ചെയ്തത്രെ!! മൊബൈലില്‍ ക്യാമറ ഓണായിരുന്നോ എന്ന് അവര്‍ക്കറിയില്ലായിരുന്നു .അയാള്‍ പിറവം സ്റ്റേഷനില്‍ നിന്ന് വണ്ടീ വിട്ടയുടന്‍ ബാത്ത് റൂമില്‍ കയറിയിട്ട് ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ വെച്ചാണ് ബാത്ത് റൂമില്‍ നിന്ന് ഇറങ്ങിയത്. ഏകദേശം അരമണിക്കൂര്‍ നേരം ബാത്ത് റൂമില്‍ നിന്ന അയാള്‍ ക്യാമറ പറ്റിയ സ്ഥലത്ത് ഒളിപ്പിക്കാന്‍ തന്നെയായിരിക്കും അത്രയും സമയം എടുത്തത് എന്നുള്ള നിരീക്ഷണത്തോടേയാണ് ഒട്ടുമിക്ക ചര്‍ച്ചകളും അവസാനിച്ചത്.

കോട്ടയത്ത് നിന്ന് ഇറക്കുന്ന ഉച്ചപത്രങ്ങള്‍ വീണ്ടും അയാളുടെ പടം പുറം പേജാക്കി ‘ട്രയിന്‍ ബാത്ത് റൂമില്‍ മൊബൈല്‍ ക്യാമറ’ സ്പെഷ്യല്‍ പത്രം ഇറക്കി. പത്രം ചൂടപ്പം പോലെ വിറ്റുപോയി.  കൂടുതല്‍ വിവരങ്ങള്‍ക്കായി മലയാളികള്‍ വാര്‍ത്താ ചാനലുകള്‍ മാറിമാറി നോക്കി. എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത് അയാളുടെ മൈബൈല്‍ ക്യാമറയില്‍ ഏതെല്ലാം ട്രയിനിലെ ബാത്ത് റൂം ദൃശ്യങ്ങള്‍ ഉണ്ടന്നും അതൈല്‍ ആരുടെയൊക്കെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടന്നും എന്നുള്ളതായിരുന്നു.

കൂടുതല്‍ അന്വേഷ്ണത്തിനായി ‘അയാളെ‘ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി എന്നുള്ള വാര്‍ത്തയും ചാനലില്‍ വന്നു. അയാള്‍ക്ക് എന്താണ് പറയാനുള്ളത് എന്ന് ആരും ചോദിച്ചില്ല. അയാള്‍ എന്തക്കയോ പറയാന്‍ ശ്രമിച്ചു എങ്കിലും അതാരും കേട്ടില്ല. പോലീസ് അയാളുടെ മൊബൈലും മെമ്മറി കാര്‍ഡും വിശദമായി പരിശോധിച്ചു. പക്ഷേ അവര്‍ക്കൊന്നും കണ്ടത്താന്‍ കഴിഞ്ഞില്ല. അയാള്‍ നിരപരാധിയാണന്ന് കണ്ട് പോലീസ് അയാളെ ബന്ധുക്കളോടൊപ്പം വിട്ടൂ. പക്ഷേ അത് ഒരു ചാനലിലും ഫ്ലാഷ് ന്യൂസായി വന്നില്ല. അയാള്‍ ആരോടും ഒന്നും പറഞ്ഞില്ല. അയാള്‍ വീട്ടിലേക്കുള്ള യാത്രയില്‍ ഒന്നും മിണ്ടിയില്ല.

“എനിക്കറിയാം നിങ്ങളെ... നിങ്ങളൊരിക്കലും ഇങ്ങനെ ചെയ്യില്ലന്ന് എനിക്കറിയാം” അയാളുടെ ഭാര്യ അയാളോട് പറഞ്ഞു.
അയാള്‍ അവളുടെ തോളിലേക്ക് ചാരി ഇരുന്നു. അയാളുടെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ഒഴുകി.
“നീ എന്നെ വിശ്വസിച്ചാ‍ലും ഞാനിപ്പോള്‍ ഈ സമൂഹത്തിന്റെ മുന്നില്‍ ഒരു നീചനാണ്...” .. അയാള്‍ പിറുപിറുത്തു...

പിറ്റേന്ന് അയാള്‍ എഴുന്നേല്‍ക്കാന്‍ താമസിച്ചപ്പോള്‍ അയാളുടെ ഭാര്യ അയാള്‍ കിടന്ന മുറിയുടെ വാതിക്കല്‍ എത്തി മുട്ടിവിളിച്ചു.  കുറേ വിളിച്ചിട്ടൂം അയാള്‍ എഴുന്നേറ്റില്ല. അവരുടെ കരച്ചില്‍ കേട്ട് മറ്റുള്ളവര്‍ എത്തി. അവര്‍ വാതില്‍ ചവിട്ടി തുറന്നു. അയാള്‍ സീലിംങ്ങ് ഫാനില്‍ തൂങ്ങി മരിച്ചിരിക്കുന്നു. പോലീസ് എത്തി അന്വേഷ്ണം ആരംഭിച്ചു. അവര്‍ക്ക് അയാള്‍ ഭാര്യയ്ക്ക് എഴുതിയ ആത്മഹത്യക്കുറിപ്പ് കിട്ടീ.

“പ്രിയപ്പെട്ട ഭാര്യേ...
എനിക്കറിയാം നിനക്ക് എന്നെ വിശ്വാസം ആയിരിക്കുമെന്ന് പക്ഷേ മറ്റുള്ളവര്‍ എന്നെ വിശ്വസിക്കുന്നില്ലല്ലോ.. എന്താണ് ഇന്നലെ സംഭവിച്ചതന്ന് ആരും എന്നോട് ചോദിച്ചില്ല. എന്നിട്ടൂം ഞാന്‍ പറയാന്‍ ശ്രമിച്ചു. പക്ഷേ അവരുടെ ആക്രോശത്തിനിടയില്‍ എന്റെ ശബ്ദ്ദം അലിഞ്ഞു പോയി. ഞാന്‍ ഒരു കുറ്റവാളിയെപ്പോലെ ചാനല്‍ ക്യാമറകള്‍ക്ക് മുമ്പില്‍ നിന്നു. എന്നെ പ്രദര്‍ശിപ്പിക്കാന്‍ പോലീസുകാരും മത്സരിച്ചു. ഞാനിന്നു വരെ ആ മൊബൈലില്‍ ഒരു ഫോട്ടോ പോലും എടുത്തിട്ടീല്ല. എങ്ങനെയാണ് ഫോട്ടൊ എടുക്കുന്നതന്ന് പോലും എനിക്കറിയില്ലന്ന് നിനക്കറിയാമല്ലോ. ഇന്നലെ ഡോക്ടറെ കണ്ടിട്ട് ഞാന്‍ ഭക്ഷണം കഴിച്ച് ഒന്നേകാല്‍ ആയപ്പോള്‍ നോര്‍ത്ത് സ്റ്റേഷനില്‍ എത്തി. ഒന്നര ആയപ്പോള്‍ പരശുറാം വന്നു. തിരക്ക് ഉണ്ടായിരുന്നെങ്കിലും എനിക്ക് സീറ്റ് കിട്ടി. പിറവം സ്റ്റേഷനില്‍ നിന്ന് വണ്ടി വിട്ടയുടനെ ആണ് എനിക്ക് വയറ്റില്‍ എന്തോ അസ്വസ്ഥത തോന്നിയത്. എനിക്ക് ബാത്ത് റൂമില്‍ പോകണം എന്ന് തോന്നി. ഞാന്‍ എഴുന്നേറ്റ് ബാത്ത് റൂമില്‍ പോയി. ട്രയിനിന്റെ കുലുക്കം കാരണം എനിക്ക് ശരിക്ക് ഇരിക്കാന്‍ കഴിഞ്ഞില്ല. ഇടയ്ക്ക് എന്റെ പോക്കറ്റില്‍ നിന്ന് ഫോണ്‍ വെളിയിലേക്ക് പോകാനും തുടങ്ങി. ഫോണ്‍ എടുത്ത് എവിടെയെങ്കിലും വെച്ചാലോ എന്ന് ആലോചിച്ചു. വാഷ് ബേസിനു താഴെ നിലത്ത്  രണ്ട്മൂന്ന് കുപ്പി ഇരിക്കുന്നത് കണ്ടു. അതിന്റെ പുറക് വശത്ത് ഞാന്‍ ഫോണ്‍ വെച്ചു. കുറുപ്പന്തറയില്‍ വെച്ചായിരിക്കണം ട്രയിന്‍ കേരളയ്ക്ക് ക്രോസിങ്ങിനായി നിര്‍ത്തി. അപ്പോഴാണ് എനിക്ക് ബാത്ത് റൂമില്‍ പോകാനായത്. ബാത്ത് റൂമില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഫോണ്‍ എടുക്കാന്‍ ഞാന്‍ മറന്നു പോയി. ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ നിന്ന് വണ്ടി വിട്ടപ്പോള്‍ രണ്ടു മൂന്ന് പേര്‍ ‘ഇതാരുടെ മൊബൈല്‍’ ആണന്ന് ചോദിച്ച് ഞാന്‍ ഇരുന്നതിനടുത്ത് വന്നു. അപ്പോഴാണ് ഞാന്‍ ഫോണിനെക്കുറിച്ച് ഓര്‍ത്തത്. അത് എന്റെയാണന്ന് ഞാന്‍ പറഞ്ഞ്. അതോടെ അവരെന്നെ കൈയ്യേറ്റം ചെയ്യാന്‍ തുടങ്ങി. ബാത്ത് റൂമില്‍ കയറുന്നവരുടെ വീഡിയോ എടുക്കാന്‍ ഞാന്‍ ഫോണ്‍ അവിടെ വെച്ചതാണന്ന് അവര്‍ പറഞ്ഞു.കുറച്ച് കഴിഞ്ഞപ്പോള്‍ പോലീസ് വന്നു..........

ഒരു കള്ളനെപ്പോലെ ഒരു കുറ്റവാളിയെപ്പോലെ ജനങ്ങളുടെ ഇടയില്‍ ജീവിക്കാന്‍ എനിക്ക് വയ്യ... ഞാന്‍ പോകുന്നു.... എനിക്കറിയാം നീ ഒരിക്കലും എന്നെ അവിശ്വസിക്കില്ലന്ന്.. നമ്മുടെ കുഞ്ഞങ്ങളോടും നീ പറയണം അവരുടെ അപ്പന്‍ ഒരിക്കലും തെറ്റ് ചെയ്തിട്ടല്ല്... ഇനി നമുക്ക് സ്വര്‍ഗ്ഗത്തില്‍ വെച്ച് കാണാം... ഒരിക്കലും ഞാന്‍ നമ്മുടെ കുഞ്ഞുങ്ങളേയും നിന്നേയും സ്നേഹിച്ചു തീര്‍ന്നിട്ടീല്ല.. പക്ഷേ എനിക്കിനി ഇങ്ങനെ ജീവിക്കാന്‍ വയ്യ... അടുത്ത ജന്മത്തില്‍ നമുക്ക് വീണ്ടൂം ഒരുമിക്കാം.. അന്ന് വീണ്ടും നമ്മുടെ കുഞ്ഞുങ്ങള്‍ നിന്റെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടും എന്നാണ് എന്റെ വിശ്വാസം...

