Saturday, November 3, 2007

പരശുരാമന്‍ കണ്ട കേരളം

പരശുരാമന്‍ അതിരാവിലെ തന്നെ പാതാളത്തില്‍ എത്തി.മഹാബലി ഒരിങ്ങിനില്‍ക്കുകയാ‍യിരുന്നു.സമയം കളയാതെഅവര്‍ കേരളത്തിലേക്ക് തിരിച്ചു.കേരളത്തിലെ റോഡുകളിലെ കുഴികള്‍ നികത്തുന്നത് മൂന്നാര്‍ ദൌത്യം പോലെചീറ്റിപോയിരുന്നതുകൊണ്ട് അവര്‍ക്ക് ഒരു പാതാളക്കുഴിയിലൂടെ കേരളത്തിലേക്ക് പെട്ടന്ന് കയറി വരാന്‍ പറ്റി.കേരളത്തിലെ ഉള്‍നാടന്‍ ജലഗതാഗത മാര്‍ഗ്ഗത്തില്‍ കേരളത്തിലെ റോഡുകളെക്കൂടി ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രിയോട് പറയണമെന്ന് ബലി തീരുമാനിച്ചു. പരശുരാമനും മഹാബലിയും കൂടി കേരളത്തില്‍ എത്തി.

അവര്‍ കുറെ ദൂരം നടന്നിട്ടും വലിയതിരക്കൊന്നും കണ്ടില്ല.മലയാളിസ്ത്രികള്‍ സെറ്റ് സാരിയുടുക്കുന്നത് കേരളപ്പിറവിക്കുംഓണത്തിനും ആണന്ന് മഹാബലി പരശുരാമനോട് പറഞ്ഞിട്ടുണ്ടായിരുന്നു.അതിരാവിലെ തന്നെ സെറ്റ് സാരിയുടുത്തമലയാളിമങ്കയെ കണികാണാം എന്നതുകൊണ്ടാണ് പരശുരാമന്‍ രാവിലത്തെ പൂജകളൊക്കെ മുടക്കി അതിരാവിലെ പുറപ്പെട്ടത്.എന്നിട്ടിപ്പോള്‍ സാരിയുടുത്തതുപോയിട്ട് മരുന്നിനു പോലും ഒരൊറ്റ സ്ത്രികള്‍ റോഡിലില്ല്ല.
“എന്താ ബലീ ഒരൊറ്റ ലേഡീസിനെപ്പോലും കാണാനില്ലല്ലോ?”പരശുരാമന്‍ പറഞ്ഞു.
“എന്റെ പരശുരാമാ;ഇന്ന് കേരളത്തില്‍ ഹര്‍ത്താലാണ്... കാലവസ്ഥക്കാര് മഴയെക്കുറിച്ച് പറയുന്നതു പോലെയാ കേരളത്തില്‍ ഹര്‍ത്താല്‍... എല്ലാദിവസവും കേരളത്തില്‍ ഹര്‍ത്താല്‍ നടക്കാനും നടക്കാതിരിക്കാനും സാധ്യതയുണ്ട്”

നല്ലൊരു ദിവസമായിട്ട് കേരളത്തില്‍ ഹര്‍ത്താല്‍ എന്തിനാണ് നടത്തുന്നതെന്ന് പരശുരാമന്‍ ചോദിച്ചെങ്കിലും ബലിക്കതിന് ഉത്തരമില്ലായിരുന്നു.അല്ല സേലത്ത് റെയില്‍‌വേ ഡിവിഷന്‍ ഉത്ഘാടനം നടത്തുന്നതിന് കേരളത്തി ല്‍ഹര്‍ത്താല്‍ നടത്തിയിട്ട് എന്തങ്കിലും പ്രയോജനമുണ്ടോ എന്ന് പരശുവെങ്ങാണം ചോദിച്ചിരുന്നെങ്കില്‍ ബലിക്ക്ഉത്തരം മുട്ടിയേനെ.ബലിയും അത് തന്നെ ആയിരുന്നു ചിന്തിച്ചത്.എവിടെ ഡിവിഷന്‍ വന്നാലും മലയാളിക്ക് ട്രയിനില്‍ യാത്ര ചെയ്താല്‍ പോരെ.അത്രയ്ക്ക് നിര്‍ബന്ധമാണങ്കില്‍ സേലം ഡിവിഷനോട് എതിര്‍പ്പുള്ളവര്‍ ട്രയിനില്‍യാത്ര ചെയ്യാതിരുന്നാല്‍ പോരെ.അതിന് എല്ലാവരെയും കൂടി ബുദ്ധിമുട്ടിക്കുന്ന തെന്തിനാണ് ? ചിക്കന്‍ ഗുനിയായ്ക്ക്എതിരെവരെ ഹര്‍ത്താല്‍ നടത്തി കൊതുകിനെ ഓടിച്ചവരാണല്ലോ മലയാളികള്‍ !!!!!!!

