കഴിഞ്ഞ മുപ്പത്തിരണ്ട് കൊല്ലമായി വിഭാര്യനായി ജീവിച്ച മത്തായിമാപ്പിള ഇപ്പോള്‍ ഈ കൊടുംചതി ചെയ്യും എന്ന് മക്കളോ നാട്ടുകാരോ കരുതിയില്ല. ഇങ്ങേര്‍ക്കിത് എന്തോന്നിന്റെ സൂക്കേടാ എന്ന് നാട്ടുകാര്‍ പരസ്പരം പറഞ്ഞു. ഈ അറുപതാം വയസ്സില്‍ അങ്ങേരുടെ ഒരു പൂതി. പണ്ടേഅങ്ങേര് അങ്ങനാ.. ആ അന്നമ്മച്ചിയെ അയാള്‍ ചവിട്ടിക്കൊന്നതാണന്നാ തോന്നുന്നത് ... മത്തായി പണ്ടേ അല്പം വഴിവിട്ടവനാ ഇങ്ങനെപലതും പലരും മത്തായി മാപ്പിളയെക്കുറിച്ച് പറഞ്ഞു. നാട്ടുകാരും പള്ളിക്കാരും ഒന്നിച്ചുകൂടി. കര്‍ത്താവിന്റെ സഭയുടെ ആചാരങ്ങളും, കര്‍ത്താവിന്റെ പ്രമാണങ്ങളും സമൂഹത്തിന്റെ സദാചാരത്തേയും വെല്ലുവിളി ച്ച് അമ്പതുകാരി മറിയാമ്മ എന്ന വിധവയോടൊപ്പം ഒരു വീട്ടില്‍ കഴിയാന്‍ തീരുമാനിച്ച മത്തായിമാപ്പിളയെ പള്ളിയില്‍ നിന്നും സഭയില്‍ നിന്നും പുറത്താക്കാന്‍ പള്ളിക്കമ്മറ്റി തീരുമാനമെടുത്ത് പിരിഞ്ഞു. അന്യമതക്കാരന്റെകൂടെ ഇറങ്ങിപ്പോയതിന് പണ്ടേ മറിയാമ്മയുടെ പേര് വീട്ടുകാരും പള്ളിക്കാരും വെട്ടിക്കളഞ്ഞിരുന്നതായിരുന്നതുകൊണ്ട് മറിയാമ്മയെ ഓര്‍ത്ത് ആര്‍ക്കും സങ്കടം ഇല്ലായിരുന്നു. സഭയുടെ പ്രമാണത്തെ വെല്ലുവിളിച്ച മത്തായി എന്ന സാത്തന്റെ സന്തതിയെ അവന് ലഭിക്കാവുന്ന സ്വര്‍ഗ്ഗരാജ്യത്തില്‍ നിന്ന് പുറത്താക്കിയ സന്തോഷത്തില്‍ വല്യച്ചനും കൊച്ചച്ചന്മാരും രണ്ടെണ്ണം അടിച്ച് കുരിശും വരച്ച കിടന്നു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടയില്‍ മറിയാമ്മ എന്ന സ്ത്രി വല്യച്ചന്റെ മനസ്സില്‍ ചൂലുംകെട്ടുമായി നിന്നു.നെ റ്റിയിലെ മൂന്നുകുത്തിക്കെട്ടുള്ള മുറിവിന്റെ കെട്ടില്‍ വല്യച്ചന് തടവി. കൊടൂവാളിന്റെ വീശലിൽ നെറ്റിയിൽ നിന്ന് തെറിച്ച രക്തതുള്ളികൾ വല്യച്ചന്റെ മനസിൽ പകയുടെ കനലുകൾ എരിച്ചു...
മത്തായിമാപ്പിള ദേഹം കഴുകി വന്നപ്പോള്‍ മറിയാമ്മചേടത്തി കഞ്ഞിയും ചമ്മന്തിയും വിളമ്പി. അടുക്കളയില്‍ ഇരുന്ന് കഞ്ഞികുടിക്കുമ്പോള്‍ മത്തായിമാപ്പിള ഒന്നും മിണ്ടിയില്ല. അയാള്‍ കഴിക്കുന്നതും നോക്കി മറിയാമ്മച്ചേടത്തി ഇരുന്നു.
