Sunday, August 30, 2009

മാവേലി വരുമോ??

എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും മാവേലി ആകെ കണ്‍ഫ്യൂഷനാ‍ണ്. എല്ലാ വര്‍ഷവും ഈ കണ്‍‌ഫ്യൂഷന്‍ ഉള്ളതാണ്. അവസാന നിമിഷം കന്‍ഫ്യൂഷന്‍ സോള്‍വ് ചെയ്ത് നാട്ടിലേക്ക് തിരിക്കുകയാണ് പതിവ്.പക്ഷേ ഈ വര്‍ഷത്തെ കണ്‍ഫ്യൂഷന്‍ ഒന്നന്നൊര കണ്‍ഫ്യ്യൂഷന്‍ ആണ്. പന്നിപ്പനി!! .വാമനനുമായിട്ടുള്ള സന്ധികരാര്‍ അനുസരിച്ച് ഓണത്തിന് നാട്ടിലെത്തേണ്ടതാണ്. ഈ കരാര്‍ തന്നെയാണ് ഇപ്പൊള്‍ പ്രശ്നം. ആണവമെന്നും ആസിയാന്‍ എന്നും പറയുന്ന ഏതാണ്ടൊ ക്കെ കരാറുകളാണ് കേരളത്തിലിപ്പോള്‍ കരാര്‍. സമാര്‍ട്ട് സിറ്റി കരാറും മുല്ലപ്പെരിയാര്‍ കരാറൊക്കെ എവിടേപ്പോയോ ആവോ? എന്തോന്നാണാവോ ഈ ആസിയാന്‍ കരാറ് ? അതെന്തെങ്കിലും ആവട്ടെ. ഈ പ്രാവിശ്യം എങ്ങനെ കേരളത്തില്‍ പോകണമെന്ന് ചിന്തിക്കാം എന്നു തന്നെ മഹാബലി ഉറപ്പിച്ചു. കേരളത്തിലിപ്പോള്‍ എല്ലാം റിയാലിറ്റി ആണ്. പാട്ടു പാടണമെങ്കില്‍ റിയാലിറ്റി, ചിരിക്കണമെങ്കില്‍ റിയാലിറ്റി ഡാന്‍സ് കളിക്കണമെങ്കില്‍ റിയാലിറ്റി. എന്തിന് തൊട്ടതിനും പിടിച്ചതിനും ഒക്കെ റിയാലിറ്റി. വന്ന് വന്ന് പെണ്‍പിള്ളാരുടെ കല്യാണം വരെ റിയാലിറ്റി ആയി. കല്യാണം കഴിഞ്ഞിട്ടുള്ള രാത്രികളും കൂടിയേ ഇനി റിയാലിറ്റി ആവാനുള്ളു.


മഹാബലി പാ‍താളകണ്ണാ‍ടിയില്‍ ചെന്നൊന്നു നോക്കി. തന്നെ കണ്ടാല്‍ മഹാബലി ആണന്ന് ആരെങ്കിലും പറയുമോ? കേരളത്തിലുള്ളവര്‍ കാത്തിരിക്കുന്നത് കുടവയറുള്ള മാവേലിയെ ആണ്. തനിക്കാണങ്കില്‍ പണ്ടും ഇന്നും കുടവയറില്ല. അല്ലങ്കില്‍ തന്നെ കേരളത്തിലുള്ളവര്‍ക്കൊന്നു ചിന്തിച്ചു കൂടേ നാട്ടിലെ ഏതെങ്കിലും രാജാവിന് കുടവയറുണ്ടായിട്ടുണ്ടോ? ഇത്രയും കുടവയര്‍ വച്ചോണ്ട് നടക്കാന്‍ തനിക്കെന്താ കേരളാപ്പോലീസിലാണോ ജോലി? കുടവയര്‍ ഉണ്ടങ്കില്‍ മാത്രമേ മഹാബലിയായി തന്നെ ആളുകള്‍ കാണത്തുള്ളു. കുടവയറില്ലാത്തത് വേണമെങ്കില്‍ കിരീടത്തില്‍ അഡ്ജിസ്റ്റ് ചെയ്യാം. പക്ഷേ അതിനിപ്പോള്‍ പാതാളത്തിലാണങ്കില്‍ ഒരു കിരീടം പോലും എടുക്കാ നില്ല. കടം എടുക്കാമെന്ന് വെച്ചാല്‍ സാമ്പത്തിക പ്രതിസന്ധിമൂലം പാതാളത്തിലുള്ള എല്ലാ ബ്ലേഡുകാരും കട്ടയും പടവും മടക്കുകയും ചെയ്തു. ഇനി ആകെ രക്ഷ ഉര്‍വ്വശി തീയേറ്റേഴ്സാണ്. ഉര്‍വ്വശി തീയേറ്റേഴ്സില്‍ നിന്ന് കിരീടവും ചെങ്കോലും വാടകയ്ക്കെടുക്കാന്‍ മാവേലി ഉത്തരവിട്ടു.