ജീവിതം അവസാനിപ്പിക്കേണ്ടി വരുന്നതില്‍ നിന്നോടും കുഞ്ഞുങ്ങളോടും മാപ്പ്.........”

Sunday, February 26, 2012

ഐസിയു

ഐസിയു വിന്റെ മുന്നിൽ ഞാൻ നിന്നു.
പലരും ഐസിയു വിന്റെ വാതിൽ തുറക്കുന്നതും നോക്കി നിൽപ്പുണ്ട്. ഞാൻ അവരുടെ മുഖത്തെ ഭാവം നോക്കി മനസിലാക്കാൻ ശ്രമിച്ചു എങ്കിലും പരാജയപ്പെട്ടു. അല്ലങ്കിൽ തന്നെ പലവഴിക്ക് പരാജയപ്പെടുന്നവർ ആണല്ലോ ഐസിയുവിനുള്ളിൽ എത്തപ്പെടൂന്നത്. പരാജയം ഒരു പക്ഷേ ആപേക്ഷികമാണന്ന് പറയാമെങ്കിലും ഐസിയു വിന്റെ മുന്നിൽ പരാജയപ്പെട്ടതുപോലെ നിൽക്കുന്നവരിൽ പലരും വിജയികൾ ആവുകയാണന്നാണന്ന് എനിക്ക് തോന്നിയിട്ടുള്ളത്. അന്ങനെ പറയാൻ കാരണം ഉണ്ട്. ലക്ഷക്കണക്കിന് രൂപ നൽകി  ഐസിയു വിനുള്ളിൽ കുടുന്ങിപ്പോയ ഒരാളെ രക്ഷിക്കാൻ പറ്റാത്ത അടുത്ത ബന്ധുവിനെ സംബന്ധിച്ച് ഐസിയു വിനുള്ളിലെ പരാജയം വിജയം ആണ്.അധികം ആയുസ് നീട്ടാതെ ദൈവം ആ ജീവൻ എടുത്ത ആശ്വാസം!!!

മരണത്തിനു തണുപ്പാണോ ചൂടാണോ എന്ന് എനിക്കറിയില്ല. ഇടയ്ക്കിടയ്ക്ക്  ഐസിയു തുറക്കുമ്പോൾ വെളിയിലേക്ക് വരുന്ന തണുപ്പിനു മരണത്തിന്റെ മണമുണ്ടന്ന് എനിക്ക് തോന്നി. ശരീരത്തെ മാത്രം ബാധിക്കുന്ന തണൂപ്പിൽ നിന്ന് മരണത്തിന്റെ മണം വേര്തിരിച്ചെടുക്കാൻ എന്റെ മൂക്കിന് എന്ങനെ കഴിഞ്ഞു എന്ന് എനിക്ക് മനസിലായില്ല. അല്ലങ്കിൽ തന്നെ മനുഷ്യനു മനസിലാകാത്ത പലതും ചേരുന്നതാണല്ലോ മനുഷ്യജീവിതം. ആ ജീവിതത്തിന്റെ നൂൽപ്പാലത്തിലൂടയുള്ള യാത്രയിൽ സൃഷ്ടാവിനോ സൃഷ്ടിക്കോ എവിടയോ പിഴക്കുമ്പോഴാണല്ലോ ഐസിയുവിനുള്ളിൽ എത്തപ്പെടൂന്നത്. അതിനുള്ളിലെ തണുപ്പിന്റെ അവസ്ഥ എന്ങനെയുള്ളതാണങ്കിലും എനിക്ക് ആ തണുപ്പ് മരണത്തിന്റെ തണുപ്പായി തോന്നി.

ഐസിയുവിന്റെ വാതിൽ തുറക്കുമ്പോൾ പലരും പ്രതീക്ഷയോടെ വാതിക്കലേക്ക് നോക്കുന്നത് ഞാൻ കണ്ടു. അകത്ത് കിടക്കുന്ന തന്ങളുടെ ബന്ധു ജീവിതത്തിലേക്ക് തിരിച്ച് വരുന്നത് അവർ പ്രതീക്ഷിക്കുന്നുണ്ട്. ആ ബന്ധു ഒരു പക്ഷേ വെളിയിൽ നിൽക്കുന്ന ആളിന്റെ ഭാര്യയോ ഭർത്താവോ മകനോ മകളോ അളിയനോ ബന്ധുക്കാരനോ ബന്ധുക്കാരത്തിയോ ആകും. അതുമല്ലങ്കിൽ രക്തബന്ധത്തെക്കാൾ ദൃഢമായ സ്നേഹബന്ധത്തിന്റെ ബന്ധനത്തിൽ അകപ്പെട്ടവർ ആയിരിക്കാം. എന്തുബന്ധം ആണങ്കിലും അകത്തുള്ള ആൾ ജീവിതത്തിലേക്ക് തിരികെ വരണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ടാവാം. പക്ഷേ കാലവും കാലഗതിയും പ്രകൃതിയെ നിയന്ത്രിക്കൂന്ന ശക്തിയും കൂടെ എടുക്കുന്ന ജീവകാലകാലത്തിന്റെ അറ്റം മുറിക്കാൻ ആർക്കും കഴിയില്ലല്ലോ. എല്ലാം വിധിയന്നോ ഭാഗ്യത്തിനു രക്ഷപ്പെട്ടു എന്നോ  ആശ്വസിക്കുകയോ ചെയ്യാനല്ലേ എന്നെപ്പോലെ ഐസിയുവിന്റെ മുന്നിൽ നിൽക്കൂന്നവർക്ക് കഴിയുകയുള്ളൂ.

കാത്തിരിപ്പിന്റെ നിമിഷന്ങൾ കൂടുമ്പോൾ ജീവിതത്തിന്റെ അർത്ഥമില്ലായ്മയാണ് എന്റെ ഉള്ളിൽ നിറയുന്നത്. ജനിക്കുമ്പോൾ ഒന്നും കൊണ്ടൂവരാത്തവൻ മരിക്കൂമ്പോഴും ഒന്നും കൊണ്ടും പോകുന്നില്ലന്ന് പറയുമ്പോൾ നിറയുന്നത് ജീവിതത്തിലെ അർത്ഥമോ അർത്ഥമില്ലായ്മയോ ആണല്ലോ? മനുഷ്യൻ മരിക്കൂമ്പോൾ തിരികെ പോകുന്നത് ജനിക്കും മുമ്പുള്ള അവസ്ഥയിലേക്കായിരിക്കൂമോ? പുരുഷ സ്ത്രിബീജന്ങൾ ചേർന്ന് ഉണ്ടാകുന്ന ഒരു കുഞ്ഞു ജീവൻ വളർന്ന് വലുതായി ആയുസ് അവസാനിക്കൂമ്പോൾ എന്ങോട്ടായിരിക്കൂം തിരികെ പോകുന്നത്? ഐസിയുവിന്റെ വാതിൽ തുറക്കുമ്പോൾ വെളിയിലേക്ക് വരുന്ന തണൂപ്പ് എന്റെ ചിന്തകളെ ഏതോ ഭ്രാന്തമായ വഴിയിലേക്ക് നയിക്കുകയാണ്. എനിക്കറിയില്ല ഈ തണൂപ്പ് എന്ങനെ എന്റെ ചിന്തകളെ മാറ്റിമറിക്കുന്നു എന്ന്.പല അവസ്ഥകളിൽ കൂടി കടന്നുപോകുമ്പോഴാണല്ലോ മനുഷ്യൻ തന്റെ ചിന്തകൾ രൂപപ്പെടൂത്തുന്നത്.

ഐസിയുവിനുള്ളിൽ എന്താണ് നടക്കുന്നത്. ജീവിതവും മരണവും തമ്മിലുള്ള വടംവലിമത്സരം ആണ് അവിടെ നടക്കൂന്നത് എന്ന് തോന്നുന്നു. ഒരു നിമിഷത്തിലേക്ക് കാലുമറിയുന്നവരോ കൈ തളരുന്നവരോ കൈ അയയുകയോ ചെയ്യുന്നവർ തോൽവിയുടെ അഗാധഗർത്തന്ങളിലേക്ക് പതിക്കുകയാണല്ലോ?എപ്പോഴും മരണത്തെ പരാജയപ്പെടുത്തണമെന്നാണല്ലോ ഐസിയുവിനുള്ളിൽ കിടക്കുന്ന ആളും പുറത്ത് നിൽക്കുന്നവരും ആഗ്രഹിക്കുന്നത്. അവരെമാത്രം എന്തിന് പറയുന്നു, എപ്പോഴും മരണത്തെ തോൽപ്പിക്കണം എന്നുതന്നെയാണല്ലോ എല്ലോ മനുഷ്യരും ആഗ്രഹിക്കുന്നത്.മരണവും ജീവനും തമ്മിലുള്ള വടം വലിയിൽ മരണം ആണ് ജയിക്കുന്നതെങ്കിൽ നിലവിളിയോ ഏന്ങലോ ഐസിയുവിന്റെ മുന്നിൽ നിന്ന് ഉയരാം. ജീവനാണ് ജയിക്കുന്നതെങ്കിൽ ആ വിജയം ഒരു ദീർഘനിശ്വാസത്തിൽ ആഘോഷിച്ചു തീർക്കും. അല്ലങ്കിൽ ദൈവത്തിനുള്ള ഒരു നന്ദി പറച്ചിലിൽ ആ വിജയാഘോഷം അവസാനിക്കും.

