Sunday, March 1, 2009

സമുദ്രവും ബക്കറ്റും : ഏക ‘അങ്ക‘ നാടകം

(കര്‍ട്ടന്‍ ഉയരുമ്പോള്‍ വേദിയില്‍ ഇരുട്ടാണ് . നാടകം നടക്കുന്നത് ഒരു കടല്‍ക്കരയിലാണ്. കടലിന്റെ രംഗപടമാണ് വേദിയുടെ പിന്നില്‍. അരണ്ടവെളിച്ചം വേദിയില്‍ നിറയുമ്പോള്‍ സൂത്രധാരന്‍ പ്രവേശിക്കുന്നു. അയാളുടെ കൈയ്യില്‍ ഒരു ബക്കറ്റ് ഉണ്ട്. അയാള്‍ അത് വേദിയുടെനടുക്ക് കൊണ്ടുവയ്ക്കുന്നു. എന്നിട്ട് സദസിനോടായി പറയുന്നു. തിരമാലകളുടെ നേര്‍ത്ത ശബ്ദ്ദം കേള്‍ക്കാം...)

സൂത്രധാരന്‍ : മാന്യമഹാജനങ്ങളേ , ഞാനിന്ന് നിങ്ങളോട് ഒരു കഥ പറയാം. നിങ്ങളീകഥ മറ്റെവെടിയെങ്കിലും കേട്ടിരിക്കാം. പക്ഷേ എനിക്കീകഥ പറയാതിരിക്കാന്‍ ആവില്ല. ഞാനല്ല നിങ്ങള്‍ക്ക് ഈ കഥ പറഞ്ഞു തരുന്നത്. ഈ കടലും ബക്കറ്റും ആണ് നമുക്ക് കഥ പറഞ്ഞു തരുന്നത്. ഈ കഥ നിങ്ങള്‍ക്ക് കേള്‍ക്കാതിരിക്കാന്‍ ആവില്ല. ഇവര്‍ നമ്മളോടെങ്ങനെ കഥ പറയും എന്ന് ഓര്‍ത്ത് വിഷമിക്കേണ്ട. ഒരു കൊച്ചുകുട്ടിയും അവന്റെ അമ്മയും ഈ വേദിയിലേക്ക് വരട്ടെ... അവര്‍ നമുക്ക് വേണ്ടി കഥ പറയടട്ടെ. ചിലപ്പോള്‍ കടലും ബക്കറ്റും തന്നെ നമ്മളോട് കഥ പറഞ്ഞന്നിരിക്കും. കാരണം ഇത് അസാധാരണമായ ഒരു നാടകം ആണ്. ചിലപ്പോള്‍ നാടകം അവസാനിക്കുമ്പോള്‍ കടലോ ബക്കറ്റോ വേദിയില്‍ നിന്ന് അപ്രത്യക്ഷമായന്നിരിക്കും. സൂത്രധാരനായ ഞാന്‍ പോലും ചിലപ്പോള്‍ നാടകാവസാനം എത്തിയില്ല ന്നിരിക്കും. എന്തായാലും നമുക്ക് നാടകം തുടങ്ങാം ...(ഉച്ചത്തില്‍) കടലും വെള്ളവും തിരമാലകളും ബക്കറ്റും തയ്യാറാവട്ടെ .... കുട്ടിയും അമ്മയും വേദിയിലേക്ക് എത്തട്ടെ... ഇതാ നാടകം തുടങ്ങുകയായി......

(വേദിയിലെ വെളിച്ചം അണയുന്നതോടൊപ്പം സൂത്രധാരന്‍ അപ്രത്യക്ഷ്നാകുന്നു. വേദിയില്‍ വെളിച്ചം നിറയുന്നു. തിരമാലകളുടെ ശബ്ദ്ദം മുഴങ്ങിക്കേള്‍ക്കാം. വേദിയുടെ നടുക്ക് ഒരു ബക്കറ്റിരുപ്പുണ്ട്. ഒരു കുട്ടിയും അമ്മയും വേദിയിലേക്ക് കടന്നു വരുന്നു.തിരമാലകള്‍ കരയിലേക്ക് അടിച്ചുവരുന്ന ശബ്ദ്ദത്തോടെ കുട്ടി അമ്മയുടെ അടുത്തേക്ക് ഓടിവരുന്നു.)

