Thursday, March 7, 2013

സ്വപ്നങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റിൽ കാണുന്നവൾ

ഇവൾ..
സ്വപ്ന വർഗീസ്...
26 വയസ്
അവിവാഹിത
ജനറൽ നെഴ്സ്
ഡൽഹിയിലെ ഒരു ഹോസ്പിറ്റലിൽ ജോലി

മസീഘട്ടിലെ ഫാത്തിമ മാതാ പള്ളിയിലേക്ക് അവൾ കയറി വരുമ്പോൾ സമയം രാത്രി ഒൻപതുമണി കഴിഞ്ഞായിരുന്നു. ജനുവരിയിലെ തണൂപ്പിൽ നിന്ന് രക്ഷപെടാനായി അവൾ തലയിൽ കൂടി ഷാൾ ചുറ്റിയിരുന്നു. ധരിച്ചിരിക്കൂന്ന സ്വെറ്ററിനേയും പിന്തള്ളി ശരീരത്തിലെ ഓരോ അണുവിനേയും കുത്തിനോവിച്ചിരുന്നു ജനുവരിയിലെ  തണൂപ്പ്. നിശബ്‌ദ്ദമായ പള്ളിയിലെ അവസാന നിരയിലെ ബഞ്ചിൽ അവൾ ഇരുന്നു.അവൾ ആ നിശബ്‌ദ്ദതയെ പ്രണയിക്കാൻ തുടങ്ങിയിട്ട് മൂന്നു വർഷത്തോളം ആയിരുന്നു. .ആ നിശബ്‌ദ്ദതയിൽ ആയിരുന്നു അവൾ ഒരു ദിവസത്തെ ജീവിതം അവസാനിപ്പിച്ചിരുന്നത്. അൾത്താരയിലെ ക്രൂശിതരൂപത്തിലെക്ക് നോക്കി കൈകൾ കൂപ്പി കുരിശ് വരച്ച് അവൾ പോകാനായി എഴുന്നേറ്റു..

"ഇന്ന് എന്നോട് മിണ്ടാതെ പോവുകയാണോ?"

ചോദ്യം തന്നോടു തന്നെ ആയിരിക്കുമെന്ന് അവൾക്കറിയാമായിരുന്നു. താനല്ലാതെ ഇപ്പോൾ ഈ പള്ളിയിൽ ആരും ഇല്ലല്ലോ? അവൾ ഒന്നും പറയാതെ നിന്നു. കഴിഞ്ഞ മൂന്നു വർഷമായി താൻ കേൾക്കുന്ന ശബ്ദ്ദം..

"എന്നോട് പിണക്കമാണോ?" വീണ്ടും ചോദ്യം. അവൾ ചോദ്യം കേട്ടിടത്തേക്ക് നോക്കി.

അൽഫോൺസാമ്മ. !!
ജപമാലയും കൈയ്യിൽ പിടിച്ച് ചിരിക്കുന്ന മുഖത്തോടെ അല്ഫോൺസാമ്മ!!

"ഞാനെന്തിനാ അല്‍ഫോൺസാമ്മേ പിണന്ങുന്നത്? നമ്മളെപ്പോലെ പാവം പിടിച്ച നേഴ്സുമാർ എന്തിന് പിണങ്ങാനാ" അവൾ പറഞ്ഞു കൊണ്ട് അൽഫോൺസാമ്മയുടെ രൂപത്തിനു മുന്നിൽ ചെന്നു നിന്നു.കഴിഞ്ഞ മൂന്നു വർഷവും അവളുടെ സങ്കടവും കൊച്ചു കൊച്ചു സന്തോഷവും എല്ലാം പറയുന്നത് ആ രൂപത്തോട് ആയിരുന്നു.

"ഇന്നെന്തേ ആശുപത്രിയിൽ വിശേഷങ്ങൾ ഒന്നും നടന്നില്ലേ? എന്നും എന്തെങ്കിലും ഒക്കെ വിശേഷം പറയാതെ പോകാതെയില്ലല്ലോ?" അല്ഫോൺസാമ്മ ചോദിച്ചു.

"ഇന്നും പതിവുപോലെ. ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുടങ്ങിയ ഓട്ടം തീർന്നപ്പോൾ എട്ടരയായി. എന്നും കേൾക്കുന്ന കുറ്റപ്പെടുത്തൽ ഇന്നും കേട്ടു. അത്രതന്നെ. അതെല്ലാം ഒരൂ ചെവിയിൽ കൂടി കയറി മറ്റേ ചെവിയിൽ കൂടി ഇറങ്ങിപ്പോവുകയും ചെയ്തു... ജീവിതം തീരും വരെ എല്ലാം സഹിക്കുക തന്നെ" അവൾ പറഞ്ഞു.

"ഇന്നെന്തോ സംഭവിച്ചിട്ടൂണ്ടല്ലോ.. ഒന്നുകിൽ ആശുപത്രിയിൽ നിന്ന് ചീത്ത കേട്ടൂ. അല്ലങ്കിൽ വീട്ടിൽ നിന്നു ഫോൺ വന്നു. ഇതിൽ ഏതോ നടന്നത്"

"വീട്ടിൽ നിന്നുള്ള ഫോൺ തന്നെ"

"പതിവു പോലെ കല്യാണലോചനയാണോ?"

"ഹും!!"

"എന്നിട്ടെന്ത് പറഞ്ഞു?"

"എന്തു പറയാൻ.. പറഞ്ഞതെല്ലാം കേട്ടു. വെറുതെ നാട്ടിൽ പോയി ടിക്കറ്റിന്റെ കാശു കണയാമന്നേ ഉള്ളൂ. എല്ലാവർക്കും ബി.എസ്.സിക്കാരെ മതി. ആർക്കും ഡിപ്ലോമക്കാരെ കല്യാണം കഴിക്കാൻ വേണ്ട. അല്ഫോൺസാമ്മയ്ക്ക് എല്ലാം അറിയാമല്ലോ...."അവൾ പകുതിക്ക് വെച്ച് നിർത്തി.

"ഞാനൊന്നും മറന്നിട്ടില്ല... നീ ഇതുവരെ ആറു പ്രാവിശ്യം ചെറുക്കനെ കാണാനായി നാട്ടിൽ പോയി. മൂന്നു പേർ നിന്നെ കാണാൻ ഇങ്ങോട്ട് വന്നു. അതിൽ ഒരാൾ നിന്നെ ഈ പള്ളിയിൽ വന്നാ കണ്ടത്. അന്ന് ഞാനും ഇവിടെ എല്ലാം കണ്ടുകൊണ്ട് നിൽപ്പുണ്ടായിരുന്നല്ലോ?"

"എവിടെങ്കിലും നല്ല ജോലികിട്ടി പോയി രക്ഷ്പെടൂമല്ലോ എന്നു കരുതിയാ അച്ചാച്ചനും അമ്മാമയും എന്നെ ലോൺ എടുത്ത് നേഴ്സിംഗിനു വിട്ടത്. ഇനി കല്യാണത്തിനു കൂടി എന്തെങ്കിലും പണയം വെക്കാൻ വീട്ടിൽ ഒന്നും ഇല്ല.. വരുന്ന ആണൂങ്ങൾക്ക് കുറഞ്ഞത് നാലുലക്ഷവും പത്ത് പവനും വേണം. എനിക്കാകെയുള്ളത് മൂന്നു പവനാ. ഇവിടിത്തെ സ്വർണ്ണ ചിട്ടിയിൽനിന്ന് കൂടിയാൽ രണ്ട് പവനും കിട്ടൂം. പിന്നയും അഞ്ച് പവൻ വേണം. പിന്നെ ലക്ഷങ്ങൾ ഒക്കെ ഇപ്പോള്‍ വെറും സ്വപ്നമാ..." അവൾ പറഞ്ഞു

കുറച്ച് കഴിഞ്ഞിട്ടൂം അൽഫോൺസാമ്മ ഒന്നും പറഞ്ഞില്ല.
"എന്തേ,ഒന്നും പറയാത്തത്?" അവൾ ചോദിച്ചു.

