Sunday, May 11, 2008

ചിന്നവീട്ടിലെ കാവേരി :

ട്രയിനിന്റെ ചൂളം വിളി കേട്ടാണ് ഞാന്‍ കണ്ണ് തുറന്നത് ഏത് ട്രയിനാണാവോ ഈ വെളുപ്പാന്‍ കാലത്ത്.?ഇതുവരെ ഇങ്ങനെ യൊരു ട്രയിനിന്റെ ശബ്ദ്ദം വെളുപ്പാന്‍ കാലത്ത് കേട്ടിട്ടില്ല.രാത്രിയില്‍ എപ്പോഴോപോകേണ്ട ട്രയിനായിരിക്കും.പുതപ്പ് ഒന്നുകൂടി തലയിലേക്ക് വലിച്ചിട്ടിട്ട് ഉറങ്ങാന്‍ നോക്കി‍. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല.കൊതുകിന്റെ മൂളി പ്പാട്ട് പുതപ്പിന് ചുറ്റും കേള്‍ക്കുന്നുണ്ട്.കൊതുകുതിരി തീര്‍ന്നുകാണും.ഇനി വേറൊരു കൊതുകുതിരി കത്തിക്കാന്‍ എഴുന്നേ റ്റാല്‍ ഉള്ള ഉറക്കം കൂടി പോകും. മൊബൈല്‍ എടുത്തു സമയം നോക്കി.അഞ്ചേകാലായിരിക്കുന്നു.അകത്തെ രണ്ടുമുറിയി ലും ഏതായാലും ലൈറ്റ് തെളിഞ്ഞിട്ടില്ല.ഇനി ഉറങ്ങാന്‍ ശ്രമിക്കേണ്ട.അഞ്ചര ആകുമ്പോള്‍ ഏതായാലും സുധയക്ക വരും. താന്‍ തന്നെ വേണം കതക് തുറന്നു കൊടുക്കാന്‍.അകത്തെമുറിയില്‍ കിടക്കുന്ന മൂന്നവന്മാരും എഴുന്നേറ്റ് കതക് തുറക്കാന്‍ പോകുന്നില്ല.അതില്‍ ഒരുത്തനെയാണങ്കില്‍ സുധയക്ക ഇതുവരെ പുലര്‍കാലവെട്ടത്തില്‍ കണ്ടിട്ടില്ല.

തമിഴ്‌നാട്ടില്‍ എത്തിയിട്ട് ഇത് മൂന്നാം വര്‍ഷമാണ്.രണ്ടുമാസം കൂടി കഴിഞ്ഞാല്‍ തമിഴ്‌നാടിനോട് വിടപറയും. തമിഴ്‌നാ ട്ടില്‍ എത്തിയ അന്നുമുതല്‍ സുധയക്കയാണ് ആഹാരം വെച്ചുതരുന്നത്. ആദ്യമൊക്കെ തൈര്സാധവും,ലെമണ്‍‌റൈസും ഒക്കെ കഴിക്കാന്‍ എന്തൊരു പാടായിരുന്നു.പക്ഷേ അതെല്ലാം ഇപ്പോള്‍ മാറിയിരിക്കുന്നു.ഏഴെട്ട് വര്‍ഷമായി സുധയക്ക മലയാളികള്‍ക്ക് വെച്ചുവെളമ്പുന്നതു കൊണ്ട് മലയാളരുചി അവര്‍ വെയ്ക്കുന്ന ഭക്ഷണത്തിലും ഉണ്ട്.അല്ലായിരുന്നെങ്കില്‍ ഈ ചൂടുപിടിച്ച നാട്ടില്‍ എങ്ങനെ കഴിഞ്ഞേനെ ?സുധയക്കയ്ക്ക് ആണങ്കില്‍ മലയാളം അറിയാം എന്നതുകൊണ്ട് എന്തുവേണമെ ങ്കിലും പറഞ്ഞ്കൊടുത്ത് ഉണ്ടാക്കിക്കാം. ആദ്യമായി പുട്ട് ഉണ്ടാക്കിയപ്പോള്‍ പുട്ടുകുറ്റിപൊട്ടിത്തെറിച്ച കഥ പറഞ്ഞ് ഇപ്പോഴും സുധയക്കയെ കളിയാക്കും.ഡോര്‍ബെല്‍ ശബ്ദ്ദിച്ചു.

പുതപ്പ് മാറ്റി എഴുന്നേറ്റ് കതക് തുറന്നുകൊടുത്തു.പുഞ്ചിരിക്കുന്ന മുഖവുമായി സുധയക്ക.ആ പുഞ്ചിരിയില്‍ജീവിതത്തിന്റെ ഒരായിരം വേദനകള്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ടന്ന് ഞങ്ങള്‍ കുറച്ചുപേര്‍ക്കേ അറിയൂ. കുളികഴിഞ്ഞ് ഓടിയെത്തിയതായിരിക്കും പാവം.തലമുടിയില്‍ നിന്ന് വെള്ളം നിലത്തേക്ക് വീഴുന്നുണ്ട്. അടുക്കളിയില്‍ നിന്ന് കോലപ്പൊടി എടുത്തുകൊണ്ട് വന്ന് അക്ക കോലം വരച്ചു.അക്ക അടക്കളയിലേക്ക് തിരിച്ച് കയറി.അടുക്കളയില്‍ പാത്രങ്ങള്‍ തട്ടുകയും മുട്ടുകയും ചെയ്യുന്ന ശബദ്ദം കേള്‍ക്കാം.അക്ക ഇന്ന് എന്താണാവോ ഉണ്ടാക്കുന്നത്.ഇന്നത് ഉണ്ടാക്കണം എന്ന് ഞങ്ങളാരും അക്കയോട് പറയാറില്ല. അക്കയ്ക്ക് ഇഷ്ട്മുള്ളത് ഉണ്ടാക്കും.കുക്കര്‍ വിസിലടിച്ചപ്പോള്‍ സാമ്പാറിന്റെ മണം എത്തി.

