Sunday, August 9, 2009

ഐറ്റിക്കാരന്‍ പെണ്ണുകണ്ടു പക്ഷേ...?

,അവളുടെ വീട്ടില്‍ നിന്ന് ഇറങ്ങിയുടനെ അവന്‍ പോയത് തെങ്ങുകയറ്റകോളേജി ലേക്കാണ്. (അവനെന്തിന് തെങ്ങുകയറ്റകോളേജില്‍ പോയി എന്നറിയണമെങ്കില്‍ ഇവിടെ നോക്കുക.). തെങ്ങുകയറ്റം പഠിച്ചിട്ടുവരാന്‍ ഒരു പെണ്ണ് മുഖത്ത് നോക്കി പറയുമ്പോള്‍ എങ്ങനെയാണ് തന്നെകൊണ്ട് അത് പറ്റില്ലന്ന് പറയുന്നത്? ഒരു പെണ്ണിന്റെ വാക്ക് കേട്ട് തെങ്ങു കയറ്റം പഠിക്കാന്‍ പോകുന്ന താന്‍ വിഢിയാണന്ന് ചരിത്രത്തില്‍ വിവരമുള്ളവര്‍ ആരെങ്കിലും പറയുമോ? പണ്ട് ഭീമസേനന്‍ സൌഗന്ധിക പുഷ്പം തേടിപോയത് വായിച്ച ഒരുത്തനും തന്നെ കുറ്റപ്പെടുത്തിട്ടില്ല. തെങ്ങുകയറ്റം പഠിച്ചില്ലന്ന് പറഞ്ഞ് ഏതായാലും കല്യാണം മുടക്കേണ്ട. ഏതായാലും ജീവിക്കാനുള്ള വഴിക്കുവേണ്ടിയല്ലേ? മൌസും കീബോര്‍ഡും മാത്രം കൈകൊണ്ട് തൊട്ടിട്ടുള്ള താന്‍ ഇനി തെങ്ങിലൊക്കെ കയറുകാന്ന് വച്ചാല്‍.... ഏതായാലും മുകളിലിരുത്തന്‍ എല്ലാം കാണുന്നുണ്ടല്ലോ? ആത്മഗതം ഏതായാലും കുറച്ചുറക്കെയായിപ്പോയി.


“എടോ ഫോം പൂരിപ്പിച്ച് കൊടുത്തിട്ട് കയറിപ്പോര് ...?” ശബ്ദ്ദം കേട്ട് അവന്‍ ചുറ്റും നോക്കി. അടുത്തൊന്നും ആരേയും കാണാനില്ല. താനിപ്പോള്‍ നടന്ന് തെങ്ങുകയറ്റ കോളേജില്‍ എത്തിയന്ന് അവനപ്പോഴാണ് വെളിവ് വീണത്.


“എടോ ഇവിടെ...ഇങ്ങോട്ട് നോക്ക് ...” ശബ്ദ്ദം കേട്ട് അവന്‍ നോക്കിയത് തൊട്ടുമുന്നിലെ തെങ്ങിലേക്ക്. തെങ്ങിലിരിക്കുന്ന ആളെകണ്ട് അവനൊരു ചിരി വന്നു. തന്റെ പ്രൊജക്ട് മാനേജര്‍!! തനിക്ക് യെല്ലോ സ്ലിപ്പ് തന്ന ആ എച്ച് ആര്‍ പെണ്ണിന്റെ കെട്ടിയോന്‍. കെട്ടിയോനും കെട്ടിയോളും കൂടി തങ്ങളെയിട്ട് കുറേ കഷ്ടപ്പെടുത്തിയതല്ലേ? എന്തെല്ലാ മായിരുന്നു അവളുടെ പരിഷ്‌കാരങ്ങള്‍. പഞ്ചിംങ്ങ് കാര്‍ഡ് , സൈറ്റ് ബ്ലോക്കിങ്ങ് , മൊബൈല്‍ ജാമര്‍ , സ്‌പൈ ക്യാമറ ... ഹോ! അങ്ങനെ എന്തെല്ലാമായിരുന്നു. ഏതായാലും അവള്‍ കുളിപ്പിച്ച് കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കി. അവളുടെ പരിഷ്കാരങ്ങള്‍ കൊണ്ട് കമ്പിനിയങ്ങ് വളര്‍ന്നു. പക്ഷേ വളര്‍ച്ച പടവലങ്ങപോലെ കിഴുക്കാം പാടായി രുന്നുവെന്നോയുള്ളു. ഏതായാലും തന്നെ കമ്പിനിയില്‍ നിന്ന് പറഞ്ഞു വിട്ടത് നന്നായി. കമ്പിനി പൂട്ടൂന്നതിനുമുമ്പേ പുറത്തുവന്നല്ലോ? തെങ്ങിന്‍ മുകളിലിരിക്കുന്നവനോട് എന്തെ ങ്കിലും ഒന്നു ചോദിക്കണമെല്ലോ എന്ന് വിചാരിച്ച് ചോദിച്ചു.


