Monday, April 8, 2013

അക്കങ്ങൾ ഇല്ലാത്ത ഘടികാരത്തിലെ സൂചികൾ

ചുവരിലെ ക്ലോക്കിലേക്ക് നോക്കി അയാൾ കിടന്നു. ആർക്കും കാത്തു നിൽക്കാതെ സൂചികൾ കറങ്ങുന്നു. സൂചികൾ കറങ്ങുന്നതിന് അനുസരിച്ചാണോ സമയം മുന്നോട്ട് പോകുന്നത് അതോ സമയം മുന്നോട്ട് പോകുന്നത്നു അനുസരിച്ചാണോ സൂചികൾ കറങ്ങുന്നത്. അറിയില്ല. പരസ്പരം പൂരകമായ ഒന്നാണ് കാലചക്രങ്ങളും ഘടികാരവും. തനിക്ക് ആ ക്ലോക്കിലെ സൂചികൾ ആകാൻ കഴിഞ്ഞിരുന്നെങ്കിൽ സമയത്തെ പിടിച്ചു നിർത്താൻ കഴിയുമോ? ജീവിതം ആർക്കും വേണ്ടാതെ ഇങ്ങനെ പോകുമ്പോൾ സമയത്തെ താനെന്തിനു പിടിച്ചു നിർത്താൻ നോക്കണം? ആർക്കും വേണ്ടാത്ത ഇരുപത്തെട്ട് വർഷങ്ങൾ. ജീവനാംശത്തിന്റെ പേരിൽ അക്കൗണ്ടിലേക്ക് വരുന്ന പണത്തിന്റെ കണക്കിന്റെ എസ്.എം.എസുകൾ ആണല്ലോ തനിക്ക് മാസത്തിന്റെ തുടക്കം കാണിക്കുന്ന സമയത്തിന്റെ ഏകകം. ഇരുപത്തട്ട് വയസായിട്ടും തനിക്കിപ്പോഴും ആ പണം വരുന്നുണ്ടല്ലോ? താൻ ഈ ഭൂമിയിൽ ജനിച്ചുപോയതിനു ജന്മം തന്നവർ നൽകുന്ന പ്രായശ്ചിത്തത്തിന്റെ പാപപരിഹാരം.

ഫോൺ ബെല്ലടിക്കുന്നു. അജയനാണ്.

"എടാ ഹരീ നീ എന്താ ഓഫീസിൽ വരാത്തത്?". അജയന്റെ ചോദ്യം.

ഓഫീസിൽ പോകാൻ സമയം ആയോ? അയാൾ ക്ലോക്കിലേക്ക് വീണ്ടൂം നോക്കി. സമയം പത്ത് പതിനഞ്ച്.
ഇത്രയും നേരം താൻ സൂചികൾ മാത്രമേ നോക്കിയിരുന്നുള്ളൂ. സൂചികളുടെ പിന്നിലെ അക്കങ്ങൾ ശ്രദ്ധിച്ചിരുന്നില്ല.

"സമയം പോയത് ഞാൻ അറിഞ്ഞില്ല. ഞാനിതാ വരുന്നു" അയാൾ ഫോൺ കട്ട് ചെയ്തു.

ഓഫീസിൽ എത്തിയപ്പോൾ പതിനൊന്നു മണി. തിങ്കളാഴ്ച ദിവസമുള്ള ടീം മിറ്റിംങിനു മറ്റുള്ളവർ കാത്തിരിക്കുന്നു. ഒരാഴ്ച ചെയ്യാനുള്ള ജോലികൾ എല്ലാവരയും ഓർമ്മിപ്പിച്ചു മീറ്റിംങ് കഴിഞ്ഞപ്പോൾ സമയം പതിനൊന്നര. സമയത്തെക്കുറിച്ച് താൻ മറ്റുള്ളവരോട് പറയുമ്പോൾ മനസിൽ അക്കങ്ങളില്ലാത്ത ഘടികാരത്തിൽ കറങ്ങുന്ന സൂചികൾ ആയിരുന്നു.

"നീ എന്തെങ്കിലും കഴിച്ചിട്ടാണോ വന്നത്?" അജയന്റെ ചോദ്യം.

"അല്ല" അയാൾ മറുപിടി നൽകി.

"നീ വാ, നമുക്ക് കഴിച്ചിട്ട് വരാം." അജയൻ ഹരിയെ വിളിച്ചു.

"ഇന്നെന്താ കൊണ്ടുവന്നത്?" അയാൾ ഹരിയോട് ചോദിച്ചു.

"എന്താണന്ന് കൃത്യമായിട്ട് അറിയില്ല. ഇഢലിയും ചട്നിയും ആയിരിക്കും. പാത്രം തുറന്നാലേ അറിയൂ". ഹരി പറഞ്ഞു.

ലഞ്ച് റൂമിലെ ടേബിളിന്റെ മുന്നിലേക്ക് കസേര വലിച്ചിട്ട് അവർ ഇരുന്നു. ഇഢലി ചടനിയിൽ മുക്കി കഴിക്കുമ്പോൾ അജയന്റെ ചോദ്യം

"ഇന്നും ക്ലോക്കിലെ സൂചിയിൽ നോക്കിയായിരുന്നോ കിടപ്പ്? "

ഹരി അതിനുത്തരം പറയാതെ ഇഢലി ചട്നിയിൽ മുക്കി കഴിച്ചു കൊണ്ടീരുന്നു.
ഈ കമ്പിനിയിൽ അജയനും ഹരിയും ഒരുമിച്ചായിരുന്നു ജോലിക്ക് കയറിയത്. ആദ്യം താമസം ലോഡ്ജിൽ ആയിരുന്നെങ്കിലും പിന്നീട് ഒരു വീടെടുത്ത് അവർ മൂന്നുപേർ താമസം മാറി.ഒരാൾ ഓൺസൈറ്റ് വർക്കിനായി അഞ്ചാറുമാസം മുമ്പിന്ത്യയ്ക്ക് വെളിയിലേക്ക് പോയി .നാലുമാസം മുമ്പ് കല്യാണം കഴിഞ്ഞപ്പോൾ അജയന്‍ മറ്റൊരു വീടെടൂത്ത് മാറി. ഇപ്പോൾ ഹരി ഒറ്റയ്ക്കാണ് ആ വീട്ടിൽ താമസം.

