Saturday, February 21, 2009

പ്രേതലോകത്തെ വിവാഹലോചന

പ്രിയപ്പെട്ട പ്രേതമേ ....

നിനക്കിതുവരെ ഒത്തിരി വിവാഹാലോചനാ എഴുത്തുകള്‍ കിട്ടിയിട്ടുണ്ടന്ന് എനിക്കറിയാം. അതില്‍ പലതും ഞാന്‍ പൊട്ടിച്ചു വായിച്ചിട്ടാണ് അവിടെ കൊണ്ടുത്തന്നത്. അതില്‍ പലരും അസത്യങ്ങളാണ് എഴുതിപിടിപ്പിച്ചിരിക്കുന്നത്. ഞാനവരെക്കുറിച്ചൊക്കെ അന്വേഷിച്ചു. ചത്തുക്കഴിഞ്ഞ് പ്രേതങ്ങളായിട്ടും മറ്റുള്ളവരുടെ ജീവിതം കുട്ടിച്ചോറാക്കാന്‍ വേണ്ടിമാത്രം
ഇറങ്ങിത്തിരുച്ചവന്മാരാക്കെ തങ്ങള്‍ പുണ്യവാന്മാരാണന്ന് പറഞ്ഞ് എഴുത്ത് എഴുതി യിട്ടുണ്ട്. വെറും പോസ്റ്റുമാനായ ഞാന്‍ തന്റെ കാര്യങ്ങളില്‍ എന്തിന് ഇടപെടുന്നു എന്ന് ചോദിക്കരുത്. സത്യാന്വേഷിയായ ഒരു പോസ്റ്റുമാനാണ് ഞാന്‍. എന്റെ പൂര്‍വ്വകാലത്ത്
ഒരു സി.ബി.ഐ.ഡയറിക്കുറുപ്പ് , ജാഗ്രത , സേതുരാമയ്യര്‍ സി.ബി.ഐ, നേരറിയാന്‍ സി.ബി.ഐ തുടങ്ങിയ സിനിമകള്‍ കണ്ട് കണ്ട് ഞാനൊരു അന്വേഷ്ണകുതികി ആവുകയും ‘രഹസ്യ‘ങ്ങള്‍ തേടി രാത്രി സഞ്ചാരം തുടങ്ങുകയും നാട്ടുകാര്‍ എന്നെ തല്ലിക്കൊല്ലുകയും ആയിരുന്നു ചെയ്തത്. പൂര്‍വ്വ കാലത്ത് ഞാന്‍ പലപ്പോഴും ‘രഹസ്യ‘ങ്ങള്‍ തേടി നടന്നപ്പോള്‍ തന്നയും കണ്ടിട്ടുണ്ടായിരിക്കണം.


നമ്മുടെ ഈ ലോകത്തില്‍ വച്ച് ഞാന്‍ തന്നെ ആദ്യമായി കണ്ടപ്പോഴേ അനുരാഗ വിവശ നായതാണ്. അതിപ്പോഴാണ് തുറന്ന് പറയുന്നതന്ന് മാത്രം. പ്രേമം തുടങ്ങിയ ചാപല്യ ങ്ങളില്‍ എന്നെപ്പോലെ അന്തസുള്ള പ്രേതങ്ങള്‍ കുടുങ്ങുന്നത് ശരിയല്ലന്ന് ബോധ്യമുള്ള തുകൊണ്ടാണ് പ്രേമലേഖനം ഒന്നും തരാതിരുന്നത്. കിട്ടാനുള്ള മുന്തിരിങ്ങ എപ്പോഴാണങ്കിലും കിട്ടുമന്ന് എനിക്കറിയാമായിരുന്നു. രണ്ടു വര്‍ഷം മുമ്പ് നമ്മുടെ പബ്ബില്‍ വച്ചാണ് ഞാന്‍ തന്നെ ആദ്യമായി കണ്ടത്. നമ്മുടെ പ്രേതലോകത്തെ സദാചാരവാദികള്‍ അന്ന് പബ്ബില്‍ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ ഞാനാണ് തന്നെ രക്ഷിച്ചത്. അന്ന് നമ്മള്‍
പബ്ബില്‍ നില്‍ക്കുന്ന ഫോട്ടോ എന്റെ ഒരു കൂട്ടുകാരന്‍ എടുത്തത് നിന്റെ ഓര്‍മ്മയ്ക്കായി ഞാനിതിനോടൊപ്പം വയ്ക്കുന്നു.


