Saturday, August 27, 2011

പേരില്ലാത്ത പ്രണയ കഥ

കുളി കഴിഞ്ഞ് ഇറങ്ങി ഫോണ്‍ നോക്കുമ്പോള്‍ നയനയുടെ ഫോണ്‍ നമ്പര്‍ മിസ്‌ഡ് കോള്‍ ലിസ്റ്റില്‍ കണ്ടെങ്കിലും ജിനോ അത് അവഗണിച്ച് ഭക്ഷണം കഴിക്കാന്‍  അടുക്കളയിലേക്ക് കയറി. പാത്രത്തില്‍ വിളമ്പിയ കഞ്ഞി ടേബിളില്‍ എടുത്തു വെക്കുമ്പോള്‍ ഫോണ്‍ ബെല്ലടിക്കുന്നു. ഭക്ഷണം മേശപ്പുറത്ത് തന്നെ വെച്ചിട്ട് അവന്‍ ഫോണ്‍ എടുത്തു. വിളിക്കുന്നത് നയന ആണ്. ഈ പെണ്‍‌കൊച്ച് എന്തിനാണോ ഈ സമയത്ത് വിളിക്കുന്നത്. ഓഫീസില്‍ തന്നെ അത് ആവിശ്യത്തിന് പണി തരുന്നുണ്ട്. ഇനി ഈ രാത്രിയില്‍ വിളിച്ചിട്ട് എന്ത് പണി തരാനായിരിക്കും? അവന്‍ ഫോണ്‍ എടുത്തു.
“ഹലോ”
“ജിനോ എന്നെ ഒന്ന് ഹെല്‍പ്പ് ചെയ്യാമോ?”
സാധാരണ വിളിക്കുമ്പോള്‍ ഞാന്‍ നയന, പ്രൊജക്റ്റ് ലീഡര്‍ എന്ന് പറഞ്ഞ് സംസാരം തുടങ്ങുന്ന നയന ഇന്ന് ആമുഖ പ്രസംഗം ഇല്ലാതെ സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ എന്തോ പേഴ്‌സണല്‍ കാര്യം ആയിരിക്കും എന്നാണ് ജിനോ കരുതിയത്.
“എന്താ നയനാ... എന്താ ഹെല്‍പ്പ്?” ജിനോ ചോദിച്ചു.
“എന്നെ ഒന്ന് നമ്മുടെ ഓഫീസില്‍ കൊണ്ടു വിടാമോ?” നയനയുടെ ശ‌ബദ്ദത്തില്‍ അപേക്ഷയുടെ സ്വരം ആയിരുന്നു.
“ഇപ്പോള്‍ സമയം പത്ത് കഴിഞ്ഞല്ലോ... എന്താ ഓഫീസില്‍?”
“നമ്മുടെ പ്രൊജ‌കറ്റില്‍ ഒരു ഇഷ്യൂ. നമ്മള്‍ ഇന്ന് ക്ലൈന്റിന് കൊടുത്ത ഡെമോയില്‍ ഒരു ബഗ്.അതിപ്പോള്‍ തന്നെ ഫിക്സ് ചെയ്ത് കൊടുക്കണമെന്ന്..”
“ഓഫീസില്‍ നിന്ന് വണ്ടി വരാന്‍ പറഞ്ഞാല്‍ പോരേ.. ഞാനിപ്പോള്‍ രാത്രിയില്‍...” ജിനോ നയനയെ കൊണ്ടുപോകാനുള്ള തന്റെ ഇഷ്ടക്കുറവ് പുറമേ പ്രകടിപ്പിക്കാത്ത രീതിയില്‍ സംസാരിച്ചു.
“ഓഫീസില്‍ നിന്ന് വണ്ടി വരുമ്പോഴേക്കും ഒന്നന്നൊര മണിക്കൂര്‍ കഴിയും... ഞാന്‍ ആദ്യമായിട്ടാ ഇങ്ങനെ ഒരു പ്രശ്നം ഫേസ് ചെയ്യുന്നത്. മറ്റാരെയും ഇപ്പോള്‍ എനിക്ക് ആശ്രയിക്കാന്‍ പറ്റില്ല... ഒന്നു വേഗം വരുമോ?”
“ഉം.. വരാം”
“എന്റെ ഹോസ്‌റ്റല്‍ അറിയില്ലേ?”
“അറിയാം”
“നമ്മുടെ ഓഫീസ് ഐഡന്റിറ്റി കാര്‍ഡൂടെ ഒന്നു എടുത്തോളണെ” നയനയുടെ അവസാന വാചകത്തില്‍ ഒരു വലിയ പണിതരലിന്റെ ബുദ്ധി ഒളിഞ്ഞിരിപ്പുണ്ടൊ എന്ന് അവന്‍ സംശയിക്കാതിരുന്നില്ല. ഭക്ഷണം മാറ്റി വച്ചിട്ട് അവന്‍ എഴുന്നേറ്റ് ഷര്‍ട്ടും പാന്റും ഇട്ട് ഇറങ്ങി. ബൈക്കില്‍ ആ പെണ്‍‌കൊച്ചിനെ കൊണ്ട് രാത്രിയില്‍ ഓഫീസില്‍ കൊണ്ടു വിട്ടു എന്ന് മറ്റുള്ളവര്‍ നാളെ അറിയുമ്പോള്‍ എല്ലാവന്റേയും മുഖത്ത് ഒരു ആക്കിയ ചിരി തെളിയുന്നത് അവന്‍ മനസില്‍ കണ്ടു. എപ്പോള്‍ വേണമെങ്കിലും ഓഫീസ് കാര്യത്തിന് സഹായം തേടിയാല്‍ അത് നല്‍‌കണമെന്ന് ജോയിന്‍ ചെയ്യുമ്പോഴേ മുതലാളി ഒപ്പിട്ട് വാങ്ങിയത് ഇതുപോലുള്ള സാഹചര്യങ്ങള്‍ മുന്‍‌ കൂട്ടി കണ്ടായിരിക്കണം. ഏതായാലും ഇന്നത്തെ രാത്രിയിലും മരണപ്പണി തന്നെ. രാത്രിയിലും പണി ചെയ്യിക്കാന്‍ വേണ്ടി ആയിരിക്കണം ഐഡന്‍‌റ്റിറ്റി കാര്‍ഡൂടെ എടുത്തോളാന്‍ അവള്‍ പറഞ്ഞത്.

പത്തു മിനിട്ടിനുള്ളില്‍ നയനയുടെ ഹോസ്‌റ്റലിന്റെ മുന്നില്‍ എത്തി. കുറെക്കാലം മുമ്പ് എന്തോ സം‌സാരിക്കുമ്പോഴാണ് അവള്‍ ആ ഹോസ്റ്റലിലാണ് താമസിക്കുന്നതെന്ന് പറഞ്ഞത്. ഒരേ ടീമില്‍ എത്തിയിട്ട് നാലുമാസമെങ്കിലും കഴിഞ്ഞിട്ടായിരിക്കണം താമസ സ്ഥലത്തെക്കുറിച്ചൊക്കെ പറയുന്നത്. ഹോസ്റ്റലിന്റെ ഗെയ്റ്റ് തുറന്ന് സെക്യൂരിറ്റി നില്‍പ്പുണ്ട്.
“ജിനോ എന്നാണൊ പേര്?” സെക്യൂരിറ്റിയുടെ ചോദ്യം. അതെ എന്ന് പറഞ്ഞപ്പോള്‍ അകത്തേക്ക് ചെല്ലാന്‍ അയാള്‍ പറഞ്ഞു. ഹോസ്റ്റലിന്റെ ഓഫീസ് റൂമില്‍ നയന നില്‍‌പ്പുണ്ട്. ഹോസറ്റലിന്റെ നടത്തിപ്പികാരിയാ‍ണന്ന് തോന്നുന്ന പ്രായമുള്ള ഒരു ചേച്ചിയും അവിടെ നില്‍‌പ്പുണ്ട് .അവളുടെ കൂടെ ഓഫീസില്‍ തന്നെ വര്‍ക്ക് ചെയ്യുന്ന രണ്ട് പെണ്‍‌കുട്ടികളും. അവളുമാരുടെ മുഖത്ത് ഒരു ആക്കിയ ചിരി ഉണ്ടോ അവന്‍ സംശയിച്ചു.
ജിനോയുടെ അടുത്തേക്ക് നയന വന്നു.
“ജിനോ ഐഡി കാര്‍ഡൊന്ന് തന്നേ..”
അവന്‍ ഐഡി കാര്‍ഡ് കൊടുത്തു. നയന അതുകൊണ്ടുപോയി ആ ചേച്ചിയെ കാണിച്ചു. എഴുതി വെച്ചിരുന്ന ഒരു ഫോം നയനയുടെ കൈയ്യില്‍ അവര്‍ കൊടുത്തു. നയന അത് ജിനോയുടെ കൈയ്യില്‍ കൊടുത്തു.
“ഇതിലൊന്ന് ഒപ്പിട്ട് കൊടുത്തേ” നയന പറഞ്ഞു.
ആ ഫോമില്‍ അവന്റെ പേരും കമ്പ്നിയുടെ പേരും ഒക്കെ ഉണ്ടായിരുന്നു. അവന്‍ ആ‍ാ ഫോം പെട്ടന്നൊന്ന് നോക്കിയിട്ട് ഒപ്പിട്ടു കൊടുത്തു.
“നയനയെ തിരിച്ചെത്തിക്കുന്നവരെയുള്ള ഉത്തരവാദിത്തം ജിനോയ്ക്കാണ്.” ഫോം തിരിച്ചു വാങ്ങിക്കൊണ്ട് ആ ചേച്ചി പറഞ്ഞു.
എന്റെ ദൈവമേ!! ജിനോ ഉള്ളില്‍ വിളിച്ചു. ഈ പെണ്‍‌കൊച്ച് ഇന്ന് രാത്രിയില്‍ ഓഫീസില്‍ നിന്ന് ഇറങ്ങിയിട്ട് ആരുടെ എങ്കിലും കൂടെ ഓടിപ്പോയാല്‍ താന്‍ കുടുങ്ങുമല്ലോ.
“ഈ ഹോസ്റ്റലില്‍ രാത്രിയില്‍ ആരുടെയും കൂടെ ഇവിടെ താമസിക്കുന്നവരെ പുറത്തു വിടാത്തതാ. പിന്നെ നിങ്ങളുടെ ചെയര്‍മാന്‍ വിളിച്ചതുകൊണ്ട് മാത്രമാ ഇങ്ങനെ ഒരു റിസ്‌ക് എടുക്കുന്നത്......” ആ സ്ത്രി പ്രസംഗം തുടങ്ങിയപ്പോഴേക്കും നയന മുറ്റത്തേക്ക് ഇറങ്ങിയിരുന്നു.
“മാഡം പറഞ്ഞതുപോലെ ഞാന്‍ ചെയ്‌തോളാം “ എന്ന് പറഞ്ഞിട്ട് അവനും ഇറങ്ങി.