കിരീടവും ആഭരണങ്ങളും ഉര്‍വ്വശി തീയേറ്റേഴ്സില്‍ നിന്ന് കിട്ടിയതു കൊണ്ട് മാത്രം കാര്യമായില്ല. കേരളത്തില്‍ എത്തിക്കഴിഞ്ഞാല്‍ തന്നെയെങ്ങനെ ആളുകള്‍ തിരിച്ചറിയും?? ചിങ്ങം ആയിക്കഴി ഞ്ഞാല്‍ കേരളത്തിലാകെ ഡ്യൂപ്ലിക്കേറ്റ് മാവേലികളാണ്. തുണിക്കടയ്ക്ക് പട്ടുടുത്ത മാവേലി , സ്വര്‍ണ്ണക്കടയ്ക്കാണങ്കില്‍ പത്തുനൂറ് പവനിട്ട് തിളങ്ങുന്ന മാവേലി ,ടിവിക്കടയ്ക്ക് പ്ലാസ്മടിവി കൈയ്യെലെടുത്ത മാവേലി, വണ്ടിക്കടയ്ക്ക് കാറോടിക്കുന്ന മാവേലി തുടങ്ങി പത്തുനൂറ് ടൈപ്പ് മാവേലിയുണ്ട്. ഈ മാവേലികള്‍ക്കിടയില്‍ ഒറിജിനല്‍ മാവേലിയായ താന്‍ ചെന്നാല്‍ ആളുകള്‍ തിരിച്ചറിയുമോ? ഏതായാലും കേരളത്തില്‍ വരെ പോയി നോക്കാം. ആളുകള്‍ തിര്‍ച്ചറിഞ്ഞി ല്ലങ്കില്‍ അത്രയും നല്ലത് , തന്റെ പ്രജകളായിരുന്നവരുടെ സുഖദുഃഖങ്ങള്‍ ശരിക്ക് മനസിലാ വുമല്ലോ? തിരുവോണത്തിന് ഇനി രണ്ട് ദിവസംകൂടിയേ ഉള്ളു. ഏതായാലും തിരുവോണത്തിന് റിയാലിറ്റി ഷോകളൊന്നും ഇല്ലാത്താത് നന്നായി. അതുണ്ടായിരുന്നങ്കില്‍ തുഞ്ചത്തെഴുത്തച്ഛന്‍ എഴുതി മിനുക്കിയെടുത്ത മലയാളത്തെ ‘അവതാരങ്ങള്‍’എല്ലാം കൂടി കൊന്നു കൊലവിളിക്കുന്നതു കാണേണ്ടിവന്നേനെ.


