Sunday, January 6, 2008

വഴിവക്കിലെ ദൈവങ്ങള്‍ :

സന്ധ്യ കഴിഞ്ഞിരിക്കുന്നു. വഴിവിളക്കുകള്‍ പ്രകാശിക്കുന്നുണ്ട്. റോഡിലെ തിരക്കിന് അല്പം കുറവു വന്നിട്ടുണ്ട്. രൂപക്കൂട്ടിലെ കന്യകമറിയാമിന്റെ കൈയ്യിലിരുന്ന് ഉണ്ണിയേശു കുന്തളിച്ചു. മറിയം ഉണ്ണിയേശുവിന്റെ തുടയ്‌ക്കൊരു ഞെരുട് വെച്ചുകൊടുത്തു. ചിണുങ്ങികൊണ്ട് ഉണ്ണിയേശു അമ്മയുടെ കൈയ്യില്‍ അടങ്ങിയിരുന്നു. ഉണ്ണിയേശുവിന്റെ നോട്ടം റോഡിന് എതിര്‍വശത്തുള്ള കാണിയ്ക്ക മണ്ഡപത്തിലേക്ക് ആയിരുന്നു. ഉണ്ണിക്കണ്ണനെ വഴക്ക്പറയുന്ന യശോധയെ ഉണ്ണിയേശു കണ്ടു.

രാത്രിക്ക് കനംവെച്ച് തുടങ്ങി.റോഡിലൂടെ ചീറിപായുന്ന വാഹനങ്ങളുടെ തിരക്ക് ഇല്ലാതായിരിക്കുന്നു. വല്ലപ്പോഴും ഒന്നോരണ്ടോ ചരക്കുവണ്ടികള്‍ മാത്രം കടന്നു പോകുന്നുണ്ട്. രൂപക്കൂട്ടിലെ ലൈറ്റ് കത്തിയിരുന്നില്ല. കറണ്ട് ചാര്‍ജ് അടയ്ക്കാതിരുന്നതുകൊണ്ട് ഇലക്ട്രിസിറ്റിക്കാര് വന്ന് ഫ്യൂസ് ഊരിയിട്ട് മൂന്നുമാസം കഴിഞ്ഞിരിക്കുന്നു. രൂപക്കൂട്ടില്‍നിന്ന് കറണ്ട് ചാര്‍ജ് അടയ്ക്കാനുള്ള കാശുപോലും കിട്ടാ‍ത്തതുകൊണ്ട് രൂപക്കൂട്ടില്‍ ഇനി ലൈറ്റ് തെളിയിക്കേണ്ട എന്നാണ് പള്ളികമ്മറ്റിക്കാര്‍ തീരുമാനം എടുത്തിരിക്കുന്നത്.

രാത്രിയില്‍ ഇരുട്ടത്ത് ഇരിക്കുന്നത് അപകടം ആയതുകൊണ്ട് കന്യകമറിയാം ഒരു കാര്യം ചെയ്തു.രൂപക്കൂട്ടില്‍ സന്ധ്യയ്ക്ക് കത്തിക്കുന്ന മെഴുകുതിരികളില്‍ അഞ്ചാറെണ്ണം എടുത്തുമാറ്റും. മെഴികുതിരികള്‍ കത്തിതീരുന്നതിന് അനുസരിച്ച് ഓരോന്നെടുത്ത് കത്തിക്കും.രാത്രിയില്‍ വെട്ടം ഇല്ലാതെ ഉണ്ണിയേശു എവിടെയെങ്കിലും തട്ടിവീണ് തട്ടുകേട് സംഭവിച്ചാലോ?