“എച്ച്.ആര്‍. മാഡം എന്തിയേ..?”


“അവളിപ്പം തേങ്ങാപൊതിക്കല്‍ ക്ലാസ് കഴിഞ്ഞ് വന്നിട്ട് തയ്യില്‍ ക്ലാസിനുപോയിട്ടു ണ്ടാവും...” തെങ്ങിന്‍ മണ്ടയില്‍ നിന്ന് മറുപടി കിട്ടി.


ഫോം പൂരിപ്പിച്ച് പ്രിന്‍‌സിപ്പാളിന് ദക്ഷിണ വച്ച് സര്‍വ്വ ദൈവങ്ങളേയും വിളിച്ച് തെങ്ങുകയറാന്‍ തുടങ്ങി. തെങ്ങുകയറുന്നതിന് തളപ്പ് എന്നൊരു ടൂള്‍ ഉണ്ടന്ന് പുതിയ അറിവായിരുന്നു. ഒരാഴ്ച്കൊണ്ട് കഷ്ട്പെട്ട് നെഞ്ചിലേയും തൊടയിലേയും കുറച്ച് തൊലികള്‍ തെങ്ങിന് നല്‍കി തെങ്ങുകയറ്റം പഠിച്ചു.സര്‍ട്ടിഫിക്കറ്റും വാങ്ങി ഇറങ്ങി നടന്നപ്പോള്‍ വെറുതെ കുറേ സ്വപ്നങ്ങള്‍ കണ്ടു. ആ സ്വപ്നങ്ങള്‍ക്കെല്ലാം അല്പായുസ് ആയിരുന്നു എന്ന് വീട്ടിലെത്തിയപ്പോഴാണ് അറിഞ്ഞത്. അവളൊരുത്തന്റെ കൂടെ കയറിപ്പോയന്ന്. മിസ്‌ഡ് കോള്‍ വന്ന് പരിചയപെട്ടതാണന്ന് പോലും. അവളുടെ കൂടെ പോയവന് ഭാര്യയും കുട്ടികളൊക്കെ ഉണ്ടന്ന്. ഏതായാലും അവളുപോയി. കേരളത്തിലാണോ പെണ്ണിന് പ്രയാസം. ആയിരം ആണുങ്ങള്‍ക്ക് ആയിരിത്തി നാല്പത് പെണ്ണുങ്ങള്‍ ഉണ്ട്. അതിലൊരു ത്തി പോയാല്‍ ബാക്കി മുപ്പത്തൊന്‍പതെണ്ണം വീണ്ടും നില്‍ക്കൂന്നു. ഏതായാലും രമണന്‍ ആവാന്‍ താനില്ല. നൌക്കരിയിലും ക്ലിക്ക് ജോബിലും ടൈം‌സിലൊക്കെ കയറി നിരങ്ങ ലൊക്കെ കുറച്ച് ആ സമയം കൂടി കേരളമാട്രിമോണിയിലുംഎം‌ഫോര്‍മാരിയിലും ഒക്കെ കയറി നിരങ്ങാം. ഒരു പണി കിട്ടുന്നതുവരെ ഇതൊരു പണിയാവട്ടെ.