പാതാളത്തിലെ സാമ്പത്തിക പ്രതിസന്ധികൊണ്ട് മാവേലി ഒറ്റയ്ക്ക് കേരളത്തില്‍ പോയാല്‍ മതിയെന്നാണ് പാതളവാസികളുടെ തീരുമാനം. കഴിഞ്ഞ വര്‍ഷം വരേയും മാവേലിയും പാരവാരങ്ങളും കൂടി ആയിരുന്നു കേരളത്തീല്‍ എത്തിയിരുന്നത്. മാവേലിയെ കേരളത്തിലിട്ട് കറക്കുന്ന ടൂറിസം വകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ നല്‍കിയിരുന്നതാണ് ഇനി മുതല്‍ മാവേലി ഒറ്റയ്ക്ക് കേരളത്തില്‍ വന്നാല്‍ മതിയന്ന്. കേരളത്തില്‍ മാവേലിയുടെ സുരക്ഷയ്ക്ക് വേണ്ടി കേരളപ്പോലീസ് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുമെന്ന് !! കേരളത്തീലെ
പോലീസിനെക്കുറിച്ച് മാവേലിക്കും നല്ല മതിപ്പാണ്. വിദേശികളോടൊക്കെ എന്തൊരു സ്നേഹമാ
കേരളാപോലീസിന് !. അല്ലങ്കില്‍ വിമാനത്താവളത്തില്‍ കന്നത്തിരവും പോലീസുകാരന്റെ മുതകത്ത് കയറി ഡാന്‍സും കളിച്ച ഒരു വിദേശിയെ എന്തു മാന്യമായിട്ടാ കേരളാപോലീസ് തിരിച്ചു കയറ്റി വിട്ടത്. ഇതിനെയാണല്ലോ അതിഥി ദേവോ ഭവഃ എന്ന് പറയുന്നത്.പാതാളത്തില്‍ പട്ടിണിയും പരവട്ടമാണങ്കിലും പാതാളവാസികള്‍ക്ക് മനസമധാനം ഉണ്ട്. മലയാളികള്‍ക്കും ‘ആ‘സമാധാനം ഉണ്ടാകുമായിരിക്കും. കേരളത്തിലെ ഖജനാനില്‍ കാശില്ലേ കാശില്ലേ എന്നാ പറയുന്നത്. ശരിക്ക് കേരളത്തില്‍ ‘കാശിന്’ കുറവുണ്ടോ? ടോട്ടല്‍4യു തട്ടിപ്പെന്ന് പറഞ്ഞ് ഏതാണ്ടൊരു തട്ടിപ്പ് നടത്തിയന്നും അവനെ പോലീസ് പിടിച്ചന്നും അവന്റെ കൈവശമുള്ള നൂറുകോടിക്ക് ഇതുവരെ അവകാശികള്‍ ചെന്നില്ലത്രെ!! ഇങ്ങനെ എന്തല്ലാമാണ് കേരളത്തില്‍ നടക്കുന്നത് ? രണ്ട് വര്‍ഷം മുമ്പ് കേരളത്തില്‍ ചെന്നപ്പോള്‍ ഒരു മന്ത്രി വിമാനത്തില്‍ വച്ച് ഒരുത്തിയെ കയറിപിടിച്ചന്ന് പറഞ്ഞ് എന്തൊരു ബഹളമായിരുന്നു. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ പോയപ്പോള്‍ ആ മന്ത്രി പാട്ടുപാടി നടക്കുകയായിരുന്നു. ഈ വര്‍ഷം വീണ്ടും അയാള്‍ മന്ത്രിയായിരിക്കുന്നു, ഈ മലയാളികളെ കൊണ്ട് തോറ്റു!!!!

