Monday, December 15, 2008

കാമുകന്റെ എഴുത്ത്

.
പ്രിയപ്പെട്ട ജാന്‍സി,

നിനക്ക് സുഖമാണന്ന് കരുതുന്നു. നീ മൊബൈലില്‍ വിളിച്ചിട്ടുണ്ടാവുമെന്ന് എനിക്കറിയാം. ഇവിടെ മൊബൈല്‍ ജാമര്‍ വച്ചിരിക്കുന്നതുകൊണ്ട് ഞാന്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. നിന്റെ എസ്.എം.സുകള്‍ കൊണ്ട് ഇന്‍‌ബോക്സ് നിറഞ്ഞിട്ടുണ്ടാവും. മെയില്‍ അയിക്കാമെന്ന് വച്ചാല്‍ പന്നന്മാര്‍ എല്ലാ മെയില്‍ സൈറ്റുകളും ബ്ലോക്ക് ചെയ്തിരിക്കുകയാണ്.

പക്ഷേ നാട്ടിലെ കാര്യങ്ങള്‍ എല്ല്ലാം അറിയുന്നുണ്ട്. നിന്റെ പഴയ ഹോസ്റ്റല്‍ വാര്‍ഡനെ പോലീസ് പൊക്കിയത് ഞാന്‍ അറിഞ്ഞു.പരിശുദ്ധമായ നമ്മുടെ പ്രണയത്തിന് ഏറ്റവും കൂടുതല്‍ പാരപണിതത് അവരായിരുന്നല്ലോ? അന്നേ ഞാന്‍ നിന്നോട് പറഞ്ഞതാണ് സോഫിയ സിസ്റ്റര്‍ ശരിയല്ലന്ന്. അന്ന് നിനക്കവര്‍ പുണ്യവതി ആയിരുന്നു. അവരുടെ ഉപദേശങ്ങള്‍ക്ക് ചെവികൊടുക്കേണ്ടഎന്ന് ഞാന്‍ അന്ന് പറഞ്ഞത് ശരിയായിരുന്നുവെന്ന് നിനക്കിപ്പോള്‍ തോന്നുന്നുണ്ടാവും. കാമുകിയെ ഗുണദോഷിക്കുന്ന ആളോടുള്ളവെറുപ്പ് കൊണ്ടല്ല ഞാനന്ന് അങ്ങനെ പറഞ്ഞതെന്ന് നിനക്കിപ്പോഴെങ്കിലും മനസിലായിട്ടുണ്ടാവു മല്ലോ?

ഏതെങ്കിലും വഴിയരികില്‍ നിന്നെ കാണാമെന്ന് വച്ച് നില്‍ക്കുമ്പോള്‍ ആ വഴി വരുന്ന വരെയെല്ലാം സംശയത്തോടെആയിരുന്നു ഞാന്‍ നോക്കിയിരുന്നത്. നമ്മള്‍ എവിടെ വച്ചെങ്കിലും കാ‍ണുന്നത് പിറ്റേന്ന് രാവിലെ നിന്റെ സോഫിയ സിസ്റ്റര്‍കൃത്യമായി എങ്ങനെ അറിയുന്നു എന്ന് ഞാന്‍ അത്ഭുതപെട്ടിരുന്നു. അന്നെല്ലാം നമ്മുടെ മുന്നിലൂടെ കടന്നുപോയ പൂത്തിരിക്കഅച്ചനെ ഒരിക്കല്‍ പോലും ചാരനാണന്ന് ഞാന്‍ സംശയിച്ചിരുന്നില്ല. പക്ഷേ ഇപ്പോള്‍ എനിക്ക് മനസിലാവുന്നു, സോഫിയ സിസ്റ്റര്‍ നമ്മുടെ പ്രണയവും കൂടിക്കാഴ്ചകളും എങ്ങനെ അറിഞ്ഞുവെന്ന്. പ്രണയം പാപമാണന്നും, കാമുകന്റെ കൂടെ ചായകുടിക്കുന്നതും സംസാരിച്ചു നില്‍ക്കുന്നത് ദൈവദോഷമാണന്നും ഒക്കെ അവര്‍ നിന്നോട് പറഞ്ഞപ്പോള്‍ മാതാവിന്റെ രൂപത്തിനുമുന്നില്‍ നീയും അവരും ഒരുമിച്ച് മുട്ടുകുത്തിനിന്ന് ജപമാല ചൊല്ലിയത് ഓര്‍ക്കുമ്പോള്‍ എനിക്കിപ്പോള്‍ ചിരിവരുന്നു.

