Sunday, May 10, 2020

ഒരു ലോക്ക്ഡൗൺ ഗർഭം!!?


മേടം ഒന്ന്.. വിഷു
കോഴി മൂന്നാം വട്ടം കൂവി നിർത്തിയുടനെ കറിയാച്ചൻ കട്ടിലിൽ നിന്ന് എഴുന്നേറ്റു. സമയം ആറായിക്കാണും. കറിയാച്ചന്റെ ഭാര്യയായ മേരിക്കുട്ടി അടുപ്പത്ത് വെച്ച് ചെറിയ ചരുവത്തിലേക്ക് കാപ്പിപ്പൊടി ഇട്ടയുടൻ തന്നെ  കറിയാച്ചൻ അടുക്കളയിൽ ഇട്ടിരുന്ന കസേരയിൽ പതിവുപോലെ ഇരുപ്പുറപ്പിച്ചു.
"ഇന്നു വിഷുവല്ലേ അച്ചായാ.. കണികാണണ്ടായോ" മേരിക്കുട്ടി സ്നേഹത്തോടെ ചോദിച്ചു.
"പത്തുമുപ്പതുവർഷം മുമ്പ് ഞാൻ കെണിയിലായി.. പിന്നെന്തോന്ന് കെണി" എന്ന് കറിയാച്ചൻ മനസിൽ ഓർത്തു.

"അച്ചായനെന്താ ഓർക്കുന്നത്..." മേരിക്കുട്ടി.

"ഹോ.. അതോ ഞാൻ ഇവിടെ അടുക്കളയിൽ ഇരുന്നാലും മുറിയിൽ കിടന്നാലും സിറ്റൗട്ടിൽ ഇരുന്നാലും നീ തന്നെയല്ലേ എന്റെ കണി... പിന്നെന്താ..." അച്ചായന്റെ സ്നേഹം കണ്ട് മേരിക്കുട്ടി ഒരു സ്പൂൺ പഞ്ചസാര കൂടി അധികത്തിൽ കട്ടൻകാപ്പിയിലേക്ക് ഇട്ടു.

"പിള്ളാര് എഴുന്നേറ്റില്ലിയോടീ..." കട്ടൻകാപ്പി ഊതികുടിക്കുന്നതിനിടയിൽ കറിയാച്ചൻ ചോദിച്ചു.

"പെൺകൊച്ച് രാവിലെ തന്നെ എഴുന്നേറ്റിട്ടുണ്ട്...."

ങാഹ് ..... ആഹ്.... ങാഹ്.....

കറിയാച്ചൻ ചെവി വട്ടം പിടിച്ചു.

"ആരാടീ അതിരാവിലെ തന്നെ എഴുന്നേറ്റ് ഓക്കാനിക്കുന്നത്...."  കറിയാച്ചൻ മേരിക്കുട്ടിയോട് ചോദിച്ചു.

"അത് നമ്മുടെ പെൺകൊച്ചാ... എഴുന്നേറ്റപ്പോൾ തൊട്ട് തുടങ്ങിയതാ.... " മേരിക്കുട്ടി.

കറിയാച്ചൻ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. കൂടെ മേരിക്കുട്ടിയും ചെന്നു. പൈപ്പിൻ ചുവട്ടിൽ ആൻമേരിക്കൊച്ച് നിൽപ്പുണ്ട്. സ്കറിയ-മേരിക്കുട്ടി ദമ്പതികളുടെ മകനായ ജിന്റോമോന്റെ ഭാര്യയാണ് ആൻമേരി. പൈപ്പിൻ ചുവട്ടിലേക്ക് വന്ന കറിയാപ്പനേയും മേരിയമ്മയും നോക്കി ആൻമേരി നിന്നു. തികട്ടീവന്ന ഓക്കാനാം പിടിച്ച് നിർത്താൻ ആൻമേരി ശ്രമിച്ചു എങ്കിലും പരാജയപ്പെട്ടു.

ആഹ് ... ഒരൊറ്റ ഛർദ്ദി...

"ഈസ്റ്ററിനുണ്ടാക്കിയതെല്ലാം കൂടി ഇന്നലെ ഇരുന്ന് കഴിച്ച് തീർത്തത് വയറിനു പിടിച്ചു കാണത്തില്ലായിരിക്കും മോളേ..." കറിയാച്ചൻ തന്റെ അറിവ് ആദ്യം തന്നെ പുറത്തേക്കീട്ടൂ.....

"അല്ലേ നാട്ടുകാരുടെ കൊതിയായിരിക്കും... വെളുപ്പിനെ നാലുമണികേ പോയി ക്യു നിന്നിട്ടാ പത്തുമണിക്ക് രണ്ടുകിലോ ബീഫ് കിട്ടിയത്. ക്യു നിന്നിട്ടും കിട്ടാ‍ാത്തവന്മാരെല്ലാം കൊതി ഇട്ടിട്ടൂണ്ടാവും.... " കറിയാച്ചൻ രണ്ടാമത്തെ സാധ്യത അവതരിപ്പിച്ചു.

"എടീ മേരിക്കുട്ടീ , നീ മോടെ പുറം ഒന്ന് തിരുമ്മികൊടുക്ക്.. ഞാൻ ഇച്ചിരി ഉപ്പും മുളകും കടുകും അടുപ്പിലിട്ടിട്ട് വരാം... കൊതിയങ്ങ് പോകട്ട്..." കറിയാച്ചൻ മേരിയമ്മയ്ക്ക് നിർദ്ദേശം നൽകി അകത്തേക്ക് പോകാൻ തുടങ്ങി.

"അച്ചായോ ഞാൻ എത്ര പുറം തിരുമ്മിയാലും അച്ചായനെത്ര കടുക് അടുപ്പിലിട്ട് പൊട്ടിച്ചാലും മോടെ അസുഖം മാറാൻ പോകുന്നില്ല...." മേരിക്കുട്ടി പറഞ്ഞു.

"അതെന്താടീ.... നീ അങ്ങനെ പറഞ്ഞത്..."

"അതൊക്കെ അങ്ങനയാ... എല്ലാം സ്വാഭാവികമാ.... ഇനി ഇതൊക്കെ മാറാൻ എട്ടൊൻപത് മാസം കഴിയും.."

" അതെന്താടീ, നീ അങ്ങനെ പറഞ്ഞത്....?"

"അതോ, നിങ്ങളൊരു അപ്പച്ചൻ ആകാൻ പോകുവാണന്ന്..."

കറിയാച്ചൻ മേരിക്കുട്ടിയെ നോക്കി. മേരിക്കുട്ടിയും കറിയാച്ചനും ഒരുമിച്ച് മരുമോളെ നോക്കി. അമ്മായിഅപ്പന്റെയും അമ്മായിയമ്മയുടേയും നോട്ടം നേരിടാനാവാതെ ആൻമേരിക്കൊച്ച് ഒന്നുകൂടി ഓക്കാനിച്ച് മുഖം കഴുകി അകത്തേക്ക് കയറാൻ തുടങ്ങി.

മൂവരും അകത്തേക്ക് കയറാൻ തുടങ്ങുമ്പോഴാണ്  ജിന്റോമോൻ അതിരാവിലെ കിട്ടുന്ന കട്ടൻകാപ്പി ഇതുവരെ കിട്ടാത്തതിന്റെ കാരണം തേടി അടുക്കളയിൽ എത്തിയത്. അടുക്കളപ്പുറത്ത് മൂവരേയും ഒരുമിച്ച് കണ്ട ജിന്റോമോൻ ഒന്നു പരിഭ്രമിച്ചു.

"എന്താടാ ഉറക്കക്കച്ചുവടോടെ നടക്കുന്നത്?" അപ്പന്റെ ചോദ്യം അവഗണിക്കാമായിരുന്നെങ്കിലും ജിന്റോമോൻ ഉത്തരം നൽകി.

"ഇന്നലെ ഇച്ചിരി ലേറ്റായിട്ടാ അപ്പാ കിടന്നത് . കുറച്ച് ഡേറ്റാ എക്സ്പോർട്ട് ചെയ്യാനുണ്ടായിരുന്നു.... "

"വർക്കം ഫ്രം ഹോം ആണന്ന് പറഞ്ഞ് ഡേറ്റാ ഒക്കെ ഒരുമിച്ചെടുത്ത് എക്സ്പോർട്ട് ചെയ്യരുത്,,,"

അപ്പന്റെ മറുപിടി കിട്ടിബോധിച്ചപ്പോൾ അപ്പന്റെ ആദ്യ ചോദ്യം അവഗണിക്കാമായിരുന്നു എന്ന് ജിന്റോമോന് തോന്നി.

"ഇനി കാപ്പിയോ ആഹാരമോ ഒക്കെ സമയത്ത് തന്നെ വേണമെങ്കിൽ ഇടയ്ക്കിടയ്ക്ക് അടുക്കളയിൽ കയറി ജോലികൾ ഒക്കെ ചെയ്യേണ്ടിവരും..." അമ്മയുടെ ഓർമ്മപ്പെടുത്തൽ കാപ്പി എടുത്ത് കൊടുത്തുകൊണ്ടായിരുന്നു.

"ലോക്ഡൗൺ കഴിയുന്നതുവരെ ഞാനും ആൻമേരിയും ഇവിടെ തന്നെ ഉണ്ടല്ലോ... അപ്പോ അവളു കാപ്പിയൊക്കെ ഇട്ടു തരും..." ജിന്റോമോൻ പറഞ്ഞു.

"ഇന്നു മുതൽ അതിനൊക്കെ ചില മാറ്റങ്ങൾ വരുമടാ മോനേ..." കറിയാച്ചൻ മോനോട് പറഞ്ഞു.

