Friday, September 12, 2008

ആത്മബന്ധത്തിന്റെ പൊരുള്‍തേടി....

ഞാനവളെ ആദ്യമായി കണ്ടത് എവിടെവച്ചാണന്ന് എനിക്കോര്‍മ്മയില്ല.പക്ഷേ ഞാനിപ്പോള്‍ അവളെ കുറച്ചുദിവസങ്ങളായി ട്രയനില്‍ കാണുന്നു.വേണാടിന്റെ അവസാന കമ്പാര്‍ട്ടുകളില്‍ ഞാനിപ്പോള്‍ അവളെ തിരയുന്നു എന്നു പറയുന്നതാവാം ശരി.എത്രയോ പെണ്‍കുട്ടികള്‍ കയറുന്ന ട്രയനില്‍ ഞാനവളെ മാത്രം എന്തിന് ശ്രദ്ധിക്കുന്നു എന്ന് എനിക്കറിയില്ല. അവളെ കാണുമ്പോഴെല്ലാം എനിക്കവളോട് എന്തോ ?എന്താണ് എന്ന് പറയാന്‍ എനിക്കറിയില്ല.അവളെ എന്ന് കണ്ടാലും എന്റെ മനസ്സ് എനിക്ക് പിടിതരാതെ വഴുതിമാറുന്നു.അവള്‍ എനിക്കാരാണ്.??അവള്‍ എന്റെ ആരുംഅല്ല.പക്ഷേ അവള്‍ എന്റെ ആരോ ആണ് ...അല്ലങ്കില്‍ ആരോ ആയിരുന്നു...ഒരു പക്ഷേ കഴിഞ്ഞ ജന്മത്തില്‍ അവള്‍ എന്റെ ആരോ ആയിരുന്നിരിക്കണം.അവളോട് എനിക്ക് എന്തോ ആത്മബന്ധമുള്ളതു പോലെ... മനസ്സ് പിടിതരാതെ വഴുതുന്നു....അവളെ കണ്ടില്ലങ്കില്‍ മനസ്സ് അസ്വസ്ഥമാകുന്നു... ആരാണ് അവള്‍ എനിക്ക്?????

