Saturday, June 18, 2011

തവളക്കുഴി പഞ്ചായത്തിലെ നിരാഹാര സമരം

ഉച്ച മയക്കത്തിലായിരുന്നു തവളക്കുഴി പഞ്ചായത്തിലെ പ്രതിപക്ഷ നേതാവായ അന്തപ്പന്‍. ഉച്ചയുറക്കം എന്ന് പറഞ്ഞാല്‍ ഉച്ചയ്ക്കത്തെ ഊണ് കഴിഞ്ഞിട്ടുള്ള നാലുമണിവരെയുള്ള ഉറക്കം. പ്രതിപക്ഷ നേതാവായതുകൊണ്ട് പ്രത്യേകിച്ചൊരു പണിയും ഇല്ല. ദിവസം പത്തമ്പത് ഷീറ്റു കിട്ടും, പിന്നെ അല്ലറ ചില്ലറ പരിപാടിയും ഒക്കെയുള്ളതുകൊണ്ട് മാത്രം വര്‍ഷങ്ങളായി ജനസേവനത്തിന് ഇറങ്ങിയതാണ്. കര്‍കടകത്തിലെ സുഖ ചികിത്സ ഒക്കെ കഴിഞ്ഞിട്ട് പഞ്ചായത്തില്‍ ഭരണ സമിതിക്കെതിരെ സമരം തുടങ്ങിക്കളയാം എന്നൊക്കെ കരുതി കിടന്നുറങ്ങിയതാണ് അന്തപ്പന്‍. ഉറക്കത്തിന്റെ അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് സന്തത സഹചാരിയായ കുരിശും മൂട്ടില്‍ തോമാ കയറി വന്നത്. അന്തപ്പന്‍ ഉറങ്ങുന്നടത്തേക്ക് വരെ കയറിവരാന്‍ തോമായ്ക്ക് ആരുടേയും അനുവാദം ആവിശ്യമില്ല.
“അന്തപ്പണ്ണാ അന്തപ്പണ്ണാ.. എഴുന്നേല്‍ക്ക് “ തോമാ അന്തപ്പനെ വിളിച്ചുണര്‍ത്തി
“എന്തോന്നാടാ കാര്യം.. മനുഷ്യനെ ഉറങ്ങാന്‍ സമ്മതിക്കില്ലേ?”
“അണ്ണാ നമുക്ക് പെട്ടന്നൊരു സമരം തുടങ്ങണം”
“എന്ത് സമരം”
“ഒരു നിരാഹാര സമരം”
“നിരാഹാര സമരമോ? എന്തിന് ?”
“അതൊക്കെ ഉണ്ടണ്ണാ.. നിരഹാര സമരമാ ഇപ്പോഴത്തെ ട്രന്‍ഡ്”
“ആര് നിരാഹാരം കിടക്കും”
“അന്തപ്പണ്ണന്‍ തന്നെ”
“ഞാനോ, വയറു നിറച്ച് കഴിച്ചിട്ടാ ഞാന്‍ പള്ളിയില്‍ പോയി കുര്‍ബ്ബാന പോലും കൊള്ളുന്നത്. ആ ഞാനാണോ നിരാഹാരം കിടക്കൂന്നത്?”
“അണ്ണന്‍ കിടന്നാലേ സമരത്തിന് ഒരിത് വരൂ..”
“അല്ല എന്തിനാ സമരം എന്ന് നീ പറഞ്ഞില്ലല്ലോ?”
“അതാ അണ്ണാ ഒരു പ്രശ്നം. നമുക്കാദ്യം സമരത്തിനു പറ്റിയ കുറേ കാരണങ്ങള്‍ കണ്ടു പിടിക്കണം”
“എടാ കര്‍ക്കടകം കഴിഞ്ഞിട്ട് പോരേ സമരം”
“അതു പോരാ അണ്ണാ, ആ സമയം ആകുമ്പോഴേക്കും നിരാഹാര സമരത്തിന്റെ ട്രെന്‍ഡ് അങ്ങ് മാറും.. നമുക്കിപ്പോള്‍ തന്നെ സമരം നടത്തണം”
“അതിപ്പോള്‍ ഷുഗറും പ്രഷറും ഒക്കെയുള്ള ഞാനെങ്ങനയാടാ നിരാഹാരം കിടകൂന്നത്?”
“അതു കുഴപ്പമില്ലണ്ണാ, ഇടയ്ക്കിടയ്ക്ക് മരുന്ന് കഴിക്കാനുണ്ടന്ന് പറഞ്ഞ് റൂമിലേക്ക് കയറി ഫുഡ് അടിക്കാമല്ലോ?”