"ഞാനെന്ത് പറയാനാ കുട്ടീ, നിന്റെ സങ്കടം ഒക്കെ കാണുമ്പോൾ എനിക്ക് തന്നെ വിഷമം തോന്നാറുണ്ട്. നിന്റെ മുന്നിൽ നിന്ന് എങ്ങനാ കരയുന്നത് എന്ന് കരുതി ഞാൻ കരയാത്തതാ."

"അയ്യേ, അല്ഫോൺസാമ്മ കരയുകയോ? മോശം..മോശം.. എനിക്കറിയാം എന്റെ സങ്കടം എന്നും കേട്ട് കേട്ട് അല്ഫോൺസാമ്മായ്ക്കും മടിത്തിട്ടൂണ്ടാവുമെന്ന്. എന്തു ചെയ്യാം, എനിക്കിവിടെ അല്ലാതെ വേറെ എവിടയും പോയി സങ്കടം പറയാൻ പറ്റാത്തതുകൊണ്ടാ ഇവിടെ തന്നെ വന്ന് സങ്കടം പറയുന്നത്. മുറിയിൽ ചെന്നാൽ എന്നെക്കാൾ സങ്കടം ഉള്ളവരാ അവിടെയുള്ളവർ..." അവൾ പറഞ്ഞിട്ട് അല്ഫോൺസാമ്മയുടെ മുഖത്തെക്ക് നോക്കി. ആ കണ്ണുകളിൽ തിളക്കമുണ്ടോ? കണ്ണുനീരിന്റെ തിളക്കം?

"അയ്യേ,അമ്മയുടെ കണ്ണ് നിറഞ്ഞിരിക്കുന്നല്ലോ? തുടയ്ക്ക് തുടയ്ക്ക് ആരെങ്കിലും വന്ന് കണ്ടാൽ മോശമാ" അവൾ പറഞ്ഞു.

"നിങ്ങളെപ്പോലെ ഞങ്ങളെപ്പോലെയുള്ള വിശുദ്ധന്മാരുടേയും വാഴത്തപ്പെട്ടവരുടെയും കണ്ണുകൾ നിറയും.എല്ലാവരും പോയിക്കഴിയുമ്പോൾ ഞങ്ങളും കരയും" അല്ഫോൺസാമ്മ പറഞ്ഞു.

"അതു കൊള്ളമല്ലോ? ഞാൻ കരുതിയത് ഞങ്ങളെപ്പോലുള്ളവർക്ക് മാത്രമേ സങ്കടം ഉള്ളന്നാ... ഞാൻ എന്റെ സങ്കടം അല്ഫോൺസാമ്മയുടെ അടുത്ത് വന്ന് പറയും. അല്ഫോൺസാമ്മ സങ്കടം ആരുടെ അടുത്ത് പറയും?" അവൾ ചോദിച്ചു.

അല്ഫോൺസാമ്മ അവളുടെ അടുത്തേക്ക് ഇറങ്ങിവന്നു. "നമുക്ക് അവിടെ ഇരിക്കാം" അല്ഫോൺസാമ്മ പറഞ്ഞു. അവർ രണ്ടു പേരും ഒരു ബഞ്ചിൽ ചെന്നിരുന്നു.

"ഈ പള്ളിയിൽ നിന്ന് എല്ലാവരും പോയിക്കഴിയുമ്പോൾ ഞാനും മിഖായേലും കൂടി ഇവിടെ ഈ ബഞ്ചിൽ വന്നിരിക്കും. എന്നിട്ട് ഞങ്ങൾ എല്ലാവരുടെയും ദൂഃഖങ്ങൾ പറയും." അല്ഫോൺസാമ്മ പറഞ്ഞു. 

സ്വപ്ന അപ്പോഴാണ് മിഖായേൽ മാലാഖയെക്കുറിച്ച് ഓർത്തത്. അവർ ഇരുന്നതിനെ അഞ്ചാറു ബഞ്ചുകൾക്ക് മുന്നിലായി വശത്ത് മിഖായേൽ മാലാഖ നിൽപ്പുണ്ട്.

"ഞങ്ങൾ ദുഃഖങ്ങൾ പറയുമ്പോൾ പരസ്പരം നോക്കി കരയാതിരിക്കാനാണോ നിങ്ങളെ രണ്ടു പേരുടെയും നടുക്ക് രണ്ട് മൂന്ന് മറവുകൾ വെച്ചിരിക്കുന്നത്?" അവൾ ചോദിച്ചു. മീഖായേൽ മാലാഖയുടേയും അല്ഫോൺസാമ്മയുടേയും രൂപങ്ങളുടെ ഇടയിൽ രണ്ട് ഇഷ്ടികകെട്ടുകളുടെ മറവ് ഉണ്ടായിരുന്നു.

"അങ്ങനെ തന്നെ കൂട്ടിക്കോളൂ... " അല്ഫോൺസാമ്മ പറഞ്ഞു.

കുറേ നേരത്തേക്ക് സ്വപ്ന ഒന്നും മിണ്ടിയില്ല. അവൾ അല്ഫോൺസാമ്മയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.

"എന്താ ഒന്നും മിണ്ടാതെ എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്നത്?" അല്ഫോൺസാമ്മ ചോദിച്ചു..

"പണ്ട് ഞാനെന്റെ അമ്മാമയുടെ മുഖത്തേക്ക് ഇങ്ങനെ നോക്കിയിരിക്കുമായിരുന്നു. പണ്ടന്ന് പറഞ്ഞാൽ ഒരു മൂന്നാലു വർഷം മുമ്പ് വരെ..അപ്പോൽ അമ്മാമ എന്റെ തലയിൽ കൂടി കൈകൾ ഓടിക്കും.. എന്റെ തലമുടി അമ്മാമ കൈവിരലുകൽ കൊണ്ട് കൊഠി തരുമായിരുന്നു" അവള്‍ പറഞ്ഞു.

"ഇപ്പോൾ പിന്നെന്താ നോക്കാത്തത്?" അല്ഫോൺസാമ്മ ചോദിച്ചു. സ്വപ്നയുടെ മുഖത്ത് ഒരു ചിരി വിടർന്നു. അതിൽ വേദനയുടെ നനവിണ്ടന്ന് അല്ഫോൺസാമ്മയ്ക്ക് അറിയാമായിരുന്നു..