ഈ മാട്രിമോണിയല്‍ സൈറ്റുകളെക്കൊണ്ട് തോറ്റു. എന്തെല്ലാം പൂരിപ്പിച്ചാലാ ഒരു പെണ്ണിനെ കിട്ടുക. രജിസ്‌ട്രേഷന്‍ ഫ്രി ഫ്രി ആണന്ന് പറഞ്ഞ് കേട്ടപ്പോള്‍ ഈ മാതിരി ഫ്രിയാണന്ന് വിചാരിച്ചില്ല. പെണ്ണിന്റെ ഫോണ്‍‌നമ്പരും അഡ്രസും കാണണമെങ്കില്‍ കാശ് കൊടുത്ത് മെമ്പര്‍ഷിപ്പ് എടുക്കണമെന്ന് പോലും. പിന്നെന്തോന്ന് ഫ്രി എന്ന് ചോദിക്കണമെന്നിരിക്കുമ്പോഴാണ് അവളുടെ വിളി. ഏതവളുടെ? അവള്‍ തന്നെ. ആ മാട്രിമോണിക്കാരി. കാശ് വാങ്ങാന്‍ അന്തൊരു ശുഷ്‌ക്കാന്തി. കാശ് കൊടുക്കണോ ? ഒരു മാസത്തേക്ക് വെറും രണ്ടായിരം രൂപാ. !!ഏതായാലും രണ്ടായിരം രൂപാ കൊടുക്കാന്‍ തന്നെ തീരുമാനിച്ചു. പേഴ്സ് എടുത്തുനോക്കി. കാശ് എവിടെങ്കിലും പറ്റിയിരുപ്പുണ്ടോ എന്ന് വിരലിട്ട് കുത്തിനോക്കി പേഴ്സ് കീറിയത് മിച്ചം. പേഴ്‌സില്‍ ശാപമോക്ഷം കാത്തിരിക്കുന്ന അഹല്യയെപ്പോലെ നാലഞ്ച് എ‌റ്റി‌എം കാര്‍ഡുകള്‍ ഇരിപ്പുണ്ട്. അതിലൊക്കെ ലേസര്‍ബീമൊക്കെ വീണിട്ട് കാലങ്ങളായി. ഏതായാലും തനിക്കിപ്പോള്‍ ഒരു ജോലി അറിയാമല്ലോ? ഇനി അത് തന്നെ ഒന്ന് നോക്കാം. തെങ്ങുകയറ്റം. ഏതായാലും സ്വന്തം പറമ്പിലെ തെങ്ങില്‍ തന്നെ കയറി നോക്കിയിട്ട് മറ്റ് തെങ്ങുകളില്‍ കയറാം. ഓരോരോ മനുഷ്യര്‍ക്ക് വരുന്ന ഗതിയേ!!!!!


അവസാനത്തെ തെങ്ങിലും കയറി ഇറങ്ങുമ്പോള്‍ തെങ്ങിന്‍ ചുവട്ടില്‍ അതാ നില്‍ക്കുന്നു തങ്കപ്പന്‍!! കാലാകാലങ്ങളായി ഈ പറമ്പിലെ തെങ്ങുകളില്‍ നിന്ന് മച്ചിങ്ങ മുതല്‍ ഉണക്കതേങ്ങവരെ കരിക്കാണന്ന് പറഞ്ഞ് ഇടാനും ഇടാതിരിക്കാനും അവകാശം ലഭിച്ചവന്‍. ഒരു മാസം മുമ്പ് വരെ അയാള്‍ തനിക്ക് വെറും തെങ്ങുകയറ്റക്കാരന്‍ തങ്കപ്പന്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ അയാള്‍ തനിക്ക് തങ്കപ്പനാശാനാണ്. തെങ്ങുകയറ്റക്കോളേ ജിലെ ‘വിസിറ്റിംങ്ങ് പ്രഫസര്‍‘‍!!. ആള് ഫുള്‍ ടൈം പ്രഫസര്‍ ആണങ്കിലും ഫുള്‍ ടൈം തണ്ണിയായതുകൊണ്ട് കള്ളടികള്‍ക്കിടയിലുള്ള ഇടവേളകളിലേ കോളേജില്‍ എത്തൂ. അങ്ങനെയാണ് തങ്കപ്പന്‍ ‘വിസിറ്റിംങ്ങ് പ്രഫസര്‍‘ ആയത്. തന്റെ ശിഷ്യന്‍ തെങ്ങില്‍ കയറുന്നത് അറിഞ്ഞ് വന്നതായിരിക്കും.ഇത്രയും പെട്ടന്ന് താന്‍ തെങ്ങില്‍ കയറുന്നത് വാര്‍ത്തയായോ?? ഹോ, ഈ ചാനലുകാരെ കൊണ്ട് തോറ്റു. എന്തും ഫ്ലാഷ് ന്യൂസാക്കി കളയും. ഏതായാലും ഗുരുനാഥന്‍ തന്റെ തെങ്ങുകയറ്റം കാണാന്‍ വന്നല്ലോ??


