പഞ്ചനക്ഷത്ര ആശുപത്രിയിലെ മരണമുറിയില്‍(ഇംഗ്ലീഷില്‍ ഐ.സി.യു. എന്നു പറയും) മത്തായിമാപ്പിള മരണവും പ്രതീക്ഷിച്ചു കിടന്നു.മക്കള്‍ക്കും മരുമക്കള്‍ക്കും ഫോണ്‍കോളുകള്‍ പാഞ്ഞു.അവരെല്ലാം തിരക്കുപിടിച്ച ജീവിതത്തിന് ഉടമകള്‍ ആയതിനാല്‍ അപ്പനെ കാണാന്‍ വരാന്‍ പറ്റത്തില്ലങ്കിലും അപ്പന്റെ ശവമടക്കിന് തീര്‍ച്ചയായും എത്തുമെന്ന് നാട്ടിലേക്ക് അറിയിച്ചു.അപ്പന്റെ മരണദിനം കണക്കുകൂട്ടി മക്കളെല്ലാം ടിക്കറ്റ് ബ്ലോക്ക് ചെയ്തു കാത്തിരുന്നു.അപ്പന്റെ മരണത്തിലേക്കുള്ള പുരോഗതി മക്കള്‍ക്കെല്ലാം ഇന്റ്‌ര്‍നെറ്റിലൂടെ സമയാസമയങ്ങളില്‍ ആശുപത്രിയില്‍ നിന്ന് എത്തിച്ചു കൊണ്ടിരുന്നു.
മക്കളെല്ലാം വീഡിയോകോണ്‍ഫ്രന്‍സിലൂടെ ഒത്തുകൂടി ശവമടക്കിനുള്ള പദ്ധതികള്‍ തയ്യാറാക്കി.ടെക്സാസിലുള്ള അന്ത്രയോസ് ഉടന്‍തന്നെ കാനഡയിലുള്ള നാരായണന്‍കുട്ടിയെ ഫോണ്‍ചെയ്തു. നാരായണന്‍കുട്ടിയുടെ ഫ്യുനേറിയല്‍ ഇവന്റ് മാനേജ്‌മെന്റിന്റെ കേരള ബ്രാഞ്ചിലേക്ക് ടെലി റിക്വസ്റ്റ് നല്‍കി ശവമടക്ക് ഭംഗിയാക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തികൊള്ളാന്‍ ആവിശ്യപ്പെട്ടു.ദുബായിലുള്ള പത്രോസുകുട്ടി ഓണ്‍ലൈന്‍ പര്‍ച്ചേസിലൂടെ ശവക്കല്ലറയ്ക്കുള്ള മാര്‍ബിള്‍ പര്‍ച്ചേസ് ചെയ്തു.നിമിഷങ്ങള്‍ക്കകം മാര്‍ബില്‍ കല്ലുകള്‍ ഇവന്റ് മാനേജ്‌മെന്റിന്റെ ഓഫീസില്‍ എത്തി.ഇവന്റ് മാനേജ്‌മെന്റ് പള്ളിപ്പറമ്പിലെത്തി കുഴികുത്താന്‍ തുടങ്ങി.
അപ്പന്റെ ആശുപത്രികിടപ്പ് കേരളകോണ്‍ഗ്രസ്സിന്റെ ലയനം പോലെ നീണ്ടുപോകുന്നതു കണ്ട് മക്കള്‍ക്ക്
ഭ്രാന്തായി.ടിക്കറ്റ് ബ്ലോക്കിംങ്ങ് ക്യാന്‍സല്‍ ഫീസായി ട്രാവല്‍ ഏജന്‍സി കനത്ത തുകയാണ് തട്ടിയെടുക്കുന്നത്.
