Friday, November 9, 2007

വെറോനിക്ക

വെറോനിക്ക സുന്ദരിയായിരുന്നു.വയസ് മുപ്പത്തഞ്ച് ആയെങ്കിലും അവള്‍ വിവാഹം കഴിച്ചിരുന്നില്ല.ഒരു പ്രണയനൈരശ്യത്തിന്റെ ബാക്കിപത്രമായിരുന്നില്ല വെറോനിക്ക.അവള്‍ ഒരു ഫെമിനിസ്റ്റും ആയിരുന്നില്ല.സര്‍ക്കാര്‍ ആശുപത്രിയിലെ സംഘടനാബോധ മില്ലാത്ത ഒരു പാവം നേഴ്‌സായിരുന്നു വെറോനിക്ക.

വെള്ളയൂണിഫോം ധരിച്ച വെറോനിക്കയെ കണ്ടാല്‍ ഒരു മാലാഖയാണന്നേ തോന്നൂ;രണ്ടു ചിറകുകളുടെ കുറവ് അവള്‍ക്കു ണ്ടായിരുന്നുവെങ്കിലും.ഏദന്‍‌തോട്ടത്തിന്റെ കാവലിനായി ദൈവം സൃഷ്‌ടിച്ച മാലാഖ വഴിതെറ്റി ഭൂമിയില്‍ എത്തിയതായിരിക്കാം. യൌവനത്തിന്റെ തീക്ഷണത നിറഞ്ഞുനിന്ന അവളെ ഒരു പുരുഷന്റെയും കഴുകന്‍ കണ്ണുകള്‍ കൊത്തിവലിച്ചിരുന്നില്ല.

പത്തുവര്‍‌ഷത്തെ സര്‍വീസിനിടയില്‍ പതിനഞ്ച് സ്ഥലമാറ്റങ്ങള്‍.ഒരിക്കല്‍ പോലും സ്ഥലമാറ്റത്തിനെതിരെ വെറോനിക്ക കോടതിയെ സമീപിച്ചില്ല.ഏത് ആശുപത്രിയായാലും എനിക്കൊരുപോലെയാണ്. എവിടെയാ ണങ്കിലും രോഗികള്‍ കാണുമല്ലോ?അവര്‍ക്ക് എന്നെകൊണ്ട് അല്പം ആശ്വാസം ലഭിക്കണം.ഇതായിരുന്നു വെറോനിക്കയുടെ അഭിപ്രായം. കുറഞ്ഞകാലയളവിനുള്ളില്‍ കേരളത്തിലെ എല്ലാജില്ലകളിലും ജോലി ചെയ്തിട്ടുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ എന്തെങ്കിലും പാരിതോഷികം നല്‍കിയാല്‍ അതിന് അവകാശി വെറോനിക്ക മാത്രം ആയിരിക്കും.

കോഴിക്കോട്ടുനിന്ന് തലസ്ഥാനത്തേക്കുള്ള ട്രാന്‍സഫര്‍ ഓര്‍ഡര്‍ കിട്ടിയപ്പോള്‍ വെറോനിക്ക ഞെട്ടിയില്ല. ബാഗ് ഒരുക്കുന്നതിനെ ക്കുറിച്ച് ചിന്തിച്ചതേയില്ല. ജനറല്‍ വാര്‍ഡിലേക്കുള്ള മെഡിസിന്‍ ചാര്‍ട്ട് നോക്കി അവള്‍ ട്രേയിലേക്ക് മരുന്നുകള്‍ എടുത്തുവെച്ചു. അവള്‍ക്കറിയാമായിരുന്നു തനിക്കെന്തിനാണ് സ്ഥലമാറ്റം ലഭിച്ച തെന്ന്. മറിയാമ്മസിസ്റ്റര്‍ കഴിഞ്ഞാഴ്ച പറഞ്ഞതവള്‍ ഓര്‍ത്തു.
“ഞാനാരാണന്ന് നിന്നെ കാണിച്ചു തരാമടീ...”

കഴിഞ്ഞാഴ്ച വെറോനിക്കയ്ക്കും മറിയാമ്മ സിസ്റ്ററിനും ആയിരുന്നു ലേബര്‍‌റൂം ചാര്‍ജ്.ലേബര്‍‌റൂം ചാര്‍ജ് കിട്ടിയാലുടന്‍ മറിയാമ്മ സിസ്റ്റര്‍ ഒരു കൂട് മെഴുകുതിരി വാങ്ങിച്ച് ഉണ്ണിയേശുവിന്റെ രൂപക്കൂടിനു മുന്നില്‍ കത്തിക്കും.
“ഉണ്ണിയേശുവേ..ഇന്ന് കൂടുതല്‍ പ്രസവങ്ങള്‍ നടക്കണേ..”ഇതായിരിക്കും മറിയാമ്മ സിസ്റ്ററിന്റെ പ്രാര്‍ത്ഥന.