“നീ കഴിച്ചോടീ...”എന്ന് മത്തായിമാപ്പിള ചോദിക്കുംഎന്ന് കരുതിയെങ്കിലും അതുണ്ടായില്ല. അയാള്‍ കഴിച്ച് എഴുന്നേറ്റ് കിണറ്റുകരയിലേക്കിറങ്ങി കൈകഴുകി തിരിച്ചു വന്നപ്പോള്‍ താന്‍ കഞ്ഞികുടിച്ച പ്ലേറ്റിലേക്ക് മറിയാമ്മചേടത്തി കഞ്ഞിയൂറ്റി കഴിക്കുകയായിരുന്നു. അവള് പച്ചക്കഞ്ഞിയാണ് കുടിക്കുന്നതെന്ന് മനസ്സിലാക്കിയ അയാള്‍ അടുപ്പിലെ കനലുകള്‍ ഊതിത്തെളിയിച്ചു. അരിച്ചാക്കില്‍ വച്ചിരുന്ന പപ്പടം എടുത്ത് കനലിലേക്ക് ഇട്ട് ചുട്ടെടുത്തു. മറിയാമ്മ ചേടത്തി കഞ്ഞികുടിക്കുന്നകുഴിയന്‍ പ്ലേറ്റിലേക്ക് അയാള്‍ ചുട്ടപപ്പടം ഇട്ടുകൊടുത്തു. “നാളെ നമുക്ക് ചന്തയില്‍ പോയി എന്താണന്ന് വച്ചാല്‍ വാങ്ങാം” എന്ന് പറഞ്ഞ് അയാള്‍ ഉമ്മറ ത്തേക്ക് പോയി. പാത്രങ്ങള്‍ കഴുകി കമഴ്ത്തി വച്ച് മറിയാമ്മചേടത്തിയും ഉമ്മറത്തേക്ക് ചെന്നു.
ഉമ്മറത്തെ ബഞ്ചിലിരുന്ന് ബീഡിപ്പുക ഊതിവിടുന്ന അയാളെ നോക്കി ചേടത്തി ഉമ്മറപ്പടയില്‍ ഇരുന്നു. ഉമ്മറത്തെ അരഭിത്തിയിലിരുന്ന് കത്തുന്ന ചിമ്മിനി വിളക്കിന്റെ വെളിച്ചത്തില്‍ അയാള്‍ ഊതിവിടുന്ന പുകവളയങ്ങള്‍ ഇല്ലാതാവുന്നത് നോക്കി വെറുതെ അവരങ്ങനെഇരുന്നു.പുറത്ത് അരണ്ട നിലാവ് പരന്നിട്ടും അയാള്‍ക്ക് എഴുന്നേല്ക്കാന് ഭാവമില്ലന്ന് കണ്ട് ചേടത്തി എഴുന്നേറ്റു.
”കിടക്കുന്നില്ലേ?”ചേടത്തി ചോദിച്ചു.
“വിരിച്ച് നീകിടന്നോ... ഞാന്‍ കുറച്ച് കഴിഞ്ഞ് കിടന്നോളാം ...”.
മറിയാമ്മചേടത്തി കിടക്കവിരിച്ച് ഉറങ്ങാതെ അയാള്‍ വരുന്നതും കാത്ത് കിടന്നു.ഉമ്മറത്തെ വെളിച്ചം അകത്തേക്ക് വരുന്നതും ഉമ്മറവാതില്‍ കിരുകിര ശബ്ദ്ദത്തോട് അടയുന്നതും ചേടത്തി അറിഞ്ഞു. കട്ടിലിന്റെ ഒരറ്റത്തേക്ക് ചേടത്തി ഒതുങ്ങികിടന്നു.മറിയാമ്മയോടൊപ്പം കിടക്കണോ , അതോ പാവിരിച്ച് നിലത്ത്കിടക്കണോ എന്ന് മത്തായിമാപ്പിള ഒന്ന് ആലോചിച്ചു. തന്നെ വിശ്വസിച്ച് തന്റെ കൂടെ പൊറുക്കാന്‍ വന്ന അവളോടൊപ്പം ആണ് താനിനി അന്തിയുറങ്ങേണ്ടത് എന്ന ചിന്ത വന്നപ്പോള്‍ മത്തായിമാപ്പിള ചേടത്തിയോടൊപ്പം കട്ടിലില്‍ കിടന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഒരു പെണ്ണിന്റെ മണം തന്റെ മൂക്കിലൂടെ കടന്നുവരുന്നത് അയാള്‍ അറിഞ്ഞു. തന്റെ വിയര്‍പ്പിന്റെ മണം അവളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടന്ന് മത്തായിമാപ്പിളയ്ക്ക് തോന്നി. ഇഷ്ടപെട്ടവന്റെ കൂടെ ഒരാഴ്ചമാത്രം കഴിഞ്ഞവളാണ് തന്റെ കൂടെ കട്ടിലില്‍ കിടക്കുന്നത്. ഉയര്‍ന്നു താഴുന്നഅവളുടെ മാറിടത്തിന്റെ ചലനങ്ങള്‍ അരണ്ട വെളിച്ചത്തില്‍ അയാള്‍ കണ്ടു. മുനിഞ്ഞുകത്തുന്ന ചിമ്മിനി വിളക്കിന്റെ തിരി അയാള്‍ താഴ്ത്തി.