ഓരോരുത്തന്മാര്‍ എന്തെല്ലാം കള്ളത്തരങ്ങളാണ് നിനക്കുള്ള എഴുത്തില്‍ എഴുതിപ്പിടുപ്പി ച്ചതന്ന് അറിയാമോ ? കുന്നേപള്ളിയിലെ സെമിത്തേരിയില്‍ താമസിക്കുന്ന അന്ത്രയോസ് പ്രേതം എന്തെല്ലാം കള്ളത്തരങ്ങളാണ് എഴുതിയിരിക്കുന്നത്. അവനെപ്പോഴും നിന്നെ സ്വപ്‌നം കണ്ടുകൊണ്ട് ഇരിക്കുകയാണന്നാണ് എഴുതിയിരിക്കുന്നത്. ചാവുന്നതിനു മുമ്പേ എനിക്കവനെ അറിയാം. ജീവനോടിരിക്കുമ്പോഴും അവനെല്ലാം പെണ്ണുങ്ങളോടും ഇതുതന്നെയാണ് പറഞ്ഞത്. ചത്തുകഴിഞ്ഞ് പ്രേതമായിട്ടും അവന്റെ സ്വഭാവത്തി നൊരുമാറ്റവും വന്നിട്ടില്ല. ജാത്യാലുള്ളത് തൂത്താല്‍ പോകുമോ? കഴിഞ്ഞ ആഴ്ച് കുന്നേപള്ളിയിലെ സെമിത്തേരിയില്‍ തന്നെയുള്ള ഒരു പ്രേതത്തോട് വേണ്ടാതീനം പറഞ്ഞതിന് അവളുടെ ഭര്‍ത്താവ് അവനിട്ട് ശരിക്ക് പൊട്ടിച്ചതാണ് . അവനെങ്ങനയാ ചത്തതന്ന് അറിയാമോ ? അവനും ഏതോ ഒരുത്തിയും കൂടി ട്രയിനിനുമുന്നില്‍ ചാടിമരിച്ചതാ. അവളെ അവളുടെ വീട്ടുകാര്‍ വേറെവിടയോ ആണ് അടക്കിയത്. അവളുടെ തലയോട്ടിയാണന്ന് പറഞ്ഞ് ഏതോ ഒരു തലയോട്ടി കൊണ്ടുവന്ന് അതില്‍ നോക്കി നില്‍ക്കുകയാണ് അവന്റെ പ്രധാനപണി. ശരിക്കും ഒരു നിരാശ കാമുകനെപ്പോലെ. ഞാനിന്നലെക്കൂടി അവന്റെ ഒരു ഫോട്ടോ എടുത്തിരുന്നു. തെളിവിനായി അതും വയ്ക്കുന്നു.