ബൈക്ക് സ്റ്റാര്‍ട്ട് ചെയ്‌തപ്പോഴേക്കും അവള്‍ ബൈക്കില്‍ കയറിയിരുന്നു.
“ബൈക്കില്‍ ഇരിക്കാന്‍ പേടിയൊന്നും ഒന്നും ഇല്ലല്ലോ?” അവന്‍ വെറുതെ ചോദിച്ചു.
“എന്റെ പൊന്നു ചങ്ങാതീ, എനിക്കൊരു പേടിയും ഇല്ല... താനെന്നെ ഒന്നും വേഗം ഓഫീസില്‍ എത്തിച്ചാല്‍ മതി” അവള്‍ പറഞ്ഞു.
ഇവള്‍ വീണ്ടും പ്രോജക്റ്റ് ലീഡറും താന്‍ ടീം മെമ്പറും ആയി എന്ന് അവന് തോന്നി.
“താനെന്നാ എന്താ മിണ്ടാതെ വണ്ടി ഓടിക്കുന്നത്?” നയനയുടെ ചോദ്യം.
“വണ്ടി ഓടിക്കുമ്പോള്‍ സംസാരിച്ചാല്‍ ശ്രദ്ധ പോകും. എന്നിട്ട് എവിടെയെങ്കിലും തട്ടിയിട്ട് തനിക്കേന്തെങ്കിലും പറ്റിയാല്‍ ആ ഹോസ്റ്റല്‍ മാഡം എന്നെ അകത്താക്കിക്കും” എന്ന് പറഞ്ഞിട്ട് അവന്‍ വീണ്ടും മിണ്ടാതെ വണ്ടി ഓടിച്ചു.
പടമുകളിലെ സിഗ്‌നല്‍ എത്തിയപ്പോള്‍ പോലീസ് കൈകാണിച്ചു.
കര്‍ത്താവേ പെട്ടത് തന്നെ. ഇനി പോലീസിന്റെ ചോദ്യം ചെയ്യലും നോട്ടവും ഒക്കെ സഹിക്കണമെല്ലോ എന്ന് ചിന്തിച്ച് അവന്‍ വണ്ടി നിര്‍ത്തി. അവന്‍ സംസാരിക്കാന്‍ ഹെല്‍‌മറ്റ് ഊരുമ്പോഴേക്കും നയന സംസാരിച്ചു തുടങ്ങിയിരുന്നു. അവള്‍ പേഴ്സില്‍ നിന്ന് ഐഡി കാര്‍ഡ് എടുത്തു കാണിച്ചു.
പൊ‌യ്ക്കോ എന്ന് പോലീസുകാരന്‍ പറഞ്ഞു.

“ഞാന്‍ വിചാരിച്ചു പെട്ടു പോയന്ന്. ഇന്നാളത്തെ സദാചാര പോലീസിന്റെ പ്രശ്നം ഉണ്ടായതില്‍ പിന്നെ രാത്രിയില്‍ പോലീസ് വഴിയില്‍ കൂടുതലാ” അവന്‍ വണ്ടി ഓടിക്കുമ്പോള്‍ പറഞ്ഞു.
“പാവം പോലീസുകാര്‍. അവര്‍ അവരുടെ ജോലി ചെയ്യുന്നു എന്ന് മാത്രം നയന പറഞ്ഞു. കാക്കനാട്ടെ ഓഫീസിനു മുന്നില്‍ ബൈക്ക് നില്‍‌ക്കുമ്പോള്‍ സമയം പത്തര.
“ജിനോ ഒരു അരമണിക്കൂര്‍ എന്നെ ഒന്നു വെയ്‌റ്റ് ചെയ്യണേ. എന്നെ തിരിച്ചൂടെ കൊണ്ടു പോകണേ..” അവള്‍ അങ്ങനെ പറഞ്ഞിട്ട് ഓഫീസിലേക്ക് ഓടിക്കയറി.

പാര്‍ക്കിംങ്ങ് ഏരിയായില്‍ വെറുതെ നില്‍ക്കുമ്പോള്‍ സെക്യൂരിറ്റിക്കാരന്‍ കുശലം ചോദിച്ചെത്തി.
“ജിനോ ഇതുവരെ പോയില്ലേ... ഭയങ്കര വര്‍ക്കാണോ?” അയാള്‍ ചോദിച്ചു.
“പോയിട്ട് വന്നതാ” അവന്‍ പറഞ്ഞു.
“പിന്നെന്താ ഓഫീസില്‍ കയറാതെ നില്‍ക്കുന്നത്?” അയാളുടെ അടുത്ത ചോദ്യം.
“നയനെയെകൊണ്ട് വന്നതാ” അവന്‍ പറഞ്ഞു.
അങ്ങനെ പറഞ്ഞ് കഴിഞ്ഞിട്ടാണ് അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് അവന് തോന്നിയത്. ഇനി അതില്‍ പിടിച്ചായിരിക്കും അയാളുടെ അടുത്ത ചോദ്യം. അയാളുടെ ആദ്യത്തെ ചോദ്യത്തിന് തന്നെ പോയില്ല എന്ന് ഉത്തരം പറഞ്ഞായിരുന്നെങ്കില്‍ ബാക്കിയുള്ള ചോദ്യങ്ങള്‍ ഒഴിവാക്കാമായിരുന്നു.
“നിങ്ങളുടെ കല്യാണം എന്നായിരുന്നു” അയാളുടെ അടുത്ത ചോദ്യം.
കര്‍ത്താവേ അടുത്ത വള്ളിക്കെട്ട് ചോദ്യം.
“എന്റെ പൊന്നു ചേട്ടാ, ഓഫീസിലേക്ക് ഞാനവളേ ഒന്നു കൊണ്ടു വന്നന്നേ ഉള്ളൂ. കല്യാണം കഴിഞ്ഞാലേ ഒരുമിച്ച് വരാവൂ എന്നൊന്നും നിയമം ഇല്ലല്ലോ?” അയാളോട് കൂടുതലൊന്നും പറഞ്ഞിട്ട് കാര്യമില്ലന്ന് അവന് തോന്നി.

അയാളോട് സംസാരിക്കുമ്പോള്‍ തന്നെ ഫോണ്‍ ബെല്ലടിച്ചു. നയന ആണ്.
“ജിനോ എവിടെ”
“ഞാനിവിടെ ടു വീലര്‍ പാര്‍ക്കിങ്ങില്‍ ഉണ്ട്.”
“അവിടെ നില്‍ക്കുവാണോ. ഞാന്‍ വിചാരിച്ചു ജിനോ അകത്തേക്ക് വന്നിട്ടുണ്ടന്ന്. അകത്തേക്ക് വാ. ജിനോയുടെ ഒന്ന് ഹെല്‍‌പ്പ് ചെയ്താല്‍ പത്ത് മിനിട്ടിനുള്ളില്‍ പ്രശ്നം സോള്‍വ് ചെയ്യാന്‍ പറ്റും”

ജിനോ ഓഫീസിനകത്തേക്ക് കയറി. തങ്ങളുടെ ടീമിന്റെ സെക്ഷനില്‍ മൂന്നാലു പേര്‍ നില്‍ക്കുന്നത്
അവന്‍ ഗ്ലാസ് ഡോറിലൂടെ കണ്ടു. അവന്‍ അകത്തേക്ക് കയറി. പ്രൊ‌ജക്റ്റ് മാനേജരും ടെക്‍നിക്കല്‍ ഹെഡും ക്ലൈന്റ് മാനേജരും ആണ് നില്‍ക്കുന്നത്. ലോക്കല്‍ സെര്‍‌വര്‍ മെഷ്യിനില്‍ നയന ഇരിപ്പുണ്ട്. അവര്‍ മൂന്നു പേരും ജിനോയെ കണ്ടപ്പോള്‍ ചിരിച്ചു.
“ജിനോയ്ക്ക് ബുദ്ധിമുട്ടായല്ലേ?”   പ്രൊ‌ജക്റ്റ് മാനേജരുടെ കുശലം ചോദിക്കല്‍. താനിട്ട് ബുദ്ധിമുട്ടിക്കുന്നത് വെച്ച് നോക്കുമ്പോള്‍ ഇത് എന്ത് ബുദ്ധിമുട്ട് എന്ന് പറയാന്‍ തോന്നിയെങ്കിലും
“ഹേയ് എന്ത് ബുദ്ധുമുട്ട്, നമ്മുടെ കമ്പ്നിക്ക് വേണ്ടിയല്ലേ” എന്നാണ് അവന്‍ പറഞ്ഞത്. താന്‍ കമ്പ്നിക്ക് വേണ്ടി ബുദ്ധിമുട്ടി പണി എടുക്കുന്നവനാണന്ന് ഇവര്‍ക്കൊക്കെ തോന്നി അടുത്ത മാസത്തെ സാലറിയില്‍ ഒരായിരം രൂപ കൂടുതല്‍ തന്നാല്‍ അതര്യും ആയില്ലേ.