ജിന്റോമോൻ തന്റെ ഭാര്യയായ ആൻമേരിയെ നോക്കി. അവളാണങ്കിൽ തനിക്കിതിൽ ഒരു പങ്കും ഇല്ലന്നുള്ള ഭാവത്തിൽ നിൽപ്പാണ്. ആ നിൽപ്പിന്റെ അവസാനം വീണ്ടും ഓക്കാനിച്ചു കൊണ്ട് ആൻമേരി വെളിയിലേക്ക് പോയി.

" എടാ മോനെ, നീ അവടെ കൂടെ ചുമ്മാ പോയി ഒന്ന് നിക്ക്.  ...."

കട്ടൻകാപ്പിയുമായി ജിന്റോമോൻ ആന്മേരിയുടെ അടുത്തേക്ക് പോയി.

"എന്തുപറ്റിയടീ അതിരാവിലെ നിനക്ക്...?" ജിന്റോമോന്റെ ചോദ്യത്തിന് ആന്മേരി നൽകുന്നതിന് മുമ്പ് ഉത്തരം അകത്തു നിന്ന് കറിയാച്ചൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

"അതേ ലോക്ഡൗണായി രണ്ട് മൂനാഴ്ചയായി വർക്ക് ഫ്രം ഹോം എന്ന് പറഞ്ഞിരിക്കുവല്ലേ... അതിന്റെയാ...ഇനി പതിരാത്രിവരെ ഇരുന്ന് ഡേറ്റയൊന്നും എക്സ്പോർട്ട് ചെയ്യേണ്ടായല്ലോ... .താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താനനുഭവിച്ചീടുകന്നേ വരൂ എന്നല്ലേ എഴുത്തച്ഛൻ പണ്ട് പറഞ്ഞത് "

"വേദപുസ്തകം കൈകൊണ്ട് തൊടാത്ത അവനോട്  നിങ്ങളെന്തിനാ മനുഷ്യാ കണ്ട അച്ചന്മാരൊക്കെ പറഞ്ഞത് പറയുന്നത്?" മേരിയമ്മ ഇടയ്ക്ക് കയറി.

" ഇന്നലെ മേശപ്പുറത്ത് ഇരിക്കൂന്നതെല്ലാം കൂടി ഒരുമിച്ചെടുത്ത് കഴിച്ചപ്പഴേ ഞാൻ പറഞ്ഞതല്ലേ സ്വന്തം വയറാണന്ന് ഓർമ്മ വേണമെണമെന്ന്..." പൈപ്പിൽ പിടിച്ച് കുനിഞ്ഞ് നിന്ന് ഓക്കാനിക്കൂന്ന ആന്മേരിയുടെ പുറം ജിന്റോമോൻ തിരുമ്മിക്കൊണ്ട് പറഞ്ഞു....

"ഇത് ഭക്ഷണത്തിന്റെയൊന്നും അല്ല അച്ചാച്ചാ...."

"പിന്നെ..."

"അത് പിന്നെ.... പിന്നെ... എനിക്കിത് വരെ ഡേറ്റ് ആയിട്ടില്ല... കഴിഞ്ഞാഴ്ച ആകേണ്ടതായിരുന്നു...."

"സത്യം.... എന്നിട്ട് നീ എന്നോടിതുവരെ പറഞ്ഞില്ലല്ലോ..."

"ഇത് ചുമ്മാ വിളിച്ച് പറയാൻ പറ്റുമോ.. എന്തെങ്കിലും ലക്ഷണം കാണണ്ടായോ... പത്തുമണിയാകുമ്പോൾ അച്ചായൻ മെഡിക്കൽ സ്റ്റോറിൽ പോയി ഒരു പ്രഗ്നൻസി കിറ്റ് വാങ്ങിച്ചോണ്ട് വാ.. നമുക്ക് നോക്കാം.."
അവർ ഒരുമിച്ച് അകത്തേക്ക് കയറി.
**************************
മെഡിക്കൽ സ്റ്റോർ തുറക്കുന്ന സമയം നോക്കി രാവിലത്തെ ഭക്ഷണം കഴിഞ്ഞ്  ജിന്റോമോൻ  മെഡിക്കൽ സ്റ്റോറിലേക്ക് പോകാനായി ഇറങ്ങി. പത്രം വായിച്ചുകൊണ്ട് കറിയാച്ചനും മേരിക്കുട്ടിയും സിറ്റൗട്ടിലുണ്ട്. ഞാനിപ്പം വരാം എന്ന് ജിന്റോമോൻ ഇറങ്ങിയതും അപ്പന്റെ ചോദ്യം

"നീ എവിടെപ്പോകുവാടാ...?"

"അല്ല.. അതു ഞാൻ പിന്നെ... ഒരു സാദനം വാങ്ങിച്ചിട്ട് വരാം.."

"എന്താടാ സാദനത്തിന് പേരില്ലേ?" . അപ്പൻ.

"ഒരു കിറ്റ് വാങ്ങിച്ചോണ്ട് വരാം..." ജിന്റോമോൻ പറഞ്ഞു.

"അതിനു ഞാനിന്ന് കിറ്റ് വാങ്ങാൻ പറഞ്ഞില്ലല്ലോ.... മിനിഞ്ഞാന്നല്ലേ കിറ്റ് വാങ്ങിയത്.അതിനി നാളത്തേക്കൂടെ കാണും... അല്ലേ വാങ്ങിച്ചൊ ... കിറ്റിൽ ചേന ഇല്ലങ്കിൽ അത് വേറെ ഒരു കിലോ വാങ്ങിച്ചേക്കണേ..." . കിറ്റ് എന്ന് പറഞ്ഞാൽ പച്ചക്കറി കിറ്റ് ആയിരിക്കുമെന്ന് കരുതി മേരിക്കുട്ടി പറഞ്ഞു.

"ഭാര്യയ്ക്ക് വിശേഷം ആയപ്പോൾ അവന്റെ ഉത്തരവാദിത്തം കണ്ടില്ലേ?" കറിയാച്ചൻ.

"അങ്ങനെ വേണം നല്ല കെട്ടിയവന്മാർ. നിങ്ങളെപ്പോലെ ആയില്ലല്ലോ" മേരിക്കുട്ടി കിട്ടിയ അവസരത്തിൽ കറിയാച്ചനിട്ടൊരു കൊട്ട് കൊടുത്തു.

"താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താനനുഭവിച്ചീടുകന്നേ വരൂ " കറിയാച്ചൻ ആരോടെന്നന്നില്ലാതെ പറഞ്ഞു.

ജിന്റോമോൻ ബൈക്കും എടുത്ത് പുറത്തേക്കിറങ്ങി. ജംഗ്ഷനിൽ ചെന്നപ്പോൾ പോലീസ് ചെക്കിംഗ്. കർത്താവേ പെട്ടു. സത്യവാങ്മൂലം എഴുതിയിട്ടില്ല. വണ്ടിയും ആയിരം രൂപയും പോക്കായി. തിരിച്ചു പോകാമെന്ന് വെച്ചാലും പിടി വീഴും. ഏതായാലും പോലീസുകാരൻ എവിടെ പോവുകയാണന്ന് ചോദിച്ചതേയുള്ളൂ. പച്ചക്കറി വാങ്ങാൻ പോവുകയാണന്ന് പറഞ്ഞു. പച്ചക്കറിക്കടയിൽ നിന്ന് ആദ്യം തന്നെ ചേനയുള്ള ഒരു കിറ്റ് വാങ്ങി. ഇനി അതിന്റെ പരാതി വേണ്ടല്ലോ? പച്ചക്കറി കിറ്റില്ലാതെ ചെന്നാൽ പിന്നെ നൂറു കൂട്ടം ചോദ്യങ്ങൾ ഉണ്ടാവും.  മെഡിക്കൽ സ്റ്റോറിൽ നിന്ന് പ്രഗ്നൻസി കിറ്റും വാങ്ങി പെട്ടന്ന് തന്നെ വീട്ടിലേക്ക് തിരിച്ചു. അടുക്കളയിൽ പച്ചക്കറി കിറ്റ് വെച്ചു. അടുക്കളയിൽ അമ്മ മാത്രമേ ഉള്ളൂ. ആൻമേരി ഇല്ല.

"ആൻ എന്തിയേ അമ്മേ?" ജിന്റോമോൻ ചോദിച്ചു.

"ഇത്രയും നേരം ഇവിടെ നിൽപ്പുണ്ടായിരുന്നു. ഇപ്പം ഒരു പാത്രം എടുത്തുകൊണ്ട് മുറ്റത്തോട്ട് പോകുന്നത് കണ്ടു..." മേരിക്കുട്ടി പറഞ്ഞു. ലോക്ക്ഡൗണിലെ തിരക്കിനെപ്പറ്റിയൊക്കെ അമ്മയോട് പറഞ്ഞപ്പോഴേക്കും ആൻമേരി കൈയ്യിലൊരു പാത്രവുമായി എത്തി. പാത്രം മേരിക്കുട്ടിയുടെ കൈയ്യിൽ കൊടൂത്തിട്ട് പറഞ്ഞു

"അമ്മേ,എനിക്കിത് തോരൻ വെച്ചു തരുമോ?" .

മേരിക്കുട്ടി ആൻമേരിയുടെ മുഖത്തേക്കും പാത്രത്തിനുള്ളിലേക്കും മാറിമാറി നോക്കി.

"നിനക്കിത് തോരൻ വെച്ച് തരാനോ?" മേരിക്കുട്ടി ചോദിച്ചു

"ആ അമ്മേ... ഞങ്ങടെ വീട്ടിൽ അമ്മ ഇത് തോരൻ വെക്കുമായിരുന്നു..." ആൻമേരി പറഞ്ഞു.

"എന്റെ പൊന്നു മോളേ, ഞാനിതുവരെ ഇവിടെ ഇത് തോരൻ വെച്ചിട്ടില്ല... ആരെങ്കിലും തോരൻ വെക്കുമെന്ന് പറഞ്ഞ് കേട്ടിട്ടും ഇല്ല...."