പൂത്തിരിക്ക അച്ചന്‍ അന്നേ പോത്തായിരുന്നു എന്ന് എനിക്കിപ്പോഴാണ് മനസിലായത്. സോഫിയ സിസ്റ്റര്‍ മഠത്തിന്റെ വാതില്‍തുറന്നിടുമായിരുന്നുവെന്ന് അറിഞ്ഞായിരുന്നു വെങ്കില്‍ ഞാനും നിന്നെക്കാണാന്‍ എത്തുമായിരുന്നു.അന്ന് അത് അറിയാതിരുന്നതുകൊണ്ട് ഇപ്പോഴും നമ്മുടെ പ്രണയം പരിശുദ്ധമായി മുന്നോട്ട് പോകുന്നു.വിലക്കപ്പെട്ട കനി തിന്നതുകൊണ്ട് ആദാമും ഹവ്വായുംഏദന്‍‌തോട്ടത്തില്‍ നിന്ന് പുറത്തായി എന്ന് പൂത്തിരിക്ക അച്ചന്‍ എത്രയോ പ്രാവിശ്യം പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്. ഓര്‍ത്തഡോക്സ്കാരനായ ഞാന്‍ കത്തോലിക്ക പള്ളിയില്‍ വരുന്നത് കനി തേടിയാണന്ന് ആ മണ്ടന്‍ കരുതിക്കാണും. വിലക്കപെട്ട കനിയെക്കുറിച്ച് പ്രസംഗിച്ചിട്ട് പൂത്തിരിക്ക അച്ചന്‍ വിലക്കപെട്ട കനി പറിക്കാനാണല്ലോ മതില്‍ ചാടിയത് എന്ന് ഓര്‍ക്കുമ്പോള്‍ എനിക്ക്ചിരിവരുന്നു. അച്ചന്മാരുടെ മതില്‍ ചാട്ടത്തില്‍ രോഷം കൊണ്ടാണല്ലോ മാര്‍ട്ടിന്‍ ലൂഥര്‍ പ്രോട്ടസ്റ്റന്റ് സഭ രൂപീകരിച്ചത്. അന്നത്തെബിഷപ്പുമാരും മതില്‍ ചാട്ടം കണ്ടതായി നടിച്ചില്ല. ഇപ്പോഴത്തെ ബിഷപ്പുമാരും അല്പം കൂടി മുന്നോട്ട് പോയി മതില്‍ ചാടിയവര്‍ക്കായിപ്രാര്‍ത്ഥിക്കണമെന്ന് വരെ പറയുന്നു.

മഠത്തിന്റെ വാതിലുകള്‍ ഒക്കെ തുറന്നിട്ട് കാത്തിരിക്കുമെന്ന് അറിഞ്ഞായിരുന്നെങ്കില്‍ ഞാനും അച്ചനാകാന്‍ പോയേനെ. ആമഠത്തില്‍ വച്ച് ഞാന്‍ നിന്നെ മഠത്തിലമ്മയായി കണ്ടേനെ. കാരണം ചില കൂടിക്കാഴ്ചകള്‍ നിയോഗവും അനിവാര്യവുമാണല്ലോ?നമ്മുടെ വൈദ്യശാസ്ത്രം ഇത്രയേറെ പുരോഗിമിച്ചന്ന് ഞാന്‍ അറിഞ്ഞത് സോഫിയ സിസ്റ്റര്‍ പത്രത്താളുകളില്‍ നിറഞ്ഞു നിന്നതുകൊണ്ടാണ്. താനിപ്പോഴും വെര്‍‌ജിന്‍ ആണന്ന് സോഫിയ സിസ്റ്റര്‍ പറയുന്നത് ശരീരശാസ്ത്രപരമായി അംഗീകരിക്കാതിരിക്കാന്‍പറ്റത്തില്ലല്ലോ? സോഫിയ സിസ്റ്റര്‍ക്ക് സര്‍ജറി ചെയ്തുകൊടുത്ത ഡോക്ടറുടെ അഡ്രസ് വാര്‍ത്തകളില്‍ വന്നായിരുന്നുവെങ്കില്‍ആ ഡോക്‍ടര്‍ അംബാനിയെക്കാള്‍ വലിയ കോടീശ്വരന്‍ ആയേനെ. നമ്മുടെ ശാസ്ത്രം പോയ ഒരു പോക്കേക്കേക്കേ!!!!!

