കഥ തുടങ്ങുന്നത് ഭൂതകാലത്തിലാണ്. എന്നുവെച്ചാൽ ആദ്യം തന്നെ ഫ്ലാഷ് ബാക്ക് അടിക്കുകയാണ്. പിന്നെ കഥ മനസിലായില്ല എന്ന് പറഞ്ഞ് വരരുത്. അല്ലങ്കിൽ തന്നെ കഥയില്ലാത്തവന്റെ കഥയിൽ എന്ത് ചോദ്യമാണ്? വലിയ വലിയ ആളുകൾ എഴുതുന്നതുപോലെ കഥയുടെ തുടക്കം ആരെങ്കിലും പണ്ടെങ്ങാണം എവിടെങ്കിലും എഴുതിവെച്ചത്,അതും ഇംഗ്ലീഷിലുള്ളത്, പകർത്തി എഴുതി തുടങ്ങണമെന്നായ്യിരുന്നു. എന്തെങ്കിലും കാര്യമുണ്ടായിട്ടല്ല, അങ്ങനെയൊക്കെ ഒരു കീഴ്വഴക്കം ആകുമ്പോൾ.... .പക്ഷേ അങ്ങനെയാരെങ്കിലും പറഞ്ഞത് എഴുതാൻ അറിയാൻ വയ്യാത്തതുകൊണ്ട് ഒരു പഴഞ്ചൊല്ലിൽ തുടങ്ങാം.........
അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും
(ഒരു സൊമാലിയൻ പഴമൊഴി)
കഥ തുടങ്ങുകയാണ്..... ക്യാമറ മൂന്നാലു വർഷത്തിനു പുറകിലേക്ക് ചാടുകയാണ്. സ്ഥാനാർത്ഥി കിണറ്റിൽ മൈക്കുകൊണ്ട് ഇറങ്ങുമ്പോൾ ക്യാമറമാൻ ക്യാമറകൊണ്ട് കിണറ്റിലേക്ക് ചാടൂന്നതുപോലെ കഥാകാരനൊപ്പം നിങ്ങളും പ്രൊജകറ്റ് മാനേജറുടെ ക്യാബിനിലേക്ക് ചാടിക്കോളൂ.. കഥ ഇവിടെ തുടങ്ങുകയാണ്...................
കൈയ്യിൽ ചുരുട്ടിപ്പിടിച്ച രാജിക്കത്തുമായി പ്രൊജക്റ്റ് മാനേജരുടെ ക്യാബിനിലേക്ക് കയറി ചെല്ലുമ്പോൾ അവൻ മൊബൈലിൽ ആഗ്രിബേർഡ് കളിക്കുകയായിരുന്നു. അല്ലങ്കിലും റോമാ സാമ്രാജ്യം കത്തി എരിയുമ്പോൾ നീറോ വീണവായിച്ച് കളിക്കുമെല്ലോ. ചുമച്ച് സിഗ്നൽ കൊടൂത്തിട്ടൂം ലവൻ തല ഉയർത്തി നോക്കിയില്ല. കാലുമടക്കി ഒന്ന് കൊടുത്തിട്ട് രാജിക്കത്ത് അവന്റെ കൈയ്യിലേക്ക് തിരുകി കൊടുക്കണമെന്ന് കരുതിയതാണ്.
വേണ്ട.... അതിക്രമം ഒന്നും കാണീക്കേണ്ട. മനസിനെ പാകപ്പെടൂത്തി.
"സർ...."ഭവ്യതയോടെ വിളിച്ചു.
എന്നിട്ടും ലവൻ മൊബൈലിൽ നിന്ന് തല ഉയർത്തിയില്ല. ലവൻ മൊബൈലും കൊണ്ട് ഇരിക്കുന്നതുകൻടാൽ തോന്നും അമേരിക്കൻ പ്രസിഡണ്ട് അണൂബോംബ് പൊട്ടിക്കാനുള്ള സ്വിച്ചുള്ള പെട്ടിയും കൊണ്ട് ഇരിക്കൂകയാണന്ന്. എല്ലാം ഉണ്ടാക്കിവെച്ചിട്ട് ഇരുന്ന് കളിക്കുന്നത് കണ്ടോ?
ഡെമോ നൽകിയതിനു ശേഷം കിട്ടീയ ക്ലൈന്റിന്റെ മോഡിഫിക്കേഷൻസ് നാലുമാസം മേശക്കകത്ത് വെച്ച് അതിന്റെ പുറത്ത് അടയിരുന്നിട്ട് പ്രൊജക്റ്റ് ഫൈനൽ റിലീസിന്റെ തലേദിവസം വന്ന് പത്ത്മുപ്പത് പേജുള്ള മോഡിഫിക്കേഷൻ റിപ്പോർട്ട് പ്രൊഗ്രാമർമാരുടെ മുന്നിലേക്ക് തള്ളിയിട്ട് അതുപോലെ ഉണ്ടാക്കണം എന്നു പറഞ്ഞാൽ താനും കെട്ടിയോളും കൂടി ഇരുന്ന് ഉണ്ടാക്കിക്കോ എന്ന് പറഞ്ഞാൽ അത് കമ്പിനി നിയമത്തിനു എതിരാകുമോ?? അതേ ഞാനും ചെയ്തുള്ളൂ. ഞങ്ങടെ ടീമിലേക്ക് വന്ന ട്രയിനി പെൺകൊച്ചിന് പ്രോഗ്രാമും പ്രൊജക്റ്റും എക്സ്പ്ലെയിൻ ചെയ്ത് അവസാനം അവൻ ആ കൊച്ചിനെ അവന്റെ ജീവിത പ്രൊജക്റ്റിലേക്ക് തന്നെ കയറ്റി ഇരുത്തി. അവളാണങ്കിൽ തലയിണമന്ത്ര രൂപത്തിൽ ഞങ്ങളെയൊക്കെ ഭീകരജീവികളായി അവന്റെ തലയിലേക്ക് കുത്തിയിറക്കി. അതൊടെ പ്രൊജക്റ്റ് മീറ്റിങ്ങുകൾ കഴിഞ്ഞ സർക്കാരിന്റെ മാണി ബഡ്ജറ്റ് അവതരണ ദിവസംപോലെയാവുക പതിവായി. അതിന്റെ അവസാനമാണ് പ്രൊജക്റ്റ് മാനേജരുടെ മുന്നിലുള്ള രാജി സമർപ്പണം.
നാലഞ്ച് സാർ വിളികേട്ടപ്പോൾ അവൻ തലയുയർത്തി. സർ വിളികേൾക്കാനായി ഇങ്ങനെ ഇരിക്കാനാണങ്കിൽ ഇവനു ഏതെങ്കിലും ട്യൂഷൻ സെന്ററിൽ പോയിരുന്നാൽ പോരേ? എന്തൊക്കെ ടൈപ്പ് മനുഷ്യരാണപ്പാ. കമ്പിനി നിയമം അനുസരിച്ച് റിസൈൻ ലെറ്റർ പ്രൊജക്റ്റ് ലീഡർ വഴി ഫോർവേഡ് ചെയ്യപ്പെടണം എന്നുള്ളതുകൊണ്ടുമാത്രമാണ് ഇങ്ങനെ നിൽക്കേണ്ടി വന്നത്. റിസൈൻ ലെറ്റർ വാങ്ങി വായിച്ചിട്ട് ലവനൊന്ന് ആക്കിച്ചിരിച്ചു. നീ പോടാ.. നീ ജീവിതാവസാനം വരെ ഇങ്ങനെ ആങ്ങ്രിബേർഡ് ഇരുന്ന് കളിക്കുമെടാ എന്ന് ഞാൻ മനസിൽ പറഞ്ഞു. അധികം ചോദ്യവും പറച്ചിലൊന്നും ഇല്ലാതെ അങ്ങനെ ആ ജോലി അവസാനിപ്പിച്ച് ഉണ്ണൂണ്ണി-ടെക്നോളജീസിന്റെ പടിയിറങ്ങി........