ലിബിയായിലുള്ള ജോര്‍ജുകുട്ടി നാട്ടിലെ ഡോക്ടറെ വിളിച്ചു.”എന്റെ പൊന്നു ഡോക് ടറേ അപ്പന്റെ മൂക്കിലോട്ട് ഗ്യാസ്‌കുറ്റിയില്‍ നിന്ന് കൊടുത്തിട്ടുള്ള ആ കുഴലങ്ങ് എടുത്തോ.അതുകൊറച്ചുനാളൂടെ ഇട്ടന്ന് വെച്ച് അപ്പന്‍ ചാകാതിരിക്കത്തില്ലല്ലോ?”.ജോര്‍ജുകുട്ടിയുടെ വാക്കുകള്‍ കേട്ട് ഡോക്ട്‌ര്‍ ഞെട്ടി.അഞ്ച് അഞ്ചാറരലക്ഷത്തിന്റെ മുതലാണ് ഇല്ലാതാവുന്നത്.മൂക്കിലെ ട്യൂബ് ഊരണോ?ഡോക്ടര്‍ ധര്‍മ്മ സങ്കടത്തിലായി.ചിന്തകള്‍ക്ക് ചൂടുപിടിച്ചു തുടങ്ങിയപ്പോള്‍ രണ്ട് ആംബുലന്‍സുകള്‍ പാഞ്ഞുവരുന്നത് ഡോക്ടര്‍ കണ്ടു.മത്തായിമാപ്പിളയുടെ കുഴലൂതാന്‍ ഡോക്ടര്‍ തീരുമാനിച്ചു.ഒരു വഴി അടഞ്ഞപ്പോള്‍ ദൈവം രണ്ടു വഴിയല്ലേ തുറന്നു തന്നത്.!!!!
മത്തായി മാപ്പിളയെ ഐസിയുവില്‍ നിന്ന് ഐസിലേക്ക് മാറ്റി.മക്കളെല്ലാം നിമിഷങ്ങല്‍ക്കകം ഫ്ലൈറ്റ്
പിടിച്ചു.രണ്ടുദിവസത്തിനകം മക്കളെല്ലാം നാട്ടില്‍ ലാന്റ് ചെയ്തു.പെട്ടികളുമായി പൊട്ടികരഞ്ഞുകൊണ്ട്
മക്കളെല്ലാം മോര്‍ച്ചറിയില്‍ എത്തി.അപ്പനെ തണുക്കാന്‍ തന്നെ വിട്ടിട്ട് മക്കളെല്ലാം വീട്ടിലേക്ക് തിരിച്ചു. അവരെ കാത്ത് ഇവന്റ് മാനേജ്‌മെന്റിന്റെ എക്സികുട്ടന്മാര്‍ ഉണ്ടായിരുന്നു.ശവമടക്കിനുള്ള ഏകദേശരൂപം ഉണ്ടാക്കി.
ശവമടക്ക് മറ്റെന്നാള്‍.നാളെ രാവിലെ മോര്‍ച്ചറിയില്‍ നിന്ന് ‘ശവം‘ 101 കാറുകളുടെ അകമ്പടിയോടെ
മൊബൈല്‍ മോര്‍ച്ചറിയില്‍ വീട്ടിലേക്ക് കൊണ്ടുവരുന്നു.ശവത്തിന് അകമ്പടിയായി (കു)പ്രസിദ്ധ പിന്നണിഗായകന്‍ കുട്ടപ്പന്റെ ഫ്യുനേറിയല്‍ ക്വയര്‍.ഇങ്ങനെ തീരുമാനിച്ചവര്‍ യോഗം പിരിഞ്ഞു.ആണ്‍മക്കള്‍ മൂന്നുപേരും അപ്പന്‍ മരിച്ചതിലുള്ള വിഷമം കുടിച്ചു തീര്‍ക്കാന്‍ വേണ്ടി സ്‌കോച്ച് പൊട്ടിച്ചു.
രാവിലെ മത്തായി മാപ്പിളയുടെ ഡെഡ് ബോഡി വീട്ടിലെത്തി.“അയ്യോ ഞങ്ങള്‍ക്കിനി ആരുണ്ടേ?