"നീ ഒക്കെ ശരിക്ക് ഭാഗ്യം ചെയ്തവരാടാ." ഹരി സംസാരം തുടങ്ങിയപ്പോൾ അജയൻ ചിരിക്കുക മാത്രം ചെയ്തു.

"നിനക്ക് ആ ഭാഗ്യം വേണ്ടാന്ന് വെച്ചിട്ടല്ലേ? നിനക്കും കല്യാണം ഒക്കെ കഴിക്കാൻ സമയം ആയി. കല്യാണം കഴിച്ചാൽ നിന്റെ ക്ലോക്കിൽ നോക്കീയുള്ള കിടപ്പ് കുറയും" അജയൻ പറഞ്ഞു

"മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഭാഗ്യങ്ങൾ ഒക്കെ നഷ്ടപ്പെട്ടവനാ ഞാൻ. കോടതിവാരാന്തയിൽ അനാഥനായി നിൽക്കേണ്ടിവന്നപ്പോൾ ചുമ്മാ സമയം കളയാൻ നോക്കി നിന്നത് കോടതി കെട്ടിടത്തിന്റെ മുകളിലെ വലിയ ക്ലോക്കിലാ. ഞാനന്ന് കാണുമ്പോൾ ആ ക്ലോക്കിൽ അക്കങ്ങൾ ഒന്നും ഇല്ലായിരുന്നു..."

"നീ ഇതൊക്കെ എത്രയോ പ്രാവിശ്യം എന്നോട് പറഞ്ഞതാ. കഴിഞ്ഞതൊക്കെ മറക്കാൻ പറ്റില്ലന്ന് അറിയാം. പക്ഷേ അതൊക്കെ മറന്നാൽ, അക്കങ്ങളില്ലാത്ത ക്ലോക്കിലുള്ള നോട്ടവും ഇല്ലാതാക്കിയാൽ നിനക്കും ജീവിക്കാം" ഹരിയുടെ സംസാരത്തിന്റെ ഇടയ്ക്ക് കയറി അജയൻ പറഞ്ഞു.

അതിനുള്ള മറുപിടി ഒരു പുഞ്ചിരിയിൽ ഒതുക്കി കൈ കഴുകാനായി ഹരി എഴുന്നേറ്റു.

"നീ ശനിയാഴ്ച രാവിലെ നോർത്ത് സ്റ്റേഷനിൽ പോയിരുന്നോ?" അജയൻ എഴുന്നേറ്റുകൊണ്ടാണ് ചോദിച്ചത്.

"പോയിരുന്നു. ഞാൻ പോയത് നീ എങ്ങനെ അറിഞ്ഞു?" ഹരി ചോദിച്ചു

"അതൊക്കെ അറിഞ്ഞു" അജയൻ ചിരിച്ചു കൊണ്ട് പറഞ്ഞു. രണ്ടും പേരും ലഞ്ച് റൂമിൽ നിന്നിറങ്ങി.

"ഉച്ചയ്ക്കിനി കഴിക്കാൻ എപ്പോഴാ ഇറന്ങുന്നത്?" ഹരി ചോദിച്ചു.

"ഇനി ഉച്ചയ്ക്കൊന്നും വേണ്ട. പണി തീർത്തിട്ട് വൈകിട്ട് ഇറങി കഴിക്കാം" അജയൻ പറഞ്ഞിട്ട് തന്റെ ക്യാബിനിലേക്ക് കയറി.

നാലുമണിക്ക് അജയന്റെ ഫോൺ. കഫ്റ്റീരിയിലേക്ക് ചെല്ലാൻ. ആ ബിൽഡിമ്ങിലെ കമ്പ്നികൾക്കെല്ലാം കൂടിയുള്ള കോമൺ കഫ്‌ടീരിയ ആണ്. അന്നത്തെ ജോലിയെല്ലാം തീർത്തിരുന്നതുകൊണ്ട് ഹരി എഴുന്നേറ്റു കഫ്ടീരിയിലേക്ക് നടന്നു. ഹരിയും അജയനും എല്ലാം സ്ഥിരമായി ഇരിക്കുന്ന സ്ഥലത്ത് അജയനുണ്ടാകുമെന്ന് ഹരിക്കുറപ്പായിരുന്നു. കഫ്റ്റീരിയയുടെ വാതിൽ തുറക്കുന്നതിനുമുമ്പുതന്നെ അജയൻ ഇരിക്കുന്നത് ഹരി കണ്ടിരുന്നത്. അജയന്റെ കൂടെ രണ്ട് പെൺകുട്ടികളും ഉണ്ട്. ഒന്ന് ഹരിയുടെ ഭാര്യയാണ്. ആ ബിൽഡിമ്ങിലെ മറ്റൊരു കമ്പ്നിയിൽ തന്നെയാണ് ഹരിയുടെ ഭാര്യയ്ക്ക് ജോലി. കല്യാണം കഴിഞ്ഞതിനു ശേഷം ഇവിടേക്ക് മാറിയതാണ്.അവരുടെ കൂടെയുള്ള പെൺകുട്ടി ഏതാണ്?

കഫ്റ്റീരയയുടെ വാതിൽ തുറന്ന് ഹരി അവരുടെ അടുത്തേക്ക് ചെന്നു. ഹരിയുടെയും ഭാര്യയുടേയും കൂടെ ഇരിക്കുന്ന പെൺകുട്ടിയെ ഹരി കണ്ടു.
അപർണ്ണ!!
ഒഴിഞ്ഞ കസേര അജയൻ നീക്കി ഇട്ടൂ. ഹരി ഇരുന്നു. ഹരി അജയനെ നോക്കി.അവന്റെ മുഖത്തെ ചിരി കണ്ടപ്പോൾ ഹരിയും ചിരിച്ചു.

"ഹരിക്ക് ആളെ പരിചയമുണ്ടോ?" അപർണ്ണയെ നോക്കി കൊണ്ട്  അജയന്റെ ഭാര്യ ഹരിയോട് ചോദിച്ചു.

"ഉം..നേരത്തെ പരിചയമുണ്ട്" ഹരി പറഞ്ഞു.

"എന്നെ സ്കൂളിൽ പഠിപ്പിച്ച സാറിന്റെ മകളാ ഇവിടയാ ജോലിയന്ന് പറഞ്ഞ് കേട്ടിരുന്നു. പക്ഷേ ഇന്ന് നാട്ടീന്ന് വന്നപ്പോൾ റയിൽവേ സ്റ്റേഷനിൽ വെച്ചാ കണ്ടത്. സംസാരിച്ച് വന്നപ്പോൾ ഹരിയെ അറിയാമെന്ന് പറഞ്ഞു." അജയന്റെ ഭാര്യ പറഞ്ഞു.