"നിന്റെയൊന്നും ജോലിയില്ലന്ങ്കിൽ വേണ്ടടേ... നാട്ടിൽ പോയി റബ്ർ വെട്ടി ജീവിക്കുമെടാ....." എന്നൊക്കെ മനസിൽ പറഞ്ഞാണ് ഇറങ്ങിയതെങ്കിലും അവസാനം റബർ റബർ പാലിൽ തന്നെ പണി തന്നു.
കുടുംബത്ത് ആകെയുള്ളത് നൂറ്റമ്പത് റബറാണ്. പത്ത് റബറിന് ഒരു ഷീറ്റ് വെച്ച് നൂറ്റമ്പത് റബറിന് 15 ഷീറ്റ്. 15 ഷീറ്റ് കുറഞ്ഞത് 10 കിലോ കാണും. ഒരു കിലോ ഷീറ്റിന് 210 രൂപ വെച്ച് 2100 രൂപ. ആഴ്ചയിൽ ആറു ദിവസം വെട്ടിയാൽ 12600 രൂപ. അങ്ങനെ നാലാഴ്ച വെട്ടിയാൽ കുറഞ്ഞത് അമ്പതിനായിരം രൂപ വരവ്. ആരുടെയും തെറി വിളി കേൾക്കേണ്ട. പാതിരാത്രിയിൽ വെരെ കുത്തി ഇരിക്കേണ്ട..... അങ്ങനെ മാസം അമ്പതിനായിരം രൂപ സ്വപ്നം കണ്ട് 'റബർവെട്ട് ഡിപ്ലോമ' ഓൺലൈനായി പഠിച്ച്, കത്തി പിടിച്ച് റബറുതോട്ടത്തിലേക്കിറങ്ങി......
കത്തി കൊണ്ട് ചുമ്മാ ഇട്ട് കുത്തിയാൽ റബറ് പാൽ 'ചുരത്തത്തി'ല്ലന്ന് മനസിലാക്കാൻ രണ്ടു മൂന്നു റബറേ വെട്ടേണ്ടി വന്നുള്ളൂ. വെട്ട് തുടങ്ങിയ ആദ്യ മരത്തിൽ നിന്ന് കത്തി തിരിച്ചെടുക്കാൻ ചുറ്റികയുടെ സഹായം വേണ്ടി വന്നു .ആദ്യ ദിവസം ഉച്ചവരെ വെട്ടിയിട്ട് നൂറു റബറേ വെട്ടിയുള്ളൂ. വെട്ടിക്കഴിഞ്ഞ് കറ എടുക്കാൻ ചെന്നപ്പോഴേക്കും ആദ്യം വെട്ടിയ റബറിന്റെ പാൽ കട്ടിയായി തുടങ്ങിയിരുന്നു. ഏതായാലും ഒരാഴ്ച കൊണ്ട് റബറു വെട്ട് പഠിച്ചെടുത്തു. സിമ്പിൾ. ജാവാ ഈസ് എ സിമ്പിൾ എന്നു പറയുന്നതുപോലെ റബറു വെട്ട് ഈസ് എ സിമ്പിൾ !!!
റബറു വെട്ട് സിമ്പിളായങ്കിലും റബർ അത്രയ്ക്ക് വിശാല മനസ്ക്കൻ അല്ലായിരുന്നു. ദിവസം അഞ്ച് ഷീറ്റിന് അപ്പുറത്തേക്കുള്ള കറ റബർ തന്നില്ല. വെളുപ്പിനെ മൂന്നു മണിക്ക് അലാറം വെച്ച് ചൂട്ടു കത്തിച്ച് നടന്ന് റബർ വെട്ടിയിട്ടൂം റബറിന്റെ മനസ് അലിഞ്ഞില്ല.
പശുവിനെ കറക്കുന്നതുപോലെ വൈകിട്ടൂടെ ഇറങ്ങി റബർ വെട്ടിയാലോ എന്ന് ആലോചിച്ചെങ്കിലും നാട്ടുകാർ തെറിവിളിക്കും എന്നു കരുതി മാത്രം അത് അങ്ങോട്ട് അപ്ലൈ ചെയ്തില്ല. നാൾക്ക് നാൾ റബറിന്റെ കറ മാത്രമല്ല റബരിന്റെ വിലയും പടവലങ്ങ പോലെ കീഴോട്ട് വളർന്നു.
അഞ്ച് ഷീറ്റ് ഒന്നര ഷീറ്റായി.
റബറിന്റെ വില 200 ൽ നിന്ന് താഴോട്ട് വളർന്ന് 100 ൽ എത്തി.
റബറുപാലെടുത്ത് പെട്രോളിനു പകരം വണ്ടിയിലൊഴിച്ച് ഓടിച്ചാൽ മാത്രമേ ഇനി റബറിനു വില കയറത്തുള്ളൂ.....
പച്ചവെള്ളം കൊണ്ട് വണ്ടി ഓടിക്കാൻ കണ്ടുപിടിക്കൂന്നവന്മാർക്ക് എന്തുകൊണ്ട് റബർ പാലിനെ ഇന്ധനമാക്കി കൂടാ??
ഏതായാലും നാലഞ്ച് മാസം കൊണ്ട് റബ്ബറുവെട്ട് നിന്നു...
ഇനിയെന്ത്??
പത്രത്തിലെ പരസ്യം കണ്ണിൽ പെട്ടു. കൃഷി വകുപ്പ് തെങ്ങ് കയറ്റ പരിശീലനം നൽകി തെങ്ങുകയറ്റ യന്ത്രം നൽകുന്നു. കൃഷി ഓഫീസിൽ പോയി കൃഷി ഓഫീസറെ കണ്ട് ഫോം പൂരിപ്പിച്ച് കൊടുത്തു. ഒരു തെങ്ങിൽ കയറുന്നതിന് കൂലി 50 രൂപ. ദിവസം കുറഞ്ഞത് 20 തെങ്ങിൽ കയറിയാൽ 1000 രൂപ. ഒരു തെങ്ങാക്കുല പിടിച്ച് കെട്ടൂന്നതിന് 30 രൂപ. ചെല്ലിയെ പിടിച്ച് കളയുന്നതിനും തുരിശ് വെക്കുന്നതിനും കൂടീ അമ്പത് രൂപ. കൊതുമ്പും ചൂട്ടും പറിക്കണമെങ്കിൽ 20 രൂപ.
ഹഹഹഹ... എന്ത് നല്ല കണക്കു കൂട്ടൽ സ്വപ്നങ്ങൾ.......
ഗുരുവിന് ദക്ഷിണ വെച്ച് ക്ലാസ് തുടങ്ങി.... വിചാരിച്ചതുപോലെ എളുപ്പമല്ല യന്ത്രം വഴി തെങ്ങിൽ കയറുന്നത്. തെങ്ങിൽ കെട്ടിയ രണ്ട് കമ്പിയിൽ കാൽ എടുത്തു വയ്ക്കുന്നു.... ലിവർ വലിക്കൂന്നു...പതിയെ പതിയെ തെങ്ങിന്റെ മണ്ടയ്ക്ക് ചെല്ലുന്നു. കാണൂമ്പോൾ എല്ലാം സിമ്പിളാണ്. പക്ഷേ അല്പം പണിതന്നെയാന്. ലിവർ വലിക്കുമ്പോൾ കാലു പോക്കി കൊടുക്കാനൊക്കെ പഠിച്ചെടൂക്കാൻ കുറച്ച് സമയം എടുത്തു. തെങ്ങുകയറ്റ പരിശീലന ക്ലാസ് വിജയകരമായി കഴിഞ്ഞു. ഗുരുവിന് വീണ്ടും ദക്ഷിണ കൊടുത്ത് യന്ത്രവും വാങ്ങി വീട്ടിലേക്ക്......
