Sunday, December 28, 2008

സെമിത്തേരിയിലെ പാലമരം : 1

.

കപ്യാര് സന്ധ്യാമണി അടിച്ചുകഴിഞ്ഞയുടനെതന്നെ തരകനച്ചന്‍ പള്ളിമേടയില്‍ നിന്ന് ഇറങ്ങി പള്ളിയിലേക്ക് കയറി. സന്ധ്യാപ്രാര്‍ത്ഥനയ്ക്കായി നാലഞ്ചു ആള്‍ക്കാര്‍ മാത്രമേ എത്തിയിട്ടുള്ളു.കുന്നിന്‍‌പുറത്തെ പള്ളിയിലേക്ക് ഞായറാഴ്ചപോലും കുറച്ചു ആളുകള്‍ മാത്രമേ എത്താറുണ്ടായിരുന്നുള്ളു. അച്ചന്‍ ആള്‍ത്താരനടുവിലെ നിലവിളക്കിലെ തിരി തെളിച്ചു. തിരിയുടെ പ്രകാശംപള്ളിയില്‍ നിറഞ്ഞു.അച്ചന്‍ കാവിക്കുപ്പായത്തിനു മുകളിലേക്ക് കറുത്ത ളോഹ എടുത്തിട്ടു. കപ്യാര് പ്രാര്‍ത്ഥനാമേശയിലെമെഴുകുതിരി കത്തിച്ചു. അരമണി ക്കൂറിനുള്ളില്‍ അച്ചന്‍ സന്ധ്യാപ്രാര്‍ത്ഥന കഴിച്ചു. പ്രാര്‍ത്ഥനയ്ക്കായി വന്നവര്‍ പിരിഞ്ഞു. നാട്ടുവഴിയില്‍ ഇരുട്ടു പരന്നു തുടര്‍ന്നിരുന്നു. കപ്യാര് പള്ളിയടയ്ക്കാനായി ജനലുകള്‍ അടച്ചു. പള്ളിയുടെ വാതില്‍ അടച്ചു പൂട്ടാനായിതുടങ്ങിയപ്പോള്‍ അച്ചന്‍ തടഞ്ഞു.

“പള്ളി പൂട്ടേണ്ടാ... ആളുവരും ...”

ആരാണ് ഇനി വരുന്നതന്ന് കപ്യാര്‍ ചോദിച്ചില്ല. ആരോ അച്ചന്റെ സഹായം തേടി വരുന്നു ണ്ടന്ന് മാത്രം കപ്യാര്‍ക്ക് മനസിലായി.പത്തുപതിനഞ്ച് വര്‍ഷമായി കപ്യാര്‍ അച്ചന്റെ കൂടെ കൂടിയിട്ട്. അച്ചന്റെ കുശിനിക്കാരനായും പള്ളിയിലെ കപ്യാരുമൊക്കെയായിട്ട് ജോലിചെയ്യു ന്ന അവിരാചേട്ടന് അറുപന്തഞ്ച് വയസായിട്ടുണ്ടാ‍വും.ഭാര്യമരിച്ചതിനുശേഷം വീട് മകന്റെ പേരില്‍ എഴുതിക്കൊടുത്തിട്ട് അച്ചന്റെ കൂടെ കൂടിയതാണ്. അച്ചന്റെ കൂടെ ഒരു നിഴലായി അവിരാചേട്ടനുണ്ടാവും. അച്ചന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അച്ചനെക്കാള്‍ കൂടുതല്‍
അറിയാവുന്നത് അവിരാചേട്ടനായിരിക്കും.എഴുപത്തഞ്ച് വയസുകഴിഞ്ഞ അച്ചന് അല്പം കേള്‍വിക്കുറവുണ്ടന്നല്ലാതെ ആരോഗ്യത്തിന് മറ്റുകുഴപ്പമൊന്നുമില്ല. മഞ്ഞുപോലെ വെളുത്ത താടിയില്‍ തലോടി അച്ചന്‍ പള്ളിമുറ്റത്ത്ഒരു ചാരകസേരയില്‍ കിടന്നു. അച്ചന്‍ ആരയോ പ്രതീക്ഷിക്കുന്നുണ്ട്.