പണ്ട് താന്‍ ഉണ്ടാക്കിയ രാജ്യത്തിന് വന്ന മാറ്റം കണ്ട് പരശുരാമന്‍ അത്ഭുതപ്പെട്ടു.ആണ്ടു തോറും വരുന്നതുകൊണ്ട് മഹാബലിക്ക് അത്ഭുതമൊന്നും തോന്നിയില്ല.കേരളം മുഴുവന്‍ കാണാന്‍ പരശുരാമന്‍ തീരുമാനിച്ചു.അവര്‍ നടന്നുതുടങ്ങി...........

“മഹാബലീ കേരളത്തില്‍ മൊത്തം മുക്കുവരാണന്നാ തോന്നുന്നത്.എല്ലായിടത്തും വല ഉണക്കാന്‍ ഇട്ടിരിക്കുക യാണല്ലോ?” പരശുരാമന് ബലിയുത്തരം നല്‍കിയില്ല.അവര്‍ ഒരു കെട്ടിടത്തിനു മുന്നിലെത്തി.കെട്ടിടത്തിന്റെ മുറ്റം മുഴുവന്‍ ആളുകള്‍.മരച്ചുവട്ടില്‍ വല കെട്ടി ആളുകള്‍കിടക്കുന്നു.പരശുരാമന്‍ ചുറ്റും നോക്കി.മുറ്റം മുഴുവന്‍ വലയാണ്.
“എന്താ ബലീ ഇവന്മാര്‍ മീന്‍ പിടിക്കാന്‍ പോകാതെ വലയ്ക്കകത്ത് കിടന്നുറങ്ങുന്നത്.?” പരശു ഇതു പറഞ്ഞതും ബലി പരശുവിന്റെ വായ് പൊത്തി മാറ്റി നിര്‍ത്തി.“എടാ പരശൂ;ഇതു മീന്‍ പിടിക്കുന്നവരൊന്നുമല്ല.. ചിക്കന്‍ഗുനിയ പിടിച്ചവരാ.കൊതുക് കുത്താ‍തിരിക്കാനാ വലയ്ക്കകത്ത്കിട ക്കുന്നത്....; “ ബലി തുടര്‍‌ന്നു.”പരശുരാമാ മണ്ടത്തരം ഒന്നും വിളിച്ചു പറയാതെ നടന്നോളണം”. പരശു സമ്മതിച്ചു.അവര്‍ വീണ്ടും നടന്നു.