നാട്ടുകാരുടെ തെങ്ങിൽ കയറുന്നതിന് മുമ്പ് അഞ്ചാറു തെങ്ങിൽ കയറി ട്രയലടിക്കണം. നാട്ടുകാരുടെ തെങ്ങിൽ കയറുമ്പോൾ അബദ്ധം പറ്റരുതല്ലോ... പറമ്പിൽ ഏഴട്ട് തെങ്ങ് നിൽക്കുന്നത് കണ്ടിട്ടൂണ്ട്. അതിൽ തന്നെ കയറി പരിശീലനം നടത്താം. ആദ്യം കണ്ട തെങ്ങിൽ തന്നെ കയറി. തെങ്ങിന്റെ മണ്ടയിൽ ചെന്നു. തെങ്ങ് നിറയെ തേങ്ങ. ഇനി ഐശ്വരമായി തേങ്ങ വെട്ടിയിടാം. നിറയെ തേങ്ങ ഉള്ള കുല തന്നെ വെട്ടിയിട്ടൂ. പത്തുമുപ്പത് തേങ്ങ ഒരൊറ്റ വെട്ടിന് താഴെ. വെൽഡൺ മൈ ബോയ് എന്ന് സ്വയം പറഞ്ഞു. തേങ്ങ വീഴുന്ന ശബദ്ദം കേട്ട് അമ്മ വീട്ടീന്ന് ഇറങ്ങി വന്നു.
"നീ എന്തോന്നാടാ ഈ കാണിക്കുന്നത് ....ഉള്ള വെള്ളയ്ക്ക് എല്ലാം കൂടി വെട്ടിയിടുവാണോ?" . അമ്മയുടെ രഹസ്യചോദ്യം തെങ്ങിൻ മണ്ടയിൽ വരെ എത്തി.
"അമ്മേ ഇത് വെള്ളയ്ക്കയൊന്നും അല്ല. തേങ്ങയാ..." തെങ്ങിൻ മുകളിൽ നിന്ന് ലൗഡ് സ്പീക്കർ ശബ്ദ്ദം.
"കുലുക്കി നോക്കിയിട്ടാണോടാ നീ വെട്ടിയത്? ഒറ്റ ഒരെണ്ണം കുലുങ്ങുന്നതല്ല...എല്ലാം കരിക്കും വെള്ളയ്ക്കയും. മൂത്ത കുലയെല്ലാം നിർത്തിയിട്ട് ഇളയകൊല വെട്ടാനാണോടാ നിന്നെ തെങ്ങുകയറ്റ കോളേജിൽ പഠിപ്പിച്ചത്?" വീണ്ടൂം അമ്മ.
ചിന്തിക്കൂന്നവർക്ക് ദൃഷ്ടാന്തം ഉള്ളതുപോലെ തെങ്ങിൻ മുകളിൽ നിന്ന് ചിന്തിച്ചു. അരയ്ക്ക് ചുറ്റി തെങ്ങിലേക്ക് കേബിൾ ഉള്ളതുകൊണ്ട് ചിന്തിച്ച് നിൽക്കുമ്പോൾ ചന്തിയടിച്ച് താഴെവീഴുമെന്ന് ചിന്തിക്കേണ്ടാത്തതുകൊണ്ട് തെങ്ങയെക്കുറിച്ച് ചിന്തിച്ചു. അപ്പോഴാണ് ഓർത്തത് തേങ്ങ കുലുക്കി നോക്കി വെട്ടണമെന്നുള്ള ഗുരുവചനം. കുലുങ്ങാത്ത പച്ച തേങ്ങ വെട്ടരുത്. എന്തുകൊണ്ടന്നാൽ അത് വെള്ളയ്ക്കായോ അകരിക്കോ ആകുന്നു. ഏഠായാലും അബദ്ധം പറ്റി. ഇനി താഴെയ്ക്കിറങ്ങി അടൂത്ത തെങ്ങിൽ കയറി പരീക്ഷണം തുടരാം. തെങ്ങിൻ മുകളിലിരുന്നു താഴേക്ക് നോക്കി. അമ്മ താഴെ തന്നെ നിൽപ്പുണ്ട്. അമ്മ തിരിച്ചു പോയതിനുശേഷം ഇറങ്ങുന്നതാണ് ഭാഷാപരമായും ശരീരപരമായും നല്ലത്. അമ്മ കയറിപ്പോകുന്നത് വരെ കാറ്റത്താടുന്ന തെങ്ങിൻ കുലകളെ ക്ലോസപ്പ് ഷോട്ടിൽ കൺകുളർക്കെ കണ്ട് നിന്നു... അമ്മ പോയതോടെ വീണ്ടൂം താഴേക്ക്.....
ഇനി അടുത്ത് തെങ്ങ്. തെങ്ങിൽ യന്ത്രം കെട്ടി. ഗുരുവിനെയും ദൈവത്തെയും ധ്യാനിച്ച് കയറ്റം തുടങ്ങി.
കുറച്ചു കയറിക്കഴിഞ്ഞപ്പോൾ തെങ്ങിനൊരു ആട്ടം. തലയ്ക്ക് തൊട്ട് മുകളിൽ നിന്ന് ഒരു തത്ത പറന്നു പോയി. മുകളിലേക്ക് നോക്കിയപ്പോൾ ഞെട്ടി. തെങ്ങിന് മണ്ടയില്ല.
കർത്താവേ മണ്ടയില്ലാത്ത തെങ്ങിലാണല്ലോ താൻ കയറിയത്. തെങ്ങാണങ്കിൽ ആട്ടവും തുടങ്ങി...
കിർർർർർർർർർർർർർർർർർ............
തെങ്ങ് ഒടിയുന്നു........
തെങ്ങിൽ നിന്ന് ചാടാനാണങ്കിലും പറ്റില്ല.... എങ്ങോട്ട് ചാടും..... ഇറങ്ങാനാണങ്കിലും പറ്റില്ല
വീണ്ടും കിർർർർർർർർർർർർർർർർർർർർർർർർർർർർർർർർർർ...........
കർത്താവേ ഞാനിതാ അങ്ങയുടെ അടുത്തേക്ക് വരുന്നു.....
ആ നിലവിളി ശബ്ദ്ദം ഇടോ....... മനസിൽ പറഞ്ഞപ്പോഴേക്കും തെങ്ങൊടിഞ്ഞു.
പിധും!!!!!
ബോധവും പോയി!!!
ബോധം വരുമ്പോൾ ആശുപത്രിയിൽ കിടക്കിയിലാണ്. കാലും കൈയ്യും അവിടവിടെ തന്നെയുണ്ടോ എന്ന് തപ്പി നോക്കി.
ഉണ്ട്.
കൈയ്ക്കും കാലിനും ഒരു കുഴപ്പവുമില്ല....
ഇനി തലയ്ക്കങ്ങാണം അടി കിട്ടി ബോധം പോയതുകൊണ്ടാണോ കൈയ്യും കാലും അവിടെ തന്നെയുണ്ടന്ന് തോന്നുന്നത്.
തലയും തപ്പി നോക്കി.. തലയ്ക്കും കുഴപ്പമില്ല..
കർത്താവേ തേങ്ങ് ഒടിഞ്ഞു വീണിട്ടൂം ഒരു കുഴപ്പവുമില്ലന്നോ???? ഇനി തെങ്ങേൽ നിന്ന് വീണില്ലേ...
ശ്ശൊ!! ആകെ കൺഫ്യൂഷൻ ആയല്ലോ...
