Thursday, January 14, 2010

ചക്ക ജീവിതം 3

ബെല്ലടിച്ചു കാത്തുനില്‍ക്കുമ്പോള്‍ മനസിനകത്ത് ഒരായിരം ചിന്തകളുടെ യുദ്ധം നടക്കുകയായിരുന്നു. താന്‍ എന്തിന് ഒരു ഹിജഡയുടെ ജീവിതം തേടിഇറങ്ങി? ഈ ഫ്ലാറ്റിനുള്ളില്‍ ഒരു പക്ഷേ അവളെക്കൂടാതെ മാറ്റരെങ്കിലും ഉണ്ടങ്കിലോ? ഒരു പക്ഷേ ഇതവളുടെ ഗുരുബായിയുടെ വീടാണാങ്കില്‍ ഇവിടെ കുറേ ഹിജഡകള്‍ ഉണ്ടാവും. അവരുടെ ഇടയില്‍ താനെങ്ങനെ സ്വീകരിക്കപ്പെടുമെന്നുള്ള ചിന്തയിലായിരുന്നു ഷാജിന്‍. തിരിച്ചു പോയാലോ എന്നു ചിന്തിച്ചു എങ്കിലും ഈ തെരുവില്‍ നിന്ന് മാറ്റാരുടെയെങ്കിലും സഹായമില്ലാതെ പുറത്തുകടക്കാന്‍ കഴിയില്ലന്ന് ഉറപ്പായിരുന്നു. തമിഴും ഹിന്ദിയും തെലുങ്കും മലയാളവും ഒക്കെ ഇടകലര്‍ന്ന ഭാഷയിലുള്ള സംസാരം തെരുവില്‍ നിന്ന് കേള്‍ക്കാമായിരുന്നു. താന്‍ നില്‍ക്കുന്ന ഫ്ലാറ്റിനു എതിരെയുള്ള കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ നില്‍ക്കുന്ന അര്‍ദ്ധനഗ്നകളായ പെണ്‍കുട്ടികളെയും അവരുടെ കൈയ്യാട്ടലുകളും കണ്ടില്ലന്ന് നടിച്ച് ഒരിക്കല്‍ കൂടി ഡോര്‍ബെല്ലില്‍ വിരലമര്‍ത്തി. അകത്ത് നിന്ന് ആരോ വാതിക്കലേക്ക് നടന്നടുക്കുന്ന ശബ്ദ്ദം കേള്‍ക്കാം. വാതില്‍ തുറന്നത് അവള്‍.


ഷാജിന്‍ അകത്ത് കയറിയ ഉടനെ അവള്‍ ഒരു ചുവന്ന പട്ടുതുണി എടുത്ത് വാതിലിനു പുറത്തെ കൊളുത്തില്‍ തൂക്കി. അവളുടെ ചലനങ്ങള്‍ ശ്രദ്ധയോടെ നോക്കുകയായിരുന്നു അവന്‍.

“എന്തിനാണ് തുണി അവിടെ തൂക്കുന്നത്?” അവന്‍ ചോദിച്ചു.

“നമ്മളെ ആരും ശല്യപ്പെടുത്താതിരിക്കാന്‍...” അവള്‍ പറഞ്ഞു.

അവന്‍ അവിടെ ആകെയൊന്ന് നോക്കി. ചെറിയ രണ്ട് മുറികളും ഒരു അടുക്കളയും ഒരു വാരന്തയും ഉള്ള ഫ്ലാറ്റായിരുന്നു അത്. അവര്‍ നില്‍ക്കുന്ന ഹാളില്‍ നിന്നു തന്നെയായിരുന്നു മുറികളിലേക്കും അടുക്കളയിലേക്കും ഉള്ള വാതില്‍. ഹാളില്‍ ഇട്ടിരിക്കുന്ന കസേരകളില്‍ ഒന്നില്‍ കൂട്ടി ഇട്ടിരിക്കുന്ന തുണികളൊക്കെ മാറ്റി അവനിരിക്കാനായി അവള്‍ നീക്കിയിട്ടു. അലങ്കോലമായി കിടക്കുന്ന മുറികളില്‍ അവന്റെ ശ്രദ്ധപതിഞ്ഞു എന്നു തോന്നിയപ്പോഴായിരിക്കണം അവള്‍ പറഞ്ഞു.

