Saturday, November 1, 2008

ബെല്‍റ്റ് ബോംബ് : കഥ

.
പൊട്ടിത്തെറിയുടെ ശക്തിയില്‍ അവള്‍ ദൂരേക്ക് തെറിച്ചു വീണു. ആളുകള്‍ അവളുടെ മുകളിലൂടെ ജീവനുവേണ്ടി പരക്കം പാഞ്ഞു. അവള്‍ക്കൊന്നുംമനസ്സിലായില്ല. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാനുള്ള പ്രായം അവള്‍ക്കില്ലായിരുന്നു. എട്ടുവയസുകാരിക്ക് ബോംബ് സ്‌ഫോടനംനടന്നാല്‍ എന്താണ് മനസിലാവുക? അവള്‍ അമ്മയുടെ കൂടെ തിരക്കേറിയ തെരുവിന്റെ കോണില്‍ നിലക്കടല വറുത്ത് വില്‍ക്കുകയായിരുന്നു.ദീപാവലി കഴിഞ്ഞുള്ള ദിവസമായതിനാല്‍ തെരുവില്‍ നല്ല തിരക്കുമായിരുന്നു. എവിടയോ വലിയ ഒരു ശബ്ദ്ദം കേട്ടതവളോര്‍ക്കുന്നു. ദീപാവലിആഘോഷം കഴിഞ്ഞ് ആരോ പടക്കം പൊട്ടിക്കുകയാണന്നാണവള്‍ കരുതിയത്. ശബ്ദ്ദം കേട്ട് ആളുകള്‍ ഓടുന്നതവള്‍ കണ്ടു. അമ്മ അവളെവട്ടം പിടിച്ചു. വീണ്ടും തൊട്ടടുത്ത് ശബ്ദ്ദം. അമ്മയുടെ പിടി വഴുതുന്നതവള്‍ അറിഞ്ഞു. അടുത്ത കനത്ത ശബ്ദ്ദത്തില്‍ അവള്‍ അമ്മയുടെകൈയ്യില്‍ നിന്ന് തെറിച്ചു പോയി. അമ്മേ എന്നുള്ള അവളുടെ നിലവിളി ആരും കേട്ടില്ല. സ്വന്തം ജീവന്‍ തിരിച്ചു പിടിക്കാനുള്ള ഓട്ടത്തില്‍ആ കുഞ്ഞിന്റെ നിലവിളി ആര് കേള്‍ക്കാന്‍. അവള്‍ നിലത്തുനിന്ന് പതിയെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. തന്റെ തൊട്ടടുത്ത് പിടയുന്ന ഒരാളെഅവള്‍ കണ്ടു. ആകാശത്തേക്ക് ഉയരുന്ന തീ നാളങ്ങള്‍. ജനങ്ങള്‍ ഓടുകയാണ്. അതില്‍ പലരുടേയും ദേഹത്ത് നിന്ന് ചോര ഒലിക്കുന്നുണ്ട്.“മോളേ... മോളേ...”ഒരു ഞെരുക്കം കേട്ട് അവള്‍ മണ്ണില്‍ പൂണ്ട് കിടക്കുന്ന മനുഷ്യ ശരീരത്തിന്റെ മുഖം മണ്ണ് മാറ്റി ഉയര്‍ത്തി. ചോരയും മണ്ണുംനിറഞ്ഞ് ആ മുഖം വിരൂപമായിരുന്നു. “അമ്മ...അമ്മ... എന്തുപറ്റി അമ്മേ?...” അവള്‍ അമ്മയുടെ മുഖത്ത് നിന്ന് മണ്ണ് തുടച്ചുമാറ്റി. ആ മുഖത്തിന്റെഒരു ഭാഗം തകര്‍ന്നു പോയിരുന്നു.”മോളേ... ഓടിക്കോ.... അമ്മയെ നോക്കാതെ ഓടിക്കോ...” അവളെ അമ്മ തകര്‍ന്ന കൈകൊണ്ട് തള്ളിവിടാന്‍ശ്രമിച്ചു. തെരുവിന്റെ അങ്ങേ കോണില്‍ നിന്ന് വീണ്ടും വലിയ ശബ്ദ്ദം. അവളുടെ മുന്നിലേക്ക് അറ്റുപോയ ഒരു കൈവന്ന് വീണു. അവളുടെമുന്നില്‍ അത് വന്ന് വീണപ്പോള്‍ അത് പിടയുന്നുണ്ടായിരുന്നു. ഓടിപ്പോകുന്ന ആളുകളുടെ ഇടയിലേക്ക് അവളും .......