ജനിക്കുന്നടനെ കുഞ്ഞിനെ അപ്പനേയും വീടുകാരയും കൊണ്ടുപോയി കാണിക്കുന്നത് മറിയാമ്മ സിസ്റ്ററാണ്.മറിയാമ്മ സിസ്റ്ററിന് 200 രൂപ പടികൊടുത്താലെ കുഞ്ഞിനെ വീട്ടുകാരെ കാണിക്കുകയുള്ളു.കഴിഞ്ഞാഴ്ച മറിയാമ്മ സിസ്റ്റര്‍‌ക്കെതിരെ ആരോ പരാതി നല്‍കി.ആശുപത്രി സൂപ്രണ്ട് അന്വേഷ്‌ണത്തിന് ഉത്തരവിട്ടു.സംഘടനാബോധമില്ലാത്ത വെറോനിക്ക സിസ്റ്റര്‍ തെളിവെടുപ്പില്‍ മറിയാമ്മ സിസ്റ്റര്‍ക്കെതിരെ മൊഴി കൊടുത്തു.പക്ഷേ സൂപ്രണ്ടിന്റെ അന്വേഷ്ണ റിപ്പോര്‍ട്ട് എവിടയോ മുങ്ങി.

വെറോനിക്ക നഴ്സിംങ്ങ് റൂമില്‍ തിരിച്ചെത്തിയപ്പോള്‍ മറിയാമ്മ സിസ്റ്റര്‍ അവിടെ ഉണ്ടായിരുന്നു.മറിയാമ്മ സിസ്റ്ററിന്റെ ചുണ്ടിലെ പരിഹാസച്ചിരി വെറോനിക്കയ്ക്ക് മനസിലായെങ്കിലും അവള്‍ ഒന്നും പറഞ്ഞില്ല.

വെറോനിക്കയ്ക്ക് ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ വന്നത് ചുരുങ്ങിയ സമയം കൊണ്ട് ആശുപത്രി മുഴുവന്‍ അറിഞ്ഞിരുന്നു.
“പോവുകയാണല്ലേ ?” പലരും വെറോനിക്കയോട് ചോദിച്ചു.
“അതെ “ വെറോനിക്ക ഉത്തരവും നല്‍കി.
“പോകാതിരുന്നുകൂടെ?”ആരോ ചോദിച്ചു.
“അതെങ്ങനെയാ... നിങ്ങളെപോലുള്ളവര്‍ തിരുവനന്തപുരത്തും കാണില്ലേ?”അവള്‍ മറുപിടി പറഞ്ഞു.
തങ്ങളുടെ പ്രിയപ്പെട്ട സിസ്റ്ററെ യാത്ര അയക്കാനായി വൈകുന്നേരമായപ്പോഴേക്കും ഒട്ടുമിക്ക രോഗികളും നഴ്‌സിംങ്ങ്
റൂമിനു മുന്നിലെത്തി.എല്ലാവരോടും യാത്ര പറഞ്ഞതിനു ശേഷമാണ് വെറോനിക്ക മറിയാമ്മ സിസ്റ്ററിന്റെ അടുത്തെത്തിയത്.
“സിസ്റ്റ്‌റേ,ആശുപത്രി വാരാന്തയിലാണങ്കിലും കോടതി വാരാന്തയിലാണങ്കിലും സ്വന്തം കുഞ്ഞിനെ കാണാന്‍ കാത്തുനില്‍ക്കുന്നത് ഒരു പോലാണ്“ വെറോനിക്ക മറിയാമ്മ സിസ്റ്ററോട് പറഞ്ഞു.

മറിയാമ്മ സിസ്റ്ററിന്റെ നെഞ്ചൊന്ന് പിടഞ്ഞു.തന്റെ ഡൈവേഴ്സ് പെറ്റീഷന്‍ കോടതിയുടെ പരിഗണനയിലാണന്നുള്ള ഓര്‍മ്മ പ്പെടുത്തല്‍ മറിയാമ്മ സിസ്റ്ററെ വേദനപ്പിച്ചു.വെറോനിക്ക ആശുപത്രി പടികള്‍ ഓരോന്നായി ഇറങ്ങി.
*********************
തിരുവനന്തപുരവുമായി വെറോനിക്ക പെട്ടന്ന് ഇണങ്ങിച്ചേര്‍ന്നു. പൊടിയില്‍ കൂടിയുള്ള യാത്ര മാത്രമായിരുന്നു വെറോനിക്കയ്ക്ക് പ്രയാസം. പൊട്ടിപൊളിഞ്ഞ റോഡും പൊടിയും കൊണ്ട് മന്ത്രിമാര്‍ പോലും തിരുവനന്തപുരത്തുനിന്ന് മാറിനില്‍ക്കു കയാണന്ന് അവള്‍ പത്രത്തില്‍ വായിക്കുകയും ചെയ്തു.ആ വാര്‍ത്ത ഏതെങ്കിലും മാധ്യമ സിന്‍ഡിക്കേറ്റിന്റെ സൃഷ്ടിയാണോ എന്നവള്‍ക്ക് അറിയില്ലായിരുന്നു.അല്ലങ്കില്‍ തന്നെ സത്യം പറയുന്നവര്‍ സിന്‍ഡിക്കേറ്റിന്റെ ഭാഗമാണല്ലോ?