“എത്ര തെങ്ങില്‍ കയറിയടാ നീ...?” . തങ്കപ്പന്റെ ചോദ്യം കേട്ട് താനൊന്ന് ഞെട്ടി. കഴിഞ്ഞമാസംവരെ കുഞ്ഞേ കുഞ്ഞേ എന്ന് വിളിച്ച് നടന്നവനാണ്. തന്നെ തെങ്ങുകയറ്റം പഠിപ്പിച്ചതിലുള്ള അഹങ്കാരമാണ്. വെറുതയല്ല പിള്ളാര് ആശാന്റെ നെഞ്ചത്ത് കയറുന്നത്. ആശാന് പിള്ളാരെ ഒരു ബഹുമാനമൊക്കെ വേണ്ടേ? ഏതായാലും ഒരു നല്ല കാര്യത്തി നിറങ്ങിയ ദിവസമാണ്. ആശാന്റെ നെഞ്ചത്ത് കയറാന്‍ പോകേണ്ട. (തങ്കപ്പന്റെ കഥ ഇവിടെ)


“പത്തു തെങ്ങില്‍ കയറി...” അല്പം അഭിമാനത്തോടും നീയൊന്നും ഇനി തെങ്ങില്‍ കയറാന്‍ വന്നില്ലങ്കില്‍ ഞങ്ങള്‍ക്ക് കോപ്പാ എന്ന് മനസിലും പറഞ്ഞാണ് ഉത്തരം നല്‍കിയത്.


“ഒരു നൂറു രൂ‍പയിങ്ങ് എടുത്തേ...“ തങ്കപ്പന്‍ കൈലിയൊക്കെ മാടിക്കുത്തി തനി ഗുണ്ടാ സ്‌റ്റൈലില്‍ നിന്നു.


“എന്തിനാ തങ്കപ്പനാശാനേ കാശ് ?”


“തെങ്ങില്‍ കയറിയതിന് ....”


“അതിന് ആശാന്‍ തെങ്ങില്‍ കയറിയില്ലല്ലോ...?”


“നീ തെങ്ങില്‍ കയറിയില്ലേ?”


“ഞാന്‍ തെങ്ങില്‍ കയറിയതെന്തിനാ ആശാന് കാശ് തരുന്നത്...?”


“ഈ തെങ്ങുകളൊക്കെ ഞങ്ങളുടെ യൂണിയന്റെ പരിധിയില്‍ പെട്ടതാണ്... ഈ തെങ്ങുകളില്‍ കയറാനുള്ള അവകാശം ഞങ്ങള്‍ക്കാണ്....”


ഇനി ആശാന്റെ നെഞ്ചത്ത് കയറാതെ രക്ഷയില്ല. അല്പം താണുകൊടുക്കുമ്പോള്‍ തലയില്‍ കയറി നിരങ്ങുന്നത് കണ്ടില്ലേ? ഓരോ പ്രാവിശ്യവും തെങ്ങില്‍ കയറുമ്പോള്‍ രണ്ടുപ്രാവിശ്യം കയറുന്നതിനുള്ള കാശ് അഡ്‌വാന്‍സായി വാങ്ങിപ്പോകുന്നവനാണ്. എന്നിട്ടവന്റെ പുറകേ നടക്കണം.തേങ്ങയെല്ലാം വീണുകഴിയുമ്പോഴായിരിക്കും തങ്കപ്പന്‍ വരുന്നത്. എന്നിട്ടിപ്പോള്‍ നൂറ് രൂപ കൊടുക്കാന്‍.....“ ആരാണാവോ നിങ്ങള്‍ക്ക് ഈ അവകാശം തന്നത് ... തിരുവതാംകൂര്‍ രാജാവാണോ?”