പഞ്ചായത്ത് ശ്‌മശാനത്തിലെ തോമാപ്രേതവും മുന്‍സിപ്പാലിറ്റി ചുടുകാട്ടിലെ തൊരപ്പന്‍ വാസു പ്രേതവും ഭയങ്കര സിഗരറ്റ് വലിക്കാരാണ് . തൊരപ്പന്‍ വാസുവിനാണങ്കില്‍ അല്പം പെണ്‍‌ വിഷയവും ഉണ്ടേ ? അവനെപേടിച്ച് ഒരൊറ്റ പെണ്‍പ്രേതങ്ങളും സന്ധ്യയായിക്കഴി ഞ്ഞാല്‍ കാഞ്ഞിരമരത്തില്‍ നിന്ന് ഇറങ്ങാറില്ല. അവിടെയുള്ള പെണ്‍പ്രേതങ്ങള്‍ മനുഷ്യന്റെ ചുടുചോര കുടിച്ചിട്ട് എത്രനാളുകളായന്ന് അറിയാമോ ? ഞാനിതൊന്നും വെറുതെ പറയുന്നതല്ല. തൊരപ്പന്‍ വാസു ആണങ്കില്‍ സിഗരറ്റ് വലിക്കുമ്പോഴും പെണ്ണുങ്ങളെ നോക്കി ഓരോന്നൊക്കെ കാണിക്കും. പ്രേതങ്ങള്‍ക്ക് പോലും നാണക്കേടാണവന്‍. ശുദ്ധ
ആഭാസന്‍. എല്ലാത്തീനും എന്റെ കയ്യില്‍ തെളുവുകള്‍ ഉണ്ട്. അവന്മാരുടെ രണ്ടിന്റേയും ഫോട്ടോ ഒന്ന് കണ്ട് നോക്ക്.
നിനക്ക് മനോഹരമായ വാഗ്ദാനങ്ങള്‍ നല്‍കി കത്തെഴുതിയ പരമന്‍ പ്രേതത്തിന് ഇതു തന്നെയാണ് പണി. ചത്തുകഴിഞ്ഞിട്ടും അവനിപ്പോഴും അമ്മയും പെങ്ങളേയും ഒന്നും തിരിച്ചറിയാന്‍ പാടില്ല. ജീവിച്ചിരുന്നപ്പോഴും ഇങ്ങനെതന്നെ ആയിരുന്നു അവന്‍. ഒരു ലവ് ലറ്റര്‍ തന്നെ കാര്‍ബണ്‍ വച്ചെഴുതി ഏഴും എട്ടും പേര്‍ക്ക് കൊടുക്കും. ഒരെഴുത്തുതന്നെ നൂര്‍ പേര്‍ക്കൊക്കെ ഈമെയിലായി അയക്കും. തന്റെ ഭാര്യയ്ക്ക് ലവ് മെയില്‍ ഒരു പട്ടാളക്കാരന്‍ അവന്റെ രണ്ടു കൈയ്യും തല്ലിയൊടിച്ചതാണ്. ഇപ്പോഴവന്‍ അണ്ണാക്കിനകത്ത് ലവ്‌ലറ്റര്‍ ലോഡ് ചെയ്താണ് നടക്കുന്നത്. ഏത് പെണ്‍‌പ്രേതത്തെ കണ്ടാലും അപ്പോഴവന്
എഴുത്ത് കൊടുക്കണം. അവന്റെ ഇരട്ടപ്പേര് തന്നെ ഇ‌മെയില്‍ പരമന്‍ എന്നാണ്.
ഓരോരോ പ്രേതങ്ങള്‍ നിന്നെ കെട്ടാന്‍ സിക്സ് പാക്ക് മസിലുകളൊക്കെ വരുത്തകയാണ ത്രെ!! ഈ മസിലുകളിലൊന്നും വലിയ കാര്യമില്ലന്ന് മണ്ടന്മാര്‍ക്കറിയില്ലന്ന് തോന്നുന്നു. അവന്മാരുടെ വിചാരം മസിലുകണ്ടാല്‍ നീ അവരെയൊക്കെ കെട്ടുമെന്നാണ്. ഒരു
പെണ്ണ് മസിലുകണ്ടാലൊന്നും വീഴുന്നവളല്ലന്ന് എനിക്കറിയാം. ചിലരൊക്കെ കളരിയിലും പോകുന്നുണ്ട്. തങ്ങള്‍ വലിയ അഭ്യാസികള്‍ ആണന്ന് കാണിക്കാന്‍ വേണ്ടിയാണ് ഇവന്മാര്‍ മസിലു പെരുപ്പിച്ച് അഭ്യാസം കാണിക്കുന്നത്. മസിലുകാണിച്ചു നില്‍ക്കുന്ന ഒരുത്തനെ ഒരു പെണ്ണ് കെട്ടുമോ ? അല്ലങ്കില്‍ മസില്‍ഖാനായസല്‍മാനെ വിട്ട് സുന്ദരിയായ ഐശ്വര്യ എല്ലനെപോലെ ഇരുന്ന അഭിഷേകിനെ കെട്ടുമോ ? മണ്ടന്‍ പ്രേതങ്ങള്‍ !! ഒരു
പെണ്ണിന്റെ മനസറിയാനാവാത്ത അവന്മാരെ കെട്ടിയാല്‍ നിന്റെ ജീവിതം കാഞ്ഞിരത്തില്‍ തറച്ച പ്രേതത്തെപ്പോലെയായിപ്പോകും. ചിലവന്മാരുടെ കസര്‍ത്തുകള്‍ നീതന്നെ കാണ്.ഓള്‍ കേരള പ്രേതംസ് മിസ്റ്റ്‌ര്‍ പ്രേതമായി തിരഞ്ഞെടുത്ത കുട്ടപ്പായിയും നിനക്കൊരു എഴുത്ത് എഴുതിയിട്ടുണ്ട്. വലിയ ആളാണന്നൊക്കെയാണ് അവന്‍ എഴുതി വിട്ടിരിക്കുന്നത്. സത്യം പറഞ്ഞാല്‍ അവന്‍ മരിച്ചത് ഏതോ ജിമ്മില്‍ വച്ചാണ് . ഒരു പത്തുകിലോ വെയ്‌റ്റ് എടുത്തപ്പോള്‍ നെഞ്ച് വെലക്കി മരിച്ചതാണ് . മിസ്റ്റ്‌ര്‍ പോഞ്ഞിക്കരയാണന്നാണ് അവന്റെ ഭാവം. അവന്‍ മസിലൊക്കെ പിടിക്കുന്നത് കണ്ടാല്‍ ആര്‍ക്കും സങ്കടം തോന്നും.