അച്ചാച്ചന്‍ ഞങ്ങളെ ഇട്ടിട്ട് പോയേ..” ഡും..ഡും..ഡുംഡ്ഡും...”ഞാന്‍ ഞെട്ടി.മരണവീട്ടില്‍ ആരാണ് ചെണ്ട കൊട്ടുന്നത്.പണ്ടാണങ്കില്‍ ബാന്റ് മേളക്കാരെങ്കിലും ആയിരിക്കുമെന്ന് കരുതാമായിരുന്നു.പക്ഷേ ഇന്ന് ബാന്റ്മേളമൊക്കെ ഔട്ട് ഓഫ് ഫാഷനായി കഴിഞ്ഞല്ലോ!! ഞാന്‍ ചെവി വീണ്ടും വട്ടം പിടിച്ചു. ചെണ്ട കൊട്ടുന്ന ശബ്‌ദ്ദം കേള്‍ക്കുന്നിടത്തേക്ക് നോട്ടം ചെന്നപ്പോള്‍ എന്റെ ഞെട്ടല്‍ ഭയമായി മാറി.ഡെഡ് ബോഡിയുടെ അടുത്തേക്ക് മത്തായി മാപ്പിളയുടെ പെണ്മക്കള്‍ രണ്ടുപേരും കടന്നു വന്നപ്പോഴാണ് ആ ശബ്ദ്ദം കേട്ടത്.
എന്താണന്നോ?മത്തായി മാപ്പിളയുടെ ഇളയമകള്‍ അന്നക്കുട്ടി അപ്പന്റെ അടുത്ത് വന്നിരുന്ന് നെഞ്ചത്ത് രണ്ടിടി. അന്നക്കുട്ടിയുടെ മൂത്ത ചിന്നക്കുട്ടിക്ക് ഇതു സഹിക്കുമോ?ചിന്നക്കുട്ടി നെഞ്ചത്ത് നാലിടി.മക്കള്‍ നെഞ്ചത്തടിച്ച് കരയുമ്പോള്‍ മരുമക്കള്‍ നെഞ്ചത്തടിച്ച് കരഞ്ഞില്ലങ്കില്‍ നാട്ടുകാരെന്ത് പറയും?മരുമക്കള്‍ക്ക് സ്‌നേഹമിലല്ലന്നല്ലേ പറയൂ!മരുമക്കള്‍ കൊച്ചാകത്തില്ലേ?മരുമക്കളും വിട്ടില്ല.അവരും നെഞ്ചിനിട്ട് വീക്കി. അവരും പൊട്ടിക്കരഞ്ഞു.ഈ കരച്ചില്‍ മെഗാസീരിയലുകാര്‍ കേട്ടിരുന്നെങ്കില്‍ അവരെ എപ്പം പൊക്കിയെന്ന് ചോദിച്ചാല്‍ മതി.നാളെമുതല്‍ നമ്മുടെ സന്ധ്യകളെ ദു:ഖസാന്ദ്രമാക്കാന്‍ അവര്‍ എത്തിയേനെ!