"അമ്മ തോരൻ വെച്ചിട്ടില്ലേ... ഞങ്ങടെ വീട്ടിൽ ഈ പൂവും ഇലയും ഒക്കെ തോരൻ വെക്കും..." ആൻമേരി ഉറപ്പ് പറഞ്ഞു.

ഇത്രയും ആയപ്പോഴേക്കും ജിന്റോമോന് മനസിലായി എവിടയോ എന്തോ തകരാറ് സംഭവിച്ചിരിക്കൂന്നു. അവൻ ആൻമേരി കൊണ്ടുവന്ന പാത്രത്തിലേക്ക് എത്തി നോക്കി.
പാത്രത്തിൽ ഇലഞ്ഞിപ്പൂവ്!!!!

മുറ്റത്ത് പൂത്തു നിൽക്കുന്ന ഇലഞ്ഞിയിൽ നിന്ന് വീണ പൂവ് പറക്കികൊണ്ട് വന്നതാണ് തോരൻ വെയ്ക്കാൻ.

"നീ ഇത് എന്തിന്റെ പൂവാണന്ന് ഓർത്താടീ ഇത് പറക്കിയത്?" ജിന്റോ ചോദിച്ചു. തനിക്കെന്തോ തെറ്റ് പറ്റിയന്ന് ആൻമേരിക്കും തോന്നി.

"ഇത് മുരിങ്ങപ്പൂവല്ലേ...?" ആൻമേരിയുടെ ചോദ്യം കേട്ടതും മേരിക്കുട്ടിയും ജിന്റോയും ഒരൊറ്റ ചിരി. ചിരിയോട് ചിരി. എന്താണന്ന് സംഭവിച്ചതന്ന് ആൻമേരിക്ക് മനസിലായില്ല. ചിരിയുടെ അവസാനം മേരിക്കുട്ടി പറഞ്ഞു.

"എന്റെ മോളേ ഇത് മുരിങ്ങയല്ല.. ഇലഞ്ഞിയുടെ പൂവാ...."

"ഹൊ!!" ആൻമേരി ചമ്മി. "എന്നാ ഇങ്ങ് തന്നേക്ക് , ഞാൻ കളഞ്ഞേക്കാം..." ആൻമേരി പാത്രം മേരിക്കുട്ടിയുടെ കൈയ്യിൽ നിന്ന് വാങ്ങി.

"ഏതായാലും നീ പറക്കിയതല്ലേ മോളേ, കളയേണ്ട ... ഇവൻ മാലയുണ്ടാക്കി തരും... കൊച്ചിലെ മുതലേ ഇവൻ ഇലഞ്ഞിപ്പൂകൊണ്ട് മാല ഉണ്ടാക്കുമായിരുന്നു..." മേരിക്കുട്ടി മോന് ഒരു പണി കൊടുത്തു.

"എന്നാ കളയണ്ടാടീ , മാലയുണ്ടാക്കാം..." ജിന്റോമോനും മാലയുണ്ടാക്കാൻ സമ്മതിച്ചു. പാത്രത്തിലെ ഇലഞ്ഞിപ്പൂകൊണ്ട് ജിന്റോമോൻ മുറിയിലേക്ക് പോകുന്നതു കണ്ടാണ്
കറിയാച്ചൻ വന്നത്. "താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താനനുഭവിച്ചീടുകന്നേ വരൂ".... കറിയാച്ചൻ ആരോടെന്നില്ലാതെ പറഞ്ഞു.

മുറിയിലേക്ക് കയറിയ ഉടനെ  ആന്മേരി ഡോർ അടച്ചു. ജിന്റോമോൻ പാത്രത്തിലെ ഇലഞ്ഞിപ്പൂ മുറിയിലെ മേശപ്പുറത്ത് വെച്ചു.

"കിറ്റു കിട്ടിയോ അച്ചാച്ചാ..." ആൻമേരി ചോദിച്ചു.

"കിട്ടിയടീ കൊച്ചേ.. " ജിന്റോമോൻ പറഞ്ഞു. " ദാ ഇന്നാ" ജിന്റോ‌മോൻ പ്രഗ്നൻസി കിറ്റ് എടൂത്ത് ആൻമേരിക്ക് കൊടുത്തു. ആൻമേരി കിറ്റ് വാങ്ങി ബാത്ത്രൂമിന്റെ വാതിൽ തുറന്നു. "നമുക്ക് ഇപ്പോ തന്നെ അങ്ങ് നോക്കിയേക്കാം അച്ചാച്ചാ". ആൻമേരി ബാത്ത്‌റൂമിലേക്ക് കയറിക്കൊണ്ട് പറഞ്ഞു. "നോക്കിയിട്ട് വാ..." ജിന്റോമോൻ പറഞ്ഞു. അല്പസമയത്തിനകം ആൻമേരി ബാത്ത്‌റൂമിന്റെ വാതിക്കൽ വന്ന് ജിന്റോമോനെ വിളിച്ചൂ.

"അച്ചാച്ചാ ഈ കിറ്റൊന്ന് നോക്കിക്കേ... ഞാനൊന്ന് വാഷ് ചെയ്തിട്ട് വരാം..." ജിന്റോമോൻ ബാത്ത്‌റൂമിന്റെ വാതിക്കൽ ചെന്ന് ആൻമേരിയുടെ കൈയ്യിൽ നിന്ന് പ്രഗ്നൻസികിറ്റ് വാങ്ങി. "അച്ചാച്ചാ വര തെളിയുന്നുണ്ടോന്ന് നോക്കണേ.." ആൻമേരി പറഞ്ഞു.   തേർഡ് അമ്പയർ ഡിസിഷൻ ലൈറ്റ് കത്തിക്കുന്നത് നോക്കി ഫീൽഡീൽ നിൽക്കുന്ന ക്രിക്കറ്റ് കളിക്കാരെപ്പോലെ ജിന്റോമോൻ കിറ്റിലേക്ക് തന്നെ നോക്കി ഇരുന്നു. കിറ്റിലെ വരയുടെ കളർ റെഡ് ആകുന്നുണ്ടോ? ജിന്റോമോൻ കണ്ണ് തിരുമ്മി ഒന്നു കൂടെ നോക്കി. അതാ കിറ്റിലെ വരയിൽ ചുവപ്പ് നിറം തെളിഞ്ഞു വരുന്നു. അവസാനം ചുവന്ന വര തെളിഞ്ഞു.....

സക്‌സസ്!!!‌

"എടീ ആൻമേരീ വര തെളിഞ്ഞടീ..." ജിന്റോമോൻ വിളിച്ചു പറഞ്ഞു. സന്തോഷം കൊണ്ട് ജി‌ന്റോ‌മോന്റെ ശബ്‌ദ്ദം വളരെ ഉച്ചത്തിലായിരുന്നു. ഇതു കേട്ടുകൊണ്ടാണ് ആൻമേരി ബാത്ത്‌റൂമിന്റെ വാതിൽ തുറന്ന് പുറത്ത് വന്നത്. ആൻമേരിയെ ജിന്റോമോൻ കെട്ടിപ്പിടിച്ചു. ജിന്റോമോന്റെ ഉച്ചത്തിലുള്ള ശബ്ദ്ദം കേട്ടാണ് കറിയാച്ചനും മേരിക്കുട്ടിയും ജിന്റോമോന്റെ മുറിയുടെ വാതിക്കൽ എത്തിയത്.

"എന്താടാ മോനെ നിന്റെ തലവരയാണോ തെളിഞ്ഞത്..." കറിയാച്ചൻ വിളിച്ചു ചോദിച്ചു.

"അയ്യോ പപ്പ..." ജിന്റോമോനെ തെള്ളിമാറ്റിക്കൊണ്ട് ആൻമേരി ശബ്ദ്ദം താഴ്‌ത്തി പറഞ്ഞു.

"എന്റെ തലവരയല്ല... അപ്പന്റെ നരയാ തെളിഞ്ഞത്..." ജിന്റോമോൻ പറഞ്ഞു.

ആൻമേരി വാതിൽ തുറന്ന് പുറത്തേക്ക് വന്നു....

"എന്താടാ മോളേ ഇവനിതിനകത്ത് നിന്ന് വര തെളിഞ്ഞന്നൊക്കെ പറയുന്നത് കേട്ടത്..." മേരിക്കുട്ടി ആൻമേരിയോട് ചോദിച്ചു.

ആൻമേരി നാണം കൊണ്ടു തളിർത്തു. ജിന്റോമോനും വാതിക്കൽ എത്തി. "എന്താ മോളെ കാര്യം..." മേരിക്കുട്ടി ചോദിച്ചു...

"അതേ അമ്മേ, ... അമ്മ ഒരു അമ്മച്ചിയാകാൻ പോകുന്നന്ന് ഉറപ്പിച്ചന്ന്....." ആൻമേരി പറഞ്ഞു.
മേരിക്കുട്ടി ആൻമേരിയെ കെട്ടിപ്പിടിച്ചു. .
****************************
വൈകിട്ട് ചായ കുടി കഴിഞ്ഞിരിക്കുമ്പോഴാണ് ആൻമേരി ജിന്റോമോന്റെ അടുക്കലെത്തി ആഗ്രഹം അറിയിച്ചത്. ആൻമേരിക്കിപ്പോൾ മാങ്ങ വേണം. അതും പച്ച മാങ്ങ!!!  ഈ അഞ്ചാം മണി സമയത്ത് എവിടെ നിന്ന് മാങ്ങ വാങ്ങാൻ പറ്റും. ചന്തയിലെ കച്ചവടക്കാരൊക്കെ ഉച്ചയ്ക്കേ പോകും. പച്ചക്കറിക്കടക്കാരാണങ്കിൽ അഞ്ചുമണിയാകുമ്പോൾ കട അടയ്ക്കും. ഇനി എവിടെ നിന്ന് മാങ്ങ വാങ്ങും?  നാളെ ചന്തയിൽ നിന്ന് മാങ്ങ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞപ്പോൾ ആൻമേരിക്കത് പോരാ. ആൻമേരിയുടെ കൂട്ടുകാരി ഗർഭിണിയായപ്പോൾ അവൾക്ക് ഷാർജാ ഷേക്ക് വേണമെന്ന് പറഞ്ഞപ്പോൾ കെട്ടിയോൻ ഷാർജയിൽ നിന്ന് ഷാർജാ ഷേക്ക് പാഴ്സൽ വരുത്തിക്കൊടുത്തന്ന്.