കഴിഞ്ഞ ഞായറാഴ്ച ആബേലച്ചന്‍ പള്ളിയില്‍ പ്രസംഗിച്ചതവള്‍ ഓര്‍ത്തു.”വ്യവസ്ഥാപിതമായ രീതിയില്‍ അനീതി വളരുമ്പോള്‍ ഒരു പൊളിച്ചെഴുത്ത് ആവിശ്യമാണ്.” അത് കേട്ടപ്പോള്‍ അവളുടെ കണ്ണ് ചലിച്ചത് ക്രൂശില്‍ കിടക്കുന്ന യേശുവിന്റെ രൂപത്തിലേക്കാണ്. പൊളിച്ചെഴുത്ത് നടത്താന്‍ ഇറങ്ങിതിരിച്ച വരുടെ എല്ലാം വിധി ഇതുതന്നെ ആയിരുന്നല്ലോ?എല്ലാം പൊളിച്ചെഴുതാന്‍ ഇനി ഏത് പ്രവാചകനാണ് വരുന്നത് ?അവന് സമൂഹം നല്‍കുന്ന ശിക്ഷ എന്തായിരിക്കും? കൊലമരമോ? വിഷദ്രാവകമോ? സോക്രട്ടീസിന്റെ പിടച്ചില്‍ അവളുടെ ഉള്ളിലെ പിടച്ചിലായി.

വളരെ നാളത്തെ അന്വേഷ്ണത്തിനു ശേഷമാണ് വെറോനിക്കയ്ക്ക് ഒരു വാടകവീട് കിട്ടിയത്.ഒരു ഗുണ്ടാനേതാവാണ് വീട് ശരിയാക്കി കൊടുത്തത്.വെറോനിക്ക അയാള്‍ക്ക് കമ്മീഷന്‍ കൊടുത്തെങ്കിലും അയാളത് വാങ്ങിയില്ല.‘നിങ്ങളെപോലുള്ളവരോട് പണം വാങ്ങിച്ചാല്‍ ശരിയാകത്തില്ല സിസ്റ്റ്‌റേ,തല്ലിയും പിടിച്ചു പറിച്ചുമാ ജീവിക്കുന്നതെങ്കിലും ഞങ്ങളും മനുഷ്യരല്ലേ?ആരുടെയെങ്കിലും കത്തിയുടെ മുന്നില്‍ പിടഞ്ഞുവീണ് ആശുപത്രിയില്‍ കൊണ്ടുവന്നാല്‍ സിസ്റ്റ്‌റിനെപോലുള്ളവരേ കാണത്തുള്ളു...” അയാള്‍ പണം നിരസിച്ചുകൊണ്ട് പറഞ്ഞിതിങ്ങനെയാണ്.
“എന്നാല്‍ എല്ലാം നിര്‍ത്തി നല്ല മനുഷ്യനായി ജീവിച്ചുകൂടേ ? “വെറോനിക്ക അയാളോട് ചോദിച്ചു.
അയാള്‍ വെറോനിക്കയെ നോക്കി ചിരിച്ചു.ആ ചിരിയില്‍ വേദനയുടെ നനവുണ്ടന്ന് അവള്‍ക്കറിയാമായിരുന്നു.
“ഒരിക്കല്‍ കെട്ടിയ വേഷം അഴിക്കാന്‍ പാടാണ് സിസ്റ്റ്‌റേ...”

വെറോനിക്ക കൊണ്ടുവന്ന ചായ അയാള്‍ സാവധാനം ഊതിക്കുടിച്ചു,ഗ്ലാസില്‍ നിന്നുള്ള ആവി അയാളുടെ മുഖത്തേക്ക് തന്നെ ആയിരുന്നു വന്നടിച്ചു കൊണ്ടിരുന്നത്.തങ്ങളുടെ അടുത്ത വീടിന്റെ ചാവടിയില്‍ നഗരത്തെ വിറപ്പിക്കുന്ന ഗുണ്ട ചായ ഊതിക്കുടിക്കുന്നിതു കാണാന്‍ അയല്‍‌പക്കക്കാര്‍ എത്തിയെത്തി നോക്കി .പലരും അര്‍ത്ഥം വച്ച് ചിരിച്ചു.അയാള്‍ ചായക്കപ്പ് തിരിച്ചു കൊടുത്തു.അയാളുടെ കണ്ണ് നിറഞ്ഞ് തുളുമ്പി നില്‍ക്കുന്നതവള്‍ കണ്ടു.
“എന്തു പറ്റി? “ അവള്‍ ചോദിച്ചു.
“സിസ്റ്റ്‌റെ ഞാന്‍ വല്ലപ്പോഴും ഇവിടെയൊന്ന് വന്നോട്ടെ... ആദ്യമായിട്ടാ സിസ്റ്റ്‌റേ ഒരാള്‍ സ്നേഹത്തൊടെ ഒരു കപ്പ്
ചായ തരുന്നത്..” അയാളുടെ ശബ്ദ്ദം മുറിഞ്ഞു,കണ്ണില്‍ നിന്ന് കണ്ണുനീര്‍ ഒഴുകി.വെറോനിക്കയുടെ മറുപിടിക്ക് കാത്തുനില്‍ക്കാതെ യാത്രപോലും പറയാതെ അയാള്‍ ഇറങ്ങി നടന്നു.തിരിച്ചു വരാം എന്ന് ഉറപ്പില്ലാതെ എങ്ങനെയാണ് ഒരാള്‍ യാത്ര പറയുന്നത് ?