മക്കളും മരുമക്കളും നെഞ്ചിത്തിട്ട് വീക്കി കരയുമ്പോള്‍ ഭാര്യ ഓര്‍ഡിനറി കരച്ചില്‍ നടത്തുന്നത് കാവ്യനീതിയാണോ? മേരിക്കൊച്ചമ്മയും വിട്ടില്ല.തന്റെ നെഞ്ചത്തിട്ട് മേരിക്കൊച്ചമ്മയും ആഞ്ഞ് ഇടിച്ചു.രണ്ട് വര്‍ഷം മുമ്പ് മേരിക്കൊച്ചൊമ്മയൊന്ന് ഒറ്റയ്ക്ക് അമേരിക്കയില്‍ പോയപ്പോള്‍ നാട്ടുകാര് എന്തെല്ലാമാണ് പറഞ്ഞത്.വയ്യാത്ത മത്തായിമാപ്പിളയെ ഒറ്റയ്ക്കിട്ടിട്ട് അവള്‍ സുഖിക്കാന്‍ അമേരിക്കയ്ക്ക് പോകുവാണന്ന് പറഞ്ഞ വറുതീന്റെ കെട്ടിയോള്‍ക്കിട്ട് രണ്ടാട്ട് ആട്ടിയിട്ടാണ് മേരിക്കൊച്ചമ്മ വിമാനം കയറിയത്.ആവറുതീന്റെ കെട്ടിയോള്‍ വീട്ടില്‍കയറി പൊറുതി തുടങ്ങുമെന്നായപ്പോഴാണ് മേരിക്കൊച്ചമ്മ അമേരിക്കയില്‍ നിന്ന് റിട്ടേണടിച്ചത്.അതും മോന്റെ നിര്‍ബന്ധത്തില്‍ അര്‍ദ്ധമനസ്സോടെ.പ്രഷറും ഷുഗറുമുള്ള മേരിക്കൊച്ചമ്മ വരെ നെഞ്ചത്തടിച്ച് കരയുമ്പോള്‍ ബന്ധുക്കള്‍ വെറുതെ എങ്ങനെയാണ് കരയുന്നത്.ബന്ധുക്കളും നെഞ്ചത്തടിച്ചു. ചിലര്‍ ആവേശം മൂത്ത് ആഞ്ഞ് നെഞ്ചത്തടിച്ചു.വേദന ഏറിയപ്പോള്‍ ചിലര്‍ കൈകള്‍ തമ്മില്‍ കൂട്ടിയടിച്ചു.ഈ കലാപരിപാടികള്‍ എല്ല്ലാം ക്യാമറമാന്‍ ഒപ്പിയെടുത്തു.പാവം മത്തായി മാപ്പിള!!ചത്തു കിടക്കുന്നവന് വെറുതെയങ്ങ് കിടന്നാല്‍ മതി.ബാക്കിയുള്ളവര്‍ക്ക് വരുന്ന പങ്കപ്പാടെന്തങ്കിലും അവര്‍ക്കറിയണോ?!
വൈകുന്നേരം വീണ്ടും ഇവന്റ് മാനേജ്‌മെന്റിന്റെ യോഗം ചേര്‍ന്നു.പത്രത്തില്‍ വാര്‍ത്ത കൊടുക്കാന്‍ പരേതന്റെ ഒരു ഫോട്ടോ വേണം.മത്തായി മാപ്പിളയ്ക്ക് അമ്പത് വയസുള്ളപ്പോളെടുത്ത ഫോട്ടോ മേരിക്കൊച്ചമ്മ കൊണ്ടുവന്നു കൊടുത്തു.ഇവന്റ് മാനേജ്‌മെന്റിലെ പയ്യന്‍ ഫോട്ടോ തിരിച്ചും മറിച്ചും നോക്കിയിട്ട് മേരിക്കൊച്ചമ്മയുടെ മുഖത്തേക്ക് നോക്കി.അവന്റെ നോട്ടത്തിന്റെ അര്‍ത്ഥം മേരിക്കൊച്ചമ്മയ്ക്ക് മനസ്സിലായി.”അച്ചായന്‍ ഇപ്പോഴൊങ്ങും ഫോട്ടോ എടുത്തിട്ടില്ല”.മേരിക്കൊച്ചമ്മ പറഞ്ഞു.ഇവന്റ് മാനേജ്‌മെന്റിലെ പയ്യന്‍ താന്‍ തയ്യാറാക്കിയ ചരമവാര്‍ത്ത പ്രൂഫ് റീഡിംങ്ങിനായി സമര്‍പ്പിച്ചു.ആദ്യത്തെ ലൈനില്‍ തന്നെ മേരിക്കൊച്ചമ്മ കത്തിവെച്ചു.മത്തായി മാപ്പിള(85)എന്നത് മത്തായി മാപ്പിള(72)എന്നാക്കിച്ചു.അപ്പന്റെ വയസ്സ് അമ്മ വെട്ടിക്കുറച്ചതില്‍ മക്കള്‍ പ്രതിഷേധിച്ചു.”ഞാന്‍ ചെറുപ്പമാ,കെട്ടിയോന് 85 വയസ്സായന്ന് പറയുമ്പോള്‍ ഞാനും വയസ്സിയാണന്ന് ആള്‍ക്കാര് കരുതും”.മേരിക്കൊച്ചമ്മ പറഞ്ഞു. ”അപ്പന്റെ വയസ്സ് കുറയുമ്പോള്‍ മക്കളുടെ വയസ്സൂടയാ കുറയുന്നത്.”ഇതില്‍ മക്കള്‍ വീണു.അമ്മായമ്മയുടെ ബുദ്ധിയില്‍ മരുമക്കള്‍ ആദ്യമായി അഭിമാനം കൊണ്ടു.