“മുറികളൊക്കെ നാശമായി കിടക്കുകയാണ്. വെളുപ്പിനെ വന്നതേയുള്ളു. ഇനി എല്ലാം ശരിക്കാക്കി വെക്കണമെങ്കില്‍ ഒരു സമയം എടുക്കും. ഇവിടെ വരുന്നവര്‍ക്ക് മുറികളിലെ കോലങ്ങള്‍ പ്രശ്നമല്ലാ ത്തതുകൊണ്ട് എപ്പോഴെങ്കിലും തോന്നുമ്പോള്‍ മുറി വൃത്തിയാക്കിയാല്‍ മതി”

“ഒറ്റയ്‌ക്കാണോ ഇവിടെ താമസം?” അവന്‍ ചോദിച്ചു.

“ഇപ്പോള്‍ ഒറ്റയ്ക്കാണ് ... ഇതെന്റെ ഗുരുബായിയുടെ വീടായിരുന്നു. അവര്‍ രണ്ടുമാസത്തിനുമുമ്പ് മരിച്ചു പോയി. അവര്‍ മരിക്കുന്നതിനുമുമ്പ് ഞങ്ങളിവിടെ എട്ടുപത്ത്പേരുണ്ടായിരുന്നു“

“ഗുരുബായി പ്രായമായി മരിക്കുകയായിരുന്നോ?” അവന്‍ ചോദിച്ചു

“അവര്‍ക്കധികം പ്രായമൊന്നും ഇല്ലായിരുന്നു. ഏറിയാല്‍ ഒരമ്പത്തഞ്ച് വയസുണ്ടാവും. കഴിഞ്ഞ ദീപാവലിക്ക് ലക്ഷ്‌മി പൂജാദിവസം ഞങ്ങളെല്ലാവരും കൂടി മലബാറിലെ ലക്ഷമീക്ഷേത്രത്തില്‍ പോയി വരുമ്പോള്‍ ട്രയിനില്‍ വച്ച് ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരാളെ ചില പിള്ളാര് കയറിപ്പിടിച്ചു. അതിലൊരുത്തന്റെ മുഖത്ത് ഗുരുബായി തല്ലി. ദാദറില്‍ ഇറങ്ങാനായി ഞങ്ങള്‍ ട്രയിനിന്റെവാതിക്കലേക്ക് നീങ്ങി. ഗുരുബായി വാതിക്കല്‍ എത്തിയപ്പോള്‍ ആ പിള്ളാരില്‍ ഒരുത്തന്‍ വന്ന് തള്ളിയിട്ടു. ട്രയിനിന്റെ കീഴിലേക്കാണവര്‍ വീണത്.രണ്ടു കാലും ഒരു കൈയ്യും മുറിച്ച് ഒരു മാസത്തിലേറെ ആശുപത്രിയില്‍ കിടന്നു. പിന്നിവിടെ കൊണ്ടുവന്നു. ഒത്തിരിവേദന സഹിച്ച് അവര്‍ വേദനയില്ലാത്ത ലോകത്തേക്ക് പറന്നു പോയപ്പോള്‍ ഏറ്റവും അധികം സന്തോഷിച്ചത് ഞാനായിരുന്നു. കിടന്ന് വേദന സഹിച്ച് നരകിക്കുന്നതിലും നല്ലത് മരണമായിരുന്നു. അവരുടെ മരണത്തിനു ശേഷം മനസുതുറന്ന് ഒരാളോട് സംസാരിക്കുന്നത് ഇയാളോടാണ് ....” അവളുടെ കണ്ണുകളില്‍ നിറഞ്ഞ് നിന്ന കണ്ണുനീര്‍തുള്ളികള്‍ താഴേക്ക് വീഴാതെ അവള്‍ കൈകൊണ്ട് തുടച്ചു.

“കേസൊന്നും ഉണ്ടായിരുന്നില്ലേ?” അവന്‍ ചോദിച്ചു.

“ഞങ്ങള്‍ക്കു‌വേണ്ടി സാക്ഷി പറയാന്‍ ആരെങ്കിലും കോടതിയില്‍ വരുമോ? “ അവളുടെ ചോദ്യത്തിനുമുന്നില്‍ അവന് ഉത്തരമില്ലായിരുന്നു.


