Wednesday, April 29, 2009

പ്രണയനിലാവ് :

ഏയ് പള്ളിമണീ...” അന്ന ആ വിളികേട്ട് തിരിഞ്ഞു നോക്കി. അടുത്തൊന്നും ആരേയും കാണാന്‍ ഇല്ല. “പള്ളിമണീ...” വീണ്ടും ആ ശബ്ദ്ദം. അന്നയ്ക്ക് ശരിക്കുംദേഷ്യം വന്നു.അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. സമയം സന്ധ്യയാകാറായിരിക്കുന്നു. ഇനി എത്രയും പെട്ടന്ന് വീട്ടില്‍ ചെന്ന് കുളിച്ചിട്ട് പള്ളിയില്‍ പോയി സന്ധ്യാവിളക്ക് കത്തിച്ച് സന്ധ്യാമണിയടിക്കണം. അപ്പനിന്ന് ഏത് ഷാപ്പിലെ കള്ളടിച്ചിട്ടാണാവോ വരുന്നത്. എന്നും വെളിവില്ലാതെ വന്നിട്ട് അപ്പന്‍ തന്റെ തലയില്‍തൊട്ട് സത്യം ചെയ്യുന്നതാണ്. ഇനി ഒരിക്കലും കള്ള് കുടിക്കുകയില്ലായെന്ന്.പാവം അപ്പന്‍. അമ്മച്ചി മരിച്ചതിന് ശേഷമാണ് കള്ള് കുടിക്കാന്‍ തുടങ്ങിയതന്ന് എല്ലാവരും പറയുന്നത്.കല്യാണം കഴിഞ്ഞ് പത്തുവര്‍ഷം കഴിഞ്ഞാണ് അപ്പനും അമ്മച്ചിക്കും താന്‍ ജനിക്കുന്നത് .തനിക്കാണങ്കില്‍ അമ്മച്ചിയുടെ മുഖം ഓര്‍ത്തെടുക്കാന്‍ പറ്റുന്നുമില്ല.
“നിനക്കൊന്നരവയസായപ്പോല്‍ എന്റെ കൈകളില്‍ തന്നിട്ട് നിന്റെ അമ്മച്ചി എന്നെ ഒറ്റയ്ക്കാക്കിയിട്ട് പോയതാ... അന്നു മുതല്‍ നിന്റെ അപ്പന്‍ ഒറ്റയ്ക്കാ....ആ വിഷമം കൊണ്ടാ
അപ്പന്‍ കുടിക്കുന്നത്” അപ്പനിങ്ങനെ പറയാത്ത ഒരൊറ്റ രാത്രികള്‍ പോലും ഉണ്ടാവില്ല.


“പൊന്നൂ..പൊന്നൂ.. വാ സന്ധ്യയാകാറായി... വാ നമുക്ക് പോകാം..” അന്ന ആരോടോ വിളിച്ചു പറഞ്ഞു. അവള്‍ വേഗം വെട്ടിപ്പറക്കിയ വിറകുകൊള്ളികള്‍ അടുക്കികെട്ടി.വിറക് കെട്ട് എടുത്ത് തലയിലേക്ക് ഉയര്‍ത്തിവയ്ക്കാന്‍ ശ്രമിച്ചു എങ്കിലും ഭാരം കൊണ്ട് അവള്‍ക്കത് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ആരെങ്കിലും ഒന്ന് സഹായിക്കാന്‍ ഉണ്ടായിരുന്നെങ്കില്‍? ഈ കുന്നിന്‍ പുറത്ത് മറ്റാരെങ്കിലും ഈ സമയത്ത് ഉണ്ടാവാറില്ല. അവള്‍ ഒരിക്കല്‍ കൂടി വിറക് കെട്ട് ഉയര്‍ത്താന്‍ നോക്കി. കെട്ട് ഉയര്‍ത്തിയതും വീഴാനായി വേച്ച് പോയപ്പോള്‍ അവള്‍ വിറക് കെട്ട് താഴേക്കിട്ടു.

“സഹായിക്കണോ പള്ളിമണീ...” . അവള്‍ ആളെ നോക്കി. പൂട്ടുകാരന്‍ കറിയാപ്പച്ചന്റെ ബന്ധുക്കാരന്‍ ചെറുക്കന്‍ ,തോമ ‍. പള്ളിമണി എന്ന് വിളിക്കുന്നവരെ കാതുപൊട്ടുന്ന തെറി വിളിക്കുന്ന അന്ന ദേഷ്യം അടക്കിനിന്നു. അവനെ തെറിവിളിച്ചു വിട്ടാല്‍ വിറകുകെട്ട് ക്കിത്തരാന്‍ ആരും ഉണ്ടാവില്ല. ഇവന്‍ ഒന്നു രണ്ടു പ്രാവിശ്യം വീട്ടില്‍ വന്നിട്ടുണ്ട്. പൂട്ടു സമയം ആകുമ്പോള്‍ കറിയാപ്പച്ചന്‍ തോമായെ വിളിച്ചു കൊണ്ടു വരും. അങ്ങ് കിഴക്കന്‍ മലയിലങ്ങാണ്ടാണ് വീടന്ന് അപ്പന്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. പൂട്ട് കഴിയുമ്പോള്‍ തോമായെ കാണാറില്ല. തന്റെ വീടിന് നാലഞ്ച് വീടിന് അപ്പുറമാണ് കറിയാപ്പച്ചന്റെ വീട്. ലപ്പോഴൊക്കെ തോമാ കാളയും കൊണ്ട് പോകുന്നത് കണ്ടിട്ടുണ്ട്.
“ ഇതൊന്ന് എടുത്ത് തലയില്‍ വച്ചുതരാമോ..?“ അന്ന ചോദിച്ചു
“താന്‍ വേണമെങ്കില്‍ നടന്നോ... ഞാനിത് വീട്ടില്‍ കൊണ്ടുത്തരാം...”.
“വേണ്ട... എന്നിട്ടു വേണം നാട്ടുകാര്‍ക്കതും ഇതും പറയാന്‍” തോമായുടെ സഹായവാഗ്ദാനം അവള്‍ നിരസിച്ചു.


തോമാ വിറക് കെട്ട് ഉയര്‍ത്തി. അവള്‍ കഴുത്തില്‍ ഇട്ടിരുന്ന തോര്‍ത്ത് ചുരുട്ടി തലയില്‍ വച്ചു. അവളുടെ തലയിലേക്ക് അവന്‍ വിറക് വച്ചു.

“ഇയാളു വരുന്നുണ്ടോ ഇപ്പോള്‍...” അവള്‍ അവനോട് ചോദിച്ചു. അവളോടൊത്ത് പോകാന്‍ അവന് ആഗ്രഹമുണ്ടായിരുന്നു. വെറുതെയാണങ്കിലും അവള്‍ വരുന്നോ എന്ന്
ചോദിച്ചതും ആണ്. പക്ഷേ ....

“താന്‍ നടന്നോ... ഞാനൊരു പൂവരശിന്റെ കമ്പ് അടര്‍ത്താന്‍ വന്നതാ... നാളെ മുതല്‍ പൂട്ട് തുടങ്ങുവാ...” അവന്‍ പറഞ്ഞു.
“എന്തിനാ പൂവരശിന്റെ കമ്പ് ?”. അവള്‍ ചോദിച്ചു.
“കാളയെ അടിക്കാനാ... പൂവരശിന്റെ കമ്പ് കൈയ്യിലിരിക്കുന്നതു കണ്ടാ‍ല്‍ കാള അനുസരണക്കേട് കാണിക്കില്ല....” . അവള്‍ വിറകുകെട്ടുമായി കുന്നിറങ്ങാന്‍ തുടങ്ങി.