"തലയിൽ തപ്പിയൊന്നും നോക്കേണ്ട... അപ്പനപ്പൂപ്പന്മാരുടെ ദൈവാനുഗ്രഹം കൊണ്ട് ഒന്നും പറ്റിയിട്ടില്ല" ആശുപത്രികിടക്കയിൽ ഇരിക്കുന്ന അപ്പന്റെ ശബ്ദ്ദമാണ്. അപ്പനാണ് കാര്യങ്ങൾ വിശദീകരിച്ചത്. തെങ്ങൊടിഞ്ഞ് അടുത്ത് നിന്ന പ്ലാവിൽ തങ്ങി. ബോധം പോയ ഞാനാണങ്കിൽ വവ്വാൽ ആൽമരത്തിൽ തൂങ്ങിക്കിടക്കുന്നതുപോലെ തെങ്ങിൽ തൂങ്ങിക്കിടന്നന്ന്. നാട്ടുകാരെല്ലാം കൂടി. ഫയർഫോഴ്സിനെ വിളിച്ചു. നാട്ടുകാർ പെട്ടന്നു തന്നെ ഉത്സാഹകമ്മറ്റി രൂപീകരിച്ച് ചാനലുകാരെ വിളിച്ചു വരുത്തി. എല്ലാവന്മാരും രക്ഷപെടുത്തൽ മൊബൈലിൽ ഷൂട്ട് ചെയ്തന്ന്... കൂടുതലൊന്നും കേൾക്കാനുള്ള സക്തിയില്ലാത്തറ്റുകൊണ്ട് ഉംഉംഉം.... എന്ന് മൂളി.
അപ്പൻ മൊബൈൽ തന്നു. വാട്സാപ്പിൽ പത്തമ്പതു മെസേജുകൾ. എന്നെ തെങ്ങിൽ നിന്ന് രക്ഷപെടുത്തുന്നതിന്റെ വീഡിയോകൾ എനിക്ക് തന്നെ അയച്ചു തന്നിരിക്കൂകയാണ്.
തെണ്ടികൾ....
പത്തിരുപ്പത്തഞ്ച് എം.ബി സൈസുള്ള വീഡിയോ കാശ് കളഞ്ഞ് അയച്ചു തന്നിരിക്കുന്നു..... റോഡിൽക്കൂടീ നടന്നുപോകുമ്പോൾ കണ്ടാൽ ഒരു ഹായ് എന്ന് പോലും പറയാത്തവന്മാരാണ് വീഡിയോ കൊണ്ട് വന്നിരിക്കുന്നത്......
എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ എന്ന് മനസിനോട് പറഞ്ഞ് ആശുപത്രിയിൽ നിന്ന് വീട്ടിൽ എത്തി.
ഏതായാലും തോൽക്കാൻ പറ്റില്ല.... പിന്നയും മാർക്കറ്റ് സ്റ്റഡി...... വിപണിയെ പഠിച്ചപ്പോഴാണ് ഇനി രക്ഷ കപ്പ കൃഷിയിലാണ് എന്ന് മനസിലായത് !!
ഒരു കിലോ കപ്പയ്ക്ക് വില 30 രൂപ !!!!
ഒരു മൂട് കപ്പയിൽ ശരാശരി അഞ്ചു കിലോ കപ്പ ഉണ്ടായാൽ വില നൂറ്റമ്പത് രൂപ !!!!
ഒരു ദിവസം 20 മൂട് കപ്പ വിറ്റാൽ 3000 രൂപ!!!
മതി മതി.. അധികം കാൽക്കുലേഷൻ ഒന്നും വേണ്ട....
കപ്പ നടന്നു.... വളം ഇടുന്നു.... പിഴിത് വിൽക്കുന്നു..... അത്രയും മതി!!!
പരീക്ഷണം എന്ന നിലയിൽ ആയിരം മൂട് കപ്പ നട്ടു....
വളം ഇട്ടൂ.. കപ്പ വളർന്നു.... ഇലയായി.. പൂവായി.. കാ ആയി....
പിള്ളാരൊക്കെ ചീനിക്ക പറിച്ചുകൊണ്ടുപോയി തൊലി കളഞ്ഞ് ഉണക്കി പമ്പരവും വണ്ടിയും ഉണ്ടാക്കി.
പക്ഷേ കപ്പക്കമ്പിന്റെ മൂട്ടിൽ കപ്പമാത്രം ആയില്ല....
വേരുമാത്രം മണ്ണിനടിയിലൂടെ ആരയോ ബോധിപ്പിക്കാൻ വേണ്ടീ ചുമ്മാ വളർന്നു.... ദോഷം പറയരുതല്ലോ വേരുമാത്രമേ ഉള്ളൂവെങ്കിലും പന്നിയെലി അതൊന്നും മൈൻഡ് ചെയ്യാതെ തുരങ്കം ഉണ്ടാക്കി വന്ന് കപ്പമൂടോടെ തന്നെ മറിച്ചിട്ട് രസിച്ചു.
അതിനെങ്കിലും ഒരു എന്റർടെയിന്റ്മെന്റായിക്കോട്ടെ.....
അങ്ങനെ കപ്പയും നഷ്ടത്തിൽ തന്നെ തീർന്നു.
നാലഞ്ചുമാസത്തെ ഗ്യാസുകുറ്റിയുടെ കാശ് ലാഭിച്ചു എന്നുള്ളത് ചെറിയ കാര്യമല്ലാത്തതുകൊണ്ട് കപ്പക്കൃഷി വൻ നഷ്ടമായിരുന്നു എന്ന് പറയാൻ പറ്റില്ല. കപ്പക്കമ്പ് ചീകി ഉണക്കി അടുപ്പിൽ തീ പൊത്തിയതുകൊണ്ട് നാലഞ്ചുമാസത്തേക്ക് ഗ്യാസ് അടുപ്പിന് റെസ്റ്റ് കൊടുത്തു.
കപ്പക്കൃഷി പരാജയപ്പെട്ട് കഴിഞ്ഞപ്പോൾ പുതിയ എന്ത് കൃഷി എന്നുള്ളതിനെക്കുറിച്ച് പഠിക്കാൻ വീണ്ടും മാർക്കറ്റ് സ്റ്റഡിയുമായി ഇറങ്ങിയത്. ജൈവപച്ചക്കറി ലാഭമാണന്ന് റിപ്പോർട്ട് കിട്ടി ബോധിച്ചു. കൃഷി ഇറക്കി. പതിവുപോലെ അതും നഷ്ടത്തിൽ തന്നെ അവസാനിച്ചു.
പടവലങ്ങ പറിക്കാൻ സമയം ആയപ്പോഴും പാവയ്ക്കപ്പോലെയാണ് വളർന്നത്. കൈപ്പുള്ളതുകൊണ്ട് മാത്രം പാവയ്ക്കയും പടവലങ്ങായും തിരിച്ചറിയാൻ പറ്റി.
നീളൻപ്പയർ വളരാതെ ഒടിയൻപയറായി.
എല്ലാം വളരാതെ കുരുട്ടായി എന്ന് കരുതരുത്.
ദോഷം പറയരുതല്ലോ ചീരമാത്രം നന്നായി വളരുന്നു. ഓരോ ചീരയും ഒറ്റത്തടിയായി കൊന്നത്തെങ്ങുപോലെ വളർന്നു. ഇലപോലും പിച്ചി പിടിയാക്കി വിൽക്കാൻ പറ്റിയില്ല...
ജൈവ മത്തങ്ങ കണ്ടിട്ട് ഇത് തക്കാളിയാണോ എന്ന് പോലും ബ്ലെഡി ഫൂൾസായ നാട്ടൂകാർ ചോദിച്ചു.
കൂറേ ചോദ്യം കേട്ടപ്പോൾ ദേഷ്യം വന്നപ്പോൾ ഒരുത്തനോട് ചുമ്മാ പറഞ്ഞു , " ഇത് ജൈവമത്തങ്ങയാ . വെച്ചൂർ പശു എന്നു കേട്ടിട്ടീല്ലേ? അതുപോലെയുള്ള മത്തങ്ങയാണ് ഇത്. ഇത് കഴിച്ചാൽ ഷുഗറും പ്രഷറും മാറും. ചിലരടെയൊക്കെ ക്യാൻസറു മാറിയിട്ടൂണ്ടന്നാ പറയുന്നത്...". ആ പൊട്ടൻ അത് കേട്ട് വിശ്വസിച്ചന്ന് തോന്നുന്നു. നാലഞ്ച് മത്തങ്ങ വാങ്ങിക്കൊണ്ടു പോയി. പിന്നെ ഒരാഴ്ച മത്തങ്ങാ കച്ചവടം ആയിരുന്നു. ഔഷധശക്തിയുള്ള മത്തങ്ങ വാങ്ങാൻ ആൾക്കാർ ക്യു നിന്നു. ചിലർ മന്ത്രിമാരുടെ ശുപാർശക്കത്തുമായി വരെ വന്നു. മത്തൻ വാടിപ്പോയതുകൊണ്ട് പത്തു നൂറു മത്തങ്ങാ മാത്രമേ പറിക്കാൻ പറ്റിയുള്ളൂ.
