Thursday, November 8, 2007

രാത്രിയില്‍ സഞ്ചരിക്കുന്നവര്‍

ബസ്സ് സ്റ്റാന്‍‌ഡിലെ തിരക്കില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുമ്പോള്‍ മനസ്സില്‍ പലവിധ ചിന്തയുണ്ടായിരുന്നു.ഇനിയും എത്രനേരം കൂടി നില്‍ക്കണം.?ട്രാന്‍‌സ്‌പോര്‍ട്ട് ബസ്സ് കാത്തുനില്‍ക്കുന്നത് വളരെ വിരസമായ ഒരു കാര്യമാണ്.ബസ്സ് എത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു.വളരെയധികം ആളുകള്‍ ബസ്സ് കാത്ത് ഷെല്‍ട്ടരില്‍ നില്‍പ്പുണ്ട്.

ഇതിനോടകം മൂന്നുപ്രാവിശ്യം അന്വേഷണ കൌണ്ടറില്‍ ബസിനെക്കുറിച്ച് അന്വേഷിച്ചുകഴിഞ്ഞിരിക്കുന്നു.താനാണ് ട്രാന്‍സ്‌പോര്‍ട്ട് ബസിന്റെ അധിപന്‍ എന്ന ഗര്‍വ്വില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥന് ബസിനെക്കുറിച്ച് വലിയ അറിവില്ലന്ന് തോന്നി.അന്വേഷണ കൌണ്ടറില്‍ ഇരിക്കുന്ന ഇരിക്കുന്ന ആ ഉദ്യോഗസ്ഥന് മറുപിടി നല്‍കുക എന്നുള്ളതിനെക്കാള്‍ മുനഗണന നാളെ ബസ്‌സ്റ്റാന്‍ഡില്‍ നടക്കുന്ന യൂണിയന്‍ മീറ്റിംഗിന്റെ വിജയം ആണ്.കൌണ്ടറില്‍ ഇരിക്കുന്ന മറ്റ് ജോലിക്കാരോട് അയാള്‍ യൂണിയന്‍ മീറ്റിംഗിനെക്കുറിച്ചും മറ്റും വളരെ വീറോടെ യാണ് സംസാരിക്കുന്നത്.മൂന്നാമത്തെ പ്രാവിശ്യം ബസിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അയാള്‍ ദ്യേഷപ്പെട്ടു.വീണ്ടും നിസഹായതോടെ ചാരുബഞ്ചില്‍ വന്നിരുന്നു.

സമയം ആറുമണി കഴിഞ്ഞിരിക്കുന്നു.അഞ്ചുമണിക്ക് വരേണ്ട ബസാണ്.കൃത്യ സമയത്ത് പുറപ്പെട്ടാല്‍ തന്നെ ബസ് ഗ്രാമത്തിലെത്തുമ്പോള്‍ ഒന്‍പതുമണികഴിയും.ഇനിയും ബസ് വന്നിട്ട് എപ്പോഴാണ് വീടിലെത്താന്‍ കഴിയുന്നത് ?വെള്ളിയാഴ്ച് ആയതുകൊണ്ട് സ്റ്റാന്‍ഡില്‍ നല്ല തിരക്കാണ്.അടുപ്പിച്ച് രണ്ടുദിവസം അവിധി ആയതുകൊണ്ട് ജോലിക്കാരെല്ലാം നാട്ടിലേക്ക് പോവുകയാണ്.