പേപ്പര്‍മില്ലിലെ സൈറണ്‍ അടിച്ചു.ആറുമണി ആയിരിക്കുന്നു.“അക്കാ ചായ ആയില്ലേ?” അകത്തെമുറിയില്‍ നിന്ന് കിടക്കപ്പായില്‍ തന്നെ കിടന്നുകൊണ്ട് സജോയാണ് വിളിച്ചു ചോദിക്കുന്നത്.“ഇല്ലകണ്ണേ ,പാലുവന്നില്ല?”അക്ക അടുക്കളയില്‍ നിന്നുതന്നെ വിളിച്ചു പറഞ്ഞു.”കട്ടന്‍ കാപ്പിവേണോ?”അക്ക ചോദിച്ചു.”എല്ലാവര്‍ക്കും കൂടി ഇട്ടോ അക്കാ..” ഞാന്‍ പറഞ്ഞു.എന്നും ആറുമണി ആകുമ്പോള്‍ പാലുകാരന്‍ എത്തുന്നതാണ് .അക്ക കട്ടന്‍‌കാപ്പിയിട്ടിട്ട് വിളിച്ചു.അകത്തെമുറിയില്‍ നിന്ന് സജോയും സനിലും എഴുന്നേറ്റു വന്നു.“ജിനു എഴുന്നേറ്റില്ലേ?”അക്ക ചോദിച്ചു . ”ഇല്ലക്കാ,എട്ടുമണി ആവാതെ അവനെഴുന്നേല്‍ക്കുമെന്ന് തോന്നുന്നില്ല..”ഞാന്‍ പറഞ്ഞു.ചൂട് കാപ്പി ഊതിക്കുടിച്ചു കൊണ്ട് സിറ്റൌട്ടില്‍ ഇരിക്കുമ്പോള്‍ പത്രക്കാരന്‍ പത്രവുമായി എത്തി.”തമ്പീ ,സൌഖ്യമാ..”പത്രം കറക്കി എറിഞ്ഞുകൊണ്ടുതന്നെ അയാള്‍ ചോദിച്ചു.മറുപിടിക്ക് കാത്തുനില്‍ക്കാതെ അയാള്‍ സൈക്കിള്‍ ചവിട്ടി പോവുകയും ചെയ്തു.

സുധയക്ക പോകാനായി ഇറങ്ങിവന്നു.അരമണിനേരം കളിഞ്ഞ് കാവേരി വരും എന്ന് പറഞ്ഞ് അക്ക ഗെയ്റ്റ് കടന്നു.പാവം!ഇനി രണ്ടു വീട്ടിലൂടെ പോയി ആഹാരം വെച്ച് നല്‍കണം.മൂന്നുവീട്ടില്‍ നിന്നും കൂടി കിട്ടുന്ന മൂവായിരം രൂപകൊണ്ട് വേണം കഴിഞ്ഞ് കൂടാന്‍.അക്കയ്ക്ക് മൂന്നു പെണ്മക്കളാണ്.കാവേരി ,അക്കയുടെ ഇളയമകളാണ്.ഇപ്പോള്‍ പത്താം ക്ലാസില്‍ പഠിക്കുന്നു.അതിനു മൂത്തത് മഹിത.മഹിതയെ കല്യാണം കഴിച്ച് അയച്ചതാണങ്കിലും ഇപ്പോള്‍ അക്കയുടെ കൂടെയാണ് താമസം.മഹിതയെ പ്രസവത്തിനായി ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൊണ്ടുവിട്ടതാണ് ,ജനിച്ചത് പെണ്‍കുട്ടിയാണന്ന് അറിഞ്ഞതിനുശേഷം മഹിതയുടെ ഭര്‍ത്താവോ വീട്ടുകാരോ അവിടേക്ക് വന്നിട്ടില്ല.കുട്ടി ജനിച്ചിട്ട് ഇപ്പോള്‍ എട്ടുമാസം കഴിഞ്ഞിരിക്കുന്നു.ഭര്‍ത്താവ് ഇന്നല്ലങ്കില്‍ നാളെ തങ്ങളെ കൊണ്ടുപോകാന്‍ എത്തുമെന്നാണ് മഹിത വിശ്വസിക്കുന്നത്. മൂത്തമകളെക്കുറിച്ച് അക്ക ഒന്നും ഞങ്ങളോട് ഇതുവരെ പറഞ്ഞിട്ടില്ല.അക്കയുടെ മൂത്തമകള്‍ അവിടിത്തെ ഫാക്ടറിയില്‍ പണിക്ക് വന്ന ഒരുത്തന്റെ കൂടെ ഒളിച്ചോടിപോയന്നാണ് ചിലരൊക്കെ പറയുന്നത്.അഞ്ചാറുവര്‍ഷങ്ങള്‍ക്ക് ശേഷവും അവളെക്കുറിച്ച് ഒരു വിവരവും ഇല്ല.അവള്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലിയോ എന്നു പോലും അന്വേഷിക്കാന്‍ അക്കയ്ക്ക് ബന്ധുക്കളാരും ഇല്ല.