വേണാട് ചെങ്ങന്നൂരില്‍ എത്തിയപ്പോള്‍ ഏഴര.വഞ്ചിനാടിന് ക്രോസിങ്ങ്.തിരവല്ലവിട്ട വഞ്ചിനാട് ഇനി എത്തുമ്പോള്‍ ഏഴേമുക്കാലേങ്കിലും ആകും.ഏതായാലും ട്രയിനില്‍ ഇരിക്കാന്‍ സ്ഥലമില്ല.ഏസി കമ്പാര്‍ട്ടുമെന്റ് പുറകിലേക്ക് മാറ്റിയതിനുശേഷം പുറകിലത്തെ മൂന്ന് ജനറല്‍ കമ്പാര്‍ട്ടുമെന്റിലുംഇപ്പോള്‍ നല്ല തിരക്കാണ് .പലപ്പോഴും ഇരിക്കാന്‍ സീറ്റ് കിട്ടാറില്ല. അകത്ത് കയറി നിന്ന് ഇടികൊള്ളുന്നതിലും നല്ലത് പ്ലാറ്റ്ഫോമിലെ ബഞ്ചില്‍ഇരിക്കുന്നതാണ്. സിഗ്നല്‍ തെളിയുമ്പോള്‍ വാതുക്കലേക്ക് ചാടിക്കയറി നിന്നാല്‍ മതി.ട്രയനിന്റെ പുറകിലെ കമ്പാര്‍ട്ടുമെന്റില്‍ നിന്ന് പാട്ടിന്റെ ശബ്ദ്ദം.അതവളുടെ ശബ്ദ്ദം തന്നെയാണ്.പാറക്കല്ലുകളില്‍ താളം പിടിച്ച് അവള്‍ പാടുകയായിരിക്കണം.ഞാന്‍ വേഗം ട്രയിനിലേക്ക് കയറി.വാതുക്കലെ തിരക്കിനിടയിലൂടെ കടന്ന് രണ്ട് കമ്പാര്‍ട്ടുമെന്റുകള്‍ തമ്മില്‍ ചേര്‍ത്തിരിക്കുന്ന ഇടനാഴിയില്‍ ചെന്നു നിന്നു.പാട്ട് കേള്‍ക്കുന്നിടത്തേക്ക് നോക്കി.അതവള്‍തന്നെയാണ്.പിഞ്ചിത്തുടങ്ങിയ മഞ്ഞ ഫ്രോക്കില്‍ ശരീരത്തിന്റെ വളര്‍ച്ചകളെ മറച്ചുവയ്ക്കാന്‍ കഴിയാതെ കൈ നീട്ടി അവള്‍ പാടുകയാണ്. രണ്ടായി പിന്നിയ തലമുടി തോളറ്റം വച്ച് റിബള്‍ വച്ച്കെട്ടിയിരിക്കുന്നു.ആ തലമുടി എണ്ണമയം കണ്ടിട്ട് ദിവസങ്ങള്‍ ആയിട്ടുണ്ടാവും.എണ്ണമയം ഇല്ലാതെചെമ്പന്‍നിറം അവളുടെ തലമുടിയിലേക്ക് പടര്‍ന്നിരുന്നു.കൈകളില്‍ വീഴുന്ന നാണയത്തുട്ടുകള്‍ തോളത്ത് തൂക്കിയിട്ടിരിക്കുന്ന തുണി സഞ്ചിയിലേക്ക്അവള്‍ ഇട്ടു.വഞ്ചിനാട് ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ എത്തി.വേണാട് ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്ന് നീങ്ങിത്തുടങ്ങി.

ബോഗികളുടെ ഇടനാഴിയില്‍ എന്നയും കടന്ന് അവള്‍ അടുത്ത ബോഗിയിലേക്ക് പോയി.കരിങ്കല്ലില്‍ താളം പിടിച്ച് അവള്‍ വീണ്ടും പാട്ടുപാടിത്തുടങ്ങി.അവളുടെ പാട്ടില്‍ അലിഞ്ഞ് ഇല്ലാതെയാകാന്‍ ഞാന്‍ കൊതിച്ചു.ഏതോ ഒരു തെരിവുപെണ്ണിന്റെ പാട്ടിന് ഇത്രയ്ക്ക് മനോഹാരിത എവിടെ നിന്നാണ്?അവളുടെ പാട്ടിന് എന്തോ ഒരു പ്രത്യേകതയുണ്ട്. അവളുടെ പാട്ടാണോ അവളുടെ ശരീരം ആണോ എന്നെ അവളിലേക്ക് ആകര്‍ഷിക്കുന്നത്. കാണാന്‍അവള്‍ അത്രയ്ക്ക് സുന്ദരിയല്ല.അവളുടെ പാട്ടിനെന്തോ ഒരു പ്രത്യേകതയുണ്ട ന്നല്ലാതെ അത് എന്നെ അവളിലേക്ക് എങ്ങനെയാണ്ആകര്‍ഷിക്കുന്നത്?ഇതൊന്നുമല്ലാതെ മറ്റെന്തോ ആണ് അവളിലേക്ക് എന്നെ ആകര്‍ഷിക്കുന്നത്..അത് എന്താണന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് കണ്ടുപിടിക്കാന്‍കഴിഞ്ഞില്ല.അവള്‍ കടന്നുവരുമ്പോള്‍ അവളെ തട്ടാനായിമാത്രം കാത്തുനില്‍ക്കുന്നവരെ കാണുമ്പോള്‍ എനിക്ക് കൈ തരിക്കുകയാണ്.ഇവിനൊങ്ങുംവീട്ടില്‍ പെങ്ങള്‍മാരില്ലേ?ഇത്രയ്ക്ക് ആത്മരോഷം കൊള്ളാന്‍ ഈ തെരിവുപെണ്ണ് എന്റെ ആരാണ്?എപ്പോഴക്കയോ ട്രയിനില്‍ വച്ച് കാണുന്നവള്‍മാത്രം?തെരുവില്‍ കിടന്ന് വിശപ്പിനു വഴിതേടുന്ന അവള്‍ എനിക്ക് ആരാണ് ?