കാണിയ്ക്ക്‍മണ്ഡപത്തിലെ ഉണ്ണിക്കണ്ണന്റെയും യശോധയുടേയും സ്ഥിതിയും ഇങ്ങനെതന്നെയിരുന്നു. അവിടെയും ലൈറ്റില്ല. കന്യകമറിയാം കത്തിക്കുന്ന മെഴുകുതിരിവെളിച്ചമാണ് അവിടിത്തെ വെട്ടം. കന്യകമറിയാം നേരത്തെ ഉണ്ണിയേശുവിന്റെ കൈയ്യില്‍ കാണിക്കമണ്ഡപത്തിലേക്ക് മെഴുകുതിരി കൊടുത്തുവിട്ടതാണ്. കാണിക്കമണ്ഡപത്തില്‍ മെഴുകുതിരി കത്തിച്ചു വയ്ക്കാത്ത പതിവില്ലാത്തതുകൊണ്ട് ആരോ യശോധകത്തിച്ചുവെച്ച മെഴുകുതിരി ഊതികെടുത്തി. അതിനുശേഷം യശോധ കാണിക്കമണ്ഡപത്തില്‍ മെഴുകുതിരി കത്റ്റിച്ചു വെയ്ക്കാന്‍ ശ്രമിക്കാറില്ല.

അമ്മയുടെ കൈയ്യില്‍ നിന്ന് ഉണ്ണിയേശു ഊര്‍ന്നിറങ്ങി.രൂപക്കൂട്ടിലെ ഗ്രില്ലിനിടയിലൂടെ വെളിയില്‍ കടന്നു. എന്നിട്ട് കാണിക്കമണ്ഡപത്തിലേക്ക് നടന്നു. ഉണ്ണിയേശു കാണിക്ക മണ്ഡപത്തിലേക്ക് വലിഞ്ഞുകയറി. യശോധ ഉണ്ണിയേശുവിനെ പൊക്കിയെടുത്തു. ഉണ്ണിക്കണ്ണന്‍ ഉണ്ണിയേശുവിന് പതിവ് പങ്ക് വെണ്ണ നല്‍കി.ഉണ്ണിയേശുവും ഉണ്ണിക്കണ്ണനും കാണിക്കമണ്ഡപത്തില്‍ നിന്നിറങ്ങി റോഡിലേക്ക് കയറി.അവരവിടെ ഓടിക്കളിച്ചു. വണ്ടികളുടെ വെളിച്ചം വീണാലുടനെ അവര്‍ റോഡില്‍ നിന്ന് ഇരുട്ടിലേക്ക് മാറും.

“മോനേ,കയറി വാ..”മറിയാം ഉണ്ണിയേശുവിനെ വിളിച്ചു.“ഇല്ല ഞാനിന്ന് കണ്ണന്റെ കൂടയാ ഉറങ്ങുന്നത് “ ഇങ്ങനെ പറഞ്ഞിട്ട് ഉണ്ണിയേശു കാണിക്കമണ്ഡപത്തിലേക്ക് ഓടി. “നേരം വെളുക്കുന്നതിനു മുമ്പ് ഞാന്‍ ഉണ്ണിയെ കൊണ്ടുവന്ന് വിട്ടോളാം..” യശോധ വിളിച്ചു പറഞ്ഞു.

നേരം വെളുത്തു വരുന്നതേയുള്ളു.രൂപക്കൂട്ടില്‍ മെഴുകുതിരി കത്തിക്കാ‍ന്‍ വന്ന ഒരാള്‍ രൂപക്കൂട്ടിലെക്ക് നോക്കി. മറിയാമിന്റെ കൈയ്യില്‍ ഉണ്ണിയേശുവില്ല.അയാള്‍ പള്ളിമേടയിലേക്ക് ഓടി.അയാള്‍ പള്ളിമണി അടിച്ചു.അസമയത്ത് പള്ളിമണിയുടെ ശബ്ദ്ദം കേട്ട് ആളുകള്‍ ഉണര്‍ന്നു. മണിയുടെ ശബ്ദ്ദം കേട്ട് മറിയാം കണ്ണ് തുറന്നു. യശോധയും ഉണര്‍ന്നിരുന്നു.ഉണ്ണിക്കണ്ണനെ കെട്ടിപ്പിടിച്ചുറങ്ങുന്ന ഉണ്ണിയേശുവിനെ കോരിയെടുത്ത് വെളിയിലേക്കിറങ്ങി. റോഡില്‍ക്കൂടി ആളുകള്‍ പള്ളിയിലേക്ക് ഓടുന്നുണ്ടായിരുന്നു. അവരുടെ ഇടയിലൂടെ റോഡ് കടന്ന് യശോധ ഉണ്ണിയേശുവിനെ രൂപക്കൂടിന്റെ ഗ്രില്ലിനിടയിലൂടെ മറിയാമി കൈയ്യില്‍ കൊടുത്തു.