താണജാതിയില്‍‌പെട്ട സുധയക്ക ഒരു കൌണ്ടര്‍കുടുംബക്കാരനെ സ്‌നേഹിച്ച് അയാളുടെകൂടെ ഇറങ്ങിപ്പോന്നതാണ്. രണ്ടുപേരയും സമുദായം പുറത്താക്കിയപ്പോള്‍ നാട്ടില്‍ നില്‍ക്കാനാവാതെ ഇവിടേക്ക് വന്നതാണ്.കൌണ്ടര്‍കുടുംബക്കാര്‍ അന്നവരെ കൊല്ലാന്‍ തുടങ്ങിയപ്പോള്‍ എങ്ങനെയൊക്കയോ രക്ഷപെട്ട് ഇവിടെ എത്തി.അയാള്‍ക്ക്ആരോ പേപ്പര്‍മില്ലില്‍ ജോലി വാങ്ങികൊടുത്തു.അക്കയാണങ്കില്‍ വീട്ടില്‍ തന്നെ ഇരുന്ന് തുണി നെയ്ത് മില്ലുകാര്‍ക്ക്കൊടുക്കാന്‍ തുടങ്ങി. സന്തോഷകരമായ അവരുടെ ജീവിതത്തിലേക്ക് അഗ്നിശാപമായി മരണം കടന്നുവന്നത്ഏഴുവര്‍ഷത്തിനു മുമ്പാണ്. പേപ്പര്‍മില്ലില്‍ നിന്ന് പണികഴിഞ്ഞിറങ്ങിയ അക്കയുടെ ഭര്‍ത്താവിനെ പേപ്പര്‍മില്ലില്‍നിന്ന് ലോഡിറക്കിവന്ന ഒരു ലോറി ഇടിച്ചു.അവിടെ വച്ചുതന്നെ അയാള്‍ മരിച്ചു.അയാളുടെ വീട്ടുകാര്‍ തന്നെ കൊല്ലിച്ചതാണന്നാണ് എല്ലാവരും പറയുന്നത്. മൂന്നു പെണ്മക്കളുമായി ജീവിതം തുടര്‍ന്ന അക്കയുടെ ജീവിതത്തിലേക്ക്ദുരന്തങ്ങള്‍ ഓരോന്നോരോന്നായി കടന്നു വന്നു.

അസമയങ്ങളില്‍ വാതിലിലെ തട്ടുകേട്ട് അക്ക ഞെട്ടിയുണര്‍ന്നു.വളരുന്ന മൂന്നുപെണ്മക്കളുമായി എവിടെപ്പോയി ഒളിക്കാനാണ്?. ഭയന്നോടിയാല്‍ ഓടാന്‍ മാത്രമേ സമയം കാണുകയുള്ളു.അക്കയുടെ ഭര്‍ത്താവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാന്‍ മരുത് എസ്.ഐ എത്തി.കേസ് അന്വേഷണം എന്ന് പറഞ്ഞ് അയാള്‍ഇടയ്ക്കിടയ്ക്ക് വീട്ടില്‍ എത്തി തുടങ്ങിയപ്പോള്‍ അക്ക ഭയപ്പെട്ടു.അയാളുടെ വരവ് കേസ് അന്വേഷണത്തിനു വേണ്ടിഅല്ലന്ന് അക്കയ്ക്ക് മനസ്സിലാവാന്‍ അധികസമയം വേണ്ടി വന്നില്ല.മരുത് എസ്.ഐ വരുന്നത് കണ്ടാലുടനെഅക്ക മൂത്ത രണ്ടുപെണ്‍‌ മക്കളേയും അടുത്ത വീടുകളിലേക്ക് പറഞ്ഞുവിടും.പകല്‍ സമയങ്ങളില്‍ മാത്രം അന്വേഷണംഎന്ന് പറഞ്ഞ് വന്ന മരുത് രാത്രിയിലും എത്തിതുടങ്ങി.അയാള്‍ക്ക് വഴങ്ങികൊടുക്കുമ്പോള്‍ അക്കയുടെ മുന്നില്‍മൂന്നു പെണ്‍കുട്ടികളുടെ സംരക്ഷണം ആയിരുന്നു. മരുത് എസ്.ഐയുടെ ചിന്നവീടായി അക്കയുടെ വീട് മാറി.മരുത് എസ്.ഐ അക്കയുടെ വീട്ടില്‍ അന്തിയുറങ്ങാന്‍ തുടങ്ങിയതില്‍ പിന്നെ അക്കയ്ക്ക് മറ്റുള്ളവരില്‍ നിന്നുള്ളശല്യം ഒഴിഞ്ഞു.മരുതിന് തന്നെ മാത്രമല്ല ആവിശ്യമെന്ന് അറിയാന്‍ അക്ക് കുറച്ച് സമയം എടുത്തു.

മരുത് വരുമ്പോഴെല്ലാം കുട്ടികള്‍ അയാളുടെ മുന്നില്‍ എത്തപ്പെടാതിരിക്കാന്‍ അക്ക ശ്രദ്ധിച്ചിരുന്നു. അവരുടെമേല്‍അ യാളുടെ നോട്ടം വീണാല്‍ അക്കയുടെ നെഞ്ച് പിടയും.മൂത്തമകള്‍ വീട്‌വിട്ടിറങ്ങിയപ്പോള്‍ അക്ക കരഞ്ഞില്ല.മരുതിന്റെ കൈയ്യില്‍ നിന്ന് അവള്‍ രക്ഷപെട്ടല്ലോ എന്ന ആശ്വാസമായിരുന്നു.മരുത് ഈ നാട്ടില്‍ നിന്ന് സ്ഥലംമാറിപോയെങ്കിലും ഇടയ്ക്കിടെ അയാള്‍ എത്തും.അയാള്‍ ഇടയ്ക്കിടെ വരുന്നത് വിലക്കാന്‍ അക്ക ശ്രമിച്ചുവെങ്കിലുംഅയാളുടെ ക്രൂരതയ്ക്ക് മുന്നില്‍ കീഴടങ്ങുകയേ അക്കയ്ക്ക് നിവൃത്തിയുണ്ടായിരുന്നുള്ളു.മരുതിന്റെ എതിര്‍പ്പ് അവഗണിച്ചായിരുന്നു മഹിതയുടെ കല്യാണം അക്ക നടത്തിയത്.മഹിതയും വീട്ടില്‍ നിന്ന് പോയപ്പോള്‍ അക്കയും കാവേരിയുംതനിച്ചായി.മരുത് ഇപ്പോള്‍ അക്കയുടെ വീട്ടിലേക്ക് വരാറേ ഇല്ല.