കൃഷി മൊത്തം നഷ്ടത്തിലായി എന്ന് കരുതേണ്ട. വെള്ളരിക്ക ഇഷ്ടം പോലെ ഉണ്ടായി. എവിടെ നോക്കിയാലും അവിടെല്ലാം വെള്ളരിക്ക മാത്രം. ഒരു വെള്ളരിക്ക വാങ്ങുന്നവന് അഞ്ച് വെള്ളരി വരെ ഫ്രി കൊടുത്തിട്ടും വെള്ളരി തീർന്നില്ല. അവസാനം നാട്ടീലെ പശുക്കൾക്കും മാടുകൾക്കും ഒരു മാസം ഫ്രിയായി വെള്ളരി കൊടുത്തു. അതുവരെ എന്നെ കാണുമ്പോൾ വാലാട്ടിയിരുന്നു പശുക്കൾ കൊമ്പ് കുലുക്കി കാണിച്ചു തുടങ്ങി. എന്റെ വിഷമം ആ മിണ്ടാപ്രാണികൾക്ക് മനസിലാകാത്തതിന് അവയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലങ്കിലും ഞാൻ അവയെ സ്വാന്തനിപ്പിച്ചു....."നിങ്ങളെല്ലാവരും കൂടി ഒന്ന് ആഞ്ഞ് ശ്രമിച്ചാൽ ഒരു മാസം കൊണ്ട് വെള്ളരി നമുക്ക് തീർക്കാം.."
"നിനക്കിത് തിന്നൂടടേ മനുഷ്യാ" എന്ന് അവർ പറയാതെ പറഞ്ഞു.
വീട്ടിൽ ദിവസവും വെള്ളരിക്ക ബിരിയാണി, വെള്ളരിക്ക കറി , വെള്ളരിക്ക തോരൻ , വെള്ളരിക്ക ചട്നി , വെള്ളരിക്ക തീയൽ , വെള്ളരിക്ക അവിയൽ , വെള്ളരിക്ക സാമ്പാർ , വെള്ളരിക്ക അച്ചാർ ... ആണന്ന് അതുങ്ങളോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലല്ലോ....
എന്തിന് ചായക്കകത്ത് പോലും വെള്ളരിക്ക അരിഞ്ഞിട്ട് കുടിച്ചത് നമുക്കല്ലേ അറിയൂ...
വെള്ളരിക്ക തീരുന്നതുവരെ, വെള്ളരി വള്ളി പറിച്ച് കത്തിക്കുന്നതുവരെ രണ്ട് മാസത്തേക്ക് വീട്ടിലേക്ക് ഒരൊറ്റ ബന്ധുക്കളോ പിരിവുകാരനോ വന്നില്ല. പൈസ അടച്ചില്ലങ്കിൽ പിറ്റേന്ന് കണക്ഷൻ കട്ട് ചെയ്യുന്ന കേബിളുകാരൻ പോലും മൂന്നുമാസത്തേക്ക് ആ വഴി വന്നില്ല... മൂന്നു മാസത്തിനുമുമ്പ് കേബിളിന്റെ പൈസയ്ക്ക് വന്നപ്പോൾ ഒരു സന്തോഷത്തിന് അവന്റെ പെട്ടി വണ്ടിയിൽ അരവണ്ടി വെള്ളരിക്ക ഫ്രിയായി കൊടുത്തു എന്നള്ളതു ഒരു കുറ്റമാണോ?
ജൈവകൃഷി നഷ്ടമായിരുന്നു എങ്കിലും അതുകൊണ്ടൊരു നേട്ടമുണ്ടായി. നാലഞ്ച് പത്രത്തിൽ ഫീച്ചർ വന്നു, വിത്ത് പടം. ഐറ്റി ജോലി ഉപേക്ഷിച്ച് ജൈവ പച്ചക്കറി കൃഷിയിൽ വിജയം വിളയിച്ച എന്നെ പത്രത്തിൽ കണ്ടപ്പോൾ എനിക്ക് തന്നെ വിശ്വാസിക്കാൻ പറ്റിയില്ല.... ജൈവപച്ചക്കറി കൃഷിയിൽ വിജയക്കൊടി പാറിച്ച് സോഫ്റ്റ്വെയർ എഞ്ചിനീയർ എന്ന് ഒരു പത്രം എഴുതിയപ്പോൽ എനിക്ക് തന്നെ അറിയാതെ കണ്ണ് നിറഞ്ഞു പോയി.
ഇനിയെന്ത് എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ഒരു ഫോൺ വന്നത്. ഒരു പെൺകൊച്ചാണ്. കൊച്ചിന് ജൈവകൃഷി രീതികളെക്കുറിച്ച് അറിയണം. ചോദിച്ചതിനെക്കെ ഉത്തരം പറഞ്ഞു കൊടുത്തു. മുഖ്യമന്ത്രിമാരെപ്പോലെ തെളിവില്ല, അറിയില്ല, വേറെ ആൾക്കാരോട് ചോദിക്കണം എന്നൊന്നും പറയാതെ എല്ലാത്തിനും ഉത്തരം പറഞ്ഞു കൊടുത്തു. സ്പോർട്സ് മന്ത്രിയെപ്പോലെ അബദ്ധം പറയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. മൂന്നുമാസം തുടരെതുടരെ ഫോൺകോൾ. എല്ലാം ജൈവക്കൃഷിയെക്കുറിച്ച് തന്നെ. നാലാം മാസത്തിലെ ഒരു ദിവസം വീടിന്റെ മുന്നിൽ ഒരു പെട്ടി ഓട്ടോറിക്ഷ വന്നു നിൽക്കുന്നു. അതിൽ നിറയെ പച്ചക്കറികൾ. ജൈവകൃഷി ഉപദേശപ്രകാശം കൃഷി ചെയ്ത് എടുത്ത പച്ചക്കറികൾ ഗുരുദക്ഷിണയായി ഉപദേശകന് കൊടുത്തുവിട്ടതാണന്ന് !!!
ദിവസങ്ങൾക്കകം തുടരെതുടരെ ഫോൺ കോൾ. എല്ലാം ജൈവകൃഷിക്ക് വേണ്ടിയുള്ള ഉപദേശങ്ങൾക്കാണ്. ഒരാഴ്ച ഫൊൺ സ്വിച്ച് ഓഫാക്കി വെച്ചിരുന്നു. ആൾക്കാർ വീടൊക്കെ തേടിപ്പിടിച്ച് വരാൻ തുടങ്ങിയപ്പോഴാണ് മറ്റൊരു ബിസ്നസ് സാധ്യത തലയിൽ പൊട്ടിയത്. ഒരാഴ്ചകൊണ്ട് ജംഗ്ഷനിൽ ഒരു അപ്പാപ്പൻ മുറുക്കാൻ കട നടത്തിയിരുന്ന കടമുറി വാടകയ്ക്ക് എടുത്തു.അപ്പാപ്പന് ദിവസം നൂറുരൂപവെച്ച് കൊടുത്താൽ മതി .ജൈവകൃഷി കൺസൽട്ടന്റ് എന്നൊരു ബോർഡ് സ്ഥാപിച്ചു മുറുക്കാൻകടമുറി ഓഫീസ് സെറ്റപാക്കി. ഓഫീസ് സെറ്റപ്പൊക്കെ ആയതോടെ സ്വന്തമായുള്ള കൃഷി നിർത്തി. നാട്ടുകാർക്ക് ഉപദേശം കൊടുക്കുമ്പോൾ എന്തിന് വെറുതെ ജൈവകൃഷി നടത്തി സമയം കളയണം??? അല്ലങ്കിൽ തന്നെ ഈ ഉപദേശം കൊടുക്കൽ പരിപാടിക്ക് എന്തെങ്കിലും ഒക്കെ അറിയണമെന്നോ സ്വന്തമായി ചെയ്യണമെന്നോ ഒന്നും ഒരു നിർബന്ധവും ഇല്ലല്ലോ!!! സ്വന്തമായി നാലുവരി കോഡ് എഴുതി എറർ ഇല്ലാതെ റൺ ചെയ്യാത്തവന്മാർ വരെ ഒരു സുപ്രഭാതത്തിൽ സോഫ്റ്റ്‌വെയർ കൺസൽട്ടന്റ് എന്ന് പറഞ്ഞ് അവതാരം എടുത്ത് പ്രത്യക്ഷപ്പെടാറുണ്ടല്ലോ? ക്രിക്കറ്റ് കളിക്കാരെപ്പോലും ഫോഷൻ ടെക്നോളജി കോളേജിന്റെ പ്രിഅൻസിപ്പളാക്കുന്ന കാലമാ .പിന്നെ എന്തിനു പേടിക്കണം.