അച്ചന്റെ നോട്ടം തെക്കേപ്പറമ്പിലേക്ക് നീണ്ടു. സെമിത്തേരിയിലെ നിശബ്ദ്ദത പള്ളിമുറ്റ ത്തേക്കും നീണ്ടിരുന്നു. ശവംനാറിപൂക്കളുടെ മണം പള്ളിമുറ്റത്തേക്കും പടര്‍ന്നു.അച്ചന്‍ പതിയെ ചാരുകസേരയില്‍ നിന്ന് എഴുന്നേറ്റു. അച്ചന്‍ സെമിത്തേരിയിലേക്ക്നടന്നു. നിശബ്ദ്ദതയെ ഭേദിച്ച് അച്ചന്റെ കാലുകള്‍ക്കടിയില്‍ ചരലുകള്‍ ഞെരിഞ്ഞമര്‍ന്നു. അച്ചന്‍ സെമിത്തേരിയുടെഗെയ്റ്റിറ്റിങ്കില്‍ നിന്ന് അകത്തേക്ക് കണ്ണുകള്‍ പായിച്ചു. മാര്‍ബിളും ടൈലു കളും പതിച്ച കല്ലറകള്‍ക്കപ്പുറം തെമ്മാടിപ്പറമ്പ് . ഇപ്പോള്‍ ആരയും തെമ്മാടിപ്പറമ്പില്‍ അടക്കാറില്ല. തെമ്മാടിക്കുഴിയി്‍ല്‍ അടയ്ക്കിയവരെ തേടി ആരും ചെല്ലാത്തതുകൊണ്ട് കാടുകയറി കിടക്കുകയാണ്. കാട് കയറി കിടക്കുന്ന തെമ്മാടിപ്പറമ്പില്‍ തെളിഞ്ഞു നില്‍ക്കുന്ന മെഴുകുതിരി അച്ചന്‍ കണ്ടു. അച്ചന്‍സെമിത്തേരിയിലേക്ക് കയറി‍ തെമ്മാടിപ്പറമ്പിലേക്ക് നടന്നു. ശവംനാറികള്‍ക്കിടയില്‍ ഒരു മണ്‍‌കൂന. മണ്‍കൂനയില്‍ ചിതറിക്കിടക്കുന്ന കല്ലുകള്‍. ശവക്കുഴിയുടെ തലയ്ക്കല്‍ തന്നെ ഒരു പാലമരം. ആ പാലമരം വെട്ടിക്കളയാന്‍ പള്ളിക്കാര്‍ പലരേയും സമീപിച്ചുവെങ്കിലും അത് വെട്ടാന്‍ ആരും തയ്യാറായില്ല. അച്ചന്‍ പാലമരത്തിന്റെ അടുത്ത് ചെന്ന് നിന്നു. അച്ചന്‍ പാലമരത്തിലേക്ക് നോക്കിയതും പാലമരം ആടാന്‍ തുടങ്ങി. പാലമരത്തില്‍ മാത്രം കാറ്റ് !!! അച്ചന്റെ നോട്ടം മെഴുകുതിരിയിലേക്ക്മാറി. പെട്ടന്ന് മെഴുകുതിരി ആരോ എടുത്ത് മാറ്റുന്നതുപോലെ വായുവി ലൂടെ പൊങ്ങി പാലമരത്തിന്റെ ചില്ലയിലേക്ക് വീണ്അപ്രത്യക്ഷമായി.