ഇവന്റ് മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ ചര്‍ച്ച ചൂടു പിടിച്ചു.ശവമടക്കിന് പത്തമ്പത് അച്ചന്മാര് വേണം.തങ്ങളുടെ കൈയ്യില്‍ പത്തിരുപത് അച്ചന്മാരേയുള്ളൂവെന്ന് ഇവന്റ് മാനേജ്‌മെന്റ് പയ്യന്‍ പറഞ്ഞു.പത്രോസുകുട്ടിക്ക് അമ്പത് അച്ചന്മാരുതന്നെവേണം.അമ്മായിയപ്പന്റെ ശവമടക്കിന് 49 അച്ചന്മാര്‍ ഉണ്ടായിരുന്നതാണ്.സ്വന്തം അപ്പന്റെ ശവമടക്കിന് അതിലും കൂടുതല്‍ അച്ചന്മാര്‍ വന്നില്ലങ്കില്‍ അളിയന്മാരുടെ മുന്നില്‍ താനൊരു ഏഴാംകൂലിയാവുംവെന്ന് പത്രോസുകുട്ടിക്കറിയാം.ഇവന്റ് മാനേജ്‌മെന്റ് പയ്യന്‍ വികാരിയച്ചനെ വിളിച്ചു.കുറവുള്ള അച്ചന്മാരെ വികാരിയച്ചന്‍ സംഘടിപ്പിച്ചു കൊടുക്കും.കമ്മീഷനായി ഒരച്ചന് നൂറുരൂപവെച്ച് വികാരിയച്ചന് കൊടുക്കണം.അത് മക്കളേറ്റു.
അപ്പന്റെ ശവമടക്ക് നാടുകണ്ടതില്‍ വെച്ചേറ്റവും ഗംഭീരമായിരിക്കണമെന്ന് മക്കള്‍ക്ക് നിര്‍ബന്ധമാണ്.ഇന്നത്തെ കാലത്ത് ആളുകൂടണമെങ്കില്‍ സിനിമാക്കാര്‍ വേണം.തങ്ങളുടെ കൈയ്യിലുള്ള സിനിമാക്കാരെ ഇവന്റ് മാനേജ്‌മെന്റ് പയ്യന്‍ അവതരിപ്പിച്ചു.സൂപ്പര്‍സ്റ്റാറായിരുന്നുവെങ്കിലും ഇപ്പോള്‍ പടമൊന്നും ഇല്ലാത്ത ഒരു സ്റ്റാറിനെ ബുക്ക് ചെയ്യാന്‍ യോഗം തീരുമാനിച്ചു.ശവമടക്കില്‍ പങ്കെടുത്താല്‍ മാത്രം മതിയെങ്കില്‍ ഇരുപതിനായിരം രൂപ.ശവപ്പെട്ടിയില്‍ പിടിക്കണമെങ്കില്‍ മൂവായിരം രൂപ എക്സ്‌ട്രാ.ഒരായിരം രൂപകൂടി കൊടുത്താല്‍ ചരമപ്രസംഗം കം അനുസ്മരണ പ്രസംഗം നടത്തും.അതിനും യോഗം അനുമതി കൊടുത്തു.