"കോളേജിൽ വെച്ച് സമരത്തിന്റെ ഒക്കെ ഇടയിൽ കണ്ടിട്ടൂണ്ടായിരുന്നു. ഇവരൊക്കെ പറയുന്നതൊന്നും നമുക്ക് മനസിൽ ആകാത്തതുകൊണ്ട് പരിചയപ്പെടാനൊന്നും അന്ന് പോയില്ല. പിന്നെ ഇവിടെ വന്നപ്പോൾ ഒന്നു രണ്ടു പ്രാവിശ്യം കണ്ടപ്പോൾ കോളേജിന്റെ പേരും വർഷവും ഒക്കെ പറഞ്ഞ് പരിചയപ്പെട്ടതാ" അപർണ്ണ പറഞ്ഞു.

"ഭാഗ്യം!! കൂടെ ജോലിചെയ്തവരെപ്പോലും ഓർക്കുന്നില്ലന്ന് പറയുന്ന കക്ഷിയാഇത്. അപർണ്ണയെ ഒക്കെ ഓർത്തെടൂത്തന്ന് പറഞ്ഞാൽ അത്ഭുതമാ" അജയൻ പറഞ്ഞു.

"ഞാൻ അങ്ങോട്ട് ചെന്ന് പരിചയപ്പെട്ടതല്ലേ, ഇങ്ങനെ ഒരാൾ ഇവിടെയുണ്ടന്ന് സീനിയേഴ്സിലെ ചേച്ചിമാർ പറഞ്ഞിരുന്നു. ശനിയാഴ്ച രാവിലെ കണ്ടപ്പോൾ എന്നെ നേരത്തെ കണ്ട പരിചയം പോലും കാണിച്ചില്ല" അപർണ്ണ പറഞ്ഞു.

അപർണ്ണതന്നെയാണ് താൻ സ്റ്റേഷനിൽ ചെന്ന കാര്യം അജയനോട് പറഞ്ഞതന്ന് ഹരി ഉറപ്പിച്ചു.
"ഞങ്ങൾ പോവുകയാ..പിന്നെ കാണാം" അജയന്റെ ഭാര്യ പറഞ്ഞു. അജയന്റെ ഭാര്യയും അപർണ്ണയും ഒരുമിച്ച് എഴുന്നേറ്റു,
"നീ ആ പെൺകൊച്ചിന്റെ കൂടെ സ്റ്റേഷനിൽ ചെന്നന്ന് കേട്ടപ്പോൾ എനിക്കത്ര വിശ്വാസം വന്നില്ല" അവർ പോയിക്കഴിഞ്ഞപ്പോൾ അജയൻ പറഞ്ഞു.

"അന്നേരം തോന്നിയ ഒരു വട്ട്. രാവിലെ നടക്കാനായി ഇറങ്ങിയപ്പോഴാ ആ കുട്ടിയെ കണ്ടത്. ഇന്ന് രണ്ടാം ശനിയാഴചയല്ലേ വീട്ടിൽ പോകുന്നില്ലേ എന്നു അത് ചോദിച്ചപ്പോഴാ വീടിനെക്കുറിച്ചൊക്കെ ഓർത്തത്. നമുക്കങ്ങനെ എപ്പോഴും കയറിചെല്ലാൻ പറ്റിയ വീടൊന്നും ഇല്ലന്ന് അതിനോട് പറഞ്ഞില്ല. എനിക്കെന്തോ വട്ട് തോന്നി ഞാൻ അതിന്റെ കൂടെയങ്ങ് നടന്നു. റയിൽവേസ്റ്റേഷനിലെ തിരക്ക് കണ്ട് ഞാനവിടെ നിന്നു. വീട്ടിലൊക്കെ പോകുന്നവരുടെ മുഖത്ത് എന്ത് സന്തോഷമാ. ആ കുട്ടിയും വീടിനെക്കുറിച്ചൊക്കെ എന്തക്കയോ പറഞ്ഞു. നിനക്കറിയാമല്ലോ അങ്ങനെ സന്തോഷത്തോടെ പറയാനുള്ള ഓർമ്മകളോ അനുഭവങ്ങളോ ഒന്നും എനിക്കു വീട്ടിൽ നിന്ന് ഉണ്ടായിട്ടീല്ല. പിന്നെ അതൊക്കെ ഉള്ളവർ പറയുന്നത് കേള്‍ക്കുമ്പോൾ  ഒരു സന്തോഷം തോന്നും. സത്യം പറഞ്ഞാൽ എനിക്കും അതിന്റെ കൂടെ ആ ട്രയിനിൽ തന്നെ അതിന്റെ നാട്ടിലും വീട്ടിലും ഒക്കെ പോയാൽ കൊള്ളാമെന്നുണ്ടായിരുന്നു... ഓർമ്മകളുടെ പിന്നാമ്പുറത്ത് പുകപിടച്ച് കിടക്കുന്ന വീടൊക്കെ ഒന്നു കാണാൻ പോകണമെന്ന് തോന്നിത്തുടങ്ങിയത് അപ്പോഴാ" ഹരി പറഞ്ഞു.
****************
"നോക്ക് ഹരീ, നീ ഇപ്പോഴും ഭൂതകാലത്തിന്റെ പോസ്റ്റ്മാർട്ടറിപ്പോർട്ടും നോക്കി ഇരുന്നാൽ ജീവിതം മുന്നോട്ടൂ പോകില്ല..". നിറംമങ്ങിയ പഴയ ഫോട്ടൊകൾ രാത്രിയിൽ നോക്കിക്കൊണ്ടിരിക്കുമ്പോൾ അജയൻ പറഞ്ഞത് ഹരി ഓർത്തു.