ജിനോ നയനയുടെ അടുത്ത് ചെന്നിരുന്നു. അവള്‍ കോഡ് എക്സി‌ക്യൂഷന്‍ നടത്തി എറര്‍ ട്രേസ് ചെയ്യുകയാണ്. മഞ്ഞ ലൈനുകള്‍ ഓരോ ലൈനിലേക്കും ഫോം പേജുകളില്‍ നിന്ന് പേജുകളിലേക്കും ചാടിചാടിപ്പോകുന്നത് നോക്കി അവന്‍ ഇരുന്നു. എല്ലാ പേജുകളും ഡീബഗ് ചെയ്ത് നോക്കിയിട്ടും എറര്‍ കണ്ടെത്താന്‍ പറ്റിയില്ല.
“ജിനോ താനൂടെ ഒന്ന് നോക്ക്. സെക്ഷന്റെ പ്രശനമാ. സെക്ഷനിലേക്ക് കയറുന്ന വാല്യു എവിടയോ മാറിപ്പോകുന്നതിന്റെ പ്രശ്നമാ.“ നയന ജിനോയുടെ സഹായം കൂടി തേടി
 ഓരോ സെക്ഷനും എടുത്ത് അവര്‍ ഫൈന്‍ഡ് ചെയ്തു നോക്കി.എറര്‍ കണ്ടെത്തി .കമന്റ്‌ ചെയ്ത് ഇട്ടിരുന്ന ഒരു സെക്ഷന്‍ അണ്‍‌കമന്റ് ആക്കിയതിന്റെ പ്രശ്നമായിരുന്നു. ആ സെക്ഷന്‍ കമന്റ് ചെയ്ത് റണ്‍ ചെയ്യിച്ചു. ക്ലൈന്റിന്റെ സെര്‍‌വറില്‍ കയറി എറര്‍ മാറ്റിയിട്ട് അവര്‍ വെയിറ്റ് ചെയ്തു. പത്ത് മിനിട്ട് വെയ്റ്റ് ചെയ്തപ്പോള്‍ കൈന്റിന്റെ മെസേജ് എത്തി. ജിനോയും നയനയും പോകാനായി എഴുന്നേറ്റു.
“താങ്ക്സ് ജിനോ ആന്‍ഡ് നയന” ക്ലൈന്റ് മാനേജര്‍ ജിനോയുടെ കൈ കുലുക്കി കൊണ്ട് പറഞ്ഞു.
തലകുത്തി നിന്ന് മരണപ്പണി ചെയ്തിട്ട് കൈ കുലുക്കാത്തവന്‍ വന്ന് കൈ കുലുക്കി കൊണ്ട് താങ്ക്സ് പറഞ്ഞപ്പോള്‍ ജിനോയുടെ ഉള്ളില്‍ ചിരി പൊട്ടി.
പതിനൊന്ന്  മണിയായപ്പോള്‍ അവര്‍ ഓഫീസില്‍ നിന്ന് ഇറങ്ങി.

“പോകുമ്പോള്‍ എവിടെ നിന്നെങ്കിലും കോഫി കുടിച്ചിട്ട് പോകാം” നയന പറഞ്ഞു.
“എന്റെ പൊന്നേ ഞാനില്ല രാത്രിയില്‍ കാപി കുടിക്കാന്‍. സദാചാര പോലീസ് പിടിച്ച് രണ്ട് പെട പെടച്ചിട്ട് പത്രത്തില്‍ പടം വന്നാല്‍ അമ്മ എന്നെ ഓടിച്ചിട്ട് ഇടിക്കും. അല്ല കാപ്പി കുടിക്കാന്‍ ഇത്രയ്ക്ക് മുട്ടി നില്‍ക്കുവാണങ്കില്‍ ഓഫീസിനകത്ത് വലിയ ഒരു മെഷ്യന്‍ വെച്ചിട്ടുണ്ടല്ലോ അവിടെ നിന്ന് കുടിച്ചിട്ട് വന്നാല്‍ പോരായിരുന്നോ?”
“അതെന്നും നമ്മള്‍ കുടിക്കുന്നതല്ലേ.. വേറെ എവിടെ നിന്നെങ്കിലും ആകുമ്പോള്‍ നമുക്ക് ഒരുമിച്ച് നിന്ന് കുടിക്കാമല്ലോ” അവള്‍ പറഞ്ഞു.
“ഞാന്‍ കുടിച്ചു കൊണ്ടിരുന്ന കഞ്ഞി അവിടെ വെച്ചിട്ടാ വന്നതാ. അതിനി ചെന്നിട്ട് വേണം കുടിക്കാന്‍. എത്രയും പെട്ടന്ന് ഇയാളെ ഹോസ്റ്റലില്‍ ആക്കി ആ മാഡത്തിന്റെ കൈയ്യില്‍ നിന്ന് കൈപ്പറ്റു രസീതും വാങ്ങിയിട്ട് പെട്ടന്ന് റൂമില്‍ ചെല്ലാനാ നോക്കുന്നത്...” അവന്‍ പറഞ്ഞു.

അവന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. അവള്‍ ബൈക്കില്‍ കയറി.
“ജിനോയ്ക്ക് അമ്മയെ ഭയങ്കര പേടിയാണോ?” പോകുന്ന വഴിക്ക് അവള്‍ ചോദിച്ചു.
“ദൈവം കഴിഞ്ഞിട്ട് അമ്മയെ എങ്കിലും പേടിയുള്ളത് നല്ലതല്ലേ?” അവന്‍ തിരിച്ച് ചോദിച്ചു.
അവള്‍ അവനെ ഹോസ്റ്റലില്‍ കൊണ്ടു പോയി വിട്ടു. തിരിച്ചു റൂമിലെത്തി ഭക്ഷണം കഴിച്ചതിനു ശേഷം ഉറങ്ങാന്‍ കിടക്കുമ്പോള്‍ നയനയുടേ ഫോണ്‍.
“ഹലോ” അവളുടെ ശബ്ദ്ദം.
“എന്തേ. വീണ്ടും പ്രശ്നമായോ? ഇനി നാളെ പോയി നോക്കിയാല്‍ മതി. എന്നെ ഇനി കൊണ്ടുപോകാന്‍ കിട്ടില്ല.” അവന്‍ പറഞ്ഞു.
“ഇയാള് റൂമിലങ്ങ് എത്തിയോന്ന് അറിയാനാ വിളിച്ചത്?” അവള്‍ പറഞ്ഞു.
“എന്റെ പൊന്നു ചങ്ങാതി. റൂമിലെത്തി ഉറങ്ങാനും കിടന്നു” അവന്‍ പറഞ്ഞു.
“ ഗുഡ് നൈറ്റ് “ അവള്‍ പറഞ്ഞു.
“ഹൊ ശരി.. “ അവന്‍ പറഞ്ഞു ഫോണ്‍ വെച്ചു.

പിറ്റേന്ന് ജിനോ ഓഫീസില്‍ എത്തിയപ്പോള്‍ നയന അവളുടെ സി‌സ്റ്റത്തിന്റെ മുന്നില്‍ ഇരിപ്പുണ്ട്. സാധാരണ പറയും പോലെ ഒരു ഗുഡ് മോര്‍ണിംങ്ങ് പറഞ്ഞ് അവന്‍ അവന്റെ സീറ്റില്‍ പോയിരുന്നു. അങ്ങനെ ഒരാഴ്ച കഴിഞ്ഞു. പ്രൊജക്റ്റ് ഡെലിവറി കഴിഞ്ഞ് ഒരാഴ്ചത്തേക്ക് ബഗ് ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ആ പ്രൊജക്റ്റ് ടീമിലെ നാല് പേരെ മാത്രം നിലനിര്‍ത്തി മറ്റുള്ളവരെ മറ്റ് പ്രൊ‌ജക്റ്റിലേക്ക് മാറ്റി. ജിനോ പുതിയ പ്രോജക്‍റ്റ് ടീമിലേക്ക് മാറി. അവന്റെ ഇരിപ്പ് മറ്റുള്ള പ്രൊജക്ട് അംഗങ്ങളോടൊപ്പം ആയി.

നയന ഇടയ്ക്കിടയ്ക്ക് ജിനോ ഇരുന്ന സീറ്റിലേക്ക് നോക്കും.അവന്‍ ഇരുന്ന സ്ഥാനത്തെ ശുന്യത തന്നില്‍ ഒരു നഷ്ടബോധം ഉണ്ടാക്കിതുടങ്ങിയോ എന്ന് അവള്‍ക്ക് തന്നെ സംശയം ആയി തുടങ്ങി. അവനെ കാണാതിരിക്കുമ്പോള്‍ എന്തോ ഒരു വേവലാതി. മനസിന്റെ ഉള്ളില്‍ എന്തോ ഒരു വിങ്ങല്‍. അവനോട് എന്തക്കയോ പറയണമെന്നുള്ള തോന്നല്‍. എന്താണ് തനിക്കവനോട് പറയാനുള്ളത്. ചില സമയത്ത നിശബ്‌ദ്ദതയ്ക്ക് ഒരായിരം അര്‍ത്ഥങ്ങള്‍ ഉണ്ടാകാം. തപ്പി തടയേണ്ടി വരുന്ന വാക്കുകള്‍ക്കുള്ളില്‍ ഒരായിരം വാക്കുകളുടെ അര്‍ത്ഥം അടങ്ങിയിരിക്കാം.