അയാള്‍ പോയതും അയല്‍‌വക്കക്കാര്‍ തങ്ങളുടെ പുതിയ വാടകക്കാരിയെ കാണാന്‍ എത്തി.പലരും വെറോനിക്കയ്ക്ക്
സദാചാരബോധത്തെക്കുറിച്ച് ക്ലാസ് എടുത്തു.ഒറ്റയ്ക്ക് വാടകയ്ക്ക് താമസിക്കുന്ന സ്ത്രി എങ്ങനെയായിരിക്കണം എന്നവര്‍ പറഞ്ഞു കൊടുത്തു.എല്ലാവരും സംഭാഷണം അവസാനിപ്പിച്ചത് ഒരൊറ്റ വാചകത്തിലാണ്.
“അയല്‍‌വക്കക്കാര്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത്...”
വെറോനിക്ക തലയാട്ടുകമാത്രമല്ലാതെ ഒന്നും പറഞ്ഞില്ല.ഒരു പുരുഷനോട് അവിവാഹിതയായ സ്ത്രി സംസാരിച്ചാല്‍ അല്ലങ്കില്‍ ഒരു സ്ത്രി ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് അവളുടെ സുഹൃത്തുകടന്നുവന്നാല്‍ നഷ്‌ടപ്പെടുന്നതാണോ സദാചാരം? എല്ലാചോദ്യങ്ങള്‍ക്കം ഉത്തരം ലഭിക്കാറില്ലല്ലോ?ചില ചോദ്യങ്ങള്‍ എപ്പോഴും ചോദ്യങ്ങളായിതന്നെ അവശേഷിക്കും.

വെറോനിക്ക തന്റെ മൊബൈല്‍ ഒരിക്കല്‍ പോലുഒം ഓഫ് ചെയ്യാറില്ല.സൈലന്റ് മോഡിലേക്കും അവള്‍ ഫോണ്‍ മാറ്റാറില്ല.എപ്പോള്‍ വിളിയെത്തിയാലും ആശുപത്രിയിലേക്ക് പോകാന്‍ വെറോനിക്ക തയ്യാറാണ്.രാത്രിയില്‍ വെറോനിക്കയുടെ വീടിന്റെ പടിക്കല്‍ വാഹനം എത്തിയാല്‍ ഇപ്പോള്‍ അയല്‍ക്കാര്‍ എത്തിനോക്കാറില്ല.അവര്‍ക്കറിയാം അത്യാസന നിലയില്‍ ആരെങ്കിലും ആശുപത്രിയില്‍ എത്തിയിട്ടുണ്ടാവുമെന്ന്. വെറോനിക്ക എല്ലാവര്‍ക്കും ഒരു അത്ഭുതമായിരുന്നു.പകലോ രാത്രിയോ ആയികൊള്ളട്ടെ ആവിശ്യം വന്നാല്‍ എപ്പോള്‍ വേണമെങ്കിലും വെറോനിക്ക ആശുപത്രിയില്‍ ഓടിയെത്തുമായിരുന്നു.

എല്ലാ ഞായറാഴ്ച്‌യും വെറോനിക്ക പള്ളിയില്‍ പോകും. അവിടെയാണങ്കിലും വെറോനിക്കയുടെ മൊബൈല്‍ ഓണായിരിക്കും.
ആബേലച്ചന്‍ കുര്‍ബ്ബാന്‍ ചൊല്ലിതുടങ്ങിയാല്‍ ഫാനുകള്‍ പോലും നിശ്ശബ്ദ്ദമായി മാത്രമേ കറങ്ങാറുള്ളു. അമ്മമാരുടെ കൈയ്യിലി രിക്കുന്ന കുഞ്ഞുങ്ങള്‍ പോലും ശബ്ദ്ദമുണ്ടാക്കാന്‍ മടിക്കും.

പള്ളിയില്‍‌വെച്ച് മൊബൈല്‍ റിംങ് ചെയ്താല്‍ പലപ്പോഴും വെറോനിക്ക അറിയാറില്ല. അടുത്തുനില്‍ക്കുന്നവര്‍ തട്ടി വിളിക്കുമ്പോള്‍ വെറോനിക്ക ഫോണുമായി വെളിയിലേക്കിറങ്ങും. കോള്‍ വന്നതിനു ശേഷം വെറോനിക്ക ആശുപത്രി യിലേക്ക് പോവുകയല്ലാതെ തിരിച്ച് പള്ളിയിലേക്ക് കയറിയിട്ടില്ല. വെറോനിക്കയുടെ ഫോണിന്റെ റിംങ് ടോണ്‍ കേട്ടാലുടന്‍ ആബേലച്ചന്‍ ഒരു നിമിഷം കുര്‍ബ്ബാന നിര്‍ത്തും.”കര്‍ത്താവേ ആത്മാവിനെ കാത്തുകൊള്ളേണമേ” ആബേലച്ചന്‍ മനസില്‍ പ്രാര്‍ത്ഥിക്കും.അച്ചന്‍ മാത്രമല്ല പള്ളിയിലുള്ളവരെല്ലാം ഒരു നിമിഷം നിശബ്ദ്ദമായി പ്രാര്‍ത്ഥിക്കും.

