നാട്ടിന്‍ പുറത്തെ ചായക്കടയില്‍ ഒരു ചായകുടിക്കാനായി ഇറങ്ങിയതായിരുന്നു ഞാന്‍. ചായക്കടയില്‍കയറി ചായകുടിച്ചാല്‍ അന്നത്തെ ലോകരാഷ്ട്രങ്ങള്‍ എല്ലാം അറിയാം.ന്യൂസ് ചാനലുകളില്‍ ന്യൂസ്അവര്‍ തുടങ്ങുന്നതിനു മുമ്പുതന്നെ ഞങ്ങളുടെ നാട്ടില്‍ വാര്‍ത്താ വിശകലനങ്ങള്‍ ചായക്കടകളില്‍നടത്തിയിരുന്നു.പള്ളികളിലെ കമ്മിറ്റി തീരുമാനങ്ങള്‍ ചായക്കടകള്‍ വഴി അറിയിക്കുന്ന ഒരു പരിപാടിതന്നെ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു.ഇവിടെ ചര്‍ച്ചകളില്‍ പങ്കെടുത്ത് ആര്‍ക്ക് വേണമെങ്കിലുംഅഭിപ്രായം പറയാം.ഞങ്ങളുടെ നാട്ടിന്‍ പുറത്തെ ചായക്കടയില്‍ ചായകുടിക്കാന്‍ കയറിയ ഏതെങ്കിലുംചാനല്‍ തലയ്ക്ക് ആയിരിക്കും ന്യൂസ് അവര്‍ എന്ന ആശയം കിട്ടിയത്.
അമേരിക്കയുടെ ഇറാക്ക് അധിനിവേശത്തിനെതിരേയും,നന്ദിഗ്രാമത്തിലെ കൂട്ടക്കൊലയ്ക്കെതിരേയും,മ്യാന്മാറിലെ പട്ടാളഭരണത്തീനെതിരേയും,ഹര്‍ഭജനെ ശ്രീശാന്ത് തല്ലിയെതിനെതിരേയും ഒക്കെചായക്കടയില്‍ ചര്‍ച്ചനടത്തും.എന്തിന് വടക്കേ പറമ്പിലെ ദാമുക്കുട്ടന് ദിവ്യദര്‍ശനം കിട്ടിയതു വരേയും ഞങ്ങളുടെ ചായക്കടയില്‍ ചര്‍ച്ചചെയ്യും.വലിയവീട്ടിലെ ശാരദ കെട്ടിയവനെ ഉപേക്ഷിച്ച് മേസ്തിരിപണിക്ക്വന്നവന്റെ കൂടെ ഒളിച്ചോടാന്‍ കാരണം ശാരദയുടെ മോള്‍ ആണന്ന് കണ്ടെത്തിയത് ചായക്കടയിലെചര്‍ച്ചയാണ്.ശാരദ പോയില്ലായിരുന്നെങ്കില്‍ ശാരദയുടെ മോള്‍ മേസ്തിരിയുടെ കൂടെ പോകുമായിരുന്നുവെന്നാണ് ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന ജനാഭിപ്രായം.ചായക്കടയിലെ ചര്‍ച്ചയില്‍ അങ്ങനെ ഒരുഅഭിപ്രായം വന്നുവെങ്കിലും സത്യം അതല്ലന്ന് അറിയാന്‍ കുറേ നാളുകള്‍ എടുത്തു.ചാനലുകാരേക്കാള്‍ഞങ്ങളുടെ ചായക്കടയില്‍ ഉള്ളവര്‍ ഡീസന്റ് ആയിരുന്നതുകൊണ്ട് തെറ്റുതിരുത്താന്‍ ഞങ്ങള്‍തയ്യാറായി.ശാരദ എന്തിനു വേണ്ടി മേസ്തിരിയുടേ കൂടെ പോയി (ശ്രദ്ധിക്കൂക, ഒളിച്ചോട്ടം എന്ന് വാക്ക്തന്നെ ഞങ്ങളുടെ നാട്ടുകാര്‍ ഉപേക്ഷിച്ചു)എന്നതിനെക്കൂറിച്ചും ഞങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു.മേസ്തിരെയെ തന്നെ ചായക്കടയില്‍ എത്തിച്ചാണ് ഞങ്ങളുടെ നാട്ടുകാര്‍ ചര്‍ച്ചനടത്തിയത്.