പിറ്റേന്ന് രണ്ടുപേരുംകൂടി ചന്തയില്‍പോയി അടുക്കളയിലേക്കുള്ള സാമാനങ്ങള്‍ എല്ലാം വാങ്ങി. ചന്തയില്‍ നിന്ന് വരുന്ന വഴി അവറാന്റെചായക്കടയില്‍ കയറി. മറിയാമ്മയുടെ മുഖത്തെ തെളിച്ചം കണ്ട് അവറാന് അര്‍ത്ഥം വച്ച് മത്തായിമാപ്പിളയെ നോക്കി. ചായക്കടയിലുള്ള ഒട്ടുമിക്കപ്പേരും ആ നോട്ടം ഏറ്റെടുത്തു. അവിടെ ഇരിക്കുന്ന പലരും കഴിഞ്ഞ പത്തിരുപതുവര്‍ഷമായി മറിയാമ്മയുടെ ഒറ്റമുറിവീടിന്റെ വാതിക്കല് ഇരുട്ടിന്റെ മറവില്‍ കൊട്ടി കാത്തുനിന്നിട്ടും കൈയ്യില്‍ കൊടുവാളുമായിട്ടല്ലാതെ അവളാവാതില്‍ തുറന്നിട്ടില്ലായിരുന്നു. വലിയവീട്ടിലെപെണ്ണ് വീട്ടിലെ പണിക്കാരന്റെ നിഷ്കളങ്കതയിലും സ്നേഹത്തിലും ഇഷ്ട്പ്പെട്ട് അവന്റെ കൂടെ ഇറങ്ങിപ്പോയപ്പോള്‍ കിരീടംവയ്ക്കാത്ത രാജാക്കന്മാരായി നാട്ടില്‍ വിലസിയ അവളുടെ അപ്പനും ആങ്ങളമാര്ക്കും അതു സഹിക്കാനാവാതെ ഒരാഴ്ചയ്ക്കുള്ളില്‍ അവനെ കൊന്ന് തള്ളിയതും അന്നുമുതല്‍ ഇന്നലെ വരേയും ഒറ്റയ്ക്ക് തന്റെ കെട്ടിയവന്റെ ഒറ്റമുറി വീട്ടില്‍ കഴിഞ്ഞ മറിയാമ്മ എങ്ങനെയാണ് ഇന്നലെ മുതല്‍ മത്തായിമാപ്പിളയുടെ കൂടെ പൊറുക്കാന്‍ തുടങ്ങിയതന്ന് എത്ര ആലോചിച്ചിട്ടും അവറാന് മനസ്സിലായില്ല. രാത്രിയില്‍ മറിയാമ്മയുടെ വീട്ട് പടിക്കല്‍ മുട്ടുന്നവരുടെ കൂട്ടില്‍ മത്തായിമാപ്പിളയുടെ പേര് ഇതുവരെ കേട്ടിട്ടില്ലായിരുന്നു. മുപ്പത്തിരണ്ട് കൊല്ലം മുമ്പ് ഭാര്യ മരിച്ച മത്തായിമാപ്പിള രണ്ട് പെണ്മക്കളേയും തരക്കേടില്ലാത്ത രീതിയില്‍ കെട്ടിച്ച് വിട്ടതാണ്. തന്റെ ഏകാന്തതയില്‍ ഒരു കൂട്ടുവേണമെന്ന് മത്തായി മാപ്പിളയ്ക്ക്തോന്നിയതില്‍ ഒരു കുറ്റവും പറയാനാവില്ല. തങ്ങള്‍ക്ക് കിട്ടാത്ത സൌഭാഗ്യം മത്തായിമാപ്പിളയുടെ കൂടെ പോകുന്നത് കണ്ട് പലര്‍ക്കും ഇച്ഛാഭംഗം ഉണ്ടായി.
