Sunday, March 14, 2010

ചക്ക ജീവിതം -4( അവസാന ഭാഗം)

അവള്‍ തന്റെ കഥ പറഞ്ഞു തുടങ്ങി...
ഞങ്ങള്‍ ഇരട്ടകളായിരുന്നു.
അനീഷും അനുജയും.
ഞാന്‍ ജനിച്ച് സെക്കന്‍ഡുകളുടെ വെത്യാസത്തിലായിരുന്നു അനുജയുടെ ജനനം. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതലാണ് എന്നിലെ മാറ്റങ്ങള്‍അപ്പനുമമ്മയും ശ്രദ്ധിച്ചു തുടങ്ങിയത്. ശരീരം പെണ്‍കുട്ടികളെപ്പോലെ വളരുന്നു .കൂട്ടുകാരുടെ കളിയാക്കലില്‍ നിന്ന് മാറി നില്‍ക്കാന്‍ ശ്രമിച്ചു എങ്കിലും അസഹനീയമായപ്പോള്‍ കളിയാക്കിയഒരുത്തന്റെ കൈയ്യില്‍ ഒരിക്കല്‍ കോമ്പസ് കുത്തിയിറക്കി. അതോടെ പഠനം നിന്നു. വീട്ടില്‍ നിന്ന് വെളിയിലേക്ക് പോലും ഇറങ്ങാന്‍ കഴിയാതെ വീടിനകത്ത് തന്നെ ഇരുന്നു. അപ്പനും അമ്മയും ആസ്വസിപ്പിക്കാന്‍ ശ്രമിച്ച് എങ്കിലും എന്റെ ഉള്ളിലെ അഗ്നിയെ കെടുത്താന്‍ അതിനൊന്നും കഴിഞ്ഞില്ല.
“ഇവനിങ്ങിനെ ഇവിടെത്തന്നെ നിന്നാല്‍ പെണ്‍‌കൊച്ചിന്റെ ഭാവി എന്താകുമെന്ന് നീ ചിന്തിച്ചിട്ടുണ്ടോ? ”. അമ്മയോട് അപ്പന്റെ കൊച്ചമ്മ ചോദിക്കുന്നത് ഞാന്‍ കേട്ടു. ഞാന്‍ മൂലം എന്റെ അനുജത്തിക്ക് ഒരു ദോഷം വരുന്നത് എനിക്ക് ചിന്തിക്കാന്‍ കൂടി കഴിയുമായിരു ന്നില്ല. എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ എന്ന് ഞാന്‍ ആലോചിച്ചാണ്. പക്ഷേ അപ്പനേയും അമ്മയേയും അനുജത്തിയേയും വിട്ട് എവിടെപ്പോകാന്‍? അവരില്ലാത്ത ഒരു ലോകത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പോലും ആവുമായിരുന്നില്ല. എന്നെ കാണുമ്പോഴെല്ലാം അമ്മയുടെ കണ്ണു നിറയുന്നത് എനിക്ക് കാണാമായിരുന്നു. രാത്രിയില്‍ ഉറക്കം വരാതെ കണ്ണടച്ച് കിടക്കുമ്പോള്‍ ചാരിയിട്ടിരിക്കുന്ന വാതില്‍ തുറന്ന് അപ്പന്‍ എന്നെ നോക്കുന്നത് എനിക്കറിയാമായിരുന്നു. എന്നെ നോക്കി അപ്പന്‍ വിങ്ങിപ്പൊട്ടുമായിരുന്നു. ഉള്ളിലെ സങ്കടങ്ങള്‍ ഒരിക്കല്‍ പോലും വെളിയില്‍ കാണിക്കാതെയാണ്
അപ്പന്‍ നടന്നത്. എന്നെ സങ്കടപ്പെടൂത്തേണ്ട എന്ന് അപ്പന്‍ കരുതിയിട്ടുണ്ടാവും.