“ഇവിടെയുണ്ടായിരുന്ന മറ്റുള്ളവരൊക്കെ എവിടെപ്പോയി?” അവന്‍ ചോദിച്ചു.


“ഗുരുബായിയുടെ മരണത്തിനുമുമ്പേ അവരിവിടെ നിന്ന് പോയി. അവരെല്ലാം സ്വന്തം കാര്യം നോകി പോയി എന്നൊന്നും പറയാന്‍ പറ്റില്ല. അവരുടെ ജീവിതം നിലനിര്‍ത്താന്‍ വേണ്ടി അവര്‍ പോയി എന്നുമാത്രം. എനിക്ക് എന്റെ ഗുരുബായിയെ ഉപേക്ഷിച്ചു പോകാന്‍ തോന്നിയില്ല. പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ് ജയ്ന്തി ജനതയിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ വിശന്ന് തളര്‍ന്നുകിടന്ന എന്നെ മുംബൈ സെന്‍‌ട്രല്‍ റയില്‍‌വേസ്റ്റേഷനില്‍ വിളിച്ചുണര്‍ത്തി വയറുനിറച്ച് ആഹാരംവാങ്ങിത്തന്ന് സ്വന്തം മകളയോ മകനയോപ്പോലെയോ എന്നെ കരുതിയെ അവരെ ഞാനെങ്ങനെ ഉപേക്ഷിക്കും. ആദ്യമൊക്കെ ഭാഷപോലും ഞങ്ങള്‍ക്ക് അന്യമായിരുന്നു. അന്നൊക്കെ അവര്‍ എനിക്ക് വേണ്ടി എന്തെല്ലാം കഷ്ടങ്ങള്‍ സഹിച്ചു. എന്റെ അമ്മയെപ്പോലെ ഭക്ഷണം വിളമ്പിതന്നത് മറന്ന് അവരെ എനിക്ക് ഉപേക്ഷിക്കാന്‍ കഴിയില്ലായിരുന്നു... “ അവള്‍ കരയുകയായിരുന്നു.


അവളുടെ കഴിഞ്ഞ കാലത്തിലേക്ക് കടക്കാന്‍ അവള്‍ തന്നെ ഒരു വാതില്‍ തുറന്നു തന്നിരിക്കുന്നു. സ്വന്തം അമ്മയെയും ഗുരുബായിയെയും ഒരുപോലെ ഇവള്‍ കാണുന്നു.


“ഇപ്പോഴും അമ്മയെ ഓര്‍ക്കാറുണ്ടോ ? “ അവന്‍ അവളുടെ മുഖത്തേക്ക് നോക്കിയാണ് ചോദിച്ചത്. അവള്‍ അടുക്കളയിലേക്കുള്ള വാതിലില്‍ ചാരി നില്‍ക്കുകയായിരുന്നു.