എന്നും പുതിയ പുതിയ വാര്‍ത്തകള്‍ ചായക്കടയില്‍ എത്തിയിരുന്നു.ഇന്ന് ഞാന്‍ ചായക്കടയില്‍ എത്തിയപ്പോള്‍ ചര്‍ച്ച ചെയ്യപെട്ട വാര്‍ത്ത.ഞങ്ങളുടെ നാട്ടിലെ സോന എന്ന സ്ത്രിയുടെ ഗര്‍ഭത്തെകുറിച്ചായിരുന്നു.ഈ ചര്‍ച്ചയില്‍ ഞാന്‍ പങ്കെടുത്തില്ല.വെറും ഒരു പ്രേക്ഷകനായി ഞാന്‍ മാറി.സോനയെ നാലു വര്‍ഷം മുമ്പ് കല്യാണം കഴിപ്പിച്ച് വിടുമ്പോള്‍ ഞാന്‍ നാട്ടിലുണ്ടായിരുന്നു.അവളെകെട്ടിയവന്‍ ഒരു രണ്ടാം കെട്ടുകാരനാണന്ന് പറയുന്നത് കേട്ടായിരുന്നു.അന്നുമുതല്‍ സോനയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചായക്കടയില്‍ നടന്നുവന്നിരുന്നു.
സോന പാലുപോലെ വെളുത്തതും കെട്ടിയവന്‍ ടാറുപോലെ കറുത്തതും ആയിരുന്നു.സോനയ്ക്ക് പണ്ടൊരുപ്രണയം ഉണ്ടായിരുന്നു.അവളെ സ്നേഹിച്ചവന്‍ അവളെ കെട്ടിച്ചുകൊടുക്കാമോന്ന് സോനയുടെഅപ്പനോട് ചോദിച്ചതാണ്.അപ്പന്‍ അത് സമ്മതിച്ചില്ല.അതും ചായക്കടയില്‍ ചര്‍ച്ച ചെയ്‌തതാണ്.സോനയുടെ അപ്പന്‍ എന്തുകൊണ്ട് ഒരു രണ്ടാം കെട്ടുകാരനെകൊണ്ട് അവളെ കെട്ടിച്ചു എന്ന് ചോദ്യമുയര്‍ന്നു.അതിന് ഒരു ഉത്തരം കണ്ടെത്താന്‍ ഞങ്ങളുടെ നാട്ടിലുള്ള വാര്‍ത്താന്വേഷികള്‍ക്ക്അവളുടെ കല്യാണം കഴിഞ്ഞ് രണ്ടുവര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നു.കൂലങ്കുഷുതമായ ചര്‍ച്ചകള്‍ക്കുംവിയോജനങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് ഞങ്ങളുടെ നാട്ടിലുള്ളവര്‍ ഒരു തീരുമനത്തില്‍എത്തിയത്.സോന മച്ചി ആയതുകൊണ്ടാണത്രെ അവളെ ഒരു രണ്ടാംകെട്ടുകാരനെ കൊണ്ട് കെട്ടിച്ചത്.
തങ്ങളുടെ കെട്ടിയവന്മാര്‍ക്ക് ചൂടുള്ള വാര്‍ത്തകള്‍ എത്തിച്ചുകൊടുക്കാന്‍ എന്നും അവരുടെ വാമഭാഗങ്ങള്‍ശ്രദ്ധിച്ചിരുന്നു.ചായക്കടയില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ആണുങ്ങള്‍ അല്ലായിരുന്നു സോനയുടെ മച്ചിത്തംകണ്ടെത്തിയത്.വീട്ടിലിരിക്കുന്ന പെണ്ണുങ്ങള്‍ ആയിരുന്നു.സോന മച്ചിയാണ് എന്ന് തെളിയിക്കാന്‍ അവരുടെകൈയ്യില്‍ ഒരൊറ്റ തെളിവേ ഉണ്ടായിരുന്നുള്ളു.മച്ചി അല്ലങ്കില്‍ കല്യാണം കഴിഞ്ഞ് രണ്ടുവര്‍ഷംകഴിഞ്ഞിട്ടും സോന എന്തുകൊണ്ട് പ്രസവിച്ചില്ല.ആ ചോദ്യത്തിന് ചായക്കടയില്‍ ഉത്തരം കണ്ടെത്താന്‍പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു.ചായക്കടയിലെ ചര്‍ച്ചകളില്‍ സ്ത്രികള്‍ പങ്കെടുക്കാത്തതുകൊണ്ട്ചൂട് ചര്‍ച്ചയ്ക്ക് ഒരല്പം തണുപ്പായിരുന്നു.ചായക്കടയിലെ ചര്‍ച്ചകള്‍ രായ്‌ക്ക് രാമാനം ചെവികളില്‍ നിന്ന്ചെവികളിലേക്ക് മറിഞ്ഞുകൊണ്ടിരുന്നു.