“പിന്നെന്താ നാടുവിട്ടുപോന്നത്” ഷാജിന്‍ ചോദിച്ചു.

“വീട്ടിലെ എല്ലാവര്‍ക്കും എന്നെ കാണുമ്പോള്‍ സങ്കടമായിരുന്നു.... ആത്മഹത്യയെക്കുറിച്ച് ഞാന്‍ പലപ്പോഴും ചിന്തിച്ചതാണ്. പക്ഷേ അതിനെനിക്ക് ധൈര്യമില്ലായിരുന്നു. പാഞ്ഞു വരുന്ന ട്രയിനിനുമുന്നിലേക്ക് എടുത്തുചാടാനായി ഒരിക്കല്‍ ഞാന്‍ ഇറങ്ങിയതാണ്. ഭയം മൂലം അന്ന് ഞാന്‍ പിന്മാറി. അത് നന്നായി എന്ന് എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്. വീട്ടിലേക്ക് വരുന്ന ബന്ധുക്കളുടെ മുന്നില്‍ പോലും ഞാന്‍ വെട്ടപ്പെടുകയില്ലായിരുന്നു. അവരുടെ സഹതാപം നിറഞ്ഞ നോട്ടം കാണാന്‍ എനിക്ക് ഇഷ്ടമല്ലായിരുന്നു. അവരുടെ എല്ലാം സംസാരത്തില്‍ നിറഞ്ഞത് എന്നോടും അനുജത്തിയോടുമുള്ള സഹതാപം ആയിരുന്നു. ഞാന്‍ ജീവിച്ചിരിക്കുന്നത്തോളം കാലം അവള്‍ക്കൊരു നല്ലൊരു ജീവിതം ഉണ്ടാവുകയില്ലന്നായിരുന്നു എല്ലാവരുടേയും സംസാരം. മുംബയില്‍ ഇങ്ങനെയുള്ള ആളുകള്‍ താമസിക്കുന്ന ഇടം ഉണ്ടന്ന് അവരില്‍ നിന്നൊക്കെയാണ് ഞാന്‍ മനസിലാക്കിയത്...”

“എന്നിട്ട് ...” ഷാജിന്‍ ചോദിച്ചു

“ഒരു ദിവസം ഞാന്‍ വീട്ടില്‍ നിന്നിറങ്ങി... റയില്‍‌വേ സ്റ്റേഷനില്‍ എത്തി കിട്ടിയ ട്രയിനില്‍ നാടിവിട്ടു.... എങ്ങനയോ അവസാനം ജയന്തിജനതയില്‍ കയറി പറ്റി. വിശപ്പുകൊണ്ടോ ഭയം കൊണ്ടോ കണ്ണുകള്‍ അടഞ്ഞുപോയി. പിന്നീട് കണ്ണ് തുറക്കൂന്നത് മുബൈ സെന്‍‌ട്രലില്‍ ഗുരുബായി വിളിച്ചുണര്‍ത്തുമ്പോഴാണ്. അവരായിരുന്നു പിന്നീടെനിക്ക് അമ്മ.....” അവള്‍ മുഖം പൊത്തി പൊട്ടിക്കരഞ്ഞു.

“എന്തിനാണ് കരയുന്നത്....” അവളുടെ മുഖം ഉയര്‍ത്തികൊണ്ട് ഷാജില്‍ ചോദിച്ചു.

“ഉള്ളിലെ സങ്കടകടലിലെ തിരമാലകളെ തടഞ്ഞു നിര്‍ത്താന്‍ മുഖത്തെ പുഞ്ചിരിക്ക് എപ്പോഴും കഴിയില്ല....” കരച്ചിലൊന്ന് അടങ്ങിയപ്പോള്‍ അവള്‍ മറുപിടി നല്‍കി. അവളുടെ ഉള്ളിലെ സങ്കടം പെയ്‌തൊഴിയുന്നതുവരെ അവന്‍ കാത്തിരുന്നു. കാര്‍‌മേഘങ്ങള്‍ മാറി നിലാവുദിക്കുന്ന കര്‍ക്കടകമാസം പോലെ അവളുടെ ഉള്ളിലെ സങ്കടം പൊയ്തൊഴിഞ്ഞു.