രണ്ടുദിവസത്തേക്ക് അവളെ കണ്ടില്ല.പിന്നെ ഞാനവളെ കാണുന്നത് എറണാകുളം കായംകുളം പാസഞ്ചറില്‍ വച്ചാണ്.പക്ഷേ അന്നവളുടെകൂടെ ഒരു കൊച്ചുകുട്ടിയും ഉണ്ടായിരുന്നു.ആ കൊച്ചുകുട്ടിയെ അവള്‍ എളിയില്‍ വച്ചുകൊണ്ടാണ് പാട്ടുപാടിയത്.ഒരു പക്ഷേ അവള്‍ക്കതിനെതെരുവില്‍ നിന്ന് കിട്ടിയതായിരിക്കാം.ആരോ തെരുവില്‍ ഉപേക്ഷിച്ച കുഞ്ഞിനെ അവള്‍ എടുത്തതാവാം.അല്ലങ്കില്‍ അതവളുടെ അനുജത്തി ആയിരിക്കാം. അല്ലങ്കില്‍ ആ കുട്ടി അവളുടെതന്നെ ആയിക്കൂട എന്നില്ല.ഏയ്..അതാവാന്‍ വഴിയില്ല.എന്റെ മനസ്സ് അസ്വസ്ഥമാവുകയാണ്.അതൊരിക്കലും അവളുടെ കുട്ടിയല്ല എന്ന് ഞാന്‍ എന്റെ മനസ്സിനെ അടക്കാന്‍ ശ്രമിച്ചു.ഏതോ ഒരു തെരുവ് പെണ്ണിന്റെ കൈയ്യിലിരിക്കുന്നകൊച്ചിനെചൊല്ലി എന്റെ മനസ്സ് എന്തിന് അസ്വസ്ഥമാവണം.??അടക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം മനസ്സ് കൂടുതല്‍ അസ്വസ്ഥമാവുന്നു....അവളെന്റെ മുന്നിലെക്ക് വന്ന് കൈനീട്ടി...പോക്കറ്റില്‍ ചില്ലറയ്ക്കായി പരതി,കിട്ടിയ നാണയത്തുട്ട് അവളുടെ കൈവെള്ളയിലേക്ക് ഇട്ടുകൊടുത്തപ്പോള്‍ അറിയാതെ അവളുടെ കൈവെള്ളയില്‍ എന്റെ വിരല്‍ സ്പര്‍ശിച്ചോ?അവള്‍ എനിക്ക് നേരെ സമ്മാനിച്ച ചിരിക്ക് പകരമായി ഒരുപുഞ്ചിരി നല്‍കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.അവളുടെ കൈയ്യിലിരുന്ന കുഞ്ഞ് കരഞ്ഞുതുടങ്ങിയപ്പോള്‍ അവള്‍ പാട്ടുനിര്‍ത്തി അതിനെ തന്റെമാറിലേക്ക് ചേര്‍ത്തു.അവളും കുഞ്ഞും ഒഴിവുള്ള സീറ്റിലേക്ക് ഇരുന്നു.കുഞ്ഞ് ഉറങ്ങിയന്ന് തോന്നുന്നു. അടുത്ത സ്റ്റേഷനില്‍ അവള്‍ കുഞ്ഞിനേയുംകൊണ്ട് ഇറങ്ങുന്നത് ഞാന്‍ കണ്ടു.ഞാനോടി വാതിക്കല്‍ എത്തിയപ്പോഴേക്കും ട്രയിന്‍ ചലിച്ചുതുടങ്ങി.