“പൊന്നൂന്നൂന്നൂ... ഞാന്‍ പോകുവാ “ അവള്‍ വിളിച്ചു പറഞ്ഞു. ഒരാട്ടിന്‍ കുട്ടി പുല്ലുകള്‍ക്കിടയില്‍ നിന്ന് ഓടി അവളോട് ചേര്‍ന്നു. ഒറ്റയടിപ്പാതയിലൂടെ അവള്‍ കുന്നിറങ്ങി.കുറേച്ചേ കുറേച്ചേ ദൂരം കഴിയുമ്പോള്‍ കുന്നിറങ്ങുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു. ആടുകളെ മേയിക്കാനും വിറക് വെട്ടാനും ഒക്കെയായി കുന്ന് കയറീയവര്‍
കുന്നിറങ്ങുകയാണ്. അവള്‍ വീട്ടില്‍ എത്തി. അപ്പന്‍ എത്തിയിട്ടുണ്ടാവില്ല. വെട്ടുകല്ല് കൊണ്ട് കെട്ടിയ ഒരു വീടായിരുന്നു അത്. ഒരു വാരന്തയും ഒരു മുറിയും ഒരു ചായ്പ്പും.ചായിപ്പിലേക്ക് വിറകിട്ടിട്ട് അവള്‍ കിണറ്റുകരയിലേക്ക് ഓടി. അഞ്ചാറുതൊട്ടി വെള്ളം ചരുവത്തിലേക്കൊഴിച്ചു. ഓലകൊണ്ട് മറച്ച കുളിപ്പുരയിലേക്ക് അവള്‍ ചരുവം
എടുത്തുവച്ചു. ദേഹത്ത് വെള്ളം ഒഴിച്ചു കഴിഞ്ഞപ്പോഴാണ് മാറാനുള്ള തുണി എടുത്തില്ലന്ന് അവള്‍ ഓര്‍ത്തത്. പെട്ടന്ന് കുളിച്ച് തുവര്‍ത്തി. തോര്‍ത്തെടുത്ത് മാറുത്തുടുത്തു. കുളിപ്പുരയുടെ ഓലകള്‍ക്കിടയിലൂടെ അവള്‍ പരിസരം നോക്കി. ആരെങ്കിലും ആ വഴി വരുന്നുണ്ടോ? വീടുകളുടെ മുറ്റത്തുകൂടെ നടന്നാണ് ആളുകള്‍ മറ്റുള്ള വീടുകളിലേക്ക്
പോകുന്നത്. ആരും ഇല്ലന്ന് ഉറപ്പാക്കിയതിനു ശേഷം അവള്‍ മറപ്പുരയില്‍ നിന്ന് ഇറങ്ങി ചായ്പ്പിലേക്ക് ഓടിക്കയറി.


അന്ന പള്ളിയിലെത്തി സന്ധ്യാവിളക്ക് കത്തിച്ചപ്പോഴേക്കും അന്നയുടെ അപ്പന്‍ വന്നു. പള്ളിയിലെ പണികളൊക്കെ ചെയ്യുന്നത് അന്നയുടെ അപ്പനാണ്. പണികഴിഞ്ഞാല്‍അയാള്‍ക്ക് കള്ള് അടിക്കണം. കള്ള് കുടിച്ചാല്‍ അയാള്‍ പിന്നെ പള്ളിക്കകത്തേക്ക് കയറില്ല. അതുകൊണ്ടാണ് അന്ന എന്നും സന്ധ്യയ്ക്ക് വിളിക്കത്തിക്കാനായി പള്ളിയില്‍വരുന്നത്. സന്ധ്യാമണിയും അടിച്ചതിനു ശേഷമായിരിക്കും അവള്‍ മടങ്ങുന്നത്. പള്ളിയും അവളുടെ വീടും തമ്മില്‍ ഒരു മിനിട്ടിന്റെ നടപ്പ് ദൂരമേ ഉണ്ടായിരുന്നുള്ളു. അവള്‍
തന്നെയാണ് സന്ധ്യാമണിയും അടിച്ചത്.

“മോളു പൊയ്ക്കോ ...അപ്പന്‍ വന്നേക്കാം....” അന്നയോട് അപ്പന്‍ പറഞ്ഞു.
“ഇനിയും കുടിച്ചിട്ട് വന്നാല്‍ അപ്പനെ ഞാന്‍ പുരയ്ക്കകത്ത് കയറ്റത്തില്ല...” അവള്‍ പറഞ്ഞു.
“അപ്പനെങ്ങോട്ടാ ഈ സന്ധ്യയ്ക്ക് പോകുന്നത് ...?” അവള്‍ ചോദിച്ചു.
“ഏലമ്മാമ്മയുടെ കുറി ഇന്ന് സന്ധ്യായ്ക്കാ എടുക്കുന്നത്... ആ കുറി ഒന്ന് പിടിക്കാന്‍ നോക്കണം....”
“നമുളെന്തിനാ ഇപ്പോള്‍ കുറി പിടിക്കുന്നത്....” അവള്‍ ചോദിച്ചു. അയാളുടെ മുഖത്ത് വിഷാദത്തില്‍ പൊതിഞ്ഞ ഒരു ചിരി പടര്‍ന്നു.
“ നിന്റെ പ്രായത്തിലാ നിന്റെ അമ്മച്ചിയെ അപ്പന്‍ കെട്ടിയത് ... അപ്പനേയും നോക്കി നിന്നാല്‍ മോടെ ജീവിതം ഇല്ലാണ്ടാവും.. കുറിയൊക്കെ പിടിച്ച് ഒരു തരി
പൊന്നെങ്കിലും മോടെ കഴുത്തിലിട്ടോണ്ട് വേണം നിന്നെ ആരുടെയെങ്കിലും കൂടെ പറഞ്ഞു വിടാന്‍... എന്നാല്‍ മോളു നടന്നോ...” അപ്പന്‍ പള്ളിപ്പറമ്പില്‍ നിന്ന്
പോയതിനുശേഷമാണ് അവള്‍ വീട്ടിലേക്ക് മടങ്ങിയത്. കണ്ണുകള്‍ നിറഞ്ഞ് തുളമ്പിയത് അവള്‍ തുടച്ചു.