അപ്പന് എത്രനാളെന്ന് വച്ച് മക്കളെ കാണാതിരിക്കാന്‍ പറ്റും. കൊച്ചുമക്കളെ മത്തായി മാപ്പിളയ്ക്ക് ജീവനായിരുന്നു. കെട്ടിച്ചുവിട്ട മക്കള്‍ എന്നുംതന്റെ കൂടെ വന്ന് നില്‍ക്കണമെന്ന് പറയാന്‍ ഒരപ്പന് പറ്റുമോ?അവര്‍ക്ക് അവരുടെ കെട്ടിയവന്റേയും പീള്ളാരുടേയും കുടുംബത്തിന്റേയും കാര്യങ്ങള്‍ നോക്കണ്ടായോ?താന്‍ മറിയാമ്മയെ വിളിച്ചുകൊണ്ടു വന്നതില്‍ പിള്ളാര്‍ക്ക് തന്നോട് വിരോധം ഉണ്ടാവും. പിള്ളാരുടെ വശം ചേര്‍ന്ന് ചിന്തിച്ചാല്‍ താന്‍ കാണിച്ചത് ഭോഷത്തരമാണ്. പക്ഷേ മറിയാമ്മയെ തനിക്ക് ഉപേക്ഷിച്ച് പോരാന്‍ പറ്റില്ലായിരുന്നു. ഏതായാലുംപിള്ളാരെപോയി ഒന്നു കാണണം. അന്ന് രാത്രിയില്‍ കിടക്കുമ്പോള്‍ മത്തായിമാപ്പിള ചേടത്തിയോട് പിറ്റേന്ന് രാവിലെ രണ്ടുപേര്‍ക്കുംകൂടി പിള്ളാരുടെ വീടുകളില്‍ പോകണമെന്ന് പറഞ്ഞു. “അതുവേണോ?പിള്ളാരുടെ വീട്ടുകാര്‍ക്ക് എന്തോ തോന്നും?”ചേടത്തി സംശയംപറഞ്ഞു. നീ എന്റെ കൂടെ പോന്നാല്‍ മതിയന്ന് പറഞ്ഞ് അയാള്‍ കിടക്കയിലെ സംഭാഷണം അവസാനിപ്പിച്ചു.
മക്കളുമായിട്ടുള്ള പിണക്കമെല്ലാം അവസാനിച്ചതില്‍ മത്തായിമാപ്പിളക്ക് സന്തോഷമായിരുന്നു. പതിവുപോലെ മത്തായിമാപ്പിള പറമ്പിലേക്ക് പോയിത്തുടങ്ങി. രാവിലെ പറമ്പിലേക്ക് പോകുന്ന മത്തായി മാപ്പിളയ്ക്ക് പത്തുമണിക്കുള്ള പഴങ്കഞ്ഞിയും, ഉച്ചയ്ക്കത്തെ പോല്ത്തയുമായി മറിയാമ്മചേടത്തി പറമ്പില്‍ എന്നും സമയത്ത് എത്തും. തണലിത്തിരുന്ന് അവര്‍ രണ്ടുപേരും കൂടി ആഹാരം കഴിക്കും. വെയിലാറിത്തുടങ്ങുമ്പോള്‍രണ്ടുപേരും കൂടി വീട്ടിലേക്ക് പോരും. കഴിഞ്ഞ പത്തുമുപ്പത്തഞ്ചുകൊല്ലം മത്തായിമാപ്പിളയുടെ ദിനചര്യയുടെ ഭാഗമായിരുന്ന അന്തിക്കുള്ള കള്ള് മാപ്പിള ഇപ്പോള്‍ ഒഴിവാക്കി. എവിടെ പോയാലും സന്ധ്യയ്ക്ക് വിളക്ക് വയ്ക്കാന്‍ സമയം ആകുമ്പോള്‍ മത്തായിമാപ്പിള വീട്ടിലെത്തിതുടങ്ങി. ഇത്രയും കാലം മത്തായിമാപ്പിളയില്‍ നിന്ന് ഓസിന് വീശിയവരുടെ കാര്യം കഷ്ടത്തിലായി. അവറാന്റെ ചായക്കടയില്‍ നിന്ന് ചില്ലലമാരയില്‍ ഇരുന്ന എണ്ണപ്പലഹാരങ്ങള്‍ വാങ്ങുമ്പോള്‍ എന്താ മാപ്പിളേ വിശേഷം എന്ന് ചോദിച്ചത് മത്തായിമാപ്പിള കേട്ടില്ലന്ന് നടിച്ചു. കുന്നിന് പുറത്തെ തന്റെ വീട്ടിലേക്ക് അയാള്‍ വേഗത്തില്‍ നടന്നു. നടക്കുമ്പോള്‍ പാടവരമ്പത്തെ മറിയയുടെ വീട് അയാള്‍ നോക്കി. നാളെ അവളെക്കൊണ്ട് വന്ന് മുറ്റമൊക്കെ അടിച്ചുവാരിക്കണം. ഇരുട്ട് പരന്ന് തുടങ്ങിയിരിക്കുന്നു. സന്ധ്യാവിളക്ക് കത്തിച്ചിട്ടില്ല. അയാള്‍ മുറ്റത്തേക്ക് കയറി. ഉമ്മറപ്പടിയില്‍ കള്ളിമുണ്ട് കൈലിമുട്ടറ്റം പൊക്കി വലുതുകാലിന്റെ തുടയില്‍ വച്ച് വിളക്കത്തിരി തെറുക്കുന്ന മറിയയെ കണ്ട് അയാള്‍ ഒരു നിമിഷം നിന്നു. അയാളെ കണ്ട് ചേടത്തിഎഴുന്നേറ്റു. തെറുത്ത വിളക്കത്തിരി എണ്ണയില്‍ ഇട്ട് അറ്റം ഞെക്കി മറിയചേടത്തി വിളക്ക് കത്തിച്ചു. വിളക്കിന്റെ വെളിച്ചം വീട്ടില്‍ പരന്നു. അടുക്കളയില്‍ പാത്രങ്ങള്‍ കിലുങ്ങി തുടങ്ങിയപ്പോള്‍ അയാളും അടുക്കളയിലേക്ക് കയറി. അരി തിളച്ച് അടപ്പ് വീണതും കഞ്ഞിവെള്ളം അടുപ്പിലേക്ക് ഒഴുകിതീ കെടുന്നതെല്ല്ലാം കണ്ടിട്ടും മറിയാമ്മചേടത്തി ഇളക്കികൊണ്ടിരുന്ന ചീനിപാത്രത്തിന്റെ മുന്നില്‍ നിന്ന് എഴുന്നേറ്റില്ല. കിണറ്റുകരയില്‍ നിന്ന്കയറിവന്ന മത്തായിമാപ്പിള അടുപ്പിലെ വിറക് ഇളക്കി കനലുകള്‍ ഊതിക്കത്തിച്ചു. കൊരണ്ടിയില്‍ ഇരുന്ന് തുടുപ്പുകൊണ്ട് ചീനി ഇളക്കുന്നഅവളുടെ ശരീരചലനങ്ങളില്‍ കണ്ണ് ഉടക്കി നില്ക്കാതിരിക്കാന് അയാള്‍ അടുക്കളയില്‍ നിന്ന് ഇറങ്ങി.
വര്‍ഷങ്ങള്‍ കഴിഞ്ഞു. കാലം തെറ്റിവരുന്ന മഴയും തണുപ്പും ഉഗ്രചൂടും മത്തായിമാപ്പിളയിലും മറിയചേടത്തിയിലും മാറ്റങ്ങള്‍ വരുത്തി. വടികുത്തിയും കൂനിപ്പിടിച്ചും ഒക്കെ അവര്‍ കഴിഞ്ഞുകൂടി. കാലം തെറ്റിവന്ന ഒരു കാലവര്‍ഷരാത്രിയില്‍ മറിയചേടത്തി മരിച്ചു. ദൈവത്തേയും പള്ളിയേയും ധിക്കരിച്ചവരായതുകൊണ്ട് മറിയച്ചേടത്തിക്ക് പള്ളിയില്‍ സ്ഥലം ഇല്ലായിരുന്നു. കര്‍ത്താവിന്റെ ഏഴാം പ്രമാണം ലംഘിച്ച് വ്യഭിചാരംചെയ്തവള്‍ക്ക് എങ്ങനെയാണ് പള്ളിപ്പറമ്പില്‍ അല്പം സ്ഥലം കൊടുക്കുന്നത്? തന്റെ പറമ്പില്‍ എടുത്ത കുഴിയില്‍ അവളെ ഇറക്കിവയ്ക്കുമ്പോള്‍ അയാള്‍ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു. അയാള്‍ കരയുന്നത് ആളുകള്‍ ആദ്യമായിട്ട് കാണുകയായിരുന്നു. ഇരുട്ടിന് കനംവച്ച് തുടങ്ങിയപ്പോള്‍ ഓരോരുത്തരായി പിരിഞ്ഞു.അവസാനം അയാള്‍ മാത്രമായി. അവളെ അടക്കിയ മണ്ണിന്റെ മുന്നില്‍ഇരുന്ന് അയാള്‍ കരഞ്ഞു. ഇരുട്ടിന് കനംവച്ച് തുടങ്ങിയപ്പോള്‍ അയാള്‍ എഴുന്നേറ്റ് കുന്നിറങ്ങി. കുന്നില്‍ ചരുവിലെ പള്ളിയിലെ കുരിശിലെ നിയോണ്‍ വിളക്ക് തെളിഞ്ഞുകിടക്കുകയായിരുന്നു. അയാള്‍ വേച്ച്വേച്ച് പള്ളിക്കകത്തേക്ക് കയറി. കുമ്പസാരക്കൂടിനുമുന്നില്‍ അയാള്‍ഇരുന്നു. പള്ളി അടയ്ക്കാന്‍ വന്ന കൊച്ചച്ചന് അയാളെ കണ്ടു.