എത്ര ദൂരം ഓടിയന്ന് അവള്‍ക്കറിയില്ല. ഏതൊക്കെ വഴിയിലൂടെയാണ് ഓടിയതന്നും അറിയില്ല. ആദ്യമായിട്ടാണ് അമ്മ ഇല്ലാതവള്‍ സഞ്ചരിക്കുന്നത്.ഓടി‌യോടി അവള്‍ റയില്‍‌വേസറ്റേഷനില്‍ എത്തി. പൈപ്പില്‍ നിന്ന് വെള്ളം കുടിച്ചപ്പോള്‍ അല്പം ആശ്വാസം. അമ്മയെപ്പോള്‍ മണ്ണില്‍ നിന്ന്എഴുന്നേറ്റിട്ടുണ്ടാവുമോ? റയില്‍‌വേസറ്റേഷനിലും ആളുകള്‍ കൂടുകയാണ്. ആളുകളുടെ തിരക്കില്‍ അവളും പെട്ടു. എങ്ങനയോ ഏതോ ട്രയില്‍ കയറി.നില്‍ക്കാന്‍പോലും സ്ഥലം ഇല്ലാതെ ബോഗികള്‍ നിറഞ്ഞു . ഒരു സീറ്റിന്റെ കീഴിലേക്കവള്‍ കയറിക്കിടന്നു. ക്ഷീണം കൊണ്ട് അവളുടെ കണ്ണുകള്‍അടഞ്ഞു.നിലവിളി ശബ്ദ്ദങ്ങള്‍. തെറിച്ചു വീഴുന്ന തലകള്‍, കൈകള്‍ , ചോരയൊലിപ്പിച്ചു കൊണ്ട് ഓടുന്നവര്‍ ... അവള്‍ കണ്ണുകള്‍ ഇറുക്കി അടച്ചു.

എപ്പോഴോ കണ്ണ് തുറന്നപ്പോള്‍ ട്രയിനിലെ തിരക്ക് ഒഴിഞ്ഞിരുന്നു. അവള്‍ പതിയെ സീറ്റിനടിയില്‍ നിന്ന് പുറത്തേക്ക് വന്നു. ചുറ്റിനും അപരിചിതര്‍.അവര്‍ സംസാരിക്കുന്നതും അപരിചിതമായ ഭാഷയില്‍. താനിപ്പോള്‍ മറ്റേതോ സ്ഥലത്താണന്ന് മാത്രം അവള്‍ക്ക് മനസ്സിലായി. തന്റെ നാട്ടിലല്ലാതെമറ്റേതോ സ്ഥലത്താണ്.വിശപ്പാണങ്കില്‍ അസഹനീയം. അല്പം വെള്ളമെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്നവള്‍ ആശിച്ചു. ട്രയിനിലെ ബാത്ത് റൂമിലേക്ക്അവള്‍ കയറി. അസഹനീയമായ രൂക്ഷഗന്ധം അവളെ ശ്വാസം മുട്ടിച്ചു. വാഷ്‌ബേസിനിലെ പൈപ്പ് തുറന്നവള്‍ വെള്ളം കുടിച്ചു. സൂര്യപ്രകാശംകണ്ടിട്ട് വൈകുന്നേരാം ആയന്നാണ് തോന്നുന്നത്. അവള്‍ വാതിലിനോട് ചേര്‍ന്നിരുന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞു. തന്റെ അമ്മയിപ്പോള്‍മണലില്‍ നിന്ന് എഴുന്നേറ്റിട്ടുണ്ടാവുമോ? മുഖത്തെ ചോരയൊക്കെ ആരെങ്കിലും കഴുകി കളഞ്ഞിട്ടുണ്ടാവുമോ ? അമ്മയുടെ അടുത്ത് നിന്ന് ഓടിപോകണ്ടായിരുന്നു. താനല്ലാതെ അമ്മയ്ക്ക് വേറെ ആരുണ്ട് ?? ഇനി എങ്ങനെയാണ് നാട്ടില്‍ തിരിച്ചെത്തുന്നത്. അവളുടെ കണ്ണില്‍ നിന്ന്കണ്ണുനീര്‍ ഒഴുകി....