ഈ ഞായറാഴ്‌ച ആബേലച്ചന്‍ കുര്‍ബ്ബാനയുമായി പടിഞ്ഞാറോട്ട് വരുമ്പോഴാണ് വെറോനിക്കയുടെ ഫോണ്‍ ശബ്ദ്ദിച്ചത്.
“എന്റെ രക്തമാകുന്നു ഇത്......” അച്ചന്റെ ശബ്ദ്ദം നിന്നു. വെറോനിക്കയുടെ ഫോണ്‍ ശബ്ദ്ദിച്ചുകൊണ്ട് ഇരിക്കുകയാണ്.
“കര്‍ത്താവേ ആപത്തൊന്നും വരുത്തല്ലേ” ആബേലച്ചന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു.

വെറോനിക്ക ഫോണെടുത്തുകൊണ്ട് മുറ്റത്തേക്കിറങ്ങി.അതുവഴി വന്ന ഓട്ടോയില്‍ കയറി ആശുപത്രിയില്‍ എത്തി.ആശുപത്രി
മുറ്റം മുഴുവന്‍ പോലീസുകാര്‍.ആംബുലന്‍‌സുകള്‍ ഓരോന്നായി എത്തിക്കൊണ്ടിരിക്കുന്നു.ചാനലുകാരുടെ ക്യാമറകള്‍.വെറോനിക്ക
ഒരു വിധത്തില്‍ അത്യാസന വിഭാഗത്തില്‍ എത്തി.രക്തത്തില്‍ കുളിച്ച അഞ്ചാറുപേര്‍ കട്ടിലുകളില്‍ കിടന്ന് പിടയുന്നു.വാതുക്കല്‍ ചാനല്‍ക്യാമറക്കാര്‍ തിക്കിതിരക്കുന്നു.
“വെറോനിക്ക സിസ്റ്റ്‌റേ, തീയേറ്ററിലോട്ട് ചെല്ല് “നേഴ്‌സിംങ് സൂപ്രണ്ട് വന്നു പറഞ്ഞു.
“എന്തു പറ്റിയതാ സിസ്റ്റ്‌റേ ? “വെറോനിക്ക ചോദിച്ചു.
“കത്തീഡ്രല്‍ പള്ളിയില്‍ ഏതാണ്ട് പ്രശ്‌നമുണ്ടായതാ.... പോലീസ് വെടിവെച്ചു... അതിലെ ഒരുത്തനാ തിയേറ്റരില്‍..
പള്ളിക്കും കേടുപറ്റിയന്നാ കേട്ടത് “
“എങ്ങനെയുണ്ട് സിസ്റ്റ്‌റേ അയാള്‍ക്ക് ? “
“വലിയ കൊഴപ്പമൊന്നുമില്ലന്നാ തോന്നുന്നത്.സിസ്റ്റ്‌റൊന്ന് വേഗം തിയേറ്ററിലോട്ട് ചെല്ല്;അരവിന്ദ് ഡോക്ട്‌ര്‍ ഇപ്പോഴെത്തും “

വെറോനിക്ക ഓപ്പറേഷന്‍ തിയേറ്ററിലെത്തി.ഓപ്പറേഷന്‍ ടേബിളില്‍ കിടക്കുന്ന ആളെ ശ്രദ്ധിച്ചു.ഏറിയാല്‍ മുപ്പത്തഞ്ച് വയസ് കാണും. തോളത്താണ് വെടിയേറ്റിരിക്കുന്നത്. അരമണിക്കൂറിനുള്ളില്‍ അയാളുടെ ശരിരത്തില്‍ നിന്ന് ഡോക്ടര്‍ വെടിയുണ്ട പുറത്തെടുത്തു.

ഒരാഴ്‌ച കടന്നുപോയി.വെടിയേറ്റ ആളെ വാര്‍ഡിലെക്ക് മാറ്റി.വെറോനിക്ക ചെല്ലുമ്പോള്‍ അയാള്‍ കിടക്കുവായിരുന്നു. വെറോനിക്കിയെ കണ്ട് അയാള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.വെറോനിക്ക അയാളെ ചാരിയിരുത്തി.ആബേലച്ചന്‍ അല്ലാ‍തെ അയാള്‍ക്ക് മറ്റാരും സന്ദര്‍ശകരായി ഇല്ലായിരുന്നു.അയാളെകാണാന്‍ ഒരിക്കല്‍ പോലും അയാളുടെ വീട്ടുകാര്‍ വരുന്നത് വെറോനിക്ക കണ്ടിരുന്നില്ല.
“ഇന്ന് അച്ചന്‍ വന്നില്ലേ ?”വെറോനിക്ക ചോദിച്ചു.
“അച്ചന്‍ വന്നിട്ടു പോയി”അയാള്‍ മറുപിടി നല്‍കി.