അച്ചനൊന്ന് ഇരുത്തി മൂളിയപ്പോള്‍ പാലമരത്തിന്റെ ആട്ടം നിന്നു. പൂര്‍ണ്ണചന്ദ്രന്‍ ആകാശത്ത് തെളിഞ്ഞു. ഇന്ന് വെളുത്തവാവ്ആണന്ന് അപ്പോഴാണ് അച്ചന്‍ ഓര്‍മ്മിച്ചത്. “അച്ചോ.. അച്ചോ ..” പള്ളിമേടയില്‍ നിന്ന് കപ്യാരുടെ വിളികേട്ട് അച്ചന്‍ സെമിത്തേരിക്ക്
പുറത്തുകടന്നു. ആവി പറക്കുന്ന കട്ടന്‍ കാപ്പിയുമായി അവിരാചേട്ടന്‍ ചാരുകസേരക്കരി കില്‍ നില്‍പ്പുണ്ടായിരുന്നു. അച്ചന്‍ കാപ്പി വാങ്ങി ചാരുകസേരയിലേക്കിരുന്നു.


“ഇനി പള്ളിയടക്കട്ടെ...” അവിരാചേട്ടന്‍ വീണ്ടും ചോദിച്ചു.

“കുറച്ചു ദനഹാവെള്ളംകൂടി എടുത്തിട്ട് അടച്ചോ ?” അച്ചന്‍ പറഞ്ഞയുടനെതന്നെ അവിരാ ചേട്ടന്‍ ഒരു ചെറിയകുപ്പിയില്‍ ദനഹാവെള്ളവും എടുത്ത് പള്ളിയടച്ചു.

“ മുറിയില്‍ നിന്ന് എന്റെ കുരിശുമാലയും എടുത്ത് പള്ളിമേടയും പൂട്ടിക്കോ ?”

അച്ചന്‍ പറഞ്ഞതുപോലെ അവിരാചേട്ടന്‍ പള്ളിമേടപൂട്ടിയ ഉടനെതന്നെ പള്ളിമുറ്റത്ത് ഒരു കാര്‍ വന്നു നിന്നു. അതില്‍ നിന്ന് ആള്‍ ഇറങ്ങുന്നതിനു മുമ്പ് തന്നെ അച്ചന്‍ കാറിന്റെ അടുത്തെത്തി. പിന്നിലെ ഡോര്‍തുറന്ന് അച്ചനകത്ത് കയറി.പിന്നാലെ കപ്യാരും. കാറിനുള്ളില്‍ ഡ്രൈവറെക്കൂടാതെ മറ്റൊരാളും ഉണ്ടായിരുന്നു....

“ശ്രദ്ധപതറാതെ വണ്ടിയോടിക്കണം... എന്തുകണ്ടാലും കേട്ടാലും ശ്രദ്ധപതറരുത്....” അച്ചന്‍ ഡ്രൈവറോടായിട്ട് പറഞ്ഞു. “മേനാപ്പള്ളിയില്‍ ചെന്നിട്ടേ വണ്ടി നിര്‍ത്താവൂ...” അച്ചന്‍ തുടര്‍ന്നു. തങ്ങള്‍ പറയാതെ തന്നെ അച്ചന് തങ്ങളുടെ വരവിന്റെ ഉദ്ദേശം മനസിലായിട്ടുണ്ടന്ന് കാറില്‍ എത്തിയവര്‍ക്ക് മനസിലായി. അച്ചന്‍ കണ്ണുകള്‍ അടച്ചു പ്രാര്‍ത്ഥിച്ചു. അവിരാചേട്ടന്റെ കൈയ്യില്‍നിന്ന് കുരിശുമാല വാങ്ങി വലതുകൈക്കുള്ളില്‍ വച്ചു.