പത്രം മടക്കി ഞാന്‍ എഴുന്നേറ്റു.കുളിക്കാനായി ബാത്ത് റൂമില്‍ ചെന്നപ്പോള്‍ ജിനു ബാത്ത്‌റൂമില്‍ ഉണ്ട്. അവനിറങ്ങുന്നതും കാത്തുനിന്നാല്‍ ഇന്നത്തെപോക്ക് നടക്കത്തില്ല.ഇനി ടാങ്കില്‍ നിന്ന് വെള്ളം കോരി കുളിക്കുക തന്നെ.കഴിഞ്ഞവേനലില്‍ വെള്ളത്തിന് ക്ഷാമം വന്നപ്പോള്‍ കാവേരിവെള്ളം ഒന്നിടവിട്ട ദിവസങ്ങളിലായിരുന്നു വന്നത്.വെള്ളമില്ലന്ന് പരാതി പറഞ്ഞതിന് ഹൌസ്‌ഓണര്‍ വീടിന്റെ മുന്‍‌വശത്ത് രണ്ടാള്‍ താഴ്ചയില്‍ ഒരു ടാങ്ക് ഉണ്ടാക്കി തന്നതാണ്.അതുകൊണ്ട് ഈ പ്രാവിശ്യത്തെ ഉണക്കിന് വെള്ളത്തിന് ക്ഷാമം ഇല്ലായിരുന്നു.അടുത്ത വീട്ടിലുള്ളവരെല്ലാം വെള്ളംഎടുക്കാന്‍ എത്തുമായിരുന്നു. തോര്‍ത്ത് ഉടുത്ത് ടാങ്കില്‍ നിന്ന് ദേഹത്തേക്ക് വെള്ളം കോരി ഒഴിക്കുമ്പോഴാണ്പാലുമായി കാവേരി എത്തിയത്.സ്കൂളില്‍ പോകാനായി ഒരുങ്ങിയാണ് വരവ്.”അണ്ണേ,കാലയിലേ കുളിയാണോ?”കാവേരി ചിരിച്ചുകൊണ്ട് അകത്തേക്ക് കയറിപ്പോയി.

“നിനക്കാരാ കാവേരി ഈ പേരിട്ടത് ?”ഞാനൊരിക്കല്‍ കാവേരിയോട് ചോദിച്ചു.”അപ്പാ..”അവള്‍ പറഞ്ഞു. ”നിന്റെനിറവും കാവേരിയുടെ നിറവും ഒരുപോലെ ആയതുകൊണ്ടാണോ ആ പേരിട്ടത്?”കാവേരിയെ കാണാന്‍ അല്പംകറുത്തതാണ്.കറുത്തതാണങ്കിലും അവളെകാണാന്‍ നല്ല ഭംഗി ആയിരുന്നു.ഒരു ചിത്രശലഭം പോലെ സുന്ദരി!തുണിമില്ലില്‍ നിന്നുള്ള മാലിന്യങ്ങള്‍ എല്ലാം ഒഴുകി എത്തിയിരുന്നത് കാവേരി നദിയിലേക്കായിരുന്നു.പാലത്തില്‍നിന്ന് നോക്കിയാല്‍ കാവേരിയിലെ വെള്ളത്തിന്റെ നിറം കറുപ്പായിരുന്നു.ഈ നദിയിലെ വെള്ളമാണ് എത്രയോ ആളുകള്‍ഉ പയോഗിക്കുന്നത്.അതുകൊണ്ടാണല്ലോ സ്വന്തം ജീവനെക്കാള്‍ തമിഴന്മാര്‍ കാവേരിക്കുവേണ്ടി വാദിക്കുന്നത്.

കുളികഴിഞ്ഞ് ചെന്നപ്പോഴേക്കും കാവേരി ചായ ഇട്ടുകഴിഞ്ഞിരുന്നു.അക്ക ഉപ്പുമാവ് ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു.നാലു പ്ലേറ്റില്‍ കാവേരി ഉപ്പുമാവ് വിളമ്പി.”നീ കഴിച്ചോ കാവേരി?”സജോ ചോദിച്ചു.ഇല്ലന്നവള്‍ തലയാട്ടി. സനില്‍അടു ക്കളയില്‍പ്പോയി ഒരു പ്ലേറ്റിലൂടെ ഉപ്പുമാവ് വിളമ്പിക്കൊണ്ടു വന്നു.സനിലിനും സജോയ്ക്കും പെങ്ങന്മാര്‍ ഇല്ലാത്തതുകൊണ്ട് അവര്‍ക്കവളെ വലിയ ഇഷ്ട്‌മായിരുന്നു.കഴിച്ച് കഴിഞ്ഞ് പാത്രം കഴുകാനായി അവള്‍ കൊണ്ടുപോയെങ്കിലും അവളെ കൊണ്ടത് കഴുകാന്‍ ഞങ്ങള്‍ സമ്മതിച്ചില്ല.“നിനക്ക് സ്കൂളില്‍ പോകേണ്ടേ?നീ പൊയ്ക്കോ”അവള്‍ പാലുപാത്രവുമായി തിരികെ പോയി.

