പ്രിയപ്പെട്ട അര്‍ഷാദ്,
നിനക്കും റസിയക്കും സുഖമാണന്ന് കരുതുന്നു. ഒരു വര്‍ഷത്തിനു ശേഷമാണ് ഞാന്‍ നിനക്കൊരു എഴുത്ത് എഴുതുന്നത്. നിനക്കവസാനം എഴുതിയത് എന്നാണന്ന് എനിക്കറിയാം. 2008 ജൂലൈ 24 ആം തീയതി വ്യാഴായ്ചയാണ് ഞാന്‍ നിനക്കവസാനമായി കത്ത് എഴുതിയത്. 2008 ഓഗസ്റ്റ് 9 ആം തീയതി ശനിയാഴ്‌ച എനിക്കതിന് മറുപിടിയും കിട്ടി. പിന്നീട് ഞാന്‍ നിനക്കയച്ചത് എന്റെ വിവാഹ ക്ഷണക്കത്താണ്. നിന്റെ വിവാഹ ക്ഷണക്കത്തും എനിക്ക് കിട്ടി. 2008 ഓഗസ്റ്റ് 9 ല്‍ എനിക്ക് കിട്ടിയ നിന്റെ എഴുത്ത് വായിച്ച ഞാന്‍ നിന്നെക്കുറിച്ച് ധൈര്യമില്ലാത്തവന്‍ എന്ന് കരുതി. മാത്യു പെണ്ണ് കാണാന്‍ വന്നപ്പോള്‍ ഞാന്‍ നിന്നെക്കുറിച്ച് പറഞ്ഞു. അങ്ങനെയെങ്കിലും ആ വിവാഹലോചന മുടങ്ങുമല്ലോ എന്നു വിചാരിച്ചാണ് അങ്ങനെ പറഞ്ഞത്. മാത്യുവിന്റെ മുഖത്ത് അന്നുണ്ടായ ചിരി ഇപ്പോഴും ഞാനോര്‍ക്കുന്നുണ്ട്. മാത്യു അന്ന് പറഞ്ഞത് ഇപ്പോഴും ഞാനോര്‍ക്കുന്നുണ്ട്. ‘അര്‍ഷാദ് പറയുന്നതാണ് ശരിയന്ന് കാലം തെളിയിക്കും’. അര്‍ഷാദ് നീയാണ് ശരിയന്ന് കാലം തെളിയിച്ചിരി ക്കുന്നു. വെറും ഒരുവര്‍ഷം സമയം മാത്രമേ കാലത്തിന് ഉത്തരം നല്‍കാന്‍ വേണ്ടിയിരുന്നുള്ളു.!!!
ഇന്നത്തെ പത്രം വായിച്ചപ്പോഴാണ് നീ അവസാനമായി അയച്ച കത്തിലെ വരികള്‍ ഓര്‍മ്മയില്‍ തെളിഞ്ഞത്. നി അന്ന് എഴുതിയ വരികള്‍ ഇങ്ങനെ ആയിരുന്നു....