“പോകാം...” അച്ചന്‍ പറഞ്ഞു. വണ്ടി മുന്നോട്ട് നീങ്ങി. തെമ്മാടിപ്പറമ്പിലെ പാലമരത്തില്‍ അപ്രത്യക്ഷമായ മെഴുകുതിരി വീണ്ടുംപാലമരത്തില്‍ പ്രത്യക്ഷപ്പെട്ടു. പെട്ടന്ന് അതൊരു അഗ്നിഗോളമായി മാറി. എന്നിട്ട് കാര്‍ പോയ ദിക്കിലേക്ക് നീങ്ങി. കാര്‍ തിരക്കുള്ള റോഡില്‍ നിന്ന് തിരക്ക് കുറഞ്ഞവഴിയിലേക്ക് നീങ്ങി. നിലാവെളിച്ചം ശരിക്ക് പരന്നിരുന്നു. അച്ചന്‍ കണ്ണുകള്‍ അടച്ച്പുറകിലേക്ക് ചാരിക്കിടക്കുകയായിരുന്നു.അച്ചന്റെ വലതുകൈയ്യിലെ കുരിശുമാലയിലെ ക്രൂശിതരൂ‍പത്തില്‍ നിന്നുള്ള ചൂട് അച്ചന്റെകൈവള്ളയിലേക്ക് പടര്‍ന്നു. അച്ചന്‍ കണ്ണുകള്‍ തുറന്നു. അച്ചന്റെ ചുണ്ടുകളില്‍ പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ നിറഞ്ഞു. കാറിനെ ലക്ഷ്യമാക്കി വരുന്ന ഒരഗ്നിഗോളം അച്ചന്‍ അകക്കണ്ണില്‍ കണ്ടു.

“ യാത്രമുടക്കാന്‍ അവര്‍ പുറപ്പെട്ടു കഴിഞ്ഞു...എന്തുകണ്ടാലും വണ്ടി നിര്‍ത്തരുത് ...”അച്ചന്‍ വീണ്ടും ഡ്രൈവറെ ഓര്‍മ്മപ്പെടുത്തി.അഗ്നിഗോളം കാറിനോട് അടുത്തുകൊണ്ടിരുന്നു. അച്ചന്‍ തന്റെ താടിരോമങ്ങളില്‍ നിന്ന് രണ്ടെണ്ണം പിഴുതു.ആ രണ്ടു താടിരോമങ്ങളും തമ്മില്‍ കൂട്ടിക്കെട്ടി കാറിന്റെ ഡോറിലൂടെ വെളിയിലേക്ക് ഇട്ടു. നക്ഷത്രവേഗത്തില്‍ ആ താടിരോമങ്ങള്‍ മാനത്തേക്ക്പാഞ്ഞു. നിമിഷങ്ങള്‍ക്കകം ഒരു വെള്ളിടി മുഴങ്ങി. നിലാവ് പരന്ന മാനത്ത് നിന്ന് മഴത്തുള്ളികള്‍ വീണു. പെട്ടന്ന് അതൊരുപെരുമഴയായിത്തീര്‍ന്നു. കാറിലേക്ക് പതിക്കാനായി വന്നുകൊണ്ടിരുന്നു അഗ്നി‌ഗോളം അണഞ്ഞു. മഴ നിലച്ചു. മുന്നിലുള്ള വഴികളിലൊന്നും മഴപെയ്തിട്ടാല്ലായിരുന്നു.

അച്ചന്‍‌വീണ്ടും പിന്‍സീറ്റിലേക്ക് ചാരി. ഹെഡ് ലൈറ്റിന്റെ പ്രകാശത്തില്‍ കാറിന്റെ മുന്‍ ‌ഗ്ലാസിലേക്ക് എന്തോ പറന്നുവരുന്നത് ഡ്രൈവര്‍ കണ്ടു. അതൊരു ചെറിയ നരിച്ചീറായി രുന്നു. മുന്‍‌ഗ്ലാസില്‍ അത് പറ്റിപ്പിടിച്ചുകിടന്നു. ഗ്ലാസിലേക്ക് പറന്നു പറ്റിപ്പിടിക്കുന്ന നരിച്ചീറുകളുടെ എണ്ണംക്കൂടിക്കൂടിവന്നു.‌ നൂറുകണക്കിന് വാവലുകള്‍ കാറിനുനേരെ പറന്നുവരുന്നത് ഡ്രൈവര്‍ കണ്ടു. വാവലുകള്‍ഒരുമിച്ച് ഗ്ലാസില്‍ വന്നടിച്ചാല്‍ ഗ്ലാസ് തകരുമെന്ന് അയാള്‍ക്ക് തോന്നി.