കുട്ടി : അമ്മേ .. ഈ കടല്‍ കാണാന്‍ എന്ത് രസമാണ് ... ആര്‍ത്തലച്ച് വരുന്ന തിരമാലകള്‍ .. ഹൌഹൌ!!!!! എങ്ങനെയാണമ്മേ തിരമാലകള്‍ ഇങ്ങനെ പൊങ്ങിവരുന്നത് ...

അമ്മ : എനിക്കറിയില്ല കുഞ്ഞേ തിരമാലകള്‍ പൊങ്ങിവരുന്നത് എങ്ങനെയാണന്ന് ... പക്ഷേ എനിക്കൊന്നറിയാം ..(അമ്മയുടെ മുഖം ഇരുളുന്നു.. വേദിയിലെ വെളിച്ചം മങ്ങി ചുവന്ന വെളിച്ചം പടരുന്നു.ശബ്ദ്ദം ഉറക്കെ) ഈ തിരമാലകളാണ് നിന്റെ അച്ഛന്റെ ... എന്റെ ഭര്‍ത്താവിന്റെ ജീവന്‍ കൊണ്ടുപോയതന്ന് (തിരമാലകളുടെ ശബ്ദ്ദം ഉയര്‍ന്നു കേള്‍ക്കുന്നതോടൊപ്പം ചുവന്നവെട്ടം അണഞ്ഞ് വീണ്ടും വെള്ളിവെളിച്ചം). ചിലപ്പോള്‍ തിരമാലകള്‍ കൊലയാളികളും ആവാറുണ്ട്. അതുകൊണ്ട് മകനേ നീ സൂക്ഷിച്ച് തിരമാലകളുടെ അടുത്തേക്ക് പോവുക. എപ്പോഴാണ് തിരമാലകള്‍ നിന്നേയും എന്നില്‍ നിന്ന് കവര്‍ന്നെടുക്കുകയെന്ന് എനിക്കറിയില്ല.

കുട്ടി : ഞാനൊരിക്കലും അമ്മയെവിട്ട് തിരമാലകളുടെ അടുത്തേക്ക് പോവുകയില്ല... ഞാനിവിടെ നിന്ന് കളിച്ചോളാം..

(കുട്ടി കടത്തീരത്ത് നിന്ന് കളിക്കുന്നു. അമ്മ കടല്‍ത്തീരത്തുകൂടി നടന്നു പോയി വേദിയില്‍ നിന്ന് കടക്കുന്നു. വേദിയില്‍ കുട്ടിയും ബക്കറ്റും)

കുട്ടി : (സദസിലേക്ക് നോക്കി..) എനിക്ക് ഈ തിരമാലകളുടെ രഹസ്യം കണ്ടുപിടിക്കണം... അങ്ങ് ഉള്‍ക്കടലില്‍ കാറ്റും കോളും നിറയുമ്പോള്‍ മാത്രമേ തിരമാലകള്‍ അടിക്കാറുള്ളുവെത്രെ.ഉള്‍ക്കടല്‍ എപ്പോഴും ശാന്തമാണന്ന് ടീച്ചര്‍ പറഞ്ഞു തന്നിരുന്നു.

(വേദിയിലെ വെളിച്ചം മങ്ങുന്നു. സൂത്രധാരന്‍ കടന്നുവരുന്നു.)

സൂത്രധാരന്‍ : (സദസിനോട്) പ്രേക്ഷകരേ, കുട്ടിയുടെ സംശയം ന്യായമാണ് .അവന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കടലും ബക്കറ്റും ബാധ്യസ്ഥരാണ് .കടലും ബക്കറ്റും കുട്ടിയോടെ സംസാരിക്കട്ടെ.( സൂത്രധാരന്‍ അപ്രത്യക്ഷ്നാവുകയും വെളിച്ചം പടരുകയും ചെയ്യുന്നു. കുട്ടി ബക്കറ്റുകൊണ്ട് സമുദ്രത്തില്‍ നിന്ന് വെള്ളം കോരിക്കൊണ്ടുവരുന്നു.)