ഐസിയുവിന്റെ വാതിൽ തുറന്ന് നഴ്സ് പേരു വിളിക്കുമ്പോൾ പുറത്ത് ഉള്ളവരുടെ എല്ലാ കണ്ണും കാതും ആ വാതിക്കലേക്ക് തന്നെയല്ലേ? പക്ഷേ ഞാൻ അപ്പോഴും മറ്റേതോ ലോകത്തിൽ ആണന്ന് എനിക്ക് തോന്നി. എനിക്ക് ഇവിടെ നിന്ന് എഴുന്നേറ്റ് പോകണം എന്നുണ്ടായിരുന്നെങ്കിലും അകത്ത് നിന്ന് ആരെങ്കിലും വന്ന് വിളിച്ചാൽ എന്തു ചെയ്യും എന്ന് കരുതി ഞാൻ അവിടെ തന്നെ ഇരുന്നു. ഞാനെന്തിനാണ് അന്ങനെ കരുതിയത്? ഞാൻ മാത്രമല്ല അകത്തുള്ള ആ ആളിനുവേണ്ടി വെളിയിൽ നിൽക്കുന്നത്. എനിക്ക് അറിയാവുന്ന ഒരു പത്തിരുപത് പേരെങ്കിലും അകത്തുള്ള ഞന്ങളുടെ ആളിനെ കാണാനായി വെളിയിൽ നിൽപ്പുണ്ട്. ബന്ധന്ങൾ ആണല്ലോ മനുഷ്യനെ ബന്ധനസ്ഥൻ ആക്കുന്നത്. ബന്ധന്ങളുടെ കെട്ടുകള് പൊട്ടിച്ചെറിയാൻ എനിക്ക് കഴിയാത്തതുകൊണ്ട് മാത്രമായിരിക്കും ഞാനിപ്പോഴും ഐസിയുവിന്റെ മുന്നിൽ ഇരിക്കുന്നത്. മരണവും ജീവനും തമ്മിലുള്ള വടം വലി എത്ര നേരം കൂടി നീണ്ടു നിൽക്കും എന്നേ അറിയാനുള്ളൂ. വിജയം മരണത്തിനു തന്നെ ആയിരിക്കുമെന്ന് ഞന്ങൾക്ക് ഉറപ്പായിരുന്നു .

ഒരു രണ്ട് മണിക്കൂർ മുമ്പ് നേഴ്സ് വന്ന് ഞന്ങളെ വിളിച്ചതായിരുന്നു.
"ഉടൻ തന്നെ ഒരു ഓപ്പറേഷൻ നടത്തണം. രണ്ടരലക്ഷം രൂപ ആകും"
രണ്ടരലക്ഷം രൂപ എന്ന് കേട്ടപ്പോഴേ ഞന്ങൾ പരസ്പരം നോക്കി. ഞന്ങൾ കൂട്ടിയാൽ രണ്ടരലക്ഷം കൂടില്ലന്ന് ഞന്ങൾക്ക് അറിയാമായിരുന്നു. ഞന്ങളുടെ നോട്ടവും കുശുകുശുക്കലും കണ്ടിട്ടാവണം നേഴ്സ് അകത്തേക്ക് പോയി ഡോക്ടറെ വിളിച്ചുകൊണ്ടു വന്നു.
"അമ്പതിനായിരം രൂപ മാനേജ്മെന്റ് കുറച്ച് തരും.ഒന്നരലക്ഷം രൂപ ഇപ്പോൾ അടച്ചാൽ ഓപ്പറേഷൻ നടത്താം. ഇപ്പോഴാണങ്കിൽ എല്ലാ ഡോക്ടർമാരും ഇവിടെ ഉണ്ട്. ഉടൻ തന്നെ നടത്താം" ഡോക്ടർ പറഞ്ഞു.

"സാറേ,ഓപ്പറേഷൻ നടത്തിയാൽ രക്ഷപെടുമോ?" ആരോ ചോദിച്ചു.
ഡോക്ടർ അന്ങനെ ഒരു ചോദ്യം പ്രതീക്ഷിച്ചിരുന്നില്ലന്ന് അയാളുടെ മുഖത്ത് നിന്ന് എനിക്ക് മനസിലായി.

"നമുക്ക് ചെയ്യാനുള്ളത് ഓപ്പറേഷൻ മാത്രമാണ്. നാലിനൊന്ന് ചാൻസ് രക്ഷപെടാൻ ഉണ്ട്. തീരുമാനിക്കേണ്ടത് നിന്ങളാണ്." ഡോക്ടർ തന്റെ അനിഷ്ടം പ്രകടിപ്പിച്ചിട്ട് അകത്തേക്ക് തന്നെ തിരിച്ചു കയറി.

ഞന്ങൾ ആലോചിച്ചു.
ഒന്നരലക്ഷം പോയിട്ട് ഒരു ആയിരം രൂപ തന്നെ ഞങ്ങളുടെ ആരുടെ കൈയ്യിലും തികച്ച് എടുക്കാൻ ഉണ്ടായിരുന്നില്ല. എവിടെ നിന്നെങ്കിലും പണം പലിശക്ക് എടുത്താൽ തന്നെ അകത്തുള്ള ആൾ ജീവനോട് തിരികെ വരുമെന്ന് ഉറപ്പില്ല. പലിശ അടയ്ക്കാതായാൽ ഈടുതനനെ പലിശക്കാരൻ കൊണ്ടുപോയന്നിരിക്കും.ഈട് വയ്ക്കാനുള്ളത് കിടപ്പാടം മാത്രമാണ്. ആളും പോവുന്നതോടൊപ്പം കിടപ്പാടവും കൂടി പോയാലുള്ള ഭീകരമായ അവസ്ഥ ഞന്ങളുടെ മുന്നിൽ വലിയ ഒരു ചോദ്യചിഹ്നമായി നിന്നു.മനസില്ലാമനസോടെ ആളെ വിധിക്ക് വിട്ടുകൊടുക്കാൻ ഞന്ങൾ തീരുമാനിച്ചു. ആ തീരുമാനം ഞന്ങൾ വാതിക്കൽ തല നീട്ടിയ നേഴ്സിനെ അറിയിക്കുകയും ചെയ്തു. പിന്നീട് ഐസിയുവിന്റെ വാതിൽ തുറക്കുമ്പോഴെല്ലാം മരണവാർത്ത ഞന്ങൾ പ്രതീക്ഷിച്ചു. അതുകൊണ്ടാവും ഐസിയു തുറക്കുമ്പോഴെല്ലാം എന്റെ ശരീരത്ത് തട്ടുന്ന തണൂപ്പ് മരണത്തിന്റെ തണൂപ്പായി എനിക്ക് തോന്നിയത്.

ഐസിയുവിന്റെ മുന്നിലെ ബഹളം ആണ് എന്നെ ചിന്തയിൽ നിന്ന് ഉയർത്തിയത്. ആരക്കൊയോ നിലവിളിക്കുന്നു. എനിക്ക് പരിചിതമായ ഏതെങ്കിലും ശബ്ദ്ദം ആ നിലവിളിയിൽ വേർതിരിച്ചെടുക്കാൻ എനിക്ക് കഴിഞ്ഞില്ല. ഐസിയുവിന്റെ വാതിൽ തുറക്കുന്നതും അഞ്ചാറു നേഴ്സുമാരും അറ്റൻഡർമാരും രക്തത്തിൽ കുളിച്ച ഒരാളെ അകത്തേക്ക് തള്ളിക്കൊണ്ട് പോകുന്നതും ഞാൻ കണ്ടൂ. ഐസിയുവിന്റെ വാതിക്കലേക്ക് കൂടുതൽ ആളുകൾ വന്നു കൊണ്ടിരുന്നു. സെക്യൂരിറ്റിക്കാർ ആൾക്കാരോട് മാറി നിൽക്കാൻ പറയുന്നുണ്ടങ്കിലും ആരും മാറുന്നില്ല. ബൈക്ക് ആക്സിഡന്റിൽ പെട്ട ഒരു ചെറുപ്പക്കാരനെയാണ് അകത്തേക്ക് കൊണ്ടു പോയത്. അവന്റെ അമ്മയും സഹോദരിമാരും ആയിരിക്കണം നിലവിളിക്കുന്നത്.
ഹൊ! ഐസിയു ഒരു വിചിത്ര ലോകം ആണ്.
ചിലപ്പോൾ അതിഭീകരമായ നിശബദ്ദത.
ചിലപ്പോൾ പേടിപ്പിക്കൂന്ന നിലവിളീകൾ.
ചിലപ്പോൾ ശബ്ദ്ദമായി ചിലരുടെ അടക്കം പറച്ചിലുകൾ മാത്രം.

നിമിഷന്ങൾ കഴിയും തോറും ആ അമ്മയുടേയും സഹോദരിമാരുടേയും നിലവിളികൾ ഏന്ങലടികളായി. ആരക്കയോ അവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഒരു നിമിഷത്തെ ചൂതാട്ടം കൊണ്ട് എല്ലാം നഷ്ടപ്പെട്ട ഒരുവനെപ്പോലെ ഒരാൾ എന്റെ അടുത്ത കസേരയിൽ വന്നിരുന്നു. അയാൾ വിറയ്ക്കുന്നുണ്ടായിരുന്നു.അയാളുടെ ചുണ്ടുകൾ വിറയ്ക്കുകയും ചില വിതമ്പലുകൾ പുറത്ത് വരികയും ചെയ്യുന്നുണ്ടായിരുന്നു. ആ ചെറുപ്പക്കാരന്റെ അപ്പനായിരിക്കൂം ഇയാൾ. അല്ലങ്കിൽ തന്നയും മനുഷ്യന്റെ ജീവിതം തന്നെ വിചിത്രമാണല്ലോ !! 

ഒരു മണിക്കൂറോളം കഴിഞ്ഞിട്ടൂണ്ടാവണം. ഐസിയുവിന്റെ വാതിൽ തുറന്ന് ഒരു നേഴ്സ് പുറത്തേക്ക് വന്നു. നേഴ്സ് വിളിച്ച പേര് കേട്ടതുകൊണ്ടായിരിക്കണം അയാൾ ആ വാതിക്കലേക്ക് നോക്കിയത്. ആ വാതിക്കൽ വരെ പോകാൻ അയാൾ ആ സമയത്ത് അശക്തൻ ആയിരുന്നു എന്ന് എനിക്ക് തോന്നി.
"കണ്ണു തുറന്നു.ഇനി ഒന്നും പേടിക്കാനില്ല" അയാളോട് ആരോ വന്നു പറഞ്ഞു. അത്രയും നേരം അടക്കിവെച്ചിരുന്ന അയാളുടെ വിതമ്പലുകൾ പുറത്തേക്ക് വന്നു. അയാൾ വിതമ്പലോടെ അപരിചിതനായ എന്റെ തോളിലേക്ക് തല ചായ്ച്ചു.അത്രയും നേരം അടക്കി വെച്ചിരുന്ന അയാളുടെ ദുഃഖം എന്റെ തോളിലൂടെ കണ്ണീരായി ഒഴുകി.ഏറ്റവും അടുത്ത ബന്ധുവിനെപ്പോലെ അയാൾ എന്റെ തോളിലേക്ക് തല ചായിച്ചപ്പോൾ ഞാൻ അറിയാതെ തന്നെ അയാളുടെ ബന്ധു ആയതുപോലെ. മനുഷ്യർക്ക് ചില സമയത്ത് ഒരു കൈ താന്ങിനായി ഒരു അപരിചിതനേയും തിരഞ്ഞെടുക്കേണ്ടി വന്നേക്കാം .ആ അമ്മയുടെയും സഹോദരിമാരുടേയും കരച്ചിലുകൾ അവസാനിച്ചു കഴിഞ്ഞിരുന്നു.