"ഇപ്പോൾ അമ്മാമയുടെ കണ്ണുകളിലേക്ക് നോക്കിയാൽ ഞങ്ങൾ രണ്ടു പേരും കരഞ്ഞു പോകും. ഇരുപത്താറുവയസ് ആയ ഒരു പെൺകൊച്ചിനെ കെട്ടിച്ച് വിടാൻ കഴീയാത്ത ഒരമ്മയുടെ കണ്ണിൽ കാണുന്ന ആ ദയനീയത എനിക്ക് സഹിക്കാൻ പറ്റില്ല.ഞാനിപ്പോൾ അമ്മാമയുടെ മുഖത്തേക്ക് നോക്കാറില്ല.. അതുകൊണ്ടു കൂടിയാ നാട്ടിൽ പോകാൻ മടിക്കുന്നതും. സ്നേഹിക്കാൻ മനസുള്ള ആരുടെകൂടയും ജീവിക്കാൻ എനിക്ക് സമ്മതമാ. പക്ഷേ അച്ചാച്ചനും അമ്മാമയ്ക്കും എന്നെപ്രതി ഒത്തിരി സ്വപ്നങ്ങൾ ഉണ്ട്.. മോൾ വലിയ ഒരാളായി വരുന്നതും അവളുടെ കല്യാണവും ഒക്കെ അവരുടെ സ്വപ്നത്തിൽ ഉണ്ട്.. അവരുടെ സ്വപ്നങ്ങൾ എന്നിലൂടെ നടക്കുമെന്ന് കരുതിയായിരിക്കും എനിക്കവർ സ്വപ്ന എന്ന് പേരു പോലും ഇട്ടത്"

"എല്ലാം ഭംഗിയായി നടക്കും മോളെ... നിന്റെ അച്ചാച്ചനും അമ്മാമയും സ്വപനങ്ങൾ കണ്ടതുപോലെ എല്ലാം നടക്കും..."അല്ഫോൺസാമ്മ അവളെ ആശ്വസിപ്പിച്ചു.

"അല്ഫോൺസാമ്മയ്ക്ക് അറിയുമോ? ഒരുലക്ഷവും ഒന്നരലക്ഷവും കൊടുത്താൽ ഗൾഫിൽ പോകാൻ പറ്റും. ഞാൻ അത്രയ്ക്ക് എവിടെ നിന്ന് ഉണ്ടാക്കി കൊടുക്കും. അച്ചാച്ചനോട് പറഞ്ഞാൽ അച്ചാച്ചൻ എവിടെ നിന്നെങ്കിലും ഒക്കെ കടം വാന്ങിയാണങ്കിലും പൈസ ഉണ്ടാക്കിത്തരും.. പക്ഷേ ആ ലക്ഷത്തിന്റെ പലിശ അടയ്ക്കുന്നതിനു മുമ്പ് തിരിച്ച് വരേണ്ടിവന്നാലോ? അല്ഫോൺസാമ്മയ്ക്ക് അറിയാമോ,എന്റെ റൂമിന്റെ അടുത്ത റൂമിൽ ഒരു പെൺകുട്ടി ഉണ്ട്. അവളുടെ വീട്ടിൽ എല്ലാവരും കരുതി ഇരിക്കുന്നത് അവൾ ഗൾഫിലാണന്നാ.. ഒന്നരലക്ഷം രൂപ കൊടുത്ത് വിസവാന്ങി പോയതാ ഗൾഫിൽ, അവിടെ ചെന്നപ്പോള്‍ ജോലി പറഞ്ഞതൊന്നും അല്ല, മാനം വിൽക്കാനുള്ള അഭിമാനം അവൾക്കില്ലാത്തതുകൊണ്ട് അവൾ എങ്ങനയോ തിരിച്ചു പോന്നു... ഇപ്പോൾ ഭക്ഷണം പോലും ഉപേക്ഷിച്ച് മാസം തോറും പതിനായിരം രൂപ വീട്ടിലേക്ക് അയക്കും,ലോൺ അടയ്ക്കാൻ."

"മനുഷ്യരെല്ലാം സ്വാർത്ഥന്മാരാവുകയാ മോളേ... കാശുണ്ടാക്കാൻ അവർ ആരെവേണമെങ്കിലും വില്‍ക്കും"

വീണ്ടും രണ്ടു പേരും നിശബ്ദ്ദരായി. കുറച്ചു സമയത്തിനു ശേഷം സംസാരിച്ചു തുടങ്ങിയത് സ്വപ്നതന്നെ.

"ഞാനൊരാളെ സ്നേഹിക്കുന്നുണ്ട് അല്‍ഫോണസാമ്മേ, പക്ഷേ ഞാനിതുവരെ വീട്ടിൽ പറഞ്ഞിട്ടീല്ല. കഴിഞ്ഞ പ്രാവിശ്യം നാട്ടിൽ നിന്ന് വരുമ്പോൾ ട്രയിനിൽ വെച്ച് പരിചയപ്പെട്ടതാ.. ഞങ്ങൾക്ക് ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്. ചില ദിവസങ്ങളിൽ ഞങ്ങൾ രണ്ടുപേരും നടന്ന് ലോട്ടസ് ടെമ്പളിൽ പോകും..അവിടെ കുറച്ച് നേരം ഇരിന്നിട്ട് തിരിച്ചു വരും. ഒരിക്കൽ എന്നോട് വിവാഹത്തെക്കുറിച്ച് ചോദിച്ചതാ. ഞാനൊരു മറുപിടി കൊടൂത്തില്ല. എന്താണ് പറയേണ്ടതന്ന് എനിക്കറിയില്ല..ഞാനിപ്പോൾ എന്താ ചെയ്യേണ്ടത്?" അവൾ ചോദിച്ചു

"ഇഷ്ടമാണങ്കിൽ, ഒരുമിച്ച് ജീവിക്കാൻ പറ്റുന്ന മാനസിക പൊരുത്തം ഉണ്ടങ്കിൽ സമ്മതിച്ചു കൂടേ?" അല്ഫോൺസാമ്മ ചോദിച്ചു.

"ഒരു ക്രിസ്ത്യാനി ക്രിസ്ത്യാനിയെ തന്നെ കല്യാണം കഴിക്കണമെന്ന് നിർബന്ധം ആണോ? അവൾ ചോദിച്ചു

ഒരു നിമിഷം അല്ഫോൺസാമ്മ മിണ്ടിയില്ല.
"അപ്പോ,ആള് ക്രിസ്ത്യാനിയല്ല അല്ലേ?"

"ദൈവങളിലൊന്നും വലിയ വിശ്വാസം ഇല്ലാത്ത ആളാ" അവൾ പറഞ്ഞു.

ഒരു ചിരിയോടെ അല്ഫോൺസാമ്മ തുടർന്നു...
"മനസിന്റെ പൊരുത്തം മാത്രം നോക്കുക.ഒരുമിച്ച് ജീവിക്കാനും സ്നേഹിക്കാനും ഉള്ള ഒരളവുകോലല്ല മതം,അതൊരു വിശ്വാസം ആണ്. അവൻ നിന്നയും നീ അവനെയും സ്നേഹിക്കുന്നു, കരുതുന്നു എന്ന്പോലുള്ള ഒരു വിശ്വാസം. പിന്നെ ഒരു കാര്യം ഒരിക്കലും നമ്മളെ സ്നേഹിക്കുന്നവരെ വിഷമിപ്പിക്കരുത്. നിന്റെ അച്ചാച്ചനും അമ്മാമയും നിന്നെപ്രതി കാണുന്ന സ്വപ്നങ്ങളെ നീ ഒറ്റയടിക്ക് നഷ്ടപ്പെടുത്തരുത്"

"ഞാൻ ഓടിപ്പോയൊന്നും കെട്ടില്ല... എന്റെ എല്ലാ കാര്യവും ഞാൻ പറഞ്ഞിട്ടുണ്ട്. ആൾക്കും വീട്ടൂകാരുടെ ഇഷ്ടത്തോടെ വിവാഹം നടക്കമെന്ന് തന്നയാ. പക്ഷേ എങ്ങനെ വീട്ടിൽ പറയുമെന്നാ ഞാൻ ആലോചിക്കുന്നത്."

"അപ്പോ സ്വപ്നങ്ങളൊക്കെ കാണാൻ തുടങ്ങിയല്ലേ?"