കുട്ടി : (ബക്കറ്റിലേക്ക് നോക്കിക്കൊണ്ട്) സമുദ്രത്തില്‍നിന്ന് അടിച്ചുകയറുന്ന തിരമാലകളില്‍ നിന്ന് എടുത്തുകൊണ്ടുവന്ന വെള്ളം ആയിട്ടും എന്തുകൊണ്ടാണ് ബക്കറ്റിലെ വെള്ളത്തില്‍ തിരമാലകളും ശബ്ദ്ദവും ഉണ്ടാവാത്തത് ? (കുട്ടി ബക്കറ്റിലെ വെള്ളം കളഞ്ഞിട്ട് വീണ്ടും വെള്ളം കോരിക്കൊണ്ടു വരുന്നു.. നാലു പ്രാവിശ്യം ചെയ്തിട്ടും ബക്കറ്റിലെ വെള്ളത്തിന് ഒരു മാറ്റവും ഉണ്ടാകുന്നില്ല.)

കുട്ടി : (സമുദ്രത്തോട്) ഏയ് , സമുദ്രമേ ഞാന്‍ നിന്നിലെ തിരമാലകളില്‍ നിന്ന് എത്രയോ പ്രാവിശ്യം ഈ ബക്കറ്റില്‍ നിന്ന് വെള്ളം കോരി വയ്ക്കുന്നു. അതില്‍ ചെറിയ ഓളങ്ങളല്ലാതെ തിരമാലകള്‍ ഉണ്ടാവുന്നില്ല....

സമുദ്രം : (ചിരിക്കുന്നു) കുട്ടീ , എന്നോട് ചേര്‍ന്ന് നില്‍ക്കുന്ന വെള്ളത്തിനുമാത്രമേ തിരമാലകളുടെ ഭാഗമാവാനും ശബ്ദ്ദം പുറപ്പെടുവിക്കാനും സാധിക്കൂ.

കുട്ടി : (സമുദ്രത്തോട്) എനിക്ക് ദാഹിക്കുന്നു .. ഞാന്‍ നിന്നില്‍ നിന്ന് കുറച്ചുവെള്ളം എടുത്ത് എന്റെ ദാഹം തീര്‍ത്തോട്ടെ?

സമുദ്രം : അരുത് ... എന്നിലെ വെള്ളം കുടിക്കാന്‍ പറ്റുകയില്ല... ഉപ്പുകൊണ്ട് നിറഞ്ഞ ഈ വെള്ളം നീ കുടിക്കരുത് ?

കുട്ടി : (ഉച്ചത്തില്‍) എനിക്ക് ദാഹിക്കുന്നു. നിറഞ്ഞ് കിടക്കുന്ന ഈ സമുദ്രത്തിന്റെ മുന്നില്‍ നിന്നിട്ടും എന്റെ ദാഹം തീര്‍ക്കാന്‍ ഞാനെന്തുചെയ്യണം ?

ബക്കറ്റ് : (കുട്ടിയോട്) എന്നെ മണലില്‍ക്കൂടി ഒഴുക്കി ശുദ്ധീകരിച്ച് കുടിക്കൂ .... എനിക്ക് നിന്റെ ദാഹം തീര്‍ക്കാന്‍ സാധിക്കും.

(കുട്ടി ബക്കറ്റിന്റെ അടുത്തേക്ക് വരുന്നു.)

കുട്ടി : (ബക്കറ്റിനോട്) ഞാന്‍ നിന്നെ കടലില്‍ നിന്ന് കോരിവച്ചതല്ലേ ? പിന്നെയെങ്ങനെയാണ് ഞാന്‍ നിന്നില്‍ നിന്ന് കുടിക്കുന്നത് ?

ബക്കറ്റ് : മാലിന്യങ്ങള്‍ അടിഞ്ഞുകൂടി കടലിനെ അശുദ്ധമാക്കിയിരിക്കുകയാണ് . വര്‍ഷങ്ങളായി ഈ കടല്‍ത്തീര്‍ത്ത് എത്തുന്നവര്‍ എന്നില്‍ നിന്ന്കുടിച്ചാണ് ദാഹം തീര്‍ക്കുന്നത്. മണലില്‍ക്കൂടി അരിച്ചിറങ്ങിയ എന്നില്‍ മാലിന്യങ്ങള്‍ ഇല്ല. മാലിന്യങ്ങളുമായി ഒരു ബന്ധവും ഇല്ലാത്തതു കൊണ്ട്ഞാനിപ്പോള്‍ തെളിനീരാണ് ... എന്നില്‍ നിന്ന് കുടിച്ചുകൊള്ളു...