“ഹോ... നീ എന്നെ ആക്കിയതാണല്ലേ.... യൂണിയന്‍ സെക്രട്ടറിയായാ എന്നെ ആക്കിയത് ഞങ്ങളുടെ യൂണിയനെ അപമാനിക്കുന്നതിന് തുല്യമാണ്...ഞങ്ങളുടെ യൂണിയന്റെ ശക്തി കാണിച്ചാല്‍ നീയൊന്നും ഇവിടെ നില്‍ക്കില്ല... ഈ തെങ്ങുകളിലൊക്കെ ഞങ്ങള്‍ കൊടികുത്തും...” തങ്കപ്പന്‍ ഇടങ്ങേറായി.


“നീ എന്താണന്ന് വച്ചാല്‍ അങ്ങ് ചെയ്ത് കാണിക്ക് .... ഞാനും യൂണിയനിലൊക്കെയുള്ള ആളാ....” ചുമ്മാതങ്ങ് പറഞ്ഞു.


“നിനക്കും യൂണിയനുണ്ടോ? ഞങ്ങളുടെ യൂണിയന്റെ സംസ്ഥാനപ്രസിഡണ്ട് ആരാണന്ന് അറിയാമോ? അയാളിത് അറിഞ്ഞാല്‍ എന്താ ഉണ്ടാവുന്നതെന്ന് നിനക്കറിയാമോ?”


“ആരാ നിങ്ങളുടെ സംസ്ഥാനപ്രസിഡണ്ട് ??” താന്‍ ചോദിച്ചു.


തങ്കപ്പനൊരു മന്ത്രിയുടെ പേരു പറഞ്ഞു. ആ മന്ത്രിയങ്ങാണം ഇത് അറിഞ്ഞാല്‍... അയാളെന്തെങ്കിലും പറഞ്ഞാല്‍... ഹൊ! ആലോചിക്കാന്‍ പോലും വയ്യ.നാക്കിന് എല്ല് നല്‍കാത്തതില്‍ ഒടേതമ്പുരാന്‍ ദു:ഖിക്കുന്ന ഒരേഒരവസരം ഇദ്ദേഹം വാ തുറക്കുമ്പോഴാണ്. താനിയിട്ട് എന്തിനാണ് ഒടേതമ്പുരാനെ ദുഃഖിപ്പിക്കുന്നത്?


“അമ്പതുപോരേ തങ്കപ്പാ...” താന്‍ ചോദിച്ചു.


“അമ്പതെങ്കില്‍ അമ്പത്... ഇങ്ങ് എടുക്ക്....”.


പേഴ്‌സില്‍ പറ്റിപ്പിടിച്ചിരുന്ന അമ്പതുരൂപാ കിട്ടിയപ്പോള്‍ തങ്കപ്പന്‍ ഹാപ്പിയായി. അമ്പതു രൂപാ കൊടുത്തിട്ട് പറഞ്ഞു.


“തങ്കപ്പാ ഏതായാലും അമ്പതുരൂപാ ഞാന്‍ തന്നില്ലേ..ഈ തേങ്ങാ ഒന്ന് വീട്ടില്‍ കൊണ്ടു തന്നു തരുമോ?”


യൂണിയന്‍ പ്രസിഡണ്ടായ തന്നോട് തേങ്ങ എടുക്കാന്‍ പറഞ്ഞത് തങ്കപ്പന് ഇഷ്ടപെട്ടില്ലന്ന് തോന്നുന്നു. അയാളൊന്നു മുഖം വെട്ടിച്ച് അയാളെ നോക്കി.