ഞാനിപ്പോൾ ഈ ഐസിയുവിന്റെ മുന്നിൽ ഇരിക്കാൻ തുടന്ങിയിട്ട് പത്തുമണിക്കൂറോളം കഴിഞ്ഞിരിക്കുന്നു. മരണത്തിനായുള്ള ആ കാത്തിരിപ്പ് എന്തുകൊണ്ടാണ് എന്നെ ഭയപ്പെടൂത്താത്തത് എന്ന് ഞാൻ ചിന്തിച്ചു. ചില മരണന്ങൾ  വലിയ ദുരന്തന്ങളിൽ നിന്നുള്ള രക്ഷപെടലാണ്. അതുകൊണ്ടായിരിക്കണം അകത്തുള്ള ആളിന് സംഭവിക്കാൻ സാധ്യതയുള്ള മരണം എന്നെ ഭയപ്പെടൂത്താത്തത്. ഓരോ പ്രാവിശ്യവും ഐസിയുവിന്റെ വാതിൽ തുറന്ന് ഞന്ങളുടെ രോഗിയുടെ പേര് വിളിക്കുമ്പോൾ വലിയ അത്ഭുതത്തിനായി ഞന്ങൾ കാത്തിരുന്നില്ല. അനിവാര്യമായത് എപ്പോൾ സംഭവിക്കൂം എന്നുമാത്രമേ ഞന്ങൾക്ക് അറിയേണ്ടിയിരുന്നുള്ളൂ. മരണവും ജീവിതവും തമ്മിലുള്ള വടം വലി ഇത്രയും നേരം നീണ്ടൂ നിൽക്കൂമോ? ഒരു പക്ഷേ മരണം തോറ്റ് പിന്മാറുകയായിരിക്കൂമോ?? ഇല്ല മരണത്തിനന്ങനെ പിന്മാറാൻ കഴിയുമോ?

ഞന്ങളുടെ കൂട്ടത്തിൽ നിന്നുള്ള ഒരാളെ ഡോക്ടർ അകത്തേക്ക് വിളീപ്പിച്ചു. അയാൾ തിരിച്ചു വന്നപ്പോൾ എല്ലാവരും അയാളുടെ ചുറ്റും കൂടി.
"എന്തായി?" പലരും ചോദിച്ചു.
"എല്ലാം കഴിഞ്ഞു. വിളിച്ചിട്ട് കണ്ണു തുറന്നില്ല" അയാൾ പറഞ്ഞു. അതിൽ എല്ലാം ഉണ്ടായിരുന്നു. വീണ്ടൂം നിലവിളികൾ. ഈ നിലവിളിയിൽ എനിക്ക് പരിചയമുള്ള ശബദ്ദന്ങൾ എനിക്ക് തിരയേണ്ടി വന്നില്ല. എനിക്ക് പരിചിതമായ ശബ്ദ്ദന്ങൾമാത്രമായിരുന്നു ആ നിലവിളിയിൽ ഉണ്ടായിരുന്നത്. എത്രപ്രായമേറിയിട്ട് മരിച്ചതാണങ്കിൽ ആ കണ്ണുകൾ അടയുമ്പോൾ മറ്റുള്ളവർ അറിയാതെ കരഞ്ഞുപോകുന്നത് അയാളോടുള്ള സ്നേഹം കൊണ്ടായിരിക്കണം.

ഐസിയുവിന്റെ വാതിൽ തുറന്ന് ഇപ്പോൾ അകത്തുള്ള ഞന്ങളുടെ ആളിനെ പുറത്തുകൊണ്ടുവരും. ഐസിയുവിലെ നനുനനുത്ത തണൂപ്പിൽ നിന്ന് മോർച്ചറിയിലെ മൂർച്ചയേറിയ തണൂപ്പിലേക്കുള്ള യാത്ര.
ഐസിയുവിന്റെ വാതിൽ തുറന്നപ്പോൾ ഇപ്പോൾ  എന്റെ ശരീരത്തിൽ തട്ടിയ തണുപ്പിന് മരണത്തിന്റെ സ്പർശം ഇല്ലായിരുന്നു എന്ന് എനിക്ക് തോന്നി. ഞാൻ വീണ്ടൂം എന്റെ സീറ്റിൽ വന്നിരുന്നു. എന്റെ തൊട്ടടൂത്ത് ഇരുന്ന ആൾ അപ്പോൾ അവിടെ ഇല്ലായിരുന്നു.കുറെക്കഴിഞ്ഞാണ് അയാൾ വന്നത്. വന്നപ്പോഴേ അയാൾ എന്നോട് പറഞ്ഞു.
"ഞാൻ വിളിച്ചപ്പോഴേ മോന് കണ്ണു തുറന്ന് എന്നെ നോക്കി. ഇനി ഒന്നും പേടീക്കാനില്ലന്നാ ഡോക്ടർ പറഞ്ഞത്" അയാൾ പറഞ്ഞത് കേട്ട് ഞാൻ തല കുലുക്കൂകമാത്രം ചെയ്തു.

കണ്ണുതുറക്കുകയും കണ്ണ് തുറക്കാതിരിക്കുകയും ചെയ്യുന്ന രണ്ട് അവസ്ഥകളെയാണ് ജീവൻ എന്നും മരണം എന്നു പറയുന്നത് എന്ന് എനിക്ക് തോന്നി. ഇനിയും ഇവിടെ ഇരുന്നിട്ട് എനിക്ക് കാര്യമില്ല. ഐസിയുവിന്റെ വാതിൽ തുറക്കുന്നതും നോക്കി പ്രതീക്ഷയോട് നിൽക്കൂന്നവരുടെ കൂട്ടത്തിൽ നിന്ന് ഞാൻ പിന്മാറി. ഐസിയുവിന്റെ വാതിൽ തുറന്നപ്പോൾ എന്നെ കടന്നുപോയ തണുപ്പിനിപ്പോൾ ജീവന്റെ തണുപ്പായിരുന്നുവെന്ന് എനിക്ക് തോന്നി. ഐസിയുവിന്റെ മുന്നിൽ കാത്തു നിൽക്കൂന്നവരുടെ മാനസികാവസ്ഥയായിരിക്കണം ഐസിയുവിൽ നിന്ന് വരുന്ന തണുപ്പിലെ ജീവനും മരണവും വേർതിരിക്കൂന്നത്.

Friday, January 27, 2012

'നല്ല കുടുംബം' :: ഒരു സീരിയൽ കഥ

മലയാളി സ്ത്രികളുടെ രാത്രികളെ കണ്ണീരിൽ കുതിർക്കാൻ പറ്റിയ ഒരു സീരിയൽ കഥ അവസാനം കണ്ടത്തി. ആ കഥ നിന്ങൾക്കായി ഇവിടെ കുറിക്കുന്നു.....
സീരിയലിന്റെ പേര് 'നല്ല കുടുംബം'

*********************************************
ഒരു വലിയ വീട്
വലിയ വീട്ടിൽ ഒരപ്പനും അമ്മയും മൂന്നു ആൺമക്കൾ.
ഒന്നാമൻ വിക്രമൻ, രണ്ടാമൻ ദ്വിവിക്രമൻ ,മൂന്നാമൻ ത്രിവിക്രമൻ.
മൂന്നു മക്കളും കുടുംബ ബിസ്നസ് നോക്കി നടത്തുന്നു.
വിക്രമൻ ഒരു പാവം. 
ദ്വിവിക്രമൻ ഭയങ്കരൻ.
ത്രിവിക്രമൻ അതി ഭയങ്കരൻ.

വിക്രമൻ കമ്പ്നിയിലെ സെക്യൂരിറ്റിക്കാരന്റെ മകളുമായി പ്രണയത്തിലാണ്. തന്റെ പഴയ കൂട്ടുകാരനായ സെക്യൂരിറ്റിക്കാരന്റെ മകളുമായി വിക്രമൻ വിവാഹം കഴിക്കുന്നതിൽ അപ്പന് എതിർപ്പില്ല. പക്ഷേ അമ്മ അവരുടെ വിവാഹത്തെ എതിർക്കുന്നു. അമ്മയുടെ നിർബന്ധം കൊണ്ട് വിക്രമൻ രംഭയെ വിവാഹം കഴിക്കുന്നു.

രംഭ വീടിന്റെ ഭരണം ഏറ്റെടുക്കുന്നു..
രംഭയുടെ അമ്മയും മകളോടൊത്ത് താമസിക്കാനായി എത്തുന്നു.
രംഭയുടെ നിർബന്ധത്തിനു വഴന്ങി വീതം വയ്പ് നടത്തുന്നു.
വിക്രമന്റെ പേരിലുള്ള വീതം രംഭ തന്റെ പേരിലേക്ക് മാറ്റുന്നു.
ഒരു ദിവസം രംഭയേയും ത്രിവിക്രമനേയും കാണാതാകുന്നു.
രംഭയും ത്രിവിക്രമനും ഒരാഴ്ച കഴിഞ്ഞ് തിരിച്ചെത്തുന്നു.
തനിക്ക് രംഭയില്ലാതെ ജീവിക്കാൻ പറ്റില്ലന്ന് ത്രിവിക്രമൻ അറിയിക്കുന്നു.
വീട്ടിലെ പ്രശ്നന്ങൾ പുറത്ത് അറിയുന്നത് നാണക്കേടാണന്ന് കരുതി വിക്രമനും അപ്പനും അമ്മയും ആരോടും ഒന്നും പറയുന്നില്ല.
വിക്രമൻ വീണ്ടും സെക്യൂരിറ്റിക്കാരന്റെ മകളുമായി അടുക്കുന്നു..
താൻ ഗർഭിണിയാണന്നും തന്റെ ഗർഭത്തിന്റെ ഉത്തരവാദി ദ്വിവിക്രമൻ ആണന്നും രംഭയുടെ അമ്മ പറയുന്നു..
രംഭയുടെ അമ്മയും ദ്വിവിക്രമനും മറ്റൊരു വീട്ടിലേക്ക് താമസം മാറുന്നു.

