Thursday, January 17, 2008

ജീവിതത്തിലേക്കുള്ള യാത്ര :

ഈ യാത്രയ്ക്ക് ഒരു അവസാനം ഉണ്ടായിരിക്കുമോ?അറിയില്ല.ജീവിത യാത്രയുടെ അവസാനം നിശ്ചയി
ക്കുന്നത് ആരാണ് ?ശീതീകരിച്ച ഓപ്പറേഷന്‍ മുറിയിലേക്കുള്ള ഈ യാത്രയുടെ അവസാനം നിശ്ചയിക്കുന്നത് സൃഷ്ടികര്‍ത്താവല്ലേ?ജീവന്‍ നല്‍ക്കുന്നതും ജീവിത വഴി നല്‍കുന്നതും ജീവന്‍ എടുക്കുന്നതും എല്ലാം ഈശ്വരനാണല്ലോ? അല്ലങ്കില്‍ തന്നെ എന്റെ ഇതുവരെയുള്ള യാത്രയുടെ ആരംഭവും വഴികളും അവസാനവും നിശ്ചയിച്ചിരുന്നത് ഞാനല്ലല്ലോ ?

എങ്കിലും ഞാന്‍ ഈ യാത്ര ഇഷ്ട്പ്പെടുന്നു.അവസാനം അറിയാതെയുള്ള യാത്ര.എവിടേക്കോ പറന്നു പോകുന്ന അപ്പൂപ്പന്‍‌താടിപോലെ ഞാന്‍ പറന്നുപോവുകയാണ്.എവിടേക്കോ?എനിക്ക് തിരിച്ച് വരണം.നഷ്ടപ്പെട്ടതെല്ലാം നഷ്ട്പ്പെടുന്നതെല്ലാം എനിക്ക് തിരിച്ച് പിടിക്കണം.അപ്പോഴേക്കും എന്റെ സുഹൃത്തുക്കള്‍ വളരെ ദൂരം പിന്നിട്ടിരിക്കും.അവരുടെ കൂടെ എനിക്കും എത്തണം.അങ്കസ്ഥലത്തേക്ക് ഇറക്കിവിട്ട അങ്കക്കോഴിയുടെ അവസ്ഥയിലായിരുന്നു ഞാനെന്നും.അല്ലങ്കില്‍ അക്ഷരങ്ങളേയും അരങ്ങുകളേയും സ്നേഹിച്ച ഞാനെങ്ങനെ മോണിട്ടറുകളേയും മൌസുകളുടെയും ലോകത്ത് എത്തി.???

മുണ്ടുപെട്ടിയില്‍ വെച്ചിരുന്ന അമ്മച്ചിയുടെ കസവുമുണ്ടു കരണ്ട എലി ഇപ്പോള്‍ എന്നെയും കരണ്ടു
തുടങ്ങിയിരിക്കുന്നു.എലി വൈറസുകളായി എന്നെ കരളുന്നു.ആന്റിവൈറസ് എന്നെ സ്കാന്‍ ചെയ്യുമ്പോള്‍
വൈറസുകള്‍ എന്റെ ശരീരത്തിലൂടെ ഓടിയൊളിക്കാന്‍ ശ്രമിക്കുന്നത് എനിക്കറിയാന്‍ പറ്റുന്നുണ്ട്.ഇലക് ട്രോണിക് ഗേറ്റുകളും,തിയറവും,സ്റ്റാക്കും,ട്രീയും,അസംബ്ലികളും,ഡി‌എല്ലല്ലുകളും ഒക്കെ എന്റെ തലച്ചോറില്‍ പോരാടുന്നത് ഞാന്‍ അറിയുന്നുണ്ട്.ഈ പോരാട്ടത്തെക്കുറിച്ച് ആറാം ഇന്ദ്രിയം എനിക്ക് പലപ്പോഴും മുന്നറിയിപ്പ് തരുന്നു.