"ഉടന്‍‌തന്നെ ലേലം ആരംഭിക്കുകയാണ്.ലേലത്തില്‍ പങ്കെടുക്കുന്നവര്‍ എത്രയും പെട്ടന്ന് പള്ളിമേടയില്‍ എത്തിച്ചേരേണ്ടതാണ്..”പരശുരാമനും മഹാബലിയും ഒരു പള്ളിയുടെ മുന്നിലെത്തിയപ്പോള്‍ അനൌണ്‍സ്‌ മെന്റ് കേട്ടു പള്ളിമുറ്റത്തേക്ക്കയറി.പരശുരാമന്‍ പള്ളിമുറ്റത്താകെ നോക്കി.
“ബലീ ഇവിടെ സാധനങ്ങളൊന്നും ഇരിപ്പില്ലല്ലോ..പിന്നെന്തോന്നാ ലേലം വിളിക്കുന്നത് ?..”
“ഹ .. എനിക്കറിയില്ല.....;സാധനങ്ങളൊക്കെ ഹാളില്‍കാണും...” ഇങ്ങനെ പറഞ്ഞുകൊണ്ട് മഹാബലി ഹാളിലേക്ക് കയറി.കൂടെ പരശുരാമനും.
“അഞ്ച്..”
“അഞ്ചര..”
“പത്ത്...”
“പതിനഞ്ച്...”
“ഇരുപത്..”
ഹാളില്‍ ഒരു മേശക്ക് പിന്നില്‍ അഞ്ചാറ് അച്ചന്മാര്‍ ഇരിപ്പുണ്ട്...ഹാളില്‍ നിറഞ്ഞ് തെള്ളി ആളാണ്. കസേര കിട്ടാത്തവര്‍നില്‍പ്പാണ്.പരശുരാമനും മഹാബലിയും കൂടി തിക്കിതിരക്കി വാതിലിലൂടെ ആള്‍ക്കൂട്ട ത്തിന്റെ മുന്നിലെത്തി.അച്ചന്‍‌മാര്‍ലേലം വിളിച്ച് കത്തിക്കയറുകയാണ്.
“ബലിയേ,ഈ അച്ചന്‍‌മാര്‍ എന്തോന്നാ ലേലം വിളിക്കുന്നത് ? എന്റെ കൈയ്യില്‍ ഒരു നാല്‍പ്പതുരൂപയുണ്ട്. നമുക്ക്നാല്പതു പറഞ്ഞാലോ ? “ പരശുരാമന്‍ തന്റെ കീശ തപ്പികൊണ്ട് ബലിയോട് പറഞ്ഞു.
“മുപ്പത്തഞ്ചര...... ഒരു തരം .. രണ്ടു തരം... ലേലം ഉറപ്പിക്കാന്‍ പോവുകയാണ്...” ഒരച്ചന്‍ പറഞ്ഞു.
“നാല്പത്...” ലേലം ഉറപ്പിക്കുന്നതിന് മുമ്പ് പരശുരാമന്‍ പറഞ്ഞു.
ഹാളില്‍ ഒരു നിമിഷം നിശബ്‌ദ്ദത.എല്ലാവരുടേയുംനോട്ടം പരശുരാമനിലേക്കും മഹാബലിയിലേക്കും ആയി.
“നാല്പതുലക്ഷം രൂപ.. ഒരു തരം... രണ്ടു തരം... മൂന്നു തരം....”ഒരച്ചന്‍ മൈക്കിലൂടെ വിളിച്ച് പറഞ്ഞു.പരശുരാമനും മഹാബലിയും തരിച്ചുനിന്നു.
“നാല്പതുലക്ഷം രൂപയോ?ബലിയേ ഇത് വേറെന്തോ ആണ്...”പരശുരാമന്‍ പറഞ്ഞു.
“സീനായ്‌ഗിരി കോളേജിലെ ഒന്നാമത്തെ സീറ്റിന് നാല്പതുലക്ഷം രൂപ വിളിച്ച കുഞ്ഞാടിന് ചെക്കുമായി വരുന്നതിന്വഴികൊടുക്കൂ...”അച്ചന്‍ വിളിച്ചു പറഞ്ഞു.ഇത് കേട്ടപ്പോള്‍ മഹാബലിക്ക് കാര്യങ്ങള്‍ പിടികിട്ടി.
“പരശുരാമാ ഇത് അച്ചന്‍‌മാരുടെ മേടിക്കല്‍ കോളേജിന്റെ സീറ്റ് ലേലമാ... വിട്ടോടാ പരശൂ...”ബലി പറഞ്ഞുതീരേണ്ടതാമസം പരശുരാമന്‍ പറഞ്ഞു.
“എസ്‌ക്കേപ്പ്..”