“അപ്പോ ഫുഡിന്റെ കാര്യത്തില്‍ തീരുമാനം ആയി.. പക്ഷേ ഇപ്പോഴത്തെ മഴയും ചൂടും എനിക്ക് പിടിക്കില്ല”
“നമുക്ക് നിരാഹാരം എസി ഹാളിലാക്കിയാല്‍ പോരോ.. ഇപ്പോള്‍ സുവിശേഷ പ്രസംഗങ്ങള്‍ വരെ ആളെക്കൂട്ടാന്‍ എ‌സി ഹാളിലല്ലേ നടത്തുന്നത്”
“ആളിനെക്കുറിച്ച് പറഞ്ഞപ്പോഴാ ചിന്തിച്ചത്.. നമ്മളു നിരാഹാരം നടത്തിയാല്‍ ആളു വരുമോടാ തോമാ?”
“ആളിനെക്കുറിച്ച് ഓര്‍ത്ത് അന്തപ്പനണ്ണന്‍ വിഷമിക്കേണ്ട. വരുന്നവര്‍ക്കേല്ലാം ചിക്കന്‍ ബിരിയാണി കൊടുക്കാം. വേണമെങ്കില്‍ പാര്‍ട്ടി ഫണ്ടില്‍ നിന്ന് ഓരോരുത്തര്‍ക്കും നൂറു രൂപയും കൊടുക്കും”
“ബിരിയാണി കൊടുത്താല്‍ ആളു വരുമോടാ...”
“അണ്ണന്‍ ഇങ്ങനെയൊക്കെ ചോദിച്ചാല്‍ ഞാന്‍ ചുറ്റിപ്പോകും. ആളെ കൂട്ടാന്‍ വേറെ ഒരു ഐഡിയ എനിക്കുണ്ട്”
“എന്തോന്നാടാ ആ ഐഡിയാ”
“നമുക്ക് മറ്റേ ടീംസിനെ ഇറക്കാം”
“ഏത് ടീമിനെ”
“ചിയര്‍ ഗേള്‍സിനെ”
“അതെന്തിനാടാ തോമാ”
“നമുക്ക് ദേശഭക്തിഗാനം ഒക്കെ പാടി അവരെ കൊണ്ട് ഡാന്‍സ് കളിപ്പിക്കാം. ആള്‍ക്കാര്‍ക്ക് ഒരു ഇന്റ്‌റെസ്റ്റ് ആവുകയും ചെയ്യും ചിക്കന്‍ ബിരിയാണി അടിച്ചതിന്റെ ക്ഷീണവും മാറും”
“അത് നല്ല ഐഡിയായാ തോമാ”
“നല്ല നല്ല ഐഡിയാകളേ ഈ തോമാ, അന്തപ്പനണ്ണന് പറഞ്ഞു തരൂ”
“എടാ തോമാ, നമ്മുടെ സമരം ചാനലുകാരൊക്കെ ടിവിയില്‍ കൊടുക്കുമോ?”
“കൊടുക്കമണ്ണാ..അവരാ ഈ സമരത്തിന്റെ പ്രൊമോട്ടര്‍മാര്‍. അവര്‍ തീരുമാനിക്കുന്ന സമയത്തേ സമരം തുടങ്ങാവൂ എന്ന് മാത്രം”
“ഹൊ! അങ്ങനെയാണോ... ഇനി നീ നമ്മളു ചെയ്യുന്ന സമരത്തിന്റെ ആവിശ്യങ്ങള്‍ പറയൂ..”
“അതാ അന്തപ്പണ്ണാ വിഷമം. ഒരിക്കലും പഞ്ചായത്തിന് സമ്മതിക്കാന്‍ പറ്റാത്ത അഞ്ച് കാര്യങ്ങള്‍ നമുക്ക് കണ്ടത്തണം. ആ കാര്യങ്ങള്‍ കേട്ടാല്‍ ജനങ്ങള്‍ ഞെട്ടണം. ഇതെന്താ ആ പഞ്ചായത്തുകാര്‍ക്ക് അങ്ങ് സമ്മതിച്ചാല്‍ എന്ന് ജനങ്ങള്‍ക്ക് തോന്നണം”
“എന്താടാ ഇപ്പം പറയാന്‍ പറ്റുന്ന ആവിശ്യങ്ങള്‍..”
“ഉണ്ടണ്ണാ”
“എന്നാ നീ പറ”
“എനിക്കൊന്ന് ആലോചിക്കണം”
“ശരി നീ ഒന്നിരുന്ന് ആലോചിക്ക്... ഇലക്ഷനില്‍ തകര്‍ന്നിരിക്കുന്ന നമ്മുടെ പാര്‍ട്ടിക്ക് ഒരു ഉത്തേജനം ആയിരിക്ക്ണം ഈ നിരാഹാരം”
“അതൊക്കെ ഞാനേറ്റു അണ്ണാ...”
