Tuesday, March 10, 2009

ശകുന്തളയുടെ വെപ്പുമുല :

ഒന്നരമാസത്തെ മാരത്തണ്‍ ചര്‍ച്ചയ്ക്ക് ശേഷം അവസാനം അവര്‍ ഒരു തീരുമാനത്തില്‍ എത്തി. സൌഹൃദയം ക്ലബിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് ഈ വര്‍ഷവും നാടകം നടത്തുക. ഇത്രയും കാലം നടത്തിയ സാമൂഹ്യനാടകങ്ങള്‍ക്ക് പകരം സ്വന്തമായിട്ട് നാടകം അവതരിപ്പിക്കുക.സാമ്പത്തിക പ്രതിസന്ധിയും ആഗോളവത്ക്കരണവും കൊണ്ടൊക്കെ പിരിവ് ശോഷിക്കും എന്നുള്ളതുകൊണ്ട് മാത്രമാണ് സ്വന്തമായിട്ട് നാടകംഅവതരിപ്പിക്കാന്‍ തീരുമാനിച്ചത്. സംഭാവനകള്‍ കൂമ്പാരമായാലേ പരിപാടികള്‍ ഗംഭീരമാവുകയുള്ളു എന്നറീയാമെങ്കിലും കൈവിട്ട കളി വേണ്ടാ എന്നാണ് പൊതുവായ തീരുമാനം. പ്രൊഫഷണല്‍ വിളിച്ചുകൊണ്ട് നാടകം നടത്തിയിട്ട് കൊടുക്കാന്‍ കാശ് തികയാതെ വന്നാല്‍ തെണ്ടിപ്പോകും. കഴിഞ്ഞ വര്‍ഷമൊക്കെ പിരിവ് നഷ്ടമാണങ്കിലും പരിപാടികള്‍ ഗംഭീരമായിരുന്നു. അന്ന് റബ്ബറിന് കിലോയ്ക്ക് നൂറ്റിനാല്‍പ്പതായിരുന്നു വില. വീടുകളില്‍
ഉണക്കാന്‍ ഇട്ടിരിക്കുന്ന ഷീറ്റുകളില്‍ ഒന്നവച്ച് ഒരമ്പതുവീട്ടില്‍ നിന്ന് അടിച്ചുമാറ്റിയാല്‍ പിരിവിലെ നഷ്ടം മാറുമായിരുന്നു. അതൊന്നുംപറഞ്ഞിട്ട് ഇനി കാര്യമില്ല. സ്വന്തമായിട്ട് നാടകം അവതരിപ്പിക്കുക തന്നെ.

പലരും പല കഥ പറഞ്ഞു. എല്ലാവര്‍ക്കും കഥ ഇഷ്ടപ്പെട്ടങ്കില്‍ മാത്രമേ കഥ നാടകമാവു കയുള്ളു. ഓഡിയന്‍സിനെ പിടിച്ചിരുത്തുന്ന നാടകമായിരിക്കണം തട്ടില്‍ കയറേണ്ടത്. സുന്ദരിയായ നായികയുണ്ടായിരിക്കണം. രണ്ട് പാട്ടെങ്കിലും കുറഞ്ഞത് ഉണ്ടായിരിക്കണം. അതില്‍ ഒരു പാട്ട് നായകനും നായികയും മാത്രം ഉള്ളതായിരിക്കണം. ഇങ്ങനെയൊരു നിബന്ധനവച്ചത് തരകനാണ്. ഈ നിബന്ധന അനുസരിച്ചാല്‍ ക്ലബിന് ലാഭമാണ്. നാടകം തട്ടില്‍ കയറാനുള്ള കാശ് തരകന്‍ ചിലവാക്കും. പക്ഷേ ഒരു കണ്ടീഷനൂടെയുണ്ട്. തരകനെ നായകനാക്കണം. നായകവേഷംകെട്ടി പെണ്മണികളുടെ മനസില്‍ കയറിക്കൂടാം എന്നുള്ള ആശയില്‍ ക്ലബിന്റെ സ്വന്തം നാടകത്തിനുവേണ്ടി കൈപൊക്കിയവര്‍ വിഷാദരായി. തരകന്‍ കാശ് മുടക്കുന്നതുപോലെ കാശ് മുടക്കാന്‍ തങ്ങളെകൊണ്ട് ആവില്ല. ഏതെങ്കിലും ഒരു രംഗത്തിലെങ്കിലും പ്രത്യക്ഷപെട്ട് കൈയ്യടി വാങ്ങാംഎന്നുള്ള പ്രതീക്ഷ യില്‍ നായകവേഷം തുന്നിച്ചവര്‍ തരകന്റെ പിന്നില്‍ അണിനിരന്നു. നാടകത്തിനുമുന്നേ നായകനെ തിരഞ്ഞെടുത്ത സ്ഥിതിക്ക് സൂപ്പര്‍ സ്റ്റാര്‍ സിനിമകളെപ്പോലെ നായകന് പറ്റിയ നാടകത്തിന് തിരച്ചില്‍ ആരംഭിച്ചു.

നാടകം അന്വേഷിച്ചു തരകന്റെ കൈയ്യില്‍ നിന്ന് വഴിക്കാശ് വാങ്ങിപ്പോയവര്‍ ഒരാഴ്ച കഴിഞ്ഞ് ചന്തയില്‍ നിന്ന് വരുന്ന പട്ടിയെപ്പോലെ തിരികെയെത്തി. തരകന്റെ നിലയക്കും വിലയ്ക്കും പറ്റിയ നാടകം അവര്‍ക്കാര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞില്ല. മണ്ഡരിബാധിച്ച തെങ്ങുപോലെ തന്റെ നാടകം സ്വപ്നം ഉണങ്ങിപ്പോകാതിരിക്കാന്‍ തനിക്ക് പറ്റിയ നാടകം അന്വേഷിച്ച് തരകന്‍ തന്നെ കളത്തിലിറങ്ങി. അന്വേഷിച്ചാല്‍ കണ്ടത്താത്ത വഴിക ളുണ്ടോ? മുട്ടിയതുറക്കാത്ത വാതിലുണ്ടോ? ആര്‍ക്കുവേണമെങ്കിലും എങ്ങനെവേണമെങ്കിലും അഭിനയിച്ച് രക്ഷപ്പെടുത്താവുന്ന നാടകത്തെക്കുറിച്ച് തരകന്‍ അറിഞ്ഞത് ഈ അന്വേഷ ണത്തിലാണ്. നാടകത്തെക്കുറിച്ച് പറഞ്ഞത് ചങ്ങനാശേരി വാസ് എന്ന സ്വയം‌ പ്രഖ്യാ പിത നാടക സംവിധായകനായ വാസു. ചങ്ങനാശേരി ബസ്‌ സ്റ്റാന്‍ഡിനുമുന്നില്‍ വര്‍ഷങ്ങ ളായി കപ്പലണ്ടിക്കച്ചവടം നടത്തിവന്ന വാസുതരകനുമായുള്ള ചര്‍ച്ചയ്‌ക്കൊടുവില്‍ സ്വന്തം നാടകം തരകനെ നായകനാക്കി സംവിധാനം ചെയ്യാമെന്ന് ഏറ്റു. തരകന്‍ സൌഹൃദയം ക്ലബിന്റെഅടിയന്തരയോഗം വിളിച്ചുകൂട്ടി. ക്ലബ് മെമ്പര്‍മാരോട് ചങ്ങനാശേരി വാസ് നാടകക്കഥ പറഞ്ഞു.