അവളുടെ ഓരോ ചലനവും ശ്രദ്ധിച്ചുകൊണ്ട് അയാള്‍ ഉണ്ടായിരുന്നു. അവള്‍ കയറിയ സ്റ്റേഷനില്‍ നിന്നു‌തന്നെയായിരുന്നു അയാളും കയറിയത്.അവിടെവച്ചേ അവളെ അയാള്‍ ശ്രദ്ധിച്ചിരുന്നു. ബോംബ് സ്ഫോടനങ്ങളെ തുടര്‍ന്ന് ഭയന്നോടിയതാണവള്‍ എന്ന് അയാള്‍ക്ക് അപ്പോഴേ മനസിലായിരുന്നു. അയാള്‍ അവളുടെ അടുത്ത് ചെന്നിരുന്നു.

“മോളെന്തിനാ കരയുന്നത് ?” എല്ലാം അറിയാമായിരുന്നെങ്കിലും ഒന്നും അറിയാത്തയാളെപ്പോലെ അയാള്‍ ചോദിച്ചു. തന്റെ ഭാഷയിലുള്ള ചോദ്യംകേട്ട് അവള്‍ തല ഉയര്‍ത്തി.അവള്‍ ഒന്നും പറയാതെ വീണ്ടും കരഞ്ഞു.ട്രയിന്‍ ഏതോ സ്റ്റേഷനില്‍ നില്‍ക്കാന്‍ പോവുകയാണന്ന് തോന്നുന്നു.

“മോളെന്തിനാ കരയുന്നത് ?” അയാള്‍ വീണ്ടും ചോദിച്ചു.

“എനിക്കെന്റെ അമ്മയുടെ അടുത്ത് പോകണം ...” അവള്‍ പറഞ്ഞു.

“മോളെ ഞാന്‍ അമ്മയുടെ അടുത്ത് കൊണ്ടുപോകാം.. പക്ഷേ നമ്മുടെ ട്രയിനിപ്പോള്‍ കേരളത്തില്‍ എത്തി. ഇനി അങ്ങോട്ട് പോകാന്‍ അടുത്തആഴ്ചയേ ട്രയിനുള്ളു... അതുവരെ മോള് എന്റെ വീട്ടില്‍ താമസിച്ചോളൂ.. അവിടെ മോള്‍ക്ക് കൂട്ടുകാരെയൊക്കെ കിട്ടും....” അയാല്‍ പറഞ്ഞു.

തനിക്ക് അപരിചിതമായ സ്ഥലത്ത് തന്റെ ഭാഷ അറിയാവുന്ന ഒരാളെ ദൈവം അയച്ചാതാണന്ന് തോന്നുന്നു. അമ്മ എപ്പോഴും പറയുന്നതവള്‍ഓര്‍ത്തു. “ഈശ്വരന്‍ നമ്മളെ കാത്തുകൊള്ളും ... എപ്പോഴും ഈശ്വരനെ ഭജിക്കുന്നവരെ കൈവിടാന്‍ അവന് പറ്റുകയില്ല “.