അല്ലങ്കിലും ഈ മന്ത്രിമാര്‍ക്കൊക്കെ പണ്ടേ വില്ലന്‍ വേഷങ്ങളായിരുന്നു. രാജാവിനെ ചതിക്കുന്ന മന്ത്രി, നാട്ടില്‍ ഗുണ്ടായിസം കാണിക്കുന്ന മന്ത്രിപുത്രന്മാര്‍, കന്യകകളെ തട്ടികൊണ്ട് പോകുന്ന മന്ത്രി പുത്രന്മാര്‍, ഖജനാവില്‍ നിന്ന് കൈയിട്ട് വാരുന്ന മന്ത്രിമാര്‍ .. ഇങ്ങനെ എന്തെല്ലാം വില്ലത്തരങ്ങളായിരുന്നു പണ്ടത്തെ മന്ത്രിമാര്‍ ചെയ്തു കൂട്ടിയിരുന്നത്. തന്റെ ഭരണകാലത്തും അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇങ്ങനെ കേട്ടിരുന്നു. ഏതായാലും പഴയ രാജ്യഭരണത്തിന്റെ ഓര്‍മ്മകള്‍ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി കേരളത്തില്‍ നിന്നും ഇത്തരം മന്ത്രിക്കഥകള്‍
കേള്‍ക്കുമ്പോള്‍ ശരീരത്തിലെ രോമങ്ങള്‍ എഴുന്ന് നില്‍ക്കുന്നുണ്ട്. വര്‍ഷം തോറും പ്രജകളെ കാണാന്‍ മാത്രമേ വാമനന്‍ അനുവാദം തന്നിട്ടുള്ളൂ. ഇനി വാമനനെ കാണുമ്പോള്‍ വാളെടുത്ത് വെട്ടാനുള്ള അനുവാദം കൂടി വാങ്ങണം. താനും കേരളത്തിലെ മുഖ്യമന്ത്രിയും ഇപ്പോള്‍ ഒരു പോലെയാ. താനാണങ്കില്‍ അധികാരവും സിംഹാസനവും പോയ രാജാവ്. മുഖ്യമന്ത്രിക്കാണങ്കില്‍ സിംഹാസനം മാത്രമേ ഇപ്പോള്‍ ഉള്ളു. അധികാരം ഇല്ല.തങ്ങള്‍ രണ്ടു പേരും അധികാരം പോയ രാജാക്കന്മാരാണ് !!!


ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കൊണ്ട് ഇരുന്നാല്‍ തനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് മാവേലിക്ക് തോന്നി. ഇനി തലമണ്ടയ്ക്ക് കുറച്ച് വിശ്രമം കൊടുത്തിട്ടാവാം ചിന്തകള്‍. അല്ലങ്കില്‍ ചിന്തകള്‍ വഴിതെറ്റി കാടുകയറും. ഇനി കുറേ നേരം കേരളത്തില്‍ നിന്നുള്ള ന്യൂസ് ചാനലുകള്‍ കണ്ടുകളയാം. അതാവുമ്പോള്‍ ഒരു എന്റെ‌ര്‍‌ടെയ്ന്റ്‌മെന്റ് ഉണ്ട്.തുമ്മിയാല്‍ ഫ്ലാഷ് തുമ്മിയില്ലങ്കില്‍ ഫ്ലാഷ്,തുണിയെടുത്താല്‍ ഫ്ലാഷ് അടികൊണ്ടാല്‍ ഫ്ലാഷ് ഓടിയാല്‍ ഫ്ലാഷ്
മിണ്ടിയാല്‍ ഫ്ലാഷ് മിണ്ടിയില്ലങ്കില്‍ ഫ്ലാഷ് ഇങ്ങനെ എന്തെല്ലാം ഫ്ലാഷ് ന്യൂസുകളാണ് കേരളത്തിലെ ചാനലുകളില്‍ വരുന്നത്. അല്ലങ്കില്‍ വാര്‍ത്താക്കാരെ മാത്രമായിട്ട് എന്തിനാ പറയുന്നത്. അല്ല... താനെന്തിനാണ് കാണാന്‍ പോകുന്ന പൂരത്തെക്കുറിച്ച് ആലോചിക്കുന്നത്.