ചൊവ്വാഴ്ച വൈകിട്ട് കലൂര്‍ പള്ളിയിലെ നൊവേനയ്ക്ക് ചെന്ന് നില്‍ക്കുമ്പോള്‍ നയന പള്ളിയിലേക്ക് കയറുന്നത് ജിനോ കണ്ടു. നൊവേന കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍ തിരക്കില്‍ അവന്‍ നയനയെ തിരക്കിയെങ്കിലും കാണാന്‍ പറ്റിയില്ല. പിറ്റേന്ന് ഉച്ചയ്ക്ക് കഴിക്കാനായി ഇറങ്ങുമ്പോള്‍ നയനയുടെ ഫോണ്‍.
“ജിനോ കഴിക്കാന്‍ ഇറങ്ങിയോ?”
“ഇറങ്ങി”
“എവിടെ നിന്നാ കഴിക്കുന്നത്?”
“അങ്ങനെയൊന്നും ഇല്ല. എല്ലാവരും കൂടി എങ്ങോട്ട് പോകുന്നോ അവിടെ നിന്ന് കഴിക്കും” അവന്‍ പറഞ്ഞു.
“എങ്കില്‍ ഞാനും വരുന്നുണ്ട്. ഞാനിന്ന് ലഞ്ച് കൊണ്ടു വന്നിട്ടില്ല” അവള്‍ പറഞ്ഞു.
“അതിപ്പോള്‍. ഞങ്ങളെല്ലാം ഉണ്ട് “ അവന്‍ പറഞ്ഞു.
“അതിനെന്താ ഞാനും വരുന്നുണ്ട്. ഒരഞ്ച് മിനിട്ട് വെയ്റ്റ് ചെയ്യ്”
“ഹൊ,ശരി. ഞാനിവിടെ എന്‍‌ട്രന്‍സില്‍ നില്‍പ്പുണ്ട്..”

അഞ്ചു മിനിട്ടിനുള്ളില്‍ അവള്‍ എത്തി. ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കാന്‍ ഒരു വിഷയവും അവര്‍ക്ക് ഇല്ലായിരുന്നു.
“അവാര്‍ഡ് സിനിമയിലെ പോലെ ഭക്ഷണം കഴിക്കാതെ എന്തെങ്കിലും സംസാരിച്ചു കൂടേ..” നയന ജിനോയോട് ചോദിച്ചു.
“ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കരുതെന്നാ അമ്മ പറയുന്നത്” അവന്‍ പറഞ്ഞു.
“അമ്മ പറയുന്നതുപോലയേ ജിനോ എല്ലാം ചെയ്യത്തുള്ളോ?” അവള്‍ ചോദിച്ചു.
“അതെ...” അവന്‍ പറഞ്ഞു. വീണ്ടും സംസാരിക്കാന്‍ വിഷയം ഒന്നും ഇല്ലാതെ അവര്‍ ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിച്ചിറങ്ങി അവര്‍ ഓഫീസിലേക്ക് നടന്നു.

“നയനയുടെ കല്യാണാലോചനകള്‍ എന്തായി” നടക്കുമ്പോഴായിരുന്നു അവന്റെ ചോദ്യം.
“ആരു പറഞ്ഞു എനിക്ക് കല്യാണാലോചനകള്‍ നടക്കുന്നുണ്ടന്ന്?” അവള്‍ ചോദിച്ചു.
“ഞാന്‍ ഇന്നലെ നയനയെ കലൂര്‍ പള്ളിയില്‍ വെച്ച് ഒരു മിന്നായം പോലെ കണ്ടായിരുന്നു. കെട്ടിക്കാന്‍ പ്രായമായ പെണ്‍‌പിള്ളാര്‍ പള്ളിയില്‍ വരുന്നത് നല്ല കല്യാണം നടക്കണേ എന്ന് പ്രാര്‍ത്ഥിക്കാന്‍ അല്ലേ?” അവന്‍ പറഞ്ഞു.
“അങ്ങനെ തന്നെ കൂട്ടിക്കോ... നല്ല പയ്യന്മാരങ്ങാണം ഉണ്ടങ്കില്‍ പറഞ്ഞോ. നമുക്ക് ആലോചിക്കാം” അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഒരുത്തനെക്കൂടി കുരിശില്‍ കയറ്റാന്‍ ഞാനില്ലേ..” അവന്‍ പറഞ്ഞു.
അവര്‍ ഓഫീസില്‍ തിരിച്ച് എത്തി.

ഹോ‌സറ്റല്‍ റൂമില്‍ ചെന്ന് കയറിയപ്പോഴും നയന മറ്റേതോ ലോകത്ത് ആണന്ന് കൂട്ടുകാരികള്‍ക്ക് തോന്നി. രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവള്‍ വെറുതെ  ചിരിക്കുന്നത് നോക്കി കൂട്ടുകാരികള്‍ നിന്നു. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ കൂട്ടുകാരികളുടെ ചോദ്യം.
“നീ ഇന്നലെ രാത്രിയില്‍ ആരോടാ ഈ കുരിശങ്ങ് സ്വയം ഏറ്റെടുത്തു കൂടെ എന്ന് ചോദിച്ചത്”
“ഞാനോ.. “
“നീ തന്നെ.. ഇന്നലെ വന്നതു മുതല്‍ നിന്നെ ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. നിനക്കെന്തോ മാറ്റം ഉണ്ട്”
“ഒരുമാറ്റവും ഇല്ലെന്റെ പൊന്നു മക്കളെ...” അവള്‍ പറഞ്ഞു. താന്‍ ഇന്നലെ രാത്രിയില്‍ ജിനോയുമായി ഭക്ഷണം കഴിച്ചിട്ട് വരുന്നത് സ്വപ്നം കണ്ടത് ഓര്‍ക്കുന്നുണ്ട്. “ഒരുത്തനെക്കൂടി കുരിശില്‍ കയറ്റാന്‍ ഞാനില്ലേ..” എന്ന് അവന്‍ പറയുന്നത് ഓര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ട്. താനതിന് മറുപടി ആയിട്ടായിരിക്കും ഇവളുമാര് പറയുന്നതുപോലെ പറഞ്ഞത്. തനിക്കിപ്പോള്‍ എന്തക്കയോ മാറ്റം ഉണ്ട്. ഉള്ളിലെവിടയോ ജിനോയോട് ഒരു ഇഷ്ടം തനിക്കുണ്ട്. അത് പ്രണയമാണോ അതോ മറ്റെന്തെങ്കിലും ആണോ എന്നൊന്നും തിരിച്ചറിയാന്‍ പറ്റുന്നില്ല.

ഞായറാഴ്ച ഹോസ്റ്റലില്‍ വെറുതെ ഇരിക്കുമ്പോള്‍ ജിനോയെ ഒന്നു ഫോണ്‍ ചെയ്താലോ എന്നൊരു തോന്നല്‍. അതൊന്നും ശരിയാവില്ല എന്നൊരു തോന്നല്‍ ഉണ്ടായെങ്കിലും അവള്‍ അവസാനം അവനെ വിളിച്ചു.
“ഞാനിപ്പോള്‍ നാട്ടിലാ നയനാ” അവന്‍ പറഞ്ഞു.
“അമ്മയെ കാണാന്‍ പോയതാണോ?”
“ആഴ്ചയില്‍ ഒരിക്കലെങ്കിലും അമ്മയെ കണ്ടില്ലങ്കില്‍ ശരിയാവില്ലന്നേ.. എന്തിനാ വിളിച്ചത്?”
“ചുമ്മാ ഇരുന്ന് ബോറടിച്ചു... ആരെങ്കിലും കൂട്ടിന് ഉണ്ടായിരുന്നെങ്കില്‍ മറൈന്‍ ഡ്രൈവില്‍ പോയിരിക്കാമായിരുന്നൂ...”
“ഞാനൊരു അഞ്ചു‌മണിയാകുമ്പോള്‍ എന്തും. ആ സമയത്തും ബോറടി മാറിയിട്ടല്ലങ്കില്‍ വിളിച്ചാല്‍ മതി..” അവന്‍ പറഞ്ഞു. തനെന്തിനാ അങ്ങനെ പറഞ്ഞതെന്ന് അവന്‍ പിന്നീടാലോചിച്ചു.