ഒന്ന് നാട്ടിൽ പോയാലോ. നാട്ടിൽ പോയിട്ട് കുറേ നാളായിരിക്കുന്നു. എന്നാണ് അവസാനം പോയതെന്ന് ഓർത്തെടുക്കാൻ പോലും പറ്റുന്നില്ല. അവിടെ കാണാനും കാത്തുനിൽക്കാനും ആരുമില്ലങ്കിലും ഒന്നു പോകാം. ഒറ്റയ്ക്ക് പോകാൻ വയ്യ. അജയനെക്കൂടി വിളിക്കാം. അവനാകുമ്പോൾ തന്നെ മനസിലാക്കാൻ പറ്റും.
അജയനെ ഫോൺ ചെയ്തു.
"എടാ എനിക്കൊന്നു നാട്ടിൽ പോകണം,നിനക്കെന്റെ കൂടെ ഒന്നു വരാൻ പറ്റുമോ. നാളെതന്നെ തിരിച്ചു വരാം"

"എന്താ പെട്ടന്നൊരു തോന്നൽ" അജയൻ.

"എന്തോ , എനിക്കങ്ങനെ തോന്നി. നിനക്ക് നാളെ വരാൻ പറ്റുമോ?"

"നമുക്ക് മറ്റെന്നാൾ പോകാം. എനിക്ക് നാളെയൊരു വർക്ക് കൊടുക്കാനുണ്ട്"

"എന്നാ നമുക്ക് ബുധനാഴ്ച പോകാം" ഹരി ഫോൺ കട്ട് ചെയ്തു.

അക്കങ്ങളില്ലാത്ത ഈ ക്ലോക്കിൽ ഈ സൂചികൾ എന്തിനാണിങ്ങനെ കറങ്ങുന്നത്?കാലത്തിന്റെ വേഗത കൂട്ടാനോ കുറയ്ക്കാനോ കഴില്ലങ്കിലും സൂചീകൾ കറങ്ങുകയാണ്. മനുഷ്യന്റെ ജീവിതം മുന്നോട്ട് പോകുന്നത് ഈ ക്ലോക്കുകളുടെ ടിക്..ടിക്.. ശബ്ദ്ദത്തിലാണ്. എന്നെങ്കിലും ഈ സൂചികൾ നിലച്ചാലും കാലം മുന്നോട്ടു തന്നെ പോകും. കറങ്ങി തളരുന്ന സൂചികൾക്ക് മരണം ഉണ്ടാവുമോ?
മരണം .. ഒരു മനുഷ്യകാലത്തിന്റെ അവസാനം. കാലത്തിന്റെ കറക്കത്തിൽ ആ മരണത്തിന്റെ ശൂന്യത മാഞ്ഞു പോകും. 

ബുധനാഴ്ച രാവിലെ ഹരിയും അജയനും പുറപ്പെട്ടു. അജയനായിരുന്നു കാർ ഓടിച്ചിരുന്നത്. നഗരത്തിന്റെ തിരക്കിൽ നിന്നൊക്കെ ഒഴിഞ്ഞ് മൂന്നാലുമണിക്കൂർ സമയത്തിന്റെ ദൂരം ഉണ്ടായിരുന്നു ഹരിയുടെ വീട്ടിലേക്ക്. അജയൻ രണ്ടുമൂന്നു തവണ ഹരിയുടെ കൂടെ ആ വീട്ടിലേക്ക് പോയിട്ടൂണ്ടായിരുന്നു.

"നീ എന്തിനാ ഇപ്പോൾ വീട്ടിലേക്ക് പോകുന്നത്?" അജയൻ ചോദിച്ചു.

"അറിയില്ലടാ" ഹരി പറഞ്ഞു.

വീടിന്റെ വഴിയിലേക്ക് കാർ തിരിഞ്ഞു. വഴിയിൽ പുല്ലു വളർന്നു നിൽക്കുന്നു.

"നിനക്കിതൊക്കെ ആരോടെങ്കിലും പറഞ്ഞ് വൃത്തിയാക്കിഇട്ടുകൂടേ. കാട്ടുജീവികൾക്ക് നല്ലൊരു താവളമായിട്ടൂണ്ട്" അജയൻ ചോദിച്ചു.

"അവർക്കെങ്കിലും ഈ വീടും മുറ്റവും കൊണ്ട് സന്തോഷം ഉണ്ടാകുന്നെങ്കിൽ ആകട്ട്. നമുക്ക് കിട്ടാത്ത സന്തോഷം അവർക്കും പാടില്ലന്ന് നമ്മളെന്തിനാ വാശി പിടിക്കുന്നത്" ഹരി പറഞ്ഞപ്പോൾ അജയൻ മൗനം പാലിച്ചു.

വീടിനു മുന്നിൽ കാർ നിർത്തി അവർ ഇറങ്ങി. വളർന്നു നിൽക്കുന്ന പുല്ലുകൾക്കിടയിലൂടെ എന്തക്കയോ ഓടിപ്പോയി. ഹരി പോക്കറ്റിൽ നിന്ന് താക്കോൽ എടുത്തു വാതിൽ തുറന്നു . മുറിയിൽ പൊടിയും ചിലന്തിവലയും. ചിലന്തിവല ഒഴിവാക്കി അവർ അകത്തേക്ക് കയറി.

"വീടിന്റെ ഒരു താക്കോൽ അമ്മൂമയുടെ കൈയ്യിൽ ഉണ്ടന്നല്ലേ പറഞ്ഞത്? അമ്മൂമ വീടൊക്കെ വൃത്തിയാക്കുമെന്ന് നീ പറഞ്ഞിട്ടും ഉണ്ട്. അമ്മൂമ ഇപ്പോൾ ഇവിടേക്കോന്നും വരാറില്ലേ?" അജയൻ ചോദിച്ചു.

"അമ്മൂമ്മയെ അച്ഛൻ കൊണ്ടുപോയി"

"എവിടേക്ക്?"

"അവരുടെ അടുത്തേക്ക്. അനിയത്തിയുടെ പ്രസവം അടുത്തപ്പോള്‍ അച്ഛൻ വന്ന് കൊണ്ടുപോയതാ. ഇനി എന്നു വരുമൊന്നൊന്നും അറിയില്ല. ഒരു പക്ഷേ അവിടെ തന്നെ ആയിരിക്കും മരണവും. പാവം അമ്മൂമ്മ. അപ്പൂപ്പന്റെ അടുത്ത് തന്നെ ജീവിതാവസാനം ഉണ്ടാകുമെന്ന് ആഗ്രഹിച്ചിരുന്നതാ"

"നീ എന്നോടിതൊന്നും പറഞ്ഞില്ലല്ലോ?"