ട്രയിന്‍ നിന്നു. അയാളോടൊപ്പം അവളും ഇറങ്ങി. റയില്‍‌വേസ്റ്റേഷനിലെ ബോര്‍ഡ് അവള്‍ വായിച്ചെടുത്തു. ‘ എറണാകുളം നോര്‍ത്ത്’!!. അയാളോടൊപ്പം ഓട്ടോയില്‍ ഇരിക്കുമ്പോഴും അവളുടെ മനസില്‍ ചോരയില്‍ കുളിച്ചു മണലില്‍ കിടക്കുന്ന അമ്മയായിരുന്നു. താനും അമ്മയും ആരോടുംഇതുവരെ ഒരു തെറ്റും ചെയ്തിട്ടില്ല. നിലക്കടല‌വിറ്റുകിട്ടുന്ന പണം കൊണ്ട് തങ്ങള്‍ രണ്ടുപേരും എത്ര സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത്.ആരെയും ഉപദ്രവിക്കാത്ത തന്റെ അമ്മയെ ആരാണ് ചോരയില്‍ മുക്കിയത്. എത്ര ആളുകള്‍ അവിടെ മരിച്ചിട്ടുണ്ടാവും. അവിടെ നടന്നത് ദീപാവലിയുടെആഘോഷമല്ലായിരുന്നുവെന്നും ബോംബ് പൊട്ടിയതാണന്നും തന്നെ കൂട്ടികൊണ്ടുപോകുന്ന ആളാണ് പറഞ്ഞു തന്നത് .ആളുകളെ ബോംബ്പൊട്ടിച്ച് കൊന്നിട്ട് എന്താണ് അവര്‍ നേറ്റുന്നത്. അവളുടെ ചിന്തകള്‍ക്ക് വിരാമം ഇട്ടുകൊണ്ട് ഒരു വലിയ കെട്ടിടത്തിനു മുന്നില്‍ ഓട്ടോ നിന്നു.അയാള്‍അവളെയും കൂട്ടി ഓട്ടോയില്‍ നിന്ന് ഇറങ്ങി.

അവള്‍ക്കവിടെ രണ്ട് കൂട്ടുകാരെ ലഭിച്ചുവെങ്കിലും അവള്‍ക്ക് അന്തോഷം തോന്നിയില്ല. “അമ്മയുടെ അടുത്ത് എന്നാ എന്നെ കൊണ്ടു പോകുന്നത് ? “അവള്‍ ഒരു ദിവസം അയാളോട് ചോദിച്ചു.കൊണ്ടുപോകാം എന്ന് ഒഴുക്കന്‍ മട്റ്റില്‍ മറുപിടി പറഞ്ഞയാള്‍ പോയി.പിന്നെ കുറേ ദിവസത്തേക്ക്അയാളെ അവള്‍ കണ്ടില്ല. മറ്റ് എവിടയോ ബോം‌ബ് സഫോടനം നടന്നതിനു പിന്നാലെ അയാള്‍ വീണ്ടും തിരിച്ചു വന്നു. വന്നയുടനെ അയാള്‍അവളെ വിളിച്ചു. അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.അവളുടെ അമ്മ ബോംബ് സ്‌ഫോടനത്തില്‍ മരിച്ചു പോയി എന്ന് അയാള്‍ പറഞ്ഞപ്പോള്‍അവള്‍ നിര്‍‌വികാരതയോടെ അത് കേട്ടു. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

“എന്തിനാ അവര്‍ എന്റെ അമ്മയെ കൊന്നത് ? “ അവളുടെ ചോദ്യം കേട്ട് അയാളുടെ കണ്ണുകള്‍ ജ്വലിച്ചു. അവളില്‍ നിന്ന് ആ ചോദ്യം കേള്‍ക്കാനായിഅയാള്‍ കാത്തിരിക്കുകയായിരുന്നു എന്ന് തോന്നി. അയാള്‍ പറഞ്ഞില്‍ പകുതിയും അവള്‍ക്ക് മനസിലായില്ല.

“അമ്മയെ കൊന്നവരോട് മോള്‍ക്ക് പകരം ചോദിക്കണോ?” അയാളുടെ ചോദ്യം അപ്രതീക്ഷതമായിരുന്നു.

“പകരം ചോദിച്ചാല്‍ എന്റെ അമ്മ തിരിച്ചു വരുമോ ?” അവളുടെ നിഷ്കളങ്ക ചോദ്യത്തിനുമുന്നില്‍ അയാള്‍ പതറിയെങ്കിലും അത് വെളിയില്‍കാണിച്ചില്ല.