ത്രിവിക്രമന്റെ പേരിലുള്ള സ്വത്തും രംഭ തന്റെ പേരിലാക്കുന്നു.
രംഭയുടെ അമ്മ പ്രസവിക്കുന്നു...
ദ്വിവിക്രമന്റെ പേരിലുള്ള സ്വത്ത് കുഞ്ഞിന്റെ പേരിലാക്കിക്കുന്നു.
വിക്രമനേയും   ത്രിവിക്രമനേയും അപ്പനേയും അമ്മയേയും രംഭ വീട്ടിൽ നിന്ന് ഇറക്കി വിടുന്നു..
സെക്യൂരിറ്റിക്കാരൻ അവരെ തന്റെ വീട്ടിലേക്ക് കൊണ്ടൂ പോകുന്നു..
സെക്യൂരിറ്റിക്കാരന്റെ മകൾ ഒരു ദിവസം ചാണകം വാരാൻ പോകുമ്പോൾ രംഭ ഒരു ഇന്നോവയിൽ പോകുന്നത് കാണുന്നു...
അവൾ വീട്ടിൽ വന്ന് പറയുന്നു..
രംഭ പോയ ഇന്നോവയെ പിന്തുടർന്ന് വിക്രമനും   ത്രിവിക്രമനും ആ രഹസ്യം കണ്ടു പിടിക്കുന്നു..
പണ്ട തന്ങളുടെ അപ്പന്റെ പാർട്ണർ ആയിരുന്ന പുട്ടാലുവിന്റെ ഇന്നോവയിൽ ആണ് രംഭ പോയത്...
തന്ങൾ ചതിക്കപ്പെടുകയാണന്ന് വിക്രമനും ത്രിവിക്രമനും ദ്വിവിക്രമനെ അറിയിക്കുന്നു...
കുഞ്ഞിന്റെ ഡിഎൻഎ പരിശോധനയിൽ രംഭയുടെ കുഞ്ഞിന്റെ അപ്പൻ ദ്വിവിക്രമൻ അല്ലന്ന് തെളിയുന്നു..

ദ്വിവിക്രമൻ കൊല്ലപ്പെടൂന്നു.
ദ്വിവിക്രമനെ കൊലപ്പെടുത്തിയതിന് വിക്രമനെ പോലീസ് അറസ്റ്റ് ചെയ്യുന്നു.
ദ്വിവിക്രമനെ കൊലപ്പെടുത്തിയവനെ കണ്ടത്താൻ ത്രിവിക്രമനും സെക്യൂരിറ്റിക്കാരന്റെ മകളും ഇറന്ങുന്നു.
ദ്വിവിക്രമനെ കൊന്നത് പുട്ടാലുവാണന്ന് അവർ കണ്ടത്തുന്നു. അതോടൊപ്പം ഞെട്ടിക്കുന്ന മറ്റൊരു രഹസ്യവും അവർ കണ്ടത്തുന്നു.
രംഭ പുട്ടാലുവിന്റെ മകളാണ്.

പുട്ടാലുവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നു.
പുട്ടാലുവിന്റെ ഭാര്യ,രംഭയുടെ അമ്മ വിഷം കഴിച്ച് മരിക്കുന്നു.
രംഭ തൂന്ങി മരിക്കാൻ ശ്രമിക്കുന്നു എങ്കിലും കയർ പൊട്ടി താഴെ വീണ് കാലൊടിയുന്നു.
തന്നോട് ക്ഷമിക്കണമെന്നും എല്ലാം അപ്പനായ പുട്ടാലുവിന്റെ നിർബന്ധത്തിന് വഴന്ങി ചെയ്തതാണന്നും തന്റെ അമ്മ പ്രസവിച്ച കുഞ്ഞ് പുട്ടാലുവിന്റെയാണന്നും രംഭ ഫോൺ ചെയ്ത് വിക്രമനേയും അമ്മയേയും ഫോൺ ചെയ്ത് അറിയിക്കുന്നു.

രംഭയേയും കുഞ്ഞിനേയും വിക്രമനും അമ്മയും അപ്പനും തന്ങൾക്ക് തിരിച്ച് കിട്ടിയ വീട്ടിലേക്ക് കൊണ്ടു വരുന്നു.

രംഭയെ നോക്കാനായി സെക്യൂരിറ്റിക്കാരന്റെ മകളെ വീട്ടിൽ കൊണ്ടുവരുന്നു. സെക്യൂരിറ്റിക്കാരന്റെ മകളെകൊണ്ട് വിക്രമനെ വിവാഹം കഴിപ്പിക്കാൻ രംഭ മുന്നിട്ടിറന്ങുന്നു. അവരുടെ വിവാഹം കഴിഞ്ഞ അന്ന് രംഭ ഞെട്ടിപ്പിക്കുന്ന മറ്റൊരു രഹസ്യം അവരോട് പറയുന്നു.
തനിക്ക് ക്യാൻസർ ആണന്നും. ഒരുമാസത്തിനകം താൻ മരിക്കുമെന്നും.

രംഭയുടെ അമ്മയുടെ കുഞ്ഞിനെ വിക്രമനും സെക്യൂരിറ്റിക്കാരന്റെ മകളും സ്വന്തം മകനെ പോലെ നോക്കുമെന്ന് രംഭയ്ക്ക് ഉറപ്പ് നൽകുന്നു.
രംഭ മരിക്കുന്നു...

ഇതോടെ 'നല്ല കുടുംബം' എന്ന സീരിയൽ അവസാനിക്കുന്നു....

ഇതുവെച്ച് ഒരു പത്തറുന്നൂറ് എപ്പിസോഡ് ഉണ്ടാക്കാൻ പറ്റും.

റേറ്റിംന്ങ് അനുസരിച്ച് വലിച്ചു നീട്ടാനും കുറയ്ക്കാനും എല്ലായിടത്തും ഗ്യാപ്പും ഇട്ടിട്ടുണ്ട്.(ഉദാ:രംഭ ക്യാൻസർ ആണന്ന് പറഞ്ഞതിനു ശേഷം രംഭയെ രക്ഷിക്കാൻ വേണമെങ്കിൽ പത്തമ്പത് എപ്പിസോഡുകൾ ഓടിക്കാം. വേണമെങ്കിൽ എനിക്ക് ക്യാൻസർ ആണന്ന് പറയുന്ന എപ്പിസോഡിൽ തന്നെ രംഭയെ മരിപ്പിക്കുകയും ചെയ്യാം)

സീരിയൽ നിയമപ്രകാരം ഉള്ള മുന്നറിയിപ്പ് ::
ഷൂട്ടിംന്ങിന്നിടയിൽ കന്നംതിരിവ് കാണിക്കുന്നവരേയും പ്രതിഫലം കൂട്ടി ചോദിക്കുന്നവരേയും മുന്നറിയിപ്പില്ലാതെ അവരുടെ കഥാപാത്രന്ങളെ ഗൾഫിൽ വിടാനും തട്ടിക്കൊണ്ട് പോകാനും കൊല്ലിക്കാനും സംവിധായകനും നിർമ്മാതാവിനും തിരക്കഥാകാരനും അധികാരം ഉണ്ടായിരിക്കും.

Wednesday, January 25, 2012

കേരള എക്സ്പ്രസിലെ ഒരു കൈയ്യേറ്റത്തിന്റെ കഥ

സമയം 1.15 പിഎം
ചെന്ങന്നൂർ റെയിൽവേ സ്റ്റേഷൻ
തിരുവനന്തപുരത്ത് നിന്ന് ഡൽഹിക്കുള്ള 12625 ആം നമ്പർ കേരള എക്സ്പ്രസ് വരുന്നതിനുള്ള  അറിയിപ്പ് ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലും തെലുങ്കിലും മുഴന്ങി. പേഴ്സിൽ നിന്ന് ടിക്കറ്റ് ഒന്നുകൂടി എടുത്ത് നോക്കി.
S6 ലെ 53 ഉം 56 ഉം സീറ്റുകൾ.
56 സൈഡ് സീറ്റ് അപ്പർ ബർത്ത് ആണ്. 53 മിഡിൽ ബെർത്തും. 
കൃത്യ സമയം പാലിച്ചു കൊണ്ട് ട്രയിൻ വന്ന് പ്ലാറ്റ് ഫോമിൽ നിന്നു. ഐലഡിനു ക്രോസിംന്ങ് കൊടുക്കാൻ ഉള്ളതുകൊണ്ട് തിരക്ക് പിടിക്കാതെ ട്രയിനിൽ കയറി. സീറ്റ് തിരക്കി പെട്ടിയും ബാഗുമായി ചെല്ലുന്നതു കണ്ടപ്പോൾ 56 ല് ഇരുന്ന മാന്യദേഹം ഒറ്റക്കണ്ണിട്ട് നോക്കി താൻ ഉറക്കത്തിന്റെ അഗാധ ഗർത്തത്തിലാണന്ന് തോന്നിപ്പിക്കാൻ ശ്രമിച്ച ഉടൻ തന്നെ ദേഹന്റെ ഫോൺ ബെല്ലടിച്ചു. ഉറക്കം തുടരണോ ഫോൺ എടുക്കണോ, ഫോൺ എടുത്താൽ  സീറ്റിൽ നിന്ന് എഴുന്നേൽക്കേണ്ടി വരുമോ എന്നൊക്കെ ചിന്തിച്ച് കുറച്ച് കഴിഞ്ഞിട്ടാണ് മാന്യദേഹം ഫോൺ എടുത്തത്. 

കണ്ണടച്ച് തന്നെയാണ് മാന്യ ദേഹൻ ഫോൺ എടുത്തത്. കണ്ണു തുറന്ന് നോക്കിയാൽ ഞാൻ 56 ആം സീറ്റിനു അവകാശം ഉന്നയിക്കുമെന്ന് അദ്ദേഹത്തിനു അറിയാം. അദ്ദേഹം ഫോൺ പോക്കറ്റിലേക്ക് തിരുകിയതും കേരളകോൺഗ്രസ് ധനകാര്യ വകുപ്പിനു അവകാശം ഉന്നയിച്ചതുപോലെ ഞാൻ 56 ആം സീറ്റിനു അവകാശം ഉന്നയിച്ചു. എന്റെ അവകാശം കണ്ടില്ലന്ന് നടിച്ച് വീണ്ടും കണ്ണട്യ്ക്കാൻ ശ്രമിച്ചു എങ്കിലും ടിക്കറ്റ് നീട്ടി ഞാൻ അവകാശം ഉന്നയിച്ചപ്പോൾ 'അടുത്ത് സ്റ്റേഷനിൽ ഇറന്ങാനാ' എന്ന് പറഞ്ഞ് എന്റെ അവകാശം അടുത്ത സ്റ്റേഷന് വരെ മാറ്റിവെപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അടുത്ത സ്റ്റേഷനായ തിരുവല്ല മുതൽ ഞാനായിരിക്കും അടുത്ത മൂന്നു ദിവസത്തിനേക്ക് 56 ആം നമ്പർ സീറ്റിന്റെ അവകാശി എന്ന് മനസിനെ ഓർമ്മിപ്പിച്ച് 53 ആം സീറ്റിന്റെ അടിയിലേക്ക് ബാഗ് വെയ്ക്കാനായി മാറി. 56 ന്റെ സൈഡ് അപ്പർ ബർത്തിലും 56 ആം സീറ്റിന്റെ അടിയിലും 53 ആം സീറ്റിന്റെ അടിയിലും ആയി മൂന്നു ബാഗും ഒരു പെട്ടിയും ഉറപ്പിച്ച ക്ഷീണത്തിൽ 53 ആം സീറ്റിലും 54 ആം സീറ്റിലുമായി ഞന്ങൾ വിശ്രമിച്ചു.

