Sunday, January 13, 2008

ചോരവില്‍ക്കുന്നവര്‍ : (കഥ)

മനം മടുപ്പിക്കുന്ന ആശുപത്രിയുടെ മണത്തില്‍ നിന്ന് ഓടിയൊളിക്കാന്‍ രവീന്ദ്രന്‍ ആഗ്രഹിച്ചു.ഡെറ്റോളിന്റെയും ഫിനൈലിന്റെയും ഇടകലര്‍ന്ന മണം തലയെ മരവിപ്പിക്കുന്നതായിരുന്നു.കൊതുകുകള്‍ കൂട്ടമായിട്ടാണ് ആക്രമിക്കുന്നത്. അവയുടെ മൂളലില്‍ തന്നെ ഭയാനകത ഒളിഞ്ഞിരുപ്പുണ്ട്.കൊതുകുകള്‍ പൊതിഞ്ഞിട്ടും രവീന്ദ്രന്‍ അവയെ അടിച്ചില്ല.ആശുപത്രി വാരാന്തയില്‍ വിരിച്ച പായില്‍ അയാള്‍ ഒന്നുകൂടി ചുരുണ്ടു.

തറയില്‍ നിന്നുള്ള തണുപ്പ് ശരീരത്തിലേക്ക് തുളച്ചുകയറുകയാണ്.അസ്ഥികളെപ്പോലും വിറങ്ങലിപ്പിക്കുന്ന
തണുപ്പാണ്.ഇപ്പോള്‍ രാത്രിയിലെ താപനില പത്തു ഡിഗ്രിയാണത്രെ!അയാള്‍ തന്റെ കൈ അരയില്‍ നിന്നൂരി പുതപ്പാക്കി മാറ്റി.ചുറ്റിനും കുറെപ്പേര്‍ കിടന്നുറങ്ങുന്നുണ്ട്.രോഗികള്‍ക്ക് കൂട്ടിരിക്കാനായൊ വന്നവരാണെല്ലാവരും.അവരുടെ അമ്മയോ അച്ഛനോ മകളോ മകനോ ഭാര്യയോ ആരെങ്കിലും വാര്‍ഡില്‍
തുരുമ്പാക്രമിക്കുന്ന കട്ടിലില്‍ ഞെരുങ്ങി കിടക്കുന്നുണ്ടാവാം.എല്ലാ കട്ടിലിലും രണ്ടുപേരുണ്ട്.കട്ടില്‍ കിട്ടാത്തവര്‍ നിലത്ത് പായില്‍ കിടക്കുന്നുണ്ട്.

രവീന്ദ്രന്‍ കൈലിക്കുള്ളിലേക്ക് ചുരുണ്ടുകൂടി.കൊതുകുകളുടെ മൂളല്‍ അസഹനീയമാണ്.അവ കുത്തുന്നിടത്ത് ചൊറിഞ്ഞ് തടിക്കുകയാണ്.അയാള്‍ അണ്ടര്‍‌വെയറിന്റെ പോക്കറ്റ് തപ്പി.ബീഡി ഇനി ബാക്കിയുണ്ടാവുമോ? അയാള്‍ കിടന്നുകൊണ്ടു തന്നെ പോക്കറ്റില്‍ നിന്ന് ബീഡി തപ്പിയെടുത്തു.കൈലി അരയ്ക്ക് ചുറ്റി അയാള്‍ നിവര്‍ന്നു.ചുവരില്‍ ചാരിയിരുന്ന് ബീഡിക്ക് തീ കൊളുത്തി.ഊതിവിടുന്ന പുകച്ചുരുളുകള്‍ വായുവിലേക്ക് അലിഞ്ഞ് ഇല്ലാതാവുന്നത് നോക്കി അയാളിരുന്നു.മിന്നാ മിനുങ്ങുകള്‍ തിളങ്ങുന്നതുപോലെ വാരന്തയില്‍ പലയിടത്തും ബീഡിക്കുറ്റികള്‍ തിളങ്ങുന്നുണ്ടായിരുന്നു.വാര്‍ഡില്‍ ആരോ ശരീരം വലിച്ച്പറിച്ച് ചുമയ്ക്കുന്നുണ്ട്. ചുമയ്ക്കവസാനം കാറിത്തുപ്പുന്നതും ശരിക്ക് കേള്‍ക്കാം.