"എന്തിനാടാ..ഞാനെന്റെ ഈ സന്തോഷം ഒക്കെ നിങ്ങളോട് പങ്കുവയ്ക്കുന്നത്. അച്ഛന്റെ രണ്ടാം ഭാര്യയിലുള്ള മകൾ കല്യാണം കഴിച്ചതോ അവൾക്ക് ഒരു കുഞ്ഞ് ജനിച്ചതോ.. എന്നെ വിളിക്കാത്ത കല്യാണത്തിന്റെ വിശേഷങ്ങൾ എനിക്ക് നിങ്ങളോട് പറയാൻ പറ്റുമോ?" ഹരിയുടെ ചോദ്യത്തിനു അജയൻ ഒന്നും പറഞ്ഞില്ല.

"നിനക്കറിയാമോ, ഈവാതിൽ പാളിക്കിടയിൽ ഞാനെത്രെ ദിവസം ഒളിച്ചു നിന്നിട്ടുണ്ടന്ന്. ഉറങ്ങാത്ത എത്രയോ ദിവസങ്ങൾ.. ഒരു ദിവസം രാത്രിയിൽ മുകളിലത്തെ മുറിയിൽ നിന്ന് തലയിൽ ചോരയുമായി ഇറങ്ങിവരുന്ന അമ്മയെ ഞാൻ ഈ കതകിന്റെ മറവിൽ നിന്നാണ് കണ്ടത്. അമ്മ ഇരുട്ടിലേക്ക് ഇറങ്ങിപ്പോകുമ്പോൾ അമ്മേ എന്നുവിളിക്കാൻ ഞാനോടി വാതിക്കൽ എത്തിയപ്പോൾ പുറകിൽ നിന്ന് വന്ന അച്ഛൻ പുറത്തേക്ക് തള്ളിയിട്ട് പറഞ്ഞു, തള്ളേടെ കൂടെ എവിടെങ്കിലും പോയി ചാവടാ. പിന്നെ ഞാൻ അമ്മയെ കാണുന്നത് കുടുംബകോടതിയിലാ.അച്ഛൻ എന്നോട് പറഞ്ഞാതായി ഞാൻ ഇപ്പോഴും ഓർക്കുന്നത് ആ വാക്കാ, എവിടെങ്കിലും പോയി ചാവടാ. എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ വയ്യാത്ത ഒരു അഞ്ചുവയസുകാരനിൽ നിന്ന് ഞാൻ വളർന്നു. പക്ഷേ ചത്തില്ല.അന്ന് എങ്ങനയാ ചാവാൻ പറ്റുന്നതെന്ന് അറിയാമായിരുന്നെങ്കിൽ  ഞാൻ ചത്തേനെ..." ഹരി കരഞ്ഞു കൊണ്ട് പൊടിപിടിച്ച കസേരയിൽ ഇരുന്നു.

"ഞാൻ എന്നൊക്കെ ഇവിടെ വന്നോ , അന്നെല്ലാം നീ എന്നോട് ഇതൊക്കെ പറഞ്ഞിട്ടുണ്ട്." അജയൻ പറഞ്ഞു.

"എനിക്കിതൊക്കയോ പറയാനുള്ളടാ.. എനിക്ക് ഈ വീടിനെക്കുറിച്ചുള്ള ഓർമ്മകളാ ഇതൊക്കെ."

ഓരോ മുറിയിലും കയറി ഇറങ്ങി കഴിഞ്ഞപ്പോൾ ഹരി പറഞ്ഞു.
"നമുക്കിനി പോകാം".

തിരിച്ചുള്ള യാത്രയിൽ വണ്ടി ഓടിച്ചത് അജയൻ ആയിരുന്നു. മണിക്കൂറുകളോളം ഹരി നിശബ്ദ്ദനായിരുന്നു.കൂടുതൽ ഒന്നും ചോദിക്കണ്ടായന്ന് അജയനും കരുതി.  പിന്നീടെപ്പോഴൊ ഹരി ഉറങ്ങിപ്പോയി.

അക്കങ്ങൾ ഇല്ലാത്ത നാലു ക്ലോക്കുകൾ ഉള്ള കോടതി സമുച്ചയത്തിലെ ക്ലോക്ക് ടവർ നോക്കി നിൽക്കുന്ന ആറുവയസുകാരൻ. കോടതി വാരാന്തയിൽ നിന്ന് നോക്കിയാൽ കാണുന്ന രണ്ട് ക്ലോക്കുകളിലെയും സമയം വേറെ വേറെ ആയിരുന്നു. വാരാന്തയിലൂടെ പോകുന്നവരെ ആ ആറുവയസുകാരൻ നോക്കി. തന്റെ അമ്മ അവരുടെ കൂട്ടത്തിൽ ഉണ്ടാവുമോ? അവസാനം അത് സംഭവിച്ചു. അച്ഛനും അമ്മയ്ക്കും വിവാഹമോചനം. ഏകമകനിൽ ആരും അവകാശം ഉന്നയിക്കാത്തതുകൊണ്ട് വലിയ ബുദ്ധിമുട്ട് ഇല്ലായിരുന്നത്രെ. മകന്റെ പേരിൽ അഞ്ചുലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും ഇപ്പോഴത്തെ വീടും അച്ഛൻ നൽകണം. അമ്മ മറ്റൊരു വിവാഹത്തിനു തയ്യാറെടുക്കുന്നതുകൊണ്ട് അമ്മയ്ക്കു അച്ഛന്റെ കൈയ്യിൽ നിന്ന് ഒന്നും വേണ്ട. കോടതിയിൽ നിന്ന് ഇറങ്ങിപ്പോകുന്ന അമ്മ മറ്റൊരാളിന്റെ കൂടെ കാറിൽ കയറി പോകുമ്പോൾ അമ്മേ എന്നു വിളിക്കാൻ തുടങ്ങിയപ്പോള്‍ അപ്പൂപ്പന്റെ കൈകൾ തന്റെ വാ പൊത്തിയത്. ആ കൈകളിൽ വീണ വെള്ളത്തുള്ളികൾ തന്റെ മുഖത്തേക്ക് വീണപ്പോൾ  മുഖം ഉയർത്തി നോക്കിയപ്പോൾ അപ്പൂപ്പന്റെ കണ്ണിൽ നിന്ന് ഒഴുകി വീഴുന്ന കണ്ണുനീർ ആയിരുന്നു കണ്ടത്. താൻ വീണ്ടും ആ ക്ലോക്ക് ടവരിലേക്ക് നോക്കുമ്പോൾ അതിലെ ഒരു ക്ലോക്കിന്റെ സൂചികളുടെ ചലനം നിലച്ചിരുന്നു. മറ്റൊരു ക്ലോക്കിലെ സൂചികൾ അപ്പോഴും കറങ്ങുന്നുണ്ടായിരുന്നു. എപ്പോൾ നിലയ്ക്കുമെന്ന് അറിയാത്ത ചലനം.