”എനിക്കൊന്നു കുമ്പസാരിക്കണം അച്ചോ?”
മത്തായി മാപ്പിളയുടെഅപേക്ഷയുടെ സ്വരം കൊച്ചച്ചന് നിഷേധിക്കാന്‍ ആവുമില്ലായിരുന്നു. കുമ്പസാരക്കൂട്ടിലെ അഴിയിലേക്ക് ചുണ്ടുകള്‍ ചേര്‍ത്ത്അയാള്‍ മന്ത്രിച്ചു തുടങ്ങി.
v>
“അച്ചോ അവളുപാവമായിരുന്നു,അവളൊരു പ്രമാണവും ലംഘിച്ചിട്ടില്ല, ഇഷ്ടപെട്ട ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയി എന്ന ഒരൊറ്റ തെറ്റു മാത്രമേ അവളു ചെയ്തിട്ടുള്ളു. അവളോടു നാട്ടുകാര്‍ എന്തൊക്കയാ ചെയ്തതാ, എന്റെ കൂടെ വന്ന് പൊറുതി തുടങ്ങുന്നതുവരെ ഒരൊറ്റരാത്രിയിലും അവളൊറങ്ങിയിട്ടില്ലായിരുന്നു... കര്‍ത്താവിന്റെ പ്രമാണങ്ങളെ കെട്ടിപ്പിടിച്ചുകിടക്കുന്നവര്‍ വരെ അവളെകെട്ടിപ്പിടിച്ച് കിടക്കാന്‍ രാത്രിയില്‍ അവളുടെ വാതിക്കല്‍മുട്ടിയച്ചോ.... അച്ചനറിയോ, ഒരുകൂരയ്ക്ക് കീഴില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരേകിടക്കയില്‍ കിടന്നുറങ്ങിയിട്ടും ഞാനവളെ കാമത്തോടെനോക്കുകയോ തൊടുകയോ ചെയ്തിട്ടില്ല. അവളെന്നേയും തൊട്ടിട്ടില്ല....ഞങ്ങള്‍ക്ക് അങ്ങനെ ഒരു വിചാരവും തോന്നിയിട്ടില്ല... അച്ചനറിയോ, രാത്രിയില്‍ വാതുക്കല് മുട്ടുന്നവരുടെ മുന്നില്‍ വെട്ടുകത്തിയുമായി വാതില്‍ തുറന്ന അവള് എല്ലാവരോടും എന്തുവാ പറഞ്ഞതന്ന് അറിയാമോ? പകല്‍വെളിച്ചത്തില്‍ വന്ന് വിളിച്ചാല്‍ വിളിക്കുന്നവന്റെ കൂടെ ചെല്ലാമന്ന്.. ഒരൊറ്റ പട്ടിയും പകല്‍വെട്ടത്തില്‍ അവളുടെ വീട്ടിലോട്ട്ചെന്നിട്ടില്ല.....” മത്തായിമാപ്പിളയുടെ കിതച്ചിലില്‍ അയാളുടെ ശബ്ദ്ദം പതറി.
“പിന്നെങ്ങനാ മത്തായിമാപ്പിളയുടെ കൂടെ മറിയചേടത്തി താമസിക്കാന്‍ തുടങ്ങിയത് ?” കൊച്ചച്ചന് ചോദിച്ചു.
മത്തായിമാപ്പിള ശ്വാസം ആഞ്ഞുവലിച്ചു....