“എടാ തോമാ, ഞാന്‍ നിരാഹാരം കിടന്ന് ചാവുമോടേ?”
“അണ്ണനെന്ത് മാതിരി ചോദ്യങ്ങളാ ചോദിക്കുന്നത്”
“എടാ പത്രത്തില്‍ നീ വായിച്ചില്ലേ? ഒരാള്‍ നിരാഹാരം കിടന്ന് മരിച്ചന്ന്”
“അണ്ണാ ലവനൊങ്ങും നിരാഹാരം കിടക്കാന്‍ അറിയത്തില്ലന്നേ.... അണ്ണാ നിരാഹാരം നടത്തുന്നതിനു മുമ്പ് മൂന്നാലു പത്ര സമ്മേളനം നടത്തണം. പിന്നെ ചാനലുകാരെ അവിടെ കൊണ്ടു വന്നിരുത്തണം. അവര്‍ക്ക് ക്യാമറ വയ്ക്കാന്‍ സ്റ്റാന്‍ഡ് ഉണ്ടാക്കി കൊടുക്കണം.. ഫുഡ് കൊടുക്കണം... ന്യൂസ് അവറുകളില്‍ ചര്‍ച്ച ചെയ്യാനായി നമ്മുടെ ആള്‍ക്കാരെ ഇറക്കണം.. ഇതൊന്നും ചെയ്യാതെ നിരാഹാരം കിടന്നാല്‍ തട്ടിപ്പോയന്നൊക്കെ ഇരിക്കും”
“അപ്പോ ഞാന്‍ ത്ട്ടിപ്പോകുമോടാ..”
“ഇല്ലണ്ണാ.. ഇപ്പോള്‍ തന്നെ ഞാന്‍ അടുത്ത തിങ്കളാഴ്ചത്തെ ന്യൂസ് ടൈം ഒക്കെ ബുക്ക് ചെയ്തിട്ടൂണ്ട്. നമുക്ക് തിങ്കളാഴ്ച രാവിലെ സമരം തുടങ്ങണം”
“അതെന്താടെ തിങ്കളാഴ്ച...”
“അണ്ണാ തിങ്കളാഴ്ചയാ നല്ല ദിവസം... നമ്മുടെ ഈ നിരാഹാരം വിജയിക്കണമെങ്കില്‍ ഫെസ് ബുക്കന്നോ റ്റിറ്ററന്നോ ബസന്നൊക്കെ പറയുന്ന കുന്ത്രാണ്ടങ്ങളില്‍ ചര്‍ച്ച വരണം. പിള്ളാര് കുട്ടപ്പന്മാരായി ജോലിക്ക് വരുന്നത് തിങ്കളാഴ്ച ദിവസങ്ങളിലാ.... “
“എടാ ഫേസ് ബുക്ക് റ്റിറ്റര്‍ ബസ് എന്നോകെ പറയുന്നത് എന്താണന്ന് എനിക്കറിയത്തില്ല...”
“എന്താണന്ന് എനിക്കും അറിയില്ല അണ്ണാ. അതിലൊക്കെ അണ്ണനെക്കുറിച്ച് പൊക്കി എഴുതാന്‍ ഞാന്‍ ടീംസിനെ ഏര്‍പ്പാടാക്കിയിട്ടുണ്ട്..”
“അപ്പോ കാശൊക്കെ...”
“കാശില്ലാതെ പരിപാടിയൊന്നും വിജയിക്കത്തില്ല.. കാശിറക്കണം.. കാശിറക്കിയാലേ കാശു വാരാന്‍ പറ്റൂ..”
“കൈവിട്ട കളി ആകുമോടാ തോമാ”
“അതില്ലണ്ണാ... സമരം പൊളിഞ്ഞാലും അണ്ണനെക്കുറിച്ച് ലോകത്തെല്ലാം വാര്‍ത്ത എത്തും“
“നീ നിരാഹാര സമരത്തിനു പറയേണ്ട ആവിശ്യങ്ങള്‍ പറ...”
“ഒന്ന്. നമ്മുടെ പഞ്ചായത്തിലെ എല്ലാ കുട്ടികള്‍ക്കും ദിവസം ഒരു ലിറ്റര്‍ പാല്‍ വീതം നല്‍കണം.
രണ്ട്. പഞ്ചായത്തില്‍ ജോലി ചെയ്യുന്നവര്‍ക്കേല്ലാം തുല്യ വേതനം.
മൂന്ന്. പഞ്ചായത്ത് പ്ലസ്‌ ടു സ്കൂളിലെ പ്രവേശനത്തെക്കുറിച്ച് അന്വേഷണം.