ഹരി ഉറക്കത്തിൽ എന്തക്കയോ പറയുന്നുണ്ടോ? അജയൻ ഹരിയെ നോക്കി. അവന്റെ മുഖത്തുനിന്ന് വിയർപ്പുതുള്ളികൾ ഒഴുകുന്നു. അജയൻ തണലു നോക്കി വണ്ടി നിർത്തി.

"ഹരീ.."അജയൻ വിളിച്ചു.

ഹരി കണ്ണു തുറന്നു.
"നീ എന്താ വണ്ടി നിർത്തത്.?" ചുറ്റിനും കണ്ണോടിച്ചു കൊണ്ടാണ് ഹരി ചോദിച്ചത്.

"നിനക്കെന്താ പറ്റിയത്? നീ ആകെ വിയർത്തിരിക്കുന്നു. നീ ഇറങ്ങി മുഖം കഴുക്" കുപ്പിയിലെ വെള്ളം ഹരിക്ക് നീട്ടികൊണ്ട് അജയൻ പറഞ്ഞു.

"ഞാൻ പഴയ കാര്യങ്ങൾ എന്തോ ഓർത്തന്നു തോന്നുന്നു." ഹരി ഡോർ തുറന്നു കൊണ്ട് പുറത്തേക്കിറങ്ങി. ഹരി മുഖം കഴുകിയപ്പോൾ അജയൻ പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്ത് കത്തിച്ചിരുന്നു. പുകച്ചുരുളുകൾ വായുവിൽ അലിയുന്നത് നോക്കി ഹരി നിന്നു.

"ഞാൻ നിനക്കൊരു പ്രൊപ്പോസൽ കൊണ്ടുവന്നാൽ നിനക്ക് ഇഷ്ട്പ്പെടുമോ?" കത്തിയെരിഞ്ഞ സിഗരറ്റ് നിലത്തിട്ട് ചവിട്ടിക്കൊണ്ടാണ് അജയൻ ഹരിയോട് ചോദിച്ചത്.

"അച്ഛനും അമ്മയും ജീവിച്ചിരിക്കെ അനാഥനായി ജീവിക്കുന്ന ഒരുത്തന് ആരു പെണ്ണു തരും? അച്ഛനും അമ്മയും വിവോഹമോചനം നേടി വെവ്വേറെ വിവാഹം കഴിച്ച് ജീവിക്കുന്ന ഒരുത്തനു പെണ്ണു ചോദിച്ച് ആരു പോകാൻ. സ്നേഹത്തോടെ പെരുമാറിയിരുന്നത് അപ്പൂപ്പനും അമ്മൂമ്മയുമാ. മകൻ തിരുത്താനാവാതവണ്ണം മാറിപ്പോയതിൽ കണ്ണിരു കുടിച്ച് കുടിച്ച് അപ്പൂപ്പൻ മരിച്ചു.പിന്നെയുള്ളത് അമ്മൂമ. മകൻ വന്ന് വിളിക്കുമ്പോൾ അവർക്ക് പോകാതിരിക്കാനും ആവില്ലല്ലോ. അങ്ങനെ അമ്മൂമ്മയും പോയി. ആർക്കോ വേണ്ടി കറങ്ങുന്ന ക്ലോക്കിലെ സൂചിപോലെ ഞാൻ മാത്രം ബാക്കി"

"നിനക്കു വേണ്ടി ഞാനുണ്ടാവും. ഒരു വിവാഹം കഴിഞ്ഞാൽ നിന്റെ ഈ പൊട്ടത്തരങ്ങൾ മാറും. ആരോടും ഒന്നും പറയാതെ ഇങ്ങനെ കൊണ്ടു നടക്കുന്നതാ നിന്റെ പ്രശ്നം. നീ എന്തു പറയുന്നു?" അജയൻ ചോദിച്ചുകൊണ്ട് കാറിലേക്ക് കയറി.

"നീ ഇതുവരെ ഒന്നും പറഞ്ഞില്ല" അജയൻ ഹരിയോട് പറഞ്ഞു. അവർ ഹരിയുടെ താമസസ്ഥലത്ത് എത്താറായിരുന്നു.

"വിവാഹം എന്നൊക്കെ പറയുന്നത് ഒരു പരീക്ഷണമാ. എന്റെ അച്ഛനും അമ്മയും അതിൽ പരാജയപ്പെട്ടവരാ. പക്ഷേ അവരുടെ ഇപ്പോഴത്തെ ജീവിതത്തിൽ അവർ വിജയിച്ചവരാ. അവരുടെ യുദ്ധത്തിൽ പരാജയപ്പെട്ടത് ഞാൻ മാത്രമാ. സത്യം പറഞ്ഞാൽ മറ്റൊരു മനുഷ്യജീവനെകൂടി പരീക്ഷണത്തിനു വിട്ടു കൊടുക്കാൻ എനിക്കു പേടിയാ." ഹരി പറഞ്ഞു.

"എല്ലാം നിന്റെ തോന്നലാ ഹരീ. എനിക്ക് നിന്നെ അറിയാം. നിന്നെക്കുറിച്ച് അറിയാവുന്ന നിന്നെമനസിലാക്കുന്ന ഒരാള്‍  നിനക്ക് കൂട്ടായി വന്നാൽ ഭൂതകാലം എല്ലാം നിനക്ക് മറക്കാൻ കഴിയും. അങ്ങനെ ഒരാളെ ഞാൻ നിനക്കായി കണ്ടത്തിയാലോ?"

"അപ്പോൾ ആലോചിക്കാം" ഹരി പറഞ്ഞു

"ഉറപ്പ്"

"ഉറപ്പ്"

"അപർണ്ണയെക്കുറിച്ച് നിന്റെ അഭിപ്രായം എന്താ?" അജയൻ ചോദിച്ചു.