ചിലവന്മാര്‍ നിന്നെകെട്ടാനായി ഡാന്‍സ് പഠിക്കാന്‍ പോകുന്നുണ്ട്. അമാവാസിനാളുകളില്‍ നിന്നോടൊത്ത് ഡാന്‍സ് ചെയ്യാനാണ് അവര്‍ ഡാന്‍സ് പഠിക്കുന്നത്. റിയാലിറ്റി ഷോയിലെ പാട്ടുപിള്ളാരെ ഡാന്‍സ് പഠിപ്പിച്ച മാഷിന്റ്ടുത്താണ് ഡാന്‍സ് പഠനം. ‘മണിചിത്രത്താഴ് ‘ ഡാന്‍സാണ് എല്ലാവരും പഠിക്കുന്നത്. ഡാന്‍സ് പഠിക്കുന്നതില്‍ ഒരുത്തന്‍ ഏതോ സ്റ്റാറിന്റെ ഫാന്‍സ് അസോസിയേഷന്റെ ആളാണന്ന് തോന്നുന്നു. അവന്റെ ഡാന്‍സ് കണ്ടാല്‍ ‘സ്‌റ്റാര്‍’ ഒരൊറ്റ സിനിമയില്‍ ഡാന്‍സ് ചെയ്യത്തില്ല. ഇവന്മാര്‍ക്കൊന്നും കയറിക്കിടക്കാന്‍ സ്വന്തമെന്ന് പറയാന്‍ ഒരുതുണ്ട് ഭൂമിപോലും ഇല്ല. കരം അടയ്ക്കുന്നു ണ്ടങ്കിലും ഒറ്റ ഒരുത്തനും പട്ടയം കിട്ടിയിട്ടില്ല. ഇവരുടെ ഡാന്‍സ് കണ്ടിട്ട് നീ തന്നെ തീരുമാനിക്കൂ; കോമാളികളുടെ ജീവിതം പാഴാക്കണോ എന്ന് !!!


ഇപ്പോള്‍ നിനക്ക് നിനക്ക് വിവാഹാലോചനകളുമായി എത്തീയവരെക്കുറിച്ച് ഏകദേശ ഒരു ധാരണ ഉണ്ടായിക്കാണുമല്ലോ ? അവന്മാരാരും നിന്നെ ആത്മാര്‍ത്ഥമായി സ്നേഹിക്കു ന്നവരല്ല. ഞാന്‍ പണ്ട് നന്നായി കുടിക്കുമായിരുന്നു. ഇപ്പോള്‍ ഒരു തുള്ളിപോലും ഞാന്‍ അകത്തേക്ക് ഇറക്കാറില്ല