പള്ളിയില്‍ നിന്ന് കറിയാപ്പച്ചന്റെ വീടിന്റെ മുറ്റത്തുകൂടെ കുറുക്കു കയറിപ്പോയാല്‍ വീട്ടിലേക്ക് പെട്ടന്ന് ചെല്ലാം. കറിയാപ്പച്ചന്റെ വീടിന്റെ മുന്നില്‍ തോമാ നില്‍ക്കുന്നത് അന്ന
കണ്ടു. തെങ്ങില്‍ കെട്ടിയിരിക്കുന്ന കാളയ്ക്ക് വെള്ളം കൊടുക്കുകയായിരുന്നു അവന്‍ . അവനെ കാണാത്ത ഭാവത്തില്‍ അവള്‍ മുന്നോട്ട് നടന്നു.

“പള്ളിമണീ...” അവന്‍ വിളിക്കുന്നത് അവള്‍ കേട്ടു. നില്‍ക്കണോ പോകണോ എന്നവള്‍ ഒരു നിമിഷം ചിന്തിച്ചു.
“സന്ധ്യയ്ക്ക് എന്തിനാടാ ആ കൊച്ചിന്റെ വായിലിരിക്കുന്നത് വിളിച്ചു കേള്‍ക്കുന്നത്......” കറിയാപ്പച്ചന്റെ കെട്ടിയവള്‍ മേരിച്ചേടത്തിയുടെ ഒച്ച അവള്‍ കേട്ടു.
“പള്ളിമണീ....” വീണ്ടും അവന്‍ വിളിച്ചു. അവള്‍ നിന്നു. അവന്‍ വേലിക്കരികിലേക്ക് എത്തി.
“എന്തേ ... നാളെമുതല്‍ താനും പോരുന്നോ എന്റെ കൂടെ മണിയടിക്കാന്‍ ....?” അവളുടെ ദേഷ്യത്തിലുള്ള ചോദ്യം കേട്ടിട്ട് അവനൊരു മാറ്റവും ഉണ്ടായില്ല.
“പേടിയാണങ്കില്‍ ഞാനും വരാം കൂടെ....” അവന്‍ പറഞ്ഞു.
“ഈ അന്നയ്ക്ക് ഏത് പാതിരാത്രിയിലും പള്ളിയില്‍ പോകാന്‍ പേടിയില്ല....” അവളുടെ ദേഷ്യം പിടിച്ച മുഖം കാണാന്‍ അവന് രസം തോന്നി.
“ ദേഷ്യം വരുമ്പോള്‍ തന്റെ മുഖം കാണാന്‍ ലേശം ഭംഗിയുണ്ട് കേട്ടോ....” അവന്റെ ആ പറച്ചില്‍ കേട്ട് അവള്‍ക്ക് ദേഷ്യം ഇരട്ടിച്ചു. വായില്‍ വന്ന തെറി അവള്‍ അടക്കി.
“എന്റെ വായില്‍ നിന്ന് എന്തെങ്കിലും കേട്ടാല്‍ കുളിച്ചാലും പോകത്തില്ലേ... ഇയാളു പോയി കാളയ്ക്ക് വെള്ളം കൊടുക്ക് ...” അവള്‍ മുന്നോട്ട് നടക്കാന്‍ തുടങ്ങി.

“കുളിച്ചിട്ട് തോര്‍ത്തുമുണ്ടുടുത്ത് കൊണ്ട് ഓടാന്‍ എനിക്കറിയില്ലേ.....” അവന്റെ പറച്ചില്‍ കേട്ട് അവള്‍ അറിയാതെ നിന്നു. അവള്‍ തിരിഞ്ഞ് അവനെ നോക്കി. അവനപ്പോഴുംപുഞ്ചിരിച്ച് കൊണ്ട് വേലിക്കരികില്‍ നില്‍ക്കുകയാണ്. അവളുടെ കണ്ണുകള്‍ പെട്ടന്ന് നിറയുന്നതും കണ്ണില്‍ നിന്ന് കണ്ണീര്‍ ഒഴുകുന്നതും കണ്ട് എന്തു ചെയ്യണമെന്നറിയാതെ
അവന്‍ നിന്നു.തുടരും....
: :: ::