ഇച്ചിരി ചാണകം , ഇച്ചിരി വേപ്പിൻ പിണ്ണാക്ക് , ഇച്ചീരി പശു മൂത്രം ,കുറച്ച് ആട്ടീൻ പുഴുക്ക ,ഇച്ചിരി ബീഡിയില ..... ഇതൊക്കെ വെച്ചുള്ള പരിപാടിയിൽ ആരും തട്ടിപ്പോകാൻ പോകുന്നില്ല. കൃഷി ഓഫീസർ തന്നെ നേരിട്ടെത്തി പഞ്ചായത്ത് വക ജൈവകൃഷിത്തോട്ടത്തിലേക്കുള്ള ഉപദേശങ്ങൾക്ക് കാതോർത്തിരുന്നു. കൃഷി ഓഫീസർക്കും കൊടുത്തു ഉപദേശങ്ങൾ. ജില്ലാ പഞ്ചായത്തിന്റെ ജൈവകൃഷി പ്രചരണത്തിനുള്ള ഉപദേശകനായി ജില്ലാപഞ്ചായത്ത് നിയമനം കിട്ടി ഒരാഴ്ച കഴിഞ്ഞപ്പോൾ സംസ്ഥാന കൃഷി മന്ത്രിയുടെ വിളി. കൃഷി മന്ത്രിയുടെ ഉപദേശകനാകണമെന്ന്. നമുക്കൊട്ടൂം അഹങ്കാരമില്ലാത്തതുകൊണ്ട് ആ നിയമനവും വേണ്ടാന്ന് വെച്ചില്ല. കാസർഗോഡുമുതൽ പാറശാലവരെ ഓടിയെത്തി ഉപദേശങ്ങൾ നൽകി. ഉപദേശങ്ങൾ കേട്ട് കാർഷിക സർവകലാശാലയിലെ സാറുന്മാരുവരെ ഞെട്ടി. അല്ലങ്കിൽ തന്നെ ഒരു ഉപദേശകന്റെ അടിസ്ഥാന ഗുണം എന്ന് പറയുന്നത് താൻ പറയുന്നത് കേട്ടാൽ മറ്റുള്ളവർ ഞെട്ടണമെന്നാണല്ലോ!!!
പുകയില കഷായം ഉണ്ടാക്കുമ്പോൾ ഒരു ലിറ്റർ വെള്ളത്തിന് അഞ്ച് സിഗരറ്റും രണ്ട് കവർ ഹൻസും എന്ന രീതിയിൽ കഷായത്തിൽ ചേർത്ത് ഇളക്കണം എന്ന് പറയുമ്പോൾ എന്തിനാണ് ഞെടൂന്നത്?
പ്രാണികളെ അകറ്റാനുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതത്തിൽ നാലഞ്ച് സവോളയും 100 ഗ്രാം കടുക്കും ഇച്ചിരി ഉപ്പും കൂടി ഇടണമെന്ന് പറയുമ്പോൾ ഞെട്ടേണ്ട ഒരു കാര്യവും ഇല്ലല്ലോ!!! ജീവാമൃതം ഉണ്ടാക്കാൻ പശുവിന്റെ ചാണകത്തിനും മൂത്രത്തിനും പകരം ആനപ്പിണ്ടവും ആനമൂത്രവും ഉപയോഗിച്ചാൽ കൂടുതൽ ഗുണം കിട്ടൂം എന്ന് പറഞ്ഞപ്പോൾ ഞെട്ടിപ്പോയവന്മാർ അവസാനം ആനമൂത്ര പച്ചക്കരിയുടെ പ്രചാരകന്മാർ ആയി മാറി...
എല്ലാം ഡിങ്കകൃപ തന്നെ ....
കപ്പത്തോട്ടത്തിലെ എലികളെ തുരത്താൻ 'ഈ കപ്പത്തോട്ടം ഡിങ്കഭഗവാൻ വക' എന്നുള്ള ബോർഡുകൂടി വയ്ക്കാൻ കൃഷിക്കാരെ ഉപദേശിക്കുന്നത് തെറ്റാണോ? വേപ്പെണ്ണ മിശ്രിതത്തിൽ അലക്കുസോപ്പിനോടൊപ്പം കുറച്ച് സർഫ് എക്സലും കുറച്ച് ഉജാലയും കൂടി ചേർക്കാൻ പറയുന്നത് എങ്ങനെ ഭ്രാന്താവും ??? കീടങ്ങളെ ഒഴിവാക്കാൻ വേപ്പിൻ കുരു മിശ്രിതം ഉണ്ടാക്കുന്നതുപോലെ ചക്കക്കുരു മിശ്രിതവും ഉണ്ടാക്കി ഉപയോഗിക്കൂ എന്ന് ഉപദേശം കൊടുത്തു. കീടനാശിനി ഉണ്ടാക്കാൻ ശർക്കരയ്ക്ക് പകരം പഞ്ചസാര കൂടി ഉപയോഗിക്കാം എന്ന് ഉപദേശിച്ചതും ഞാൻ..... കേരളത്തിലെ ജൈവകൃഷി വികസനത്തിന് ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഞാൻ ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞു........ പരീക്ഷിച്ചു നോക്കിയവരാരും തിരികെ വന്ന് തല്ലിയിട്ടില്ല. ഒരുത്തൻ പോലും ഫോണിൽ വിളിച്ചു പോലും തെറിവിളിച്ചിട്ടില്ല. നാട്ടുകാരൊക്കെ വിനയക്ഷമാശീലരായതാണോ അതോ കൃഷി വിജയിച്ചതാണോ?
അവസാനം അതും തേടിയെത്തി... കാർഷിക സർവകലാശാലയുടെ ഡോക്ടറേറ്റ്!!!
ജൈവകൃഷിയുടെ വളർച്ചയ്ക്ക് നൽകിയ സമഗ്രസംഭാവനയുടെ പേരിൽ ഡിലിറ്റ് ബിരുദം.