ജിനു വീണ്ടും പോയികിടന്നു.“നീ ഇന്നു വരുന്നില്ലേടാ..?”അവന്‍ കിടക്കുന്നതുകണ്ടോട്ട് ഞാന്‍ ചോദിച്ചു. ”ഞാനിന്നില്ലനിങ്ങളുപൊയ്ക്കോ ?”അവന്‍ പറഞ്ഞു.വൈകിട്ട് കള്ളടിക്കാനുള്ള പരിപാടിയാണന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.പനയില്‍ നിന്ന് വേട്ടി ഇറക്കുമ്പോഴേ കള്ള്ചേച്ചി കള്ള് കുടത്തില്‍ വീട്ടില്‍ എത്തിക്കും.കഴിഞ്ഞ ആഴ്ച് , ചേച്ചി കൊണ്ടുകൊടുത്ത കള്ള് മട്ടായിരുന്നുവെന്ന് പറഞ്ഞ് ജിനു രാത്രിയില്‍ ചെത്തുകാരനെ വിളിച്ചുകൊണ്ട് വന്ന് പനയില്‍നിന്ന് കള്ളിറക്കി കൊണ്ടുവന്നതാണ്.ഞങ്ങള്‍ മൂന്നുപേരും പോകാനായി ഇറങ്ങി.അക്കയുടെ വീടിനടുത്ത് അക്കഞങ്ങളെ കാത്തുനില്‍പ്പുണ്ടായിരുന്നു.കുഞ്ഞിനുള്ള മരുന്നിന്റെ ചീട്ടുമായിട്ടായിരുന്നു നില്‍പ്പ്.ചീട്ടിന്റെ കൂടെ നല്‍കിയ പണം തിരിച്ചുകൊടുത്ത് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു.ബസ് സ്റ്റോപ്പില്‍ കാവേരി നില്‍ക്കുന്നത് കാണാമായിരുന്നു. ബൈക്കിന്റെശബ്ദ്ദം കേട്ട് അവള്‍ വെയ്റ്റിംങ്ങ് ഷെഡില്‍ നിന്ന് ഇറങ്ങിനിന്നു.അവളെ കണ്ട് ബൈക്ക് നിര്‍ത്തി.“അണ്ണാ ഒരുലിഫ്റ്റ് ”.അവള്‍ ബൈക്കില്‍ കയറി.

വൈകുന്നേരം തിരിച്ചെത്തിയപ്പോള്‍ കാവേരി വീട്ടിലുണ്ട്.അക്ക അമ്പലത്തില്‍ പോയതുകൊണ്ട് രാത്രിയിലേക്കുള്ള ആഹാരം വയ്ക്കാനായി വന്നതാണ്. .കാവേരിയുടെ കൈയ്യില്‍ അക്ക രാവിലെ തന്നുവിട്ട ചീട്ടും മരുന്നും കൊടുത്തു.ജിനുകള്ളുചേച്ചിയെ തിരക്കി ഇറങ്ങി.കള്ള് ചേച്ചി വൈകുന്നേരം എത്തേണ്ടതാണ്.സന്ധ്യയായപ്പോള്‍ അവന്‍ എത്തിയത് പുതിയ ഒരു വാര്‍ത്ത യുമായി ആയിരുന്നു.“മരുത് നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കന്നു...”.രാത്രിയില്‍ എപ്പോഴോകതികില്‍ ആരോ മുട്ടുന്ന ശബ്ദ്ദം കേട്ട് ഞങ്ങള്‍ ഉണര്‍ന്നു.ഞാന്‍ എഴുന്നേറ്റപ്പോഴേക്കും ജിനുവും സജോയും വാതിക്കല്‍ എത്തിയിരുന്നു.ഞങ്ങള്‍ വാതില്‍ തുറന്നു.വാ‍തിക്കല്‍ കരഞ്ഞുകൊണ്ട് കാവേരി.അണയ്ക്കുന്നുണ്ടായിരുന്നുഅവള്‍.”എന്താ..?”ഞങ്ങള്‍ ചോദിച്ച പ്പോള്‍ അവളുടെ കരച്ചിലിന്റെ ശബ്ദ്ദം കൂടി.അവളുടെ കണ്ണില്‍ ഭയം നിറഞ്ഞുനില്‍ക്കുന്നത് ഞങ്ങള്‍ കണ്ടു.അവള്‍ ആലില പോലെ വിറയ്ക്കുകയായിരുന്നു.എവിടയോ ഒരു വാഹനംസ്റ്റാര്‍ട്ട് ആവുന്ന ശബ്ദ്ദം കേട്ടു.”ശീഘ്രം ഉള്ളെ വാ,..”അവള്‍ അകത്തേക്ക് കയറി.മുറിയിലെ ലൈറ്റ് അവള്‍ഓഫ് ചെയ്തു.

സനില്‍ അവള്‍ക്ക് വെള്ളം കൊണ്ടുവന്നു കൊടുത്തു.വെള്ളം കുടിച്ചിട്ടവള്‍ സംഭവിച്ചത് പറഞ്ഞു.രാത്രിയില്‍മരുത് വീട്ടിലെത്തിയത് മദ്യക്കുപ്പിയുമായിട്ടായിരുന്നു.അയാളുടെ കൂടെ വേറെ രണ്ടുപേരുംകൂടി ഉണ്ടായിരുന്നു.അയാള്‍ പറഞ്ഞിട്ട് അക്ക വെള്ളമൊക്കെ കൊണ്ടുകൊടുത്തു.അവര്‍ മദ്യപിച്ചു തുടങ്ങി.കുഞ്ഞിനു പെട്ടന്നാണ്ചൂടുകയറി കൊണ്ടത്.മഹിത കുഞ്ഞിനുള്ള മരുന്ന് കലക്കാനായി വെള്ളം എടുക്കാനായി അടുക്കളയിലേക്ക്ചെന്നപ്പോള്‍ മരിത് അവളെ കണ്ടു.മഹിതയെ അയാള്‍ അവരുടെ അടുത്തേക്ക് വിളിച്ചു.വരരുത് എന്ന് അക്കഅവളെ ആഗ്യം കാണിച്ചു.അവള്‍ അയാള്‍ വിളിച്ചത് കേള്‍ക്കാ ത്ത ഭാവത്തില്‍ മുറിയിലേക്ക് തിരിഞ്ഞു.പെട്ടന്നയാള്‍എഴുന്നേറ്റ് അവളെ കയറിപ്പിടിച്ചു വലിച്ചു.അക്ക പെട്ടന്നയാളെ തള്ളിമാറ്റി.അയാളുടെ കൂടെയുള്ള രണ്ടുപേരുംഅയാളുടെ സഹായത്തിനായി ചെന്നു.മഹിത കുഞ്ഞിനെ എടുത്തുകൊണ്ട് പുറകിലെ വാതില്‍ തുറന്നു പുറത്തേക്ക്ഓടി.കാവേരിയും അവളുടെ പുറകെ ഇറങ്ങി.കാവേരി ഓടി ഞങ്ങളുടെ അടുത്തുവന്നു.കരഞ്ഞ് കരഞ്ഞ് കാവേരിഉറങ്ങി.