വീണ്ടും ഞാനവളെ കാണുന്നത് ഒരു തിങ്കളാഴ്ച വേണാടില്‍ വച്ചാണ്.ആഴ്ചയുടെ തുടക്കം ആയതുകൊണ്ട് നല്ല തിരക്കാണ് ട്രയിനില്‍.ഞാന്‍പതിവുപോലെ ബോഗികളുടെ ഇടനാഴിയില്‍ ചെന്നു നിന്നു.അവിടെ ഏതോ കോളേജില്‍ പഠിക്കുന്ന നാലഞ്ചുപിള്ളാരു നില്‍പ്പുണ്ട്.അവര്‍തങ്ങളുടെ മൊബൈല്‍ ഫോണിനെക്കുറിച്ചും ക്യാമറയെക്കുറിച്ചും പാട്ടിനെക്കുറിച്ചും ഒക്കെ എന്തക്കയോ പറയുന്നുണ്ട്.അതിലൊരുവന്‍ ഫോണില്‍പാട്ട് ഉറക്കെവച്ച് കേട്ട് രസിക്കുകയാണ്.അടുത്ത കമ്പാര്‍ട്ടുമെന്റില്‍ നിന്ന് അവളുടെ പാട്ടും കരിങ്കല്ലിലുള്ള താളം‌പിടിക്കലും എനിക്ക് അവ്യക്തമായികേള്‍ക്കാം.ഫോണില്‍ പാട്ടുവച്ചിരി ക്കുന്നവനോട് അതിന്റെ ശബ്ദ്ദം അല്പം കുറയ്ക്കാന്‍ ഞാന്‍ പറഞ്ഞത് അവനിഷ്ടപ്പെട്ടില്ലന്ന് അവന്റെ മുഖഭാവത്തില്‍നിന്ന് മനസ്സിലായി.എന്തോ അവനതിന്റെ ശബ്ദ്ദം കുറച്ചു. എനിക്കിപ്പോള്‍ അവളുടെ പാട്ട് കേള്‍ക്കാം.പക്ഷേ തിരക്കിനിടയില്‍ അവളെ കണ്ടെ ത്താന്‍കഴിഞ്ഞില്ല.തിരക്കിനിടയില്‍ എവിടെനിന്നോ അവള്‍ പാടുന്നുണ്ട്.ട്രയിന്‍ അടുത്ത സ്റ്റേഷന്‍ വിട്ടപ്പോള്‍ അവള്‍ ഞാന്‍ നിന്ന ഇടനാഴിയില്‍ എത്തി.പച്ചപ്പാവാടയുംജാക്കറ്റും ആയിരുന്നു അവളുടെ വേഷം.പാട്ടിനും കൈയ്യില്‍ കല്ലുകൊണ്ട് പിടിക്കുന്ന താളത്തിനും അനുസരിച്ച് ഉയര്‍ന്നുപൊങ്ങുന്നഅവളുടെ മാറിടത്തിലേക്ക് എന്റെ അടുത്തുനില്‍ക്കുന്നവന്‍ ഫോണിലെ ക്യാമറഫോക്കസ് ചെയ്യുന്നത് ഞാന്‍ കണ്ടു.അവനവളുടെ ചലനഭംഗി മൊബൈലിലേക്ക് പകര്‍ത്തുകയാണ്.എന്റെ കൈകള്‍ അവന്റെ കരണത്തേക്ക് വീണത് പെട്ടന്നായിരുന്നു.അവന്റെ കൈയ്യില്‍ നിന്ന് ഫോണ്‍താഴേക്ക് വീണു.“ഞാനവളുടെ ഫോട്ടൊ എടുത്തത് ചോദിക്കാന്‍ താനാരാ...അവളുതന്റെ ആരാ? ഭാര്യയൊന്നും അല്ലല്ലോ?”അവന്റെ ചോദ്യത്തിന്മറുപിടിനല്‍കാനാവാതെ ഞാന്‍ നിന്നു.“അവളുതന്റെ ആരാ..”“അവന്റെ ചോദ്യം വീണ്ടും വീണ്ടും എന്റെ ഉള്ളില്‍ മുഴങ്ങി.അവളു തന്റെ ആരാണ്.അവളു തനിക്ക് ആരക്കയോ ആണ്...ഒരു പക്ഷേ അവള്‍ കഴിഞ്ഞ ജന്മത്തില്‍ എന്റെ അമ്മായായിരിക്കാം,അനുജത്തി ആയിരിക്കാം,ഭാര്യയായിരിക്കാം,മകളായിരിക്കാം... പക്ഷേ ഈ ജ്ന്മത്തില്‍ അവള്‍ തനിക്കാരാണ് ?എന്തൊ ഒരു ആത്മബന്ധം അവളോട് തനിക്ക് തോന്നുന്നു.അവള്‍ തന്റെആരാണ് ?