എനിക്ക് വട്ടായതാണോ ഇനി നാട്ടുകാർക്ക് മൊത്തം വട്ടായതാണോ എന്നോന്നും നോക്കാൻ നിന്നില്ല. സന്തോഷത്തോടെ തരുന്നത് വേണ്ടാന്ന് പറയുന്നത് എങ്ങനെയാണ്? ഒരു യൂണിവേഴ്സിറ്റിയുടെ മുഖത്തൊക്കെ നോക്കി എനിക്ക് നിങ്ങടെ ഈ മാതിരി ബിരുദം എന്നൊന്നും വേണ്ടാ എന്ന് പറയുന്നതെങ്ങനാ... കൊച്ചു സ്കൂളിൽ പഠിക്കുമ്പോഴേ ഉള്ള ആഗ്രഹമായിരുന്നു ഒരു ഡോക്ടർ ആകണമെന്ന്. പിഡിസിക്ക് സയൻസ് എടുത്ത് പഠിക്കാൻ പോയെങ്കിലും ഡോക്ടർ ആകാൻ പറ്റിയില്ല. ഇനി ഈ ഡിലിറ്റ് വാങ്ങിയിട്ട് വേണം പേരിനു മുമ്പിൽ ഡോ. എന്ന് വെയ്ക്കാൻ. ജൈവകൃഷി എന്ന വലിയ സാഗരത്തിനു മുമ്പിൽ ഞാൻ ഡിലിറ്റുമായി പകച്ചു നിന്നു. ജൈവകൃഷിക്ക് ആരെങ്കിലും ഡിലിറ്റ് തരുമോ എന്നറിയാതെയുള്ള പകച്ചിൽ. ഏതായാലും കിട്ടിയതു കിട്ടീ.
പിന്നെ എങ്ങും സ്വീകരണങ്ങൾ... അനുമോദനങ്ങൾ ....
കേരളത്തിലെ അഭിനന്ദനങ്ങളും പൊന്നാടകളും വാങ്ങി കഴുത്ത് വേദനിച്ച് തിരുമ്മിച്ചു കൊണ്ടിരിക്കുമ്പോൾ അടൂത്ത ഞെട്ടിക്കൽ ഫോൺ വിളി. അതും അങ്ങ് ഐക്യരാഷ്ട്ര സഭയിൽ നിന്ന്. ഐക്യരാഷ്ട്രസഭയിൽ ജൈവകൃഷിയെക്കുറിച്ച് സംസാരിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള ഫോൺകോളാണ്.
കർത്താവേ വീണ്ടും ഇതെന്ത് പരീക്ഷണം!!!
ഓരോരോ അപകടങ്ങളിൽ നിന്ന് ശിങ്കാരി ശാംഭുവിനെപ്പോലെ വിജയിച്ചു വന്നിട്ടുണ്ടങ്കിലും ഐക്യരാഷ്ട്ര സഭയെന്നൊക്കെ പറയുമ്പോൾ .... നമ്മുടെ മലയാളം അവന്മാർക്കും അവരുടെ നാനാഭാഷകൾ നമുക്കും എന്ത് മനസിലാകാൻ.....
ജാങ്കോ ഞാൻ പെട്ടു!!!!
ഇനിയും രക്ഷപെടാൻ ഒരു വഴിയും ഇല്ല.....
ജൈവകൃഷിയുടെ പരീക്ഷണമെന്നോപരിശീലനമെന്നോ പറഞ്ഞ് രാജസ്ഥാൻ മരുഭൂമിയിലേക്കോ ഹിമാലയത്തിലേക്കോ മുങ്ങാനുള്ള സമയവും ഇല്ല.
ഇനി ഐക്യരാഷ്ട്രസഭയെങ്കിൽ ഐക്യരാഷ്ട്രസഭ....
തലവരെ മഴ നനഞ്ഞവന് ഇനി ആറ്റിലിറങ്ങിയാൽ എന്തോന്ന് കുളിര്? അങ്ങനെ ഐക്യരാഷ്ട്രസഭയക്ക് പ്ലയിൻ കയറി. പകുതിബോധാവസ്ഥയിൽ മൈക്കിന്റെ മുന്നിൽ ചെന്നു നിന്നപ്പോൾ വിറയലുകൊണ്ട് കണ്ണിൽ ഇരുട്ട് കയറി. എഴുതിക്കൊണ്ട് പോയ പേപ്പറിലെ അക്ഷരങ്ങളൊന്നും കാണുന്നില്ല. ചുറ്റിനും നിൽക്കുന്ന ഫോട്ടോക്കാരുടെ ക്യാമറയിലെ ഫ്ലാഷുകൾ കണ്ണുകൾ തുറപ്പിച്ചു. മുന്നിൽ ഇരിക്കൂന്നവരുടെയെല്ലാം കൈയ്യിൽ ക്യാമറ. ക്യാമറ കണ്ടതോടെ വിറയലു നിന്നു. ക്യാമറയും ഫോട്ടോയും സെല്ഫിയും ഒരു വീക്ക്നസ് ആയിപ്പോയി. പിന്നെ ഒരു തകർപ്പൻ പ്രസംഗം...... പ്രസംഗത്തിനിടയ്ക്ക് എല്ലാവരും എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുന്നു.
ഒന്നല്ല...രണ്ടല്ല... എട്ടല്ല... പത്തല്ല.... പ്രസംഗത്തിലെ ഓരോ നിർത്തിലും ആൾക്കാർ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുന്നു..... അങ്ങനെ പ്രസംഗത്തിന്റെ അവസാന ഭാഗത്തേക്ക് എത്തി...
ജൈവകൃഷി. അറിയും തോറും അകലം കൂടുന്ന മഹാകൃഷിസാഗരം. അലഞ്ഞിട്ടുണ്ട്, അതും തേടി. ജോലി പോയി, നിലാവിൽ അച്ചൻകോവിലാറിന്റെ കരയിൽ കള്ളമണ്ണ്‌വാരുന്നത് നോക്കി കിടന്നവന് ഒരു വെളിപാടുണ്ടാകുന്നു. എന്താ? കൃഷിഓഫീസിലേക്ക് വച്ചുപിടിക്കാൻ. എന്തിനാ? ജൈവകൃഷി പഠിക്കണം. കേരളത്തിലെ ജൈവകൃഷിയെക്കുറിച്ചറിയാൻ ചെന്ന് പെട്ടത് ഒരു പഴയ കൃഷിക്കാരന്റെ കുടിലിനു മുമ്പിൽ. തോമാ മാപ്പിള. മൂപ്പരു നല്ല ഫിറ്റാ. എന്താ സംഭവം? നല്ല എ ക്ലാസ് വാറ്റ്. ആവശ്യം അറിയിച്ചു. ദക്ഷിണ വയ്ക്കാൻ പറഞ്ഞു. ജോലിയും കൂലിയും ഇല്ലാത്തവന്റെ കീശയിൽ എന്താ ഉള്ളത്. കാശില്ലിത്താ കുറേ എടിഎം. കാർഡുകൾ മാത്രം. കൃഷിയുടെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ച അമ്മയെ മനസിൽ ധ്യാനിച്ചുകൊണട് വേപ്പിൻ പിണ്ണാക്ക് കഷായം ഉണ്ടാക്കാൻ തുടങ്ങി. മുഴുവൻ ഉണ്ടാക്കാൻ വിട്ടില്ല. ഇങ്ങനങ്ങോട്ട് ചേർത്തങ്ങട് പിടിച്ചു. തോമാ മാപ്പിള ഫ്ലാറ്റ്. പിന്നെ ഹൃദയത്തിൽ കൃഷിയും കൈകളിൽ ഞാറു,ആയി കാലം ഒരുപാട്. ഒടുവിൽ ഒരുനാൾ ഗുരുവിന്റെ കൃഷിയിടത്തിൽ ഒരുപിടി ജൈവവളം വാരിയിട്ട് യാത്ര തുടർന്നു. ഇന്നും തീരാത്ത ജൈവകൃഷി പഠനം. സഫറോൻ കി സിന്ദഗീ ജോ കഭി നഹി ഖതം ഹോ ജാത്തി ഹേ. ശംഭോ ഡിങ്കദേവാ.
വീണ്ടൂം കൈയ്യടി.... കൈയ്യടിക്കാനുള്ള സൗകര്യത്തിന് പകുതിയിലധികം പേരും തങ്ങളുടെ കോട്ട് ഊരി എടുത്തിരിക്കൂന്നു..... ഇനി ഒരൊറ്റ പാരഗ്രാഫോടെ പ്രസംഗം തീരുകയാണ്.