 "എടീ മോളേ അന്ന് ലോക്ക്ഡൗൺ ഇല്ലായിരുന്നു" എന്ന് ജിന്റോമോൻ പറഞ്ഞിട്ടും ആൻമേരി ആവിശ്യത്തിൽ നിന്ന് പിന്മാറിയില്ല .മറ്റൊരു കൂട്ടുകാരിക്ക് മത്തയില തോരൻ വേണമെന്ന് പറഞ്ഞപ്പോൾ അവളുടെ ഭർത്താവ് മത്തൻ‌ തപ്പി നടന്ന് ആരുടയോ പറമ്പിൽ നിന്ന് മത്തയില പറിച്ചു കൊണ്ടുവന്ന് കൊടുത്തന്ന്. ആ കഥ ജിന്റോമോനും കേട്ടിട്ടുണ്ടായിരുന്നു, ആന്മേരിയുടെ കൂട്ടുകാരിയുടെ  ഭർത്താവ് മത്തയിലയുമായി വീട്ടിലെത്തുന്നതിന് മുമ്പ് മത്തന്റെ ഉടമസ്ഥൻ അവളുടെ വീട്ടിലെത്തി മത്തയിലയുടെ വിലയായി ആയിരം വാങ്ങീയത്. ഇനി ഒന്നും പറഞ്ഞ് തർക്കിച്ചിട്ട് കാര്യമില്ല... പച്ചമാങ്ങ എവിടെ നിന്നെങ്കിലും ഒപ്പിച്ചാലേ ഇനി രക്ഷയുള്ളൂ. "താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താനനുഭവിച്ചീടുകന്നേ വരൂ" എന്ന് അപ്പൻ പറയുന്നത് വെറുതെയല്ല.. ഓ പുല്ല്! ഒന്നും വേണ്ടായിരുന്നു... ലോക്ക്ഡൗൺ കഴിയുന്നതുവരെ ഒരു ഒഴിവുകഴിവുകളും പറയാനും പറ്റില്ല. എല്ലാം അനുഭവിക്കുക തന്നെ... എടെയെങ്കിലും മാവുണ്ടങ്കിൽ പോയി പറിക്കാമായിരുന്നു. അമ്മയോട്  ചോദിക്കുക തന്നെ. അമ്മയുടെ കൂടെ അപ്പനും കാണും. ഏതായാലും ചോദിക്കാതെ രക്ഷയില്ല. എവിടെയെങ്കിലും മാങ്ങ പറിക്കാൻ പറ്റുന്ന മാവുണ്ടോ എന്ന് അമ്മയോട് ചോദിച്ചു. പള്ളിയിലേക്ക് പോകുന്ന വഴിയിൽ  രാഘവൻ മേസ്തിരിയുടെ അയ്യത്ത് മാവ് ഉണ്ടന്നും മാവിൽ നിറയെ മാങ്ങയുണ്ടന്നും അപ്പനാണ് പറഞ്ഞത്. പണ്ട് പള്ളിയിൽ വെക്കേഷൻ ബൈബിൾ സ്കൂളിനു പോകുമ്പോൾ എല്ലാവരും കൂടി എറിയുന്ന മാവുതന്നെ. ഇപ്പോൾ ആ മാവും വളർന്നു കാണും. എറിഞ്ഞിടാൻ പറ്റിയാൽ ഭാഗ്യം.!!

മാങ്ങയ്ക്കായി ജിന്റോമോൻ പോകാൻ ഇറങ്ങി. കൈലിയും ടിഷർട്ടുമാണ് വേഷം.

"അതേ സാധനം ഇട്ടിട്ടൂണ്ടോ ?" ആന്മേരി ചെവിയിൽ വന്നു ചോദിച്ചു.

"എന്ത് ?" ജിന്റോമോന് സംശയം.

"കുറേ നാളായില്ലേ ലോക്ക്ഡൗണിൽ വീട്ടിൽ ഇരിക്കാൻ തുടങ്ങിയിട്ട്... ശീലങ്ങളൊക്കെ മാറിയില്ലേ....?" ആൻമേരി

"എന്തുവാടീ ഈ പറയുന്നത്?"

"നിങ്ങളു ജട്ടിയിട്ടിട്ടുണ്ടോന്നാ ചോദിച്ചത്.....? മാവിൽ കയറേണ്ടിവന്നാൽ അല്ലേ പണിയാവും" .

"ശൊ! അതുമറന്നു...." പറഞ്ഞുകൊണ്ട് ജിന്റോമോൻ അകത്തു കയറി തിരിച്ചു വന്നു. എന്നാ ഞാൻ പോയിട്ട് വരാം എന്ന് പറഞ്ഞ് ജിന്റോ മോൻ ബൈക്ക് സ്റ്റാർട്ടാക്കി ഇറങ്ങി . "ഗൂഗിൾ മാപ്പ് നോക്കി പോ അച്ചായാ...പിള്ളാരൊക്കെ ഇപ്പോ മാവൊക്കെ മാപ്പിൽ മാർക്ക് ചെയ്തിട്ടുണ്ടാവും" ആൻമേരി പറഞ്ഞിട്ടും ജിന്റോമോൻ ഗൂഗിൾ മാപ്പ് നോക്കിയില്ല. വഴി അറിയാവുന്നതുകൊണ്ട് ആരോടും ചോദിക്കേണ്ട. ഇനി ചോദിക്കണമെങ്കിൽ തന്നെ വഴിയിൽ ഒരൊറ്റ മനുഷ്യനും ഇല്ല. കൃത്യം മാവിൻ‌ ചുവട്ടിൽ തന്നെ എത്തി. രാഘവൻ മേസ്തരിയുടെ പറമ്പിൽ അഞ്ചാറുപിള്ളാർ ഇരുന്ന് ചീട്ട് കളിക്കുന്നുണ്ട്. അവന്മാരാണങ്കിൽ ശ്രദ്ധിക്കുന്നേയില്ല. മാവിൽ മാങ്ങയുണ്ട്. എറിഞ്ഞിടാനാണങ്കിൽ പഴയെപോലെ എറിയാൻ പറ്റുമോന്ന് ഉറപ്പുമില്ല. എറിഞ്ഞ് വീണില്ലങ്കിൽ പിള്ളാരുടെ മുമ്പിൽ നാണക്കേടുമാണ്. അവന്മാരോട് തന്നെ മാവിൽ കയറുമോന്ന് ചോദിക്കാം. കയറാൻ വലിയ പ്രയാസമില്ലാത്ത മാവാണ്. ആരെങ്കിലും മാവിൽ കയറി കുറച്ചുമാങ്ങ പറിച്ച് തരുമോ എന്ന് ജിന്റോമോൻ ചോദിച്ചു..

"എന്റെ ചേട്ടാ, അതിൽ നിറയെ നീറാ... കയറി പറിക്കലൊന്നും നടക്കില്ല. ചേട്ടന് മാങ്ങ നിർബന്ധമാണങ്കിൽ ചേട്ടൻ തന്നെ കയറിക്കോ.. എന്തെങ്കിലും ഹെൽപ്പ് വേണമെങ്കിൽ ഞങ്ങൾ ചെയ്യാം..." പിള്ളാരിലൊരുത്തൻ പറഞ്ഞു. ഇനി അവന്മാരോട് പറഞ്ഞിട്ട് കാര്യമില്ല. ഇനി കയറുക തന്നെ വഴി. തപ്പിപ്പിടിച്ച് മാവിൽ കയറി തുടങ്ങിയതും നീറിന്റെ ആക്രമണം തുടങ്ങി. ശത്രുക്കളോട് എന്നപോലെയാണ് നിസറിന്റെ ആക്രമണം. ഒരു കൈകൊണ്ട് മാവിൽ പിടിച്ച് ഒരു കൈകൊണ്ട് നിസറിനെ തൂത്ത് കളഞ്ഞ് മേൽപ്പോട്ട് മേൽപ്പോട്ട് കയറി. ഈ നിസറുകൾക്ക് സ്ത്രിധനം കിട്ടിയതാണോ ഈ മാവ് !! ലോക്ക്ഡൗൺ ഇല്ലായിരുന്നെങ്കിൽ ഏതെങ്കിലും കടയിൽ നിന്ന് മാങ്ങ വാങ്ങിക്കൊടുക്കാമായിരുന്നു... ഇനി നിസറിന്റെ കടി കൊണ്ടിട്ടായാലും മാങ്ങ പറിച്ചാലേ രക്ഷയുള്ളൂ. ഏതായാലും നിസറിന്റെ കടികൊണ്ട് കയറി ഇനി മാങ്ങ പറിച്ച് ഇറങ്ങുക തന്നെ.!!!

കടിക്കുന്ന നിസറിനെ ഒരു കൈകൊണ്ട് പറിച്ച് കളഞ്ഞ് അഞ്ചാറു മാങ്ങ പറിച്ചു കഴിഞ്ഞപ്പോഴാണ് താഴെത്തെ ബഹളം കേട്ട് പറമ്പിലേക്ക് നോക്കി. പറമ്പിൽ നിന്ന് പിള്ളാരെഴുന്നേറ്റ് ഓടുന്നു. "ചേട്ടാ ഇറങ്ങി ഓടിക്കോ..ഡ്രോൺ വരുന്നുണ്ട്.." ഓടൂന്നതിനിടയ്ക്ക് ഒരുത്തൻ വിളിച്ചു പറഞ്ഞു. രാഘവൻ മേസ്തരിയുടെ പറമ്പ് ഇനി ഡോണങ്ങാണം വാങ്ങിയോ? "ഡോൺ വരുന്നതിന് നമ്മളെന്തിനാ ഓടുന്നത്?" മാവിന്റെ മുകളിൽ നിന്ന് വിളിച്ചു ചോദിച്ചു.