ചായക്കടയില്‍ ചര്‍ച്ച ചൂടു പിടിക്കുകയാണ്.വിഷയം സോനയുടെ പ്രസവം തന്നെ.മച്ചിയെന്ന് ചായക്കടയില്‍പ്രഖ്യാപിക്കപെട്ട സോന ഇന്നലെ ഒരാണ്‍ കുഞ്ഞിന് ജന്മം കൊടുത്തു.കൊച്ചിനെ കാണാന്‍ പോയവര്‍കൊച്ചിനെ കാണാത്തവരോട് കുഞ്ഞിനെ കുറിച്ച് വര്‍ണ്ണിച്ചു.സോനയുടെ കുഞ്ഞ് ഒരു തക്കടിമുണ്ടന്‍ചൊവചൊവാന്നിരിക്കുന്നതാണത്രെ. ചര്‍ച്ചകള്‍ ചായക്കടയില്‍ ചൂടുപിടിച്ചു.ചില്ലലമാരയിലെ പരിപ്പുവടതീര്‍ന്നിട്ടും ചര്‍ച്ചയ്ക്ക് ഒരവസാനം ആയില്ല.രണ്ടുമൂന്നുദിവസം പരിപ്പുവട തീരുന്നതുവരെ ചര്‍ച്ചകള്‍ നീണ്ടിട്ടുംഒരു തീരുമാനം ആയില്ല.നാലാം ദിവസം എക്സ്‌ക്ലൂസാവായ ഒരു വാര്‍ത്ത ചായക്കടയില്‍ എത്തി.സോനയുടെ കൊച്ചിന്റെ അപ്പന്‍ അവളുടെ കെട്ടിയവന്‍ അല്ല ഒരു സായിപ്പാണന്ന്.ഈ വാര്‍ത്ത റിപ്പോര്‍ട്ട്ചെയ്തത് പൊന്നപ്പനാണ്.പൊന്നപ്പന്റെ കെട്ടിയവള്‍ പൊന്നമ്മയുടെ ഏതോ ബന്ധത്തിലുള്ള ഒരുത്തിയാണ് പൊന്നമ്മയ്ക്ക് വിവരം കൈമാറിയത് .
കൊച്ചുങ്ങള്‍ ഉണ്ടാവത്തവര്‍ക്ക് നടത്തുന്ന ഒരാശുപത്രിയില്‍ വച്ച് സോനയെ അവര്‍ കണ്ടിട്ടുണ്ടത്രെ.ആ ആശുപ്ത്രിയില്‍ ചെല്ലുന്ന പെണ്ണുങ്ങളില്‍ ഒത്തിരിപെണ്ണുങ്ങള്‍ക്ക് പിള്ളാരെല്ലാം ഉണ്ടാവുന്നുണ്ട്.ലക്ഷണക്കണക്കിന് രൂപ ഡോക്ട്‌ര്‍ക്ക് കൊടുക്കണമെന്ന് മാത്രം..ആരും അറിയാതെ ഡോക്ടര്‍ എല്ലാംചെയ്തുകൊള്ളും.പൊന്നമ്മയുടെ ചാര്‍ച്ചക്കാരി തന്റെ അറിവങ്ങ് വിളമ്പി.പൊന്നമ്മ തന്റെ കൈയ്യില്‍നിന്ന് കുറച്ചു സാധനങ്ങള്‍ തന്റെ കൈയ്യില്‍ നിന്നുകൂടി ഇട്ട് ആ വാര്‍ത്ത എഡിറ്റ് ചെയ്തു.അതില്‍പൊന്നപ്പനൂടെ എഡിറ്റിംങ്ങ് നടത്തിയപ്പോള്‍ ചായക്കടയില്‍ വാര്‍ത്ത എത്തിയത് ഇപ്രകാരം ആണ്.