******************************


ദാദറില്‍ നിന്ന് കേരളത്തിലേക്കുള്ള സ്‌പെഷ്യല്‍ ട്രയിനില്‍ കയറുമ്പോഴും ഷാജിന്‍ അവളെ പ്രതീക്ഷിച്ചിരുന്നു. തലേന്ന് ടിക്കറ്റ് എടുത്തപ്പോഴേ താന്‍ നാട്ടില്‍ പോകുന്ന കാര്യം ഷാജിന്‍ അവളോട് പറഞ്ഞായിരുന്നു. ഇനി ഒരു പക്ഷേ താനിനി മുംബയിലേക്ക് തിരിച്ചുവരില്ലന്ന് പറഞ്ഞപ്പോള്‍ അവള്‍ കരയുകയായിരുന്നോ? മനുഷ്യ സൃഷ്ടിക്കിടയില്‍ ഈശ്വരന് സംഭവിച്ച ചെടിയ കൈപ്പിഴയ്ക്ക് ജീവിതം മുഴുവന്‍ സ്വന്തക്കാരുടെ ഇടയില്‍ നിന്ന് ഒളിച്ചോടി ജീവിക്കേണ്ടിവരുന്ന ഹിജഡയുടെ ജീവിതം എന്താണന്ന് അവന് മനസിലായത് അവളില്‍‌ക്കൂടിയായിരുന്നു. താന്‍ വായിച്ച പുസ്തകങ്ങളില്‍ ഉള്ള ഹിജഡയുടെ ജീവിതത്തെ ക്കാള്‍ പരിതാപകരമാണ് അവരുടെ ജീവിതം. ചിരിക്കുമ്പോഴും മറ്റുള്ളവര്‍ക്ക് വേണ്ടി നൃത്തം ചെയ്യുമ്പോഴും അവരുടെ ഉള്ളിലെ സങ്കടം ആരും കാണാതെപോകുന്നു. സ്വന്തം തെറ്റു കൊണ്ടല്ലാതെ ജന്മഭൂമിയില്‍ നിന്ന് പലായനം ചെയ്യെണ്ടിവരുന്ന അവരുടെ അവസ്ഥ ഭയാനകം തന്നെയാണ്. അവളെകാണാതെ പോകാന്‍ മനസ് അനുവദിക്കുന്നില്ല. ഇന്നലെ വിളിച്ചപ്പോള്‍ അവള്‍ ഏതോ മാര്‍വാഡി സ്ത്രിയുടെ കൂടെ ഗോവയിലായിരുന്നു.


ഫോണ്‍ ബെല്ലടിച്ചപ്പോള്‍ അവന്‍ ഫോണെടുത്തു. അവളാണ് വിളിക്കുന്നത്.

“ട്രയിന്‍ വിടാറായോ?” അവള്‍ ചോദിച്ചു


“സിഗ്നലായി.... നീ എവിടെയാണ് ... നിന്നെ ഒന്ന് കാണണം എന്നുണ്ടായിരുന്നു...”


“ഞാന്‍ കല്യാണിലായി... ആ ട്രയിനിനിവിടെ സ്റ്റോപ്പുണ്ടോ?”


“ഇല്ലന്നാ തോന്നുന്നത് ...”


“ഞാനെന്നാല്‍ താനയിലേക്ക് വരാം.... കമ്പാര്‍ട്ട്‌മെന്റ് എസ് ഫൈവ് തന്നെയല്ലേ?”