അവിടേക്ക് ആരക്കയോ വന്നുകൂടി. പലരും രാത്രിയിലാണ് വന്നിരുന്നത്. അവരുടെ മുന്നിലേക്ക് അവള്‍ പലപ്പോഴും വിളിക്കപെട്ടു. അവരെല്ലാംഅവളോട് അവളുടെ അമ്മയെക്കുറിച്ച് ചോദിച്ചുകൊണ്ടിരുന്നു.എപ്പോഴും അമ്മയുടെ ഓര്‍മ്മ അവളില്‍ നിലനിര്‍ത്തുക എന്നുള്‍ലതായിരുന്നുഅവരുടെ ലക്ഷ്യവും. അമ്മയുമായിട്ടുള്ള നിമിഷങ്ങള്‍ മനസ്സില്‍ കടന്നുവരുമ്പോള്‍ ആരും കാണാതെ അവള്‍ കരഞ്ഞു. എന്തിനാണ് അവര്‍തന്റെ അമ്മയെ കൊന്നത് എന്നവള്‍ക്ക് മനസിലായില്ല. ബോംബ് പൊട്ടിച്ച് മനുഷ്യരെ കൊന്നാല്‍ എന്താണ് പ്രയോജനം എന്നവള്‍ക്ക്അറിയില്ലായിരുന്നു.

അവളെ ആദ്യമായി ഇന്നാണ് ആ കെട്ടിടത്തിന് പുറത്തുകൊണ്ടുപോകുന്നത്. നഗരത്തിലെ തിരക്ക് അവള്‍ കണ്‍‌നിറയെ കണ്ടു. കലൂരെ മാര്‍ക്കറ്റിലുംബസ്‌സ്റ്റാന്‍ഡിലും , മറൈന്‍‌ഡ്രൈവിലും മൊക്കെ അയാള്‍ അവളെ കൊണ്ടുപോയി. അവടെയൊക്കെ അവരെ കാത്ത് ആരക്കയോ ഉണ്ടായിരുന്നു.അവരൊക്കെ തമ്മില്‍ അടക്കം പറയുന്നത് അവള്‍ ശ്രദ്ധിച്ചു. സംസാരിക്കുമ്പോള്‍ പലപ്പോഴും അവരുടെ നോട്ടം തന്നിലേക്കാണന്നും അവള്‍അറിഞ്ഞു. അവര്‍ എന്താണ് തന്നെക്കുറിച്ച് പറയുന്നതവള്‍ക്ക് മനസിലായില്ല. ഒന്നുരണ്ടുദിവസം കൂടി അവളേയും കൊണ്ട് അയാള്‍ അവിടെയൊക്കെപോയി.

അന്ന് രാത്രി അവര്‍ കുറെ ആളുകള്‍ ഉണ്ടായിരുന്നു. അവരാരും അന്ന് ചിരിച്ചിക്കുന്നതവള്‍ കണ്ടില്ല. എന്തോ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ പോകുന്നതുപോലെ ആയിരുന്നു അവരുടെ സംസാരം. അടക്കിപിടിച്ച് അവര്‍ സംസാരിക്കുന്നതില്‍ നിന്ന് അവള്‍ക്കൊരു കാര്യം മനസിലായി. എവിടയോബോംബ് പൊട്ടിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അവളെ അവരുടെ അടുത്തേക്ക് അയാള്‍ വിളിച്ചുകൊണ്ടുവന്നു. അവള്‍ വന്നപ്പോള്‍ അവരെല്ലാവരും എഴുന്നേറ്റ് നിന്നു. അവരെന്തിനാണ് തന്നെ കണ്ടപ്പോള്‍ എഴുന്നേറ്റതന്ന അവള്‍ക്ക് മനസിലായില്ല. അവരെല്ലാവരും കൂടി ഒരുമിച്ചാണ് ഭക്ഷണംകഴിച്ചത്. ആദ്യമായിട്ടായിരുന്നു അവള്‍ ഇത്രയ്ക്ക് സ്വാദേറിയ ഭക്ഷണം കഴിക്കുന്നത്.

നേരം വെളുത്തയുടനെ വന്നവരെല്ലാം തിരികെപ്പോയി. അവള്‍ ജനലില്‍ക്കൂടി റോഡിലെ തിരക്ക് കണ്ടു നില്‍ക്കുകയായിരുന്നു. അയാള്‍ അവളെവിളിച്ചു. അവള്‍ അയാളുടെ അടുത്തേക്ക് ചെന്നു. “മോളിന്ന് അമ്മയെ കൊന്നവരോട് പകരം ചോദിക്കുകയാണ് ?” അയാള്‍ അവളുടെ ചെവിയില്‍മന്ത്രിച്ചു. അവള്‍ക്കയാള്‍ പറഞ്ഞത് മനസിലായില്ല. അയാള്‍ തന്നെ അവളെ വസ്ത്രം ധരിപ്പിച്ചു. അവളുടെ അരയിലേക്ക് അയാള്‍ ഒരു കറുത്തട്രാവലര്‍ ബാഗ്‌കെട്ടി.