നാടകത്തിന്റെ കഥ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. പക്ഷേ നാലഞ്ചുപേര്‍ ഈ നാടകത്തിന്റെ കഥ എവിടയോ കേട്ടിട്ടുണ്ട് എന്ന് സംശയം പ്രകടിപ്പിച്ചു.ഒരു സന്യാസി തനിക്ക് വഴിയില്‍ നിന്ന് കിട്ടിയ പെണ്‍കുട്ടിയെ സ്വന്തം മകളെപ്പോലെ വളര്‍ത്തുന്നു. വളര്‍ന്ന മകളെ വേലക്കാരോടൊപ്പം ആക്കിസന്യാസി യോഗ പഠിപ്പിക്കാന്‍ വിദേശത്ത് പോകുന്നു. പെണ്‍കുട്ടിക്ക് മിസ്‌ഡ് കോള്‍ വന്ന നമ്പരിലേക്ക് പെണ്‍കുട്ടി തിരിച്ചു വിളിക്കുന്നു. നമ്പരിന്റെ ഉടമസ്ഥനുമായി പ്രണയത്തിലാകുന്ന പെണ്‍കുട്ടി ചാറ്റിങ്ങിലൂടയും ഫോണ്‍ വിളികളിലൂടയും ആയാളുമായി സല്ലപിച്ചു നടക്കുന്നു. അയാളോടൊത്ത് ടൂര്‍ പോകാമെന്ന് പെണ്‍കുട്ടി സമ്മതിക്കുന്നു. ഒരാഴ്ചത്തെ ടൂര്‍ കഴിഞ്ഞുവന്ന പെണ്‍കുട്ടിക്ക് അയാള്‍ ഒരു മൊബൈല്‍ സമ്മാനിക്കുന്നു. അവള്‍ ആ മൊബൈലില്‍ അയാളുടെ നമ്പര്‍ മാത്രം സേവ് ചെയ്യുന്നു. അവളുടെ കൈയ്യില്‍ നിന്ന് ആ ഫോണ്‍ നഷ്ടപ്പെടുന്നു. യോഗയൊക്കെ പഠിപ്പിച്ചുവന്ന സന്യാസി മകള്‍ ഗര്‍ഭിണിയാണന്ന് അറിഞ്ഞ് ഗര്‍ഭസത്യാഗ്രഹം ഇരിക്കാന്‍ അയാളുടെ വീട്ടിലേക്ക് പോകുന്നു. അവളെ കണ്ടിട്ടും അയാള്‍ക്ക് മനസിലാവുന്നില്ല. അവസാനം നഷ്ടപ്പെട്ട ഫോണ്‍ അവള്‍ക്ക് തിരിച്ചു കിട്ടി അതില്‍ നിന്ന് അയാളെ വിളിക്കുന്നു. അവളെക്കുറിച്ച് ഓര്‍മ്മ വന്ന അയാള്‍ അവളെ കെട്ടിപ്പിടിച്ച് സ്വീകരിക്കു ന്നതോടെ നാടകം അവസാനിക്കുന്നു. താന്‍ സംവിധാനം ചെയ്യുന്ന നാടകത്തീന്റെ കഥ പറഞ്ഞ് രണ്ടുവട്ടുസോഡ ചങ്ങനാശേരി വാസ് അകത്തേക്ക് ഒഴിച്ചു. പണ്ട് തങ്ങള്‍ സ്കൂളില്‍ പഠിച്ച കാളിദാസന്റെ ശാകുന്തളം ആണ് ചങ്ങനാശേരി വാസിന്റെനാടകം എന്ന് തിരിച്ചറിഞ്ഞ സൌഹൃദയം ക്ലബിലെ നാടകസ്‌നേഹികള്‍ അടുത്ത കോട്ടയം ഫാസ്റ്റിനു തന്നെ വാസിനെ കയറ്റി വിട്ടു. ഏതായാലും ഇനി നാടകം കളിക്കാതിരിക്കാന്‍ പറ്റില്ല. ശാകുന്തളം തന്നെ നാടകമാക്കി യുപി സ്ക്കൂളിലെ മലയാളം സാറായ ഗോപിസാറിനെ ശാകുന്തളം നാടകമാക്കിസംവിധാനം ചെയ്യാന്‍ ഏല്‍പ്പിച്ചു. പ്രതിഫലം വാങ്ങാതെ നാടകം സംവിധാനം ചെയ്യാമെന്നും അതിനുപകരമായി താന്‍ തന്നെ എഴുതിച്ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ മാത്രമേ നാടകത്തില്‍ ഉള്‍പ്പെടുത്തൂ എന്നും പ്രഖ്യാപിച്ച് ഗോപിസാര്‍ സ്കൂളില്‍ നിന്ന് ഒരാഴ്‌ച അവിധിയെടുത്ത്നാടകത്തിന്റെ പണിപ്പുരയിലേക്ക് കയറി.

നാടകം എഴുതിത്തീര്‍ഈ്നപ്പോഴേക്കും നായിക ഒഴികെ എല്ലാ അഭിനേതാക്കളും റെഡി. ശകുന്തള ആകാന്‍ മാത്രം ആളില്ല. തരകന്റെ നായികയായി അഭിനയിക്കുന്നതിലും നല്ലത് ഏതെങ്കിലും ബലാത്സംഗക്കാരനെ കെട്ടുന്നതാണന്ന് വരെ ചില പെണ്‍ക്കൊച്ചുങ്ങള്‍ തുറന്നു പറഞ്ഞു. തരകന്‍ ദുഷ്യന്തന്‍ വേഷം അഴിച്ചുവച്ചാല്‍ ഏഴെട്ടുപെണ്ണുങ്ങള്‍ ശകുന്തളയാവാന്‍ റെഡി. അയ്യായിരം രൂപയോളം ഇതുവരെ നാടകത്തിനുവേണ്ടി മുടക്കിയതരകന്‍ ഇനി വേഷം അഴിക്കുന്നതിലും നല്ലത് നാടകം തട്ടില്‍കയറാതിരിക്കുന്നതാണ്. നാട്ടില്‍ നിന്ന് ശകുന്തളയാകാന്‍ ആളില്ലാതെവന്നപ്പോള്‍ നാടിനുപുറത്തേക്കായി അന്വേഷണം. കലൂര്‍ വസന്ത, തിരുനക്കര അമ്മിണി, ലളിത പൂജപ്പുര തുടങ്ങിയ പ്രശിസ്തരായ ലൈവ് ഡ്രാമാ നടികള്‍ എത്തിയെങ്കിലും തരകനോടൊന്നിച്ച് രണ്ട് പാട്ടുകളില്‍ ഇഴചേര്‍ന്ന് അഭിനയി ച്ചാല്‍ പിറ്റേന്ന് മുതല്‍ തങ്ങളുടെ ജോലിക്ക് പോകാന്‍ പറ്റില്ല എന്നുള്ളതിരിച്ചറിവില്‍ അവരെല്ലാം ഒരു ദിവസത്തെ ക്യാമ്പിനുശേഷം സ്ഥലം വിട്ടു. ശകുന്തളയില്ലാതെ നാടകം നടക്കില്ല. അവസാനം ഒരു തീരുമാനത്തില്‍ എത്തി. ആരെങ്കിലും പെണ്‍‌വേഷം കെട്ടുക. ചന്ദ്രു എന്ന ചന്ദ്രഹാസന്‍ അങ്ങനെ ശകുന്തളയായി. മരിക്കുന്നതിനുമുമ്പ് നാടകത്തിലെ ങ്കിലും പെണ്ണാവുക എന്നുള്ള തന്റെ സ്വപ്നം നിവൃത്തിക്കായി ചന്ദ്രു ഒരൊറ്റ ദിവസം കൊണ്ടു തന്നെ എല്ലാ ഡയലോഗുകളും പഠിച്ചു.