“ജന്മം നല്‍കിയ അമ്മയെ ആര്‍ക്കെങ്കിലും മറക്കാന്‍ പറ്റുമോ? ആ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്ന് അമ്മയില്‍ നിന്നുള്ള ആഹാരം കൊണ്ടല്ലേ ഞാനെന്നെ ഭ്രൂണം വളര്‍ന്നത്. ജനിച്ചുവീണ എന്റെ വായിലേക്ക് മുലപ്പാല്‍ നല്‍കുമ്പോള്‍ ആ അമ്മ എന്ത് മാത്രം സന്തോഷിച്ചിട്ടുണ്ടാവും? വിശന്ന് കരയുമ്പോള്‍ അമ്മയുടെ മാറില്‍ പതിയെ മുഖം അമര്‍ത്തി വിശപ്പടക്കിയില്ലേ? മുട്ടിലിഴഞ്ഞ് നടക്കുമ്പോഴും പിച്ച വയ്ക്കുമ്പോഴും ഒരു കാവല്‍ മാലാഖയെപ്പോലെ അമ്മ എന്നെ വീഴാതെ സംരക്ഷിച്ചില്ലേ? കാക്കയുടേയും കുറുക്കന്റെയും കഥകള്‍ പറഞ്ഞ് ചോറുരളകള്‍ വായിലേക്ക് വച്ചുതന്ന അമ്മയെ ഏതെങ്കിലും മക്കള്‍ക്ക് മറക്കാന്‍ പറ്റുമോ? പക്ഷേ ഞാന്‍ അമ്മയെ മറന്നു..... എനിക്ക് അന്ന് അമ്മയെ മറക്കണമായിരുന്നു... അമ്മയെ മറന്ന് അമ്മയുടെ കണ്ണീരില്‍ നിന്ന് ഓടിയൊളിക്കാന്‍ ... ആര്‍ക്കും വേണ്ടാതായ എന്റെ ജീവിതം അവസാനിപ്പിക്കാന്‍ പാഞ്ഞുവരുന്ന ട്രയിനിന്റെ മുന്നില്‍ ജീവിതം അവസാനിപ്പിക്കാനായി ഇറങ്ങിവനായിരുന്നു ഞാന്‍ ... പക്ഷേ ഞാനിന്നും ജീവിക്കുന്നു. ഒരു പക്ഷേ എന്റെ അമ്മയുടെ കണ്ണീരായിരിക്കാം എന്റെ ജീവന്റെ ബലം.... ഞാനിപ്പോഴും എന്റെ അമ്മയെ കാണാറുണ്ട്... എന്റെ സ്വപ്നങ്ങളില്‍ ... ഞാനുറങ്ങുന്നതുതന്നെ എന്റെ അമ്മയെ സ്വപ്നം കാണാനാണ്... ഞാനുറങ്ങുമ്പോള്‍ അമ്മ എന്റെ വരികില്‍ വന്ന് എന്റെ തലയില്‍ തഴുകി അമ്മയ്ക്ക് മാത്രം അറിയാവുന്ന പാട്ടുപാടി എന്നെ ഉറക്കും..... അമ്മപാടിയ പാട്ട് ഞാനിപ്പോഴും ഓര്‍ത്തെടുക്കാന്‍ ശ്രമിക്കും....

വാ കുരുവീ... വരൂ കുരുവീ ...

വാഴക്കൈയ്‌മേല്‍ ഇരു കുരുവീ...

നാരുതരാം ചകിരി തരാം ...

കൂടുണ്ടാക്കാന്‍ കൂടെ വരാം....

ചൂടല്ലേ വെയിലല്ലേ ...

തണലില്‍‌ഇരുപ്പതു സുഖമല്ലേ .....
അമ്മയുടെ പാട്ടിന്റെ താളം ഇപ്പോഴും എന്റെ മനസിലുണ്ട്... ഇടയ്ക്കെപ്പോഴോ ശ്രുതിപോയ ആ പാട്ട് ... ഉറക്കം വന്ന് കണ്ണുകള്‍ അടയുമ്പോള്‍ ഞാനമ്മയെ തൊടാ നായി കൈകള്‍ നീട്ടും.. അപ്പോഴേക്കും അമ്മ മഞ്ഞ് പോലെ എവിടയോ അലിഞ്ഞുപോകും...ഗുരുബായി ഉള്ളപ്പോള്‍ അമ്മയെസ്വപ്നം കണ്ട് ഉണര്‍ന്ന് ഉറങ്ങാതെ കരഞ്ഞ് കിടക്കുമ്പോള്‍ ഉറക്ക ത്തിലെന്നോ ഞാന്‍ പാടിയത് കേട്ട് മനസിലാക്കിയ പാട്ട് ഗുരുബായി എനിക്ക് പാടിത്തരും... “ ഉള്ളിലെ തേങ്ങലുകള്‍ പിടിച്ചു നിര്‍ത്താനാവാതെ അവള്‍ പൊട്ടിക്കരഞ്ഞു.