അനില, നിനക്കൊരിക്കലും നിന്റെ കുടുംബത്തെവിട്ട് എന്നോടൊപ്പം വരാന്‍ കഴിയില്ലന്ന് എനിക്ക റിയാം. അന്യമതത്തില്‍ പെട്ട ഒരാളുടെകൂടെ വിവാഹം നിന്നെ കഴിച്ചുവിടാന്‍ അവരൊരിക്കലും സമ്മതിക്കില്ല. എന്റെ വീട്ടിലും അതിന് സമ്മതിക്കില്ല. നമ്മുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒരു പക്ഷേ നമ്മുടെ വീട്ടുകാര്‍ സമ്മതിച്ചെന്നിരിക്കട്ടെ , നിന്റെ അനുജത്തിമാരുടേയും എന്റെ അനുജത്തിയുടേയും ജീവിത സ്വപ്നങ്ങള്‍ പലതും അവര്‍ക്ക് ഉപേക്ഷിക്കേണ്ടി വരും. വീട്ടുകാര്‍ സമ്മതിച്ചില്ലങ്കില്‍ നമുക്ക് വേണമെകില്‍ ഒളിച്ചോടാം. മതങ്ങളുടെ അതിര്‍വരമ്പുകള്‍ പൊട്ടിച്ചെറിഞ്ഞ് ജീവിക്കുന്നവര്‍ എന്ന് പുരോഗമനവാദികള്‍ നമ്മളെ വാഴ്‌ത്തിപ്പാടും. പക്ഷേ നമ്മുടെ അനുജത്തിമാരുടെ ജീവിതം ചോദ്യ ചിഹ്നമായി നമ്മുടെ മുന്നില്‍ ഉയരും. നമ്മുടെ കിടക്കറയില്‍ അവരുടെ കണ്ണീരിന്റെ ചൂടായിരിക്കും നിറയുക. നമ്മുടെ മാതാപിതാക്കള്‍.. അവരുടെ സമൂഹത്തിലെ സ്ഥാനം?? ഇതൊക്കെ മറന്നുകൊണ്ട് നമുക്ക് വേണമെങ്കില്‍ ജീവിക്കാം. പക്ഷേ??? ഈ പക്ഷേ ഒരു പക്ഷേ തന്നെയാണ് . ജീവിതാവസാനം വരെ നമ്മളെ പിന്തുടരുന്ന പക്ഷേ???
നമ്മള്‍ പ്രണയിച്ചു എന്നത് സത്യമാണ്. ഒരുമിച്ചുള്ള ജീവിതവും നമ്മള്‍ സ്വപ്‌നവും കണ്ടതാണ്. അന്ന് നമ്മള്‍ നമ്മളെക്കുറിച്ച് മാത്രമേ ചിന്തിച്ചുള്ളു.എനിക്ക് താഴെ അനുജത്തിയും നിനക്ക് അനുജത്തിമാരും ഇല്ലായിരുന്നെങ്കില്‍ ഞാന്‍ നിന്നെ എന്റെ ജീവിതത്തിന്റെ ഭാഗമാക്കുമായിരുന്നു. ഒഴിഞ്ഞുമാറാനുള്ള കാരണമായിട്ട് നിനക്കിതിനെ വേണമെങ്കില്‍ വ്യാഖ്യാനിക്കാം. പ്രണയത്തിന്റെ മൂടുപടത്തിനു വെളിയിലേക്കിറങ്ങി ചിന്തിച്ചാല്‍ ഞാന്‍ പറയുന്നതില്‍ കാര്യമുണ്ടന്ന് നിനക്ക് മനസിലാകും. ഞാന്‍ അറിഞ്ഞുകൊണ്ടുതന്നെയാണ് നിന്നെ വിളിക്കാതിരുന്നത്. നിന്റെ ശബ്ദ്ദം കേട്ടാല്‍ നിന്റെ തേങ്ങല്‍ എന്റെ കാതുകളില്‍ വന്ന് വീണാല്‍...?? നീ ചിന്തിക്കുക.. നിന്റെ കണ്ണീര് കാണാന്‍ എനിക്ക് വയ്യ. നീ എന്ത് തീരുമാനം എടുത്താലും ഞാനത് നിറവേറ്റാം. നീയെന്നെ ശപിച്ചാല്‍ ആ ശാപവും ഞാനേറ്റ് വാങ്ങിക്കൊള്ളാം. മതങ്ങളുടെ അതിര്‍വരമ്പുകള്‍ പൊട്ടിച്ചെറിയാന്‍ നമുക്കാവുമോ? നീ എഴുതിയതന്ന് തന്നെ ഞാനും പറയുന്നു. വേണമെങ്കില്‍ നമുക്കിനി സുഹൃത്തുക്കളായി മാത്രം മുന്നോട്ട് പോകാം.അല്ലങ്കില്‍ ഒരുമിച്ച് ജീവിക്കാം.എന്തിനാണങ്കിലും ഞാന്‍ തയ്യാറാണ്. എന്റെ ഫോണ്‍ നമ്പര്‍ പഴയതുതന്നെയാണ്. നമ്മള്‍ ഒരുമിച്ച് ജീവിക്കണമെന്ന് തന്നെയാണങ്കില്‍ നീ ഈ നമ്പരിലേക്ക് വിളിക്കുക.( 9495******). നമ്മുടെ കുടുംബത്തെ മറക്കുന്നതിലും നല്ലത് നമ്മള്‍ മറക്കുന്നതാണ്, നമ്മുടെ സ്വപ്നങ്ങള്‍ മരിക്കുന്നതാണ്.