"എന്തു സ്വപ്നങ്ങൾ?.. എന്നെപോലുള്ളവർ സ്വപനങ്ങൾ കാണാനേ പാടില്ലാത്തവരാ. സ്വപ്‌നങ്ങൾ കാണാൻ മാത്രാമൊന്നും ഞാൻ ഉറങ്ങാറില്ല. ഒരുപാടു ജീവിതങ്ങൾ നമ്മളെമാത്രം നോക്കി നിൽക്കുമ്പോൾ ഉറങ്ങാനും സ്വപ്നം കാണാനും എവിടെയാണ് സമയം?" അല്ഫോൺസാമ്മയുടെ ചോദ്യത്തിനു അവൾ ഇങ്ങനെയാണ് ഉത്തരം നൽകിയത്.

മൊബൈൽ ബെല്ല് അടിച്ചിട്ടും അവൾ എടുക്കാതിരുന്നപ്പോൾ അല്ഫോൺസാമ്മയാണ് അവളോട് പറഞ്ഞത്.
"ഫോൺ ബെല്ലടിക്കുന്നു"

അവൾ ഫോൺ എടുത്ത് നോക്കി. വീട്ടിലെ നമ്പരാണ്.

"വീട്ടിൽ നിന്നാണ്" അവൾ പറഞ്ഞു.

"എന്താ ഫോൺ എടുക്കാത്തത്"

ബെല്ലടിച്ച് നിൽക്കാറായിട്ടും അവൾ ഫോൺ അറ്റൻഡ് ചെയ്യാതിരുന്നപ്പോൾ അല്ഫോൺസാമ്മ ചോദിച്ചു.
"എന്നും ഒരേ ചോദ്യവും ഒരേ ഉത്തരവും കേട്ടൂം പറഞ്ഞും മടുത്തു. പ്രത്യേകിച്ച് എന്തെങ്കിലും പറയാൻ ഇല്ലാതെ എന്തിനാണ് സംസാരിക്കുന്നത്?" ഫോൺ ബെല്ലടിച്ച് നിന്നു.

"എന്തെങ്കിലും ആവശ്യമുണ്ടങ്കിൽ വീണ്ടും വിളിക്കും" എന്നു പറഞ്ഞു അവൾ  ഫോൺ തിരിച്ച് ബാഗിൽ തന്നെ വെച്ചു..

വീണ്ടും ഫോൺ ബെല്ലടിച്ചു നിന്നു. അവൾ ബാഗിൽ നിന്ന് ഫോൺ എടുത്തു നോക്കി. വീട്ടിലെ നമ്പരിൽ നിന്ന് രണ്ട് മിസ്ഡ്കോൾ. അവൾ വാച്ചിൽ സമയം നോക്കി. സമയം ഒൻപതര ആയിരിക്കുന്നു. എവിടെ തന്നോട് സംസാരിച്ചു കൊണ്ടിരുന്ന അല്ഫോൺസാമ്മ?.തന്റെ സങ്കടം കേട്ട് പാവം എഴുന്നേറ്റ് പോയി വീണ്ടും ജപമാല പിടിച്ച് നിൽക്കുന്നു. അവൾ അല്ഫോൺസാമ്മയുടെ മുഖത്തേക്ക് നോക്കി ഒന്നു ചിരിച്ചു. ഇല്ല തന്റെ സങ്കടം കേട്ട ഒരു ലക്ഷണവും ഇല്ല. ഇനി താൻ പോയികഴിഞ്ഞിട്ട് മിഖായേൽ മാലാഖയോട് പറഞ്ഞ് കരയുമായിരിക്കും.

"പൊട്ടി, നിന്റെ സങ്കടം കേട്ട് കരയാനല്ലേ അല്ഫോൺസാമ്മയും മിഖായേൽ മാലാഖയും ഇവിടെ നിൽക്കുന്നത്?. എടീ സ്വപ്നേ നീ ഇനിയെങ്കിലും പള്ളിയിൽ വന്നിരുന്ന് സ്വപ്നം കാണരുത്" അവൾ സ്വയം ഓർമ്മപ്പെടുത്തി.

ഒരിക്കൽ കൂടി ഫോൺ ബെല്ലടിച്ചപ്പോൾ അവൾ ബാഗും എടുത്ത് പള്ളിയിൽ നിന്നിറങ്ങി. പള്ളിമുറ്റത്ത് നിന്ന് അവൾ ഫോൺ അറ്റൻഡ് ചെയ്തു.അമ്മയാണ്.

"മോളേ,ഞാൻ പറയുന്നത് മുഴുവൻ കേൾക്കാതെ നീ ഫോൺ വെക്കരുത്"

"ഊം"

"ഇന്ന് സന്ധ്യയ്ക്ക് ഒരു ആലോചനക്കാരൻ വന്നു. അവർക്ക് ഡിമാന്റൊന്നും ഇല്ല. നമുക്കുള്ളതിൽ എന്താണന്ന് വെച്ചാൽ കൊടുക്കാമെന്ന് അച്ചാച്ചൻ പറഞ്ഞപ്പോൾ അവർക്കതിൽ നിർബന്ധമൊന്നും ഇല്ലന്നാ പറയുന്നത്. നിനക്കെന്നാ വരാൻ പറ്റുന്നതന്നുള്ള തീയതി പറഞ്ഞാൽ അവരെല്ലാം വീട്ടിലേക്ക് വരാമെന്ന് പറഞ്ഞു..."

"ഊം"

"നീയെന്താ മോളേ, ഒന്നും പറയാത്തത്"

"ഞാൻ ലീവ് ചോദിച്ച് നോക്കട്ട്"

"അങ്ങനെ പറഞ്ഞ് ഒഴിയരുത് മോളേ, നിനക്ക് താഴത്ത് രണ്ട് പിള്ളാരൂടേ മത്സരിച്ച് വളരുന്നുണ്ട്.നിന്റെ കല്യാണം കഴിഞ്ഞിട്ട് വേണം അവരെക്കൂടി..." അമ്മ അത്രയും പറഞ്ഞപ്പോൾ തന്നെ അവൾ പറഞ്ഞു

"ഞാൻ വരാം, തീയതി നാളെ പറയാം".

പറയാൻ വന്നത് മനസിൽ തന്നെ അവൾ അവശേഷിപ്പിച്ചു ഒരു ദീർഘശ്വാസത്തോടെ അവൾ ഫോൺ കട്ട് ചെയ്ത് ബാഗിലേക്ക് വെച്ചു...

പള്ളിയുടെ മുറ്റത്ത് നിന്ന് റോഡിലേക്കിറങ്ങിയപ്പോൾ പുറകിൽ നിന്ന് പരിചിതമായ ശബ്ദ്ദം.

"സ്വപ്നാ..ഹേയ് സ്വപ്നാ"

അവൾ കേൾക്കാത്ത ഭാവത്തിൽ മുന്നോട്ട് നടന്നു. ട്രാഫിക് സിഗ്‌നലിൽ പച്ച വെളിച്ചം ആണ്. വാഹനങ്ങൾ വേഗതയിൽ പായുന്നു. ബാഗിലിരുന്ന് ഫോൺ റിംങ് ചെയ്യുന്നു. അവൾക്കറിയാമായിരുന്നു അത് അവനായിരിക്കുമെന്ന്. ഫോണെടുത്താൽ തനിക്ക് ഒന്നും പറയാനുണ്ടാവില്ല,അവന്റെ ചോദ്യങ്ങൾക്ക് നൽകാനുള്ള ഉത്തരവും ഇപ്പോൾ തന്റെ പക്കൽ ഇല്ല. ചുവന്ന ലൈറ്റ് കത്താൻ കാത്ത് നിൽക്കാതെ അവൾ റോഡ് ക്രോസ് ചെയ്തു വേഗം നടന്നു.