അമ്മയുടെ ഓര്‍മ്മകള്‍ ഇന്നും അവളുടെ മനസില്‍ മായാതെ നില്‍ക്കുന്നുണ്ട്. ജന്മം നല്‍കിയ അമ്മയെ വളര്‍ത്തമ്മയില്‍ കണ്ടെങ്കിലും അവരുടെ മരണം ഇവളില്‍ എത്ര വലിയ ഒരു ശൂന്യതയാണ് വരുത്തിയിരിക്കുന്നത്. ഉള്ളിലെ സങ്കടകടലില്‍ ഉയര്‍ന്നടിക്കുന്ന തിരമാലകള്‍ ശാന്തമാക്കി മുഖത്ത് ചായം തേച്ച് കണ്ണെഴുതി കൈകള്‍ അടിച്ച് കൈനീട്ടുന്ന ഇവരുടെ മുന്നില്‍ ഇട്ടുകൊടുക്കുന്ന നാണയത്തുട്ടുകള്‍ ഇവരുടെ കൈകളില്‍ വീഴുമ്പൊള്‍ സ്വര്‍ണ്ണം‌പോലെ തിളങ്ങുമായിരിക്കാം. ഈശ്വരന്റെ അവതാരമായി കൈകള്‍ നിട്ടി ഇവര്‍ അനുഗ്രഹിക്കുമ്പോള്‍ ഇവരുടെ മനസില്‍ നിറയുന്നത് അച്ഛന്റെയോ അമ്മയുടയോ സഹോദരങ്ങളുടയോ മുഖമായിരിക്കാം. ..


പൊയ്‌തൊഴിയാന്‍ മടിക്കുന്ന മഴമേഘം പോലെ അവള്‍ പെയ്യുകയാണ്. ഇത്രയും കാലം മനസില്‍ അടക്കിപിടിച്ച ദുഃഖം സങ്കടമഴയായി പെയ്‌തൊഴികയാണോ? ഉള്ളിലൊളിപ്പിച്ച ഈ ദുഃഖങ്ങളുടെ മുകളിലാണ് രതിസുഖം തേടി എത്തുന്ന മനുഷ്യര്‍ നഗ്‌നരാവുന്നത്. അവളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ അവന്‍ പതറി. അവളുടെ സങ്കടങ്ങള്‍ പൊയ്തൊഴിയുന്നതുവരെ കാത്തു നില്‍ക്കാം. അവള്‍ ഏങ്ങലടിച്ചു കരയുകയാണ്.


അവന്‍ എഴുന്നേറ്റു അവളുടെ അടുത്തേക്ക് ചെന്നു. അവളുടെ കണ്ണീര്‍ തുടയ്ക്കാനായി അവന്‍ കൈ ഉയര്‍ത്തി.


അവന്‍ എഴുന്നേറ്റു അവളുടെ അടുത്തേക്ക് ചെന്നു. അവളുടെ കണ്ണീര്‍ തുടയ്ക്കാനായി അവന്‍ കൈ ഉയര്‍ത്തി. “ എല്ലാം ശരിയാകും... കാലത്തിന് മായ്ക്കാന്‍ പറ്റാത്ത വേദനകള്‍ ഈശ്വരന്‍ മനുഷ്യര്‍ക്കു നല്‍കുമോ?” അവന്‍ അവളുടെ കണ്ണീര്‍ തുടച്ചു. അവള്‍ അവന്റെ തോളിലേക്ക് ചാരി. അവളുടെ കരച്ചിലിന്റെ ശക്തി കുറഞ്ഞു. അവള്‍ തന്നെ അവന്റെ തോളില്‍ നിന്ന് മുഖം എടുത്തു. അവള്‍ അവന്റെ
മുഖത്തേക്ക് നോക്കി...


“എന്താ ഇങ്ങനെ നോക്കുന്നത് അവന്‍ ചോദിച്ചു?”


“ഞാന്‍... ഞാന്‍ ...” എന്തക്കയോ പറയാനായി അവള്‍ വാക്കുകള്‍ക്കായി കാത്തുനിന്നു. അതോ താന്‍ പറയാന്‍ പോകുന്നത് അവന് ഇഷ്ടമാവില്ലന്ന് കരുതി അവള്‍ പറയാതിരുന്നതോ?


“എന്താണങ്കിലും പറഞ്ഞാളൂ..” അവന്‍ പറഞ്ഞു.


“ഞാന്‍ ഷാജിനെ അച്ചാച്ചാ എന്ന് വിളിച്ചോട്ടേ..?” പറയാന്‍ പാടില്ലാത്ത എന്തോ പറഞ്ഞതുപോലെ അവള്‍ നിശബദ്ദയായി. അവനെന്ത് പറയമെന്ന് അവള്‍ക്കറിയില്ലായിരുന്നു. നിശ്‌ബദ്ദതയെ ഭേദിച്ചുകൊണ്ട് അവന്റെ ശബ്ദ്ദം മുഴങ്ങി.