“എന്താണിതില്‍..?” അവള്‍ ചോദിച്ചു. ആ ചോദ്യം അയാള്‍ക്ക് ഇഷ്ടപെട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലും അവളെകൊണ്ട് അയാള്‍ പുറത്ത് പോയപ്പോഴും ആ ബാഗ് അവളുടെ അരയില്‍ കെട്ടിയിരുന്നു. അന്നും അവള്‍ ചോദിച്ചപ്പോള്‍ ക്യാമറയാണന്നായിരുന്നു അയാളുടെ മറുപിടി. പക്ഷേഒരിക്കല്‍ പോലും അയാള്‍ അവളുടെ ബാഗില്‍ നിന്ന് ക്യാമറ എടുത്തിരുന്നില്ല. ഇപ്പോള്‍ അവളൂടെ ചോദ്യത്തിന് മറുപിടി നല്‍കാതെ അയാള്‍ഒഴിഞ്ഞുമാറി.

തിരക്കേറിയ കലൂര്‍ മാര്‍ക്കറ്റിലേക്കാണ് അവര്‍ പോയത്. അവളുടെ ഉള്ളില്‍ എന്തോ അപകടഭീതി തോന്നിയിരുന്നു. എപ്പോഴും മൊബൈല്‍ ഫോണില്‍സംസാരിച്ചു കൊണ്ട് നടക്കുന്ന അയാള്‍ ഇന്ന് ഫോണ്‍ പോലും ഇല്ലാതെയാണ് ഇറങ്ങിയത്. വഴിയില്‍ കണ്ട സുഹൃത്തുക്കള്‍ അയാളയോ അയാള്‍അവരയോ കണ്ടതായി പോലും നടിച്ചില്ല.മാര്‍ക്കറ്റില്‍ നല്ല തിരക്കായിക്കഴിഞ്ഞിരുന്നു. ഇതുപോലൊരു സ്ഥലത്ത് താനും അമ്മയും ഒന്നിച്ചിരുന്ന്നിലക്കടല വിറ്റുകൊണ്ടിരുന്നത് അവളുടെ മനസിലേക്ക് വന്നു. തിരക്കിനിടയിലേക്ക് അവളെയും കൊണ്ട് അയാള്‍ കടന്നു. “മോളെ ഇന്ന്അമ്മയുടെ അടുത്തേക്ക് പറഞ്ഞുവിട്ടോളാം...” അയാള്‍ പറഞ്ഞത് കേട്ട് അവള്‍ പരിഭ്രമിച്ചു. അയാളുടെ ശബ്ദ്ദത്തിന്റെ ഭീകരത അവള്‍തിരിച്ചറിഞ്ഞു. മരിച്ചുപോയ തന്റെ അമ്മയുടെ അടുക്കലേക്ക് തന്നെ എങ്ങനെയാണ് പറഞ്ഞ് വിടുന്നത് ? അയാള്‍ അവളുടെ കൈ തന്റെ കൈയ്യില്‍നിന്ന് അയച്ചു.തിരക്കിനിടയില്‍ അവള്‍ ഒറ്റപെട്ടു. അയാള്‍ എവിടേക്കോ മറഞ്ഞു.

പെട്ടന്ന് അവളുടെ മനസിലേക്ക് തന്റെ അമ്മകൊല്ലപെട്ട ദിവസം കടന്നുവന്നു. താനന്ന് തന്നെപ്പോലെ അരയില്‍ ബാഗ് വച്ച ഒരാളെ കണ്ടിരുന്നില്ലേ?ഉവ്വ് കണ്ടിരുന്നു. അയാള്‍ തിരക്കിനിടയിലേക്ക് കയറിയപ്പോഴല്ലേ വലിയ ശബ്ദ്ദം കേട്ടത് ... പിന്നെ ആരക്കയോ നിലവിളിക്കുന്നു... തെറിച്ചു വീഴുന്നതലകള്‍.. പിടയ്ക്കുന്ന കൈകാലുകള്‍ .... അവളുടെ കണ്ണ് നിറഞ്ഞൊഴുകി... തന്നെ അയാള്‍ ബോംബാക്കി മാറ്റുകയായിരുന്നോ? അവള്‍ തന്റെ അരയിലെബാഗ് തുറയ്ക്കാന്‍ നോക്കി.ഇല്ല പറ്റുന്നില്ല തനിക്ക് ബാഗ് തുറക്കാന്‍ പറ്റുന്നില്ല. തനിക്കുചുറ്റും നൂറുകണക്കിനാളുകള്‍ പിടഞ്ഞുവീഴുമെന്നവള്‍ക്ക് തോന്നി.