“അതെ”


ഫോണ്‍ കട്ട് ചെയ്തപ്പോഴേക്കും ട്രയിന്‍ നീങ്ങിത്തുടങ്ങിയിരുന്നു. മഹാനഗരത്തിന്റെ തിരക്കു കളില്‍ നിന്ന് ഒരു മടങ്ങിപ്പോക്ക്. അവസാനത്തെ ‌സ്‌പെഷ്യല്‍ ട്രയിന്‍ ആയതുകൊണ്ടാ യിരിക്കണം ട്രയിനില്‍ ആളുകള്‍ കുറവാണ്. അഞ്ചാമത്തെ കമ്പാര്‍ട്ടുമെന്റില്‍ മുപ്പതുപേരില്‍ കൂടുതല്‍ ഇല്ല. താനയില്‍ എത്തിയപ്പോള്‍ അവള്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകള്‍ അപ്പോഴു നിറഞ്ഞിരിക്കുകയായിരുന്നു. തങ്ങളുടെ കൂടെ ട്രയിനില്‍ യാത്രചെയ്യുന്ന ഒരാള്‍ ഒരു ഹിജഡയുമായി പ്ലാറ്റ്ഫോമില്‍ സംസാരിച്ചു നില്‍ക്കുന്നത് കണ്ട് പലരും ട്രയിനില്‍ നിന്ന് എത്തിനോക്കി.അവര്‍ക്ക് ആ കാഴ്ച അത്ഭുതമായിരുന്നു. ഇനി ഒരിക്കലും തന്റെ സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കാന്‍ അയാളിനി ഉണ്ടാവില്ല എന്നത് അവളെ വേദനിപ്പിച്ചു. അനുജനെ തനിച്ചാക്കി പോകുന്ന ജ്യേഷ്ഠന്റെ വിഷമമായിരുന്നു അവനും. അവളും അവനും പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്നു. സിഗ്നലില്‍ പച്ചലൈറ്റ് തെളിഞ്ഞുടനെ ട്രയിനിന്റെ ഹൊണ്‍ മുഴങ്ങി.


“ഞാന്‍ പനവേല്‍ വരെ വരാം...” അവള്‍ പറഞ്ഞു. അവന്റെ പിന്നാലെ അവളും ട്രയിനില്‍ കയറി. അയാളുടെ പിന്നാലെ ഹിജഡ കമ്പാര്‍ട്ടുമെന്റിലേക്ക് കയറുന്നതു കണ്ട ഒരു കുഞ്ഞ് അമ്മയുടെ അടുത്ത് ചെന്നിരുന്നു. അയാള്‍ക്ക് സൈഡ് സീറ്റായിരുന്നു കിട്ടിയിരുന്നത്. തോട്ടടുത്ത സീറ്റില്‍ ആളില്ലാ‍യിരുന്നു. അവള്‍ അവിടെ ഇരുന്നു. അവര്‍ മലയാളത്തില്‍ സംസാരിക്കുന്നത് കേട്ട് പലരും ചെവി കൂര്‍പ്പിച്ചു. അവരുടെ ഇടയില്‍ പലപ്പോഴും മൌനം നിറഞ്ഞു നിന്നു. പനവേല്‍ സ്റ്റേഷനിലേക്ക് കയറാനായി ട്രയിന്‍ വേഗത കുറച്ചു.


“എനിക്കൊരു സഹായം ചെയ്യുമോ?” അവള്‍ ചോദിച്ചു.


“ചെയ്യാം..” അവന്‍ പറഞ്ഞു.