രാവിലെ ഒരേഴുമണിയായപ്പോഴാണ് അക്കഎത്തിയത്.മഹിതയുടെ ഭര്‍ത്താവിന്റെ വീട്ടിലെ അഡ്രസ്സുമായിട്ടായിരുന്നു അക്ക എത്തിയത്.മഹിതയെ തിരിച്ചുകൊണ്ടുപോകാന്‍ അവരോടൊന്നു സംസാരിക്കാമോ എന്നുചോദിച്ചപ്പോള്‍ ഒക്കില്ല എന്നു പറയാന്‍ തോന്നിയില്ല.ഇനി എപ്പോള്‍ വേണമെങ്കിലും മരുത് വീണ്ടും എത്തുമെന്ന്അക്ക ഭയപ്പെട്ടിരുന്നു.അക്ക കാവേരിയും കൊണ്ട് പോയിക്കഴിഞ്ഞപ്പോള്‍ ഞങ്ങളും ഇറങ്ങി.അക്ക തന്ന അഡ്രസ്സില്‍ഞങ്ങള്‍ നാലുപേരും കൂടി യാത്രയായി.

മഹിതയുടെ ഭര്‍ത്താവിന്റെ വീട്ടിലെത്തി ഞങ്ങള്‍ സംസാരിച്ചു.നാല്‍പ്പതിനായിരം രൂപ കൊടുക്കാം എന്നു പറഞ്ഞാണത്രെ കല്യാണം നടത്തിയത്.അതില്‍ പതിനയ്യായിരം രൂപമാത്രമേ അക്ക തിരിച്ച് കൊടുത്തിട്ടുള്ളു.ബാക്കി പണംകിട്ടാതെ അവര്‍ മഹിതയെ തിരിച്ചുകൊണ്ടുവരത്തില്ലന്ന് പറഞ്ഞു.അവര്‍ക്ക് ആ പണം കിട്ടിയിട്ട് വേണം മഹിതയുടെ ഭര്‍ത്താവിന്റെ അനുജത്തിയുടെ വിവാഹം നടത്താന്‍.ഒരാഴ്ചയ്ക്കുള്ളില്‍ പണം ശരിയാക്കാം എന്ന് പറഞ്ഞ്ഞങ്ങള്‍ ഇറങ്ങി.ഞങ്ങള്‍ ചെന്നപ്പോള്‍ മഹിതയുടെ ഭര്‍ത്താവ് അയാളുടെ കടയിലായിരുന്നു.അയാളോടുംസംസാരിക്കാം എന്നു കരുതി കട തിരക്കിപ്പി ടിച്ചു ചെന്നു.അയാളോട് സംസാരിച്ചപ്പോള്‍ അയാളുടെ നിസഹായതമനസ്സിലായി.അയാള്‍ പേഴ്സില്‍ നിന്ന് മഹിതയുടേയും കുഞ്ഞിന്റെയും ഫോട്ടോ എടുത്തുകാണിച്ചു.എങ്ങനെ അയാള്‍ക്ക്ഫോട്ടൊ കിട്ടിയന്ന് ഞങ്ങള്‍ ചോദിച്ചില്ല.സുധയക്കയ്ക്ക് ഇരുപത്തയ്യായിരം രൂപ ഉണ്ടാക്കി കൊടുക്കാന്‍ കഴിയത്തില്ലന്ന് അയാള്‍ക്കറിയാമായിരുന്നു.അതുകൊണ്ടയാള്‍ ഇരുപത്ത യ്യായിരം രൂപ സ്വന്തമായിട്ട് സ്വരൂപിച്ച് വീട്ടില്‍അക്കനല്‍കിയതാണന്ന് പറഞ്ഞ് വീട്ടില്‍ നല്‍കിയിട്ട് മഹിതയെ വിളിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുകയാണ്.ഇതുവരെപതിനയ്യായിരം രൂപയോളം സ്വരൂപിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു.

രണ്ടുദിവസം കഴിഞ്ഞ് ഞങ്ങള്‍ വീണ്ടും മഹിതയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ ചെന്നു.തലേന്ന് തന്നെ മഹിതയുടെഭര്‍ത്താവ് പതിനയ്യായിരം രൂപ ഞങ്ങളെ ഏല്‍പ്പിച്ചിരുന്നു.ബാക്കി പതിനായിരം രൂപ ഞങ്ങളും ഇട്ട് ഇരുപത്തയ്യായിരം രൂപ അവര്‍ക്ക് നല്‍കി.രണ്ടു ദിവസത്തിനുള്ളില്‍ മഹിതയെ അവര്‍കൂട്ടി കൊണ്ട് പോയി.വീട്ടില്‍ വീണ്ടും അക്കയും കാവേരിയും തനിച്ചായി.