“ഒരിക്കലും തളരരുത് “ ടെലിഫോണില്‍കൂടിയുള്ള ആ സ്വാന്തനം എന്നെ ശക്തനാക്കുന്നു.എങ്കിലും പലപ്പോഴും മനസ്സിന്റെ നിയന്ത്രണം നഷ്ടമാകുന്നു.രാവിന്റെ ഏകാന്തതയില്‍ തലയിണ കണ്ണീരില്‍ കുതിരുമ്പോള്‍ കുരുക്ഷേത്രഭൂമിയില്‍ നിന്നുള്ള രഥചക്രങ്ങളുടെ ശബ്ദ്ദം നിശബ്ദ്ദതയെ കീറിമുറിച്ച് എന്റെ ചെവികളില്‍ മുഴങ്ങുന്നു.ആയുധം പ്രയോഗിക്കാനാവാതെ തളര്‍ന്നുവീണ അര്‍ജ്ജുനന് ശക്തിപകരുന്ന ശ്രീകൃഷ്ണഭഗവാന്റെ ശബ്ദ്ദം എന്നെ ഉണര്‍ത്തുന്നു.സുദര്‍ശനചക്രം എന്റെ മുന്നില്‍ കറങ്ങുന്നു.”സംഭവിച്ചെതെല്ലാം നല്ലതിന്.. സംഭവിക്കുന്നതെല്ലാം നല്ലതിന്...സംഭവിക്കാനുള്ളതും നല്ലതിന്... ജീവന്‍ എടുത്തപ്പോള്‍ നീ ഒന്നും ഭൂമിയിലേക്ക് കൊണ്ടുവന്നില്ല... ജീവന്‍ നഷ്ടപ്പെട്ട് തിരിച്ച് പോകുമ്പോളും നീ ഒന്നും കൊണ്ടുപോകുന്നില്ല....”ഭഗവാന്‍ എന്നെ തലോടുന്നു.വെണ്ണയുടെ മണം എന്റെ മൂക്കിലൂടെ ശരീരത്തിലേക്ക് പടരുന്നു.നഷ്‌ടപ്പെട്ട ധൈര്യം എന്നില്‍ നിറയുന്നു. എങ്കിലും എന്റെ മനസ്സിന്റെ തേങ്ങലുകള്‍ അവസാനിക്കുന്നില്ല.

കള്ളക്കര്‍ക്കിടകം ഒളിപ്പിച്ച് വയ്ക്കുന്ന മഴയുടെ ശകതിയും ചിങ്ങത്തിലെ സൂര്യകിരണങ്ങളില്‍ തിളങ്ങുന്ന
സ്വര്‍ണ്ണ കതിരുകള്‍ നിറഞ്ഞ നെല്‍പ്പാടങ്ങളും കൊയ്ത്തുപാട്ടും കറ്റമെതിക്കുന്ന താളവും മെതിക്കലിന്റെ സംഗീതവും തുറുചാര്‍ത്തലിന്റെ കാഴ്ചകളും എനിക്ക് അന്യമാവുകയാണ്.മഴയത്ത് പാടവരമ്പിലൂടെ കടിച്ചു മുറിച്ച വാഴയിലയും തലയില്‍ ചൂടി മഴയെ അറിയാനുള്ള യാത്രകള്‍...ആനച്ചേമ്പിലയില്‍ മഴത്തുള്ളികള്‍ ഓടിക്കളിക്കുന്ന വെള്ളത്തുള്ളികള്‍... പെയ്ത്തുവെള്ളം നിറഞ്ഞുകിടക്കുന്ന പാടത്തെ പന്തുകളിയും, പുതുവെള്ളത്തില്‍ കയറിവരുന്ന ഊത്തകളെ കുടകൊണ്ട് കുരിക്കിലാക്കുന്നതും...ആരുടയോ പറമ്പിലെ വരിക്കപ്ലാവിലെ ചക്കയില്‍ പാലക്കമ്പ് അടിച്ച് കയറ്റി പഴുപ്പിക്കുന്നതും എല്ലാം എനിക്ക് അന്യമാവുകയാണ്. സര്‍ക്യൂട്ടുകളും പ്രോഗ്രാമുകളും എന്നെ ചുറ്റിവരിയുകയാണ്.ഇവയില്‍ നിന്ന് എനിക്കൊരു മോചനം വേണം. പഴയ സ്വാതന്ത്രത്തിലേക്ക് എനിക്ക് തിരിച്ചു പോകണം.

എന്റെ മുന്നിലെ കാണികള്‍ കരഘോഷം മുഴക്കി എന്നെ സ്വാഗതം ചെയ്യുന്നു. കൈകള്‍ കീ ബോര്‍ഡില്‍
അമരുമ്പോള്‍ സംഗീതം ഹൃദയങ്ങളിലേക്ക് വന്നിറങ്ങുന്നു.ദൈവദത്തമായ സംഗീതം എന്നിലൂടെ പടരുകയാണ്... വര്‍ഷങ്ങള്‍ നൂറ്റാണ്ടുകളായി മാറുന്നു.

ശരീരത്തിനകത്തേക്ക് എന്താണ് വരുന്നത്?ഒന്നും എനിക്കറിയില്ല.എന്തക്കൊയോ കുഴലുകള്‍ ശരീരത്തിലൂടെ ചുറ്റുകയാണ്.രുചികള്‍ എനിക്ക് അരുചികള്‍ ആയി മാറിയത് എപ്പോഴാണ് ? ശരീരം പലപ്പോഴും വിറയ്ക്കുന്നു. തലയില്‍ തുടങ്ങുന്ന വേദന മിന്നല്‍പ്പിണര്‍ പോലെ നെഞ്ചിലേക്ക് പായുന്നു.പലപ്പോഴും ശരീരം തളരുന്നു. കണ്ണുകളില്‍ ഇരുട്ടു പടരുന്നു കാലുകള്‍ കുഴയുന്നു.ഇരുട്ടിന്റെ അന്തര്‍ഭാഗങ്ങളിലേക്ക് എന്റെ ശരീരം പതിക്കുന്നുവോ? ഞാന്‍ തളരുകയാണ്... എവിടെയാണ് എനിക്കൊരു താങ്ങല്‍ ?