"പ്രത്യേകിച്ചൊരു അഭിപ്രായവും ഇല്ല"

"അപർണ്ണയുടെ വീട്ടിൽ അതിനിപ്പോൽ ആലോചനകൾ നടക്കുന്നുണ്ട്. നമുക്കിതൊന്ന് ആലോചിക്കാം" ഹരിയുടെ വീടിന്റെ മുന്നിൽ കാർ എത്തിയിരുന്നു. ഹരിയെ ഇറക്കിയിട്ട് അജയൻ പോയി.

പതിവുപോലെ ദിവസങ്ങൾ...
 ഭിത്തിയിലെ ക്ലോക്കിൽ സൂചികളുടെ കറക്കം നോക്കി കിടക്കുമ്പോഴാണ് ഫോൺ ബെല്ലടിച്ചത്. ഈ സമയത്ത് അജയൻ അല്ലാതെ മറ്റാരും വിളിക്കാനില്ല. കട്ടിലിൽ നിന്ന് ഫോൺ തപ്പിയെടുത്ത് നൊക്കിയപ്പോൾ അജയനല്ല. അറിയാത്ത ഒരു നമ്പർ. ഹരി കാൾ അറ്റൻഡ് ചെയ്തു. ഒരു പെൺശബ്‌ദ്ദം.
"ഹലോ  ആരാ?" ഹരി ചോദിച്ചു

"നമ്മളു പരിചയക്കാരാ. ഇന്നും കഫ്‌ടീരിയയിൽ നമ്മൾ കണ്ടിരുന്നു. മാഷിന്റെ ഒരു വിവാഹലോചന വീട്ടിൽ എത്തിയന്ന്.അച്ഛന്റെ സ്റ്റുഡന്റായ നീന ചേച്ചിയുടെ ആലോചനയാണത്രെ.അച്ഛൻ അഭിപ്രായം ചോദിച്ചിരിക്കുന്നു. എന്താ പറയേണ്ടത്"

"അപർണ്ണ?" ഹരി ചോദിച്ചു

"അതെ അപർണ്ണതന്നെ. എന്താ അഭിപ്രായം പറയേണ്ടതതെന്ന് പറഞ്ഞില്ല"

"അപർണ്ണ അഭിപ്രായം പറയുന്നതിനു മുമ്പ് എനിക്കൊന്നു കാണണം..." ഹരി പറഞ്ഞു.

"ഒക്കെ കാണാം, അപ്പോ ശരി, അക്കങ്ങള്‍ ഇല്ലാത്ത ക്ലോക്കിലെ സൂചികളുടെ കറക്കത്തെ കുറിച്ചുള്ള ഗവേഷ്ണം നടക്കട്ട്.." അപർണ്ണ ഫോൺ കട്ട് ചെയ്തു.

"സത്യം പറഞ്ഞാൽ എന്റെ ജീവിതത്തിന്റെ ഭാഗം തന്നയാ ഈ ക്ലോക്കുകൾ. കോടതി വാരാന്തയിൽ ഞാൻ സമയം കളഞ്ഞത് അവിടത്തെ ക്ലോക്ക് ടവറിലെ ക്ലോക്കിൽ നോക്കിയാ. അപ്പൂപ്പന്റെ കൈ പിടിച്ച് ഞാൻ തൂണും  ചാരി നിൽക്കും. ചിലപ്പോൾ അമ്മൂമ്മയും കാണും. അച്ഛനും അമ്മയും പിരിഞ്ഞത് എന്തിനാണന്ന് സത്യത്തിൽ എനിക്കിപ്പോഴും അറിയില്ല. ഞാൻ ആരോടും ചോദിച്ചില്ല. ആരെങ്കിലും പറഞ്ഞാൽ തന്നെ എനിക്കതൊക്കെ അന്ന് മനസിലാക്കാൻ കഴിയുമോ എന്ന് സംശയം. അപ്പൂപ്പൻ ആണങ്കിൽ അതിനു ശേഷം വല്ലപ്പോഴുമോ സംസാരിക്കുകയുള്ളായിരുന്നു. പഠിച്ചു പഠിച്ചു നല്ല നിലയിൽ എത്തി വിവാഹം കഴിക്കുമ്പോൾ ഒരിക്കലും ഒന്നും മനസിൽ വെച്ചുകൊണ്ട് പെരുമാറരുതെന്നും കുഞ്ഞുങ്ങളെ സങ്കടപ്പെടുത്തരുതെന്നും അപ്പൂപ്പൻ എപ്പോഴും പറയുമായിരുന്നു" ഹരി പറഞ്ഞു. ഹരിയും അപർണ്ണയും അപ്പോള്‍ കടൽ കരയ്ക്കരയിൽ അസ്തമസൂര്യനെ നോക്കി ഇരിക്കുകയായിരുന്നു.

"ജീവിതത്തിൽ ഒത്തിരി സങ്കടം ആയിരുന്നല്ലേ?" അപർണ്ണ ചോദിച്ചു.

"സങ്കടം ഒക്കെ ആപേക്ഷികമല്ലേ. ജീവിതത്തിൽ സന്തോഷവും സങ്കടവും ഒക്കെ എപ്പോൾ വേണമെങ്കിലും വരാമല്ലോ. ചിലപ്പോൾ ജീവിതത്തിൽ ഇനി സന്തോഷം മാത്രം ആയിരിക്കുമല്ലോ?" ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു.

"ഞാനാരയും സങ്കടപ്പെടുത്താന് വരില്ല. അപർണ്ണയും ചിരിച്ചു കൊണ്ട് പറഞ്ഞു.
സൂര്യൻ കടലിൽ എരിഞ്ഞടങ്ങിയപ്പോൾ അവർ എഴുന്നേറ്റു.