കൃത്യം അഞ്ചുമണിയായപ്പോള്‍ നയനയുടെ ഫോണ്‍. അവള്‍ മറൈന്‍ ഡ്രൈവിലേക്ക് വരികയാണന്ന്. ജിസി‌ഡി‌എ യുടെ വഴിയില്‍ അവള്‍ ഉണ്ടാവുമെന്ന്. നയന എത്തിയതിനു ശേഷമാണ് ജിനോ എത്തിയത്. ഒഴിവു ദിവസത്തിലെ മറൈന്‍ ഡ്രൈവിലെ തിരക്കിലൂടെ അവര്‍ വെറുതെ നടന്നു. മഴവില്‍ പാലത്തില്‍ കയറി പടഞ്ഞാറോട്ട് നോക്കി അവര്‍ നിന്നു. കപ്പിലിന്റെ അരികിലൂടെ ബോട്ടുകളും വള്ളങ്ങളും പോകുന്നുണ്ടായിരുന്നു.
“ജിനോ അമ്മയ്ക്ക് ഇന്ന് എന്താ കൊണ്ടു കൊടുത്തത്” അവള്‍ ചോദിച്ചു.
“പ്രത്യേകിച്ചൊന്നും കൊണ്ടു പോയി കൊടുക്കില്ല. ഒരു റോസപ്പൂ മാത്രം കൊടുക്കും. അല്ലാതെ അമ്മ ഒന്നും ചോദിക്കില്ല”
“അമ്മയ്ക്ക് അത്രയ്ക്ക് ഇഷ്ടമാണൊ റോസാപ്പൂ”
“അതെ...” അവന്‍ പറഞ്ഞു.
“നാട്ടില്‍ ചെന്നിട്ട് അമ്മ എന്ത് പറഞ്ഞു”
“അമ്മയ്ക്ക് ഞാന്‍ പറയുന്ന വിശേഷങ്ങള്‍ കേട്ടാല്‍ മതി”
“എന്നെ അന്ന് രാത്രിയില്‍ ഓഫീസില്‍ കൊണ്ടു പോയ കാര്യം പറഞ്ഞോ?”
“പറഞ്ഞു”
“എന്നിട്ടമ്മ എന്ത് പറഞ്ഞു”
“എന്ത് പറയാന്‍. ഞാന്‍ പറയുന്നത് അമ്മ കേട്ടിരുന്നു..”
“നിനക്കൊന്നു കെട്ടിക്കൂടെ എന്ന് അമ്മ അപ്പോള്‍ ചോദിച്ചില്ലേ?”
“അമ്മ ചോദിച്ചില്ലങ്കിലും നാട്ടുകാര്‍ ചോദിക്കുന്നുണ്ട്. അമ്മയ്ക്കറിയാം എല്ലാം സമയം ആകുമ്പോള്‍ നടക്കുമെന്ന്”
“അമ്മ പാവം ആണല്ലേ?” അവള്‍ ചോദിച്ചു
“ഹും..” അവന്‍ ഒന്ന് മൂളുകമാത്രം ചെയ്തു.
“അമ്മയ്ക്ക് മരുമകളെക്കുറിച്ച് സങ്കല്‍പ്പങ്ങള്‍ ഒന്നും ഇല്ലേ?” അവള്‍ ചോദിച്ചു
“ഏയ് അങ്ങനെയൊന്നും കാണില്ല.“
“എന്നാ പിന്നെ പ്രണയിച്ച് ആരെയെങ്കിലും വിവാഹം കഴിച്ചു കൂടെ...”
“ഏയ് .. എനിക്കങ്ങനെയൊന്നും ഇല്ല... എല്ലാം സമയത്ത് നടക്കും..”
അസ്‌തമയ സൂര്യന്റെ പ്രകാശം ഇരിട്ടിലേക്ക് വഴി മാറി തുടങ്ങിയപ്പോള്‍ അവര്‍ പടിയിറങ്ങി. ബസ്‌ സ്റ്റോപ്പ് വരെ അവളോടൊപ്പം അവനും നടന്നു. അവള്‍ക്കുള്ള ബസ് എത്തി അവള്‍ പോയതിനു ശേഷമാണ് അവന്‍ റൂമിലേക്ക് മടങ്ങിയത്.

നയന. അവളിപ്പോള്‍ തന്നില്‍ ഒരു ചലനം സൃഷ്ടിക്കുന്നുണ്ട്. ആദ്യം അവളെ താന്‍ നിര്‍ത്തിയിരുന്ന അതിര്‍വരമ്പുകള്‍ ചുരുങ്ങി ചുരുങ്ങി വരുന്നതുപോലെയാണ് ഇപ്പോള്‍. കൂടെ ജോലിചെയ്യുന്ന ഒരു പെണ്‍കുട്ടി എന്ന അതിരവരമ്പില്‍ നിന്ന് ഒരു സുഹൃത്തിന്റെ സര്‍ക്കിളിലേക്ക് താന്‍ പോലും അറിയാതെയാണ് അവള്‍ കടന്നുവന്നത്. പക്ഷേ ഇപ്പോള്‍, ആ തിര്‍വരമ്പുകളും തന്റെ മനസില്‍ ചുരുങ്ങുകയാണ്. തനിക്ക് അവളോടുള്ള ഇഷ്ടം വേര്‍തിരിച്ചറിയാന്‍ പറ്റുന്നില്ല. തനിക്കവളോട് ഉള്ളത് പ്രണയമാണോ അതോ സൌഹൃദമാണോ? സൌഹൃദത്തിന്റേയും പ്രണയത്തിന്റേയും ഇടയിലുള്ള അതിര്‍‌വരമ്പുകള്‍ ചുരുങ്ങിവരികയാണോ? മനുഷ്യബന്ധങ്ങളുടെ അവസ്ഥാന്തരങ്ങളിലേക്ക് തങ്ങളുടെ ബന്ധവും നീങ്ങുകയാണോ? ചിന്തകളില്‍ നിന്ന് ചിന്തകളിലേക്ക് നടന്ന് സുഖകരമായ ഉറക്കത്തിന്റെ താ‌ഴ്‌വരയിലേക്ക് അവന്‍ കടന്നു.

ചൊവ്വാഴ്ച വൈകിട്ട് കലൂര്‍ പള്ളിയില്‍ മലയാള നൊവേനയ്ക്ക് പോയി നില്‍ക്കുമ്പോള്‍ നയന പള്ളിയിലേക്ക് കയറുന്നത് അവന്‍ കണ്ടു. നൊവേന കഴിഞ്ഞ് അവള്‍ പൂമാല ചാര്‍ത്താന്‍ നില്‍ക്കുന്നത് അവന്‍ കണ്ടു. കുറച്ച് കഴിഞ്ഞപ്പോള്‍ അവളുടെ ഫോണ്‍.
“ജിനോ പള്ളിയിലുണ്ടോ?”
“ഉണ്ട്”
“എവിടാ നില്‍ക്കുന്നത്?”
“ഞാനീ കൌണ്ടറിന്റെ മുന്നിലെ അരഭിത്തിയില്‍ ഇരിപ്പുണ്ട്” അവന്‍ പറഞ്ഞു.
അവള്‍ അവിടേക്ക് വന്നു. അവളുടെ പുഞ്ചിരിക്ക് അവനും ഒന്നു പുഞ്ചിരിച്ചു.
“കരഞ്ഞൊക്കെയാണല്ലോ താന്‍ പ്രാര്‍ത്ഥിച്ചത്?” അവന്‍ അവളുടെ മുഖത്ത് നോക്കിയാണ് പറഞ്ഞത്.
“ഹേയ് അങ്ങനെയൊന്നും ഇല്ലന്നേ..” അവള്‍ ഷാളിന്റെ അറ്റം കൊണ്ട് കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു.
“ജിനോ ഇനിയും റൂമിലേക്കാണോ? അവള്‍ ചോദിച്ചു.
“ഇനി ഇംഗ്ലീഷ് നൊവേനയ്ക്ക് വരുന്നവരുടെ എണ്ണം കൂടി എടുത്തവരുടെ എണ്ണം കൂടി എടുത്തിട്ടെ ഉള്ളൂ റൂമിലേക്ക്”
“എല്ലാവരുടെയും എണ്ണം എടുക്കുമോ?”
“പെണ്‍‌കുട്ടികളുടെ എണ്ണം മാത്രം” അവന്‍ പറഞ്ഞു. അവളുടെ മുഖം അല്പം വാടിയോ എന്നവന്‍ സംശയിച്ചു.
“എന്തായി തന്റെ കല്യാണക്കാര്യം. മാലയൊക്കെ ഇട്ട് പ്രാര്‍ത്ഥിച്ചിട്ട് എന്തെങ്കിലും നടക്കുമോ?” അവന്‍ ചോദിച്ചു.
“എനിക്ക് ഇഷ്ടമുള്ള ഒരാളെ തന്നെ കിട്ടണേന്നാ ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്?” അവള്‍ പറഞ്ഞു.
“എന്നലതങ്ങ് വീട്ടില്‍ പറഞ്ഞു കൂടെ?”
“വീട്ടില്‍ പറയാന്‍ സമയം ആകുന്നേ ഉള്ളൂ. അതിനാദ്യം അവന്‍ സമ്മതിക്കുമോന്ന് അറിയട്ട്”
“ആരെ കിട്ടാന്‍ വേണ്ടിയാ ഈ പ്രാര്‍ത്ഥന?“ അവന്‍ ചോദിച്ചു.
“തന്നെ കിട്ടാന്‍ വേണ്ടി” അവളുടെ മറുപിടി പെട്ടന്നായിരുന്നു.
അവന്‍ ഒരു നിമിഷം നിശബദ്ദനായി നിന്നു.
“തമാശയല്ല ജിനോ.. ഞാന്‍ സീരിയസായിട്ട് തന്നെ പറഞ്ഞതാണ്” അവള്‍ പറഞ്ഞു.
അവന്‍ വീണ്ടും മൌനം.
“എന്തേ, ഒന്നും പറയാനില്ലേ. ഞാന്‍ സീരിയസായിട്ട് തന്നെയാണ് പറഞ്ഞത്. എനിക്ക് ഭര്‍ത്താവായി ജിനോയെ തന്നെ കിട്ടണമെന്നാണ് ഞാന്‍ പ്രാര്‍ത്ഥിച്ചത്. ജിനോ എന്താ ഒന്നും പറയാത്തത്“ അവള്‍ ചോദിച്ചു.
“നയനാ, നീ കരുതുന്നതുപോലെയൊന്നും അല്ല കാര്യങ്ങള്‍. എന്നെക്കുറിച്ച് കൂടുതല്‍ ഒന്നും അറിയാത്തതുകൊണ്ടാ താനിങ്ങനെ ഒക്കെ ആഗ്രഹിക്കുന്നത്. ഈ കളിയും ചിരിയും ഒക്കെ ഞാന്‍ എടുത്ത് അണിഞ്ഞിരിക്കുന്ന ഓരോരോ മൂടുപടങ്ങളാണ്. ഒത്തിരി പ്രശ്‌നങ്ങള്‍ എനിക്കുണ്ട്. അതൊക്കെ ഒന്നു മാറാതെ ഒരു വിവാഹത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പറ്റില്ല” അവന്‍ പറഞ്ഞു.
“ജിനോയുടെ പ്രശ്നങ്ങള്‍ തീരുന്നതുവരെ ഞാന്‍ കാത്തിരുന്നാലോ?”
“എന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമോന്ന് എനിക്ക് തന്നെ ഒരുറപ്പില്ല.“
“എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കിയിട്ട് ആര്‍ക്കെങ്കിലും ജീവിക്കാന്‍ പറ്റുമോ? എന്ത് പ്രശ്നമാണങ്കിലും അത് പരിഹരിക്കാന്‍ ഞാന്‍ കൂടെ ഉണ്ടാവും. എന്നോട് എന്തെങ്കിലും ഇഷ്ടക്കുറവ് ഉണ്ടങ്കില്‍ പറഞ്ഞോളൂ. എന്റെ ആഗ്രഹങ്ങള്‍ വെറും സ്വപ്നങ്ങള്‍ ആണന്ന് ഞാന്‍ കരുതിക്കോളാം”
“ഇതില്‍ ഇഷ്ടക്കുറവിന്റെ കാര്യമൊന്നും ഇല്ല നയനാ. എനിക്കും ഇഷ്ടമാണ് തന്നെ. പലപ്പോഴും അത് പറയണമെന്ന് കരുതിയതും ആണ്. പക്ഷേ അപ്പോഴൊക്കെ ഞാനെന്റെ പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കും” അവന്‍ പറഞ്ഞു.
“ഹോ, അപ്പോള്‍ ഇഷ്ടം മനസില്‍ ഒളിപ്പിച്ചു വെച്ചിട്ടായിരുന്നല്ലേ ഈ കണ്ടകാലം ഒക്കെ എന്റെ കൂടെ നടന്നത്?”
“നമുക്ക് നമ്മുടെ എല്ലാ ഇഷ്ടങ്ങളും പ്രകടിപ്പിക്കാന്‍ പറ്റില്ലല്ലോ?ചില ഇഷ്ടങ്ങള്‍ കുറെക്കാലത്തേക്കെങ്കിലും മനസിന്റെ കോണില്‍  എവിടെയെങ്കിലും  ഒളിപ്പിച്ചു വെച്ചല്ലേ പറ്റൂ” അവന്‍ പറഞ്ഞു.
“അപ്പോ ഞാന്‍ വീട്ടില്‍ പറഞ്ഞോട്ടേ... അവരിനി ചെറുക്കനെ അന്വേഷിച്ച് ബുദ്ധിമുട്ടണ്ടാന്ന്” അവള്‍ ചോദിച്ചു.
“അതൊക്കെ നമുക്ക് കുറച്ചൂടെ ആലോചിച്ചിട്ട് മതി” അവന്‍ പറഞ്ഞു.
“അമ്മയുടെ സമ്മതം കിട്ടാനാണൊ പാട്” അവള്‍ ചോദിച്ചു.
“അതും ഒരു പ്രശ്നമാണ്.”
“ഇനി നാട്ടില്‍ പോകുമ്പോള്‍ ഞാനും ജിനോയുടെ കൂടെ വരുന്നുണ്ട്..” അവള്‍ പറഞ്ഞു.
ജിനോയാണ് അന്നവളെ ഹോസ്റ്റലില്‍ കൊണ്ടു വിട്ടത്.