Monday, March 4, 2013

ലേറ്റായി വന്ന ഉരുളി !!!

പെണ്ണുകാണലും കഴിഞ്ഞു..കല്യണവും കഴിഞ്ഞു...വിരുന്നും കഴിഞ്ഞു.
നമ്മളു ഉറങ്ങിയാലും ഇല്ലങ്കിലും കരഞ്ഞാലും സന്തോഷിച്ചാലും നിന്നാലും ഉറങ്ങിയാലും ദിവസങ്ങൾ നമ്മളെ കാത്ത് നിൽക്കില്ലല്ലോ....
അങ്ങനെ വർഷങ്ങൾ ഓരോന്നായി കഴിഞ്ഞു...
എല്ലാവരും ചോദിക്കാൻ തുടങ്ങി വിശേഷം ഒന്നും ആയില്ലേ
അപ്പോഴാണ് ഞങ്ങളും ചിന്തിച്ചത് വിശേഷം എന്തങ്കിലും വേണ്ടേ...
വേണം..വേണം... നമ്മളു വിചാരിച്ചൽ മാത്രം പോരായല്ലോ...
ആ ശശികുമാരണ്ണൻ എന്തു കണ്ടിട്ടാണോ ഞാനുൾപ്പെടെയുള്ള ആണുങ്ങൾക്ക് സ്പേം ഇഞ്ചക്റ്റ് ചെയ്യാൻ പത്തുമിനിട്ട് മതി പിന്നെ പത്തുമാസം അനുഭവിക്കേണ്ടത് പെണ്ണുങ്ങളാണന്ന് പറഞ്ഞത്?
ഇവിടെ പത്തുമിനിട്ട് ഇടവിട്ട് ഇഞ്ചക്റ്റ് ചെയ്തിട്ടും നോ ഫലം!!!
ലങ്ങേരു സ്ത്രിയുടെ ശത്രുവോ പുരുഷന്റെ ശത്രുവോ?
ഇനി എല്ലാം ഈശ്വരൻ തന്നെ!!!

ഒരു ദിവസം ഉച്ചയ്ക്ക് ഈശ്വരനെ ധ്യാനിച്ച് ഇരിക്കുമ്പോഴാണ് ഒരു കാക്കാത്തി വന്നത്. അരുമയാന പയ്യൻ,ഭാര്യ സുന്ദരി,ഭാര്യയും ഭർത്താവും പാർവ്വതിയും ശിവനും മാതിരി എന്നൊക്കെ പറഞ്ഞപ്പോൾ ഞാനൽപ്പം പൊങ്ങി. അവളാണങ്കിൽ റെഷൻ കടയിൽ നിന്ന് വാന്ങിയ നീലമണ്ണണ്ണ മണ്ണണ്ണവിളക്കിൽ ഒഴിഞ്ഞു കൊണ്ടിരിക്കുവായിരുന്നു. സുന്ദരി എന്ന വാക്ക് കേട്ടതും അവൾ മണ്ണണ്ണ വിളക്കുമായി വന്നു. അവളെ കണ്ടതും കാക്കാത്തി അവളുടേ നേരെയായി.
മോൾ ഈ ഭവനത്തിൽ വിളക്കാണ്. മോടെ മുഖത്ത് സൂര്യപ്രകാശം മാതിരി.

ഇവരു പറന്ഞതിൽ വിളക്ക്  എന്നുള്ളതുമാത്രമേ അവൾക്ക് മനസിലാകാൻ വഴിയുള്ളു. ഉടനെ അവൾ പറഞ്ഞു.
"ഇത് ഞങ്ങടെ വിളക്കാ..." .

"മോളേ വിശക്കുന്നു , ചോറ് വെന്തങ്കിൽ ഈ കാക്കാത്തിക്ക് ഇച്ചിരി ചോറ് താ"
കാക്കാത്തി പറഞ്ഞു. ചോർ കൊടുത്തത് കഴിച്ചു കഴിഞ്ഞപ്പോൾ അവർക്ക് കൊച്ചുപിള്ളാരുടെ ഉടുപ്പങ്ങാണം ഉണ്ടങ്കിൽ ഉടുപ്പ് കൊടുക്കാൻ. ഇവിടെ പിള്ളാരുടെ ഉടുപ്പൊന്നും ഇല്ലന്ന് പറഞ്ഞപ്പോൾ അവർക്ക് സങ്കടം!! അവരുടെ നാട്ടിൽ ഒരമ്പലം ഉണ്ടന്നും അവിടെ ഉരുളി കമഴ്ത്തിയാൽ പിള്ളാരുണ്ടാവുമെന്നും അവരു പറഞ്ഞു. ഞങ്ങക്ക് ഇവിടെ നിന്ന് അവിടെവരെ പോകാനുള്ള ബുദ്ധിമുട്ട് ഉണ്ടങ്കിൽ ഉരുളിയുടെ കാശായി ഒരു 5000 രൂപ കൊടുത്തൽ അവരു തന്നെ ഉരുളി കമിഴ്ത്ത് വച്ചോളാം എന്നുള്ള ഒരു  ഓഫറും തന്നു.... ഒന്നും വേണ്ടമ്മച്ചി എന്ന് പറഞ്ഞ് അവരെ സന്തോഷത്തോടെ രണ്ടു രൂപ കൊടൂത്ത് യാത്രയാക്കി.

അന്ന് രാത്രി....
ഞാനൊരു ഭീകര സ്വപ്നത്തിൽ ഡ്രാക്കുളയെ പിടിക്കാനയി ഡ്രാക്കുള കോട്ടയിൽ ചെന്ന് നിൽക്കുകയായിരുന്നു.
"ധൈര്യമുണ്ടങ്കിൽ കോട്ടയിൽ ഒളിച്ചിരിക്കാതെ ഇറന്ങിവാടാ ഡ്രാക്കുളേ" എന്ന് ഞാൻ കോട്ടവാതിക്കൽ നിന്ന് ഡ്രാക്കുവിനെ വെല്ലു വിളിക്കുകയാണ്.വെല്ലുവിളി കേട്ടിട്ടും ഡ്രാക്ക് ഇറങ്ങിവന്നില്ല. ഡ്രാക്കുവിന്റെ അനക്കമൊന്നും കേട്ടില്ല.കുറച്ച് നേരം കഴിഞ്ഞപ്പോൾ പുറകീന്ന് ആരോ തോണ്ടൂന്നതുപോലെ. ഡ്രാക്കുള തന്നെ. എന്റെ വെല്ലുവിളി കേട്ട് പേടിച്ച് കൊട്ടയുടെ പുറകുവശത്തൂടെ ഓടിയിട്ട് പിന്നീന്ന് പേടിപ്പിക്കാൻ വന്നേക്കുവാണ്.
"പുറകീന്ന് പേടിപ്പിച്ചാൽ ഞാൻ പേടിക്കിലടാ ഡ്രക്കുളേ" എന്ന് പറഞ്ഞ് ഞാൻ തിരിഞ്ഞു. 

"ഉറക്കത്തിൽ എന്തോക്കയാ കിടന്ന് പറയുന്നത്?" എന്നുള്ള ചോദ്യം കേട്ടപ്പോഴാണ് കണ്ണ് തുറന്നത്. കട്ടിലിൽ അവൾ എഴുന്നേറ്റിരിക്കുന്നു. ഹൊ! ഇവളായിരുന്നോ പുറകീന്ന് തോണ്ടിയത്. ഡ്രാക്കുളയെ കാലുമടക്കി തൊഴിക്കാഞ്ഞത് ഭാഗ്യമായി.