“എന്റെ വീട്ടിലൊന്ന് പോകുമോ? അവന്‍ അവിശ്വസിനീയതോടെ അവളെ നോക്കി. ഇത്രയും കാലത്തിനിടയ്ക്ക് അവളൊരിക്കല്‍ പോലും വീട്ടിലേക്ക് പോകുന്നതിനെക്കുറിച്ച് പറഞ്ഞിട്ടില്ല. കഴിഞ്ഞ ആഴ്ച അവള്‍ തന്റെ ജീവിതം അവനോട് പറഞ്ഞപ്പോള്‍ അവളുടെ വീട്ടിലേക്കൊന്ന് പോകാം എന്ന് അവന്‍ പറഞ്ഞതായിരുന്നു. അതിനവള്‍ ഉത്തരമൊന്നും പറഞ്ഞില്ല. ഇപ്പോള്‍ അവളുടെ ആവിശ്യം കെട്ട് അവന് ആശ്ചര്യമായിരുന്നു. പക്ഷേ അവള്‍ എത്ര മാത്രം ആ വീടിനെ സ്‌നേഹിക്കുന്നുണ്ട് എന്ന് അവന് അറിയാമായിരുന്നു.


“ചെന്നിട്ടുടനെ പോകാം...” അവന്‍ പറഞ്ഞു. പനവേല്‍ സ്റ്റേഷിനില്‍ വണ്ടി നിന്നു കഴിഞ്ഞിരുന്നു. അവള്‍ ബാഗില്‍ നിന്ന് ഒരു മൊബൈല്‍ എടുത്ത് അവന്റെ നേരെ നീട്ടി.


“ഇത് വച്ചു കൊള്ളൂ... ഞാനിതില്‍ വിളിച്ചു കൊള്ളാം... എന്നെ ഇങ്ങോട്ട് വിളിക്കേണ്ട.... എന്നെപ്പോലുള്ള ഒരാളുടെ ജീവിതം നാളെ എവിടെയാണന്ന് പറയാന്‍ പറ്റില്ല... നാളെ കെട്ടുന്ന വേഷം എന്താണന്നും ഇന്ന് പറയാന്‍ പറ്റില്ല... ഞാന്‍ ഷാജിനെ വിളിച്ചോളാം....” അവള്‍ ട്രയിനില്‍ നിന്ന് ഇറങ്ങി. മുഖത്ത് തേച്ച ചായങ്ങളില്‍ കൂടി അവളുടെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ഒഴുകി. ട്രെയിന്‍ വിടുമ്പോഴും അവള്‍ പ്ലാറ്റ് ഫോമില്‍ തന്നെ നില്‍പ്പുണ്ടായിരുന്നു.


അവളെന്തിനു വേണ്ടിയായിരിക്കണം വീട്ടിലോട്ടൊന്ന് പോകാമോ എന്ന് ചോദിച്ചത് ? ട്രയിനില്‍ ഇരിക്കുമ്പോഴെല്ലാം അവന്‍ ചിന്തിച്ചത് അതായിരുന്നു. എപ്പോഴോ ഉറങ്ങിയ പ്പോള്‍ അവന്റെ കണ്ണിനുമുന്നില്‍ അവളുടെ ജീവിത കഥ ആയിരുന്നു.

******************************


നാട്ടിലെത്തിയ അന്നു തന്നെ അനീഷിന്റെ ഫോണ്‍. അവളുടെ വീട്ടിലേക്കുള്ള വഴി ഒന്നു കൂടി ഓര്‍മ്മിപ്പിച്ചു. പിറ്റേന്ന് തന്നെ അവളുടെ വീട്ടിലേക്ക് ഷാജിന്‍ യാത്രയായി. അവള്‍ പറഞ്ഞ ബസ് സ്റ്റോപ്പില്‍ ഇറങ്ങി ഓട്ടോ പിടിച്ച് അവള്‍ പറഞ്ഞു കൊടുത്ത അഡ്രസ് ഡ്രൈവര്‍ക്ക് നല്‍കി. ഡ്രൈവര്‍ ചിരപരിചിതനെപോലെ എന്തക്കയോ ചോദിച്ചു. അയാളതിനെല്ലാം ഒറ്റവാക്കിലുള്ള ഉത്തരങ്ങള്‍ നല്‍കുകയോ മൂളുകയോ മാത്രം ചെയ്തു. ആ വീട്ടില്‍ എന്തോ ചടങ്ങ് ഇന്ന് നടക്കൂകയാണന്ന് ഡ്രൈവറുടെ സംസാരത്തില്‍ നിന്ന് അവന് മനസിലായി. “ഇതാണ് സാറ് പറഞ്ഞ വീട്” എന്ന് പറഞ്ഞ് ഡ്രൈവര്‍ ഒരു വീടിനു മുന്നില്‍ ഓട്ടോ നിര്‍ത്തി. ഡ്രൈവര്‍ പറഞ്ഞ കാശ് കൊടുത്ത് ഷാജിന്‍ ആ വീട്ടിലേക്ക് കയറി. മുറ്റത്തെ പന്തലില്‍ നിരത്തി ഇട്ടിരിക്കൂന്ന കസേരകളില്‍ കുറേ ആളുകള്‍ ഇരിപ്പുണ്ട്. ഒരു കല്യാണ വീടിന്റെ തിരക്കാണ് അവിടെയന്ന് ഷാജിന് മനസിലായി.