“അതേ തേങ്ങ ഇടുക എന്നത് മാത്രമാണ് ഞങ്ങളുടെ യൂണിയന്റെ പണി. ഞാന്‍ വേണ മെങ്കില്‍ അട്ടിമറിക്കാരെ വിളിച്ചു പറയാം. അവര്‍ക്കാണ് ലോഡിംങ്ങ് ആന്‍ഡ് അണ്‍ലോ ഡിംങ്ങിന്റെ അവകാശം. പത്തമ്പതുതേങ്ങയില്ലേ? ഒരു ഇരുന്നൂറ് രൂപ കൊടുത്താല്‍ മതി.” തങ്കപ്പന്‍ പറഞ്ഞു.


“അമ്പതു തേങ്ങ എടുത്തിടാന്‍ ഇരുന്നൂറ് രൂപയോ??? “ ഏതായാലും മനസില്‍ ഉയര്‍ന്ന ചോദ്യം ചോദിച്ചില്ല.ഈ കണക്ക് വച്ചൊക്കെ നോക്കിയാല്‍ വീട്ടിലെ പണി മുഴുവന്‍ ചെയ്യുന്ന അമ്മയ്ക്ക് ദിവസം പത്തായിരത്തഞ്ഞൂറ് രൂപാ കിട്ടാനുള്ള പണിയുണ്ട്.


തെങ്ങില്‍ കയറാതെ കിട്ടിയ അമ്പതുരൂപയുമായി തങ്കപ്പന്‍ പോയതും അയാള്‍ തേങ്ങ യെല്ലാം പറമ്പില്‍ നിന്ന് എടുത്ത് മുറ്റത്ത് കൊണ്ടുപോയി ഇട്ടു.ഇനി ഏതായാലും ഈ പണി വേണ്ട. തെങ്ങില്‍ കയറുകയും വേണം കൂലി തങ്കപ്പന്‍ കൊടുക്കുകയും വേണം. ഇനി ആത്മാഭിമാനും കൊണ്ടു നടന്നിട്ട് ഒരു കാര്യവും ഇല്ല. അഭിമാനം പോകുമെന്ന് വച്ച് ആരോടെങ്കിലും കടം ചോദിക്കാതിരുന്നാല്‍ തന്റെ ജീവിതം പോക്കാ. പത്തഞ്ചായിരം രൂപാ ആരോടെങ്കിലും കടം വാങ്ങി മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് കല്യാണം കഴിച്ച് സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധത തെളിയിക്കേണ്ട സമയം അതിക്രമിച്ചിരി ക്കൂന്നു. പണ്ട് സാക്ഷരതക്കാര്‍ പാടി നടന്നതുപോലെ “നേരമൊട്ടും വൈകിയില്ല കൂട്ടുകാരേ പോരൂ കൂട്ടുകാരേ പോരൂ...” എന്ന് മാട്രിമോണീയല്‍കാര്‍ വിളിക്കുമ്പോള്‍ പുരനിറഞ്ഞു നില്‍ക്കുന്ന തനിക്കെങ്ങനെ ആ വിളി കേള്‍ക്കാതിരിക്കാന്‍ പറ്റും. എവിടെ നിന്ന് ആണ് പണം കിട്ടുന്നത്.