“ബോംബ്.....“ അവള്‍ ഉറക്കെ നിലവിളിച്ചു. ആളുകള്‍ അവളുടെ വാക്കുകള്‍ കേട്ടു ചിരിച്ചു. എങ്ങനെയാണ് മലയാളത്തില്‍ പറയേണ്ടതന്ന് അവള്‍ക്കറിയില്ലായിരുന്നു. അവള്‍ തന്റെ ഭാഷയില്‍ താനൊരു മനുഷ്യബോംബാണന്ന് വിളിച്ചു പറഞ്ഞു. അവളുടെ ഭാഷ ആര്‍ക്കോ മനസിലായി. അയാള്‍ അത്മലയാളത്തിലാക്കി പറഞ്ഞതും ആളുകള്‍ ഓടിമാറി. ആളുകള്‍ മാര്‍ക്കറ്റില്‍ നിന്ന് വെളിയിലേക്ക് ഓടുന്നത് അവളേയും കൊണ്ട് വന്ന മനുഷ്യനും കണ്ടു.അയാള്‍ പല്ലുഞെരിച്ചു. അയാള്‍ തന്റെ പാന്റിന്റെ പോക്കറ്റിലേക്ക് കൈകള്‍ ഇട്ടു.

അവള്‍ നിലത്തേക്ക് വീണിരുന്നു. അവളുടെ കണ്ണില്‍ നിന്ന് കണ്ണീര്‍ ഒഴുകി. “അമ്മേ.... അമ്മേ....”അവള്‍ കരഞ്ഞു വിളിച്ചു. സൈറന്‍ ഇട്ടുകൊണ്ട് പോലീസ്വാഹനങ്ങള്‍ മാര്‍ക്കറ്റിലേക്ക് കയറി. ആളുകള്‍ പരക്കം പാഞ്ഞു.അവള്‍ എന്തോ പറയാന്‍ ശ്രമിച്ചു. പെട്ടന്നു തന്നെ അത് സംഭവിച്ചു. ഒരഗ്നിഗോളമായിഅവള്‍ പൊട്ടിച്ചിതറി.സ്വന്തം ശരീരം പൊട്ടിത്തെറിക്കുമ്പോള്‍ അവളെന്തായിരിക്കും നമ്മളോട് പറയാന്‍ ശ്രമിച്ചിരുന്നത്. അവളെ നമ്മള്‍ എങ്ങനെയായിരിക്കും നാളെ ഓര്‍ക്കുക...????


(ഭീകരതയ്ക്ക് മതവും ജാതിയും പേരും രൂപവും ഒന്നും ഇല്ലാത്തതുകൊണ്ടാണ് ആര്‍ക്കും പേര് ഉപയോഗിക്കാതിരുന്നത് .... )

.

6 comments:

smitha adharsh said...

അറിയില്ല എന്ത് എഴുതണം എന്ന്...
കുഞ്ഞുമനസ്സിന്റെ നന്മയെ തിരിച്ചറിയുന്നു..മുതിര്ന്നവര്‍ക്കില്ലാതെ പോയ ആ ശേഷി..

Ganu said...

Good story......keep it up

നിരക്ഷരന്‍ said...

കുഞ്ഞുങ്ങളേയും കരുക്കളാക്കും കണ്ണീല്‍ച്ചോരയില്ലാത്തവന്മാര്‍. പക്ഷെ കുട്ടികള്‍ അവന്മാരെ തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു.

നല്ല്ല കഥ.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

:(

ചക്രൂ said...

നല്ല കഥ .... വിഷമിപ്പിക്കുന്നു

കാന്താരി said...

nice one

: :: ::