സോന കല്യാണം കഴിഞ്ഞ് കെട്ടിയവന്റെ കൂടെ നാട്ടില്‍ നിന്ന് പോയ സ്ഥലത്ത് ഒരു സായിപ്പ് ഉണ്ടായിരുന്നു.കെട്ടിയവന്‍ ജോലിക്ക് പോയി കഴിഞ്ഞാല്‍ ഒറ്റയ്ക്കിരുന്ന് ബോറടിച്ച സോന അയിലോക്കം കയ്യറി ഇറങ്ങാന്‍തുടങ്ങി.ആ വഴിക്ക് ഒരു സായിപ്പിനെ കണ്ടത്രെ ! പിന്നെ അയാളുടെ കൂടെ ആയിരുന്നത്രെ പൊറുതി.ചായകുടിക്കാന്‍ വന്നവര്‍ ഇത് അംഗീകരിച്ചില്ല.വാര്‍ത്തയിലെ യുക്തിയെ അവര്‍ ചോദ്യം ചെയ്തു.ചത്താലും സോന അത്തരം പരിപാടിക്ക് പോകത്തില്ലന്ന്അവര്‍ ഉറപ്പിച്ചു പറഞ്ഞു.അതുകൊണ്ട് ആ വാര്‍ത്തമേല്‍ ചര്‍ച്ച പുരോഗമിച്ചില്ല.പിറ്റേന്ന പൊന്നപ്പന്‍താന്‍ തലേന്ന് പറഞ്ഞ വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് മറ്റൊരു വാര്‍ത്ത നല്‍കി.
പിള്ളാരൊണ്ടാവാത്തതിന് ചികിത്സയ്ക്ക് പോയ സോന , ഡോക്ടര്‍ പറഞ്ഞിട്ടാണാത്രെ സായിപ്പിന്റെകൂടെ കഴിഞ്ഞത്.സായിപ്പിനെ ഒക്കെ ഒപ്പിച്ച് കൊടുത്തത് ഡോക്ടര്‍ തന്നെയാണാത്രെ.ചായകുടിക്കാന്‍എത്തിയവരില്‍ പലര്‍ക്കും ഈ വാര്‍ത്തയിലെ യുക്തി അങ്ങ് പിടിച്ചു.ഡോക്ടര്‍ പറഞ്ഞാല്‍ ഒരുകുഞ്ഞുണ്ടാവാന്‍ ത്യാഗം സഹിക്കാത്തവരുണ്ടോ ?ഇരുച്ചെവി അറിയാതെ നോക്കികൊള്ളാമന്ന്ഡോക്ടര്‍ പറയുകയും ചെയ്യുമ്പോള്‍ ?????????
ചര്‍ച്ചകള്‍ പുരോഗിമിക്കുന്ന സമയത്ത് സോനയും കുഞ്ഞും വീട്ടിലെത്തി.നാട്ടിലെ പെണ്ണുങ്ങളും
ആണുങ്ങളെല്ലാം കൊച്ചിനേയും തള്ളേയും കാണാന്‍ എത്തി.കൊച്ചിന്റെയും തള്ളയുടെയും
അംഗപ്രത്യംഗാവയവങ്ങള്‍ അവര്‍ വിശകലനം ചെയ്തു.കൊച്ച് സായിപ്പിന്റെ എന്നു തന്നെ
ഉറപ്പിച്ചു.വാര്‍ത്ത സോനയുടെ ഭര്‍ത്താവിന്റെ ചെവിയിലും എത്തി.