അര്‍ഷാദ് , നീ പറഞ്ഞത് ശരിയാണന്ന് എനിക്കിപ്പോഴാണ് മനസിലാകുന്നത്. ഒരു പക്ഷേ നമ്മള്‍ ഒരുമിച്ച് ജീവിച്ചിരുന്നുവെങ്കില്‍ നിനക്ക് നേരിടേണ്ടി വരുന്ന അപമാനം എന്തായിരിക്കുമെന്ന് ഞാനിപ്പൊള്‍ അറിയുന്നു. നിന്നെ ലൌജിഹാദ് ഭീകരനും,റോമിയോ ജിഹാദ് ഭീകരനുമായി ഈ സമൂഹം മുദ്രകുത്തുമായിരുന്നു. അനേകം പെണ്‍കുട്ടികളെ വശീകരിച്ച് മതംമാറ്റി നശിപ്പിച്ച ഭീകരനായി നീ പത്രത്താളുകളില്‍ നിറയുമായിരുന്നു. നമ്മളെക്കുറിച്ച് നിറം പിടിപ്പിച്ച കഥകള്‍ മാധ്യമങ്ങളില്‍ കറുപ്പും ചുവന്നതുമായ അക്ഷരങ്ങളില്‍ ഈ ലോകം വായിക്കുമായിരുന്നു. നമ്മുടെ വിശുദ്ധ പ്രണയം അവിശുദ്ധമായ ഒന്നായിത്തീര്‍ന്നേനെ! നീ എന്നെ പലര്‍ക്കും കാഴ്ചവെച്ച് മതം വളര്‍ത്തുന്നവനായി തീരുമായിരുന്നു. നമുക്ക് ജനിക്കുന്ന മക്കള്‍ ഭീകരന്റെ മക്കളായി സമൂഹത്തിന്റെ ഇരുട്ടില്‍ തള്ളപ്പെടുമായിരുന്നു. നിന്റെ മാതാപിതാക്കള്‍ക്ക് ഭീകരന്റെ മാതാപിതാക്കളായി സമൂഹത്തില്‍ തലകുനിച്ച് നില്‍ക്കേണ്ടി വരുമായിരുന്നു. അവരുടെ കണ്ണീരിന്റെ താപം നമ്മളെ ദഹിപ്പിക്കുമാ യിരുന്നു. ഞാനിപ്പോള്‍ ആശ്വസിക്കുകയാണ് അര്‍ഷാദ്. നീ പറഞ്ഞാതായിരുന്നു ശരി, നമ്മള്‍ എടുത്ത തീരുമാനമായിരുന്നു ശരി. പ്രണയത്തിന്റെ വിശുദ്ധിയുടെ അപ്പോസ്തോലന്മാരാകുന്നതിലും നല്ലത് കുടുംബത്തിന്റെ അപ്പോസ്തോലന്മാരാകുന്നതാണ്.