പരശുരാമനും മഹാബലിയും ഓടിയോടി തളര്‍ന്നു.പള്ളിമേടയില്‍ നിന്ന് ഇറങ്ങിയോടിയതാണ്. പരശുരാമന്‍ ‍പയറു പയറു പോലെയാണ് ഓടുന്നത്.നമ്മുടെ കേരളപോലീസ് കള്ളന്മാരുടെ പുറകെയോടുന്നതുപോലെ യാണ് മഹാബലിയോടുന്നത്.രണ്ടുകൂട്ടരുടേയും പ്രശ്‌നം കുടവയറാണല്ലോ?
“പരശുരാമാ,ഞാന്‍ കുഴപ്പി... നമുക്കിനി അല്പം വിശ്രമിക്കാം...”മഹാബലി പറഞ്ഞു.മഹാബലിയുടെ തളര്‍ച്ച കണ്ട്പരശുരാമന്‍ നിന്നു.
“നമുക്കാ മരച്ചുവട്ടില്‍ ഇരിക്കാം”അടുത്തുകണ്ട മരം ചൂണ്ടി പരശുരാമന്‍ പറഞ്ഞു.അവര്‍ മരച്ചുവട്ടിലേക്ക് നടന്നു.മരച്ചുവട്ടില്‍ ആരോ ഒരാള്‍ ഇരിപ്പുണ്ട്.അയാള്‍ക്കടുത്തായി ഒരു പോത്തും നില്‍പ്പുണ്ട്.അയാളുടെ കൈയ്യില്‍ഒരു കയര്‍ ഇരിക്കുന്നത് മഹാബലി ശ്രദ്ധിച്ചു.കയറിന്റെ അറ്റത്ത് ഒരു കുടുക്കും ഉണ്ട്. “വയനാട്ടീനുള്ള ഏതോ ക്ഷീരകര്‍ഷകന്‍ തൂങ്ങിച്ചാകാന്‍ വന്നിരിക്കുവാണന്നാ തോന്നുന്നത്.”മഹാബലി പറഞ്ഞു.
“എടോ ബലീ അത് നമ്മുടെ കാലനല്ലേ? അവനെന്താണാവോ ഇവിടെ വന്നിരിക്കുന്നത് ?”പരശുരാമന്‍ പറഞ്ഞു.അവര്‍ നടന്ന് മരച്ചുവട്ടില്‍ എത്തി.കാലന്‍ കയറും കറക്കി ഇരിക്കുകയാണ്.കാലന്‍ അവരെ കണ്ടു.
“എന്താടാ കാലാ,ടാര്‍‌ഗെറ്റ് തികക്കാന്‍ സാധിക്കാത്ത എക്സികുട്ടന്മാരെപ്പോലെ ഇരിക്കുന്നത്. ഹര്‍ത്താലായതു കൊണ്ട്നിനക്കും ടാര്‍‌ഗെറ്റ് തികക്കാന്‍ പറ്റിയില്ലേ?”പരശുരാമന്‍ കാലനോട് ചോദിച്ചു.
“ടാര്‍‌ഗെറ്റ് അല്ല പ്രശ്‌നം... പരശൂ”കാലന്‍
“പിന്നെന്താണ് നിന്റെ പ്രശ്‌നം എന്ന് പറയൂ..”മഹാബലി പറഞ്ഞു.
“എനിക്കല്ല തമ്പുരാനേ പ്രശ്‌നം.. ഞാന്‍ ഇവിടെ നിന്ന് കൊണ്ടുപോയ മൂന്നു പേര്‍ക്കാണ് പ്രശ്‌നം..”കാലന്‍ പറഞ്ഞു.
“എന്നിട്ടവരെവിടെ?” പരശുരാമന്‍ ചോദിച്ചു.കാലന്‍ അവരെ മരത്തിന്റെ പിന്നിലേക്ക് കൊണ്ടുപോയി. അവിടെ നില്‍ക്കുന്നമൂന്നുപേരയും കണ്ട് പരശുരാമനും,ബലിയും അത്ഭുതപെട്ടു.വിജയന്‍‌മാഷും,മത്തായി ചാക്കോയും ,ഏലിയാസും ആയിരുന്നുഅത്.
“എന്താണ് ഇവരുടെ പ്രശ്‌നം? “ബലി കാലനോട് ചോദിച്ചു.
“മരിച്ചുകഴിഞ്ഞിട്ടും മലയാളികള്‍ ഇവര്‍ക്ക് സ്വസ്ഥത കൊടുക്കുന്നില്ല.പണ്ടൊക്കെ മരിച്ചു കഴിഞ്ഞാലെങ്കിലും സ്വസ്ഥതയും മനസമാധാനവും കിട്ടുമായിരുന്നു.ഇപ്പോള്‍ അതും ഇല്ലാതായിരിക്കുന്നു.?” കാലന്‍ പറഞ്ഞു നിര്‍ത്തി.
“എല്ലാം ശരിയാകുമടോ...” അവര്‍ നാലുപേരയും ആശ്വസിപ്പിച്ചിട്ട് പരശുരാമനും ബലിയും വീണ്ടും നടന്നു തുടങ്ങി.