പിറ്റേന്നത്തെ ചായക്കടയിലെ ചര്‍ച്ച സോനയുടെയും കുഞ്ഞിന്റേയും തിരോധാനത്തെക്കുറി
ച്ചായിരുന്നു.സോനയേയും കുഞ്ഞിനേയും സായിപ്പ് വന്ന് കൊണ്ടുപോയന്ന് വിശകലനം
ചെയ്യപ്പെട്ടു.ഒരാഴ്ച് ഞങ്ങള്‍ ഈ വിഷയത്തില്‍ ചായക്കടയില്‍ ചര്‍ച്ച നടത്തി.
പൊന്നപ്പന്റെയും പൊന്നമ്മയുടേയും മൂത്തമോള്‍ ഞങ്ങളുടെ നാട്ടില്‍ മീന്‍ കൊണ്ടു
വരുന്ന മീന്‍കാരന്റെ കൂടെ കേറിപ്പോയ വാര്‍ത്ത കിട്ടിയപ്പോഴാണ് സോനയെ
ഞങ്ങള്‍ ചര്‍ച്ചയില്‍ നിന്ന് ഒഴുവാക്കിയത്.ഞങ്ങള്‍ക്ക് ആഘോഷിക്കാന്‍ ഏതെങ്കിലും
ഒരു ഇരയെ കിട്ടിയാല്‍ മതിയായിരുന്നു.ഈ ചര്‍ച്ചകള്‍ എല്ലാം നടക്കുമ്പോള്‍
സോനയും കുഞ്ഞും അവളുടെ ഭര്‍ത്താവിനോടൊത്ത് സുഖമായി കഴിയുകയായിരുന്നു.
കേരളത്തില്‍ മന്ത്രിസഭമാറിമാറി വന്നു....
വൈരുദ്ധ്യാത്മികഭൌതിക ആത്മീയ വാദകാലഘട്ടങ്ങള്‍ക്ക് ശേഷം .....
ഞാനിപ്പോള്‍ ഒരു വാര്‍ത്താചാനലുടമയാണ്.കാലം മാറിയപ്പോള്‍ ഞാനൊരു പണക്കാരനായി .പണക്കാരനായങ്കിലും വന്ന വഴി മറക്കാന്‍ പാടില്ലല്ലോ?അതുകൊണ്ട് നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ചായക്കട ഞാനങ്ങ് വാങ്ങി.ചായക്കടയില്‍ എന്തുകൊണ്ട് ആളുകുറയുന്നു എന്നറിയാന്‍ രണ്ട് എം.ബി.എ. പിള്ളാരെ ഇറക്കി ഒരു സര്‍വ്വേ നടത്തി.ടിവിയിലെ വാര്‍ത്തകള്‍ ആണ് ചായക്കടയിലെ ചര്‍ച്ചകള്‍ക്ക് ആളുകുറയുന്നതിന് മനസിലാക്കി.എന്തുകൊണ്ട് നമ്മുടെ സ്വന്തം നാടിന് ഒരു വാര്‍ത്താചാനല്‍ ആയിക്കൂടാ എന്നു ഞാന്‍ ചിന്തിച്ചു.അങ്ങനെ ഞാന്‍ ഞങ്ങളുടെ നാട്ടില്‍ നിന്ന് ‘കുട്ടപ്പാസ് ന്യൂസ് ‘ ചാനല്‍ ആരംഭിച്ചു.
നാട്ടിലെ ഒട്ടുമിക്ക വീടുകളീലും ചാനല്‍ എത്തി.‘കുട്ടപ്പാസ് ന്യൂസ് ‘ ചാനല്‍ ഇമ്മിണി വല്യ ഒന്നായി മാറി.
എന്റെ ചാനലിനെ തോല്പിക്കാന്‍ മറ്റ് ചാനലുകളും എത്തി.ഞന്‍ വെറും ഒരു ചാനലുടമ മാത്രമല്ല.
ഞാന്‍ തന്നെയാണ് ന്യൂസ് എഡിറ്ററും,വാര്‍ത്താ അവതാരകനും എല്ലാം.ഒരു ബാലചന്ദ്രമേനോന്‍ ആണന്ന് പറയാം.പക്ഷേ ചാനല്‍ ഇപ്പോള്‍ വലിയ കഷ്ടത്തിലാണ്.‘ദേ ഇങ്ങോട്ട് നോക്യേ ‘ എന്നൊക്കെ പറഞ്ഞ് പിടിച്ചു നില്‍ക്കാന്‍ നോക്കിയെങ്കിലും ഫലം ഉണ്ടായില്ല.