വീട്ടുകാരൊന്നും വരാത്തത് എന്താണന്ന് ചോദിക്കണം എന്നുണ്ടായിരുന്നു വെറോനിക്കയ്ക്ക്.അയാള്‍ക്കത് വിഷമം ആയാലോ എന്ന് ചിന്തിച്ച് അവളത് ചോദിച്ചില്ല.അയാളുടെ ശരീരം തുടയ്ക്കാനായി അവള്‍ സ്പോഞ്ചും വെള്ളവും എടുത്തുകൊണ്ട് വന്നു.”അച്ചന്‍ രാവിലെ വന്നപ്പോള്‍ തുടച്ചതാ സിസ്റ്റ്‌റേ”അയാള്‍ പറഞ്ഞു.അവള്‍ അയാളുടെ മുറിവ് ഡ്രസ്സ് ചെയ്തു.അയാളുടെ ഹൃദയത്തിന്റെ ഭാഗത്ത് മറ്റൊരു മുറിവുണങ്ങിയ പാടുണ്ടായിരുന്നു.വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും പുറന്തള്ളപ്പെട്ടവനായിരിക്കണം.സ്ഥിരം തല്ലുകൊള്ളിയാണന്നാ തോന്നുന്നത്.അതു കൊണ്ടായിരിക്കും വീട്ടുകാര്‍ അന്വേഷിച്ചു വരാത്തത്.അവള്‍ ചിന്തിച്ചു.

അടുത്ത ദിവസം വെറോനിക്ക അയാളുടെ ശരീരം തുടയ്ക്കുകയായിരുന്നു.അയാളുടെ പുറം മുഴുവന്‍ അടികിട്ടിയ പാടികളായിരുന്നു.
“ഇയാള് സ്ഥിരം ചട്ടമ്പിയാണോ?”വെറോനിക്ക ചോദിച്ചു.അയാളൊന്നു ചിരിച്ചു.വേദനകള്‍ ഒളിപ്പിച്ചുവെച്ച ചിരി.
“പുറം മുഴുവന്‍ അടികിട്ടിയ പാടുകള്‍ ആയതുകൊണ്ട്.... വെറുതെ ചോദിച്ചന്നെയുള്ളു...”
“സ്വയം ചെയ്യുന്ന തെറ്റുകള്‍ക്ക് മാത്രമല്ലല്ലോ സിസ്റ്റ്‌റേ അടികിട്ടുന്നത് ?”അയാള്‍ പറഞ്ഞു.അയാളുടെ വാക്കുകള്‍ക്ക്
എന്തോ ഒരു ശക്തിയുണ്ടന്ന് അവള്‍ക്ക് തോന്നി.അയാളുടെ പലപ്പോഴെത്തെയും സംസാരം വിപ്ലവകാരിക്ക് തുല്യമായിരുന്നു.
നക്സ്‌ലൈറ്റ് പ്രസ്ഥാനത്തിന്റെ ഏതെങ്കിലും കണ്ണിയാണോ ഇയാള്‍.
“ശരി..ശരി.. തര്‍ക്കിക്കാനൊന്നും ഞാനില്ല...അടികിട്ടിയ പാടുകള്‍ പോകട്ടെ..നെഞ്ചത്തെ പാടോ?അപ്പോള്‍ ഇയാള്‍ക്ക്
നേരത്തെയും വെടികൊണ്ടിട്ടുണ്ടോ? പൊലീസുകാര് പറയുന്നത് അവര്‍ ആകാശത്തേക്ക് വെടിവെച്ചന്നാ..അപ്പോള്‍
തനിക്കെങ്ങനയാ തോളത്ത് വെടികൊണ്ടത്?ഇയാള് പള്ളിക്കുരിശില്‍ കയറിയിരിക്കുവായിരുന്നോ?”വെറോനിക്ക ചോദിച്ചു.
“നെഞ്ചത്തെ പാട് വെടികൊണ്ടതല്ല സിസ്റ്റ്‌റേ , ഒരുത്തന്‍ കുത്തിയതാ ?
അയാളുടെ കണ്ണുകള്‍ നിറയുന്നത് വെറോനിക്ക കണ്ടു.അയാളുടെ കണ്ണുകള്‍ക്ക് വജ്രം പോലെ തിളക്കമുണ്ടായിരുന്നു.
അയാളുടെ നെറ്റിയില്‍ നിന്ന് രക്തം പൊടിയുന്നതവള്‍ കണ്ടു.
“വിഷമം ആയി അല്ലേ ?”വെറോനിക്ക ചോദിച്ചു.
“എനിക്കെന്ത് വിഷമമാ സിസ്റ്റ്‌റേ... വിഷമിക്കാതെ ജീവിക്കാനായിരുന്നെങ്കില്‍ അത് പണ്ടേ ആകാമയിരുന്നു.”അയാള്‍പറഞ്ഞു.വെറോനിക്ക അയാളുടെ ശരീരം തുടച്ചു വൃത്തിയാക്കി.തന്റെ ചോദ്യങ്ങള്‍ അയാളെ സങ്കടപ്പെടുത്തിയെന്നവള്‍ക്ക്
മനസ്സിലായി.