അവരൊരു കടല്‍ക്കരയില്‍ എത്തി.വെയിലിന്റെ കാഠിന്യം കുറഞ്ഞിരുന്നു.കടല്‍ക്കരയില്‍ ചെറിയ തിരക്കു ണ്ടായിരുന്നു.ഒരു വൃദ്ധനും മകനും കൂടി കസേരകളിക്കുന്നതവര്‍ കണ്ടു.പരശുരാമന്‍ അവരുടെ അടുത്തേ ക്ക്ചെന്നു.വൃദ്ധനും മകനും പരശുരാമനെ കണ്ടഭാവം കാണിച്ചില്ല.
“എന്നെയും കൂടി കളിപ്പിക്കുമോ ? “ പരശുരാമന്‍ ചോദിച്ചു.
“നീ പോയി നിന്റെ പണി നോക്കടാ... കൂടെ കൂടിയവരെ കളിപ്പിച്ച് കളിപ്പിച്ചാ ഞാനും എന്റെ മോനും ഈ സ്ഥിതിയിലായത് “.വൃദ്ധന്‍ പറഞ്ഞു.
പരശുരാമന് ദ്യേഷം വരുന്നത് മഹാബലിക്ക് മനസ്സിലായി.ബലി വേഗം അവരുടെഅടുത്ത് എത്തി.
“പരശുരാമന് ഇവരെ മനസ്സിലായില്ലേ?ഇത് ലീഡര്‍ജിയും മകന്‍‌ജിയുമാ...” ബലി പരശുരാമന് അവരെ പരിചയപ്പെടുത്തി.
“അല്ല,അച്ഛനും മകനും മുഖ്യമന്ത്രിക്കസേര കളിയാണോ?”ബലി അവരോട് കുശലം ചോദിച്ചു. “മുഖ്യമന്ത്രിക്കസേര ഞങ്ങള്‍ വിട്ടു.... ഇപ്പോള്‍ ഞങ്ങള്‍ പ്രസിഡണ്ട് കസേരകളിയാ... കൊക്കിലൊതുങ്ങുന്ന തല്ലേകൊത്താന്‍ പറ്റത്തൊള്ളൂ..”വൃദ്ധന്‍ പറഞ്ഞു.
"പ്രസിഡണ്ട് കസേരകളിയോ..?” മഹാബലി ചോദിച്ചു.
“അതേ ഞങ്ങള്‍.........” മകന്‍ പറഞ്ഞുതുടങ്ങിയപ്പോള്‍ ലീഡര്‍ജിയിടക്ക് കയറി.മകനോട് കയര്‍ത്തു.
“നീ മിണ്ടരുത്... നീ വിടുവായിത്തരം പറഞ്ഞു പറഞ്ഞാ നമ്മളീനിലയിലായത്...”ലീഡര്‍ജി മകനോട് ചൂടായി.എന്നിട്ട്മഹാബലിയോടായി തുടര്‍ന്നു.
“ഇവനാദ്യം KCC യുടെ പ്രസിഡണ്ടായി.... പിന്നീടിവന്‍ ഞങ്ങളുടെ സ്വന്തം പാര്‍ട്ടിയുടെ പ്രസിഡണ്ടായി.. അത്നഷ്ടക്കോളാണന്ന് കണ്ടപ്പോള്‍ ഞങ്ങള്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിച്ചു.അവനങ്ങനെ KCP യുടെ പ്രസിഡണ്ടായി.അതും അങ്ങോട്ട് പോരാ... അതുകൊണ്ട് ഞങ്ങള്‍ വീണ്ടും KCC യില്‍ പോയി മോന് പ്രസിഡണ്ടാവാനുള്ള തയ്യാറെടുപ്പിലാ ഞങ്ങള്‍;.. അല്ല..എന്റെ മോനല്ലാതെ ഈ ഭൂമി മലയാളത്തില്‍ ആരെങ്കിലും മൂന്ന് പാര്‍ട്ടിയുടെ പ്രസിഡണ്ട്ആയിരുന്നിട്ടുണ്ടോ..? “
ഇത്രയും കേട്ടപ്പോഴേക്കും പരശുരാമന്‍ കോപംകൊണ്ട് അടിമുടി വിറച്ചു.പരശുരാമന്റെ മുഖത്തേക്ക് രക്തം ഇരച്ച്കയറി.പരശുരാമന്‍ തന്റെ മഴു എടുത്തു.
“ഞാനുണ്ടാക്കിയ കേരളം ഞാന്‍ തന്നെ നശിപ്പിക്കും”പരശുരാമന്‍ അലറി.ഇതുകേട്ടപ്പോള്‍ മകന്‍‌ജി കരയാന്‍തുടങ്ങി.
“അച്ഛാ..അച്ഛാ.. കേരളം നശിപ്പിക്കരുതേന്ന് പറയൂ അച്ഛാ.. എനിക്ക് മുഖ്യമന്ത്രിയാകണം അച്ഛാ...”മകന്‍‌ജി ലീഡര്‍ജിയുടെ സഹായം തേടി.
“നിന്നെ ഞാന്‍ കഷ്ടപ്പെട്ട് ഒരു മന്ത്രിക്കസേര വാങ്ങിച്ചുതന്നിട്ട് അത് സംരക്ഷിക്കാന്‍ നിനക്ക് പറ്റിയോ?മുഖ്യമന്ത്രിപോയിട്ട്നിനക്കിനി KCC യുടെ പ്രസിഡണ്ട് സ്ഥാനം പോലും കിട്ടത്തില്ല..പിന്നെന്തിനാടാ കേരളം....?”ലീഡര്‍‌ജി ഇങ്ങനെയാണ് മകനെ ആശ്വസിപ്പിച്ചത്.