തമിഴ്‌നാട്ടില്‍ നിന്ന് തിരിച്ചു പോരുന്നതിനു മുമ്പ് അക്കയുടെ ഭര്‍ത്താവിന്റെ വീട്ടുകാരുമായി സംസാരിച്ച് കാവേരിയെഎങ്കിലും അവരുടെ വീട്ടില്‍ എത്തിക്കണം എന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു.അതിനു ഞങ്ങള്‍ പലരുടേയും സഹായവും തേടി. അക്കയുടെ ഭര്‍ത്താവിന്റെ അനുജന്‍ വഴിയായിരുന്നു ഞങ്ങള്‍ ആ വീട്ടുകാരുമായി സംസാരിച്ചു കൊണ്ടിരുന്നത്.അയാളുടെ വിവാഹം കഴിഞ്ഞിട്ട് പത്തുവര്‍ഷത്തോളം ആയി എങ്കിലും കുട്ടികള്‍ ഇല്ലായിരുന്നു.അതുകൊണ്ട് അയാള്‍ വഴി കാവേരിയെ അവിടെ എത്തിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ടായിരുന്നു.ദിവസങ്ങള്‍ഓരോന്നയി കഴിഞ്ഞു.ഞങ്ങള്‍ക്ക് ഇനി ഒരാഴ്ച് കഴിഞ്ഞ് തമിഴ്‌നാട്ടില്‍ നിന്ന് യാത്ര പറയും.

കാവേരിയെ ഏറ്റെടുക്കാന്‍ അക്കയുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് സമ്മതമാണന്ന് ഞങ്ങളെ അറിയിച്ചു.ഇത് വെളിയില്‍ അറിഞ്ഞാല്‍ മരുത് അടങ്ങിയിരിക്കില്ലന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു.ഞങ്ങളാരോടും പറഞ്ഞില്ല.അക്കയ്ക്കും ഒരു സ്ഥലം കണ്ടെത്തിനല്‍കണമായിരുന്നു.നാട്ടിലെ ഒരു കോണ്‍‌വെന്റില്‍ ഞങ്ങള്‍ സ്ഥലം കണ്ടെത്തുകയും ചെയ്തു.ഞങ്ങള്‍ തമിഴ്നാ ട്ടില്‍ നിന്ന് തിരിച്ച് പോരുന്ന അന്ന് കാവേരിയെ അവളുടെ അച്ഛന്റെ വീട്ടില്‍ ആക്കിഅക്കയുമായി നാട്ടിലേക്ക് വരികയും ചെയ്യുക എന്ന് ഞങ്ങള്‍ തീരുമാനിച്ചു.തിരുമാനം മറ്റാരും അറിയാതിരിക്കാന്‍ഞങ്ങള്‍ ശ്രമിച്ചുവെങ്കിലും എങ്ങനയോ അത് പുറത്തായി.അമ്മയെ വിട്ട് എങ്ങോട്ടും ഇല്ല എന്ന് കാവേരികരഞ്ഞു പറഞ്ഞു എങ്കിലും വളരെ ബുദ്ധിമുട്ടി ഞങ്ങള്‍ അവളെ ക്കൊണ്ട് സമ്മതിപ്പിച്ചു.

എല്ലാം ശുഭമായി അവസാനിക്കുന്ന സന്തോഷത്തില്‍ ഞങ്ങള്‍ കിടന്നു.നാട്ടിലേക്ക് കൊണ്ടു പോകാനുള്ളതെല്ലാംഞങ്ങള്‍ പാഴ്‌സല്‍ സര്‍വ്വീസില്‍ നിന്ന് അയിച്ചിരുന്നു.ഉറക്കത്തില്‍ കതികിനു ആരോമുട്ടുന്നതായി തോന്നി.കതക്തുറന്നു നോക്കിയ പ്പോള്‍ അക്കയുടെ അടുത്തവീട്ടിലെ ആളാണ്.ആരക്കയോ അക്കയുടെ വീട് തല്ലിതകര്‍ക്കുന്നുഎന്നയാള്‍ പറഞ്ഞു.ഞങ്ങള്‍ നാലുപേരും അവിടെ എത്തിയപ്പോള്‍ അക്കയെ ചിലര്‍ ബലമായി ഒരു ജീപ്പില്‍ പിടിച്ച് കയറ്റുകയാണ്.കാവേരിയെ അവിടൊന്നും കണ്ടില്ല.നാട്ടുകാരെല്ലാം കാഴ്ച് കണ്ട് രസിക്കുകയാണ്.ഞങ്ങള്‍നാലുപേരും കൂടി അവരോട് ഏറ്റുമുട്ടി.പക്ഷേ ഞങ്ങള്‍ക്ക് അക്കയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.അവര്‍ അക്കയേയുംകൊണ്ട് പോയി.കാവേരിയെ ഞങ്ങള്‍ അവിടൊക്കെ തിരഞ്ഞു.കണ്ടില്ല.അവള്‍ എവിടെയെങ്കിലും ഒളിച്ചിരിപ്പുണ്ടായിരിക്കും എന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു.