യെസ്, ജൈവ കൃഷി. ഈ ജൈവകൃഷിയുടെ മഹത്വം എന്താണന്ന് നിങ്ങൾക്കറിയുമോ. അതറിയണമെങ്കിൽ ആദ്യം കൃഷി എന്താണന്ന് നിങ്ങൾ അറീയണം. അക്ഷരങ്ങൾ അച്ചടിച്ചു കൂട്ടിയ പുസ്തകത്താളിൽ നിന്നും നിങ്ങൾ പഠിച്ച കൃഷി അല്ല, അനുഭവങ്ങളിലൂടെയുള്ള കൃഷി.. കോടിക്കണക്കായ പട്ടിണിക്കാരുടെയും നിരക്ഷരുടെയും ജീവിതമാണ് കൃഷി. ഇടനിലക്കാരുടെയും വളക്കടക്കാരന്റെയും കളപറിക്കുന്നവന്റെയും കൊയ്യുന്നവന്റെയും കൃഷി. കീടനാശിനി അടിച്ച് അടിച്ച് ചോര തുപ്പുന്നവന്റെ ഇന്ത്യ. വളർത്തുനായയ്ക്കു കൊടുക്കുന്ന ബിസ്ക്കറ്റിൽ ഉമിയുടെ അളവ് കൂടിപ്പോയതിനു ഭർത്താവിനെ ശാസിച്ച് അത്താഴപ്പട്ടിണിക്കിടുന്ന കൊച്ചമ്മമാരുടെ കൃഷിയല്ല, മക്കൾക്കു ഒരു നേരം വയറുനിറച്ച് വാരിയുണ്ണാൻ വക തേടി കൃഷിയിറക്കാൻ സ്വന്തം താലിവരെ വരെ വിൽക്കുന്ന അമ്മമാരുടെ കൃഷി. ഇന്നലെ നീ അപമാനിച്ച് ആട്ടിയിറക്കി വിട്ടില്ലേ, ആ കൃഷ്ണേട്ടനെ പോലെയുള്ള പാവം മനുഷ്യരുടെ ത്യാഗങ്ങളുടെയും നൊമ്പരങ്ങളുടെയും കൃഷി. കൃഷി എന്ന മഹാആത്മത്യാഗത്തിന്റെ സോൾ, ആത്മാവ്, ഇവിടെ വർഷാവർഷം വഴിപാടുപോലെ ഇവിടെ വന്നിരിക്കുന്ന നിങ്ങളെപോലെയുള്ളവർക്ക് കൃഷിയുടെ ആത്മാവ് തൊട്ടറിയാനുള്ള sense ഉണ്ടാവണം, sensibility ഉണ്ടാവണം, sensitivity ഉണ്ടാവണം. ഈ പറഞ്ഞതെല്ലാം നിങ്ങൾക്കുണ്ടാവുമെന്നുള്ള പ്രതീക്ഷയോടെ ഞാൻ നിർത്തുന്നു.... നന്ദി ..നമസ്ക്കാരം....
പ്രസംഗം തീർന്നതോടെ എല്ലാവരും ഓടിവന്നു പൊതിഞ്ഞു.
എല്ലാവർക്കും ഓട്ടോഗ്രാഫ് വേണം. അതു കൊടുത്തു.
എല്ലാവർക്കും സെല്ഫി എടുക്കണം. അതിനും നിന്നു കൊടുത്തു.
എല്ലാവരോടൊപ്പം ചായ കുടിക്കണം. അതും കുടിച്ചു.
എല്ലാവർക്കും അവരവരുടെ രാജ്യങ്ങളിൽ സന്ദർശനം നടത്തണം. അവരുടെ ക്ഷണനങ്ങൾ സ്വീകരിച്ചു ബാഗിൽ വെച്ചു.
എല്ലാവരും കൂടി ഒരു തീരുമാനം എടുത്തു. താൻ ജൈവകൃഷിയെക്കുറിച്ച് സംസാരിച്ച ജൂൺ 26 ആം തീയതി ഇനി മുതൽ അന്താരാഷ്ട്ര ജൈവകൃഷി ദിനം ആയി ആചരിക്കണമെന്ന്. അതു അയാൾ സമ്മതിച്ചു. ഇനി നമ്മളായിട്ട് വേണ്ടാ എന്ന് പറഞ്ഞിട്ട വരെ എന്തിന് വിഷമിപ്പിക്കണം.... എല്ലാവരോടും യാത്ര പറഞ്ഞ് വീണ്ടൂം ഇന്ത്യയിലേക്ക്.....
വിമാനത്തിൽ ഇരുന്ന് ഒരു തീരുമാനം എടൂത്തു. ഇനി ജൈവക്കൃഷി പരിപാടി അവസാനിപ്പിക്കാം. ഇനി ഇതിൽക്കൂടുതൽ ഒന്നും ചെയ്യാനില്ല. ഇനി പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്തണം. പാലക്കാട്ട് ഒരു അമ്പലം വിൽക്കാനുണ്ടന്നുള്ള പരസ്യം കണ്ടായിരുന്നു. ഒരുമിച്ച് കുറേക്കോടികൾ മുടക്കണം. എന്തിന് കോടികൾ മുടക്കി മലയാളികളെ പറ്റിക്കണം. അല്ലാതെ തന്നെ അവന്മാർ തേടിവന്ന് എന്നെ പറ്റിച്ചോ എന്ന് പറഞ്ഞ് നിൽക്കും..... അല്ലേ വേണ്ടാ ഇനി തട്ടിപ്പും വെട്ടിപ്പുമൊന്നും വേണ്ടാ. അറിയാവുന്ന പണി ചെയ്യാം......
വിമാനം ഇറങ്ങി വീട്ടിലേക്ക് വരുമ്പോൾ ഒരു ഫോൺകോൾ. പണ്ടത്തെ പ്രൊജക്റ്റ് മാനേജർ. മൂന്നു വർഷത്തിനു ശേഷം വിളിക്കുകയാണ്. പ്രൊജക്റ്റ് കൺസൽട്ടന്റ് എന്ന ഡെസിഗ്നേഷനിൽ പഴയ പ്രൊജക്റ്റിലേക്ക് തന്നെ തിരികെ ചെല്ലാൻ. കഴിഞ്ഞ മൂന്നു വർഷത്തെയും ശമ്പളം പലിശ സഹിതം തരാൻ കമ്പിനി തയ്യാറാണന്ന്.... .ആലോചിക്കട്ടെ എന്ന് പറഞ്ഞ് ഫോൺ വെച്ചു. വീട്ടിൽ ചെന്ന് കയറിയപ്പോൾ ദാ ഇരിക്കുന്നു , പ്രൊജക്റ്റ് മാനേജരും കമ്പിനി സി.ഇ.ഒ യും!!!! സായിപ്പിന്റെ തെറിവിളിയും പ്രൊജക്റ്റ് തീർത്ത് സപ്പോർട്ട് നൽകിയില്ലങ്കിൽ കേസുകൊടുക്കുമെന്നുള്ള ഭീഷ്ണിയും കൊണ്ട് രണ്ടു പേരും വന്നിരിക്കുകയാണ്.....
ഏതായാലും സഹായം തേടി വരുന്നവരെ നിഷ്കരണം തള്ളിവിടൂന്നത് ശരിയല്ലല്ലോ.....
ഇനി വീണ്ടൂം പഴയ അങ്കത്തട്ടിലേക്ക്....
പ്രൊജക്റ്റ് കൺസൽട്ടന്റ് എന്ന ഡെസിഗിനേഷനിൽ അല്ല... സോഫ്റ്റ്‌വെയർ എഞ്ചിനീയർ എന്ന പഴയ ഡെസിഗ്നേഷനിൽ തന്നെ....
കഥകൾ അവസാനിക്കുന്നില്ലല്ലോ.. ജീവിതം തുടരുവോളം കഥകളം തുടരും.....
അപ്പോ ശുഭം !!!!
3 comments:
കലക്കി
kollam
നല്ല ശൈലി .. ധിറുതി പിടിക്കേണ്ടായിരുന്നു. 100 തവണ വായിക്കണം , 101 തവണ തിരുത്തണം ...
Post a Comment