പള്ളിയിലേക്ക് ഓടിയവര്‍ രൂപക്കൂട്ടിലേക്ക് വരുന്നുണ്ടായിരുന്നു.അവര്‍ വന്ന് രൂപക്കൂടിനുള്ളിലേക്ക് നോക്കി. കന്യകമറിയാമിന്റെ കൈയ്യില്‍ ഉണ്ണിയേശു പുഞ്ചിരിച്ചുകൊണ്ടിരിക്കുന്നു. അന്നുതന്നെ രൂപക്കൂട്ടിലെ ഫ്യൂസ്സ് തിരികെകുത്തി. ഉണ്ണിയേശുവിന് അതിവെളിച്ചം പ്രയാസ്സമായിരുന്നു. മുന്‍പ് ഇരുട്ടുവീണുതുടങ്ങിയാല്‍ രൂപക്കൂട്ടില്‍ നിന്നിറങ്ങി കണ്ണനുമായി കളിക്കാമായിരുന്നു.ഇനി അത് പറ്റത്തില്ല.അമ്മയുടെ കൈയ്യില്‍ നിന്ന് ഇറങ്ങിപ്പോകുമ്പോള്‍ ആരെങ്കിലും കണ്ടാല്‍ വലിയ പ്രശ്‌നമാകും.ഇനി കണ്ണനുമായി കളിക്കണമെങ്കില്‍ ആളുകളെല്ലാം ഉറങ്ങുന്നതുവരെ കാത്തിരുന്നാലേ പറ്റുകയുള്ളു.

നേരം വെളുക്കുമ്പോള്‍ യശോധയ്ക്കും മറിയാമിനും പേടിയാണ്. ബസുകളില്‍ പോകുന്നവര്‍ വലിച്ചെറിയുന്ന നാണയങ്ങള്‍ തങ്ങളുടെ കുഞ്ഞുങ്ങളുടെ കണ്ണിലങ്ങാണം കൊണ്ടാലോ? ഒരിക്കല്‍ ആരോ വലിച്ചെറിഞ്ഞ നാണയം കണ്ണന്റെ നെറ്റിയില്‍ കൊണ്ടതാണ് .ആ മുറിവ് ഉണങ്ങാന്‍ കുറെ ദിവസങ്ങള്‍ എടുത്തു. തങ്ങള്‍ക്ക് മാത്രമല്ല ഏറ് കിട്ടുന്നത്. റോഡില്‍ക്കൂടി നടന്നുപോകുന്നവര്‍ക്കും നാണയ ഏറ് കിട്ടാ‍റുണ്ട്. രണ്ടാഴ്ച്‌യ്ക്ക് മുമ്പ് ഒരാളുടെ കണ്ണില്‍ നാണയം കൊണ്ടുള്ള് ഏറ് കൊണ്ടിട്ട് അയാളുടെ കാഴ്ച് പോയതാണ്.