"എന്തോന്നാ..ഈ പാതിരായ്ക്ക് എഴുന്നേറ്റിരിക്കുന്നത്?" ഞാൻ അവളോട് ചോദിച്ചു.
"നമുക്കൊന്ന് കമത്തിയാലോ?" അവൾ.
"ഈ പാതിരാത്രിയിലോ?" ഞാൻ.
"നാളെ രാവിലെ കമത്തിയാലും മതി" അവൾ.
"അല്ല, നീ എന്തോന്നാ ഈ പറയുന്നത്?" ഞാൻ.
"ഇന്ന് രാവിലെ വന്ന ആ ചേച്ചി പറഞ്ഞില്ലേ, അങ്ങ് ദൂരെപ്പോയി ഏതാണ്ട് കമത്തുന്ന കാര്യം" അവൾ
"ശരി...നീ ഇപ്പോൽ കിടന്നുറങ്ങ്.. നമുക്ക് രാവിലെ പറയാം"
ഞാൻ വീണ്ടും ഡ്രാക്കുവിനെ പിടിക്കാനായി സ്വപ്നത്തിലേക്ക് കയറി.

പിറ്റേന്ന് രാവിലെ ചായയുമായി വന്ന ഉടനെ അവൾ വീണ്ടും ചോദിച്ചു.
"കമത്താൻ എപ്പോഴാ പോകുന്നത്?"
"നമുക്കൊരു ദിവസം പോകാം" ഞാൻ പറഞ്ഞു.

ഈ ദൈവങ്ങൾക്ക് എന്തിനാണാവോ ഇത്രയും ഉരുളി. വല്ല മൺചട്ടിയോ കലവും ഒക്കെ പോരേ.. അറ്റ്ലീസ്റ്റ് ഒരു ചീനചട്ടികൊണ്ടെങ്കിലും തൃപ്തിപ്പെട്ടുകൂടെ? ഒരു ഓട്ടുരുളിക്ക് എങ്ങനെപോയാലും പത്താറായിരം രൂപയാകും. ദൈവത്തെ കാണാൻ പറ്റുവായിരുന്നെങ്കിൽ അലൂമിനിയം ഉരുളിപോരേ എന്ന് ചോദിക്കാമായിരുന്നു. കുട്ടകം കമത്തിയാൽ ദൈവം പ്രസാദിക്കുമോ? അസ്ഥിവാരം തെളിഞ്ഞ പത്തായപ്പുരയിൽ നെല്ല് പുഴുങ്ങിയിരുന്ന ഒരു കുട്ടകം കിടപ്പുണ്ട്. ആ കുട്ടകം അങ്ങ് കൊണ്ടുപോയി കമത്തിയാലോ? കുട്ടകം വേണ്ട ഉരുളി തന്നെ മതിയന്ന് അവൾക്ക് നിർബന്ധം. മണ്ടപോയ തെങ്ങ് നിൽക്കുന്ന അഞ്ച്സെന്റ് സ്ഥലം ബാങ്കിൽ കാണിച്ച് പതിനായിരം രൂപ കാർഷിക വായ്പ എടൂത്ത് ഓട്ടുരുളിക്ക് ഓർഡർ കൊടുക്കാനായി മാന്നാർക്ക് പോകാൻ ഇറങ്ങുമ്പോഴാണ് ഒരുത്തൻ പറഞ്ഞത് ഓൺലൈൻവഴി ബുക്ക് ചെയതാൽ ഉരുളിക്ക് ആയിരം രൂപ ലാഭം കിട്ടൂമെന്ന്. ഉരുളി കിട്ടൂമ്പോള്‍ കാശ് കൊടുത്താൽ മതി. ഒർഡർ കൊടുത്ത ഉരുളിയും കാത്ത് ഞാൻ ഇരുന്നു.

ഉരുളി വരുന്ന സമയം കൊണ്ട് അവളുടെ വീട് വരെ പോയിട്ട് വരാമെന്ന് അവൾക്ക് നിർബന്ധം. ഉരുളി കമഴ്ത്തികഴിഞ്ഞാൽ പിന്നെ വീട്ടിലൊന്നും പോകാൻ പറ്റില്ലല്ലോ?യാത്ര ഒഴിവാക്കേണ്ട സമയം അല്ലേ? ഞങ്ങൾ അവളുടെ വീട്ടിൽ എത്തി. ഏഴെട്ടുമാസം കഴിഞ്ഞ് നാട്ടിൽ വന്ന പെണ്ണിന്റെ വിശേഷം അന്വേഷിക്കാനായി ആൾക്കാർ വന്നു. പ്രത്യേകിച്ചൊരു വിശേഷവും ഇല്ലാന്ന് കണ്ടുടനെ കോഴിക്കുഞ്ഞ് വിതരണത്തിൽ കോഴിക്കുഞ്ഞിനെ വാന്ങാനായി വന്ന് കോഴിക്കുഞ്ഞിനെ കിട്ടാതെ തിരികെ പോകുമ്പോള് സർക്കാരിനെയും വാർഡ് അംഗത്തേയും കുറ്റം പറയുന്ന അയൽക്കൂട്ട അംഗങ്ങളെപോലെ വിശേഷം തിരക്കാൻ വന്നവർ പിരിഞ്ഞു പോയി.

മാസം രണ്ട് കഴിഞ്ഞിട്ടൂം ഓർഡർ കൊടുത്ത ഉരുളി വന്നില്ല. എവിടെ ഉരുളി എന്ന് ചോദിച്ചാൽ അച്ച് പൊട്ടിപ്പോയി,ഓട് ശരിക്ക് ഉരുകിയില്ല, അച്ചിലൊഴിച്ചപ്പോൾ ഓട് വെളിയിൽ പോയി, കപ്പലു സമരം ,കണ്ടയ്നർ വഴിയിൽ കിടക്കുകയാണ് എന്ന് നൂറു കൂട്ടം കാരണങ്ങൾ. ചേട്ടന്റെ ഉരുളി അടുത്ത ആഴ്ച കിട്ടും എന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് അവന്മാർ ഫോണ്‍ വെയ്ക്കും. ചേട്ടന്റെ ഉരുളി നാളെ കിട്ടൂം, കാശ് എടുത്ത് വെച്ചേക്ക് എന്ന് അവന്മാർ വിളിച്ച് പറഞ്ഞ ദിവസം ഉരുളി വരുന്ന കാര്യം അവളോട് പറയാം എന്ന് വിചാരിച്ച് വീട്ടിൽ ചെന്നപ്പോൾ ഞാൻ കണ്ട കാഴ്ച!!! ഒരു പേപ്പറിൽ കുറേ സംഖ്യകൾ എഴുതി അവൾ വെട്ടിക്കളിക്കുന്നു.. ഇടയ്ക്കിടെ മൊബൈലിൽ നോക്കുന്നു. മുന്നിൽ മൂന്നാലു കലണ്ടർ ഇട്ടിട്ടുണ്ട്. അവയിൽ ഓരോന്നിലും മാറിമാറി അവൾ നോക്കുന്നു.