52 ആം സീറ്റിൽ ഇരുന്ന് ഒരു മലയാളി സ്വാമി ആഹാരം കഴിക്കുന്നുണ്ട്. അദ്ദേഹവും കൂടെയുള്ള രണ്ടു പേരും എറണാകുളംവരെയേ ഉള്ളു സംസാരത്തിൽ നിന്ന് മനസിലായി. എതിർ വശത്തെ സീറ്റിൽ ആന്ധ്രയ്ക്കുള്ള സ്വാമിമാരാണ്. അവരുടെ സമ്മതം വാന്ങി സ്വാമിയും കൂട്ടുകാരും ആഹാരം കഴിക്കുകയാണ്.അടുത്ത സ്റ്റേഷനായ തിരുവല്ലയിൽ എത്തുന്നതിനുമുമ്പ് 56 ആം സീറ്റിന്റെ കൈയ്യേറ്റക്കാരൻ സ്വയമേ ഒഴിവായി. ഏതായാലും ആ സീറ്റ് ഇനി ആരും കൈയ്യേറാൻ വരില്ല എന്ന് ആശ്വസിച്ച് 54ല് തന്നെ ഇരുന്നു. 54ആം സീറ്റിനു പട്ടയം കിട്ടിയവൻ എറണാകുളത്തു നിന്നേ കയറുകയുള്ളു എന്ന് റിസർവേഷൻ ചാർട്ടിൽ നിന്ന് മനസിലാക്കിയിരുന്നു.അതുകൊണ്ട്  54 ല് ധൈര്യമായി ഇരിക്കാം. ആരും ഒഴിപ്പിക്കൻ ടിക്കറ്റും കാണിച്ച് വരില്ലല്ലോ!!!

ട്രയിൻ തിരുവല്ലയിൽ നിർത്തിയതും ഞന്ങളുടെ സീറ്റിന്റെ അവിടെ ഒരു ബഹളം കേൾക്കാം. തുറന്നിരിക്കുന്ന എമർജൻസി വിനഡോയിലൂടെ ഒരു ബാഗ് 56ല് വന്നു വീണു. ബാഗിനെ സപ്പോർട്ട് ചെയ്ത് എട്ട് പത്ത് കൈകളും പ്ലാറ്റ്ഫോമിൽ നിന്ന് എമർജൻസി വിൻഡോയിലൂടെ 56 ആം നമ്പർ സീറ്റിന് ഓസോൺപാളിയുടെ സംരക്ഷണം പോലെ നീണ്ടു. ഒരു പോർട്ടർ നാലഞ്ച് ബാഗും രണ്ട് മൂന്ന് കവറും 55,56 സീറ്റിലേക്ക് അൺലോഡ് ചെയ്തു.
"ഇതാണ് നമ്മുടെ സീറ്റ്" എന്നാരോ പറയുന്നത് കേട്ട് നോക്കി. രണ്ട് പെട്ടി താന്ങി ഒരു ചേട്ടൻ. കൂടെ ചേച്ചി.തീർന്നില്ല. വീണ്ടും രണ്ട് ബാഗുമായി ചേട്ടന്റേയും ചേച്ചിയുടെയും മകൾ. ആകെ മൂന്നുപേരും പത്തോളം ലഗേജുകളും. അതും 56 ആം സീറ്റിൽ കൈയ്യേറ്റം നടത്താൻ. 56 ആം സീറ്റിന്റെ കൈവശാവകാശ രേഖയായ ജേർണി കം റിസർവേഷൻ ടിക്കറ്റ് കൈവശം ഉള്ളടത്തോളം കാലം അനധികൃത കൈയ്യേറ്റം ഒരു ദൗത്യ സേനയുടേയും സഹായം ഇല്ലാതെ ഒഴിപ്പിക്കാൻ കഴിയുമെന്ന് എനിക്കുറപ്പായിരുന്നു. പക്ഷേ നമ്മൾ വിചാരിക്കുന്നതുപോലെയല്ലല്ലോ എല്ലാം സംഭവിക്കുന്നത്. സർക്കാരിന്റെ കൈയ്യിൽ എല്ലാ രേഖയുണ്ടന്നും പറഞ്ഞിട്ടും മന്ത്രിമാർ കാണിച്ചിട്ടും ഒരൊറ്റ കൈയ്യേറ്റ എസ്റ്റേറ്റിൽ നിന്നുപോലും ടാറ്റയേയോ മറ്റുള്ള കൈയ്യേറ്റക്കാരയോ ഒഴിപ്പിക്കാൻ പറ്റിയിട്ടില്ലല്ലോ?

"ദേ നമ്മുടെ സീറ്റിന്റെ ബർത്തിൽ ആരോ സാധനം വെച്ചിരിക്കുന്നു" ചന്ദ്രനിൽ കല്ലും മണ്ണും വെള്ളവും ഉണ്ടന്ന് കണ്ടത്തിയ ശാസ്ത്രജ്ഞനെപ്പോലെ കണ്ടുപിടിത്തം നടത്തിയത് ചേട്ടന്റേയും ചേച്ചിയുടേയും മകളാണ്. 
"ദേ സീറ്റിന്റെ അടിയിലും സാധനം വെച്ചിട്ടുണ്ട്" ഈ കണ്ടു പിടിത്തം നടത്തിയത് പോർട്ടർ ആണ്. കണ്ടുപിടിത്തം എമർജൻസി വിൻഡോയിലൂടെ പ്ലാറ്ഫോമിലേക്ക് എത്തിയതും ഓസോൺ പാളി പോലെ നിന്ന കൈകൾ പിൻവലിക്കപ്പെട്ടു. കൈകൾക്ക് പകരം പലപ്രായത്തിലുള്ള തലകൾ അത്ഭുതം കാണാൻ എമർജൻസി വിൻഡോയിലൂടെ അകത്തേക്ക് നീണ്ടു. തലകൾ അകത്തേക്ക് വരുന്നതിനോടൊപ്പം വരുന്ന തലകളിൽ നിന്ന് ഓരോരോ അഭിപ്രായവും വരുന്നുണ്ട്.
"അവിടിരിക്കുന്ന സാധനം മാറ്റിവെച്ചിട്ട് നിന്ങടെ സാധനം വെക്ക്"എന്നുള്ള മിതാഭിപ്രായം മുതൽ "അവിടിരിക്കുന്ന സാധനം എടുത്ത് വെളിയിൽ കളയ്" എന്നുള്ള തീവ്രസ്വഭാവ അഭിപ്രായന്ങൾ വരെ ന്യൂസ് അവറിലെ ചർച്ചകളിലെ പോലെ എത്തിവരുന്ന തലകളിൽ നിന്ന് വരുന്നത് ഞാൻ ഭീതിയോടെ കേട്ടു.

എനിക്കും ഒരു സംശയം.
56 എന്റെ സീറ്റ് തന്നെയാണോ? 
ഞാനിനി S6 ല് തന്നെയാണോ കയറിയിരിക്കുന്നത്.
ഏതായാലും എനിക്കും ഭാര്യയ്ക്കും തെറ്റിയാലും ഞന്ങളെ ട്രയനിൽ കയറ്റി വിടാൻ വന്ന അപ്പായ്ക്കും അമ്മായ്ക്കും തെറ്റില്ല. സംശയം തീർക്കാൻ ഞാൻ അവളൊട് ചോദിച്ചു.
"എടീ കൊച്ചേ നമ്മളു കയറിയത് S6 ല് തന്നെ അല്ലേ?"
"അതെ ചേട്ടാ"എന്ന് അവൾ പറഞ്ഞു. എതിർവശത്തിരിക്കുന്ന സ്വാമിമാരോട് ചോദിച്ച് ഞന്ങൾ കയറിയിരിക്കുന്നത് S6 ല് തന്നെ ആണന്ന് ഉറപ്പിച്ചു. ട്രയിനിന്റെ ഹോൺ മുഴന്ങിയതും എമർജൻസി വിൻഡോയിൽക്കുടി അകത്തേക്ക് വന്ന തലകൾ പുറത്തേക്ക് വലിക്കപ്പെട്ടു. എന്തും വരട്ടേ എന്ന് കരുതി ഞാൻ അടുത്ത കൈയ്യേറ്റക്കാരോട് 56 ആം സീറ്റിന്റെ അവകാശം ഉന്നയിക്കാനായി എഴുന്നേറ്റു.
56 എന്റെ സീറ്റാണ് ഞാൻ അവരോട് പറഞ്ഞു. ഞാൻ പറഞ്ഞത് കേൾക്കാഞ്ഞിട്ടാണോ അതോ കെട്ടിട്ടും കേൾക്കാത്ത ഭാവം കാണിച്ചതാണോ എന്നറിയില്ല, ഏതായാലും ഞാൻ പറഞ്ഞത് അവരു കേട്ടില്ല. ഉമിനീർ ഇറക്കി തൊണ്ട നനച്ചിട്ട് ഞാൻ വീണ്ടും പറഞ്ഞു
"ഈ 56 എന്റെ സീറ്റാണ്"ഞാൻ പറഞ്ഞത് ചേച്ചി കേട്ടു. ചേച്ചി മകളെ നോക്കി. ചേച്ചിയും മകളും കൂടി ചേട്ടനെ നോക്കി. അവസാനം മൂവരും കൂടി ഒരുമിച്ച് എന്നെ നോക്കി. ഉമ്മറും ബാലൻ കെ നായരും ജനാർദ്ദനനും(പഴയ) കൂടി ഒരുമിച്ച് നായികയെ നോക്കിയാൽ നായികയുടെ അവസ്ഥ എന്ങനെയായിരിക്കും. ആ അവസ്ഥയിൽ ആയി ഞാൻ. ശബദ്ദത്തിലെ പതർച്ച വെളിയിൽ കാണിക്കാതെ ഞാൻ വീണ്ടും പറഞ്ഞു.
"ഈ 56 ആം സീറ്റ് ഞന്ങളുടേതാണ്"
എന്നിലേക്കുള്ള നോട്ടം പിൻവലിച്ച് നോട്ടം അവർ മൂവരും തമ്മിലായി.