“അരുത്....അരുത്..അ..രു.ത്...മഴു എറിയരുത്...എറിയരുത്...എറിയരുത് “പരശുരാമനെ തടയാന്‍ അച്ചുമ്മാവന്‍ഓടിയെത്തി. അച്ചുമ്മാവന്‍ പരശുരാമനോട് കരഞ്ഞുകൊണ്ട് കേണു.
“പരശുരാമാ കേരളത്തെ നശിപ്പിക്കരുത്.....”പരശുരാമനോട് അച്ചുമ്മാവന്‍ പറഞ്ഞു.
“അച്ചുമ്മാവാ;മഴു എടുത്താല്‍ എറിയണമെന്നാണ് നിയമം..അതുകൊണ്ട് എനിക്കെറിയാതിരിക്കാന്‍ പറ്റത്തില്ല” പരശുരാമന്‍തന്റെ നിസ്സഹായവസ്ഥ അച്ചുമ്മാവനോട് പറഞ്ഞു.
“കാത്തുസൂക്ഷിക്കുന്ന മുഖ്യമന്ത്രിക്കസേര കാക്കകൊത്തി കൊണ്ടുപോകാന്‍ അല്ല പരശുരാമന്‍ കൊത്തി കൊണ്ടുപോകാന്‍ഞാന്‍ സമ്മതിക്കത്തില്ല..”അച്ചുമ്മാവന്‍ പരശുരാമനെ കയറി വട്ടം പിടിച്ചു. “പരശുരാമാ..നീ പേടിക്കാതെ മഴു എറിഞ്ഞോടാ...”ലീഡര്‍ജി പരശുരാമന് പിന്തുണച്ചു. “അച്ഛാ‍;പിന്തുണകൊടുക്കരുതേ... ആവിശ്യം കഴിയുമ്പോള്‍ അയാള്‍ നമ്മളെ തള്ളിപ്പറയുമച്ഛാ..”മകന്‍‌ജി ലീഡര്‍ജിയെഉപദേശിച്ചു. അച്ചുമ്മാവന്‍ പരശുരാമന്റെ കൈയ്യില്‍ നിന്ന് മഴു പിടിച്ചു വാങ്ങിയിട്ട് പറഞ്ഞു.
“തനിക്കെറിയണമെന്ന് അത്രയ്ക്ക് നിര്‍ബന്ധമാണങ്കില്‍ ഒരു മൂന്നരവര്‍ഷം കഴിഞ്ഞിട്ട് വാ....എന്റമ്മച്ചിയാണേ മൂന്നരവര്‍ഷം കഴിയാതെ ഞാന്‍ ഈ മഴു തിരിച്ചു തരത്തില്ല...”
“എന്തിനാണ് മൂന്നരവര്‍ഷത്തെ സമയം..”മഹാബലി അച്ചുമ്മാവനോട് ചോദിച്ചു.
“എടാ പോഴാ,മഹാബലീ;മൂന്നരവര്‍ഷം കഴിയുമ്പോള്‍ അടുത്ത ഇലക്ഷന്‍ ആയില്ലേ?അന്ന് എന്നെ ആരെങ്കിലുംമത്സരിപ്പിക്കുമോ?എന്നെ മുഖ്യമന്ത്രിയാക്കുമോ?പിന്നെ കേരളം ഇല്ലാതായാല്‍ എനിക്കെന്താണ് ഛേദം...ഛേദം..”അച്ചുമ്മാവന്‍ ഇതു പറഞ്ഞിട്ട് മഴുവും കൊണ്ട് ഓടി.
“ഏതായാലും മഴു കളഞ്ഞപ്പോള്‍ തൃപ്തിയായല്ലോ? “ മഹാബലി പരിഹാസത്തോടെ പരശുരാമനോട് ചോദിച്ചു.പരശുരാമന്‍ പൊട്ടിച്ചിരിച്ചു.
“എന്താ... എന്തിനാ ചിരിക്കുന്നത്... മഴുപോയ ഷോക്കില്‍ വട്ടായോ??”ബലി ചോദിച്ചു.“
എടോ ബലീ,ഇന്നത്തെകാലത്ത് ആരാടാ മഴുവെറിയുന്നത്... എടോ ഇതു കണ്ടോ ? “പരശുരാമന്‍ തന്റെ പോക്കറ്റില്‍നിന്ന് ഒരു റിമോട്ട് കണ്‍‌ട്രോളര്‍ എടുത്തുകാണിച്ചു.പരശുരാമന്‍ റിമോട്ട് കണ്‍‌ട്രോളറിലെ ഒരു ബട്ടണില്‍ അമര്‍ത്താന്‍തുടങ്ങി.റിമോട്ട് കണ്‍‌ട്രോളറിന്റെ ബട്ടണില്‍ അമര്‍ത്തുന്നതിനുമുമ്പ് പരശുരാമന്‍ മഹാബലിയോട് വിളിച്ചു പറഞ്ഞു.
“എസ്‌ക്കേപ്പ്..........”
പരശുരാമന്‍ റിമോട്ട് കണ്‍‌ട്രോളറിന്റെ ബട്ടണില്‍ അമര്‍ത്തി.എവിടെ നിന്നൊക്കയോ മിസൈലുകള്‍ കേരളത്തിനു മുകളിലൂടെ പാഞ്ഞു.