കുട്ടി : സമുദ്രത്തില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കി കളഞ്ഞാല്‍ അതില്‍ നിന്ന് കുടിക്കാന്‍ പറ്റുകയില്ലേ?

ബക്കറ്റ് : സമുദ്രത്തിന് നിലനില്‍ക്കാന്‍ മാലിന്യങ്ങളും ആവിശ്യമാണ് . ആ മാലിന്യങ്ങളും പ്ലവകങ്ങളും ഭക്ഷിച്ചാണ് മത്സ്യങ്ങള്‍ വളരുന്നത് ...

(കുട്ടി ബക്കറ്റില്‍ നിന്ന് വെള്ളം കുടിച്ചിട്ട് കടലിന്റെ അടുത്തേക്ക് ചെല്ലുന്നു.)

കുട്ടി : (സമുദ്രത്തോട്) ആ ബക്കറ്റില്‍ നിന്ന് കുടിച്ച് ഞാനെന്റെ ദാഹം തീര്‍ത്തു..

സമുദ്രം : കുട്ടീ , എന്നോട് ചേര്‍ന്ന് നിന്നപ്പോള്‍ ഉണ്ടായ തിരമാലകളും ശബ്ദ്ദവും ഒക്കെ തന്നിലും ഉണ്ടാകുമെന്ന് സ്വപ്നം കണ്ടവനാണ് ആ ബക്കറ്റ്. അവന്‍ ഇന്നത്തെ കാലത്ത് വരേണ്ടവനല്ലാ യിരുന്നു. ഒരു നൂറു വര്‍ഷം മുമ്പെങ്കിലും വരേണ്ടവനാണവന്‍. എന്നിലെ മാലിന്യങ്ങളെക്കുറിച്ച് സംസാരിക്കുന്ന ആ ബക്കറ്റ് ഇത്രയും നാളും അനുഭവിച്ചത് എന്നിലെ നന്മകളായിരുന്നു എന്ന് മറന്നുപോകുന്നു. ആള്‍ക്കൂട്ടത്തീന്റെ ആരവം തന്നെ കണ്ടിട്ടാണന്ന് വിചാരിക്കുന്ന ഒരു പാവം ബക്കറ്റാണവന്‍ ....

കുട്ടി : ഞാനെത്രെ നേരമായി ഇവിടെ നില്‍ക്കുന്നു. നിങ്ങള്‍ രണ്ടു ഇതുവരേയും സംസാരിച്ചു കണ്ടില്ലല്ലോ ? ഒന്നു പരസ്പരം നോക്കുകകൂടി ചെയ്തില്ല.

ബക്കറ്റ് : അവനവന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് അവനവന് പ്രതിഫലം കിട്ടും. തനിക്കെപ്പോഴും തിരമാലകള്‍ ഉണ്ടാക്കാമെന്ന അഹങ്കാരമാണ് സമുദ്രത്തിന് . താനൊരിക്കലും വറ്റിപ്പോവുകയില്ലന്ന് കരുതുന്ന സമുദ്രത്തെ എന്തുപറയാനാണ് ...

[പിന്നണിയില്‍ നിന്ന് : ചുറ്റിനും നടക്കുന്ന കാര്യങ്ങള്‍ കണ്ടിട്ടും കാണാത്തതായി നടിക്കുന്ന ഈ ബക്കറ്റ് ഒരു മന്ദബുദ്ധിതന്നെയല്ലേ ? ... പിന്നണിയിലെ ഈ ശബ്ദ്ദം കഴിയുമ്പോള്‍ സൂത്രധാരന്‍ വേദിയിലേക്ക് ഓടിയെത്തുന്നു...]

ബക്കറ്റ് : സമുദ്രങ്ങളും വറ്റിവരളും... സമദ്രങ്ങളില്‍ ഇല്ലാതായാണ് കര ഉണ്ടായതന്ന് അറിയാന്‍ വയ്യാത്തതാര്‍ക്കാണ് ? തന്നിലെ വെള്ളവും ഒരിക്കല്‍ വറ്റി താന്‍ കരയാകുമെന്ന് മനസിലാകാത്ത സമുദ്രമല്ലേ മന്ദബുദ്ധി ?അതോ കുരങ്ങിന്റെ വേഷം കെട്ടി രംഗബോധമില്ലാതെ വായില്‍തോന്നിയത് വിളിച്ചുപറഞ്ഞുകൊണ്ട് കടന്നുവരുന്നവരാണോ മന്ദബുദ്ധികള്‍ ? അതോ നാടകം കാണുന്ന നിങ്ങളോ ?