മാവേലിയുടെ മുറിയിലെ ബെല്ല് അടിച്ചു. മാവേലി പെട്ടന്ന് ടിവി ഓഫാക്കി ഇരുന്നു. മുറിയിലേക്ക് കടന്നുവന്ന ആളെകണ്ട് മാവേലി കസേര കം സിംഹാസനത്തില്‍ നിന്ന് എഴുന്നേറ്റു. ആഗതന്‍ മാവേലി ഇരുന്നിരുന്ന കസേരയില്‍ ഇരിപ്പുറപ്പിച്ചു.

മാവേലി : നാളെക്കഴിഞ്ഞ് ഞാനങ്ങോട്ട് വരുമായിരുന്നല്ലോ? പിന്നെന്തിനാണ് അങ്ങ് ഇങ്ങോട്ട് വന്നത്.

ആഗതന്‍ : അത് അറിയാവുന്നത് കൊണ്ടാണ് ഞാനിങ്ങോട്ട് വന്നത് ? മാവേലി ഇപ്പോള്‍ അങ്ങോട്ട് വരണ്ടാന്ന് പറയാനാണ് ഞാന്‍ വന്നത് ?

മാവേലി : എന്റെ പ്രജകളെ കാണാന്‍ എനിക്കൊരു ദിവസം മാത്രമാണ് ഉള്ളത്.

ആഗതന്‍ : അങ്ങേയ്ക്ക് അങ്ങയുടെ പ്രജകളുടെ ദുഃഖം കാണാന്‍ കഴിയുമോ?

മാവേലി : ഇല്ല.. ആര്‍ക്കാണ് കേരളത്തില്‍ ദുഃഖം ???

ആഗതന്‍ : എന്നെ കണ്ടിട്ട് അങ്ങയ്ക്ക് ദുഃഖമുള്ളതായി തോന്നുന്നില്ലേ (കരയുന്നു)

മാവേലി : അങ്ങ് കരയാതെ കാര്യം പറയൂ

ആഗതന്‍ : മക്കളേ ഓര്‍ത്ത് അല്ല മകനെ ഓര്‍ത്ത് ഒരച്‌ഛന് കരയാന്‍ പറ്റില്ലേ?

മാവേലി : അങ്ങ് സങ്കടം പറയൂ...

[അവരുടെ അടുത്തേക്ക് മാന്നാര്‍ മത്തായി കിരീടവും കൊണ്ട് വരുന്നു.]

മാന്നാര്‍ മത്തായി : ഇതാ ഞാന്‍ പറഞ്ഞ കിരീടം. കേരളത്തില്‍ നിന്ന് വന്നു കഴിഞ്ഞാലുടനെ ഇതിങ്ങ് തിരിച്ച് തരണം. ഉര്‍വ്വശി തിയേറ്റേഴ്‌സിന് മൂന്നാമത്തെ നാടകത്തിന് ഈ കിരീടം വേണ്ടതാണ്. [മാന്നാര്‍ മത്തായി മറ്റെയാളെ കാണുന്നു.]

മാന്നാര്‍ മത്തായി : ഇവിടേയും സങ്കടം പറയാന്‍ എത്തി അല്ലേ? (മാവേലിയോടായി) .. ഞാനൊരു ചോദ്യം ചോദിക്കട്ടെ മാവേലീ ... മുകളില്‍ നിന്ന് താഴോട്ട് വന്നവന്‍ എവിടെ? അവനിപ്പോള്‍ മുകളിലും ഇല്ല താഴെയും ഇല്ല ... എവിടെപ്പോയി.. അവനെവിടെപ്പോയി..???

[പെട്ടന്ന് പാതാളത്തിലെ ലൈറ്റുകള്‍ ഓഫായി... ഇരുട്ടില്‍ മാവേലിയുടെ നിലവിളി ശബ്ദ്ദം]

***************************************

കേരളത്തിലെ ഒരു പോലീസ് സ്റ്റേഷനില്‍ ഒരു ഫോണ്‍ കോള്‍. ഒരാള്‍ ഫോണ്‍ എടുക്കുന്നു.
ഫോണെടുത്ത ആള്‍ : എന്താ കാര്യം.??