കർത്താവേ കൈവിട്ടു പോയോ? ഉരുളി കിട്ടാതെ ഇവൾക്കെന്തെങ്കിലും കുഴപ്പം പറ്റിയോ? ഞാൻ വളുടെ അടുത്തേക്ക് ചെന്നു. എന്നെ കണ്ടിട്ടും കണ്ട ഭാവം കാണിക്കാതെ മൊബൈലിലെ കലണ്ടർ ആപ്ലിക്കേഷനിൽ ആരോ കീ വെച്ച് മുന്നോട്ടൂം പുറകോട്ടും തീയതി ഓടിച്ച് കളിക്കുകയാണ്.
"എന്താ" ഞാൻ ചോദിച്ചു.
"എന്റെ ഡേറ്റ് ഇതുവരെ വന്നില്ല" അവൾ പറഞ്ഞു. അവളുടെ സംസാരത്തിനു എന്തോ കുഴപ്പം. അവൾ പറയുമ്പോൾ അവളുടെ മുഖത്ത് ചിരി. ആവശ്യമില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യുന്നതാണല്ലോ ലക്ഷണം!! ഉരുളി പറഞ്ഞ ഡേറ്റിൽ വന്നില്ലന്നാണോ ഇവൾ ഉദ്ദേശിക്കുന്നത്?

ഞാൻ അവളുടെ കൈയ്യിൽ നിന്ന് മൊബൈൽ വാന്ങി നോക്കി. കലണ്ടറിൽ എല്ലാ തീയതിയും ഉണ്ട്. കാര്യങ്ങൾ നയപരമായ രീതിയിൽ കൈകാര്യം ചെയ്യണം.
"സോഫ്റ്റ്‌വെയറിനെ എന്തെങ്കിലും കുഴപ്പം പറ്റിയതുകൊണ്ടായിരിക്കണം ഡേറ്റ് വരാത്തത്. നമുക്ക് വൈകിട്ട് കടയിൽ കൊടുത്ത് സോഫ്റ്റ്‌വെയര്‍ മാറ്റാം" ഞാൻ പറഞ്ഞു

ഞാൻ മൊബൈൽ എടുത്തപ്പോൾ അവൾ നോട്ടം കലണ്ടറിലേക്കാക്കി. ഞാൻ പറയുന്നത് അവൾ കേൾക്കുന്നില്ലന്ന് തോന്നി.
"എനിക്കീ മാസം ഡേറ്റ് ആയില്ല,സമയം കഴിഞ്ഞു.. രണ്ടോ മൂന്നോ ദിവസം ലേറ്റായാലും ഇത്രയും ഡെയിസ് ലേറ്റാവത്തില്ല" അവൾ വീണ്ടും പറഞ്ഞു.

കർത്താവേ ഇത് അതു തന്നെ. ഉരുളി ലേറ്റായതിന്റെ പ്രശ്നം തന്നെ. ഉരുളി നാളെ എത്തും എന്ന് ഞാനിടയ്ക്ക് പറഞ്ഞത് അവൾ കേൾക്കാത്ത ഭാവത്തിൽ ഇരുന്നു. മനസിലെ പ്രതീക്ഷകൾക്ക് താമസം വരുമ്പോൽ ചിലർ ഇങ്ങനെയൊക്കെ പെരുമാറുമയിരിക്കും....

"എനിക്കൊരു ഡൗണ്ട്" അവൾ പറഞ്ഞു.

"അതെ.. എനിക്കും ഡൗട്ട് ഉണ്ട്...തുടക്കത്തിൽ തന്നെ ഡോക്ടരെ കാണിച്ചാൽ.."ഞാൻ ഇടയ്ക്ക് നിർത്തി.

രോഗിക്ക് തന്റെ രോഗത്തെക്കുറിച്ച് മനസിലാക്കാൻ കഴിയുന്നുണ്ടങ്കിൽ ചികിത്സ പെട്ടന്ന് ഫലിക്കുമെന്നല്ലേ?

"നമുക്ക് പോയി ഒരു ഡോക്ടറെ കാണിച്ചാലോ?"ഞാൻ ചോദിച്ചു.

"നമുക്ക് തന്നെ ആദ്യം നോക്കാം..പിന്നെ ഡോക്ടറെ കാണിച്ചാൽ മതി" അവൾ.

"ഇതിനൊക്കെ സ്വയം ചികിത്സ ആപത്താ" ഞാൻ പറഞ്ഞു.

"നമുക്കാദ്യം യൂറിൻ ടെസ്റ്റ് ചെയ്ത് നോക്കാം.. എന്നിട്ട് മതി ഡോക്ടർ" അവൾ പറഞ്ഞു..

കർത്താവേ ഇവൾ എന്തിനുള്ള പരിപാടിയാണ്. അസുഖം തിരിച്ചറിഞ്ഞിട്ടൂം ഡോക്ടറെ പിന്നെ കാണാമെന്ന്..... പക്ഷേ അവളുടെ ചിരി നാണത്തിന്റെ ചിരിയാണന്ന് എനിക്ക് പിന്നീട് മനസിലായി.

ഉരുളി കമിഴ്ത്തിയിട്ട് നോക്കാനെന്ന് പറഞ്ഞ് വാന്ങിയ 'പ്രെഗ് വ്യു' കിറ്റ് അവൾ എടുത്തുകൊണ്ട് വന്നു. കവർ പൊട്ടിച്ച് അതിൽ നിന്നുള്ള ഫില്ലര്‍ ഉപയോഗിച്ച് കിറ്റിലെ ഡിവൈസിലെ സാമ്പിൾ കിണറിൽ മൂന്നു യൂറിൻതുള്ളി ഇറ്റിച്ചു. കെമസ്ട്രി ലാനിൽ കോണിക്കൽ ഫ്ലാസ്ക്കിൽ ആസിഡ് ഒഴിച്ചിട്ട് കളരുമാറുന്നുണ്ടോ എന്നു നോക്കുന്നതുപോലെ ഡിവൈസിൽ തെളിയുന്ന പിങ്ക് ലൈൻ നോക്കി നിന്നു. രണ്ടാമത്തെ പിങ്ക് ലൈൻ തെളിഞ്ഞോ ഇല്ലിയോ?
തെളിഞ്ഞു...
ഇല്ല..
തെളിഞ്ഞു..
തെളിഞ്ഞ് എന്ന് വിചാരിച്ച് നോക്കിയാൽ തെളിഞ്ഞു,തെളിഞ്ഞില്ല എന്ന് വിചാരിച്ച് നോക്കിയാൽ തെളിഞ്ഞില്ല. ഔട്ട് ഡിസിഷൻ ഗ്രൗണ്ട് അമ്പയർ തേർഡ് അമ്പയർക്ക് വിടുന്നതുപോലെ ഞങ്ങളും തീരുമാനം ഡോക്ടർക്ക് വിടാൻ തീരുമാനിച്ചു...

എനിക്ക് എന്നെത്തന്നയും അവളയും അഭിനന്ദിക്കണം എന്നുണ്ടായിരുന്നു. ബാറ്റ് ചെയ്യുന്നവൻ ഔട്ടായി എന്നുള്ള സന്തോഷത്തിൽ ഓടിവന്ന് കൈപിടിച്ച് കുലുക്കുകയും രണ്ട് പെപ്സി അധികത്തിൽ കുടിക്കുകയും ചെയ്തിട്ട് മുന്നാം അമ്പയർ പച്ച ലൈറ്റ് കത്തിച്ചാൽ എന്തോ ചെയ്യും? അതുകൊണ്ട് ഞാൻ അഭിനന്ദനം എന്റെ മനസിൽ തന്നെ വെച്ച് അവളയും കൊണ്ട് ആശുപത്രിക്ക് വിട്ടു. ഡോക്ടർ പച്ച ലൈറ്റ് കത്തിച്ചിട്ട് മതി ആഘോഷപ്രകടനങ്ങൾ.....

