Saturday, November 24, 2007

ചെരുപ്പുകള്‍ മാറുന്ന പെണ്‍കുട്ടി : കഥ

നഗരത്തിലെ തിരക്കിനിടയില്‍ കണ്ടുമുട്ടിയപ്പോള്‍ ഞാനവളെ എന്തിന് ശ്രദ്ധിച്ചു എന്ന് എനിക്കറിയില്ല.എന്റെ കൈയ്യിലെ താക്കോല്‍ കൂട്ടം വീണത് അവളുടെ കാല്‍ക്കലേക്കായിരുന്നു.ഞാനത് കുനിഞ്ഞെടുത്തപ്പോള്‍ എന്റെ ശ്രദ്ധയില്‍ പെട്ടത് അവളുടെ കാലിലെ ചെരുപ്പുകളായിരുന്നു.താക്കോല്‍ എടുത്ത് ഉയര്‍‌ന്നപ്പോള്‍ അവളുടെ കഴുത്തിലെ കുരിശുമാലയും എന്റെ മനസ്സില്‍ പതിഞ്ഞു.

അന്നെനിക്ക് ഉറങ്ങാന്‍ പറ്റിയില്ല.അവളുടെ ചെരുപ്പുകളും കുരിശുമാലയും എന്റെ ഉറക്കം കെടുത്തി.അവളെ ഒരിക്കല്‍ കൂടിയൊന്ന് കാണണമെന്ന് ഒരു തോന്നല്‍.പിറ്റേന്നു മുതല്‍ ഞാന്‍ നഗരത്തിലെ പള്ളികളില്‍ മാറിമാറി പ്രഭാതകുര്‍ബ്ബാനകളില്‍ പങ്കെടുക്കാന്‍ തുടങ്ങി.

എല്ലാവരും ആരാധനയില്‍ പങ്കുകൊള്ളുമ്പോള്‍ ഞാന്‍ ദൈവാലയത്തെ ചുറ്റിനടന്നു.അവളുടെ ചെരുപ്പ് എവിടെയെങ്കിലും കിടപ്പുണ്ടോ?രണ്ടുമാസത്തോളും ഞാന്‍ അവളേയും അവളുടെ ചെരുപ്പും തേടി നടന്നു.രണ്ടുമാസങ്ങള്‍‌ക്കുശേഷം അവളുടെ ചെരുപ്പ് ഞാന്‍ കണ്ടേത്തി.ആരാധനയും കഴിഞ്ഞ് ആളുകള്‍ ഇറങ്ങിവരുന്നതുംകാത്ത് ഞാന്‍ കാത്തുനിന്നു.ആ ചെരുപ്പ് ഇടുന്നു സുന്ദരിയായ
അവളുടെ മുഖമായിരുന്നു എന്റെ മനസ്സില്‍.അവളുടെ കുരിശുമാലയുടെ തിളക്കം എന്റെ മനസ്സിനെ കടിഞ്ഞാണില്ലാത്തതാക്കി മാറ്റിയിരുന്നു.ഒരു മധ്യവയസ്‌ക ആ ചെരുപ്പുകള്‍ ധരിച്ച് പുറത്തേക്ക് പോയപ്പോള്‍ എന്റെ അന്വേഷണം പാഴായതിന്റെ വിഷമമായിരുന്നു എന്റെ മനസ്സില്‍.ഒരു ചെരുപ്പുവെച്ച് ഒരാളെ അന്വേഷിച്ചിറങ്ങിയ എന്നോടുതന്നെ എനിക്ക് സഹതാപം തോന്നി.

ഞാനെന്റെ അന്വേഷണം തുടര്‍‌ന്നുകൊണ്ടിരുന്നു.ഒരു ദിവസം ബസ്‌സ്റ്റാന്‍‌ഡില്‍ നില്‍ക്കുമ്പോള്‍ വീണ്ടുമവളെ കണ്ടു.അറിയാതെ എന്റെ നോട്ടം അവളുടെ കാലുകളിലേക്കായി.പുതിയ ഫാഷനിലുള്ള ചെരുപ്പാണ് അവള്‍ ധരിച്ചിരുന്നത്.ഞാനവളുടെ കഴുത്തിലേക്ക് നോക്കി കുരിശുമാലക്കൊരു മാറ്റവും ഇല്ല.ഞാനവളെ നോക്കി ചിരിച്ചു.അവളും എനിക്കൊരു ചിരി സമ്മാനിച്ചിട്ട് അവള്‍ മറഞ്ഞു.

നഗരത്തിലെ തിരക്കില്‍ പലയിടത്തുവെച്ചും ഞാനവളെ കണ്ടു.പരസ്പരം പുഞ്ചിരിതൂക്കി ഞങ്ങള്‍ കടന്നുപോയി.ആദ്യമായി ഞാനവളോട് സംസാരിക്കുന്നത് ഇന്ത്യന്‍ കോഫിഹൌസില്‍ വച്ചാണ്. ഒരു ദിവസം ഞാന്‍ കോഫിഹൌസില്‍ ചെന്നപ്പോള്‍ നല്ല തിരക്കായിരുന്നു.ഒഴിവുള്ള കസേര തേടി ഞാന്‍ ചെന്നിരുന്നത് അവളുടെ മുന്നിലായിരുന്നു.സിംഹത്തിന്റെ മുന്നില്‍ അകപ്പെട്ട മാന്‍‌പേടയെപോലെ ഞാന്‍ പരുങ്ങി.കുറേ സമയത്തെക്ക് എനിക്ക് ശബ്ദ്ദം പോലും പുറത്തേക്ക് വന്നില്ല.അപരിചിതത്വത്തിന്റെ മഞ്ഞുരുകിയപ്പോള്‍ ഞങ്ങള്‍ സംസാരിച്ചുതുടങ്ങി.അവള്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഞാനവളുടെ കാലുകളിലേക്ക് നോക്കി.അന്നവള്‍ ഇട്ടിരുന്നത് പുതിയതരം ചെരുപ്പായിരുന്നു.