വെള്ളിയാഴ്ച വൈകിട്ട് നയനയുടെ ഫോണ്‍.
“നാളെ നമുക്ക് ഫോര്‍ട്ട്കൊച്ചിയില്‍ പോയാലോ?” നയനയുടെ ചോദ്യം.
“പോകാം.. പക്ഷേ എനിക്ക് വൈകിട്ട് നാട്ടില്‍ പോകണം.“ അവന്‍ പറഞ്ഞു.
“രാവിലെ നമുക്ക് പോകാം” അവള്‍ പറഞ്ഞു.
“ഞാനൊരു എട്ടുമണി ആകുമ്പോഴേക്കും നിങ്ങടെ ബസ് സ്റ്റോപ്പില്‍ വരാം”
“ഹും”

രാവിലെ പറഞ്ഞ സമയത്ത് ജിനോ ബസ് സ്റ്റോപ്പില്‍ എത്തി. അവന്‍ എത്തുന്നതിനു മുമ്പ് തന്നെ നയന ബസ്‌സ്റ്റോപ്പില്‍ ഉണ്ടായിരുന്നു. മറൈന്‍ ഡ്രൈവിനു മുന്നിലെ പാര്‍ക്കിങ്ങില്‍ അവന്‍ ബൈക്കു വെച്ചു.
“നമുക്ക് ജട്ടീന്ന് ബോട്ടിനു പോകാം” അവന്‍ പറഞ്ഞു. തണല്‍ മരങ്ങളുടെ തണലിലൂടെ അവര്‍ ബോട്ടു ജെട്ടിയിലേക്ക് നടന്നു. അവര്‍ ചെന്നപ്പോള്‍ ഫോര്‍ട്ട് കൊച്ചിക്കുള്ള ബോട്ട് പോകാനായി കിടപ്പുണ്ടായിരുന്നു. അവര്‍ ടിക്കറ്റെടുത്ത് അതില്‍ കയറി. സീറ്റ് നിറയാനുള്ള ആളുകളേ ഉണ്ടായിരുന്നുള്ളൂ.
അവന്‍ ആദ്യം ബോട്ടിലേക്ക് കയറി.അവള്‍ ബോട്ടില്‍ കയറാനായി തുടങ്ങിയപ്പോള്‍ ബോട്ടൊന്ന് ചെറുതായി ഉലഞ്ഞു. അവന്‍ കൈ നീട്റ്റി കൊടുത്തു. അവള്‍ അവന്റെ കൈയ്യില്‍ പിടിച്ച് അകത്തേക്ക് കയറി .
“ഞാന്‍ ആദ്യമായിട്ടാ ഇത്രയും വലിയ ബോട്ടില്‍ കയറുന്നത്” അവള്‍ പറഞ്ഞു.
“ഞങ്ങള്‍ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ചുമ്മാ ബോട്ടു കയറി ഫോര്‍ട്ട് കൊച്ചിക്കോ മട്ടാഞ്ചേരിക്കൊ പോകും. കുറച്ചു കഴിയുമ്പോള്‍ ഇതേപോലെ തിരിച്ചും വരും” അവന്‍ പറഞ്ഞു. വലിയ കപ്പലിന്റെ വശത്തൂടെ ബോട്ട് പോകുമ്പോള്‍ അവള്‍ അത്ഭുതത്തോടെ കപ്പല്‍ നോക്കുന്നത് അവന്‍ കണ്ടു.

ഫോര്‍ട്ടുകൊച്ചിയിലെ തിരക്കിലേക്ക് അവര്‍ അലിഞ്ഞു. കടല്‍ തീരത്തെ നടപ്പാതയിലൂടെ അവര്‍ നടന്നു
“എന്തിനാ ഇങ്ങോട്ടേക്ക് വരണമെന്ന് പറഞ്ഞത് ?” അവന്‍ ചോദിച്ചു.
“ചുമ്മാ.. കുറച്ച് സംസാരിക്കാന്‍. ഈ ചീനവലകളുടെ കാഴ്ചയും കടലിന്റെ സംഗീതവും ഈ മരത്തണലും ഒക്കെ എനിക്ക് ഇഷ്ടമാണ്.” അവള്‍ പറഞ്ഞു.
“എന്താ ഇത്രയേറെ സംസാരിക്കാന്‍” അവന്‍ ചോദിച്ചു.
“നമ്മളെക്കുറിച്ച്.. നമ്മുടെ ജീവിതത്തെക്കുറിച്ച്” അവള്‍ പറഞ്ഞു.
അവര്‍ ഒരു തണല്‍ മരത്തിന്റെ ചുവട്ടില്‍ ഇരുന്നു. അവര്‍ സംസാരിച്ചു.

“നയനാ, നീ പറയുന്നതെല്ലാം ശരിയാണ്. പക്ഷേ നീയും ഞാനും തമ്മിലുള്ള അന്തരം എന്താണന്ന് നീ മനസിലാക്കണം. നമ്മള്‍ വളര്‍ന്ന ചുറ്റുപാടുകളും വേറയാ. നിനക്ക് എന്നെക്കാള്‍ നല്ല ഒരാളെ ഭര്‍ത്താവായി കിട്ടും. നിന്റെ പൊസിഷനില്‍ തന്നെ ഉള്ള ഒരാളെ വിവാഹം കഴിക്കുന്നതായിരിക്കും നിന്റെ കരിയറിനും നല്ലത്” അവന്‍ പറഞ്ഞു.