ടിക്കറ്റെടുത്ത് ഡോക്ടറുടെ മുറിയുടെ മുന്നിൽ ചെന്നിരുന്നു. പലവലുപ്പത്തിലുള്ളവയറുള്ളവർ. ഭാരപ്പെട്ട് അകത്തെക്ക് കയറിപ്പോകുന്നവർ ഇറങ്ങിവരുമ്പോൾ മുഖത്ത് സന്തോഷം തന്നെ. അവളുടെ പേര് വിളിച്ചപ്പോൾ ഞാനും അവളുടെ കൂടെ അകത്തേക്ക് കയറാനായി വാതിക്കൽ എത്തിയതും നേഴ്സ് പറഞ്ഞു
"ആണുങ്ങൾക്ക് അകത്തേക്ക് പെർമിഷൻ ഇല്ല.." . വെറുതയല്ല ഞാൻ അവളുടെ കൂടെ അകത്തേക്ക് കയറായി ചെന്നപ്പോള്‍ വെളിയിലിരുന്ന പെണ്ണുങ്ങൾ ചിരിച്ചത്...

വേറെഒന്നും ചെയ്യാൻ ഇല്ലാത്തതുകൊണ്ട് ഞാനെന്റെ കൈവിരലിലെ നഖം കടിച്ച് സമയം കളഞ്ഞു. എന്നെപ്പോലെ വേറെ ഒരുത്തനും അടുത്തിരിപ്പുണ്ട്. അവൻ ഏതായാലും എന്നെപ്പോലെ നഖം കടിക്കുന്നില്ല. മൊബൈലിൽ ഏതോ ഫ്ലറ്റ് ബുക്കിമ്ങ് സൈറ്റ് തുറന്ന് ഇരിക്കുവാണ്... കണ്ടിട്ട് വെളിയിൽ നിന്നങ്ങാട്ട് വന്നയാളാണന്ന് തോന്നുന്നു
"ഇത് ഏതാ മാസം" അയാൾ
"ഇത് നവംബർ" ഞാൻ പറഞ്ഞു
"അതല്ല ഞാൻ ചോദിച്ചത്.. ഇത് എത്രാ മാസമാണന്ന്" അയാൾ

"പതിനൊന്നാം മാസം" ഞാൻ പറഞ്ഞു..
"പതിനൊന്നാം മാസമോ? അത്രയൊക്കെ ആവുമോ?..എന്റെ ഭാര്യയ്ക്ക് ഇത് പത്താ.. മറ്റെന്നാളാ ഡേറ്റ്... നാളെ ഓപ്പറെഷൻ ചെയ്യാമോ എന്ന് ചോദിക്കാൻ വന്നതാ... എനിക്ക് മറ്റന്നാൾ തിരിച്ചു പോകണം.. അറബിയാണങ്കിൽ അവിടെനിന്ന് വിളിയോട് വിളിയാ...ഞാനില്ലാതെ അവിടെയൊന്നും നടക്കില്ല് " അയാൾ. ഞാൻ ഒന്നും ചോദിക്കാതെ തന്നെ അയാൾ എന്തക്കയോ പറയുന്നു

"ശരിയാടോ... നീ ചെന്നിട്ട് വേണം ഒട്ടകത്തെ കറക്കാൻ" ഞാൻ മനസിൽ പറഞ്ഞു....

അയാൾ കൂടുതൽ പറയുന്നതിനു മുമ്പ് ഡോക്ടറെ കണ്ടിട്ട് അവൾ വന്നു.
"എന്തായി" ഞാൻ ചോദിച്ചു.
"യൂറിൻ ടെസ്റ്റ് ചെയ്യണം"

യൂറിൻ ടെസ്റ്റ് ചെയ്യാൻ കൊടുത്തിട്ട്, പച്ച ലൈറ്റാണൊ ചുവന്ന ലൈറ്റാണോ മൂന്നാം അമ്പയർ കത്തിക്കുന്നത് എന്ന് സ്ക്രീനിലേക്ക് നോക്കി നിൽക്കുന്ന ബാറ്റ്സ്മാരെപ്പോലെ ഞങ്ങൾ റിസ്ൽട്ടും വരുന്നതും കാത്ത് ലാബിന്റെ മുന്നിൽ ഇരുന്നു.

അവസാനം റിസൽട്ട് വന്നു..
പോസിറ്റീവ്!!!!

ആശുപത്രിയുടെ പടി ഇറങ്ങിയപ്പോൾ അവൾ പതിവുപോലെ ഒരു പടിവിട്ട് രണ്ടാം പടിയിലേക്ക് കാലെടുത്ത് വെച്ചു.
"സൂക്ഷിച്ച് ഓരോ പടിയും ഇറങ്ങ്" ഞാൻ അവളോട് പറഞ്ഞിട്ട് ചുറ്റും നോക്കി. ഞാൻ പറയുന്നത് ആരെങ്കിലും കേട്ടോ.
ഇല്ല ... ഭാഗ്യം.. ആരും കേട്ടീല്ല...
ആരെങ്കിലും കേട്ടിട്ട് സ്ത്രിവിരുദ്ധ അഭിപ്രായം എന്നെങ്ങാണം പറഞ്ഞ് ഫേസ്ബുക്കിൽ ഇട്ടാലോ??

വീട്ടിൽ ചെന്ന് കയറിയപ്പോൾ ഞങ്ങളയും കാത്ത് ഒരുത്തൻ സിറ്റൗട്ടിൽ ഇരിപ്പുണ്ട്.
5000 രൂപയുടെ ഉരുളിയുമായി !!!

അന്ന് രാത്രിയിൽ ഡ്രാക്കുള പ്രഭുവിന്റെ കോട്ട ചാടിക്കടക്കാൻ നിൽക്കുന്ന എന്നെ അവൾ വീണ്ടും പുറകീന്ന് വിളിച്ചു...
"എന്താ"
"ഞാനൊരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടുമോ?"
"ഇല്ല...പക്ഷേ ഇനിയും ഉരുളി വേണമെന്ന് പറയരുത്..."
"സത്യമായിട്ട് ദേഷ്യപ്പെടില്ലല്ലോ..."
"ഇല്ലന്നേ.. നീ പറ..."
"എനിക്കിച്ചിരി പുളി കൊണ്ടുത്തരുമോ?"
"ഈ പാതിരാത്രിയിലോ?"
"എനിക്കിപ്പം ഒരാഗ്രഹം..ഇച്ചിരി പുളി തിന്നണമെന്ന്"

കർത്താവേ..ഈ പാതിരാത്രിയിൽ ഞാനെവിടെ നിന്ന് പുളി കൊണ്ടു കൊടുക്കും. വീശേഷമായിട്ട് അവളാദ്യമായി ആവശ്യപ്പെട്ട സാദനം!! അതും പാതിരാത്രിയിൽ....

പെട്രോമാക്സും ചാക്കുമായി പാതിരാത്രിയിൽ മാക്രിയെ പിടിക്കാൻ പോകുന്നതുപോലെ , ഭീമൻ സൗഗന്ധിക പുഷ്പം തേടിപ്പോയതുപോലെ ഞാൻ ഒരു ടോർച്ചുമായി ഇറങ്ങി... പുളി തേടി ....
*******************

നിയമപ്രകാരമല്ലാത്ത മുന്നറിയിപ്പ് :: ഇതെന്റെ ആത്മകഥയിലെ ഭാഗം അല്ല (ലേബൽ നോക്കുക)
: :: ::