കുറച്ചു ദിവസങ്ങളായി അവളെ ട്രയിനില്‍ കാണാറെയില്ല.ഒരു ദിവസം ട്രയിനിറങ്ങി നടക്കുമ്പോള്‍ സ്ഥിരമായി കഴിക്കാന്‍ കയറുന്ന ഹോട്ടലിനുമുന്നില്‍ ഒരാള്‍ക്കൂട്ടം.ഒരു കള്ളിയെ പിടിച്ചുവച്ചിരിക്കുകയാണന്ന് ആരോ പറഞ്ഞു.ഞാന്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ മുന്‍ നിരയിലെത്തി.ആള്‍ക്കൂട്ടത്തിനിടയില്‍ തലകുമ്പിട്ട് അവള്‍ ഇരിക്കുന്നു.അവളുടെ കൈയ്യില്‍ അന്ന് ഞാന്‍ കണ്ട ചെറിയകുട്ടിയും ഉണ്ടായിരുന്നു.ഹോട്ടലില്‍നിന്ന് മൂന്ന് ഇഢലി അവള്‍ എടുത്തതൈനാണ് അവളെ പിടിച്ചുവച്ചിരിക്കുന്നത്.അവള്‍ ദയനീയമായി ആളുകളെ നോക്കി.അവളുടെ നോട്ടംഎന്നിലേക്കായി.ഞാനവളെ കണ്ടന്ന് മനസ്സിലായ പ്പോള്‍ അവളുടെ കണ്ണ് നിറഞ്ഞുതുളുമ്പി.അവള്‍ ഹോട്ടലില്‍ നിന്ന് എടുത്തന്ന് പറഞ്ഞ ഇഢലിയുടെഇരട്ടിവില നല്‍കിയപ്പോള്‍ ഹോട്ടലുടമ അവളെ വിടാന്‍ തയ്യാറായി.ആളുകള്‍ പിരിഞ്ഞുപോയി.”എന്തിനാ മോഷ്ടിച്ചത് ?”ആളുകള്‍ എല്ലാം പോയപ്പോള്‍ഞാനവളോട് ചോദിച്ചു.“വിശന്നിട്ടാ... ശരീരംവയ്യാഞ്ഞതുകൊണ്ട് രണ്ടുദിവസമായി പാടാന്‍ പോകാത്തതു കൊണ്ട് പട്ടിണിയിലായിരുന്നു...ഇവള്‍വിശന്ന് കരഞ്ഞപ്പോള്‍ ഇവള്‍ക്കുവേണ്ടിമാത്രമാ ഞാനത് എടുത്തത്,,,”അവളുടെ കൈയ്യിലിരുന്ന കുഞ്ഞ് അപ്പോഴും കരയുകയായിരുന്നു. ”ഇതു തന്റെമകളാണോ..?”ഞാനവളോട് ചോദിച്ചു.”ഇപ്പോഴിവള്‍ എനിക്ക് മോളെപ്പോലയാ... ഒരു ദിവസം ഞാന്‍ ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ എന്റെ അരികില്‍കിടക്കുകയായിരുന്നു ഇവള്‍..അന്ന് തൊട്ട് ഇവള്‍ എന്റെ കൂടയാ...”അവള്‍ കുഞ്ഞിനേയും കൊണ്ട് നടന്നകന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ചായപ്പീടകയില്‍ നിന്ന് വിശപ്പടക്കാനായി പലഹാരം മോഷ്ടിച്ചതിന് തലമൊട്ടയടിച്ച് പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയതും ദുര്‍ഗുണപരിഹാരപാഠ ശാലയിലെ ദിനങ്ങളുമെല്ലാം ഞാന്‍ ഓര്‍ത്തു.അന്നത്തെ പലഹാരമോഷ്ടാവ് വളര്‍ന്ന് ഇന്ന് ഞാനായി മാറിയെങ്കിലുംവിശപ്പിന്റെ വേദനയും വിളിയും ഒന്നും ഇന്നും മറന്നിട്ടില്ല.ഞാനും അവളും തമ്മിലുള്ള ബന്ധത്തിനുള്ള ഉത്തരം തേടിത്തേടി നടന്ന എനിക്കവസാ‍നം അതിനുള്ള ഉത്തരം ഇപ്പോള്‍ കിട്ടി.വിശപ്പിന്റെ ആത്മബന്ധമാണ് ഞങ്ങള്‍ തമ്മില്‍... അവളെനിക്ക് അനുജത്തിയോ കാമുകിയോ ഒന്നുമല്ല.പക്ഷേഞങ്ങള്‍ തമ്മില്‍ ഇപ്പോള്‍ മുതല്‍ കൂടുതല്‍ അടുക്കുകയാണ് ...വിശപ്പിന്റെ ആത്മബന്ധം ഞങ്ങളെ അടുപ്പിക്കുകയാണ്. ഏതോ ട്രയിനിന്റെഹോണ്‍ മുഴങ്ങി.അവളും ആ കുഞ്ഞും അതില്‍ കയറിയിട്ടുണ്ടാവും.... വിശപ്പടക്കാനായി കൈകള്‍ നീട്ടി കരിങ്കല്ല്ലില്‍ ജീവിതതാളവും പിടിച്ച്അവള്‍ പാട്ടുപാടിക്കൊണ്ട് അവള്‍ സഞ്ചരിക്കുകയാണ് ....ഇനി ഞാനിനി എന്നാണ് അവളെ കാണുക???