രാത്രിയായാല്‍ എവിടെനിന്നോ എത്തുന്ന വൃദ്ധയെ ഉണ്ണിയേശു കുറെനാള്‍കൊണ്ട് ശ്രദ്ധിക്കുന്നുണ്ട്.രാത്രിയില്‍ എവിടെനിന്നോ എത്തി രൂപക്കൂടിനുമുന്നില്‍ കിടന്നുറങ്ങി അതിരാവിലെ അവര്‍ തന്റെ ഭാണ്ഡവുമായി പോകും. വളരെ അവശതയോടെയാണ് അവര്‍ നടകുന്നത്. അവരുടെ നടപ്പ് കണ്ടാല്‍ എവിടെയെങ്കിലും അവര്‍ വീണുപോകുമെന്ന് തോന്നിപ്പോകും.കുറച്ചു ദിവസങ്ങളായി അവര്‍ എങ്ങോട്ടും പോകാറില്ല.അവിടെ തന്നെ കൂനിപ്പിടിച്ച് ഇരുപ്പാണ്. രൂപക്കൂട്ടില്‍ തിരികത്തിക്കാന്‍ വരുന്നവരില്‍ ചിലര്‍ അവരെ ശാപവാക്കുകള്‍ പറയുന്നത് ഉണ്ണിയേശു കേള്‍ക്കാറുണ്ട്. ചിലര്‍ അവര്‍ക്ക് നാണയത്തുട്ടുകള്‍ ഇട്ടുകൊടുക്കൂന്നതും കാണാറുണ്ട്.

ഉച്ചയ്ക്ക് നായയുടെ കുരച്ചില്‍ കേട്ട് ഉണ്ണിയേശു വെളിയിലേക്ക് നോക്കി.വൃദ്ധ ഒരു നായെ ആട്ടിയോടിക്കുകയാണ്. നായ് അല്പം മാറി മുരള്‍ച്ചയോടെ നില്‍ക്കുന്നു.വൃദ്ധയുടെ മുന്നില്‍ ഒരിലക്കീറുണ്ട്. നായ് എവിടെ നിന്നോ വലിച്ചുകൊണ്ടുവന്ന ഇലക്കീറിലെ എച്ചില്‍ അവര്‍ വടിച്ചു തിന്നുകയാണ്. ഉണ്ണിയേശുവിന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.

രാത്രിയായപ്പോള്‍ ഉണ്ണിയേശു പതിവുപോലെ അമ്മയുടെ കൈയ്യില്‍ നിന്നിറങ്ങി ഉണ്ണിക്കണ്ണനെ വിളിച്ചുകൊണ്ടുവന്നു. അവര്‍ രണ്ടുപേരും കൂടി വൃദ്ധയുടെ ഭാണ്ഡം പരിശോധിച്ചു .അതില്‍ നിറം മങ്ങിയ രണ്ട് ഫോട്ടോകളും മുഷിഞ്ഞ തുണികളും അഞ്ചാറ് ചില്ലറ തുട്ടുകളും മാത്രമേ ഉണ്ടായിരുന്നുള്ളു. വൃദ്ധയുടെ ചെറുപ്പത്തിലുള്ള ഫോട്ടോ ആയിരിക്കണം. അവരും രണ്ട് കുട്ടികളും ഒരാളും കൂടി ഇരിക്കുന്ന ഫോട്ടോയായിരുന്നു അതിലൊന്ന്. ഉണ്ണിയേശു രൂപക്കൂട്ടിലെ ഭണ്ഡാരത്തിന്റെ പൂട്ട് തുറന്നു. നിന്ന് കുറച്ച് നോട്ടുകള്‍ വാരിയെടുത്തു. അവരിരുവരും കൂടി നോട്ടുകള്‍ വൃദ്ധയുടെ ഭാണ്ഡത്തില്‍ വെച്ചു. നേരം വെളുത്തയുടനെ വൃദ്ധ ഭാണ്ഡവുമായി യാത്രയായി. വൃദ്ധപോയതിനുശേഷമാണ് പള്ളി നടത്തിപ്പുകാരന്‍ ലൈറ്റ് ഓഫ് ചെയ്യാനായി എത്തിയത്.ഭണ്ഡാരം തുറന്നുകിടക്കുന്നതയാള്‍ കണ്ടു.