“അച്ചോ....” അയാള്‍ അച്ചനെ വിളിച്ചുകൊണ്ട് പെട്ടന്നയാള്‍ വണ്ടി വെട്ടിച്ചു. പെട്ടന്നയാ ളുടെ കാലുകള്‍ ബ്രേക്കിലും ആക്സിലേറ്ററിലും അമര്‍ന്നു. റോഡില്‍ നിന്ന് തെന്നിമാറിയ കാര്‍ വീണ്ടും റോഡിലേക്ക് തന്നെ കയറി. അച്ചന്‍ സീറ്റില്‍ നിന്ന് നിവര്‍ന്നു. നൂറുകണക്കിന് വാവലുകള്‍ തങ്ങളുടെ കാ‍റിനു ചുറ്റും പറക്കുന്നത് അച്ചന്‍ കണ്ടു. അവയുടെ ശബ്ദ്ദം കാറിനുള്ളില്‍പ്പോലും മുഴങ്ങി.

“വണ്ടി മുന്നോട്ട് തന്നെ വിട്ടോ.... വാവലുകള്‍ കാഴ്ച് മറച്ചാലും വണ്ടി നിര്‍ത്തരുത് ... ദൈവം നമ്മളെ കാക്കും...” അച്ചന്‍ പ്രാര്‍ത്ഥനകള്‍ ഉരുവിട്ടു.

കാറിനുചുറ്റും വാവലുകള്‍ കാഴ്ച് മറച്ചുകൊണ്ട് ചിറകടിച്ച് പറന്നു. അവ ശക്തിയായി മുന്‍ ഗ്ലാസില്‍ വന്നടിച്ചു. ഗ്ലാസില്‍ പൊട്ടല്‍ വീണുതുടങ്ങി.പലപ്പോഴും ഡ്രൈവറുടെ നിയന്ത്രണ ത്തില്‍ നിന്ന് വണ്ടിപാളി.

“ഗീവര്‍ഗീസ് പുണ്യാളാ കാത്തുകൊള്ളണേ...” അച്ചന്റെ പ്രാര്‍ത്ഥന കാറിനുള്ളില്‍ നിന്ന് ഉയര്‍ന്നു. കാറിന്റെ മുന്‍ ഗ്ലാസില്‍ നിന്ന് ഒരു ഭാഗം അടര്‍ന്നു. “പുണ്യാളാ കൈവിടരുതേ...” അച്ചന്‍ നിലവിളിച്ചു. അകലെ നിന്ന് ഒരു കുതരകുളമ്പടി മുഴങ്ങി. അത് അടുത്തടുത്ത് വരുന്നു. വായുവില്‍ എന്തോആയുധം പുളയുന്ന സീല്‍ക്കാര ശബ്ദ്ദം... കാറിനുമുകളിലേക്ക് പറന്ന വാവലുകള്‍ രക്തം ഒലിപ്പിച്ച് നിലത്തേക്ക് വീണു. കാറിനുചുറ്റും പൊടിഉയര്‍ന്നു. വാവലുകള്‍ കൂട്ടത്തോടെ പറന്നുയര്‍ന്നു വടക്കോട്ട് പറന്നു. കുതിരകുളമ്പടി ശബ്ദ്ദം അകന്നു പോയി.