"ചേട്ടാ ഡോണല്ല.. ഡ്രോൺ!! ഡ്രോൺ സ് !! പോലീസിന്റെ ഡ്രോൺ!!... ചാടി ഓടിക്കോ ചേട്ടാ.. അവന്മാരുടെ കൈയ്യിൽ കിട്ടിയാൽ പണിയാകുമേ..." ഓടുന്നതിനിടയ്ക്ക് അവൻ വിളിച്ചു പറഞ്ഞു...

കർത്താവേ പെട്ടു. മാവിൽ നീറ്.. ആകാശത്ത് ഡ്രോൺ... താഴെ പോലീസ്.. ഹ..ഹ.. അടിപൊളി. ത്രിശങ്കു സ്വർഗ്ഗത്തിൽ , പാമ്പിനും ചെകുത്താനും ഇടയിൽ എന്നൊക്കെ കേട്ടിട്ടുള്ളൂ... ആ അവസ്ഥയിലായി താനിപ്പോൾ!!! ചിന്തിക്കാനൊന്നും അധികം സമയമില്ല. മാവിൽ നിന്ന് താഴേക്ക് ചാടുന്നത് സേഫല്ല. പണ്ടത്തെ കഥയിലെപോലെയായി കാര്യങ്ങൾ - പുഴയിലേക്ക് ചാഞ്ഞു നിൽക്കുന്ന മരത്തിൽ കയറിയ കഥാനായകൻ!! കമ്പൊടിഞ്ഞ് പുഴയിൽ വീണാൽ പുഴയിലൊരു മുതല , മരത്തിന്റെ ചുവട്ടിൽ പാമ്പും നായും!! ഹ ഹ വണ്ടർഫുൾ അവസ്ഥ!!! .കഥയിലെ നായകനെപോലെ സാഹസികതയൊന്നും കാണിക്കാൻ വയ്യ കയറിയതുപോലെ തത്തി തത്തി ഇറങ്ങുകയുള്ളൂ വഴി. താഴേക്ക് ഇറങ്ങാമെന്ന് ചിന്തിച്ചപ്പോഴേക്കും ലവൻ തലയ്ക്ക് മുകളിലെത്തി. ഡ്രോൺ!! ഇനി രക്ഷയില്ല..മുണ്ടു പറിച്ച് തലയിൽ ഇടാമെന്ന് വെച്ചാലും രക്ഷപെടില്ല . ഡ്രോണിന്റെ പിടിവീണു... പറിച്ച അഞ്ഞാറുമാങ്ങയുമായി താഴേക്ക് പിടിച്ച് പിടിച്ച് ഇറങ്ങിചെന്നപ്പോൾ മാവിൻചുവട്ടിൽ മൂന്നാലു പോലീസുകാർ...

ഓടിയാൽ ലവന്മാർ ഓടിച്ചിട്ട് ഇടിക്കും. ഇടികൊള്ളാതെ ഓടി രക്ഷപെട്ടാലും വണ്ടിയുടെ നമ്പരു നോക്കി വീട്ടിലെത്തും. ഹൊ!! അവളുടെ ഒരു മാങ്ങാക്കൊതി. അപ്പൻ പറയുന്നത് ചുമ്മാ ഓർത്തു , "താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താനനുഭവിച്ചീടുകന്നേ വരൂ"!!!

"എന്താടാ ഇത് ?" പോലീസുകാരുടെ ചോദ്യം കോറസായിരുന്നു.

"അഞ്ചാറു മാങ്ങയാണ് സാർ?". കവർ കാണിച്ച് വിനയപൂർവ്വം ജിന്റോമോൻ ഉത്തരം നൽകി.

"മാവിൽ കയറി ചക്ക പറിക്കാൻ പറ്റുമോടാ പിന്നെ..." അതിലൊരു പോലീസുകാരന്റെ പോലീസ് ഭാഷ..

"അതല്ല സാറേ... ഞാൻ മാങ്ങ പറിക്കാനായി മാവിൽ കയറിയതാ സാറേ.... ഭാര്യയ്ക്ക് മാങ്ങ വേണമെന്ന് പറഞ്ഞപ്പോൾ... അവൾ..... " വീണ്ടും അതിവിനയത്തോടെ ഉത്തരം പറഞ്ഞു തുടങ്ങിയപ്പോൾ ഒരു പോലീസുകാരൻ ഇടയ്ക്ക് കയറി

"ഹൊ! ഭാര്യ പറഞ്ഞാലുടനെ നീ പോയി ആറ്റിലും ചാടുമോടാ..." .... ഏതോ സ്കൂളിൽ പഠിപ്പിച്ചോണ്ട് ഇരുന്നപ്പോൾ പോലീസുകാരനായതെന്ന് തോന്നുന്നു ജീന്റോ മോൻ അയാളെ നോക്കി.

"അതൊന്നും അല്ല സാറേ... ഭാര്യ ഗർഭിണിയാ... അവൾക്കിപ്പോ മാങ്ങ വേണമെന്ന്... ഈ സമയത്ത് ഏത് കടയിൽ നിന്ന് മാങ്ങ കിട്ടാനാ... അതിനാ മാങ്ങാ പറിക്കാൻ ഇറങ്ങിയത്...".

"ലോക്ക് ഡൗണിൽ തന്നെ നിനക്ക് മാങ്ങ പറിക്കാൻ ഇറങ്ങണമല്ലേടാ..." മറ്റൊരു പോലീസുകാരൻ..

"സാറേ മാങ്ങാക്കിട്ടാൻ വേറെ വഴിയില്ലാഞ്ഞിട്ടാ സാറേ ഇറങ്ങിയത്?" ജിന്റോ മോൻ..

"ശരി.. ശരി നീ പറഞ്ഞത് ഞങ്ങൾ വിശ്വസിച്ചു. ഞങ്ങടെ വണ്ടിയിൽ സാറ് ഉണ്ട്... സാറിനോട് പറഞ്ഞിട്ട് പൊയ്ക്കോ.." ഒരു പോലീസുകാരൻ ജിന്റോമോനോട് പറഞ്ഞു. ജിന്റോമോൻ ബൈക്ക് വെച്ച് സ്ഥലത്ത് തന്നെയായിരുന്നു പോലീസ് ജീപ്പു കിടന്നത്. പോലീസ് ജീപ്പിലിരിക്കുന്നത് എസ്.ഐയാണന്ന് തോന്നുന്നു...

"സാറേ , ഇവൻ ഭാര്യയ്ക്ക് മാങ്ങ പറിക്കാൻ വന്നതാണന്നാ പറയുന്നത് " ഒരു പോലീസുകാരൻ എസ്.ഐയോട് പറഞ്ഞു.

"വണ്ടിക്കാണോടാ വന്നത്?" എസ്.ഐ യുടെ ചോദ്യം. ..

"ആണു സാറേ... ദേ ഈ ഇരിക്കുന്നതാണ് വണ്ടി..." അടുത്തിരുന്ന വണ്ടി ജിന്റോമോൻ ചൂണ്ടിക്കാണിച്ചു.

"താക്കൊൽ നീ അയാളെ കൈയ്യിൽ കൊടുക്ക്" എസ്.ഐ ഒരു പോലീസുകാരനെ ചൂണ്ടിക്കാണിച്ചു പറഞ്ഞു. "അയാളു വണ്ടിയും കൊണ്ടും സ്റ്റേഷനിൽ വന്നേക്കും, നീ ഈ വണ്ടിയിൽ കയറ്.. നമുക്ക് സ്റ്റേഷനിൽ വരെ പോയിട്ട് വരാം... എസ്.ഐ തുടർന്നു.

"അല്ല സാറെ, ഞാൻ സ്റ്റേഷനിൽ വരണോ.. ഫൈനങ്ങാണും ആണങ്കിൽ ഞാൻ അടച്ചോളാം..." ജിന്റോ മോൻ

"ഫൈനൊന്നും നീ ഇപ്പോൾ തരേണ്ട... പറയുന്നതു കേട്ടാൽ മതി..." എസ്.ഐ പറഞ്ഞു. ഇനി ഇവരോട് പറഞ്ഞിട്ട് കാര്യമില്ല പറയുന്നത് കേൾക്കുന്നതാണ്  ബുദ്ധി എന്ന്  ജിന്റോമോന് തോന്നി. അവൻ വണ്ടിയുടെ താക്കോൽ കൊടുത്തിട്ട് ജീപ്പിൽ കയറി. പോലീസുകാരൻ ബൈക്കുമായി ആദ്യം പോയി. പിന്നാലെ ജീപ്പും.
******************************
ഏഴുമണി ആയിട്ടും ജിന്റോ‌മോനെ കാണാതായപ്പോൾ ആൻമേരി അമ്മയുടെ അടുത്ത് ചെന്നു.ജിന്റോമോനെ കാണാനില്ലന്ന് പറഞ്ഞപ്പോൾ അമ്മയുടേ മറുപിടി ഇങ്ങനെ , അവനിനി മാങ്ങ പറിച്ചിട്ട് എവിടെങ്കിലും ഇരിക്കുവായിരിക്കും. താൻ മാങ്ങ വേണമെന്ന് പറഞ്ഞതുകൊണ്ടാണ് അച്ചാച്ചൻ മാങ്ങ പറിക്കാൻ പോയത്. ഫോൺ വിളിക്കുമ്പോൾ ഫോൺ പരിധിക്ക് പുറത്ത്. ഒന്നൂടെ വിളിച്ചു നോക്കാം. ആൻമേരി ജിന്റോമോനെ വിളിച്ചു. ആദ്യത്തെ വിളി ബെല്ലടിച്ചു നിന്നു. രണ്ടാമതും വിളിച്ചപ്പോളും അങ്ങനെ തന്നെ. ഒന്നൂടെ വിളിക്കാം എന്ന് മനസിൽ പറഞ്ഞ് ആൻമേരി ഒന്നൂടെ വിളിച്ചു.... ഇതേ സമയം ജിന്റോമോൻ പോലീസ് ജീപ്പിൽ പോലീസ് സ്റ്റേഷനിലേക്കുള്ള യാത്രയിൽ ആയിരുന്നു....