പിറ്റേന്ന് ഡോക്ടര്‍ക്ക് നല്‍കേണ്ട അഞ്ഞൂറുരൂപയെക്കുറിച്ച് രവീന്ദ്രന്‍ ചിന്തിച്ചു.നാളെ എങ്ങനെയെങ്കിലും
പണം നല്‍കി മറ്റേന്നാളെങ്കിലും ഓപ്പറേഷന്‍ നടത്തണം.ഓരോദിവസം കഴിയുന്തോറും അവളുടെ വയറ്റിലെ വേദനകൂടിക്കൂടി വരികയാണ്.അവളുടെ വയറിപ്പോള്‍ നീരുകെട്ടി ആകെ വീര്‍ത്തിരിക്കുകയാണ്.അവളെ കല്യാണം കഴിക്കുന്നതിനു മുമ്പ് കണ്ടത്തില്‍ ചുമടെടുക്കാന്‍ പോകുമ്പോള്‍ കൊയ്തുകൊണ്ടിരിക്കുന്ന
വയറുലേക്ക് നോക്കി താന്‍ എത്രയോ സമയം നിന്നിരുന്നു.പൊലി അളന്നു നല്‍കുമ്പോഴും തന്റെ നോട്ടം അവളുടെ വയറിന്മേലാക്കായിരിക്കും.തന്റെ നോട്ടം തിരിച്ചറിയുമ്പോള്‍ അവള്‍ കൊയ്ത്തരിവാള്‍ മുണ്ടിന്റെ പുറകില്‍ കുത്തി അരയില്‍ കെട്ടിയ കുറിയാണ്ട് നിവര്‍ത്തി അരയില്‍ തിരുകി തോളത്തേക്ക് വലിച്ചിടുമായിരുന്നു.

ചിന്തകള്‍ കടന്നാക്രമിച്ചപ്പോള്‍ രവീന്ദ്രന്‍ അണ്ടര്‍വെയറിന്റെ പോക്കറ്റില്‍ നിന്ന് അവസാനത്തെ ബീഡിയും എടുത്ത് ചുണ്ടില്‍ വെച്ചു.ഉപ്പു കലര്‍ന്ന ബീഡിപ്പുക ഉള്ളിലേക്ക് കടന്നപ്പോള്‍ തികട്ടിവന്ന ചുമ ഉള്ളില്‍ ഒതുക്കി ആഞ്ഞാഞ്ഞ് വലിച്ചു.ബീഡിയിലെ ചുവന്ന നൂലിന്റെ കെട്ടും കഴിഞ്ഞ് പടര്‍ന്ന തീ കൈ പൊള്ളിച്ചപ്പോള്‍ അയാള്‍ ബീഡിക്കുറ്റി പുറത്തേക്ക് എറിഞ്ഞു.അയാള്‍ വീണ്ടും കൈലിക്കു ള്ളിലേക്ക് ചുരുണ്ടുകയറി.