നമ്മള്‍ വായിച്ച പ്രണയകഥകളിലേയും കവിതകളിലേയും നായകനും നായികയ്ക്കും ഒരിക്കല്‍പ്പോലും മതങ്ങളുടെ വേലിക്കെട്ടുകള്‍ക്കുള്ളില്‍ തളയ്‌ക്കപെടേണ്ടി വന്നിട്ടില്ല. ഇനിയും ഉള്ള കാലങ്ങളില്‍ പ്രണയം പോലും വര്‍ഗീയതയുടേയും മതങ്ങളുടേയും മതില്‍ക്കെട്ടുകള്‍ക്കുള്ളിലായിരിക്കും.
നമ്മളിപ്പോള്‍ മതങ്ങള്‍ക്ക് വേണ്ടി സൃഷ്ടിപെട്ടിരിക്കുന്നവരായിരിക്കുന്നു. മനുഷ്യന് വേണ്ടിയാണ് മതങ്ങള്‍ എന്ന് പറഞ്ഞത് ആരാണ് ? പ്രണയത്തിന്റെ വിശുദ്ധിയും കാല്പിനകതയും എല്ലാം ഇനി വെറും ചരിത്ര ആഖ്യായനങ്ങളായി മാറുമായിരിക്കും. ഇനി ആരെങ്കിലും പ്രണയത്തെക്കുറിച്ച്
കവിതകളും കഥകളും എഴുതുമോ???
മാത്യുവിനും അര്‍ഷാദിന് എന്തോ എഴുതണമെന്ന് ...
അര്‍ഷാദ് ....
നിങ്ങളെ ഞാനിതുവരെ കണ്ടിട്ടില്ലങ്കിലും അനില പറഞ്ഞ് എനിക്ക് നിങ്ങളെക്കുറിച്ച് അറിയാം. പ്രണയത്തിന്റെ കാല്‌പനികതയെ ആസുരതയുടെ ഭാവമാക്കിമാറ്റുന്നവരുടെ സമൂഹത്തില്‍ ഇനി പ്രണയങ്ങള്‍ക്ക് സ്ഥാനം ഉണ്ടാവുമോ? കുട്ടികളുടെ വിദ്യാഭ്യാസത്തിന് സ്വന്തം മതസ്ഥാപനങ്ങള്‍ തന്നെ തിരഞ്ഞെടുക്കണമെന്ന് പറയുന്ന മതാദ്ധ്യക്ഷന്മാരുള്ള നമ്മുടെ ഈ കേരളത്തില്‍ ഇനി പ്രണയവും മതാടിസ്ഥാനത്തില്‍ ആകുമായിരിക്കും.? കവിതകളിലും കഥകളിലും പ്രണയത്തെക്കുറിച്ച് വായിച്ച് നമ്മുടെ കുട്ടികള്‍ വളരട്ടെ. മതത്തിന്റെ വേലിക്കെട്ടികളില്‍ നിന്ന് മനുഷ്യര്‍ പുറത്തുവരുന്ന ഒരു ദിവസം ഉണ്ടാകുമെന്ന് നമുക്ക് കരുതാം... ഞങ്ങള്‍ നിങ്ങളെകാണാനായി ഒരു ദിവസം അങ്ങോട്ട് വരുന്നുണ്ട്.
സ്നേഹപൂര്‍വ്വം
അനിലയും മാത്യുവും
From,
അനില മാത്യു
ക്ലാസ് ടീച്ചര്‍ 7-B
St.തോമസ്സ് ഹൈസ്ക്കൂള്‍
അനില മാത്യു
ക്ലാസ് ടീച്ചര്‍ 7-B
St.തോമസ്സ് ഹൈസ്ക്കൂള്‍
To,
അര്‍ഷാദ് സലിം
ക്ലാസ് ടീച്ചര്‍ 8-C
ഗവ.ഹൈസ്ക്കൂള്‍,മലപ്പുറം
2 comments:
oho avasanam ingane aaayo??
ഇത് ഇ-മെയിൽ വഴി കിട്ടി. ഒരു ലിങ്കും തന്നു. അങ്ങനെ ഇവിടെ എത്തി. നന്നായി. ആശംസകൾ!
Post a Comment