ഒരു ദിവസം ഞാനെന്റെ ചാനല്‍ ഓഫീസിന്റെ വാതിക്കല്‍ ഇരുന്ന് ഈച്ചയെ ഓടിക്കുമ്പോള്‍
ഞാനൊരു കാഴ്ച കണ്ടു.പണ്ട് നാട്ടില്‍ നിന്ന് ഓടിപ്പോയ സോനയും കുടുംബവും തിരിച്ചു വരുന്നു.
സോനയുടെകൂടെ കറുത്ത ഭര്‍ത്താവും ചൊവചൊവാന്നിരിക്കുന്ന ഒരു പെണ്‍കൊച്ചും ഉണ്ട്.
ഞാനുടനെ അവരെ എന്റെ സ്റ്റുഡിയോയില്‍ കയറ്റി.അവരവിടെ നിന്ന് ചാടി പോകാതിരിക്കാന്‍
കാവലും ഏര്‍പ്പെടുത്തി.സോനയും കുടുംബവും തിരിച്ചു വന്നു എന്ന് ഞാനൊരു ഫ്ലാഷ് ന്യൂസും
കൊടുത്തു.വിശദമായ ചര്‍ച്ചയും വിശകലനവും ന്യൂസ് അവറില്‍ എന്ന് എഴുതികാണിച്ചു.
ന്യൂസ് അവറിലെ പരസ്യനിരക്ക് ഞാനങ്ങ് കുത്തനെ കൂട്ടി.കാറ്റുള്ളപ്പോള്‍ പാറ്റണമെന്നാണല്ലോ
പ്രമാണം.
‘കുട്ടപ്പാസ് ന്യൂസ് ‘ ചാനലിലെ ന്യൂസ് അവര്‍ കാണാന്‍ ജനങ്ങള്‍ കുത്തിയിരുന്നു.പ്രേക്ഷകരെ
കൂടി ടെലിഫോണ്‍ വഴി ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചു.(ഒരു മിനിട്ടിന് അഞ്ചുരുപാ വെച്ചും,എസ്.എം.എസ്. ന്
ഒരു രൂപാ വെച്ചും എനിക്ക് മൊബൈല്‍ കമ്പിനിക്കാര്‍ തരുമായിരുന്നു.).വളരെ നാളുകള്‍ക്ക് ശേഷം
എന്റെ ‘കുട്ടപ്പാസ് ന്യൂസ് ‘ ചാനല്‍ ആളുകള്‍ കണ്ടു.ബുദ്ധിപരമായിട്ടായിരുന്നു സോനയോടുള്ള എന്റെ
ചോദ്യങ്ങള്‍.മൊത്തം കൂടി ഒരുമിച്ച് ചോദിച്ചാല്‍ ഞാന്‍ നാളെ എന്ത് ചെയ്യും.പൊന്മുട്ടയിടുന്ന
താറാവിനെ ആരെങ്കിലും ഇന്നത്തെ കാലത്ത് കൊല്ലുമോ ?അഭിമുഖത്തിനു മുമ്പുതന്നെ ഞാന്‍ സോനയുമായി ഒരഗ്രിമെന്റ് ഒപ്പിട്ടായിരുന്നു.എന്റെ ‘കുട്ടപ്പാസ് ന്യൂസ് ചാനലിലെ ന്യൂസ് അവറില്‍ മാത്രമേ പങ്കെടുക്കുകയുള്ളു എന്നായിരുന്നു എഗ്രിമെന്റ്. ഒരാഴ്ച് ഞാനും എന്റെ ചാനലും സോനയുടെ മടങ്ങി വരവ് ആഘോഷിച്ചു.
ഇപ്പോള്‍ രണ്ടുദിവസമായി ഞാന്‍ വീണ്ടും ഈച്ചയെ ഓടിക്കുകയാണ്.അടുത്ത ഇര വരുന്നതുവരെ അല്ലാതെന്ത് ചെയ്യാന്‍!!!!!!!!!!!!!!!
1 comment:
oh..kaduthupoyi
Post a Comment