ചന്ദ്രു എങ്കില്‍ ചന്ദ്രു. ചന്ദ്രു എന്ന നായികയുമായി നാടക റിഹേഴ്‌സല്‍ മുന്നേറി. ചന്ദ്രു എന്ന ചന്ദ്രഹാസന്‍ ആണ് നാടകത്തില്‍ ശകുന്തളയാകുന്നത്എന്നത് രഹസ്യമായി ഇരിക്കാന്‍ സൌഹൃദയം ക്ലബിലെ നാടകയൂണിറ്റ് ശ്രദ്ധിച്ചു. ഡ്രസ് റിഹേഴ്‌സലില്‍ ചന്ദ്രു ശകുന്തള യാ‍യി മേയ്‌ക്കിട്ടപ്പോള്‍ദുര്‍വ്വാസാവായി വേഷമിട്ട തികഞ്ഞ സ്ത്രി വിരോധിയായ എ‌സ്തേപ്പാന്‍ പോലും ശകുന്തളയെ ശപിക്കാന്‍ മറന്നുപോയി. നാടകം സൂപ്പര്‍ഹിറ്റ് ആകുമെന്ന് അണിയറക്കാര്‍ക്ക് ഉറപ്പായി. വേണമെങ്കില്‍ ക്ലബിനു ഈ നാടകം മറ്റ് സ്ഥലങ്ങളില്‍ അവതരിപ്പിച്ച് ഫണ്ട് കൂട്ടാം എന്ന് വരെ തീരുമാനമായി. ശകുന്തളയ്ക്ക് അല്പം കൂടി മാറ് ആകാം എന്ന് നിര്‍ദ്ദേശം വച്ചത് കണ്വന്‍ ആണ്. അത് വേണ്ടാ എന്ന് ഗോപി സാര്‍ പറഞ്ഞതാണ് . നിര്‍മ്മാതാവ് കംനായകനായ ദുഷ്യന്തന്റെ അഭിപ്രായവും അത് തന്നെ ആയ സ്ഥിതിക്ക് മൂന്ന് ബന്നാക്കി മാറിന്റെ വലുപ്പം ഉറപ്പിച്ചു. അങ്ങനെ അവസാന വട്ടം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ക്യാമ്പ് പിരിച്ചു വിട്ടു.

നാടക ദിവസം...........

ആയിരങ്ങളുടെ കൈയ്യടിവാങ്ങി ‘ശാകുന്തളം ഒരു പ്രണയ കാ‍വ്യം ‘ മുന്നേറുകയാണ്. കണ്വാശ്രമത്തിലെ ലവ് സീനുകളില്‍ ശകുന്തളയും ദുഷ്യന്തനും തകര്‍ത്തഭിനയിച്ചു. ലവ് സോങ്ങ് ‘വണ്‍സ് മോര്‍’ എന്ന് കാണികള്‍ വിളിച്ചുകൂവിയെങ്കിലും ഗാനമേളയല്ല എന്നതു കൊണ്ട് ഒരിക്കല്‍ കൂടി ആ പാട്ട്അവതരിപ്പിക്കാനാവാത്തതില്‍ ഏറ്റവുമധികം വേദനിച്ചത് ദുഷ്യന്തന്‍ തന്നെ ആയിരുന്നു. തനിക്കറിയില്ലന്ന് പറഞ്ഞ് ദുഷ്യന്തന്‍ തള്ളിയ ഗര്‍ഭിണിയായ ശകുന്തളയെ ദുഷ്യന്തന്റെ കൊട്ടാരത്തില്‍ ഉപേക്ഷിച്ച് ശാര്‍ങ്‌ഗരന്‍ മുനികുമാരന്‍ (ഗൌതമിയെ സ്റ്റേജില്‍ അവതരിപ്പിച്ചില്ല) കണ്വാശ്രമത്തിലേക്ക് മടങ്ങുമ്പോള്‍ പൊട്ടിക്കരയുന്ന ഗര്‍ഭിണിയായ ശകുന്തള അരങ്ങില്‍ ഏകയായി നില്‍ക്കുമ്പോള്‍ കര്‍ട്ടന്‍ വീണു... ഇടവേള ... ഇനി ഒരു അങ്കം കൂടി മാത്രം ബാക്കി.

ഗര്‍ഭിണിയായ ശകുന്തളയ്ക്ക് എന്ത് സംഭവിക്കും എന്ന പിരിമുറുക്കത്തില്‍ കാണികള്‍ ഇരിക്കു മ്പോള്‍ ശാകുന്തളം ഒരു പ്രണയ കാ‍വ്യത്തില്‍ അരങ്ങിലുംഅണിയറയിലും പ്രവര്‍ത്തി ച്ചവരെ ഗോപിസാര്‍ പരിചയപ്പെടുത്തുകയായിരുന്നു. അടുത്ത ഒരങ്കത്തോടെ നാടകം അവസാനിക്കുന്നു എന്ന് ഗോപിസാറിന്റെ അനൌണ്‍‌സ്‌മെന്റിനോടൊപ്പം ബെല്‍ അടിക്കുകയും വെളിച്ചങ്ങള്‍ അണയുകയും കര്‍ട്ടന്‍ പൊങ്ങുകയും ചെയ്തു. മുക്കുവന്‍ കൊണ്ടു വന്ന മുദ്രമോതിരം കണ്ട് വെളിവു‌വീണ ദുഷ്യന്തന്‍ ഒരു വിരഹഗാനം പാടിത്തുടങ്ങി. സമയം പതിനൊന്ന് മണികഴിഞ്ഞിരുന്നു. രാത്രിയില്‍ഏഴുമണിക്കും പത്തുമണിക്കും ഇടയ്ക്ക് രണ്ടു പ്രാവിശ്യം വെട്ടിവിഴുങ്ങുന്ന ചന്ദ്രു എന്ന ചന്ദ്രഹാസന്‍ ശകുന്തളയുടെ വേഷത്തിലിരുന്ന് ഗ്രീന്‍‌റൂമിലിരുന്ന് പൊട്ടിക്കരഞ്ഞു. ദുഷ്യന്തന്റെ വിരഹഗാനം കേട്ടതുകൊണ്ടല്ല കരച്ചില്‍ വിശപ്പിന്റെ ഗാനം വയറ്റില്‍ നിന്ന് കേട്ടാണ് ശകുന്തളയ്ക്ക് കരച്ചില്‍ വന്നത്.മുടിഞ്ഞ നാടകം അവസാനിച്ചാല്‍ വീട്ടില്‍പ്പോയി പത്തുപ്ലേറ്റ് ചേറുതട്ടാമായിരുന്നു. ആരുടയോ മൊബൈലില്‍ നിന്ന് ഐഡിയായുടെ മ്യൂസിക് കേട്ടതും ചന്ദ്രുവിനൊരു ഐഡിയകിട്ടി. വിശപ്പ് ഇല്ലാതാക്കാനുള്ള മാര്‍ഗ്ഗം തന്റെ കൈയ്യില്‍ തന്നെയുണ്ടല്ലോ.. ചന്ദ്രു ബ്ലൌസിന്റെ കുടുക്കുകള്‍അഴിച്ച് ബന്ന് ഓരോന്നായി തിന്നു. വിശപ്പിന് ഒരു ശമനം വന്നപ്പോഴേക്കും ആറ് ബന്നും ചന്ദ്രുവിന്റെ വയറ്റില്‍ എത്തിയിരുന്നു.