ഒരു ആറുമാസം മുമ്പ് ദിവസവും നാലഞ്ച് പെഴ്‌സണല്‍ ലോണുകാര്‍ വിളിക്കുന്നതായി രുന്നു. പൈസ വെറുതെ വീട്ടില്‍ കൊണ്ടുവന്ന് തരാമെന്നായിരുന്നു ഓഫര്‍. “സാറിന് ശമ്പളം കിട്ടുമ്പോള്‍ തിരിച്ചടച്ചാല്‍ മതിയെന്ന് “ എന്ത് മര്യാദയോടെയായിരുന്നു അവന്മാര്‍ പറഞ്ഞ ത്. ഒരു പേഴ്സണല്‍ ലോണുകാരന്റെ വിളിയുടെ മൂളക്കം പോലും ഇപ്പോള്‍ ഇല്ല. ഈ പേഴ്സണല്‍ ലോണുകാരൊക്കെ പണ്ടാരം അടങ്ങിപോയോ? കല്യാണം കഴിക്കാതെ തന്റെ സാമൂഹ്യപ്രതിബദ്ധത തെളിയിക്കാനാവാതെ നട്ടംതിരിയുന്ന തനിക്കാര് കടം തരാന്‍.?? ചിന്തകള്‍ക്ക് അവിധികൊടുത്ത് കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരുന്നു. ഏത് സൈറ്റില്‍ കയറണം??? ഏതായാലും മെയില്‍ ഒന്നു നോക്കാം. ഫോര്‍വേഡു മെയിലുകള്‍ക്കുള്ളില്‍ ഭാഗ്യം ഒളിഞ്ഞിരിപ്പുണ്ടങ്കിലോ? അതാ കിടക്കുന്നു ഒരു ഭാഗ്യം ഇന്‍‌ബോക്സില്‍. ഇന്റ്‌ര്‍വ്യൂ കാള്‍ ലെറ്റര്‍.!!!! ഏതായാലും പോവുക തന്നെ. “കിട്ടിയാല്‍ ഊട്ടി ഇല്ലങ്കില്‍ ചട്ടി.“ . കിട്ടിയ ഷര്‍ട്ടു പാന്റും വലിച്ചു കയറ്റിയിട്ട് പൊടിപിടിച്ചു കിടന്ന റസ്യൂമിലെ പൊടി തട്ടി ഫയലില്‍ കയറ്റി കൊച്ചിയ്ക്ക് വിട്ടു.


ഇന്റ്‌ര്‍വ്യൂ റൂമിലേക്ക് വലുതുകാല്‍ വച്ചു തന്നെ കയറി. ഇടതനായ താനിപ്പോള്‍ വലതനായി മാറിയിരിക്കുന്നു എന്ന സത്യം അയാളെതന്നെ അമ്പരപ്പിച്ചു. തനിക്കെങ്ങനെ വലതനാകാന്‍ കഴിഞ്ഞു. ആരോടോയുള്ള വാശി തീര്‍ക്കാനായി ഓരോ റൌണ്ടും വിജയിച്ചു കയറി. തന്റെ തലയില്‍ ഇത്രയ്ക്ക് വിവരം ഉണ്ടന്ന് തനിക്ക് പോലും വിശ്വസിക്കാന്‍ ആവുന്നില്ല. അല്ലങ്കില്‍ തന്നെ തന്റെ തല ഒരു സംഭവമാണ്.!! വര്‍ഷങ്ങളായി അനങ്ങാതിരിക്കുന്ന റോക്കറ്റിന്റെ മൂട്ടില്‍ തീ കൊടുത്താല്‍ അതൊരു പോക്കല്ലേ? ഇപ്പോള്‍ താനും അതുപോലെ ആയിരി ക്കുന്നു. ഇനി ഒരു റൌണ്ടുകൂടി കഴിഞ്ഞാല്‍ താന്‍ രക്ഷപെട്ടു. കമ്പിനി മുതലാളിയുമായി ഒരു മുഖാമുഖം മാത്രം ബാക്കി.


വലതുകാല്‍ വച്ചു തന്നെ മുതലാളിയുടെ മുറിയില്‍ കയറാം. അറിയാവുന്ന ദൈവങ്ങളെ എല്ലാം വിളിച്ച് കതക് തുറന്ന് വലതുകാല്‍ വച്ച് മുതാലാളിയുടെ മുറിയിലേക്ക് കയറി. മുതലാളിയുടെ കസേരയില്‍ ഇരിക്കുന്ന ആളെ കണ്ട് അയാള്‍ ഞെട്ടി. “ദേ.. ലവന്‍ കമ്പിനി മുതലാളിയായിരിക്കുന്നു...” ഇരിക്കണോ പോകണോ ഒന്ന് ആലോചിച്ചു.


(തുടരും......)

2 comments:

Tomkid! said...

ആ കമ്പനി മുതലാളി തെങ്ങ് കയറ്റക്കാരനല്ലേ?

IT കാരെ ഒരു തരത്തിലും ജീവിക്കാന്‍ സമ്മതിക്കില്ല അല്ലേ?

:-) പോസ്റ്റ് കൊള്ളാം.

JINO said...

heheh superb dude.............. really nice

: :: ::