“നോക്ക് ജിനോ, ഭയങ്കര കഴിവുണ്ടായിട്ടൊന്നും ഈ പൊസിഷനില്‍ എത്തിയതല്ല ഞാന്‍. കരിയറിനെക്കാള്‍ ഇമ്പോര്‍ട്ടന്‍സ് ഞാന്‍ എന്റെ ജീവിതത്തിനു തന്നെയാണ് നല്‍കുന്നത്. ജീവിതം കഴിഞ്ഞിട്ടെ ഉള്ളൂ എനിക്കെന്റെ കരിയര്‍. കുറേ ഓണ്‍സൈറ്റില്‍ പോയന്ന് കരുതിയോ കൂടുതല്‍ സാലറി കിട്ടിയന്നോ കരുതി ഞാന്‍ ഇപ്പോഴും ഒരു സാധാരണ പെണ്ണ് തന്നെയാണ്. എനിക്ക് എന്റെ ജീവിതത്തെക്കുറിച്ച് പല സ്വപ്നങ്ങള്‍ ഉണ്ട്. ആ സ്വപ്നങ്ങളില്‍ വളരെക്കുറച്ചേ കരിയറിനെക്കുറിച്ചുള്ളൂ. ഞാനിപ്പോള്‍ കുറേക്കാലമായി ജീവിതത്തെക്കുറിച്ച് നെയ്തുകൂട്ടിയ സ്വപ്നങ്ങളില്‍ നീയും ഉണ്ടായിരുന്നു എന്റെ കൂടെ. നിനക്കറിയാമോ, നീ എന്റെ ടീമില്‍ ഉണ്ടായിരുന്നപ്പോള്‍ എനിക്ക് എന്തോ ഒരു സന്തോഷം ആയിരുന്നു. പലപ്പോഴും എന്റെ ഇഷ്ടം തുറന്ന് പറയാന്‍ ഞാന്‍ തുടങ്ങിയതാ. അപ്പോഴൊക്കെ എന്നെ തടഞ്ഞത് നീ പറഞ്ഞ പൊസിഷന്‍ ആണ്. ഒരേ ടീമില്‍ തന്നെ ഞാന്‍ പ്രോജക്ട് ലീഡറും നീ ഒരു മെമ്പറും ആണന്ന് എനിക്ക് തോന്നിയിട്ടില്ല.”

“നയന, നീ കണ്ടതുപോലെയല്ല ലോകം. എന്‍‌ഞ്ചിനീയറിംഗ് കഴിഞ്ഞ് കാമ്പസ് സെലക്ഷനുമായി കമ്പനിയില്‍ കയറിയ നിനക്ക് ഞാന്‍ പറയുന്നത് മനസിലാകണം എന്നില്ല. നീ കണ്ടിട്ടുള്ള ജീവിതം അവിടെയുള്ളവരുടെ മാത്രം ജീവിതം ആണ്. നിനക്കറിയാമോ എം‌സി‌എ ഡിഗ്രിയുമായി പലയിടത്തും കയറികയറിയാണ് ഞാന്‍ നമ്മുടെ കമ്പനിയില്‍ എത്തിയത്. പലരുടേയും ജീവിതം ഞാന്‍ കണ്ടിട്ടുണ്ട്. അതിലൊന്നും...” അവന്‍ പൂര്‍ത്തിയാക്കാന്‍ അവള്‍ സമ്മതിച്ചില്ല.

“എന്റെ ജോലിയാണ് നിനക്ക് പ്രശ്നമെങ്കില്‍ ഞാനത് റിസൈന്‍ ചെയ്യാനും തയ്യാറാണ്.” അവള്‍ പറഞ്ഞു.

“നയന നീ അങ്ങനെ ചിന്തിക്കേണ്ട കാര്യമില്ല. നിന്റെ ജോലിയുമായി ഞാന്‍ പറഞ്ഞതിന് ഒരു ബന്ധവും ഇല്ല. പിന്നീട് ജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നിനക്ക് ഒരു നഷ്ടബോധം തോന്നാന്‍ പാടില്ല..” അവന്‍ പറഞ്ഞു.

“നീ എന്റെ കൂടെ ഉണ്ടങ്കില്‍ എനിക്കൊരു നഷ്ടബോധവും തോന്നത്തില്ല” അവള്‍ പറഞ്ഞു.
അവള്‍ അവന്റെ തോളിലേക്ക് ചാഞ്ഞു.
“ഇന്നിനി നാട്ടില്‍ പോകുന്നുണ്ടോ?” അവള്‍ ചോദിച്ചു.
“ഇനി നാളയേ ഉള്ളൂ” അവന്‍ പറഞ്ഞു.
“ഞാനും കൂടെ അമ്മയെ കാണാന്‍ നാളെ നാട്ടിലേക്ക് വന്നോട്ടെ.“ അവള്‍ ചോദിച്ചു
“നിര്‍ബന്ധമാണങ്കില്‍ പോന്നോ.. പക്ഷേ അമ്മ എങ്ങനെ പെരുമാറും എന്ന് പറയാന്‍ പറ്റില്ല”
“അത് ഞാന്‍ ഡീല്‍ ചെയ്തോളാം. ഇത്രയും പ്രായം ആയിട്ടും ജിനോയ്ക്ക് അമ്മയോടുള്ള പേടിമാറിയിട്ടില്ലല്ലേ... “ അവളുടെ ചോദ്യത്തിന് അവന്‍ ചിരിച്ചതേ ഉള്ളൂ. അവര്‍ പോകാനായി എഴുന്നേറ്റു.
“അമ്മയ്ക്ക് സാരിയാണോ ചുരിദാറാണോ ഇഷ്ടം? ഞാന്‍ നാളെ സാരി ഉടുത്ത് വന്നാലോ?” അവള്‍ ചോദിച്ചു.
“അമ്മയെ ഞാന്‍ സാരി ഉടുത്തേ കണ്ടിട്ടുള്ളൂ... അമ്മയ്ക്ക് സാരി തന്നെ ആയിരിക്കും ഇഷ്ടം” അവന്‍ പറഞ്ഞു.
അവളെ ഹോസ്റ്റലിലാക്കിയിട്ട് അവന്‍ റൂമിലേക്ക് പോയി.

ഞായറാഴ്ച.
രാവിലെ ജിനോ എഴുന്നേറ്റ് ഒരുങ്ങി വന്ന് ഫോണ്‍ എടുത്തു നോക്കുമ്പോള്‍ നയനയുടെ പത്ത് മിസഡ് കോള്‍. അവനുടനെ തിരിച്ച് വിളിച്ചു.
“നീ വരുന്നില്ലന്ന് പറയാനോ വിളിച്ചത്?” അവന്‍ ചോദിച്ചു.
“ഹോ! എന്നെ കൂടുകണ്ടാല്‍ അമ്മ എന്ത് പറയുമ്മെനുള്ള പേടി കൊണ്ടല്ലേ അങ്ങനെ ചോദിച്ചത് “ അവള്‍ ചോദിച്ചു.
“അല്ലന്നേ, എന്തിനാ വിളിച്ചത്?”
“ഞാന്‍ ഒരുമണിക്കൂറായി ഒരുങ്ങി നില്‍ക്കാന്‍ തുടങ്ങിയിട്ട്. ഒരു റെസ്പോണ്ടും ഇല്ലാത്തതുകൊണ്ട് വിളിച്ചതാ” അവള്‍ പറഞ്ഞു.
“താന്‍ ആ ബസ്‌സ്റ്റോപ്പിലേക്ക് ഇറങ്ങി നിന്നോ . ഞാന്‍ ഒരഞ്ച് മിനിട്ടിനുള്ളില്‍ എത്താം” അവന്‍ ഫോണ്‍ കട്ട് ചെയ്ത് ഇറങ്ങി.

അവന്‍ ബസ് സ്റ്റോപ്പിനു മുന്നില്‍ ബൈക്ക് നിര്‍ത്തി. നയനയെ സാരിയുടുത്ത് അവന്‍ ആദ്യമായി കാണുകായായിരുന്നു.
“എന്താ ആദ്യം കാണുന്നതുപോലെ ഒരു നോട്ടം” അവള്‍ ചോദിച്ചു.
“തന്നെ ആദ്യമായിട്ടാ സാരി ഉടുത്ത് കാണുന്നത്” അവന്‍ പറഞ്ഞു.
“എന്നെയിങ്ങനെ കണ്ടാല്‍ അമ്മ വീഴുമോ?” ചോദിച്ചു കൊണ്ട് അവള്‍ ബൈക്കില്‍ കയറി.
“താനേതായാലും വീഴാറ്റിരിക്കാന്‍ ശരിക്ക് പിടിച്ചിരിക്ക്” അവന്‍ പറഞ്ഞു കൊണ്ട് ബൈക്ക് എടുത്തു.