കാലില്‍ നനവു തട്ടിയപ്പോള്‍ അയാള്‍ ഉണര്‍ന്നു.കക്കൂസില്‍ നിന്നുളള വെള്ളം വാരാന്തയിലൂടെ ഒഴുകുകയാണ്. അയാള്‍ വേഗം എഴുന്നേറ്റ് പായ് മടക്കി.കക്കൂസിനു മുന്നിലെ നിരയ്ക്ക് പത്തിരുപത് പേരുടെ നീളമുണ്ട്.അയാള്‍ പായും എടുത്ത് വാര്‍ഡിലേക്ക് കയറി.ഭാര്യ കിടക്കുന്ന കട്ടിലിനു കീഴിലേക്ക് അയാള്‍ പായ് വെച്ചു.വേദനകള്‍ ഒളിപ്പിച്ച് ഭാര്യ ചിരി നല്‍കിയപ്പോള്‍ അയാളും അവള്‍ക്ക് ഒരു ചിരി നല്‍കി.അയാള്‍ അവളുടെ അടുത്ത് ചെന്നിരുന്നു.അയാള്‍ക്കും കൂടി ഇരിക്കാന്‍ പാകത്തില്‍ ആ കട്ടിലില്‍ കിടന്ന മറ്റേ സ്ത്രി ഒതുങ്ങി കിടന്നു.
“പണം ശരിയായോ ?” അവള്‍ ചോദിച്ചു.
“ശരിയാകും,നാളെത്തന്നെ ഓപ്പറേഷന്‍ നടത്താം.”അയാള്‍ അവളോട് അങ്ങനെ പറഞ്ഞുവെങ്കിലും എവിടെ നിന്ന് അഞ്ഞൂറ് രൂപ ഉണ്ടാക്കുമെന്ന് അയാള്‍ക്കറിയില്ലായിരുന്നു.അവളുടെ കണ്ണില്‍ പ്രതീക്ഷകളുടെ വര്‍ണ്ണങ്ങള്‍ നിറയുന്നതയാള്‍ കണ്ടു.അയാള്‍ അവളുടെ അടുത്തുനിന്ന് പുറത്തേക്കിറങ്ങി.എവിടെ നിന്നാണ് അഞ്ഞൂറ്രൂപ കിട്ടാന്‍ വഴിയുള്ളത്.

പാര്‍ട്ടി ഓഫീസില്‍ പറഞ്ഞാല്‍ ചിലപ്പോള്‍ പണം തരുമായിരിക്കും.പക്ഷേ പണം എന്തിനാണന്ന് ചോദിച്ചാല്‍ സത്യം പറയേണ്ടി വരും.കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ആശുപത്രിയില്‍ കൈക്കൂലി വാങ്ങുന്ന ഡോക്ടര്‍മാരെ ജനകീയ വിചാരണ ചെയ്തപ്പോള്‍ താനും അതില്‍ പങ്കെടുത്തിരുന്നു.കൈക്കൂലിക്കെതിരെ സമരം നടത്തിയ താന്‍ കൈക്കൂലി നല്‍കാന്‍ പണം പാര്‍ട്ടി ഓഫീസില്‍ചെന്ന് ചോദിക്കുന്നതെങ്ങനെയാണ്?

അയാള്‍ നടന്ന് ബ്ലഡ് ബാങ്കിനു മുന്നില്‍ ചെന്നു.അവിടെ ചെന്നപ്പോഴാണ് അങ്ങനെയൊരു സാധ്യതയെക്കുറിച്ച് അയാള്‍ ചിന്തിച്ചത്.രക്തം വില്‍ക്കുക! രക്തം പണം വാങ്ങി നല്‍കുന്നത് തെറ്റാണന്ന് അയാള്‍ക്കറിയാമായിരുന്നു. പത്തോളം പേര്‍ക്ക് അയാള്‍ രക്തം നല്‍കിയിരുന്നു.അയാളുടെ രക്തഗ്രൂപ്പ് AB നെഗറ്റീവ് ആയിരുന്നതുകൊണ്ട് ആവിശ്യക്കാര്‍ ഏറെയായിരുന്നു.അയാള്‍ ഇതുവരെ ഒരിക്കല്‍പ്പോലും പണം വാങ്ങി രക്തം നല്‍കിയിരുന്നില്ല.