വേദിയില്‍ ദേവാസുരയുദ്ധം പൊടിപൊടിക്കുകയാണ്. ദുഷ്യന്തന്‍ ദേവന്മാര്‍ക്കുവേണ്ടി അസുരന്മാരെകൊന്നൊടുക്കി വിജയി ആയി. ദേവലോകത്തുനിന്ന് ദുഷ്യന്തന്‍ തിരിച്ചു വരുമ്പോള്‍ കശ്യപാശ്രമത്തില്‍ സിംഹക്കുട്ടിയുടെ പല്ലെണ്ണുന്ന സര്‍വ്വമദനെ കാണുകയും കുട്ടിയോട്കാര്യങ്ങള്‍ ചോദിക്കുന്ന ദുഷ്യന്തന്‍ തന്റെ മകനെ തിരിച്ചറിയുകയും ശകുന്തളയെ കെട്ടിപ്പിടിച്ച് ആനന്ദം പ്രകടിപ്പിച്ച് ഇരുവരേയും കൊണ്ട് കൊട്ടാരത്തിലേക്ക് പോവുമ്പോള്‍ നാടകം അവസാനിക്കുകയാണ്. ദുഷ്യന്തന്‍ ദേവലോകത്ത് നിന്ന് തിരിച്ച് കശ്യപാശ്രമ ത്തില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. ദുഷ്യന്തന്‍ സര്‍വ്വമദനെ കാണുകയും സര്‍വ്വമദന്‍ അമ്മയായ ശകുന്തളയെ വിളിക്കുകയും ചെയ്യാന്‍ ഇനി രണ്ടരമിനിട്ടുകൂടിമാത്രം. രണ്ടരമിനിട്ടിനുള്ളില്‍ തിന്നുപോയ മുലയെ തിരികെവയ്ക്കുന്നത് എങ്ങനെയാണ് ?

ആധുനിക നാടകമോ മറ്റോ ആണങ്കില്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ വന്ന് ഓപ്പറേഷന്‍ നടത്തി യന്ന് പറഞ്ഞാല്‍ ആളുകള്‍ സെന്റി ആവുകയും നാടകം ഡ്യൂപ്പര്‍ ആവുകയും ചെയ്യുമാ യിരുന്നു. പുണ്യപുരാണ നാടകത്തില്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ വന്ന് ഓപ്പറേഷന്‍ നടത്തി യന്നങ്ങാണം പറഞ്ഞാല്‍ ഇതുവരെകൈയടിച്ച കാണികള്‍ തങ്ങളുടെ മേല്‍ കൈകൊണ്ട് അടിക്കുമെന്ന് ഉറപ്പാണ്. കഴിഞ്ഞരംഗം വരെ നിറഞ്ഞ മാറിടവുമായി തകര്‍ത്തഭിനയിച്ച ശകുന്തള അവസാന രംഗത്ത് മുലയില്ലാതെ സ്‌റ്റേജില്‍ ചെന്നാല്‍ കാണികള്‍ കൂവുമെന്ന് ഉറപ്പാണ്. നാലു ബന്ന് തിന്നാല്‍ മതിയായിരുന്നു. തിന്നുപോയ ബന്നിനെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. ദുഷ്യന്തന്‍ സര്‍വ്വമദനെ കണ്ടുകഴിഞ്ഞിരിക്കുന്നു. ഇനി ശകുന്തള രംഗത്തെത്തി യാല്‍ മതി.രണ്ടു മുലകള്‍ക്കുവേണ്ടി ശകുന്തള ഗ്രീന്‍റൂമില്‍ കണ്ണുകള്‍ പരതി. ഐഡിയ ...!!!!

തന്റെ മകനെത്തിരിച്ചറിഞ്ഞ ദുഷ്യന്തന്‍ സര്‍വ്വമദനെ കെട്ടിപ്പിടിച്ച് കരഞ്ഞു. “അമ്മേ..” എന്ന് സര്‍വ്വമദന്‍ വിളിച്ചതും ശകുന്തള സ്റ്റേജില്‍ എത്തി.നിറഞ്ഞ മാറിടവുമായി യൌവന നിറവില്‍ വേദിയില്‍ എത്തിയ ശകുന്തളയെകണ്ട് കാണികള്‍ ആര്‍ത്തു. ദുഷ്യന്തന്‍ പോലും അന്തം വിട്ടു. ഇത് ചന്ദ്രു തന്നെയല്ലേ? മൂന്ന് ബന്നിന്റെ വലുപ്പമല്ല നെഞ്ചത്ത്. ദുഷ്യന്തനെ കണ്ട് ശകുന്തള പൊട്ടിക്കരഞ്ഞു. ദുഷ്യന്ത്യന്‍ മകനെവിട്ട് ശകുന്തളയുടെഅടുത്തേക്ക് ചെന്നു. കാണികള്‍ വീര്‍പ്പടക്കി. ദുഷ്യന്തന്‍ ശകുന്തളയുടെ നേരെ കരങ്ങള്‍ നീട്ടി. ബായ്ക്ക്ഗ്രൌണ്ട് മ്യൂസിക്കിന്റെ ശബ്ദ്ദത്തില്‍ശകുന്തള ദുഷ്യന്തനോട് അടക്കം പറഞ്ഞു. “ചെറുകെ കെട്ടിപ്പിടിച്ചാല്‍ മതി അല്ലങ്കില്‍ പ്രശ്നമാകും” ഹൈസെന്‍സിറ്റീവായ മൈക്രോഫോണ്‍
നാടകത്തിലില്ലാത്ത ആ ഡയലോഗ് മാത്രം ഒരു മൂളച്ചയും ഇല്ലാതെ എക്കോയാക്കി ഉത്സവ പ്പറമ്പില്‍ എത്തിച്ചു. സംവിധായകനും അണിയറക്കാരുംഞെട്ടി. എന്തോ സംഭവിച്ചിരിക്കു ന്നു. കാണികളുടെ പിരിമുറുക്കത്തിന് അവസാനമൊരുക്കി ദുഷ്യന്തന്‍ ശകുന്തളയെ തന്റെ കരവലയത്തിനുള്ളിലാക്കിനെഞ്ചോട് ചേര്‍ത്തു. കാണികളുടെ കൈയ്യടിയില്‍ ആവേശം കൊണ്ട ദുഷ്യന്തന്‍ ശകുന്തളയെ അതിശക്തമായി തന്നിലേക്ക് ചേര്‍ത്തതും ദുഷ്യന്തന്‍നില വിളിയോടെ ചോര ഒഴുകുന്ന നെഞ്ച് പൊത്തി സ്റ്റേജിലേക്ക് വീണു. നാടകത്തിലില്ലാത്ത രംഗം കണ്ട് സംവിധായകനും സൌഹൃദയം ക്ലബഗംങ്ങളും അന്തിച്ചു. കര്‍ട്ടന്‍ വലിക്കുന്ന വന്റെ കൈയ്യില്‍ നിന്ന് കര്‍ട്ടന്റെ കയര്‍ അറിയാതെ അയഞ്ഞു. കര്‍ട്ടന്‍ വീണു. കൈയ്യടിയോടെകാണികള്‍ നാടകപ്പറമ്പ് വിട്ടു. ക്ലബുകാര്‍ സ്റ്റേജിലേക്ക് ഓടിക്കയറി.