ഷാജിന്‍ വീടിനകത്തേക്ക് കയറി. വീടിന്റെ ഹാളിലെ ഭിത്തിയിലെ ഫോട്ടോ കണ്ട് അവന്‍ അമ്പരന്നു. അനീഷിന്റെ ഫോട്ടോ !!!!. ഹാളില്‍ വധു ദക്ഷീണ കൊടുക്കാന്‍ തുടങ്ങുകയാണ്. സ്വര്‍ണ്ണാഭരണാങ്ങള്‍ അണിഞ്ഞ് അവള്‍ , അനൂജ. അവളുടെ കൈയ്യില്‍ നല്‍കിയ വെറ്റിലയും നാരങ്ങയും അവള്‍ ഹാളീലെ മേശപ്പുറത്ത് വച്ചിരുന്ന അനീഷിന്റെ ഫോട്ടോയുടെ മുന്നില്‍ വച്ചു. അവളുടെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ഒഴുകുന്നത് ഷാജിന്‍ കണ്ടു. ആരുടയോ അടക്കിയുള്ള തേങ്ങല്‍ കേള്‍ക്കാം. വിങ്ങിപൊട്ടുന്ന ആ സ്ത്രി അവളുടെ അമ്മയായിരിക്കും. സൈലന്റില്‍ ഇട്ടിരിക്കൂന്ന ഫോണിന്റെ വൈബ്രേറ്റര്‍ അനങ്ങിയപ്പോള്‍ അവന്‍ വെളിയിലേക്കിറങ്ങി . അനീഷിന്റെ ഫോണാണ്.


“ഷാജിനേട്ടന്‍ എന്റെ വീട്ടിലേക്ക് പോയോ?” അവന്‍ ചോദിച്ചു. എന്ത് പറയണമെന്നറിയാ തെ അവന്‍ ഒരു നിമിഷം മൌനമായി.


“പോകുന്നുണ്ട്... ഇന്ന് സമയം കിട്ടുമെന്ന് തോന്നുന്നില്ല...” അവന്‍ പറഞ്ഞു.


ഞാനിന്നൊരു സ്വപ്നം കണ്ടു ഷാജിനേട്ടാ... എന്റെ അനുജത്തിയുടെ കല്യാണമാണന്ന്... അവള്‍ ഒരുങ്ങി ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ എനിക്ക് ദക്ഷിണ തരുന്നതായിട്ട് ..” അനീഷ് പറയുമ്പോള്‍ എന്ത് പറയണമെന്നറിയാതെ ഷാജിന്‍ കുഴങ്ങി.


“വെളുപ്പിനെ കാണുന്ന സ്വപ്‌നങ്ങള്‍ ഫലിക്കുമെന്നല്ലേ പറയുന്നത് ഷാജിനേട്ടാ...” അവന് എന്താണ് ഉത്തരം നല്‍കേണ്ടതന്ന് ഷാജിനറിയില്ലായിരുന്നു.