"നിനക്ക് ചെവിക്കെക്കില്ലേടാ ജിന്റോമോനേ...." എസ്.ഐയുടെ ചോദ്യം ജിന്റോമോനാടായിരുന്നു.

ജിന്റോമോനെ എന്നു വിളിച്ചതിൽ മോനേ എന്ന നാമവിശേഷണത്തിനു മുമ്പിൽ മറ്റെന്തോ ആയിരുന്നോ നാമം എന്ന് ജിന്റോ മോൻ സംശയിച്ചു.

"കേക്കാം സാറേ...."
"പിന്നെ നീ എന്താടാ ഫോൺ എടുക്കാത്തത്...." എസ്.ഐ യുടെ...

"അത് സാറേ... ഞാൻ.. പോലീസ് ജീപ്പിൽ ......."

"അതിനൊന്നും കുഴപ്പമില്ല.. നീ വലിയ കുറ്റവാളിയൊന്നും ഒന്നും അല്ലല്ലോ... ഫോണെടുത്ത് സംസാരിച്ചോ..."

ജിന്റോമോൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് നോക്കി. ആന്മേരിയുടെ കോൾ!!! മാങ്ങ കിട്ടിയോന്ന് അറിയാനായിരിക്കും. ജിന്റോ മോൻ കോൾ എടുത്തു.

"അച്ചാച്ചനിത് എവിടെയാ....  സന്ധ്യകഴിഞ്ഞല്ലോ ഇപ്പോൾ..."

"ഞാൻ അരമണിക്കൂറിനകം വരാം..."

"അരമണിക്കൂറോ...? മാങ്ങ കിട്ടിയോ...?"

"മാങ്ങ ഒക്കെ കിട്ടി... നീ ഫോൺ വെച്ചോ.. ഞാൻ പെട്ടന്ന് വരാം..." ജിന്റോ മോൻ ഫോൺ കട്ട് ചെയ്തു.

"ഭാര്യയായിരിക്കും അല്ലിയോ?" എസ്.ഐ യുടെ ചോദ്യം

"ആണു സാറേ..." ജിന്റോ മോന്റെ ഉത്തരം . വീണ്ടും ഫോൺ ബെല്ലടിച്ചപ്പോൾ ജിന്റോ മോൻ കോൾ കട്ടു ചെയ്തു.

"നീ ആ ഫോണിങ്ങ് തന്നേടാ...നിനക്കല്ലേ സംസാരിക്കാൻ ബുദ്ധിമുട്ട്.. ഇനി ആരെങ്കിലും വിളിച്ചാൽ ഞാൻ സംസാരിച്ചോളാം..." എസ്.ഐ കൈ നീട്ടിക്കൊണ്ട് പറഞ്ഞു. ജിന്റോ മോൻ ഫോൺ എടുത്ത് കൊടുത്തു...

അഞ്ചു മിനിട്ട് കഴിഞ്ഞപ്പോൾ വീണ്ടും ഫോൺ ബെല്ലടിച്ചു. എസ്.ഐ ഡിസ്പ്ലേയിൽ നോക്കി. ആൻമേരി കോളിം‌ങ്ങ്.. എസ്.ഐ കോൾ അറ്റൻഡ് ചെയ്തു..

"അച്ചാച്ചനിപ്പോൾ എവിടയാ?" ആൻമേരിയുടെ ചോദ്യത്തിന് എസ്.ഐ ഉത്തരം പറഞ്ഞില്ല. ആൻമേരി വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ എസ്.ഐ പറഞ്ഞു;

"അതേ ഞാൻ ജിന്റോമോന്റെ കൂട്ടുകാരനാ... അവൻ എന്റെ കൈയ്യിൽ ഫോൺ തന്നിട്ട് കൈ കഴുകിയിട്ട് വരാമെന്ന് പറഞ്ഞ് ഒരു കൂട്ടുകാരന്റെ വീട്ടിലേക്ക് കയറി... അവൻ വരുമ്പോൾ എന്തെങ്കിലും പറയണോ?"

"അത്രയ്ക്ക് അത്യാവശ്യം ഒന്നും ഇല്ല... വരുന്നുടനെ തിരിച്ച് വിളിക്കാൻ പറഞ്ഞാൽ മതി...."
"അല്ല എന്തെങ്കിലും വാങ്ങിച്ചോണ്ട് വരാനാണങ്കിൽ പറഞ്ഞോ..... ഞാനവനോട് പറയാം..."
"എങ്കിൽ ഒരു മസാല ദോശ വാങ്ങിച്ചോണ്ട് വരാൻ പറഞ്ഞാൽ മതി...." ആൻമേരി പറഞ്ഞ ഉടനെ ഫോൺ കട്ട് ചെയ്തു.

ഫോൺ വെച്ച ഉടനെ എസ്.ഐ ചിരിക്കാൻ തുടങ്ങി. "കർത്താവേ ലവൾ എന്താണോ പറഞ്ഞത്?" ജിന്റോ മോൻ മനസിൽ ഓർത്തു.

"എന്താ സാറേ.....?" ജിന്റോ മോൻ ചോദിച്ചു.

"എടോ ജിന്റോ മോനേ, നിന്റെ ആൻമേരിക്ക് ഒരു മസാല ദോശ കൂടി വാങ്ങിച്ചെല്ലണമെന്ന്....". എസ്.ഐ ചിരിച്ചു കൊണ്ട് പറഞ്ഞു.

"മസാല ദോശ വാങ്ങാൻ പറ്റിയ സമയം..." അവൻ മനസിൽ പറഞ്ഞു.

താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താനനുഭവിച്ചീടുകന്നേ വരൂ എന്ന് അപ്പൻ പറഞ്ഞത് അവൻ ഓർത്തു.

ഫോൺ വെച്ചയുടനെ തന്നെ ആൻമേരിയുടെ ഉള്ളിൽ ഒരായിരം സംശയങ്ങൾ ഉണർന്നു. ജിന്റൊമോനാണങ്കിൽ ഫോണൊന്നും ആരുടെയെങ്കിലും കൈയ്യിൽ കൊടുത്തിട്ട് പോകാറില്ല. മാങ്ങ പറിച്ചു കഴിഞ്ഞു വരികയാണന്ന് പറഞ്ഞിട്ട് പിന്നെന്തിനാ കൈ കഴുകാൻ പോകുന്നത്?സാധാരണ സംസാരിക്കുന്നതുപോലെയല്ല തന്നോട് സംസാരിച്ചത്. ആരയോ പേടിക്കുന്നതുപോലെയായിരുന്നു സംസാരം.ഇപ്പോ വരാമെന്ന് പറഞ്ഞിട്ട് ഇപ്പോൾ അരമണിക്കൂർ കൂടി കഴിഞ്ഞിരിക്കുന്നു.ആന്മേരി ഒരിക്കൽ കൂടി ജിന്റോമോനെ വിളിച്ചു. ഫോൺ സ്വിച്ച് ഓഫ് .എന്തോ അപകടം സംഭവിച്ചിട്ടുണ്ട്.....നിമിഷങ്ങൾക്കുള്ളിൽ പലതരം അപകട സീനുകൾ തലച്ചോറിൽ മിന്നി മറഞ്ഞു.

"എന്റെ ജിന്റോ അച്ചാച്ചാച്ചാച്ചാ....." കരച്ചിലിന്റെ അകമ്പടിയോടെ  ഒരൊറ്റ നിലവിളി .... ഒരൊറ്റ ബോധം കെടൽ!!

ആൻമേരിയുടെ നിലവിളി കേട്ട് മേരിക്കുട്ടിയും കറിയാച്ചനും ഓടിവന്നു. ബോധം കെട്ട് കിടക്കുന്ന ആൻമേരിയുടെ മുമ്പിൽ അവർ സഡൻ ബ്രേക്കിട്ടു നിന്നു. ബോധം പോയി കിടക്കുന്ന ആന്മേരിയെ കണ്ട് മേരിക്കുട്ടിയും നിലവിളിച്ചു... "എന്റെ മോളേ , നിനക്കെന്തു പറ്റി...?" രണ്ട് നിലവിളി കേട്ട് അയൽവീടുകളിൽ നിന്ന് ആൾക്കാർ ഓടിയെത്തി. അയൽവീടുകളിൽ നിന്ന് വന്ന പെണ്ണുങ്ങൾ ആൻമേരിയെ താങ്ങി എടുത്ത് കട്ടിലിൽ കിടത്തി. കറിയാച്ചൻ കൊണ്ടുവന്ന വെള്ളം മുഖത്തൊഴിച്ചപ്പോൾ ആൻമേരി കണ്ണു തുറന്നു. കണ്ണ് തുറന്നപ്പോൾ ചുറ്റിനും അയൽ വീട്ടിലെ പെണ്ണുങ്ങൾ.

"എന്തുപറ്റി മോളേ..." മേരിക്കുട്ടി ചോദിച്ചു.