ആശ്വാസമായി..
ഞാൻ പറഞ്ഞത് അവർക്ക് മനസിലാവുക മാത്രമല്ല. അത് സമ്മതിക്കുകയും ചെയ്തിരിക്കുന്നു.
ഒരു കൈയ്യേറ്റം എത്ര സിമ്പിളായി ഞാൻ ഹാൻഡിൽ ചെയ്തന്ന് നോക്കടീ എന്ന് മനസിൽ പറഞ്ഞ് ഭാര്യയെ നോക്കി. അവളുടെ നോട്ടം 56 ല് തന്നെയാണന്ന് മനസിലാക്കി ഞാൻ എന്റെ നോട്ടം 56 ലേക്കാക്കി.ചേച്ചി 56 ആം സീറ്റിന്റെ ചാരി ഇരിക്കുന്ന ഭാഗം മറിച്ചിട്ട് അവിടെ ഇരുന്ന് കഴിഞ്ഞു. എറണാകുളത്ത് നിന്ന് കയറുന്നവന് 56ആം സീറ്റ് കൊടുത്ത് അവന്റെ 54ആം സീറ്റിൽ ഇരിക്കാം എന്നുള്ള പ്രതീക്ഷയാണ് ചേച്ചി നിവർത്തി ഇട്ടിരിക്കുന്നത്. ഏതാണങ്കിലും ദൈവം കണ്ണിൽ ചോര ഇല്ലായ്മ കാണിക്കത്തില്ലല്ലോ? ഏതായാലും ഒരു വഴി കാണിച്ചു തരും. ടിടിആറിന്റെ വേഷത്തിൽ ദൈവം വരുന്നതും കാത്ത് ഞാൻ ഇരുന്നു.

കുറച്ച് കഴിഞ്ഞപ്പോൾ കൈയ്യേറ്റക്കാരുടെ പശ്ചാത്തലം മനസിലായി.
ചേച്ചിക്കും മകൾക്കും ഉള്ള റിസർവേഷൻ ആർഎസി ആണ്. ചേട്ടന്റേത് വെയ്റ്റിംന്ങ് ലിസ്റ്റും. ചേച്ചിയേയും മകളുടെയും ആർഎസി 55. ആ 55ന്റെ പിൻബലത്തിലാണ് 56 ലേക്കുള്ള അധിനിവേശം. ആർഎസി- വെയ്റ്റിംന്ങ് ലിസ്റ്റ് ടിക്കറ്റിന്റെ ബലത്തിൽ അഞ്ചാറു ബാഗും രണ്ട്മൂന്ന് പെട്ടിയുമായി ഡൽഹിവരെ പോകാൻ വന്ന അവരുടെ ആത്മവിശ്വാസത്തെ സമ്മതിക്കണം!!!

ചേച്ചിയും മകളും ഫോൺ എടുത്ത് കുത്താൻ തുടന്ങി.
"നിന്നോടാരു പറഞ്ഞു ആർഎസി ടിക്കറ്റ് എടുക്കാൻ?", "ഇന്നത്തേക്ക് കിട്ടിയില്ലങ്കിൽ നാളെ കൺഫേം ടിക്കറ്റ് എടുത്താൽ പോരായിരുന്നോ?" എന്നൊക്കെയുള്ള ഒരു നൂറ് ചോദ്യന്ങൾ ചേച്ചിയും മകളും കൂടി ആരോടോ ചോദിക്കുന്നത് കേട്ടു. ആഴ്ചകൾക്ക് മുമ്പ് ബുക്കിംന്ങ് തീരുന്ന കേരള എക്സ്പ്രസിലാണ് നാളത്തേക്കൂള്ള കൺഫേം ടിക്കറ്റ് ബുക്ക് ചെയ്ത് കൊടുക്കാത്തതിന് ചേച്ചിയും മകളും കൂടി കുരിശിൽ കയറ്റുന്നത് !!! എറണാകുളം വരെ 54 ല് തന്നെ ഇരിക്കാനും എറണാകുളത്ത് നിന്ന് 54 ന്റെ കൈവശക്കാരൻ വരുമ്പോൾ ചേച്ചിയുടെ 56 ആം നമ്പർ സീറ്റിന്റെ കൈയ്യേറ്റം ഒഴിപ്പിക്കാനും തീരുമാനിച്ച് ഞന്ങൾ 53ലും 54ലും ഇരുന്നു.

എറണാകുളത്ത് നിന്ന് 54 ആം നമ്പർ സീറ്റിന്റെ കൈവശക്കാരൻ കയറി. പാനിപ്പട്ടിൽ എഞ്ചിനീയറിംഗിംന് പഠിക്കുന്ന ഒരു പത്തൊൻപതുകാരൻ. അവനോട് സംസാരിച്ച് അവനെ 56 ആം സീറ്റിലേക്ക് ആക്കാമെന്ന് കരുതി അവനോട് സംസാരിക്കാൻ തുടന്ങി. അവൻ പഠിക്കുന്ന കോളേജിൽ ഇരുപത്താറ് മലയാളികളെ ഉള്ളു എന്നും സെമസ്റ്റർ അവധി കഴിഞ്ഞ് അവർ തിരികെ പോകുവാണന്നും ഒക്കെയുള്ള കാര്യന്ങൾ അവനിൽ നിന്ന് ശേഖരിച്ചു കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു. അവന്റെ കൂട്ടുകാർ അടുത്ത് കമ്പാർട്ട്മെന്റിൽ ഉണ്ട്. അവൻ അവരുടെ കൂടെ ഇരിക്കാൻ പോവുകയാണന്നും ഉറന്ങാൻ സമയത്ത് ബർത്തിന്റെ അവകാശം ചോദിക്കാനേ അവൻ വരികയുള്ളു എന്നും പറഞ്ഞ് അവൻ അടുത്ത കമ്പാർട്ടുമെന്റിലേക്ക് പോയി.അന്ങനെ 54 ന്റെ ഇരുപ്പ് അവകാശം എനിക്കായി. എന്റേയും ഭാര്യയുടേയും ഇരുപ്പും സംസാരവും കേട്ടിട്ട് സ്വർഗ്ഗത്തിലെ കട്ടുറുമ്പാകേണ്ട എന്ന് കരുതി പയ്യൻ പോയതാവാനും മതി. അവന്റെ പിന്മാറ്റം ഒരു വഴിക്ക് എനിക്ക് സന്തോഷം നൽകിയെങ്കിലും എന്റെ 56 ആം സീറ്റില് ഇരിക്കാനുള്ള അവകാശം ഉന്നയിക്കാൻ ഒരു കാരണം ഇല്ലാതായല്ലോ എന്നുള്ളത് എന്നെ സങ്കടപ്പെടുത്തി. 55 ലും 56 ലും ആയി ചേച്ചിയും വിസ്തരിച്ചിരുന്നു. ചേട്ടൻ സ്വാമിമാരുടെ സീറ്റിലുമായി യാത്ര തുടർന്നു. സ്വാമിമാർക്ക് ലഗേജുകൾ ഒന്നും ഇല്ലാതിരുന്നതുകൊണ്ട് ചേട്ടൻ-ചേച്ചിമാരുടെ ലഗേജുകൾ വെക്കാൻ സ്ഥലത്തിന് ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായില്ല.

ആലുവായിൽ ട്രയിൻ നിർത്തിയപ്പോൾ ഒരു പെൺകൊച്ച് ഞന്ങടെ കമ്പാർട്ടുമെന്റിൽ കയറി. അല്പം അഡ്ജസ്റ്റ് ചെയ്യാമോ അടുത്ത സ്റ്റേഷനായ തൃശ്ശൂരിൽ ഇറന്ങാനാണ് എന്നൊക്കെ ചേച്ചിയോടും മകളോടും പറഞ്ഞു. ഞന്ങൾ ഇരിക്കുന്ന സീറ്റിൽ ഇപ്പോൾ തന്നെ നാലു പേർ ഇരിക്കുന്നതുകൊണ്ട് ഒരാളെക്കൂടി ഇരുത്താനുള്ള സ്ഥലം ഇല്ലായിരുന്നു. ആ പെൺകൊച്ച് രണ്ടു മൂന്നു പ്രാവിശ്യം ഒന്നു അഡ്ജസ്റ്റ് ചെയ്യാമോ എന്ന് അവരോട് ചോദിച്ചു. കാലു വേദനമുതൽ പ്രഷറും ഷുഗ്ഗറും വരെയുള്ള അസുഖന്ങളുടെ ലിസ്റ്റ് നിരത്തിയും കാലു നീട്ടി വെക്കാതിരുന്നാൽ തനിക്ക് ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചും ചേച്ചി ആ പെൺകൊച്ചിന് സ്റ്റഡി ക്ലാസ് എടുത്തു. എന്റെ 56 ആം സീറ്റിൽ കാലു നീട്ടി ഇരുന്നാണ് ചേച്ചി ക്ലാസ് എടുക്കുന്നത്. എങ്കിൽ 55ആം സീറ്റിൽ ഇരിക്കുന്ന മകളൊട് പറഞ്ഞ് ആ പെങ്കൊച്ചിന് അല്പം സ്ഥലം കൊടുക്കാൻ ആ ചേച്ചി ശ്രമിച്ചതും ഇല്ല. പെൺകൊച്ചിന്റെ സ്ഥലം തേടൽ കണ്ട് എന്റെ എതിർവശത്ത് ചേട്ടനോട് ഒപ്പം ഇരുന്ന ആന്ധ്രക്കാരൻ സ്വാമി എഴുന്നേറ്റ് ആ പെൺകൊച്ചിന് സ്ഥലം നൽകാൻ പോകുന്നു എന്ന് കണ്ടപ്പോൾ ചേച്ചിയും മകളും കാലല്പം മടക്കി ആ പെൺകൊച്ചിന് മൂട് ഉറയ്ക്കാൻ വേണ്ടി മാത്രം അല്പം സ്ഥലം നൽകി.  