4 comments:

ശ്രീ said...

ആക്ഷേപ ഹാസ്യം നന്നായി.

“എല്ലാദിവസവും കേരളത്തില്‍ ഹര്‍ത്താല്‍ നടക്കാനും നടക്കാതിരിക്കാനും സാധ്യതയുണ്ട്”

:)

G.MANU said...

വിജയന്‍‌മാഷും,മത്തായി ചാക്കോയും ,ഏലിയാസും ആയിരുന്നുഅത്.
“എന്താണ് ഇവരുടെ പ്രശ്‌നം? “ബലി കാലനോട് ചോദിച്ചു.
“മരിച്ചുകഴിഞ്ഞിട്ടും മലയാളികള്‍ ഇവര്‍ക്ക് സ്വസ്ഥത കൊടുക്കുന്നില്ല.പണ്ടൊക്കെ മരിച്ചു കഴിഞ്ഞാലെങ്കിലും സ്വസ്ഥതയും മനസമാധാനവും കിട്ടുമായിരുന്നു.ഇപ്പോള്‍ അതും ഇല്ലാതായിരിക്കുന്നു.?” കാലന്‍ പറഞ്ഞു നിര്‍ത്തി

kallakki mashey

jyothish said...

parasuraman aaraaaaaaaaaaaaa?

ത്രിശങ്കു / Thrisanku said...

നല്ല നിരീക്ഷണം.

ഓഫ്: ഒരു ചിന്താശകലം.

Chicken or egg first?

“ഞാനുണ്ടാക്കിയ കേരളം ഞാന്‍ തന്നെ നശിപ്പിക്കും”

വാമനാവതാരം കഴിഞ്ഞാണ് പരശുരാമാവതാരം. അതായത്, മഹാബലി ‘ഭരിച്ച’ കേരളമാണോ പിന്നീട് പരശുരാമന്‍ ‘ഉണ്ടാക്കിയത്’.

: :: ::