“അച്ചോ,അതു ഞാന്‍ പറയത്തില്ല.. ഒരിക്കലും അത് ആരോടും പറയത്തില്ലന്ന് ഞങ്ങള്‍ പരസ്പരം സത്യം ചെയ്തതാ... കൊച്ചച്ചനറിയാമോ,മരിച്ചുപോയനമ്മുടെ വല്യച്ചന്റെ നെറ്റിയിലെ പാട് എന്തായിരുന്നുവെന്ന്... മറിയാമ്മ വെട്ടുകത്തികൊണ്ട് വെട്ടിയതാ... എന്തിനാണന്നോ? ഇരുട്ടിന്റെ മറവിൽ അവളോടൊത്ത് കിടക്കണമെന്ന് വല്യച്ചന് ആശ . കുപ്പായം ഊരിയിട്ട് നാലാൾ കാൺകെ ചെന്ന് വിളിച്ചാൽ ജീവിതാവസാനം വരെ കൂടെ കിടക്കാൻ സമ്മതമാണന്ന് അവൾ പറഞ്ഞു. അച്ചന് അത് പറ്റത്തില്ലന്ന് . ഇരുട്ട് വീണ് തുടങ്ങുമ്പോൾ ആരും കാണാതെ മാത്രം അയാൾക്ക് അവൾക്ക് വേണമെന്ന്. ജീവൻപോയാലും സമ്മതിക്കില്ലന്ന് അവൾ പറഞ്ഞു. ഒരു ദിവസം അച്ചൻ അവളെ കീഴടക്കാൻ കയറിപ്പിടിച്ചു. കൈയ്യെത്തി പിടിച്ച കൊടൂവാൾ എടുത്ത് അവൾ വീശി.... എന്നിട്ടെന്താ,വല്യച്ചന് പള്ളിമുറ്റത്ത് ശവക്കല്ലറ പണിതുകൊടുത്തു നിങ്ങള്‍, കെട്ടിയവനെ അല്ലാതെ വേറെ ഒരുത്തനേയും തൊടാത്ത എന്റെ മറിയാമ്മ വ്യഭിചാരണി.. തെമ്മാടിക്കുഴിപോലും അവൾക്ക് കൊടുത്തില്ല. അവളെ ഞാൻ എന്റെ കണ്ണെത്തും ദൂരത്തു തന്നെ ഞാൻ അവളെ അടക്കിയച്ചോ.അച്ചനറിയാമോ നാപ്പത്തഞ്ചുകൊല്ലം മുമ്പ് മരിച്ചുപോയ എന്റെ കെട്ടിയവള് അന്നാമ്മയെ മാത്രമേ ഞാന്‍ .....” ഇടയ്ക്ക് പറഞ്ഞ് നിര്‍ത്തി അയാൾ കുമ്പസാരക്കൂട്ടിൽ നിന്ന് എഴുന്നേറ്റു. പാപപരിഹാര പ്രാര്‍ത്ഥനകള്‍ക്ക് ഒന്നും നില്‍ക്കാതെ മത്തായിമാപ്പിള പള്ളിവിട്ട് കുന്നിന് പുറത്തെ തന്റെ വീട്ടിലേക്ക് പോയി.
അയാള്‍ വീടിനകത്തേക്ക് കയറി. അവള് വന്ന് കയറിയതില്‍ പിന്നെ ഒരിക്കല്‍ പോലും അവളില്ലാത്ത ഒരു രാത്രിയും ഈ വീട്ടില്‍ ഉണ്ടായിട്ടില്ല. അയാള്‍ കട്ടിലില്‍ കയറിക്കിടന്നു. കട്ടിലില്‍ തന്റെ ഇടതുവശം ശൂന്യമാണ് എന്നത് അയാളെ വേദനിപ്പിച്ചു. ഒരു കൊച്ചു കുഞ്ഞിനെപ്പോലെഅയാള്‍ പൊട്ടിക്കരഞ്ഞു. മുറിയില്‍ അവളുടെ മണം നിറയുന്നതായി അയാള്‍ക്ക് തോന്നി.അവള് നടക്കുന്ന ശബ്ദ്ദം കേള്‍ക്കുന്നുണ്ടോ? ഉണ്ട് അവളുടെ മണം മുറിയില്‍ ഉണ്ട്... ആരോടിന്നില്ലാതെ അയാള്‍ പറഞ്ഞുതുടങ്ങി.
”മറിയേ,കൊച്ചച്ചന് ചോദിച്ചിട്ടും ,ഞാന്‍ നിന്നെ വിളിച്ചുകൊണ്ടൂവന്നതിന്റെ തലേ രാത്രിയില്‍ എന്താണ് സംഭവിച്ചതന്ന് മൊത്തമായി ഞാന്‍ പറഞ്ഞില്ല. എനിക്കന്ന് പാടവരമ്പത്തൂടെ വരാന്‍ തോന്നിയില്ലായിരുന്നങ്കില്‍ നീ അന്നു തന്നെ മരിക്കുമായിരുന്നുവെന്ന് നീ പറഞ്ഞിട്ടില്ലേ... നീ വല്യച്ചന്റെ നേരെ വെട്ടുകത്തിവീശുന്നത് ഞാന്‍ കണ്ടതാ... പകല്‍വെളിച്ചത്തില്‍വന്ന് വിളിക്കുന്നവന്റെ കൂടെ മാത്രമേ ചെല്ലത്തുള്ളൂ എന്ന് നീ പറഞ്ഞത് ശരിയാ... അന്ന് രാത്രിയില്‍ ഞാന്‍ നിന്റെ വീടും നോക്കി കുന്നിന് ചരുവില്‍ തന്നെയുണ്ടായിരുന്നു. ഞാന്‍ നിന്നെ വിളിച്ചുകൊണ്ട് വരുമ്പോള്‍ ഒന്നേ പറഞ്ഞുള്ളു, ആരേയും പേടിക്കാതെ നിനക്ക് കിടന്നുറങ്ങാം എന്ന് ...അന്ന് നടന്നത് നമ്മള്‍ക്ക് രണ്ട്പേര്‍ക്ക് മാത്രമേ അറിയൂ... നമ്മളിപ്പോള്‍ ഏഴാം പ്രമാണം ലംഘിച്ചവരാണ് ...”