********************************
സര്‍ക്കാര്‍ ആശുപത്രിയിലെ നാലാം വാര്‍ഡിലെ ഇരുപത്തൊന്നാം ബെഡില്‍ നെഞ്ചിലെ മുറിവിന്റെ വേദനയുമായി ദുഷ്യന്തന്‍ എന്ന തരകന്‍ കിടന്നു.ചുറ്റും കൂടിനില്‍ക്കുന്ന ആളുകള്‍ക്കിടയില്‍ ചന്ദ്രുവുണ്ടോ എന്ന് തരകന്‍ നോക്കി. ചന്ദ്രുവും കൂട്ടത്തില്‍ ഉണ്ട്. എന്നോടിതു വേണമായിരുന്നോ എന്ന ഭാവത്തീല്‍ തരകന്‍ ചന്ദ്രുവിനെ നോക്കി. എന്താണ് സംഭവിച്ചതെന്ന് ചന്ദ്രു പറഞ്ഞു. മുലയ്ക്ക് പറ്റിയ സാധനം എന്തെങ്കിലും ഉണ്ടോ എന്ന്
നോക്കിയപ്പോഴാണ് മേക്കപ്പ് പൌഡറുകള്‍ എടുത്ത ചിരട്ട കണ്ടത്. അതില്‍ നിന്ന് നല്ല രണ്ട് ചിരട്ട എടുത്ത് ഫിറ്റ് ചെയ്താണ് സ്റ്റേജില്‍ കയറിയത്.ചെറുകെ കെട്ടിപ്പിടിച്ചാല്‍ മതിയന്ന് ചന്ദ്രുപറഞ്ഞത് തരകന്‍ കേട്ടു എങ്കിലും ആവേശത്തീല്‍ കെട്ടിപ്പിടുത്തത്തീന്റെ ശക്തിയങ്ങ് കൂടിപ്പോയതാണ്.നായകന് സംഭവിച്ച ദുരന്തത്തെക്കുറിച്ച് നാട്ടുകാര്‍ അറിയാ ത്തിടത്തോളം കാലം ‘ശാകുന്തളം ഒരു പ്രണയ കാ‍വ്യം‘ ഒരു ദുരന്ത കാവ്യം ആകാതെ നിലനില്‍ക്കും. നായകന്റെ മുറിവുകള്‍ സുഖപ്പെടുന്ന അന്ന് അടുത്ത നാടക ത്തിന്റെ റിഹേഴ്‌സല്‍ ആരംഭിക്കും. അതുവരെ എനിക്കും നിങ്ങള്‍ക്കും അല്പം നീണ്ട ഇടവേള !!!!!

Sunday, March 1, 2009

സമുദ്രവും ബക്കറ്റും : ഏക ‘അങ്ക‘ നാടകം

(കര്‍ട്ടന്‍ ഉയരുമ്പോള്‍ വേദിയില്‍ ഇരുട്ടാണ് . നാടകം നടക്കുന്നത് ഒരു കടല്‍ക്കരയിലാണ്. കടലിന്റെ രംഗപടമാണ് വേദിയുടെ പിന്നില്‍. അരണ്ടവെളിച്ചം വേദിയില്‍ നിറയുമ്പോള്‍ സൂത്രധാരന്‍ പ്രവേശിക്കുന്നു. അയാളുടെ കൈയ്യില്‍ ഒരു ബക്കറ്റ് ഉണ്ട്. അയാള്‍ അത് വേദിയുടെനടുക്ക് കൊണ്ടുവയ്ക്കുന്നു. എന്നിട്ട് സദസിനോടായി പറയുന്നു. തിരമാലകളുടെ നേര്‍ത്ത ശബ്ദ്ദം കേള്‍ക്കാം...)

സൂത്രധാരന്‍ : മാന്യമഹാജനങ്ങളേ , ഞാനിന്ന് നിങ്ങളോട് ഒരു കഥ പറയാം. നിങ്ങളീകഥ മറ്റെവെടിയെങ്കിലും കേട്ടിരിക്കാം. പക്ഷേ എനിക്കീകഥ പറയാതിരിക്കാന്‍ ആവില്ല. ഞാനല്ല നിങ്ങള്‍ക്ക് ഈ കഥ പറഞ്ഞു തരുന്നത്. ഈ കടലും ബക്കറ്റും ആണ് നമുക്ക് കഥ പറഞ്ഞു തരുന്നത്. ഈ കഥ നിങ്ങള്‍ക്ക് കേള്‍ക്കാതിരിക്കാന്‍ ആവില്ല. ഇവര്‍ നമ്മളോടെങ്ങനെ കഥ പറയും എന്ന് ഓര്‍ത്ത് വിഷമിക്കേണ്ട. ഒരു കൊച്ചുകുട്ടിയും അവന്റെ അമ്മയും ഈ വേദിയിലേക്ക് വരട്ടെ... അവര്‍ നമുക്ക് വേണ്ടി കഥ പറയടട്ടെ. ചിലപ്പോള്‍ കടലും ബക്കറ്റും തന്നെ നമ്മളോട് കഥ പറഞ്ഞന്നിരിക്കും. കാരണം ഇത് അസാധാരണമായ ഒരു നാടകം ആണ്. ചിലപ്പോള്‍ നാടകം അവസാനിക്കുമ്പോള്‍ കടലോ ബക്കറ്റോ വേദിയില്‍ നിന്ന് അപ്രത്യക്ഷമായന്നിരിക്കും. സൂത്രധാരനായ ഞാന്‍ പോലും ചിലപ്പോള്‍ നാടകാവസാനം എത്തിയില്ല ന്നിരിക്കും. എന്തായാലും നമുക്ക് നാടകം തുടങ്ങാം ...(ഉച്ചത്തില്‍) കടലും വെള്ളവും തിരമാലകളും ബക്കറ്റും തയ്യാറാവട്ടെ .... കുട്ടിയും അമ്മയും വേദിയിലേക്ക് എത്തട്ടെ... ഇതാ നാടകം തുടങ്ങുകയായി......