പട്ടണത്തില്‍ നടക്കുന്ന പടകൂറ്റന്‍ റാലിയെക്കുറിച്ച് ആരോ പറയുന്നതയാള്‍ കേട്ടു.റാലി ഒരു പോയിന്റ് കടക്കാന്‍ അരമണിക്കൂര്‍ എടുക്കുന്നുണ്ടത്രെ !!.ബസുകളെല്ലാം ബ്ലോക്കായിരിക്കുകയാണ്.തനിക്ക് പോകേണ്ട ബസ്സും ആ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങികിടക്കുന്നുണ്ടാവും.അയാള്‍ ആ റാലി നടത്തുന്നവരെ മനസ്സില്‍ പ്രാകി.അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് എന്തിനാണ് ബാക്കിയുള്ളവരെ ബുദ്ധിമുട്ടിക്കുന്നത്.അല്ലങ്കില്‍ തന്നെ അയാള്‍ക്ക് നാലഞ്ചു വര്‍ഷമായി സമരങ്ങളിലൊന്നും വലിയ വിശ്വാസമില്ലായിരുന്നു.നാലു വര്‍ഷത്തിനുമുമ്പ് അയാള്‍ ഗ്രാമത്തിലെ ഫാക്ടറിയിലെ മലിനീകരണത്തിനെതിരെ സമരം നടത്തിയിരുന്നു.അവസാനം സമരം വിജയിച്ചെങ്കിലും ഫാക്ടറി പൂട്ടി.പിന്നീട് നാട്ടില്‍ നടന്നത് കൂട്ട ആത്മഹത്യകളായിരുന്നു.വിശന്ന് കരയുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു നേരത്തെ ആഹാരം പോലും നല്‍കാന്‍ അമ്മമാര്‍ക്ക് കഴിഞ്ഞില്ല.സമരത്തിന് നേതൃത്വം നല്‍കിയ പരിസ്ഥിതി വാദികളൊന്നും ആ വഴിക്കോട്ട് പിന്നെ വന്നിട്ടില്ല.

സമയം മുന്നോട്ട് നീങ്ങുകയാണ്.ഒരുമിച്ച് കുറെ ബസുകള്‍ സ്റ്റാന്‍‌ഡില്‍ വന്നുനിന്നു.ആളുകള്‍ ബസുകളില്‍ കയറാന്‍ പരക്കം പായുന്നത് കാണുന്നത് അയാള്‍ക്ക് രസകരമായി തോന്നി.അപ്പക്കഷ്ണത്തിനായി അടിയുണ്ടാക്കുന്ന പട്ടുക്കുട്ടികളെ പ്പോലെയാണ് മനുഷ്യര്‍ ബസില്‍ കയറാന്‍ ശ്രമിക്കുന്നത്.എത്രയും വേഗം ബസില്‍ കയറാന്‍ അവര്‍ പാടുപെടുകയാണ്.വയസ്സായവരും സ്ത്രികളും പിന്നിലാക്കപ്പെടുകയാണ്.

“അയ്യാ;എന്തങ്കിലും തരണേ ? പശിക്കണൂ....”ഈ ശബ്ദ്ദം അയാളെ ചിന്തകളില്‍ നിന്നുണര്‍ത്തി.കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി
ഒരു ചെറുക്കന്‍.അവന്റെ കണ്ണിലെ നനവ് അയാള്‍ക്ക് കാണാന്‍ കഴിഞ്ഞു.അയാള്‍ തന്റെ സഞ്ചിയില്‍ നിന്ന് ഒരു ചെറിയ
കെട്ടെടുത്ത് അവന് നല്‍കി.ത്ന്റെ മകന് നല്‍കാനായി വാങ്ങിയ പലഹാരപ്പൊതിയായിരുന്നു അത്.അവതും വാങ്ങി പോകുമ്പോള്‍ അയാളുടെ മനസ്സില്‍ തന്നെയും കാത്ത് താന്‍ കൊണ്ടുചെല്ലുന്ന പലഹാരപ്പൊതിയും പ്രതീക്ഷിച്ചിരിക്കുന്ന മകനായിരുന്നു.

അവന്‍ പലഹാരപ്പൊതിയുമായി തിരക്കിലെവിടയോ മറഞ്ഞു.അയാള്‍ വീണ്ടും ബസ് സ്റ്റാന്‍ഡിലെ കാഴ്ചകളിലേക്ക് തിരിഞ്ഞു. ഇരുട്ടിന്റെ മറവില്‍ ബസ് ഷെല്‍ട്ടറിന്റെ തൂണില്‍ ചാരിനില്‍ക്കുന്ന ഒരു സ്ത്രി അയാളുടെ കണ്ണില്‍ പതിഞ്ഞു.അവള്‍ മുടിയില്‍ ചൂടിയിരുന്ന മുല്ലപ്പൂമാല അയാള്‍ക്ക് നല്ലതുപോലെ കാണാമായിരുന്നു.അവള്‍ അയാളെ നോക്കി വശ്യമായി ചിരിച്ചു.അയാളും അയാളും ചിരിച്ചു.പണ്ടുമുതലേ അയാള്‍ക്കുള്ള ഒരു ബലഹീനതയായിരുന്നു ആരു ചിരിച്ചു കാണിച്ചാലും തിരിച്ച് ചിരിക്കുക എന്നുള്ളത്.