തീരുമാനങ്ങള്‍ എല്ലാം എടുത്തതിനുശേഷം യോഗം പിരിഞ്ഞു.യോഗം പിരിയേണ്ട താമസം അന്നകുട്ടിയും
ചിന്നകുട്ടിയും കതക് തുറന്ന് സമയം പാഴാക്കാതെ കാറില്‍കയറി പുറത്തേക്ക് പാഞ്ഞു.കാര്‍ പാഞ്ഞു ചെന്ന് നിന്നത് ബ്യൂട്ടിപാര്‍ലറിന്റെ മുന്നില്‍.നാത്തൂന്മാര്‍ പോയ വഴിയേ 3നാത്തൂന്മാരും വിട്ടു.മക്കളും മരുമക്കളും എവിടേക്കാണ് പോയതെന്ന് അറിയാത്തതുകൊണ്ട് മേരിക്കൊച്ചമ്മ മത്തായിമാപ്പിളയെ വെച്ചിരിക്കുന്ന കൂളറിന്റെ മുന്നില്‍ ചെന്നിരുന്നു.
മക്കളും മരുമക്കളും ബ്യൂട്ടിപാര്‍ലറില്‍ നിന്ന് തിരിച്ച് വീട്ടിലേക്ക് വരുന്നത് ഒന്നു കാണേണ്ടൈയത് തന്നെ
ആയിരുന്നു. അന്നകുട്ടിയും ചിന്നകുട്ടിയും ധരിച്ചിരുന്നത് നിക്കറും ബനിയനും.മരുമക്കള്‍ മുട്ടറ്റം വരെയുള്ള പാന്റും കഴുത്തും കൈയ്യും ഇല്ലാത്ത ടിഷര്‍ട്ടും.മുഖം മുഴുവന്‍ ചുവന്ന പൊടി.കൈകളില്‍ നിറച്ച് ആഭരണങ്ങള്‍. കഴുത്തിലെ മാലകളുടെ ഭാരം കൊണ്ട് അവരുടെ കഴുത്ത് കുനിഞ്ഞിരുന്നു.മക്കളും മരുമക്കളും ഒരുങ്ങിയിറങ്ങിയപ്പോഴാള്‍ മേരിക്കൊച്ചമ്മയ്ക്ക് താന്‍ കൊച്ചായിപ്പോയോ എന്നൊരു സംശയം.താന്‍ ഒരുങ്ങിയിറങ്ങിയില്ലങ്കില്‍ ശവമടക്കിന് വരുന്നവരുടെ കണ്ണുകള്‍ മക്കളുടേയും മരുമക്കളുടേയും മേല്‍ തന്നെ ആയിരിക്കും.ശവമായികിടക്കുന്നവന്റെ ഭാര്യയായ തന്നെക്കാള്‍ കൂടുതല്‍ ശ്രദ്ധ മക്കള്‍ക്കും മരുമക്കള്‍ക്കും കിടക്കുന്നത് അനുവദനീയമായ കാര്യമല്ലല്ലോ?മേരിക്കൊച്ചമ്മ മൃതശരീരം വെച്ചിരിക്കുന്നടത്തുനിന്ന് എഴുന്നേറ്റു അകത്തെ മുറിയില്‍ കയറി വാതില്‍ അടച്ചു.മരുമോള്‍ അറിയാതെ അമേരിക്കയില്‍ നിന്ന് അടിച്ചുമാറ്റിയ മേക്കപ്പ് കിറ്റില്‍ നിന്ന് ഏതാണ്ടൊക്കെ എടുത്ത് മുഖത്ത് തേച്ചു.മുടി ഉച്ചിയില്‍ വെച്ച് കെട്ടി.വിലകുറഞ്ഞ സാരി മാറ്റി കാഞ്ചീപുരം പട്ട് എടുത്ത് ഉടുത്തു.