ചൂടിന് കനം വെച്ച് തുടങ്ങുകയാണ്.രവീന്ദ്രന്‍ മരത്തണലിലേക്ക് മാറി നിന്നു.ഏജന്റുമാര്‍ ആളുകളെ
കൊണ്ടുവരുന്നത് അയാള്‍ കണ്ടു.രക്തം കൊടുക്കുന്നവരില്‍ വിരലിലെണ്ണാ‍വുന്നവര്‍ അല്ലാതെ ആരും പണം വാങ്ങാറില്ല.പക്ഷേ ഏജന്റുമാര്‍ രക്തം ആവിശ്യമുള്ളവരില്‍ നിന്ന് പണം വാങ്ങാറുണ്ട്.ഒരു വൃദ്ധന്‍ രവീന്ദ്രന്റെയടുത്തേക്ക് വന്നു.
“ചോര കൊടുക്കാന്‍ വന്നതാണോ? വൃദ്ധന്‍ രവീന്ദ്രനോട് ചോദിച്ചു.രവീന്ദ്രന്‍ തലയാട്ടി.വൃദ്ധന്‍ രവീന്ദ്രന്റെ
നേരെ ഒരു കടലാസ് കഷ്ണം നീട്ടിയിട്ട് ചോദിച്ചു.
“മോന്റെ ചോര ഇതാണോ?” രവീന്ദ്രന്‍ പേപ്പര്‍ വാങ്ങിച്ചു നോക്കി.AB നെഗറ്റീവ് എന്ന് അതില്‍ എഴുതിയിരുന്നു.
അതെ എന്നര്‍ത്ഥത്തില്‍ രവീന്ദ്രന്‍ തലയാട്ടി.
“ഞാന്‍ രണ്ടു ദിവസമായി ഈ മാതിരി ചോരയുള്ളവരെ നോക്കി നടക്കുകയാ.നാളെ കഴിഞ്ഞ് മോടെ കടിഞ്ഞൂല്‍ പ്രസവമാ.. ചോരവേണമെന്നാ ഡോക്ടര്‍ പറഞ്ഞത്...”വൃദ്ധന്‍ പറഞ്ഞുകൊണ്ടിരുന്നു.വൃദ്ധന്‍ പറയുന്നതെല്ലാം കേള്‍ക്കുന്നതായി ഭാവിച്ച് രവീന്ദ്രന്‍ തലയാട്ടികൊണ്ടിരുന്നു.അയാളുടെ മനസ്സിലപ്പോഴും ഡോക്ടര്‍ക്ക് കൊടുക്കാനുള്ള അഞ്ഞൂറ് രൂപയായിരുന്നു.
“ചോര വേണമെങ്കില്‍ അഞ്ഞൂറ് രൂപ തരണം..” രവീന്ദ്രന്‍ പറഞ്ഞു.

വൃദ്ധന്റെ മുഖഭാവം മാറുന്നത് രവീന്ദ്രന്‍ കണ്ടു.മുഖത്ത് ദൈന്യതനിറഞ്ഞ് നില്‍ക്കുന്ന വൃദ്ധന്‍.അയാള്‍ എന്തോ ആലോചിക്കുകയാണ്.
“ഒരു നാനൂറ്രൂപ തന്നാല്‍ മതിയോ മോനേ..?”അയാളുടെ ശബ്ദ്ദം വിറങ്ങലിച്ചിരുന്നു.എന്തോ അപരാധം
ചെയ്യുന്നതുപോലെ അയാളുടെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു.ചോരയ്‌ക്കും വിലപേശുന്നവര്‍!!രവീന്ദ്രന്‍ ഉള്ളില്‍ പറഞ്ഞു.വൃദ്ധന്റെ മുഖത്തേക്ക് നോക്കി നാനൂറ് പോരാ എന്ന് പറയാന്‍ അയാള്‍ക്ക് തോന്നിയില്ല.
“മതി..”അയാള്‍ വൃദ്ധനോട് പറഞ്ഞു.വൃദ്ധന്റെ മുഖത്ത് പ്രകാശം പരക്കുന്നത് അയാള്‍ കണ്ടു.