അന്ങനെ ഒന്നാം ദിവസം പകൽ കഴിഞ്ഞു.
രാത്രിയിൽ 56 ആം നമ്പർ ബർത്തിൽ കയറിക്കിടന്ന് ഞാൻ ഉറന്ങി.
രണ്ടാം ദിവസം...
എനിക്ക് ഇന്ത്യൻ റയിൽവേ മൂന്നു ദിവസത്തേക്ക് പതിച്ച് തന്ന 12625 തിരുവനന്തപുരം ന്യൂഡൽഹി കേരള എക്സ്പ്രസിലെ S6 ലെ 56 ആം നമ്പർ സീറ്റ് മറ്റൊരാൾ കൈയ്യേറി ഇരിക്കുന്നത് കണ്ടിട്ടൂം വെറുതെ ഞാൻ ഇരുന്നു. ഇറന്ങുന്നതിനുമുമ്പ് ഒരിക്കലെങ്കിലും ഒരു മിനിട്ട് നേരം എങ്കിലും ആ സീറ്റിൽ ഒന്ന് ഇരിക്കണം എന്ന് ആഗ്രഹിച്ചു. ആ ആഗ്രഹത്തോടൊപ്പം വേറെ ഒരു ആഗ്രഹവും എനിക്കുണ്ടായി, "മോനേ,ഞാൻ നിന്റെ 56 ആം സീറ്റിൽ ഇരുന്നോട്ടെ" എന്ന് ചേച്ചിയോ ചേട്ടനോ വെറുതെ എങ്കിലും ചോദിക്കുമെന്ന് ഞാൻ കരുതി. ഒന്നാം ദിവസം അതുണ്ടായില്ല. രണ്ടാം ദിവസം എങ്കിലും അതുണ്ടാകുമെന്ന് ഞാൻ കരുതി.

എന്ങനെയെങ്കിലും 56 ആം സീറ്റിൽ കുറച്ചു സമയം എങ്കിലും ഇരിക്കണം എന്ന് കരുതി രണ്ടാം ദിവസം അതിരാവിലേ എഴുന്നേറ്റു. അതിരാവിലെ ബുദ്ധികൂടുതൽ പ്രവർത്തിക്കുമെന്ന് കരുതിയത് വെറുതെയായി. തലയിൽ ഒരു ഐഡിയായും വന്നില്ല. റോമിംന്ങിൽ കാശ് പോകേണ്ടാ എന്ന് കരുതി ഐഡിയ വീട്ടിൽ വെച്ചിട്ട് വന്നതിൽ ഞാൻ സങ്കടപ്പെട്ടു. ചേച്ചി എഴുന്നേറ്റ് പല്ലു തേക്കാൻ പോകുമ്പോഴെങ്കിലും കുറച്ചു സമയം 56 ആം സീറ്റിൽ കയറി ഇരിക്കാമെന്ന് കരുതി ചേച്ചി പല്ലു തേക്കാൻ പോകുന്നതും നോക്കി ഞാൻ ഇരിക്കാൻ തുടന്ങി.പണ്ടത്തെ നാടോടി കഥയിലെ അപ്പൂപ്പൻ മരപ്പട്ടിയെ പിടിക്കാൻ പഞ്ഞി മരത്തിൽ കയറി ഇരുന്ന അവസ്ഥയിലായി ഞാൻ.  

പത്തുമണി ആയപ്പോൾ ചേച്ചി എഴുന്നേറ്റു. എന്റെ തന്ത്രം കാലേക്കൂട്ടി അറിഞ്ഞിട്ടോ എന്തോ ട്രാൻസ്‌പോർട്ട് ബസിൽ കുടവെച്ച് സീറ്റ് ബുക്ക് ചെയ്യുന്നതുപോലെ കുടം പോലെയുള്ള മകളെ പിടിച്ച് 56 ല് ഇരുത്തിയിട്ടാണ് ചേച്ചി എഴുന്നേറ്റ് പോയത്. ഇത്തിരിപോന്ന ബസിൽ കുടയാണങ്കിൽ ഒത്തിരിപോകുന്ന ട്രയിനിൽ കുടം തന്നെ.
ചേച്ചിയുടെ കണക്ഷൻ ഐഡിയ ആണന്ന് തോന്നുന്നു.
വാട്ട് ആൻ ഐഡിയ ചേച്ചി!!!!

പത്തനംതിട്ടയിൽ സമരം ചെയ്തിരുന്ന ചെന്ങറ സമരക്കാർക്ക് വയനാട്ടിൽ കുടിലുകെട്ടാനും കൃഷിചെയ്യാനും കഴിയാത്ത ഭൂമി പതിച്ചു കിട്ടിയതുപോലെ ഞാൻ 56 ആം സീറ്റിൽ നോക്കി ഇരിക്കാൻ തുടന്ങി. അല്ലാതെന്തു ചെയ്യാൻ
അന്ങനെ രണ്ടാം ദിവസവും കഴിഞ്ഞു.
മൂന്നാം ദിവസം തുടന്ങിയന്ന് അറിഞ്ഞത് ശരീരം തുളയ്ക്കുന്ന തണുപ്പ് പുതപ്പിനിടയിലൂടെ കയറിയപ്പോഴാണ്. ഇനി യാത്രതീരാനും 56 ആം സീറ്റിൽ ഇരിക്കാനും ഏതാനം മണിക്കൂറുകൾ കൂടിയേ  ബാക്കിയുള്ളൂ. അതിനുമുമ്പ് ആ സീറ്റിൽ ഒന്ന് മൂടമർത്താനെങ്കിലും അവസരം കിട്ടുമോ??
ഇല്ല ... ഒരവസരവും കിട്ടിയില്ല...
ആ സീറ്റിൽ ഇരിക്കാൻ ഒരവസരം വേണ്ട... ആ സീറ്റിൽ ഇരുന്നതിനു ഒരു നന്ദിവാക്കെങ്കിലും????
എവിടെ??

ട്രയിനന്ങനെ മൂന്നാം ദിവസം ഒരു മണിക്കൂർ ലേറ്റായി ആഗ്രയിൽ എത്തി. അടുത്ത സ്റ്റേഷനായ മധുരയിൽ ഇറന്ങണോ ആഗ്രയിൽ ഇറന്ങണോ എന്നൊരു ചർച്ച ഞാനും അവളുംകൂടി നടത്തി. നാലു ബാഗുകളുമായി ബസ്സ്സ്റ്റാൻഡിൽ ചെല്ലാനുള്ള സൗകര്യം പരിഗണിച്ച് ഇറന്ങുന്നത് മധുരയിൽ മതി എന്ന് തീരുമാനിച്ചു. ആഗ്ര-മധുര യാത്രാസമയം ഒരു മണിക്കൂർ. ട്രയിൻ ആഗ്രയിൽ നിന്ന് വിട്ട് മുക്കാൻ മണിക്കൂർ കഴിഞ്ഞ് ഞന്ങൾ മൂന്നു ബാഗും ഒരു പെട്ടിയുമായി എഴുന്നേറ്റു. അപ്പോഴും 56 ആം സീറ്റിൽ ഒന്നു ഇരുന്നാലോ എന്ന് ആഗ്രഹിച്ചു എങ്കിലും 56 ആം സീറ്റിൽ നിറഞ്ഞിരിക്കുന്ന ചേച്ചി സീറ്റിൽ ഒരു ഗ്യാപ്പിടാതെയാണ് ഇരിക്കുന്നത് എന്നുള്ളതുകൊണ്ട് ആ ആഗ്രഹം ഞാൻ ഒഴിവാക്കി. ഞന്ങൾ പെട്ടിയുമായി വാതിക്കലേക്ക് പോകുന്നത് കണ്ടിട്ടെങ്കിലും 56 ആം സീറ്റിൽ അവകാശവാദം ഉന്നയിക്കാതിരുന്നതിനും സീറ്റ് വിട്ടുകൊടുത്തതിനും  ഞന്ങൾക്ക് ഒരു നന്ദി രേഖപ്പെടുത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

ലഗേജുകളുമായി വാതിക്കൽ ചെന്ന് നിന്നിട്ടും ഞാൻ ഇടയ്ക്കിടയ്ക്ക് 56ലേക്ക് നോക്കി കൊണ്ടിരുന്നു. മൂന്നു ദിവസത്തേക്ക് റയിൽവേ പതിച്ചു തന്നിട്ടും ആ സീറ്റിൽ ഒന്ന് ഇരിക്കാൻ പോലും എനിക്ക് കഴിഞ്ഞില്ലല്ലോ എന്നുള്ള സത്യം എന്നിൽ ദുഃഖം ഉണ്ടാക്കി. വാതിക്കൽ നിൽക്കുന്ന ഞന്ങളെ ഇടയ്ക്കിടയ്ക്ക് ചേച്ചിയും മകളും പാളി നോക്കുന്നത് ഞാൻ കണ്ടു. അവർ ഉടൻ വന്ന് നന്ദി രേഖപ്പെടുത്തുമെന്ന് ഞാൻ വെറുതെ കരുതി.

ട്രയിൻ മധുര സ്റ്റേഷനിൽ നിന്നു. 
ഞന്ങൾ ഇറന്ങി.
നന്ദിവാക്കുകളുമായി ചേട്ടനോ ചേച്ചിയോ വരുമെന്ന് കരുതി.അവർ നന്ദി പറയാൻ വരുമ്പോൾ ഞന്ങളെ കണ്ടില്ലങ്കിൽ അവരുടെ മനസ് വേദനിച്ചാലോ എന്ന് കരുതി  അവരുടെ നന്ദി സ്വീകരിക്കാനായി ഞന്ങൾ ഒരു മിനിട്ട് പ്ലാറ്റ് ഫോമിൽ നിന്നു.
ഇല്ല അവർ വന്നില്ല....

കൈവശാവകാശം പട്ടയം കിട്ടിയ ഭൂമിയിൽ കാലുകുത്താൻ പോലും കഴിയാതെ ദൂരെ നിന്ന് മാത്രം കാണാൻ കഴിഞ്ഞ കൃഷിക്കാരനെപ്പോലെ 12625 ആം നമ്പർ കേരള എക്സ്പ്രസ് ട്രയിൻ പോകുന്നതും നോക്കി ഞന്ങൾ പ്ലാറ്റ് ഫോമിൽ നിന്നു.

എന്നാലും എന്റെ ചേട്ടാ ചേച്ചീ 56 ആം സീറ്റിന്റെ കൈവശക്കാരായ ഞന്ങൾക്ക് ഒരു നന്ദിവാക്കെങ്കിലും പറയാമായിരുന്നു.....

ഏതായാലും വരവന്ങ് പൊലിച്ചു... ഈ രീതിയിൽ ആണങ്കിൽ ഇനി ഒരാഴ്ച എന്തെല്ലാമാണ് ഈ ഹിന്ദി നാട്ടിൽ കാത്തിരിക്കുന്നത്???

: :: ::