ഇവന്റ് മാനേജ്‌മെന്റ് സംഘം അവസാനവട്ട തയ്യാറെടുപ്പുകള്‍ ചര്‍ച്ചചെയ്തു.പിറ്റേദിവസം,ശവമടക്കദിവസം;കേരളം ഉണര്‍ന്നത് മലയാളിക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയുമായിരുന്നു.കേരളത്തില്‍ മിന്നല്‍ബന്ദ് !!!. റയില്‍വേ മേല്‍പ്പാലത്തിനുകീഴില്‍ നിന്ന് മൂത്രം ഒഴിച്ചുകൊണ്ടിരുന്ന(?) നേതാവിന്റെ ഖദറുടുപ്പില്‍ മേല്‍പ്പാലത്തിലൂടെപോയ ട്രയിനില്‍ നിന്ന് ദുര്‍ഗന്ധപൂരിതമായ മാലിന്യം വീണതില്‍ പ്രതിഷേധിച്ചാണത്രെ മിന്നല്‍ ബന്ദ്.ബന്ദ് ആയതിനാല്‍ സ്റ്റാര്‍ എത്തിയില്ല.ബുക്ക് ചെയ്ത് മെത്രാച്ചനും വന്നില്ല.അച്ചന്മാരും എത്തിയില്ല.
മൃതശരീരം വീട്ടില്‍നിന്ന് എടുത്തപ്പോള്‍ മക്കളും കൊച്ചുമക്കളും മരുമക്കളും ഭാര്യയും പൊട്ടിക്കരഞ്ഞു.കരച്ചില്‍ കേള്‍ക്കുന്നുണ്ടന്നല്ലാതെ ഒരൊറ്റതുള്ളികണ്ണീര്‍പോലും പുറത്തേക്ക് വന്നില്ല.മരുമക്കളും മക്കളും മേരിക്കൊച്ചമ്മയും കൈയ്യിലിരുന്ന തൂവാലകള്‍കൊണ്ട് കണ്ണൊന്ന് ഒപ്പേണ്ട താമസം കണ്ണീര്‍ ധാരധാരയായി ഒഴുകി.കണ്ണീര്‍ ഒഴുകി അവരുടെ മുഖത്തെ കളര്‍ ഒലിച്ചു പോയി.ഇപ്പോള്‍ അവരുടെ മുഖത്തേക്ക് നോക്കിയാല്‍ ഏപ്രില്‍മാസത്തില്‍ പമ്പയിലൂടെ വെള്ളം ഒഴുകിയ പോലെയുള്ള നീര്‍ച്ചാല്‍ പാടുകള്‍ കാണാം.
മൃതശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര അമ്പതുപേരില്‍ ഒതുങ്ങി.അച്ചന്‍ പ്രാര്‍ത്ഥന കഴിഞ്ഞ് തൈലം മൃതശരീരത്തിലേക്ക് ഒഴിച്ചു.മരുമക്കളും മക്കളും മേരിക്കൊച്ചമ്മയുടേയും ഏങ്ങലടികള്‍ ഉച്ചസ്ഥായിലെത്തി. മേരിക്കൊച്ചമ്മ മത്തായിമാപ്പിളയ്ക്ക് അന്ത്യചുംബനം കൊടുക്കാനായി പൊട്ടിക്കരഞ്ഞുകോണ്ട് മുഖത്തോട് മുഖം ചേര്‍ക്കുന്ന സമയത്ത് വികാരിയച്ചന്റെ മൊബൈല്‍ ബെല്ലടിച്ചു.“ലജ്ജാവതിയേ നിന്റെ ‘കള്ള’ട ണ്ണില്‍.....”പാട്ട് കേട്ട് മേരിക്കൊച്ചമ്മ ഒരു നിമിഷം തന്ത്രിച്ചു.പിന്നീട് പൂര്‍വ്വാധികം ശക്തിയോട് ഒരു അന്ത്യചുംബനം നല്‍കി.