അവന്റെ നാട്ടിലേക്ക് ഒന്നര മണിക്കൂറിന്റെ യാത്ര ഉണ്ടായിരുന്നു. അവരെ രണ്ടു പേരയും ഒരുമിച്ച് കണ്ട് ആള്‍ക്കാര്‍ നോക്കുന്നുണ്ടായിരുന്നു.
പള്ളിയുടെ മുന്നില്‍ ബൈക്ക് അവന്‍ നിര്‍ത്തി.
“എന്താ ഇവിടെ നിര്‍ത്തിയത്. അമ്മയെ കാണുന്നതിനു മുമ്പ് ദൈവത്തോട് പ്രാര്‍ത്ഥിക്കാനണല്ലേ?” അവള്‍ ചോദിച്ചു.
“അങ്ങനെ കൂട്ടിക്കോളൂ..” അവന്‍ പറഞ്ഞു. മെഴുകുതിരിയും പൂവും വില്‍ക്കുന്ന പെണ്‍കുട്ടിയുടെ കൈയ്യില്‍ നിന്ന് അവന്‍  രണ്ട് റോസാപ്പൂവും മെഴുകുതിരിയും വാങ്ങി. അവര്‍ പള്ളിയിലേക്ക് കയറുമ്പോള്‍ പലരും അവനെ നോക്കി പരിചയം പുതുക്കി ചിരിക്കുന്നുണ്ടായിരുന്നു. അവളും അവന്റെ കൂടെ പള്ളിയിലേക്ക് കയറി. അവന്റെ കൂടെ അവളും മുട്ടുകുത്തിനിന്ന് പ്രാര്‍ത്ഥിച്ചു. പത്ത് മിനിട്ട് കഴിഞ്ഞിട്ടും അവന്‍ പ്രാര്‍ത്ഥിച്ച് കഴിയാത്തതുകൊണ്ട് അവള്‍ എഴുന്നേറ്റു. അവന്റെ കണ്ണില്‍ നിന്ന് കണ്ണീര്‍ ഒഴുകുന്നത് അവളപ്പോഴാണ് ശ്രദ്ധിച്ചത്. അവള്‍ എഴുന്നേറ്റ് പള്‍ലിക്ക് പുറത്തിറങ്ങി നിന്നു. ഒരഞ്ചു മിനിട്ടു കൂടി കഴിഞ്ഞിട്ടാണ് അവന്‍ വന്നത്.
“എന്നെ അമ്മയെ കാണിക്കാന്‍ കൊണ്ടുപോകുന്നതിനു മുമ്പ് ഇത്രയ്ക്ക് കരയണമായിരുന്നോ? ഇപ്പോള്‍ ജിനോയ്ക്ക് പേടി തോന്നുന്നുണ്ടോ? ഞാന്‍ വേണമെങ്കില്‍ ഇവിടെ നില്‍ക്കാം. ജിനോ തനിച്ച് അമ്മയെ കണ്ടിട്ട് വന്നോളൂ” അവള്‍ പറഞ്ഞു.
“പേടി കൊണ്ടന്നും അല്ലന്നേ കരഞ്ഞത്. ഞാനെന്റെ സങ്കടങ്ങളെല്ലാം കരഞ്ഞ് തീര്‍ക്കുന്നത് ഈ പള്ളിയിലാ” അവന്‍ പറഞ്ഞു.
“ഇനി എങ്ങോട്ടാ” അവള്‍ ചോദിച്ചു.
“ഇനി നയനയെ അമ്മയെകാണിക്കാനായി അമ്മയുടെ അടുത്തേക്ക് അവന്‍ പറഞ്ഞു” അവന്‍ പറഞ്ഞു.
“ജിനോ” അവള്‍ വിളിച്ചു,
“എന്താ?” അവന്‍ ചോദിച്ചു.
“എനിക്കിപ്പോള്‍ ചെറിയ പേടി തോന്നുന്നുണ്ട്. അമ്മ എന്ത് പറയുമെന്ന് ആലോചിച്ച്..” അവള്‍ പറഞ്ഞു.
“അമ്മ ഒന്നും പറയില്ലന്ന് എനിക്കറിയാം നയനാ.. നിന്നെക്കുറിച്ചെല്ലാം ഞാന്‍ അമ്മയോട് പറഞ്ഞിട്ടുണ്ട്”
“സത്യം”
“ഹും”

അവന്‍ സെമിത്തേരിയിലേക്കാണ് നടക്കുന്നതന്ന് അവള്‍ക്ക് തോന്നി.
“നമ്മളെന്തിനാ ഇങ്ങോട്ട് പോകുന്നത്..” അവള്‍ ചോദിച്ചു.
“വാ..” അവന്‍ വിളിച്ചിട്ട് നടന്നു. അവള്‍ അവന്റെ പിന്നാലെ ചെന്നു.
മാര്‍ബിള്‍ പതിച്ച ഒരു കല്ലറയുടെ മുന്നില്‍ അവന്‍ നിന്നു. അവന്‍ തന്റെ കൈയ്യിലെ റോസാപ്പൂ കല്ലറയുടെ മേലേക്ക് വെച്ചു.
“ഇതാരുടെ കല്ലറയാ..” അവള്‍ ചോദിച്ചു.
“ഇവിടെയാണ് എന്റെ അമ്മ” അവന്റെ വാക്കുകള്‍ വിശ്വസിക്കാനാവാതെ അവള്‍ നിന്നു. തന്റെ ചുറ്റിനും ഉള്ള ലോകം കറങ്ങുന്നതായി അവള്‍ക്കു തോന്നി.
“അമ്മ...” അവളുടെ ശബ്ദ്ദം നേര്‍ത്തതായിരുന്നു.
“ഇവിടെയാണ് ഞാന്‍ എല്ലാ ആഴ്ചയും അമ്മയെ കാണാന്‍ വരുന്നത്. ഈ കല്ലറയിലാണ് ഞാന്‍ റോസാപ്പൂക്കള്‍ കൊണ്ടു വയ്ക്കുന്നത്. ഇവിടെ ഇരുന്നാണ് ഞാന്‍ അമ്മയോട് എന്റെ വിശേഷങ്ങള്‍ പറയുന്നത്. അമ്മ അതെല്ലാം കേള്‍ക്കും” അവന്റെ ശബ്ദം ഇടറിയിരുന്നു. അവള്‍ കല്ലറയിലേക്ക് നോക്കി. അതിലെ മരണ വര്‍ഷം എത്രയാണന്ന്. മരണവര്‍ഷം 2000 !!!
“അമ്മ എങ്ങനാ മരിച്ചത് ?” അവള്‍ ചോദിച്ചു.
“കൊന്നതാ” അവന്റെ വാക്കുകള്‍ അവളില്‍ മറ്റൊരു വേദനതീര്‍ത്തു.
“ആരാ കൊന്നത് ?” അവള്‍ക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
“അപ്പ.. വെട്ടിക്കൊല്ലുകയായിരുന്നു” അവന്റെ മറുപിടി അവളില്‍ മറ്റൊരു ഭൂകമ്പം തീര്‍ത്തു. വീണ് പോകാതിരിക്കാന്‍ അവള്‍ അവനെ പിടിച്ചു.
“ഇപ്പോഴും നീ എന്നെ സ്നേഹിക്കുന്നുണ്ടോ നയനാ...ദുര്‍‌മരണം കവര്‍ന്ന ഒരമ്മയുടെ.. കൊലപാതകിയായ ഒരപ്പന്റെ മകനെ നീ ഇപ്പോഴും സ്‌നേഹിക്കുന്നുണ്ടോ നയനാ..” അവന്റെ കണ്ണില്‍ നിന്ന് കണ്ണീര്‍ മാര്‍ബിളിലേക്ക് വീണു ചിതറി.
“ഹും..” അവള്‍ മൂളി.
“സത്യമായിട്ടും” അവന്‍ ചോദിച്ചു.
“സത്യം” അവള്‍ പറഞ്ഞു.
“എന്തിനാ അപ്പ അമ്മയെ കൊന്നത്? അപ്പ ഇപ്പോ എവിടെ” അവള്‍ ചോദിച്ചു
“അപ്പയുടെ ശിക്ഷ കഴിയാന്‍ ഇനിയുമുണ്ട് ഒരു വര്‍ഷം കൂടി. കോടതയിലെ വിസ്താരക്കൂട്ടില്‍ ഒരക്ഷരം പോലും പറയാതെയാണ് അപ്പ നിന്നത്.ഞാന്‍ പലപ്പോഴും അപ്പയെ കാണാന്‍ പോയിട്ടുണ്ട്. എന്നെ കാണുമ്പോഴൊക്കെ കരയുമെന്നല്ലാതെ അപ്പ ഒരക്ഷരം എന്നോട് മിണ്ടിയിട്ടില്ല. അന്ന് എന്താണ് സംഭവിച്ചതെന്ന് പപ്പയ്ക്ക് മാത്രമേ അറിയൂ..”
“നമുക്കൊരു ദിവസം പപ്പായെ പോയികാണണം” അവള്‍ പറഞ്ഞു. അവന്‍ അതിനു തലായാട്ടുക മാത്രം ചെയ്തു.
അവന്‍ മെഴുകുതിരികള്‍ ഓരോന്നായി എടുത്ത് കല്ലറയില്‍ കത്തിച്ചു. അവള്‍ മെഴുകുതിരി കവര്‍ അവള്‍ക്ക് നേരെ നീട്ടി. ബാക്കി മെഴുകുതിരികള്‍ അവള്‍ കത്തിച്ചു.
“അമ്മേ, ഞാന്‍ പറഞ്ഞിട്ടില്ലേ ഒരു നയനയെക്കുറിച്ച്, അവളാണ് എന്റെ കൂടെ ഈ നില്‍ക്കുന്നത്. ഞാന്‍ ഇവളെ കെട്ടുന്നതില്‍ അമ്മയ്ക്ക് വിരോധം ഒന്നും ഇല്ലല്ലോ?” അവന്റെ ശബ്ദ്ദം നേര്‍ത്തതായിരുന്നു.
“ഞാന്‍ പറഞ്ഞില്ലേ നയന, അമ്മ എന്റെ ഇഷ്ടത്തിനൊന്നും എതിര്‍ നില്‍ക്കുകയില്ലന്ന്..” അവന്‍ അവളോടായി പറഞ്ഞു.
അവള്‍ പുഞ്ചിരിക്കുക മാത്രം ചെയ്തു.
അവള്‍ അവന്റെ കൈ പിടിച്ചു.അവര്‍ രണ്ടു പേരും സെമിത്തേരിയുടെ ഗെയ്‌റ്റ് കടക്കുമ്പോള്‍ തിരിഞ്ഞു നോക്കി.
വീശിയടിക്കുന്ന കാറ്റത്തും കെടാതെ അവര്‍ കത്തിച്ച മെഴുകുതിരികള്‍ പ്രകാശത്തോടെ കത്തുന്നുണ്ടായിരുന്നു.
: :: ::