മേനാപ്പള്ളി തറവാടിനു മുന്നില്‍ കാര്‍ നിന്നു. അച്ചനെകാത്ത് തറവാട്ടിലുള്ളവരെല്ലാം ഉണ്ടാ‍യിരുന്നു. എന്തോ ആപത്ത് സംഭവിച്ചതുപോലെആയിരുന്നു അവരുടെ മുഖഭാവം. അച്ചന്‍ ആരോടും സംസാരിക്കാതെ തറവാടിനകത്തേക്ക് കയറി നിലവറവാതില്‍ തള്ളി ത്തുറന്നു. പെട്ടന്ന്കെടാവിളക്കിലേക്ക് മച്ചിന്‍ പുറത്തുനിന്ന് ഒരു പല്ലി വീണു. നിലവിള ക്കിലെ എണ്ണ അത് വലിച്ചുകുടിച്ചു . വിളക്ക് കരിന്തിരി കത്താന്‍ തുടങ്ങി.

“ആരോ പ്രാര്‍ത്ഥനകളും നൊയ്മ്പുകളും തെറ്റിച്ചു അല്ലേ...?” അച്ചന്റെ ചോദ്യത്തിന് ആരും മറുപിടി പറഞ്ഞില്ല.

അച്ചന്‍ നിലവറയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി തറവാടിനു പിന്നിലുള്ള കാഞ്ഞിര മരത്തി നടുത്തേക്ക് ചെന്നു. അച്ചന്‍ മരത്തിനു ഒരു വലം വച്ചു.“അപശകുനമാണല്ലോ... തറവാട്ടിലുള്ളവരെല്ലാം പെട്ടന്ന് പ്രാര്‍ത്ഥനാമുറിയില്‍ എത്തുക....” അച്ചന്‍ അതുപറഞ്ഞിട്ട് തറവാട്ടിലേക്ക് നടന്നു.

വടക്കോട്ട് പറന്നുപോയ വാവലുകള്‍ കൂട്ടത്തോടെ പള്ളിസെമിത്തേരിയിലെ തെമ്മാടി പ്പറമ്പിലെ പാലമരത്തില്‍ തൂങ്ങിക്കിടന്നു. അവ ഒരുമിച്ച്പാലമരത്തിനു കീഴിലുള്ള തെമ്മാടിക്കുഴിയിലേക്ക് പറന്നിറങ്ങി അപ്രത്യക്ഷമായി. പെട്ടന്ന് തെമ്മാടിക്കുഴിയിലെ കല്ലുകള്‍ ഇളകാന്‍ തുടങ്ങി.മണ്ണ് തനിയെ പിളര്‍ന്നുമാറി. തെമ്മാടിക്കുഴിയില്‍ നിന്ന് ഒരു അസ്ഥികൂടം ഉയര്‍ന്നുവന്നു. അതിന്റെ പല്ലുകള്‍ക്ക് ചുവന്ന നിറമായിരുന്നു.പെട്ടന്ന് പാല മരത്തില്‍ പൂക്കള്‍ ഉണ്ടായി. ഒരിളം കാറ്റ് പാലമരത്തെകടന്നു പോയി. പാലപൂക്കള്‍ പൊഴിഞ്ഞു. പൂക്കള്‍ പൊഴിഞ്ഞു വീണത്തെമ്മാടിക്കുഴിയില്‍ നിന്ന് ഉയര്‍ന്നുവന്ന അസ്ഥികൂടത്തിലേക്ക് ആയിരുന്നു. അസ്ഥികൂടം പതിയെ പതിയെ മനുഷ്യരൂപമായി മാറി. നിമിഷങ്ങള്‍ക്കകം ആ അസ്ഥികൂടം സുന്ദരിയായ ഒരു സ്ത്രിയായി മാറി. അവളുടെ നിതംബം മറഞ്ഞുകിടക്കുന്ന മുടിയിലേക്ക് പാലപ്പൂക്കള്‍വീണു. പാലപ്പൂവിന്റെ മണം വ്യാപിച്ചു. അവളുടെ നാസികയില്‍ വിയര്‍പ്പ് പൊടിഞ്ഞു. അവള്‍ പതിയെ അന്തരീക്ഷത്തിലേക്ക് ഉയരാന്‍ തുടങ്ങി.