അവളെ കണ്ടപ്പോള്‍ അയാളുടെ മനസില്‍ നിറഞ്ഞത് തന്റെ ഭാര്യയെക്കുറിച്ചുള്ള ചിന്തകളായിരുന്നു.അവള്‍ തന്നെയും കാത്ത് ഉമ്മറപ്പടിയില്‍ തന്നെ ഇരിക്കുകയായിരിക്കും.അച്ഛനെകാണാന്‍ കാത്തിരുന്ന മകന്‍ ഒരു പക്ഷേ അമ്മയുടെ മടിയില്‍ കിടന്ന് ഉറങ്ങിയിട്ടുണ്ടാവും. മണ്ണണ്ണവിളക്കിന്റെ അരണ്ട വെട്ടത്തില്‍ അവള്‍ ചോറ് വിളമ്പി തന്നെ കാത്തിരിക്കുന്നത് അയാള്‍ മനസ്സില്‍ സങ്കല്‍പ്പിച്ചു.“പാവം... “അയാള്‍ മനസ്സില്‍ പറഞ്ഞു.

ബസ് ഷെല്‍ട്ടറിന്റെ തൂണില്‍ ചാരിനില്‍ക്കുന്ന സ്ത്രിയുടെ അടുത്തേക്ക് രണ്ടുപേര്‍ ചെല്ലുന്നത് അയാള്‍ കണ്ടു.അവരോട് കുറേ നേരം സംസാരിച്ചിട്ട് ഒരാളുടെ കൈയ്യില്‍ നിന്ന് പണം വാങ്ങി അവള്‍ തന്റെ പേഴ്സില്‍ വെയ്ക്കുന്നത് അയാള്‍ കണ്ടു.അയാള്‍ അവരെ തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.അവള്‍ തൂണിന്റെ മറവില്‍ നിന്ന് തുണിയില്‍ പൊതിഞ്ഞ ഒരു പൊതിക്കെട്ട് എടുത്തു.ആ പൊതിക്കെട്ട് അനങ്ങുന്നുണ്ടന്നയാള്‍ക്ക് തോന്നി.അതവളുടെ കുഞ്ഞായിരുന്നു.അവള്‍ ഷെല്‍ട്ടറിലെ ഒഴിഞ്ഞ ഒരു കസേരയില്‍ ചെന്നിരുന്നു.കുഞ്ഞ് കരഞ്ഞുതുടങ്ങിയിരുന്നു.അവള്‍ ബ്ലൌസിന്റെ ഹുക്കുകള്‍ അഴിച്ച് കുഞ്ഞിനെ മാറോട് ചേര്‍ത്തു.കുഞ്ഞിന്റെ കരച്ചില്‍ നേര്‍ത്ത് നേര്‍ത്ത് ഇല്ലാതെയായി.അയാള്‍ തന്നെ ശ്രദ്ധിക്കുന്നണ്ടന്ന് മനസിലായ പ്പോള്‍ അവള്‍ തിരിഞ്ഞിരുന്നു.

അയാള്‍ അവളെക്കുറിച്ച് ചിന്തിച്ചു.വിശന്നുകരയുന്ന കുറേ വയറുകളുടെ സംരക്ഷകയായിരിക്കാം അവള്‍. അല്ലങ്കില്‍ ആരുടയോ ചതിയില്‍പെട്ട് രാത്രിയില്‍ ഇരതേടാന്‍ വിധിക്കപ്പെട്ടവളാകാം.ഒരു പക്ഷേ അവളെകാത്ത് വീട്ടില്‍ തളര്‍ന്നുകിടക്കുന്ന ഭര്‍ത്തവുണ്ടായിരിക്കാം.അതുമല്ലങ്കില്‍ ഭര്‍ത്താവ് അവളെ ഉപേക്ഷിച്ച് മറ്റാരുടെയെങ്കിലും കൂടെ പോയതായിരിക്കാം.ചിന്തകള്‍ കാടുകയറിതുടങ്ങിയപ്പോഴേക്കും അയാള്‍ക്ക് പോകാനുള്ള ബസ് എത്തി.