(വേദിയിലെ വെളിച്ചം അണയുന്നതോടൊപ്പം സൂത്രധാരന്‍ അപ്രത്യക്ഷ്നാകുന്നു. വേദിയില്‍ വെളിച്ചം നിറയുന്നു. തിരമാലകളുടെ ശബ്ദ്ദം മുഴങ്ങിക്കേള്‍ക്കാം. വേദിയുടെ നടുക്ക് ഒരു ബക്കറ്റിരുപ്പുണ്ട്. ഒരു കുട്ടിയും അമ്മയും വേദിയിലേക്ക് കടന്നു വരുന്നു.തിരമാലകള്‍ കരയിലേക്ക് അടിച്ചുവരുന്ന ശബ്ദ്ദത്തോടെ കുട്ടി അമ്മയുടെ അടുത്തേക്ക് ഓടിവരുന്നു.)

കുട്ടി : അമ്മേ .. ഈ കടല്‍ കാണാന്‍ എന്ത് രസമാണ് ... ആര്‍ത്തലച്ച് വരുന്ന തിരമാലകള്‍ .. ഹൌഹൌ!!!!! എങ്ങനെയാണമ്മേ തിരമാലകള്‍ ഇങ്ങനെ പൊങ്ങിവരുന്നത് ...

അമ്മ : എനിക്കറിയില്ല കുഞ്ഞേ തിരമാലകള്‍ പൊങ്ങിവരുന്നത് എങ്ങനെയാണന്ന് ... പക്ഷേ എനിക്കൊന്നറിയാം ..(അമ്മയുടെ മുഖം ഇരുളുന്നു.. വേദിയിലെ വെളിച്ചം മങ്ങി ചുവന്ന വെളിച്ചം പടരുന്നു.ശബ്ദ്ദം ഉറക്കെ) ഈ തിരമാലകളാണ് നിന്റെ അച്ഛന്റെ ... എന്റെ ഭര്‍ത്താവിന്റെ ജീവന്‍ കൊണ്ടുപോയതന്ന് (തിരമാലകളുടെ ശബ്ദ്ദം ഉയര്‍ന്നു കേള്‍ക്കുന്നതോടൊപ്പം ചുവന്നവെട്ടം അണഞ്ഞ് വീണ്ടും വെള്ളിവെളിച്ചം). ചിലപ്പോള്‍ തിരമാലകള്‍ കൊലയാളികളും ആവാറുണ്ട്. അതുകൊണ്ട് മകനേ നീ സൂക്ഷിച്ച് തിരമാലകളുടെ അടുത്തേക്ക് പോവുക. എപ്പോഴാണ് തിരമാലകള്‍ നിന്നേയും എന്നില്‍ നിന്ന് കവര്‍ന്നെടുക്കുകയെന്ന് എനിക്കറിയില്ല.

കുട്ടി : ഞാനൊരിക്കലും അമ്മയെവിട്ട് തിരമാലകളുടെ അടുത്തേക്ക് പോവുകയില്ല... ഞാനിവിടെ നിന്ന് കളിച്ചോളാം..

(കുട്ടി കടത്തീരത്ത് നിന്ന് കളിക്കുന്നു. അമ്മ കടല്‍ത്തീരത്തുകൂടി നടന്നു പോയി വേദിയില്‍ നിന്ന് കടക്കുന്നു. വേദിയില്‍ കുട്ടിയും ബക്കറ്റും)

കുട്ടി : (സദസിലേക്ക് നോക്കി..) എനിക്ക് ഈ തിരമാലകളുടെ രഹസ്യം കണ്ടുപിടിക്കണം... അങ്ങ് ഉള്‍ക്കടലില്‍ കാറ്റും കോളും നിറയുമ്പോള്‍ മാത്രമേ തിരമാലകള്‍ അടിക്കാറുള്ളുവെത്രെ.ഉള്‍ക്കടല്‍ എപ്പോഴും ശാന്തമാണന്ന് ടീച്ചര്‍ പറഞ്ഞു തന്നിരുന്നു.

(വേദിയിലെ വെളിച്ചം മങ്ങുന്നു. സൂത്രധാരന്‍ കടന്നുവരുന്നു.)

സൂത്രധാരന്‍ : (സദസിനോട്) പ്രേക്ഷകരേ, കുട്ടിയുടെ സംശയം ന്യായമാണ് .അവന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കടലും ബക്കറ്റും ബാധ്യസ്ഥരാണ് .കടലും ബക്കറ്റും കുട്ടിയോടെ സംസാരിക്കട്ടെ.( സൂത്രധാരന്‍ അപ്രത്യക്ഷ്നാവുകയും വെളിച്ചം പടരുകയും ചെയ്യുന്നു. കുട്ടി ബക്കറ്റുകൊണ്ട് സമുദ്രത്തില്‍ നിന്ന് വെള്ളം കോരിക്കൊണ്ടുവരുന്നു.)

കുട്ടി : (ബക്കറ്റിലേക്ക് നോക്കിക്കൊണ്ട്) സമുദ്രത്തില്‍നിന്ന് അടിച്ചുകയറുന്ന തിരമാലകളില്‍ നിന്ന് എടുത്തുകൊണ്ടുവന്ന വെള്ളം ആയിട്ടും എന്തുകൊണ്ടാണ് ബക്കറ്റിലെ വെള്ളത്തില്‍ തിരമാലകളും ശബ്ദ്ദവും ഉണ്ടാവാത്തത് ? (കുട്ടി ബക്കറ്റിലെ വെള്ളം കളഞ്ഞിട്ട് വീണ്ടും വെള്ളം കോരിക്കൊണ്ടു വരുന്നു.. നാലു പ്രാവിശ്യം ചെയ്തിട്ടും ബക്കറ്റിലെ വെള്ളത്തിന് ഒരു മാറ്റവും ഉണ്ടാകുന്നില്ല.)

കുട്ടി : (സമുദ്രത്തോട്) ഏയ് , സമുദ്രമേ ഞാന്‍ നിന്നിലെ തിരമാലകളില്‍ നിന്ന് എത്രയോ പ്രാവിശ്യം ഈ ബക്കറ്റില്‍ നിന്ന് വെള്ളം കോരി വയ്ക്കുന്നു. അതില്‍ ചെറിയ ഓളങ്ങളല്ലാതെ തിരമാലകള്‍ ഉണ്ടാവുന്നില്ല....