[കുട്ടി അടുത്ത ഡയലോഗ് പറയാതെ സൂത്രധാരനെ നോക്കുന്നു...]

സൂത്രധാരന്‍ : [തലയില്‍ കൈവച്ചുകൊണ്ട്] നാടകത്തില്‍ ഇല്ലാത്തതാണല്ലോ ഇപ്പോള്‍ സംഭവിക്കു ന്നത്. കടലും ബക്കറ്റും ഒന്നാകുന്ന ശുഭപര്യവസാനി യായ നാടകം ചിട്ടപ്പേടുത്തിയ ഞാനല്ലേ ശരിക്ക് മന്ദബുദ്ധി. നാടകത്തിന്റെ ചട്ടക്കൂടുകളില്‍ നിന്ന് കഥാപാത്രങ്ങള്‍ സ്വയം വലുതായാല്‍ അവരെ പിടിച്ചുകെട്ടാന്‍ ഒരു സംവിധായകനും കഴിയില്ല.

[പെട്ടന്ന് ഫയര്‍ എഞ്ചിന്റെ മണിമുഴക്കം.. പോലീസ് വാഹനങ്ങളുടെ ഇരമ്പല്‍ ... പോലീസ് അനൌണ്‍സ്‌മെന്റ് “ഉള്‍ക്കടലില്‍ ഉണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് സുനാമി ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണം “ കുട്ടിയുടെ അമ്മ വേദിയിലേക്ക് വന്ന് കുട്ടിയെ എടുത്തുകൊണ്ട് പോകുന്നു.]

സൂത്രധാരന്‍ : എനിക്കും എന്റെ ജീവനാണ് വലുത് . ഞാനും ഓടുകയാണ്... ജീവന്‍ തിരിച്ചു കിട്ടുകയാണങ്കില്‍ നമുക്ക് കാണാം

[വേദിയിലെ വെളിച്ചം മങ്ങുന്നു. സുനാമിത്തിരമാലകളുടെ ഘോരശബ്ദ്ദം... മഴയുടെ രൌദ്രതാളം .... വേദിയില്‍ സുനാമിയുടെ പ്രതിഫലനം...ആളുകളുടെ നിലവിളി.... രണ്ടുമിനിട്ടുകള്‍ക്ക് ശേഷം വേദിയിലെ അരണ്ട വെളിച്ചവും ഇല്ലാതെയാകുന്നു. വീണ്ടും വെളിച്ചം വരുമ്പോള്‍സമുദ്രത്തിന്റെ രംഗപടത്തിന്റെ സ്ഥാനത്ത് മരുഭൂമിയുടെ രംഗപടം... വീണ്ടുകീറിയ മണ്ണ് .... സൂത്രധാരന്‍ വേച്ച്‌ വേച്ച് വരുന്നു.]