അയാള്‍ ബസില്‍ കയറാനായി നടക്കുമ്പോള്‍ അവളെ നോക്കി.അവള്‍ കസേരയില്‍ നിന്ന് എഴുന്നേറ്റ് കുഞ്ഞിനെ വീണ്ടും തൂണിന്റെ മറവില്‍ കിടത്തുന്നതയാള്‍ കണ്ടു.അയാള്‍ വേഗം ചെന്ന് ബസില്‍ കയറി.സൈഡ് സീറ്റില്‍ ചെന്ന് ഇരുന്ന് അയാള്‍ അവള്‍ നിന്നിടത്തേക്ക് നോക്കി.പണം വാങ്ങിയ ആളുമായി അവള്‍ ഇരുട്ടിലേക്ക് നടക്കുന്നതയാള്‍ കണ്ടു.

തൂണിന്റെ മറവില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില്‍ അയാള്‍ കേട്ടു.അമ്മയുടെ ചൂട് നഷ്ട്പ്പെട്ട കുഞ്ഞ് നിലത്തെ തണുപ്പേറ്റപ്പോള്‍ കരഞ്ഞുതുടങ്ങിയിതാവാം.ബസ് സ്റ്റാന്‍‌ഡില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ അയാള്‍ ചെവി വട്ടം പിടിച്ചു.കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്നുണ്ടോ? ഇല്ല... കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാനില്ല.അവന്റെ അമ്മ ഓടിവന്ന് അവനെ മാറോടണച്ചി
ട്ടുണ്ടാവും എന്നയാള്‍ ആശ്വസിച്ചു.

അയാള്‍ സീറ്റിലേക്ക് ചാരി.അയാളുടെ മനസ്സിലപ്പോള്‍ മണ്ണണ്ണവിളക്കിന്റെ അരണ്ട വെട്ടത്തില്‍ ചോറ് വിളമ്പി തന്നെ കാത്തിരിക്കുന്ന ഭാര്യയായിരുന്നു.

3 comments:

കുഞ്ഞന്‍ said...

തെക്കേഡന്‍... ഹൃദയ സ്പര്‍ശിയായ കഥ അതില്‍ ആക്ഷേപഹാസ്യവും നന്നായി അവതരിപ്പിച്ചു..!

ബൂലോകത്തിന് നല്ലൊരു എഴുത്തുകൂടി കിട്ടി..സന്തോഷമുണ്ട്..:)

ജോസ്‌മോന്‍ വാഴയില്‍ said...

“..... അവസാനം സമരം വിജയിച്ചെങ്കിലും ഫാക്ടറി പൂട്ടി.പിന്നീട് നാട്ടില്‍ നടന്നത് കൂട്ട ആത്മഹത്യകളായിരുന്നു....!!!”

സത്യങ്ങള്‍ തന്നെ...!! കൊള്ളാം...!! നല്ല എഴുത്ത്...!! നല്ല കഥ...!!!

ചക്രൂ said...

വളരെ നല്ല , ചിന്തിപ്പിക്കുന്ന കഥ ഷിബു ... താങ്കളുടെ ഒരുപാട് കഥകള്‍ ഞാന്‍ വായിച്ചിട്ടുണ്ട് മിക്കതും വളരെ നല്ല നിലവാരം .... ഈ കഥകള്‍ ചേര്‍ത്ത് ഒരു പുസ്തകം പബ്ലിഷ് ചെയ്യാന്‍ ശ്രമിച്ചുകൂടേ ? തീര്‍ച്ചയായും നിങ്ങള്‍ ഒരു അറിയപ്പെടുന്ന എഴുത്തുകാരനായിതീരും...
ബ്ലോഗിനുള്ളില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ടതല്ല നിങ്ങളുടെ കഥകള്‍ ........

: :: ::