സമുദ്രം : (ചിരിക്കുന്നു) കുട്ടീ , എന്നോട് ചേര്‍ന്ന് നില്‍ക്കുന്ന വെള്ളത്തിനുമാത്രമേ തിരമാലകളുടെ ഭാഗമാവാനും ശബ്ദ്ദം പുറപ്പെടുവിക്കാനും സാധിക്കൂ.

കുട്ടി : (സമുദ്രത്തോട്) എനിക്ക് ദാഹിക്കുന്നു .. ഞാന്‍ നിന്നില്‍ നിന്ന് കുറച്ചുവെള്ളം എടുത്ത് എന്റെ ദാഹം തീര്‍ത്തോട്ടെ?

സമുദ്രം : അരുത് ... എന്നിലെ വെള്ളം കുടിക്കാന്‍ പറ്റുകയില്ല... ഉപ്പുകൊണ്ട് നിറഞ്ഞ ഈ വെള്ളം നീ കുടിക്കരുത് ?

കുട്ടി : (ഉച്ചത്തില്‍) എനിക്ക് ദാഹിക്കുന്നു. നിറഞ്ഞ് കിടക്കുന്ന ഈ സമുദ്രത്തിന്റെ മുന്നില്‍ നിന്നിട്ടും എന്റെ ദാഹം തീര്‍ക്കാന്‍ ഞാനെന്തുചെയ്യണം ?

ബക്കറ്റ് : (കുട്ടിയോട്) എന്നെ മണലില്‍ക്കൂടി ഒഴുക്കി ശുദ്ധീകരിച്ച് കുടിക്കൂ .... എനിക്ക് നിന്റെ ദാഹം തീര്‍ക്കാന്‍ സാധിക്കും.

(കുട്ടി ബക്കറ്റിന്റെ അടുത്തേക്ക് വരുന്നു.)

കുട്ടി : (ബക്കറ്റിനോട്) ഞാന്‍ നിന്നെ കടലില്‍ നിന്ന് കോരിവച്ചതല്ലേ ? പിന്നെയെങ്ങനെയാണ് ഞാന്‍ നിന്നില്‍ നിന്ന് കുടിക്കുന്നത് ?

ബക്കറ്റ് : മാലിന്യങ്ങള്‍ അടിഞ്ഞുകൂടി കടലിനെ അശുദ്ധമാക്കിയിരിക്കുകയാണ് . വര്‍ഷങ്ങളായി ഈ കടല്‍ത്തീര്‍ത്ത് എത്തുന്നവര്‍ എന്നില്‍ നിന്ന്കുടിച്ചാണ് ദാഹം തീര്‍ക്കുന്നത്. മണലില്‍ക്കൂടി അരിച്ചിറങ്ങിയ എന്നില്‍ മാലിന്യങ്ങള്‍ ഇല്ല. മാലിന്യങ്ങളുമായി ഒരു ബന്ധവും ഇല്ലാത്തതു കൊണ്ട്ഞാനിപ്പോള്‍ തെളിനീരാണ് ... എന്നില്‍ നിന്ന് കുടിച്ചുകൊള്ളു...

കുട്ടി : സമുദ്രത്തില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കി കളഞ്ഞാല്‍ അതില്‍ നിന്ന് കുടിക്കാന്‍ പറ്റുകയില്ലേ?

ബക്കറ്റ് : സമുദ്രത്തിന് നിലനില്‍ക്കാന്‍ മാലിന്യങ്ങളും ആവിശ്യമാണ് . ആ മാലിന്യങ്ങളും പ്ലവകങ്ങളും ഭക്ഷിച്ചാണ് മത്സ്യങ്ങള്‍ വളരുന്നത് ...

(കുട്ടി ബക്കറ്റില്‍ നിന്ന് വെള്ളം കുടിച്ചിട്ട് കടലിന്റെ അടുത്തേക്ക് ചെല്ലുന്നു.)

കുട്ടി : (സമുദ്രത്തോട്) ആ ബക്കറ്റില്‍ നിന്ന് കുടിച്ച് ഞാനെന്റെ ദാഹം തീര്‍ത്തു..

സമുദ്രം : കുട്ടീ , എന്നോട് ചേര്‍ന്ന് നിന്നപ്പോള്‍ ഉണ്ടായ തിരമാലകളും ശബ്ദ്ദവും ഒക്കെ തന്നിലും ഉണ്ടാകുമെന്ന് സ്വപ്നം കണ്ടവനാണ് ആ ബക്കറ്റ്. അവന്‍ ഇന്നത്തെ കാലത്ത് വരേണ്ടവനല്ലാ യിരുന്നു. ഒരു നൂറു വര്‍ഷം മുമ്പെങ്കിലും വരേണ്ടവനാണവന്‍. എന്നിലെ മാലിന്യങ്ങളെക്കുറിച്ച് സംസാരിക്കുന്ന ആ ബക്കറ്റ് ഇത്രയും നാളും അനുഭവിച്ചത് എന്നിലെ നന്മകളായിരുന്നു എന്ന് മറന്നുപോകുന്നു. ആള്‍ക്കൂട്ടത്തീന്റെ ആരവം തന്നെ കണ്ടിട്ടാണന്ന് വിചാരിക്കുന്ന ഒരു പാവം ബക്കറ്റാണവന്‍ ....

കുട്ടി : ഞാനെത്രെ നേരമായി ഇവിടെ നില്‍ക്കുന്നു. നിങ്ങള്‍ രണ്ടു ഇതുവരേയും സംസാരിച്ചു കണ്ടില്ലല്ലോ ? ഒന്നു പരസ്പരം നോക്കുകകൂടി ചെയ്തില്ല.

ബക്കറ്റ് : അവനവന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് അവനവന് പ്രതിഫലം കിട്ടും. തനിക്കെപ്പോഴും തിരമാലകള്‍ ഉണ്ടാക്കാമെന്ന അഹങ്കാരമാണ് സമുദ്രത്തിന് . താനൊരിക്കലും വറ്റിപ്പോവുകയില്ലന്ന് കരുതുന്ന സമുദ്രത്തെ എന്തുപറയാനാണ് ...

[പിന്നണിയില്‍ നിന്ന് : ചുറ്റിനും നടക്കുന്ന കാര്യങ്ങള്‍ കണ്ടിട്ടും കാണാത്തതായി നടിക്കുന്ന ഈ ബക്കറ്റ് ഒരു മന്ദബുദ്ധിതന്നെയല്ലേ ? ... പിന്നണിയിലെ ഈ ശബ്ദ്ദം കഴിയുമ്പോള്‍ സൂത്രധാരന്‍ വേദിയിലേക്ക് ഓടിയെത്തുന്നു...]