രാവിലെ നേരം പുലര്‍ന്നത് ഞെട്ടീക്കുന്ന വാര്‍ത്തയുമായിട്ടായിരുന്നു.സുധയക്കയുടെ ശവം റെയില്‍‌വേ ട്രാക്കില്‍കിടക്കുന്നു. ഞങ്ങള്‍ അവിടേക്ക് ഓടി.പൂര്‍ണ്ണ നഗ്നമായി കിടക്കുകയാണ് മൃതശരീരം.ശരീരത്തിലെ ചോരപ്പാടുകള്‍കണ്ടാല്‍ അറിയാം എങ്ങനെയാണ് അക്ക മരിച്ചതെന്ന്.ട്രയിന്‍ ആ ശരീരത്തില്‍ തൊട്ടിട്ടുപോലുമില്ല.ആളുകള്‍പലതും അടക്കിപ്പിടിച്ച് സംസാരി ക്കുന്നുണ്ട്.നേരം വെളുത്തിട്ടും കാവേരി തിരിച്ച് വീട്ടില്‍ എത്തിയിട്ടില്ലായിരുന്നു.അവളിത് കാണുമ്പോള്‍ എന്തായിരിക്കും ചെയ്യുക എന്ന് ഞങ്ങള്‍ ഭയപ്പെട്ടു.പോലീസ് എത്തിയന്ന് ആരോപറഞ്ഞു.മരുത് ജീപ്പില്‍ നിന്നിറങ്ങിയപ്പോഴേ ആളുകളില്‍ പകുതിയും അവിടെനിന്ന് പോയി.അയാള്‍ മൃതശരീരത്തിനു മുന്നില്‍ വന്നു നിന്നു.അയാളോടൊപ്പം പലപ്പോഴും അന്തിയുറ ങ്ങിയ,ശ്വാസനിശ്വാസങ്ങള്‍ അനുഭവിച്ച്ആ ശരീരത്തിനു മുന്നില്‍ നിന്നപ്പോള്‍ അയാള്‍ക്കൊരു ഭാവവെത്യാസവും ഇല്ലായിരുന്നു.

മരുതിന്റെ നോട്ടം പലപ്പോഴും ഞങ്ങളിലേക്ക് പാളി വീഴുന്നുണ്ടായിരുന്നു.ബോഡി ആംബുലന്‍സിലേക്ക് കയറ്റി.മരുത് ഞങ്ങളെ അയാളുടെ അടുത്തേക്ക് വിളിച്ചു.ഭയത്തോടെ ഞങ്ങള്‍ ചെന്നു.അയാളുടെ അടി ആദ്യം വീണത്എന്റെ കരണത്താ യിരുന്നു.പോലിസുകാരുടെ അടി ഞങ്ങളുടെമേല്‍ വീണു.ഞങ്ങളെ ജീപ്പിലേക്ക് തള്ളിയിട്ട്മരുത് ജീപ്പിന്റെ മുന്നിലേക്ക് നടന്നു.കാവേരി ഓടി വരുന്നത് ഞാന്‍ കണ്ടു.അവള്‍ മരുതിന്റെ അടുത്ത് എത്തിയതുംപാവാടയുടെ പുറകില്‍ ഒളിപ്പിച്ച് വെച്ചിരുന്ന് കൊടുവാള്‍ എടുത്ത് മരുതിന്റെ കഴുത്തിനു നേരെ വീശിയതും ഒരുമിച്ചായിരുന്നു.ആദ്യത്തെ വെട്ടിനു തന്നെ മരുതുന്റെ കഴുത്ത് മുറിഞ്ഞ് തൂങ്ങി.കലി തീരുവോളും അവള്‍ അയാളെവെട്ടി.

ചോരയില്‍ കുളിച്ചു നില്‍ക്കുന്ന അവളുടെ അടുത്തേക്ക് ഞങ്ങള്‍ ചെന്നു.”അണ്ണാ ഇയാളാണ് എന്റെ അമ്മയെ കൊന്നത് .... ഇയാളെ ഞാനും കൊന്നു”അവള്‍ പൊട്ടിക്കരഞ്ഞ് കൊണ്ട് നിലത്തേക്ക് ഇരുന്നു.

നീണ്ട് എട്ടുവര്‍ഷങ്ങള്‍ കഴിഞ്ഞു പോയിരിക്കുന്നു...........

ഇന്ന് കാവേരിയെ ജയിലില്‍ നിന്ന് മോചിപ്പിക്കുന്ന ദിവസമാണ്.അവളെ സ്വീകരിക്കാന്‍ ഞങ്ങള്‍ നാലുപേരുമാത്രമല്ല. അവളുടെ രണ്ടു ചേച്ചിമാരും ഉണ്ട്.അവളുടെ മൂത്തചേച്ചിയേയും ഞങ്ങള്‍ കണ്ടെത്തിയിരുന്നു.തീര്‍ന്നില്ല അവളെ സ്വീകരിക്കാനുള്ളവരുടെ നിര... അവളുടെ അച്ഛന്റെ വീട്ടുകാരും ഉണ്ട്... പിന്നെ ഒരു ഗ്രാമം മുഴുവനും...ജയിലിന്റെ ഇരുമ്പ് വാതില്‍ തുറന്ന് അവള്‍ ഇറങ്ങി വരുന്നു, ഞങ്ങളുടെ കാവേരി.ഇന്നവള്‍ ചിന്നവീട്ടിലെകാവേരിയല്ല.... കൌണ്ടര്‍ വീട്ടിലെ കാവേരിയാണ് .....................

11 comments:

SHAJNI said...

HAI,
KADDA KOLLAM.SUDAAKKA ENNA PERU SATHYAMANENNARIYAM.BAKKI KADAYO ADO ATHMAKADAMSAMO?

Anonymous said...

nice.......

Jayasree Lakshmy Kumar said...

ഒരു സിനിമ കണ്ട പോലെ

Anonymous said...

I don't know, why I am sad.....

Anonymous said...

I don't know, why I am sad.....

Anonymous said...

Kada kollam/....but...Gan

അന്ന അനൂപ്‌ said...

i feel totally sad.......... i dont knw wy..... bt am experiancing the love of Sudhaka..... ok ... good writing..... keep it up....Best wishes

ഞാന്‍ ചാണ്ടി said...

kollam mashe innanu vayikkan sadichathu ,

നല്ലി . . . . . said...

എന്താടാ പറയുക എന്ത് പറഞ്ഞാലും കഥയുടെ മുന്നില്‍ ചെറുതായിപ്പോകുമല്ലോ :-(

Anonymous said...

Nalla manassinu nandi.. Touchingly narrated..

minimol said...

nice ..........

: :: ::