നാല് : പഞ്ചായത്തിനു വെളിയിലുള്ള ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്ന നമ്മുടെ പഞ്ചായത്ത് ആള്‍ക്കാരുടെ പണം നമ്മുടെ സര്‍വ്വീസ് സഹകരണബാങ്കില്‍ കൊണ്ടു വന്ന് ഇടണം.
അഞ്ച് : എല്ലാവര്‍ക്കും മാസം അമ്പതുകിലോ അരിയും അഞ്ഞൂറ് രൂപയും “  തോമാ പറഞ്ഞ് നിര്‍ത്തി.
“എടാ തോമാ ഇതൊക്കെ ആരെങ്കിലും സമ്മതിച്ചു തരുന്ന കാര്യമാണോ?”
“അല്ലന്ന് അണ്ണനും അറിയാം എനിക്കും അറിയാം.. ബ്ലഡി കണ്ട്രി ഫെലോസ് നമ്മുടെ സമരത്തിന് പിന്നില്‍ അണിനിരക്കണമെങ്കില്‍ ഇങ്ങനെയൊക്കെ ചെയ്യണം”
“എടാ .. നീ ഈ പറഞ്ഞ അഞ്ച് കാര്യങ്ങളും കൈയ്യടി വാങ്ങിക്കാന്‍ കൊള്ളാം. ഇത് നമുക്കിട്ട് തന്നെ തിരിഞ്ഞു കൊത്തുമോ?”
“അതൊന്നും പറയാന്‍ പറ്റില്ല അണ്ണാ...”
“ഈ രണ്ടും നാലും നമുക്കങ്ങ് ഒഴിവാക്കിയാലോ?”
“അണ്ണനെന്തിനാ ഇങ്ങനെ പേടിക്കുന്നത്?”
“എടാ നമ്മുടെ റബര്‍ തൊട്ടത്തില്‍ ടാപ്പ് ചെയ്യുന്നവന്മാര്‍ കൂലി കൂട്ടണമെന്ന് പറഞ്ഞ് വെട്ടാന്‍ വരാതിരുന്നപ്പോള്‍ നമ്മള്‍ തമിഴ് നാട്ടില്‍ നിന്നല്ലിയോ ആളെ ഇറക്കി റബര്‍ വെട്ടിയത്. ഞാനാണങ്കില്‍ എന്റെ എല്ലാ കാശും ഇട്ടിരിക്കുന്നത് ബ്ലേഡുകാരുടെ ബാങ്കിലാ..”
“അതൊന്നും കാര്യമാക്കേണ്ടാ അണ്ണാ....”
“നിരാഹാരം കിടന്നിട്ട് ഞാനവസാനം നാണം കെട്ട് വീട്ടില്‍ തന്നെ തലയില്‍ തുണിയിട്ട് ഇരിക്കേണ്ടി വരുമോ?”
“അണ്ണനൊന്നും പേടിക്കേണ്ട.. നമ്മുടെ പുറകില്‍ അണികളില്ലേ.... അണ്ണനെതിരെ എന്തെങ്കിലും ആരോപണം വന്നാല്‍ രാഷ്ട്രീയ പകപോക്കല്‍ എന്ന് പറഞ്ഞ് പത്രസമ്മെളനം നടത്തിയാല്‍ മതി”
“എന്നാ പിന്നെ നമുക്കങ്ങ് നിരാഹാരം തുടങ്ങാമല്ലേ...”
“ജയ് ജയ് അന്തപ്പന്‍.... നിരാഹാര സമരം സിന്ദാബാദ്...ജയ്..ജയ്....”
“നീ ഇപ്പോഴേ ജയ് വിളിച്ച് തൊണ്ടയിലെ വെള്ളം പറ്റിക്കാതെ.. നമുക്ക് തിങ്കളാഴ്ച മുതല്‍ ജയ് വിളിക്കാം”
“എന്നാ ശരി അണ്ണാ.. ഞാന്‍ പോയി ടിവിക്കാരേയും ഫ്ലകസുകാരയും പന്തലുകാരേയും ഒക്കെ കണ്ടിട്ട് രാത്രിയില്‍ വരാം.... നമുക്കൊന്ന് കൂടാം...”
തോമാ ഇറങ്ങിയതും അന്തപ്പന്‍ ഗ്യാപ്പു വീണ ഉറക്കം തുടരാനായി കിടന്നു....  സ്വപ്നങ്ങളില്‍ താനൊരു ഗാന്ധിയാകുന്നത് അയാള്‍ അറിഞ്ഞു.


നാളെ എഴുതപ്പെടുന്ന ചരിത്രത്തില്‍ അന്തപ്പനെ രണ്ടാം ഗാന്ധിയായി വാഴ്‌ത്തത്തില്ലന്ന് ആരറിഞ്ഞു
: :: ::