അടുത്ത ദിവസം വെറോനിക്കായ്ക്ക് രണ്ടാമത്തെ ഡ്യൂട്ടിയായിരുന്നു.വെറോനിക്ക അയാളെ കാണാന്‍ വാര്‍ഡില്‍ എത്തിയെങ്കിലും അയാള്‍ കിടന്ന കട്ടിലില്‍ മറ്റൊരാള്‍ ആയിരുന്നു.
“ഇന്നലെ ഇവിടെ കിടന്നയാള്‍ എവിടെ ? “ വെറോനിക്ക ഡ്യൂട്ടി നേഴ്‌സിനോട് ചോദിച്ചു.
പള്ളിക്കാര് വന്ന് അയാളെ കൂട്ടികൊണ്ട് പോയന്നും ഡിസ്‌ചാര്‍ജ് ചെയ്യാന്‍ വിസമ്മതിച്ച് ഡോക്ട്‌റുമായി അവര്‍ വഴക്കുണ്ടാക്കിയെന്നും ഡ്യൂട്ടി നേഴ്‌സ് പറഞ്ഞു.പള്ളിയില്‍ നടത്തുന്ന പ്രതിഷേധയോഗത്തിലേക്കാണ് അയാളെ അവര്‍ കൂട്ടി കൊണ്ട് പോയിരിക്കുന്നതെന്നും വെറോനിക്കയോട് പറഞ്ഞു.

ഡ്യൂട്ടി നേഴ്‌സ് വെറോനിക്കയ്ക്ക് ഒരു തുണിപ്പൊതി എടുത്തുകൊണ്ടുവന്നു കൊടുത്തു.വെറോനിക്കയ്ക്ക് നല്‍കണമെന്ന് പറഞ്ഞ് അയാള്‍ ഡ്യൂട്ടി നേഴ്‌സിനെ ഏല്‍പ്പിച്ചതായിരുന്നു ആ പൊതി.വെറോനിക്ക പൊതി തുറന്നു.അതിനകത്ത് ഒരു ചാട്ടവാര്‍ ആയിരുന്നു. വെറോനിക്ക അത് എടുത്തു.അതിന് നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ടായിരുന്നു.ചാട്ടയുടെ അറ്റത്ത് രക്തത്തുള്ളികള്‍ കട്ടപിടിച്ചിരുന്നു.

ജെറുശലേം ദേവാലയത്തിനുള്ളില്‍ ചാട്ടവാറിന്റെ സീല്‍ക്കാരം ഉയര്‍ന്നു.ജറുശലേമിന്റെ വീഥികളില്‍ രക്തതുള്ളികള്‍ തെറിച്ചുവീണു. വെറോനിക്ക മറ്റൊരാള്‍ ആവുകയായിരുന്നു.അവളുടെയുള്ളില്‍ ആബേലച്ചന്റെ വാക്കുകള്‍ മുഴങ്ങി.
വ്യവസ്ഥാപിതമായ രീതിയില്‍ അനീതി വളരുമ്പോള്‍ ഒരു പൊളിച്ചെഴുത്ത് ആവിശ്യമാണ്.”

വെറോനിക്ക ചാട്ടവാറുമായി കൊടുങ്കാറ്റിന്റെ വേഗതയില്‍ കത്തീഡ്രലിലേക്ക് നടന്നു.അവിടെ പ്രതിഷേധ സമ്മേളനം ആരംഭിച്ചിരുന്നു.വെറോനിക്ക സമ്മേളന വേദിയിലേക്ക് ഓടിക്കയറി .കത്തീഡ്രലിലെ മണികള്‍ തനിയെ മുഴങ്ങാന്‍ തുടങ്ങി.പുരോഹിതന്മാരുടെ നേരെ  വെറോനിക്ക  ചാട്ടവാര്‍ വീശി .ആബേലച്ചന്‍മാത്രം ഒരു വെള്ളരിപ്രാവായി പറന്നുയര്‍ന്നിരുന്നു.

 
photo : source

21 comments:

കുഞ്ഞന്‍ said...

എന്റെ മാഷെ..
എത്ര അഭിനന്ദിച്ചാലും മതിയാവില്ല...!

എനിക്ക് കഥ അത്രക്കങ്ങ് ഇഷ്ടപ്പെട്ടു...!

ഏ.ആര്‍. നജീം said...

നല്ല കഥ..

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല കഥ. പക്ഷെ അവസാനിപ്പിക്കാന്‍ തിടുക്കം കാണിച്ചു.

SHAJNI said...

hai,
story is good,but u try to describe lot of things at the same time,if it is more specific to an idea that may be greater.

mohammed salim said...

good story ahh wonderful

ശാലിനി said...