*** : സാറേ മാവേലിയെ തട്ടിക്കൊണ്ട് പോയി.

ഫോ.ആള്‍ : അപ്പോള്‍ ഞങ്ങളെന്താ ചെയ്യേണ്ടത് ?

*** : മാവേലിയെ കണ്ട് പിടിക്കണം.

ഫോ.ആള്‍ : തട്ടിപ്പോയ ആളെ എങ്ങനെയാടോ കണ്ടു പിടിക്കുന്നത്? വേണമെങ്കില്‍ തട്ടിക്കളഞ്ഞവരെ പിടിക്കാം. എങ്ങനെയാണ് തട്ടിയതന്നുള്ള തിരക്കഥ വേണമെങ്കില്‍ തരാം. തിരക്കഥയും ആളേയും വേണോ? നമ്മുടെ കൈയ്യില്‍ തട്ടിക്കളയല്‍ തിരക്കഥ എഴുതാല്‍ ആളുണ്ട്. കേരളത്തിലിപ്പോള്‍ സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന തട്ടിക്കളയല്‍ തിരക്കഥ എഴുതിയത് ഞങ്ങളാ.. ആളുകളേയും ഞങ്ങള്‍ തന്നയാ കൊടുത്തത് ..

*** : സാര്‍ മാവേലി തട്ടിപ്പോയിട്ടില്ല.. ആരോ തട്ടിക്കൊണ്ട് പോയതാ....

ഫോ.ആള്‍ : ഹോ! അത്രയേ ഉള്ളൂ... കൈയ്യിലൊന്നും ഇല്ലന്ന് അറിയുമ്പോള്‍ തട്ടിക്കോണ്ട് പോയവനങ്ങേരെ വെറുതെ വിട്ടോളും.... സമയം കളയാതെ ഫോണ്‍ വെച്ചിട്ട് പോടോ...
**************************************


പാതാളത്തില്‍ കരണ്ട് വന്നു ...മാവേലിയും മാന്നാര്‍ മത്തായിയും മാത്രം മുറിയില്‍ ഉണ്ട്. ആഗതന്‍ എവിടേക്കൊ പോയിരിക്കുന്നു.

മാന്നാര്‍ മത്തായി : അങ്ങ പോകുന്നില്ലേ കേരളത്തിലേക്ക്.

മാവേലി : ഞാനൊന്നുകൂടി ആലോചിക്കട്ടെ.... കേരളത്തിന് എന്നെക്കൊണ്ട് ആവിശ്യമുണ്ടോ യെന്ന് ഒന്ന് ആലോചിക്കട്ടെ .... അങ്ങനെ വീണ്ടും മാവേലി ആലോചനയില്‍ മുഴങ്ങി.

പണ്ട് ആവിശ്യത്തിന് ആലോചനയില്ലാതെ എടുത്തുചാടിയപ്പോള്‍ പാതാളത്തിലേക്ക് ചവിട്ടി
താഴ്ത്തിപെട്ടവനാണ് മാവേലി. ഭൂമിയെക്കാളും താണ് പാതാളത്തോളം താഴ്ന്നവനാണ് മഹാബലി. ഇനി ഒരിക്കല്‍ കൂടി ചവിട്ടി താഴ്‌ത്തപ്പെടാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാവില്ല. എന്തായിരിക്കും അദ്ദേഹം തീരുമാനിക്കുക. തന്റെ പ്രജകളെ കാണാതിരിക്കാന്‍ അദ്ദേഹത്തിന് കഴിയുമോ ????? മഹാബലി കേരളത്തിലേക്ക് വരില്ലേ???

2 comments:

കുമാരന്‍ | kumaran said...

നല്ല പോസ്റ്റ്.

HARI VILLOOR - മനസ്സ്. said...

അല്ലാ, ഒരു സംശയം.... മഹാബലി വന്നോ.........

: :: ::