“ചില സ്വപ്‌നങ്ങള്‍ ഫലിക്കും അനീഷ് ...” ഷാജിന്‍ പറഞ്ഞു. ഉള്ളില്‍ അടക്കി വച്ചിരുന്ന തേങ്ങള്‍ പുറത്തുവരുമെന്ന് തോന്നിയപ്പോള്‍ അവന്‍ ഫോണ്‍ കട്ടു ചെയ്തു.


ഷാജിന്‍ ആ വീട്ടില്‍ നിന്നിറങ്ങി. ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ അടൂത്തൊരു ഓട്ടോ കൊണ്ടു നിര്‍ത്തി.

“സാറ് പോവുകയാണോ? ഞാന്‍ വിചാരിച്ചു സാറ് കല്യാണം കൂടാന്‍ വന്നതായിരിക്കും എന്ന് .... സാറ് കേറിയാട്ടേ,ഞാന്‍ ബസ് സ്റ്റോപ്പിലേക്കാ..” കുറച്ചു മുമ്പ് ആ വീട്ടിലേക്ക് ഷാജിന്‍ വന്ന ഓട്ടോഡ്രൈവറായിരുന്നു അത്. ഷാജിന്‍ ഓട്ടോയില്‍ കയറി.


“വലിയ സങ്കടമാ സാറേ ആ പെണ്‍കൊച്ചിന്റെ കാര്യം. ഒരു ചേട്ടന്‍ ഉണ്ടായിരുന്നത് പെണ്ണിനെ പോലെ ആയപ്പോള്‍ നാടൂ വിട്ടതാ. അതിനെക്കുറിച്ച് ഒരു വിവരവും ഇല്ല. ആ പിള്ളാരുടെ അപ്പന്‍ അവനെന്നെങ്കിലും തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ച് എന്നും വന്ന് ബസ്‌സ്റ്റോപ്പില്‍ നില്‍ക്കും. . ഇന്നും അങ്ങേര് ഇത്രയും സമയം ബസ് ‌സ്റ്റോപ്പില്‍ ഉണ്ടായിരുന്നു. ആ ചെറുക്കന്‍ വരുമെന്ന് കരുതി... മനുഷ്യന്റെ കാര്യം ഇങ്ങനെയൊക്കയാ സാറേ.. ആര്‍ക്കും ഒന്നും മനസിലാകില്ല... മുകളില്‍ ഇരിക്കുന്ന ദൈവത്തിന് മാത്രം എല്ല്ലാം അറിയാം...”


ഷാജിന്‍ ഒന്നു മൂളുക മാത്രം ചെയ്തു... ഓട്ടോ ഡ്രൈവര്‍ പറഞ്ഞത് വീണ്ടും ഓര്‍ത്തു , “മനുഷ്യന്റെ കാര്യം ഇങ്ങനെയൊക്കയാ സാറേ.. ആര്‍ക്കും ഒന്നും മനസിലാകില്ല... മുകളില്‍ ഇരിക്കുന്ന ദൈവത്തിന് മാത്രം എല്ല്ലാം അറിയാം...”....