പോലീസെത്തി പരിശോധന നടത്തി. ഭണ്ഡാരത്തിന്റെ വാതിലില്‍ വിരലടയാളങ്ങള്‍ പതിഞ്ഞിരുന്നു. നാലഞ്ച് വയസ്സുള്ള കുഞ്ഞിന്റെ വിരലടയാളങ്ങള്‍! അവിടെ കറങ്ങി നടന്ന വൃദ്ധ പിള്ളാരെകൊണ്ട് ഭണ്ഡാരം തുറന്നതാണന്ന് അവര്‍ ഉറപ്പിച്ചു. പോലീസ് വൃദ്ധയെ തിരഞ്ഞു. അവരെ അവിടെയൊന്നും കാണാന്‍ പറ്റിയില്ല. പോലീസ്‌നായെത്തി മണം പിടിച്ച് കാണിക്കമണ്ഡപത്തിലേക്ക് ഓടി. തിരിച്ച് വന്ന് രൂപക്കൂട്ടിനുള്ളിലേക്ക് നോക്കി കുരച്ചു. ഉണ്ണിയേശു നായെ നോക്കി.നായ് കുര നിര്‍ത്തി ശാന്തനായി നിന്ന് വാലാട്ടി.

അന്ന് വൈകിട്ട് വൃദ്ധ തിരിച്ച് വന്നപ്പോള്‍ പോലീസ് അവരുടെ ഭാണ്ഡത്തില്‍ നിന്ന് ഭണ്ഡാരത്തില്‍ നിന്ന് കളവുപോയ(?) പണം കണ്ടെടുത്തു.വൃദ്ധ രൂപക്കൂട്ടിനുള്ളിലേക്ക് നോക്കി. ഉണ്ണിയേശുവിന്റെ കാലില്‍ ഭണ്ഡാരപ്പെട്ടിയിലെ കറുത്ത അഴുക്ക് പറ്റിപ്പിടിച്ചിരിക്കുന്നവര്‍ കണ്ടു.

ക്രിസ്തുമസ്സ് രാവില്‍ ഉണ്ണിയേശുവും കന്യകമറിയാമും പതിവുപോലെ ഭവനസന്ദര്‍ശനത്തിനിറങ്ങി.അവരിറങ്ങുന്നത് കണ്ടപ്പോള്‍ ഉണ്ണിക്കണ്ണനും അവരുടെകൂടെ പോകണമെന്ന് പറഞ്ഞ് കരഞ്ഞു തുടങ്ങി.യശോധ കണ്ണനെ ഒരുക്കി അവരുടെ കൂടെ വിട്ടു. കണ്ണന്‍ ഓടക്കുഴല്‍ വായിച്ചു. ഓടക്കുഴല്‍ സംഗീതത്തിന് താളം പിടിച്ച് ഉണ്ണിയേശു കണ്ണന്റെ തോളില്‍ കൈയ്യിട്ട് നടന്നു.

തെരുവോരങ്ങളിലെ ലഹരിനിറഞ്ഞ ആഘോഷങ്ങളില്‍ മനം മടുത്ത് അവര്‍ തിരികെ പോന്നു. കണ്ണനെ വിടാനായി കാണിക്ക മണ്ഡപത്തില്‍ എത്തിയ അവര്‍ സ്ത്ബ്ദ്ദരായി.കാണിക്ക മണ്ഡപത്തിന്റെ ചില്ലുകള്‍ തകര്‍ന്നിരിക്കുന്നു. യശോധയെ കാണാനും ഇല്ല. ”അമ്മേ...അമ്മേ...”കണ്ണനും ഉണ്ണിയേശുവും ഒരുമിച്ച് വിളിച്ചു. കാണിക്ക മണ്ഡപത്തിന്റെ പുറകില്‍ നിന്ന് യശോധ വന്നു. യശോധയുടെ നെറ്റിയില്‍ നിന്ന് ചോര ഒലിക്കുന്നുണ്ടായിരുന്നു.കണ്ണന്‍ കരഞ്ഞു കൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു. കന്യകമറിയാം തന്റെ കുപ്പായം വലിച്ചുകീറി യശോധയുടെ മുറിവ് കെട്ടി.