"ഞാനൊരിക്കലും അമ്മയെ കുറ്റം പറയില്ല. വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് പോകുമ്പോൾ എന്നെ കാണാൻ അമ്മയ്ക്ക് ബുദ്ധിമുട്ട് ഉണ്ടായിരിക്കണം. നാലഞ്ച് വർഷം കഴിഞ്ഞ് നാട്ടിൽ വന്നപ്പോൾ എന്നെ വന്ന് കണ്ടോട്ടേയെന്ന് അപ്പൂപ്പനോട് ചോദിച്ചതാ. നിനക്കും അവനും വിഷമമാകും എന്ന് പറഞ്ഞ് അപ്പൂപ്പനാണ് വരണ്ടാ എന്ന് പറഞ്ഞത്. പക്ഷേ അമ്മ ഇപ്പോഴും അമ്മൂമ്മയെ വിളിക്കും.. അച്ഛന്റെയും അമ്മയുടെയും ഇടയിൽ എന്താണ് സംഭവിച്ചതന്ന് ഇപ്പോഴും അറിയില്ല. അവർ പിരിഞ്ഞത് ഒരു കണക്കിനു നന്നായി . അല്ലങ്കിൽ ആ വീട്ടിൽ ഞങ്ങൾ മൂന്നും ഒരു പക്ഷേ എനിക്കു ശേഷം ഉണ്ടാകുന്ന ഒന്നോ രണ്ടോ കുഞ്ഞുങ്ങൾക്കൂടി സങ്കടപ്പെട്ട് ജീവിക്കേണ്ടി വന്നേനെ. ഇതിപ്പോൾ ഞാൻ മാത്രം സങ്കടപെട്ടാൽ മതിയല്ലോ?" ഹരിയുടെ കണ്ണിൽ നിന്ന് കണ്ണുനീർ വീഴുന്നത് അപർണ്ണ കണ്ടത്.

"കണ്ണ് തുടയ്ക്ക്.. ഇത് കഫ്ടീരിയാ... ഇനി നമുക്കീസങ്കടം ഒന്നും വേണ്ട" അപർണ്ണ പറഞ്ഞു. ടേബിളിൽ നിന്ന് ടിഷ്യൂ പേപ്പർ എടുത്ത് ഹരിക്കു നീട്ടീ. ഹരി അത് വാന്ങി കണ്ണ് തുടച്ചു.

നാലു മാസങ്ങൾ... പ്രണയത്തിന്റെയും സന്തോഷത്തിന്റെയും സ്വപ്നങ്ങളുടേയും കാലങ്ങൾ. ജീവിതത്തിലേക്ക് സന്തോഷം തിരികെ വരുന്നത് ഹരി അറിഞ്ഞു..

അധികം ആർഭാടങ്ങൾ ഒന്നും ഇല്ലാതെ വിവാഹം...

അപർണ്ണ വരുന്നതും നോക്കി ഹരി കട്ടിലിൽ കിടന്നു. ഭിത്തിയിലെ ക്ലോക്കിലേക്ക് നോക്കി. സമയ സൂചികള്‍ക്ക് കറങ്ങാതിരിക്കാൻ ആവില്ലല്ലോ?

പാൽ നിറച്ച ഗ്ലാസുമായി അവൾ കയറി വരുമ്പോൾ അവൻ ക്ലോക്കിലെക്ക് നോക്കി കിടക്കുവായിരുന്നു...

"ഇന്നും ക്ലോക്കിലെ സൂചിയുടെ കറക്കം നോക്കിയാണോ ഉറക്കം"അവൾ ചോദിച്ചപ്പോൽ അവൻ ചിരിച്ചു. സങ്കടമില്ലാത്ത ചിരി.

"ഇനി ഒരിക്കലും ക്ലോക്കിലെ സൂചികൾ നോക്കി കിടക്കരുത്" അവൾ അവന്റെ ചെവിയിൽ മന്ത്രിച്ചു. ഒരു തലയിണയിൽ തലവെച്ച് അവർ കിടക്കുകയായിരുന്നു.
"ഇല്ല" അവൻ പറഞ്ഞു.

അവന്റെ കൈകൾ അവളുടെ മുഖത്തെ തന്റെ നേരെ തിരിച്ചു.
"ഇനി ഒരിക്കലും ഞാൻ അക്കങ്ങൾ ഇല്ലാത്ത ക്ലോക്കുകൾ സ്വപ്നം കാണില്ല" അവൻ പറഞ്ഞു

അവൾ ചിരിച്ചു. അവനും ചിരിച്ചു..

പ്രണയപുഷപങ്ങൾ അവർക്കായി വസന്തം തീർക്കുകയായിരുന്നു. പരസ്പരം പുണരുമ്പോൾ അവന്റെയുള്ളിൽ ഘടികാര സൂചികളുടെ കറക്കം ഇല്ലായിരുന്നു.
അവളുടെ നഗ്നതയിലൂടെ അവന്റെ ശ്വസനിസ്വാസങ്ങൾ ഉയർന്നു. അവളുടെ ചുണ്ടുകളിൽ നിന്ന് കഴുത്തിലൂടെ അവന്റെ ചുണ്ടുകൾ അവളുടെ നഗ്നശരീരത്തിലൂടെ താഴേക്ക് ഒഴുകി ഇറങ്ങി. തന്റെ മാറിൽ അവന്റെ ചുണ്ടുകൾ അമരുന്നതവൾ അറിഞ്ഞു. നിശ്ബദ്ദമായ നിമിഷങ്ങളിൽ തന്റെ മാറിലൊഴുകി പരക്കുന്നത് അവന്റെ കണ്ണുനീർ ആണന്ന് മനസിലാക്കാൻ അവൾക്ക് അല്പം സമയം എടുത്തു....

"എന്താ പറ്റിയത്?എന്തിനാ കരയുന്നത്?" അവൾ ചോദിച്ചു.

"നിന്റെ മാറിന്റെ ചൂടേൽക്കുമ്പോൾ അമ്മയുടെ ഓർമ്മ. എനിക്കൊരു താരാട്ട് പാട്ട് പാടി തരുമോ?" അവൻ ചോദിച്ചു.

അവൾ പതിയെ താരാട്ട് പാടി. അവൻ തന്റെ മുഖം അവളുടെ നഗ്നമായ മാറിൽ ചേർത്തുവെച്ചു...  അക്കങ്ങൾ നഷ്‌ടപ്പെട്ടുപോയ മനസിലെ ഘടികാരത്തിലെക്ക് അക്കങ്ങൾ തിരികെ വരുന്നത് അവൻ അറിഞ്ഞു. അവളെ ഇറുകി പുണർന്നവൻ കിടന്നു....

അക്കങ്ങൾ ഉള്ള ഘടികാരത്തിന്റെ സൂചികളുടെ ശബദ്ദ്ങൾ മാത്രം അവശേഷിപ്പിച്ച് രാത്രി പകലിനു വഴിമാറി തുടങ്ങിയിരുന്നു ....

1 comment:

ajith said...

ജീവിതകഥ അക്കങ്ങളുള്ള ഘടികാരത്തിനൊപ്പിച്ച് മുന്നേറട്ടെ

: :: ::