നാട്ടിലേക്കൂള്ള ബസില്‍ ഇരിക്കൂമ്പോള്‍ ഷാജിന്‍ ചിന്തിച്ചത് അവനെന്ന അവളെക്കുറി ച്ചായിരുന്നു. പ്രിയപ്പെട്ട അനീഷ് നിന്റെ ജീവിതം എനിക്ക് മനസിലാക്കാന്‍ പറ്റുന്നില്ല. ആണായി ജനിച്ച് പെണ്ണായി ജീവിക്കൂന്ന നിന്റെ മനസില്‍ ഒളിപ്പിച്ചു വച്ചരിക്കുന്ന ദുഃഖത്തീന്റെ ആഴം ഞാനറിയുന്നു. നിന്റെ അപ്പന്റെ പ്രതീക്ഷകളും അമ്മയുടെ നോവും അനുജത്തിയുടെ നെടുവീര്‍പ്പും ഞാനിന്ന് മനസിലാക്കി. ഇനി ഒരിക്കല്‍ കൂടി ഞാന്‍ മുംബയിലേക്ക് വരും... 9970554386 എന്ന നമ്പര്‍ ഞാന്‍ ഉപേക്ഷിക്കുന്നില്ല. നിന്റെ ജീവിതത്തീന്റെ സമസ്യകള്‍ക്ക് ഉത്തരം തേടി ഒരിക്കല്‍ കൂടി ഞാന്‍ മുംബയിലേക്ക് വരും.... അന്ന് ഒരു പക്ഷേ നീ അവിടെതന്നെ കാണുമെന്ന് എനിക്കുറപ്പില്ല... എങ്കിലും ഞാന്‍ നിന്നെ തേടി വരും...


“മനുഷ്യന്റെ കാര്യം ഇങ്ങനെയൊക്കയാ .. ആര്‍ക്കും ഒന്നും മനസിലാകില്ല... മുകളില്‍ ഇരിക്കുന്ന ദൈവത്തിന് മാത്രം എല്ല്ലാം അറിയാം...” ആ ഓട്ടോ ഡ്രൈവര്‍ പറഞ്ഞത് എത്രശരിയാണ്.

7 comments:

കൂതറHashimܓ said...

...... വായിച്ചപ്പോ സങ്കടായി

Ranjith Nair said...

very nice .....

പട്ടേപ്പാടം റാംജി said...

പക്ഷേ അവള്‍ എത്ര മാത്രം ആ വീടിനെ സ്‌നേഹിക്കുന്നുണ്ട് എന്ന് അവന് അറിയാമായിരുന്നു.

എല്ലാ ഭാഗവും ഞാന്‍ വായിച്ചിരുന്നു.
വളരെ നന്നായി പറഞ്ഞു.

അവസാനം പറഞ്ഞതുപോലെ മനുഷ്യന്റെ കാര്യം ആര്‍ക്കും ഒന്നും പറയാന്‍ പറ്റില്ല.

എനിക്കിഷ്ടായി.

SHAJNI said...

hai,
the story is good.but the title is not that much.....can u change the title like verukkapettavavaruta jeevitham or asthithvam nashttapettavar /something like that.....only a suggestion.......
good job.well done.

Irshad said...

ഇതിന്റെ എല്ലാ ഭാഗവും ഇപ്പോള്‍ ഒറ്റയിരുപ്പില്‍ വായിച്ചു. വളരെ നന്നായി എഴുതിയിരിക്കുന്നു. ബോംബെയിലേക്കുള്ള യാത്രയില്‍ പലപ്പോഴും കണ്ടിട്ടുണ്ടവരെ. പേടിയായിരുന്നു. കഴിയുന്നതും കാണാതെ മാറി നില്‍ക്കും ഞാന്‍.

ഓരോ വൈകല്യവും വലിയ ഭാരങ്ങളാണ്. വലിയ വൈകല്യങ്ങളൊന്നുമില്ലാതെയുള്ള നമ്മുടെ ജീവിതം എത്ര ഭാഗ്യമാണെന്ന് ഓര്‍മിപ്പിക്കുന്നുണ്ട് ഈ കഥ.

Rineez said...

മുന്‍ ഭാഗങ്ങള്‍ വായിച്ചിട്ടില്ല. ഇത് വായിച്ചപ്പോ അതും വായിക്കണമെന്ന് തോന്നുന്നുണ്ട്. ഉടനെ വായിക്കും.
കഥ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.

ആ ഒരു ഫോണ്‍ നമ്പര്‍ അവിടെ എടുത്ത് പറഞ്ഞത് എന്തിനാണെന്നു മനസിലായില്ല.

shajin said...

very nice.....!!!!!!!!!

: :: ::