നീ പണ്ട് പഠിച്ച കോളേജിന്റെ മുന്നിലൂടെ കുറച്ചുനാളുകള്‍ക്ക് മുമ്പ് പോയപ്പോള്‍ ഞാനവിടെ ഒരു ബോര്‍ഡ് കണ്ടു. ‘ഗര്‍ഭഛിദ്രംപാപം‘ ആണന്ന്. നിന്റെ കോളേജില്‍ പഠിക്കുന്ന പിള്ളാരെ ബോധവത്‌ക്കരിക്കാന്‍ ആയിരിക്കും ആ ബോര്‍ഡ്. അതോ സോഫിയ സിസ്റ്റര്‍ക്ക് ഉള്ള മുന്നറിയിപ്പോ? രണ്ടു വര്‍ഷത്തിനു‌മുമ്പ് ത്രിവേണി ബുക്കിന്റെ പുറകിലെ ബോധവത്‌ക്കരണംസഹിക്കാനാവാതെ ചില സ്കൂളുകളില്‍ ത്രിവേണി ബുക്ക് വിറ്റില്ലന്ന് ഒരു സാറ് പറഞ്ഞ് ഞാന്‍ കേട്ടിരുന്നു. സ്കൂളില്‍ വിതരണംചെയ്യാന്‍ കൊണ്ടുപോയ ത്രിവേണി ബുക്കിന്റെ പുറകിലെ ബോധവത്‌ക്കരണം എന്തായിരുന്നുവെന്നോ എയിഡ്സ് എങ്ങനെതടയാം എന്ന ബോധവത്‌ക്കരണമായിരുന്നു അത്. ഏതായാലും ഐ‌പില്ലിന്റെ പരസ്യം വന്നില്ലല്ലോ എന്ന് നമുക്ക് ആശ്വസിക്കാം.

സോഫിയ സിസ്റ്റര്‍ക്ക് ഏതായാലും ഒറ്റക്കായില്ല,പൂത്തിരിക്കായച്ചനും കോട്ടാരാനച്ചനും കൂട്ടുണ്ടല്ലോ?കോട്ടാരാനച്ചന്‍ നിരപരാധിയാണന്നാണ് എസ്.എം.എസ് ഫലങ്ങള്‍. ( ഈ എസ്.എം.സുകള്‍ നാട്ടില്‍ സുലഭമായിരിക്കും... ഈ എസ്.എം.സുകളുടെ സൃഷ്ടികര്‍ത്താ ക്കളുടെ ഭാവനയ്ക്ക് പ്രണാമം) എസ്.എം.എസ് വോട്ടുകളാണ് കുറ്റവാളികളെ നിശ്ചയിക്കുന്ന തെങ്കില്‍ കോട്ടൂരാനച്ചന്‍പുഷ്പം പോലെ കോടതിയില്‍ നിന്ന് ഇറങ്ങിവന്നേനെ. പക്ഷേ മനുഷ്യന്‍ ഒന്ന് നിശ്ചയിക്കുന്നു ദൈവം ഒന്ന് വിധിക്കുന്നു എന്ന്ആരോ പണ്ടങ്ങാണ്ട് പറഞ്ഞിട്ടില്ലേ? സോഫിയ സിസ്റ്റര്‍ നിഷ്‌കളങ്കയാണ് , ഊനമില്ലാത്ത കുഞ്ഞാട് ആണന്നോക്കെഎല്ല്ലാവരും കൂടി വിളിച്ചു പറഞ്ഞ് പ്രാര്‍ത്ഥിക്കുന്നതെന്തിനാണന്ന് അറിയാമോ? പണ്ടത്തെ ‘സ്മാര്‍ത്ത വിചാരം‘ നീ കേട്ടിട്ടുണ്ടോ?താത്രിക്കുട്ടിയുടെ സ്മാര്‍ത്ത വിചാരം നടത്തികൊണ്ടിരുന്നു രാജാവ് സ്മാര്‍ത്ത വിചാരം അവസാനിക്കാറായപ്പോള്‍ സ്മാര്‍ത്ത വിചാരംനിര്‍ത്തി പോയത്രെ. കാരണം താത്രിക്കുട്ടി ഇനി പറയാനുള്ളത് തന്റെ പേരാണന്ന് രാജാവിന് മനസിലായത്രെ... ഇപ്പോള്‍ നിനക്ക്എന്തെങ്കിലുംമൊക്കെ മനസിലായിക്കാണുമെല്ലോ????