എത്ര നന്നായി എഴുതിയിരിക്കുന്നു.

“വ്യവസ്ഥാപിതമായ രീതിയില്‍ അനീതി വളരുമ്പോള്‍ ഒരു പൊളിച്ചെഴുത്ത് ആവിശ്യമാണ്.” അതെ, യേശു ആ ചാട്ടവാര്‍ ആരെയെങ്കിലും ഏല്‍പ്പിച്ച് വിട്ടിരുന്നെങ്കില്‍, വീണ്ടും ഒരു ശുദ്ധിയാക്കല്‍ നടന്നിരുന്നെങ്കില്‍!

അഭിനന്ദനങ്ങള്‍

നല്ലി . . . . . said...

നിന്നെ ഞാന്‍ കണ്ടിട്ടുണ്ടെന്നു പറയുന്നതില്‍ നീ എന്റെ കൂട്ടുകാരനാണെന്നു പറയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു :-)

Tito George said...

നല്ല കഥ.

Shee said...
This comment has been removed by the author.
Shee said...

ithenikkangu ishtappettu

nalla katha easow

ജന്മസുകൃതം said...

എന്റെ ഈശോയെ....ഇതിത്ര നാള്‍ എവിടെയായിരുന്നൂന്നേ...
വല്ല്യ സംഭവം തന്നല്ലോ...കൊള്ളാമല്ലോ ന്നെ...

ഇനി ഇപ്പം വന്നൂന്നു ചോദിച്ചാല്‍ മതി...

സ്വപ്നാടകനൊരു വലിയ നന്ദി പറയുന്നു...ഈ കണ്ടുപിടുത്തത്തിന് ഇട നല്‍കിയതിനു ...

Seena Viovin said...

കണ്ണുകളെ ഈറനണിയിപ്പിച്ചു ... നല്ല എഴുത്ത്

ചേച്ചിപ്പെണ്ണ്‍ said...

കഥ ഇഷ്ടമായി .. ഈശോ .. നന്ദി ..

ഭായി said...

മതങളും വേദങളും പറയുന്നതും പഠിപ്പിക്കുന്നതുമല്ല മത മേലദ്ധ്യക്ഷന്മാരും മനുഷ്യ ദൈവങളും പറയുന്നതും പഠിപ്പിക്കുന്നതും.. അഥവാ അവർ പറയുന്നതൊന്ന് പ്രവർത്തിക്കുന്നതും പരവർത്തിക്കാൻ പ്രേരിപ്പിക്കുനതും മറ്റൊന്ന്....

ചില സന്ദർഭങളിൽ ഒരു പൊളിച്ചെഴുത്ത് അനിവാര്യം തന്നെയാണ്...പൊളിച്ചടുക്കലും!!!

കൊള്ളാം ഈശൊ, നന്നായിട്ടുണ്ട്.

Pd said...

“വ്യവസ്ഥാപിതമായ രീതിയില്‍ അനീതി വളരുമ്പോള്‍ ഒരു പൊളിച്ചെഴുത്ത് ആവിശ്യമാണ്.”

Great..........!!

Ashly said...

നന്നായിട്ടുണ്ട് എന്ന് പറഞ്ഞാ കുറഞ്ഞു പോകും. അതിലും മേലെയാണ്.

Anonymous said...

ചില രത്നങ്ങൾ അങ്ങിനെയാണ് കണ്ടെത്താൻ വൈകും.

ഗുല്‍മോഹര്‍ said...

"വെറോനിക്ക പൊതി തുറന്നു.അതിനകത്ത് ഒരു ചാട്ടവാര്‍ ആയിരുന്നു. വെറോനിക്ക അത് എടുത്തു.അതിന് നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ടായിരുന്നു.ചാട്ടയുടെ അറ്റത്ത് രക്തത്തുള്ളികള്‍ കട്ടപിടിച്ചിരുന്നു." ഈ വരികള്‍ എനിന്നു നന്നേ ഇഷ്ടപ്പെട്ടു. എല്ലാ കൊള്ളരുതായ്മകള്‍ക്കും നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ടല്ലോ എന്ന് ഞാന്‍ ഓര്‍ത്തുപോയി. ചില വെറോനിക്കമാര്‍ ഇപോളും ഉണ്ടല്ലോ എന്നത് ഒരു ചെറിയ സമാധാനം മാത്രം
വളരെ നന്നായിരിക്കുന്നു മാഷെ....

Anonymous said...

നല്ല കഥ. ഭാഷയും ശൈലിയും കൊള്ളാം. പക്ഷേ അവസാനം ശരിക്ക് അങ്ങോട്ടു പിടി കിട്ടയില്ല കേട്ടോ. ജീസസിന്റെ കാലത്തെ ചാട്ടവാറാണെന്നു മനസ്സിലായി.

kARNOr(കാര്‍ന്നോര്) said...

നല്ല കഥ.

Sangeeth Nagmurali said...

അടുത്ത കാലത്ത് വായിച്ചതിൽ ഒരു നല്ല എഴുത്ത്....

: :: ::