മേനാപ്പള്ളി തറവാടിന്റെ പ്രാര്‍ത്ഥനാമുറിയില്‍ തറവാട്ടംഗങ്ങളെല്ലാം കടന്നുവന്നു. തരകനച്ചന്‍ ക്രൂശിതരൂപത്തിന്റെ മുന്നിലെ വിളക്ക് തെളിയിച്ചു.“എല്ലാവരും എത്തിയോ?” അച്ചന്‍ ചോദിച്ചു.

“ഇല്ലച്ചോ... ലിഷന്‍ മാത്രം എത്തിയിട്ടില്ല....” മറുപിടി പറഞ്ഞ ആളുടെ ശബ്ദ്ദം പതറിയിരുന്നു...

“അയാളെ ഇനി കാത്തിരിന്നിട്ട് കാര്യമില്ല.... മറ്റുള്ളവര്‍ക്ക് ആപത്തൊന്നും വരാതെ സൂക്ഷിച്ചിട്ടാവാം ഇനി അയാളുടെ രക്ഷ ...” അച്ചന്റെ വാക്കുകള്‍തറവാട്ടഗംങ്ങള്‍ക്കിടയില്‍ മ്ലാനത പരത്തി. ഒരുമിച്ചുള്ള പ്രാര്‍ത്ഥനകഴിഞ്ഞ് അച്ചന്‍ നിലവറ വാതില്‍ വീണ്ടും തുറന്നു. കരിന്തിരികത്തിക്കൊണ്ടിരുന്നനിലവിളക്കിന്റെ തിരി അല്പം നീട്ടി എണ്ണ ഒഴിച്ച് അച്ചന്‍ വിളക്ക് കത്തിച്ചു. അച്ചന്‍ കണ്ണുകള്‍ അടച്ചു. നിലവിളക്കില്‍ നിന്ന് രണ്ട് തിരികള്‍ എടുത്ത് അച്ചന്‍ കൈകളില്‍ കത്തിച്ചു പിടിച്ചു.

“അവളെ തടയണം... തടഞ്ഞേ പറ്റൂ...”അച്ചന്‍ കൈകളില്‍ ഇരിക്കൂന്ന കത്തിച്ച് വിളക്കത്തിരികളോടായി പറഞ്ഞിട്ട് മുകളിലേക്ക് എറിഞ്ഞു. കത്തിജ്വലിച്ചുകൊണ്ട് ആ തിരികള്‍ നിലവറയുടെ ജനാലയിലൂടെ പറന്നുപോയി


തുടരും.............

3 comments:

SHAJNI said...

hello,
enta e track?kottaya pushparaj syle?

Arjun said...

സെമിത്തേരിയിലെ പാലമരം എന്ന് കണ്ടപ്പോ ഞാന്‍ കരുതി വല്ല തമാശയും ആയിരിക്കുമെന്ന്.
ഈ നട്ട പാതിരക്ക് വര്‍ക്കും കഴിഞ്ഞു റൂമില്‍ പോകാനുള്ളതിനു പകരം വെറുതെ ഈ വഴി വന്ന എന്നെ പറഞ്ഞാ മതിയല്ലോ... ഇനി വണ്ടിയും കൊണ്ടു റൂം മേറ്റ്‌ വന്നിട്ടേ പോകുന്നുള്ളൂ...

asuthosh said...

"pettannayalude kaalukal brakelum acceleratorlum amarnu..."sadarana brakeum acceleratorum oru kalukndaanu pravarthippikkunnathu.randum ore samayam pravarthippikkarumilla.

: :: ::