ജിന്റോ മോനെ ഫോൺവിളിച്ചതും അവൻ സംസാരിച്ചതും പിന്നെ ഒരു കൂട്ടുകാരൻ ഫോൺ എടുത്തതും ഇപ്പോൾ ഫോൺ സ്വിച്ച് ഓഫാണന്നും ആൻമേരി പറഞ്ഞു. അകത്തു നിന്ന പെണ്ണുങ്ങൾ പുറത്ത് നിന്ന ആണുങ്ങൾക്ക് വാർത്ത നൽകി. വാർത്തകൾ  കൈമാറി കൈമാറി പൊയ്ക്കൊണ്ടേ ഇരുന്നു... ജിന്റോമോനെ കാണാനില്ല ഫോട്ടോകൾ വാട്സാപ്പിലും ഫേസ്ബുക്കിലും മിനിട്ടുകൾ കൊണ്ട് ആയിരങ്ങളായി ഷെയറായിക്കൊണ്ടിരുന്നു. മിനിട്ടുകൾ കൊണ്ട് വീടിനുചുറ്റും നൂറുകണക്കിന് ആൾക്കാരായി. വാർഡുമെമ്പർ പാഞ്ഞെത്തി ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സ്വയം പ്രഖ്യാപിത പ്രസിഡണ്ട്(ആജീവനാന്തം) ആയി. 

വീട്ടിലേക്ക് തിരിയുന്ന വഴിയുടെ ദൂരെ നിന്നെ ഒരു നീലവെളിച്ചം മിന്നി വരുന്നത് ആൾക്കാർ കണ്ടു. ആംബുലൻസ്!!!! പക്ഷേ സൈറൺ ഇല്ല. ആൻമേരി പേടിച്ചത് തന്നെ സംഭവിച്ചിരിക്കുന്നു. ആൾക്കാർ വീടിന്റെ മുമ്പിലേക്ക് നീങ്ങി നിന്നു. ഫേസ്ബുക്ക് ലൈവേഴ്സ് & ടിക്ക്ടോക്കേഴ്സ് തെള്ളിക്കയറി തങ്ങളുടെ ഫോണുമായി പൊസിഷനിൽ നിന്നു. ഫേസ്ബുക്ക് ലൈവേഴ്സ് തങ്ങളുടെ ലൈവ് തുടങ്ങി. നീല വെളിച്ചം അടുത്ത് വരുന്നു. വരുന്നത് ആംബുലൻസ് അല്ല.. പോലീസ് ജീപ്പാണ്... ഓടിക്കൂടിയവരുടെ ആവേശം പകുതികണ്ട് കുറഞ്ഞു. വീടിന്റെ മുമ്പിലെ ആൾക്കൂട്ടം ജിന്റോ‌മോൻ കണ്ടു.

"സാറേ ആൾക്കാരൊക്കെ കൂടിയല്ലോ ..." ജിന്റോ മോൻ എസ്.ഐയോടാണ് പറഞ്ഞത്.

"നിന്നെ കാണിഞ്ഞിട്ട് വീട്ടുകാർ ആളെ കൂട്ടിയതായിരിക്കും.... നിന്റെ ഫോൺ സ്വിച്ച് ഓഫ് ആയതാ കുഴപ്പമായത്..." എസ്.ഐ പറഞ്ഞു

"അല്ലങ്കിലും ഈ ഫോണുകൾ ഇങ്ങനാ... എന്തെങ്കിലും അത്യാവശ്യം ഉണ്ടങ്കിൽ പവർ തീരും..." ജിന്റോ മോൻ പറഞ്ഞു.

പോലീസ് ജീപ്പ് വീടിന്റെ പോർച്ചിൽ നിന്നു. ജിന്റോ മോനും പോലീസുകാരും ഇറങ്ങി. ഫേസ്ബുക്ക് ലൈവേഴ്സ് ലൈവ് മുറിച്ച് എസ്ക്കേപ്പായി. ആൻമേരി ഓടി വന്ന് ജിന്റോ മോനെ കെട്ടിപ്പിടിച്ചു.

"ഇവിടെന്താ സംഭവിച്ചത്...?" ജിന്റോ മോൻ ചോദിച്ചു..

"നിന്നെ കാണാഞ്ഞിട്ട് , നിന്റെ ഫോണിൽ വേറെ ആരോ സംസാരിച്ചു, ഫോൺ സ്വിച്ച് ഓഫ് ആയി എന്നൊക്കെപ്പറഞ്ഞ് ആൻമേരി കരഞ്ഞ് ബോധം കെട്ടു. അവളുടെ കരച്ചിൽ കേട്ട് നാട്ടുകാരൊക്കെ വന്നു. അത്രയേ ഇവിടെ സംഭവിച്ചുള്ളൂ..." കറിയാച്ചൻ പറഞ്ഞു.

"അച്ചാച്ചനെ ഇത്രയും നേരെ കാണാഞ്ഞിട്ടാ ഞാൻ കരഞ്ഞത്,.ഓരോന്ന് ഓർത്ത് ഓർത്ത് ഓരോന്ന് ചിന്തിച്ചപ്പോൾ ബോധവും പോയി...." ആൻമേരി പറഞ്ഞു.

"അച്ചാച്ചൻ എവിടായിരുന്നു ഇത്രയും നേരം?... എങ്ങനാ പോലീസ് ജീപ്പിൽ വന്നത്? ബൈക്ക് എവിടെ?" ആൻമേരി ചോദിച്ചു.

"കഥ അല്പം നീണ്ടതാ ആന്മേരീ....  വിശദമായി ജിന്റോമോൻ തന്നെ പറഞ്ഞു തരും... ഞാനൊന്ന് ചുരുക്കി പറയാം....." എസ്.ഐ ചിരിയോടെ പറഞ്ഞു.

"ജിന്റോ മോൻ മാങ്ങ പറിച്ചുകൊണ്ടിരുന്നപ്പോൾ ലോക്ക്ഡൗൺ ലംഘിച്ചതിന് ഞങ്ങൾ പിടിച്ചു. പോലീസ് സ്റ്റേഷനിലേക്ക് ഞങ്ങൾ പോകുമ്പോഴാണ് ആൻമേരി വിളിച്ചത് , ഇവന്റെ കൂട്ടുകാരനായി സംസാരിച്ചത് ഞാനാ... പിന്നെ ഞങ്ങളിങ്ങ് പോന്നു...."

"നീ വണ്ടിയിൽ നിന്ന് കവറെടുത്തില്ലേടാ ജിന്റോ?" എസ്.ഐ ചോദിച്ചു. ആൾക്കാരെയൊക്കെ കണ്ട് ഞാനതങ്ങ് മറന്നു പോയി സാറെ എന്നു പറഞ്ഞ് ജിന്റോ മോൻ പോലീസ് ജീപ്പിന്റെ ഡോർ തുറന്ന് രണ്ട് കവർ എടുത്തുകൊണ്ടുവന്നു. നീ തന്നെ അതങ്ങ് കൊടുത്തേക്ക് എന്ന് എസ്.ഐ പറഞ്ഞപ്പോൾ ജിന്റോമോൻ കവർ രണ്ടും ആൻമേരിക്ക് നീട്ടി. അവളത് വാങ്ങി.

"ഇതിലൊരു കവറിൽ ആന്മേരി ഇവനെക്കൊണ്ട് പറിപ്പിച്ച മാങ്ങയാ. മറ്റേ കവറിൽ ഇയാളു എന്നോട് പറഞ്ഞ് ജിന്റോമോനോട് വാങ്ങിക്കാൻ പറഞ്ഞ സാദനമാ?" എസ്.ഐ പറഞ്ഞ്.

"അതെന്തു സാദനമാ സാറേ? " മേരിക്കുട്ടി ചോദിച്ചു.

"മസാല ദോശ !!" എസ്.ഐ ചിരിയോടെ പറഞ്ഞു.

"ഈ മസാലദോശ വാങ്ങാൻ പോയാ ഞങ്ങളിത്രയും താമസിച്ചത്. ഏഴുമണിയാകുമ്പോഴേ ഇപ്പോ കടകളെല്ലാം അടയ്ക്കുമല്ലോ... ഇന്ന് തുറന്ന ഹോട്ടലെല്ലാം തപ്പിപ്പിടിച്ചു ചെന്ന് മസാലദോശ ചോദിക്കുമ്പോൾ മസാലദോശ ഇല്ല. അവസാനം അടയ്ക്കാൻ തുടങ്ങിയ ഒരു ഹോട്ടലിൽ കയറിയപ്പോൾ അവിടെ മാവുണ്ട്.കുക്ക് പണി കഴിഞ്ഞ് റൂമിൽ പോയന്ന്. പിന്നെ  റൂമിൽ പോയ കുക്കിനേയും വിളിച്ച് മസാല ദോശ ഉണ്ടാക്കിച്ച് കൊണ്ടുവരുവാ... പോലീസ് ചരിത്രത്തിൽ ആദ്യമായി ഗർഭിണിക്ക് മസാല ദോശഉണ്ടാക്കിക്കൊണ്ടുവന്ന പോലീസാ ഞങ്ങൾ". എസ്.ഐ പറഞ്ഞു...

"അല്ല സാറേ... ഞാൻ ...." ആന്മേരി ഇടയ്ക്ക് വെച്ച് നിർത്തി...

"അതൊന്നും കുഴപ്പമില്ലന്നേ..... ഇതൊക്കെ ഓരോരോ രസമല്ലേ... ഇനി ആ ചെറുക്കനെ ലോക്ക്ഡൗൺ ലംഘിക്കാനൊന്നും പറഞ്ഞ് വിടാതിരുന്നാൽ മതി... എന്നാ ഞങ്ങളിറങ്ങുവാ" എസ്.ഐ പറഞ്ഞുകൊണ്ട് വണ്ടിയിൽ കയറാൻ തുടങ്ങി. പെട്ടന്നയാൾ കൂടെ വന്ന പോലീസുകാരെയും കൊണ്ട് തിരിച്ചു വന്നു.

"നമുക്കൊരു സെല്ഫികൂടെ എടുത്ത് പോകാമെന്നേ..." എസ്.ഐ പറഞ്ഞു. എല്ലാവരും കൂടെ നിന്ന് സെല്ഫി എടുത്തു. നാളെ വന്ന് സ്റ്റേഷനിൽ നിന്ന് വണ്ടി എടുത്തോണ്ടു പോന്നോ എന്ന് ജിന്റോമോനോട് പറഞ്ഞ് എസ്.ഐ.  ജീപ്പിൽ കയറി.സ് .നീലവെളിച്ചം തെളിച്ച് പോലീസ് ജീപ്പ് കാഴ്ചകളിൽ നിന്ന് മറഞ്ഞു.