മൃതശരീരം സെമിത്തേരിയിലെക്ക് എടുത്തു.അച്ചന്‍ ധൂപപ്രാര്‍ത്ഥന നടത്തി.മൂടിയടച്ച് ശവപ്പെട്ടി കുഴിയിലേക്ക് ഇറക്കി.41നുള്ള കോഴിക്കാലും പാലപ്പവും സ്വപ്‌നം കണ്ട് ആളുകള്‍ വെജിറ്റേറിയന്‍ കിറ്റടിക്കാന്‍ തിരക്കി. സെമിത്തേരിയില്‍ നിന്ന് ഒരാളൊഴികെ എല്ലാവരും പോയിരിക്കുന്നു.ഏകനായ ആ മനുഷ്യന്‍ മത്തായിമാപ്പിളയുടെ നാലാമത്തെ മകനായ ,കൃഷിക്കാരനായ,ജോണിക്കുട്ടിയായിരുന്നു. അവന്റെ കണ്ണില്‍ നിന്നുള്ള കണ്ണീര്‍ വീണ് ആ ആറടിമണ്ണ് നനഞ്ഞു.
5 comments:
ഇത്രയും വലിച്ചു വലിച്ചു വിടെന്ട കാര്യം ഉണ്ടോ എന്‍റെ തെക്കെടാ ?
പഴയ വീഞ്ഞു പുതിയ കുപ്പിയില്‍ ആക്കിയാല്‍ ഗുണം മാറുമോ ?
എന്‍റെ മരണം എന്ന കവിത ഒന്ന് വായിക്കുന്നത് നന്നായിരിക്കും
നന്നായിരിക്കുന്നു.
കഥ കൊള്ളാം, നന്നായിരിക്കുന്നു.
ഏകനായ ആ മനുഷ്യന്‍ മത്തായിമാപ്പിളയുടെ നാലാമത്തെ മകനായ ,കൃഷിക്കാരനായ,ജോണിക്കുട്ടിയായിരുന്നു. അവന്റെ കണ്ണില്‍ നിന്നുള്ള കണ്ണീര്‍ വീണ് ആ ആറടിമണ്ണ് നനഞ്ഞു.പതിവു പോലെ പാവപ്പെട്ട മകന്. അപ്പനോട് സ്നേഹം. എന്റെകയ്യില്‍ കാശില്ലാല്ലോന്നോറ്ത്ത് കരഞ്ഞതായിരിക്കുമല്ലെ?
എന്റെ സുഹൃത്തെ കാശില്ലാത്തോന്‍ മാത്രമെ സ്നേഹം കാണിക്കത്തൊള്ളൊ? ഒരു മാതിരിപ്പെട്ട മലയാളികള്ക്കുള്ള മൂഢ വിശ്വാസം. പണ്ട് കാശ് കുറഞ്ഞവര്‍ കുറവുള്ളാ കാലത്ത് അയലത്റ്റുള്ളവന്‍ സിംഗപ്പൂരില്‍ പ്പോയി കാശുണ്ടാക്കി വരുന്നത് കണ്ട് പണിയൊന്നുമെടുക്കാതെ കഥയെഴുതി നടന്നവരുണ്ടാക്കിയ അതേ അച്ച്.. ക്.ഷമീര്..ഇത്തരം കഥകള്‍ കണ്ട് മടുത്ത തിനാലെഴുതിപ്പൊയതാണ്.
Nalla kadha...Valarey nannayittundu.....ennal Kadavan paranjathu poley avasanathey oru line "ഏകനായ ആ മനുഷ്യന്‍ മത്തായിമാപ്പിളയുടെ നാലാമത്തെ മകനായ ,കൃഷിക്കാരനായ,ജോണിക്കുട്ടിയായിരുന്നു."
athu vendiyirunnilla....
Post a Comment