ഹന്‍സ് , പാന്‍‌പരാഗ്, ചൈനിക്കിനി ഒക്കെ വച്ച് എന്റെ താടിയെല്ല് ദ്രവിച്ചു പോയതുകൊ ണ്ടാണ് എനിക്ക് കുടിക്കാന്‍ കഴിയാത്തതന്ന് അസൂയക്കാര്‍പറയും. ചുറ്റിനെല്ലാം അസൂയ ക്കാര്‍ ആണന്നേ ... ഞാനിപ്പോള്‍ ഡീസ്ന്റ് പ്രേതമാണ്. നീയും ഇപ്പോള്‍ ഡീസ്ന്റ് പ്രേതമാണന്നാണല്ലോ പറയുന്നത്. തെറ്റുകള്‍ പ്രേത സഹജമാണ്. തെറ്റുചെയ്യാത്ത പ്രേതങ്ങള്‍ ഉണ്ടോ ? തെറ്റുകള്‍ പരസ്പരം ക്ഷമിക്കാന്‍ കഴിയുന്നില്ലങ്കില്‍ നമ്മളൊക്കെ പ്രേതങ്ങള്‍ ആണന്ന് പറയുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ ???

നീ എന്നെ കെട്ടിയാല്‍ ഞാന്‍ നിന്നെപൊന്നുപോലെ നോക്കികൊള്ളാം. എല്ലാ ആഴ്ചയും മനുഷ്യരെ വേട്ടയാടാന്‍ കൊണ്ടുപോകാം. നിനക്ക് കുടിക്കാന്‍ബ്ലഡ് ബാങ്കില്‍ നിന്നെങ്കിലും ചുടുചോര കൊണ്ടുവന്ന് തരും. മനുഷ്യന്റെ കഴുത്തില്‍ നിന്ന് മതിവരുവോളം ചോര ഊറ്റിക്കുടിച്ചിട്ട് നിലാവുള്ള രാത്രിയില്‍കൊന്നപ്പനയുടെ കീഴില്‍ “ഒരു മുറൈ വന്ത് ...” പാടുന്നത് ഞാനിപ്പോള്‍ സ്വപ്‌നം കണ്ടു തുടങ്ങി. ഇതാ ഞാന്‍ നിനക്കായി എന്റെ ഫുള്‍സൈസ്ഫോട്ടൊ വയ്ക്കുന്നു.
എന്റെ വിരിമാറിലെ അസ്ഥികൂട്ടത്തില്‍ അണയാന്‍ ഞാന്‍ നിന്നെ ക്ഷണിക്കുകയാണ്. നിന്നെ ഓടിയെത്തുമ്പോള്‍ പുണരാനായി എന്റെ കൈകള്‍വിടര്‍ന്ന് നില്‍ക്കുന്നു. നിനക്കായി എന്റെ അസ്ഥികള്‍ തുടിക്കുന്നു. കുഴിഞ്ഞുപോയ എന്റെ കണ്ണുകള്‍ നിനക്കായി വിടരുന്നു. പാലപ്പൂവിന്റെ മണം ഒഴുകുന്ന രാത്രിയില്‍ കാഞ്ഞിരമരത്തിന്റെ ചുവട്ടില്‍ ഒരിമിച്ചലിഞ്ഞ് ചേരാന്‍ നിനക്കായി ഞാന്‍ കാത്തിരിക്കുന്നു.

നിന്നെമാത്രം സ്വപ്നം കാണുന്ന
പോസ്റ്റുമാന്‍ പ്രേതം.

5 comments:

ശ്രീ said...

കൊള്ളാം മാഷേ... വ്യത്യസ്തമായ ഒരു പോസ്റ്റ്. അനുയോജ്യമായ ചിത്രങ്ങളും കൂടിയായപ്പോള്‍ നല്ല രസകരമായി തോന്നി.
:)

(ഇനി പ്രേത പ്രേയസിയുടെ ഒരു മറുപടി പോസ്റ്റു കൂടി പ്രതീക്ഷിയ്ക്കാമോ??)

Thaikaden said...

Chathaalum pazhaya swabhavam marakkilla alle? (Nannayirikkunnu)

കൊലകൊമ്പന്‍ said...

അസാധ്യ പ്രയോഗങ്ങള്‍ മാഷേ .. നന്നായിടുണ്ട് !!
(എന്തായാലും നാഗവല്ലിയെക്കൊണ്ട് ഇങ്ങനെ ഒരു ഗുണമുണ്ടായി)

സ്വപ്നാടകന്‍ said...

നാഗവല്ലിയെക്കൊണ്ട് ആകെ ഉണ്ടായ ഗുണമാ..:)
കലക്കന്‍...

Captain Haddock said...

ഗലക്കി ട്ടാ

: :: ::