രാത്രിയിൽ ഒരുമിച്ച് കിടക്കുമ്പോൾ ജിന്റോമോൻ ആന്മേരിയോട് മാങ്ങ പറിച്ചതുമുതൽ മസാലദോശ വാങ്ങിയതുവരെയുള്ള കഥ പറഞ്ഞു. കഥകൾ പറഞ്ഞ് പറഞ്ഞ് ജിന്റോമോനോട് ചേർന്ന് കിടക്കുമ്പോൾ ജിന്റോമോൻ അവളോട് ഒരു കാര്യം പറഞ്ഞു....

"ലോക്ക്ഡൗൺ തീരുന്നതുവരെ നിനക്ക് തോന്നുന്ന ആഗ്രഹങ്ങളൊക്കെ ഒരു ബുക്കിൽ എഴുതിവെച്ചിട്ട് ലോക്ക്ഡൗൺ തീരുമ്പോൾ അതൊക്കെ നമുക്ക് നടത്താം...അല്ലങ്കിൽ ഇന്നത്തെപ്പോലെ ഓരോരോ കുഴിയിൽ ചാടും...."

"ഗർഭിണി പെണ്ണുങ്ങളുടെ ആഗ്രഹങ്ങൾക്ക് സ്ഥലവും കാലവും സമയവും ഒന്നും ഇല്ല അച്ചാച്ചാ....." അവൾ ചിരിച്ചുകൊണ്ട് അവനോട് ചേർന്നു കിടന്നു. അവളെ ഒരു കൈ കൊണ്ട് ശരീരത്തേക്ക് ചേർത്ത് കിടക്കുമ്പോൾ അവൻ അറിയാതെ കർത്താവിനോട് അപേക്ഷിച്ചു

"കർത്താവേ... ഇനിയും അവൾക്ക് ആഗ്രഹങ്ങളൊന്നും തോന്നിച്ച് പണി വാങ്ങിച്ച് തരല്ലേ...."
***************************
പതിവുപോലെ കോഴി മൂന്നാം വട്ടം കൂവി നിർത്തിയുടനെ കറിയാച്ചൻ കട്ടിലിൽ നിന്ന് എഴുന്നേറ്റു. സമയം ആറ്. കട്ടിലിൽ മേരിക്കുട്ടി ഇല്ല. അവൾ പതിവുപോലെ അടുക്കളയിൽ പണി തുടങ്ങിക്കാണും.  അടുക്കളയിലേക്ക് പോകുന്നതിന് പകരം കറിയാച്ചൻ മുൻ വാതിൽ തുറന്ന് പത്രം വന്നോ എന്ന് നോക്കി. വാതിക്കൽ പത്രം ഉണ്ട്. പത്രം എടുത്ത് നോക്കിയപ്പോൽ ആദ്യപേജിൽ തന്നെ ആ വാർത്ത

"ഗർഭിണിക്ക് മസാലദോശയുമായി പോലീസ്" വാർത്തയോടൊപ്പം എസ്.ഐ ഇന്നലെയെടുത്ത സെല്ഫിയും. ആ വാർത്ത വായിച്ചുകൊണ്ടിരിക്കുമ്പോൾ അടുക്കളപ്പുറത്ത് നിന്ന് ഓക്കാന ശബ്ദ്ദം....

ങാഹ് ..... ആഹ്.... ങാഹ്.....!!

ആ പെൺക്കൊച്ചിന്റെ ഓക്കാനം ഇതുവരെ തീർന്നില്ലേ...

ജിന്റോമോൻ ഉറക്കത്തിൽ നിന്ന് കണ്ണ് തുറന്ന് നോക്കി. കെട്ടിപ്പിടിച്ച് ആൻമേരി കിടപ്പുണ്ട്. അപ്പോ താൻ കേട്ട് ഉണർന്ന് ഓക്കാന ശബ്ദ്ദം....!!! ഇനി സ്വപ്നത്തിലായിരുന്നോ ആ ഓക്കാന ശബ്ദ്ദം. അല്ലല്ലോ താൻ ആ ശബ്ദ്ദം കേട്ടതാണ്. ജിന്റോമോൻ ആൻമേരിയെ കുലുക്കി വിളിച്ചു ഉണർത്തി. അവൾ കണ്ണൊക്കെ തുറന്ന് വന്നപ്പോഴേക്കും വീണ്ടും ആ ശബ്ദ്ദം..

"അപ്പോ നീ അല്ലേ ഓക്കാനിച്ചത്...." ജിന്റോമോൻ ചോദിച്ചു....

പത്രവും എടുത്ത് വാർത്ത കാണിക്കാൻ അടുക്കളയിൽ ചെന്ന കറിയാച്ചൻ മേരിക്കുട്ടിയെ കാണാതെ തിരിച്ചു നടക്കുമ്പോഴാണ് വീണ്ടും ഓക്കാന ശബ്ദ്ദം കേട്ടത്. ചാരിയ വറ്റ്അഹിൽ തുറന്ന് പുറത്തേക്കിറങ്ങിയ കറിയാച്ചൻ ആ കാഴ്ച കണ്ടു.....

പൈപ്പിൻ ചുവട്ടിൽ നിന്ന് ഓക്കാനിച്ച് ഛർദ്ദിക്കുന്ന മേരിക്കുട്ടി....

"എന്തുപറ്റിയടീ നിനക്ക്..." പുറം തിരുമ്മിക്കൊണ്ട് കറിയാച്ചൻ ചോദിച്ചു...

"ഇന്നലെ ആ ആൻമേരിക്കൊച്ച് ബാക്കിവെച്ച മസാലദോശ  ഞാൻ കഴിച്ചു. അന്നേരം മുതൽ തുടങ്ങിയതാ ഒരു തികട്ടൽ..."മേരിക്കുട്ടിപറഞ്ഞു.

കറിയാച്ചൻ മേരിക്കുട്ടിയുടെ പുറം തടവി നിൽക്കുമ്പോൾ വാതിക്കൽ ജിന്റോയും ആൻമേരിയും എത്തി...
"എന്താ അപ്പാ...ഒരു പുറം തിരുമ്മൽ..." ജിന്റോ മോൻ ചോദിച്ചു.

"നിന്റെ അമ്മയ്ക്ക് ഒരു മനംപുരട്ടലും ഓക്കാനവുമാ... ഇന്നലത്തെ മസാലദോശ പിടിച്ചില്ലന്നാ തോന്നുന്നത്..." കറിയാച്ചൻ പറഞ്ഞു.

"ഹും...ഹും..."ജിന്റോമോൻ ഒന്നു മൂളി..

"ഏയ്..നീ ഉദ്ദേശിക്കുന്നതുപോലെ ഒന്നും ഇല്ല...." കറിയാച്ചൻ പറഞ്ഞു.

"ലോക്ക്ഡൗൺ കാലത്ത് ശാസ്ത്രം തോറ്റ് മനുഷ്യൻ ജയിച്ച വാർത്തകളൊക്കെ പത്രത്തിൽ വരുമെന്ന് തോന്നുന്നു...." ജിന്റോമോൻ വിളിച്ചു പറഞ്ഞു.

"നീ എന്തോ ഉദ്ദേശിച്ച് പറയുന്നതുപോലെയുണ്ടല്ലോടാ....." കറിയാച്ചൻ ചോദിച്ചു.

"ഒന്നുമില്ലപ്പാ... താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താനനുഭവിച്ചീടുകന്നേ വരൂ എന്നല്ലേ എഴുത്തച്ഛൻ പണ്ട് പറഞ്ഞത് " അങ്ങനെ പറഞ്ഞുകൊണ്ട് ജിന്റോമോൻ അകത്തേക്ക് തന്നെ കയറി.

മേരിക്കുട്ടിയുടെ പുറം തിരുമ്മന്നതിനിടയിൽ ശബ്ദ്ദം താഴ്ത്തി കറിയാച്ചൻ ചോദിച്ചു..

"എടീ മേരിക്കുട്ടീ ആ ചെറുക്കൻ പറഞ്ഞതുപോലെ ശാസ്ത്രം തോറ്റ് മനുഷ്യവികാരങ്ങൾ ജയിച്ചതാണോ?". മേരിക്കുട്ടി വായിൽ വെള്ളം ഒഴിച്ച് കുലുക്കി തുപ്പി അകത്തേക്ക് കയറാൻ നേരത്ത് കറിയാച്ചൻ ചോദിച്ചു....

"നീ ഒന്നും പറഞ്ഞില്ല..."

അടുക്കള വാതിക്കൽ പിടിച്ച് തിരിഞ്ഞ് നിന്ന് മേരിക്കുട്ടി പറഞ്ഞു....

"എഴുത്തച്ഛൻ പറഞ്ഞതേ എനിക്കും പറയാനുള്ളൂ...."

""എഴുത്തച്ഛൻ അതിനെന്താ പറഞ്ഞത്....?" കറിയാച്ചൻ ചോദിച്ചു

"താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താനനുഭവിച്ചീടുകന്നേ വരൂ..." മേരിക്കുട്ടി പറഞ്ഞിട്ട്  അടുക്കളയിലേക്ക് കയറിപ്പോയി.

"കർത്താവേ ശാസ്ത്രം തോൽക്കുമോ???" കറിയാച്ചൻ പൈപ്പിൽ തന്നെ പിടിച്ചു ചിന്തിച്ചു നിന്നു....

***** ശുഭം :: കുറേ ചിന്തിച്ച് നിന്നിട്ട് കറിയാച്ചൻ കയറിപൊയ്ക്കോളും ******

ലോക്ക്ഡൗൺ , മലയാളം കഥ , Lockdown , കഥകൾ
: :: ::