ബക്കറ്റ് : സമുദ്രങ്ങളും വറ്റിവരളും... സമദ്രങ്ങളില്‍ ഇല്ലാതായാണ് കര ഉണ്ടായതന്ന് അറിയാന്‍ വയ്യാത്തതാര്‍ക്കാണ് ? തന്നിലെ വെള്ളവും ഒരിക്കല്‍ വറ്റി താന്‍ കരയാകുമെന്ന് മനസിലാകാത്ത സമുദ്രമല്ലേ മന്ദബുദ്ധി ?അതോ കുരങ്ങിന്റെ വേഷം കെട്ടി രംഗബോധമില്ലാതെ വായില്‍തോന്നിയത് വിളിച്ചുപറഞ്ഞുകൊണ്ട് കടന്നുവരുന്നവരാണോ മന്ദബുദ്ധികള്‍ ? അതോ നാടകം കാണുന്ന നിങ്ങളോ ?

[കുട്ടി അടുത്ത ഡയലോഗ് പറയാതെ സൂത്രധാരനെ നോക്കുന്നു...]

സൂത്രധാരന്‍ : [തലയില്‍ കൈവച്ചുകൊണ്ട്] നാടകത്തില്‍ ഇല്ലാത്തതാണല്ലോ ഇപ്പോള്‍ സംഭവിക്കു ന്നത്. കടലും ബക്കറ്റും ഒന്നാകുന്ന ശുഭപര്യവസാനി യായ നാടകം ചിട്ടപ്പേടുത്തിയ ഞാനല്ലേ ശരിക്ക് മന്ദബുദ്ധി. നാടകത്തിന്റെ ചട്ടക്കൂടുകളില്‍ നിന്ന് കഥാപാത്രങ്ങള്‍ സ്വയം വലുതായാല്‍ അവരെ പിടിച്ചുകെട്ടാന്‍ ഒരു സംവിധായകനും കഴിയില്ല.

[പെട്ടന്ന് ഫയര്‍ എഞ്ചിന്റെ മണിമുഴക്കം.. പോലീസ് വാഹനങ്ങളുടെ ഇരമ്പല്‍ ... പോലീസ് അനൌണ്‍സ്‌മെന്റ് “ഉള്‍ക്കടലില്‍ ഉണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് സുനാമി ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണം “ കുട്ടിയുടെ അമ്മ വേദിയിലേക്ക് വന്ന് കുട്ടിയെ എടുത്തുകൊണ്ട് പോകുന്നു.]

സൂത്രധാരന്‍ : എനിക്കും എന്റെ ജീവനാണ് വലുത് . ഞാനും ഓടുകയാണ്... ജീവന്‍ തിരിച്ചു കിട്ടുകയാണങ്കില്‍ നമുക്ക് കാണാം

[വേദിയിലെ വെളിച്ചം മങ്ങുന്നു. സുനാമിത്തിരമാലകളുടെ ഘോരശബ്ദ്ദം... മഴയുടെ രൌദ്രതാളം .... വേദിയില്‍ സുനാമിയുടെ പ്രതിഫലനം...ആളുകളുടെ നിലവിളി.... രണ്ടുമിനിട്ടുകള്‍ക്ക് ശേഷം വേദിയിലെ അരണ്ട വെളിച്ചവും ഇല്ലാതെയാകുന്നു. വീണ്ടും വെളിച്ചം വരുമ്പോള്‍സമുദ്രത്തിന്റെ രംഗപടത്തിന്റെ സ്ഥാനത്ത് മരുഭൂമിയുടെ രംഗപടം... വീണ്ടുകീറിയ മണ്ണ് .... സൂത്രധാരന്‍ വേച്ച്‌ വേച്ച് വരുന്നു.]

സൂത്രധാരന്‍ : (സദസിനോടായി) : സുനാമികഴിഞ്ഞിട്ട് വര്‍ഷങ്ങളായി .. ഞാനൊഴികെ മാറ്റാരും ജീവനോടെ അവശേഷിച്ചില്ല. നടന്നതെല്ലാം നിങ്ങളോട് പറയാന്‍ ഞാന്‍ മാത്രം അവശേഷിച്ചിരി ക്കുന്നു. കരയിലേക്ക് ഹൂങ്കാര ശബ്ദ്ദത്തോടെ അടിച്ചു കയറിയ തിരമാലകള്‍ ഇന്നെവിടെ? കടല്‍‌ പോലും അപ്രത്യക്ഷമായിരിക്കുന്നു. ഇന്ന് നോക്കിയാല്‍ കാണുന്നത് നോക്കത്താ ദൂരത്തോളം പരന്ന് കിടക്കുന്ന മണല്‍ക്കാടുകള്‍ മാത്രം... വീണ്ടുകീറിയ മണ്ണ് ... ഈ മണ്ണില്‍ എവിടെയെങ്കിലും വിത്തുകള്‍ മറഞ്ഞുകിടപ്പുണ്ടായിരിക്കും.... എന്നെങ്കിലും മഴത്തുള്ളികള്‍ വീണ് ആ വിത്തുകള്‍ക്ക് ജീവന്‍ വച്ചാല്‍ വീണ്ടും ആ വിത്തുകളിലൂടെ ഈ മണ്ണ് ഉയര്‍ത്തെഴുന്നേല്‍ക്കും... അതിജീവനത്തിലൂടെ കടന്നുവന്ന ഈ മണ്ണിനെ ... ഇവിടിത്തെ ജീവനെ പറിച്ചെറിയാന്‍ ആര്‍ക്കെങ്കിലും കഴിയുമോ???. [മഴയുടെ മുന്നൊരുക്കം... വേദിയില്‍ മിന്നലുകള്‍ തെളിയുന്നു... ഇടിമുഴങ്ങുന്നു....സൂത്രധാരന്‍ തുടരുന്നു ] വര്‍ഷങ്ങള്‍ക്കു ശേഷം മഴയുടെ പുറപ്പാട്... ഒരു പക്ഷേ ഇനിയും ഇവിടെ സമുദ്രം ഉണ്ടാകും... അപ്രത്യക്ഷമായ ഒരു സമുദ്രത്തിന്റെ തിരിച്ചുവ്വിന്റെ തുടക്കമായിരിക്കട്ടെ ഈ മഴ.. മാലിന്യങ്ങള്‍ ഇല്ലാത്ത ഒരു സമുദ്രത്തിനായി നമുക്ക് കാത്തിരിക്കാം..........[മഴയുടെ ശബ്ദ്ദം] ഇതാ വെള്ളം ഉയരുന്നു... മണല്‍ക്കാടുകള്‍ മറയുന്നു... വെള്ളം മണല്‍ക്കാടുക്കളെ മൂടിക്കഴിഞ്ഞിരിക്കുന്നു... ഇതാ വെള്ളത്തില്‍ ചെറിയ ഓളങ്ങള്‍.... ഓളങ്ങള്‍ വലുതാകുന്നു... ഓളങ്ങള്‍ തിരമാലകള്‍ ആകുന്നു.... (തിരമാലകളുടെ ശബ്ദ്ദം.... സൂത്രധാരന്‍ പൊട്ടിച്ചിരിക്കുന്നു)... വീണ്ടും സമുദ്രവും അതില്‍ തിരമാലകളും.. (വലിയ ഒരു തിരമാലയുടെ ശബ്ദ്ദം... വേദിയിലേക്ക് ഒരു ബക്കറ്റ് വന്ന് വീഴുന്നു...)


-------------- കര്‍ട്ടന്‍ .................
: :: ::