മുറിയില്‍ അവളുടെ മണം കൂടുതല്‍ കൂടുതല്‍ വ്യാപിക്കുന്നതായി അയാള്‍ക്ക് തോന്നി.അവള്‍ക്ക് താനില്ലാതെ ഉറങ്ങാന്‍ പറ്റുമോ? തനിക്കും. അവള് വീട്ടില്‍വന്ന് കയറിയതില്‍ പിന്നെ ആദ്യമായി അയാള്‍ കിടക്കയുടെ ഇടതുവശത്തേക്ക് കൈകള്‍ കൊണ്ടുപോയി. ഇടതുവശത്തേക്ക് തിരിഞ്ഞു കിടന്നു. ശൂന്യമായ ഇടതുവശത്തുനിന്ന് അവളുടെ മണം ഒഴുകിപരക്കുകയാണ്.അയാള്‍ ആ മണം കൂടുതല്‍ കൂടുതല്‍ അകത്തേക്ക് വലിച്ചു. അവളുടെ മണം തന്റെ ശരീരത്തില്‍ നിന്ന് ഒരിക്കലും നഷ്ടപെടരുത് .. അവളുടെ മണത്തില്‍ അയാള്‍ അലഞ്ഞുചേരുന്നു.......
15 comments:
this post is being categorised(കഥ) by www.keralainside.net.
Thank You..
എത്ര സുന്ദരമായി ഈ കഥ....ഇതില്‍ ഒരു ജീവിതവും ഉള്ളതു പോലെ....
അന്നാമ്മച്ചേട്ടത്തി ആരേയും പേടിയ്ക്കാതെ കിടന്നുറങ്ങിയില്ലേ. പിന്നെ എന്തിനാ മത്തായിമാപിള കരഞ്ഞത്?
മത്തായി ചേട്ടനെയും അന്നമ്മ ചേടത്തിമാരും പോലുള്ളവര്‍ അന്നും ഇന്നും ജീവിക്കുന്നു. പകല്‍ മാന്യന്മാര് എല്ലാക്കാലത്തും കൊടികുത്തി വാഴുന്നു. അവര്‍ക്ക് വേണ്ടി മുണ്ടിന്റെ കുത്തഴിക്കാന്‍ കഴിയാത്തവര്‍ തെമ്മാടികുഴിയിലേക്ക് വലിച്ചെറിയപെടുന്നു.
പൊന്‍കുന്നം വര്കിയുറെ കഥകള്‍ വായിക്കുക, ഇങ്ങനെയുള്ളവരെ പറ്റി കൂടുതല്‍ അറിയാന്‍
good one..........
തെക്കേടോ..
മത്തായിചേട്ടന് കത്തോലിക്കനാണോ? ആണെങ്കില്‍, "വ്യഭിചാരം ചെയ്യരുത്' എന്നതു ആറാം പ്രമാണമാണെന്നാ എനിക്കു തോന്നണേ.
കഥ കൊള്ളാം.
nalla kadha...
touching
Great and touching
വ്യഭിചരിക്കരുത് എന്നത് ആറാം പ്രമാണമാണ്. ഏഴാം പ്രമാണം മോഷ്ടിക്കരുത് എന്നതാണ്.
അന്യന്റെ ഭാര്യയെ മോഹിക്കരുത് എന്നത് ഒന്‍പതാം പ്രമാണമാണ്.
nannaayi!!!
mathaikuty edakku suresh gopi ayo ennu doubt??
mathaikuty edakku suresh gopi ayo ennu doubt??
ഇരുട്ടിലെത്തുന്ന കഴുകന്മാര്ക്ക് വെളിച്ചമുള്ള കുഴി നല്കുന്ന നാട്ടുനടപ്പ്...
കൊള്ളാം
ulliloru comminist olinjiruppundallo,, themmaadikkuzhi ishtamaanennu thonnunnu,, ippo ithokke mathi purathaakkaan
നന്നായി പറഞ്ഞ കഥ.
"ഏഴാം പ്രമാണം ലംഘിച്ചവര്‍ : കഥ". തലക്കെട്ടില്‍ ഒരു പിശക് തോന്നുന്നല്ലോ ഒരു വിശദീകരണം ആവശ്യമല്ലേ?
Post a Comment