“അച്ചാച്ചാ എന്ന് വിളിച്ചോളൂ.... അനുജത്തി ഇല്ലാത്ത എനിക്കൊരു അനുജത്തികുട്ടി...” അവന്‍ പറഞ്ഞു.


“ഷാജിനച്ചാച്ചന്‍ ...” അവള്‍ മന്ത്രിച്ചു. ഏങ്ങലടികളോടെ അവള്‍ വീണ്ടും അവന്റെ തോളിലേക്ക് ചാഞ്ഞു. ആ അനുജത്തിയുടെ ദുഃഖങ്ങള്‍ അവന്റെ കൂടെ ദുഃഖങ്ങള്‍ ആവുകയായിരുന്നു.


“ഞാനെന്താണ് ഈ അനുജത്തിയെ വിളിക്കേണ്ടത് ? മുമ്പ് ഞാന്‍ പേര് ചോദിച്ചപ്പോള്‍ എന്താണ് പറഞ്ഞിരുന്നതെന്ന് ഓര്‍മ്മയുണ്ടോ? ആണായി ജനിച്ചപ്പോഴത്തെ പേര് ഞാനൊരു പെണ്ണായപ്പോള്‍ എനിക്ക് നഷ്ടപെട്ടുപോയി എന്ന് . എന്ത് വിളിച്ചാലും ഞങ്ങള്‍ വിളികേള്‍ക്കും എന്ന് ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്... എന്നാലും; ഞാനെന്താണ് വിളിക്കേണ്ടത് ?? ” അവന്‍ ചോദിച്ചു..


“എന്തുവേണമെങ്കിലും വിളിച്ചു കൊള്ളൂ.....” അവള്‍ പറഞ്ഞു.


“അമ്മ എന്തായിരുന്നു വീട്ടില്‍ വിളിച്ചിരുന്നത് .... ? “ അവന്‍ ചോദിച്ചു.


അവളെ ഭൂതകാലത്തിലേക്ക് കൂട്ടികൊണ്ടുപോകാന്‍ അമ്മ എന്ന വാക്കിന് കഴിയുമെന്ന് അവനുറപ്പായിരുന്നു. അമ്മയെ അവള്‍ എത്രമാത്രം സ്നേഹിക്കുന്നുണ്ടന്ന് അവന് മനസിലായിരുന്നു . അമ്മ!! അവള്‍ തന്റെ ഭൂതകാലത്തിന്റെ ഓര്‍മ്മകളിലേക്ക് നടന്നു.....(തുടരും....)

6 comments:

Typist | എഴുത്തുകാരി said...

പാവം അവന്‍ അല്ലെങ്കില്‍ അവള്‍. ജീവിതത്തില്‍ എന്തൊക്കെ അനുഭവങ്ങള്‍ അല്ലേ? ബാക്കി ഭഗത്തിനു കാത്തിരിക്കുന്നു.

ചാണക്യന്‍ said...

മൂന്നാം ഭാഗത്തോടെ അവസാനിക്കുമെന്നാണ് കരുതിയത്..:):):)

തുടരട്ടെ....അവൻ അല്ലെങ്കിൽ അവൾക്ക് പറയാനുള്ളത് എന്താണ്.....?

pattepadamramji said...

അവനു(ള്‍ക്ക്) പറയാനുള്ളത്‌ മുഴുവന്‍ പോന്നോട്ടെ. എഴുത്തിന് നല്ല ശൈലി. ആശംസകള്‍.

റ്റോംസ് കോനുമഠം said...

കൊള്ളാം മാഷേ,

ഈ ബ്ലൊഗിലും നോക്കുമല്ലോ..
ജോയിന്‍ ചെയ്യുമല്ലോ..!!
പരസ്പര കൂട്ടായ്മ നല്ലതല്ലേ..!!

http://tomskonumadam.blogspot.com/

http://entemalayalam1.blogspot.com/

റോസാപ്പുക്കള്‍ said...

hi,friend...your style writing is very good.
waiting for the rest...congrats

mazhamekhangal said...

nice waiting for the rest

: :: ::