സൂത്രധാരന്‍ : (സദസിനോടായി) : സുനാമികഴിഞ്ഞിട്ട് വര്‍ഷങ്ങളായി .. ഞാനൊഴികെ മാറ്റാരും ജീവനോടെ അവശേഷിച്ചില്ല. നടന്നതെല്ലാം നിങ്ങളോട് പറയാന്‍ ഞാന്‍ മാത്രം അവശേഷിച്ചിരി ക്കുന്നു. കരയിലേക്ക് ഹൂങ്കാര ശബ്ദ്ദത്തോടെ അടിച്ചു കയറിയ തിരമാലകള്‍ ഇന്നെവിടെ? കടല്‍‌ പോലും അപ്രത്യക്ഷമായിരിക്കുന്നു. ഇന്ന് നോക്കിയാല്‍ കാണുന്നത് നോക്കത്താ ദൂരത്തോളം പരന്ന് കിടക്കുന്ന മണല്‍ക്കാടുകള്‍ മാത്രം... വീണ്ടുകീറിയ മണ്ണ് ... ഈ മണ്ണില്‍ എവിടെയെങ്കിലും വിത്തുകള്‍ മറഞ്ഞുകിടപ്പുണ്ടായിരിക്കും.... എന്നെങ്കിലും മഴത്തുള്ളികള്‍ വീണ് ആ വിത്തുകള്‍ക്ക് ജീവന്‍ വച്ചാല്‍ വീണ്ടും ആ വിത്തുകളിലൂടെ ഈ മണ്ണ് ഉയര്‍ത്തെഴുന്നേല്‍ക്കും... അതിജീവനത്തിലൂടെ കടന്നുവന്ന ഈ മണ്ണിനെ ... ഇവിടിത്തെ ജീവനെ പറിച്ചെറിയാന്‍ ആര്‍ക്കെങ്കിലും കഴിയുമോ???. [മഴയുടെ മുന്നൊരുക്കം... വേദിയില്‍ മിന്നലുകള്‍ തെളിയുന്നു... ഇടിമുഴങ്ങുന്നു....സൂത്രധാരന്‍ തുടരുന്നു ] വര്‍ഷങ്ങള്‍ക്കു ശേഷം മഴയുടെ പുറപ്പാട്... ഒരു പക്ഷേ ഇനിയും ഇവിടെ സമുദ്രം ഉണ്ടാകും... അപ്രത്യക്ഷമായ ഒരു സമുദ്രത്തിന്റെ തിരിച്ചുവ്വിന്റെ തുടക്കമായിരിക്കട്ടെ ഈ മഴ.. മാലിന്യങ്ങള്‍ ഇല്ലാത്ത ഒരു സമുദ്രത്തിനായി നമുക്ക് കാത്തിരിക്കാം..........[മഴയുടെ ശബ്ദ്ദം] ഇതാ വെള്ളം ഉയരുന്നു... മണല്‍ക്കാടുകള്‍ മറയുന്നു... വെള്ളം മണല്‍ക്കാടുക്കളെ മൂടിക്കഴിഞ്ഞിരിക്കുന്നു... ഇതാ വെള്ളത്തില്‍ ചെറിയ ഓളങ്ങള്‍.... ഓളങ്ങള്‍ വലുതാകുന്നു... ഓളങ്ങള്‍ തിരമാലകള്‍ ആകുന്നു.... (തിരമാലകളുടെ ശബ്ദ്ദം.... സൂത്രധാരന്‍ പൊട്ടിച്ചിരിക്കുന്നു)... വീണ്ടും സമുദ്രവും അതില്‍ തിരമാലകളും.. (വലിയ ഒരു തിരമാലയുടെ ശബ്ദ്ദം... വേദിയിലേക്ക് ഒരു ബക്കറ്റ് വന്ന് വീഴുന്നു...)


-------------- കര്‍ട്ടന്‍ .................

7 comments:

സുല്‍ |Sul said...

(((((((ഠേ....))))))))
ഒരൊറ്റത്തേങ്ങ.

എന്റെ തെക്കേടാ.. ഇതിത്ര പെട്ടന്ന് വന്നോ. നമിച്ചു.
അവസാനത്തെ സമുദ്രത്തിന്റെ രൂപപ്പെടലും തിരുത്തല്‍ വാദി ബക്കറ്റിന്റെ വീഴ്ചയും... പ്രമാദം.

-സുല്‍

കുഞ്ഞന്‍ said...

മാഷെ,

നല്ലൊരു നാടകം സമ്മാനിച്ചതിന് നന്ദി. നല്ല ആവിഷ്കാരം.

ബിന്ദു കെ പി said...

നാടകം നന്നായി അസ്വദിച്ചു

Anonymous said...

അസ്സലായിട്ടുണ്ട്‌...

Anonymous said...

ഇത്രയും വേണ്ടായിരുന്നു

പട്ടേപ്പാടം റാംജി said...

ഒരു സംശയം. കടലെങ്ങനെ ഇല്ലാതായി?

തിലകക്കുറി said...

അല്‍പം ആഴത്തില്‍ അനലൈസ്‌ ചെയ്ത ശേഷം നടത്തിയ സ്ര്ഷ്ടി....അതിന്റേതായ മികവുണ്ടു...
ഗ്ലോബല്‍ വാര്‍മിംഗ്‌ ഒരു സത്യം..കര മുഴുവന്‍ മാലിന്യകടലില്‍ മുങ്ങിത്താഴാതിരിക്കട്ടെ

: :: ::