ഞങ്ങള്‍ പല സ്ഥലത്തുവെച്ചും കണ്ടുമുട്ടി.അപ്പോഴെല്ലാം അവള്‍ക്ക് സംസാരിക്കാനുണ്ടായിരുന്നത് ചെരുപ്പുകളെകുറിച്ചായിരുന്നു. ലോകത്തിലെ ഏത് കാര്യത്തെകുറിച്ച് സംസാരിച്ച് തുടങ്ങിയാലും അവസാനം ചെന്നെത്തുന്നത് ചെരുപ്പുകളിലായിരുന്നു.അവള്‍ നഗരത്തിലെ ഏതെങ്കിലും ചെരുപ്പുകടയുടെ ഉടമസ്ഥ ആയിരിക്കാം?അല്ലങ്കില്‍ ചെരുപ്പുകളെ കുറിച്ച് ഗവേഷണം നടത്തുന്നവളായിരിക്കാം? അവളെക്കുറിച്ച് എന്തെങ്കിലും ചോദിച്ചാല്‍ അവള്‍ മനപൂര്‍വ്വം ഒഴിഞ്ഞുമാറിയിരുന്നു.ഞാനവളെ
എന്നുകണ്ടാലും അന്നെല്ലാം അവള്‍ വേറെവേറെ ചെരുപ്പായിരുന്നു ഇട്ടിരുന്നത്.ഒരിക്കല്‍ ഇട്ട ചെരുപ്പ് അവള്‍ ഒരിക്കല്‍ കൂടി ഇട്ട് ഞാന്‍ കണ്ടിരുന്നില്ല.പക്ഷേ അവളുടെ കുരിശുമാല മാറി ഞാന്‍ കണ്ടിട്ടില്ല.

കുറെ നാളുത്തേക്ക് അവളെ കണ്ടില്ല.കൂട്ടുകാരനെ കാണാനായി എനിക്ക് ആശുപത്രിയില്‍ പോകേണ്ടിവന്നു.ആശുപത്രിയില്‍ നിന്ന് തിരിച്ചിറങ്ങുമ്പോള്‍ അവള്‍ തൊട്ടുമുന്നില്‍.അപ്പോഴും അവള്‍ക്ക് സംസാരിക്കാന്‍ ഉണ്ടായിരുന്നത് ചെരുപ്പുകളെകുറിച്ചായിരുന്നു.ഒരു മാസത്തോളം അവളെ വീണ്ടും കാണാതായി അവളെ കാണാന്‍ സാധ്യതയുള്ള സ്ഥലങ്ങിളിലെല്ലാം ഞാനവളെ തേടി. അവളെ കാണാന്‍ സാധിച്ചില്ല.അവളേയും ചെരുപ്പുകളും കുരിശുമാലയും ഞാന്‍ മറന്നുതുടങ്ങി.

സിവില്‍ സ്റ്റേഷനുമുന്നിലൂടെ കാറോടിച്ചുപോകുമ്പോള്‍ ഞാനവളെ വീണ്ടും കണ്ടു.വഴിവക്കില്‍ വാകമരച്ചുവട്ടില്‍ അവള്‍ ഇരിക്കുന്നു.അവളുടെ മുന്നില്‍ അടുക്കി വച്ചിരിക്കുന്ന ചെരുപ്പുകള്‍.അവള്‍ ചെരുപ്പുകള്‍ തുന്നുകയാണ്.ഞാന്‍ വണ്ടിനിര്‍ത്തി.വാകമരത്തില്‍ ആണിയടിച്ച് ഒരു വൃദ്ധന്റെ പടം ഥ്ക്കിയിരുന്നു.അയാള്‍ അവിടിരുന്ന് ചെരുപ്പുകള്‍ തുന്നുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ടായിരുന്നു. അവളുടെ കാലിലേക്ക് നോക്കി.അവളുടെ കാലില്‍ ചെരുപ്പുകള്‍ ഇല്ലായിരുന്നു.അപ്പോഴും അവളുടെ കഴുത്തിലെ കുരിശുമാല തിളങ്ങുന്നുണ്ടായിരുന്നു.

3 comments:

കുഞ്ഞന്‍ said...

കച്ചവടത്തില്‍ ശ്രദ്ധയില്ലാത്ത ചെരിപ്പുകുത്തി..!

സ്ഥിരമായി ഒരിടത്തിരിക്കാതെ കറങ്ങി നടക്കുന്നു..!

വൃദ്ധന്റെ പടം തൂക്കിയത് നന്നായിട്ടുണ്ട്..

SHAJNI said...

hai,
some thing special,when i start reading i made a conclusion,but mistaken.good theme and presentation.

Anonymous said...

Wy u used to use this........""Aparichithathinte Manju Uruki thudangiyappol???"" Try to use something different.

: :: ::