നീ ഇനി ഒറ്റൊയ്ക്ക് കുമ്പസാരിക്കാനൊന്നും പോകേണ്ട. ഇനി കുമ്പസാരിക്കാന്‍ പോകുന്നവര്‍ പര്‍ദ്ദയിട്ടുകൊണ്ട് പോകുന്ന കാലംവിദൂരമല്ലന്ന് തോന്നുന്നു. എല്ലാ സഭകളിലും ഇങ്ങനെയുള്ള ചിലരുണ്ടല്ല്ലോ? കൊച്ചിബിഷപ്പിനെ തട്ടി തട്ടി ഒരു വഴിക്കാക്കിയത് ഞങ്ങളുടെ ഒരച്ചനാണ്. അതിലെ ‘ദിവ്യഗര്‍ഭം‘ എത്രമാസമായിട്ടുണ്ടാവും ???? അമ്മാമ്മമാര്‍ മാത്രം ഉള്ള വീട്ടില്‍ തലയില്‍കൈവച്ച് പ്രാര്‍ത്ഥിക്കുന്ന ഒരച്ചനെക്കുറിച്ച് ഞാന്‍ നിന്നോട് നേരത്തെ പറഞ്ഞിട്ടില്ലേ.

പിന്നെ വേറെ എന്തുണ്ടടോ നാട്ടില്‍ വിശേഷം??? റബ്ബറിന്റെ വില വീണ്ടും കുറയുകയാണല്ലേ? പച്ചക്കറിക്കും അരിക്കും വില കൂടിഎവിടെ ചെന്ന് നില്‍ക്കും.?? റബ്ബര്‍ വെട്ടിയിട്ട് പച്ചക്കറി നട്ടാലോ എന്ന് അപ്പന്‍ അലോചിക്കുകയാണ്. കണ്ടം പാട്ടത്തിനെ ടുത്ത്ഇട്ടാല്‍ കൃഷി ചെയ്യാമോന്ന് അപ്പന്‍ ചോദിച്ചു. ഞാനൊന്നും പറഞ്ഞില്ല. മിക്കവാറും അതുതന്നെ വേണ്ടിവരുമെന്ന് തോന്നുന്നു.നീയും കൊയ്‌ത്തരിവാള്‍ എടുത്ത് ഇടയ്ക്കിടയ്ക്ക് പുല്ലൊക്കെ അറുത്ത് നോക്കിക്കോ.. നെല്ലിറക്കിയിട്ട് കൊയ്യാന്‍ ആളെകിട്ടിയില്ലങ്കിലുംനമുക്ക് കൊയ്യേണ്ടേ???

മറുപിടി അയക്കാന്‍ ശ്രമിക്കേണ്ട... മിക്കവാറും ക്രിസ്തുമസിന് ഞാന്‍ നാട്ടിലുണ്ടാവും. കരോളിനു‌മുമ്പായി ഞാന്‍ വരും. പാമ്പാട്ടംകണ്ടിട്ട് കുറച്ചു നാളുകളായി..... കൂടുതല്‍ വിശേഷങ്ങള്‍ നേരില്‍ക്കാണുമ്പോള്‍ പറയാം.

എന്ന്
നിന്റെ സ്വന്തം
.

2 comments:

Rejeesh Sanathanan said...

ഇതെങ്ങാനും സഭ അറിഞ്ഞാല്‍..........:)

joice samuel said...

lekhanathinte porul nannayittund..
avatharanavum nannayittund..!!
(etaarum ariyanada tto....)

: :: ::