പോലീസ് ജീപ്പുകള്‍ സൈറനിട്ടുകൊണ്ട് പാഞ്ഞു. രൂപക്കൂടിന്റെ ഗ്രില്ലുകളും തകര്‍ക്കപ്പെട്ടിരുന്നു. രണ്ടുമതങ്ങളുടെയും ആരാധനാലയങ്ങളുടെ നേരെ ആക്രമണം ഉണ്ടായി. കലാപം വ്യാപിച്ചു. പോലീസ് രൂപക്കൂടിനും കാണിക്ക മണ്ഡപത്തിനും കനത്ത സുരക്ഷ തീര്‍ത്തു. രൂപക്കൂട്ടില്‍ തന്നെ ഇരുന്ന് ഉണ്ണിയേശുവിനും കാണിക്ക മണ്ഡപത്തില്‍ തന്നെയിരുന്ന് കണ്ണനും വീര്‍പ്പുമുട്ടി.

കളക്ടര്‍ സമാധാനയോഗം വിളിച്ചു ചേര്‍ത്തു. സമാധാനറാലി നടത്താന്‍ സമാധാനയോഗം തീരുമാനിച്ചു.സമാധാനറാലി നടത്തിയയതിനു ശേഷം ആളുകള്‍ രൂപക്കൂടിനു മുന്നില്‍ എത്തി. രൂപക്കൂട്ടില്‍ കന്യകമറിയാമും ഉണ്ണിയേശുവും ഇല്ലായിരുന്നു. കാണിക്ക മണ്ഡപത്തില്‍ നിന്ന് യശോധയും ഉണ്ണിക്കണ്ണനും അപ്രത്യക്ഷരായിരുന്നു.

യോഗങ്ങള്‍ നടത്തിയും റാലികള്‍ നടത്തിയും സമാധാനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ലോകത്ത് ദൈവങ്ങള്‍ക്ക് എന്ത് കാര്യം????

11 comments:

കാപ്പിലാന്‍ said...

വലിയ കഷ്ടമായല്ലോ സഖാവെ

ദിലീപ് വിശ്വനാഥ് said...

കൊള്ളാം. നല്ല കഥ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല എഴുത്ത്.

ഏ.ആര്‍. നജീം said...

തികച്ചും പുതുമയാര്‍ന്ന ശൈലി...!
അഭിനന്ദനങ്ങള്‍...

കഥാകാരന്‍ said...

veritta katha....kollam super

പിരിക്കുട്ടി said...

aaha nalla kadha

Rakesh R (വേദവ്യാസൻ) said...

വളരെ ഇഷ്ടമായി :)

Irshad said...

മനോഹരമായ എഴുത്ത്. ആദ്യ പാരഗ്രാഫ് കിടിലം. ചില സന്ദേശങ്ങളുള്ള കഥ. ആശംസകള്‍

നല്ലി . . . . . said...

ഇതിപ്പോളാണല്ലോ ഈശോ കണ്ടത്,

രൂപക്കൂടുകളിലും മറ്റും നിര്‍മ്മിച്ചിരിക്കുന്ന ദൈവങ്ങളുടെ പ്രതിമകള്‍ക്കു ജീവനുണ്ടായിരുന്നെങ്കില്‍

Jojo said...

valare manoharamayi...

Cv Thankappan said...

നല്ല സന്ദേശം!
നന്നായി എഴുതി
ആശംസകള്‍

: :: ::