ബ്ലഡ് ബാങ്കില്‍ നിന്ന് ഇറങ്ങിവന്ന രവീന്ദ്രനെയും കാത്ത് വൃദ്ധന്‍ മരച്ചുവട്ടില്‍ തന്നെ ഉണ്ടായിരുന്നു.
“ചോര എടുത്തപ്പോള്‍ മോന് വേദനിച്ചോ..?”വൃദ്ധന്റെ ചോദ്യം കേട്ടതായി രവീന്ദ്രന്‍ ഭാവിച്ചില്ല.
“കാശ് “
വൃദ്ധന്‍ പതര്‍ച്ചയോടെ കൈയ്യില്‍ ചുരുട്ടിപ്പിടിച്ചിരുന്ന നോട്ടുകള്‍ രവീന്ദ്രന്റെ കൈയ്യിലേക്ക് നല്‍കി.ആ നോട്ടുകള്‍ വിയര്‍പ്പില്‍ കുതിര്‍ന്നിരുന്നു.അമ്പതിന്റെയും പത്തിന്റെയും അഞ്ചിന്റെയും നോട്ടുകള്‍ ആയിരുന്നു അതില്‍.രവീന്ദ്രനത് എണ്ണി നോക്കി.മുന്നൂറ്റിനാല്‍പ്പത് രൂപ.
“ഇത് നാനൂറ് ഇല്ലല്ലോ ?” രവീന്ദ്രന്‍ പറഞ്ഞു.
“എന്റെ കൈയ്യില്‍ ഇത്രയേ ഉള്ളൂ മോനേ.. ബാക്കി ഞാന്‍ രണ്ടു ദിവസം കഴിഞ്ഞിട്ട് തരാം”

രവീന്ദ്രന്റെ ഭാവം മാറുന്നത് വൃദ്ധന്‍ പേടിയോടെ കണ്ടു.അയാള്‍ വൃദ്ധനെ കടന്നു പിടിച്ചു.അവരുടെ ചുറ്റും ആളികള്‍ കൂടി.വൃദ്ധനൊന്ന് പൊട്ടിക്കരയണമെന്ന് ഉണ്ടായിരുന്നു.കുറ്റവാളിയെപ്പോലെ അയാള്‍ തലകുനിച്ചു. അയാളുടെ കണ്ണ് നിറഞ്ഞ് തുളുമ്പി.വൃദ്ധന്‍ തന്റെ മടിക്കുത്തില്‍ നിന്ന് ഒരു കടലാസുപൊതി എടുത്ത് രവീന്ദ്രന്റെ കൈയ്യില്‍ വെച്ചു.രവീന്ദ്രനത് തുറന്നു നോക്കി.
കറുത്ത ചരടില്‍ കോര്‍ത്ത ഒരു മിന്ന് !!
“മോടെ മിന്നാ,മോനിത് വിറ്റോ,അഞ്ഞൂറ് രൂപ കിട്ടാതിരിക്കില്ല..” വൃദ്ധന്റെ കണ്ണില്‍ നിന്ന് ജലകണങ്ങള്‍ താഴേക്ക് ഒഴുകി പരക്കുന്നതയാള്‍ കണ്ടു.താന്‍ ചെറുതായിപോകുന്നതായി രവീന്ദ്രനു തോന്നി.ഭൂമി പിളര്‍ന്ന് താന്‍ മറഞ്ഞ് പോയിരുന്നുവെങ്കില്‍ എന്നയാള്‍ ആശിച്ചു.അയാളുടെ മനസ്സില്‍ അവളുടെ കഴുത്തില്‍ താന്‍ കെട്ടിയ താലി തെളിഞ്ഞു.രവീന്ദ്രന്‍ കടലാസ് അതെപോലെ തന്നെ ചുരുട്ടി വൃദ്ധന്റെ കൈയ്യില്‍ കൊടുത്തു.വൃദ്ധന്‍ നല്‍കിയ പണം രവീന്ദ്രന്‍ വൃദ്ധന്റെ പോക്കറ്റില്‍ തിരുകി വെച്ചു.ആള്‍ക്കൂട്ടത്തില്‍ നിന്ന് രവീന്ദ്രന്‍ പുറത്ത് കടന്നു.