ഡോക്ടറുടെ മുമ്പില്‍ ഒരു കുറ്റവാളിയെപ്പോലെ ഇരിക്കുമ്പോള്‍ ശരീരത്തോടൊപ്പം മനസ്സും മരവിച്ചുവോ?
ഡോക്ട്‌ര്‍ നല്‍കിയ മരുന്നുകള്‍ യന്ത്രപാവയെപ്പോലെ ഞാന്‍ വാങ്ങി.തൊണ്ടക്കുഴിയിലൂടെ മരുന്നുകള്‍ കടന്നുപോകുമ്പോള്‍ ശരീരം ഉരുകുന്നു.ശരീരത്തിലെ വേദനകള്‍ മാറുന്നില്ല.ഞാന്‍ കത്തുകയാണ്.വേദനകളില്‍ കത്തിയമരുകയാണ്.എനിക്ക് രക്ഷപ്പെട്ടേ മതിയാകൂ.

മണ്ണിന്റെയും മഴയുടേയും പ്രകൃതിയുടെയും മണം എന്നെ മത്തുപിടിപ്പിക്കുന്നു.പുതുമഴയത്ത് പൊട്ടിമുളയ്ക്കാന്‍ ഭൂമിയുടെ ഗര്‍ഭപാത്രത്തില്‍ കാത്തിരിക്കുന്ന കൂണുകള്‍ പോലെ എന്റെ മനസ്സും കാത്തിരി
ക്കുകയാണ്....പലതും അനുഭവിച്ച് തീര്‍ക്കേണ്ടിയിരിക്കുന്നു.അനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് എനിക്ക് ജീവിതത്തിലേക്ക് തിരിച്ചുവരണം.ചാരത്തില്‍ നിന്ന് ഫീനക്സ്പക്ഷി പറന്നുയരുന്നതുപോലെ എനിക്കും പറന്നുയരണം.അതിരുകള്‍ ഇല്ലാത്ത ആകാശചക്രവാളത്തിലേക്ക് പറന്നുയരണം.എന്റെ യാത്ര പൂര്‍ത്തിയാക്കാന്‍ എനിക്ക് പറന്നുയര്‍ന്നാലേ മതിയാവുകയുള്ളു.

ചക്രക്കസേര ഓപ്പറേഷന്‍ മുറിയിലേക്ക് തിരിയുന്നു.കസേരയില്‍ ഞാന്‍ പാതി മയക്കത്തില്‍ ഇരുന്നു.രക്തം നിറച്ച കുപ്പികള്‍ എന്റെ ചുറ്റും നൃത്തം വയ്ക്കുന്നു.ഓക്സിജന്‍ മാസ്ക് എന്റെ മുഖത്തേക്ക് അമരുന്നത്
ഞാനറിയുന്നു. നട്ടെല്ലില്ലൂടെ വേദന അരിച്ചിറങ്ങുന്നു.മരണം ഒരുക്കിയ പത്മവ്യൂഹത്തില്‍ നിന്ന് എനിക്ക് പുറത്തിറങ്ങണം.എന്റെ മനസ്സ് ശാന്തമാണ്.യാത്ര പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണല്ലോ ഈ വേദന അനുഭവിക്കുന്നത്. എത്രയും വേഗം എനിക്കെന്റെ യാത്ര പുനരാരംഭിക്കാന്‍ കഴിഞ്ഞിരുന്നു എങ്കില്‍....? കണ്ണുകളില്‍ ഇരുട്ട്.... മണിക്കൂറുകള്‍ കഴിഞ്ഞിട്ടുണ്ടാവും.... പ്രതീക്ഷകളുടെ കിരണങ്ങള് എന്റെ കണ്ണുകളില്‍ പതിക്കുന്നു.... ഞാനിനിയും എന്റെ യാത്ര തുടരട്ടെ.............

4 comments:

കുഞ്ഞായി | kunjai said...

പലതും അനുഭവിച്ച് തീര്‍‌ക്കേണ്ടിയിരിക്കുന്നു...
നല്ല കഥ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പ്രതീക്ഷകളുടെ കിരണങ്ങള് എന്റെ കണ്ണുകളില്‍ പതിക്കുന്നു.... ഞാനിനിയും എന്റെ യാത്ര തുടരട്ടെ.............

ആ കിരണങ്ങള്‍ കൂട്ടിനുണ്ടാകും.

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല കഥ.

SHAJNI said...

hai da,
onnum manasilayilla.so u can get an award.

: :: ::