6 comments:

ശിവ said...

എന്റെ യാത്രകള്‍ കൂടുതലും ട്രെയിനില്‍ ആകയാല്‍ ഞാനും കാണാറുണ്ട് ഇതുപോലെ കുറെ പാവം ജന്മങ്ങളെ.....നിസ്സാഹയതയോടെ അവര്‍ അലയുന്നത് ഒരുപാട് കണ്ടിട്ടുണ്ട്.....ഇപ്പോ‍ള്‍ അതൊക്കെ ഓര്‍മ്മ വരുന്നു.

achu said...

ethu vayichapol cheruthayi ente kanne onu nanaju........valare nanayi kadakaran kada paranjirikunu

നിഖില്‍ കളത്തൂപറമ്പില്‍ said...

വളരെ നന്നായി എഴുതിയിരിക്കുന്നു. ഇഷ്ടമായി.

രമ്യ said...

good work

Vellayani Vijayan/വെള്ളായണിവിജയന്‍ said...

നന്നായിട്ടുണ്ട്.keep it up.ആശംസകള്‍.....
വെള്ളായണി

Akarsh said...

enikum naannyi eshtappettu.... kadha vayikkumbol sarikkum trainile thankalude oru sahayathrikananennu thonni poyee.. Good writing style..
Expecting more from u...

: :: ::