സന്ധ്യയാകാന്‍ ഇനി കുറച്ചു സമയം കൂടിമാത്രം.രവീന്ദ്രന്‍ വാരാന്തയില്‍ ഇരുന്ന ഒരാളിന്റെ കൈയ്യില്‍ നിന്ന് ഒരു ബീഡി വാങ്ങി കത്തിച്ചു. രാവിലത്തെ വൃദ്ധന്‍ തന്റെ അടുത്തേക്ക് വരുന്നത് അയാള്‍ കണ്ടു.വൃദ്ധന്റെ മുഖത്ത് സന്തോഷഭാവമായിരുന്നു.
“ഞാന്‍ മോനെ ഉച്ചയ്‌ക്കുമുതല്‍ നോക്കുവാ.. എന്റെ മോള് പ്രസവിച്ചു.ചൊരയൊന്നും വേണ്ടി വന്നില്ല..”
വൃദ്ധന്‍ പറയുകയാണ്.വൃദ്ധന്‍ പറയുന്നത് കേള്‍ക്കാന്‍ അയാള്‍ ഒരു താല്പര്യവും കാണിച്ചില്ല.

വൃദ്ധന്‍ രവീന്ദ്രനെ വിളിച്ച് അല്പം മാറ്റി നിര്‍ത്തി.തന്റെ പോക്കട്ടില്‍ നിന്ന് അഞ്ഞൂറിന്റെ നാല് പുത്തന്‍
നോട്ടുകള്‍ എടുത്ത് രവീന്ദ്രന്റെ നേരെ നീട്ടി.അയാള്‍ ചോദ്യഭാവത്തില്‍ വൃദ്ധനെ നോക്കി.സ്വകാര്യം പറയുന്നതുപോലെ വൃദ്ധന്‍ പറഞ്ഞു.
“മോന്റെ ചോര ഞാന്‍ രണ്ടായിരം രൂപയ്ക്ക് വേറെ ഒരാള്‍ക്ക് വിറ്റു.”
രവീന്ദ്രന്‍ വൃദ്ധന്റെ കൈയ്യില്‍ നിന്ന് ഒരു നോട്ടു മാത്രം വാങ്ങി ഡോക്ടറുടെ വീട്ടിലേക്ക് നടന്നു.വൃദ്ധനും
രവീന്ദ്രന്റെയൊപ്പം കൂടി.

7 comments:

Kaithamullu said...

തൊഴിലില്ലാത്തവര്‍ക്ക് നല്ല ഒര് ബിസിനസ് പ്രൊപോസലുമായിട്ടാണല്ലോ കഥ തീരുന്നത്!
അത് തീരെ പ്രതീക്ഷിച്ചില്ലാ‍, ട്ടോ!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചോരയ്ക്ക് വിലയുണ്ടല്ലേ...

അലി said...

വൃദ്ധന്‍ ആളു കൊള്ളാമല്ലോ...
രവീന്ദ്രന്റെ ചോര മറിച്ചുവിറ്റ പണവും കൊടുത്തല്ലോ!

കഥ നന്നായി...
അഭിനന്ദനങ്ങള്‍

SHAJNI said...

HAI,
SOME THING HURTS SOMEWHERE.KADA KOLLAM.

കതിരന്‍ said...

കൊള്ളാം നന്നായിരിക്കുന്നു ........
എഴുത്തു തുടരുക

Unknown said...

katha nannayi... keep it up....

നല്ലി . . . . . said...

ഹ ഹ ആ വൃദ്ധനാണു മിടുക്കന്‍, ജീവിക്കാന്‍ പഠിച്ചവന്‍

: :: ::